Home/Encounter/Article

ആഗ 16, 2023 323 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

ഈശോ എനിക്കിട്ട് തന്ന ‘പണി’

‘നീ ഇതൊക്കെ കാണുന്നുണ്ടല്ലോ’ എന്ന ലേഖികയുടെ കലഹത്തിന് ഈശോ കൊടുത്ത ഉത്തരം

കുറച്ചു വര്‍ഷങ്ങള്‍ പിറകിലോട്ടുള്ള ഒരു യാത്ര. 2016 മെയ് മാസം. പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മാതാവിന്‍റെ ഗ്രോട്ടോക്കുമുന്നില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുമ്പോള്‍ പിറകില്‍നിന്ന് ആരോ വിളിക്കുന്നു, മില്‍ട്ടണ്‍ ബ്രദറാണ്. ദുബായ് സെയ്ന്‍റ് മേരീസ് ദൈവാലയത്തില്‍ ശാലോം ടൈംസ് മാസിക വിതരണം ചെയ്യുന്ന ദൈവവചനപ്രഘോഷകന്‍. എല്ലാ മാസവും ദൈവാലയമുറ്റത്ത് ശാലോം മാസിക കയ്യില്‍ പിടിച്ച് ആളുകളെ കാത്തുനില്‍ക്കുന്ന കാഴ്ച പലതവണ കണ്ടിട്ടുള്ളതാണ്. ചെയ്യുന്ന ദൈവ വേലയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തി. എന്തായാലും അന്ന് എനിക്ക് ഒരു പണിയുമായിട്ടായിരുന്നു പുള്ളിയുടെ നില്‍പ്പ്.

“ആന്‍, നിന്‍റെ പരിചയത്തിലുള്ള നഴ്സുമാര്‍ക്ക് ശാലോം വേണമോ എന്ന് ചോദിച്ചിട്ട് പറഞ്ഞാല്‍ കുറച്ചുകൂടെ കോപ്പികള്‍ വരുത്താം. ഒരു ദൈവവേലയല്ലേ.”

‘നോക്കാം’ എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ ഞാന്‍ പറഞ്ഞു. ഇടയ്ക്കിടെ എന്നെ കാണുമ്പോഴൊക്കെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഒടുവില്‍ മുപ്പതോളം നഴ്സുമാരെ ഈശോ ക്രമീകരിച്ചു. എല്ലാം പറഞ്ഞുറപ്പിച്ച് പണവും സമാഹരിച്ചുകഴിഞ്ഞപ്പോഴാണ് ഞാന്‍ ആ സത്യം അറിഞ്ഞത്. ഇനി മുതല്‍ ഈ മുപ്പതോളം നഴ്സുമാര്‍ക്ക് ഞാന്‍ ശാലോം കൊണ്ടുപോയി കൊടുക്കണം!! കാരണം എനിക്കല്ലേ അവരെയെല്ലാം പരിചയമുള്ളൂ!

എപ്പോഴും ഈശോക്കും മാതാവിനും അങ്ങോട്ട് പണി കൊടുത്ത് സന്തോഷിച്ചു ജീവിക്കുന്നതിനിടക്ക് എനിക്ക് ഇങ്ങോട്ട് ഒരു ‘അടാര്‍’ പണിയാണല്ലോ കിട്ടിയതെന്ന് തോന്നി. എന്തായാലും അദ്ദേഹം പറഞ്ഞപോലെ ദൈവവേലയാവട്ടെ എന്ന് കരുതി തുടര്‍ന്നുള്ള മാസങ്ങളില്‍ ഞാന്‍ നഴ്സുമാരുടെ ഇടയിലെ ശാലോം വിതരണക്കാരിയായി. നാല് വര്‍ഷം ഈശോയുടെ കൃപയാല്‍ കടന്നു പോയി.

പല ആശുപത്രികളില്‍നിന്നുള്ള നഴ്സുമാര്‍ ആയതുകൊണ്ട് ഒരു മാസത്തില്‍ത്തന്നെ പല ദിവസങ്ങള്‍ ശാലോം വിതരണത്തിന് വേണ്ടി നടന്നിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞൊക്കെ ചിലപ്പോള്‍ ഒരു മണിക്കൂര്‍ കൂടി ചെലവഴിച്ച് ശാലോം മാസിക കൊണ്ടു പോയി കൊടുക്കും. ഇടക്കൊക്കെ ഞാന്‍ ഈശോയോട് വഴക്കിടും, ‘നീ ഇതൊക്കെ കാണുന്നുണ്ടല്ലോ’ എന്ന് ചോദിച്ചു കൊണ്ട്….

അങ്ങനെയിരിക്കേ, 2019 ഫെബ്രുവരി മാസം മൂന്നാം തിയതി രാവിലെ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ ഒരു നടുവേദന എന്നെ ആലിംഗനം ചെയ്തു. ഇരിക്കാനും നടക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ങഞക ചെയ്തപ്പോള്‍ നട്ടെല്ലിലെ രണ്ടു ഡിസ്കില്‍ ബള്‍ജ് ഉള്ളതായി കണ്ടെത്തി. ഒരു വര്‍ഷം നട്ടെല്ലില്‍ ബെല്‍റ്റ് ഇട്ടിട്ടാണ് റോബോട്ടിനെപ്പോലെ നടന്നിരുന്നത്. ഇരിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടായിരുന്നു. പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ ഇരിക്കാന്‍ കഴിയുകയുമില്ല. എങ്കിലും സ്പൈനല്‍ ബെല്‍റ്റ് ധരിച്ച് ജോലിക്കു പോയി, മാസികവിതരണവും തുടര്‍ന്നു….

അങ്ങനെയിരിക്കേ 2020ലെ കൊവിഡ്കാലം വന്നു. ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ ഈശോ എന്നെ കൂടുതല്‍ സ്നേഹിക്കാന്‍ തീരുമാനിച്ചു. ശാരീരിക സഹനങ്ങള്‍ ഒരു തുടര്‍പരമ്പരയായി. മൂന്ന് മാസങ്ങള്‍ വീതം കടന്നു പോകുമ്പോള്‍ എന്‍റെ ശരീരത്തിന്‍റെ ഓരോ ജോയിന്‍റുകളും എന്നോട് സമരം ചെയ്യാന്‍ തുടങ്ങി. കഴുത്തില്‍ നെക്ക് കോളര്‍ ഇടേണ്ട അവസ്ഥ. ഇരുവശങ്ങളിലെയും ഷോള്‍ഡര്‍ ജോയിന്‍റ്, രണ്ട് കൈമുട്ടുകള്‍, രണ്ട് കാല്‍മുട്ടുകള്‍, രണ്ടു ഹിപ് ജോയിന്‍റ്, കൈകാല്‍വിരലുകള്‍, വാരിയെല്ലുകളുടെ ജോയിന്‍റുകള്‍ അങ്ങനെ ശരീരം മുഴുവന്‍ ഈശോ ചുംബനങ്ങള്‍ കൊണ്ട് മൂടി.

മുള്‍മുടി അണിഞ്ഞുകൊണ്ടീശോ
എന്‍ മുഖത്തൊരു മുത്തം നല്‍കി
മുള്ളുകള്‍ എന്‍ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
സ്നേഹത്തോടെകിയ മുത്തം
വേദനയായി മാറിയപ്പോള്‍
ആ വേദനക്കൊരു പേര് നല്‍കി ഞാന്‍

അതിന്‍ പേരല്ലോ സഹനം….

ഈ വരികള്‍ ഏറ്റവും കൂടുതല്‍ പാടിയ നാളുകള്‍. മൊബൈല്‍ ഫോണിന്‍റെ റിങ് ടോണ്‍ പോലും ഈ വരികള്‍ ആക്കി.

ശരീരം മുഴുവന്‍ നീരും വേദനയും. എന്‍റെ അനുദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പറ്റാത്ത അവസ്ഥ. മെഡിക്കല്‍ സയന്‍സിന് ചെയ്യാവുന്ന എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. ഒരു ടെസ്റ്റില്‍ പോലും അബ്നോര്‍മാലിറ്റി ഇല്ല. പതിനാല് MRI ചെയ്തു വിവിധ ജോയിന്‍റുകളിലായി. അതിലെല്ലാം ജോയിന്‍റുകളില്‍ തേയ്മാനവും ഇന്‍ഫ്ളമേഷനും കണ്ടുപിടിച്ചു. പക്ഷേ രോഗനിര്‍ണയം പിന്നെയും നീണ്ടു. ചിലരെങ്കിലും ഇതെല്ലാം എന്‍റെ അഭിനയമാണെന്ന് പറഞ്ഞ അവസരങ്ങളും കടന്നു പോയി. ഓരോ ജോയിന്‍റുകളും പരിമിതികളിലേക്ക് ഒതുങ്ങിക്കൂടാന്‍ തുടങ്ങുമ്പോള്‍ ഈശോയുടെ കുരിശുരൂപത്തിലെ ഓരോ ജോയിന്‍റിലും ഞാന്‍ പലതവണ നന്ദി സൂചകമായി നൂറ് ചക്കര ഉമ്മകള്‍ കൊടുക്കുമായിരുന്നു.

മുപ്പത് മിനിറ്റില്‍ കൂടുതല്‍ എനിക്ക് ഇരിക്കാന്‍ കഴിയില്ല. തലമുടി തോര്‍ത്താന്‍ കഴിയില്ല, പേന പിടിക്കാനോ എഴുതാനോ കഴിയില്ല, മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിക്കാന്‍ കഴിയില്ല… അങ്ങനെ പോകുന്നു ഈശോയുടെ സ്നേഹത്തിന്‍റെ അടയാളങ്ങള്‍. ഇരിക്കാന്‍ കഴിയാത്തതുകൊണ്ട് ഫ്ളൈറ്റില്‍ നിന്നും നടന്നും യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. നഴ്സ് എന്ന നിലയിലുള്ള ജോലികളൊന്നും എനിക്ക് ചെയ്യാന്‍ സാധ്യമല്ല. പക്ഷേ എന്‍റെ പരിമിതികളില്‍നിന്നുകൊണ്ട് ചെയ്യാവുന്ന രീതിയില്‍ ഈശോ എന്‍റെ ജോലിസാഹചര്യങ്ങള്‍ ക്രമപ്പെടുത്തി തന്നു. 2021 ഓഗസ്റ്റ് മാസത്തിലാണ് ഈശോ രോഗനിര്‍ണയം നടത്തിയത്, സ്പോണ്ടിലോ ആര്‍ത്രൈറ്റിസ്.

ജോലി കഴിഞ്ഞ് മുറിയില്‍ എത്തിയാല്‍ കൂടുതല്‍ സമയവും കട്ടിലില്‍ കിടപ്പാണ്. ഈശോയോടുള്ള സ്നേഹത്തിന്‍റെ നിമിഷങ്ങളാണത്…

പക്ഷേ രണ്ട് വര്‍ഷത്തോളം ശാലോം ടൈംസില്‍ പ്രസിദ്ധീകരിച്ച എല്ലാ ദൈവാനുഭവങ്ങളും ഈശോ എന്നെ കട്ടിലില്‍ കിടത്തി എഴുതിച്ചതാണ്. പേന പിടിക്കാനോ എഴുതാനോ കൂടുതല്‍ സമയം ഇരിക്കാനോ കഴിയാത്തതുകൊണ്ട് മൊബൈല്‍ ഫോണ്‍ കട്ടിലില്‍വച്ച് കിടന്നുകൊണ്ട് മംഗ്ലീഷ് ആപ്പിലൂടെ ടച്ച് ചെയ്താണ് എഴുതുന്നത്. എന്‍റെ സഹനങ്ങളില്‍ എനിക്ക് അവകാശപ്പെടാന്‍ ഒന്നും ഇല്ല. കാരണം അത് ഈശോയുടെ സമ്മാനമാണ്.

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ഈശോ ഒരു വലിയ സമ്മാനം കൂടി തന്നു. ശാലോം എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍ എന്ന അംഗീകാരം. “ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവു വരാത്തവിധം ദൈവം അവന് സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നു” (സഭാപ്രസംഗകന്‍ 6/2). മാസിക വിതരണം ചെയ്യുന്ന സമയത്ത് ‘നീ ഇതൊക്കെ കാണുന്നുണ്ടല്ലോ’ എന്ന് ചോദിച്ച എന്നോട് “ഉവ്വ്, കാണുന്നുണ്ട്” എന്ന് ഈശോ പറയുന്നതുപോലെ….

സഹനത്തിന്‍റെ നീണ്ട കാലയളവില്‍ എന്‍റെ വേദനകളെക്കാള്‍, പരിമിതികളെക്കാള്‍, ഈശോയുടെ സ്നേഹവും കരുതലും പതിനായിരം മടങ്ങ് അനുഭവിച്ചറിയാന്‍ ഈശോ കൃപ ചെയ്തു. ഹൃദയത്തിന്‍റെ ഉള്ളറകളില്‍നിന്ന് എന്‍റെ നസ്രായനോടുള്ള സ്നേഹം കൂടുതല്‍ ജ്വലിച്ചു. ഈശോയുടെ സ്നേഹം നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളില്‍ നിറഞ്ഞു കവിയട്ടെ.

“എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്ന് തകര്‍ത്ത എന്‍റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!” (സങ്കീര്‍ത്തനങ്ങള്‍ 51/8).

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles