- Latest articles
ഏറെക്കാലങ്ങളായി ഞാന്‍ ഹാര്‍ട്ടിന്റെ രണ്ട് വാല്‍വുകള്‍ക്കും തകരാറായി രോഗാവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ അഞ്ചുതവണ എനിക്ക് സ്ട്രോക്ക് വന്നിട്ടുണ്ട്. അതില്‍നിന്നെല്ലാം ദൈവം രക്ഷിച്ചു. പിന്നീട് 2017 ഡിസംബര്‍ 19-ന് കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് എനിക്ക് ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഓപ്പറേഷനൊക്കെ ഭംഗിയായി നടന്നു. പക്ഷേ പുതിയ വാല്‍വ് സ്വീകരിക്കുവാന്‍ ശരീരം തയാറല്ലായിരുന്നു. ആകെ പ്രശ്നമായി. ഡോക്ടര്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് ഒരു റീ ഓപ്പറേഷന് ചെയ്യാം, അല്ലാതെ വഴിയൊന്നും ഇല്ലെന്നു പറഞ്ഞു. അതിനായി സമ്മതപത്രം എഴുതി ഒപ്പിട്ടു കൊടുക്കണം. അപ്പോള്‍ ഞാന്‍ ഐസിയുവില്‍ ആയിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് രോഗം കൂടി. എന്റെ ചുറ്റിലും നഴ്സുമാരും ഡോക്ടര്‍മാരും നില്ക്കുന്നു. എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല, പക്ഷേ ഉള്ളില്‍ ബോധമുണ്ട്.
‘ഈശോമറിയം യൗസേപ്പേ, എന്റെ ആത്മാവിന് കൂട്ടായിരിക്കണമേ’ എന്ന് ഞാന്‍ ഉള്ളില്‍ ചൊല്ലിക്കൊണ്ടിരുന്നു. ഒരു കൊന്ത കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. കാരണം കൊന്ത എന്റെ സന്തതസഹചാരിയായിരുന്നു. ആ സമയം അവിടെ കൂടിനിന്നിരുന്നവരില്‍ ഒരു നഴ്സ് എന്റെ കൈയില്‍ ഒരു കൊന്ത എടുത്തുതന്നു. ”മോളേ, ഇതു കൈയില്‍ വച്ചോ” എന്നു പറഞ്ഞു. പക്ഷേ, കൊന്ത കൈയില്‍ പിടിക്കാന്‍ പറ്റാത്തവിധം കൈകള്‍ തളര്‍ന്നുപോയിരുന്നു. ആ നഴ്സുതന്നെ കൊന്ത കൈയില്‍ ചുറ്റിവച്ചു. അത്ഭുതമെന്നു പറയട്ടെ, അടുത്ത നിമിഷംമുതല്‍ എന്റെ രോഗം കുറയാന്‍ തുടങ്ങി. റീ ഓപ്പറേഷന് വേണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഐസിയുവില്‍നിന്ന് മാറ്റി, മൂന്നുദിവസംകൂടി കഴിഞ്ഞപ്പോള്‍ ആശുപത്രി വിട്ടു. കൊന്തയുടെ രൂപത്തില്‍ വന്നത് എന്റെ പരിശുദ്ധ അമ്മതന്നെയായിരുന്നു!
ആ നഴ്സ് ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഒരു കിലോമീറ്റര്‍ ദൂരമുണ്ട് പള്ളിയില്‍ പോകാന്‍. എല്ലാ ദിവസവും ഞാന്‍ പള്ളിയില്‍ പോകും. അത്യാവശ്യം ജോലികളൊക്കെ ചെയ്യും. അങ്ങനെ ദൈവമെന്നെ ഇന്നും വഴിനടത്തുന്നു. ഇത്രയേറെ കരുതുന്ന ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പരിശുദ്ധ ത്രിത്വത്തിനും തിരുക്കുടുംബത്തിനും കോടാനുകോടി നന്ദിയര്‍പ്പിക്കുന്നു.
'എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വലിയ ഒരു ആഗ്രഹമായിരുന്നു പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫില്‍ പോയി ജോലിചെയ്യണം എന്നത്. എന്നാല്‍ ബി.ടെക്കിന് പഠിക്കുന്ന സമയത്ത് കുടുംബത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടക്കേണ്ടി വന്നു. എന്റെ പിതാവിന് ഗൗരവതരമായ ഒരു അപകടം സംഭവിച്ച് അദ്ദേഹം കിടപ്പിലായി. ആ സമയത്ത് ഞാന്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പിതാവ് ചികിത്സകളുമൊക്കെയായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
തുടര്‍ന്ന് ഞാന്‍ ബി.ടെക് പൂര്‍ത്തിയാക്കി നില്ക്കുന്ന 2009 സമയത്ത്, ഗള്‍ഫില്‍ സിറ്റിസണ്‍ ആയ ഒരു വ്യക്തിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹത്തോട് എന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ഗള്‍ഫില്‍ ജോലി ചെയ്യണമെന്ന സ്വപ്നത്തെക്കുറിച്ചുമെല്ലാം പങ്കുവച്ചു. അദ്ദേഹത്തിന് അവിടെയൊരു കമ്പനിയുണ്ടായിരുന്നു. അവിടെ സൂപ്പര്‍വൈസറായി എനിക്ക് ജോലി തരാം എന്നു പറഞ്ഞു. എനിക്ക് തോന്നി, ദൈവം എന്റെ ആഗ്രഹം സാധിച്ചുതരികയാണെന്ന്. അങ്ങനെ ഞാന്‍ ഏറെ സ്വപ്നങ്ങളുമായി ഗള്‍ഫിലെത്തി. കുടുംബത്തിന്റെ ക്ലേശകരമായ സാമ്പത്തികസ്ഥിതിയെല്ലാം മാറി മുമ്പോട്ടുള്ള ജീവിതമെല്ലാം ഭംഗിയാകുമല്ലോ എന്ന ചിന്തയോടുകൂടി ഞാന്‍ അവിടെ ചെന്നിറങ്ങി.
പക്ഷേ അവിടെ ചെന്നപ്പോള്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെയുള്ള ക്രമീകരണങ്ങള്‍ ഒന്നും കാണാന്‍ സാധിച്ചില്ല. താമസസൗകര്യവും ഭക്ഷണവുമെല്ലാം തീര്‍ത്തും മോശമായിരുന്നു. അവിടത്തെ കറന്‍സിയിലേക്ക് മാറ്റി കുറച്ച് തുക ഞാന്‍ കൈയില്‍ വച്ചിരുന്നു. അധികം താമസിയാതെ അതെല്ലാം തീര്‍ന്നു. ജോലിയൊന്നും ആയതുമില്ല. അപ്പോഴാണ് ഞാന്‍ അറിയുന്നത് എന്നെ കൊണ്ടുപോയ വ്യക്തി ഒരു മാന്‍പവര്‍ ഏജന്റാണ്?! അയാള്‍ ഇതുപോലെ മറ്റു പലരെയും പല കമ്പനികളിലേക്ക് കൊണ്ടുപോകും. അവരുടെ ശമ്പളം അയാള്‍ വാങ്ങും. അതിന്റെ ചെറിയൊരു ശതമാനംപോലും യഥാര്‍ത്ഥവ്യക്തിക്ക് തരില്ല. ഇതാണ് അവിടുത്തെ അവസ്ഥ. അവിടെ ചെന്നവരാരും സാധാരണയായി തിരിച്ചുപോന്നിട്ടുമില്ല. നമ്മുടെ പാസ്പോര്‍ട്ടും മറ്റു കാര്യങ്ങളുമെല്ലാം അവര്‍ വാങ്ങിച്ചുവയ്ക്കും. അങ്ങനെ വലിയൊരു പ്രതിസന്ധി നേരിടാന്‍ തുടങ്ങി.
പക്ഷേ അല്പനാളുകള്ക്കകം ദൈവാനുഗ്രഹംകൊണ്ട് നല്ലൊരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇനി എന്റെ പ്രശ്നങ്ങളെല്ലാം തീരുമെന്ന്. പക്ഷേ മാസങ്ങള്‍ കടന്നുപോയിട്ടും ശമ്പളമൊന്നും ലഭിച്ചില്ല. കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ നേരത്തേ കേട്ടിരുന്നതുപോലെ, ആ വ്യക്തിയുടെ കൈയിലാണ് ശമ്പളം കൊടുക്കുന്നതെന്ന് വ്യക്തമായി. നാട്ടിലാണെങ്കില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഓരോ ദിവസവും കൂടിവരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഭീതി മനസില്‍ വളര്‍ന്നുകൊണ്ടിരുന്നു.
എന്നെ ആത്മീയമായി സഹായിക്കുന്ന സിസ്റ്റര്‍ ലില്ലി എഫ്സിസിയെ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. സിസ്റ്റര്‍ എന്നോട് ഒരു കാര്യം മാത്രം പറഞ്ഞു, ”ജോര്‍ജേ, ഒരു കാരണവശാലും വഴക്കുണ്ടാക്കാനും ഉടക്കാനും പോകരുത്. കര്‍ത്താവ് ഇതിന് പരിഹാരം കാണും. നമ്മുടെ ദൃഷ്ടിയില് നമുക്കിതെല്ലാം അസാധ്യമാണ്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” റോമാ 12/18-19 വചനം ഇങ്ങനെ പറയുന്നു, ”സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍. പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അത് ദൈവത്തിന്റെ ക്രോധത്തിന് വിട്ടേക്കുക. എന്തെന്നാല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്; ഞാന്‍ പകരംവീട്ടും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.” ജോ ലിസ്ഥലത്ത് അസ്വസ്ഥതയുണ്ടണ്ടാക്കുന്ന വ്യക്തിയെ എന്താണ് വിളിക്കുന്നതെന്ന് സിസ്റ്റര്‍ ചോദിച്ചു. ‘ബോസ്’ എന്നാണെന്ന് പറഞ്ഞപ്പോള്‍ സുകൃതജപംപോലെ ചൊല്ലാന്‍ ഒരു പ്രാര്‍ത്ഥനയും പറഞ്ഞുതന്നു, ‘ബോസിന്റെ ആത്മാവിനെ അനുഗ്രഹിക്കണമേ, കാത്തുരക്ഷിക്കണമേ.’
നമ്മള് ജോലി ചെയ്യുന്ന സ്ഥലത്ത് എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, അതിന് കാരണക്കാരായ വ്യക്തികള്‍ നമ്മുടെ എതിര്‍ഭാഗത്ത് നില്ക്കുമ്പോള് അവരെ ശത്രുമനോഭാവത്തോടെ നോക്കാതെ അവര്‍ക്കുവേണ്ടിക്കൂടിയാണ് ഈശോ മരിച്ചത് എന്നൊരു ബോധ്യത്തോടുകൂടി, അവരുടെ ഉള്ളിലും ഒരാത്മാവുണ്ട്. ആ ആത്മാവിന്റെ വിശുദ്ധീകരണത്തിന് ദൈവമെന്നെ കാരണമാക്കുകയാണ് എന്ന ബോധ്യത്തോടുകൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിന് വലിയ ഫലം ഉണ്ടാകും.
സിസ്റ്റര്‍ പറഞ്ഞുതന്ന സുകൃതജപം ഞാന്‍ ഉരുവിടാന്‍ തുടങ്ങി – ‘കര്‍ത്താവേ ബോസിന്റെ ആത്മാവിനെ അനുഗ്രഹിക്കണമേ, കാത്തുരക്ഷിക്കണമേ.’ ഒരു ദിവസംതന്നെ പലപ്രാവശ്യം എനിക്ക് സാധിക്കുന്നിടത്തോളം ചൊല്ലാന്‍ തുടങ്ങി. റോമ 12/20- ”നിന്റെ ശത്രുവിന് വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. അതുവഴി നീ അവന്റെ ശിരസില്‍ തീക്കനല്‍ കൂട്ടും. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.”
അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അവിടെ ഇടപെടാന്‍ തുടങ്ങും. അങ്ങനെ പത്തുമാസത്തോളം മുമ്പോട്ടുപോയി. പ്രതികരിക്കാനോ വഴക്കുണ്ടാക്കാനോ ഒന്നും നിന്നില്ല. പ്രാര്‍ത്ഥിച്ചുതന്നെ മുന്നോട്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പരിചയമുള്ള ഒരു വൈദികന് എന്നെ വിളിച്ചു. ജോലിസ്ഥലത്ത് എന്താണ് പ്രശ്നമെന്ന് ചോദിച്ചു.
ഞാന്‍ ഇവിടുത്തെ പ്രശ്നങ്ങളെല്ലാം അച്ചനോട് പങ്കുവച്ചു. ഇനി എനിക്ക് നാട്ടില്‍ വരാന്‍ പറ്റുമോ എന്ന് അറിയില്ല എന്നും സങ്കടത്തോടെ അദ്ദേഹത്തോട് പറഞ്ഞു. അവിടത്തെ ഓഫിസിലെ നമ്പര്‍ തരാനാണ് അപ്പോള്‍ അച്ചന് പറഞ്ഞത്, ”ഞാന്‍ ഇവിടെനിന്നൊരു ഫാക്സ് അയ്ക്കാം, എന്തെങ്കിലും റിസല്‍ട്ട് ഉണ്ടാകുമോ എന്ന് നോക്കാം,” അതായിരുന്നു ആ വൈദികന് പറഞ്ഞത്. എന്റെ പിതാവിന് രോഗം കൂടുതലാണ്. മകനെ കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പത്തുദിവസത്തെ അവധിക്ക് വിടാമോ എന്ന് ചോദിച്ച് അച്ചന് ഓഫീസിലേക്ക് ഫാക്സ് അയച്ചു.
പെട്ടെന്നുതന്നെ എന്നെ കൊണ്ടുപോയ സ്പോണ്സര് ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. ചെന്നപ്പോള്‍ ആ ഫാക്സ് എടുത്ത് എന്നെ കാണിച്ചിട്ട് ഇതു സത്യമാണോ എന്ന് ചോദിച്ചു. ‘പിതാവിന് സുഖമില്ല, കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പക്ഷേ ഇവിടെനിന്ന് പോകാന്‍ പറ്റില്ലല്ലോ’ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ”അതൊന്നും സാരമില്ല, ഞാന്‍ ടിക്കറ്റ് എടുത്തുതരാം.
പത്തുദിവസം കഴിഞ്ഞ് തിരിച്ചുവരണം.” അദ്ദേഹം അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ഞാന്‍ ഒരു കാര്യത്തിലും അദ്ദേഹവുമായി വഴക്കുണ്ടാക്കിയിരുന്നില്ല. ദൈവത്തില്‍ ആശ്രയിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. അതിനാല്‍ത്തന്നെ എന്നെ എതിര്‍ക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. പെട്ടെന്നുതന്നെ അദ്ദേഹം പോയി എന്റെ പാസ്പോര്‍ട്ടും രേഖകളുമെല്ലാം എടുത്ത് ടിക്കറ്റും എക്സിറ്റ് എന്‍ട്രിയും റീ എന്‍ട്രിയുമൊക്കെ അടിച്ച് കൈയില്‍ തന്നു. അതോടൊപ്പം രണ്ടായിരം റിയാലും തന്നു. പോയിട്ട് പെട്ടെന്ന് തിരിച്ചുപോരാന്‍ പറഞ്ഞു. അങ്ങനെ അത്ഭുതകരമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു. ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് എനിക്ക് ആശ്വാസം കിട്ടിയത്. നാട്ടില്‍ വന്നശേഷം ഇനി ഗള്‍ഫിലേക്ക് പോകണ്ട എന്നൊരു തീരുമാനമെടുത്തു. എങ്കിലും ബോസിനുവേണ്ടിയുള്ള സുകൃതജപം നിര്‍ത്തിയില്ല.
പരിശുദ്ധാത്മാവിനോട് ഇങ്ങനെ പറഞ്ഞു, ”പരിശുദ്ധാത്മാവേ, അങ്ങാണല്ലോ ഈ പ്രശ്നത്തില്‍ ഇടപെട്ടത്. അതുകൊണ്ട് ആ വ്യക്തിയെ അങ്ങുതന്നെ തടയണേ.” പത്തുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നെ വിളിച്ച് എന്നാ തിരിച്ച് വരുന്നത്, റിട്ടേണ്‍ ടിക്കറ്റ് എടുക്കണ്ടേ എന്നെല്ലാം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ”എനിക്ക് ഒരു മാസത്തെക്കൂടി അവധിവേണം. അല്ലാതെ ഇവിടെനിന്ന് വരാന്‍ പറ്റില്ല.” അങ്ങനെ വീണ്ടും അവധി നീട്ടി. അവിടെയായിരുന്നപ്പോള്‍ രണ്ടുവര്‍ഷത്തേക്കുള്ള ഒരു ബോണ്ട് എന്നെക്കൊണ്ട് ഒപ്പിടുവിച്ചിരുന്നു. ഭാഷ മനസിലാവാത്തതിനാല്‍ കാര്യമെന്തെന്നറിയാതെയാണ് ഞാനതില്‍ ഒപ്പിട്ടത്. പിന്നീടുമാത്രമാണ് ചതി മനസിലായത്. എങ്കിലും ദൈവാനുഗ്രഹമെന്നു പറയട്ടെ, പിന്നീട് ആ മനുഷ്യന് വിളിച്ചിട്ടില്ല. ഞാന്‍ മടങ്ങിപ്പോയതുമില്ല. ദൈവം അത്ഭുതകരമായി വലിയൊരു കെണിയില്‍നിന്നും എന്നെ രക്ഷിച്ചുകൊണ്ടുവന്നു.
അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഇതുപോലൊരു ഫലമുണ്ടെന്ന് മനസിലായത് ഈ സംഭവത്തോടുകൂടിയാണ്. അതിനാല്‍ വീട്ടിലോ സുഹൃത്തുക്കളുടെ കൂടെയോ ജോലിമേഖലയിലോ പഠനമേഖലയിലോ ശുശ്രൂഷാമേഖലയിലോ എല്ലാം നമ്മള് ഏതവസ്ഥയിലായാലും ആരെങ്കിലും നമുക്ക് എതിരായിനിന്ന് നമ്മെ എതിര്‍ക്കാന്‍ തുടങ്ങിയാല്‍, വലിയ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയാല്‍, മനസിലാക്കുക- ആ വ്യക്തിയുടെ ഉള്ളിലെ ആത്മാവിന്റെ വിശുദ്ധീകരണത്തിന് ദൈവം നമ്മെ പാത്രമാക്കുന്നു. അങ്ങനെ നമുക്കും ഓരോ വ്യക്തിയെയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. അവരുടെ ആത്മാവിനെ വിശുദ്ധീകരിച്ച് ദൈവത്തിന്റെ കരങ്ങളിലെത്തിക്കാം. നമ്മുടെ പ്രതിസന്ധി അതോടുകൂടി ലഘൂകരിക്കപ്പെടും. ഈ ആത്മീയ അറിവിലേക്ക് നമുക്ക് എത്തിപ്പെടാം. അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങാം.
'വാഴ്ത്തപ്പെട്ട ജോര്‍ദാന്റെ ജീവിതത്തില്‍നിന്നൊരു സംഭവം. ഒരിക്കല്‍ അദ്ദേഹം ആശ്രമത്തിന് പുറത്തായിരിക്കുമ്പോള്‍ ഒരു പാവം മനുഷ്യന് അദ്ദേഹത്തോട് ദൈവസ്നേഹത്തെപ്രതി സഹായം ചോദിച്ചുവന്നു. ജോര്‍ദാനാകട്ടെ പണസഞ്ചി എടുക്കാന്‍ മറന്നുപോയിരുന്നു. പക്ഷേ സഹായം അഭ്യര്‍ത്ഥിച്ചയാളെ വെറുംകൈയോടെ വിടാന്‍ മനസുവന്നില്ല. അതിനാല്‍ തന്റെ വിലപ്പെട്ട ബെല്‍റ്റ് ഊരി ആ പാവത്തിന് നല്കി.
പിന്നീട് പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തില്‍ കയറിയ ജോര്‍ദാന്‍ അസാധാരണമായ ഒരു കാഴ്ചയാണ് കണ്ടത്, ബെല്‍റ്റ് ധരിച്ച ക്രൂശിതന്! താന്‍ സഹായാര്ത്ഥിക്ക് നല്കിയ അതേ ബെല്‍റ്റ് ആയിരുന്നു ക്രൂശിതന്റെ അരയില്‍!
”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇത് ചെയ്തു
കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40).
ബ്യൂണസ് അയേഴ്സ്: ജന്മദേശത്ത് ക്രൈസ്തവവിശ്വാസം വീണ്ടും ആളിക്കത്തിക്കാന്‍ വിശ്വാസികള്‍ നിരത്തിലേക്ക്. അര്‍ജന്റീനയിലെ വിശ്വാസിസമൂഹമാണ് സ്വന്തം ദേശത്ത് വിശ്വാസം ഉജ്വലിപ്പിക്കാന്‍ 100 കീലോമീറ്റര്‍ തീര്‍ത്ഥാടനം നടത്തുന്നത്. പരിശുദ്ധമാതാവിന്റെ നാമത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ലുജാനിലേക്ക് ഒക്ടോബര്‍ 11, 12, 13 തിയതികളിലായി 1800-ഓളം വിശ്വാസികള്‍ പരിഹാര യാത്രയായി എത്തും. ക്രൈസ്തവ വിശ്വാസത്തെ ജനഹൃദയങ്ങളില്‍ ഊട്ടിഉറപ്പിക്കുന്നതിനായി നാടന്‍ വഴികളിലൂടെയും നഗരങ്ങളിലൂടെയും സഹനങ്ങള്‍ ഏറ്റെടുത്ത് ഇവര്‍ യാത്രചെയ്യും.
പ്രാര്‍ത്ഥനയും ധ്യാനങ്ങളും ദിവ്യകാരുണ്യ ആരാധനയും തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. അനുതാപത്തിന്റെ അരൂപിയിലാണ് ഈ ആത്മീയയാത്ര സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. പ്രാര്‍ത്ഥനയും പരിത്യാഗവും ദൈവത്തിലേക്ക് നയിക്കുമെന്ന ബോധ്യത്തോടൊപ്പം തങ്ങളുടെ ആഗ്രഹങ്ങളും ആകുലതകളുമെല്ലാം പരിശുദ്ധ മാതാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കാമെന്നതും തീര്‍ത്ഥാടകര്‍ക്ക് പ്രചോദനമേകുന്നു. ക്രിസ്തുവിശ്വാസത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ ഇത്തരത്തിലുള്ള യാത്രകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.
'
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള്‍ അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. ആ കാര്‍ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇത്തരം കാര്‍ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല്‍ എനിക്ക് റോഷന് മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ ചിത്രമുള്ള കാര്‍ഡ് കിട്ടി. അപൂര്‍വമായിട്ടാണ് ആ താരത്തിന്റെ കാര്‍ഡ് ലഭിക്കുക. അതിനാല്‍ എന്റെ ക്ലാസിലെ വിവേക് എന്ന കൂട്ടുകാരന് എന്നോട് പറഞ്ഞു, ”ആ കാര്‍ഡ് തന്നാല്‍ 10 രൂപ തരാം!”
ഞാനന്ന് ഏഴാം ക്ലാസിലാണ്. അന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം മുഴുവന്‍ എന്റെ മനസിലൂടെ പോകുന്നത് ഷെല്‍ഫിലിരിക്കുന്ന റോഷന് മഹാനാമയുടെ കാര്‍ഡും വിവേക് സുരേഷും 10 രൂപയും…
അന്നത്തെ പ്രാര്‍ത്ഥന കഴിഞ്ഞു… സ്തുതി കൊടുക്കും മുമ്പ് സുവിശേഷപ്പെട്ടി എടുത്ത് നോക്കിയ ഞാന്‍ ഞെട്ടി!
”നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6/21).
അന്ന് ആ ഏഴാം ക്ലാസുകാരന് പയ്യന് വേറെ പ്രസംഗമൊന്നും കേള്‍ക്കേണ്ടിവന്നില്ല, ഹൃദയം കീറാന്‍….
അതോടെ പയ്യന് മിടുക്കനായി എന്നല്ല ഉദ്ദേശിച്ചത്, എന്നാലും ആ സംഭവവും അന്നത്തെ വചനവും വലിയൊരു സ്വാധീനം ഹൃദയത്തില്‍ സൃഷ്ടിച്ചു. പിന്നീട് നവീകരണത്തിലേക്ക് വന്നപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്.
ഹൃദയവും നിക്ഷേപവും സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഈശോ ഇതിലൂടെ പഠിപ്പിക്കുന്നത്. അതിന് അസാധാരണമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പച്ചയായ, മാംസബദ്ധമായ കാര്യങ്ങള്‍തന്നെയാണ് ചെയ്യേണ്ടത്… ഭക്ഷണം പാകം ചെയ്യുക, കഴിക്കുക, പാത്രം കഴുകുക, മുറ്റമടിക്കുക, തുണി കഴുകുക അങ്ങനെയങ്ങനെ….
ഇതെല്ലാം ചെയ്യുമ്പോള്‍ ‘ലവ് യു ഈശോ, ലവ് യു ഇച്ചായാ, ലവ് യു കുഞ്ഞാവേ, ലവ് യു അമ്മച്ചീ…’ എന്നൊക്കെ പറഞ്ഞങ്ങ് ചെയ്തുനോക്കൂ… സ്വര്‍ഗം കൂടെ നടക്കുന്ന അനുഭവമുണ്ടാകും. അതിനുപകരം, ‘അല്ലെങ്കിലും അവനിട്ട് ഒരു പണി കൊടുക്കണം,’ ‘അവള്‍ക്കിത്തിരി ജാഡ കൂടുതലാ,’ ‘അവന് പറയുന്നത് അങ്ങനെ അനുസരിക്കേണ്ട കാര്യമൊന്നുമില്ല,’ ഇങ്ങനെയൊക്കെ ചിന്തിച്ച് പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഇറങ്ങിയാലോ…?
നാം സ്വയം ഇല്ലാതാവുന്നത് സ്വയം അറിയില്ല. അതിനാല്‍ സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് ജീവിക്കാന്‍ കൃപ ചോദിക്കുന്നവരാകാം. നിക്ഷേപങ്ങളെ സ്വര്‍ഗീയമാക്കി മാറ്റാന്‍ അതുവഴി സാധിക്കട്ടെ.
ജൂണ്‍ രണ്ട് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിലെ പങ്കാളികള്‍ക്കൊപ്പം പട്രീഷ്യ ഗലിന്‍ഡോയും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡിലെത്തി. സെയ്ന്റ് മേരി കത്തീഡ്രലും സേക്രഡ് ഹാര്‍ട്ട് ദൈവാലയവും സന്ദര്‍ശിച്ചതോടെ പട്രീഷ്യയുടെ സവിശേഷയാത്ര പൂര്‍ത്തിയായി. സ്വദേശമായ ബ്രൗണ്‍സ്വില്ലെയില്‍നിന്ന് ദിവ്യകാരുണ്യതീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു പട്രീഷ്യ. അവരുടെകൂടെ സൈക്കിളിലായിരുന്നു യാത്ര എന്നതായിരുന്നു വ്യത്യാസം. നടക്കുക എന്നത് അല്പം പ്രയാസകരമായതുകൊണ്ടാണ് തന്റെ ട്രൈസിക്കിളില്‍ തീര്‍ത്ഥാടനത്തോടൊപ്പം പങ്കുചേരാന്‍ പട്രീഷ്യ തീരുമാനിച്ചത്. സ്പാനിഷിലും ഇംഗ്ലീഷിലും ‘ദിവ്യകാരുണ്യം: എന്റെ ശക്തിസ്രോതസ്’ എന്ന് എഴുതിയ കാര്‍ഡുമേന്തിയായിരുന്നു പട്രീഷ്യയുടെ സൈക്കിള്‍യാത്ര.
തനിക്ക് സാധിക്കുന്നതുപോലെ തീര്‍ത്ഥാടകസംഘത്തെ പിന്തുടര്‍ന്ന അവള്‍ക്ക് പലപ്പോഴും അനുദിനദിവ്യബലിസമയത്തും ജാഗരണപ്രാര്‍ത്ഥനാവേളകളിലും മറ്റ് പരിപാടികളിലുമെല്ലാം വച്ചാണ് അവരോട് ഒന്നുചേരാനായത്. ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഈശോയെ പിഞ്ചെല്ലാന്‍ ബ്രൗണ്‍സ്വില്ലെ ബിഷപ് ഡാനിയേല്‍ ഇ. ഫ്ളോറസ് നല്കിയ ആഹ്വാനമാണ് പട്രീഷ്യക്ക് പ്രചോദനമായത്.
ഏതൊരു തീര്‍ത്ഥാടനവുംപോലെ ഈ തീര്‍ത്ഥാടനത്തിന്റെ പാതയും അത്ര സുഖകരമായിരുന്നില്ല പട്രീഷ്യക്ക്. സാമാന്യം ഭാരമുള്ള തന്റെ ട്രൈസിക്കിള്‍ ഒന്ന് ചാഞ്ഞുപോയാല്‍പ്പോലും ഉയര്‍ത്താന്‍ മറ്റൊരാളുടെ സഹായം വേണമായിരുന്നു. തീര്‍ത്ഥാടകസംഘത്തിലെ യുവാവായ ചാര്‍ലിയാണ് അക്കാര്യത്തില്‍ എപ്പോഴും സഹായമായി കൂടെ നിന്നത്.
അത്യന്തം ഉയര്‍ന്ന ചൂട് നിമിത്തം ബ്രൗണ്‍സ്വില്ലെയില്‍ സംഘാടകര്‍ ദിവ്യകാരുണ്യപ്രദക്ഷിണം വേണ്ടെന്നുവച്ചിരുന്നു. ചൂടിന്റേതായ കഠിനതകളിലൂടെ പട്രീഷ്യയും കടന്നുപോയി. പക്ഷേ ദിവ്യകാരുണ്യതീര്‍ത്ഥാടനത്തില്‍ പങ്കുചേരാനുള്ള ഉള്‍വിളി തീവ്രമായിരുന്നുവെന്നാണ് അവര്‍ പങ്കുവയ്ക്കുന്നത്. ആ ഉള്‍വിളി അനുസരിച്ച് ഈ യാത്ര നടത്തിയപ്പോള്‍ സന്തോഷവും തന്നില്‍ത്തന്നെയുള്ള ഒരു ശാന്തിയും അനുഭവിക്കാന്‍ സാധിച്ചു എന്നാണ് പട്രീഷ്യയുടെ സാക്ഷ്യം.
”യാത്രയ്ക്കിടെ കണ്ടുമുട്ടിയ എല്ലാവരുമായും അത് കത്തോലിക്കനോ അകത്തോലിക്കനോ ആരുമാകട്ടെ അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന കാര്യം പറയുമായിരുന്നു. പറയുകമാത്രമല്ല, എല്ലാ കുടുംബങ്ങള്‍ക്കായും ഭവനങ്ങള്‍ക്കായും വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കുമായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു,” പട്രീഷ്യ പറയുന്നു.
ദിവ്യകാരുണ്യത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ പട്രീഷ്യ തിരഞ്ഞെടുത്തത് അവള്‍ക്ക് സാധ്യമായ ഒരു എളിയ മാര്‍ഗമാണ്. ഇതുപോലെ നിങ്ങള്‍ക്കും സ്വന്തമായ വ്യത്യസ്തമാര്‍ഗങ്ങളിലൂടെ ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ സാധിക്കില്ലേ? അതോ നിങ്ങള്‍ അപ്രകാരം ചെയ്തിട്ടുണ്ടോ? എങ്കില്‍ നിങ്ങളുടെ അനുഭവങ്ങള്‍ ശാലോമിലേക്ക് എഴുതി അറിയിക്കാമോ? ദൈവമഹത്വത്തിനായി അത്തരം
നല്ല അനുഭവങ്ങള്‍ നമുക്ക് സാക്ഷ്യപ്പെടുത്താം.
സ്പെയിന്: ”ചൈനയില്‍ ഒരു വൈദികനാകുക ക്ലേശകരമാണ് എന്നെനിക്കറിയാം, പക്ഷേ ഞാന്‍ നിര്‍ഭയനാണ്. ദൈവം എനിക്ക് കൃപ തരും, പരിശുദ്ധാത്മാവ് എന്റെ രാജ്യത്തെ വിശ്വാസികളെ നയിച്ചുകൊള്ളും.” സ്പെയിനില്‍ വൈദികവിദ്യാര്‍ത്ഥിയായ സിയാലോംഗ് വാംഗ് എന്ന ഫിലിപ് പറയുന്നു. ആറാം വയസില്‍ അമ്മയ്ക്കൊപ്പം പങ്കെടുത്ത ഒരു ദിവ്യബലിക്കിടെയാണ് വൈദികനാകണമെന്ന ആഗ്രഹം ഫിലിപ്പില്‍ നാമ്പെടുത്തത്. പിന്നീട് മുതിര്‍ന്നപ്പോള്‍ സംഗീതാധ്യാപകനാകാന്‍ കൊതിച്ചു.
പക്ഷേ ഏറെ നാള് കഴിയുംമുമ്പുതന്നെ വീണ്ടും വൈദികനാകണമെന്ന ആഗ്രഹം തിരിച്ചെത്തി. അങ്ങനെയാണ് 16-ാം വയസില്‍ ഫിലിപ് സെമിനാരിയില്‍ ചേര്‍ന്നത്. ചൈനയിലെ ബെയ്ജിംഗ് അതിരൂപതാംഗമാണ് ഇരുപത്തിനാലുകാരനായ ഫിലിപ്. ചൈനയുടെ വടക്കുഭാഗത്തുള്ള ലിയൂഹെ ഗ്രാമത്തിലാണ് ഫിലിപ് ജനിച്ചുവളര്‍ന്നത്. കത്തോലിക്കര്‍ ധാരാളമായുള്ള സ്ഥലമാണിത്. താരതമ്യേന ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യവും മെച്ചപ്പെട്ട സാഹചര്യങ്ങളുമുള്ള ഗ്രാമമാണ് ലിയൂഹെ എന്നും ഈ വൈദികാര്‍ത്ഥി സാക്ഷ്യപ്പെടുത്തുന്നു.
”ചൈനയില്‍ കത്തോലിക്കര്‍ നല്ലവണ്ണം സഹിച്ചുകഴിഞ്ഞു. ഇപ്പോഴും ഗവണ്മെന്റ് അംഗീകൃത സഭയിലല്ലാതെ, യഥാര്‍ത്ഥ കത്തോലിക്കാസഭയില്‍ ജീവിക്കുക ക്ലേശകരംതന്നെയാണ്. പക്ഷേ വിശ്വാസികള്‍ വിലകൊടുത്തുതന്നെ യഥാര്‍ത്ഥസഭയോട് ചേര്ന്നുനില്ക്കുന്നു. യഥാര്‍ത്ഥത്തിലുള്ള സംഖ്യ കണക്കാക്കാന്‍ പ്രയാസമാണെങ്കിലും ജനസംഖ്യയുടെ 0.46 ശതമാനം കത്തോലിക്കാവിശ്വാസികളുണ്ടെന്നാണ് കണക്ക്. 40,000 മുതല്‍ 50,000 പേര്‍വരെ ഓരോ വര്‍ഷവും പുതുതായി മാമ്മോദീസ സ്വീകരിക്കുന്നുണ്ട്,”ഫിലിപ്പിന്റെ വാക്കുകളില്‍ വിശ്വാസം നല്കുന്ന പ്രത്യാശ നിറയുന്നു.
'ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ ‘മനുഷ്യരെ പ്രീതിപ്പെടുത്തുന്നയാള്‍’ ആയതിനാല്‍ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം പറയാനും വയ്യ. അതായിരുന്നു സംഘര്‍ഷം. പക്ഷേ, കര്‍ത്താവ് തന്റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ചുതന്നെ നില്‍ക്കുകയും ചെയ്യുകയാണ്…. ഒടുവില്‍ അന്ന് വൈകിട്ട് കാണാമെന്ന് പറഞ്ഞിരുന്ന യുവാവിന് ഞാനൊരു ടെക്സ്റ്റ് മെസേജ് അയച്ചു, ”ഇനി പരസ്പരം ഒരു കൂടിക്കാഴ്ച ഉണ്ടാവില്ല!”
അത് അയച്ചിട്ട് വീണ്ടും ഞാന്‍ യേശുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു. അവിടുന്ന് എന്നെയും നോക്കിക്കൊണ്ടിരിക്കുകയാണ്. ആണ്‍സുഹൃത്തിനോടൊപ്പമുള്ള കൂടിക്കാഴ്ചകള്‍ വീണ്ടും എന്നേക്കുമായി നിര്‍ത്താന്‍ അവിടുന്ന് എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഞാനത് നിര്‍ത്തിയതാണ്. എന്നിട്ട് വീണ്ടും തുടങ്ങി. എന്നാല്‍ ഇത്തവണ ഈശോ എന്നെ നിര്‍ബന്ധിക്കുന്നത് അത്തരം കൂടിക്കാഴ്ചകള്‍ എന്നേക്കുമായി നിര്‍ത്താന്‍മാത്രമല്ല, അവിടുന്നുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍വേണ്ടിയുമാണ്.
ഒരു കത്തോലിക്കയായി വളരുകയും നിരവധി കോണ്‍ഫറന്‍സുകളിലും ധ്യാനങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഓരോരുത്തരെയും വ്യക്തിപരമായി ദൈവം എങ്ങനെയാണ് പിന്തുടരുന്നതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് തലച്ചോറുകൊണ്ട് ഞാന്‍ വിശ്വസിച്ചിരുന്നെങ്കിലും ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളില്‍ അത്തരത്തിലുള്ള അനുഭവം എനിക്കുണ്ടായി; ഹൃദയത്തിന്റെ ആഴങ്ങളില്‍ ഈശോ എന്നെ വിളിക്കുന്ന അനുഭവം. അതിനാല്‍ യുവസുഹൃത്തുമായുള്ള കൂടിക്കാഴ്ച നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു.
അങ്ങനെ അത് നിര്‍ത്തിയിട്ട് ഈശോയുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍ തുടങ്ങി. മറ്റൊരാളുമൊത്ത് ഒരു കോഫി കഴിക്കുന്നതിനുപകരം കോഫി കഴിച്ചിട്ട് ദിവ്യകാരുണ്യ ആരാധനയില്‍ ഈശോയോടൊപ്പം ഇരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യാന്‍ തുടങ്ങി. ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ ഈശോയോടൊത്ത് എന്നത് നാളുകള്‍ക്കുമുമ്പുതന്നെ ഞാന്‍ പരിശീലിച്ചിരുന്നെങ്കിലും ഇത് വ്യത്യസ്തമായിരുന്നു. മുമ്പ് ഞാന്‍ ഈശോയൊടൊത്തിരുന്ന് വായിക്കുകയോ ജപമാല ചൊല്ലുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇപ്പോള്‍ വെറുതെ അവിടുത്തെ നോക്കി ഇരിക്കും, എന്നെ ‘ശരിക്കും’ നോക്കാന്‍ അവിടുത്തെ അനുവദിച്ചുകൊണ്ട്.
ഇതിലൂടെ എനിക്ക് മനസിലായ കാര്യമിതാണ്, നമ്മെ അവിടുന്ന് തന്റെ ‘മണവാട്ടി’യാക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ അവിടുന്ന് സുന്ദരിയും സ്നേഹിക്കാന്‍ കൊള്ളാവുന്നവളും കൂടുതല്‍ മനസിലാക്കപ്പെടേണ്ടവളും മറ്റുള്ളവരോട് സുന്ദരിയാണെന്ന് പറയാവുന്നവളും സ്നേഹിക്കപ്പെടേണ്ടവളും ഒക്കെയായി കാണുന്നു.
ഇക്കാര്യം ഹൃദയത്തിന്റെ ആഴത്തില്‍ ഞാന്‍ മനസിലാക്കണമെന്നും മറ്റേതൊരു യുവാവുമായി ബന്ധം പുലര്‍ത്തുന്നതിനെക്കാള്‍ അവിടുത്തെ മണവാട്ടി എന്ന തിരിച്ചറിവില്‍ ഞാന്‍ ജീവിക്കണമെന്നും ആ സ്ഥാനത്ത് ആഴത്തില്‍ വേരുറപ്പിക്കണമെന്നുമെല്ലാം അവിടുന്ന് ആഗ്രഹിക്കുന്നു.
മണവാട്ടി എന്ന എന്റെ സ്ത്രൈണസ്ഥാനം വിവാഹിതയാണോ സമര്‍പ്പിതയാണോ ഇപ്പോഴും ഏതാണ് എന്റെ ദൈവവിളി എന്ന് ഉറപ്പിക്കാത്ത അവസ്ഥയാണോ എന്നതിനെയൊന്നും ബാധിക്കുന്നില്ല. അതിന്റെ പിന്നിലെ സത്യം നാം ക്രിസ്തുവിന്റെ വധുവാണ് എന്നതാണ്. അത് നമുക്ക് ജന്മനാ ലഭിച്ചിരിക്കുന്നതാണ്. അതിനാല്‍ത്തന്നെ അവിടുന്ന് നമ്മെ അങ്ങനെ കാണുന്നു, മനസിലാക്കുന്നു, ആ രീതിയില്‍ത്തന്നെ സ്നേഹിക്കുന്നു.
അവിടുത്തോടൊപ്പമുള്ള കൂടിക്കാഴ്ചകള്‍
*ദിവ്യകാരുണ്യ ആരാധനയിലെ കൂടിക്കാഴ്ച
ഭൗതികമായി നമുക്കുമുന്നില്‍ ഈശോ സ്പര്‍ശിക്കാവുന്നവിധത്തില്‍ സന്നിഹിതനാകുന്നു. മറ്റേതൊരു വ്യക്തിയുടെയും മുന്നിലിരുന്ന് അയാളെ മനസിലാക്കുന്നതുപോലെ ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരുന്ന് അവിടുത്തോട് ചോദ്യങ്ങള്‍ ചോദിക്കുക, നിങ്ങളുടെ ഉന്നതസ്ഥാനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ അറിയുക. അവിടുന്ന് നിങ്ങളുടെ ഹൃദയം അറിയാന്‍ അനുവദിക്കുക, അവിടുത്തെ ഹൃദയം മനസിലാക്കുക.
*ഉത്തമഗീതം വായിക്കുക. യേശുവിനെക്കുറിച്ചുള്ള സത്യങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. പക്ഷേ ചിലപ്പോള്‍ സുവിശേഷങ്ങള്‍ക്കുപുറത്ത് നാം നോക്കണം. ഈശോയോടൊത്തുള്ള ദിവ്യകാരുണ്യ കൂടിക്കാഴ്ചകളില്‍ ഉത്തമഗീതം വായിച്ചപ്പോള്‍ അവിടുത്തേക്ക് എന്റെ ഹൃദയത്തോട് പറയാനുള്ള വാക്കുകള്‍ അവിടെ ഞാന്‍ കണ്ടു. ഈ പുസ്തകം എന്റെ ഹൃദയത്തെ മൃദുവാക്കുകയും വധുവെന്ന നിലയില്‍ എന്നോടുള്ള അവിടുത്തെ സ്നേഹം മനസിലാക്കാന്‍ സഹായിക്കുകയും ചെയ്തു.
* യേശുവിന് ലഭ്യയായിരിക്കുക
ഈശോയോടൊപ്പമുള്ള കൂടിക്കാഴ്ചകളെന്നാല്‍ ദിവ്യകാരുണ്യ ആരാധനകള്‍മാത്രമല്ല. മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോവുക, ഒരു കോഫി ഷോപ്പില്‍ പോവുക, വെറുതെ കാല്‍നടയാത്ര ചെയ്യുക… അങ്ങനെ എവിടെയൊക്കെയാണോ പോകാന്‍ തോന്നുന്നത് അവിടെയെല്ലാം പോകുക. ഇഷ്ടപ്പെട്ട യുവാവിനോടൊപ്പം പോകുന്നതുപോലെ ഈശോയോടൊപ്പം ആയിരിക്കുക എന്നതാണ് പ്രധാനം. ഒരു മണവാട്ടിയെപ്പോലെ നിന്നെ സ്നേഹിക്കാന്‍ അവിടുത്തെ അനുവദിക്കുക.
*ഏറ്റവും പ്രധാനമായി, പ്രാര്‍ത്ഥിക്കുക. അവിടുത്തോടൊപ്പമുള്ള കൂടിക്കാഴ്ചകളുടെ ഈ കാലഘട്ടത്തില്‍ എന്താണ് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുത്തോട് ആരായുക..
മകള്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ പപ്പ അവള്‍ക്കൊരു കാര്‍ സമ്മാനിച്ചു. അത് നാളുകള്‍ക്കുമുമ്പേ താന്‍ അവള്‍ക്കായി കരുതിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന കാര്‍ ഡീലറുടെ അടുത്ത് പോയി അതിന്റെ വില അന്വേഷിക്കണമെന്ന് അദ്ദേഹം മകളോട് ആവശ്യപ്പെട്ടു. പപ്പ പറഞ്ഞതുപോലെ മകള്‍ പോയി വില അന്വേഷിച്ചു. ഏറെ പഴയ മോഡലായതിനാല്‍ 3 ലക്ഷം രൂപമാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് കാര്‍ ഡീലര്‍ പറഞ്ഞത്. മകള്‍ അക്കാര്യം പപ്പയെ അറിയിച്ചു. കാര്‍ പണയം വച്ചാല്‍ തുക ലഭിക്കുന്ന കടയില്‍ പോയി അതിന് എത്ര വില കിട്ടുമെന്ന് അന്വേഷിക്കാനാണ് അപ്പോള്‍ പപ്പ ആവശ്യപ്പെട്ടത്. മകള്‍ അപ്രകാരം ചെയ്തു.
നല്ല മോഡല്‍ കാറായതിനാല്‍ എട്ടുലക്ഷം രൂപ വരെ കിട്ടുമെന്ന് അവര്‍ പറഞ്ഞു. മകള്‍ സന്തോഷത്തോടെ അക്കാര്യം പപ്പയെ അറിയിച്ചു. പക്ഷേ അപ്പോഴും പപ്പ തൃപ്തനായിരുന്നില്ല. കാര്‍സ്നേഹികളുടെ ക്ലബ്ബില്‍ പോയി വില അന്വേഷിക്കണമെന്നതായിരുന്നു അടുത്ത നിര്‍ദേശം. മകള്‍ അതുകേട്ട് ക്ലബ് അന്വേഷിച്ചുപോയി. അവിടെയെത്തി കാര്‍ കാണിച്ചപ്പോള്‍ പലരും ഉയര്‍ന്ന വില പറഞ്ഞു. പ്രമുഖ കമ്പനിയുടെ നല്ല കണ്ടീഷനിലുള്ളതും ഇത്ര പഴക്കമുള്ളതും ഇക്കാലത്ത് അപൂര്‍വവുമായ മോഡല്‍ കാറായതിനാല്‍ ഒരുകോടി രൂപ തരാമെന്നായിരുന്നു ഒരാള്‍ ഓഫര്‍ ചെയ്തത്. അതുകേട്ട് പപ്പയുടെ അടുത്തേക്ക് മടങ്ങിയ മകള്‍ സന്തോഷത്തോടെ അക്കാര്യം പങ്കുവച്ചു.
മറ്റുള്ളവര്‍ പറയുന്നതല്ല യഥാര്‍ത്ഥത്തില്‍ നമ്മുടെ വില, കാരണം നാം ദൈവമക്കളാണ്. ദൈവസന്നിധിയില്‍ നില്ക്കുമ്പോഴേ നമ്മുടെ യഥാര്‍ത്ഥവില മനസിലാവുകയുള്ളൂ. ആ ഉന്നതവില അറിയാവുന്നതിനാലാണ് നമ്മെ വീണ്ടെടുക്കാന്‍ ദൈവപിതാവ് ഏകജാതനായ യേശുവിനെ നമുക്കായി അയച്ചത്. അതിനാല്‍ ദൈവമക്കളെന്ന നമ്മുടെ ഉന്നതസ്ഥാനത്തിനനുസരിച്ച് പെരുമാറാനും മറക്കരുത്.
”കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും” (1 യോഹന്നാന് 3/1).
ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം. എന്റെ ഡാഡിക്ക് ഒരു വാഹനാപകടം ഉണ്ടായി. രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തില്‍ പെട്ടത്. ബൈക്കില്‍നിന്ന് റോഡിലേക്ക് അടിച്ചു വീണ ഡാഡിയുടെ ദേഹത്തിനു മുകളില്‍ ബൈക്ക് വീണു കിടക്കുകയായിരുന്നു. വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ടു. രക്തം ഒരുപാട് വാര്‍ന്നുപോയിക്കൊണ്ടിരുന്നു… മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രക്കാരന് ഞരക്കം കേട്ട് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ച് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്ന ഡാഡിയെ കണ്ടത്. പെട്ടെന്ന് ബൈക്ക് എടുത്തു മാറ്റി അടുത്തുള്ള വീട്ടില്‍ അറിയിച്ചു. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഒരുപാട് രാത്രിയായിട്ടും വീട്ടില്‍ ഡാഡി എത്താതിരുന്നതുകൊണ്ട് അമ്മയും ഞങ്ങള്‍ രണ്ടു മക്കളും മുട്ടിന്മേല് നിന്ന് പ്രാര്‍ത്ഥിക്കുകയാണ്. ലാന്‍ഡ് ഫോണില്‍ ഒരു കോള്‍ വന്നു. മേജര്‍ ആക്സിഡന്റ് ആണ്. ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രക്തം ഒരുപാട് വാര്‍ന്നു പോയിട്ടുള്ളതിനാല്‍ രക്തം കൊടുക്കാന്‍ ബ്ലഡ് ഗ്രൂപ്പ് യോജിക്കുന്ന കുറച്ചു പേരെ കൂടി കൊണ്ടുവരിക.
ഡാഡിയുടെ ജോലിസ്ഥലത്തു വിളിച്ചറിയച്ചതിന്‍പ്രകാരം മൂന്നു പേര് ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നു. അമ്മയും സഹോദരനും അയല്‍വാസികളില്‍ ചിലരും കാര്‍ വിളിച്ചു ആശുപത്രിയിലേക്ക് പോയി. എന്നെ തൊട്ടടുത്ത വീട്ടില്‍ ഏല്പിച്ചാണ് അവര്‍ പോയത്. എനിക്ക് പ്രായം പത്തു വയസ്സ്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ അമ്മയും സഹോദരനും ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും തിരുരക്തത്തിന്റെ ബലം നല്കണമേ എന്നും നിന്റെ എല്ലാ പദ്ധതികളും നന്മക്കായി മാറ്റുന്നതിന് നന്ദി എന്നും ഉരുവിട്ടുകൊണ്ടിരുന്നു.
അത്യാഹിത വിഭാഗത്തില്‍ ചെന്നപ്പോള്‍ ഡാഡിയുടെ രൂപം ഒരുപാടു മാറിയിരിക്കുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും തോല് ഉരിഞ്ഞു പോയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം കടും നീല നിറം. ചതഞ്ഞതിന്റെ പാടുകള്‍. എല്ലുരോഗ വിദഗ്ധന്‍ വന്നു ഡാഡിയെ ഐ സി യു വിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം സംഭ’വിച്ചിട്ടും ഒരു തുള്ളി രക്തം പോലും ഡാഡിക്കു ശരീരത്തില്‍ കയറ്റേണ്ടതായി വന്നില്ല! നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും തിരുരക്തത്തിന്റെ ബലം നല്കണമേ എന്ന പ്രാര്‍ത്ഥന ഈശോ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുകയായിരുന്നു. പിന്നീട് സാവധാനം ഡാഡി സൗഖ്യത്തിലേക്ക് കടന്നുവന്നു.
സഹോദരന്റെ ഭയാനകസ്ഥിതിയില്‍…
മറ്റൊരു അവസരത്തില്‍ എന്റെ സഹോദരന് വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കസേരയില്‍നിന്നും പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് വീഴുകയുണ്ടായി. പെട്ടെന്ന് ആംബുലന്‍സ് വിളിച്ചു തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. തല സ്കാന്‍ ചെയ്തപ്പോള്‍ രക്തം കട്ടപിടിച്ചതായി കാണുന്നതിനാല്‍ പെട്ടെന്നു എറണാകുളത്തേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ എത്തിക്കാനാണ് പറഞ്ഞത്. മെഡിക്കല്‍ സയന്‍സില്‍ ‘ഗ്ലാസ്ഗോ കോമ സ്കെയില്‍’ എന്ന സ്കോറിങ് സിസ്റ്റം ഉണ്ട്. കോമ അവസ്ഥക്കോ ജീവനില്ലാത്ത ശരീരത്തിനോ കൊടുക്കുന്ന 3/15 എന്ന സ്കോറില്‍ ആണ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്കു ആംബുലന്‍സ് യാത്ര തുടങ്ങിയത്.
ദുബായിയിലുള്ള എനിക്ക് അമ്മയുടെ ഫോണ്‍ കോള്‍ രാത്രിയില്‍ ലഭിച്ചു. അവരെ സമാധാനിപ്പിച്ചു. സഹോദരന്റെ മകന് ജനിച്ചിട്ട് തൊണ്ണൂറു ദിവസം ആയിട്ടേ ഉള്ളൂ. സാഹചര്യത്തിന്റെ ഭയാനകത നഴ്സ് എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഗള്‍ഫ് രാജ്യത്തുതന്നെയുള്ള അനിയത്തിയെ വിളിച്ച് പെട്ടെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞു. എന്റെ എല്ലാ സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകള്‍ മടക്കി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”ഈശോയേ, ജീവന് നല്കുന്ന നിന്റെ തിരുരക്തം ഒഴുക്കി എന്റെ സഹോദരന് ജീവിതം തിരിച്ചു നല്കാന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. എങ്കിലും എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.”
അല്പസമയം ഈശോയെ നോക്കി അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ദുബായില്‍നിന്നോ ഷാര്‍ജയില്‍നിന്നോ ടിക്കറ്റ് കിട്ടാനില്ല. എല്ലാ ഫ്ളൈറ്റുകളും ഫുള്‍ ആണ്. അബുദാബിയില്‍നിന്നും രണ്ടു സീറ്റ് മാത്രം ഒരു ഫ്ളൈറ്റില്‍ അവശേഷിച്ചിരുന്നു. അത് ബുക്ക് ചെയ്തു. യാത്ര തുടങ്ങുമ്പോഴേക്കും വീണ്ടും ഫോണ്‍ കോള്‍. എറണാകുളത്ത് ആശുപത്രിയില്‍ എത്തി തലയുടെ സ്കാന്‍ നടത്തുകയാണ്. ഈശോയുടെ തിരുരക്തത്തെ മാത്രം മുറുകെ പിടിച്ചു. അല്പ സമയത്തിനകം എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രാദ്ധ്യേ സ്കാന്‍ റിസള്‍ട്ട് അറിയാന്‍ കഴിഞ്ഞു. ആദ്യത്തെ സ്കാനിലുള്ള ബ്ലഡ് ക്ലോട്ട് ഇപ്പോള്‍ കാണുന്നില്ല. കൂടാതെ സ്കാനിങ്ങിന്റെ ഇടയില്‍ സഹോദരന് സംസാരിക്കാന്‍ തുടങ്ങി. ”പിതാക്കന്മാരില്നിന്ന് നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്ന് നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ” (1പത്രോസ് 1/18-19).
യേശുവിന്റെ തിരുരക്തം ലോകത്തിന്റെ രക്ഷയുടെ സ്രോതസ്സും വലിയൊരു രഹസ്യവുമാണ്. അവിടുത്തെ തിരുഹൃദയത്തില്‍നിന്നൊഴുകിയ തിരുരക്തവും തിരുജലവും നമുക്കായി അവിടുന്ന് തുറന്ന കരുണയുടെ ഉറവിടമാണ്.
മിസ്റ്റിക് ആയിരുന്ന കാറ്റലീനയുടെ പരിശുദ്ധ കുര്‍ബ്ബാനയെ കുറിച്ചുള്ള സാക്ഷ്യത്തില്‍ ഇപ്രകാരം വിവരിക്കുന്നു. കാര്മ്മികന് കൂദാശാവചനങ്ങള്‍ ഉച്ചരിച്ചു. ക്രൂശിതനായ യേശു അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ ശിരസ് വലതു തോളിലേക്ക് ചാഞ്ഞിരുന്നു. നെഞ്ചിന് വലതുവശത്തായി ഒരു മുറിവുണ്ടായിരുന്നു. ഇടതു വശത്തേക്കും വലതു വശത്തേക്കും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു, വെള്ളംപോലെ. പക്ഷേ പ്രകാശം നിറഞ്ഞ്. ഇടത്തോട്ടും വലത്തോട്ടും ചലിച്ചു കൊണ്ട് വിശ്വാസികളുടെ നേര്‍ക്ക് വരുന്ന പ്രകാശധാരകളെന്നു പറയുന്നതാവും ശരി. കാസയിലേക്കു ഒഴുകി വീഴുന്ന രക്തത്തിന്റെ അളവ് എന്നെ അത്ഭുതപ്പെടുത്തി. അത് കവിഞ്ഞൊഴുകി അള്‍ത്താരയെ മുഴുവന്‍ നനയ്ക്കുമെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ ഒരു തുള്ളിപോലും കവിഞ്ഞൊഴുകിയില്ല. ആ സമയം കന്യകാമറിയം അരുളിച്ചെയ്തു. ഇതാണ് അത്ഭുതങ്ങളുടെ അത്ഭുതം. അപ്പവും വീഞ്ഞും വാഴ്ത്തപ്പെടുന്ന അവസരത്തില്‍ സമൂഹം മുഴുവനായി കാല്‍വരിയുടെ ചുവട്ടിലേക്ക് യേശുവിന്റെ കുരിശുമരണത്തിന്റെ നിമിഷത്തേക്ക് നയിക്കപ്പെടുന്നു. അവനെ വധിച്ചവര്‍ക്കു വേണ്ടി മാത്രമല്ല നമ്മള് ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് വേണ്ടിക്കൂടിയും അവന് പിതാവിനോട് മാപ്പിരക്കുകയാണ്…
പഴയ നിയമത്തില്‍ കുഞ്ഞാടിന്റെ രക്തംകൊണ്ട് മുദ്രയിട്ട ഭവനങ്ങളെ സംഹാരദൂതന്‍ തൊടുകയില്ലെന്ന് ദൈവം ഇസ്രായേല്‍ ജനതയോട് വാഗ്ദാനം ചെയ്തു. അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. പടയാളികളില്‍ ഒരുവന് ഈശോയുടെ പാര്‍ശ്വം കുത്തി പിളര്‍ന്നപ്പോള്‍ അവന്റെ കണ്ണുകള്‍ തുറക്കപ്പെടുകയും ആത്മീയ അന്ധകാരം വിട്ടുമാറി യേശു നീതിമാനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തതായി വായിക്കുന്നുണ്ടല്ലോ.
ജൂലൈ മാസം ഈശോയുടെ തിരുരക്തത്തിന്റെ വണക്കം പ്രത്യേകമായി നാം ആചരിക്കുന്നു. ഹംഗറിയിലെ രാജ്ഞിയായ വിശുദ്ധ എലിസബത്തും വിശുദ്ധ മെറ്റില്‍ഡയും വിശുദ്ധ ബ്രിജീത്തയും യേശുവിന്റെ പീഡാനുഭവത്തെക്കുറിച്ചു അറിയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് ഇപ്രകാരമാണ്, ”ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി 28430 തുള്ളി രക്തം ചിന്തുകയുണ്ടായി .എന്റെ ശരീരത്തില്‍ ആകെ 1008 മുറിവുകള്‍ ഉണ്ടായിരുന്നു.”
ഈശോയുടെ തിരുരക്തം സകല തിന്മകളില് നിന്നും നമുക്ക് സംരക്ഷണം നല്കുന്ന പരിചയാണ്. ഓരോ നിമിഷവും നമ്മുടെ ശരീരവും മനസ്സും ആത്മാവും അവന്റെ സംരക്ഷണത്തിലായിരിക്കട്ടെ. ജീവിതത്തിന്റെ ഏതു പ്രതിസന്ധികളിലും അവിടുത്തെ തിരുരക്തത്തോട് പ്രാര്‍ത്ഥിക്കുക. തിരുരക്തവലയത്തില്‍നിന്നും നമ്മെ അടര്‍ത്തികൊണ്ടു പോകാന്‍ തിന്മയുടെ ശക്തികള്‍ക്ക് സാധിക്കുകയില്ല. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം
നിന് സുതന്റെ രക്തക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ….
”അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാന് 1/7).
1990-കളുടെ ആദ്യപാദം. ഞാന്‍ നവീകരണരംഗത്തു വന്നു കുറച്ചുകാലമേ ആയിട്ടുള്ളൂ. പ്രാര്‍ത്ഥനാഗ്രൂപ്പും വാര്‍ഡ് പ്രാര്‍ത്ഥനകളും പള്ളിക്കമ്മിറ്റിപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്നു.
ഒരു ദിവസം വൈകുന്നേരം കൃഷിപ്പണികളൊക്കെ കഴിഞ്ഞ് വീട്ടുസാധനങ്ങള്‍ വാങ്ങാനായി രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ടൗണിലേക്ക് പോകുകയായിരുന്നു. എതിരെ ഞങ്ങളുടെ നാട്ടിലെ കുപ്രസിദ്ധനായ ഒരു ചേട്ടന് വരുന്നു. എന്റെ അടുത്തെത്തിയതേ ചേട്ടന് എന്റെ മുഖത്തുനോക്കി ഒരു നിലവിളി ”നിങ്ങള്‍ക്കൊക്കെ എല്ലാവരും ഉണ്ടല്ലോ അല്ലേ” എന്നു പറഞ്ഞുകൊണ്ട്. എനിക്ക് ഒരു മറുപടിയും പറയാനില്ലായിരുന്നു. പറയാന്‍ അറിയുകയും ഇല്ലായിരുന്നു.
ചേട്ടനാണെങ്കില് ചാരായം വാറ്റലും കഞ്ചാവുകൃഷിയും വലിക്കലും ബഹളങ്ങളും ഉള്ളയാള്‍. ഈ കാരണങ്ങളാല്‍ കേസുകളില്‍ പല പ്രാവശ്യം ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍. ഇടവകപ്പള്ളിയുടെ കമ്മറ്റിക്കാരനെന്നനിലയില് വികാരിയച്ചനോടൊപ്പം വീടു വെഞ്ചരിക്കാന്‍ ചെന്നാല്‍ വീട്ടില്‍ കയറ്റില്ല. ഭാര്യയെയും മകളെയും ഉപദ്രവിച്ചതിനാല്‍ ഭാര്യയും മകളും ഒരു കന്യാസ്ത്രീമഠത്തില്‍ അഭയം തേടിയിരിക്കുന്നു.
പിതാവിന് ഏക ആണ്‍തരിയായതിനാല്‍ തറവാടും കുറെയധികം ഭൂസ്വത്തുക്കളും ഉണ്ടായിരുന്നു. പല ആവശ്യങ്ങള്‍ക്കായി നല്ലഭാഗം ഭൂമി വിറ്റു. കാരണവന്മാര് പണിത പ്രധാന പുര പൊളിച്ചുവിറ്റു. ഇപ്പോള്‍ അടുക്കളപ്പുരയില്‍ വാസം.
ചേട്ടനെ കണ്ടുമുട്ടിയ സമയം മുതല്‍ രാത്രിയും പിറ്റേദിവസം പകലുമെല്ലാം എനിക്ക് ചേട്ടനെപ്പറ്റിമാത്രം ചിന്ത. വൈകുന്നേരമായപ്പോള്‍ ഭാര്യയോടു ഞാന്‍ ചേട്ടനെ ഒന്നുപോയി കാണട്ടെയെന്ന് പറഞ്ഞ് ചേട്ടന്റെ വീട്ടില്‍ എത്തി. ഒരു മുറി മാത്രമുള്ള അടുക്കളപ്പുര. ഒരു വശത്ത് അടുപ്പും സംവിധാനങ്ങളും. ബാക്കിസ്ഥലത്ത് നിലത്ത് തഴപ്പായ വിരിച്ച് ചേട്ടന് നിലത്തിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചേട്ടന് എഴുന്നേല്ക്കാന് തുടങ്ങി. അവിടെയിരിക്കൂ ചേട്ടാ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് ഇരുത്തി. കൂടെയുണ്ടായിരുന്ന ഇളയമകനോട് എനിക്കിരിക്കാന്‍ ഒരു സ്റ്റൂള് എടുത്തുകൊണ്ടുവരാന്‍ പറഞ്ഞെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെകൂടെ പായയില്‍ ഇരുന്നു. ചേട്ടന്, ചേട്ടന്റെ വിഷമങ്ങളും രോഗങ്ങളും ഭാര്യ ഇട്ടിട്ടുപോയതിന്റെ വിഷമങ്ങളും ഒക്കെ ഒത്തിരി പറഞ്ഞു. ഞാന്‍ എല്ലാം കേട്ടു. ഒന്നിനും ഒരു മറുപടി പറയാന്‍ എനിക്ക് അറിവില്ലായിരുന്നു. പറഞ്ഞുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാം എന്നുപറഞ്ഞ് ചേട്ടനെ സമാധാനിപ്പിച്ച് ഞാന്‍ മടങ്ങി.
പിറ്റേദിവസം രാവിലെ ഞാന്‍ എന്റെ വീടിന്റെ മുറ്റത്തു നില്ക്കുമ്പോള് താഴെയുള്ള വഴിയില്‍ക്കൂടി അവിചാരിതമായി ചേട്ടന്റെ ഭാര്യയും പെങ്ങളുംകൂടി മറ്റൊരു പെങ്ങളുടെ വീട്ടിലേക്ക് പോകുന്നു. എനിക്ക് വല്ലാത്ത ആശ്ചര്യം തോന്നി. ഞാന്‍ അവരെ എന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്റെ തലേദിവസത്തെ അനുഭവങ്ങള്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ ചേടത്തിയോട് പറഞ്ഞു ”ചേട്ടന് എന്തു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും ചേട്ടന് ചേടത്തിയുടെ സാമീപ്യം അത്യാവശ്യമാണ്.” ചേടത്തി പറഞ്ഞു ”എന്റെ മോനേ, ഞാന്‍ പോവില്ല. എനിക്ക് വല്ലാത്ത ഭയമാണ്.”
ഞങ്ങളുടെ സോണില്‍ പാസ്റ്ററും ധ്യാനവും പ്രാര്‍ത്ഥനയും ഒക്കെയുണ്ട്. ചേടത്തിയെ ഞാന്‍ അച്ചന്റെ അടുത്തുകൊണ്ടുപോകാം, ചേടത്തി ഒന്നു സംസാരിക്ക് എന്നു പറഞ്ഞു. അതിന്‍പ്രകാരം ഞങ്ങള്‍ പിറ്റേദിവസം പോയി. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ അച്ചനുമായി ചേടത്തി സംസാരിച്ചു. സംസാരശേഷം അച്ചനും ചേടത്തിയെ ചേട്ടന്റെ അടുത്തുവിടാന് ധൈര്യമില്ലായിരുന്നു. ‘എനിക്ക് ഒന്നും അറിയില്ല. പക്ഷേ ചേടത്തി ചേട്ടന്റെ അടുത്തു ചെല്ലേണ്ടത് അനിവാര്യമാണെന്നു’മാത്രം ഞാന്‍ പറഞ്ഞു. അവസാനം ചേടത്തി നില്ക്കുന്ന മഠത്തിലെ മദറിനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞ് പോയി.
ഒരാഴ്ചയ്ക്കുള്ളില്‍ ചേടത്തി വന്ന് ചേട്ടന്റെ ഒപ്പം താമസിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചേട്ടന് മരിച്ചെന്ന് അറിഞ്ഞു. ഞങ്ങളെല്ലാം ചെന്ന് സമുചിതമായി മൃതസംസ്കാരം നടത്തി.
പിന്നെയുള്ള ചേടത്തിയുടെ വാക്കുകളാണ് പ്രസക്തം. ചേട്ടന് എത്ര ദ്രോഹിച്ചെങ്കിലും ഈ കുറഞ്ഞ ദിവസം ചേട്ടന് കൊടുത്ത സ്നേഹം എല്ലാം മറക്കാന്‍ ചേടത്തിയെ പ്രേരിപ്പിച്ചുപോലും. അവസാനം ചേട്ടന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യം നൂറുരൂപ ചേടത്തിക്ക് കൊടുത്ത് ചേട്ടന് യാത്രയായി. ആ അന്ത്യനിമിഷങ്ങളില്‍ ചേട്ടനോടൊപ്പം ചേടത്തി ഇല്ലായിരുന്നെങ്കില്‍ അല്ലെങ്കില്‍ ചേട്ടന് മരിച്ചതിനുശേഷമാണ് ചേടത്തി വന്നിരുന്നതെങ്കില്‍…? ഒരു മനുഷ്യന്‍പോലും നഷ്ടപ്പെടാതിരിക്കാന്‍ കാരുണ്യവാനായ ദൈവത്തിന്റെ കരുതല്‍. ”ദുഷ്ടന് താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്നിന്ന് പിന്തിരിഞ്ഞ് നീതിയും ന്യായവും പാലിച്ചാല്‍ അവന് തന്റെ ജീവന് രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള് മനസിലാക്കി അവയില്‍നിന്ന് പിന്മാറിയതിനാല് അവന് തീര്‍ച്ചയായും ജീവിക്കും; അവന് മരിക്കുകയില്ല” (എസെക്കിയേല്‍ 18/27-28).
വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരിക്കല്‍ ദൈവാലയത്തില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് നില്ക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് പാപകരമായ ജീവിതം നയിച്ചാണ് മരിച്ചത് എന്നുപറഞ്ഞു. ഭര്‍ത്താവിന്റെ ആത്മാവ് നരകത്തിലാണോ ഉള്ളത്, പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടോ എന്നെല്ലാം അവര്‍ ആശങ്കപ്പെട്ടു. വിയാനിയച്ചന് പറഞ്ഞു, ”നീ മാതാവിന്റെ വണക്കമാസത്തിന് പൂക്കള്‍ ശേഖരിച്ചപ്പോള്‍ നിന്റെ ഭര്‍ത്താവ് നിന്നെ സഹായിച്ചില്ലേ. അതുമൂലം മാതാവിന്റെ മധ്യസ്ഥതയാല്‍ നിന്റെ ഭര്‍ത്താവ് ദൈവകൃപ സ്വീകരിച്ച് ശുദ്ധീകരണസ്ഥലത്താണ് ഉള്ളത്. അതുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊള്ളുക.”
എനിക്കാരുമില്ല എന്ന സന്ദേഹത്തില്‍ നമ്മുടെ ചുറ്റിലും എത്രയോപേര്‍ കഴിയുന്നു. നമുക്കും അവര്‍ക്ക് ആരെങ്കിലുമാകാന്‍ പരിശ്രമിക്കാം. ഒരാള്‍ സമൂഹത്തിന് യോജിച്ചവനല്ലെങ്കിലും അയാള്‍ ജീവിതത്തില്‍ ചെയ്ത ചെറിയ നന്മകളെപ്രതിയെങ്കിലും ദൈവം അവനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ”ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18/14). നമുക്കും ദൈവത്തിന്റെ ചെറിയ ഉപകരണങ്ങളാകാം. ദൈവം അനുഗ്രഹിക്കട്ടെ.
'