- Latest articles
ദൈവശുശ്രൂഷയിലും ദൈവസ്നേഹത്തിലും ആത്മീയകാര്യങ്ങളിലും ചിലപ്പോള്‍ വലിയ താല്പര്യം, മറ്റു ചിലപ്പോള്‍ തീരെ താല്പര്യമില്ലാത്ത അവസ്ഥ. ഇപ്രകാരമുള്ള അസ്ഥിരതയുണ്ടോ? ആ അവസ്ഥ മാറി, ദൈവത്തില്‍ സ്ഥിരത ലഭിക്കാന്‍ നാം ദൈവത്തില്‍ ശരണം പ്രാപിക്കണം. എല്ലാക്കാര്യങ്ങളിലും ദൈവത്തിന്‍റെ സഹായം അപേക്ഷിക്കണം. എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കാന്‍മാത്രം ആഗ്രഹിക്കുക. ദൈവം തിരുമനസാകുന്നതു മാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അനുനിമിഷം ദൈവം നല്കുന്ന നല്ല പ്രചോദനങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാനാവശ്യമായ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം.
'മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: “കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?”
അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: “പിന്നല്ലാതെ, മറിയത്തിന്‍റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു.”
“ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക് കൃപ നല്കുകയും ചെയ്യുന്നു” (1 പത്രോസ് 5/5).
'യേശുവിന്‍റെ മധുരനാമം എന്‍റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ.
നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്‍റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്‍റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്‍റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ.
ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ.
ഓ മറിയമേ, യേശുവിന്‍റെ അമ്മേ, ഈശോക്കൊപ്പം എന്‍റെ കൂടെയായിരിക്കണമേ. നമ്മെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹത്തിന്‍റെ ബന്ധം ഒരിക്കലും അയഞ്ഞുപോകാതിരിക്കട്ടെ.
ആമ്മേന്‍
'പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുള്ള യുവാവ്. പഠനത്തില്‍ സമര്‍ത്ഥന്‍. വേട്ടയാടാനും കുതിരപ്പുറത്ത് സവാരി ചെയ്യാനും ഇഷ്ടം. ഭംഗിയായി വസ്ത്രം ധരിക്കും. ഇതൊന്നും കൂടാതെ നന്നായി നൃത്തം ചെയ്യും. ഇക്കാരണങ്ങള്‍കൊണ്ടെല്ലാംതന്നെ എല്ലാവരും കൂട്ടുകൂടാനിഷ്ടപ്പെടുന്ന യുവാവായിരുന്നു ഫ്രാന്‍സിസ്. പല പെണ്‍കുട്ടികളും അവന്‍റെ ഹൃദയം കീഴടക്കാന്‍ ആഗ്രഹിച്ചു.
അങ്ങനെ യുവത്വത്തിന്‍റെ പ്രസരിപ്പില്‍ മുഴുകി ജീവിക്കവേ, രണ്ടു തവണയാണ് ഗുരുതരമായ രോഗം ഫ്രാന്‍സിസിന് പിടിപെട്ടത്. അസുഖം ഭേദമാവുകയാണെങ്കില്‍ വൈദികനാകുമെന്ന് ഓരോ പ്രാവശ്യവും പരിശുദ്ധ അമ്മക്ക് വാക്കുകൊടുത്തു. പക്ഷേ, സുഖമായപ്പോള്‍ ആ വാഗ്ദാനം മറക്കുകയാണുണ്ടായത്.
സുപ്രീം കോടതി ജഡ്ജിയായിരുന്ന സാന്‍റെ പോസ്സെന്‍റിയുടെയും ആഗ്നസിന്‍റെയും പതിമൂന്നു മക്കളില്‍ പതിനൊന്നാമനായിരുന്നു ഫ്രാന്‍സിസ്. 1838ല്‍ അസ്സീസ്സിയില്‍ ജനിച്ചു. നാലാമത്തെ വയസ്സില്‍ത്തന്നെ അമ്മയെ അവന് നഷ്ടമായി. പിന്നീട് ചേച്ചി മരിയ ലൂയിസയുടെ സംരക്ഷണയിലാണ് ഫ്രാന്‍സിസ് വളര്‍ന്നത്.
എന്നാല്‍ അവന് പതിനേഴ് വയസോളം പ്രായമുള്ളപ്പോള്‍ 1855ല്‍ പടര്‍ന്നുപിടിച്ച കോളറ ഫ്രാന്‍സിസിന്‍റെ ചേച്ചി മരിയ ലൂയിസയുടെ ജീവന്‍ കവര്‍ന്നു. ഈലോകജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് ചിന്തിക്കാന്‍ ആ മരണം ഫ്രാന്‍സിസിന് പ്രേരണ നല്കി. തന്‍റെ ദൈവവിളിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ അവന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ വൈദികനാകാന്‍ തീരുമാനമെടുത്തു. തുടര്‍ന്ന് പിതാവിന്‍റെ സമ്മതം ചോദിച്ചെങ്കിലും ആ അഭ്യര്‍ത്ഥന നിരസിക്കപ്പെടുകയാണ് ചെയ്തത്.
അതിനിടയില്‍ മറ്റൊരു സംഭവം നടന്നു. അന്നത്തെ ആര്‍ച്ചുബിഷപ്പിന്‍റെ ആഹ്വാനപ്രകാരം കോളറ പകര്‍ച്ചവ്യാധി ഒഴിഞ്ഞുപോയതിന്‍റെ നന്ദിസൂചകമായി, പരിശുദ്ധ അമ്മയുടെ ഒരു ചിത്രം എഴുന്നള്ളിച്ചുള്ള ഘോഷയാത്ര നടന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശുദ്ധ ലൂക്ക വരച്ചതെന്നു കരുതപ്പെടുന്ന, ബൈസാന്‍റിയന്‍ കാലത്തെ പരിശുദ്ധ അമ്മയുടെ ചിത്രം വഹിച്ചാണ് ആ പ്രദക്ഷിണം നടത്തപ്പെട്ടത്. മാതാവിന്‍റെ ചിത്രം തന്നെ കടന്നുപോകുമ്പോള്‍ മുട്ടുകുത്തിയ ഫ്രാന്‍സിസ് അവന്‍റെ ഹൃദയത്തിന്‍റെ അഗാധതയില്‍ പരിശുദ്ധ അമ്മ ഇങ്ങനെ പറയുന്നത് വ്യക്തമായി കേട്ടു, ‘ഫ്രാന്‍സിസ്, നീയെന്താണ് ഇപ്പോഴും ലോകത്തില്‍ത്തന്നെ ആയിരിക്കുന്നത്? നിനക്കുവേണ്ടിയുള്ളതല്ല അത്. നിന്‍റെ ദൈവവിളി പിന്‍ചെല്ലൂ.”
ഈ ചിന്ത മനസില്‍ ശക്തമായതോടെ, പിതാവിനോട് അവന്‍ വീണ്ടും സമ്മതം ചോദിച്ചു. പക്ഷേ പിതാവ് അനുവാദം നല്കിയില്ല. മാത്രവുമല്ല, അവനെ പിന്തിരിപ്പിക്കാന്‍ ചില ബന്ധുക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഫ്രാന്‍സിസിന്‍റെ കത്തിന് മറുപടിയായി, അവനെ സ്വീകരിക്കാന്‍ തങ്ങള്‍ക്കു സമ്മതമാണെന്നു പറഞ്ഞ് പാഷനിസ്റ്റ് സഭയില്‍നിന്ന് അയച്ചിരുന്ന എഴുത്ത് പിതാവ് ഒളിച്ചുവച്ചു.
പക്ഷേ, കുറെ നാള്‍ കാത്തിരുന്നിട്ടും പാഷനിസ്റ്റ് സന്യാസസഭയില്‍നിന്ന് മറുപടി ലഭിക്കുന്നില്ലെന്ന് കണ്ട ഫ്രാന്‍സിസ് അപേക്ഷ സമര്‍പ്പിക്കാനായി നേരിട്ട് അവര്‍ക്കടുത്തേക്ക് പോയി. ആ യാത്രക്ക് പിതാവും ബന്ധുക്കളും ഒരുപാട് തടസ്സങ്ങള്‍ ഉയര്‍ത്തിയെങ്കിലും അവന്‍റെ ദൃഢനിശ്ചയത്തിനു മുമ്പില്‍ മുട്ടുമടക്കി. ഒടുവില്‍ ഫ്രാന്‍സിസിനെ കണ്ട നോവിസ് മാസ്റ്റര്‍ അവനെ സന്തോഷത്തോടെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു, “നിന്നെ കാണാമെന്ന എല്ലാ പ്രതീക്ഷയും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു, ഫ്രാന്‍സിസ്!”
പാഷനിസ്റ്റുകളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ ദ്യോതിപ്പിക്കുന്ന കുരിശും മുള്ളുകൊണ്ടുള്ള മുടിയും ‘എളിമപ്പെടുക, ക്രിസ്തുവിനെ പ്രതി എല്ലാവര്‍ക്കും വിധേയനായിരിക്കുക’ എന്ന ഉപദേശവും ഒരു ചടങ്ങില്‍ വച്ച് ഫ്രാന്‍സിസ് സ്വീകരിച്ചു. വ്യാകുലമാതാവിന്‍റെ ഗബ്രിയേല്‍ (Confrater Gabriel of Our Lady of
Sorrows) എന്ന പേരാണ് ഫ്രാന്‍സിസ് സ്വീകരിച്ചത്.
നല്ല ഭക്തിയുള്ള, എല്ലാ നിയമവും കര്‍ശനമായി പാലിക്കുന്ന, ചെയ്യുന്നതിലെല്ലാം പൂര്‍ണ്ണമനസ്സ് വയ്ക്കുന്ന ഒരാളായിരുന്നു അവന്‍. അവന്‍റെ നോട്ടുബുക്കില്‍ അവനിങ്ങനെ എഴുതി, ‘ഓരോ ദിവസവും എന്‍റെ ഇഷ്ടങ്ങള്‍ ചെറിയ കഷണങ്ങളായി ഒടിക്കാന്‍ ഞാന്‍ പരിശ്രമിക്കും. എന്‍റെയല്ല, ദൈവത്തിന്‍റെ തിരുവിഷ്ടം നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
അവന്‍റെ അഗാധമായ എളിമയും ചെറിയ ചെറിയ സന്തോഷങ്ങള്‍ വേണ്ടെന്നു വെക്കാനുള്ള പരിശ്രമവും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവനെപ്പോഴും സന്തോഷവാനായിരുന്നു. ‘അവസാനിക്കാത്ത ആനന്ദമാണ് എന്‍റെ ജീവിതത്തില്‍’ എന്നവന്‍ തന്‍റെ പിതാവിനെഴുതി.
അവന് പരിശുദ്ധ അമ്മയോടുള്ള ഭക്തി നാളുകള്‍ ചെല്ലുംതോറും കൂടിക്കൂടി വന്നു. അവളില്‍ അവന്‍ കണ്ടെത്തിയതെല്ലാം നോട്ടുബുക്കില്‍ കുറിച്ചുവച്ചു. ഒരിക്കല്‍ തന്‍റെ സഹോദരന്‍ മൈക്കിളിന് അവനെഴുതി, ‘മറിയത്തെ സ്നേഹിക്കൂ, അവള്‍ സ്നേഹയോഗ്യയാണ്, വിശ്വസ്തയാണ്, മാറ്റമില്ലാത്തവളാണ്. സ്നേഹത്തില്‍ അവളെ മറികടക്കാന്‍ ഒരിക്കലും കഴിയില്ല. നീ അപകടത്തിലാണെങ്കില്‍ നിന്നെ രക്ഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ വരും. നീ വിഷമിച്ചിരിക്കുമ്പോള്‍ അവള്‍ നിന്നെ ആശ്വസിപ്പിക്കും. നീ രോഗിയാണെങ്കില്‍ അവള്‍ ശാന്തിവാഹിനിയാണ്. നിന്‍റെ ആവശ്യങ്ങളില്‍ നിന്നെ സഹായിക്കും. നിത്യതയിലേക്കുള്ള യാത്രയില്‍ നിനക്ക് കൂട്ടായി അവള്‍ അടുത്തുണ്ടാകും.’
നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയിരുന്ന ഗബ്രിയേല്‍ മികച്ച രീതിയില്‍ പഠനം തുടരുന്നതിനിടയില്‍ ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അസുഖം വിശുദ്ധനെ തെല്ലും വിഷമിപ്പിച്ചില്ലെന്നു മാത്രമല്ല ആത്മീയമായി ഒരുങ്ങുന്നതിനുവേണ്ടി സാവധാനം സഹിച്ചുകൊണ്ടുള്ള ഒരു മരണത്തിനു വേണ്ടി അവന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. എപ്പോഴും പ്രസന്നമായ മുഖം നിലനിര്‍ത്തിയ ഗബ്രിയേല്‍ തന്‍റെ കടമകള്‍ ചെയ്യുന്നതില്‍ മുടക്കമൊന്നും വരുത്തിയില്ല. മൈനര്‍ സഭയില്‍ അംഗമായപ്പോഴേക്ക് ആരോഗ്യം വളരെ മോശമായി. എപ്പോഴും ചിരിക്കുന്ന മുഖം ആയിരുന്നതുകൊണ്ട് അവിടെയുള്ള സഹോദരര്‍ അവന്‍റെ സഹനത്തിന്‍റെ ആധിക്യം അറിഞ്ഞില്ല. അവന്‍റെ അടുത്ത് വന്നിരിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു, മരണക്കിടക്കയില്‍ പോലും. ദൈവവുമായുള്ള അവന്‍റെ ആന്തരികഐക്യം കഠിനമായ വേദനക്കിടയിലുള്ള മുറിയാത്ത പ്രാര്‍ത്ഥനക്കും പാപികള്‍ക്ക് വേണ്ടി അവനെത്തന്നെ ഒരു ബലിയായി അര്‍പ്പിക്കുന്നതിലേക്കും വഴിമാറി.
താന്‍ അഹങ്കരിക്കുമോ എന്ന ഭയത്താല്‍, തന്‍റെ ആത്മീയമായ എഴുത്തുകള്‍ കത്തിച്ചുകളയാന്‍ മരണക്കിടക്കയില്‍ വച്ച് ഗബ്രിയേല്‍ പറഞ്ഞു. കര്‍ത്താവിന്‍റെ പുരോഹിതനാകുന്നതിന് ഒരു വര്‍ഷം മുന്‍പേ, തന്‍റെ ഇരുപത്തിമൂന്നാം വയസ്സില്‍ ഗബ്രിയേല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1862 ഫെബ്രുവരി 27-നായിരുന്നു ആ സ്വര്‍ഗീയയാത്ര. സഭാംഗങ്ങളുടെ സാന്നിധ്യത്തില്‍ വ്യാകുലമാതാവിന്‍റെ ചിത്രം തന്നോട് ചേര്‍ത്തുപിടിച്ചുകൊണ്ട്, ശാന്തമായ ഒരു പുഞ്ചിരിയോടെ, വ്യാകുലമാതാവിന്‍റെ വിശുദ്ധ ഗബ്രിയേല്‍ അന്ത്യയാത്ര പറഞ്ഞു.
മരണവേളയില്‍ അവന്‍ കിടക്കയില്‍ ഇരുന്നു, മുഖം പ്രകാശമാനമായി, അവനു മാത്രം കാണാവുന്ന ആരോ മുറിയില്‍ പ്രവേശിച്ചാലെന്ന വിധം മുന്നോട്ടാഞ്ഞു. ചുറ്റും കൂടിയിരുന്നവരാണ് പിന്നീട് ഇക്കാര്യങ്ങളെല്ലാം സാക്ഷ്യപ്പെടുത്തിയത്. പരിശുദ്ധ അമ്മ തന്‍റെ പ്രിയമകനെ കൊണ്ടുപോവാന്‍ എത്തിയതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
1908 ല്‍ വാഴ്ത്തപ്പെട്ടവനായും 1920 ല്‍ വിശുദ്ധനായും ഗബ്രിയേല്‍ ഉയര്‍ത്തപ്പെട്ടു. വിശുദ്ധ ജെമ്മ ഗല്‍ഗാനി രോഗക്കിടക്കയിലായിരിക്കുമ്പോള്‍ വ്യാകുലമാതാവിന്‍റെ വിശുദ്ധ ഗബ്രിയേലിന്‍റെ ദര്‍ശനം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. തിരുഹൃദയനൊവേന ചൊല്ലാനും വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിനോട് പ്രാര്‍ത്ഥിക്കാനുമെല്ലാം ആവശ്യപ്പെട്ട വിശുദ്ധനിലൂടെ അവള്‍ക്ക് രോഗസൗഖ്യവും ലഭിച്ചു.
യുവജനങ്ങളുടെയും അതോടൊപ്പം, സന്യാസാര്‍ത്ഥിനികളുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ഗബ്രിയേല്‍.
'കുഞ്ഞുങ്ങളെ ദൈവഹിതപ്രകാരം വളര്‍ത്തുന്ന നല്ല മാതാപിതാക്കളാകാന്‍ സഹായിക്കുന്ന ലേഖനം
എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും ആകുലതകളുമെല്ലാം അടുത്ത സുഹൃത്തിനോടെന്നപോലെ ഞാന്‍ എന്‍റെ ദൈവത്തോട് പങ്കുവയ്ക്കാറുണ്ട്. ഒരു സന്ധ്യാനേരത്ത് ഡയറിയില്‍ ദൈവത്തിന് ഒരു നിവേദനം എഴുതുകയായിരുന്നു. ഇതുകണ്ട എന്‍റെ മൂത്തമകള്‍ പൊന്നൂസ് അടുത്തുവന്ന് ചോദിച്ചു “അമ്മ എന്നതാ ഇത്ര കാര്യമായി എഴുതിക്കൊണ്ടിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, “അമ്മ ദൈവത്തിന് ഒരു കത്തെഴുതുവാ.” അതുകേട്ട് കുറച്ചുനേരം പരുങ്ങിനിന്നിട്ട് അവള്‍ ചോദിച്ചു “അമ്മാ, എനിക്കും ഈശോപ്പായോട് ഒരു കാര്യം പറയാനുണ്ട്. അതുകൂടി എഴുതാമോ?” ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. വളരെ ഗൗരവത്തിലാണ് കക്ഷി ഇത് പറയുന്നത്.
ഞാന്‍ എഴുതുന്ന കത്ത്, ഉടന്‍തന്നെ വായിച്ച്, ദൈവം മറുപടി തരും എന്നുള്ള കുഞ്ഞിന്‍റെ ഉറപ്പ് എന്നെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അതൊന്നും പുറമേ കാണിക്കാതെ ഞാന്‍ കാര്യം ആരാഞ്ഞു. അവള്‍ കുറച്ചു ദയനീയഭാവത്തോടെ പറഞ്ഞു “അമ്മാ, എനിക്ക് ഒത്തിരി വണ്ണം വയ്ക്കാന്‍ പറ്റണേ എന്ന് ദൈവത്തോട് പറയണം.” സംഗതി അത്ര പിടികിട്ടാത്തതുകൊണ്ട് ഞാന്‍ എഴുത്തൊക്കെ നിര്‍ത്തി സൗമ്യമായി, ‘ഒത്തിരി വണ്ണം വച്ചിട്ടിപ്പോ എന്തിനാണ്’ എന്നാരാഞ്ഞു.
അവളുടെ മറുപടി കുറച്ച് വിചിത്രമായിരുന്നു. “വണ്ണം വച്ചാല്‍പ്പിന്നെ ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഫ്രീയാവും, പിന്നെ കോണ്‍ഫിഡന്‍റ് ആവും, ഹാപ്പിയാവും.” ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴുള്ള സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും ആത്മവിശ്വാസത്തിനും ഈ പറഞ്ഞ വണ്ണവുമായുള്ള ബന്ധം എന്താണെന്ന് ഒരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. ഏറ്റവും വലിയ ജീവിതപ്രശ്നമെന്നപോലെ പൊന്നൂസിനെ അലട്ടിയ ആ ‘വണ്ണക്കഥ’ ഞാന്‍ പറയാം.
പൊന്നൂസ് ജനിച്ച കാലം മുതല്‍ മെലിഞ്ഞ ഒരു കുട്ടിയാണ്. ഭക്ഷണം കഴിക്കാന്‍ നല്ല മടിയുള്ള പ്രകൃതവും. കുഞ്ഞിന് തൂക്കം കുറവാണെന്ന ആള്‍ക്കാരുടെ പരിദേവനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്‍റെ ഉറക്കം കെടുത്തി. സത്യം പറഞ്ഞാല്‍ അന്നുമുതല്‍ ആറുവര്‍ഷം ഞാന്‍ അവളെ വണ്ണം വയ്പ്പിക്കാനുള്ള അക്ഷീണവും അശ്രാന്തവുമായ പരിശ്രമത്തിലായിരുന്നു. കേരളത്തിലേക്കുള്ള ഓരോ യാത്രകളും എന്‍റെ ദുഃസ്വപ്നങ്ങളായി മാറി. ആദ്യത്തെ കുഞ്ഞായതുകൊണ്ടും കുഞ്ഞുങ്ങളെ നോക്കി വലിയ മുന്‍പരിചയം ഇല്ലാത്തതുകൊണ്ടും ആളുകളോട് മറുപടികളൊന്നും പറയാനില്ലാതെ ഞാന്‍ വശംകെട്ടു.
മുനവെച്ച പ്രസ്താവനകള്‍ സമ്മാനിച്ച മുറിവുകളിലൂടെ ഒരുപാട് കണ്ണീര്‍ക്കണങ്ങള്‍ ഞാനൊഴുക്കി. രാവിലെ മുതല്‍ പലപ്പോഴും എന്‍റെ ഭക്ഷണംപോലും ഒഴിവാക്കി, പലതരം വിഭവങ്ങളുമായി കുഞ്ഞിന്‍റെ പിന്നാലെ നടന്ന് ഞാന്‍ സ്വന്തം ആരോഗ്യം താറുമാറാക്കി. ഭാരം കൂടാത്തത് എന്തോ വലിയ പ്രശ്നമാണെന്ന് കരുതി ഒത്തിരി ആശുപത്രികള്‍ ഞാന്‍ കയറിയിറങ്ങിയിട്ടുണ്ട്.
അവസാനം എന്‍റെ ഈ ദുരവസ്ഥ കണ്ട് സഹതാപം തോന്നിയിട്ടാവും ദൈവം എന്‍റെ മുമ്പിലേക്ക് ഒരു പീഡിയാട്രീഷ്യനെ അയച്ചു. പതിവുപോലെ ഡോക്ടറിന്‍റെ മുമ്പിലും ഞാന്‍ എന്‍റെ പരാതിക്കെട്ട് അഴിച്ചു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന ഡോക്ടര്‍ പുഞ്ചിരിയോടെ എന്നോട് തിരിച്ച് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്‍റെ ബോധമണ്ഡലം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. പരിശോധനകളിലൊന്നും ഒരു കുഴപ്പവുമില്ലാത്ത, വളരെ ആക്റ്റീവായ കുട്ടിയെയുംകൊണ്ട് വെറുതെ ആശുപത്രി കയറി നടക്കുന്നതിലെ വിഡ്ഢിത്തം അന്ന് ഞാന്‍ ജാള്യതയോടെ തിരിച്ചറിഞ്ഞു. എന്നെ വരിഞ്ഞു മുറുക്കിയിരുന്ന എന്തോ ഒന്നിനെ പൊട്ടിച്ചെറിഞ്ഞാണ് ഞാന്‍ അവിടെനിന്നിറങ്ങിയത്.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്കുതന്നെ ചിരി വരും. പക്ഷേ അന്ന് അത് അങ്ങനെ ആയിരുന്നില്ല. പിന്നീട് ദൈവം അമ്മുവിനെക്കൂടി നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു. പൊന്നൂസിന്‍റെ നേരെ വിപരീത ശരീരപ്രകൃതിയായിരുന്നു അമ്മുവിന്. പിന്നീടങ്ങോട്ട്, താരതമ്യപഠനത്തിന്‍റെ ഒരു കാലയളവായിരുന്നു. യഥാര്‍ത്ഥമായ ചില ജീവിതപ്രതിസന്ധികള്‍ പരിഹരിക്കുന്ന തിരക്കിലായിരുന്ന ഞാന്‍ അതൊന്നും ചെവിക്കൊണ്ടതുപോലും ഇല്ല. പക്ഷേ പൊന്നൂസിന്‍റെ ഈ അപേക്ഷ ആ കാലഘട്ടത്തിലെ ഓര്‍മകളിലേക്ക് വീണ്ടും കൊണ്ടുപോയി.
എന്തായാലും ആ രാത്രിയില്‍ മറ്റെല്ലാം മാറ്റിവച്ച് ഞങ്ങള്‍ കുറെനേരം സംസാരിച്ചു. ആളുകളുടെ പരാമര്‍ശങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ചില ഉപദേശങ്ങളും ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്‍റെ മുഖത്തുണ്ടായിക്കൊണ്ടിരുന്ന വിഷാദവും വണ്ണം വയ്പ്പിക്കാനായി ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളുമെല്ലാം കുട്ടിയെ എത്രകണ്ട് വിഷമിപ്പിച്ചിരുന്നുവെന്ന് ഞാന്‍ വേദനയോടെ മനസിലാക്കി. ഒരിക്കല്‍ അമ്മുവിന് പനി വന്ന് കുറച്ച് തൂക്കം കുറഞ്ഞപ്പോള്‍ പൊന്നൂസിന്‍റെ മുഖത്ത് പ്രകടമായ ആശ്വാസത്തിന്‍റെ പിന്നിലെ ചേതോവികാരം അന്ന് വെളിപ്പെട്ടു.
അവളെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ചുംബിച്ചുകൊണ്ട്, സൗന്ദര്യം എന്നത് കാണുന്നവരുടെ മനസിലെ സങ്കല്പമാണെന്നും മറ്റുള്ളവരുടെ വികലമായ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത നമുക്കില്ലെന്നും അവള്‍ക്ക് മനസിലാവുന്ന രീതിയില്‍ പറഞ്ഞുകൊടുത്തു. ഒരാളുടെ യഥാര്‍ത്ഥ സൗന്ദര്യം നിര്‍ണയിക്കുന്നത് അഴകൊത്ത ശരീരമോ നിറമോ ഒന്നുമല്ലെന്നും പിന്നെയോ നമ്മുടെ വ്യക്തിത്വവും മനസില്‍ നിറഞ്ഞു കവിയുന്ന നന്മകളും മൂല്യങ്ങളും സ്നേഹവുമാണെന്നും വിശദീകരിച്ചു. അതെത്രമാത്രം അവള്‍ ഉള്‍ക്കൊണ്ടുവെന്ന് എനിക്കറിയില്ല. എങ്കിലും കത്തിലെഴുതാന്‍ പറഞ്ഞ അപേക്ഷ അവള്‍ കൈയോടെ പിന്‍വലിച്ചു.
മാതൃത്വത്തിന്‍റെ നിര്‍വചനങ്ങളോട് അത്രയ്ക്കൊന്നും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു സാധാരണ അമ്മയാണ് ഞാന്‍. എങ്കിലും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായിരിക്കുമ്പോള്‍ അവരുടെ കൂടെ ആയിരിക്കുവാനും അവരെ കേള്‍ക്കാനും ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അതെനിക്ക് വല്ലാത്ത ആനന്ദം തരാറുമുണ്ട്.
താങ്ങാന്‍ പറ്റാത്ത പ്രതിസന്ധികള്‍ ഒന്നുംതന്നെ ഇല്ലെങ്കില്‍, കുട്ടികളെ മാതാപിതാക്കള്‍ അവരുടെ കൂടെ നിര്‍ത്തണം. ഭക്ഷണവും വിദ്യാഭ്യാസവുമെന്നപോലെ അല്ലെങ്കില്‍ അതിലുമുപരിയാണ് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യവും സന്തോഷങ്ങളും. ആരും പൂര്‍ണരല്ല. തെറ്റുകള്‍ പറ്റിയും തിരുത്തിയും ഒക്കെയാണ് നമ്മള്‍ നല്ല അച്ഛനമ്മമാര്‍ ആകുന്നത്. ഓരോ കുഞ്ഞുങ്ങളും വ്യത്യസ്തരാണ്. അതുപോലെ അവരുടെ ദൗര്‍ബല്യങ്ങളും. അനുഭവസമ്പത്തുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകൊടുക്കുക. “നിന്‍റെ സന്തതികളുടെമേല്‍ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെമേല്‍ എന്‍റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും” (ഏശയ്യാ 44/3) എന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
അതേസമയംതന്നെ നമ്മുടെ കുട്ടികള്‍ക്കു വേണ്ടത് കൊള്ളാനും ബാക്കിയൊക്കെ തള്ളിക്കളയാനും പഠിക്കുക. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അന്ധമായി നമ്മുടെ കുട്ടികളില്‍ അടിച്ചേല്‍പിക്കരുത്. ഇതൊക്കെ സാധ്യമാകണമെങ്കില്‍ നമ്മള്‍ ആദ്യം നമ്മുടെ കുട്ടികളെ അറിയണം. അവരുടെ കുഞ്ഞുകുഞ്ഞു സങ്കടക്കടലുകള്‍ അവരോടൊപ്പം നീന്തണം. കുന്നോളം വലുപ്പത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ അവരെ പഠിപ്പിക്കണം. അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയാവണം. എല്ലാ കാര്യങ്ങളും ചൊല്ലിപ്പഠിപ്പിക്കാന്‍ ശ്രമിക്കാതെ, അങ്ങ് ചെയ്തുകാണിച്ചു കൊടുക്കണം. നമ്മുടെ മക്കളെ കര്‍ത്താവിന് ഭരമേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ “കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസാര്‍ജിക്കും” (ഏശയ്യാ 54/13) എന്ന തിരുവചനം അവരില്‍ യാഥാര്‍ത്ഥ്യമായിക്കൊള്ളും.
ഇന്ന് നമ്മുടെ കുഞ്ഞോമനകള്‍ക്കായി നീക്കിവയ്ക്കുന്ന നമ്മുടെ സമയമാണ് അവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ മൂലധനം എന്ന് എപ്പോഴും ഓര്‍മിക്കുക. “കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദരഫലം ഒരു സമ്മാനവും” (സങ്കീര്‍ത്തനങ്ങള്‍ 127/3) എന്നത് നമുക്കൊരിക്കലും മറക്കാതിരിക്കാം.
'ആരൊക്കെയയാണ് ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവര്‍, ആര്‍ക്കെല്ലാമാണ് നിത്യരക്ഷ ലഭ്യമാവുക എന്ന് ആധികാരികമായി വിശദമാക്കുന്ന ലേഖനം
ദൈവം തെരഞ്ഞെടുത്തവര്‍ക്കുമാത്രമുള്ളതാണ് രക്ഷ; ബാക്കിയെല്ലാവരും നിത്യനാശം അനുഭവിക്കേണ്ടിവരും എന്നതാണ് പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്ര ചിന്ത. എന്നാല്‍ കത്തോലിക്കാ പ്രബോധനമനുസരിച്ച് ദൈവത്തിന്‍റെ തെരഞ്ഞെടുപ്പ് രക്ഷയ്ക്കുവേണ്ടിയും രക്ഷ അനുഭവിക്കാന്‍ വേണ്ടിയും ആണെങ്കിലും അത് പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത് ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടിയാണ്. പഴയ നിയമത്തില്‍ ഇസ്രായേല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. അത് ദൈവവുമായി ഉടമ്പടിയിലൂടെ ദൈവത്തിന്‍റെ സ്വന്ത ജനമായിത്തീര്‍ന്ന് സത്യദൈവത്തെ ആരാധിക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ അനുഭവിച്ച ദൈവത്തെ വിജാതീയരുടെയിടയില്‍ സാക്ഷ്യപ്പെടുത്താനും അതുവഴിയായി ദൈവം മഹത്വപ്പെടാനും ഇടയാകണം. ഒടുവില്‍, ആ ജനതയില്‍ നിന്ന് ലോകരക്ഷകന്‍ പിറക്കണമെന്നതുമായിരുന്നു ദൈവപദ്ധതി. ഇപ്രകാരം മഹത്തായ ഒരു ദൗത്യത്തിനുവേണ്ടിയായിരുന്നു ഇസ്രായേലിന്‍റെ തെരഞ്ഞെടുപ്പ്.
പുതിയ നിയമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയില്‍ തിരുസഭ യേശുവിലൂടെ പൂര്‍ത്തിയായ രക്ഷാപദ്ധതിയെ ലോകത്ത് സാക്ഷ്യപ്പെടുത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവിക വെളിപാട് ലോകത്തെ അറിയിക്കാനും ക്രിസ്തുവിന്‍റെ ദൗത്യം ലോകത്ത് തുടരാനുമായിട്ടാണ് ഈ തെരഞ്ഞെടുപ്പ്.
സകല ജനങ്ങളെയും രക്ഷിക്കാനുള്ള ദൈവ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായിട്ടാണ് ഇപ്രകാരം തെരഞ്ഞെടുത്തിരിക്കുന്നത്. അത് ദൈവകൃപയുടെ പ്രവൃത്തിയാണ്. നമ്മുടെ യോഗ്യത കൊണ്ടല്ല എന്നു സ്പഷ്ടം.
ഈ തെരഞ്ഞെടുപ്പ് ലഭിച്ചു എന്നതുകൊണ്ടു മാത്രം ആരും രക്ഷ പ്രാപിക്കണമെന്ന് നിര്‍ബന്ധമില്ല. നാം കൂടുതല്‍ ഉത്തരവാദിത്വമുള്ളവരും രക്ഷയ്ക്കായി അധ്വാനിക്കാന്‍ കടപ്പെട്ടവരുമായിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ദൈവകൃപയോടും ദൈവം ഒരുക്കിയ രക്ഷാപദ്ധതിയോടും സഹകരിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കുന്നു എന്നതുകൊണ്ടുമാത്രം ആരും രക്ഷപ്രാപിക്കുകയില്ല എന്ന വസ്തുത ഈശോ പലപ്പോഴായി നമ്മെ അറിയിച്ചിരിക്കുന്നത് കാണുക: “കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്‍റെ മക്കളാകട്ടെ, പുറത്തുളള അന്ധകാരത്തിലേക്ക് എറിയപ്പെടും” (മത്തായി 8/11 -12). ഇവിടെ പ്രതിപാദിച്ചിരിക്കുന്ന വൈരുദ്ധ്യാത്മകമായ യാഥാര്‍ത്ഥ്യം ശ്രദ്ധേയമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ പിതാക്കന്മാരോടുകൂടെ സ്വര്‍ഗത്തില്‍ വിരുന്നിനിരിക്കുന്നത് വിജാതീയരാണ്! തെരഞ്ഞെടുപ്പിനോട് വിശ്വസ്തത പുലര്‍ത്തുന്നില്ലെങ്കില്‍ രക്ഷ പ്രാപിക്കുകയില്ലെന്ന് വ്യക്തം.
ഈശോ വീണ്ടും ഇക്കാര്യം ഉറപ്പിച്ചു പഠിപ്പിക്കുന്നു: “സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഏലിയാ പ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു… എന്നാല്‍ സീദോനിലെ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേയ്ക്കല്ലാതെ മറ്റാരുടെയും അടുത്തേക്ക് ഏലിയ അയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്‍റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠ രോഗികളുണ്ടായിരുന്നു, എന്നാല്‍ അവരില്‍ സിറിയക്കാരനായ നാമാനല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല” (ലൂക്കാ 4/25-27). നിത്യരക്ഷ പ്രാപിക്കാന്‍ അനിവാര്യമായ കാര്യം തെരഞ്ഞെടുക്കപ്പെട്ട ജനത്തില്‍ അംഗമാകുക എന്നതിനെക്കാള്‍ ദൈവകൃപയോട് സഹകരിക്കുക എന്നതാണ്. സഭ കാര്‍ക്കശ്യത്തോടെ പഠിപ്പിക്കുന്നത് കാണുക:
“സഭയിലെ അംഗങ്ങളായിരിക്കുകയും സ്നേഹത്തില്‍ നിലനില്‍ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയംകൊണ്ടല്ലാതെ, ശരീരംകൊണ്ടുമാത്രം സ്ഥിതി ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുകയില്ല. തങ്ങളുടെ ഈ സ്ഥാനം സ്വന്തം യോഗ്യത കൊണ്ടല്ല; പ്രത്യുത, മിശിഹായുടെ പ്രത്യേക പ്രസാദവരം കൊണ്ടുള്ളതാണെന്ന വസ്തുത തിരുസഭയുടെ മക്കളെല്ലാം ഓര്‍മിക്കേണ്ടതാണ്. അതിനോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും പ്രത്യുത്തരിക്കാത്തവര്‍ രക്ഷപെടുകയില്ലെന്നു മാത്രമല്ല, കര്‍ക്കശമായി വിധിക്കപ്പെടുകയും ചെയ്യും” (തിരുസഭ 14).
വിജാതീയരുടെ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന മിശിഹായെയും സുവിശേഷത്തില്‍ നാം കാണുന്നു: ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല’ എന്ന് വിജാതീയനായ ശതാധിപനെക്കുറിച്ചും ‘നിന്‍റെ വിശ്വാസം വലുതാകുന്നു’ എന്ന് കാനാന്‍കാരി സ്ത്രീയെക്കുറിച്ചും ഈശോ പ്രകീര്‍ത്തിക്കുന്നു (ലൂക്കാ 7/9, മത്താ 15/28). വിജാതീയരുടെ സത്കര്‍മ്മങ്ങളെ പരിഗണിക്കുന്ന ദൈവപദ്ധതിയെയാണ് കൊര്‍ണേലിയൂസിന്‍റെ സംഭവത്തില്‍ നാം കാണുന്നത്: “നിന്‍റെ പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10/4). യേശുവിന്‍റെ ജനനവേളയില്‍ യഹൂദരുടെ രാജാവായി പിറന്നവനെ ആരാധിക്കാന്‍ എത്തിയത് അവരുടെ ജനനേതാക്കന്മാരായിരുന്നില്ല, വിജാതീയരായ ജ്ഞാനികളായിരുന്നു എന്നതും, അവന്‍റെ കുരിശുമരണം കണ്ട് ‘സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു’ എന്ന് വിളിച്ചു പറഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ ആരുമായിരുന്നില്ല, വിജാതീയനായിരുന്ന ശതാധിപനായിരുന്നു എന്നതും വെളിപ്പെടുത്തുന്ന വസ്തുത എന്താണ്? തെരഞ്ഞെടുപ്പുവഴിമാത്രം രക്ഷ പ്രാപിക്കുകയില്ല എന്നതിനോടൊപ്പം, രക്ഷ സാര്‍വത്രികമാണ് എന്നതുകൂടിയാണ്. തെരഞ്ഞെടുപ്പും വെളിപാടും ലഭിച്ചു എന്നത് കൂടുതല്‍ സഹകരണം ആവശ്യപ്പെടുന്നു. ഇല്ലാത്തപക്ഷം കൂടുതല്‍ കഠിനമായ ശിക്ഷാവിധിയാണുണ്ടാവുക: യജമാനന്‍റെ ഹിതം അറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കാത്ത ദാസന്‍ കഠിനമായി പ്രഹരിക്കപ്പെടും. തെരഞ്ഞെടുപ്പ് കൂടുതല്‍ കര്‍ശനമായ ശിക്ഷാവിധിയ്ക്കുള്ള സാധ്യതയെകൂടി തരുന്നു എന്നറിയുക.
ദൈവത്തിന്‍റെ മുന്നറിവ് (Foreknowlege)
ദൈവം ദൈവമായിരിക്കുകയാല്‍ സ്ഥലകാല പരിമിതികള്‍ക്കുപരിയായവനും സര്‍വജ്ഞാനിയുമാണ്. ഭാവി, ഭൂത, വര്‍ത്തമാന കാലവ്യത്യാസം ദൈവത്തിനില്ലല്ലോ. അവിടുന്ന് എല്ലാമറിയുന്നു. നാം ഇപ്പോള്‍ ചെയ്യുന്നവയും ഇനി ചെയ്യാനിരിക്കുന്നവയും അവിടുത്തേക്ക് അനാവൃതവും വ്യക്തവുമാണ്.
ആകയാല്‍, ആരെല്ലാം അവിടുത്തെ കൃപയോട് സഹകരിക്കുമെന്നും, ആരൊക്കെ കൃപയെ തിരസ്കരിക്കുമെന്നും അവിടുന്നറിയുന്നു. എന്നാല്‍ ഈ മുന്നറിവ് അവിടുത്തെ മുന്‍ നിശ്ചയമല്ല, മുന്‍ വിധിയുമല്ല (Fatalism). ഒരു വിധത്തിലും ഈ മുന്നറിവ് നമ്മെ സ്വാധീനിക്കുകയോ നമ്മുടെ സ്വതന്ത്ര തീരുമാനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. മനുഷ്യസ്വാതന്ത്ര്യത്തെ ദൈവം അത്രയധികമായി വിലമതിക്കുന്നു.
ഇവയില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ട വസ്തുതയുണ്ട്. ദൈവം ആരെയും മുന്‍കൂട്ടി ഇപ്പോള്‍ ഭൂമിയിലായിരിക്കെത്തന്നെ സ്വര്‍ഗത്തില്‍ ഇരുത്തിയിട്ടില്ല. ക്രിസ്തുവിനോടൊത്ത് നാം സ്വര്‍ഗത്തിലെത്തിച്ചേരണമെന്നത് ദൈവഹിതമാണ്. അത് മരണശേഷം, ഈ ലോകജീവിതാവസാനത്തില്‍ മാത്രം മനുഷ്യന് ലഭിക്കുന്നതാണ്. എന്നാല്‍ അതിന് ആവശ്യമായി ദൈവത്തിന്‍റെ ഭാഗത്തുനിന്ന് ചെയ്യേണ്ടിയിരുന്ന മനുഷ്യരക്ഷാപദ്ധതി ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ അര്‍ത്ഥത്തിലാണ് ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ഉയിര്‍പ്പിച്ച് ശക്തിയുടെ വലതുഭാഗത്ത് ഇരുത്തി എന്ന് വചനം പഠിപ്പിക്കുന്നത്. അസ്തിത്വത്തിന്‍റെ തലത്തില്‍ ക്രിസ്തു നമ്മെ അവിടുത്തോട് ഐക്യപ്പെടുത്തി. ഇത് വസ്തുനിഷ്ഠാപരമായി അസ്തിത്വത്തിന്‍റെ തലത്തില്‍ (objective and ontological dimension) സംഭവിച്ചതാണ്. ഇത് ഓരോ വ്യക്തിയും വ്യക്തിനിഷ്ഠമായി യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട് (subjective reality). ഇതിനായി ഓരോ വ്യക്തിയുടെയും ഭാഗത്തുനിന്ന് കൃപാവരത്തോട് സഹകരിച്ച് നിത്യരക്ഷ പ്രാപിക്കാനായി അധ്വാനിക്കുക എന്നത് ബാക്കി നില്‍ക്കുന്നു. അത് മരണംവരെയും സ്വതന്ത്രമനസ്സോടെ ഓരോരുത്തരും നിര്‍വ്വഹിക്കേണ്ടതാണ്. ഇതാ ഒരു വചനം കാണുക: “തെരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. ഈ വചനം വിശ്വാസ യോഗ്യമാണ്. നാം അവനോടുകൂടി മരിച്ചിട്ടുണ്ടെങ്കില്‍ അവനോടു കൂടെ ജീവിക്കും. നാം ഉറച്ചു നില്‍ക്കുമെങ്കില്‍ അവനോടുകൂടി വാഴും. നാം അവനെ നിഷേധിക്കുമെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും” (2 തിമോത്തിയോസ് 2/10-12).
'ഒരു സുഹൃത്ത് എന്നോട് പങ്കുവച്ച സംഭവം കുറിക്കട്ടെ. ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ഷാജി എന്ന കുടുംബനാഥന്‍റെ ജീവിതത്തിലുണ്ടായ സംഭവമാണിത്. കഴുത്ത് തിരിക്കാനും കൈകള്‍ ചലിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാകുന്ന എല്ലുകളെ ബാധിക്കുന്ന പ്രത്യേക അസുഖം അദ്ദേഹത്തെ ബാധിച്ചു. ജോലിക്ക് പോകാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പല മരുന്നുകളും കഴിച്ചെങ്കിലും രോഗത്തിന് കുറവില്ലാത്ത അവസ്ഥ.
അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം അങ്ങാടിയില്‍ പോയി മടങ്ങുമ്പോള്‍ അവിടെയുള്ള കോണ്‍വെന്‍റിന്‍റെ മതിലില്‍ എഴുതിവച്ചിരിക്കുന്ന ദൈവവചനം ശ്രദ്ധിച്ചു. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 16/31- “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും”. ആ മനുഷ്യന് അപ്പോള്‍ ഉള്ളില്‍ തോന്നിയതനുസരിച്ച് അദ്ദേഹം മതിലിനോട് ചേര്‍ന്നുനിന്ന് ആ ദൈവവചമതിലില്‍ തെളിഞ്ഞ സൗഖ്യംനത്തില്‍ കൈകള്‍ ചേര്‍ത്ത് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. വചനത്തില്‍ കൈകള്‍ ചേര്‍ത്ത നിമിഷംതന്നെ ഏതോ ഒരു ശക്തി തന്നെ മുന്നോട്ട് തള്ളുന്നതായി അനുഭവപ്പെട്ടു. ആസമയം മുതല്‍ അദ്ദേഹം സൗഖ്യമുള്ളവനായി മാറി.
ഈ സൗഖ്യം അക്രൈസ്തവനായ അദ്ദേഹത്തെ ചിന്തിപ്പിച്ചു. പിന്നീട് അയാള്‍ മാമോദീസ സ്വീകരിച്ച് സഭയിലെ അംഗമായി മാറി. നമ്മുടെ വാഹനങ്ങളിലും മതിലുകളിലും വീട്ടിലുമെല്ലാം വചനം പ്രദര്‍ശിപ്പിച്ചുകൊണ്ട് നമ്മുടെ ഈശോയെ കൊടുക്കാന്‍ കഴിയില്ലേ?
'
ഞാന്‍ അപ്പോള്‍ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പല വിശുദ്ധരോടും ഞാന്‍ നൊവേന നടത്തി. എന്നാല്‍ സഹനങ്ങള്‍ കൂടിവരികയാണു ചെയ്തത്. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വിശുദ്ധ ത്രേസ്യയോടു പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരില്‍ ഒരു നൊവേന ഞാന്‍ ആരംഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം ഞാന്‍ വിശുദ്ധ ത്രേസ്യായെ സ്വപ്നം കണ്ടു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നപോലെയാണ് കണ്ടത്.
ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു: “ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്. ‘ എന്നാല്‍ ഞാനത് വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു: “നീ ഒന്നും സഹിച്ചെന്ന് എനിക്ക് തോന്നുന്നില്ല.” എന്നാല്‍ അവള്‍ വളരെ സഹിച്ചെന്ന് എനിക്കു ബോധ്യമാകുന്നവിധത്തിൽ സംസാരിച്ചു. അവള്‍ എന്നോടു പറഞ്ഞു “സിസ്റ്റര്‍, മൂന്നു ദിവസത്തിനുള്ളില്‍ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.’ എന്നാല്‍ ഞാന്‍ അവരെ വിശ്വസിക്കായ്കയാല്‍ അവള്‍ ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്‍റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: ‘നീ ഒരു വിശു ദ്ധയാണോ?’ “അതെ” അവള്‍ മറുപടി പറഞ്ഞു. “ഞാന്‍ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ക്കു തീരുമാനമാകും.” ഞാന്‍ ചോദിച്ചു: “ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?’ അവള്‍ മറുപടി പറഞ്ഞു: “ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.’
“കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?’ അവള്‍ പറഞ്ഞു: “ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍ നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.’ പിന്നീട് എന്‍റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ എന്നു ഞാന്‍ ചോദിച്ചു. അവര്‍ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു: “എന്‍റെ സഹോദരിമാരും സഹോദരന്മാരും സ്വര്‍ഗത്തില്‍ പോകുമോ?’ അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. വ്യക്തമായ ഒരു മറുപടി തന്നില്ല. അവര്‍ക്കു വളരെ പ്രാര്‍ത്ഥന ആവശ്യമാണെന്ന് എനിക്കു മനസിലായി. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്‍റേതായ പ്രാധാന്യം ഉണ്ടായിരുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
'രാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന്‍ ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്‍റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള്‍ കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.
ആ സ്ത്രീ പറഞ്ഞു: “ഞാന്‍ അങ്ങയുടെ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്‍റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ല.”
രാജകുമാരന്‍ അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്കുകയും ചെയ്തു.
കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന്‍ തന്‍റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്‍റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്‍റെ മുന്നില്‍!
“രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്‍റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്‍റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു.”
തുടര്‍ന്ന് അയാള്‍ പറഞ്ഞു, “രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്.” ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന്‍ ഭക്തിയോടെ മുട്ടിന്‍മേല്‍ നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
'
പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
വിസ്കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും പ്രാര്‍ത്ഥന അവരെ സഹായിച്ചു.
കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ കണ്ടെത്തിയത് വിശ്വാസത്തെ ഗൗരവമായി പരിഗണിക്കുകയും പതിവായി ദൈവാലയത്തില്‍ പോകുകയും ചെയ്യുന്നവരില്‍ വിഷാദരോഗം വരാനുള്ള സാധ്യത 90 ശതമാനവും ഇല്ലെന്നാണ്.
“ദൈവഭക്തി അനുഗ്രഹത്തിന്‍റെ ആരാമംപോലെയാണ്; ഏത് മഹത്വത്തെയുംകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27)
'
‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്. എന്‍റെ ഇഷ്ടം, എന്‍റെ ചോയ്സ്, എന്‍റെ സ്വാതന്ത്ര്യം-അതാണ് പ്രധാനം.’ ഈ തത്വത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?
‘സാത്താനിസത്തിന്‍റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?” പയ്യന്‍റെ ചോദ്യം കേട്ടപ്പോള്‍ എന്‍റെയും ആകാംക്ഷ ഉണര്‍ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്‍റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്‍.
അവന്‍റെ മാതാപിതാക്കള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള്‍ അറിയാനും അതില്‍ വളരാനും കഴിഞ്ഞു. എന്നാല്‍, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്‍നിന്നും കുറെ അകന്ന് പോയി.
നല്ല കഴിവുള്ള പയ്യനാണ്, പാട്ടും ഗിറ്റാറുമൊക്കെ നന്നായി വഴങ്ങും. പള്ളിയിലെ ക്വയറിലും അള്‍ത്താരശുശ്രൂഷയിലും വളരെ സജീവം. പക്ഷേ ഇതൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, അവന്‍റെ ഹൃദയം ദൈവത്തില്‍നിന്ന് വളരെ അകന്ന് പോയിരുന്നു. ലോകത്തിന്‍റെ കെണികളില്‍നിന്നും കരകയറാന്‍ ശ്രമിച്ചെങ്കിലും വിടുതല്‍ കിട്ടുന്നില്ലായിരുന്നു.
ആയിടെയാണ് മെറ്റല്‍ സംഗീതത്തോട് ചായ്വ് തോന്നുന്നത്. ആ ത്വര പതിയെ സാത്താനിസത്തോട് അടുപ്പിച്ചു. തന്‍റെ പോക്ക് ശരിയല്ലെന്ന് എങ്ങനെയോ സുബോധമുണ്ടായി; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥന മൂലമാവും. എന്തായാലും, ദൈവകൃപയാല്‍ അവയില്‍നിന്നെല്ലാം പിന്തിരിയാന്‍ അവന് കഴിഞ്ഞു.
തന്‍റെ സാക്ഷ്യം പറഞ്ഞപ്പോള്‍, അവന്‍ കുട്ടികളോടായി ചോദിച്ചതാണ് ആദ്യം പറഞ്ഞ ചോദ്യം. സാത്താനിസത്തിന്‍റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ എന്ന്. എന്നിട്ട് ഉത്തരവും പറഞ്ഞ് തന്നു.
‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്, എന്‍റെ ഇഷ്ടം, എന്‍റെ ചോയ്സ്, എന്‍റെ സ്വാതന്ത്ര്യം- അതാണ് പ്രധാനം. വിലക്കുകള്‍ ഒന്നുമേയില്ലാത്ത കുത്തഴിഞ്ഞ സ്വാതന്ത്ര്യം തരുന്ന പ്ലാറ്റ്ഫോം; അതാണ് സാത്താനിസം പ്രദാനം ചെയ്യുന്നത്.’
മേല്‍പ്പറഞ്ഞതൊക്കെ വേറെങ്ങോ കൂടി കേട്ടിട്ടില്ലേ? അതെ, ഇന്നത്തെ സെക്കുലര്‍ സംസ്കാരം കുഞ്ഞുങ്ങളുടെ ഉള്ളില്‍ കുത്തി വയ്ക്കുന്ന വിഷവും ഇത് തന്നെയാണ്. ‘ഞാന്‍, ഞാന്‍, ഞാന്‍…’ യഥാര്‍ത്ഥ നന്മയും സത്യവും മറച്ച് വച്ചുകൊണ്ടാണെങ്കിലും ‘എന്‍റെ ഇഷ്ടം, എന്‍റെ സുഖം, എന്‍റെ സന്തോഷം, എന്‍റെ അവകാശം…’
മനുഷ്യനെ മയക്കാന്‍ ഇതിലും വലിയ കറുപ്പ് വേറെ വേണോ?
യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സ്വയംമഹത്വപ്പെടുത്തലി (self exaltation) ലൂടെ ഞാന്‍ എന്നെത്തന്നെ തകര്‍ക്കുകയാണ്, നഷ്ടപ്പെടുത്തുകയാണ്. ഈ സത്യം നാം തിരിച്ചറിയാതെ പോകുന്നു. “ദൈവത്തിന്‍റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2/6-8) പ്രലോഭകന്‍റെ വിളയാട്ടത്തിനുള്ള മറുപടിയാണ് ഈശോയുടെ പീഡാനുഭവ രഹസ്യങ്ങള്‍ നമ്മോട് പറയുന്നത്.
വ്യക്തിതന്നെയാണ് ഇവിടെയും പ്രധാനം. എന്നാല്‍, സ്വയംമഹത്വപ്പെടുത്തല്‍ (ടലഹള ലഃമഹമേശേീി) വഴിയല്ല, മറിച്ച് സ്വയംനിരാസത്തി(ടലഹള റലിശമഹ)ലൂടെ വേണം ഞാന്‍ എന്നെ നേടേണ്ടത്. ‘എന്‍റെ ഹിതമല്ല, പിതാവിന്‍റെ ഹിതം നിറവേറട്ടെ’ എന്ന ഗുരുമൊഴിയാണ് കുരിശിന്‍റെ സുവിശേഷത്തിന്‍റെ അടിസ്ഥാനതത്വം. ചുരുക്കിപ്പറഞ്ഞാല്‍, ഇതല്ലേ സ്നേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപം; സ്നേഹിതന് വേണ്ടി ജീവന്‍ ബലി നല്‍കുന്ന സ്നേഹം. എല്ലാവരും സ്വന്തം ഇഷ്ടങ്ങള്‍മാത്രം എപ്പോഴും ചെയ്തുകൊണ്ടിരുന്നാല്‍, അതുമാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ലോകക്രമംതന്നെ താറുമാറാകും. ബന്ധങ്ങള്‍ തകരും. കലഹങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും പെരുകും. എവിടെയും എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ. ഇന്ന് കാണുന്ന അസ്വാരസ്യങ്ങളുടെയും അസമാധാനങ്ങളുടെയും യുദ്ധങ്ങളുടെയും പിന്‍കാരണം സ്വാഭീഷ്ടപ്രവര്‍ത്തനങ്ങളാണല്ലോ. അപ്രകാരം മനുഷ്യനെയും ലോകത്തെയും തകര്‍ക്കുകയാണ് ശത്രുവായ സാത്താന്‍റെ ലക്ഷ്യവും.
ബലിയുടെ പ്രാധാന്യം മറച്ചുവച്ചുകൊണ്ട്, സ്നേഹത്തെ പ്രഘോഷിക്കുന്ന ജനപ്രിയ സംസ്കാരം, പറുദീസായുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ബലിയാകല്‍ ഒഴിവാക്കിക്കൊണ്ട് സ്നേഹം, സ്നേഹമാണ് വലുതെന്ന് പ്രഘോഷിച്ച അറുപതുകളിലെ ലൈംഗികവിപ്ലവം ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്. ആദി മുതലേ നുണയനായവന്‍റെ തന്ത്രങ്ങളെപ്പറ്റി ജാഗ്രത ഉണ്ടാവണമെന്ന് സാരം.
സ്നേഹത്തെപ്രതി സ്വന്തം ഹിതങ്ങള്‍ ത്യജിക്കാന്‍ കൃപ ചോദിക്കാം. എന്നെ വേദനിപ്പിച്ചവരെ, എനിക്കെതിരെ നിന്നവരെ, എനിക്കെതിരെ തിന്മ നിരൂപിച്ചവരെ, ജോലി സ്ഥലത്ത് എന്നെ ഞെരുക്കുന്നവരെ… എല്ലാവരെയും ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കാം. ശുദ്ധസ്നേഹം നമ്മെ എല്ലാവരെയും വീണ്ടെടുക്കാന്‍ കാരണമാകട്ടെ.
എന്‍റെ ഹിതത്തിനെതിരെ പോരാടാനുള്ള ബലം പിതാവേ, എനിക്കേകണമേ.
'