Home/Enjoy/Article

മാര്‍ 15, 2024 83 0 Kirsten McDonald
Enjoy

പ്രൊട്ടസ്റ്റന്റുകാരിക്കുവേണ്ണ്ടി ഈശോ മെനഞ്ഞ ‘തന്ത്രങ്ങള്‍’

ശക്തമായ വിധത്തില്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസം പുലര്‍ത്തുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പഴയ നിയമത്തില്‍ പറയുന്ന തിരുനാളുകള്‍ ഞങ്ങള്‍ ആചരിച്ചിരുന്നു. ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കാനും ശ്രദ്ധ പുലര്‍ത്തി. അങ്ങനെയൊരു പശ്ചാത്തലത്തില്‍ കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട് മൂന്ന് ഓര്‍മകള്‍ മനസില്‍ തങ്ങിനിന്നിരുന്നു. ഒന്നാമത്തേത് എന്റെ ഗ്രാന്‍ഡ്ഫാദറിന്റെ തികഞ്ഞ കത്തോലിക്കാവിരോധമാണ്. അദ്ദേഹത്തിനുപോലും കാരണമറിയില്ലെങ്കിലും കത്തോലിക്കാവിശ്വാസം പുലര്‍ത്തുന്നവരോട് അദ്ദേഹത്തിന് വെറുപ്പായിരുന്നെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. രണ്ടാമത്തേത് ഞാനൊരു കൗമാരക്കാരിയായിരുന്ന കാലത്ത് ഞങ്ങളുടെ വീട്ടിലെ കോഫി ടേബിളില്‍ പിതാവ് കൊണ്ടുവന്നുവച്ച ‘ബാബിലോണ്‍ മിസ്റ്ററി റിലിജിയന്‍’ എന്ന ഗ്രന്ഥം.

അത് കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കിയപ്പോള്‍ ആ വിശ്വാസം സത്യമല്ലല്ലോ എന്ന ചിന്തയില്‍ ഒരു വശത്തേക്ക് മാറ്റിവയ്ക്കുകയാണ് ഞാന്‍ ചെയ്തത്. മറ്റൊരു ഓര്‍മ ഇരുപതിനുമുകളില്‍ പ്രായമുള്ള സമയത്ത് പങ്കെടുത്ത ഒരു ധ്യാനമാണ്. ആ ധ്യാനം കത്തോലിക്കാവിശ്വാസവുമായി ഒരു ചായ്‌വ് പുലര്‍ത്തിയിരുന്നു. പങ്കെടുത്തവരില്‍ ഏറെപ്പേരും കത്തോലിക്കരുമായിരുന്നു. അവര്‍ക്ക് ദൈവവുമായുള്ള ആഴപ്പെട്ട ബന്ധവും അവരുടെ സ്‌നേഹവുമെല്ലാം എന്നെ വളരെയധികം ആകര്‍ഷിച്ചു.

നാളുകള്‍ കഴിഞ്ഞുപോയി. സഭയിലെ നിയമങ്ങളുടെ ചട്ടക്കൂടിനെക്കാള്‍ ഉപരി പരിശുദ്ധാത്മാവുമായുള്ള ബന്ധത്തില്‍ വളരാന്‍ എനിക്ക് കൊതി തോന്നിത്തുടങ്ങിയിരുന്നു. ആ സമയത്ത് എന്റെ ഗ്രാന്‍ഡ്മദര്‍ 1 കോറിന്തോസ് 12-ല്‍ വിവരിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് പഠിപ്പിച്ചുതന്നു. അങ്ങനെ മുന്നോട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ദൈവം എന്നോട് വ്യക്തിപരമായി സംസാരിക്കുന്നത് മനസിലാകാനും തുടങ്ങി. അന്ന് ഞാന്‍ ആല്‍ബര്‍ട്ടായിലാണ്, നല്ലൊരു ജോലിയുമുണ്ട്. അപ്പോഴാണ് യേശു എന്നോട്, തന്നില്‍ ശരണപ്പെട്ട് മുന്നോട്ടുപോകുമോ എന്ന് ചോദിക്കുന്നത്. തന്നില്‍ വിശ്വസിച്ച് പടിഞ്ഞാറന്‍ കാനഡയിലേക്ക് നീങ്ങാമോ എന്നായിരുന്നു യേശുവിന്റെ ചോദ്യം. ഒരു വര്‍ഷത്തോളം പ്രാര്‍ത്ഥിച്ച് അത് ദൈവഹിതംതന്നെയാണോ എന്ന് വിവേചിച്ച് ഉറപ്പുവരുത്തി. തുടര്‍ന്ന് അതുപ്രകാരം മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

യേശു ഇങ്ങനെയും പറയുമോ?

2001 സമയമായിരുന്നു അത്. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിലെ കൊളോണ സിറ്റിയില്‍ ഒരു പ്രാര്‍ത്ഥനാഭവനം തുടങ്ങാനിരിക്കുകയാണ്. അങ്ങോട്ട് പോകാമെന്ന് ഞാന്‍ ചിന്തിച്ചു. അന്നും യേശുവിനെ അപ്പമായി സ്വീകരിക്കുന്നതിനെക്കുറിച്ച് എനിക്കറിയാം. ഞങ്ങളുടെ സമൂഹത്തില്‍ മാസത്തിലൊരിക്കലാണ് സാധാരണയായി അപ്രകാരം ചെയ്യുക. എന്നാല്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ലേഖനത്തില്‍, ദിവസംതോറും വേണമെങ്കില്‍ ഞങ്ങളുടെ സമൂഹത്തില്‍ ഉപയോഗിക്കുന്ന തരം ഓസ്തിയും വെള്ളവും എടുത്ത് യേശുവിനോട് വാഴ്ത്താന്‍ പ്രാര്‍ത്ഥിച്ചിട്ട് ‘അത് അവിടുത്തെ ശരീരവും രക്തവുമായി മാറ്റി’ സ്വയം കഴിക്കാവുന്നതാണ് എന്ന് വായിച്ചത് ഞാന്‍ ഓര്‍ത്തു. അതുപ്രകാരം ദിവസവും എന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കിടെ അങ്ങനെ ചെയ്യുന്നത് പതിവാക്കി.

അങ്ങനെ തുടരവേയാണ് നാലര വര്‍ഷങ്ങള്‍ക്കുശേഷം 2006-ല്‍ ഞാനൊരു സ്വപ്നം കാണുന്നത്. സ്വപ്നത്തില്‍ ഒട്ടാവയിലേക്ക് പോകാന്‍ യേശു എന്നോട് ആവശ്യപ്പെട്ടു. ഒപ്പംതന്നെ അവിടുന്ന് എന്നോട് ഇപ്രകാരം പറഞ്ഞു, ”കിര്‍സ്റ്റന്‍, നിനക്കായി കൂടുതല്‍ സൗഖ്യവും നിധികളും ആഴങ്ങളും രഹസ്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതെല്ലാം ദിവ്യകാരുണ്യത്തിലാണ് ഉള്ളത്, പക്ഷേ സ്വയം അപ്പം വാഴ്ത്തി സ്വീകരിക്കുന്ന നിന്റെ രീതിയിലല്ല!” ഉറക്കമുണര്‍ന്നപ്പോള്‍ ദിവ്യകാരുണ്യമെന്നാല്‍ കത്തോലിക്കാവിശ്വാസത്തിലുള്ളതല്ലേ എന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ടുതന്നെ സ്വപ്നം യേശുവില്‍നിന്നുതന്നെയാണോ എന്നൊരു സംശയം. അതോടൊപ്പം ആ സ്വപ്നം പരിഗണിക്കേണ്ടതാണെന്നൊരു തോന്നലും. അതിനാല്‍ ഞാന്‍ യേശുവിനോട് പറഞ്ഞു, ”അങ്ങ് എന്നെ കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് പഠിപ്പിക്കാനാണ് വിചാരിക്കുന്നതെങ്കില്‍ നേരിട്ട് പറഞ്ഞുതരണം. ഞാനൊരു ഗവേഷണമോ അന്വേഷണമോ ഒന്നും നടത്താന്‍ പോകുന്നില്ല.” കാരണം, കത്തോലിക്കര്‍ക്ക് നിര്‍ജീവമായ ലിഖിതപ്രാര്‍ത്ഥനകളാണ് ഉള്ളത്; അവര്‍ മറിയത്തെ ആരാധിക്കുന്നു… എന്നൊക്കെയുള്ള ചിന്തകളാണ് അന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നത്.

ഏതാണ്ട് രണ്ടുമാസങ്ങള്‍ക്കുശേഷം ഒട്ടാവയിലേക്ക് പോകുന്നതിനുമുമ്പ് ദൈവാലയത്തില്‍നിന്ന് വിശ്വാസിസമൂഹം പ്രാര്‍ത്ഥിച്ച് എന്നെ അനുഗ്രഹിച്ചയക്കുകയാണ്. അന്ന് ഒരു പ്രവാചകദൂതുപോലെ ഞാന്‍ കേട്ടു, ”കിര്‍സ്റ്റന്‍, ഒട്ടാവയിലെ ഡാലസ് ലേക്കില്‍ നിനക്കായി ഒരു കാര്യം ഒരുക്കിയിട്ടുണ്ട്.” അപ്പോള്‍ എനിക്ക് ഡാലസ് ലേക്കിനെക്കുറിച്ച് ഒന്നും അറിയില്ല. തുടര്‍ന്ന് ഒട്ടാവയില്‍ എത്തിയപ്പോള്‍ കര്‍ത്താവ് എന്നെ തന്ത്രപൂര്‍വം ഒരു മാന്യവനിതയുടെ അടുക്കലേക്ക് നയിച്ചു. അവരുടെ താമസസ്ഥലംമാത്രമാണ് എനിക്കായി അവിടെ തുറന്നുകിട്ടിയത്.

‘വഞ്ചിക്കപ്പെടാതെ കാക്കണേ!’

വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആ സഹോദരി എന്നോട് പറഞ്ഞു, ”ഞാനൊരു കത്തോലിക്കയാണ്.” അതുകേട്ടതേ ഞാന്‍ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയാണ്, ”കര്‍ത്താവേ, വഞ്ചിക്കപ്പെടാതെ എന്നെ കാത്തുകൊള്ളണേ…”
അവരുടെ വീട് എനിക്കായി മനോഹരമായി ഒരുക്കിയിരുന്നു. പക്ഷേ ആ വീട് വില്ക്കുകയായിരുന്നതുകൊണ്ട് കുറച്ചുനാള്‍ സ്ഥിരമായി താമസിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലത്തേക്ക് മാറണം. എങ്കിലും അവിടെ ഞാന്‍ രണ്ടാഴ്ച താമസിച്ചു. മാറേണ്ട സമയത്തിന് രണ്ട് ദിവസം മുമ്പ് പത്രത്തില്‍ ഒരു പരസ്യം കണ്ടു, ”ഡാലസ് ലേക്കില്‍ ശുചിത്വമുള്ളതും ശാന്തവുമായ ക്രൈസ്തവാന്തരീക്ഷത്തിലുള്ള താമസസ്ഥലം വാടകയ്ക്ക്.”

അതേക്കുറിച്ച് അന്വേഷിച്ച് വീട്ടുടമ സ്ഥയുമായി സംസാരിക്കവേ ഞാന്‍ പറഞ്ഞു: ”കുറച്ച് മാസങ്ങള്‍ക്കകം ഞാനൊരു നാഷനല്‍ പ്രെയര്‍ ഹൗസില്‍ ചേരാനൊരുങ്ങുകയാണ്. അതിന് ഒരുക്കമായി പ്രഭാതങ്ങളില്‍ എനിക്ക് പ്രാര്‍ത്ഥിക്കണം.”
അവരുടെ മറുപടികേട്ട് ഞാനൊ ന്നു ഞെട്ടി: ”ഞാനൊരു കത്തോലിക്കാ കരിസ്മാറ്റിക് അനുഭാവിയാണ്. നിങ്ങള്‍ എന്റെ വീട്ടില്‍ പ്രാര്‍ത്ഥിക്കുന്നത് എനിക്ക് സന്തോഷകരമാണ്.”
ഞാന്‍ മനസില്‍ കരുതി, ”ദൈവമേ, വീണ്ടും ഒരു കത്തോലിക്ക! എന്നെ വഞ്ചനകളില്‍ ഉള്‍പ്പെടാതെ കാത്തുകൊള്ളണേ!”
പക്ഷേ, എന്റെ താമസസ്ഥലം മാറാന്‍ സമയമായതിനാല്‍ അവര്‍ക്കൊപ്പം താമസിക്കാതെ തരമില്ലായിരുന്നു. എന്നാല്‍, അവരുടെ കണ്ണുകള്‍ തുറക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനുമാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന തോന്നലായിരുന്നു എനിക്ക്. അത് ഫെബ്രുവരി മാസമായിരുന്നു. ശൈത്യകാലം. എന്റെ ഇവാഞ്ചലിക്കല്‍ ദൈവാലയത്തിലേക്ക് പോകണമെങ്കില്‍ മൂന്ന് ബസുകള്‍ മാറിക്കയറണം. ഒരു ഞായറാഴ്ച എന്റെ വീട്ടുടമസ്ഥ ചോദിച്ചു, ”കിര്‍സ്റ്റന്‍, വെറും 30 സെക്കന്റ് നടന്നാല്‍ എത്തുന്ന എന്റെ ദൈവാലയത്തിലേക്ക് വന്നുകൂടേ?”

ദൈവാലയത്തിലെ അത്ഭുതം

അക്കാര്യം ഞാന്‍ സമ്മതിച്ചു. കാരണം അവര്‍ യേശുവുമായും പരിശുദ്ധാത്മാവുമായും യഥാര്‍ത്ഥ ബന്ധമുള്ള ഒരാളാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. വളരെ ജീവസുറ്റ ഒരു സ്ത്രീ. അവര്‍ക്കൊപ്പം ഞാന്‍ അവരുടെ കത്തോലിക്കാ ദൈവാലയത്തിലെത്തി. അവസാനത്തെ നിരയില്‍ ഇരുന്നു. ആദ്യമായാണ് ഒരു കത്തോലിക്കാ ദൈവാലയത്തില്‍ പോകുന്നത്. ശുശ്രൂഷയുടെ രണ്ടാം പകുതിയില്‍ വൈദികന്‍ അപ്പവും വീഞ്ഞും ആശീര്‍വദിക്കുന്ന സമയം. എന്റെ കണ്ണുകളില്‍നിന്ന് ധാരയായി കണ്ണീര്‍ ഒഴുകാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. തുടര്‍ന്ന് എല്ലാവരും അള്‍ത്താരയ്ക്കരികിലേക്ക് പോയി ദിവ്യകാരുണ്യസ്വീകരണം നടത്തുന്നത് കണ്ടു. വീട്ടിലെത്തിയപ്പോള്‍ എന്റെ വീട്ടുടമസ്ഥയോട് എന്താണ് ഒരു കത്തോലിക്കാ ദിവ്യബലിയില്‍ സംഭവിക്കുന്നത് എന്ന് അന്വേഷിച്ചു. മാത്രവുമല്ല, അതേപ്പറ്റി കൂടുതല്‍ വായിക്കുകയും ചെയ്തു.

കത്തോലിക്കര്‍ വിശ്വസിക്കുന്നത് പ്രൊട്ടസ്റ്റന്റുകാരിയായ ഞാന്‍ വിശ്വസിക്കുന്ന അതേ കാര്യംതന്നെയാണെന്ന് അറിഞ്ഞപ്പോള്‍ എനിക്കാകെ അത്ഭുതവും സന്തോഷവും! യേശുവിന്റെ തിരുശരീരവും തിരുരക്തവും! അതാകട്ടെ എല്ലാ ദിവസവും സ്വീകരിക്കാം!
തുടര്‍ന്നുവന്ന ഞായറാഴ്ചയും ഇതേ സംഭവം ആവര്‍ത്തിച്ചു. ദിവ്യബലിയുടെ രണ്ടാം പകുതിയായപ്പോള്‍ ഞാനൊരു കണ്ണീര്‍ത്തടാകത്തിലാണ് നിന്നിരുന്നത്. പരിശുദ്ധാത്മാവ് എന്നെ ക്ഷണിക്കുകയായിരുന്നു. യേശുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവും സ്വീകരിക്കാനുള്ള ക്ഷണം.
എന്നാല്‍ ഞാനേറ്റവും ഭയപ്പെട്ടിരുന്ന കാര്യമായിരുന്നു അത്. ഞാന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്ന് സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറയാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ കൂടുതല്‍ കൂടുതല്‍ വായിക്കാനും അന്വേഷിക്കാനും തുടങ്ങി. അങ്ങനെ കത്തോലിക്കാ വിശ്വാസസത്യങ്ങളോട് മല്ലിട്ടുകൊണ്ട് അഞ്ചുമാസം കടന്നുപോയി. പ്രധാനപ്പെട്ട തടസം മറിയമായിരുന്നു. കത്തോലിക്കര്‍ മറിയത്തെ ആരാധിക്കുന്നു എന്നായിരുന്നല്ലോ ഞാന്‍ കരുതിയിരുന്നത്. അക്കാര്യത്തില്‍ എനിക്ക് വ്യക്തമായ ഉത്തരം വേണമായിരുന്നു. കത്തോലിക്കാവിശ്വാസത്തിലേക്ക് വരാതെ എനിക്ക് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ല. എന്നാല്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് വരിക എന്നാല്‍ മറിയത്തോടുള്ള ഭക്തി അംഗീകരിക്കണം. അതെനിക്ക് ചിന്തിക്കാനാവുകയുമില്ല.

‘മറിയത്തില്‍നിന്ന് രക്ഷിക്കണേ!’

അങ്ങനെയിരിക്കേ ഒരു ദിവസം ഞാന്‍ ആരാധനാചാപ്പലില്‍ ഇരിക്കുകയാണ്. കര്‍ത്താവിനോട് ഞാന്‍ പറഞ്ഞു, ”മറിയത്തിന്റെ കാര്യത്തില്‍ എന്നെ സഹായിക്കണം.”

വിശുദ്ധ ബൈബിള്‍ തുറന്നു, വായിക്കാന്‍ തുടങ്ങി. 1 രാജാക്കന്‍മാര്‍ രണ്ടാം അധ്യായമാണ് കിട്ടിയത്. രാജാവിന്റെ വലതുഭാഗത്തിരിക്കുന്ന റാജ്ഞിയായ അമ്മയെക്കുറിച്ച് അവിടെ പരാമര്‍ശിക്കുന്നു. അമ്മയുടെ അപേക്ഷ എന്തുതന്നെയായാലും അത് തള്ളിക്കളയുകയില്ലെന്ന് രാജാവ് പറയുന്നു. യേശു ഒരു യഹൂദനായിരുന്നല്ലോ. ഇതായിരുന്നു അന്ന് യഹൂദരാജാക്കന്‍മാര്‍ അമ്മയെ ആദരിച്ചിരുന്ന വിധമെങ്കില്‍ അതിനെക്കാള്‍ എത്രയധികമായി യേശു അമ്മയെ ആദരിക്കുകയില്ല എന്ന ചിന്ത മനസില്‍ നിറഞ്ഞു. ഇതായിരുന്നു ആദ്യത്തെ കാര്യം.
ആ സമയത്താണ് എന്റെ വീട്ടുടമസ്ഥയായ പാം, എന്റെ സംശയങ്ങളില്‍ ഉത്തരം തരാനായി ഡേവിഡ് മക്‌ഡൊണാള്‍ഡിനെ എനിക്ക് പരിചയപ്പെടുത്തുന്നതും.

പ്രൊഫഷനല്‍ സംഗീതജ്ഞനായ ഡേവിഡിന് യേശുവുമായി ആഴമുള്ള ബന്ധമുണ്ടെന്നതും അദ്ദേഹം തന്റെ വിശ്വാസം ഗൗരവമായി കാണുന്നു എന്നതുമെല്ലാം എന്നെ ആകര്‍ഷിച്ചു. യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയവുമായും ഡേവിഡിന് അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എന്റെ ഭാവി ഭര്‍ത്താവാകുമെന്ന് അന്ന് ഞാന്‍ ചിന്തിച്ചതേയില്ല. എന്നാല്‍ ബ്രഹ്മചര്യം പാലിച്ച് ജീവിക്കണമെന്ന് കരുതിയിരുന്ന ഡേവിഡിനെയും പുതിയതായി കത്തോലിക്കാവിശ്വാസത്തിലേക്ക് വന്ന എന്നെയും വിവാഹമെന്ന കൂദാശയിലൂടെ ഒന്നാകാന്‍ കര്‍ത്താവ് പില്ക്കാലത്ത് വിളിച്ചു.

അതോടൊപ്പം മര്‍ഗരീറ്റ എന്നൊരു സുഹൃത്തിനെയും കര്‍ത്താവ് തന്നു. അവളായിരുന്നു എന്റെ ആത്മീയ വഴികാട്ടി. കര്‍ത്താവ് തന്ത്രപൂര്‍വം എന്റെ ജീവിതത്തില്‍ കത്തോലിക്കരെ ക്രമീകരിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഡാലസ് ലേക്കിലെത്തി ഒമ്പത് മാസത്തിനകം ഞാനൊരു കത്തോലിക്കാവിശ്വാസി ആയിത്തീര്‍ന്നു. 2007-ലായിരുന്നു ആ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്.

ജപമാലയില്‍ ഒരു പരീക്ഷണം

ജപമാല ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. മര്‍ഗരീറ്റയ്ക്കും സുഹൃത്തിനുമൊപ്പം ഒരു ഈസ്റ്റര്‍ ഞായറാഴ്ച സോഫയിലിരുന്ന്
ഞാന്‍ ജപമാല ചൊല്ലാന്‍ തുടങ്ങി. ‘പരിശുദ്ധ രാജ്ഞീ’ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ ആന്തരികസൗഖ്യം കിട്ടുന്ന അനുഭവം! മുപ്പതുവയസ് പിന്നിട്ടുകഴിഞ്ഞിരുന്ന എന്റെ ജീവിതത്തില്‍ അതുവരെ അങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല. കരയുകയായിരുന്നു ഞാന്‍. എനിക്കും പിതാവിനും യേശുവിനുമിടയില്‍ തടസങ്ങളുണ്ടായിരുന്നെന്നും അത് ജപമാലയിലൂടെ നീങ്ങിപ്പോയെന്നും വ്യക്തമായി. ഇന്ന് ഡേവിഡും ഞാനും എന്നും ഒന്നിച്ച് ജപമാല ചൊല്ലും. ഒരുമിച്ച് ചൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ തനിയെ ചൊല്ലും.
മാത്രവുമല്ല, വചനത്തോട് ഞങ്ങള്‍ക്ക് വലിയ ദാഹമുണ്ട്. എല്ലാ ദിവസവും നല്ല ഒരു സമയം വചനവായനക്കായി നീക്കിവയ്ക്കും. വിശുദ്ധരെക്കുറിച്ചും വായിക്കും. കത്തോലിക്കാ തിരുസഭയുടെ സമ്പന്നത കാണാനും അനുഭവിക്കാനും അതിലൂടെ കഴിയുന്നു.

അജ്ഞതയുടെ കാലങ്ങളില്‍ കത്തോലിക്കരുടെ ‘തെറ്റായ’ വിശ്വാസങ്ങളില്‍പ്പെടാതെ കാത്തുകൊള്ളണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഏകസത്യതിരുസഭ കത്തോലിക്കാസഭതന്നെയാണെന്ന് വ്യക്തമായ ബോധ്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. കത്തോലിക്കാവിശ്വാസം സ്വീകരിച്ചപ്പോള്‍ മുമ്പ് സ്വപ്നത്തിലൂടെ അവിടുന്ന് പറഞ്ഞിരുന്നതുപോലെ എനിക്കായി ദിവ്യകാരുണ്യത്തില്‍ ഒരുക്കിവച്ചിരുന്ന സൗഖ്യവും നിധികളും ആഴങ്ങളും രഹസ്യങ്ങളും സ്വന്തമാക്കാനും കഴിഞ്ഞു.

Share:

Kirsten McDonald

Kirsten McDonald

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles