- Latest articles
ബില്‍ വച്ച് പരിശോധിച്ചപ്പോഴാണ് കണക്ക് ശരിയായത്. അതുവരെ കൂട്ടിയും കുറച്ചും ഞാന്‍ കഷ്ടപ്പെട്ടു. പണം ഏതുവഴിക്കാണ് പോയതെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. ഏതായാലും ബില്‍ കയ്യിലെടുത്തുവച്ച് നോക്കിയപ്പോള്‍ കാഷ് ടാലിയായി.
പ്രിയപ്പെട്ട സുഹൃത്തേ, ഇതുപോലെ കണക്ക് ശരിയാവാതെ വിഷമിക്കുകയാണോ? ജീവിതത്തില്‍ എന്തെങ്കിലും തടസം താങ്കള്‍ അനുഭവിക്കുന്നുണ്ടോ? കാര്യങ്ങള്‍ ഒന്നും ശരിയാവുന്നില്ലേ? വിഷമിക്കണ്ട. ഒരു ടിപ് പറയാം.
വിശുദ്ധ ഗ്രന്ഥമെടുത്ത്, വായിക്കുന്ന ഓരോ വചനത്തിലൂടെയും ഒരു പരിശോധന നടത്താന്‍ തയ്യാറാണോ? കാര്യം ശരിയാവും.
വിശദമായി പറയാം.
ഉദാഹരണത്തിന്, ഹെബ്രായര്‍ പതിമൂന്നാം അധ്യായം വായിക്കുകയാണെന്നു വിചാരിക്കുക. അതിലെ ആദ്യത്തെ വചനം ഇപ്രകാരമാണ്. ‘സഹോദരസ്നേഹം നിലനില്ക്കട്ടെ, അതിഥിമര്യാദ മറക്കരുത്. ‘ഇത് വായിച്ചുകഴിഞ്ഞാല്‍ ഒരു നിമിഷം മനസ്സില്‍ ചോദിക്കണം. ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെങ്കില്‍ ഉടനെ നോട്ട് ചെയ്തുവയ്ക്കണം. തൊട്ടടുത്ത കുമ്പസാരത്തില്‍ ഏറ്റുപറയുകയും പ്രാവര്‍ത്തികമാക്കുകയും വേണം.
നമ്മള്‍ വെറുതെ നോക്കിയാല്‍ ഒരുപക്ഷേ നമ്മുടെ ജീവിതത്തിന് ഒരു കുറവും കണ്ടെന്നു വരില്ല. തെറ്റെന്ന് എടുത്തുപറയാന്‍ തക്കവിധം ഒന്നും ശ്രദ്ധയില്‍പ്പെട്ടെന്നും വരില്ല. എന്നാല്‍ വിശുദ്ധ ബൈബിള്‍ കയ്യിലെടുത്ത് അതിലെ ഓരോ വചനവും പരിശോധിച്ചാല്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാകും. പ്രഭാഷകന്‍, സുഭാഷിതങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളെല്ലാം നമ്മുടെ അനുദിനവ്യാപാരങ്ങളെ പരിശോധിക്കാന്‍ സഹായിക്കും. സത്യത്തില്‍ നാം ദൈവം പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ടോ? വചനം പാലിക്കുന്നുണ്ടോ? ഏതൊക്കെയാണ് അറിവില്ലായ്മമൂലം ലംഘിക്കുന്നത്? അവയെല്ലാം കണ്ടെത്തി ഏറ്റുപറഞ്ഞു കുമ്പസാരിക്കാന്‍ തുടങ്ങാമോ? നമ്മുടെ ജീവിതത്തിന്റെ തടസം മാറും.
ഇത്തരത്തില്‍ കുമ്പസാരത്തിന് ഒരുങ്ങിനോക്കൂ. വചനം വായിക്കാനും തുടങ്ങൂ. വലിയ വ്യത്യാസം നമ്മുടെ ജീവിതത്തിനുണ്ടാകും. ആത്മീയ വളര്‍ച്ചയും സാധ്യമാകും, ഉറപ്പ്!
ഇതോടൊപ്പം മനസിലിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, പലരും പറയുന്നു: ‘ഞാന്‍ അത്യധികം തിന്മ ചെയ്തു. കര്‍ത്താവിന് എന്നോടു ക്ഷമിക്കാന്‍ സാധിക്കുകയില്ല.’ അത് കടുത്ത ദൈവദൂഷണമാണ്. കാരണം, അത് ദൈവത്തിന്‍റെ കാരുണ്യത്തിന് നാം അതിര് നിശ്ചയിക്കുന്നു. വാസ്തവത്തില്‍ ദൈവകാരുണ്യത്തിന് അതിരില്ല. അത് അനന്തമാണ്.
”നമ്മുടെ പ്രിയപ്പെട്ട കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി സംശയിക്കുകയെന്നതുപോലെ അവിടത്തെ ദ്രോഹിക്കുന്ന മറ്റൊന്നുമില്ല” (വിശുദ്ധ ജോണ്‍ വിയാനി). കരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയിലൂടെയും ഈശോ ഇതുതന്നെയാണ് പലയാവര്‍ത്തി പറഞ്ഞിട്ടുള്ളത്.
നമ്മുടെ കുമ്പസാരങ്ങള്‍ ഒരേ കാര്യത്തിന്റെ ആവര്ത്തനമാകുന്നതുകൊണ്ടാകാം ഒരുപക്ഷേ അതില്‍ അനുഭവം ഇല്ലാതെയും സാധ്യമായ കൃപ കരസ്ഥമാക്കാതെയും പോകുന്നത്. സാരമില്ല, നമ്മുടെ സമീപനരീതി മാറ്റാം. ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കണം. വിജയമാണെന്നുകണ്ടാല് മറ്റുള്ളവരോടും പറഞ്ഞുകൊടുക്കണം, തയാറാണോ?
”എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്ത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ് (ഫിലിപ്പി 2/12-13).
ദൈവസ്നേഹത്തെപ്രതി ഏതറ്റം വരെയും പോകാന്‍ പ്രാപ്തിയും അതിനുള്ള മനസുമുള്ളവന്‍, അദ്ദേഹമാണ് ഗാസയിലെ വിശുദ്ധ വിറ്റാലിസ്. ഒരുപക്ഷേ, നമുക്ക് അനുകരിക്കാന്‍ കഴിയുന്ന ഒരു വിശുദ്ധനൊന്നുമല്ല അദ്ദേഹം. പക്ഷേ ഇങ്ങനെയും വിശുദ്ധരുണ്ട് എന്ന് അറിയുന്നത് ഒരു ആനന്ദവും അഭിമാനവുമായിരിക്കും.
ഏഴാം നൂറ്റാണ്ടാണ് വിറ്റാലിസിന്റെ ജീവിതകാലം. ആദ്യകാലത്ത് ഈജിപ്തിലെ മരുഭൂമിയില്‍ തികച്ചും താപസനായിട്ടാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ഏതാണ്ട് 60 വയസായപ്പോള്‍ മരുഭൂവാസം ഉപേക്ഷിച്ച്, താപസജീവിതത്തിന്റെ ചൈതന്യവും പേറി അദ്ദേഹം അലക്സാണ്ഡ്രിയായിലേക്ക് യാത്രയായി. അവിടെ അനുദിനജോലികള്‍ ചെയ്യുന്ന ഒരു പണിക്കാരനെപ്പോലെ പുതിയൊരു ജീവിതമാരംഭിച്ചു.
നടുവൊടിയുംവിധം ജോലി ചെയ്തിട്ടാണ് ദിവസവും കൂലി നേടിയിരുന്നത്. എന്നിട്ട് അന്ന് ജോലി ചെയ്ത സ്ഥലത്തുള്ള വേശ്യാലയത്തിലേക്ക് പോകും. ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കായി പണം നല്‍കും. അങ്ങനെയാണ് ആ ദിവസത്തെ കൂലി ചെലവാക്കുന്നത്. ഇതറിഞ്ഞ അവിടത്തെ സാധാരണ ക്രൈസ്തവവിശ്വാസികള്‍ അദ്ദേഹത്തെയോര്‍ത്ത് ലജ്ജിക്കുകയും അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. അത് തികച്ചും സ്വാഭാവികമായിരുന്നുതാനും. അദ്ദേഹത്തെ വിശ്വാസിസമൂഹത്തില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പക്ഷേ അവിടത്തെ മെത്രാന് അതിന് തയാറായില്ല.
അദ്ദേഹത്തിന്‍റെ ജീവിതം ദുരിതപൂര്‍ണമായി തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിനം തെരുവില്‍വച്ച് അദ്ദേഹം ആക്രമിക്കപ്പെട്ട് മരണമടഞ്ഞു. ചേര്‍ത്തുപിടിച്ച ഒരു കുറിപ്പ് മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയിലുണ്ടായിരുന്നു. 1കോറിന്തോസ് 4/5 വചനമാണ് ആ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നത്- ”അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്ന് പ്രശംസ ലഭിക്കും.”
ആ കുറിപ്പിന്റെ വ്യാഖ്യാനമെന്നതുപോലെയായിരുന്നു വിറ്റാലിസിന്റെ മൃതസംസ്കാരവേള.
നൂറിലധികമെന്നോണം സ്ത്രീകള്‍ സംസ്കാരശുശ്രൂഷകള്ക്കായെത്തി. മുന്വേശ്യകളായിരുന്ന തങ്ങളുടെ ആത്മാക്കളുടെ വീണ്ടെടുപ്പിനെപ്രതി വിറ്റാലിസിനോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. അപ്പോഴാണ് വിറ്റാലിസിനെക്കുറിച്ച് മറ്റുള്ളവര്‍ പലതും മനസിലാക്കിയത്.
ഓരോ രാത്രിയും ഓരോ സ്ത്രീയെ വിറ്റാലിസ് വിലയ്ക്കെടുക്കുകയാണ് ചെയ്തിരുന്നതത്രേ. ആ രാത്രി അവരെ പാപം ചെയ്യാന്‍ അനുവദിക്കാതെ, സ്വതന്ത്രമായി സമാധാനത്തോടെ വിശ്രമിക്കാന്‍ അനുവദിക്കും. അതിനുവേണ്ടിയാണ് താന്‍ പണം നല്‍കിയതെന്ന് അദ്ദേഹം അവരോട് പറയുമായിരുന്നു. ആ രാത്രി സ്വസ്ഥമായി ഉറങ്ങുന്ന അവള്‍ക്കായി അദ്ദേഹം ഉറങ്ങാതെ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കും.
എന്നാല്‍ ചില സ്ത്രീകള്‍ക്ക് ആകാംക്ഷയായിരിക്കും ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അവര്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം മറുപടി നല്‍കും, ”ദൈവം നിന്നെ സ്നേഹിക്കുന്നു. നീ രക്ഷിക്കപ്പെടാന്‍ അവിടുന്ന് കൊതിക്കുന്നു.” ദൈവത്തിന്‍റെ കരുണയെക്കുറിച്ചും നമ്മെ രക്ഷിക്കാനായി അവിടുന്ന് കുരിശില്‍ മരിച്ചതിനെക്കുറിച്ചും അദ്ദേഹം അവരോട് സംസാരിക്കും. ഇതെല്ലാം സ്വീകരിക്കാന്‍ അവര്‍ മനസുകാണിച്ചാല്‍, അവരെ വേശ്യാലയത്തില്‍നിന്ന് അദ്ദേഹം പുറത്തെത്തിക്കും.
ചിലരുടെ വിവാഹം അദ്ദേഹം മനോഹരമായി നടത്തിക്കൊടുത്തിരുന്നു. സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ അവര്‍ക്കായി സ്ത്രീധനം വരെ വിശുദ്ധന് ഒരുക്കിക്കൊടുത്തിരുന്നു. സന്യസ്തജീവിതം ആഗ്രഹിച്ചവര്‍ക്ക്, അവരെ സ്വീകരിക്കാന്‍ മനസുള്ള മഠങ്ങള്‍ കണ്ടെത്തിക്കൊടുത്തു.
എല്ലാവരോടും ആവശ്യപ്പെട്ടത് ഒന്നേയുള്ളൂ. അദ്ദേഹം ചെയ്തതിനെക്കുറിച്ച് മൗനം പാലിക്കുക. കാരണം താന്‍ ചെയ്യുന്നതെന്താണെന്ന് പുറംലോകം അറിഞ്ഞാല്‍ പിന്നെ അത്തരം സ്ത്രീകളെ രക്ഷിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ”..ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18/14) എന്നറിയാമായിരുന്ന അദ്ദേഹം അവരുടെ ആത്മരക്ഷയ്ക്കുവേണ്ടി തന്റെ സല്‍പ്പേരുപോലും വിലയായി കൊടുത്തു.
ഈ ഉദ്യമത്തിനായി ഇറങ്ങിയപ്പോള്‍ അദ്ദേഹം സ്വയം സ്വീകരിച്ചത് ഉറക്കമില്ലാത്ത രാത്രികളും വേണ്ടത്ര ഭക്ഷണംപോലുമില്ലാത്ത കഠിനജോലിയുടെ പകലുകളുമായിരുന്നു. നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്കായി രാത്രിയിലെ ജാഗരണവും പകലത്തെ അധ്വാനവും അദ്ദേഹം നല്കി.
അദ്ദേഹത്തെ കൊലചെയ്തത് ഒരുപക്ഷേ, കാമുകിയെ നഷ്ടപ്പെട്ട ഏതെങ്കിലും പുരുഷനോ ധാര്‍മികരോഷത്താല്‍ കോപാക്രാന്തനായ ക്രൈസ്തവന്തന്നെയോ ആകാം. അതേപ്പറ്റി നമുക്കറിഞ്ഞുകൂടാ. പക്ഷേ അദ്ദേഹം ഒരു രക്തസാക്ഷിതന്നെയായിരുന്നു.
മറ്റുള്ളവരെ പാപികളായി കാണുന്നതിനുപകരം, അവരിലെ നഷ്ടപ്പെടുന്ന ആത്മാവിനെ കാണാനുള്ള കാഴ്ച തരണമേ എന്ന് വിശുദ്ധ വിറ്റാലിസിന്റെ മധ്യസ്ഥതയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
എത്രയോ അമൂല്യമായ സമ്മാനങ്ങളാണ് പൂജരാജാക്കന്മാര് എന്റെ മകന്‍ നല്കിയത്! അവരുടെ സ്നേഹബഹുമാനങ്ങളും സമ്മാനങ്ങള്‍ സൂചിപ്പിക്കുന്ന ദിവ്യരഹസ്യങ്ങളും അതിലും വിലയുള്ളതായിരുന്നു. അതിനാല്‍ അവ ദിവ്യപൈതലിന് അത്യധികം സ്വീകാര്യമായിത്തീര്‍ന്നു. നീയും അപ്രകാരമുള്ള സമ്മാനങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. നിന്‍റെ ദാരിദ്ര്യാവസ്ഥയെയും ജീവിതാന്തസിനെയും ദൈവത്തിന് കൃതജ്ഞതയായി അര്‍പ്പിക്കുക. സ്വയം തെരഞ്ഞെടുത്ത ദാരിദ്ര്യാരൂപിയെക്കാള് ദൈവത്തിന് പ്രിയങ്കരവും സ്വീകാര്യവുമായ മറ്റൊന്നുമില്ല.
ഈ രാജാക്കന്മാരെപ്പോലെ സ്വന്തം ഭൗതികവസ്തുക്കള്‍ കര്‍ത്താവിന് സമര്‍പ്പിച്ച് പരസ്നേഹവും ദീനാനുകമ്പയും പ്രകടിപ്പിക്കുന്നവര്‍ അപൂര്‍വമാണ്. അനേകം ദരിദ്രസഹോദരങ്ങള്, ഈ ലോകത്തിലെ അനേകമനുഷ്യരുടെ ക്രൂരതയ്ക്കും അത്യാഗ്രഹത്തിനും സാക്ഷികളാണ്. അവരുടെ കഷ്ടതകളില്‍ സഹായിക്കുവാനും അവര്‍ക്ക് താങ്ങും തണലുമാകുവാനും ധനികര്‍ മടിക്കുന്നു. ദ്രവ്യാഗ്രഹത്താല്‍ ആത്മാക്കളെ മലീമസമാക്കുകയും അധഃപതിപ്പിക്കുകയും അതിന്റെ അന്തസ് കെടുത്തുകയും ചെയ്യുന്നു. അവരെ ഓര്‍ത്ത് സ്വര്‍ഗത്തിലെ മാലാഖമാര്‍ വിലപിക്കുന്നു. പരിശുദ്ധാത്മാവ് തീവ്രമായി ദുഃഖിക്കുന്നു (സഭാപ്രസംഗകന്‍ 10/20).
എല്ലാം സ്വയം കയ്യടക്കിവച്ച് അവര്‍ ദരിദ്രര്‍ക്കുള്ളത് തട്ടിപ്പറിക്കുന്നു. സമ്പത്ത് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കപ്പെടാമെന്ന് അവരോര്‍ക്കുന്നില്ല. ധനികനും സ്വസമ്പത്തുക്കള് വിവേകപൂര്‍വം ഉപയോഗിച്ച് നിത്യജീവന് സ്വന്തമാക്കുവാന്‍ കഴിയും എന്ന സത്യം അവര്‍ നിഷേധിക്കുന്നു. ആയതിനാല്‍ സ്വയംപ്രേരിത ദാരിദ്ര്യാരൂപി ഏറ്റവും വിശിഷ്ടവും സുരക്ഷിതമായ ഔഷധവുമത്രേ. ഒരു മനുഷ്യന്‍ സസന്തോഷം ദരിദ്രസഹോദരങ്ങള്ക്കുവേണ്ടി തന്റെ സമ്പത്ത് വ്യയം ചെയ്യുമ്പോള്‍ അതു കര്‍ത്താവിന് ഏറ്റം സ്വീകാര്യമായ ബലിയായിരിക്കും. നിലനില്പിനാവശ്യമായവയെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടും അത് ദരിദ്രര്‍ക്ക് ദാനം നല്‍കിയും സാധ്യമെങ്കില്‍ സ്വന്തം അധ്വാനശേഷികൊണ്ട് ആവശ്യക്കാരെ സഹായിച്ചും ഈ ബലിയര്‍പ്പിക്കാം.
നിരന്തരമായി നീയര്‍പ്പിക്കുന്ന ബലിവസ്തുവാണ് നിന്‍റെ സ്നേഹം. നിരന്തരമായ പ്രാര്‍ത്ഥനയാണ് കുന്തുരുക്കം. ദീര്‍ഘക്ഷമയോടെ ഏറ്റെടുക്കുന്ന അധ്വാനവും പരിഹാരപ്രവൃത്തികളുമാണ് മീറ. കര്ത്താവിനര്പ്പിക്കുന്നതെല്ലാം നിറഞ്ഞ സ്നേഹത്തോടും കൃതജ്ഞതയോടുംകൂടിയായിരിക്കണം. സ്നേഹത്തിന്റെ നിറവില്ലാതെ, അശ്രദ്ധയോടും ഉദാസീനതയോടുംകൂടെ നിര്‍വഹിക്കപ്പെടുന്ന ബലികള്‍ അത്യുന്നത സിംഹാസനത്തിന് മുമ്പില്‍ വിലയില്ലാത്തതാണ്. അതിനാല്‍ മാധുര്യമേറുന്ന ഈ യജ്ഞം നിരന്തരം തുടരണം.
(ദൈവനഗരം, അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ദൈവമാതാവ് വെളിപ്പെടുത്തിയത്)
വത്തിക്കാന്‍ സിറ്റി: പിശാച് ഇല്ല എന്ന് വിശ്വസിപ്പിക്കുകയാണ് ശത്രുവായ പിശാചിന്റെ ഏറ്റവും വലിയ തന്ത്രമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പിശാചിന് അസ്തിത്വം ഇല്ലെന്ന് പറഞ്ഞാലും മന്ത്രവാദികള്‍, ജ്യോതിഷികള്‍, മന്ത്രത്തകിടുകള്‍ വില്ക്കുന്നവര്, സാത്താന്‍സേവ നടത്തുന്നവര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ ലോകത്തിലുണ്ട്. അതുതന്നെ പിശാച് ഉണ്ടെന്നതിന്റെ തെളിവാണ്. ചുറ്റിനും ദൃശ്യമായ തിന്മയുടെയും ക്രൂരതയുടെയും രൂപത്തില്‍ പിശാച് പ്രവര്‍ത്തിക്കുന്നു.
ദുഷ്ടാരൂപിയെ തോല്പിക്കാന്‍, മരുഭൂമിയില്‍ യേശു കാണിച്ചുതന്നതുപോലെ, ദൈവവചനമാണ് ഉപയോഗിക്കേണ്ടത്. യേശുവിന് ആവശ്യമില്ലെങ്കിലും നമുക്ക് വേണ്ട മറ്റൊരു ഘടകം വിശുദ്ധ പത്രോസ് നിര്‍ദേശിക്കുന്ന ജാഗ്രതയാണ്: ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു” (1 പത്രോസ് 5/8).
കുരിശിലെ ക്രിസ്തു, പിശാചിന്റെ ശക്തിയെ പരാജയപ്പെടുത്തി. പക്ഷേ പിശാചിനോട് സംസാരിക്കാന്‍ നില്‍ക്കരുത്. പ്രലോഭനം അനുഭവപ്പെടുമ്പോള്‍, അനുകൂലമായി പ്രതികരിക്കാതിരിക്കുക, അകലം പാലിക്കുക; ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുന്ന നായയെ സമീപിക്കരുത്. സാങ്കേതികവിദ്യ പിശാചിനെ അകത്തുപ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് പാപ്പ ഓര്‍മിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് പാപ്പ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അത് വിറ്റഴിച്ച് ലാഭമുണ്ടാക്കുന്ന വിപണിയെക്കുറിച്ച് ബോധമുള്ളവരാകണം. പിശാചാണ് അതിന് പിന്നിലെന്ന് നമുക്കറിയാം. അതിനാല്‍ നാം ജാഗ്രതയുള്ളവരായിരിക്കണം എന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ഏറ്റവും പ്രധാനമായി പരിശുദ്ധാത്മാവിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് പാപ്പ പറഞ്ഞു.
'ഈ സംഭവം നടക്കുന്നത് 2007-ലാണ്. ആ സമയത്ത് കേരളത്തിന്റെ തെക്കുവശത്തുള്ള ഒരു പട്ടണത്തില്‍ ഒരു സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായി ഞാന്‍ ജോലി ചെയ്യുകയാണ്. ആ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത് 2005-കളിലാണ്. കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടിയതിനുശേഷം അവിടുന്ന് എനിക്ക് നല്കിയ ഒരു സമ്മാനമായി ആ ജോലി എനിക്ക് അനുഭവപ്പെട്ടു. വിജയകരമായി ജോലി ചെയ്തുകൊണ്ടിരിക്കവേ, പെട്ടെന്ന് ആ സ്ഥാപനത്തിന്റെ റീജിയണല്‍ മാനേജരായി കര്‍ത്താവ് എന്നെ ഉയര്‍ത്തി. യേശുവിനെ കര്‍ത്താവായി സ്വീകരിച്ചതിനുശേഷം എന്തുമാത്രം അത്ഭുതങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്നെന്നെ ഓര്‍മ്മിപ്പിച്ച ഒരു അനുഭവം! സങ്കീര്‍ത്തനങ്ങള്‍ 40/5- ”ദൈവമായ അങ്ങ് എത്ര അത്ഭുതങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു.”
ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തും അകത്തുമുള്ള ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം മധ്യകേരളത്തിലെ ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ പെട്ടെന്ന് ജനറല്‍ മാനേജര്‍ വിളിക്കുകയാണ്. ഇന്ന് മൂന്നുമണിക്ക് കോട്ടയത്ത് പ്രധാനപ്പെട്ട ഒരു മീറ്റിങ്ങ് ഉണ്ട്. കമ്പനിയുടെ ചെയര്മാന് വിദേശത്തുനിന്ന് വരുന്നു. അതില്‍ പങ്കെടുക്കണം. ഞാന്‍ സമയം നോക്കിയപ്പോള്‍ ആ സമയത്തുതന്നെ കോട്ടയംവഴിയുള്ള ഒരു ട്രെയിനുണ്ട്. അതുകിട്ടിയാല്‍ സമയത്തിന് സ്ഥലത്തെത്താം. ആ ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാകും.
ഞാന്‍ തിടുക്കത്തില്‍ പ്രാര്‍ത്ഥനയോടെ ഒരു ഓട്ടോ വിളിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയാണ്. ഉള്ളില്‍ ഒരു ഉത്കണ്ഠ: ‘പുതിയ പോസ്റ്റ്, ചെയര്മാന് വരുന്നു. ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ എങ്ങനെ മീറ്റിങ്ങില്‍ എത്തും?’ ഞാന്‍ ഓട്ടോയില്‍ ഇരുന്ന് ശക്തിയോടെ പ്രാര്‍ത്ഥിച്ചു. ഓട്ടോക്കാരന് തിരിഞ്ഞുനോക്കി. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ആ വ്യക്തി കൂടുതല്‍ വേഗത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എന്നെ എത്തിച്ചു. എന്റെ ഹൃദയം ശക്തിയോടെ മിടിക്കുന്നുണ്ട്. ട്രെയിന്‍ പോയിരിക്കുമോ, ഇല്ല പോയിട്ടില്ല. പെട്ടെന്ന് വലിയ ശബ്ദത്തോടെ ട്രെയിന്‍ പ്ളാറ്റ്ഫോമിലേക്ക് വന്നു. ഞാന്‍ ടിക്കറ്റ് എടുത്തിട്ടില്ല. ഞാന്‍ ഓടി ഒരു നിലയ്ക്ക് ടിക്കറ്റ് എടുത്ത് പ്ളാറ്റുഫോമിലേക്ക് ഓടുകയാണ്. ഓടുമ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്, ”ദൈവമേ, എന്നെ ഇപ്പോള്‍ സഹായിക്കണം.
ട്രെയിന്‍ പോയാല്‍ ഞാന്‍ എങ്ങനെ മീറ്റിങ്ങിന് എത്തും? അധികാരികള്‍ വളരെ പ്രതീക്ഷയോടെയാണ് ഈ പോസ്റ്റ് എനിക്ക് നല്‍കിയിട്ടുള്ളത്.” ഞാന്‍ ഒരു ചെറിയ നിലവിളിയോടെ ട്രെയിന്‍ ലക്ഷ്യമാക്കി ഓടുമ്പോള്‍ പെട്ടെന്ന് ട്രെയിന്‍ മുന്നോട്ടെടുത്തു. ഒരു ഉത്സവസീസണ്‍ ആയിരുന്നതുകൊണ്ട് ട്രെയിനില്‍ നല്ല തിരക്കാണ്. സ്റ്റെപ്പില്പ്പോലും നിറയെ ജനങ്ങള്‍. ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. എനിക്ക് എങ്ങനെയെങ്കിലും ആ ട്രെയിനില്‍ കയറണം. ട്രെയിനിന്റെ വേഗത കൂടി. സ്റ്റെപ്പില്‍ നില്ക്കുന്ന യാത്രക്കാര്‍ ഓടുന്ന എന്നെ നോക്കി പറഞ്ഞു, ”ഇനി കയറരുത്. കയറിയാല്‍ നിങ്ങളുടെ ജീവന്‍പോലും ചിലപ്പോള്‍ അപകടത്തിലാകും.”
ഞാന്‍ ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു. പക്ഷേ പിടുത്തം കിട്ടിയില്ല. ട്രെയിന്‍ അകന്നുപോയിക്കൊണ്ടിരിക്കുമ്പോള് എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അകന്നുപോകുന്നതുപോലെ എനിക്ക് തോന്നി. ട്രെയിന്‍ മിസായി. വലിയ ഒരു വേദനയും ശൂന്യതയും എന്റെ മനസില്‍ നിറഞ്ഞു. പെട്ടെന്ന് ഞാന്‍ ഓര്‍ത്തു, ഞാന്‍ ഇന്ന് പ്രഭാതത്തില്‍ പ്രാര്‍ത്ഥിച്ചു, വിശുദ്ധ കുര്‍ബാനയും സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു. ഇത്രയും ചിന്തിച്ച് തീര്‍ന്നില്ല, പെട്ടെന്ന് പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു, ”ട്രെയിന്‍ ലഭിക്കാത്തതിനെ ഓര്‍ത്ത് നന്ദി പറയുക. വെറുതെ നന്ദി പറയുകയല്ല, ആ പ്ളാറ്റ്ഫോമില്‍ മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി നന്ദി പറയുക.”
എനിക്ക് ആദ്യം ലജ്ജ തോന്നി. എങ്കിലും ഞാന്‍ പരിശുദ്ധാത്മാവിനെ അനുസരിച്ച് അപ്രകാരംതന്നെ ചെയ്തു. കാരണം അവിടുത്തേക്ക് എന്തോ ഉന്നതമായ ഒരു പദ്ധതി ഇതിലൂടെ ചെയ്യാനുണ്ടെന്ന് എനിക്ക് മനസിലായി. ഞാന്‍ കണ്ണുകള്‍ അടച്ച് മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി ആ പ്ളാറ്റ്ഫോമില്‍നിന്ന് നന്ദിപറയാന്‍ തുടങ്ങി. ഹല്ലേലൂയ്യ, ഹല്ലേലൂയ്യാ. യേശുവേ നന്ദി, യേശുവേ മഹത്വം.
ഇടയ്ക്ക് പകുതി കണ്ണുതുറന്നു നോക്കി ആരെങ്കിലും പരിചയക്കാര് ഉണ്ടോ എന്ന്. ചുറ്റും ജനങ്ങള്‍ കൂടി അത്ഭുതത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. ആരോ പറഞ്ഞുപോകുന്നുണ്ട്, ‘ഏതോ ഒരു ഹിന്ദിക്കാരന് വട്ട് പിടിച്ചിരിക്കുകയാണ്.’ ചിലര്‍ അത്ഭുതത്തോടെ എന്നെ നോക്കുന്നു, മറ്റു ചിലര്‍ പരിഹസിക്കുന്നു. പെട്ടെന്ന് ആത്മാവ് എന്നോട് പറഞ്ഞു, ”ഇപ്പോള്‍ എന്ക്വയറിയില്പോയി അന്വേഷിക്കുക.”
സാധാരണയായി അപ്പോള്‍ വേറെ ട്രെയിന്‍ ഇല്ലെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും പരിശുദ്ധാത്മാവ് പറഞ്ഞതല്ലേ. ഞാന്‍ ചെന്ന് ആ റെയില്‍വേ ഉദ്യോഗസ്ഥയോട് ചോദിച്ചു, ”ഇനി കോട്ടയംവഴി ഇപ്പോള്‍ ട്രെയിന്‍ ഉണ്ടോ?”
ആ സഹോദരി വളരെ ഉത്സാഹത്തോടെ പറഞ്ഞു, ”ഇപ്പോള്‍ പഞ്ചാബിലെ അമൃത്സറില്‍നിന്ന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ വരുന്നുണ്ട്.” അധികം താമസിയാതെ, മനോഹരമായ ഒരു പുതിയ ട്രെയിന്‍ വന്നു. ഞാന്‍ അതില്‍ കയറി. കയറിയ കമ്പാര്‍ട്ടുമെന്റില്‍ ഞാന്മാത്രം. ആ ട്രെയിനിന്റെ ആദ്യ ഓട്ടം ആണെന്നു തോന്നുന്നു. നല്ല വൃത്തിയുള്ള ഇരിപ്പിടങ്ങള്‍. ഞാന്‍ തുള്ളിച്ചാടി എന്റെ കര്‍ത്താവിനെ മഹത്വപ്പെടുത്തി. സങ്കീര്‍ത്തനങ്ങള്‍ 118/15 ”ഇതാ നീതിമാന്മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു. കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.” ആരും എന്നെ ശല്യപ്പെടുത്തിയില്ല. ട്രെയിന്‍ പെട്ടെന്ന് എറണാകുളത്ത് എത്തി. ഞാന്‍ നോക്കിയപ്പോള്‍ എനിക്ക് കയറാന്‍ കഴിയാതെപോയ ട്രെയിന്‍ അവിടെ പിടിച്ചിട്ടിരിക്കുകയാണ്. എന്റെ സ്പെഷ്യല്‍ ട്രെയിന്‍ ആ ട്രെയിനിനെയും മറികടന്ന് ആഗ്രഹിച്ചതിലും നേരത്തേ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.
ജീവിതത്തില്‍ ഉണ്ടാകുന്ന നഷ്ടപ്പെടലുകളെ ഓര്‍ത്ത് നിരാശപ്പെടരുത്. നിരന്തരം കര്‍ത്താവിനെ ആശ്രയിക്കുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് എല്ലാം ശുഭമായിരിക്കും. നഷ്ടപ്പെട്ടുപോയ എല്ലാത്തിനെയും ഓര്‍ത്ത് കര്‍ത്താവിനെ സ്തുതിക്കുക. അതിനുപകരം നമുക്കുവേണ്ടി നമ്മുടെ ദൈവം ഒരു ‘സ്പെഷ്യല്‍’ അനുഗ്രഹം അയച്ചിട്ടുണ്ട്, അത് സ്വീകരിക്കുക. ”കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം, അത് ക്ഷണനേരംകൊണ്ട് പൂവണിയുന്നു” (പ്രഭാഷകന്‍ 11/22).
'ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്‍റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്‌നമാക്കാറില്ല.
നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്‍, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…”
അതായത്, നന്മകള്‍ ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില്‍ ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും.
ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്‍ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്‍പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്‍ത്താവിന് അര്‍ഹമായ മഹത്വം നമ്മള്‍ കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്‍പാല്‍പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക.
ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്‍ത്ഥനകള്‍കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്‍റെ ബലഹീനത നിനക്കുള്ള എന്‍റെ ദാനമാണ്. നിന്‍റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്‍റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്‍റെ കാഴ്ച സ്വീകരിച്ച് അതിനെ എന്‍റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്‍ത്ത് എന്‍റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220).
വൈദികര്‍ക്ക് വേണ്ടിയും സമര്‍പ്പിതര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്‍ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്‍റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.
'ടെക്‌സസിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത് അര്‍ക്കന്‍സാസിലും. അഞ്ചോ ആറോ വയസ് പ്രായമാകുംവരെ മാതാപിതാക്കള്‍ എന്നെയുംകൂട്ടി അടുത്തുള്ള ഒരു ക്രൈസ്തവദൈവാലയത്തില്‍ പോകുമായിരുന്നു. പിന്നെ ആ ശീലം നിര്‍ത്തി. എന്നാല്‍ ഞാന്‍ മതവിശ്വാസത്തില്‍ താത്പര്യമുളള ആളായിരുന്നു. കൃത്യം ഓര്‍ക്കുന്നില്ലെങ്കിലും ഏതാണ്ട് പതിനാല് വയസായ സമയത്ത് ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. എന്നാല്‍ അവസാനകാലങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ എന്ന് തോന്നിയവമാത്രമാണ് വായിച്ചത്. എന്നാല്‍ അതെല്ലാം വായിച്ചപ്പോഴാകട്ടെ എനിക്കാകെ ഭയമായി. ബൈബിളില്‍ ഉടനീളം വിവരിക്കുന്ന അതിശയകരമായ ദൈവകൃപയുടെയും കാരുണ്യത്തിന്‍റെയും സന്ദേശങ്ങള്‍ ഞാന്‍ വായിച്ചതുമില്ല.
അതോടെ ഞാനെന്‍റെ മതവിശ്വാസത്തിന്‍റെ അടുത്ത തലമെന്നോണം ന്യൂ ഏജ് പ്രസ്ഥാനത്തിലേക്ക് കടന്നു. അതിലേക്ക് നീങ്ങാന്‍ കാരണം മറ്റൊന്നുമായിരുന്നില്ല, ന്യൂ ഏജ് വിശ്വാസമനുസരിച്ച് നരകം എന്നൊന്നില്ല! അതേ സമയംതന്നെ ക്രൈസ്തവരോട് എനിക്ക് വല്ലാത്ത ഇഷ്ടക്കേടും തോന്നിത്തുടങ്ങി. ആരെങ്കിലും ക്രൈസ്തവികമായ പെരുമാറ്റരീതികളെന്തെങ്കിലും കാണിച്ചാല്‍പ്പോലും അതെന്നെ കോപാകുലനാക്കും. അപ്പോഴാണ് മറ്റൊരു ‘ട്വിസ്റ്റ്’ ഉണ്ടായത്. ക്രൈസ്തവനെന്ന് തോന്നിപ്പിക്കാത്ത ഒരു ക്രൈസ്തവപ്രസംഗകനെ ടി.വിയില്‍ കണ്ടു.
ഞാന്‍ ആ മനുഷ്യനിലൂടെ ക്രൈസ്തവികതയില്‍ ആകൃഷ്ടനായി. അതുനിമിത്തം ന്യൂ ഏജ് വിശ്വാസം തെറ്റാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. ആറ് മാസത്തോളം ആ പ്രസംഗങ്ങള്‍ കേട്ടതിനുശേഷം നേരില്‍ കാണുകയും അദ്ദേഹത്തിന്‍റെ സഭയില്‍ ചേരുകയും ചെയ്തു. പെന്തക്കോസ്ത് വിശ്വാസത്തില്‍നിന്ന് പിന്നീട് പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക് മാറിയ ഡോ. ജീന്‍ സ്‌കോട്ട് ആയിരുന്നു എന്നെ സ്വാധീനിച്ച ആ മനുഷ്യന്‍. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാന്ദ്യം സംഭവിച്ചതോടെ ഞാന്‍ മറ്റൊരു മേച്ചില്‍പ്പുറം തേടി പോയി.
അങ്ങനെയാണ് ഒരു വ്യവസ്ഥാപിത സഭയായ അമേരിക്കന്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചില്‍ അംഗമായത്. ജീന്‍ സ്‌കോട്ടിനാല്‍ ആകര്‍ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ തിയോളജി ഗ്രന്ഥങ്ങളുടെ വായനക്കാരനായി മാറിയിരുന്നു. മുഴുവന്‍ സമയ ശുശ്രൂഷയിലേക്ക് പ്രവേശിക്കുക എന്നതായിരുന്നു എന്‍റെ ആഗ്രഹം. എന്നാല്‍ അതിനിടയില്‍ മറ്റൊന്ന് കടന്നുവന്നു, പ്രണയവിവാഹം.
ന്യൂ ഏജ് പെണ്‍കുട്ടി
ക്രൈസ്തവനായിത്തീര്‍ന്ന് അധികം താമസിയാതെ ഒരു പാര്‍ട്ടിയില്‍വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി, റെനി ഹംഫ്രി. അവള്‍ ജന്മംകൊണ്ട് കത്തോലിക്കയായിരുന്നെങ്കിലും പുനര്‍ജന്മംപോലുള്ള ന്യൂ ഏജ് വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്ന ആളായിരുന്നു. എന്നെപ്പോലെതന്നെ വായനയില്‍ അതീവതാത്പര്യം, പക്ഷേ ചരിത്രവും സാഹിത്യവും ഇഷ്ടവിഷയങ്ങള്‍. പക്ഷേ ഒരു കുറവ് അവളെ എപ്പോഴും അലട്ടി, അനാരോഗ്യം.
ഡോക്ടര്‍മാരെയും സൂചിയെയും അവള്‍ക്ക് പേടിയായതിനാല്‍ ചികിത്സയ്ക്കുപോകാന്‍ മടിയായിരുന്നു. പ്രധാനരോഗം വന്‍കുടലിലെ വ്രണങ്ങള്‍ ആയിരുന്നു. നട്ടെല്ലിനെ താങ്ങുന്ന മസിലുകളെ അത് ദുര്‍ബലപ്പെടുത്തുകയും അതുനിമിത്തം നട്ടെല്ലിനുസമീപമുള്ള ഞരമ്പുകളെ അമര്‍ത്തുകയും ചെയ്തതിനാല്‍ കാല്‍വരെ നീളുന്ന കടുത്ത വേദന അവളെ അസഹ്യപ്പെടുത്തും. പലപ്പോഴും നടക്കാന്‍പോലും സാധിക്കില്ല. അതിനാല്‍ത്തന്നെ 23 വയസില്‍ത്തന്നെ അവള്‍ക്ക് പ്രായമായവര്‍ ഉപയോഗിക്കുന്ന വാക്കര്‍ ഉപയോഗിക്കേണ്ടിവന്നു. പക്ഷേ അതൊന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല.
എങ്കിലും വിവാഹിതരാകുംമുമ്പ് രണ്ട് കാര്യങ്ങള്‍ എനിക്ക് ശരിയാക്കേണ്ടിയിരുന്നു, അവളുടെ ന്യൂ ഏജ് വിശ്വാസവും അതോടൊപ്പം കത്തോലിക്കാ താത്പര്യങ്ങളും. റെനി വായനയില്‍ തത്പരയായിരുന്നതിനാല്‍ പുനരവതാരത്തെക്കുറിച്ചുള്ള ക്രൈസ്തവപുസ്തകം അവള്‍ക്ക് വായിക്കാന്‍ നല്കി. അത് വായിച്ചപ്പോള്‍ത്തന്നെ പുനരവതാരമെന്ന സങ്കല്പത്തിലെ തെറ്റ് അവള്‍ തിരിച്ചറിഞ്ഞു. അത് കൊള്ളാം എന്നെനിക്ക് തോന്നി.
പുസ്തകമാണല്ലോ റെനിയെ ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് പിന്തിരിപ്പിച്ചത്. അതിനാല്‍ കത്തോലിക്കാതാത്പര്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനും ആ വഴിതന്നെ പോകാമെന്ന് ഞാന്‍ കരുതി. വത്തിക്കാനെ മോശമായി ചിത്രീകരിക്കുന്ന ഒരു പുസ്തകമാണ് ഞാന്‍ റെനിക്ക് നല്കിയത്. അത് വായിച്ചതിനുശേഷം അവള്‍ സ്വയം കത്തോലിക്ക എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തി. പകരം ആഗ്ലിക്കന്‍ സഭയോട് ചായ്‌വ് പുലര്‍ത്താന്‍ തുടങ്ങി. കത്തോലിക്കാരീതികളില്‍നിന്ന് അവളെ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്ക് തത്കാലം അതുമതിയായിരുന്നു. അവള്‍ പതുക്കെ പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ വിശ്വാസത്തിലേക്ക് മാറിക്കൊള്ളുമെന്ന് കരുതി.
അങ്ങനെ 1988-ല്‍, അവളുടെ ആംഗ്ലിക്കന്‍ വിശ്വാസ കാലത്ത്, റെനിയും ഞാനും വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവള്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മടങ്ങി. അത് ഇവാഞ്ചലിക്കല്‍ ശുശ്രൂഷകനാകണം എന്ന എന്‍റെ പദ്ധതിക്ക് വലിയൊരു അടിയായിപ്പോയി. ഈയൊരു പ്രശ്‌നം ഒഴിച്ചാല്‍ ഞങ്ങളുടേത് ഒരു സന്തുഷ്ടദാമ്പത്യമായിരുന്നു.
റെനി ഒരു സത്യം കണ്ടുപിടിച്ചപ്പോള്‍…
കാര്യങ്ങള്‍ അല്പം മോശമായത് എനിക്ക് മുമ്പേതന്നെ അറിയാമായിരുന്ന ഒരു സത്യം റെനി കണ്ടുപിടിച്ചതോടെയാണ്. അത് മറ്റൊന്നുമായിരുന്നില്ല, കത്തോലിക്കാപ്രബോധനമനുസരിച്ച് ഞങ്ങളുടെ വിവാഹം സാധുവല്ല! അതിനാല്‍ത്തന്നെ റെനിക്ക് കത്തോലിക്കാസഭയില്‍ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ അവള്‍ക്കെന്നെ ഉപേക്ഷിക്കാനും വയ്യ, ഞാനാകട്ടെ കത്തോലിക്കാസഭ പറയുംപോലെ വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ തയാറുമല്ല. ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത റെനിയെ ഞായറാഴ്ചകളില്‍പ്പോലും കത്തോലിക്കാദൈവാലയത്തില്‍ വിടാന്‍ ഞാന്‍ തയാറാകാതിരുന്നതും ഞങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയായി വളര്‍ന്നു.
പക്ഷേ കാര്യങ്ങള്‍ പതുക്കെ മാറാന്‍ തുടങ്ങി. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതുമുതല്‍ ഞാന്‍ ദൈവശാസ്ത്രത്തില്‍ നല്ല താത്പര്യം പുലര്‍ത്തിയിരുന്നു. പക്ഷേ എന്നെ പ്രശ്‌നത്തിലാക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ ബൈബിളില്‍ കണ്ടെത്താനാരംഭിച്ചു. പാപങ്ങള്‍ മോചിക്കാനും ബന്ധിക്കാനും അപ്പസ്‌തോലന്‍മാര്‍ക്ക് നല്കപ്പെട്ട അധികാരം (മത്തായി 16/18), പാപങ്ങള്‍ മോചിക്കാനുള്ള അവരുടെ അധികാരം (യോഹന്നാന്‍ 20/21-23) തുടങ്ങിയ വചനഭാഗങ്ങളൊന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പഠനം തുടര്‍ന്നപ്പോള്‍ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെക്കുറിച്ച് കത്തോലിക്കര്‍ പറയുന്നത് സത്യമാണെന്ന് എനിക്ക് അംഗീകരിക്കേണ്ട അവസ്ഥയായി. ഞാന്‍ പോയിക്കൊണ്ടിരുന്ന ആരാധനാലയത്തില്‍നിന്ന് സകുടുംബം കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണ്‍ ഹോംസിന്‍റെ പ്രബന്ധവും അങ്ങനെയൊരു നിഗമനത്തിലെത്താന്‍ എന്നെ പ്രേരിപ്പിച്ചു.
മറിയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പ്രബന്ധം മുമ്പൊരിക്കല്‍ എനിക്ക് അയച്ചുതന്നപ്പോള്‍ അതിലെ എല്ലാ വാദങ്ങളെയും എതിര്‍ത്ത് തോല്പിക്കാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ ഒരു ഖണ്ഡിക എന്നെ കുഴപ്പിച്ചു. ”ഇവാഞ്ചലിക്കല്‍ സഹോദരങ്ങള്‍ എതിര്‍ക്കുന്ന കത്തോലിക്കാവിശ്വാസങ്ങളെല്ലാം തിരുവചനത്തെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് രൂപപ്പെട്ടവയാണ്.” അതെനിക്ക് ആശ്ചര്യമായിരുന്നു, കത്തോലിക്കര്‍ തിരുവചനത്തെ മുഖവിലയ്‌ക്കെടുക്കുകയോ?! ഇല്ലെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. ആ ധാരണ ചോദ്യം ചെയ്യപ്പെടുകയാണ്….
ഏറ്റവുമധികം വിറപ്പിച്ച യാഥാര്‍ത്ഥ്യം
പതുക്കെ യേശുവിന്‍റെ ശരീരരക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വചനഭാഗങ്ങള്‍ -യോഹന്നാന്‍ 6/53, ലൂക്കാ 22/19, യോഹന്നാന്‍ 3/5 എന്നിവ വിശദമായി പഠിച്ച് അവയെക്കുറിച്ചുള്ള കത്തോലിക്കാപഠനങ്ങള്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള റോമാ 6/3, 1 പത്രോസ് 3/21 വചനഭാഗങ്ങള്‍ പഠനത്തിന് വിധേയമാക്കി. പാപമോചനാധികാരത്തെക്കുറിച്ച് പറയുന്ന യോഹന്നാന്‍ 20/23 വചനം ആഴത്തില്‍ പഠിച്ചു. എല്ലാത്തിനും നാന്ദിയായി ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനവും പഠനവിധേയമാക്കി. എന്‍റെ പല ചിന്തകളും തെറ്റാണെന്ന് മനസിലായിത്തുടങ്ങിയിരുന്നു.
ഏറ്റവുമധികം എന്നെ വിറപ്പിച്ച കാര്യം സഭയുടെ ദൈവശാസ്ത്രം ബൈബിളിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. മാത്രവുമല്ല, സോളാ ഫിദെ (വിശ്വാസംമാത്രം), സോളാ സ്‌ക്രിപ്ത്തുറാ (ബൈബിള്‍മാത്രം) എന്നീ പ്രൊട്ടസ്റ്റന്റ് പ്രബോധനങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് വ്യക്തമായി.
കൂദാശകളെക്കുറിച്ചുള്ള സഭാപ്രബോധനം സാധൂകരിക്കുന്ന വചനഭാഗങ്ങള്‍ ബൈബിളില്‍ ഉടനീളം ഞാന്‍ കണ്ടു. ഏറ്റവും ശ്രദ്ധേയമായ ഭാഗം രക്തസ്രാവക്കാരി സ്ത്രീയുടേതായിരുന്നു.
”അവള്‍ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍റെ പിന്നില്‍ ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്‍റെ വസ്ത്രത്തില്‍ ഒന്ന് തൊട്ടാല്‍മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്ക് ശരീരത്തില്‍ അനുഭവപ്പെട്ടു…. അവന്‍ അവളോട് പറഞ്ഞു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്ന് വിമുക്തയായിരിക്കുക.” (മര്‍ക്കോസ് 5/27-33).
ഈ വചനഭാഗം കൂദാശയെന്ന തത്വത്തിന്‍റെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ആ സ്ത്രീയുടെ വിശ്വാസം, സ്പര്‍ശ്യമായ ഭൗതിക ഘടകം (ഈശോയുടെ വസ്ത്രവിളുമ്പില്‍ തൊടുന്നത്), പിന്നെ ഈശോയില്‍നിന്ന് ശക്തി പുറപ്പെടുന്നതും. ഇങ്ങനെതന്നെയാണ് കൂദാശകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം, തൈലം, അപ്പം, വീഞ്ഞ്, കൈവയ്പ് തുടങ്ങിയ തൊട്ടനുഭവിക്കാവുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ നാം സ്വീകരിക്കുന്ന അവിടുത്തെ കൃപയുടെ മാധ്യമങ്ങളായി ദൈവം ഉപയോഗിക്കുന്നു.
നാം ആത്മീയസൃഷ്ടികള്‍മാത്രമല്ല ഭൗതികസൃഷ്ടികളും കൂടിയായതിനാല്‍ ദൈവം തന്‍റെ കൃപയുടെ ആത്മീയദാനങ്ങള്‍ ഭൗതികമായ മാധ്യമങ്ങളിലൂടെ നമുക്ക് തരുന്നു. പിന്നീട് എനിക്ക് മനസിലായി നവീകരണം എന്ന പേരില്‍ സഭയില്‍നിന്ന് വേര്‍പിരിഞ്ഞുപോയി പ്രൊട്ടസ്റ്റന്റ് സഭകളുടെ രൂപീകരണത്തിന് കാരണക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍പോലും ഇത് അംഗീകരിച്ചിരുന്നു എന്ന്.
ബൈബിള്‍മാത്രംമതി എന്ന പഠനത്തിനും പല പ്രശ്‌നങ്ങളുണ്ട്. ബൈബിള്‍ നിയതരൂപത്തില്‍ ആയത് അതില്‍ ഏതൊക്കെ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കപ്പെട്ടപ്പോഴാണല്ലോ. അവസാനത്തെ അപ്പസ്‌തോലനും മരിച്ച് 300 വര്‍ഷങ്ങളോളം കഴിഞ്ഞിട്ടാണ് ബൈബിളിന്‍റെ കാനന്‍ അന്തിമരൂപത്തിലായത്. അതിന് സഭയുടെ അധികാരം ആവശ്യമാണെന്നത് നിസ്തര്‍ക്കമാണ്. ഇന്നും സഭ തന്‍റെ അധികാരം ഉപയോഗിച്ച് വ്യത്യസ്തവും കാലാനുസൃതവുമായ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നു.
മറിയത്തെക്കുറിച്ചുള്ള ലിയോണിന്‍റെ പ്രബന്ധം വായിച്ച് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോള്‍, മത്തായി 16-ാം അധ്യായത്തെ ആധാരമാക്കി പാപ്പയെക്കുറിച്ച് ഒരു കത്തോലിക്കാഗ്രന്ഥകാരന്‍ രചിച്ച പുസ്തകം ഞാന്‍ വായിച്ചു. ഈ വചനഭാഗത്ത് യേശു പറയുന്നു, ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18). അതുവരെയും യേശു ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്, ആ വാദം ശക്തമായി തെളിയിക്കാനും എനിക്ക് കഴിയുമായിരുന്നു. എന്നാല്‍ എന്‍റെ കണ്ണുകള്‍ ആ ഭാഗം സ്‌കാന്‍ ചെയ്തപ്പോള്‍ ആദ്യമായി ആ വാക്യത്തിന്‍റെ ഘടന ഞാന്‍ പരിശോധിച്ചു. ജീവിതം മാറ്റിമറിക്കാന്‍ കാരണമാകുന്ന പഠനമാണെന്ന് അറിയാതെ ഞാനതിനെക്കുറിച്ച് പഠിക്കാനും വിശകലനം ചെയ്യാനും തുടങ്ങി…
'ഒരിക്കല്‍ ശക്തമായ ഇടിയും മിന്നലുകളും ഉണ്ടായപ്പോള്‍ ഞാന്‍ ജനലുകള്‍ തുറന്ന് ആകാശത്തിലേക്ക് നോക്കി കരങ്ങള്‍ വീശുന്നതുകണ്ട് എന്‍റെ അമ്മ പറഞ്ഞു: ‘ജനലുകള്‍ അടച്ച് മാറിനില്‍ക്ക്, മിന്നല്‍ ഏറ്റാലോ?’ ‘മിന്നലുകളുടെ ദിശ നിയന്ത്രിക്കുന്നത് എന്‍റെ അപ്പന്‍ അല്ലേ, അപ്പന്‍റെ ആജ്ഞകൂടാതെ മിന്നലുകള്‍ എന്നെ തൊടില്ല’ എന്ന് ഞാന്‍ പറഞ്ഞു. മിന്നല്‍ ഏറ്റാല്‍ എന്തുചെയ്യും എന്ന അമ്മയുടെ വീണ്ടുമുള്ള ചോദ്യത്തിന് ഞാന്‍ ലാഘവത്തോടെ മറുപടി പറഞ്ഞു: ‘മിന്നല്‍ ഏറ്റാല്‍ എന്‍റെമേല്‍ സ്‌നേഹാഗ്നി അയച്ച്, ഈ ലോകത്തില്‍നിന്ന് അപ്പന്‍റെ അടുക്കലേക്ക് വിളിക്കുകയാണെന്ന് കരുതുക.’ ഇതുകേട്ട അമ്മ അല്പം നീരസത്തോടെ പറഞ്ഞു: ‘മണ്ടത്തരം പറയാതെ കൊച്ചേ…’ ഇതു വായിക്കുന്ന ചിലരെങ്കിലും ഇത് മണ്ടത്തരമാണെന്ന് കരുതുന്നുണ്ടാവും.
ഇടിയും മിന്നല്‍പിണരുകളും എങ്ങനെയുണ്ടാകുന്നുവെന്ന് ശാസ്ത്രം നമ്മെ പഠിപ്പിക്കുമ്പോള്‍, ആ പഠനത്തെ മറികടന്ന് ഞാന്‍ സങ്കീര്‍ത്തനം 135/7 ല്‍ വിശ്വസിക്കുന്നു. ”ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് മേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്ക്കായി ഇടിമിന്നലുകളെ അയക്കുന്നതും കലവറ തുറന്ന് കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്.” എന്‍റെ വേദനകളുടെയും ഹൃദയനൊമ്പരങ്ങളുടെയും കാലങ്ങളില്‍ പലപ്പോഴും എന്നെ നല്ലതുപോലെ അറിയാവുന്ന എന്‍റെ അപ്പനോട് ഞാന്‍ സംസാരിക്കാറുള്ളത് ആകാശത്ത് നോക്കിയാണ്. ”അപ്പാ യഹോവേ, എന്നെ കാണുന്നുണ്ടോ, കേള്‍ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന് മറുപടിയായി എപ്പോഴും ശക്തമായ ഇടിയും മിന്നലുകളും ഉണ്ടാകാറുണ്ട്.
ഒരിക്കല്‍ രാത്രിയില്‍ മഴയും ഇടിയും മിന്നലുകളുമൊക്കെ മാറിയ അവസരത്തില്‍ ഞാന്‍ ധ്യാനകേന്ദ്രത്തില്‍നിന്നും സമീപത്തുള്ള എന്‍റെ മഠത്തിലേക്ക് പോവുകയായിരുന്നു. കറന്റ് പോയി അന്ധകാരം വ്യാപിച്ച ഇടവഴിയിലൂടെ, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടംപോലും എവിടെയും കാണാതെ, ഒരു അന്ധയെപ്പോലെ കരങ്ങള്‍ മുന്‍പോട്ട് നീട്ടി വളരെ സാവധാനം ഒറ്റയ്ക്ക് നടന്നു. എതിരെ ആരെങ്കിലും വന്നാല്‍ മുട്ടാതിരിക്കാന്‍വേണ്ടിയായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോള്‍ എന്‍റെ ദിശ തെറ്റുന്നതായി എനിക്ക് തോന്നി. ഞാന്‍ നടക്കുന്നത് നേരെയാണോ എന്നുപോലും സംശയിച്ചു.
അല്പമൊന്നു ഭയപ്പെട്ട് ഞാന്‍ അവിടെനിന്നു, എന്നിട്ട് ആകാശത്തിലേക്ക് നോക്കി താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: ”അപ്പാ യഹോവേ, അപ്പന്‍റെ മോള്‍ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ, ഈ മോളെ സഹായിക്കുമോ?”
വളരെ പെട്ടെന്നുതന്നെ ആകാശത്ത്, അല്പംപോലും ഇടവിടാതെ തുടര്‍ച്ചയായ മിന്നല്‍പിണരുകള്‍ ഉണ്ടായി. ഈ മിന്നലുകളില്‍ എനിക്ക് വ്യക്തിപരമായി ഒരു പ്രത്യേകത തോന്നി. ഈ മിന്നലുകള്‍ മിന്നിക്കൊണ്ടേ ഇരുന്നു. മിന്നലുകളുടെ വെളിച്ചത്തില്‍ ഞാന്‍ നടന്നുനീങ്ങി. ഞാന്‍ മഠത്തില്‍ എത്തുന്നതുവരെ ഈ മിന്നലുകള്‍ മാറിയില്ല. എന്നാല്‍ ഞാന്‍ അകത്ത് കയറിയതും ഈ മിന്നലുകള്‍ നിലച്ചു. ഞാന്‍ ദീര്‍ഘനേരം ജനലിലൂടെ നോക്കിയിരുന്നു, മിന്നുന്നുണ്ടോ എന്നറിയാന്‍… എന്നാല്‍ ആകാശത്ത് മിന്നലുകള്‍ ഉണ്ടായതേയില്ല. ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അപ്പന്‍റെ ശക്തമായ പ്രവൃത്തികളില്‍ ഒന്നാണ്. ”സിംഹാസനത്തില്‍നിന്നും മിന്നല്‍പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു” (വെളിപാട് 4/5).
”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ” (ലൂക്കാ 18/27) എന്ന വചനം ആയിരം പ്രാവശ്യം എഴുതി അനുഗ്രഹം പ്രാപിച്ചു എന്ന് ജനുവരി ലക്കം ശാലോം ടൈംസില്‍ കണ്ടു. ഞാനും ഇതേ വചനം തുടരെ പറഞ്ഞുകൊണ്ടിരുന്നു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി 15.9 വരെ ഉയര്‍ന്നിരുന്ന പ്രോസ്‌റ്റേറ്റ് പി.എസ്.എ ലെവല്‍ 3 ആയി കുറഞ്ഞ് നോര്‍മലായി. മുമ്പ് മരുന്ന് കഴിച്ചിട്ടും പല പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോഴും വളരെ ഉയര്‍ന്നിരിക്കുകയായിരുന്നു. ദൈവം നല്കിയ ഈ അനുഗ്രഹത്തിന് ആയിരമായിരം നന്ദി.
'തന്റെ സഹനകാലത്ത് വിശുദ്ധ ലുഡ്‌വിനയ്ക്ക് രക്തസാക്ഷിത്വം വരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം ഈ കൃപയ്ക്കുവേണ്ടിയുള്ള ഉത്കടാഭിലാഷം അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ വെട്ടിത്തിളങ്ങുന്ന, എന്നാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു കിരീടം അവള്‍ക്ക് ദൃശ്യമായി. ഈ കിരീടം തനിക്കുവേണ്ടിയുള്ളതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആഗ്രഹത്തോടെ അവള്‍ പ്രാര്‍ത്ഥിച്ചു, ”എന്‍റെ വേദനകള്‍ വര്‍ധിപ്പിക്കണമേ.” കര്‍ത്താവ് ആ പ്രാര്‍ത്ഥന കേട്ടു.
ചില പടയാളികള്‍ വന്ന് അതിനിന്ദ്യമായ വാക്കുകളാല്‍ അപമാനിച്ചിട്ട് അവളെ കൂടുതല്‍ ക്രൂരമായി മര്‍ദിച്ചു. ഉടന്‍ ഒരു മാലാഖ പൂര്‍ത്തീകരിക്കപ്പെട്ട കിരീടവുമായി പ്രത്യക്ഷനായി. അവസാനസഹനങ്ങളിലൂടെ ഇനിയും ആവശ്യമായിരുന്ന രത്‌നങ്ങള്‍ ചേര്‍ത്ത് കിരീടം പൂര്‍ത്തിയാക്കിയെന്നറിയിച്ചു. ആ നിമിഷം ആ കന്യക മരണം വരിക്കുകയും ചെയ്തു.
'സ്‌കൂള്‍ അവധിക്കാലം തുടങ്ങിയ ഉടന്‍ ഞങ്ങള്‍ അമ്മയെയും സഹോദരങ്ങളെയും കാണാന്‍ ഇന്ത്യയിലേക്ക് പോയി. ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍, രണ്ടു ദിവസത്തെ അവധിയെടുത്തതിനുശേഷം, ഇളയ മകന്‍ സോളമന് വേനല്‍ക്കാല സ്‌കൂള്‍ ആരംഭിക്കേണ്ടി വന്നു. അവന്റെ സഹോദരിമാര്‍ ഉറക്കമുണരുംമുമ്പേ, അവന്‍ എഴുന്നേറ്റ് സ്‌കൂളില്‍ പോകേണ്ടതിനാല്‍ എനിക്ക് സഹതാപം തോന്നി. പോകേണ്ട ദിവസം രാവിലെ അവനെ വിളിച്ചു. വളരെ പെട്ടെന്ന് അവന്‍ തന്റെ കട്ടിലില്‍നിന്ന് എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ തയ്യാറായി.
സ്‌കൂള്‍ ബസ് സ്റ്റോപ്പിലേക്ക് കാറില്‍ പോകാതെ നടക്കണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ വളരെ ഉത്സാഹത്തോടെ സമ്മതം മൂളി. ഒരു കിലോമീറ്റര്‍ ദൂരം നടക്കാനുണ്ട്. നടക്കുമ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു ‘സ്‌കൂളില്‍ പോകുന്നതിനെക്കുറിച്ച് നീ സന്തോഷവാനാണോ?’
അവന്റെ മറുപടി ഇതായിരുന്നു: ‘അതെ അമ്മേ, പക്ഷേ സോണിയയെ ഓര്‍ത്ത് (എൻ്റെ രണ്ടാമത്തെ മകള്‍) എനിക്ക് വളരെ സങ്കടമുണ്ട്.’ അത് എന്തുകൊണ്ടാണെന്ന് ഞാന്‍ അന്വേഷിച്ചു. അവന്‍ പറഞ്ഞു, ‘അവള്‍ ഉണരുമ്പോള്‍, എന്നെ കാണാത്തതില്‍ വളരെ സങ്കടപ്പെടും, ഞാന്‍ സ്‌കൂളില്‍ ധാരാളം സുഹൃത്തുക്കളുമായി കളിക്കുമ്പോള്‍ അവള്‍ക്ക് കൂടെ കളിക്കാന്‍ ആരുമുണ്ടാകില്ല.’ ഇത് പറഞ്ഞുകൊണ്ട് അവന്‍ തന്റെ ടോയ് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ച് എനിക്ക് മുന്‍പേ പോയി.
ഒരു വചനമാണ് പെട്ടെന്ന് മനസിലേക്ക് വന്നത്. ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.” (ഏശയ്യാ 55/8-9).
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ എപ്പോഴോ നിഷ്‌കളങ്കതയും, മറ്റുള്ളവരെ നമ്മെക്കാള്‍ കൂടുതലായി കരുതുവാനും സംരക്ഷിക്കുവാനുമുള്ള, നന്മകളും ഒന്നൊന്നായി കുറഞ്ഞു പോകുകയാണല്ലോ എന്നോര്‍ത്ത് ഞാനൊന്നു നെടുവീര്‍പ്പിട്ടു. അപ്പോള്‍ ഈശോ ഒരു കാര്യം പെട്ടെന്ന് ഓര്‍മിപ്പിച്ചു. ”ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (മത്തായി 18/4). അതെനിക്ക് ഒരു വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കി.
പെട്ടെന്ന് ഞാന്‍ നടത്തത്തിന് വേഗത കൂട്ടി, ഈ കുട്ടിമനസിനൊപ്പം എത്തണമെങ്കില്‍ എന്റെ മനസിന്റെ വേഗതയും കൂട്ടണമല്ലോ.