ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളിലൊന്നാണ് മുംബൈയിലെ നാനേഘട്ട് വെള്ളച്ചാട്ടം. മാല്‍ഷെജ് ഘട്ട് റൂട്ടില്‍ വൈശാഖരെ ഗ്രാമത്തിനടുത്താണിത്. അതിമനോഹരമായ കാഴ്ച, പ്രകൃതിയുടെ സ്വാഭാവികനിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന അപൂര്‍വത! വെള്ളം എത്ര ശക്തിയോടെ മുകളിലേക്ക് എറിഞ്ഞാലും ഗുരുത്വാകര്‍ഷണംമൂലം താഴേക്കാണ് പതിക്കുക. എന്നാല്‍ നാനേഘട്ട് വെള്ളച്ചാട്ടം താഴേക്കല്ല മുകളിലേക്കാണ് പോകുന്നത്. ‘റിവേഴ്സ് ഫാള്‍’ എന്നറിയപ്പെടുന്ന ഇതില്‍ വെള്ളം ഭൂമിയില്‍ പതിക്കുന്നതിനുപകരം ആകാശത്തേക്കുയരുന്ന ‘പറക്കും വെള്ളച്ചാട്ടം..!’
ഗുരുത്വാകര്‍ഷണബലവും ശാസ്ത്രവുമെല്ലാം നിസ്സഹായമാകുന്ന അസാധാരണ പ്രതിഭാസം. എന്നാല്‍ ഇതിന്റെ ലോജിക് തികച്ചും നിസാരമാണ്; കാറ്റാണ് ഇവിടുത്തെ താരം! ഇവിടെ വീശുന്ന കാറ്റിന്റെ ശക്തിയാലാണ് വെള്ളം മുകളിലേക്ക് ഉയരുന്നത്. ഭൂമിയുടെ ആകര്‍ഷണശക്തിയാല്‍ സ്വാഭാവികമായി ഭൂമിയില്‍ പതിക്കേണ്ട വെള്ളം അതിനെ അതിലംഘിക്കുന്ന കാറ്റിന്റെ ശക്തിയാല്‍ വായുവിലേക്ക് ഉയരുന്നു.
ഈ കാറ്റിനെക്കാള്‍ എത്രയോ തീവ്രമാണ് പരിശുദ്ധാത്മാവാകുന്ന കാറ്റിന്റെ ശക്തി! എങ്കില്‍, പരിശുദ്ധാത്മാവാകുന്ന കാറ്റ് നമ്മില്‍ വീശിയാല്‍, നമ്മില്‍ നിറഞ്ഞാല്‍, ലോകത്തിന്റെ സ്വാഭാവിക ആകര്ഷണങ്ങള് എത്ര ശക്തമായാലും ദൈവാത്മാവിന്റെ ശക്തിയാല്‍ നമുക്ക് അവയ്ക്ക് മുകളില്‍ ജീവിക്കാന്‍ സാധിക്കും. ”കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു… ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും”(യോഹന്നാന് 3/8) എന്ന് ഈശോ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ഈലോകത്തിന്റെ വശ്യതകളും ലഹരിപിടിപ്പിക്കുന്ന സന്തോഷങ്ങളും നമുക്കുചുറ്റും എപ്പോഴുമുണ്ട്. അവയോട് മമത തോന്നിപ്പിക്കുന്ന ചില സ്വഭാവ പ്രത്യേകതകളും ആസക്തികളും നമ്മുടെ ഉള്ളിലും ഉണ്ടാകാം. ചെറുതും വലുതുമായ തിന്മകളിലേക്ക് വലിച്ചടുപ്പിക്കുന്ന സാഹചര്യങ്ങള്‍, പാപത്തിലേക്ക് ക്ഷണിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും. ഇവയ്ക്കെല്ലാം പുറമെ, സാത്താന്റെ പ്രലോഭനങ്ങളും സഹനങ്ങളും രോഗങ്ങളും പ്രതിസന്ധികളും വരിഞ്ഞുമുറുക്കി വലിച്ചുതാഴ്ത്താന്‍ ശ്രമിക്കും.
ഈവിധമെല്ലാം ആകര്‍ഷണബലം കൂടിയാലും ദൈവാത്മാവിന്റെ നിറവ് നമ്മിലുണ്ടെങ്കില്‍ അവയ്ക്കെല്ലാം മീതെപറക്കാന് നമുക്ക് കഴിയും; വിശുദ്ധിയിലും ആദ്ധ്യാത്മികതയിലും പരിശുദ്ധാത്മാവിന്റെ ചിറകുകളില്‍ നാം പറന്നുയരും. ഒരു വീട്ടമ്മയെ അറിയാം. അവരുടെ ഭര്‍ത്താവ് മദ്യപാനിയും ദുര്മാര്ഗിയുമാണ്. നിരന്തരം പീഡനങ്ങളും ഭര്ത്താവിനൊപ്പമെത്തുന്നവരുടെ സഭ്യമല്ലാത്ത പെരുമാറ്റങ്ങളും. ഏതുവിധവും ജീവിതം ദുസ്സഹംതന്നെ. എങ്കിലും ഇവയൊന്നും സ്വാധീനിക്കാത്തവിധം അവരുടെ ഉള്ളില്‍ ഒരു ആനന്ദമുണ്ട്. കാരണമന്വേഷിച്ചപ്പോള്‍, പറഞ്ഞത് ഒരു രഹസ്യമാണ്.
കരിസ്മാറ്റിക് ധ്യാനം കൂടിയപ്പോള്‍ മുതല്‍ എന്റെ പ്രാര്‍ത്ഥന: ‘പ്രിയ പരിശുദ്ധാത്മാവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. അവിടുന്ന് എന്നില്‍ നിറയണമേ.’ ഇത് വായു ശ്വസിക്കുന്നതുപോലെ എപ്പോഴും പ്രാര്‍ത്ഥിക്കും. പരിശുദ്ധാത്മാവാണ് എന്നെ ഇങ്ങനെ ജീവിക്കാന്‍ സഹായിക്കുന്നത്. സഹനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഒരു കുറവുമില്ല. എങ്കിലും എനിക്ക് സന്തോഷമാണ്.’ ഈലോകത്തിന്റെ എല്ലാ നെഗറ്റീവുകള്‍ക്കും മുകളില്‍ പരിശുദ്ധാത്മാവിനൊപ്പം അവര്‍ ജീവിക്കുന്നു.
ഈശോ ഗബ്രിയേലെ ബോസിസ് എന്ന മിസ്റ്റിക്കിനോട് പറയുന്നു: ‘നീ എപ്പോഴും ആനന്ദിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് നിന്നെ മുഴുവന്‍ എനിക്ക് തരിക. അപ്പോള്‍ നീ സ്വര്‍ഗീയ ആനന്ദത്താല്‍ ഗുരുത്വാകര്ഷണത്തിന് അതീതമായി പാറിപ്പറക്കും.’
പുതിയ പെന്തക്കുസ്തായ്ക്കായ് നമുക്കും പ്രാര്‍ത്ഥിക്കാം:
പ്രിയ പരിശുദ്ധാത്മാവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, അങ്ങ് എന്നില്‍ നിറയണമേ, ലൗകിക ആകര്‍ഷണങ്ങള്‍ക്ക് മുകളില്‍ ദൈവികാനന്ദത്തില്‍ ജീവിക്കാന്‍ എന്നെ സഹായിക്കണമേ, ആമ്മേന്‍.