Trending Articles
”ഒടേതമ്പുരാന്‍ കര്‍ത്താവ് എന്‍റെ തലേല്‍ വരച്ചത് ഇങ്ങനെയൊക്കെയാ. അതുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്” എന്ന് സമാധാനിക്കുന്ന പഴയ തലമുറയിലെ ഒത്തിരി അമ്മച്ചിമാരെയും അച്ചാച്ചന്മാരെയും എന്‍റെ ജീവിതയാത്രയില്‍ പലയിടത്തുംവച്ച് കണ്ടുമുട്ടാന്‍ എനിക്കിടവന്നിട്ടുണ്ട്. ചോരത്തിളപ്പിന്‍റെ കാലഘട്ടത്തില്‍ അങ്ങനെ പറഞ്ഞവരെ ഞാന്‍ തിരുത്തിയിട്ടുമുണ്ട്. ഇതൊക്കെ സ്വന്തം വാക്കും പ്രവൃത്തിയുംകൊണ്ട് അവനവന്‍ ഉണ്ടാക്കുന്നതാണ്. അല്ലാതെ ദൈവം മുന്നമേകൂട്ടി നിശ്ചയിച്ച അങ്ങനെയൊരു തലേവരയൊന്നും ആരുടെയും തലേല്‍ ഇല്ലേ ഇല്ല എന്ന് ശക്തിയുക്തം ഞാന്‍ വാദിച്ചിട്ടുമുണ്ട്. എന്നാല്‍ കുറേക്കൂടി പ്രായവും പക്വതയും ആലോചനാശേഷിയും ഒക്കെ വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ മറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. സ്വന്തം പ്രവൃത്തിദോഷംകൊണ്ടല്ലാതെ കടന്നുപോകേണ്ടി വന്ന കയ്‌പേറിയ ജീവിതാനുഭവങ്ങളുടെ മുമ്പില്‍ നിസഹായയായി പകച്ചുനിന്നപ്പോള്‍ ഞാന്‍ സത്യമായും ചിന്തിച്ചു കാരണവന്മാരു പറഞ്ഞതാണ് ശരി. എനിക്കാണ് തെറ്റുപറ്റിയതെന്ന്. എന്‍റെമാത്രം ജീവിതാനുഭവത്തിന്‍റെ തലത്തില്‍നിന്നുകൊണ്ടു മാത്രമല്ല നിര്‍ദോഷരായിരുന്നിട്ടും നിസഹായരായി വളരെയേറെ സഹിക്കേണ്ടിവന്ന ചില ജീവിതങ്ങളെ വിലയിരുത്തി നോക്കിയപ്പോഴും ഞാനൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അത് ഇതാണ്. സത്യമായും തലേവര എന്നു പറയുന്ന ഒന്നുണ്ട്. ആ വര വരയ്ക്കുന്നവന്‍ ദൈവംതന്നെയാണ് എന്ന്.
ലോകം കണ്ടിട്ടുള്ള മനുഷ്യവ്യക്തികളില്‍വച്ച് ഏറ്റവും തിക്തത നിറഞ്ഞ ദൈവനിയോഗം ശിരസാവഹിച്ച വ്യക്തി യേശുകര്‍ത്താവുതന്നെയാണെന്ന് പ്രവാചകഗ്രന്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയും. ഏശയ്യാ പ്രവചനത്തില്‍ യേശു നിര്‍ബന്ധമായും കടന്നുപോകേണ്ടിയിരുന്ന കഠിനസഹനങ്ങളെക്കുറിച്ച് അനേക വര്‍ഷങ്ങള്‍ക്കുമുമ്പേ ഇപ്രകാരം എഴുതപ്പെട്ടിരുന്നു. ”അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍റെ കഠിനവേദനയുടെ ഫലംകണ്ട് അവന്‍ സംതൃപ്തനാകും. നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും” (ഏശയ്യാ 53/9-11).
പാപലേശമേശാത്ത അവന്‍ അനേകരുടെ പാപഭാരം വഹിക്കണമെന്നതും പാപികളോടുകൂടെ എണ്ണപ്പെടണമെന്നതും അനേകരുടെ പാപത്തിനുപകരമായി മരണശിക്ഷ ഏല്‍ക്കണമെന്നതും യേശുവിനെ സംബന്ധിച്ച ദൈവനിയോഗംതന്നെയായിരുന്നു. പിതാവിന്‍റെ ആ ഹിതത്തിന് യേശു പൂര്‍ണമനസാല്‍ തന്നെത്തന്നെ വിട്ടുകൊടുക്കുന്നുവെങ്കിലും യേശുവിലെ പച്ചയായ മനുഷ്യന്‍ പിതാവിനോട് തന്‍റെ പീഡാസഹനങ്ങള്‍ക്ക് തൊട്ടുമുമ്പ് താണുവീണ് പ്രാര്‍ത്ഥിക്കുന്നുണ്ട് ‘പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ’ എന്ന്. പിതാവിന്‍റെ തീരുമാനം മാറ്റപ്പെടാത്തതാണ് എന്നു തിരിച്ചറിഞ്ഞ യേശു പിതാവിന്‍റെ തിരുഹിതം അതായത്, അനേകരുടെ പാപപരിഹാരത്തിനായി താന്‍ കഠിനകഷ്ടതകളിലൂടെയും കുരിശുമരണത്തിലൂടെയും കടന്നുപോകണമെന്ന തന്നെ സംബന്ധിച്ച ദൈവനിയോഗം ശിരസാ വഹിക്കുന്നു. അവിടുന്ന് പറയുന്നു ”പിതാവേ, എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ” എന്ന്.
മാനുഷികദൃഷ്ടികൊണ്ട് നോക്കുമ്പോള്‍ തികച്ചും അന്യായമെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകുന്ന ഒരു ദൈവനിയോഗമാണ് പരമപരിശുദ്ധനായ യേശുവിന്‍റെ തലയില്‍ പിതാവ് വരച്ചത്. അത് ഇതാണ്. ‘നമ്മുടെ അതിക്രമങ്ങള്‍ കര്‍ത്താവ് അവന്‍റെമേല്‍ ചുമത്തി. അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു. മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു” (ഏശയ്യാ 53/6-8).
ഇത്രയും ഉന്നതമായ മരണത്തിനാണ് യേശു തന്നെത്തന്നെ വിട്ടുകൊടുത്ത് കടന്നുപോയതെങ്കിലും അവന്‍ എണ്ണപ്പെട്ടത് അതിക്രമികളുടെയും ദൈവദൂഷകരുടെയും ദൈവജനത്തെ വഴിപിഴപ്പിക്കുന്നവരുടെയും കൂട്ടത്തിലാണ്. യേശുവിനെ കൊല്ലിച്ചവരും കൊന്നവരും മാത്രമല്ല, യേശുവന്‍റെ പീഡാസഹനങ്ങളോര്‍ത്തു വിലപിച്ചുകൊണ്ട് യേശുവിന്‍റെ കുരിശിന്‍ചുവട്ടില്‍ നിന്നവര്‍പോലും തിരിച്ചറിഞ്ഞില്ല യേശു കൊല്ലപ്പെട്ടത് എന്തിനുവേണ്ടിയാണെന്ന്. പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും അസൂയമൂലമാണെന്ന് യേശുവിനെ സ്‌നേഹിച്ചിരുന്ന നല്ലവരായ അനേകര്‍ കരുതി. അതില്‍ സത്യവുമുണ്ട്. പക്ഷേ അതായിരുന്നില്ല പൂര്‍ണമായ സത്യം. കാരണം അവരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ തിരുവചനങ്ങള്‍ അതു നമുക്കുമുമ്പില്‍ വെളിപ്പെടുത്തുന്നു ”എന്‍റെ ജനത്തിന്‍റെ പാപം നിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നും വിഛേദിക്കപ്പെട്ടതെന്ന് അവന്‍റെ തലമുറയില്‍ ആരു കരുതി?” (ഏശയ്യാ 53/8).
‘അവന്‍റെ തലമുറയില്‍ ആരു കരുതി’ എന്ന വാചകത്തിന് വലിയൊരര്‍ത്ഥമുണ്ട്. അത് ഇതാണ്. അവന്‍റെ കാലത്തു ജീവിച്ചിരുന്ന ആരുംതന്നെ അതായത് അവന്‍റെ സ്വന്തം ശിഷ്യന്മാര്‍പോലും മനസിലാക്കിയില്ല എന്നതാണത്.
പ്രിയപ്പെട്ട വായനക്കാരേ, ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുചേരുന്നതും എത്ര പ്രാര്‍ത്ഥിച്ചിട്ടും നീങ്ങിപ്പോകാത്തതും കാരണറിയാത്തതുമായ കഠിനസഹനങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുകയായിരിക്കാം നിങ്ങളില്‍ ചിലരെങ്കിലും. യേശുവിനോടൊത്ത് ആരുടെയെങ്കിലുമൊക്കെ രക്ഷയ്ക്കായി സഹിക്കുവാനുള്ള രക്ഷാകരസഹനത്തിന്‍റെ തലേവര പൊന്നുതമ്പുരാന്‍ നിങ്ങളുടെ തലയിലും വരച്ചതുകൊണ്ടാകാം നിങ്ങളിങ്ങനെ സഹിക്കേണ്ടിവരുന്നത്! ഈ സഹനം നീങ്ങിപ്പോകാന്‍വേണ്ടി നിങ്ങള്‍ ദീര്‍ഘകാലം നോയമ്പുനോറ്റും ഉപവാസമെടുത്തും ദാനധര്‍മം ചെയ്തും നിങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിച്ചിട്ടുമുണ്ടാകാം. ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഇത് പൂര്‍വികശാപമാണെന്നു കരുതി അതിനുവേണ്ടി പ്രതിവിധികള്‍ ചെയ്തിട്ടുമുണ്ടാകാം. അങ്ങനെയുള്ളവര്‍ ഒന്നു ചിന്തിക്കുക. നമ്മുടെ കഷ്ടതകളുടെ നടുവില്‍നിന്നുകൊണ്ടുള്ള എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നാം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഉത്തരം കിട്ടണമെന്നില്ല.
യേശു താണുവീണ് മൂന്നുവട്ടം തന്‍റെ പിതാവിനോട് കുരിശുമരണം തന്നെ മാറിപ്പോകാന്‍ പ്രാര്‍ത്ഥിച്ചിട്ടും അവിടുത്തെ പ്രാര്‍ത്ഥന അവിടുന്നാഗ്രഹിക്കുന്ന രീതിയില്‍ സാധിച്ചുകിട്ടുന്നില്ല. പകരം ആ കുരിശുമരണത്തെ സ്വീകരിക്കുവാനുള്ള ശക്തി പിതാവ് യേശുവിന് നല്‍കുന്നു. ”അവിടുന്ന് ഒരു മാലാഖയെ അയച്ച് അവനെ ശക്തിപ്പെടുത്തി” എന്ന് വചനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുറെയേറെ പ്രാര്‍ത്ഥിച്ചതിനുശേഷം നാമും നമ്മെ നയിക്കുന്നവരും അവസാനം എത്തിച്ചേരുന്ന ഒരു നിഗമനമാണ് പൂര്‍വികരുടെ പാപംമൂലമുണ്ടാകുന്ന ശാപം എന്ന്. അങ്ങനെയും നമ്മുടെ ജീവിതത്തില്‍ സഹനമുണ്ടാകാം. പക്ഷേ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഉത്തരം കിട്ടാത്ത എല്ലാ സഹനങ്ങളുടെയും പിന്നില്‍ പൂര്‍വകശാപമല്ല. പലതിന്‍റെയും പിന്നില്‍ യേശുവിന്‍റെ രക്ഷാകരമായ സഹനത്തിലുള്ള പങ്കുചേരല്‍ ആണെന്ന് നമുക്ക് കാണാന്‍ കഴിയും.
ഈശോയെ ഒത്തിരിയേറെ സ്‌നേഹിച്ചിരുന്ന ഒരു യുവകന്യാസ്ത്രീ. ഈശോക്കുവേണ്ടി ഓടിനടന്ന് ഒത്തിരി ചെയ്യാന്‍വേണ്ടിയിട്ടാണ് വീട്ടില്‍നിന്നുമുള്ള എല്ലാ എതിര്‍പ്പുകളെയും മറികടന്ന് സന്യാസവസ്ത്രം സ്വീകരിച്ചത്. എന്നാല്‍ അധികം താമസിയാതെ അവള്‍ രോഗിയായി. ഒന്നിനു പുറകെ ഒന്നായി 14 ഓപ്പറേഷനുകള്‍! ഒന്നിനും അവളെ സുഖപ്പെടുത്താനായില്ല എന്നു മാത്രമല്ല, കഠിനസഹനങ്ങളുടെ നീര്‍ക്കയത്തിലേക്ക് അവളുടെ ജീവിതം വലിച്ചെറിയപ്പെടുകയായിരുന്നു. ആത്മനാഥനുവേണ്ടി ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച അവളുടെ ജീവിതം ആത്മനാഥന്‍റെ മുമ്പില്‍ മറ്റനേകരുടെ പാപത്തിനുവേണ്ടിയുള്ള പരിഹാരബലിയായി ഇന്ന് എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്നു!
ഈ അടുത്ത നാളുകളില്‍ അനേകം നവവൈദികര്‍ ഓരോ വിധത്തിലുള്ള കാരണങ്ങളിലൂടെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. പ്രത്യേകിച്ചും കോവിഡ് മഹാമാരി പെയ്തിറങ്ങിയ കാലഘട്ടത്തില്‍. ക്രിസ്തുസ്‌നേഹത്തിന്‍റെ മുമ്പില്‍ ആത്മാര്‍പ്പണം ചെയ്‌തൊരു വൈദികന്‍റെ അകാലത്തിലുള്ള വിയോഗം ആരെയാണ് കരയിപ്പിക്കാത്തത്? സഭയ്ക്കും ലോകത്തിനും അത് എത്രമേല്‍ വലിയ നഷ്ടമായിരിക്കും? ഏതു രീതിയിലുള്ള ഒരു തലേവരയായിരുന്നു ഈ കൊച്ചച്ചന്മാരുടേത് എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. ക്രിസ്തുവിന്‍റെ ബലിജീവിതത്തോടൊപ്പം ബലിയായിത്തീരാന്‍ സമര്‍പ്പിക്കപ്പെട്ട അവരുടെ ജീവിതം മറ്റാരുടെയൊക്കെയോ പാപത്തിനു പകരമായുള്ള സമ്പൂര്‍ണ ബലിയായി ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയല്ലായിരുന്നുവെന്ന് ആര്‍ക്കു പറയാന്‍ പറ്റും?
”സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്‍റെ ശരീരത്തില്‍ നികത്തുന്നു” (കൊളോസോസ് 1/24) എന്നു പറഞ്ഞ പൗലോസ് ശ്ലീഹായെപ്പോലെ ക്രിസ്തുവിനോടൊത്ത് മറ്റനേകര്‍ക്കുവേണ്ടി സഹിക്കാന്‍ വിളിക്കപ്പെട്ട അനേകജീവിതങ്ങള്‍ ഈ ഭൂമിയിലുണ്ട്.
നാം അവരെ മനസിലാക്കേണ്ടവിധത്തില്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മനസിലാക്കുന്നില്ല എന്നതാണ് സത്യം. ”എന്‍റെ ജനത്തിന്‍റെ പാപംമൂലമാണ് അവന്‍ ജീവിക്കുന്നവരുടെ ഇടയില്‍നിന്നും വിഛേദിക്കപ്പെട്ടത് എന്ന് അവന്‍റെ തലമുറയില്‍ ആര്‍ കരുതി? എന്ന് യേശുവിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ…
പഞ്ചക്ഷതധാരിയായ പാദ്രേപിയോ, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പലരാലും മനസിലാക്കപ്പെടാത്ത, സഭാധികാരികളാല്‍പ്പോലും കഠിനമായി തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധനായ ഒരു വൈദികനായിരുന്നു. കഠിനസഹനങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്‍റെ ഈലോകത്തിലെ ജീവിതയാത്ര അവസാനിച്ചതിനുശേഷമാണ് അനിവാര്യമായും അദ്ദേഹത്തെ മനസിലാക്കേണ്ടവര്‍പോലും മനസിലാക്കിയതും അംഗീകരിച്ചതും. ഇതും ഒരു തലേവരയാണ്. മനസിലാക്കപ്പെടേണ്ടവരാല്‍ മനസിലാക്കപ്പെടാതിരിക്കുക എന്ന തലേവര! കുടുംബജീവിതത്തിലും ഇത് വളരെ സത്യമാണ്.
ഒരു സഹോദരന്‍ തന്‍റെ മാനസാന്തരത്തിനു പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയായിരുന്നു. എന്‍റെ അമ്മയുടെ കണ്ണുനീരാണ് എന്നെ ദൈവത്തിലേക്കടുപ്പിച്ചത്. ”കഴുത്തില്‍ താലിവീണ അന്നു തുടങ്ങിയതാണ് അമ്മയുടെ സഹനം. അത് മരണംവരെ നീണ്ടുനിന്നു. ഒരു വലിയ തറവാടായിരുന്നു ഞങ്ങളുടേത്. എന്‍റെ അപ്പന്‍ നിരീശ്വരവാദിയായിരുന്നു. കൂട്ടിന് മദ്യപാനവും. അപ്പന്‍റെ ക്രൂരതകളെല്ലാം അമ്മ നിശബ്ദമായി സഹിച്ചു. മക്കളായിരുന്നു അമ്മയ്ക്ക് ആകെയുള്ള പ്രതീക്ഷ. എന്നാല്‍ മക്കള്‍ വളര്‍ന്നുവന്നപ്പോള്‍ അപ്പന്‍ കാണിച്ചുതന്ന വഴിതന്നെ സ്വീകരിച്ചു. ഞങ്ങള്‍ അപ്പനും മക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മദ്യപിച്ച് രസിക്കുമ്പോള്‍ അമ്മ ജപമാലയുമായി അടുത്ത മുറിയിലേക്ക് പോകും. ക്രൂശിതരൂപത്തിനു മുമ്പില്‍ കൈകള്‍ വിരിച്ചുപിടിച്ചുനിന്നുകൊണ്ട് ജപമാല ചൊല്ലും.
പക്ഷേ ഞങ്ങളാരും ദൈവത്തിലേക്ക് മടങ്ങിവന്നില്ല. മാത്രമല്ല കൂടുതല്‍ കൂടുതല്‍ ദൈവനിഷേധികളായി മാറിക്കൊണ്ടുമിരുന്നു. എന്നാല്‍ അമ്മ നിരാശപ്പെട്ടില്ല. ഞങ്ങള്‍ക്കുവേണ്ടി വേദന സഹിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. ഗദ്‌സമനിയിലായിരുന്നു അമ്മയുടെ ജീവിതം മുഴുവന്‍. ഒടുവില്‍, അവസാന ശ്വാസവും ഞങ്ങളുടെ മാനസാന്തരത്തിനുവേണ്ടി സമര്‍പ്പിച്ചുകൊണ്ട് അമ്മ മരിച്ചു. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലെങ്കിലും അമ്മയുടെ കണ്ണീര്‍ക്കണങ്ങള്‍ ഞങ്ങളുടെ മനസലിയിച്ചില്ല. എന്നാല്‍ അമ്മയുടെ ബലി പൂര്‍ത്തിയായപ്പോള്‍ ഞങ്ങളുടെ കുടുംബം രക്ഷയുടെ അനുഭവത്തിലേക്കു കടന്നുവന്നു. ഞാന്‍ ദൈവത്തെ കണ്ടുമുട്ടി. ഞങ്ങളുടെ കുടുംബം മുഴുവന്‍ ദൈവത്തിലേക്കു തിരിഞ്ഞു.” അദ്ദേഹം പറഞ്ഞുനിര്‍ത്തി. ഇന്ന് ആ സഹോദരന്‍ പരിഹാരബോധത്തോടെ അഗതികളെയും അവശരെയും സഹായിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുകയാണ് (‘എന്‍റെ ജീവിതം ബലിയാക്കി’ എന്ന എന്‍റെ ആദ്യപുസ്തകത്തിന്‍റെ അവസാനത്തെ അധ്യായത്തില്‍നിന്നും കടമെടുത്തതാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍. പുസ്തകം കൈവശമുള്ളവര്‍ ഈ അധ്യായം വായിക്കുന്നത് നന്നായിരിക്കും.)
ഇതില്‍ പറഞ്ഞിരിക്കുന്ന ഒരു മര്‍മ്മപ്രധാനമായ കാര്യം അമ്മ ജീവിച്ചിരുന്ന കാലത്തൊന്നും അമ്മയുടെ കണ്ണുനീരിന്‍റെ ആഴം ഞങ്ങളാരും മനസിലാക്കിയില്ല എന്നതാണ്. ആരാലും മനസിലാക്കപ്പെടാത്ത, ആരാലും അംഗീകരിക്കപ്പെടാത്ത സഹനങ്ങളിലൂടെ കടന്നുപോകുന്നവരേ, നിങ്ങളെ മനസിലാക്കുന്ന, നിങ്ങളെ അംഗീകരിക്കുന്ന ഒരുവനുണ്ട്. അവനാണ് യേശുക്രിസ്തു. അവന്‍റെ തലേവര തന്നെയായിരിക്കും ഒരുപക്ഷേ നമ്മുടെയും തലേവര. ആരാലും മനസിലാക്കപ്പെടാത്ത നിങ്ങളുടെ സഹനങ്ങള്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കും.
ഈ ലേഖനത്തിന് ഒരു മറുപുറംകൂടിയുണ്ട്. മൂക്കറ്റം മദ്യപിച്ച് കഞ്ചാവടിച്ച് ലവലില്ലാതെ കാറോടിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കാറിടിച്ച് നട്ടെല്ലു തകര്‍ന്ന് നീണ്ടനാള്‍ കിടന്ന കിടപ്പില്‍ കിടന്ന് ചുറ്റുമുള്ളവരെ ശപിച്ചും പ്രാകിയും കഴിയുമ്പോള്‍, ആ തലേവര ദൈവം വരച്ച തലേവരയാണെന്ന് അവകാശപ്പെടരുത്.
ആ വര നമ്മള്‍തന്നെ വരച്ച തലേവരയാണ്. പക്ഷേ ഒരു കാര്യം നാം യേശുവില്‍ വിശ്വസിച്ച് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമെങ്കില്‍ നമ്മളുണ്ടാക്കിയ തലേവരയെയും നന്മയ്ക്കായി പരിണമിപ്പിക്കാന്‍ തമ്പുരാനു കഴിയും.
നമുക്ക് അവന്‍റെ മുഖത്തേക്കു നോക്കാം. ”അവനെ നോക്കിയവര്‍ പ്രകാശിതരായി” എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. പ്രത്യാശപൂര്‍ണമായ ഒരു ഭാവി ആശംസിക്കുന്നു.
പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ
സ്റ്റെല്ല ബെന്നി
Want to be in the loop?
Get the latest updates from Tidings!