Home/Evangelize/Article

സെപ് 09, 2023 505 0 ആന്‍ മരിയ ക്രിസ്റ്റീന
Evangelize

ആകര്‍ഷകം നസ്രായന്‍റെ ഈ പ്രത്യേകതകള്‍

കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന്‍ ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു ‘ഫാന്‍സ് അസോസിയേഷന്‍’ മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.

ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന്‍ ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്.

അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്?

ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, “എന്നെ അനുഗമിക്കുക!” ‘

ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു… ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി.

മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ ‘ക്വാളിഫൈഡ്’ ആക്കി മാറ്റുന്ന ചങ്ക് നസ്രായന്‍ …നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ.

“എന്‍റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29)

സാബത്തില്‍ ശിഷ്യന്മാര്‍ ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്‍റെ ശിഷ്യന്മാര്‍ ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്‍റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക.

ഭൂലോകത്തിന്‍റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്‍റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്‍റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്‍റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു.

അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു.

ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ?

ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല.

ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന്‍ എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.’

ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്‍റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്‍റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ… കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള്‍ നമ്മുടെ ചങ്ക് നസ്രായന്‍റെ ചങ്കില്‍ ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്‍റേതാണ്. നിനക്ക് എന്‍റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്.

ലഹരി

ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു.

എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന്‍ സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്‍റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്… ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി… “എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും” (ഫിലിപ്പി 4/19).

സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന്‍ ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്‍റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു… ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന്‍ കടന്നുവരും…

ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്‍റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന്‍ വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍….

“നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്‍റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും” (ഏശയ്യാ 54/10-12)

ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്‍റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു… അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു…

പക്ഷേ ഈശോ വേറെ ലെവല്‍ ആണ്… രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്‍റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്‍റെ ഒരു വലിയ വേര്‍ഷന്‍ നിന്‍റെ ജീവിതത്തിലും അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്‍റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. “യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന്‍ 13/7)

ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്‍റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന്‍ നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്‍റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍… “കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും” (ഹോസിയ 2/14).

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles