Home/Evangelize/Article

നവം 30, 2024 14 0 ആന്‍സിമോള്‍ ജോസഫ്
Evangelize

ഒന്നിനും കുറവില്ലാത്തവരാകുന്നത് എങ്ങനെ?

കോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു വാക്കുപോലും പറയാതെ, ആ യുവാവിനെ പള്ളിക്കു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്‍റെ കണ്ണുംകാതും ജിജ്ഞാസയോടെ അവരെ അനുഗമിച്ചു. പള്ളിക്കു പുറത്തിറങ്ങിയ ശേഷം അവര്‍ പറഞ്ഞു, ‘ഇത് ഇവിടെ അനുവദനീയമല്ല. പള്ളിക്കുള്ളില്‍ ഫോണ്‍ പാടില്ല. ദൈവാലയത്തികത്തിരുന്ന് ഫോണില്‍ സംസാരിക്കരുതെന്ന് അറിയില്ലേ? ഇനിമേലില്‍ ഒരു ദൈവാലയത്തിലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല.’ അവരുടെ ശക്തിയുള്ള വാക്കുകള്‍ ദൈവാലയത്തിനുള്ളില്‍ കേള്‍ക്കാന്‍മാത്രം ഉറക്കെയായിരുന്നു.

ഈ അക്രൈസ്തവ സഹോദരിയുടെ ബോധ്യവും ആദരവും തീക്ഷ്ണതയും ഭക്തക്രിസ്ത്യാനികളായ നമുക്കുണ്ടോ? സ്വര്‍ഗം കണ്ണുപൊത്തിപ്പോകുന്ന ചില പ്രവൃത്തികള്‍ പള്ളികളില്‍ കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലേ?
പരസ്യമായി എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരുന്നു ലോകകാര്യം പറയുന്നവര്‍.., തമാശപറഞ്ഞ് ചിരിക്കുന്നവര്‍… തലങ്ങും വിലങ്ങും നടക്കുന്നവര്‍, ഫോണ്‍ വിളിക്കുന്നവര്‍…
കൊറോണയുടെ വരവോടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലിയുടെയും ആരാധനയുടെയും വീഡിയോ റെക്കോഡിങ്ങും ലൈവുമെല്ലാം ആരംഭിച്ചു. അവിടങ്ങളിലെല്ലാം പാവം ദിവ്യകാരുണ്യ ഈശോയെ നോക്കാന്‍ ക്യാമറയും ലൈറ്റുകളും മാത്രമായി… മനുഷ്യരെല്ലാം റെക്കോഡിങ്ങിന്‍റെ തിരക്കിലാണല്ലോ. ദിവ്യകാരുണ്യസ്‌നേഹം അതിതീവ്രമായി അവഗണിപ്പെട്ട, അനാദരിക്കപ്പെട്ട നാളുകള്‍… അക്രൈസ്തവരോ അറിവില്ലാത്തവരോ അല്ല, ഏറ്റവും അടുത്തുനില്ക്കുന്നവര്‍ അവഹേളിക്കുമ്പോള്‍ എങ്ങനെ സഹിക്കാനാകും?

”ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? … കര്‍ത്താവിന്‍റെ ബലിപീഠത്തെ നിസാരമെന്ന് നിങ്ങള്‍ കരുതി” (മലാക്കി 1/6,7).
ഈശോയുടെ കണ്ണുനീര്‍ നമ്മുടെ ജീവിതത്തിലും ദൈവാലയങ്ങളിലും വീഴാതിരിക്കട്ടെ…! അധികാരികളും ശുശ്രൂഷകരും വിശ്വാസികളുമെല്ലാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവമായ കര്‍ത്താവിന് ഉചിതമായ ആദരവും ബഹുമാനവും അര്‍പ്പിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അങ്ങനെയെങ്കില്‍ അവിടുത്തെ അനുഗ്രഹം നമ്മുടെ അവകാശമാണ്.
”കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/9).

Share:

ആന്‍സിമോള്‍ ജോസഫ്

ആന്‍സിമോള്‍ ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles