Home/Engage/Article

സെപ് 09, 2023 248 0 സ്റ്റെല്ല ബെന്നി
Engage

എന്തുകൊണ്ട് ഈ ഈങ്ക്വിലാബുകള്‍?

രസകരമായ ഒരു സംഭവവും അത് നല്കിയ ആത്മീയ ഉള്‍ക്കാഴ്ചകളും

നമുക്കെതിരെ ഈങ്ക്വിലാബ് മുഴക്കുന്നവരെ നമ്മുടെ പ്രതിയോഗികളായിട്ടാണ് നാം വിലയിരുത്തുന്നത്. അങ്ങനെയാണ് നാം അവരെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാറുമുള്ളത്. പക്ഷേ എന്തുകൊണ്ടാണ് ഈ ഈങ്ക്വിലാബുകള്‍ എന്ന് നാം ചിന്തിക്കാന്‍ മെനക്കെടാറില്ല. എന്‍റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവം ഞാനിവിടെ കുറിക്കട്ടെ.

ഒരു ദിവസം ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ശാലോം മാസിക എഡിറ്റു ചെയ്യുകയാണ്. ഞാന്‍ മുറിയില്‍ കയറി വാതിലടച്ചിരുന്ന് ഏകാഗ്രതയോടെ ജോലി ചെയ്യുന്നു. പക്ഷേ ആ മുറിയുടെ ഒരു വശത്തുള്ള ജനലുകള്‍ തുറന്നാണ് ഇട്ടിരിക്കുന്നത്.

കുറെനേരം കഴിഞ്ഞപ്പോള്‍ മൂന്നുപേര്‍ അടങ്ങുന്ന ഒരു കുട്ടിപ്പട്ടാളം ജനലിനു പിന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ മൂന്നുപേരും ഹാസ്യച്ചുവ കലര്‍ത്തി ഇപ്രകാരം വിളിച്ചു പറഞ്ഞു.

“ഈങ്ക്വിലാബ് സിന്ദാബാദ്

അമ്മ നീതി പാലിക്കുക.

കരിനയങ്ങള്‍ അവസാനിപ്പിക്കുക.

ഒന്നുകില്‍ ഞങ്ങളെ കളിക്കാന്‍ വിടുക

അല്ലെങ്കില്‍ ഞങ്ങടെകൂടെ കളിക്കാന്‍ കൂടുക.

മാസിക എഴുത്ത് അവസാനിപ്പിക്കുക.

ടിവിയുടെ കോഡ് വയര്‍ തിരികെ തരിക.

സ്റ്റെല്ല ബെന്നി നീതി പാലിക്കുക.

തോല്‍ക്കുകയില്ല, തോല്‍ക്കുകയില്ല ഇനിയും ഞങ്ങള്‍ തോല്‍ക്കുകയില്ല. ഈങ്ക്വിലാബ് സിന്ദാബാദ്.”

മറ്റാരുമല്ല, എന്‍റെ രണ്ട് മക്കളും അടുക്കളയില്‍ സഹായിക്കുന്ന പെണ്‍കുട്ടിയുമാണ് ഈ കുട്ടിപ്പട്ടാളം.

എന്താണ് എന്‍റെ നീതികേട് എന്ന് അറിയേണ്ടേ. മക്കള്‍ അപ്രതീക്ഷിതമായിട്ടാണ് ഒരാഴ്ച ക്ലാസില്ലാതെ വീട്ടിലിരിക്കുവാന്‍ ഇടയായത്. ഈ അവസരം നോക്കി അടുത്ത പ്രദേശത്തുള്ള ആണ്‍കുട്ടികളെല്ലാവരുംകൂടി വീടിന് തൊട്ടുമുമ്പിലുള്ള അധികം ഗതാഗതമില്ലാത്ത റോഡില്‍ ക്രിക്കറ്റ് കളിക്കാന്‍ ഒന്നിച്ചുകൂടി. പക്ഷേ ചില പ്രത്യേക കാരണങ്ങള്‍കൊണ്ട് അവരോടൊന്നുചേരാന്‍ ഞാന്‍ അവരെ വിട്ടില്ല.

അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാനും സഹായിയും ചിലപ്പോഴൊക്കെ അവരുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്. ഇത്തവണ ഞങ്ങള്‍ രണ്ടുപേരും വളരെ ജോലിത്തിരക്കിലായതുകൊണ്ട് അതും നടന്നില്ല. വീട്ടില്‍ ടിവിയുണ്ട്. പക്ഷേ എന്‍റെ മേല്‍നോട്ടത്തിലല്ലാതെ ടിവി കാണാന്‍ ഞാന്‍ അവരെ സമ്മതിക്കാറില്ല. ദോഷകരമായ ചാനലുകള്‍ കാണും എന്നതാണ് എന്‍റെ പേടി. അതുകൊണ്ട് ടിവിയുടെ കോഡ് വയര്‍ ഊരിയെടുത്ത് അതും അകത്തുവച്ചു പൂട്ടിയിട്ടാണ് എന്‍റെ കതകടച്ചിരുന്നുള്ള മാസിക എഡിറ്റിങ്ങ്! ഈ പാവം കുട്ടികള്‍ പിന്നെന്തു ചെയ്യും? എത്ര സമയം കഥപുസ്തകം വായിക്കും. പുറത്താണെങ്കില്‍ ഉശിരന്‍ ക്രിക്കറ്റുകളി നടക്കുന്നു.

എന്‍റെ ഈ വിവേകരഹിതവും നീതിരഹിതവുമായ പ്രവൃത്തിയാണ് അവരെ ഈങ്ക്വിലാബ് വിളിപ്പിച്ചത്. ആദ്യം ഞാന്‍ അവരെ വഴക്കു പറഞ്ഞോടിക്കാന്‍ നോക്കി. പക്ഷേ നടന്നില്ല. അവരുടെ ഈങ്ക്വിലാബിന്‍റെ സ്വരം കൂടിക്കൂടി വന്നപ്പോള്‍ ഞാന്‍ വലിയ നീതിമതി ചമഞ്ഞ് കര്‍ത്താവിനോടു ചോദിച്ചു, “കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം? മാസിക അടുത്ത ദിവസങ്ങളില്‍ പ്രസില്‍ പോകേണ്ടതാണ്. ഒരൊറ്റയാള്‍ വൈകിയാല്‍ തുടര്‍ന്നു ചെയ്യേണ്ട മറ്റ് എല്ലാവരുടെ ജോലികളും വൈകും.”

കര്‍ത്താവ് മുഖംനോട്ടമില്ലാതെ എന്നോടൊറ്റപ്പറച്ചില്‍, “നീ എഴുത്ത് നിര്‍ത്ത്. നീതി അവരുടെ പക്ഷത്താണ്. നീ എഴുന്നേറ്റുചെന്ന് ടിവിയുടെ കോഡുവയര്‍ തിരികെ കൊടുക്കുക. അവരെ കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി നല്ല ചാനലുകള്‍ മാത്രം വയ്ക്കാനും അമ്മയ്ക്ക് ശല്യമുണ്ടാകാതെ സ്വരം കുറച്ചുവയ്ക്കാനും ഒക്കെ പറയുക. നന്നായി പ്രവര്‍ത്തിച്ചാല്‍ ഒരു പ്രോത്സാഹന സമ്മാനവും വാഗ്ദാനം ചെയ്യുക. നിന്‍റെ പക്ഷത്തെ നീതികേട് തിരുത്തുക. സമാധാനം ഉണ്ടാകും!”

ഇനി അടുക്കളയില്‍ സഹായിക്കുന്ന പെണ്‍കുട്ടി എന്തിനാണ് സമരം ചെയ്യാന്‍ വന്നതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അവളുടെ വശത്തും ന്യായമുണ്ട്. കുട്ടികള്‍ വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ പണികളുണ്ട് വീട്ടില്‍. പുറത്തു കളിക്കാന്‍ വിടാത്തതുകൊണ്ട് ചേച്ചി ഞങ്ങളുടെ കൂടെ കളിക്കാന്‍ കൂടണം എന്നായിരിക്കും കുട്ടികളുടെ അടുത്ത ഡിമാന്‍റ്. കളിക്കാന്‍ കൂടല്‍ അവള്‍ക്കിഷ്ടമുള്ള പണിയാണെങ്കിലും അതിനുപോയാല്‍ നേരത്തും കാലത്തും അടുക്കളയിലെ പണികള്‍ തീരില്ല. പിന്നെ അതാകാം അസമാധാനത്തിനുകാരണം. അതുകൊണ്ടാണ് അവളും തമാശക്കാണെങ്കിലും കൊടി പിടിക്കാനും സിന്ദാബാദ് മുഴക്കാനും കൂടിയത്. ഇപ്പോള്‍ അവരെയെല്ലാവരെയും വെറുതെ വിടാനും അവര്‍ പറഞ്ഞത് തികച്ചും ന്യായമായിരുന്നുവെന്ന് സമ്മതിക്കുവാനും നിങ്ങള്‍ക്ക് കഴിയും.

എന്തുകൊണ്ടണ്ട് ഈങ്ക്വിലാബ്?

ദൈവവചനം പറയുന്നു “നീതികേട് നിന്‍റെ കൂടാരത്തില്‍ പാര്‍പ്പിക്കരുത്.” മുകളിലിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നീതികേടുകളാണ് താഴെയുള്ള പലരെക്കൊണ്ടും ഈങ്ക്വിലാബ് വിളിപ്പിക്കാന്‍ കാരണമാകുക. പക്ഷേ നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണ നമ്മള്‍ മഹാ നീതിമാന്മാരും ശ്രേഷ്ഠന്മാരും ആണെന്നും ഈങ്ക്വിലാബ് മുഴക്കുന്നവര്‍ നീതിരഹിതരും ചുട്ട അടി മേടിക്കേണ്ടവരുമാണ് എന്നതുമാണ്. ഈ വീക്ഷണത്തോടുകൂടി നാം കൊടുക്കുന്ന ചുട്ട അടികള്‍ കൂടുതല്‍ വലിയ അസമാധാനത്തിനും കൂടുതല്‍ ഉച്ചത്തിലുള്ള ഈങ്ക്വിലാബിനും മാത്രമേ കാരണമാകൂ.

മറുവശം കാണാത്ത മുന്നേറ്റം

മാതാപിതാക്കന്മാരെ അനുസരിക്കുക, അവര്‍ക്ക് പൂര്‍ണമായും വിധേയപ്പെട്ട് അനുഗ്രഹത്തിന് പാത്രമാവുക എന്ന കല്പന മോശവഴി കര്‍ത്താവ് തന്‍റെ ജനത്തിന് നല്‍കിയതാണ്. അതു തികച്ചും സത്യവും ന്യായയുക്തവുമാണ്. പക്ഷേ അതിന് മറ്റൊരു പിന്‍പുറമുണ്ട്. ആ പിന്‍പുറത്തെ പരിശുദ്ധാത്മാവ് വിശുദ്ധ പൗലോസിലൂടെ അനാവരണം ചെയ്യുന്നുണ്ട്. അത് മക്കളെ പ്രകോപിപ്പിച്ച് അവരെ കോപിഷ്ഠരാക്കി മാറ്റരുത്, അവരെക്കൊണ്ട് ഈങ്ക്വിലാബ് വിളിപ്പിക്കരുത് എന്നതാണ്. ഇത് പറയാത്തത് നമ്മുടെ പ്രബോധനങ്ങളിലുള്ള ഭാഗികമായ ഒരു അപൂര്‍ണതയാണ്. തന്മൂലം പ്രസ്തുത വചനം ഞാനിവിടെ കുറിക്കട്ടെ. “കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരേ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. നിങ്ങള്‍ക്ക് നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. വാഗ്ദാനത്തോടുകൂടിയ ആദ്യകല്പന ഇതത്രേ. പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍” (എഫേസോസ് 6/1-4).

കുട്ടികളില്‍ പ്രകോപനം ഉണ്ടാക്കരുതെന്ന രണ്ടാമത്തെ ഭാഗം നാം മിക്കപ്പോഴും അവഗണിക്കുകയോ സൗകര്യപൂര്‍വം ഒഴിവാക്കുകയോ ചെയ്യുന്നു. ഇതാണ് വലിയ ഈങ്ക്വിലാബുവിളികളായി നമുക്കെതിരെ തിരിച്ചടിക്കുന്നത്. അത്തരം വളരെ ഈങ്ക്വിലാബുകള്‍ ഈ കാലഘട്ടത്തില്‍ നീതിക്കുവേണ്ടിയുള്ള മുറവിളികളായി മുഴങ്ങിക്കേള്‍ക്കാറുമുണ്ട്. അവയെല്ലാം അമര്‍ച്ച ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങള്‍ കൂടുതല്‍ വലിയ നീതികേടിലേക്കും അസമാധാനത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുകയേ ഉള്ളൂ എന്ന് നാം മിക്കപ്പോഴും തിരിച്ചറിയാറുമില്ല.

സമാധാനം നീതിയുടെ ഫലം!

“നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും” (ഏശയ്യാ 32/17). ഈ സമാധാനം നമുക്ക് അടിച്ചമര്‍ത്തലുകളിലൂടെ സംജാതമാക്കാവുന്ന ഒന്നല്ല. അതൊരിക്കലും ക്രിസ്തുവിന്‍റെ പഠനവുമല്ല. ഒരുപക്ഷേ നിവൃത്തികേടിന്‍റെ പേരില്‍ അനീതി പ്രവര്‍ത്തിക്കുന്ന അധികാരിയെ നാം അനുസരിച്ചേക്കാം. പക്ഷേ അണികളുടെ ഹൃദയം അവനെ പുറന്തള്ളിക്കൊണ്ട് അവനെതിരെ പോരാടിക്കൊണ്ടിരിക്കും. ക്രിസ്തീയ അധികാരത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിപ്പിച്ചത് മനസിലാക്കണമെങ്കില്‍ അവിടുത്തെ വചനങ്ങളിലേക്ക് തിരിയണം. “വിജാതീയരുടെമേല്‍ അവരുടെ പിതാക്കന്മാര്‍ ആധിപത്യം അടിച്ചേല്‍പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ അങ്ങനെ ആയിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവന്‍ ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ. ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്” (ലൂക്കാ 22:25).

പിതാക്കന്മാരേ നിങ്ങള്‍ മക്കളെ പ്രകോപിപ്പിക്കരുത് എന്നു വചനം പറയുന്നുവെങ്കില്‍, നേതാക്കന്മാരേ നിങ്ങള്‍ നിങ്ങളുടെ നീതികേടുകൊണ്ട് അണികളെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണത്. ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ നീതികേടുകൊണ്ട് ഭാര്യമാരെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണ്. അഭിഷിക്തരേ, നിങ്ങള്‍ നിങ്ങളാല്‍ നയിക്കപ്പെടുന്നവരെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണ്. “അനുസരണം വിധേയത്വം” എന്നതിന്‍റെ മറ പിടിച്ച് തങ്ങളുടെ കീഴിലുള്ളവരോട് എന്തും പറയാം, എന്തും ചെയ്യാം ഏതു നിലപാടും സ്വീകരിക്കാം എന്ന ഒരു തെറ്റായ ധാരണയുടെ പുറത്താണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കില്‍ ആ പഠനം ഒരിക്കലും യേശുവിന്‍റെ വാക്കുകളില്‍നിന്നോ പ്രവൃത്തികളില്‍നിന്നോ ഉള്ളതല്ല. അനുസരണത്തിന്‍റെയും വിധേയത്വത്തിന്‍റെയും പേരുപറഞ്ഞ് നാമെന്തിന് നീതിമാനായ യേശുവിന്‍റെ മുഖം വികൃതമാക്കുന്നു?

ഒരു നാണയത്തിന്‍റെ ഇരുമുഖങ്ങള്‍

ഒരു നാണയത്തിന് രണ്ടുമുഖങ്ങളുണ്ട്. ആ രണ്ടുമുഖങ്ങളിലെയും ലിഖിതങ്ങള്‍ സത്യമായാല്‍ മാത്രമേ നാണയത്തിന് അതിന്‍റേതായ വിലയുണ്ടാകൂ. അല്ലെങ്കില്‍ ആ നാണയം കള്ളനാണയമായിട്ടേ നാം കണക്കാക്കൂ. വിധേയത്വത്തെയും അനുസരണത്തെയും സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവം നല്‍കിയിട്ടുള്ള എല്ലാ പ്രബോധനങ്ങളും മുന്‍പറഞ്ഞ നാണയത്തിന്‍റെ സത്യസന്ധമായ രണ്ടുമുഖങ്ങളും വ്യക്തമാക്കുന്നതാണ്. “ഭാര്യമാരേ നിങ്ങള്‍ കര്‍ത്താവിന് എന്നതുപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍” (എഫേസോസ് 5/22) എന്നു പറഞ്ഞവന്‍തന്നെയാണ് ആ നാണയത്തിന്‍റെ മറ്റേവശവും സത്യമായും വെളിപ്പെടുത്തുന്നത്. അത് ഇതാണ്. ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കുവാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം…. അതുപോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യയെ സ്വന്തശരീരത്തെ എന്നതുപോലെ സ്നേഹിക്കണം (എഫേസോസ് 5:25,28). സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ മുമ്പില്‍ വിധേയപ്പെടാന്‍ ഏതൊരു ഭാര്യക്കും വളരെ എളുപ്പമാണ്. അതുപോലെതന്നെ അനുസരിക്കുകയും വിധേയപ്പെടുകയും ചെയ്യുന്ന ഒരു ഭാര്യയെ സ്നേഹിക്കുവാന്‍ ഏതൊരു ഭര്‍ത്താവിനും എളുപ്പമാണ്.

പ്രിയപ്പെട്ടവരേ, ആദ്യംതന്നെ നമ്മുടെ കൈയിലുള്ള നാണയം കള്ളനാണയമോ അതോ വിലയുള്ളതോ എന്ന് പരിശോധിച്ചു നോക്കുക. വിലയുള്ളതെങ്കില്‍ അതേപ്രതി കര്‍ത്താവിനു നന്ദി പറയുക. അതല്ല കള്ളനാണയമാണ് നമ്മുടെ കൈവശമുള്ളതെങ്കില്‍ വിട്ടുപോയത് നമുക്ക് കൂട്ടിച്ചേര്‍ക്കാം. തിരുത്തേണ്ടത് തിരുത്താന്‍ തയാറാകാം.

ഓരോരുത്തനും അര്‍ഹിക്കുന്നത് കൊടുക്കുന്നതാണ് യഥാര്‍ത്ഥ നീതി. എന്തെങ്കിലുമൊക്കെ ഔദാര്യരൂപത്തില്‍ കൊടുത്ത് അപരന്‍റെ വായടപ്പിക്കാന്‍ നോക്കുന്നതല്ല. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവന് നികുതി. ചുങ്കം അവകാശപ്പെട്ടവന് ചുങ്കം, ആദരം അര്‍ഹിക്കുന്നവന് ആദരം. ബഹുമാനം നല്‍കേണ്ടവന് ബഹുമാനം (റോമാ 13/7). ഇതിന്‍റെ കൂടെ നമുക്ക് കൂട്ടിച്ചേര്‍ക്കാം: സ്നേഹം അര്‍ഹിക്കുന്നവന് സ്നേഹം, പ്രോത്സാഹനം അര്‍ഹിക്കുന്നവന് പ്രോത്സാഹനം, കരുണയര്‍ഹിക്കുന്നവന് കരുണ, അംഗീകാരം അര്‍ഹിക്കുന്നവന് അംഗീകാരം. അപ്പോള്‍ ഈങ്ക്വിലാബ് പോയ്മറയും. കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും സഭയിലും എല്ലാം യാഥാര്‍ത്ഥ്യമാകും. “കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും. നീതിയും സമാധാനവും പരസ്പരം ചുംബിക്കും…. നീതി അവിടുത്തെ മുമ്പില്‍ നടന്ന് അവിടുത്തേക്ക് വഴിയൊരുക്കും” (സങ്കീര്‍ത്തനങ്ങള്‍ 85/10-13).

നീതിനിറഞ്ഞ പുതിയ നാളേക്കായി പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് കാത്തിരിക്കാം. ‘ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles