Trending Articles
യേശുവിനെ സാക്ഷാല്‍ ഭൂതമായി തെറ്റിദ്ധരിച്ച ഒരു സംഭവം വിശുദ്ധ ബൈബിളില്‍ വിവരിക്കുന്നുണ്ട്. തെറ്റിദ്ധരിച്ചത് പുറമെയുള്ള ആരെങ്കിലുമോ പിശാചുബാധിതനെന്ന് അവനെ വിളിച്ച നിയമജ്ഞരോ ഫരിസേയരോ പുരോഹിത പ്രമുഖരോ ഒന്നുമല്ല. സാക്ഷാല്‍ അവിടുത്തെ സ്വന്തശിഷ്യന്മാര്‍തന്നെയാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 14-ാം അധ്യായം 22 മുതലുള്ള വചനങ്ങളില്‍ അതു വിവരിക്കുന്നുണ്ട്.
തന്‍റെ ശുശ്രൂഷാ ജീവിതത്തിലെ അത്യത്ഭുതകരമായ ആ സംഭവം അതായത് അഞ്ചപ്പംകൊണ്ട് അനേകായിരങ്ങളെ തീറ്റിപ്പോറ്റിയ ശുശ്രൂഷ നിര്‍വഹിച്ചശേഷം യേശു തന്‍റെ പ്രിയപ്പെട്ട ശിഷ്യന്മാരെ തനിക്കു മുമ്പിലായി തടാകത്തിന്‍റെ മറുകരയിലേക്ക് വഞ്ചിയില്‍ യാത്രയാക്കി. അതിനുശേഷം അവിടുന്ന് തനിച്ച് പ്രാര്‍ത്ഥിക്കുവാനായി മലയിലേക്കു പോയി. അവിടെ തന്‍റെ സ്‌നേഹപിതാവുമൊത്ത് സംഭാഷണത്തിലായി. അങ്ങനെ രാത്രിയായപ്പോഴും അവന്‍ മലമുകളില്‍ തനിച്ചായിരുന്നു. ഇതിനോടകം വഞ്ചി കരയില്‍നിന്നും വളരെ അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ അവര്‍ വഞ്ചി തുഴയാന്‍ ഏറെ ഭാരപ്പെട്ടു. പ്രതികൂലകാറ്റില്‍പെട്ട് തോണി തകര്‍ന്ന് തങ്ങള്‍ മരിച്ചുപോകുമെന്ന് അവര്‍ ഭയപ്പെട്ടു.
അക്കരെയായിരുന്ന യേശു ശിഷ്യന്മാരുടെ നിസഹായാവസ്ഥ മനസിലാക്കി. അവിടുന്ന് ഉടന്‍തന്നെ കടലിനുമീതെ നടന്ന് അവരുടെ അടുത്തെത്തി. കടലിനുമീതേകൂടി നടന്ന് തങ്ങളുടെ അടുത്തേക്കുവരുന്ന യേശുവിനെ കാണുമ്പോള്‍ അവര്‍ അത്യധികം സന്തോഷിക്കുമെന്നായി രിക്കാം യേശു വിചാരിച്ചത്. പക്ഷേ കടലിനു മുകളിലൂടെ തങ്ങളെ സമീപിക്കുന്ന യേശുവിനെ കണ്ട് അവര്‍ അലറിവിളിച്ചു ‘അയ്യോ ഭൂതം ദൈവമേ, രക്ഷിക്കണേ.’ ഉടന്‍ അവന്‍ അവരോടു സംസാരിച്ചു ”ധൈര്യമായിരിക്കുവിന്‍. ഞാനാണ് ഭയപ്പെടേണ്ട.” അടുത്ത നിമിഷങ്ങളില്‍ അവന്‍ വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്ന ശിഷ്യന്മാര്‍ അവനെ ആരാധിച്ചുകൊണ്ടു പറഞ്ഞു, ”സത്യമായും നീ ദൈവപുത്രനാണ്!” മിനിറ്റുകള്‍ക്കുമുമ്പ് ഭൂതം. ഇപ്പോഴോ ദൈവപുത്രന്‍!
യേശുവിന്‍റെ കൂടെ ഉണ്ടും ഉറങ്ങിയും അവന്‍റെ മാറത്തു തലചായ്ച്ചും അവന്‍റെ വചനങ്ങളും അത്ഭുതപ്രവൃത്തികളും ആവോളം കണ്ട് അവനോടൊപ്പം നിരന്തരം കൂട്ടായ്മ ആചരിച്ചിരുന്ന ശിഷ്യന്മാര്‍ക്കാണ് ജീവിതത്തിന്‍റെ ഒരു നിര്‍ണായകമായ പ്രതിസന്ധിയില്‍ അതു പരിഹരിക്കുവാനായി തങ്ങളുടെ നേര്‍ക്കു നടന്നടുക്കുന്ന യേശുവിനെ തിരിച്ചറിയാന്‍ കഴിയാതെ പോയത്. തിരിച്ചറിഞ്ഞില്ല എന്നുമാത്രമല്ല, ഭീകരമായ വിധത്തില്‍ അവിടുത്തെ തെറ്റിദ്ധരിക്കുകകൂടി ചെയ്തു. അവര്‍ അലറിവിളിച്ചു കരഞ്ഞു. ‘അയ്യോ ഭൂതം ദൈവമേ, രക്ഷിക്കണേ.’
നാം യേശുവുമായിട്ട് വളരെ അടുത്ത ബന്ധവും സഹവാസവും മുന്‍പരിചയവും ഒക്കെ ഉള്ളവരായിരിക്കാം. പക്ഷേ ചില നിര്‍ണായക നിമിഷങ്ങളിലെ പ്രതിസന്ധികളില്‍ നമ്മെ രക്ഷിക്കാനായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവിടുത്തെ നാം ഭീകരമായ വിധത്തില്‍ തെറ്റിദ്ധരിച്ച് അവനെതിരെ മുറവിളി കൂട്ടും. അതുമല്ലെങ്കില്‍ നാമുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള അവിടുത്തെ കടന്നുവരവിനെയും ഇടപെടലുകളെയും തെറ്റിദ്ധരിച്ച് അവരുടെ ജീവിതത്തിലും നാം പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. സത്യദൈവംതന്നെയായ അവിടുത്തെ നാം ഭൂതമെന്ന് അട്ടഹസിച്ച് രക്ഷയ്ക്കായി നിലവിളിക്കും. നമ്മുടെ ജീവിതത്തെ ഒന്ന് പിന്തിരിഞ്ഞുനോക്കിയാല്‍ ഇതുപോലുള്ള അനേക പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും വരുത്തിക്കൂട്ടുന്നുണ്ടെന്ന് തിരിച്ചറിയുവാന്‍ കഴിയും. കര്‍ത്താവ് പറയുന്നു ”എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയില്‍നിന്നും ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ!” (ഏശയ്യാ 55:8-9).
ന്യായാധിപനും പുരോഹിതുമായ സാമുവേല്‍ പ്രവാചകന്‍റെ അമ്മ ‘ഹന്ന’ പ്രധാന പുരോഹിതനാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഇസ്രായേല്‍പുത്രിയാണ്. ഹന്ന, എല്‍ക്കാന എന്നൊരാളുടെ ഭാര്യയായിരുന്നു. എല്‍ക്കാനക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹന്നായും പെനീന്നായും. പെനീന്നാക്ക് ധാരാളം മക്കളുണ്ടായിരുന്നു. എന്നാല്‍ ഹന്ന സന്താനരഹിതയായിരുന്നു. അതിനാല്‍ സപത്‌നിയായ പെനീനാ ഹന്നായെ കൂടെക്കൂടെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. കുട്ടികളില്ലാത്ത അവസ്ഥയും സപത്‌നിയുടെ ആക്ഷേപവും ഹന്നായുടെ ജീവിതത്തെ വലിയ ദുഃഖത്തിലാഴ്ത്തി.
എല്ലാ വര്‍ഷവും കര്‍ത്താവിന്‍റെ ഭവനത്തില്‍ ബലിയര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമായി പോയിരുന്നപ്പോഴൊക്കെ അവര്‍ കുട്ടികളില്ലാത്തതിന്‍റെ നൊമ്പരവും സപത്‌നിയായ പെനീനായുടെ ആക്ഷേപശരങ്ങള്‍മൂലമുള്ള കണ്ണുനീരും കര്‍തൃസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ ഏറെ ഹൃദയവ്യഥയോടും കണ്ണുനീരോടുംകൂടെ ഹന്ന തന്‍റെ ദുഃഖങ്ങളും നെടുവീര്‍പ്പുകളും കര്‍തൃസന്നിധിയില്‍ ചൊരിയുകയായിരുന്നു. കഠിനമായ ദുഃഖത്താല്‍ കരഞ്ഞുകൊണ്ടുള്ള അവളുടെ പ്രാര്‍ത്ഥന കണ്ട് പുരോഹിതനായ ഏലി അവളെ തെറ്റിദ്ധരിച്ചു. അവള്‍ ഹൃദയത്തില്‍ കര്‍ത്താവിനോട് സംസാരിക്കുകയായിരുന്നു. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നുമില്ല. അതിനാല്‍ അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലി പുരോഹിതനു തോന്നി.
ഏലി അവളോടു പറഞ്ഞു ”എത്രനാള്‍ നീ ഉന്മത്തയായിരിക്കും. നിന്‍റെ ലഹരി അവസാനിപ്പിക്കുക.” ഹന്നക്ക് ആ പ്രഹരം താങ്ങാവുന്നതിലും അധികമായിരുന്നു. ഹന്നാ പ്രത്യുത്തരിച്ചു ”എന്‍റെ ഗുരോ, ഞാന്‍ മദ്യപിച്ചിട്ടില്ല. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്‍റെ മുമ്പില്‍ എന്‍റെ ഹൃദയവിചാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ.” അനന്തരം അവള്‍ തന്‍റെ ഹൃദയവ്യഥകള്‍ ഏലിയോട് തുറന്നുപറഞ്ഞു. ഏലിപുരോഹിതന് അവളോട് അനുകമ്പ തോന്നി. അ വളെ ആശ്വസിപ്പിച്ച് അനുഗ്രഹിച്ച് പറഞ്ഞയച്ചു. ഹന്ന ഗര്‍ഭിണിയായി. ദൈവം അവള്‍ക്ക് നല്‍കിയ പുത്രനാണ് ന്യായാധിപനായ സാമുവല്‍. ദൈവം അവളുടെ ജീവിതത്തെ മേല്‍ക്കുമേല്‍ അനുഗ്രഹപൂര്‍ണമാക്കി.
പക്ഷേ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതിനുമുമ്പ് ഹന്ന വഴിപിഴച്ചവളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട നിഷ്‌ക്കളങ്കയായ ഒരു ഇസ്രായേല്‍പുത്രി ആയിരുന്നു. തെറ്റിദ്ധരിച്ചതാകട്ടെ ദൈവാലയത്തിലെ പ്രധാന പുരോഹിതനായ ഏലിയും.
ദൈവാലയത്തില്‍ നിരന്തരം വസിച്ച് അനേകരുടെ കണ്ണുനീരും ഗദ്ഗദങ്ങളും കണ്ട് പരിചയപ്പെട്ട പ്രധാന പുരോഹിതന്‍ ഹന്നയുടെ കണ്ണുനീരിനെയും നേരാംവണ്ണം തിരിച്ചറിയേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തിനതു കഴിഞ്ഞില്ല. എന്നുമാത്രമല്ല, മുറിവിന്മേല്‍ മുറിവ് എന്നവിധത്തില്‍ അദ്ദേഹമവളെ തെറ്റിദ്ധരിച്ചു ശകാരിച്ചു. ആരാധനയ്ക്കായി വരുന്നവരുടെ കണ്ണുനീരും ദുഃഖവും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല അവരെ ക്രൂരമായി ശകാരിച്ചു വീണ്ടും മുറിപ്പെടുത്തുകയും ചെയ്തു എന്നത് ഒരു പ്രധാന പുരോഹിതനെന്ന നിലയില്‍ ഏലിയുടെ വലിയ പരാജയംതന്നെയായിരുന്നു. പൊതുജനം ഹന്നായെപ്പോലുള്ളവരെ തെറ്റിദ്ധരിക്കുക എന്നത് സ്വാഭാവികമാണ്. പക്ഷേ ഇവിടെയിതാ മനുഷ്യന്‍റെ കണ്ണുനീരും ഗദ്ഗദങ്ങളും നിരന്തരം കണ്ടുകൊണ്ട് ദൈവാലയത്തില്‍ വസിക്കുന്ന പ്രധാന പുരോഹിതന്‍ അവളെ വഴിതെറ്റിയവളായി തെറ്റിദ്ധരിച്ച് ശകാരിച്ച് വീണ്ടും വ്രണപ്പെടുത്തുന്നു. ഏറ്റവും സങ്കടകരമായി നമുക്കീ സംഭവം കാണേണ്ടിയിരിക്കുന്നു.
ആദ്യപന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ശിഷ്യഗണത്തിന്മേലും അവരോടുകൂടെ ഒന്നിച്ചുകൂടിയിരുന്നരുടെമേലും വന്നുനിറഞ്ഞപ്പോള്‍ അവര്‍ ആത്മാവുകൊടുത്ത ഭാഷണവരമുപയോഗിച്ച് മറുഭാഷയില്‍ സംസാരിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ആകാശത്തിനുകീഴെ സകല ജനപദങ്ങളിലും നിന്നുവന്ന ഭക്തരായ യഹൂദര്‍ അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും ശിഷ്യന്മാര്‍ സംസാരിക്കുന്നത് താന്താങ്ങളുടെ ഭാഷയില്‍ കേട്ടു. അവരില്‍ പലരും പരിഭ്രമിച്ച് എന്താണ് ഈ ദൈവിക ഇടപെടലിന്‍റെ അര്‍ത്ഥമെന്ന് പരസ്പരം പറഞ്ഞു. എന്നാല്‍ വേറൊരു കൂട്ടരാകട്ടെ ഇപ്രകാരം പറഞ്ഞു. അവര്‍ക്ക് പുതുവീഞ്ഞു കുടിച്ച് ലഹരി പിടിച്ചിരിക്കുകയാണ്. അതാണ് ഈ ബഹളത്തിന്‍റെ കാരണം. ഇവിടെയും ദൈവാരൂപിയുടെ അതിശക്തമായ പ്രവര്‍ത്തനം ക്രൂരമായി വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
ദൈവാരൂപിയുടെ പല പ്രവര്‍ത്തനങ്ങളും അതേ അനുഭവം കിട്ടാത്ത പലര്‍ക്കും തെറ്റിദ്ധാരണക്കും വിമര്‍ശനത്തിനും കാരണമാകും. നമ്മുടെ ബുദ്ധിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് എല്ലാക്കാര്യങ്ങളെയും വിലയിരുത്തുന്നതും ഉത്തരം കണ്ടെത്തുന്നതും തെറ്റായ വിവേചനത്തിലേക്ക് നയിക്കും. തെറ്റായ വിവേചനത്തോടുകൂടിയ നമ്മുടെ വിലയിരുത്തലുകളും ശുശ്രൂഷകളും അതിനു വിധേയരാകുന്നവരെ മനസിടിവിലേക്കും മുറിപ്പെടുത്തലിലേക്കും വഴിനടത്തും. അതിനാല്‍ ശുശ്രൂഷാവേദിയിലുള്ളവര്‍ ശരിയായ വിവേകത്തോടും വിവേചനത്തോടും കൂടി വാക്കുകള്‍ ഉപയോഗിക്കുക. അല്ലായെങ്കില്‍ മിക്കപ്പോഴും ‘വെളുക്കാന്‍ തേച്ചത് പാണ്ടാ’യിത്തീരുന്ന അവസ്ഥ നമ്മുടെ കരങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളുടെ കാര്യത്തില്‍ ഉണ്ടായെന്നിരിക്കും. അതിനാല്‍ ‘നശിപ്പിക്കുവാനല്ല പടുത്തുയര്‍ത്തുവാനാണ് ദൈവം നമുക്ക് അധികാരം തന്നിരിക്കുന്നതെന്ന’ ഉത്തമമായ അവബോധത്തോടെ നമുക്ക് വിവേകപൂര്‍വം ശുശ്രൂഷ ചെയ്യാം. അപ്പോള്‍ നമ്മുടെ ശുശ്രൂഷകള്‍ നൂറുമേനിയും അറുപതു മേനിയും ഫലം നല്‍കുന്നതായി പരിണമിക്കും. അതിനുള്ള കൃപാവരം ലഭിക്കുവാനായി നമുക്ക് പരിശുദ്ധാരൂപിയോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.
‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ’
സ്റ്റെല്ല ബെന്നി
Want to be in the loop?
Get the latest updates from Tidings!