Home/Engage/Article

നവം 18, 2023 283 0 Dartanian Edmonds, USA
Engage

ഒരു കത്തോലിക്കന്‍റെ തുറന്നു പറച്ചില്‍

ഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്‍റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്.

ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്‍റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്‍റെ ഗ്രാന്‍റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്‍റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം.

അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്‍റ്മായോടും ആന്‍റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന്‍ ഞാന്‍ തീരുമാനിച്ചു.

2012-ലെ ഈസ്റ്റര്‍തലേന്ന് എന്‍റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്‍റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്‍റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്.

കത്തോലിക്കനാകാനുള്ള കാരണങ്ങള്‍

ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്‍റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്‍റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും.

കത്തോലിക്കാവിശ്വാസത്തിന്‍റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്‍റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് ‘അഹ’ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്‍നിന്ന് രക്ഷിച്ച് അതിന്‍റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍.

അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്‍റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. “ശത്രുക്കളെ സ്നേഹിക്കുക,” “ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്” തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്‍റെ എല്ലാ പ്രബോധനങ്ങളും തന്‍റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്‍പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്‍റെ അപ്പോസ്തോലന്‍മാരുടെ മുറിയാത്ത പിന്തുടര്‍ച്ചയില്‍, പത്രോസിന്‍റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്….

താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്‍റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്‍റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല.

കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്കുമെങ്കിലും കത്തോലിക്കാസഭ തന്‍റെ പ്രബോധനങ്ങളില്‍ സത്യത്തിന്‍റെ കാവലാളായിത്തന്നെ നില്‍ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന്‍ സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള്‍ ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്‍റെ തൂണെന്ന് വിശ്വസിക്കാനാവില്ല.

യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്!

എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്‍റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്‍റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു.

കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്‍റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്.

ഇനിയും കാരണങ്ങള്‍

ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും.

അകത്തോലിക്കരായ എന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Share:

Dartanian Edmonds

Dartanian Edmonds

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles