Home/Engage/Article

ഏപ്രി 22, 2024 41 0 Rosamma Joseph Pulppel
Engage

അപമാനങ്ങളെ എങ്ങനെ നേരിടാം?

ഒരു ലേഖനം ഈയടുത്ത ദിവസങ്ങളില്‍ വായിക്കുവാനിടയായി. അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ എന്ന മഹാനായ ഹോളിവുഡ് നടന്‍റെ ജീവിതത്തിലെ ഒരു അനുഭവമായിരുന്നു പ്രസ്തുത ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്. ജീവിതത്തില്‍ വ്യത്യസ്തമേഖലകളിലായി ധാരാളം പണവും പ്രശസ്തിയും സമ്പാദിച്ച വ്യക്തിയായിരുന്നു അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍. നടന്‍, നിര്‍മ്മാതാവ്, ബിസിനസ്സുകാരന്‍, രാഷ്ട്രീയക്കാരന്‍, പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ എന്നീ നിലകളിലെല്ലാം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ലോകദൃഷ്ടിയില്‍ പലരുടെയും ആരാധനാപാത്രമായിരുന്നു.
ഒരിക്കല്‍ അദ്ദേഹം കാലിഫോര്‍ണിയയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ഗവര്‍ണറായിരിക്കെ അദ്ദേഹം അവിടെയുള്ള ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. ഷ്വാര്‍സ്നെഗറോടുള്ള ആദരസൂചകമായി ഹോട്ടലധികൃതര്‍ വെങ്കലത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ ഒരു പ്രതിമയും ഹോട്ടലിനു മുന്‍പില്‍ സ്ഥാപിച്ചിരുന്നു. ബോഡി ബില്‍ഡറായ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറുടെ ഗാംഭീര്യം വിളിച്ചോതുന്ന ആ പ്രതിമ അതുവഴി കടന്നുപോയിരുന്ന എല്ലാവരെയും വളരെയധികം ആകര്‍ഷിച്ചിരുന്നു. ഉദ്ഘാടനദിവസം അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ടായിരുന്ന ആ ഹോട്ടലിന്‍റെ ഉടമസ്ഥര്‍ അദ്ദേഹത്തിനൊരു വാഗ്ദാനവും നല്‍കുകയുണ്ടായി. അതിപ്രകാരമായിരുന്നു, ‘സാറിവിടെ എപ്പോള്‍ വന്നാലും താമസിക്കാന്‍ ഒരു മുറി സൗജന്യമായി ഞങ്ങള്‍ സാറിന് തരും.’

ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം ഒരുദിവസം അര്‍നോള്‍ഡ് ഈ ഹോട്ടലിലെത്തി അവിടെ താമസിക്കാനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ മുറി സൗജന്യമായി നല്‍കാന്‍ ഹോട്ടല്‍ മാനേജ്മെന്റ് വിസമ്മതിച്ചു. വളരെ തിരക്കേറിയ സമയമായതിനാല്‍ പണം തന്നാല്‍ മാത്രമേ മുറി അനുവദിക്കുകയുള്ളൂ എന്നു പറഞ്ഞ അവര്‍ തങ്ങളുടെതന്നെ മുന്‍ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടുപോയി. അര്‍നോള്‍ഡ് ഉടനെതന്നെ ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങിക്കൊണ്ടുവന്ന് തന്‍റെതന്നെ പ്രതിമയുടെ ചുവട്ടില്‍ വിരിച്ചു കിടന്നു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ‘ഒീം ഠശാല െവമ്‌ല രവമിഴലറ’ എന്ന തലക്കെട്ടോടെ തെരുവില്‍ പ്രതിമയ്ക്കുകീഴെ താനുറങ്ങുന്ന ചിത്രം ഷ്വാര്‍സ്നെഗര്‍ പങ്കുവച്ചു. ശേഷം അദ്ദേഹം ഇപ്രകാരം എഴുതി, ‘ഞാന്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നെ അവര്‍ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍റെ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. എന്നോടു പറഞ്ഞ വാഗ്ദാനവും അവര്‍ നിറവേറ്റിയില്ല. നിങ്ങളുടെ സ്ഥാനമാനങ്ങളെയോ കൈയിലുള്ള പണത്തെയോ നിങ്ങളുടെ അധികാരത്തെയോ ശക്തിയെയോ നിങ്ങളുടെ ബുദ്ധിയെയോ ആശ്രയിക്കുകയോ വിശ്വസിക്കുകയോ അരുത്. അത് ഒരിക്കലും നിലനില്‍ക്കുകയില്ല’.

അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ എന്ന മഹാനടന്‍റെ അനുഭവം നമ്മോടു പറയുന്നതിതാണ്: ലോകം വിലമതിക്കുന്ന സമ്പത്തും ആരോഗ്യവും ബുദ്ധിയും സ്ഥാനമാനങ്ങളും ഒന്നും നിലനില്ക്കുന്നതല്ല. എല്ലാം ക്ഷണനേരംകൊണ്ട് നഷ്ടപ്പെട്ടെന്നിരിക്കും. അതുകൊണ്ടുതന്നെ അവയിലൊന്നിലും ആശ്രയിക്കരുത്.
ദൈവമക്കള്‍ക്ക് ഈയൊരു അവസ്ഥയുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. സമ്പത്തും ബഹുമതിയും സ്ഥാനമാനങ്ങളും ആരോഗ്യവും കഴിവുകളുമെല്ലാം ഈശോയുടെ ദാനങ്ങളാണ്. അവയെല്ലാം ധാരാളമായിത്തന്ന ദൈവത്തെ നാം ആരാധിച്ച് മഹത്വപ്പെടുത്തണം. ലഭിച്ച അനുഗ്രഹങ്ങളെല്ലാം ദൈവം നമുക്ക് ദാനമായി നല്‍കിയതാണ് എന്ന പൂര്‍ണബോധ്യം നമുക്കുണ്ടെങ്കില്‍ എപ്പോഴും നാം ദൈവത്തെ മഹത്വപ്പെടുത്തും.

നമ്മുടെ കഴിവുകളിലേക്ക് നോക്കി, ഇത് എന്റേതാണ് എന്ന സ്വാര്‍ത്ഥചിന്തയില്‍ നാം ജീവിക്കരുത്. സ്വാര്‍ത്ഥതയും അഹങ്കാരവും നമ്മിലുണ്ടായാല്‍, അത് നാശത്തിന്‍റെ മുന്നോടിയായിത്തീരും. ഒരുപക്ഷേ വലിയ തകര്‍ച്ചകള്‍ ഒന്നുംതന്നെ നമ്മുടെ അനുദിനജീവിതത്തിലുണ്ടാകണമെന്നില്ല. എങ്കിലും ചെറിയ ചെറിയ പ്രയാസങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. നമ്മെ സ്നേഹിക്കുന്ന ദൈവം, നമ്മുടെ വിശുദ്ധീകരണത്തിനു വേണ്ടി അനുവദിക്കുന്ന സഹനങ്ങള്‍ എന്നുംതന്നെ നമ്മുടെ ജീവിതത്തിലുണ്ടാകും. ആത്മീയമായ പുണ്യം നേടാന്‍ ഇത്തരം സഹനങ്ങള്‍ നമ്മെ വളരെയധികം സഹായിക്കും.

ഒരു ദിവസത്തില്‍ത്തന്നെ എളിമപ്പെടാന്‍ എത്രയോ അവസരങ്ങളാണ് നമുക്ക് ജീവിതത്തില്‍ ലഭിക്കുന്നത്. ജീവിതപങ്കാളി, മാതാപിതാക്കള്‍, മക്കള്‍ എന്നിവരോടൊക്കെ സ്നേഹത്തില്‍ വര്‍ത്തിക്കണമെങ്കില്‍ എളിമപ്പെടല്‍ ആവശ്യമാണല്ലോ. വിട്ടുകൊടുക്കാനും താഴാനും എളിമപ്പെടാനും ഓരോ നിമിഷത്തിലും തയ്യാറായാല്‍ പുണ്യപൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ നമുക്ക് സാധിക്കും. നമ്മുടെ സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കേണ്ടിവരുമ്പോള്‍, നമ്മെത്തന്നെ നാം എളിമപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് ദൈവസന്നിധിയില്‍ വലിയ വിലയുണ്ട്. സന്തോഷത്തോടെ, ഈശോയോടുള്ള സ്നേഹത്തെപ്രതി ത്യജിക്കാന്‍ സാധിക്കണമെന്നുമാത്രം.

മുകളില്‍ പറഞ്ഞ അനുഭവത്തില്‍ അര്‍നോള്‍ഡ് പ്രതികരിച്ചത് നാം കണ്ടല്ലോ. അദ്ദേഹം വലിയ ഒരു നടന്‍ ആയിരുന്നതുകൊണ്ട് അങ്ങനെ പ്രതികരിച്ചു. എന്നാല്‍ ദൈവമക്കളായ നാം പ്രതികരിക്കേണ്ടത് എങ്ങനെയാണ്? നമ്മെ വിശുദ്ധിയിലേക്ക് വളര്‍ത്തുന്നതിനാണ് ദൈവം അത്തരം അനുഭവങ്ങള്‍ അനുവദിക്കുന്നത് എന്ന മനോഭാവത്തോടെ അവയെ നാം സ്വീകരിക്കണം. പത്രോസ് ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ‘അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം’ (1 പത്രോസ് 1/6,7). പുണ്യം നേടാന്‍ ദൈവം അനുവദിക്കുന്ന സഹനങ്ങള്‍ നാം ബോധപൂര്‍വം സ്വീകരിക്കണം.

നമ്മുടെ ബലഹീനതകളും കുറവുകളും നമുക്ക് ആത്മീയ വളര്‍ച്ച ലഭിക്കുന്നതിനായി ദൈവം അനുവദിക്കുന്നതാണ്. അതുപോലെ ചില സമയങ്ങളില്‍ പിശാചിന്‍റെ പ്രവര്‍ത്തനങ്ങളും നമുക്ക് പുണ്യം നേടാനായി ദൈവം അനുവദിക്കുന്നതാണ്. നാം സ്വയം ഏറ്റെടുക്കുന്ന സഹനങ്ങളും ഉപവാസവും മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ശുശ്രൂഷകളും നമ്മെ വിശുദ്ധരാകാന്‍ സഹായിക്കും. അതെല്ലാം നമ്മുടെ നിത്യജീവനുവേണ്ടിയുള്ള സമ്പാദ്യമാണ്.
നമ്മുടെ ജീവിതത്തില്‍ പുണ്യം നേടാന്‍ ദൈവം തരുന്ന അവസരങ്ങള്‍ നിത്യജീവന്‍ നേടിയെടുക്കാന്‍ അത്യാവശ്യം വേണ്ടതാണ്. ഈ ലക്ഷ്യബോധം നമുക്കുണ്ടെങ്കില്‍ ഏത് സഹനത്തെയും ഈശോയോട് ചേര്‍ന്ന് സന്തോഷത്തോടെ സ്വീകരിക്കാന്‍ സാധിക്കും. ‘ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക’ എന്ന തിരുവചനം ഏറ്റുചൊല്ലി ശാന്തതയോടെ സൗമ്യതയോടെ പ്രതികരിച്ചാല്‍ മാത്രം മതി. പുണ്യം അഭ്യസിക്കാന്‍ ഒരു എളുപ്പവഴിയാണ് ഇത്.

നമ്മുടെ മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സഹപ്രവര്‍ത്തകര്‍ ഇവരെയെല്ലാം ഈശോ നമുക്ക് സ്നേഹിക്കാന്‍ തന്നിരിക്കുന്നതാണ്. പലപ്പോഴും ഇവരില്‍ നിന്നെല്ലാം നമുക്ക് സഹനങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അവര്‍ നമ്മെ മാനിച്ചു എന്നിരിക്കില്ല. അപ്പോഴെല്ലാം നാം സ്നേഹത്തോടെ അവരോട് പ്രതികരിച്ചാല്‍ അവിടെ ദൈവമഹത്വം ഉണ്ടാകും. നമ്മുടെ ആത്മീയ വളര്‍ച്ചയും ത്വരിതപ്പെടും.
ഈശോയുടെ മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന പദവിയില്‍ ജീവിക്കുന്ന നാം ജീവിതത്തില്‍ കഷ്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകുമ്പോള്‍ ഈശോയോട് ചേര്‍ന്ന് നിന്ന് അവയൊക്കെ കൈകാര്യം ചെയ്യണം. ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടെന്ന് എന്‍റെ ജീവിതത്തില്‍ താങ്ങാനാവാത്ത ഒരു സഹനമുണ്ടായി. ഞാന്‍ ഈശോയുടെ അടുത്തേക്കോടിച്ചെന്ന് ഇരുന്നു. വീട്ടില്‍ വേറെ ആരും ഇല്ലായിരുന്നു.

ഭിത്തിയില്‍ ഇരുന്ന കുരിശുരൂപം എടുത്ത് ഞാന്‍ എന്‍റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഏതാണ്ട് 30 മിനിറ്റ്നേരം എന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. ആ സഹനത്തെ രക്ഷാകരമാക്കിത്തീര്‍ക്കാന്‍ ഈശോ അനുഗ്രഹിച്ചു. ഓരോ സഹനത്തിനും ഒരു രക്ഷാകരമൂല്യം ഉണ്ട്. കൃപയില്‍, വിശ്വാസത്തില്‍, വളരണമെന്നുണ്ടെങ്കില്‍ സഹനങ്ങളെ നന്ദിയോടെ സ്വീകരിച്ചാല്‍ മതിയാകും. ഓരോ സഹനത്തിന്‍റെ പുറകിലും ഒരു അനുഗ്രഹം ഒളിഞ്ഞു കിടപ്പുണ്ട്. വചനം പറയുന്നു, ‘അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും’ (1 പത്രോസ് 2/19). തിരുവചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട കൃപയും ഈശോ തരും.

നിത്യതയിലേക്ക് പ്രവേശിക്കുന്നതിന് അനുദിനമുള്ള സഹനങ്ങള്‍ നമ്മെ സഹായിക്കും. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ സഹനങ്ങള്‍ അനിവാര്യമാണ്. ‘സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്ക് യോഗ്യനല്ല’ (മത്തായി 10/38).
പ്രാര്‍ത്ഥന
കാരുണ്യവാനായ ഈശോയേ, ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ രക്ഷാകരമാക്കുന്നതിന് ഞങ്ങളെ അനുഗ്രഹിക്കണമേ. അതുവഴി ഞങ്ങളും, ഞങ്ങള്‍ക്ക് സ്നേഹിക്കുവാനായി തന്നിരിക്കുന്ന വ്യക്തികളും രക്ഷപ്രാപിക്കട്ടെ.

Share:

Rosamma Joseph Pulppel

Rosamma Joseph Pulppel

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles