Home/Evangelize/Article

ജനു 17, 2020 2005 0 Paul Kottarom Capuchin
Evangelize

എല്ലാം തിരുപ്പിറവി!

യേശു ഭൂവില്‍ പിറന്നതിന്‍റെ സന്തോഷം ആഘോഷിക്കുകയാണ് നാം. ദൈവപിതാവ് തന്‍റെ കാരുണ്യത്താല്‍ നമ്മുടെ രക്ഷ സംജാതമാക്കാന്‍ പ്രിയപുത്രനെ മനുഷ്യന്‍റെ പക്കലേക്ക് അയച്ചു. ഈ പുത്രന്‍ പുല്‍ക്കൂട്ടില്‍ പിറന്നത് ഓരോ വര്‍ഷവും ഏറ്റവും വലിയ സന്തോഷത്തോടെ അനുസ്മരിക്കുകയും ആഘോഷിക്കുകയുമാണ് നാം. യേശുവിന്‍റെ പിറവിയെ എത്രമാത്രം ഒരുക്കത്തോടെയാണ് നാം സ്വീകരിക്കുന്നത്! ദൈവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍, നോമ്പാചരണം, നോമ്പുദിനങ്ങളില്‍ മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍, ശാരീരിക- മാനസിക പരിഹാരക്രിയകള്‍… ഇവയെല്ലാം തിരുപ്പിറവിയുടെ സവിശേഷതകള്‍ നമ്മില്‍ നിറയ്ക്കുകയാണ്.

യേശു എന്തിനാണ് പിറന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ രക്ഷയ്ക്ക്… സന്തോഷത്തിന്… സമാധാനത്തിന്… ഇങ്ങനെ അനേകം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നമുക്കുണ്ട്. ഇവിടെ ഒരു വലിയ ചോദ്യം ഉയരുന്നു. രക്ഷകനായി തമ്പുരാന്‍ മണ്ണില്‍ പിറന്നത് നാമിന്ന് അനുസ്മരിക്കുന്നുവെങ്കില്‍ അതിനൊരു കാരണം നാമും പിറന്നു എന്നതാണ്. എന്നാല്‍ നമ്മുടെ പിറവിയെക്കുറിച്ച് നമുക്ക് എത്രമാത്രം സന്തോഷമുണ്ട്? പിറക്കാതിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഓരോരുത്തരുടെയും ജനനം യേശുവിന്‍റെ ജനനം
പോലെ വിലപ്പെട്ടതാന്നറിഞ്ഞാല്‍ ജീവിതം എത്ര സുന്ദരമാകും, എന്തു സന്തോഷമായിരിക്കും നമ്മുടെ ഉള്ളില്‍.

ഞാന്‍ വൈദികനായി അഭിഷിക്തനായ ദിനത്തില്‍, പ്രഥമ ദിവ്യബലിയര്‍പ്പിക്കും മുന്‍പ് അന്ന് സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഒത്തിരിയേറെപ്പേര്‍ക്ക് നന്ദി പറഞ്ഞെങ്കിലും ഇന്നും മറക്കാതെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചില വാക്കുകളുണ്ട്, കൃത്യമായി എഴുതി തയാറാക്കി എന്‍റെ മാതാപിതാക്കളോട് പറഞ്ഞ വാക്കുകളാണത്: “പത്താമത്തെ മകനായി പിറക്കാന്‍ അനുവാദം തന്നതിന് നന്ദി.” പത്ത് മക്കളുള്ള വീട്ടിലെ ഏറ്റവും ഇളയവനാണ് ഞാന്‍. എന്‍റെ ഒരു സുഹൃത്ത് ഓര്‍മിപ്പിക്കാറുണ്ട്, ഈ നൂറ്റാണ്ടിലായിരുന്നെങ്കില്‍ നീ പിറക്കില്ലായിരുന്നുവെന്ന്! സത്യമാണത്. ഒന്ന്… രണ്ട്… തീര്‍ന്നു ഇന്ന് നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളുടെ എണ്ണം. അതുകൊണ്ടുതന്നെ പിറവിയെക്കുറിച്ചുള്ള ഓര്‍മപോലും എനിക്ക് സന്തോഷപ്രദമാണ്.

പത്ത് മക്കളുള്ള കുടുംബത്തില്‍ ആദ്യത്തേതാണെങ്കില്‍ ജനനം ഉറപ്പാണ്. അവസാനത്തെ കുഞ്ഞാകുമ്പോള്‍ വേണ്ടെന്നുവെക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷേ, ചാച്ചനും അമ്മച്ചിയും എടുത്ത തീരുമാനം ദൈവത്തിന്‍റെ സ്നേഹം ഞാനും അനുഭവിക്കട്ടെ എന്നായിരുന്നു അങ്ങനെ ഞാന്‍ വിശ്വസിക്കുന്നു. വീട്ടില്‍ ആദ്യത്തെ അഞ്ച് മക്കളും പെണ്‍മക്കളായിരുന്നു. അതിനുശേഷം പിറന്നത് ഇരട്ട ആണ്‍ കുഞ്ഞുങ്ങള്‍. ഇനിയും കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹം എന്‍റെ മാതാപിതാക്കള്‍ക്ക് അവിടംകൊണ്ട് അവസാനിപ്പിക്കാമായിരുന്നു.

എന്നാല്‍ ദൈവമാഗ്രഹിച്ചത് അവരിലൂടെ എന്‍റെകൂടി പിറവിയായിരുന്നു. ദൈവത്തിനു നന്ദി… ഞാന്‍ എന്‍റെ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞപ്പോള്‍ എന്‍റെ ഉള്ളിലെന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. അതോര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു. എന്‍റെ പിറവിയെക്കുറിച്ച് ഒത്തിരി സന്തോഷിക്കുന്നവനും അഭിമാനിക്കുന്നവനുമാണ് ഞാന്‍. പലരും എന്നെ 10-ാമത്തവന്‍ എന്നു പറഞ്ഞു കളിയാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ ആഗ്രഹിക്കാതെ പിറന്നവന്‍ എന്നുവരെ അതു നീണ്ടിട്ടുമുണ്ട്. എന്നാല്‍ ഞാന്‍ സങ്കടപ്പെട്ടത്
ഈ കളിയാക്കലിലല്ല മറിച്ച്, എനിക്കു താഴെ ഒരനുജനോ ഒരനുജത്തിയോ ഇല്ലല്ലോ എന്നോര്‍ത്താണ്.

പരിചയമുള്ള ഒരു കുടുംബം. ആണ്‍കുഞ്ഞ് പിറക്കാന്‍ അവര്‍ കാത്തിരുന്നു. ആദ്യത്തെ കുഞ്ഞ് പെണ്ണ്, രണ്ടാമത്തേതും മൂന്നാമത്തേതും പെണ്ണ്. നാലാമത്തേത് ആണ്‍കുഞ്ഞാകുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. പലരും അങ്ങനെ പറയുകയും ചെയ്തു. എന്നാല്‍ പിറന്നത് പെണ്‍കുഞ്ഞ്. പ്രതീക്ഷയില്ലാത്ത മനസ്സുമായി വീണ്ടും ഒരു കുഞ്ഞുകൂടി പിറക്കാനുള്ള സാധ്യതയെ അവര്‍ നിഷേധിച്ചു.

ദൈവം വീണ്ടും ഒരു പിറവിക്കാലത്തിലേക്ക് നമ്മെ എത്തിക്കുകയാണ്. ദൈവപുത്രന്‍റെ പിറവിയെ വീണ്ടും ഉള്ളില്‍ സ്വീകരിക്കാന്‍… എന്‍റെ പിറവിയുടെ സവിശേഷത മനസ്സിലാക്കാന്‍…

“ഈ ജീവിതം എനിക്കെന്തിനു തന്നു കുഞ്ഞാക്കോ ചേട്ടാ… ഈ ജീവിതം എനിക്കെന്തിനു തന്നു കുഞ്ഞേലിയാമ്മ ചേടത്തീ,” എന്ന് പതിവായി പാടുന്ന ഒരു വ്യക്തിയെ എനിക്കറിയാം. സ്വന്തം അപ്പനെയും അമ്മയെയും ചോദ്യം ചെയ്യുകയാണ് അയാള്‍. ജീവിതനിരാശയില്‍ സ്വന്തം ജന്മത്തെ പഴിചാരി, ദൈവത്തെ പഴിചാരി, മാതാപിതാക്കളെ പഴിചാരി മുന്‍പോട്ടു നീങ്ങുമ്പോള്‍ എങ്ങനെയാണ് യേശു പിറന്നതിന്‍റെ സന്തോഷം കൊണ്ടാടാനാവുക?

“ദൈവമേ ഒരിക്കല്‍കൂടി നീ ഞങ്ങളുടെ ഇടയില്‍ പിറക്കണമേ, ഞങ്ങള്‍ക്ക് രക്ഷ ഒരുക്കിത്തരണമേ” എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പിറവിയെ ഇന്നുവരെ നാം അംഗീകരിച്ചിട്ടില്ലെങ്കില്‍, നല്ല മനസ്സോടെ സ്വീകരിച്ചിട്ടില്ലെങ്കില്‍, ഏതെങ്കിലും കാരണത്താല്‍ ഈ ജന്മത്തെ നിഷേധപരമായാണ് കാണുന്നതെങ്കില്‍ യേശു നമ്മുടെ ഉള്ളില്‍ ഇതുവരെ
പിറന്നിട്ടില്ല. മാറ്റം വരുത്താന്‍ തീരുമാനമെടുക്കാം…

ഈ ക്രിസ്മസിനെങ്കിലും ഈശോ നമ്മുടെ ഉള്ളില്‍ പിറന്നുവെന്നും എമ്മാനുവേലായി ജീവിക്കുന്നുവെന്നുമുള്ള അനുഭവം ലഭിക്കാന്‍ പുല്‍ക്കൂട്ടിലെ തമ്പുരാനോടു ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കാം. 25 ദിവസം നോമ്പു നോക്കുമ്പോഴും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കുചേരുമ്പോഴും നമ്മുടെ പിറവിയെയോ മറ്റാരുടെയെങ്കിലും പിറവിയെയോ നാം വിലകുറച്ചു കാണുന്നുവെങ്കില്‍… ഈശോ പിറക്കാനുള്ള ഇടം ഇനിയും ഒരുക്കപ്പെട്ടിട്ടല്ല എന്നാണര്‍ത്ഥം.

‘ഭൂമുഖം കാണും പൈതലിനുപുല്‍ക്കൂട്ടിലുണ്ണിതന്‍ പൊന്മുഖമായ് ആരോമലതിന്‍ പൂപുഞ്ചിരിയില്‍പാരിതില്‍ വിടരുന്നു സ്വര്‍ഗവും.’

ആരോ എഴുതിയ മനോഹരമായ ഗാനത്തിന്‍റെ ഈരടികളാണിത്. ഭൂവിലേക്കു പിറന്നുവീഴുന്ന ഓരോ കുഞ്ഞി
നും പുല്‍ക്കൂട്ടിലെ പൊന്നുതമ്പുരാന്‍റെ തിരുമുഖമാണ്. ആ കുഞ്ഞ് പുഞ്ചിരിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗം വിടരുകയാണ്. എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍.

ഈ ഭൂമിയില്‍ നമുക്കും പിറക്കാനായത് എത്രയോ മഹത്തായ കാര്യമാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭപാത്രത്തില്‍വെച്ചുതന്നെ ജീവന്‍ അവസാനിപ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗവാസികള്‍
പോലും ദുഃഖിതരാകുന്നു. വിടര്‍ന്നുവരുന്ന സ്വര്‍ഗത്തിന്‍റെ സന്തോഷം മുളയിലേ ഇറുത്തു കളയപ്പെടുമ്പോള്‍ സ്രഷ്ടാവായ ദൈവം എത്രയധികമാണ് വേദനിക്കുന്നത്. ലോകത്തെവിടെയെങ്കിലും ഒരു കുടുംബത്തില്‍ ഒരു കുഞ്ഞ്  പിറക്കാന്‍ ദമ്പതികള്‍ മനസ്സുകാട്ടുമ്പോള്‍ അത്യുന്നതങ്ങളിലെ ദൈവമഹത്വം നല്ല മനസ്സുള്ള ആ കുടുംബത്തിലേക്കും കടന്നുവരികയാണ്.

ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍ക്കൂടും കരോള്‍ ഗാനങ്ങളും പാതിരാ കുര്‍ബാനയും അതോടൊപ്പം 25 ദിവസം ഒഴിവാക്കിയ ഭക്ഷണപാനീയങ്ങളും മറ്റു പലതും ജീവിതത്തിലേക്കു വീണ്ടും കടന്നുവരുന്ന അനുഭവമാണ് പലപ്പോഴും നമുക്കുള്ളത്. ക്രിസ്മസ് കഴിയുമ്പോള്‍ നാം വീണ്ടും പഴയ മനുഷ്യരായി മാറുന്നു… തമ്പുരാന്‍ ഏറ്റവും നിസ്സാരനായി പുല്‍ക്കൂട്ടില്‍ പിറന്നത് 25 ദിവസത്തെ ഒരുക്കത്തിനുശേഷം തെറ്റുകുറ്റങ്ങള്‍ നിറഞ്ഞ പഴയ ജീവിതം ആവര്‍ത്തിക്കാനല്ല. പകരം ദൈവപുത്രന്‍റെ പിറവിയെ സന്തോഷത്തോടെ സ്വീകരിക്കാനും ഓരോരുത്തരും പിറവിയുടെ അര്‍ത്ഥം മനസ്സിലാക്കി പ്രത്യാശയോടെ ജീവിക്കാനുമാണ്.

പുല്‍ക്കൂട്ടിലെ പിറവിയുടെ സന്തോഷം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവര്‍ ഏതു ജീവനെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമായിരിക്കും എന്നുറപ്പാണ്. അങ്ങനെയല്ലെങ്കില്‍ ഈശോയുടെ പിറവി ബാഹ്യതലത്തില്‍ മാത്രമാണ് നാം ഇതുവരെ ആഘോഷിച്ചിട്ടുള്ളത് എന്നാണര്‍ത്ഥം. ജീവനെ സ്നേഹിക്കുന്നവര്‍ ഇന്ന് ഏറെയുണ്ട്. കുഞ്ഞുങ്ങള്‍ പിറന്നതിന്‍റെ സന്തോഷം പങ്കുവെക്കുന്ന അനേകരുണ്ട്. ഓരോ കുഞ്ഞിന്‍റെയും പിറവിക്കുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുമ്പോള്‍ ആണ്‍ പെണ്‍ ലേബലുകളില്‍ വേര്‍തിരിവുകളും നീരസങ്ങളും പ്രകടമാക്കുമ്പോള്‍ സന്തോഷം നഷ്ടമാകുകയല്ലേ?

ലോകത്തെല്ലായിടത്തും തന്നെയിന്ന് ജീവന്‍റെ സംരക്ഷകരുണ്ട്- അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ആരുമില്ലാത്തവര്‍ തുടങ്ങി ഏതു അവസ്ഥയിലുള്ള ജീവനെയും പരിപാലിക്കുന്നവര്‍. അവര്‍ എന്നും ഈശോയുടെ പിറവിആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ ഈശോയുടെ പിറവി പുതുമ നിറഞ്ഞതാകട്ടെ. സ്വന്തം ജീവിതത്തില്‍ ദൈവിക സാന്നിധ്യം അനുഭവിക്കാന്‍, നമ്മുടെ പിറവിയെ അംഗീകരിക്കാന്‍, സ്നേഹിക്കാന്‍, സ്വീകരിക്കാന്‍, മറ്റുള്ളവരുടെ ജീവനെയും ആദരിക്കാന്‍, ബഹുമാനിക്കാന്‍, ബാഹ്യസവിശേഷതകള്‍ക്കതീതമായി എല്ലാവരിലും ദൈവികത ദര്‍ശിക്കാന്‍ ഈ വര്‍ഷത്തെ ക്രിസ്മസ് സഹായിക്കട്ടെയെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. പുല്‍ക്കൂട്ടിലെ പൊന്നുതമ്പുരാന്‍റെ
അനുഗ്രഹം നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും എന്നും വിളങ്ങി നില്‍ക്കട്ടെ.

Share:

Paul Kottarom Capuchin

Paul Kottarom Capuchin

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles