Home/Engage/Article

ഏപ്രി 27, 2023 184 0 Father Rinto Payyapilly
Engage

അതൊന്നും തോല്‍വികളല്ല!

നീന്തല്‍ പഠിക്കാന്‍ പോയത് പ്രായം ഇരുപത്തിയഞ്ചു കഴിഞ്ഞപ്പോഴാണ്. കുറച്ചേറെ നീണ്ട ദിനങ്ങളിലെ പരിശ്രമം. അതിനിടയില്‍ വന്നുപോയ കുരുന്നുകള്‍ ഒരാഴ്ചകൊണ്ട് നീന്തല്‍ പഠിച്ചു നീന്തി അക്കരെയെത്തി. നിര്‍ത്താനൊരുങ്ങിയ സായാഹ്നത്തിലാണ് ഒരു ചേട്ടന്‍ മുന്നിലേക്കെത്തുന്നത്. മൂന്നോ നാലോ മാസമായത്രേ നീന്തല്‍ പഠിച്ചു തുടങ്ങിയിട്ട്. ഇനിയും ഏകദേശം നാല് മീറ്ററിനപ്പുറം നീന്താന്‍ കഴിയാത്തൊരാള്‍.

“‘നീ വിഷമിക്കണ്ടടാ… നമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികളാ… എന്നാലും ഈ പ്രായത്തിലൊക്കെ ഇതിന് ശ്രമിക്കാനൊരു മനസുണ്ടായല്ലോ. അത് പോരേ നമ്മക്ക്.’ ആ നാല്പത്തിയഞ്ചു വയസ്സുകാരന്‍ അത് പറയുമ്പോ മുന്‍പിലെ ജലം ശരീരത്തെ തണുപ്പിക്കുന്നതിനെക്കാള്‍ ആ വാക്കുകള്‍ മനസിനെ തണുപ്പിച്ചിരുന്നു.

വിജയികളുടെ പട്ടികയില്‍ ഇടംകിട്ടാത്ത ചിലര്‍ തീര്‍ച്ചയായും ആരുടെയൊക്കെയോ വഴികളെ നനയിക്കുന്നുണ്ട്. നസ്രായനും അങ്ങനെതന്നെയല്ലേ. അവന്‍ ഒരു പരാജയമായിരുന്നെന്നാണ് അവന്‍റെ കാലത്തിലെ പലരും കരുതിയത്. പക്ഷേ ആ പരാജിതന്‍റെ ആണിപ്പാടുള്ള വിരിച്ച കരങ്ങളില്‍ നിന്നായിരുന്നു അനേകരെ നനയിക്കുന്ന ആശ്വാസത്തിന്‍റെ ഉറവ പൊട്ടിയൊഴുകിയത്.

ആ പഴയ ഗുരുകഥയിലെ പൊട്ടിയ കുടം തന്നെ ചുമക്കുന്ന മനുഷ്യനോട് ചോദിക്കുന്നത് എന്തിനാണ് വെറുതെ ഈ പാഴ്വേല എന്നാണ്. അപ്പോള്‍ പുഞ്ചിരിയോടെ ആ മനുഷ്യന്‍ പറയുന്നു, “ഒറ്റനോട്ടത്തില്‍ നീയൊരു പരാജയമായിരിക്കാം. പക്ഷേ നിന്നിലൂടെ ചോര്‍ന്നൊലിച്ച ജലത്തുള്ളികള്‍ നനയിച്ച വഴിയോരത്തെ ചെടികള്‍ അതാ പൂവിട്ടു നില്‍ക്കുന്നുണ്ട്. അവയൊരിക്കലും പറയില്ല നീയൊരു തോല്‍വിയാണെന്ന്. കാരണം നിന്‍റെ തോല്‍വിയെന്ന് നീ കരുതുന്നതാണ് അവയ്ക്ക് ജീവന്‍ കൊടുത്തത്.’

അബ്ദുള്‍ കലാമിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്, നിങ്ങള്‍ വിജയിച്ചവരുടെ ചരിത്രങ്ങള്‍മാത്രം പഠിക്കുന്നവരാകാതെ പരാജിതരെക്കൂടി കേട്ട് തുടങ്ങാന്‍. അവര്‍ എവിടെയൊക്കെയോ ഇത്തിരി വെട്ടങ്ങളാവുന്നുണ്ട്. അല്‍ഫോന്‍സാമ്മ തന്നെ കാണാന്‍ വരുന്നവരോട് മുറിത്തിരികള്‍ ആവശ്യപ്പെടുമായിരുന്നത്രേ. എന്നിട്ട് ഇരുള്‍ വീണ ഇടനാഴികളില്‍ അത് കത്തിച്ചു വയ്ക്കും. അല്ലെങ്കിലും ഇരുള്‍ വീണ ചിലയിടങ്ങളില്‍ മുന്നോട്ടൊന്ന് കാലെടുത്തുവയ്ക്കാനുള്ള വെളിച്ചം വീശുന്നത് പടുകൂറ്റന്‍ വിളക്കുകളായിരിക്കില്ല. ചെറുകാറ്റിലും കെട്ടുപോകാവുന്ന മുറിത്തിരികളായിരിക്കും.

അല്‍ഫോന്‍സാമ്മയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കില്‍ അത് വളരെ ഫലം പുറപ്പെടുവിക്കും (യോഹന്നാന്‍ 12/24). അതിനാല്‍ ഓര്‍ക്കണം, പരാജയങ്ങളൊന്നും ആത്യന്തികമായി പരാജയങ്ങളല്ല. ദൈവം അനുവദിക്കുന്ന പരാജയങ്ങളില്‍നിന്നെല്ലാം ഏറെ വിജയങ്ങള്‍ പിറവികൊള്ളും.

Share:

Father Rinto Payyapilly

Father Rinto Payyapilly

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles