Home/Evangelize/Article

മാര്‍ 20, 2024 218 0 Father James Kiliyananickal
Evangelize

എല്ലാം ആനന്ദകരമാകുന്നതിനു പിന്നില്‍…

ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന്‍ ഒരിക്കല്‍ ചോദിച്ചു: “ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള്‍ തരാം.” ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: “ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം.” ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്‍ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ!

ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന്‍ ഇങ്ങനെ പറഞ്ഞു: “നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്‍റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?” ക്ലാര മറുപടി പറഞ്ഞു: “എന്‍റെ രക്ഷകനായ ഈശോ സദാസമയവും എന്‍റെ കൂടെയുണ്ട്. അവിടുന്ന് എന്‍റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക.” ഉടന്‍ സാത്താന്‍ ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: “നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്.” ആത്മാവിന്‍റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു.

വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്‍റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: “ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം.” മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തന്‍റെ ജീവിതത്തിന്‍റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്‍ക്കല്‍ ഇങ്ങനെ എഴുതി വച്ചിരുന്നു: “ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്.” ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും.

പരിശുദ്ധ ത്രിത്വത്തിന്‍റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: “കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!” അവള്‍ തുടരുന്നു: “പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്… എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്.” ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല.

വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്‍റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും.

ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്‍കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.

Share:

Father James Kiliyananickal

Father James Kiliyananickal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles