Trending Articles
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഈശോ ഉപയോഗിക്കുന്നുണ്ടോ?
നാളുകള്‍ക്കുമുമ്പ് പതിവുപോലെ ഒരു അവധി ദിവസം. ശാലോം ടൈംസിനുവേണ്ടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. രോഗത്തിന്‍റെ ക്ലേശങ്ങള്‍ ഉള്ളതിനാല്‍ ഈശോയുടെ ക്രൂശിതരൂപം പിടിച്ച് കട്ടിലില്‍ കിടന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ലേഖനമെഴുതാനായി എന്‍റെ കൈകളെ ഈശോ ചലിപ്പിക്കാന്‍ തുടങ്ങിയത്. അത്രയും നേരം ഞാനും ഈശോയും സ്നേഹസംഭാഷണത്തിലായിരുന്നു.
ഈശോ നല്‍കുന്ന പ്രേരണ അനുസരിച്ചു മൊബൈലിലെ മംഗ്ലീഷ് ആപ്പില്‍ ഞാന്‍ ടൈപ്പ് ചെയ്തുകൊണ്ട് കിടക്കുകയാണ്. പെട്ടന്ന് വാട്ട്സാപ്പില്‍ ഒരു സന്ദേശം വന്നു, “ചേച്ചി ഞാന്‍ ഒരു ഏകദിന കണ്‍വെന്‍ഷന് ധ്യാനിപ്പിക്കാന്‍ പോവുകയാണ്. പ്രാര്‍ത്ഥിക്കണം.” ഈശോയെ ഒത്തിരി സ്നേഹിക്കുന്ന ഒരു വൈദികന്‍.
വാട്ട്സാപ്പ് സന്ദേശം വായിച്ചശേഷം ഞാന്‍ വീണ്ടും ലേഖനം എഴുതാന്‍ തുടങ്ങി. അഞ്ചു മിനിറ്റിനുള്ളില്‍ ഈശോയുടെ ഒരു ശബ്ദം കാതില്‍ പതിഞ്ഞു, “മഴക്കാറുണ്ട്…”
മുറിയില്‍ കിടക്കുന്ന എന്നോട് മഴക്കാറുണ്ടെന്നു ഈശോ പറഞ്ഞപ്പോള്‍ അല്പം അത്ഭുതം തോന്നി. കട്ടിലില്‍നിന്നും എഴുന്നേറ്റ് ഞാന്‍ ജനാലകള്‍ തുറന്നു പുറത്തേക്കു നോക്കി. പൊള്ളുന്ന ഉച്ചവെയില്‍. “ഈ മരുഭൂമിയില്‍ എവിടെയാണ് ഈശോയേ മഴക്കാറ്” എന്ന് കളിയാക്കിക്കൊണ്ട് ഞാന്‍ വീണ്ടും കട്ടിലില്‍ വന്നു കിടന്നു.
ഈശോ വീണ്ടും അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ഒപ്പം ആ വൈദികനെ വിളിക്കാന്‍ ഒരു പ്രേരണയും. ലേഖനം എഴുതുന്നത് തല്ക്കാലം നിര്‍ത്തി വച്ചു. അദ്ദേഹത്തെ വിളിച്ചു, “അച്ചാ അവിടെ മഴക്കാറുണ്ടോ?”‘
മറുപടി ഇങ്ങനെ, “ചെറുതായി കാര്‍മേഘം മൂടുന്നപോലെ ഉണ്ട്. പക്ഷേ മഴ പെയ്യാനുള്ളതൊന്നും ഇല്ല ചേച്ചി. ഞാന്‍ അതുകൊണ്ടു സ്കൂട്ടറില്‍ പോകാമെന്ന് കരുതി. ഇതാ ഇറങ്ങാന്‍ പോവുകയാണ്. ചേച്ചി എന്തിനാ ഇങ്ങനെ ചോദിക്കുന്നത്?”
“മഴക്കാറുണ്ടെന്ന് ഈശോ പറയുന്നു. അതുകൊണ്ട് ആരെയെങ്കിലും വിളിച്ച് ഒരു കാര്‍ ക്രമീകരിച്ചു പോയാല്‍ മതി. ഈശോ പറഞ്ഞതല്ലേ!” ഞാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ അവസാന നിമിഷം ആരെ വിളിക്കാനാ, സമയം പോകുവാണല്ലോ’ എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം. ഈശോ പറഞ്ഞെന്നു പറയുമ്പോഴും മഴയ്ക്കുള്ള സാധ്യത ആകാശത്തില്‍ പ്രകടമാകാതിരുന്നത് അദ്ദേഹത്തെ അല്പം നിരുത്സാഹപ്പെടുത്തി എന്ന് തോന്നുന്നു. മനസില്ലാ മനസോടെ ആരെയോ വിളിച്ചു കാര്‍ വരുത്തി യാത്ര പുറപ്പെട്ടു.
ലേഖനം ഞാന്‍ എഴുതി അവസാനിപ്പിച്ചു. വൈകുന്നേരമായപ്പോള്‍ മൊബൈലില്‍ അച്ചന്‍റെ സന്ദേശം. ‘ധ്യാനത്തിന് പോകുന്ന വഴിയില്‍ എല്ലാം ഒരു ചിന്ത മാത്രമേ ഉണ്ടായുള്ളൂ. വെറുതെ കാര്‍ വിളിച്ചല്ലോ എന്ന്. ഒരു തുള്ളി മഴപോലും പെയ്തതുമില്ല. പക്ഷേ ധ്യാനം കഴിഞ്ഞു കാറില്‍ കയറിയതും നിമിഷങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴ. കാറില്‍ ആയതുകൊണ്ട് മാത്രമാണ് തിരിച്ചെത്താന്‍ കഴിഞ്ഞത്. റോഡ് മുഴുവന്‍ വെള്ളം നിറഞ്ഞു. ഇടിമിന്നലും ശക്തമായ കാറ്റും.’
എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പാവം ഈശോ. അവന്‍റെ കരുതലും സ്നേഹവും എത്രമാത്രം ആണ്! ദുബായില്‍ മുറിയിലെ കട്ടിലില്‍ കിടന്ന് ശാലോമിലേക്കുള്ള ലേഖനം എഴുതിക്കൊണ്ടിരുന്ന ഈശോ എന്‍റെ വാട്ട്സാപ്പ് മെസ്സേജ് വായിക്കുന്നുണ്ടെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. അതിനുശേഷം പലപ്പോഴും എന്‍റെ മൊബൈലിലെ മെസ്സേജുകള്‍ ഞാന്‍ ഈശോയെ വായിച്ചുകേള്‍പ്പിക്കാറുണ്ട്. എനിക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനാനിയോഗങ്ങളും ഈശോയോടു വായിച്ചു പരിഹരിക്കാന്‍ പറയും.
മറ്റൊരു അനുഭവം കൂടി പങ്കുവയ്ക്കാം. ഒരു ക്രിസ്തുമസ് തലേന്ന്. ഉച്ചയോടുകൂടി ചെറിയൊരു മയക്കത്തിലേക്ക് ഞാന്‍ വഴുതിവീണു. ഉറക്കത്തിനു മുന്‍പ് മൊബൈലില്‍ ലഭിച്ച ക്രിസ്തുമസ് ആശംസാസന്ദേശങ്ങള്‍ നോക്കുന്നതിനിടക്ക് ഒരു വാട്ട്സാപ്പ് സന്ദേശം ഇങ്ങനെ ആയിരുന്നു. മേല്‍പ്പറഞ്ഞ ദൈവിക ഇടപെടല്‍ ഉണ്ടായ വൈദികന്‍റെ സന്ദേശം, “ചേച്ചീ, ഇന്ന് ഇടവകയിലെ പാതിരാ കുര്‍ബ്ബാനയ്ക്ക് എന്‍റെ ഒരു സുഹൃത്ത് വൈദികന്‍ ആണ് ക്രിസ്തുമസ് സന്ദേശം നല്‍കുന്നത്. തിരക്കായതുകൊണ്ടു ഇന്ന് അദ്ദേഹത്തെ കിട്ടിയത് ഉപകാരം ആയി. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കണം.”
അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈശോ ഹൃദയത്തില്‍ ഒരു പ്രേരണ നല്‍കി. അദ്ദേഹം ക്രിസ്തുമസ് സന്ദേശത്തിനായി ഒരുങ്ങണം. എന്താണ് ഈശോയുടെ പ്ലാന്‍ എന്ന് മനസിലായില്ല. ഫോണില്‍ വിളിച്ചു കിട്ടാഞ്ഞതിനാല്‍ ഒരു സന്ദേശം അയച്ചു വച്ചു. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ലഭിച്ച മറുപടി സന്ദേശം ഇതായിരുന്നു. പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് സന്ദേശം നല്‍കാമെന്ന് ഏറ്റിരുന്ന സുഹൃത്ത് വൈദികന് ചില സാഹചര്യങ്ങളാല്‍ അതിനു സാധിക്കുകയില്ല. ക്രിസ്തുമസ് സന്ദേശത്തിനായി ഒരുങ്ങണം എന്ന് ഈശോ പറഞ്ഞതിന്‍റെ കാരണം അപ്പോഴാണ് മനസിലായത്.
ഈശോക്ക് നമ്മുടെ മൊബൈല്‍ ഫോണില്‍പ്പോലും ഇത്രമാത്രം ശ്രദ്ധ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. ഓരോ മൊബൈല്‍ സന്ദേശങ്ങളും ഫോണ്‍കാളുകളും നമ്മള്‍ മൊബൈലില്‍ കാണുന്നതും എല്ലാം അവന്‍റെ കണ്മുന്‍പില്‍ ഉണ്ടല്ലോ. “കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢ സ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിക്കു മുമ്പു തന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു; സൃഷ്ടിക്കു ശേഷവും അങ്ങനെ തന്നെ” (പ്രഭാഷകന്‍ 23/19-20).
സോഷ്യല്‍ മീഡിയ വളരെ സാങ്കേതിക വളര്‍ച്ച നേടിയ കാലഘട്ടത്തിലാണല്ലോ നാമെല്ലാവരും ജീവിക്കുന്നത്. അവ ഉപയോഗിക്കുന്നത് വിവേകത്തോടെ ആയിരിക്കണം. സോഷ്യല്‍ മീഡിയകളില്‍ നാം ഷെയര്‍ ചെയ്യുന്ന കുറിപ്പുകള്‍, കമെന്‍റുകള്‍, വിഡിയോകള്‍ -എല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കും. ഒരുപക്ഷേ നാം മണ്‍മറഞ്ഞുപോയ ശേഷവും. ഈശോയുടെ കണ്ണുകളില്‍ നിന്ന് ഒന്നും മറഞ്ഞിരിക്കാത്തതിനാല്‍ അവിടുത്തെ സ്നേഹാര്‍ദ്ര ഹൃദയത്തെ മുറിപ്പെടുത്തുന്നതൊന്നും മീഡിയകളിലൂടെ ചെയ്യാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
“ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥ വാക്കിനും വിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്‍റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും” (മത്തായി 12/ 36-37).
ഒരിക്കല്‍ വായിച്ച ഒരു വാര്‍ത്ത മനസിലേക്ക് കടന്നുവരികയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അശ്ലീലചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു യുവതി ഈശോയെ അനുഭവിച്ചറിഞ്ഞപ്പോള്‍ അനേകരെ വഴിതെറ്റിച്ച തന്‍റെ ജീവിതം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു. വെബ്സൈറ്റുകളില്‍നിന്ന് അവര്‍ അഭിനയിച്ച പല സീരീസുകളും നീക്കം ചെയ്യാന്‍ പരിശ്രമിച്ചെങ്കിലും ചിലതൊന്നും നീക്കം ചെയ്യാനായില്ല.
ഈ നാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ കാലമാണ്. പരസ്പരം വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും ത്വര വളര്‍ത്താന്‍ മാത്രമേ അതിനു സാധിക്കുന്നുള്ളൂ എന്ന് നാം തിരിച്ചറിയുന്നുണ്ടോ? ആത്മാവിന്‍റെ ദൈവികകൃപ ഒലിച്ചുപോകുന്നത് നാം അറിയുന്നില്ല.
മാനുഷിക നിയമങ്ങള്‍ പലപ്പോഴും ദൈവിക നിയമങ്ങള്‍ക്ക് എതിരാണ്. ഭൂരിപക്ഷം മനുഷ്യര്‍ ചെയ്യുന്നതോ പറയുന്നതോ ദൈവസന്നിധിയില്‍ സ്വീകാര്യമാകണം എന്നില്ല. നാശത്തിന്‍റെ കുഴിയിലേക്ക് തന്‍റെ മക്കളെ സാത്താന്‍ വലിച്ചുകൊണ്ടുപോകുന്ന നൊമ്പരപ്പെടുത്തുന്ന കാഴ്ച കണ്ണീരോടെ നോക്കിനില്‍ക്കുന്ന ഈശോയുടെ മുഖം നമുക്കോര്‍ക്കാം. സോഷ്യല്‍ മീഡിയകള്‍ക്കായി നാം ഉപയോഗിക്കുന്ന ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പ് ഇവയെല്ലാം ഈശോയുടെ കൈകളില്‍ ഏല്പിക്കാം. ഈശോക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ അവന്‍ വിശുദ്ധീകരിക്കട്ടെ അവയെല്ലാം. വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റിസ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. ډ
ആന്‍ മരിയ ക്രിസ്റ്റീന
Want to be in the loop?
Get the latest updates from Tidings!