Home/Evangelize/Article

ജുലാ 15, 2024 53 0 Shalom Tidings
Evangelize

സര്‍ജറിക്ക് ഡോക്ടര്‍ എത്തിയില്ല…

2022 ഫെബ്രുവരിമാസം. ഞങ്ങള്‍ക്ക് നാലാമത്തെ മകള്‍ ജനിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടേയുള്ളൂ. ഭാര്യക്ക് പെട്ടെന്ന് അസഹനീയമായ വയറുവേദന ആരംഭിച്ചു. സമീപത്തുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്നുതന്നെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അന്ന് വൈകിട്ട് അവളെയുംകൊണ്ട് ഞങ്ങള്‍ അവിടെ കാഷ്വാലിറ്റിയില്‍ ചെന്നു.

ഡോക്ടര്‍മാര്‍ പരിശോധിച്ചതിനുശേഷം അപ്പന്‍ഡിക്‌സിന്‍റെ പ്രശ്‌നം ആണെന്നാണ് പറഞ്ഞത്. ഒപ്പം ഹെര്‍ണിയയും ഉണ്ടെന്ന് അവര്‍ പറഞ്ഞു. അല്പം ഗുരുതരമാണെന്ന് അനുഭവപ്പെടുന്നതിനാല്‍ രാത്രിയില്‍ത്തന്നെ ഓപ്പറേഷന്‍ ചെയ്യേണ്ടിവരുമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വലിയതാണെങ്കില്‍ കീഹോള്‍ ചെയ്യാന്‍ സാധിക്കില്ല ഓപ്പണ്‍ സര്‍ജറി ചെയ്യാനേ സാധിക്കൂ എന്ന് അറിയിച്ചു. പെട്ടെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വലിയ വിഷമം. ചെറിയ കുഞ്ഞുങ്ങളുണ്ട്. കൂടാതെ ഭാര്യക്ക് നാലു സിസേറിയന്‍ കഴിഞ്ഞതാണ്.

കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിലെ ഡോ. ഫിന്റോയുടെ നേതൃത്വത്തിലായിരുന്നതിനാലാണ് അതെല്ലാം സമാധാനപരമായി കഴിഞ്ഞത്. ഇതൊന്നും പോരാതെ അന്ന് കൊവിഡിന്‍റെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എല്ലാം കൂടി ഓര്‍ത്തപ്പോള്‍ വല്ലാത്ത പ്രതിസന്ധിയാണ് ഞങ്ങള്‍ നേരിടേണ്ടത് എന്ന് മനസിലായി. എന്തായാലും ഡോക്‌ടേഴ്‌സ് പറഞ്ഞതനുസരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. കൊവിഡ് ടെസ്റ്റുകള്‍ നടത്തി. തുടര്‍ന്ന് രാത്രിയില്‍ത്തന്നെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ചെയ്തു.

സ്‌കാനിഗ് ചെയ്തത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു. പെട്ടെന്ന് അവര്‍ എന്തോ കണ്ട് പേടിച്ചതുപോലെ സ്‌കാനിംഗ് റൂമില്‍നിന്നും ഇറങ്ങിപ്പോയി സീനിയര്‍ ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു. കാരണം അത്ര ഗുരുതരമായിരുന്നു സ്ഥിതി. പീന്നീട് ഭാര്യയെ മുറിയിലേക്ക് മാറ്റി. ആ രാത്രിയില്‍ ഞങ്ങള്‍ കൈകോര്‍ത്തിരുന്ന് മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് കണ്ണീരോടെ കര്‍തൃസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. അതോടൊപ്പം മറ്റൊരു കാര്യം ഓര്‍മ വന്നു, ശാലോം ടൈംസ് മാസികയില്‍ വരാറുള്ള ‘സിംപിള്‍ ഫെയ്ത്ത്’ സാക്ഷ്യങ്ങള്‍! ഞാന്‍ മാസിക വായിക്കുന്ന ആളാണ്. അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘സൗഖ്യമായാല്‍ ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം!’ ആ നിസഹായവേളയിലെ പ്രാര്‍ത്ഥന അങ്ങനെയായിരുന്നു.

നേരം വെളുക്കാറായപ്പോള്‍ ഭാര്യയുടെ ടെസ്റ്റ് റിസള്‍ട്ട് അറിയിച്ചു. അപ്പന്‍ഡിക്‌സ് ആണെന്നും രാവിലെത്തന്നെ സര്‍ജറി ചെയ്യണം എന്നുമായിരുന്നു അവരുടെ വാക്കുകള്‍. ഓപ്പറേഷന് ബില്ല് അടയ്ക്കണം എന്നും നിര്‍ദേശിച്ചു. 75000 രൂപയോളം ആകുമെന്നാണ് പറഞ്ഞത്. ആ സമയത്ത് എന്‍റെ കൈയ്യില്‍ പണമൊന്നും ഇല്ലായിരുന്നു. കൊവിഡിന്‍റെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി വിഷമിക്കുന്ന സമയം. ഓപ്പറേഷനുവേണ്ടി അത്യാവശ്യമായി 25000 രൂപ അടയ്ക്കാന്‍ പറഞ്ഞു. ബില്‍ തന്നിട്ട് ഭാര്യയെ കൊണ്ടുപോയി ഓപ്പറേഷന് തയ്യാറാക്കി.

പക്ഷേ രാവിലെത്തന്നെ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ വരുകയോ സര്‍ജറിയെക്കുറിച്ച് സംസാരിക്കുകയോ ചെയ്തില്ല. കുറച്ചുകഴിഞ്ഞ് ജൂനിയര്‍ ഡോക്ടര്‍ വന്നുപറഞ്ഞു, ”ഒരു സി.റ്റി സ്‌കാന്‍ എടുക്കണം, എങ്കിലേ ഇതിന്‍റെ ഡെപ്ത്ത് അറിയാന്‍ പറ്റുകയുള്ളൂ!”
അങ്ങനെ സി.റ്റി സ്‌കാന്‍ ചെയ്യാന്‍ പോയി തിരികെ വന്നപ്പോള്‍ ഉച്ചയാകാറായി. താമസിയാതെ ഡോക്ടറിന്‍റെ ചേംബറിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയാണ്, ”അപ്പന്‍ഡിക്‌സിന്റേതായി ഒന്നും കാണുന്നില്ല, നീര്‍ക്കെട്ട് വീണതാണ്! കുറച്ചുദിവസം ആന്റിബയോട്ടിക് കഴിച്ചാല്‍ മാറും!”

സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്തപ്പോള്‍ വളരെ ഗുരുതരം എന്നുപറയുകയും അതിന്‍പ്രകാരം സര്‍ജറി തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ ആ സമയത്ത് ഞങ്ങള്‍ മാതാവിന്‍റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുകയും ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്താം എന്ന് നേരുകയും ചെയ്തു. ഇതിന്‍റെ ഫലമായിട്ടാണ് പ്രധാനഡോക്ടര്‍ക്ക് രോഗാവസ്ഥയുടെ ഡെപ്ത്ത് (ആഴം) അറിയണമെന്ന് തോന്നുകയും സി.റ്റി സ്‌കാന്‍ എടുക്കണം എന്ന് പറയുകയും ചെയ്തത്. ആ റിപ്പോര്‍ട്ടിന്‍പ്രകാരം അപ്പന്‍ഡിക്‌സിന്‍റെയോ ഹെര്‍ണിയയുടെയോ പ്രശ്‌നം ഇല്ലെന്ന് മനസിലായി. ഗുരുതരാവസ്ഥയില്‍നിന്ന് അത്ഭുതകരമായ മാറ്റം! ഞങ്ങള്‍ക്ക് ആശുപത്രിയില്‍ 25000 രൂപ മാത്രമാണ് അന്ന് ചെലവായത്. അതിനുശേഷം ഇത്രയും നാള്‍ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യപ്രശ്‌നംപോലും ഭാര്യക്ക് ഉണ്ടായിട്ടില്ല.

പ്രവീണ്‍ കോട്ടയം സ്വദേശിയാണ്. ഉപവിപ്രവര്‍ത്തനങ്ങളിലും സംഗീതവുമായി ബന്ധപ്പെട്ട് സുവിശേഷശുശ്രൂഷകളിലും സജീവം. ഭാര്യ: മെറിന്‍, മക്കള്‍: അക്യൂന, എലേന, അന്‍വീന, അയന.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles