ഒരു കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ട സഹോദരന്മാര്‍ പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില്‍ പിതാവിനെ ക്കൊണ്ടുവരണം; പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇരുവരും വിഷണ്ണരായി. എന്തായിരിക്കും അപ്പന്റെ പ്രതികരണം..? ഓര്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നു. ഒരുവന്‍ പറഞ്ഞു, ‘നമ്മള്‍ പറയാതെതന്നെ അപ്പന്‍ എല്ലാം അറിഞ്ഞിട്ടുണ്ടാവും. അപ്പന്റെ കണ്ണില്‍പ്പെടാതെ നോക്കാം.’ അവന്‍ അപ്പനെ ഭയന്ന് ഒളിച്ചുനടന്നു. മറ്റെയാള്‍ ഏറെ വിഷമിച്ചും സന്ദേഹിച്ചും അപ്പനോട് എല്ലാം പറഞ്ഞു, ക്ഷമ ചോദിച്ചു. പിതാവിന് സങ്കടവും ദേഷ്യവും സഹിക്കാന്‍ കഴിഞ്ഞില്ല.
എങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. എന്നാല്‍ മകന്റെ അടുത്ത വാചകത്തില്‍ അദ്ദേഹം തോറ്റുപോയി.
‘ഡാഡീ, എന്നെ ശിക്ഷിക്കണം… പ്ലീസ്, കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍കൊണ്ട് അങ്ങ് എന്നെ ശിക്ഷിക്കണേ…’
പിതാവിന് ചിരിക്കണോ കരയണോ എന്നറിയാതെയായി. അദേഹം സ്‌നേഹവായ്‌പോടെ മകനെ ആലിംഗനം ചെയ്തു ചുംബിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞു… ഈശോ, ലൂക്കാ 15/20-ല്‍, പരിചയപ്പെടുത്തുന്ന സ്വര്‍ഗീയ പിതാവിന്റെ ഹൃദയം ഈ പിതാവിനെക്കാള്‍ എത്രയധികം സ്‌നേഹവും കരുണയും വാത്സല്യവും കവിയുന്നതാണ്…! ”ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു.”
വിശുദ്ധ കൊച്ചുത്രേസ്യ, ചുംബനംകൊണ്ട് ‘ശിക്ഷിച്ച’ പിതാവിനെ ഉദാഹരിച്ച്, ദൈവപിതാവിന്റെ അളവില്ലാത്ത സ്‌നേഹത്തിലും കാരുണ്യത്തിലും ആത്മവിശ്വാസമുള്ളവരായിരിക്കണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
ശിക്ഷിക്കലാണ് ദൈവത്തിന്റെ ജോലിയെന്ന മുന്‍വിധിയോടെ അവിടുത്തെ മുമ്പില്‍ നിന്നും ഓടിയൊളിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത്, അവിടുത്തെ സ്‌നേഹവും ക്ഷമയും വാത്സല്യവും ആലിംഗനവും ചുംബനവുമെല്ലാമാണ്. മാത്രമല്ല, ഭയത്തിന്റെ അന്ധകാരത്തിലേക്ക് ശത്രു നമ്മെ വലിച്ചിഴച്ച് ജീവിതവും ജീവനും നശിപ്പിക്കുകയും ചെയ്യും.
ആദത്തെയും ഹവ്വായെയും സാത്താന്‍ ചതിച്ചത്, ദൈവം ശിക്ഷിക്കും എന്നു ഭയപ്പെടുത്തിയാണ്. എന്നാല്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതുപോലെ സ്‌നേഹിച്ചുകൊണ്ട് പതിവുപോലെ അവരോടൊപ്പം നടക്കാനെത്തിയ ദൈവത്തിന്റെ സ്‌നേഹം, ശത്രു ഒരുക്കിയ ഭയത്തിന്റെ മറവില്‍ അവര്‍ കണ്ടില്ല. തിന്മയുടെ ആ ഭയപ്പെടുത്തല്‍ തന്ത്രത്തില്‍ കുടുങ്ങിയാണ് മനുഷ്യന്‍ ഇന്നും ദൈവത്തില്‍ നിന്ന് അകലുന്നത്. ഏതു വലിയ തെറ്റുചെയ്താലും എത്ര തവണ വീണാലും ദൈവത്തിന്റെ സ്‌നേഹത്തെയും കരുണയെയും സംശയിക്കാതെ അവിടുത്തെ മടിയിലേക്ക് ഓടിച്ചെല്ലണം; ചുംബനംകൊണ്ട് എന്നെ ശിക്ഷിക്കണമേ എന്ന് പറയണം. അപ്പോള്‍ അവിടുത്തെ പിതൃവാത്സല്യക്കടലില്‍ നമ്മുടെ തെറ്റുകളെല്ലാം അലിഞ്ഞു മറയും.
പ്രാര്‍ത്ഥിക്കാം:
സ്‌നേഹപിതാവേ, എത്ര തെറ്റുചെയ്താലും അങ്ങയുടെ സ്‌നേഹത്തെ സംശയിക്കാതെ, അവിടുത്തെ പക്കലേക്ക് ഓടിവരാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്കണമേ, ആമ്മേന്‍.