ഈലോകത്തിനപ്പുറം ദൈവത്തോടൊപ്പം വസിക്കുന്നതിന് ഒരുക്കത്തോടെ ജീവിച്ച പുണ്യചരിതനാണ് മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍. അതിനാല്‍ത്തന്നെ ജീവിച്ചിരിക്കെ അദ്ദേഹം സ്വന്തം കബറിടവും പണികഴിപ്പിച്ചു. സ്വന്തം കല്ലറനോക്കി നിത്യതയെ ധ്യാനിക്കുന്നത് അദ്ദേഹത്തിന്‍റെ പതിവായിരുന്നു.
എത്രസമയം ഈ ഭൂമിയില്‍ ലഭിക്കുമെന്ന് അറിയില്ല, അതിനാല്‍ ഒട്ടും സമയം കളയാതെ കഠിനമായി അദ്ധ്വാനിക്കണമെന്നും എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നും വര്‍ക്കിയച്ചന്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കും. ‘പാപത്തില്‍ നിപതിക്കാതെ ഒരുക്കത്തോടെ ജീവിക്കാന്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണമെന്ന്’ പ്രഭാഷകനും 7/36-ല്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
രണ്ടുപ്രാവശ്യം മരണത്തില്‍നിന്ന് രക്ഷപ്പെട്ട അമ്മ രണ്ടു വ്യത്യസ്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ചെറിയ പ്രമേഹമൊഴികെ, ആരോഗ്യവതിയായിരുന്ന അമ്മയ്ക്ക് പെട്ടെന്നൊരു ശാരീരിക അസ്വാസ്ഥ്യം. ജീവന്‍ പിരിയുന്നതുകണ്ട മക്കള്‍ നിലവിളിച്ചു പ്രാര്‍ത്ഥിച്ചു, കഷ്ടിച്ച് മരണത്തില്‍നിന്ന് രക്ഷപെട്ടു. ഉടനെ വൈദികനെത്തി വിശുദ്ധ കുമ്പസാരവും ദിവ്യകാരുണ്യവും രോഗീലേപനവുമെല്ലാം നല്കി. അപ്പോള്‍ത്തന്നെ ഉന്‍മേഷവതിയായി അമ്മ പറഞ്ഞു:
‘ഹാവൂ… ഇപ്പോഴാണ് ഒരു വെളിച്ചം കിട്ടുന്നത്. ഇത്രയും നേരം ഞാന്‍ വലിയ അന്ധകാരത്തിലായിരുന്നു. കൂരിരുട്ടിലേക്കാണ് താഴ്ന്നുതാഴ്ന്ന് പോയത്.’ കോവിഡ്കാലത്തെ ലോക്ഡൗണ്‍ മൂലം ഒരു വര്‍ഷത്തോളമായിരുന്നു അമ്മ കുമ്പസാരിച്ചിട്ടും വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടും.
പിന്നീട് നിര്‍ബന്ധബുദ്ധ്യാ കൂടെക്കൂടെ വിശുദ്ധ കൂദാശകള്‍ സ്വീകരിച്ചു. അങ്ങനെയിരിക്കെ വീണ്ടും ഹൃദയാഘാതമായി മരണമെത്തിയെങ്കിലും അമ്മ അത്ഭുതകരമായി തിരിച്ചെത്തി. ഇത്തവണ മരണം തൊട്ടപ്പോള്‍ വലിയ പ്രകാശത്തിലേക്ക് പോകുന്നതായി അനുഭവപ്പെട്ടെന്നാണ് അമ്മ പറഞ്ഞത്.
ഒരു വ്യക്തിയുടെതന്നെ രണ്ടു വ്യത്യസ്ത മരണാനുഭവങ്ങളാണിവ. ഒരുക്കമില്ലാത്ത മരണാവസ്ഥയും പരിശുദ്ധ കൂദാശകള്‍ സ്വീകരിച്ച് ദൈവത്തോട് ഐക്യത്തിലായിരുന്നപ്പോഴുള്ള മരണാനുഭവവും. ബാഹ്യമായ സാഹചര്യങ്ങള്‍ ഏതുമായിക്കൊള്ളട്ടെ, നാം എല്ലായ്‌പ്പോഴും നിത്യതയിലേക്ക് യാത്രയാകാന്‍ തയ്യാറായിരിക്കേണ്ടതുണ്ട് എന്ന് ഈ രണ്ടനുഭവങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
എന്നാല്‍ കൂദാശകള്‍ സ്വീകരിച്ച്, സദാ ഒരുക്കമുള്ളവരായി ജീവിക്കുക മാനുഷികമായി അത്ര എളുപ്പമല്ല. അതിനാല്‍ ഈശോതന്നെ ഒരു സുഗമമാര്‍ഗം വെളിപ്പെടുത്തിയിട്ടുണ്ട്. അത് അവിടുത്തെ തിരുഹൃദയത്തോടുള്ള സ്‌നേഹത്തിലും ഭക്തിയിലും ജീവിക്കുക എന്നതാണ്.
ഈശോയുടെ തിരുഹൃദയ
ഭക്തിയില്‍ ജീവിക്കുന്നവര്‍
വിശുദ്ധ കൂദാശകള്‍
സ്വീകരിക്കാതെ മരിക്കുകയില്ലെന്നാണ് അവിടുത്തെ വാഗ്ദാനം. ‘തുടര്‍ച്ചയായി ഒമ്പത് ആദ്യവെള്ളിയാഴ്ചകളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനംവരെ നിലനില്പിനും അന്തിമനിമിഷം
അനുതപിക്കാനുമുള്ള വരം ഞാന്‍ നല്കും. വിശുദ്ധ കൂദാശകള്‍
സ്വീകരിക്കാതെയോ എന്‍റെ
അനുഗ്രഹം കൂടാതെയോ അവര്‍
മരിക്കുകയില്ല. അവരുടെ മരണ
സമയത്ത് എന്‍റെ ഹൃദയത്തില്‍ ഞാന്‍ അവര്‍ക്ക് അഭയം നല്കും.’
അതായത് ഈ ലോകത്ത് നാം ഈശോയെ നമ്മുടെ ഹൃദയത്തില്‍ സ്വീകരിച്ചാല്‍ മരണനേരത്ത്
അവിടുന്ന് നമ്മെ അവിടുത്തെ
തിരുഹൃദയത്തില്‍ സ്വീകരിക്കും.
”അവന്‍ സ്‌നേഹത്തില്‍ എന്നോട്
ഒട്ടിനില്ക്കുന്നതിനാല്‍ ഞാന്‍
അവനെ രക്ഷിക്കും”
(സങ്കീര്‍ത്തനങ്ങള്‍ 91/14).
കര്‍ത്താവേ, നിത്യവും അങ്ങയുടെ തിരുഹൃദയത്തോട് ഒട്ടിനിന്ന് മരണനേരത്ത് ഒരുക്കത്തോടെ അങ്ങയുടെ രാജ്യത്തിലെത്താന്‍ കൃപയേകണമേ, ആമ്മേന്‍.