Home/Engage/Article

ഒക്ട് 07, 2024 3 0 ഡോ. ആന്‍സി ജോസഫ്
Engage

അധ്യാപകരോട് പറയട്ടെ ഈ സന്തോഷവാര്‍ത്ത!

അധ്യാപകരെക്കുറിച്ച് എനിക്ക് നല്കാനുള്ള ഏറ്റവും വലിയ സന്തോഷവാര്‍ത്ത അവര്‍ക്ക് യുവതലമുറയെ വീണ്ടെടുക്കാന്‍ കഴിയും എന്നതാണ്. അധ്യാപകര്‍ ഇത് തിരിച്ചറിയുകയും അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് എന്‍റെ തീവ്രമായ ആഗ്രഹം. കുട്ടികളുടെയും യുവതീയുവാക്കളുടെയും വര്‍ധിച്ച ഊര്‍ജം നേര്‍വഴിയില്‍ ഉപയോഗിക്കാന്‍ വേദികളൊരുക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യാമെങ്കില്‍ അവര്‍ യാതൊരു തെറ്റായ വഴിക്കും നീങ്ങുകയില്ല എന്നത് ഉറപ്പ്!

അധ്യാപകദമ്പതികളുടെ മകളായിട്ടാണ് ഞാന്‍ ജനിച്ചത്. എന്‍റെ അമ്മ പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്നു. ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്‍റെ ഹെഡ്മിസ്ട്രസ് ആയിട്ടാണ് വിരമിച്ചത്. പിതാവ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു. അധ്യാപകരോട് മറ്റു വ്യക്തികളും, പ്രത്യേകിച്ച്, വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും സമൂഹവും കാണിക്കുന്ന ആദരവും സ്‌നേഹവും ഞാന്‍ ചെറുപ്പംമുതലേ കണ്ടിട്ടുണ്ട്. അധ്യാപകര്‍ ചെയ്യുന്നത് വൈദികരും സന്യസ്തരും ചെയ്യുന്നതുപോലെതന്നെ വലിയ സമര്‍പ്പണമുള്ള ജോലിയാണെന്ന് കുഞ്ഞുനാളിലേ എനിക്ക് മനസിലായി. മാതാപിതാക്കളുടെ പാത പിന്‍തുടര്‍ന്ന് ഞങ്ങള്‍ ഏഴു സഹോദരങ്ങളും അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ഒരാള്‍മാത്രം ഇടയ്ക്കുവച്ച് സ്‌കൂള്‍ നിര്‍ത്തേണ്ട സാഹചര്യം വന്നപ്പോള്‍ മറ്റൊരു ജോലിയില്‍ പ്രവേശിച്ചു. ബാക്കി ആറുപേരും അധ്യാപകരായാണ് സേവനം ചെയ്തത്.

മക്കള്‍ അനുഗ്രഹിക്കപ്പെടും

എന്‍റെ മാതാപിതാക്കളുടെ ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യം ഇതാണ്, ഒരു അധ്യാപകന്‍/അധ്യാപിക, തന്നെ ദൈവം ഭരമേല്‍പിച്ചിരിക്കുന്ന കുഞ്ഞുങ്ങളോട് നിസ്വാര്‍ത്ഥമായ സ്‌നേഹവും നിരന്തരമായ പരിഗണനയും പുലര്‍ത്തുന്നെങ്കില്‍ അവരുടെ മക്കളെ ദൈവം അനുഗ്രഹിക്കും. ”ഉദാരമായി ദാനംചെയ്യുന്നവന്‍ സമ്പന്നനാ കും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും” (സുഭാഷിതങ്ങള്‍ 11/25) എന്ന തിരുവചനം അവരില്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും. എന്‍റെ ജീവിതംതന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
വാസ്തവത്തില്‍, മാതാപിതാക്കളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ മക്കളെ ഇരുത്തി പഠിപ്പിക്കാനുള്ള സമയമൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്കെല്ലാം പഠിക്കാനും ജോലി നേടാനും സാധിച്ചു. സന്തോഷകരമായ കുടുംബജീവിതവും ലഭിച്ചു.

കൂട്ടുകുടുംബത്തിലെ ജോലികള്‍ക്കൊപ്പംതന്നെ- കുടുംബത്തിലെ മാതാപിതാക്കളുടെ ശുശ്രൂഷയും സഹോദരങ്ങളുടെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും കൃഷികാര്യങ്ങളും മൃഗങ്ങളെ പരിചരിക്കലുമെല്ലാം ശ്രദ്ധിച്ചശേഷമാണ് എന്‍റെ അമ്മ തിരക്കിട്ട് സ്‌കൂളില്‍ പോയിരുന്നത്. പക്ഷേ അവിടെ ചെന്നുകഴിഞ്ഞാല്‍ മറ്റൊരു ലോകത്തെത്തിയതുപോലെ വീട്ടിലെ കാര്യങ്ങളെല്ലാം മറന്ന് സ്‌കൂളില്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സ്‌നേഹപൂര്‍വം പ്രവര്‍ത്തിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

ചുമരുകള്‍ക്ക് പുറത്തെ ടീച്ചര്‍

എന്‍റെ പിതാവും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളെ ഏറെ സ്‌നേഹിച്ചിരുന്നു. ഇപ്പോഴും പല ഇടങ്ങളില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളായിരുന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണാറുണ്ട്. ടി.പി. ജോസഫ് സാറിന്‍റെ സ്‌നേഹം മറക്കാന്‍ പറ്റില്ല എന്നാണ് അവര്‍ പറയാറുള്ളത്. ഒരു ടീച്ചറാകണം എന്ന് ഞാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ പിതാവ് ഒരു അനുഗ്രഹമെന്നോണം എന്നോട് നിര്‍ദേശിച്ചു, ”നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ടീച്ചറാകരുത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും അധ്യാപികയായിരിക്കണം.” ആ വാക്കുകള്‍ ഇന്ന് നിറവേറുകയാണ്. ഇന്ന്, നഴ്‌സറി വിദ്യാര്‍ത്ഥികള്‍മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍വരെയുള്ളവര്‍ക്ക് ക്ലാസുകളെടുക്കാന്‍ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു.

എന്‍റെ പിതാവായ ടി.പി. ജോസഫുമായി ബന്ധപ്പെട്ട ഒരു നല്ല ഓര്‍മ്മ പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കും. എഴുത്തുകാരനും പ്രഭാഷകനും ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും അധ്യാപകനുമെല്ലാമായിരുന്ന ശ്രീ. ഇടമറ്റം രത്‌നപ്പന്‍സാറിന്‍റെ ഒരു ഇന്റര്‍വ്യൂ യാദൃച്ഛികമായി കാണാനിടയായി. അതില്‍ അദ്ദേഹം പറഞ്ഞത്, മാതാപിതാക്കള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ഏറ്റവും അധികം സ്വാധീനിച്ചത് ഹൈസ്‌കൂളില്‍ പഠിപ്പിച്ച ജോസഫ് സാറാണ് എന്നാണ്. ”എന്‍റെ ഒരു കവിത വായിച്ചിട്ട് സാര്‍ പറഞ്ഞു, നീ വലിയ ഒരാളായിത്തീരും, അറിയപ്പെടുന്ന ഒരാളായിത്തീരും. നന്നായി വരട്ടെ എന്ന് അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും ചെയ്തു” എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ആ നിമിഷംമുതലാണ് സാഹിത്യരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രയാണം ആരംഭിച്ചതെന്നും അദ്ദേഹം പങ്കുവച്ചു. വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെയെന്നെപോലെ എന്‍റെ പിതാവ് സ്‌നേഹിച്ചിരുന്നു എന്നത് തെളിയിക്കുന്ന ഒരു സംഭവമായിരുന്നു അത്. ”വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയാകും. നീതിമാനെ പഠിപ്പിക്കുക അവന്‍ കൂടുതല്‍ ജ്ഞാനിയാകും” (സുഭാഷിതങ്ങള്‍ 9/9).

വാഗ്ദാനത്തിന് ഈശോയുടെ മറുപടി

മാതാപിതാക്കളുടെ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ അവരെപ്പോലെതന്നെ വിദ്യാര്‍ത്ഥികളുടെ മനസില്‍ ഒരു സ്ഥാനമുള്ള അധ്യാപികയാകണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. പഠിക്കുന്ന കാലംമുതല്‍തന്നെ, ‘ഒരു ടീച്ചറായി വേഗം എനിക്ക് ജോലി തരണം. അങ്ങനെയെങ്കില്‍ നിനക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു അധ്യാപികയായിക്കൊള്ളാം’ എന്ന് ഞാന്‍ എപ്പോഴും ഈശോയോട് പറയാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കോളജില്‍ അധ്യാപകജോലിക്ക് അപേക്ഷിക്കുന്നതെങ്ങനെ എന്നൊരു പരിശീലനമാകട്ടെ എന്ന് കരുതി ആദ്യത്തെ അപേക്ഷ നല്കിയത്. പക്ഷേ ആ അപേക്ഷയില്‍ എന്നെ തിരഞ്ഞെടുത്തു! അന്ന് ഞാന്‍ ഇങ്ങനെ ഈശോയോട് പറഞ്ഞു, ”ഞാന്‍ ചോദിച്ചതുപോലെ നീ എനിക്ക് ജോലി തന്നു. ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ സാധിക്കുന്നത്രയും വിശ്വസ്തതയോടുകൂടി, എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതിനെക്കാള്‍ അല്പം കൂടുതല്‍ ചെയ്യുവാനായി, കൊടുക്കുവാനായി ഞാന്‍ പ്രതിജ്ഞാബദ്ധയാണ്.”

ആദ്യമായി കോളജിന്‍റെ ഗെയ്റ്റില്‍ ചെന്നപ്പോള്‍, ‘കര്‍ത്താവേ നീ എന്നോട് വാക്കു പാലിച്ചു. നിന്നോട് വിശ്വസ്തയായിരിക്കാന്‍ എന്നെ അനുഗ്രഹിക്കണമേ’ എന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് ഞാന്‍ കോളജിലേക്ക് പ്രവേശിച്ചത്. സാധിക്കുന്നതുപോലെ, നൂറുശതമാനമൊന്നും അവകാശപ്പെടാന്‍ സാധിക്കുകയില്ല എങ്കിലും, കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതില്‍ ഞാന്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. കുട്ടികളോട് കരുണയും സ്‌നേഹവും കാണിക്കുന്നതിനും സഹാനുഭൂതിയോടുകൂടി അവരുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചുകൊണ്ട് കുറെയെങ്കിലുമൊക്കെ അവരെ ആശ്വസിപ്പിക്കുന്നതിനും സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

വിദ്യാലയത്തിലെ മാതാപിതാക്കള്‍

സ്വന്തം കുട്ടി ഒരു വിഷയത്തില്‍മാത്രമല്ല എല്ലാ വിഷയത്തിലും മിടുക്കരാകണം എന്നല്ലേ നാം ആഗ്രഹിക്കുക. പഠനവിഷയങ്ങളില്‍മാത്രമല്ല, കലാകായികരംഗങ്ങളിലും ജീവിതത്തിലുമെല്ലാം അവര്‍ വിജയിച്ചുകാണാന്‍ ഒരു രക്ഷിതാവ് ആഗ്രഹിക്കുകയില്ലേ? അതിനനുസരിച്ച്, വിദ്യാലയത്തില്‍ മാതാപിതാക്കളെപ്പോലെ അവര്‍ക്ക് പരിശീലനവും അവസരങ്ങളും നല്കാനും ശ്രമിക്കും.

പഠനത്തില്‍ സമര്‍ത്ഥനല്ലാത്ത വിദ്യാര്‍ ത്ഥി മറ്റൊരു മേഖലയില്‍ പ്രതിഭയുള്ളവനായിരിക്കും. ”കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തിനു വേണ്ടി സൃഷ്ടിച്ചു” (സുഭാഷിതങ്ങള്‍ 16/4) എന്നാണല്ലോ തിരുലിഖിതം വ്യക്തമാക്കുന്നത്. പ്രതിഭയുള്ള മേഖല കണ്ടെത്താന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇപ്രകാരം വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളുടെ സ്ഥാനത്ത് കണ്ടാല്‍ തീര്‍ച്ചയായും നല്ലൊരു അധ്യാപകന്‍/അധ്യാപിക ആകാന്‍ കഴിയും.

Share:

ഡോ. ആന്‍സി ജോസഫ്

ഡോ. ആന്‍സി ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles