Home/Encounter/Article

ആഗ 21, 2024 175 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

ഊരാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍…

ഒരിക്കല്‍ സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത് വളരെ വിഷമത്തോടെ എന്നെ സമീപിച്ചുപറഞ്ഞു, രഹസ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഫോണില്‍ വിളിച്ചുകൊള്ളാന്‍ ഞാന്‍ അനുവാദം നല്കി. അന്ന് വൈകിട്ട് അദ്ദേഹത്തിന്‍റെ ഫോണ്‍ കോള്‍ വന്നു. പ്രശ്‌നം മറ്റൊന്നുമല്ല, അദ്ദേഹത്തിന് രക്ത പരിശോധന നടത്തിയപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ആ വാക്കുകള്‍ വളരെ നടുക്കത്തോടെയാണ് ഞാനും കേട്ടത്. എങ്ങനെ ഈ വൈറസ് ബാധ ഉണ്ടായെന്നോ ഇനി എന്താണ് ചെയ്യേണ്ടതെന്നോ അറിയില്ല എന്ന് അദ്ദേഹം സങ്കടപ്പെടുകയാണ്. ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ശരീരത്തില്‍ നിലനില്‍ക്കും. വൈറസ്ബാധ ഉണ്ടാകാതിരിക്കാനുള്ള പ്രിവന്റീവ് വാക്‌സിനുകള്‍ ലഭ്യമാണ്. എന്നാല്‍ വൈറസ് ബാധ മാറ്റിയെടുക്കാന്‍ സാധ്യമല്ല. ഏതെങ്കിലും വിദേശ രാജ്യങ്ങളിലേക്ക് ജോലി വിസ ലഭിക്കുന്നതിന് ചില രക്ത പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ഉണ്ടെന്നു കണ്ടാല്‍ വിസ തടയും.

ഇദ്ദേഹമാകട്ടെ ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള മൈഗ്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ പാതിവഴിയില്‍ ആണ്. കുറെ പണം ചിലവായിക്കഴിഞ്ഞു. ബാക്കി കുറച്ച് പണം കൂടെ കൊടുക്കാനുള്ള ദിവസം അടുത്ത് വരുന്നു. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ പണവും നല്‍കണം. ഇത്തരം ഒരു അവസ്ഥയില്‍ എങ്ങനെ മുന്നോട്ടു പോകും?! മൈഗ്രേഷന്‍ നിര്‍ത്തിവച്ചാല്‍ കൊടുത്ത പണം മുഴുവന്‍ നഷ്ടപ്പെടും. സംഗതിയുടെ ഗൗരവം എനിക്ക് മനസ്സിലായി. മനുഷ്യന്‍റെ ബുദ്ധിയില്‍ ഇതിനൊരു പോംവഴി അസാധ്യമാണ്.

വാക്കുകള്‍കൊണ്ട് ആ വ്യക്തിയെ ആശ്വസിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഈശോ മനസ്സില്‍ തന്ന ഒരു പ്രേരണ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടുക എന്നതാണ്. അദ്ദേഹം ഒരു അക്രൈസ്തവനാണ് എങ്കിലും അക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ചെറുവിരലോളം വലിപ്പമുള്ള കുഞ്ഞുമാതാവിന്‍റെ തിരുസ്വരൂപവുമായി ഞാന്‍ കടന്നു ചെന്നു. എന്‍റെ അമ്മയെ അദ്ദേഹത്തിന്‍റെ കൈകളില്‍ വച്ച് കൊടുത്തു. കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥനയും എഴുതി നല്‍കി. മുപ്പത്തിമൂന്നു പ്രാവശ്യം വീതം മുപ്പത്തിമൂന്നു ദിവസം ഈ കുരുക്കിനെ അമ്മയുടെ കൈകളില്‍ കൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.

പല ലാബുകളിലായി നടത്തിയ ടെസ്റ്റുകളിലെല്ലാം ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധ ഉണ്ടെന്നുതന്നെയാണ് കണ്ടെത്തിയത്. വളരെ നിരാശയോടെ ആണെങ്കിലും അദ്ദേഹം പ്രാര്‍ത്ഥന ആരംഭിച്ചു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു കാര്യം പങ്കുവച്ചു, ”എനിക്ക് ഇപ്പോള്‍ പ്രാര്‍ത്ഥന മനഃപാഠമാണ്. മാതാവിനോട് മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചപ്പോള്‍ രണ്ടു ദിവസമായി ഞാന്‍ രാത്രിയില്‍ ഉറങ്ങുന്നുണ്ട്.”
പതിനഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കി. ഫലത്തില്‍ വ്യത്യാസം ഒന്നും കാണാന്‍ കഴിഞ്ഞില്ല. തളര്‍ന്നു പോകാതെ പ്രാര്‍ത്ഥന തുടര്‍ന്നു. പരിശുദ്ധ അമ്മയെയും ഈശോയെയും കൂടെക്കൂടെ ഞാനും ഇക്കാര്യം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ മുപ്പത്തിമൂന്നു ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീണ്ടും ബ്ലഡ് ടെസ്റ്റ് നടത്തി, വൈറസ് ബാധ പൂര്‍ണ്ണമായും ഇല്ലാതായെന്നാണ് കണ്ടത്! വേറെ ലാബുകളിലും പരിശോധിച്ച് അക്കാര്യം ഉറപ്പുവരുത്തി.

ഇപ്പോള്‍ അവര്‍ കുടുംബസമേതം യൂറോപ്പില്‍ താമസിച്ചു ജോലി ചെയ്യുന്നു. മതഭേദമില്ലാതെ ഈശോയുടെ സ്‌നേഹം അനുഭവിച്ചറിയാന്‍ ആ അനുഭവം അവരെ സഹായിച്ചു എന്നെനിക്ക് ഉറപ്പുണ്ട്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് ജോലി മാറാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഒരു സഹോദരിയുടെ അനുഭവവും ഓര്‍ക്കുന്നു. ആ വിഷമസാഹചര്യത്തില്‍ അവര്‍ കുരുക്കഴിക്കുന്ന മാതാവിന്‍റെ പ്രാര്‍ത്ഥന ചൊല്ലി പ്രശ്‌നം പരിശുദ്ധ അമ്മയെ ഏല്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ പുതിയ കമ്പനിയിലേക്ക് കൂടുതല്‍ ശമ്പളത്തോടെ ജോലി മാറ്റം ലഭിച്ചു.

ദാമ്പത്യകുരുക്കഴിച്ച അമ്മ

വോള്‍ഫ്ഗാങ്ങ് ലാംഗേന്‍ മാന്‍ഡന്‍ എന്ന ജര്‍മ്മന്‍കാരന്‍റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിന്‍റെ ചിത്രം. വോള്‍ഫ് ഗാങ്ങിന്‍റെയും ഭാര്യ സോഫിയുടെയും ദാമ്പത്യത്തില്‍ ചില വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. തന്‍റെ കുടുംബ ജീവിതം തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനായി വോള്‍ഫ്ഗാങ്, ജേക്കബ് രേം എന്ന വൈദികനെ സന്ദര്‍ശിച്ച് ഉപദേശം സ്വീകരിച്ചു. ഓരോ തവണ കണ്ടുമുട്ടുമ്പോഴും ഇരുവരും പരിശുദ്ധ കന്യക മറിയത്തിന്‍റെ മുമ്പില്‍ പോയി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. അവര്‍ അവസാനമായി കൂടിക്കാണുമ്പോള്‍ വൈദികനായ രേം ആശ്രമ ചാപ്പലില്‍ മാതാവിന്‍റെ ചിത്രത്തിന് മുന്‍പില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. അതൊരു സെപ്തംബര്‍ 28 ആയിരുന്നു.

വൈദികനെ കണ്ടപ്പോള്‍ വോള്‍ഫ്ഗാങ് തങ്ങളുടെ കെട്ടുപിണഞ്ഞുകിടന്ന വിവാഹറിബ്ബണ്‍ വൈദികന്‍റെ കൈകളിലേക്ക് നല്‍കി. വൈദികന്‍ പ്രാര്‍ത്ഥനയോടെ റിബ്ബണ്‍ പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ഉയര്‍ത്തി. അത്ഭുതകരമായി ആ റിബണിന്‍റെ കെട്ടുകള്‍ ഓരോന്നായി അഴിഞ്ഞു വീഴുന്നതാണ് അവര്‍ കണ്ടത്. മാത്രവുമല്ല അതിന്‍റെ നിറം വെളുപ്പായി മാറി. ഇതിനു ശേഷം വോള്‍ഫ് ഗാങ്ങും സോഫിയും പിരിയാമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി കുടുംബജീവിതം തുടര്‍ന്നുകൊള്ളാമെന്നു പ്രതിജ്ഞ സ്വീകരിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം വോള്‍ഫ് ഗാങ്ങിന്‍റെ കൊച്ചു മകന്‍ ഹിറോണിമസ് അംബ്രോസിയസ് ലാംഗന്‍ മാന്‍ഡല്‍ വൈദികനായി. ഔഗ്‌സ്ബര്‍ഗിലെ വിശുദ്ധ പത്രോസിന്‍റെ ദൈവാലയത്തിന് ഒരു ബലി പീഠം നല്കാന്‍ ഹിറോണിമസ് അച്ചന്‍റെ കുടുംബം തീരുമാനിച്ചു. ബലിപീഠത്തില്‍ ചിത്രരചന നടത്താന്‍ നിയോഗിക്കപ്പെട്ടത് ജൊഹാന്‍ മെല്‍ച്ചിയര്‍ ജോര്‍ജ് എന്ന ചിത്രകാരന്‍ ആയിരുന്നു. റിബണിന്‍റെ കെട്ടുകള്‍ അഴിക്കുന്ന കന്യകാമറിയത്തെ പ്രതിനിധീകരിക്കുന്ന ഛായാചിത്രമാണ് അദ്ദേഹം വരച്ചത്.

ചിത്രത്തില്‍ പരിശുദ്ധ മറിയത്തിനു മുകളില്‍ കാണുന്ന പ്രാവ് സൂചിപ്പിക്കുന്നത് മറിയം പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയാണെന്നാണ്. മറിയത്തിന്‍റെ കാല്‍ക്കീഴില്‍ സര്‍പ്പം എന്ന സാത്താന്‍ ചവിട്ടേറ്റ് തകര്‍ക്കപ്പെടുന്നു. മറിയത്തെ സഹായിക്കാന്‍ രണ്ടു ദൂതന്മാരുണ്ട്. ഒരാള്‍ നമ്മുടെ ജീവിതത്തിന്‍റെ കെട്ടുകള്‍ അടങ്ങിയ റിബ്ബണ്‍ മറിയത്തിനു സമര്‍പ്പിക്കുമ്പോള്‍ മറ്റൊരാള്‍ കെട്ടുകളഴിച്ച റിബ്ബണ്‍ മറിയത്തില്‍ നിന്ന് സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി വോള്‍ഫ്ഗാങ്ങിനെ ഒരു മാലാഖ നയിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മുഖ്യദൂതനായ വിശുദ്ധ റാഫേല്‍ മാലാഖയാണ് അതെന്ന് പറയപ്പെടുന്നു.

ഫ്രാന്‍സിസ് പാപ്പ ജര്‍മനിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നീട് മെത്രാനായപ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ കുരുക്കഴിക്കുന്ന മാതാവിന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച ദൈവാലയമാണ് തൃശൂര്‍ ജില്ലയിലെ തുമ്പരശ്ശേരി സെയിന്റ് മേരീസ് ദൈവാലയം.
പിശാചിന്‍റെ കുടിലതന്ത്രങ്ങളില്‍നിന്നും ജീവിതത്തിന്‍റെ ഊരാക്കുരുക്കുകളില്‍നിന്നും നമ്മെ രക്ഷിക്കാന്‍ പരിശുദ്ധ അമ്മയുടെ കരങ്ങള്‍ സദാ സന്നദ്ധമാണ്. ജീവിതത്തിന്‍റെ ഭാരങ്ങളാല്‍ നാം തളര്‍ന്നു വീഴുമ്പോള്‍ അമ്മയുടെ കരങ്ങളില്‍ മുറുകെ പിടിക്കാം. അവളുടെ കരങ്ങളില്‍ ഉണ്ണീശോ സുരക്ഷിതനായിരുന്നതുപോലെ നാമും സുരക്ഷിതരാകട്ടെ.

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles