Trending Articles
ഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സഹോദരി തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചു. സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം (Down syndrome) ഉള്ളതായി ജനിക്കും. അതിനാല്‍ അബോര്‍ഷന് താല്പര്യം ഉണ്ടെങ്കില്‍ ചെയ്യാം എന്നാണ്. മാനസികമായി തകര്‍ന്ന അവര്‍ തീരുമാനം എടുക്കാന്‍ കഴിയാതെ നീറി. ജീവന്‍ എടുക്കാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവരോട് എന്ത് മറുപടിയാണ് നല്കാന്‍ കഴിയുക.
ധൈര്യമായി മുന്നോട്ടുപോകാന്‍ സഹോദരിയോട് പറഞ്ഞു… ഞങ്ങള്‍ കുറച്ചുപേര്‍ ഈശോയോട് തുടര്‍ച്ചയായി ഈ നിയോഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ സ്‌കാനിങ്ങിലും ഒരു വ്യത്യാസവും ഇല്ലാതെ ഡൗണ്‍ സിന്‍ഡ്രോം ആണെന്ന റിപ്പോര്‍ട്ടാണ് വന്നത്. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതുപോലെ തോന്നി. എങ്കിലും വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്നു പറഞ്ഞ യേശുവില്‍ വിശ്വസിച്ച് പ്രാര്‍ത്ഥനയോടെ മുന്നോട്ടു നീങ്ങി. ഗര്‍ഭകാലം മുഴുവന്‍ ഈശോയോട് വാശിപിടിച്ച് പ്രാര്‍ത്ഥിച്ചു, ദൈവമഹത്വം വെളിപ്പെടുന്നതിനു വേണ്ടി… ഒടുവില്‍ ക്ലൈമാക്‌സ് ദിവസത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ, ഒരു കുറവുകളുമില്ലാത്ത പെണ്‍കുഞ്ഞിനെ ഈശോ ഭൂമിയിലേക്ക് അയച്ചു…
മറ്റൊരു സഹോദരിക്ക് ലിംഫോമ എന്ന കാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചു. വളരെ കുറച്ച് ആഴ്ചകള്‍മാത്രം വളര്‍ച്ചയുള്ള കുരുന്നു ജീവന്‍ അവളുടെ ഉദരത്തില്‍ ഉണ്ടായിരുന്നു. ആ സന്തോഷം ആസ്വദിക്കാന്‍ തുടങ്ങുമ്പോഴാണ് മരണകരമായ വേദന ജീവിതത്തിലേക്ക് കടന്നു വന്നത്. ഇതെല്ലാം കാണുമ്പോള്‍, ചിലപ്പോഴൊക്കെ ഈശോയെ വഴക്കു പറയുന്നത് ന്യായമാണെന്ന് എനിക്ക് തോന്നാറുണ്ട്. ബയോപ്‌സി എടുത്ത ശേഷം ചികിത്സ തുടങ്ങാമെന്നാണ് ചികില്‍സിക്കുന്ന ഡോക്ടറുടെ അഭിപ്രായം. എന്തായാലും ചികിത്സ തുടങ്ങേണ്ടതുകൊണ്ട് അബോര്‍ഷന്‍ ചെയ്‌തേ മതിയാകൂ എന്നതും വലിയൊരു വെല്ലുവിളിയായി നിന്നു.
എന്നും ഈശോയ്ക്ക് പണി കൊടുക്കുന്ന ആളായതുകൊണ്ടായിരിക്കാം ചിലപ്പോഴൊക്കെ ശക്തമായി പ്രാര്‍ത്ഥിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ഈശോ എനിക്ക് നേരെ വച്ച് നീട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു ‘ഗിവ് ആന്‍ഡ് ടേക്ക് പോളിസി!’
കുറച്ചുപേര്‍ ചേര്‍ന്ന് ദൈവകരുണയുടെ ജപമാല തുടര്‍ച്ചയായി ഒരു മാസത്തോളം പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ ബയോപ്‌സി നടത്തി പരിശോധനാഫലം വന്നു. രക്തത്തില്‍ ചെറിയ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നല്ലാതെ ക്യാന്‍സറിന്‍റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് ഈശോ സ്ഥിരീകരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി.
ജീവിതത്തിന്‍റെ ചില നിര്‍ണായക നിമിഷങ്ങളില്‍ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ നമുക്കുണ്ടാകാം. ദൈവം എന്നത് നിലനില്‍ക്കുന്ന സത്യമാണോ, പ്രാര്‍ത്ഥനകൊണ്ടൊക്കെ എന്തെങ്കിലും സാധ്യമാണോ- എന്നിങ്ങനെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന അനേകം ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉയര്‍ന്നുവരാം. എന്നാല്‍ വചനം ഓര്‍മിപ്പിക്കുന്നു, ”എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1തിമോത്തിയോസ് 2/1).
ആത്മീയ മേഖലയില്‍ പലപ്പോഴായി കണ്ടു വരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനുള്ള ഭയം. ആര്‍ക്കെങ്കിലുംവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഉടനെ തങ്ങള്‍ക്കും അതേ കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും എന്ന തെറ്റായ ചിന്ത. അമിതമായ ഭയം പലപ്പോഴും മധ്യസ്ഥപ്രാര്‍ത്ഥനയില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു.
ജറുസലേം പട്ടണത്തിലൂടെ കടന്നു പോകുമ്പോള്‍ ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്തു കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടണമെന്നും അടയാളമുള്ളവരെ ആരെയും തൊടരുതെന്നും അല്ലാത്തവരെ സംഹരിക്കണമെന്നും ദൂതനോട് കല്പിക്കുന്ന ദൈവത്തെ എസെക്കിയേല്‍ 9/4-6-ല്‍ നാം കാണുന്നു. അതായത് ഏതെങ്കിലും ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കുകയും മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ ദൈവം മുദ്രയിട്ട് സംരക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്, പീഡനങ്ങള്‍ നല്‍കി വേദനിപ്പിക്കും എന്നല്ല…
ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വ്യക്തിയും. പരിശുദ്ധ ദൈവമാതാവിന്‍റെ ജപമാലയില്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയില്‍ നാം ആവര്‍ത്തിക്കുന്നത് പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാണ്. പാപികളായ ഞങ്ങള്‍ക്കുവേണ്ടി എന്നത് ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. കരുണയുടെ ജപമാലയില്‍ ഞങ്ങളുടെയും ലോകം മുഴുവന്‍റെയുംമേല്‍ കരുണയായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ലോകം മുഴുവനുംവേണ്ടിയുള്ള ഈ പ്രാര്‍ത്ഥനകളിലൂടെയെല്ലാം പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നില്ലേ?
ഇസ്രായേല്‍ ജനം അമലേക്യരുമായി യുദ്ധം ചെയ്തപ്പോള്‍ മോശ ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. മോശയുടെ കരങ്ങള്‍ ഉയര്‍ന്നുനിന്നപ്പോഴെല്ലാം ഇസ്രായേല്‍ജനം വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ന്നുപോയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ ഉയര്‍ന്ന കരങ്ങളിലൂടെ ദൈവം ഇസ്രായേല്‍ ജനത്തിന് വിജയം നല്‍കി (പുറപ്പാട് 17/11-12).
ജറുസലേം കവാടം പണിയാനോ കോട്ടയിലെ വിള്ളലില്‍ നില ഉറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത ദൈവത്തിന്‍റെ വിലാപം എസെക്കിയേല്‍ 22/30 -ല്‍ നാം വായിക്കുന്നു. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.”
ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു. ഇതുകേട്ടു നെഹെമിയ പ്രവാചകന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു (നെഹെമിയാ 1/3-4).
ജോബ് തന്‍റെ സ്‌നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന് നഷ്ടപ്പെട്ട ഐശ്വര്യത്തിന്‍റെ ഇരട്ടിയാണ് ദൈവം തിരിച്ചു നല്‍കിയത് (ജോബ് 42/10).
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്, പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ സഹനങ്ങള്‍ ഉണ്ടാകും എന്നത് ദൈവികമായ ചിന്ത അല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിത ത്തില്‍ പിശാച് ഇത്തരത്തില്‍ പ്രലോഭകനായി വിശുദ്ധയെ സമീപിക്കുന്ന അവസരമുണ്ട്.
”മറ്റ് ആത്മാക്കളെക്കുറിച്ച് നീ എന്തിനാണ് ഇത്ര വിഷമിക്കുന്നത്. നീ നിനക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കാനേ കടപ്പെട്ടിട്ടുള്ളൂ. പാപികളുടെ കാര്യത്തില്‍ അവര്‍ നിന്‍റെ പ്രാര്‍ത്ഥന കൂടാതെതന്നെ മാനസാന്തരപ്പെട്ടുകൊള്ളും. ഞാന്‍ നിനക്ക് ഒരു ഉപദേശ ശകലം നല്‍കുവാന്‍ പോവുകയാണ്. ദൈവ കരുണയെക്കുറിച്ച് ഇനി ഒരിക്കലും സംസാരിക്കരുത്. പാപികളെ ദൈവകരുണയില്‍ ആശ്രയിക്കാന്‍ അല്പംപോലും പ്രോത്സാഹിപ്പിക്കരുത്. കാരണം അവര്‍ ശിക്ഷാവിധി അര്‍ഹിക്കുന്നവരാണ്. ആ നിമിഷത്തില്‍ ഈശോയെ ഞാന്‍ ദര്‍ശിച്ചു. അവിടുന്ന് അരുളിച്ചെയ്തു. കരുണയുടെ പ്രവൃത്തികളില്‍ നിന്‍റെ കഴിവിന്‍റെ പരമാവധി നീ ചെയ്യുന്നുണ്ടെങ്കില്‍ നിനക്ക് തീര്‍ച്ചയായും സമാധാനത്തിലായിരിക്കാം. നിന്നെ പ്രലോഭിപ്പിച്ചതിലൂടെ സാത്താന്‍ ഒന്നും നേടിയില്ല. കാരണം നീ അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല. വിശ്വസ്തതയോടെ പോരാടിക്കൊണ്ട് നീ എനിക്ക് ഇന്ന് വളരെ മഹത്വം നല്‍കി. ഇത് നിന്നില്‍ ഉറപ്പിക്കുകയും ഹൃദയത്തില്‍ കൊത്തിവയ്ക്കുകയും ചെയ്യുക. ഞാന്‍ എപ്പോഴും നിന്നോട് കൂടെ ഉണ്ട്. യുദ്ധ സമയങ്ങളില്‍ എന്‍റെ സാന്നിധ്യം നിനക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഞാന്‍ നിന്നോട് കൂടെയുണ്ട്”(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1497,1499).
വലിയ കാര്യങ്ങള്‍ നമുക്ക് ദൈവവേലയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്നോര്‍ത്തു ഭാരപ്പെടരുത്. സുവിശേഷപ്രഘോഷണത്തിലൂടെയും മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയും നേടാന്‍ കഴിയുന്നതിനെക്കാള്‍ ആത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും നേടാന്‍ കഴിയും. ഈശോ നമുക്കുവേണ്ടി പിതാവായ ദൈവത്തിനുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുന്നതുപോലെ ആത്മാക്കളുടെ രക്ഷക്കായി ഈശോയുടെ മുമ്പില്‍ നമുക്കും മാധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കട്ടെ.
”എന്‍റെ മകളേ, പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും എങ്ങനെ ആത്മാക്കളെ രക്ഷിക്കാമെന്ന് നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മിഷനറി സുവിശേഷ പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും നേടുന്നതില്‍ കൂടുതല്‍ ആത്മാക്കളെ നിനക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും മാത്രം നേടാന്‍ സാധിക്കും” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1767).
ആന്‍ മരിയ ക്രിസ്റ്റീന
Want to be in the loop?
Get the latest updates from Tidings!