Trending Articles
സിയന്നയിലെ വിശുദ്ധ കാതറിന് ഒരിക്കല്‍ ഒരു ധ്യാനഗുരു തെരുവിലൂടെ നടക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ ചുംബിച്ചു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവള് ഇങ്ങനെ മറുപടി നല്കി, “പ്രസാദവരത്തില്‍ ആയിരിക്കുന്ന ഒരു ആത്മാവിന്റെ സൗന്ദര്യം ദൈവം എനിക്ക് കാണിച്ചുതന്നു. അന്നുമുതല്‍ ആത്മാക്കളുടെ രക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നവരോട് എനിക്ക് വലിയ ആദരവാണ്. അതിനാല്‍ അവരുടെ പാദങ്ങളെ സ്പര്‍ശിച്ച പൊടിപോലും ചുംബിക്കുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു!”
“നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു”ڔ(യാക്കോബ് 4/5).
Shalom Tidings
സ്പെയിനിന്റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന് ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, "സാരമില്ല, വേറെ കടലാസുണ്ടല്ലോ." ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി. "മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍"
By: Shalom Tidings
Moreഇറ്റലിയിലെ ഒരു ഇടവകപ്പള്ളിയില്‍ ക്രിസ്മസ് രാവില്‍ ആഘോഷം തകൃതിയായി നടക്കുകയായിരുന്നു. എങ്ങും അലങ്കാരങ്ങള്‍! ആലക്തിക ദീപങ്ങള്‍! വികാരിയച്ചന് ഘോരഘോരം പ്രസംഗിക്കുന്നു. പെട്ടെന്ന് അസീസ്സിയിലെ ഫ്രാന്‍സിസ് പള്ളിയുടെ പിന്നില്‍ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടത്രേ, 'ദയവായി പ്രഭാഷണം ഒന്നുനിര്‍ത്താമോ? നിശ്ശബ്ദതയില്‍ ആ കുഞ്ഞിന്റെ കരച്ചിലിന് നമുക്ക് കാതോര്‍ക്കാം!' ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ എന്നറിയില്ല. പക്ഷേ, ആഘോഷത്തിന്റെ ആരവത്തിനിടയില്‍ നിസ്സഹായരുടെ നിലവിളിയും നൊമ്പരവും ശ്രദ്ധിക്കാതെ പോകരുത്. അത് ശ്രദ്ധിക്കുന്നവര്‍ക്കാണ് ക്രിസ്മസിന്റെ ശാന്തിയും യഥാര്‍ത്ഥ സാഫല്യവും അനുഭവിക്കാനാവുന്നത്, പാരില്‍ പിറന്ന ദൈവത്തിന്റെ പൊന്നുണ്ണിയെ കാണാനാവുന്നത്. ബാലനായ മാല്‍ക്കം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. ക്രിസ്മസ് സന്ധ്യയുടെ ആവേശം എല്ലായിടത്തും അവന് കാണുന്നുണ്ട്. അങ്കിള്‍ വാങ്ങിക്കൊടുത്ത പുതിയ ജാക്കറ്റ് അണിഞ്ഞ് തൊപ്പിയും വച്ച് ആഘോഷങ്ങളെല്ലാം ഒന്ന് അടുത്തുകാണുവാന്‍ അവന് പട്ടണത്തിന്റെ തെരുവിലേക്കിറങ്ങി. പുറത്ത് അന്തരീക്ഷം തണുത്തുകൊണ്ടിരുന്നു. മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടായിരുന്നു. തെരുവിലാകെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍. മാല്‍ക്കം എല്ലാ കടകളുടെയും മുന്നില്‍ ചെന്ന് അവിടത്തെ കാഴ്ചകള്‍ കണ്ടുകണ്ട് മുന്നോട്ടുനടന്നു നീങ്ങിക്കൊണ്ടിരുന്നു. ഒരു കടയുടെ മുന്നില്‍ ചെന്ന് നില്ക്കുമ്പോള്, ധനിക കുടുംബത്തിലെ അംഗങ്ങള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് പോകുന്നത് അവന് കൗതുകത്തോടെയും തെല്ല് അസൂയയോടെയും നോക്കി നിന്നു. 'ഇതുപോലെ ഒന്ന് കറങ്ങിനടക്കാനും എന്തെങ്കിലുമൊക്കെ സ്നേഹത്തോടെ വാങ്ങിത്തരാനും എനിക്ക് ആരും ഇല്ലല്ലോ' എന്ന് അവന് ഓര്‍ത്തു. ചെറുസങ്കടത്തോടെ അവന് തിരിച്ച് നടന്നപ്പോള്‍ കണ്ണില്‍ പതിഞ്ഞത് ദൈവാലയത്തിന്റെ ഗോപുരമുകളില്‍ തിളങ്ങുന്ന കുരിശിന്റെ പ്രകാശമായിരുന്നു. സന്ധ്യമയങ്ങിത്തുടങ്ങി. നഗരം മുഴുവന്‍ നക്ഷത്രങ്ങളും വര്‍ണവിളക്കുകളും. മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവന്റെ കണ്ണുകള്‍ കടത്തിണ്ണയിലിരിക്കുന്ന അമ്മയുടെയും അവരുടെ കൈക്കുഞ്ഞിന്റെയും മേല്‍ പതിഞ്ഞു. അവന് സൂക്ഷിച്ചുനോക്കി. ആ ഓമനക്കുഞ്ഞിന്റെ കുഞ്ഞിക്കണ്ണുകള്‍ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു. ആ തണുപ്പിലും വിടര്‍ന്ന് ചുവന്നുതുടുത്ത മുഖം. പെട്ടെന്ന് എന്തോ ഒരു വിഭ്രാന്തിയില്‍ എന്നപോലെ മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി ഒറ്റ ഓട്ടം! പള്ളിമുറ്റത്ത് പുല്‍ക്കൂട് തയാറാക്കിക്കൊണ്ടിരുന്ന ചേട്ടന്റെ അടുത്ത് അവന് ഓടിയെത്തി, കിതപ്പോടെ പറഞ്ഞൊപ്പിച്ചു. "ഞാന്‍ ഉണ്ണീശോയെ കണ്ടു!" അവന് കൈചൂണ്ടി പറഞ്ഞു, "അതാ അവിടെ ഒരു കടത്തിണ്ണയില്‍!" പറഞ്ഞുതീര്‍ന്നതും ചേട്ടന് "ഒന്നുപോടാ ചെറുക്കാ" എന്നുപറഞ്ഞ് അവനെ ഓടിച്ചുവിട്ടു. ചേട്ടനൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരോടും ചെന്നുപറഞ്ഞെങ്കിലും ആരും അവനെ ഗൗനിച്ചില്ല. പെട്ടെന്ന് അവന് ഓര്‍ത്തു, 'തണുപ്പ് കൂടിവരുന്നല്ലോ. ഉണ്ണീശോക്ക് താങ്ങാന്‍ പറ്റുമോ, ആവോ?' അവന് തന്റെ ജാക്കറ്റ് ഊരിയെടുത്ത് കടത്തിണ്ണ ലക്ഷ്യമാക്കി തിരിഞ്ഞോടി. താന്‍ ഉണ്ണീശോയെ കണ്ട സ്ഥലത്തെത്തി; ചുറ്റും നോക്കി. പക്ഷേ അമ്മയെയും കുഞ്ഞിനെയും അവിടെയെങ്ങും കണ്ടില്ല. സങ്കടം കൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കടത്തിണ്ണയില്‍ ഇരുന്ന് അവന് വിതുമ്പി, "എന്റെ ഉണ്ണീശോ!" പ്രഭാഷണത്തില്‍ കേട്ട കഥ ഇപ്രകാരമാണ്. ഗ്രാമത്തിലെ പള്ളിസ്കൂളില്‍ നിത്യവും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം സിസ്റ്റര്‍ പ്രിന്‍സിപ്പല്‍ ബൈബിളില്‍നിന്ന് തിരഞ്ഞെടുത്ത ഒരു ഭാഗം വായിക്കും. തുടര്‍ന്ന് ചെറിയ പ്രസംഗവും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉഴപ്പുന്നത് ഈ പ്രസംഗസമയത്താണ്. അന്നൊരു ദിവസം വായിച്ചത് നല്ല സമരിയാക്കാരന്റെ കഥയായിരുന്നു. ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിമദ്ധ്യേ കൊള്ളക്കാരുടെ പ്രഹരമേറ്റ് അവശനായി കിടന്ന ഒരു സാധുമനുഷ്യനെ അപരിചിതനായ സമരിയാക്കാരന് ശുശ്രൂഷിക്കുകയും സത്രത്തില്‍ കൊണ്ടുപോയി സംരക്ഷിക്കുകയും ചെയ്ത കഥ. പ്രസംഗം തുടങ്ങിയതോടെ കുട്ടികളുടെ പതിവ് കലപിലയും തുടങ്ങി. പ്രസംഗത്തിന്റെ ആദ്യവാക്യം ഇങ്ങനെയായിരുന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്ക്കൂളിന്റെ മുന്പിലൂടെയാണ്. പെട്ടെന്ന് ബഹളം നിര്‍ത്തി, കുട്ടികള്‍ ശ്രദ്ധിച്ചു. സിസ്റ്റര്‍ തുടര്‍ന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്കൂളിന്റെ വരാന്തയിലൂടെയാണ്. കുട്ടികള്‍ക്ക് അതിശയമായി. വിടര്‍ന്ന കണ്ണുകളോടെ അവര്‍ പരസ്പരം നോക്കി. സിസ്റ്റര്‍ ആവര്‍ത്തിച്ചു, ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ ക്ലാസ്സുമുറികളിലൂടെയാണ്. കുട്ടികള്‍ക്ക് അര്‍ത്ഥം മനസ്സിലായി. കാരുണ്യം ആവശ്യപ്പെടുന്ന വഴികള്‍ കടന്നുപോകുന്നത് നമ്മുടെ വീട്ടുമുറ്റത്തിലൂടെയും മുറികളിലൂടെയും മനസിലൂടെയും ഒക്കെയാണ്. ആ വഴികളിലൂടെ ചരിക്കുമ്പോള്‍ ക്രിസ്തുമസ് ആയി, ദൈവകാരുണ്യത്തിന്റെ ഉത്സവമായി, മാനവികതയുടെ തിരുപ്പിറവിയായി. കുളിരുകോരുന്ന പാതിരാവില്‍ ബെത്ലഹെമിലെ മലഞ്ചെരുവില്‍ വിശ്രമിച്ചിരുന്ന ആട്ടിടയന്മാര് വലിയൊരു പ്രഭാപൂരം കണ്ടു. ഭയത്തോടെ അവരത് വീക്ഷിച്ചു. കര്‍ത്താവിന്റെ ദൂതന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: "ഭയപ്പെടേണ്ട! വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന് ജനിച്ചിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും." അപ്പോള്‍ മാലാഖമാര്‍ പാടിയ ഒരു സ്വര്‍ഗീയഗീതവും അവര്‍ കേട്ടു. "അത്യുന്നതങ്ങളില്‍ ദൈവത്തിനുമഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം!" അവര്‍ പോയി കാലിത്തൊഴുത്തില്‍ ശയിക്കുന്ന കുഞ്ഞുപൈതലിനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദനിര്‍വൃതി അനുഭവിച്ചു. മരംകോച്ചും തണുപ്പില്‍ കാലികള്‍ക്കരികില്‍ ശയിക്കുന്ന ഒരു ശിശുവിന്റെ നിസ്സഹായത കണ്ടപ്പോള്‍ തങ്ങളുടെ ദൈന്യതയും ക്ഷീണവും അവര്‍ മറന്നു. ദൈവകാരുണ്യം നൊമ്പരപ്പെടുന്നവര്‍ക്കൊപ്പമുണ്ടെന്ന സദ്വാര്ത്ത അവര്‍ തിരിച്ചറിഞ്ഞു. ക്രിസ്മസ് എല്ലാ വര്‍ഷവും നാം ആഘോഷിക്കുന്നു. വീടും പരിസരവുമെല്ലാം മോടിപിടിപ്പിക്കുന്നു. പുല്‍ക്കൂട് കെട്ടുന്നു; നക്ഷത്രവിളക്കുകള്‍ തൂക്കുന്നു. പുതുവസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, വിവിധങ്ങളായ ഭക്ഷണസാധനങ്ങള്‍ ഒരുക്കുന്നു. ക്രിസ്മസ് രാവില്‍ പള്ളികളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഒപ്പം മറ്റ് ആഘോഷങ്ങളും നടക്കുന്നു. എല്ലാവരിലും വലിയ സന്തോഷം ദര്‍ശിക്കാന്‍ സാധിക്കുന്ന സമയം. ഒരു വിഭാഗം ആളുകള്‍, പള്ളികളില്‍ പാതിരാ കുര്‍ബാനകളില്‍ പങ്കെടുക്കുന്നു. വേറൊരു വിഭാഗം മറ്റിടങ്ങളില്‍ ആഘോഷത്തിന്റെമാത്രം അന്തരീക്ഷം ആസ്വദിക്കുന്നു. രാവുണര്‍ന്നുകഴിഞ്ഞും ആഘോഷങ്ങള്‍ തുടരുന്നു! പക്ഷേ ഇതിനെല്ലാം ഇടയില്‍ നാം ഉണ്ണിയെ കണ്ടുമുട്ടാറുണ്ടോ? 'ഹൃദയവിശുദ്ധിയുള്ളവര് അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും.' നിഷ്കളങ്ക ഹൃദയത്തോടെ നമുക്ക് ഉണ്ണിയെ കണ്ടുമുട്ടാനൊരുങ്ങാം. ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങാം. പാരില്‍ പിറന്ന ദൈവസുതനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിക്കാം.
By: Bishop Dr Alex Vadakkumthala
Moreതലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക. കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല. ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു. ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി. മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു. ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: ജോര്‍ജ് ജോസഫ്
Moreനിരീശ്വരവാദിയായ ഒരു അധ്യാപകന് തന്റെ വിദ്യാര്‍ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു, "തിമിംഗലങ്ങള്‍ ആളുകളെ വിഴുങ്ങുമോ?" അധ്യാപകന് മറുപടി പറഞ്ഞു, "ഇല്ല, അവ മനുഷ്യരെക്കാള്‍ വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്‍ഗത്തില്‍പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും." "പക്ഷേ ബൈബിളില്‍ പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ," പെണ്‍കുട്ടിയുടെ സംശയം. അധ്യാപകന് ദേഷ്യം വന്നു, "നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനെ വിഴുങ്ങാനാവില്ല." "എങ്കില്‍ യോനായുടെ കാര്യത്തില്‍ ദൈവം എന്തെങ്കിലും അത്ഭുതം ചെയ്തതായിരിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ യോനായോട് ചോദിക്കും, നിങ്ങളെ ശരിക്കും മത്സ്യം വിഴുങ്ങിയോ എന്ന്," പെണ്‍കുട്ടി നിഷ്കളങ്കമായി പറഞ്ഞു. സ്വര്‍ഗമെന്നതുകേട്ടതേ നിരീശ്വരവാദി അധ്യാപകന് കോപത്താല്‍ ചുവന്നുകൊണ്ട് ചോദിച്ചു, "യോനാ നരകത്തിലാണെങ്കിലോ?" ഭയചകിതയായ പെണ്‍കുട്ടി അറിയാതെ പറഞ്ഞുപോയി, "സാര്‍ ചോദിച്ചുകൊള്ളൂ." "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അത് പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും" (സങ്കീര്‍ത്തനങ്ങള്‍ 111/10)
By: Shalom Tidings
Moreനിന്ദനത്തിന്റെ അവസരങ്ങള്‍ പുണ്യയോഗ്യതകള്‍ സമ്പാദിച്ചുകൂട്ടാനുള്ള സന്ദര്‍ഭങ്ങളാണ്. ഒരു അധിക്ഷേപം ക്ഷമാപൂര്‍വം സഹിക്കുന്നതിലൂടെ, പത്തുദിവസം അപ്പക്കഷ്ണവും വെള്ളവും മാത്രമുപയോഗിച്ച് ഉപവസിക്കുന്നതിനെക്കാള്‍ ഫലം നേടാന്‍ നമുക്ക് കഴിയും. നാം മറ്റുള്ളവരില്‍നിന്ന് ഏറ്റുവാങ്ങുന്ന നിന്ദനങ്ങള്‍ സ്വയം ചുമത്തുന്നവയെക്കാള്‍ ഫലദായകമാണ്. കാരണം മറ്റുള്ളവര്‍ സമ്മാനിക്കുന്ന നിന്ദനങ്ങളില്‍ ആത്മാംശം കുറവും ദൈവികാംശം കൂടുതലുമാണ്.
By: Shalom Tidings
Moreസ്ലോ മോഷന്‍ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഫുട്ബോള്‍ ലോകകപ്പിലെ ഓരോ കളികളും ഏറെ ആവേശത്തോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ആസ്വദിച്ചിരുന്നത്. കളിക്കിടെ പലപ്പോഴും റഫറിക്ക് തീരുമാനമെടുക്കാന്‍ വിഷമമുണ്ടാകുന്ന വേഗതയേറിയ ചലനങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ലോ മോഷന്‍ വിദ്യ സഹായിച്ചു. ചലച്ചിത്രങ്ങളിലാകട്ടെ ഏറെ ശ്രദ്ധ നേടേണ്ട രംഗങ്ങള്‍ സ്ലോ മോഷനില്‍ കാണിക്കുന്നത് നാം പരിചയിച്ചിട്ടുള്ളതാണ്. എന്നാല്‍, വീഡിയോയുടെ വേഗത കുറയ്ക്കുന്ന സ്ലോ മോഷന്‍ വിദ്യ ആദ്യമായി പരീക്ഷിച്ചത് എങ്ങനെയാണെന്നറിയാമോ? വീഡിയോ പകര്‍ത്തുമ്പോള്‍ സാധാരണയായി ഉപയോഗിക്കുന്നതിനുപകരം ഇരട്ടി വേഗതയില്‍ സെക്കന്‍ഡില്‍ 32 ഫ്രെയിം എന്ന കണക്കില്‍ ഉപയോഗിച്ചു. തുടര്‍ന്ന് അത് സാധാരണ ഫ്രെയിം റേറ്റില്‍ത്തന്നെ തിരിച്ച് പ്ലേ ചെയ്തു. അങ്ങനെ ദൃശ്യങ്ങളുടെ വേഗത കുറഞ്ഞു. അതായിരുന്നു ആദ്യത്തെ സ്ലോ മോഷന്‍ രംഗം. ഈ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ ഫാ. ഓഗസ്റ്റ് മസ്ഗര്‍ എന്ന കത്തോലിക്കാവൈദികനാണ് സ്ലോ മോഷന്‍ വിദ്യ കണ്ടെത്തിയത് എന്ന് അധികമാര്‍ക്കും അറിയില്ല. ഭൗതികശാസ്ത്രജ്ഞനും അതോടൊപ്പം ചലച്ചിത്രപ്രേമിയുമായിരുന്നു അദ്ദേഹം. 1868-ല്‍ ഓസ്ട്രിയയിലെ സ്റ്റൈറിയയിലാണ് ജനിച്ചത്. ദൈവശാസ്ത്ര ഫാക്കല്റ്റിയില്നിന്ന് ബിരുദം നേടിയ അദ്ദേഹം 1890ല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഗണിതം, ഭൗതികശാസ്ത്രം, ചിത്രരചന എന്നിവ പഠിക്കുകയും 1899ല്‍ പ്രൊഫസറാവുകയും ചെയ്തു. സിങ്ക്രണൈസിംഗ് മെക്കാനിസത്തിനായി മിറര്‍ ചെയ്ത ഡ്രം ഉപയോഗിച്ചാണ് അദ്ദേഹം സ്ലോ മോഷന്‍ ടെക്നിക് നടപ്പാക്കിയത്. 1907-ല്‍ ഫാ. മസ്ഗര്‍ സ്ലോ മോഷന്‍ വിദ്യക്ക് പേറ്റന്റ് നേടുകയും ബര്‍ലിനില്‍ പ്രൊഫസര്‍ മസ്ഗര്‍ കൈനെറ്റോസ്കോപ് GmbH എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആ കമ്പനിവഴിയാണ് തന്റെ പ്രൊജക്ടര്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിരുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ വിഷമമുള്ള ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഈ വിദ്യ പില്ക്കാലത്ത് ചലച്ചിത്രരംഗത്തുമാത്രമല്ല, മിലിട്ടറി പരിശീലനത്തിനും കായികരംഗത്തും മറ്റ് വിവിധ മേഖലകളിലും ഉപകാരപ്രദമായി. കത്തോലിക്കാവൈദികര്‍ നല്കിയ അവിസ്മരണീയമായ സംഭാവനകളിലൊന്നായി സ്ലോ മോഷന്‍ വിദ്യ പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു.
By: Shalom Tidings
Moreഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്റെ ശരീരത്തിന്റെയും ജീവന്റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന് മനസിലാക്കിക്കഴിഞ്ഞു. ഒരു ദിവസം അദ്ദേഹം നടന്നുപോകുമ്പോള്‍ വഴിയിലൊരു സിഗരറ്റ്കുറ്റി കിടക്കുന്നത് കണ്ടു. പെട്ടെന്നുണ്ടായ ഒരു പ്രേരണപോലെ അദ്ദേഹം കൈ ഉയര്‍ത്തി കുരിശ് വരച്ച് ആശീര്‍വദിച്ചിട്ട് മനസ്സില്‍ പറഞ്ഞു, "ഈശോയേ, ഇത് വലിച്ചയാളെ വീണ്ടെടുക്കണേ..." ഇങ്ങനെ ചെയ്തപ്പോള്‍ അച്ചന് കിട്ടിയ വിടുതല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിന്നെയങ്ങോട്ട് പുകവലിക്കുന്ന ആളുകളെ കാണുമ്പോഴും ഇത് തുടര്‍ന്നു, "ഈശോയേ, അവരെ വീണ്ടെടുക്കണേ..." മനസ്സില്‍ അസ്വസ്ഥതയോ രോഷമോ ഇല്ലാതാവുന്നതും പകരം ദൈവികശാന്തത വന്നുനിറയുന്നതും ആ വൈദികന് അനുഭവിക്കാന്‍ തുടങ്ങി. ഈ വൈദികനെ നമുക്കും മാതൃകയാക്കാം. എല്ലാ നൂറ്റാണ്ടുകളിലും യുദ്ധങ്ങളുടെയും നാശങ്ങളുടെയും സംഭവങ്ങള്‍ അരങ്ങ് വാണുകൊണ്ടിരിക്കും. ഇതൊന്നും കണ്ട് ഹൃദയം ഉലയാതിരിക്കാന്‍ ശ്രദ്ധിക്കണം. "നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്" (മത്തായി 24/6) എന്ന് ഈശോ ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയുമ്പോള്‍ "അപ്പാ, 'ശ്യാംജിത്തി'ന്റെമേലും 'വിഷ്ണുപ്രിയ'യുടെമേലും കരുണയായിരിക്കണേ, അവരുടെ കുടുംബാംഗങ്ങളെ വീണ്ടെടുക്കണേ...' 'അപ്പാ, ഭിന്നതയിലായിരിക്കുന്ന കേരളസഭയുടെമേല്‍ കരുണയായിരിക്കണേ, അവരുടെ മുറിവുകളെ സുഖമാക്കണേ...' ഇങ്ങനെയൊക്കെ ഹൃദയത്തില്‍ പറഞ്ഞ് നോക്കിയാല്‍ കിട്ടുന്ന വിടുതലുണ്ട്. അതനുഭവിച്ച് തുടങ്ങിയാല്‍ ജീവിതം എന്ത് സുന്ദരമാകുമെന്നോ? ഏതൊക്കെ രീതിയില്‍ തിന്മ ഉയര്‍ന്ന് പൊന്തിയാലും ഈശോയുടെ വിശുദ്ധ കുരിശ് നിസാരമായി അതിനെ തോല്പിക്കും. വിശുദ്ധ മരിയ ഗൊരേത്തിയിലൂടെ അലക്സാണ്ടറിനെയും വിശുദ്ധ കൊച്ചുത്രേസ്യായിലൂടെ ഹെന്റി പ്രന്സീനിയെയും സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ ഈശോയുടെ വിശുദ്ധ സ്ലീവായ്ക്ക് സാധിച്ചുവെന്നത് നമ്മെ ബലപ്പെടുത്തട്ടെ. പിതാവ് നീതിമാനായതുകൊണ്ട് ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ശിക്ഷ കൃത്യമായി വന്നുചേരും. അതില്‍ സംശയമില്ല. അലക്സാണ്ടറിനും പ്രന്സീനിക്കും ശിക്ഷ കിട്ടിയിരുന്നു. എന്നാല്‍, അവരുടെ ആത്മാക്കളെ നാശത്തില്‍നിന്നും രക്ഷിക്കാന്‍ ഈശോയുടെ വിശുദ്ധ കുരിശിന് സാധിക്കുമെന്നതാണ് സുവിശേഷം. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക (സങ്കീര്‍ത്തനങ്ങള്‍ 46/10) എന്ന അവിടുത്തെ ശാന്തഗംഭീരമായ സ്വരം ശ്രവിച്ചാല്‍ എല്ലായ്പോഴും എവിടെയും ശാന്തത കൈവരിക്കാന്‍ കഴിയും. ډ
By: ഫാദർ ജോസഫ് അലക്സ്
Moreവലിയ നോമ്പുകാലം നമ്മില്‍നിന്നും ചോദിക്കുന്നത് ഈ ഒരു മണിക്കൂറാണ്. എല്ലാ വ്യാഴാഴ്ചകളിലും നവമാധ്യമങ്ങള്‍ വഴി ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക കൂട്ടായ്മയുണ്ട് ഞങ്ങള്‍ക്ക്. പരസ്പരം പ്രാര്‍ത്ഥിച്ചും ശക്തിപ്പെടുത്തിയും തെറ്റുതിരുത്തിയും പൗരോഹിത്യ സാഹോദര്യത്തിന്റ മാധുര്യം നുകരുന്ന കൂട്ടായ്മ. ഏശയ്യ പ്രവചനം 30/21ന്റെ അഭിഷേകം ചോദിച്ചു വാങ്ങി പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് പരസ്പരം സന്ദേശങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഒരു വ്യാഴാഴ്ച ഗ്രൂപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ കൂട്ടായ്മയിലുള്ള ജോണിയച്ചന് ഒരു സന്ദേശം ലഭിച്ചു. "നിങ്ങള്‍ പഴയ ആദ്ധ്യാത്മികതയിലേക്ക് തിരികെ പോവുക." സന്ദേശത്തിന്റെ വ്യാഖ്യാനം ചോദിച്ച് എല്ലാവരും ചേര്‍ന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ച നേരം, ആദ്യകാല ക്രൈസ്തവ സന്യാസിമാര്‍ പരിശീലിച്ചിരുന്ന പരിത്യാഗമെടുത്തുള്ള പ്രാര്‍ത്ഥനാരീതി തമ്പുരാന് വെളിപ്പെടുത്തി. നാം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. പ്രാര്‍ത്ഥനക്കും പരിത്യാഗപ്രവൃത്തികള്‍ക്കും ആശയടക്കത്തിനും ആത്മീയചര്യകള്ക്കും ഉപവാസത്തിനും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക സമയസ്ഥലസന്ദര്ഭങ്ങള് ഒരുക്കിയിരിക്കുന്ന സമയം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള തീരുമാനം. ഈ നോമ്പുകാലത്ത് കര്‍ത്താവ് നമ്മോട് ചോദിക്കുന്നത് മത്തായിയുടെ സുവിശേഷം 26/40 ല്‍ കാണുന്ന ചോദ്യമാണ്. "അനന്തരം അവന് ശിഷ്യന്മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന് പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?" ഇത് ഒരു ചോദ്യത്തെക്കാളുപരി, അവന്റെ മനസ്സിന്റെ ആഗ്രഹമായിരുന്നു. നമ്മുടെ വേദനയുടെ നിമിഷങ്ങളില്‍, ഏകാന്തത ഒരു നീരാളിയെപ്പോലെ വരിഞ്ഞു മുറുക്കുന്ന സമയത്ത് ഉള്ളിന്റെയുള്ളില്‍ നമുക്കും തോന്നാറില്ലേ? ഹൃദയത്തിന്റെ വലം കോണില്‍ ഒരു ആഗ്രഹം ഉയരാറില്ലേ? കണ്ണുകള്‍ നാലുപാടും തിരയാറില്ലേ- ഒറ്റപ്പെടലിന്റെ ഈ ഗദ്സമേനില്‍ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍! അതെ, ഈ നോമ്പുകാലം നമ്മില്‍നിന്നും ചോദിക്കുന്നത് ഈ ഒരു മണിക്കൂറാണ്. എന്താണ് ഒരു മണിക്കൂര്‍? ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നതുപോലെ, വിനോദയാത്രക്ക് സുഹൃത്തുക്കളെ വിളിച്ചുകൂട്ടുന്ന ആവേശത്തോടെ തന്റെ ശിഷ്യരെ വിളിച്ചുകൂട്ടി സഹനത്തിന്റെ വിരുന്നിലേക്ക് കടക്കുന്ന ഈശോ. വിരുന്നുശാലയുടെ വാതിലായിരുന്നു മാളിക മുറിയെങ്കില്‍ ഗദ്സമേന്‍ ഒരുക്കത്തിന്റെ ഇടമായിരുന്നു. കൈകള്‍ കഴുകി, മുഖമൊന്ന് ഒപ്പി വിവാഹവസ്ത്രം ധരിച്ച് വിരുന്നിനൊരുങ്ങാനുള്ള ഇടം. ഈ നോമ്പുകാലവും നമ്മോടു പറയുന്നത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കാനാണ്; അവനോടൊപ്പം, സഭയോടൊപ്പം, ജീവിതപങ്കാളിയോടും മക്കളോടുമൊപ്പം, സുഹൃത്തുക്കളോടൊപ്പം, ഒരുക്കത്തിന്റെ തോട്ടത്തില്‍ അല്പനേരമൊന്ന് ചെലവഴിക്കാനാണ്. കാരണം, മത്തായി 26/46ല്‍ അവന് അവരോട് പറഞ്ഞു, "എഴുന്നേല്ക്കുവിന്, നമുക്കു പോകാം." ഇന്ന് അവന് നമ്മോടും യാത്രക്കൊരുങ്ങുവാന് പറയുന്നു. വഴിയില്‍ ഒറ്റിക്കൊടുക്കപ്പെടുന്നതിന്റെ വ്യഥ അനുഭവിക്കേണ്ടിവന്നേക്കാം, ഏകാന്തതയുടെ തടവറകള്‍ നിന്നെ കാത്തിരിക്കുന്നുണ്ടാകാം, ഭാരം നിറഞ്ഞ കുരിശു മരങ്ങള്‍ ചുമലില്‍ വഹിക്കേണ്ടിവരും, ചമ്മട്ടിയടികളും മുള്‍മുടിയും ഏല്ക്കേണ്ടിവന്നേക്കാം, മനസ്സിലും ശരീരത്തിലും കൂര്‍ത്തു നീണ്ട ആണികള്‍ ആഴ്ന്നിറങ്ങിയേക്കാം, എന്നാല്‍ അവയ്ക്കെല്ലാം അപ്പുറം നിന്നെ കാത്ത് രക്ഷയുടെ ഉത്ഥാനമുണ്ട്. പിന്നെ ഒപ്പം നടക്കാന്‍ ഒരമ്മയും ചേര്‍ത്തു നിര്‍ത്താന്‍ അവനുമുണ്ട്. രക്ഷയുടെ സ്ലീവാപ്പാത നമുക്ക് ആരംഭിക്കാം. ഈ നോമ്പ് അതിനുള്ള അവസരമാകട്ടെ. അതിനാല്‍ നീ പ്രാര്ത്ഥിച്ചൊരുങ്ങുക, ദൈവത്തിനൊരു പദ്ധതിയുണ്ട്. അതിനായി ഒരുക്കപ്പെടാന്‍, വെളിപാടുകളിലൂടെ അവന് സംസാരിക്കാന്‍, മാലാഖയുടെ സ്വരം ശ്രവിക്കാന്‍, പ്രാര്‍ത്ഥനയോടെ ഏകാന്തതയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി നമുക്ക് കാത്തിരിക്കാം. അപ്പന്റെ ആഗ്രഹം പൂര്‍ത്തിയാക്കുന്ന ചാരിതാര്‍ത്ഥ്യത്തോടെ, രക്ഷാകര പദ്ധതി നിന്നിലൂടെ പൂര്‍ത്തിയാകുന്നതില്‍ ആനന്ദം അനുഭവിച്ച് നിന്റെ കാല്വരിയാത്രകള് പൂര്‍ത്തിയാക്കണമെങ്കില്‍ നിനക്ക് ജീവിതത്തില്‍ ഒരു ഒലിവുമലയും അതിലൊരു തോട്ടവുമുണ്ടാകണം. ഒപ്പം കൂട്ടാന്‍ ആളുകളുണ്ടാവണം. ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ്; ഭാര്യയെയും മക്കളെയും കൂട്ടി, ചില ഒലിവുമലകളിലേക്ക് യാത്രചെയ്യുന്ന എത്രപേരുണ്ട്? മകനോ മകള്‍ക്കോ ഒരു വിവാഹ ആലോചന വന്നു; ഇന്ന് രാവണയുന്ന നേരം, ഇടവക ദൈവാലയത്തിന്റെ പടികള്‍ കയറി ആ കല്‍വിളക്കില്‍ ഒരു തിരി തെളിച്ച് പ്രാര്‍ത്ഥിച്ചിട്ട് തീരുമാനം എടുക്കാം എന്ന് കരുതുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയില്‍? നമുക്ക് സ്വന്തമാക്കാം, പതിവുപോലെ പ്രാര്‍ത്ഥിക്കാന്‍ വരുന്നിടം. പ്രാര്‍ത്ഥന ചോദിക്കാന്‍ ചില വ്യക്തികള്‍, വിശുദ്ധര്‍; ഒരു പുരോഹിതന്, സന്യസ്ത, അപ്പന്, അമ്മ, സുഹൃത്ത്, ജീവിത പങ്കാളി അങ്ങനെ ഏതെങ്കിലും വ്യക്തികള്‍, അത്തരത്തിലുള്ള ഏതെങ്കിലും സ്ഥലങ്ങള്‍. അവിടെ അവന് നിനക്കുവേണ്ടി മാലാഖമാരെ അയക്കും. കാസയെടുത്തുമാറ്റാനല്ല. കുടിച്ചു തീര്‍ക്കുവാനുള്ള കൃപയില്‍ നിന്നെ ശക്തിപ്പെടുത്താന്‍. പ്രിയരേ, സഹനങ്ങളെ പാഴാക്കരുത്. വേദനകളെ പ്രാര്ത്ഥനകളാക്കുക. പരിത്യാഗം ജീവിത രീതിയാക്കുക. സഹനത്തിന്റ കാസയില്ലാത്ത ക്രിസ്തീയ ആത്മീയവിരുന്നുകള് പൂര്‍ണ്ണമാവില്ലെന്ന് ഓര്‍ക്കുക. ഒരു നോവും വെറുതെയാകരുത്. ഹബക്കുക്ക് 3/17- "അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും." ജോബ് 19/ 26- "എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്ന് ഞാന്‍ ദൈവത്തെ കാണും." ഈ വചനങ്ങള്‍ നമുക്ക് ശക്തിയാകട്ടെ. അവസാനമായി, നീ ഒരു ഒലിവു മലയാകണം; നിന്റെ പങ്കാളിക്ക്, സഭക്ക്, സമൂഹത്തിന്, മക്കള്‍ക്ക്. ദൈവഹിതം അറിയാന്‍ ആത്മാവില്‍ ശക്തി സംഭരിക്കാന്‍ നിന്റെ സാമീപ്യം അനേകര്‍ക്ക് കാരണമാകട്ടെ. കിനാവില് ഒരു യാത്ര പോകാന്‍ ഞാന്‍ കൊതിച്ചു. തോട്ടത്തില്‍ അവന് തനിച്ചാണ്. അവന് പോലുമറിയാതെ, ഒരു വിയര്‍പ്പു തുള്ളി സ്വന്തമാക്കണം. രക്ത സ്നാനത്തിന്. എന്നാല്‍ നിനവില്‍ അവന് പറഞ്ഞു. നിനക്കായി ഞാനെന്നും ബലിക്കല്ലില്‍ ഒരു കാസ നിറയ്ക്കുന്നുണ്ട്. കല്ലേറു ദൂരത്തിനിപ്പുറം ഞാന്‍ വിയര്‍ക്കുന്നുണ്ട്. വരിക...സ്വന്തമാക്കുക...
By: Fatther Manu MST
Moreഅടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്‍നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. ഒരു ചെറിയ നക്സലൈറ്റ് പ്രവര്ത്തകന്.പക്ഷേ കോളേജിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ചില സുഹൃത്തുക്കള്‍ നിരന്തരം ഈ യുവാവിന്റെ മാനസാന്തരത്തിന് വേണ്ടി സഹനങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ ഒരു ബൈബിളൊക്കെ സമ്മാനമായി കൊടുത്തെങ്കിലും, അത് വെറുതെ ഒരു മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ഒരു വര്‍ഷമെടുത്തു, അവരുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണാന്‍. ചില പ്രശ്നമുഹൂര്ത്തങ്ങള് വന്നപ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകള്‍ മുറിയില്‍ ഒരു മൂലയില്‍ കിടന്ന ബൈബിളില്‍ ഉടക്കുകയും അതെടുത്ത് തുറന്ന് വായിക്കുകയും ചെയ്തു. പുസ്തകം വായിക്കുന്ന അനുഭവം ആയിരുന്നില്ലത്, മറിച്ച് സ്നേഹിക്കുന്ന ഒരു വ്യക്തി തന്നോട് സംസാരിക്കുന്ന അനുഭവമായിരുന്നു. തന്റെ പ്രയാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കിറുകൃത്യം ഉത്തരം, ഒരാളിങ്ങനെ പറഞ്ഞ് തരുന്ന അനുഭവം! അങ്ങനെയാണ് വിശ്വാസത്തിലേക്ക് വന്നത്. പിന്നീട് ആറുവര്‍ഷത്തിന് ശേഷം മാമ്മോദീസാ സ്വീകരിച്ചു. വീട്ടില്‍നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയത്. ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല, അദ്ദേഹം പങ്കുവച്ച ഒരു സങ്കടമാണ്- ഏത് സുഹൃത്തുക്കള്‍ മൂലമാണോ താന്‍ വിശ്വാസത്തിലേക്ക് വന്നത്, അവരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണത്രേ. ലൗകികമായ സുഖസൗകര്യങ്ങളും കൊച്ചുകൊച്ച് ആര്‍ഭാടങ്ങളും യുക്തിയില്ലാത്ത യുക്തിവാദവും അവരുടെ ഹൃദയങ്ങളെ, പ്രാര്‍ത്ഥനയില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റി. പാവങ്ങള്‍!! ഇതുപോലത്തെ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനാണ് സുവിശേഷത്തില്‍ ഈശോ ശിഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. വിജയകരമായി തങ്ങളുടെ സുവിശേഷദൗത്യം കഴിഞ്ഞ് വന്ന ശ്ലീഹന്മാരോട് ഈശോ പറയുകയാണ്, സന്തോഷിക്കാനുള്ള കാരണം മാറി പോകരുതെന്ന്. ”പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു, എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച് നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10/20). ആത്യന്തികലക്ഷ്യം മാറിപ്പോവുകയോ മറന്നു പോവുകയോ ചെയ്യരുതെന്ന് സാരം. ഇന്ന് എന്നിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ല. മരണംവരെ വിശ്വസ്തതരായിരിക്കണം. വളരുംതോറും, ബുദ്ധിമാന്മാരായി നിനച്ച് മണ്ടന്മാരായി പോവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നവരാവാം.
By: ഫാദർ ജോസഫ് അലക്സ്
Moreഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്‍ശനത്തിനായി കുറച്ചു നാളുകള്‍ക്കുമുമ്പ് എറണാകുളത്തിനുസമീപം നോര്‍ത്ത് പറവൂര്‍ ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ ചെന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സി.എം.സിയെയാണ് കാണേണ്ടിയിരുന്നത്. ഔദ്യോഗികമായി, ഐ.ടി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സംസാരം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും താത്പര്യമുള്ള ആത്മീയവിഷയങ്ങളിലേക്ക് നീങ്ങി. ഒരു മിഷനറിയായി മിഷന്‍പ്രദേശങ്ങളില്‍ ത്യാഗപൂര്‍വം ജീവിച്ചതിന്റെ വിശേഷങ്ങളാണ് ആദ്യം സിസ്റ്റര്‍ പങ്കുവച്ചത്. മിഷന്‍ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ സിസ്റ്ററിന് ഈ സ്കൂളിന്റെ പ്രിന്‍സിപ്പല്‍സ്ഥാനം അധികാരികള്‍ നല്കി. ദൈവഹിതപ്രകാരം പുതിയ നിയോഗം ഏറ്റെടുത്ത് സേവനം തുടങ്ങിയ സമയത്താണ് കോവിഡ് കടന്നുവരുന്നത്. സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍. ഓണ്‍ലൈന്‍ അധ്യാപനം മാത്രം നടന്നു. പക്ഷേ അധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് സിസ്റ്ററിന് നിര്‍ബന്ധമായിരുന്നു. അവരുടെ വീടുകളില്‍ പട്ടിണിയുണ്ടാകരുതെന്നും കാര്യങ്ങള്‍ക്ക് മുടക്കമുണ്ടാകരുതെന്നും കരുതി. പല സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയും ഇല്ലാതെവരികയുമൊക്കെ ചെയ്ത സമയമായിരുന്നല്ലോ അത്. പക്ഷേ ഇവിടെ സ്റ്റാഫിന് മുഴുവന്‍ ശമ്പളവും നല്കാന് തീരുമാനമെടുത്തപ്പോള്‍ അതിനുള്ള വഴികളും കര്‍ത്താവ് തുറന്നുകൊടുത്തുവെന്നായിരുന്നു സിസ്റ്ററിന്റെ സാക്ഷ്യം. അറ്റുപോയ വിരലും ഉണ്ണീശോയും ഇതെല്ലാം പങ്കുവച്ചുകഴിഞ്ഞ് സിസ്റ്റര്‍ മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ഒരിക്കല്‍ സ്കൂളില്‍ എല്‍.കെ.ജി- യു.കെ.ജി വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടി നടക്കുന്ന സമയം. പരിപാടിക്കിടെ ഒരു അപകടം നടന്നു. ഒരു കുഞ്ഞിന്റെ കൈവിരല്‍ പകുതിയോളം അറ്റുപോയി. എല്ലാവരും പരിഭ്രാന്തിയിലായ നിമിഷങ്ങള്‍… അധ്യാപകര്‍ വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. താമസിയാതെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ വന്നു. സാവധാനം, അപകടത്തെക്കുറിച്ച് അറിഞ്ഞ്, പുറത്തുനിന്നുള്ള ആളുകളും വരാന്‍ തുടങ്ങി. ആ അപകടം വര്‍ഗീയ പ്രശ്നമായി മാറുമോ എന്നുപോലും തോന്നുന്ന സാഹചര്യം, വലിയൊരു പ്രതിസന്ധി! അതിനിടെ ചില ആളുകള്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. സിസ്റ്റര്‍ സത്യാവസ്ഥ വിശദമാക്കാനും അവരെ അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല. ഈ പ്രശ്നങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കേയാണ് ആശുപത്രിയില്‍നിന്ന് ഡോക്ടേഴ്സ് പറഞ്ഞ വിവരം അറിയുന്നത്, ‘കുഞ്ഞിന്റെ അറ്റുപോയ പകുതിവിരല് നിശ്ചിതസമയത്തിനുള്ളില്‍ കിട്ടിയാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പഴയതുപോലെ ആക്കാം.” പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, കുഞ്ഞിന്റെ വിരല്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. അപകടം നടന്ന സ്ഥലത്തെല്ലാം അന്വേഷിച്ചിട്ടും വിരല്‍ കിട്ടുന്നില്ല. വലിയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. അവസാനം സിസ്റ്റര്‍ സ്വന്തം മുറിയില്‍ വന്നിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല. മേശപ്പുറത്ത് ഉണ്ണീശോയുടെ ഒരു രൂപം ഇരിക്കുന്നുണ്ട്. സ്കൂള്‍തന്നെയും ഉണ്ണീശോയുടെ പേരിലുള്ളതാണല്ലോ- ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂള്‍. അതിനാല്‍ സിസ്റ്റര്‍ പറഞ്ഞു: ”ഉണ്ണീശോയേ, നിന്റെയാണ് സ്കൂള്‍, നീതന്നെ നോക്കിക്കോണം. അതുപോലെ ഈ കുഞ്ഞും നിന്റെയാണ്. എന്താന്നുവച്ചാല് നീ ചെയ്തോണം.” അതുപറഞ്ഞുകഴിഞ്ഞപ്പോള് പെട്ടെന്ന് സിസ്റ്ററിന് ഇങ്ങനെ തോന്നുകയാണ്. അപകടം നടന്ന സ്ഥലത്ത് ഒന്നുകൂടി ചെല്ലണം. സിസ്റ്റര്‍ അവിടെച്ചെന്ന് ഒരു മൂലയിലേക്ക് നോക്കിയപ്പോള്‍, ഉണ്ണീശോ എന്തോ ചൂണ്ടിക്കാണിക്കുന്നതുപോലെ സിസ്റ്ററിന് തോന്നി. നോക്കിയപ്പോള്‍ അവിടെയൊരു പേപ്പര്‍. അത് മാറ്റിയപ്പോഴുണ്ട് അതിനടിയില്‍ ആ കുഞ്ഞിന്റെ അറ്റുപോയ വിരല്‍!! ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഈ വിരലിന്റെ ഭാഗം ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഇനിയും സമയമുണ്ട്! അതോര്‍ത്തപ്പോള്‍ സിസ്റ്ററിന്റെ ഹൃദയം നന്ദിയും സന്തോഷവുംകൊണ്ട് നിറഞ്ഞു. അതിവേഗം ആ വിരലിന്റെ ഭാഗം അതേ പേപ്പറില്‍ത്തന്നെ പൊതിഞ്ഞെടുത്ത് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വിരല്‍ പഴയതുപോലെ ആക്കുകയും സൗഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നുവരികയും ചെയ്തു. ഉണ്ണീശോയുടെ സ്കൂളല്ലേ..! ഉണ്ണീശോ ഇടപെട്ട മറ്റൊരു സംഭവവും സിസ്റ്റര്‍ പങ്കുവച്ചു. ഒരിക്കല്‍ സ്കൂള്‍ വിടുന്ന സമയത്ത് ഒരു കുഞ്ഞിനെ കാണാതെ പോയി. സങ്കടകരമാണെന്നുമാത്രമല്ല, സ്കൂളിന്റെ സല്‍പ്പേര് നഷ്ടപ്പെടാനും കാരണമായേക്കാവുന്ന സാഹചര്യം. അപ്പോഴും ഉണ്ണീശോയോട് സിസ്റ്റര്‍ പറഞ്ഞു, ”നിന്റെ സ്കൂളല്ലേ. എവിടെനിന്നായാലും കുഞ്ഞിനെ കണ്ടുപിടിച്ചു തന്നേക്കണം.” സ്കൂള്‍ ബസുകളെല്ലാം പോയി തിരികെ വരുന്നുണ്ട്. എല്ലാ ബസിലും നോക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണുന്നില്ല. ഒടുവില്‍ ഏറ്റവും അവസാനം ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവന്ന ബസ് രണ്ടാം തവണയും പരിശോധിക്കുകയാണ്. അതാ പിന്‍സീറ്റിന്റെ മറവില്‍ ആ കുഞ്ഞ് ഒളിഞ്ഞിരിക്കുന്നു! അറിയാതെ കുഞ്ഞ് ഈ ബസില്‍ കയറിപ്പോയതാണ്. പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. ഡ്രൈവര്‍ ആദ്യം നോക്കിയിട്ടൊന്നും കാണാതിരുന്നത് അതുകൊണ്ടാണ്. പ്രാര്‍ത്ഥനയോടെ രണ്ടാം തവണ നോക്കാന്‍ തോന്നിയത് വലിയൊരു അനുഗ്രഹമായി, കുഞ്ഞിനെ കണ്ടുകിട്ടി. തുടര്‍ന്ന് സിസ്റ്റര്‍ പറയുകയാണ്, ”ഉണ്ണീശോയുടെ കരങ്ങളില്‍ കൊടുത്ത ഒരു കാര്യവും ഉണ്ണീശോ ഈ സ്കൂളിന് നടത്തിത്തരാതിരുന്നിട്ടില്ല.” ആ സമയത്ത് എന്റെ മനസിലേക്ക് കടന്നുവന്നത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് പാപ്പ പറഞ്ഞ ഒരു വാക്യമാണ്, ”ഓരോ ക്രൈസ്തവ സ്ഥാപനങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ളതാണ്.” എത്രയോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുവേണ്ടിയും മറ്റ് ജോലിക്കാര്‍ക്കു വേണ്ടിയും പ്രസ്തുത സ്ഥാപനത്തിന്റെ നാമഹേതുകവിശുദ്ധരുടെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ക്രൈസ്തവസ്ഥാപനങ്ങള് ക്രിസ്തുവിനെ പ്രഘോഷിക്കാനും അതുവഴി അനേകര്‍ക്ക് അനുഗ്രഹം പകരാനുമുള്ളതാണെന്ന് മറക്കാതിരിക്കാം. ദൈവമഹത്വത്തിനായി ആ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവുതന്നെ ആ സ്ഥാപനത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളും. സിസ്റ്റര്‍ സ്മിത പങ്കുവച്ച അനുഭവങ്ങള്‍ അതാണല്ലോ വ്യക്തമാക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കാം, ”കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണമായി പ്രഖ്യാപിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് എനിക്ക് നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മയില്‍നിന്നും എന്നെ മോചിപ്പിച്ച് തന്റെ സ്വര്‍ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേ ക്കും അവിടുത്തേക്ക് മഹത്വം! ആമ്മേന്‍” (2 തിമോത്തിയോസ് 4/17-18)
By: ജോര്‍ജ് ജോസഫ്
Moreമഠത്തില്‍ പലപ്പോഴായി കള്ളന് കയറുന്നു. ഒരിക്കല്‍ മോഷണശ്രമത്തിനിടെ ശബ്ദമുണ്ടായപ്പോള്‍ മദര്‍ റൊസെല്ലോ അത് കേട്ട് ഓടിച്ചെന്നു. കള്ളന് കലി കയറാതിരിക്കുമോ? മദറിനെ അയാള്‍ ആക്രമിച്ച് മുറിവേല്പിച്ചു. മറ്റ് സന്യാസിനികള്‍ ഓടിയെത്തിയപ്പോഴേക്കും കള്ളന് ഓടിരക്ഷപ്പെട്ടിരുന്നു. മുറിവേറ്റ മദറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. സന്യാസിനികള്‍ മുറിവിന് പരിചരണം നല്കി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ഞാന്‍ എനിക്ക് സംഭവിച്ചതിനെപ്രതിയല്ല കരയുന്നത്. ആ കള്ളന്റെ ആത്മാവിന്റെ കാര്യം ഓര്‍ത്തിട്ടാണ്. അന്ന് ആത്മാക്കളോടുള്ള സ്നേഹത്തെപ്രതി കരഞ്ഞ മദര്‍ റൊസെല്ലോയാണ് ഇന്നത്തെ വിശുദ്ധ റൊസെല്ലോ. ”ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു…” (2 പത്രോസ് 3/9).
By: Shalom Tidings
Moreമെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീനം അങ്ങ് ദൂരെ ബെല്‍ഗ്രേഡ്, യൂഗോസ്ലാവിയയുടെ തലസ്ഥാനം വരെ മാറ്റൊലിയുണ്ടാക്കി. കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ സമ്മര്‍ദത്തിന് തലകുനിക്കുവാന്‍ ഞങ്ങള്‍ കാണിച്ച വൈമുഖ്യവും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭീതിയും നിമിത്തം ക്രോധംപൂണ്ട് എത്രയും വേഗം ഇവയെല്ലാം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളം ഗ്രാമത്തിലേക്ക് ഇരച്ചുകയറി. തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ യത്നിക്കുമ്പോള്‍ അവര്‍ക്കു മീതെ ഹെലികോപ്റ്ററുകള്‍ ഇരമ്പി നീങ്ങി. ഭീമാകാരമായ ഒരു കടന്നല്‍ക്കൂട് ഇളക്കിയ പ്രതീതിയായിരുന്നു മെജുഗോറിയയില്‍. ഇപ്പോള്‍ ദര്‍ശകരുടെ വിസ്താരങ്ങള്‍ നടത്തിപ്പോന്നത് പ്രാദേശിക പോലീസായിരുന്നില്ല, മറിച്ച് കേന്ദ്ര പോലീസായിരുന്നു. വിസ്താരങ്ങള്‍ കൂടുതല്‍ തീവ്രവും ദൈര്‍ഘ്യമേറിയതും ആയി. ഞങ്ങള്‍ മുതിര്ന്നവരായിരുന്നെങ്കില്, കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങളെ നിഗൂഢമായ ഏതെങ്കിലും ഇരുണ്ട തടവറയില്‍ ഒതുക്കിയിരുന്നേനേ… അല്ലെങ്കില്‍ എന്റെ മുത്തശ്ശന് അന്തര്‍ദ്ധാനം ചെയ്തതു പോലെ ഞങ്ങളെയും കാണാതെ ആയേനേ… അതുകൊണ്ടുതന്നെ, എത്രമാത്രം ക്രൂരര്‍ ആയിരുന്നെങ്കില്‍ പോലും, കുട്ടികളെ തടവിലാക്കിയാല്‍ പൊതുജനരോഷം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു നിലയ്ക്ക്, ഞങ്ങളുടെ യൗവനം ഞങ്ങള്‍ക്ക് സുരക്ഷ നല്കി. എന്നാലും, ഞങ്ങളെ ഭയപ്പെടുത്തുന്നതില്നിന്ന് അവരെ തടയുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭീതിജനകമായ അനുഭവങ്ങള്‍ക്കിടയിലും, ആവേശത്തിനും കാരണങ്ങളുണ്ടായിരുന്നു. എല്ലാ പ്രഭാതവും ഒരു പുതിയ സാഹസത്തിന്റെയോ ആശ്ചര്യത്തിന്റെയോ വാഗ്ദാനവുമായാണ് വന്നത്. ചിലപ്പോള്‍, ഒരേ വൈകുന്നേരം തന്നെ ഞങ്ങള്‍ പലവട്ടം നാഥയെ ദര്‍ശിക്കാനിടയായി. പോലീസുകാര്‍ നിരന്തരം ഞങ്ങളെ പിന്തുടരുകയും ഞങ്ങളുടെ ക്രമം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവരില്‍നിന്ന് രക്ഷപ്പെടുവാന്‍ ഞങ്ങള്‍ നിരന്തരം സമാഗമസ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഞങ്ങളിലൊരാളുടെ വീടിനു പുറകിലെ കാട്ടില്‍, കാടു കയറിയ ഒരു വയലിന്റെ നടുവില്‍, ഒരു തണല്മരത്തോട്ടത്തില്- എന്തുകൊണ്ടോ പ്രകൃതിയുടെ ഏകാന്തതയില്‍ നാഥയുടെ ദര്‍ശനങ്ങള്‍ അനുഭവിക്കുന്നത് സമുചിതമായി തോന്നി. വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു സന്ദേശത്തില്‍ നാഥ പറയുകയുണ്ടായി, ”ഇന്ന് ഞാന്‍ നിങ്ങളെ പ്രകൃതിയെ നിരീക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെ നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടും.” വേറെ ഒരു സന്ദേശത്തില്‍, ”പ്രകൃതിയുടെ വര്‍ണ്ണങ്ങളില്‍ സ്രഷ്ടാവായ ദൈവത്തിന് മഹത്വം നല്കുവാന് ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ഏറ്റവും ചെറിയ ഒരു പുഷ്പത്തില്ക്കൂടിപ്പോലും ദൈവം തന്റെ സൗന്ദര്യത്തെപ്പറ്റിയും തന്റെ സ്നേഹത്തിന്റെ ആഴത്തെപ്പറ്റിയും നമ്മളോട് സംസാരിക്കുന്നു.” 1981 ഓഗസ്റ്റ് 2ന്, നാഥ സാധാരണ സമയത്ത് പ്രത്യക്ഷപ്പെട്ടിട്ട് ആ വൈകുന്നേരം വീണ്ടും നാഥയെ കാത്തിരിക്കുവാന് ആവശ്യപ്പെട്ടു. ആദ്യകാലത്തുള്ള പല ദര്‍ശനങ്ങളുടെയും, ഇതിന്റെയും, ഓര്‍മ്മകള്‍ എനിക്ക് വ്യക്തമല്ല. എന്നാല്‍ നാഥ ഇങ്ങനെ പറഞ്ഞുവെന്ന് മരിയ രേഖപ്പെടുത്തി, ”നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഗുമ്നോയിലെ പുല്‍ത്തകിടിയില്‍ പോകൂ. ഒരു ഭയാനകമായ യുദ്ധം വിവൃതമാക്കപ്പെടുവാന് പോവുകയാണ്- എന്റെ മകനും സാത്താനും തമ്മിലുള്ള യുദ്ധം. മനുഷ്യാത്മാക്കള്‍ സന്ദിഗ്ധ സ്ഥിതിയിലാണ്.” അന്നുതന്നെ വൈകിട്ട്, ഞങ്ങള്‍ എന്റെ അങ്കിളിന്റെ വീടിന് സമീപം ഗുമ്നോ എന്നറിയപ്പെടുന്ന പ്രദേശത്തേക്കു പുറപ്പെട്ടു. ഞങ്ങളുടെ ഭാഷയില്‍ ഗുമ്നോ എന്നാല്‍ മെതിക്കളം എന്നാണ്്. ഏകദേശം നാല്‍പ്പത് ആളുകള്‍ ഞങ്ങളോടൊപ്പം ഗുമ്നോയില് സമ്മേളിച്ചു. അവിടുത്തെ ചുമന്ന മണ്ണില്‍ മുട്ടുകുത്തി നിന്നപ്പോള്‍ ചീവീടുകള്‍ ചിലയ്ക്കുന്നതും കൊതുകുകള്‍ മുഖത്തിനു ചുറ്റും മൂളിക്കൊണ്ട് പാറി നടക്കുന്നതും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നു. പെട്ടെന്ന് നാഥ പ്രത്യക്ഷപ്പെട്ടു. ആളുകളില്‍ ചിലര്‍ അവര്‍ക്കു നാഥയെ സ്പര്‍ശിക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ അവരുടെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെ ആണോ സ്പര്‍ശിക്കേണ്ടത് അവര്‍ക്കു തന്നെ സമീപിക്കാമെന്ന് നാഥ പറഞ്ഞു. ഒന്നൊന്നായി, ഞങ്ങള്‍ ആളുകളുടെ കൈയില്‍ പിടിച്ച് അവരെ നാഥയുടെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നതിനായി വഴികാട്ടി. ഞങ്ങള്‍ക്ക് അത് വിചിത്രമായ ഒരനുഭവമായിരുന്നു- ഞങ്ങള്‍ക്ക് മാത്രമേ നാഥയെ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. ഞങ്ങളുടെ വീക്ഷണത്തില്‍, നാഥയെ തൊടുവാനായി ആളുകളെ വഴികാട്ടുന്നത് അന്ധരെ നയിക്കുന്നത് പോലെയായിരുന്നു. അവരുടെ പ്രതികരണങ്ങള്‍ മനോഹരമായിരുന്നു, പ്രത്യേകിച്ചും കുട്ടികളുടെ. മിക്ക ആളുകള്‍ക്കും എന്തോ അനുഭവം ഉണ്ടായതുപോലെ തോന്നി. വളരെ കുറച്ചു പേര് വൈദ്യുതി കടന്നു പോകുന്നത് പോലെയുള്ള അനുഭൂതി രേഖപ്പെടുത്തി. മറ്റുള്ളവര്‍ വികാരനിര്‍ഭരരായി കാണപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ നാഥയെ സ്പര്ശിച്ചപ്പോള്, നാഥയുടെ വസ്ത്രത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ പാടുകളെല്ലാം കട്ടപിടിച്ചു കരിനിറത്തില്‍ വലിയ കറയായിമാറി. അത് കണ്ടതും ഞാന്‍ കരഞ്ഞു. ”നാഥയുടെ വസ്ത്രം!” മരിയയും നിലവിളിച്ചു. ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്ത പാപങ്ങളെ ആ കറകള്‍ സൂചിപ്പിക്കുന്നുവെന്ന് നാഥ വിശദീകരിച്ചു. പെട്ടെന്ന് നാഥ അപ്രത്യക്ഷയായി. കുറച്ചുനേരം പ്രാര്‍ത്ഥിച്ചതിനുശേഷം, ഞങ്ങള്‍ ആ ഇരുട്ടില്‍ അവിടെ നിന്ന് ഞങ്ങള്‍ കണ്ടതൊക്കെ ആളുകളോട് വിവരിച്ചു. അവരും ഞങ്ങളുടെ അത്രത്തോളം തന്നെ അസ്വസ്ഥരായി. അവിടെയുള്ളവര്‍ എല്ലാവരും തന്നെ കുമ്പസാരത്തിനു പോകണമെന്ന് ആരോ നിര്‍ദേശം മുന്നോട്ടു വച്ചു. അടുത്ത ദിവസം, അനുതപിച്ചു ഗ്രാമീണര്‍ പുരോഹിതരുടെ പക്കലേക്കു പ്രവഹിച്ചു. ദിവസേനയുള്ള ഈ കൂടിക്കാഴ്ചകളില്‍ നാഥ പ്രാര്‍ത്ഥന, ഉപവാസം, കുമ്പസാരം, ബൈബിള്‍ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നീ കാര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പിന്നീട്, ആളുകള്‍ ഇവ നാഥയുടെ ‘പ്രധാന സന്ദേശങ്ങള്‍’ ആയി തിരിച്ചറിഞ്ഞു. അഥവാ, ഫാ. യോസോ അവയെ വിശേഷിപ്പിച്ചതു പോലെ, നാഥയുടെ ‘അഞ്ചു കല്ലുകള്‍.’ നാഥ നമ്മളോടു പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും പറയുമ്പോളും, അതിന് അതിനാല്‍ത്തന്നെ യാതൊരു പ്രയോജനവും ഇല്ല. വിശ്വാസം ജീവിക്കുന്നതിന്റെ ഫലം, സ്നേഹമാണ്. നാഥ തന്റെ ഒരു സന്ദേശത്തില്‍ പറഞ്ഞതുപോലെ, ”എല്ലാത്തിലുമുപരി തന്റെ കുട്ടികളെ സ്നേഹിക്കുന്ന ഒരമ്മയെന്ന പോലെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നു. എന്റെ കുട്ടികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.” നാഥയുടെ സ്വര്‍ഗ്ഗീയമായ സൗന്ദര്യം ആദ്യം മുതല്‍ തന്നെ ഞങ്ങളുടെ മനം കവര്‍ന്നിരുന്നു. ഒരു ദിവസം, പ്രത്യക്ഷീകരണത്തിനിടയില്‍, ഞങ്ങള്‍ നാഥയോടു ബാലിശമായ ഒരു ചോദ്യം ചോദിച്ചു: ”നാഥ ഇത്ര സൗന്ദര്യവതി ആയിരിക്കുന്നത് എങ്ങനെയാണ്?” നാഥ മൃദുവായി പുഞ്ചിരിച്ചു. ”ഞാന്‍ സൗന്ദര്യവതി ആയിരിക്കുന്നത് ഞാന്‍ സ്നേഹിക്കുന്നതിനാലാണ്,” നാഥ പറഞ്ഞു. ”നിങ്ങളും സൗന്ദര്യം ആഗ്രഹിക്കുന്നുവെങ്കില്‍, സ്നേഹിക്കുവിന്‍.” നാം ഉള്ളില്‍ വിശുദ്ധി പാലിക്കുന്നുണ്ടെങ്കില്‍, ഹൃദയം മുഴുവന്‍ സ്നേഹം നിറച്ചെങ്കില്‍, പുറത്തും നമ്മള് സൗന്ദര്യമുള്ളവരാകും. ആ രീതിയിലുള്ള സൗന്ദര്യമാണ് നാഥ നമുക്കും ആഗ്രഹിക്കുന്നത്. പരിശുദ്ധ കന്യകയുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചകളില്‍ നിന്നും, നാഥയ്ക്ക് മെജുഗോറിയയെക്കുറിച്ചുള്ള പദ്ധതികള്‍ ആ ഗ്രാമത്തിനു വേണ്ടിയോ, യുഗോസ്ലാവിയ മുഴുവനും വേണ്ടിയോ മാത്രം പരിമിതമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂമി മുഴുവന്‍ പരിവര്‍ത്തനം കൊണ്ടുവരാനാണ് നാഥ വന്നിരിക്കുന്നത്.
By: മിര്യാനാ സോള്‍ഡോ
More