Trending Articles
തീരുമാനങ്ങളെടുക്കാനും പ്രയാസങ്ങളെ നേരിടാനും മനുഷ്യരെ തേടി പരക്കം പായേണ്ടിവരില്ല , വിശുദ്ധാത്മാക്കളുടെ കയ്യൊപ്പുള്ള സുനിശ്ചിതമായ ഈ വഴിയേ സഞ്ചരിച്ചാല്‍…
ഒരുമിച്ചിരുന്ന് കമ്പൈന്‍ സ്റ്റഡി ചെയ്തശേഷം അതേ വിഷയംതന്നെ ഒറ്റയ്ക്കിരുന്ന് പഠിച്ചുനോക്കിയപ്പോള്‍ നന്നായി മനസ്സിലായതും പരീക്ഷയ്ക്ക് നന്നായി എഴുതാന്‍ സാധിച്ചതും ഒരിക്കല്‍ എന്നെ വളരെ സ്പര്‍ശിച്ചു. കൂട്ടമായിരുന്നു പഠിക്കുക. എന്നിട്ട് ഒറ്റയ്ക്കിരുന്ന് വീണ്ടും ഒന്നുകൂടി പഠിക്കുക. ഈ മെഥഡോളജി (രീതി) പഠനത്തില്‍ വളരെ ഫലപ്രദമാണ്.
ദൈവവുമായുള്ള ബന്ധം വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഇതിനെക്കാള്‍ ഫലപ്രദമായ മറ്റൊരു രീതിയില്ല എന്നുപറയാം.
സമൂഹമായുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തതുകൊണ്ടുമാത്രം നമ്മുടെ ആത്മീയവളര്‍ച്ച സാധ്യമാകില്ല. ഒറ്റയ്ക്ക് ഈശോയുടെ അടുത്തിരിക്കുകയും ഈശോയോട് ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നില്ലായെങ്കില്‍ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണഫലം നമുക്ക് ലഭിക്കാതെവരും. കുടുംബപ്രാര്‍ത്ഥനകള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, കുടുംബയോഗങ്ങൾ , പ്രയര്‍ സെല്ലുകള്‍, വാട്ട്സാപ്പ് പ്രെയര്‍ ഗ്രൂപ്പുകള്‍ എന്നിങ്ങനെ കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനകള്‍ എന്തുകൊണ്ടും നല്ലതുതന്നെ. അവയില്‍ അംഗങ്ങളാകുകയും അവനന്നായി പ്രയോജനപ്പെടുത്തുകയും വേണം. എന്നാല്‍ അവകൂടാതെ വ്യക്തിപരമായി ഒരു ‘എക്സ്ട്രാ’ ബന്ധം ഈശോയുമായില്ലെങ്കില്‍ അവിടെയൊരു കുറവുണ്ട്. പൊതുപ്രാര്‍ത്ഥനകള്‍ക്കായി നാം ചെലവഴിക്കുന്ന സമയം കൂടാതെതന്നെ ഈശോയുമായി ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാനും നാം സമയം കണ്ടെത്തിയേ മതിയാകൂ.
ദിവ്യകാരുണ്യസന്നിധിയില്‍, സ്വകാര്യമുറികളില്‍, ഏകാന്തതയില്‍ സ്വസ്ഥമായിരിക്കാന്‍ പറ്റുന്ന ഇടങ്ങളില്‍, നമ്മുടെ ദിവ്യനാഥനുമായി വ്യക്തിപരമായ ഒരു കണ്ടുമുട്ടല്‍ ഇക്കാലഘട്ടത്തില്‍ അനിവാര്യമാണ്. അവിടുത്തോട് വ്യക്തിപരമായി സംഭാഷിച്ചുകൊണ്ടും ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യ അനുഭവത്തില്‍ വളര്‍ന്നുവന്നവരാണ് വിശുദ്ധാത്മാക്കള്‍ എല്ലാവരുംതന്നെ.
വിശുദ്ധ സക്രാരിയുടെ കാവൽക്കാരി എന്നറിയപ്പെടുന്ന വിശുദ്ധ എവുപ്രാസ്യാമ്മ പറഞ്ഞിരുന്നത് ‘എനിക്ക് ഏക ആശ്വാസം എന്‍റെ ഈശോയുടെ അടുക്കല്‍ ചെല്ലുന്നതാണ്’ എന്നാണ്. ദൈവാലയത്തില്‍ ആദ്യം എത്തിയിരുന്നതും അവസാനം പോയിരുന്നതും എവുപ്രാസ്യാമ്മയായിരുന്നു.
വിവിധസ്ഥലങ്ങളില്‍ ഇതുപോലെ ചെയ്യുന്ന അനേകം യുവജനങ്ങളെ ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കണ്ടിട്ടുണ്ട്. ഒറ്റയ്ക്ക് ഈശോയുടെ അടുത്തിരിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നാണ് അവരെല്ലാവരും പറഞ്ഞിട്ടുള്ളത്. അനേകം വിശുദ്ധാത്മാക്കളാണ് വ്യക്തിപരമായി ഈശോയുടെ അടുത്തിരിക്കുന്നതിനെക്കുറിച്ച് നമ്മോട് സാക്ഷിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീന മഠത്തിലെ തന്‍റെ ജോലികള്‍ക്കിടയില്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്തിരുന്നു; “ജോലികള്‍ക്കിടെ തിരക്കുകളില്‍ മുഴുകി ദൈവത്തെ മറന്നുപോകാന്‍ ഞാന്‍ എന്നെ അനുവദിക്കില്ല. എന്‍റെ ഇടവേളകള്‍ ദിവ്യകാരുണ്യനാഥന്‍റെ സന്നിധിയില്‍ ഞാന്‍ ചെലവിടും. അവിടുന്നാണല്ലോ കുഞ്ഞുനാള്‍ മുതല്‍ എന്നെ പരിശീലിപ്പിച്ചത്.’ നമുക്കും ഇപ്രകാരം ചെയ്യാന്‍ സാധിക്കില്ലേ?
നമുക്ക് യഥാര്‍ത്ഥ തിരുത്തലുകളും പ്രോത്സാഹനങ്ങളും കര്‍ത്താവ് നല്‍കുന്നത് ഇത്തരം കണ്ടുമുട്ടലുകളിലാണ്. തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നതും, സമയം ക്രമീകരിക്കാന്‍ നമ്മെ പരിശീലിപ്പിക്കുന്നതും, പാപങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതും, വിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതും, പെരുമാറ്റത്തിലും സംസാരത്തിലും വന്ന പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതും ഇത്തരം കൂടിക്കാഴ്ചകളിലാണ് എന്നത് തീര്‍ച്ച. കുമ്പസാരത്തിനു നന്നായൊരുങ്ങാന്‍ ഇതിലും നല്ല വഴി വേറെയുണ്ടെന്ന് തോന്നുന്നില്ല. ഒട്ടുമറിയാത്ത കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യണ്ടതെന്ന് ഇവിടെനിന്നും നമ്മെ പരിശീലിപ്പിക്കും. സംശയംവേണ്ടാ. ഇങ്ങനൊരിടം ഇനിയും കണ്ടെത്താത്തതിനാലാണ് പകരം ഇവയ്ക്കുപറ്റിയ മനുഷ്യരെ കണ്ടെത്താന്‍ നമ്മള്‍ പായുന്നതും കെണിയില്‍ വീഴുന്നതും.
“ആത്മീയതയുടെ പൂര്‍ണ്ണതയെന്നത് പുണ്യങ്ങളുടെ നിറവല്ല, ദൈവത്തിന്‍റെ കൂട്ടായ്മയില്‍ ആയിരിക്കുന്നതാണ്” (ക്രിസ്ത്വാനുകരണം).
“ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്‍റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പി ക്കട്ടെ. അതുവഴി അവന്‍റെ പ്രാഭവപൂര്‍ ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്‍റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകെട്ട’ (എഫേസോസ് 1/18,19).
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Want to be in the loop?
Get the latest updates from Tidings!