സമയം ഏതാണ്ട് പാതിരാത്രിയായിട്ടുണ്ട്. നല്ല ഉറക്കം, എന്നുവച്ചാല്‍ ഗാഢനിദ്ര..! വെറും നിലത്ത്, നല്ല തണുപ്പത്ത് പുതപ്പുപോലുമില്ലാതെ കിടന്നതിനാല്‍ വളരെ കഷ്ടപ്പെട്ടു ഒന്നുറങ്ങാന്‍. അപ്പോഴതാ ആരോ തട്ടിവിളിക്കുന്നു. ഇതാരപ്പാ, ഈ പാതിരാത്രിയില്‍, ഒന്നുറങ്ങാനും സമ്മതിക്കാതെ, എന്നു ചിന്തിക്കുംമുമ്പേ വന്നു ആജ്ഞ: ‘വേഗം എഴുന്നേല്‍ക്ക്..’ അറിയാതെ എഴുന്നേറ്റുപോയി. ‘വേഗം എന്റെ കൂടെ വാ..’ സ്വപ്നത്തിലെന്നപോല അയാളെ അനുസരിച്ചു. തികച്ചും നാടകീയ സംഭവങ്ങള്‍..!
കൈകള്‍ ബന്ധിക്കപ്പെട്ട്, ജയിലില്‍ കാവല്ക്കാരുടെ നടുവില്‍ കിടന്നുറങ്ങിയ പീറ്ററിന്റെ കയ്യിലെ ചങ്ങലകള്‍ തനിയെ ഊരിവീണു. ആയുധങ്ങളേന്തിയ കാവല്ഭടന്മാരുണ്ടായിരുന്നെങ്കിലും ഒരു തടസവുമില്ലാതെ നഗര കവാടത്തിലെത്തി. ആ ഇരുമ്പുഗെയ്റ്റാകട്ടെ, സ്വയം അവര്‍ക്കുവേണ്ടി തുറന്നു. അവിശ്വസനീയമായ ഒരു രക്ഷപ്പെടലാണ് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 12/6-11-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അര്‍ദ്ധരാത്രിയില്‍, ഒന്നും അറിയാതെ ഉറങ്ങുമ്പോഴാണ് പീറ്ററിനോട് വേഗം എഴുന്നേല്ക്കാന് ദൈവദൂതന് ആവശ്യപ്പെടുന്നത്. നല്ല ഉറക്കത്തിന്റെ ആ സമയത്ത്, ഒന്നുകൂടെ മയങ്ങാന്‍ തിരിഞ്ഞുകിടന്ന് ഉറങ്ങിയിരുന്നെങ്കില്‍ അദേഹത്തിന് തടവറയില്‍ നിന്നോ പിറ്റേന്നത്തെ വധശിക്ഷയില്നിന്നോ രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു. ദൂതന് വിളിച്ച ഉടന്‍ എഴുന്നേറ്റ്, പറഞ്ഞതെല്ലാം അനുസരിച്ചതുകൊണ്ടാണ് അദേഹത്തിന്റെ ചങ്ങലകള്‍ അഴിഞ്ഞുവീണതും കാവല്‍സ്ഥലങ്ങളും ഇരുമ്പുഗെയ്റ്റുമെല്ലാം സുഗമമായി കടന്നുപോയതും. മറിച്ചായിരുന്നെങ്കില്‍ പീറ്ററിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.
പീറ്ററിനെപ്പോലെ ദൈവം നമ്മെയും വിളിക്കുന്നുണ്ട്. അപ്പോള്‍ നാം ഏതവസ്ഥയിലായിരുന്നാലും വേഗം എഴുന്നേറ്റ് അവിടുത്തെ അനുസരിക്കാന്‍ സന്നദ്ധരായാല്‍ അവിശ്വസനീയമായ കാര്യങ്ങള്‍ അവിടുന്ന് നമുക്കുവേണ്ടി ചെയ്യും. ശത്രുവിന്റെ തടവറയില്‍നിന്നും രക്ഷിച്ച്, സൈന്യത്തിന്റെയും ആയുധങ്ങളുടെയും നടുവിലൂടെ സുരക്ഷിതമായി സ്വാതന്ത്ര്യത്തിലേക്ക് അവിടുന്ന് നയിക്കും.
സുഖമായി ഉറങ്ങുമ്പോഴായിരിക്കാം ചിലപ്പോള്‍ ദൈവം വിളിക്കുക. കളിക്കുമ്പോള്‍, ഭക്ഷിക്കുമ്പോള്‍, സുഹൃത്തുക്കള്‍ക്കിടയില്‍നിന്ന്, ഇന്റര്‍നെറ്റില്‍ സ്ക്രോള്‍ ചെയ്യുമ്പോള്‍, യാത്രയ്ക്കിടയിലുമൊക്കെ ദൈവം വിളിച്ചേക്കാം. അവിടുത്തെ വിളിക്ക് ഉന്നതമായ ലക്ഷ്യങ്ങളുണ്ട്. ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാനാകാം. പുതിയ ദൗത്യങ്ങള്‍ ഏല്പിക്കാന്, ദൈവികരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍, സ്വര്‍ഗീയ ജ്ഞാനം പകരാന്‍, പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍,
ആത്മാക്കളുടെ രക്ഷയുടെ ഉപകരണമാക്കാന്‍, വ്യത്യസ്ത മാര്‍ഗങ്ങളിലേക്ക് നയിക്കാനുമൊക്കെ ഏതവസ്ഥയിലും അവിടുന്ന് നമ്മെ തട്ടിവിളിച്ചേക്കാം.
പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കാന്‍, ബിസിനസിന്റെ, ജോലിയുടെ, വിദ്യാഭ്യാസത്തിന്റെ തടസങ്ങള്‍ നീക്കാന്‍, നമ്മുടെ പാപബന്ധനങ്ങളില്‍നിന്ന്, തകര്‍ച്ചകളില്‍നിന്ന് സ്വതന്ത്രരാക്കാന്‍, അവിടുത്തെ മഹത്വം പകരാനുമെല്ലാം അവിടുന്ന് വിളിക്കും. അതിനാല്‍ ദൈവം വിളിക്കുന്ന ഉടന്‍ പ്രത്യുത്തരിക്കാന്‍ ശ്രദ്ധയുള്ളവരാകാം.
”ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യ 60/1). ‘അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടിയാലും കര്‍ത്താവ് നിന്റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും’ (ഏശയ്യ 60/2).
കര്‍ത്താവേ, അവിടുന്ന് വിളിക്കുമ്പോള്‍ത്തന്നെ സംശയിക്കാതെ പ്രത്യുത്തരിക്കാനും ചോദ്യംചെയ്യാതെ അങ്ങയെ
അനുസരിക്കാനും സഹായിക്കണമേ, ആമ്മേന്‍.