Home/Engage/Article

ഏപ്രി 22, 2024 61 0 Shalom Tidings
Engage

കത്തോലിക്കാ വിശ്വാസിയായ പ്രണയിനിയുടെ കത്ത്‌

മാരി ക്യരെ എന്ന ഫ്രഞ്ച് കത്തോലിക്കാ നഴ്‌സ് 1960കളില്‍ വാഹനാപകടത്തില്‍പ്പെട്ട ഒരാളെ പരിചരിക്കാനിടയായി. ആശുപത്രിയിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച അയാളെ തിരിച്ചറിയാനുള്ള ഒന്നും അയാളുടെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ ആത്മകഥാംശമുള്ള കുറിപ്പുകള്‍ ഉണ്ടായിരുന്നു. അനേകം പേരോടൊപ്പം കരുതിക്കൂട്ടി കത്തോലിക്കാ സഭയെ തകിടം മറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു അയാള്‍ എന്ന് അതില്‍ വ്യക്തമായിരുന്നു. മാരി ക്യരെ പില്‍ക്കാലത്ത് ആ കുറിപ്പുകള്‍ ഒരു പുസ്തകമാക്കി, ‘എ എ 1025- ഒരു ആന്റി അപ്പസ്‌തോലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.’
പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതനുസരിച്ച് നായകന്‍ കറുത്ത മുടിക്കാരിയായ ഒരു ഫ്രഞ്ച് യുവതിയെ പ്രണയിച്ചിരുന്നു. ഉറച്ച കത്തോലിക്കയായിരുന്നു ആ യുവതി. അയാളെക്കുറിച്ച് കുറെയൊക്കെ മനസിലാക്കിയപ്പോള്‍ ആ യുവതി അയാള്‍ക്കെഴുതിയ കത്തില്‍നിന്നൊരു ഭാഗമാണിത്.

പ്രിയനേ, ദൈവമില്ലാത്ത ഒരു സഭ സ്ഥാപിക്കുന്നതില്‍ നീ വിജയിച്ചാല്‍ത്തന്നെ, നീ വിജയിച്ചതായി കണക്കാക്കാന്‍ പറ്റില്ല. എന്തെന്നാല്‍ അതുവഴി ദൈവത്തെ ചെറുതാക്കാന്‍ നിനക്ക് കഴിയില്ല. കൊല്ലാനും കഴിയില്ല. ഞാന്‍ നിന്നെയോര്‍ത്ത് വിലപിക്കുകയാണ്. കാരണം അത്ര ബാലിശമായ ജോലിയിലാണ് നീ ഏര്‍പ്പെട്ടിരിക്കുന്നത്. നീ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദൈവം എല്ലായിടത്തുമുണ്ട്; എല്ലാത്തിന്‍റെയും അധിപനായി. നീ ജീവിക്കുന്നത് അവന്‍മൂലമാണ്; ജീവിതത്തില്‍ തുടരുന്നതും. സഭയെ ബലഹീനമാക്കുന്നതില്‍ നീ വിജയിച്ചേക്കാം. എന്നാല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടില്‍ എത്രയോ തവണ അങ്ങനെ സംഭവിച്ചിരിക്കുന്നു. എന്നാല്‍ അവയെയൊക്കെ അതിജീവിച്ച് ഓരോ തവണയും കൂടുതല്‍ മനോഹരിയും ശക്തയുമായി അവള്‍ പൂര്‍ണസ്ഥിതി പ്രാപിച്ചിട്ടുമുണ്ട്. യേശുക്രിസ്തുവിന്‍റെ സഭയ്ക്ക് അനശ്വരത വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കുക. ഇതറിയുന്ന സഭ എന്‍റെ അധരങ്ങളിലൂടെ നിന്നോട് ഉറക്കെ വിളിച്ചുപറയുകയാണ്- പരിശുദ്ധ ത്രിത്വം ഒരിക്കലും സഭയെ പരിത്യജിക്കുകയില്ല. അവള്‍ക്കെതിരെയുള്ള ഓരോ ആക്രമണവും വിശ്വാസത്തെ വിശുദ്ധീകരിക്കുന്നതിനായി ദൈവം അനുവദിക്കുന്ന ശോധനയാണ്.
പൂര്‍ണമായും മനുഷ്യന്റേതുമാത്രമായ ഒരു സഭയില്‍ ചേരാനുള്ള പ്രലോഭനത്തിന് വളരെ ആത്മാക്കള്‍ വശംവദരായേക്കാം. എല്ലാ വിശ്വാസങ്ങളും സമ്മിശ്രമായി ഒത്തുചേരുന്ന അത്തരമൊരു സഭയില്‍ വ്യത്യസ്ത വിശ്വാസങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വരുമെന്ന് നീ കണക്കുകൂട്ടുന്നു. എന്നാല്‍ കത്തോലിക്കാസഭ വ്യതിരിക്തമായി നിലനില്‍ക്കുകതന്നെ ചെയ്യും. നീ അവളെ പീഡിപ്പിച്ചാല്‍ അവള്‍ മറഞ്ഞിരുന്നുവെന്ന് വരും. എന്നാല്‍ അവളുടെ ആത്മാവ് ഉണര്‍ന്നുനില്‍ക്കുകതന്നെ ചെയ്യും.
സ്വര്‍ഗീയമായ വെളിപാടിനോടുള്ള വിധേയത്വമാണ് ഈ സഭയെ തിരിച്ചറിയാനുള്ള അടയാളം. നിനക്ക് പരിചിതമായി നീ കാണുന്നതില്‍നിന്ന് വ്യത്യസ്തമാണ് സഭയുടെ മേഖല. അത് പ്രകൃത്യാതീതവും വിശുദ്ധവുമാണ്….

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles