- Latest articles
മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു…
നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.
അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന് ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു.
ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു.
വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ.
“സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം” ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല.
മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്റെ മുന്‍പേജിലെ വചനം ഇതായിരുന്നു: “ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി.
“ഈ വചനം നമുക്ക് ഉള്ളതാണ്!” ഞാന്‍ ഭാര്യയോട് പറഞ്ഞു.
അതുകേട്ട് അവള് മറുപടി നല്കി, “ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്.”
പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു.
കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.”
'ക്രിസ്മസിനായി എങ്ങനെ ഒരുങ്ങണമെന്ന് പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിച്ചു. ഉണ്ണീശോയെക്കൂടാതെ പരിശുദ്ധ അമ്മ കാണപ്പെട്ട് എന്നോട് പറഞ്ഞു, “എന്റെ മകളേ, നിന്റെ ഹൃദയത്തില്‍ വസിക്കുന്ന ഈശോയ്ക്ക് എപ്പോഴും വിശ്രമിക്കാന്‍ സാധിക്കത്തക്കവിധം നിശബ്ദതയിലും എളിമയിലും നീ ജീവിക്കണം. നിന്റെ ഹൃദയത്തില്‍ നീ അവനെ ആരാധിക്കണം. നിന്റെ ആന്തരികതയില്‍നിന്ന് നീ ഒരിക്കലും പുറത്തുപോകരുത്. എന്റെ മകളേ, നിന്റെ ഉത്തരവാദിത്വങ്ങള്‍ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുമ്പോഴും ആന്തരികതക്ക് ഭംഗം വരാതിരിക്കാനുള്ള കൃപാവരം ഞാന്‍ നിനക്കായി നേടിത്തരാം. നീ നിന്റെ ഹൃദയത്തില്‍ എപ്പോഴും അവനോടൊന്നിച്ച് വസിക്കണം. അവനാണ് നിന്റെ ശക്തി…”
'തിരഞ്ഞെടുക്കപ്പെട്ടവര്‍ മറിയത്തെ തങ്ങളുടെ മാതാവും ഗുരുനാഥയുമായി ബഹുമാനിക്കുന്നു, ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നു. അവള്‍ക്ക് പ്രീതികരമെന്ന് വിചാരിക്കുന്നത് എന്തും അവര്‍ തീക്ഷ്ണതയോടെ ചെയ്യുന്നു. മറിയം പാപത്തോടും, തന്നോട് തന്നെയും മരിക്കാന്‍ (തന്നിഷ്ടത്തെ കീഴടക്കാന്‍) സഹായിക്കുന്നതിന് അവള് അവരുടെ പാപങ്ങള്‍ ആകുന്ന ചര്‍മവും സ്വാര്‍ത്ഥസ്നേഹവും ഉരിഞ്ഞെടുക്കുന്നു.
അങ്ങനെ, തന്നോടുതന്നെ മരിച്ചവരെമാത്രം സ്വന്തം ശിഷ്യരും സ്നേഹിതരുമായി സ്വീകരിക്കുന്ന യേശുവിനെ തൃപ്തിപ്പെടുത്താന്‍ അവള് അവരെ പ്രാപ്തരാക്കുന്നു. സ്വര്‍ഗീയ പിതാവിന്റെ അഭിരുചിക്കും ഉപരിമഹത്വത്തിനും അനുയോജ്യമാംവിധം അവരെ ഒരുക്കുക; അത് മറിയത്തിനാണ് മറ്റാരെക്കാള്‍ കൂടുതല്‍ അറിയാവുന്നത്.
'മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ശാലോം വായനക്കാര്‍ക്ക് നല്കുന്ന ഈസ്റ്റര്‍ സന്ദേശം
നാം ഒരു വീട് പണിയുകയാണെങ്കില്‍ അതിനായി ഒരു പ്ലാന്‍ തയാറാക്കും. നമ്മുടെ ഇഷ്ടമനുസരിച്ചാണ് അത് തയാറാക്കുന്നത്, അതുപ്രകാരമായിരിക്കും വീട് പണിയുന്നത്. ആ പ്ലാനനുസരിച്ച് മുഴുവന്‍ പണിയുമ്പോഴേ വീടുപണി പൂര്‍ത്തിയാവുന്നുള്ളൂ. അതുപോലെതന്നെ ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ആ പ്ലാനില്‍ സുഖവും ദുഃഖവും കഷ്ടപ്പാടും രോഗവുമെല്ലാം ഉണ്ട്. അതിനനുസരിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ പദ്ധതി പൂര്‍ത്തിയാകുന്നത്. പകുതിവച്ച് ഉപേക്ഷിച്ചുപോയാല്‍ ആ പദ്ധതി പൂര്‍ത്തിയാവുകയില്ല. ഒരു പ്രതീക്ഷയും ഇല്ലാത്തപ്പോഴും ദൈവത്തിന് ഒരു വഴിയുണ്ടെന്നും അതിലേക്ക് ദൈവം നമ്മെ എത്തിക്കുമെന്നും വിശ്വസിക്കണം. ധൈര്യമായി മുന്നോട്ടു
പോകണം, അപ്പോഴാണ് ക്രിസ്തുവിന്റെ ഉത്ഥാന അനുഭവത്തിലേക്കും ആനന്ദത്തിലേക്കും നാം പ്രവേശിക്കുക.
നമ്മുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും വേദനകളുമെല്ലാം പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. എന്നാല്‍ ക്രിസ്തുവിനോടുകൂടെ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവിടുത്തെ ഉത്ഥാനാനുഭവവും സ്വന്തമാക്കാന്‍ സാധിക്കും. ക്രിസ്തുവില്‍ മരിച്ചവനാണ് ക്രിസ്തുവില്‍ ഉത്ഥാനം ചെയ്യുന്നത് എന്നോര്‍ക്കുക. ക്രിസ്തു മരിച്ചിട്ടാണ് ഉത്ഥാനം ചെയ്തത്. മരിക്കാതെയുള്ള ഒരു വഴി ക്രിസ്തുവിന് തിരഞ്ഞെടുക്കാമായിരുന്നില്ലേ? എന്നാല്‍ ഇതാണ് തന്റെ പിതാവിന്റെ പദ്ധതി എന്നറിഞ്ഞ് അത് ഏറ്റെടുത്തു. ”പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!” (ലൂക്കാ 22/42) എന്നാണ് അവിടുന്ന് പ്രാര്‍ത്ഥിച്ചത്. നാമും ഇത്തരത്തില്‍ ദൈവഹിതമനുസരിച്ച് ക്രിസ്തുവിനോട് ചേര്‍ന്ന് മരിക്കാതെ ഉത്ഥാനാനുഭവം
പ്രതീക്ഷിക്കാനാവില്ല.
ക്രൈസ്തവരുടെ ആദ്യത്തെ ആഘോഷമാണ് ഈസ്റ്റര്‍. ഉത്ഥാനം എന്നാല്‍ വലിയ സന്തോഷമാണ്. പക്ഷേ ഓര്‍ക്കണം അത് സഹിക്കുന്നവര്‍ക്കുള്ള സന്തോഷമാണ്. സഹനങ്ങള്‍ ഇല്ലാത്തിടത്ത് ഉത്ഥാനവും ഇല്ല. ഇന്ന് സഹനങ്ങളില്ലാത്ത ഉത്ഥാനത്തെക്കുറിച്ചാണ് നാമെല്ലാം ചിന്തിക്കുന്നത്. പക്ഷേ സഹനങ്ങളുടെ മുദ്ര പേറുന്നതാണ് ഉയിര്‍പ്പിന്റെ ലക്ഷണം. അതിനാല്‍ ഉയിര്‍പ്പ് സഹനങ്ങളുടെ വഴിയിലൂടെയുള്ള യാത്രയാണെന്ന് തിരിച്ചറിയാന്‍ പ്രാര്‍ത്ഥിക്കാം.
വ്യക്തിപരമായ ഈസ്റ്റര്‍ അനുഭവം
ഈസ്റ്റര്‍സമയങ്ങളില്‍ ഞാന്‍ എപ്പോഴും രോഗികളെ കാണാന്‍ പോകും. രോഗികളും സഹിക്കുന്നവരുമായവരെ സന്ദര്‍ശിക്കുന്നതാണ് വ്യക്തിപരമായ എന്റെ ഈസ്റ്റര്‍ അനുഭവം. മിഷന് പ്രദേശത്തുനിന്ന് കേരളത്തിലെത്തുമ്പോഴാണ് കൂടുതലായും രോഗികളായി സഹിക്കുന്നവരെ സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. അവരോട് ഞാന്‍ പറയാറുള്ളത് നിങ്ങള്‍ ഈസ്റ്ററിന്റെ അടയാളങ്ങളാണെന്നാണ്.
കര്‍ത്താവ് മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുമെന്ന് ശിഷ്യന്മാര്പോലും കരുതിയിരുന്നില്ല. അതിനാല്‍ത്തന്നെ അവന് ഉത്ഥാനം ചെയ്തു എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല. പക്ഷേ ഉത്ഥാനം ചെയ്ത കര്‍ത്താവിനെ അവര്‍ കണ്ടുകഴിഞ്ഞപ്പോള്‍, അത് കര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ മുറിവുകള്‍ നോക്കിയിട്ടാണ്. ”…അവന് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര് സന്തോഷിച്ചു” (യോഹന്നാന് 20/20). അതുകൊണ്ടാണ് പറയുന്നത് മുറിവുകള്‍ ഉത്ഥാനത്തിന്റെ അടയാളങ്ങളാണ് എന്ന്. ഉയിര്‍പ്പിന്റെ സന്തോഷത്തിന്റെ രഹസ്യം പേറുന്ന തിരുമുറിവുകള്‍…
കര്‍ത്താവിന്റെ തിരുവിലാവ് കാണണമെന്ന് തോമാശ്ലീഹാ ആവശ്യപ്പെട്ടപ്പോള്‍ ആ ആവശ്യം കര്‍ത്താവ് നിഷേധിച്ചില്ല. തന്റെ തിരുവിലാവ് കാണിച്ചുകൊടുക്കാന്‍ തിരുമനസായി. തന്റെ തിരുവിലാവിലെ ഉണങ്ങാത്ത മുറിവാണ് അവിടുന്ന് കാണിച്ചുകൊടുത്തത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും പറയട്ടെ, നിങ്ങളുടെ ഉണങ്ങാത്ത മുറിവുകളെല്ലാം ഈസ്റ്ററിന്റെ അടയാളങ്ങളാണ്. അതിനാല്‍ ഒരിക്കലും നിരാശപ്പെടരുതേ… പ്രത്യാശയോടുകൂടി ദൈവത്തിങ്കലേക്ക് നോക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍..!
രാവിലെ ജോലിക്കു പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സംസാരിച്ചു സമയം പോകും. ആരാണെന്നു നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്തു. ഒരു വൈദികനാണ്. എന്തായാലും കോള്‍ അറ്റന്‍ഡ് ചെയ്തു. ”ചേച്ചി ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായിരിക്കും അല്ലേ, ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് വിളിച്ചത്.”
രണ്ടു മിനിറ്റില്‍ അദ്ദേഹം പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞു. പ്രശ്നം ഇപ്രകാരമായിരുന്നു, അദ്ദേഹം വികാരിയായിരിക്കുന്ന ദൈവാലയത്തിലേക്കുള്ള വഴി മണ്ണിട്ട റോഡ് ആണ്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് റോഡ് കുഴിച്ചു പൈപ്പ് ഇറക്കാന്‍ പോവുകയാണ്. അതു വഴി പരിസരവാസികളായ പലര്‍ക്കും കുടിവെള്ള പരിഹാരം ഉണ്ടാകും. പക്ഷേ മഴയുടെ സമയമാണ്. റോഡില്‍ ചെളിയും മറ്റുമായി യാത്ര ദുസ്സഹമാകും. ഇടവക ജനങ്ങള്‍ക്കിടയിലും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. പഞ്ചായത്തുകാരോട് എന്ത് മറുപടി പറയണം എന്ന് അറിയില്ല. ജനങ്ങളുടെ കുടിവെള്ളം തടയാനും കഴിയില്ല. ഒപ്പം ഇടവകജനത്തിന് ഉണ്ടാകുന്ന യാത്രാക്ലേശവും ഗൗനിക്കാതെ വയ്യ. എന്ത് ചെയ്യണം എന്ന് അറിയില്ല. കുറച്ചു സമയത്തിനുള്ളില്‍ അവര്‍ക്കു മറുപടി കൊടുക്കണം. ഇതൊരു തര്‍ക്കത്തില്‍ പോകാത്തവിധം ഈശോ പരിഹരിച്ചാല്‍ മതി.
എനിക്ക് ജോലിക്കു പോകാന്‍ ഇറങ്ങേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മുറിയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയ രൂപത്തിലേക്ക് നോക്കി ഞാന്‍ ചോദിച്ചു, ”ഈശോയേ എന്തു ചെയ്യണം?” ഈശോ മറുപടി നല്കി., ”എന്നെ ആ സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ പറയുക.” അച്ചനോട് ഈശോയുടെ മറുപടി അറിയിച്ചു, ”ദിവ്യകാരുണ്യ ഈശോയെ എടുത്തു കൊണ്ട് വഴിയിലൂടെ നടന്ന് ഈശോയെ ആ സ്ഥലം കാണിക്കുക. ബാക്കി ഈശോ ചെയ്തുകൊള്ളും.”
ഇത്രയും പറഞ്ഞു ഞാന്‍ ഫോണ്‍ സംഭാഷണം നിര്‍ത്തി ഇറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അച്ചന്റെ വാട്സാപ്പ് സന്ദേശം ലഭിച്ചു. ”ചേച്ചീ, ഈശോ ഭയങ്കര സംഭവമാണ് കേട്ടോ. ഈശോയുടെ മറുപടി കേട്ട ഉടനെ ഞാന്‍ ദിവ്യകാരുണ്യ ഈശോയെ എടുത്തു വഴിയെല്ലാം കാണിച്ചു കൊടുത്തു. പത്തു മിനിറ്റില്‍ തിരിച്ചു വന്നു. ഈശോയെ സക്രാരിയില്‍ എടുത്തു വച്ചു. അല്പസമയത്തിനുള്ളില് പഞ്ചായത്തു പ്രസിഡന്റ് ഫോണില്‍ വിളിച്ചു.
അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. കുടിവെള്ളത്തിന്റെ പൈപ്പ് ഇറക്കുന്നതിനായി റോഡ് കുഴിക്കുന്നതു മൂലം വഴിയില്‍ ചെളിയുണ്ടാവുകയും തന്മൂലം യാത്രക്ക് അസൗകര്യമുണ്ടാവുകയും ചെയ്യുന്നതിനാല്‍ അവ ഒഴിവാക്കും വിധം പഞ്ചായത്തു തന്നെ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കാം.
അങ്ങനെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ഈശോ പ്രശ്നം പരിഹരിച്ചു. ദൈവാലയത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയായിരുന്നിട്ടുകൂടി എല്ലാം പഞ്ചായത്ത് നേതൃത്വം എടുത്ത് ചെയ്തു നല്കി. സുവിശേഷങ്ങളില്‍ കാണുന്ന യേശു കൂടുതല്‍ സമയവും യാത്ര ചെയ്തിരുന്ന ആളായിരുന്നു. ഈശോക്ക് യാത്ര ഒരുപാട് ഇഷ്ടമാണെന്നു തോന്നിയിട്ടുണ്ട്. ഒരു ആത്മാവിനുവേണ്ടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ ഈശോ തയ്യാറായിരുന്നു എന്നതിന്റെ തെളിവാണല്ലോ സമരിയക്കാരി സ്ത്രീയുമായുള്ള ഈശോയുടെ കണ്ടുമുട്ടല്‍.
നമ്മുടെയൊക്കെ ഭവനങ്ങളില്‍ ഒരു സ്ഥലത്തു ഈശോയെ പ്രതിഷ്ഠിച്ചു വച്ചിട്ടുള്ളതല്ലാതെ എപ്പോഴെങ്കിലും നമ്മള് ഈശോയെ ഒരു ഹോം ടൂറിനു ക്ഷണിച്ചിട്ടുണ്ടോ? വലിയ ഭവനങ്ങളും ഓഫീസുകളും ഒക്കെ പണിതുയര്‍ത്തിയിട്ട് ഈശോയുടെ സ്ഥാനം ഏതോ ഒരു മൂലയില്‍ ഒതുങ്ങിപ്പോയോ?
ഇതുവരെയും ഈശോയ്ക്കൊപ്പം ഒരു ഹോം ടൂര്‍ നടത്തിയിട്ടില്ലെങ്കില്‍ ഈ വര്‍ഷത്തിന്റെ ആരംഭമാസങ്ങളില് ഈശോയ്ക്ക് കൊടുക്കുന്ന ഒരു മനോഹരമായ സമ്മാനം ആകട്ടെ നമ്മുടെ ഭവനത്തിന്റെ ഹോം ടൂര്‍. വീട്ടിലുള്ള ഒരു കുരിശുരൂപം കയ്യിലെടുത്തുകൊണ്ട് വീടിന്റെ അകവും പുറവും എല്ലാം ഈശോയെ കൊണ്ടുനടന്നു കാണിക്കണം. ഒരു പക്ഷേ അതിര്‍ത്തി തര്‍ക്കങ്ങള്‍, വസ്തു വില്പന തടസ്സം, ക്ഷുദ്രജീവികളുടെ ആക്രമണങ്ങള്‍, വീടിന്റെ കേടുപാടുകള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഈശോയോടു പറയാന്‍ ഉണ്ടായിരിക്കും. എന്തുമാകട്ടെ ഈശോയെ കൊണ്ടുപോയി കാണിക്കുക.
കുടുംബത്തില്‍ കിടപ്പു രോഗികള്‍ ഉണ്ടെങ്കില്‍ അവരുടെ അടുത്ത് ഈശോയെ കൊണ്ടുപോവുക. മക്കളുടെ പഠനമുറികള്‍, അവരുടെ പുസ്തകങ്ങള്‍, കിടപ്പുമുറികള്‍ ഒന്നും ഒഴിവാക്കാതെ ഈശോയെ കാണിച്ചു കൊടുക്കുക. അവനുമാത്രം ചെയ്യാന്‍ കഴിയുന്ന പലതും ഈശോ അതിലൂടെ കണ്ടെത്തും.
കോറോണക്കാലത്തു നടന്ന ഒരു സംഭവം കൂടി പങ്കുവയ്ക്കുകയാണ്. എന്റെ രോഗാവസ്ഥ മൂലം തലമുടി ഉണക്കുന്നത് ഹെയര്‍ഡ്രയര്‍ ഉപയോഗിച്ചാണ്. പെട്ടെന്ന് ഒരു ദിവസം ഡ്രയര്‍ കേടായി. കറുത്ത നിറത്തില്‍ ചെറിയ തോതില്‍ പുക പുറത്തു വന്നു, ഉപയോഗിക്കാന്‍ ഓണ്‍ ചെയ്തപ്പോള്‍. അന്ന് തലമുടി ഉണക്കാന്‍ ബുദ്ധിമുട്ടി. പിന്നീട് രണ്ടു ദിവസം അവധിയായിരുന്നു. പുറത്തു പോയി മറ്റൊന്ന് വാങ്ങി വരിക ആ നാളുകളില്‍ ഏറെ ക്ലേശകരമായിരുന്നു ലോക്ക് ഡൗണ്‍ മൂലം. മൂന്നാം ദിവസം ഞാന്‍ ഈശോയുടെ കുരിശുരൂപം എടുത്തു കൊണ്ടു പോയി ഹെയര്‍ ഡ്രയര്‍ ഓണ്‍ ചെയ്തു കാണിച്ചു. വര്‍ക്ക് ചെയ്യുന്നില്ല .
ഈശോയോടു എന്റെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി. കുളിച്ചു വരുമ്പോഴേക്കും എന്തെങ്കിലും വഴി കാണാന്‍ ഈശോക്ക് ഒരു കൊട്ടേഷനും കൊടുത്തു. കുരിശുരൂപം ഹെയര്‍ ഡ്രയറിനടുത്തു വച്ചിട്ട് ഞാന്‍ കുളിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം ഇതൊക്കെ ഈശോയുമായുള്ള എന്റെ കുസൃതികള്‍ മാത്രമാണ്.
‘ഒന്നും ചെയ്തില്ലല്ലോ ഈശോയേ’ എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ഹെയര്‍ ഡ്രയര്‍ എടുത്തു ഓണ്‍ ചെയ്തു. ആ സെക്കന്‍ഡില്‍ അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഈശോയെ കൈകളില്‍ എടുത്തു. കെട്ടിപ്പിടിച്ചു പലതവണ ചുംബിച്ചു. ഈശോയുടെ ഹൃദയത്തിലൂടെ ഒഴുകി ഇറങ്ങിയ എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ആയിരുന്നു ഞങ്ങള്‍ക്കിടയിലെ സ്നേഹ സംഭാഷണം. ഇന്നും അതേ ഹെയര്‍ ഡ്രയര്‍ ഒരു കേടുപാടും ഇല്ലാതെ ഞാന്‍ ഉപയോഗിക്കുന്നു.
ഈശോയുടെ ഒരു പ്രത്യേക സ്വഭാവവിശേഷമാണ് ക്ഷണിക്കപ്പെടുക എന്നുള്ളത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ കൂടാരത്തിരുനാളിനു പങ്കെടുക്കാന്‍ പോയ ഈശോയെ നാം കാണുന്നു. ഈശോയെ കണ്ടിട്ടുള്ളവരും അവനില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടിയവരും അവന്റെ പ്രബോധനങ്ങള്‍ കേട്ടിട്ടുള്ളവരും ആയ പലരും തിരുനാളിന് ഉണ്ടായിരുന്നിട്ടും ഈശോയെ ആരും ഭവനങ്ങളിലേക്കു ക്ഷണിച്ചില്ല. ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് പോയി. യേശു ഒലിവുമലയിലേക്കു പോയി (യോഹന്നാന് 7/53 & 8/1). നമ്മള് ആയിരിക്കുന്ന ഇടങ്ങളില്‍ ഈശോയെ അവഗണിക്കാതിരിക്കാം. ചിന്തിക്കാം. നമ്മുടെ ആഘോഷങ്ങള്‍ക്കും തിരുനാളുകള്‍ക്കും ഒടുവില്‍ ഈശോ നമ്മുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നുണ്ടോ അതോ അവന് ഇന്നും ഒലിവുമലയില്‍ തനിച്ചാണോ….?
”ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല് ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും” (വെളിപാട് 3/19-20).
'ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍… പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു!
ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന് പറയുകയാണ്, “അച്ചാ, ശരിക്കും ആ വൈദികന് ദൈവത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു.”
അവന് ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍.
ആളുകളുടെ ‘ക്വാളിറ്റി’ അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്റെ ‘ക്വാളിറ്റി’യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം.
“നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല… അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും.” (മത്തായി 7/17- 20).
'ജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍…
എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന് ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന് നടത്തുന്നത്. ശാസ്ത്രജ്ഞന് എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന് എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്.
ബുദ്ധിയായിരുന്നു ഡ്രാഗോസിന്റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്ച്ചകള് കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്റെ ചിന്ത.
ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്.
അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്റെ ശക്തി അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന് കോള്മാന് രചിച്ച ‘ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. “ഇനിയും യേശുവിനായി നിന്റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!” ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ ‘വീഴ്ത്തി’യത്.’ സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന് പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു.
അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം.
പ്രാര്‍ത്ഥിക്കുക:
‘പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തിന്റെയും മനസിന്റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.’
ഡോ. ഡ്രാഗോസിനെ ‘വീഴ്ത്തിയ’ ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, “ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!”
'ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക.
ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ ‘ഒളിച്ചേ, കണ്ടേ’ കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. “ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?” നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു.
കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു… R . A . FACTOR.
നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, “ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം.” ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, “ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?”
ഞാന്‍ ഡോക്ടറോട് പറഞ്ഞു, “ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?”
എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു.
ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.
ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, “ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക…”
ഈശോയും ഞാനും ഭയങ്കര ‘സെന്റി’യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ.
ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു.
ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ്
‘എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും.
ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു.
OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS
അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി.
“ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!” (ജ്ഞാനം 9/16-17).
ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്.
“അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്” (ഹെബ്രായര്‍ 4/13).
'പ്രാചീനകാലത്ത്, വിജയശ്രീലാളിതനായ സൈന്യാധിപന്റെ രഥത്തിന് പിന്നില്‍ ഒരു ദൂതന് ഇരിക്കും. അയാള്‍ വിളിച്ചുപറയും, “നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് ഓര്‍മിക്കുക!” വിജ്ഞാനികളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തിരുന്നത്. അഹങ്കാരത്താല്‍ സൈന്യാധിപന് അന്ധനായിത്തീരാതിരിക്കാനായിരുന്നു ഈ ക്രമീകരണം. വിനയത്തില്‍ വളര്‍ന്നാല്‍മാത്രമേ ഇനിയും വിജയിയാകാന്‍ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു അത്.
“വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്” (സുഭാഷിതങ്ങള്‍ 22/4).
'ചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും.
പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് ‘കൊണ്ടു’ എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും.
എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍.
എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു.
ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
'മയക്കുമരുന്നില്‍നിന്നും രക്ഷപ്പെട്ട ഒരു യുവാവിന്റെ ജീവിതകഥ.
കുറേ നാളുകള്‍ക്കുമുമ്പ് ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒരു യുവാവ് എന്നെ കാണണം എന്നുപറഞ്ഞു. അവന് എന്നോട് ചോദിച്ചു, “ഞാന്‍ ചേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ.”
“അതിനെന്താടാ” എന്നായിരുന്നു എന്റെ മറുപടി. അവന് കരയാന്‍ തുടങ്ങി. എന്റെ നെഞ്ചില്‍ ചാരിക്കിടന്ന് ഏങ്ങിക്കരയുന്ന അവനോട് ഞാന്‍ ചോദിച്ചു, “എന്തുപറ്റി?”
“ചേട്ടാ, ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. ഒരുപാട് ചികിത്സയൊക്കെ ചെയ്തു. ഒത്തിരി കൗണ്‍സിലിങ്ങിന് പോയി. പല ധ്യാനങ്ങളില്‍ പങ്കെടുത്തു. നിര്‍ത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ എനിക്ക് 23 വയസായി. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം. എന്നെയൊന്ന് സഹായിക്കുമോ?”
അവിടെ മാതാവിന്റെ ഗ്രോട്ടോ ഉണ്ട്. ഞാനവനെ അതിന്റെ ചുവട്ടില്‍ ഇരുത്തി ചോദിച്ചു, “ആട്ടെ, നീ എപ്പഴാ ഇതാദ്യമായി ഉപയോഗിച്ചത്?”
“എന്റെ പതിമൂന്നാമത്തെ വയസില്‍ കഞ്ചാവടിച്ചാണ് തുടക്കം.”
“അതിനെന്താ കാരണം, എവിടുന്ന് കിട്ടി?”
“എന്റെ ചേട്ടാ അതിന് എന്റെ അപ്പനാണ് കാരണം. ചേട്ടനറിയുവോ, എന്റെ അപ്പന് ഒരു മുഴുക്കുടിയനാണ്. എന്നും വെള്ളമടിച്ചുവന്ന് എന്റെ അമ്മയെ തല്ലും. എന്റെയമ്മ കരയാത്ത ഒരു രാത്രി ഞാന്‍ കണ്ടിട്ടില്ല. എന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഈസ്റ്റര്‍ ആഘോഷിച്ചിട്ടില്ല. ബന്ധുക്കള്‍ ആരുംതന്നെ വരില്ല. ഞങ്ങളെ ഒരു ഫംഗ്ഷനും വിളിക്കില്ല. എന്റെ ഒരു ബര്‍ത്ത്ഡേ ആഘോഷിച്ചിട്ടില്ല. എന്നെ എന്റെ അപ്പന് ഉമ്മവച്ച ഓര്മ എനിക്കില്ല. എവിടെയെങ്കിലും ഉടുതുണി ഇല്ലാണ്ട് കിടക്കും. ഞാനും എന്റെ അമ്മയുമാണ് എടുത്തോണ്ട് വരുന്നത്.
എന്റെ പതിമൂന്നാമത്തെ വയസില്‍ ഇതുപോലൊരു ദിവസം ആ മനുഷ്യന് വെള്ളമടിച്ചുവന്നു. ഒരു പലകക്കഷണംകൊണ്ട് അമ്മയുടെ ഇടതു കരണത്തിന് അടിച്ചു. അമ്മയുടെ ഇടതുചെവിയില്‍നിന്ന് രക്തം ഒലിച്ചു. അതോടുകൂടി അമ്മയുടെ ഇടതുചെവിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു. എനിക്കത് കണ്ടുനില്ക്കാന് പറ്റിയില്ല. ഞാനെന്റെ അപ്പനെ തല്ലി. അതിനുശേഷം ഒരു കുറ്റബോധം വീശാന്‍ തുടങ്ങി – അപ്പനെ തല്ലിയവന്. എന്നെ മനസിലാക്കാനോ ഒന്നു തുറന്നു പറയാനോ ആരുമില്ല. എന്നോടാരോ ഉള്ളില്‍നിന്നും പറയും, നീ അപ്പനെ തല്ലിയവനാണ്. അവസാനം ചെന്നുപെട്ടത് ഒരു മാടക്കടയിലാണ്. കഞ്ചാവ് വലിച്ച് ബോധം നഷ്ടപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ബോധത്തോടിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ക്രമേണ എന്നെ ഈ അവസ്ഥയിലെത്തിച്ചു. ഡ്രഗ് അന്വേഷിച്ചു ഞാന്‍ ബ്ലാക്ക്മാസില്‍വരെ ചെന്നുപെട്ടു. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം ചേട്ടാ.”
ഞാന്‍ പറഞ്ഞു, “എടാ, നിന്നെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു. ഇതിന്റെ മറ്റൊരു ഭാഗം ആരും ശ്രദ്ധിക്കാതെ കിടപ്പുണ്ട് മോനേ. നീ പതിമൂന്നാമത്തെ വയസില്‍ അപ്പന് വെള്ളമടിച്ച് അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അപ്പനെ തല്ലി. അതിന്റെ കുറ്റബോധം സഹിക്കാന്‍ പറ്റാതെയല്ലേ കഞ്ചാവടിച്ചു തുടങ്ങിയത്. ഇനി നീ അപ്പന്റെ ഭാഗത്തുനിന്ന് ചിന്തിച്ചേ. നിന്റെ അപ്പന് എന്ത് കണ്ടിട്ടാവും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഇതുപോലൊരു മോശം ചരിത്രം നിന്റെ അപ്പനുമുണ്ട്. നിന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ദൈവം നിന്നോട് കാട്ടിയ കരുണ എന്നെപ്പോലൊരുവനെ നിന്റെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നു, നിനക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍. ഇതുപോലെ നിന്റെയപ്പന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ആരേലും ചെന്നിരുന്നെങ്കില്‍ നിന്റെയമ്മയെ തല്ലുന്നത് നിനക്ക് കാണേണ്ടിവരില്ലായിരുന്നു. നിന്റെ അപ്പന് യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണോ?”
ഇതുകേട്ടപ്പോള്‍ അവന് വീണ്ടും കരയാന്‍ തുടങ്ങി. അത് മാപ്പിന്റെ, വീണ്ടെടുപ്പിന്റെ, കണ്ണുനീരായിരുന്നു. അവന്റെ അപ്പനോടവന്‍ ക്ഷമിച്ചു. തന്നെ ചതിച്ച യാക്കോബിനെ കണ്ടപ്പോള്‍ ഏസാവ് ക്ഷമ നല്കി ആലിംഗനം ചെയ്തനേരം യാക്കോബ് പറഞ്ഞു, ചേട്ടാ, നിനക്ക് ദൈവത്തിന്റെ മുഖമാണ്.
ആ മകന്റെ മുഖത്തും ആ ദൈവികചൈതന്യം തുളുമ്പുന്നത് കണ്ടു. അവന് മയക്കുമരുന്ന് അടിമത്തില്‍നിന്നും കര്‍ത്താവ് മോചനം നല്കി. ചില മാപ്പുകൊടുക്കലിന്, വിട്ടുകൊടുക്കലിന് പല പാപബന്ധനങ്ങളെയും പൊട്ടിച്ചെറിയാന്‍ സാധിക്കും.
“…ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും” (ലൂക്കാ 6/37).
'