Home/Engage/Article

ഏപ്രി 19, 2024 95 0 Shalom Tidings
Engage

ആസക്തികള്‍: തിരിച്ചറിയാനും അതിജീവിക്കാനും

ആസക്തികളാല്‍ നയിക്കപ്പെടുന്ന ഒരു ലോകമാണ് ഇന്നത്തേത്, പണത്തോടും അധികാരത്തോടും ലോകസന്തോഷങ്ങളോടും എല്ലാമുള്ള ആസക്തി. അതിന് അര്‍ത്ഥമുണ്ടെന്നാണ് ലോകം കരുതുന്നത്, അത് സാത്താന്‍ പറയുന്ന നുണയാണെന്ന് ലോകത്തിനോ ലോകത്തിന്‍റെ മനുഷ്യര്‍ക്കോ മനസിലാവുന്നില്ല. എന്നാല്‍ ബൈബിള്‍ പറയുന്നതനുസരിച്ച് ആസക്തി ഒരു യഥാര്‍ത്ഥ പ്രശ്‌നമാണ്. ഒരു പ്രധാനകാരണം ഇത്തരം ദുരാശകളുടെ പിന്നാലെ പോകുന്നവര്‍ ലഭിക്കുമെന്ന് കരുതുന്ന സന്തോഷവും സംതൃപ്തിയും ഒരിക്കലും അവര്‍ക്ക് ലഭിക്കുന്നില്ല എന്നതുതന്നെ.

ആസക്തി പുലര്‍ത്തിയിരുന്നത് നേടിയെടുത്ത മനുഷ്യരെ നോക്കിയാല്‍മതി, ഇക്കാര്യം മനസിലാവാന്‍. പൂര്‍ണരാവാനും സംതൃപ്തി നേടാനും സഹായിക്കുമെന്ന് ലോകം പറയുന്നത് അവര്‍ നേടിയെങ്കിലും ഇപ്പോഴും അവര്‍ ശൂന്യതയും തീരാത്ത ആശയും പേറുന്നു.ഇത് ഏതാനും കുറച്ചുപേരെമാത്രം ബാധിക്കുന്ന കാര്യവുമല്ല. നാമെല്ലാം ഈ ആസക്തിയുടെ ഇരകളാകാന്‍ സാധ്യതയുള്ളവരാണ്. അതിനാല്‍ത്തന്നെ ആസക്തിയെക്കുറിച്ച് തിരുവചനം എന്താണ് നമ്മെ പഠിപ്പിക്കുന്നതെന്ന് നാം നന്നായി മനസിലാക്കിയിരിക്കണം.

എന്താണ് ആസക്തി?

ആസക്തിയെന്നാല്‍ ലൈംഗികമായ ആസക്തിമാത്രമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല, അധികാരം, പണം, ഭക്ഷണം തുടങ്ങി പലതിനോടും നമുക്ക് ആസക്തിയുണ്ടാകാം. അത് തുടര്‍ന്ന് തീര്‍ത്തും അസ്വാഭാവികവും അനിയന്ത്രിതവുമായിത്തീരുന്നു. എല്ലാത്തരത്തിലുമുള്ള ആസക്തികളുടെയും ഒരു പ്രത്യേകത അത് നമ്മുടെ അടിസ്ഥാന ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ല എന്നതാണ്. പലപ്പോഴും ആസക്തി പുലര്‍ത്തിയിരുന്നത് ലഭിച്ചുകഴിയുമ്പോള്‍പ്പിന്നെ സ്വയം ഒരു പരിഹാസമാണ് തോന്നുക. അതിലൂടെ ലഭിക്കുമെന്ന് തോന്നിയതൊന്നും തൃപ്തികരമായി ലഭിക്കുകയുമില്ല. അതിനാല്‍ നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും ആസക്തി രൂപപ്പെടുന്നുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണം.

ആസക്തിയല്ലാത്തത് എന്ത്?

ആഗ്രഹത്തെയും ആസക്തിയെയും കൃത്യമായി വേര്‍തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കുചേരുമ്പോള്‍ മുറിച്ച കേക്ക് കഴിക്കാന്‍ ആഗ്രഹം തോന്നും. അത് ആസക്തിയല്ല, സ്വാഭാവികമായ ആഗ്രഹമാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ലൈംഗിക ആഗ്രഹം ഉണ്ടാകും. അതും ആസക്തിയല്ല, ദാമ്പത്യജീവിതത്തിന് ആവശ്യമായതാണ്.
എന്നാല്‍ ഇതെല്ലാം അനിയന്ത്രിതവും അസഹനീയവുമാകുന്നെങ്കില്‍ ആസക്തിയായി മാറും. തിരിച്ചറിയാനുള്ള ഒരു മാര്‍ഗം അതിന്‍റെ അടിസ്ഥാനസ്വഭാവം അന്വേഷിക്കുകയാണ്. എനിക്ക് ആഗ്രഹം തോന്നുന്നതെല്ലാം നിര്‍ബന്ധമായും എനിക്ക് വേണമെന്ന സ്വാര്‍ത്ഥതയാണോ എന്ന് ആത്മശോധന ചെയ്യുക. അങ്ങനെയെങ്കില്‍ അത് ആസക്തിയാണെന്ന് മനസിലാക്കാം.
തിരുവചനം എന്ത് പറയുന്നു?
വാസ്തവത്തില്‍ തിരുവചനം ഇതേപ്പറ്റി ഏറെ സംസാരിക്കുന്നുണ്ട്.

ലൈംഗിക ആസക്തി

”വ്യഭിചാരം ചെയ്യരുത് എന്ന് കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” (മത്തായി 5/27-28).
പണത്തോടുള്ള ആസക്തി
”ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്.” (1 തിമോത്തിയോസ് 6/10).

പേരിനും പെരുമയ്ക്കുമായുള്ള ആസക്തി

”മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ച് നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്ക് പ്രതിഫലമില്ല” (മത്തായി 6/1).

ആദരവിനും അംഗീകാരത്തിനുമായുള്ള ആസക്തി

”ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിന് ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാള്‍ ബഹുമാന്യമായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവന് സ്ഥലം കൊടുക്കുക എന്ന് നിന്നോട് പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും” (ലൂക്കാ 14/8-9).

അധികാരത്തിനായുള്ള ആസക്തി

”ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” (മത്തായി 16/26).

എന്തുകൊണ്ടാണ് ആസക്തി പാപമാകുന്നത്?

ആസക്തി യുക്തിയില്ലാതെയാക്കുന്നു
നിങ്ങള്‍ ആശിക്കുന്ന ഒന്നിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന അവസ്ഥ വരുന്നുണ്ടെങ്കില്‍ അത് അനിയന്ത്രിതമാണ്, അപകടകരമായ ആസക്തിയാണ്.
പ്രവൃത്തിയുടെ അനന്തരഫലമെന്തെന്ന് മറന്നുപോകുന്നു
ആസക്തിയാല്‍ ദഹിക്കുമ്പോള്‍ താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ അപകടകരമാണോ എന്നത് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.
സ്ഥിതി മുമ്പത്തെക്കാള്‍ മോശമാകുന്നു
കഠിനമായി ആശിച്ചത് സ്വന്തമാക്കിയാലും യഥാര്‍ത്ഥസംതൃപ്തി ലഭിക്കുന്നില്ലാത്തതിനാല്‍ സ്ഥിതി മുമ്പത്തേതിലും മോശമാവുകയാണ് ചെയ്യുന്നത്.
”ദ്രവ്യാഗ്രഹിക്ക് ദ്രവ്യംകൊണ്ട് തൃപ്തി വരികയില്ല. ധനം മോഹിക്കുന്നവന്‍ ധനംകൊണ്ട് തൃപ്തിയടയുകയില്ല” (സഭാപ്രസംഗകന്‍ 5/10). ഈ വചനം ധനത്തോടുമാത്രമല്ല, എന്തിനോടുമുള്ള ആസക്തിയെ സംബന്ധിച്ചും ശരിയാണ്.

ആസക്തികളെ ക്രൈസ്തവന്‍ നേരിടുന്നതെങ്ങനെ?

”ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു”(യാക്കോബ് 1/14-15).
ആന്തരികമായ ആഗ്രഹങ്ങളില്‍നിന്നാണ് ആസക്തികള്‍ രൂപമെടുക്കുന്നത് എങ്കിലും ബാഹ്യമായ ഘടകങ്ങള്‍ അവയ്ക്ക് ആക്കം കൂട്ടിയേക്കാം. ആ ബാഹ്യഘടകങ്ങള്‍ നിങ്ങളുടെ ഉള്ളിലെ ആഗ്രഹവുമായി ചേരുമ്പോള്‍ അത് ഗര്‍ഭം ധരിക്കുന്ന ഘട്ടമാണെന്ന് പറയാം. അത് വളര്‍ത്തി മരണത്തെ ജനിപ്പിക്കുന്ന അവസ്ഥയിലെത്തിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണ്.

അതിജീവനത്തിനുള്ള വഴികള്‍

പൊത്തിഫറിന്‍റെ ഭാര്യ ജോസഫിനെ തെറ്റായ ബന്ധത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അവന്‍ അവളില്‍നിന്ന് അകന്നുനിന്നു. ദൈവത്തെയും തന്‍റെ യജമാനനെയും ആദരിക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്തത്.
സഹായകഘടകങ്ങള്‍ ഒഴിവാക്കുക
അത്തരം ഘടകങ്ങള്‍ ആസക്തികളെ വളര്‍ത്തുന്നു. അതിനാല്‍ നിങ്ങളുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും മനസിനും അത്തരം അനുഭവങ്ങള്‍ നല്കി പോഷിപ്പിക്കാതിരിക്കുക. വിശദീകരിക്കാനായി ഒരു സംഭവം പറയാം.
ഒരിക്കല്‍ ഞാന്‍ മകളുമൊത്ത് ടി.വിയില്‍ ഒരു പാചകമത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പാചകവിദഗ്ധരെല്ലാം പാകം ചെയ്ത വിഭവങ്ങള്‍ മനോഹരമായി ഒരുക്കി വയ്ക്കുന്നു. അതെല്ലാം കണ്ട് മകള്‍ പറയുകയാണ് വിശക്കുന്നുവെന്ന്. ഇതാണ് ആസക്തികള്‍ പ്രവര്‍ത്തനക്ഷമമാകുന്ന രീതി. നിങ്ങള്‍ ഏതിലാണോ അധികം സമയം ചെലവഴിക്കുന്നത്, അത് നിങ്ങളെ വിശപ്പുള്ളവരാക്കിമാറ്റും. ആ വിശപ്പ് തൃപ്തിപ്പെടുകയുമില്ല. അതുകൊണ്ടാണ് തിരുവചനം ഇപ്രകാരം പറയുന്നത്- ”വലത്തുകണ്ണ് നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് അവയവങ്ങളിലൊന്ന് നഷ്ടപ്പെടുകയാണ്, വലത്തുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക, ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത് അവയവങ്ങളിലൊന്ന് നഷ്ടപ്പെടുന്നതാണ്” (മത്തായി 5/29-30).

പരിശുദ്ധാത്മാവിനാല്‍ നിറയാനായി ആഗ്രഹിക്കുക
”ആത്മാവിന്‍റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്” (ഗലാത്തിയാ 5/16). ആസക്തികളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല വഴി അവയെ അതിനെക്കാള്‍ ഉന്നതമായ ആത്മശക്തികൊണ്ട് നേരിടുക എന്നതാണ്. എത്രത്തോളം നാം പരിശുദ്ധാത്മാവിന് വഴങ്ങുന്നോ അത്രത്തോളം നിയന്ത്രണശേഷി ആസക്തികളുടെമേല്‍ നമുക്കുണ്ടാകും.
നമുക്കെല്ലാംതന്നെ ആസക്തികളായി മാറാന്‍ സാധ്യതയുള്ള ചില ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. ഓരോരുത്തര്‍ക്കും അത് വ്യത്യസ്തവുമായിരിക്കാം. പക്ഷേ ഫലം ഒന്നുതന്നെ, നഷ്ടം. അതിനാലാണ് ആസക്തികളെക്കുറിച്ചും അവയെ അതിജീവിക്കുന്നതിനെക്കുറിച്ചും തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ പരിശോധിച്ചത്.

ദൈവാനുഗ്രഹത്താല്‍, അതൊന്നും നമ്മുടെ ശക്തികൊണ്ട് ചെയ്യേണ്ടതില്ല എന്ന് വ്യക്തമായല്ലോ. തീര്‍ച്ചയായും നമ്മുടെ ഭാഗത്തുനിന്ന് ചിലത് ചെയ്യേണ്ടതുണ്ട്. എന്നാല്‍, പരിശുദ്ധാത്മാവില്‍ ശക്തി കണ്ടെത്തുക എന്നതാണ് ഏറ്റം പ്രധാനം. ശരിയായ വഴിയില്‍ മുന്നേറാന്‍ അവിടുന്ന് നമ്മെ സഹായിക്കും, അതിനാല്‍ ഏത് പ്രലോഭനവും ആസക്തിയുമാകട്ടെ അതിനെ അതിജീവിച്ച് തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് സാധിക്കും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles