• Latest articles
ആഗ 28, 2023
Engage ആഗ 28, 2023

ദൈവത്തോടുള്ള ബന്ധത്തില്‍ തടസമാകുന്ന എതിര്‍വികാരങ്ങളെക്കുറിച്ച് അറിയാനും ജാഗ്രത പുലര്‍ത്താനും…

സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്‍റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ ഉലയ്ക്കുന്ന ഒന്നാണ് നീരസം. ഈ രണ്ട് ബന്ധങ്ങളും സ്ഥായിയായി നിലനിര്‍ത്തണമെങ്കില്‍ ഈ നാശകരമായ വികാരത്തില്‍നിന്ന് നാം മോചനം നേടിയേ മതിയാവൂ.

ആദ്യമായി ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ നമുക്ക് പരിശോധിക്കാം. ദൈവത്തോടുള്ള ആദരവ് എല്ലാക്കാലത്തും നമ്മുടെ ഹൃദയത്തില്‍ നിലനിര്‍ത്തുമ്പോഴേ ദൈവത്തെ എല്ലാ നാളുകളിലും സ്നേഹിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ദൈവം നമ്മുടെ പിതാവാണ് എന്നത് വളരെ ശരിതന്നെ. എന്നാല്‍ ഒരു പിതാവ് എന്ന നിലയില്‍ ദൈവം നമ്മിലേക്ക് സ്നേഹവും വാത്സല്യവും അളവില്ലാതെ ചൊരിയുമ്പോഴും ദൈവത്തോടുള്ള ആരാധനയോടെയുള്ള ആദരവിന് ഒട്ടും കുറവ് സംഭവിക്കുവാന്‍ പാടുള്ളതല്ല. അത് ദൈവം ആഗ്രഹിക്കുന്നു. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “എന്‍റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ” (മലാക്കി 1/6). ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ദൈവത്തിന് ആരാധനയും ആദരവും നല്‍കുന്നത് നമ്മുടെ അധരങ്ങള്‍കൊണ്ടു മാത്രമല്ല, നമ്മുടെ ജീവിതംകൊണ്ടുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു വ്യക്തി ദൈവത്തിന് യഥാര്‍ത്ഥമായ ആരാധന സമര്‍പ്പിക്കുന്നില്ല. മനസിന്‍റെ നവീകരണമാണ് യഥാര്‍ത്ഥ ആരാധന എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതുന്നത് ഇക്കാര്യംകൊണ്ടാണ്. “ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രസ്തുത നിങ്ങളുടെ മനസിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍” (റോമാ 12/2).

അതിനാല്‍ ലോകത്തോടും അതിന്‍റെ സുഖങ്ങളോടുമുള്ള മൈത്രി മനസിലേക്ക് കടന്നുവരുമ്പോഴാണ് ദൈവത്തോടുള്ള ആരാധനാമനോഭാവം കുറയുന്നത്. അതനുസരിച്ച് ദൈവത്തോടുള്ള ശത്രുതാമനോഭാവവും വളര്‍ന്നുവരും. എന്‍റെ സ്വച്ഛമായ ലൗകിക സുഖാസ്വാദനത്തിന് ഒരു വിലങ്ങുതടിയാണ് ദൈവം എന്ന ചിന്ത അപ്പോള്‍ മനസിലേക്ക് കടന്നുവരാം. അത് ദൈവനിഷേധത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ ഒരു പ്രായോഗിക നിരീശ്വരവാദത്തിലേക്ക് അങ്ങനെയുള്ളവര്‍ എത്തിച്ചേരും. ‘ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല. എനിക്ക് ഈ ലോകവും ഇവിടെയുള്ള ജീവിതവുമാണ് പ്രധാനം.’ ഇങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്. ഇത് വലിയൊരു അപകടമാകയാല്‍ പരിശുദ്ധാത്മാവ് തന്‍റെ പ്രിയപ്പെട്ട യോഹന്നാന്‍ ശ്ലീഹായിലൂടെ ഇത് വെളിപ്പെടുത്തിയത് ശ്രദ്ധിക്കുക: “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്‍റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല” (1 യോഹന്നാന്‍ 2/15).

ഈ സത്യം കര്‍ത്താവ് പറഞ്ഞ ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ വെളിപ്പെടുന്നുണ്ട്. ധൂര്‍ത്തപുത്രന് പിതാവിനോടുള്ള ആദരവ് നഷ്ടപ്പെട്ടു. പിതാവ് അവന്‍റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ് എന്ന് അവനു തോന്നി. പിതാവിന്‍റെ വാത്സല്യം മനസിലാക്കുവാന്‍ പറ്റാത്ത വിധത്തില്‍ അവന്‍റെ മനസ് അന്ധമായിപ്പോയി. എന്തായിരുന്നു കാരണം? അവന്‍ ലോകത്തിന്‍റെ സുഖങ്ങളെ അധികമായി സ്നേഹിച്ചു. അതിനാല്‍ വിശുദ്ധ യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കിയ അപകടം അവന്‍റെ ജീവിതത്തില്‍ സംഭവിച്ചു. പിതാവിനോടുള്ള സ്നേഹം അവന് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവന്‍ അവന്‍റെ ഓഹരി ചോദിക്കുന്നത്. അവന് മനസില്‍ പിതാവുമായുള്ള പങ്ക്, ഓഹരി നഷ്ടപ്പെട്ടിരുന്നു. ധൂര്‍ത്തപുത്രന്‍ ഇന്നും നമ്മിലൂടെ ജീവിക്കുന്നുണ്ട്. ദൈവപിതാവുമായുള്ള ബന്ധത്തിന് പരമമായ മൂല്യം നല്‍കുന്നവര്‍ക്ക് മാത്രമേ എല്ലാക്കാലത്തും അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനെ വിലയില്ലാത്തതായി, നിസാരമായി കണക്കാക്കുമ്പോഴാണ് ക്ഷണികമായ ലോകസുഖത്തിനുവേണ്ടി അതിനെ നാം ത്യജിക്കുന്നത്.

പിതാവിനെ തള്ളിപ്പറഞ്ഞ് താന്‍ നേടിയെടുത്ത സ്വാതന്ത്ര്യം ക്ഷണികമാണെന്നും അത് തന്നെ സഹായിക്കുകയില്ലെന്ന് വൈകിയാണെങ്കിലും ധൂര്‍ത്തപുത്രന്‍ തിരിച്ചറിഞ്ഞു. അനുതപിക്കുവാന്‍ അവന് കൃപ കിട്ടി. എന്നാല്‍ മറ്റൊരു അവസരം നമുക്ക് ലഭിക്കുമോ എന്നറിഞ്ഞുകൂടാ. ഒരു ഭാഗ്യപരീക്ഷണത്തിന് നാം ശ്രമിക്കുന്നത് നിശ്ചയമായും തീക്കളിതന്നെയാണ്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം നമ്മെ ഉപദേശിക്കുന്നു: “എന്‍റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്ന് നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍” (ഹെബ്രായര്‍ 3/12). പാപത്തിന്‍റെ സുഖങ്ങള്‍ നമ്മെ വഞ്ചിക്കുന്നതാണെന്നും അവ നമ്മെ കഠിനഹൃദയരാക്കുമെന്നും തുടര്‍ന്ന് നാം വായിക്കുന്നു. അതുകൊണ്ടാണ് ഇനിയുമൊരു മാനസാന്തരത്തിന് അവസരമുണ്ടാകുമോ എന്നറിയില്ല എന്ന് പറയുന്നത്. നമ്മുടെ മനസില്‍ കൊത്തിയിടേണ്ട വാക്കുകളാണ് തുടര്‍ന്ന് നാം കാണുന്നത്: “എന്തെന്നാല്‍ നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെ പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളൂ” (ഹെബ്രായര്‍ 3/14). ആത്മീയജീവിതത്തിന്‍റെ ആദ്യനാളുകളില്‍ ഒന്നാം റാങ്ക് വാങ്ങിയിരുന്നവര്‍ പിന്നീട് പിറകോട്ട് പോയിട്ടുണ്ടെന്നത് നമുക്ക് ശക്തമായൊരു താക്കീത് തന്നെയാണ്.

ദൈവത്തോടുള്ള ആദരവ് ചിലരുടെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്നത് അവരുടെ ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത സഹനങ്ങള്‍ ഉണ്ടാകുമ്പോഴാണ്. ആ നാളുകളില്‍ അവര്‍ ദൈവത്തെ വെറുക്കുവാനിടയാകുന്നു. ‘ഇങ്ങനെയൊരു ദൈവം എനിക്കു വേണ്ട’ എന്നാണ് അവരുടെ ചിന്ത. സഹനത്തിന്‍റെ പൊരുള്‍ നമുക്ക് പൂര്‍ണമായും അപ്പോള്‍ മനസിലാക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു കാര്യം കണ്ണടച്ച് വിശ്വസിക്കാം. അത് എന്നെ നശിപ്പിക്കുവാന്‍ പിതാവ് അനുവദിച്ചതല്ല. അത് എന്‍റെ നന്മയ്ക്കായി മാറ്റുവാന്‍ എന്‍റെ പിതാവിന് സാധിക്കും. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8:28) എന്ന് പറഞ്ഞത് അന്ധമായി വിശ്വസിക്കുവാന്‍ തയാറാകുമ്പോഴേ സഹനം ഒരു അനുഗ്രഹമായി മാറുകയുള്ളൂ. അല്ലാത്തവര്‍ക്ക് അതൊരു ശാപമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഈ വചനം ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യാശയുണ്ടാകുന്നതിനായി ഉറക്കെ ആവര്‍ത്തിച്ച് പറയുക. നിരാശാജനകമായ ചിന്തകള്‍ നിങ്ങളെ വിട്ടോടിപ്പോകും.

ദൈവത്തോടുള്ള ആദരവ് ചിലര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ മനസില്‍ അസൂയ നിറയുമ്പോഴാണ്. ദൈവം എന്നെക്കാളധികമായി എന്‍റെ സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ അനുഗ്രഹിക്കുന്നു എന്നു കാണുമ്പോഴുണ്ടാകുന്ന അസൂയ. അത് ദൈവത്തെ നിഷേധിക്കുവാനും സഹോദരനെ തള്ളിപ്പറയുവാനും കാരണമാകും. ഇത് ധൂര്‍ത്തപുത്രന്‍റെ ജ്യേഷ്ഠന്‍റെ ചിന്തയാണ്. അവനിപ്പോള്‍ പിതാവിനെ പിതാവായിട്ടല്ല കാണുന്നത്. അവന്‍ പറയുന്നത് ശ്രദ്ധിക്കുക: “എത്ര വര്‍ഷമായി ഞാന്‍ നിനക്ക് ദാസ്യവേല ചെയ്യുന്നു.” തന്നെത്തന്നെ ഒരു കൂലിപ്പണിക്കാരനായി അവന്‍ തരംതാഴ്ത്തുന്നു. പിതാവിന്‍റെ സ്വത്തിന് മുഴുവന്‍ അവന്‍ ഇപ്പോഴും അവകാശിയാണെന്ന കാര്യം അവന്‍ ഓര്‍ക്കുന്നില്ല. പിതാവ് അവനെ ഓര്‍മപ്പെടുത്തുന്നുണ്ട് “എനിക്കുള്ളതെല്ലാം നിന്‍റേതാണ്.” എന്നാല്‍ അത് തിരിച്ചറിയുവാന്‍ പറ്റാത്തവിധത്തില്‍ അസൂയ അവന്‍റെ മനസിനെ അന്ധമാക്കി.

പിതാവ് അവന് കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അവന്‍ ക്ഷണനേരംകൊണ്ട് മറന്നുപോകുന്നു. അനിയനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ കൊന്നതാണ് അവനിപ്പോള്‍ പ്രശ്നം. ‘എനിക്ക് നീ ഒരു ആട്ടിന്‍കുട്ടിയെപ്പോലും തന്നില്ല’ എന്ന് പറഞ്ഞ് അവന്‍ പിതാവിനോട് കയര്‍ക്കുന്നത് അതുകൊണ്ടാണ്. മാത്രവുമല്ല അനിയനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളും അവന്‍ പറയുന്നു. അസൂയ വലിയൊരു കെണിയാണ്. ധൂര്‍ത്തപുത്രന്‍ തിരിച്ചുവന്നു, എന്നാല്‍ മൂത്തമകന്‍റെ തിരിച്ചുവരവിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഒന്നും പറയുന്നില്ല. അതിനാല്‍ നമുക്ക് വളരെ ജാഗ്രതയോടെയിരിക്കാം. നമ്മെക്കാളധികമായി മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോള്‍ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? അപ്പോള്‍ ദൈവം നമ്മെ ഓര്‍ത്ത് സന്തോഷിക്കും. കൂടുതല്‍ കൃപകള്‍ അവിടുന്ന് നമ്മിലേക്ക് തക്കസമയത്ത് വര്‍ഷിക്കും.

ദൈവത്തെ പിതാവായി കാണുമ്പോഴുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ അനുഭവിക്കുമ്പോള്‍ത്തന്നെ അവിടുത്തെ ആദരവോടെ കാണുവാനും നമുക്ക് നിരന്തരം ശ്രമിക്കാം. അതിന് തടസമായ എതിര്‍വികാരങ്ങളെക്കുറിച്ച് നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. അവിടുത്തെ വാക്കുകള്‍ മനസില്‍ സൂക്ഷിക്കാം. “ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ?”

ദൈവത്തെ നിരന്തരം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജീവിതശൈലി നല്‍കണമേയെന്ന് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം: സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ എന്‍റെ പിതാവായി ഏറ്റുപറഞ്ഞ് ഞാന്‍ ഇപ്പോള്‍ മഹത്വപ്പെടുത്തുന്നു. എങ്കിലും കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ പലപ്പോഴും അങ്ങേക്ക് അര്‍ഹമായ ആരാധന നല്‍കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ ഏറ്റുപറയുന്നു. അങ്ങയെ എപ്പോഴും ആദരവോടെ കാണുവാനും അങ്ങയെക്കുറിച്ച് എപ്പോഴും ആദരവോടെ സംസാരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന് അര്‍ഹമായ ആരാധന നല്‍കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.

'

By: K J Mathai

More
ആഗ 28, 2023
Engage ആഗ 28, 2023

കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു.

കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ.
എനിക്കും അത് ശരിയായി തോന്നി.

‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്‍റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍.

എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍ എന്ത് വ്യത്യാസമുണ്ടെന്നോ?

എന്‍റെ ഓരോ കുഞ്ഞുചിന്തകളിലും വാക്കുകളിലും നോക്കുകളിലും ഉപേക്ഷകളിലും കയറിക്കൂടുന്ന മാലിന്യം തിരിച്ചറിയാനും ഏറ്റുപറയാനും തുടങ്ങി.

മാത്രമല്ല, പണ്ട് ചെയ്ത പല കാര്യങ്ങളും ആരോ ഓര്‍മ്മപ്പെടുത്തി തരുന്നു… അതൊക്കെ പാപമായിരുന്നെന്ന് തിരിച്ചറിവ് ലഭിക്കുന്നു…

ഉദാഹരണത്തിന്, ആറാം ക്ലാസില്‍ വച്ച്, ഒരുത്തന്‍റെ കൈയില്‍ കയറി കടിച്ചത് കുറച്ചുനാള്‍മുമ്പ് മാത്രമാണ് ഞാന്‍ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞത്.

സത്യാത്മാവ് വരുമ്പോള്‍ നമ്മെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കുമെന്നും പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുമെന്നും സുവിശേഷത്തില്‍ ഈശോ വാക്ക് തരുന്നു.

ഈ പശ്ചാത്തലത്തില്‍, എത്രത്തോളം പരിശുദ്ധാത്മസാന്നിദ്ധ്യം നമ്മുടെ ജീവിതങ്ങളിലുണ്ടെന്ന് പരിശോധിക്കണം.

ഒരു കുഞ്ഞുകള്ളം പറഞ്ഞുപോകുന്ന നേരത്ത്, ഒരു കുഞ്ഞു മലിനചിന്ത കയറി വരുന്ന നേരത്ത്, ഒരു കുത്തുവാക്ക് ഞാന്‍ പറയുന്ന നേരത്ത്, സഹായകന്‍ പരിശുദ്ധാത്മാവ് ‘നോട്ടിഫിക്കേഷന്‍’ (അറിയിപ്പ്) തരുന്നത് അനുഭവപ്പെടുന്നുണ്ടോ?

എങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവ് നിങ്ങളില്‍ സമൃദ്ധമായി വസിക്കുന്നുണ്ട്.

ബലഹീനതകളെയും കുറവുകളെയും ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവ് ഉള്ളില്‍ വസിച്ച് നമുക്ക് വഴി കാട്ടിക്കൊള്ളും. തന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്ന മുള്ളിനെ ഓര്‍ത്ത് വ്യാകുലപ്പെട്ട വിശുദ്ധ പൗലോസിന് കിട്ടിയ വെളിച്ചവും വേറൊന്നല്ലല്ലോ? “നിനക്കെന്‍റെ കൃപ മതി” (2 കോറിന്തോസ് 12/9). അതനുസരിച്ച് കുമ്പസാരം എന്ന കൂദാശ പ്രയോജനപ്പെടുത്തുകയും മുന്നോട്ടുപോവുകയും ചെയ്യാം.

'

By: Father Joseph Alex

More
ആഗ 16, 2023
Engage ആഗ 16, 2023

കര്‍ത്താവ് മറുപടി തന്നു, “ഇതെങ്ങനെ സംഭവിക്കുമെന്ന് നീ അറിയേണ്ടതില്ല.”

ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ധ്യാനത്തിന്‍റെ സമാപനദിവസം എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സിസ്റ്റര്‍ ഇപ്രകാരം പറഞ്ഞു, “ഇത് ഓള്‍ കേരള വിശുദ്ധരുടെ കൂട്ടായ്മയാണ്!” എല്ലാവരും സന്തോഷത്തോടെ ചിരിച്ചു. പക്ഷേ ഞാന്‍ ചിരിക്കുകമാത്രമല്ല ചെയ്തത്, അതെനിക്കൊരു ചിന്താവിഷയമായി മാറി. വിശുദ്ധജീവിതം നയിക്കുന്ന ഒരു സുഹൃത്തിനോട് ഞാനിപ്രകാരം പറഞ്ഞു, “താങ്കള്‍ ഏതായാലും ഒരു വിശുദ്ധനാകും. അപ്പോള്‍ ഞാനൊരു വിശുദ്ധനാകാന്‍വേണ്ടി പ്രാര്‍ത്ഥിക്കണം.”

അദ്ദേഹം മറുപടി പറഞ്ഞു, “ഞാന്‍ വിശുദ്ധനായില്ലെങ്കിലും താങ്കള്‍ വിശുദ്ധനാകും. മാത്രവുമല്ല താങ്കള്‍ വിശുദ്ധനായാല്‍ ഒരു പ്രത്യേകതയുണ്ട്, തെങ്ങുകയറ്റക്കാര്‍ക്ക് ഒരു മധ്യസ്ഥന്‍ ഇതുവരെ ഉണ്ടായിട്ടില്ല. താങ്കള്‍ തെങ്ങുകയറ്റക്കാരുടെ മധ്യസ്ഥനാകും.” കാരണം അന്നെന്‍റെ ജോലി തെങ്ങുകയറ്റമായിരുന്നു.

ഈയൊരു വാക്ക് വീണ്ടുമെന്നെ ചിന്തിപ്പിച്ചു. ഞാനിക്കാര്യം അന്ന് രാത്രിയില്‍ ഈശോയുടെകൂടെയിരുന്ന് ധ്യാനിച്ച് പ്രാര്‍ത്ഥിച്ചു. എന്നിട്ട് മനസില്‍ പറഞ്ഞു, “ഈശോയേ, തെങ്ങുകയറ്റക്കാര്‍ക്ക് ഇതുവരെ മധ്യസ്ഥനില്ലേ?”

ഇപ്രകാരം ചിന്തിച്ച സമയംതന്നെ എന്‍റെ ഉള്ളില്‍നിന്നൊരു സ്വരം, “മേശപ്പുറത്തിരിക്കുന്ന പുസ്തകമെടുത്ത് ആദ്യം കിട്ടുന്ന ഭാഗം വായിക്കുക.”

അന്നെന്‍റെ മേശപ്പുറത്തിരുന്നത് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയായിരുന്നു. ഞാനതെടുത്ത് തുറന്നപ്പോള്‍ കിട്ടിയ ഭാഗം ഇതാണ്, “ആദ്യവെള്ളിയാഴ്ച. ഞാന്‍ ‘തിരുഹൃദയത്തിന്‍റെ മെസഞ്ചര്‍’ എടുത്ത് വിശുദ്ധ ആന്‍ഡ്രൂ ബൊബോളയുടെ നാമകരണവിവരണങ്ങള്‍ വായിച്ചപ്പോള്‍ പെട്ടെന്ന് എന്‍റെയുള്ളില്‍ വലിയൊരു ആഗ്രഹം മുളയെടുത്തു. ഞങ്ങളുടെ സഭാസമൂഹത്തിനും ഒരു വിശുദ്ധയെ ലഭിച്ചിരുന്നെങ്കില്‍… ഞങ്ങളുടെയിടയില്‍ ഒരു വിശുദ്ധ ഇല്ലാത്തതുകൊണ്ട് ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, “അങ്ങയുടെ ഔദാര്യം എനിക്കറിയാം. എങ്കിലും അങ്ങേക്ക് ഞങ്ങളോടുള്ള ഔദാര്യം കുറവാണെന്നാണ് എനിക്ക് തോന്നുന്നത്.”ڔഒരു ചെറിയ കുഞ്ഞിനെപ്പോലെ ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി. ഈശോനാഥന്‍ എന്നോട് പറഞ്ഞു, കരയണ്ട. ആ വിശുദ്ധ നീയാണ്. അപ്പോള്‍ ദൈവികപ്രകാശം എന്‍റെ ആത്മാവില്‍ നിറഞ്ഞൊഴുകി; ഞാന്‍ എത്രമാത്രം സഹിക്കണമെന്ന് എനിക്ക് മനസിലായി, ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, “അതെങ്ങനെ സംഭവിക്കും? അങ്ങ് എന്നോട് മറ്റൊരു സഭാസമൂഹത്തെക്കുറിച്ച് പറയുകയാണല്ലോ.” കര്‍ത്താവ് ഇങ്ങനെ മറുപടി തന്നു, ഇതെങ്ങനെ സംഭവിക്കുമെന്ന് നീ അറിയേണ്ടതില്ല. എന്‍റെ കൃപയോട് വിശ്വസ്തത പുലര്‍ത്തുകയും നിന്‍റെ കഴിവിനനുസരിച്ചും അനുസരണം അനുവദിക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നിന്‍റെ ചുമതല…” (ഖണ്ഡിക 1650)

വിശുദ്ധരാകാന്‍ കൊതിക്കുന്ന അനേകരെ കണ്ടുമുട്ടാന്‍ സാധിച്ചു. വിശുദ്ധി ഒരു പകര്‍ച്ചാവ്യാധിപോലെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിശുദ്ധരുടെ ജീവചരിത്രങ്ങളില്‍നിന്നാണ് ഈ ചിന്ത കിട്ടിയത്. വിശുദ്ധരായി ജീവിക്കുന്നവര്‍ക്ക് വിശുദ്ധരെ കൂട്ടായും കിട്ടും. ആ കൂട്ട് അവരെ വിശുദ്ധരായി വളരാന്‍ സഹായിക്കും. വിശുദ്ധ ഫൗസ്റ്റീന, വിശുദ്ധയാകണമെന്ന തന്‍റെ ആഗ്രഹം വിശുദ്ധ കൊച്ചുത്രേസ്യായോട് പറയുന്നതായി കാണാം. വിശുദ്ധ കൊച്ചുത്രേസ്യയുടെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ഫൗസ്റ്റീന, വിശുദ്ധ കൊച്ചുത്രേസ്യയെ സ്വപ്നത്തില്‍ കണ്ടു. താന്‍ ഒരു വിശുദ്ധയാകുമോ എന്ന് ആരാഞ്ഞ ഫൗസ്റ്റീനയോട് “നീയൊരു വിശുദ്ധയാകും” എന്ന് വിശുദ്ധ കൊച്ചുത്രേസ്യ മറുപടി നല്കി.

നമുക്കും ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം, ദൈവത്തില്‍ ആശ്രയിക്കാം. “കര്‍ത്താവില്‍ ആനന്ദിക്കുക, അവിടുന്ന് നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും” (സങ്കീര്‍ത്തനങ്ങള്‍ 37/4).

 

'

By: Thankachan Thundiyil

More
ആഗ 16, 2023
Engage ആഗ 16, 2023

പ്രലോഭനങ്ങളും അശുദ്ധവിചാരങ്ങളും കുമിളപോലെ അപ്രത്യക്ഷമാകാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഏതെങ്കിലും ഒരു പ്രലോഭനത്തിന്‍റെ സാന്നിധ്യം നിനക്ക് അനുഭവപ്പെട്ടാല്‍, ചെന്നായെയോ പുലിയെയോ കണ്ടു ഭയന്നോടുന്ന ഒരു കൊച്ചുകുട്ടിയെ അനുകരിക്കുക. കുട്ടി പിതാവിന്‍റെ പക്കല്‍ ഓടിയെത്തുകയോ മാതൃകരങ്ങളില്‍ അഭയം തേടുകയോ മറ്റാരുടെയെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുകയോ ആണ് ചെയ്യുക. പിതാവായ ദൈവത്തിന്‍റെ അനുഗ്രഹവും സഹായവും അപേക്ഷിച്ചുകൊണ്ട് നീയും ഇപ്രകാരം അവിടുത്തെ പക്കലേക്ക് ഓടിയടുത്തുകൊള്ളുക. “പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിപ്പാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍” എന്ന വാക്കുകളാല്‍ നമ്മുടെ ദിവ്യരക്ഷകന്‍ നമുക്ക് നല്‍കുന്ന ഉപദേശവും ഇതുതന്നെ.

ഈ പ്രതിവിധി ഉപയോഗിച്ചതിനുശേഷവും പ്രലോഭനം തുടരുകയോ പൂര്‍വാധികം ശക്തിപ്പെടുകയോ ചെയ്യുന്നെങ്കില്‍, കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയെ നിന്‍റെ മനസിന്‍റെ കണ്ണുകള്‍കൊണ്ട് വീക്ഷിക്കുക. ഇതിനുംപുറമേ, പ്രലോഭനത്തിന് വിധേയമാകാതിരിപ്പാന്‍ ശക്തിയുക്തം ശ്രമിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുകയും അധഃപതിക്കാതെ അവസാനംവരെ നിലനില്‍ക്കുന്നതിന് ദൈവസഹായം അഭ്യര്‍ത്ഥിക്കുകയും വേണം. ഇതാണ് പരീക്ഷാവസരങ്ങളില്‍ നീ അനുവര്‍ത്തിക്കേണ്ട നയം. എന്നാല്‍ ഇപ്രകാരമുള്ള ആത്മീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, രക്ഷകനെക്കുറിച്ച് ധ്യാനിക്കുന്നതിനുപകരം പ്രലോഭനത്തെപ്പറ്റിയാണ് ചിന്തിക്കുന്നതെങ്കില്‍ നിന്‍റെ സ്ഥിതി ആപല്‍ക്കരമാണ്.

നിന്‍റെ മനസിനെ പ്രലോഭനങ്ങളില്‍നിന്നകറ്റുന്നത് കൂടാതെ സദ്വിചാരങ്ങളിലും സത്പ്രവൃത്തികളിലും നീ വ്യാപൃതനായിരിക്കുകയും വേണം. അപ്പോള്‍ സൂര്യകിരണങ്ങള്‍ തട്ടിയ മഞ്ഞുതുള്ളിയെന്നവിധം പ്രലോഭനങ്ങളും അശുദ്ധവിചാരങ്ങളും നിന്നില്‍നിന്ന് അപ്രത്യക്ഷമാകും. വലുതോ ചെറുതോ ആയ സകല പരീക്ഷകള്‍ക്കും, ഏറ്റവും യുക്തമായ പ്രതിവിധി കുമ്പസാരക്കാരന് അഥവാ ആത്മീയപിതാവിന് നമ്മുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ തുറന്നുകാണിക്കുക എന്നതാണ്. അതില്‍ നിഗൂഢങ്ങളായിരിക്കുന്ന വിവിധ വിചാരങ്ങള്‍, അമിതമായ ആഗ്രഹങ്ങള്‍ മുതലായ സകലതും സ്പഷ്ടമായി വെളിപ്പെടുത്തുക.

ദുഷ്ടാരൂപി ഒരാളെ സ്വാധീനമാക്കുവാനുള്ള ഉദ്യമത്തില്‍ ആദ്യം ചെയ്യുന്നത് അവന്‍റെ ആത്മസ്ഥിതി ആത്മീയഗുരുവിനെ അറിയിക്കുന്നതില്‍നിന്ന് അവനെ തടയുക എന്നതാണ്. പക്ഷേ, നമ്മുടെ സകല പ്രലോഭനങ്ങളും ദുര്‍വാസനകളും ആത്മീയഗുരുവിനെ അറിയിക്കണമെന്നതാണ് ദൈവാഭീഷ്ടം.

പ്രസ്തുത പ്രതിവിധി പ്രയോഗിച്ചിട്ടും പ്രലോഭനം നമ്മില്‍നിന്ന് അകന്നില്ലെന്നുവരാം. അങ്ങനെയെങ്കില്‍ അതിന് തെല്ലും സമ്മതിക്കയില്ലെന്ന് ശാഠ്യം പിടിക്കയല്ലാതെ അതില്‍നിന്നൊഴിയുന്നതിന് മറ്റു മാര്‍ഗമില്ല. ഒരു യുവതിയുടെ വിവാഹം, അവളുടെ സമ്മതമില്ലെങ്കില്‍ സാധുവല്ലല്ലോ. ഇപ്രകാരം പ്രലോഭനങ്ങളാല്‍ എത്രതന്നെ പീഡിതരായാലും അവയ്ക്ക് വിസമ്മതിച്ചു നില്‍ക്കുന്നിടത്തോളംകാലം ആത്മാവിന് യാതൊന്നും ഭയപ്പെടേണ്ടതില്ല.

പരീക്ഷകനുമായി വാദപ്രതിവാദത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. “സാത്താനേ, നീ എന്നില്‍നിന്നകന്നുപോകുക; നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കുക; അങ്ങയെമാത്രം നീ സേവിക്കുക” എന്നു ശാസിച്ചുകൊണ്ട് നമ്മുടെ ദിവ്യനാഥന്‍ അശുദ്ധാരൂപിയെ ലജ്ജിപ്പിച്ചതുപോലെ നീയും ചെയ്തുകൊള്ളുക. ഇതല്ലാതെ മറ്റൊന്നും അവനോട് നീ ഉച്ചരിക്കരുത്. പ്രലോഭനങ്ങളാല്‍ ആവൃതരാകുമ്പോള്‍ ആത്മാവ് തന്‍റെ പ്രാണവല്ലഭനായ മിശിഹായെ ശരണം പ്രാപിച്ച് അവിടത്തോടുള്ള വിശ്വസ്തത സ്ഥിരീകരിക്കട്ടെ.

'

By: Shalom Tidings

More
ആഗ 16, 2023
Engage ആഗ 16, 2023

സ്വിറ്റ്സര്‍ലണ്ടിലെ ലുഗാനോയിലാണ് ലൊറെന്‍സോ ഡി വിറ്റോറി ജനിച്ചത്. ഗവേഷണങ്ങളോടായിരുന്നു ഇഷ്ടം. പഠനം, കായികവിനോദങ്ങള്‍, പ്രാര്‍ത്ഥന, വിശ്വാസം, അങ്ങനെ എന്തിലുമേതിലും ലോജിക്കായി ചിന്തിക്കുന്ന അന്വേഷണകുതുകി. കത്തോലിക്കനാണെന്നതില്‍ അഭിമാനിക്കുന്ന ലോറെന്‍സോ, അതിന്‍റെ കാരണവും വ്യക്തമാക്കി. മറ്റുള്ളവരെ മനസിലാക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പിന്തുണയ്ക്കാനും അംഗീകരിക്കാനും സഹായിക്കാനും തന്നെ സഹായിച്ചത് കത്തോലിക്കാസഭയാണത്രേ. ക്ലാസ്സിക്കല്‍ ഗ്രീക്ക്, ലാറ്റിന്‍ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹത്തിന്‍റെ ശാസ്ത്രതാല്‍പര്യം വര്‍ധിച്ചു. വിശ്വാസത്തെ ബുദ്ധിയുടെ വഴിയിലൂടെ മനസ്സിലാക്കാന്‍ ലൊറെന്‍സോ ശ്രമിച്ചു.

പ്രപഞ്ചോല്‍പത്തി, ജീവന്‍, എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ മനസില്‍ ചോദ്യങ്ങളായി. 2006-ല്‍ ഫിസിക്സില്‍ ഉന്നത പഠനത്തിനായി ഫെഡറല്‍ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് സുറിച്ചില്‍ ചേര്‍ന്നു, തിയററ്റിക്കല്‍ ഫിസിക്സില്‍ പ്രാവീണ്യം നേടി. പിന്നീട് തമോഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി. 10 വര്‍ഷത്തെ ശാസ്ത്രജ്ഞനായുള്ള ജീവിതത്തിന് ശേഷം ഹോളിക്രോസ്സ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ തിയോളജി പഠിക്കാന്‍ തുടങ്ങി. ശാസ്ത്രത്തില്‍ നിന്ന് വിഭിന്നമായ രീതിയില്‍ ലോകത്തെ നോക്കിക്കാണുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ തിയോളജി പഠനത്തിന്‍റെ ഉദ്ദേശ്യം.

എന്നാല്‍, തമോഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങളും ദൈവികസത്യങ്ങളെക്കുറിച്ചുള്ള പഠനവും ലോറെന്‍സോയെ പൗരോഹിത്യ ദൈവവിളിയില്‍ ഉറപ്പിക്കുകയായിരുന്നു. “ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു” (സങ്കീര്‍ത്തനങ്ങള്‍ 19/1). “സത്യം കണ്ടെത്താന്‍ ഏറ്റവും നല്ല മാര്‍ഗം ശാസ്ത്രമാണ്. ശാസ്ത്രവും തിയോളജിയും ഒരേ സത്യം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അത് പരസ്പര പൂരകങ്ങളാണ്…. ” തമോഗര്‍ത്തങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കൊടുവില്‍ പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്ത 36കാരനായ ഈ ശാസ്ത്രജ്ഞന്‍റെ വാക്കുകളാണിവ.

ഹൈസ്കൂള്‍ പഠനകാലത്ത് ലുഗാനോയിലെ ഓപ്പുസ് ദേയി സെന്‍ററിലെ നിത്യസന്ദര്‍ശകനായിരുന്ന ലോറന്‍സോ എന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ റോമിലെ സെന്‍റ് യൂജിന്‍ ബസലിക്കയില്‍ വച്ച് ഓപ്പുസ് ദേയി സമൂഹത്തിനുവേണ്ടി ക്രിസ്തുവിന്‍റെ പുരോഹിതനായി അഭിഷിക്തനായി.

“ആകാശം അങ്ങയുടേതാണ്, ഭൂമിയും അങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്” (സങ്കീര്‍ത്തനങ്ങള്‍ 89/11). യഥാര്‍ത്ഥ സത്യത്തെ കുറിച്ചുള്ള അന്വേഷണം നിത്യസത്യമായ ദൈവത്തിലേക്ക് നയിക്കുമെന്ന സന്ദേശമാണ് ഫാ. ലൊറെന്‍സോ ഡി വിറ്റോറിയുടെ ജീവിതം. അതുതന്നെയാണ് പുതുതലമുറയോട് അദ്ദേഹത്തിന് പറയാനുള്ള സന്ദേശവും.

'

By: Shalom Tidings

More
ആഗ 16, 2023
Engage ആഗ 16, 2023

നാം ആയിരിക്കുന്നിടം സ്വര്‍ഗമാക്കുന്നതിന് തടസങ്ങളേവയെന്ന് പരിശോധിക്കാം.

ഒരൊറ്റ വാക്കുമതി ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍. ഒരൊറ്റ വാക്കുമതി കെട്ടുപിണഞ്ഞ പല പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍. പക്ഷേ മനുഷ്യനതു പറയുകയില്ല. ഒരൊറ്റ വാക്കു മതി ഭൂമിയില്‍ സമാധാനമുണ്ടാക്കാന്‍. പക്ഷേ തല പോയാലും മനുഷ്യന്‍റെ വായില്‍നിന്നും അത് വീഴുകയില്ല. ആ വാക്ക് ഏതാണെന്നോ? ‘സോറി’ എന്ന വാക്കാണത്. ‘എനിക്ക് തെറ്റിപ്പോയി എന്നോടു ക്ഷമിക്കണമേ’ എന്ന വാക്ക്. ദൈവത്തോടു മാത്രമല്ല, മനുഷ്യനോടും പറയേണ്ടിടത്ത് അനിവാര്യമായും നാമത് പറയേണ്ടിയിരിക്കുന്നു.

മനുഷ്യചരിത്രത്തിന്‍റെ ഉത്ഭവംമുതലേ ‘സോറി’ പറയാനുള്ള വിനാശകരമായ ഈ മടി മനുഷ്യന്‍റെ വ്യക്തിത്വത്തിലുണ്ട്. വിലക്കപ്പെട്ട കനി തിന്നതുമൂലം ദൈവത്തിന്‍റെ മുന്നില്‍നിന്നും ഓടിയൊളിച്ച മനുഷ്യനോട് ദൈവം ചോദിച്ചു, ‘ആദം നീ എന്താണ് ചെയ്തത്?’ ‘ദൈവമേ എനിക്ക് തെറ്റുപറ്റി. നീ തിന്നരുത് എന്നുപറഞ്ഞ കനി ഞാന്‍ തിന്നു. എന്നോടു ക്ഷമിക്കണമേ’ എന്നല്ല ആദം പറഞ്ഞത്. ‘നീ എനിക്ക് കൂട്ടിനായി തന്ന ഈ സ്ത്രീ എനിക്ക് പഴം പറിച്ചുതന്നു. ഞാന്‍ തിന്നുപോയി’ എന്നാണ്. ഇവിടെ പുരുഷന്‍ ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്വം സ്ത്രീക്കും സ്ത്രീയെ അവനു കൂട്ടിനായി കൊടുത്ത ദൈവത്തിനുമായി.

ദൈവം ഹവ്വയോടും ചോദിച്ചു, ‘നീ എന്താണ് ചെയ്തത്?’ അവളും ഭര്‍ത്താവിന്‍റെ വഴിതന്നെ പിന്തുടര്‍ന്നു. ‘ദൈവമേ എനിക്ക് തെറ്റിപ്പോയി, ഞാനൊരിക്കലും അത് ചെയ്യരുതായിരുന്നു’ എന്നല്ല അവള്‍ പറഞ്ഞത്. ‘സര്‍പ്പമെന്നെ വഞ്ചിച്ചതുകൊണ്ട് ഞാനതു ചെയ്തു’ എന്നാണ്. ഇവിടെയും ചെയ്ത തെറ്റിന്‍റെ ഉത്തരവാദിത്വം സര്‍പ്പത്തിനും സര്‍പ്പത്തെ സൃഷ്ടിച്ച ദൈവത്തിനും കൈമാറിക്കൊണ്ട് അവള്‍ തന്നെത്തന്നെ ന്യായീകരിച്ചു.

സ്വന്തം തെറ്റിനെക്കുറിച്ച് അനുതാപമോ തെറ്റു പറ്റിയതിലുള്ള തന്‍റെ വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമോ ഇല്ലാത്ത അവര്‍ ആ അവസ്ഥയില്‍ കൈനീട്ടി ജീവന്‍റെ വൃക്ഷത്തില്‍നിന്നും തിന്ന് കൂടുതല്‍ വിനാശകരമായ അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കുവാനാണ് ദൈവം അവരെ ഏദനില്‍നിന്നും പുറത്താക്കിയതും അവിടുന്ന് വാഗ്ദാനം ചെയ്ത രക്ഷകനുവേണ്ടി അനേകനാള്‍ കാത്തിരിക്കേണ്ടിവന്നതും.

കായേനിലും ഈ വിഷബീജം

അസൂയമൂലം സ്വന്തം സഹോദരനായ ആബേലിനെ കൊന്ന കായേനിലും സ്വയംന്യായീകരണത്തിന്‍റേതും തെറ്റുപറ്റിയതിലുള്ള സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നുമുള്ള ഒളിച്ചോടലിന്‍റേതുമായ ഈ വിഷവിത്ത് കാണാം. സഹോദരനെ കൊന്ന കായേനോട് ദൈവം ചോദിച്ചു, ‘കായേന്‍ നിന്‍റെ സഹോദരനായ ആബേലെവിടെ?’ ‘ദൈവമേ എനിക്കു തെറ്റുപറ്റി. ഞാനവനെ കൊന്നു, എന്നോടു ക്ഷമിക്കണമേ’ എന്നൊരു ഏറ്റുപറച്ചിലല്ല കായേന്‍ നടത്തിയത്. സ്വന്തം തെറ്റിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നും ഒരു ഒളിച്ചോട്ടം! അവന്‍ ദൈവത്തോടു ചോദിക്കുന്നു “ഞാനോണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍?” ഈ മറുചോദ്യമാണ് വലിയ ദുരിതങ്ങളുടെ നീര്‍ക്കയത്തിലേക്ക് കായേന്‍റെ ജീവിതത്തെ തള്ളിയിടുന്നത്. “ദൈവമേ, എനിക്ക് തെറ്റുപറ്റി, എന്നോടു ക്ഷമിക്കണമേ” എന്നായിരുന്നു കായേന്‍റെ പ്രതികരണമെങ്കില്‍ കായേന്‍റെ പിന്നീടുള്ള ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ?

തുടര്‍ചരിത്രത്തിലും ഇതുതന്നെ

പിന്നീടങ്ങോട്ടുള്ള മനുഷ്യന്‍റെ ചരിത്രത്തിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെടുന്നതായി ബൈബിളില്‍ നമുക്ക് കാണാന്‍ കഴിയും. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. “ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്നു നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് നിന്നെ ഞാന്‍ കുറ്റം വിധിക്കും” (ജറെമിയ 2/35).

സ്വന്തം തെറ്റിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ‘ഹൊ, ഞാനെന്താണ് ഈ ചെയ്തുപോയത്’ എന്ന് അനുതപിക്കുകയോ ചെയ്യാന്‍ കഴിയാത്ത മനുഷ്യന്‍റെ പാപാവസ്ഥയെക്കുറിച്ച് ദൈവം ഇപ്രകാരം അവനെ കുറ്റപ്പെടുത്തുന്നു. “അവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചുകേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്. എന്താണ് ഞാന്‍ ഈ ചെയ്തതെന്നു പറഞ്ഞ് ഒരുവനും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്ക് പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്‍റെ വഴിക്കു പോകുന്നു!” (ജറെമിയ 8/6). മനുഷ്യന്‍റെ ദുര്‍ഭഗസ്ഥിതി. ഇതാണ് എന്‍റെയും ഇതു വായിക്കുന്ന നിങ്ങളുടെയുമൊക്കെ രക്ഷയ്ക്കുള്ള വലിയ തടസം! ഈ ദുഷ്ടത നിറഞ്ഞ അവസ്ഥയാണ് ഒരിക്കലും പരിഹരിക്കപ്പെടാത്ത നൂലാമാലകളില്‍ നമ്മുടെ ജീവിതങ്ങളെ കുരുക്കിയിടുന്നത്. ദൈവത്തോടുള്ള ബന്ധത്തില്‍ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള നമ്മുടെ സഹജീവികളോടുള്ള നമ്മുടെ ബന്ധത്തിലും ഇതുതന്നെയാണ് അവസ്ഥ.

‘ചേട്ടാ, എനിക്കാണ് തെറ്റു പറ്റിയത്. ചേട്ടന്‍റെ ഹൃദയപരമാര്‍ത്ഥതയെയും എന്നോടുള്ള സ്നേഹത്തെയും മനസിലാക്കാന്‍ എനിക്ക് പറ്റിയില്ല, ക്ഷമിക്കണം’ എന്നു പറയാന്‍ ഒരു ഭാര്യയ്ക്ക് കഴിഞ്ഞാല്‍ അതൊരു വിജയമാണ്. ‘എന്‍റെ ഭാഗത്താ തെറ്റ്. ഞാനൊരിക്കലും നിന്നോടിങ്ങനെയൊന്നും പറയുകയും ചെയ്യുകയും ചെയ്യരുതായിരുന്നു. നീ എന്നോട് ക്ഷമിക്കണം’ എന്ന് ഒരു ഭര്‍ത്താവിന് ഭാര്യയോട് പറയാന്‍ കഴിഞ്ഞാല്‍ അതൊരു തകര്‍പ്പന്‍ വിജയമാ! ‘അപ്പാ, അപ്പനെന്നോട് ക്ഷമിക്കണം. ഞാനാണ് കുറ്റക്കാരന്‍’ എന്ന് മകന്‍ അപ്പനോടും, ‘അല്ല മോനേ, എനിക്കാണ് തെറ്റു പറ്റിയത്. ഞാന്‍ നിന്നോട് വല്ലാതെ കാര്‍ക്കശ്യം കാണിച്ചുപോയി’ എന്ന് അപ്പന്‍ മകനോടും പറഞ്ഞാല്‍ അതൊരു തകര്‍പ്പന്‍ വിജയമാ. അമ്മായിയമ്മ മരുമകളോടും മരുമകള്‍ അമ്മായിയമ്മയോടും ഹൃദയപൂര്‍വം ഇപ്രകാരം പറഞ്ഞാല്‍ ആ കുടുംബം സ്വര്‍ഗമാകും.

ദാവീദില്‍ എന്‍റെ ഹൃദയത്തിനിണങ്ങിയവന്‍

ജീവിതത്തിന്‍റെ ഒരു പ്രത്യേക ഘട്ടത്തില്‍ വ്യഭിചാരം, കൊലപാതകം, ചതിച്ചുകൊല്ലല്‍, അന്യന്‍റെ ഭാര്യയുടെ അപഹരണം അങ്ങനെ അനവധി തിന്മകള്‍ ഒറ്റയടിക്കു ചെയ്തുപോയിട്ടും യഥാര്‍ത്ഥമായ അനുതാപത്തിലൂടെ ദൈവസന്നിധിയിലേക്ക് കടന്നുവന്ന ദാവീദിലാണ് തന്‍റെ ഹൃദയത്തിനിണങ്ങിയവനെ ദൈവം കണ്ടെത്തിയത്. ക്രിസ്തുതന്നെയും ദാവീദിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുവാനാണ് ആഗ്രഹിച്ചതും വിളിക്കപ്പെട്ടതും. ഓശാനത്തിരുനാളില്‍ ഒത്തുകൂടിയ ജനം ആര്‍ത്തുവിളിച്ചത് ദാവീദിന്‍റെ പുത്രന് ഓശാന എന്നാണ്. അന്ധയാചകന്‍ യേശുവിനെ വിളിച്ചപേക്ഷിച്ചത് ‘ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ’ എന്നാണ്. യേശുതന്നെയും ദാവീദിന്‍റെ പുത്രനെന്ന വിളിയില്‍ അഭിമാനംകൊണ്ടിരുന്നു.

യഥാര്‍ത്ഥമായ അനുതാപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും തെറ്റു തിരുത്തലിന്‍റെയും ഉത്തമമായ ഉദാഹരണമായിരുന്നു ദാവീദ്. പ്രവാചകനായ നാഥാന്‍ ദാവീദിന്‍റെ അരമനയില്‍ കയറിച്ചെന്ന് രാജസിംഹാസനത്തിലിരുന്ന ദാവീദിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് ‘ആ മനുഷ്യന്‍ നീ തന്നെ’ എന്നു വിളിച്ചുപറഞ്ഞപ്പോള്‍, നാഥാന്‍റെ തലവെട്ടാന്‍ അവന്‍ തുനിഞ്ഞില്ല. പകരം തെറ്റു തിരിച്ചറിഞ്ഞ അവന്‍ തന്‍റെ രാജസിംഹാസനത്തില്‍നിന്നും എഴുന്നേറ്റ് നിലത്തിരുന്ന് ചാക്കുടുത്തും ചാരം പൂശിയും കണ്ണുനീരോടും വിലാപത്തോടും കൂടി തെറ്റ് ഏറ്റുപറഞ്ഞ് അനുതപിച്ച് ദൈവത്തിന്‍റെ കരുണ തേടുന്നത് നമുക്ക് കാണാന്‍ കഴിയും. ഇവിടെ ദാവീദ് ഒരു സ്വയംന്യായീകരണത്തിനും മുതിരുന്നില്ല. തന്‍റെ തെറ്റിന്‍റെ ഉത്തരവാദിത്വം മറ്റാരുടെമേലും കെട്ടിവയ്ക്കുന്നുമില്ല. ‘ദൈവമേ, ഞാന്‍ പാപി, മഹാപാപി. പാപിയായ എന്നില്‍ കരുണയായിരിക്കണമേ’ എന്ന് ദൈവത്തോട് യാചിക്കുകമാത്രം ചെയ്യുന്നു. ഈ ഘട്ടത്തില്‍ ദാവീദ് രചിച്ച അനുതാപ സങ്കീര്‍ത്തനമായ 51-ാം സങ്കീര്‍ത്തനം വായിച്ചാല്‍ ദാവീദിന്‍റെ അനുതാപത്തിന്‍റെ ആഴം നമുക്ക് മനസിലാക്കാനാകും. വചനം ഇതള്‍വിടര്‍ത്തുന്ന നീതിമാന്മാരില്‍ ആരിലുമല്ല യഥാര്‍ത്ഥമായ അനുതാപത്തിന്‍റെ പ്രതീകമായ ഈ ദാവീദിലാണ് ദൈവം തന്‍റെ ഹൃദയം തേടിയവനെ കണ്ടെത്തുന്നത്.

സോറി പറച്ചില്‍ ദൈവത്തോടു മാത്രമോ?

നമ്മുടെ സോറി പറച്ചില്‍ പലപ്പോഴും ദൈവത്തോടു മാത്രമാണെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ദൈവത്തോടും മനുഷ്യനോടും ഒരുപോലെ സോറി പറയുന്നവനേ അനുരഞ്ജനത്തിന്‍റെ പൂര്‍ണഫലം പുറപ്പെടുവിക്കാന്‍ കഴിയൂ.

കുമ്പസാരക്കൂട്ടിലെ വൈദികനെത്തേടി നാം അണയുകയും കൂടെക്കൂടെ തെറ്റ് ഏറ്റുപറയുകയും ചെയ്യാറുണ്ട്. പക്ഷേ ഈ ഏറ്റുപറച്ചില്‍ ഭാഗികം മാത്രമാണ്. നമ്മുടെ നാവുകൊണ്ടും നോട്ടംകൊണ്ടും അവഗണന നിമിത്തവും മുറിവേറ്റവരും തകര്‍ന്നവരുമായ അനേകരോട് ‘തെറ്റിപ്പോയി, ക്ഷമിക്കണമേ’ എന്നൊരു വാക്കു പറയാന്‍ തയാറാകാതെ കുമ്പസാരക്കൂട്ടില്‍മാത്രം ഏറ്റുപറയപ്പെടുന്ന പാപങ്ങള്‍ നമുക്കോ ലോകത്തിനോ യഥാര്‍ത്ഥ സമാധാനം നല്കുകയില്ല. ദൈവത്തോടുമാത്രം നടത്തുന്ന അനുരഞ്ജനം പൂര്‍ണമായ അനുരഞ്ജനമല്ല. അത് ഇടത്തും വലത്തും മുന്‍പിലും പുറകിലും നില്ക്കുന്ന നമ്മുടെ സഹോദരങ്ങളോടുമുള്ള അനുരഞ്ജനം കൂടി ആകുമ്പോഴേ പൂര്‍ണമാകൂ. അപ്പോഴേ അത് യഥാര്‍ത്ഥമായ നീതിയാകുന്നുള്ളൂ. “നീതി വിതക്കുവിന്‍. കാരുണ്യത്തിന്‍റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍. കര്‍ത്താവിനെ തേടാനുള്ള സമയമാണിത്. അവിടുന്ന് വന്ന് ഞങ്ങളുടെമേല്‍ രക്ഷ വര്‍ഷിക്കട്ടെ” (ഹോസിയ 10/12).

നോമ്പാചരണത്തിനുമുമ്പൊരു വാക്ക്

വലിയ നോമ്പാചരണത്തിന്‍റെ ദിവസങ്ങള്‍ നമ്മെത്തേടി എത്തുന്നു. പശ്ചാത്താപത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും പരിഹാരപ്രവൃത്തികളുടെയും അരൂപിയിലൂടെ നയിക്കപ്പെടാനായി തിരുസഭ നമ്മെ ക്ഷണിക്കുമ്പോള്‍ കഴിഞ്ഞുപോയ പല നോമ്പാചരണങ്ങളിലെയും കുറവുകളിലേക്ക് നമ്മുടെ ചിന്തകള്‍ കടന്നുവരണം. കര്‍ത്താവിന്‍റെ വചനം നമ്മെ ഓര്‍മപ്പെടുത്തുന്നത് നമുക്ക് ശ്രവിക്കാം. “എഫ്രായിം ഞാന്‍ നിന്നോടെന്തു ചെയ്യും? യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും? നിന്‍റെ സ്നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്… ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം” (ഹോസിയ 6/4,6).

ദൈവത്തോട് പലവട്ടം നാം അനുരഞ്ജനപ്പെട്ടു. ഇന്നും ഇപ്പോഴും വീണ്ടുമതു ചെയ്യാന്‍, കുമ്പസാരക്കൂടിനെ സമീപിക്കാന്‍ നാം ഒരുക്കവുമാണ്. എന്നാല്‍ സഹോദരങ്ങളോടുള്ള നമ്മുടെ അനുരഞ്ജനമാണ് മിക്കപ്പോഴും വഴിമുട്ടിനില്ക്കുന്നത്. അതിന് നമ്മുടെ ‘ഈഗോ’ നമ്മെ അനുവദിക്കാറില്ല. നമ്മള്‍ തെറ്റു ചെയ്ത നമ്മുടെ കുടുംബാംഗങ്ങളോട്, നമുക്കുചുറ്റും നില്ക്കുന്ന നാം ദ്രോഹിച്ച നമ്മുടെ സഹോദരങ്ങളോട് ആത്മാര്‍ത്ഥമായി ഒരു സോറി പറയാന്‍ ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം. ഈ സോറിപറച്ചില്‍ ഒരു പരാജയമല്ല, വിജയമാണ്. നട്ടെല്ലുള്ളവനുമാത്രമേ ‘എനിക്ക് തെറ്റിപ്പോയി എന്നോട് ക്ഷമിക്കൂ’ എന്ന് നമുക്ക് ചുറ്റും നില്ക്കുന്ന, നമ്മളാല്‍ മുറിവേറ്റവരോട് പറയാന്‍ കഴിയൂ. ഈ വലിയ നോമ്പിലെ നമ്മുടെ പരിഹാരപ്രവൃത്തികള്‍ ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ളതായിരിക്കട്ടെ. അതു നമുക്കുചുറ്റുമുള്ളവരുടെ ജീവിതത്തിലും സമാധാനം വിതയ്ക്കും. ഇതുവരെ നാം പിന്‍ചെന്ന സ്വയംന്യായീകരണങ്ങളും അപരനെ പഴിചാരലുകളും നമുക്ക് ഉപേക്ഷിക്കാം. ‘നിന്‍റെ പിഴ, നിന്‍റെ പിഴ’ എന്നു ചൊല്ലിയിടത്ത്, ‘എന്‍റെ പിഴ, എന്‍റെ പിഴ’ എന്ന് ഏറ്റുചൊല്ലാനുള്ള ശക്തിക്കുവേണ്ടി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ‘ആവേ മരിയ.’

'

By: സ്റ്റെല്ല ബെന്നി

More
ആഗ 16, 2023
Engage ആഗ 16, 2023

പരീക്ഷയില്‍ സഹപാഠികളെല്ലാം പ്രാക്ടിക്കല്‍ ചെയ്തുതുടങ്ങിയപ്പോള്‍ ജപമാല ചൊല്ലിയ പെണ്‍കുട്ടിയുടെ അനുഭവം.

ഞാന്‍ ബി.എസ്സി. ബോട്ടണി പഠിച്ചുകൊണ്ടിരുന്ന കാലം. ഉപവിഷയമായ സുവോളജിയുടെ ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷ അടുത്തുവന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രശ്നം, മറ്റെല്ലാം നന്നായി ചെയ്താലും തവളയുടെ ഡിസെക്ഷന്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. തവളയെ കീറിമുറിച്ച് ക്രേനിയല്‍ നെര്‍വ് വ്യക്തമായി കാണിക്കണം. അത് വളരെ പ്രധാനപ്പെട്ട മേജര്‍ ഡിസെക്ഷനുമാണ്. എന്നാല്‍ എനിക്ക് ലാബില്‍ ആ മണം ശ്വസിച്ചാല്‍ത്തന്നെ തലവേദനയും തലകറക്കവും വരുന്നതുപോലെ തോന്നും. അതിനാല്‍ എത്ര ശ്രമിച്ചിട്ടും തവളയുടെ ഡിസെക്ഷന്‍ നന്നായി ചെയ്യാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇക്കാര്യം എന്‍റെ സുവോളജി അധ്യാപികക്കും നന്നായി അറിയാം. പ്രാക്ടിക്കല്‍ ക്ലാസില്‍ എനിക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് മിസ് കണ്ടിട്ടുള്ളതാണ്. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം പരീക്ഷയ്ക്ക് ഒരുക്കമായി ഞാന്‍ കൂടുതല്‍ ജപമാലകള്‍ ചൊല്ലാന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് തവളയുടെ ഡിസെക്ഷന്‍ വരരുത്, അതാണ് നിയോഗം.

പരീക്ഷയുടെ ദിവസവും ജപമാല ചൊല്ലി വളരെ പ്രതീക്ഷയോടെ പരീക്ഷാഹാളില്‍ എത്തി. ഉടന്‍ ഞാന്‍ ബോര്‍ഡിലേക്ക് നോക്കി. അന്ന് ചെയ്യേണ്ട മേജര്‍ ഡിസെക്ഷന്‍ അവിടെ എഴുതിയിട്ടിട്ടുണ്ട്. ഏത് ഡിസെക്ഷന്‍ വരരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചോ, അതുതന്നെ! തവളയുടെ ക്രേനിയല്‍ നെര്‍വ്!!

എന്‍റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. “മാതാവേ, എനിക്ക് പണിതന്നല്ലേ” എന്ന് പറഞ്ഞുകൊണ്ട് എന്‍റെ സീറ്റില്‍ ചെന്നിരുന്നു. ഞങ്ങളുടെ സുവോളജി മിസ്സും ഹാളിലുണ്ട്, മിസ്സിനെ ദയനീയമായി നോക്കി. മിസ് എന്നെയും നോക്കി. എന്തുചെയ്യാന്‍, മിസ്സിന് എന്നെ സഹായിക്കാനാവില്ലല്ലോ.

എന്തായാലും തവളയെ കീറിമുറിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ ജപമാല കൈകളിലെടുത്തു. അപ്പോഴേക്കും എല്ലാവരും ഡിസെക്ഷന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഞാന്‍ അവിടെയിരുന്ന് ഒരു ജപമാല മുഴുവനും ചൊല്ലി.

അതുകഴിഞ്ഞ് ഞാന്‍ കാണുന്നത് പരിശുദ്ധ അമ്മ എന്‍റെ അരികില്‍ വന്നുനില്ക്കുന്നതാണ്! അതുവരെ ഒന്നും ചെയ്യാതിരുന്ന എന്നെ അമ്മ, ഡിസെക്ഷന്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ എടുപ്പിച്ചു, ഓരോന്നും പറഞ്ഞുതന്നു. ഞാന്‍ അതുപോലെ ചെയ്തു. മിസ് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്‍റെ അസാധാരണമായ പെരുമാറ്റം മിസ്സിനെ അല്പം അമ്പരപ്പിച്ചെന്ന് തോന്നുന്നു. പരിശുദ്ധ അമ്മ എന്‍റെ അരികിലുണ്ടെന്ന് മിസ് അറിയുന്നില്ലല്ലോ.

അല്പനേരത്തിനകം എന്നെക്കാള്‍ മുമ്പ് ചെയ്തുതുടങ്ങിയവരെ പിന്നിലാക്കി എന്‍റെ ഡിസെക്ഷന്‍ പൂര്‍ത്തിയായി. അതുവരെ ആ ഡിസെക്ഷന്‍ ചെയ്യാത്ത ഒരാളാണ് ഞാനെന്ന് അതുകണ്ടാല്‍ ആരും പറയാത്തവിധം ഏറെ മികച്ച രീതിയിലാണ് അത് ചെയ്തിരുന്നത്. തീര്‍ന്നില്ല, പരീക്ഷ കഴിഞ്ഞപ്പോള്‍ ആ ഡിസെക്ഷന്‍റെ മികവുനിമിത്തം അത് മറ്റുള്ളവരെ കാണിച്ച് പഠിപ്പിക്കാനായി ലാബില്‍ സൂക്ഷിക്കാനും തീരുമാനിച്ചു.

എന്നെപ്പറ്റി എല്ലാം അറിയാവുന്ന മിസ്സിനും കൂട്ടുകാര്‍ക്കുമെല്ലാം ഇതില്‍ വലിയ ആശ്ചര്യം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി നടന്ന അത്ഭുതമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. നന്ദിയായി ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നില്‍ ആഴപ്പെടുത്തിയ അനുഭവമായിരുന്നു അത്. “യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്ത് നില്‍ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്‍റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹന്നാന്‍ 19/27) എന്ന് നാം വചനത്തില്‍ വായിക്കുന്നു. ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണെന്നും നാം അവളുടെ മക്കളാണെന്നും ഈശോ യോഹന്നാനെ പ്രതിനിധിയാക്കി നമ്മെ ഓര്‍മിപ്പിക്കുകയാണല്ലോ. അതിനാല്‍ നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ സഹായം ചോദിക്കാം. അമ്മ നമ്മെ ഒരിക്കലും കൈവിടുകയില്ല.

'

By: Christina Bijo

More
ആഗ 16, 2023
Engage ആഗ 16, 2023

ഒത്ത ഉയരവും വണ്ണവുമുള്ള ഒരു മനുഷ്യന്‍ ആ സുവിശേഷകന്‍റെ വീട്ടിലേക്ക് കയറിവന്നു. സുവിശേഷകന്‍റെ ഭാര്യയോട് തന്‍റെ ആവശ്യം അറിയിക്കണം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ അവര്‍ ഏറെ പ്രശസ്തയായിരുന്നു.

സഹതാപവും ദുഃഖവും നിറഞ്ഞ സ്വരത്തില്‍ ആ മനുഷ്യന്‍ പറഞ്ഞുതുടങ്ങി, “ഈ ജില്ലയിലുള്ള ഒരു ദരിദ്രകുടുംബത്തിന്‍റെ കാര്യം പറയാനാണ് ഞാന്‍ വന്നത്. കുടുംബനാഥന്‍ മരിച്ചുപോയി, കുടുംബനാഥയാകട്ടെ രോഗിണിയായതിനാല്‍ ജോലിക്ക് പോകാന്‍ നിര്‍വാഹമില്ല. ഇപ്പോള്‍ അവരും ഒമ്പത് മക്കളും പട്ടിണിയിലാണ്. വാടകക്കുടിശിക 30,000 രൂപ നല്കിയില്ലെങ്കില്‍ അവര്‍ അധികം വൈകാതെ
പെരുവഴിയിലുമാകും.”

“ഈശോയേ!” അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് ആ സ്ത്രീ വേദനയോടെ ദൈവനാമം വിളിച്ചു.
“അതിരിക്കട്ടെ, നിങ്ങള്‍ ആരാണെന്ന് പറയാമോ?”
ആജാനുബാഹുവായ ആ മനുഷ്യന്‍ ഒരു തൂവാലയെടുത്ത് തന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ അവരുടെ വാടകവീടിന്‍റെ ഉടമയാണ്!!”
ഓ അതുശരി, എന്നാല്‍ “നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3/27) എന്നുപറഞ്ഞ് ആ സ്ത്രീ വാതിലടച്ചു.

“പണം നേടാന്‍ ആര്‍ത്തിപൂണ്ട് അതിരറ്റ് അധ്വാനിക്കുന്നവരെവിടെ? അവര്‍ അപ്രത്യക്ഷരായി, പാതാളത്തില്‍ നിപതിച്ചു”
(ബാറൂക്ക് 3/18-19)

'

By: Shalom Tidings

More
ആഗ 16, 2023
Engage ആഗ 16, 2023

വിശുദ്ധിക്കായി യത്നിച്ച് ഫലം നേടാന്‍ ആഗ്രഹിക്കുന്ന ആത്മാവ് കുമ്പസാരം പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പൂര്‍ണമായ ആത്മാര്‍ത്ഥതയും തുറവിയും: നിഷ്കളങ്കത ഇല്ലാത്ത ആത്മാവാണെങ്കില്‍, ഏറ്റവും ജ്ഞാനവും വിശുദ്ധിയുമുള്ള ഒരു കുമ്പസാരക്കാരനുപോലും ബലം പ്രയോഗിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. കപടതയും നിഗൂഢതയുമുള്ള ആത്മാവ് ആത്മീയജീവിതത്തില്‍ വളരെ അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇപ്രകാരമുള്ള ആത്മാവിന് കര്‍ത്താവായ ഈശോപോലും ഉന്നതമായ തലത്തില്‍ തന്നെത്തന്നെ വെളിപ്പെടുത്തുകയില്ല. കാരണം ഇപ്രകാരമുള്ള കൃപവഴി അത് പ്രയോജനമെടുക്കുകയില്ലെന്ന് അവിടുത്തേക്ക് അറിയാം.

എളിമ: എളിമയുള്ള ആത്മാവല്ലെങ്കില്‍ അതിന് കുമ്പസാരംവഴി കിട്ടേണ്ട പ്രയോജനം ലഭിക്കുകയില്ല. അഹങ്കാരം അതിനെ അന്ധകാരത്തില്‍ത്തന്നെ സൂക്ഷിക്കുന്നു. അതിന്‍റെ ദുരവസ്ഥ മനസിലാക്കാനോ സമഗ്രപഠനം നടത്താനോ അത് തയാറല്ല. അത് ഒരു മുഖംമൂടി ധരിക്കുകയും, തന്‍റെ സൗഖ്യത്തിനുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു.

അനുസരണം: കര്‍ത്താവായ ഈശോതന്നെ വന്ന് അതിന്‍റെ കുമ്പസാരം കേട്ടാല്‍പ്പോലും അനുസരണമില്ലാത്ത ആത്മാവിന് വിജയം വരിക്കാന്‍ സാധ്യമല്ല. ഏറ്റവും അനുഭവജ്ഞാനമുള്ള കുമ്പസാരക്കാരനുപോലും അപ്രകാരമുള്ള ഒരാത്മാവിനെ സഹായിക്കാന്‍ സാധിക്കില്ല. അനുസരണമില്ലാത്ത ആത്മാവ് വലിയ ദുരിതങ്ങള്‍ നേരിടേണ്ടിവരും. പൂര്‍ണതയിലേക്ക് വളരാന്‍ അതിന് സാധിക്കില്ല. എന്നുമാത്രമല്ല, ആത്മീയജീവിതത്തില്‍ വിജയിക്കാനും അതിനാവില്ല. അനുസരണയുള്ള ആത്മാവിലേക്കാണ് ദൈവം ഉദാരമായി കൃപകള്‍ ചൊരിയുന്നത്.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് (113)

'

By: Shalom Tidings

More
ആഗ 16, 2023
Engage ആഗ 16, 2023

ദിവ്യകാരുണ്യ ഈശോയോടുള്ള സംഭാഷണവും സക്രാരിയില്‍നിന്ന് കിട്ടിയ മറുപടിയും

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ടെര്‍മിനല്‍ പരീക്ഷക്കുശേഷം നടന്ന പി.റ്റിഎ മീറ്റിംഗിന് അമ്മ എത്തി. നന്നായി പഠിക്കുന്ന എന്‍റെ കൂട്ടുകാരന്‍റെ അമ്മയുടെ അടുത്താണ് അമ്മ ഇരുന്നത്. അവന്‍റെ അമ്മ പ്രോഗ്രസ് കാര്‍ഡ് തുറന്നപ്പോള്‍ എല്ലാത്തിലും എ പ്ലസ്, എ ഗ്രേഡുകള്‍. എന്നാല്‍ എന്‍റേതില്‍ സി പ്ലസ്, സി എന്നീ ഗ്രേഡുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അന്ന് അമ്മയുടെ മുഖം ശ്രദ്ധിച്ചു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. അന്ന് അധ്യാപകര്‍ പറഞ്ഞു: “ഇങ്ങനെ പോയാല്‍ ഇവനെ പരീക്ഷയെഴുതിക്കാന്‍ സാധിക്കില്ല.” എന്‍റെ മനസ് വല്ലാതെ തളര്‍ന്നു.

അഞ്ചാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ ഞങ്ങളുടെ ദൈവാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധ കുര്‍ബാനയ്ക്കും ഉണ്ണീശോയുടെ നൊവേനയ്ക്കും ഞാന്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുമായിരുന്നു. പിന്നീട് സ്പെഷ്യല്‍ ക്ലാസ് ഉള്ളതിനാല്‍ മുടങ്ങി. എങ്കിലും അനുദിനം സ്കൂളില്‍ പോകുന്നതിനുമുമ്പ് ദൈവാലയത്തില്‍ ഉണ്ണീശോയുടെ അടുത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. ഉണ്ണീശോയോട് എനിക്ക് വ്യക്തിപരമായ ഇഷ്ടം ഉണ്ടായിരുന്നു. എനിക്ക് സ്കൂളില്‍ അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. മിക്കപ്പോഴും എനിക്ക് കൂട്ടുകാരില്ല എന്ന വിഷമം ഉണ്ണീശോയോട് പറയുമ്പോള്‍ അവന്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഞാനില്ലേ കൂട്ടിന്, പിന്നെ എന്താ വിഷമം.’ ഈ വാക്ക് എന്നെ വല്ലാതെ ആശ്വസിപ്പിച്ചു.

അമ്മ പറഞ്ഞ ഒരു സംഭവം ഓര്‍മയിലുണ്ട്.മൂന്ന് വയസോളം പ്രായമുള്ളപ്പോള്‍ അയല്‍പക്കക്കാര്‍ ഡിസംബറില്‍ 25 ദിവസം ദൈവാലയത്തില്‍ പോകുന്നതു കണ്ട് ഞാനും അവരോടൊപ്പം പള്ളിയില്‍ 25 ദിവസം പോയി. ക്രിസ്മസിന്‍റെ പാതിരാകുര്‍ബാനയ്ക്കിടയില്‍ വികാരിയച്ചന്‍ എന്നെ പ്രത്യേകം വിളിച്ച് അള്‍ത്താരയില്‍ കയറ്റി സമ്മാനം തന്നു. തുടര്‍ന്നും ഞാന്‍ ദിനവും ദൈവാലയത്തില്‍ പോകുമായിരുന്നു. അന്നൊക്കെ നല്ല മാര്‍ക്ക് ലഭിക്കുമായിരുന്നു. പിന്നീട് അനുദിനദിവ്യബലി മുടങ്ങി; പഠനത്തോടുള്ള താല്‍പര്യവും പോയി.

അങ്ങനെയിരിക്കേ പത്താംക്ലാസ് പരീക്ഷ പൂര്‍ത്തിയായി. കാര്യമായിട്ടൊന്നും എഴുതിയിരുന്നില്ല. എങ്കിലും ഞാന്‍ ഈശോയോട് പറഞ്ഞു, “ഞാന്‍ സെമിനാരിയില്‍ പോകാന്‍ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്ന് പാസാക്കി തരണം.”

രണ്ടുമാസത്തിനുശേഷം റിസല്‍റ്റ് വന്നു. റിസള്‍ട്ട് വരുന്ന ദിവസമായിരുന്നു സെമിനാരിയില്‍ ഇംഗ്ലീഷ് കോച്ചിങ്ങും കം & സീ (ഇീാല & ടലല) പ്രോഗ്രാമും നടക്കേണ്ടത്. ‘എന്നെ ജയിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ഇന്ന് പോകില്ലെ’ന്ന് ഈശോയോട് പറഞ്ഞു. എന്തായാലും റിസല്‍റ്റ് വന്നപ്പോള്‍ ദൈവാനുഗ്രഹം! എല്ലാ വിഷയത്തിനും ജയിച്ചു, ചിലതില്‍ കഷ്ടിച്ച്. 75 ശതമാനം മാര്‍ക്കേ ഉള്ളൂ. എങ്കിലും അത്രയും മാര്‍ക്ക് തന്ന ഈശോയ്ക്ക് നന്ദി പറഞ്ഞു.

തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നു. ഒന്നാം വര്‍ഷം കഷ്ടിച്ച് ജയിച്ചു. രണ്ടാം വര്‍ഷത്തില്‍ പ്ലസ് വണ്‍ പഠനം. മിക്ക വിഷയവും എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഹിസ്റ്ററി, മലയാളം, പൊളിറ്റിക്സ് എല്ലാം. പഠിച്ചാല്‍ത്തന്നെ ഒന്നും ഓര്‍മയിലിരിക്കില്ല. മാത്രവുമല്ല, പ്ലസ് വണ്ണിലെ മലയാളം ഒരു രക്ഷയുമില്ലായിരുന്നു. സെമിനാരിയില്‍ നടത്തിയ എല്ലാ മലയാളം പരീക്ഷകളിലും തോറ്റു. മലയാളം പരീക്ഷയുടെ ഒരാഴ്ചമുമ്പേ ഞാന്‍ മലയാളത്തിന്‍റെ റിവിഷന്‍ തുടങ്ങുമായിരുന്നു. എങ്കിലും ഫലമില്ല.

മോഡല്‍ പരീക്ഷയില്‍ കഷ്ടി ജയം മാത്രം. എന്‍റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. അതിനാല്‍ മലയാളം പരീക്ഷയുടെ തലേദിവസം ഞാന്‍ എന്‍റെ സ്പിരിച്വല്‍ ഫാദറിനെ സന്ദര്‍ശിച്ചു. ഞാന്‍ പറഞ്ഞു, “അച്ചാ, മലയാളത്തില്‍ ഞാന്‍ പൊട്ടും, എനിക്ക് ഒന്നും അറിയത്തില്ല.” അച്ചന്‍ പറഞ്ഞു, “ലൂക്കാ 1/37- ദൈവത്തിന് ഒന്നും അസാധ്യമല്ല.” എന്നിട്ട് ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു, “നന്നായി എഴുതിക്കോളൂ” എന്ന്. പിറ്റേദിവസം പരീക്ഷാഹാളില്‍ കയറിയപ്പോഴും കാര്യമായിട്ട് ഒന്നും ഓര്‍മ വന്നില്ല. മിക്കവാറും പാഠങ്ങളുടെ കഥ കുറച്ച് അറിയാമായിരുന്നു. അതുപയോഗിച്ച് എല്ലാം എഴുതി. ഉറച്ചു വിശ്വസിച്ചു, ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലായെന്ന്.

ഓരോ പരീക്ഷ കഴിഞ്ഞ് വരുമ്പോഴും ഞാന്‍ ചാപ്പലില്‍ കയറി അന്നത്തെ പരീക്ഷയില്‍ മറന്നുപോ യ ഉത്തരം, ഈശോ പറഞ്ഞ് തന്നില്ലല്ലോ എന്ന് പരാതി പറയുമായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിയശേഷം ചാപ്പലില്‍ പോകും. സക്രാരിയോട് ചേര്‍ന്ന് ഇങ്ങനെ പ്രാര്‍ത്ഥിക്കും, “ഈശോയേ, എനിക്ക് ഫുള്‍ എ പ്ലസ് വേണം, എങ്കിലും എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറട്ടെ.”

വാസ്തവത്തില്‍ എനിക്ക് ഫുള്‍ എ പ്ലസിന് ഒരു സാധ്യതയും ഇല്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. ഒരു മാസത്തിനുശേഷം നവംബര്‍ 27 ന് റിസല്‍റ്റ് വന്നു. അന്ന് എനിക്ക് നടുവേദനയായിരുന്നതുകൊണ്ട് റെക്ടറച്ചന്‍ വിശ്രമത്തിനായി വീട്ടില്‍ വിട്ടിരുന്നു. റിസല്‍റ്റ് വരുന്ന കാര്യം, ഒരു മണിക്കൂര്‍ മുമ്പാണ് അറിഞ്ഞത്. അപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചു. “കര്‍ത്താവേ, എനിക്ക് ഫുള്‍ എ പ്ലസ് വേണം, എങ്കിലും എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറട്ടെ.” ഇങ്ങനെ പ്രാര്‍ത്ഥിച്ച് പത്തുമിനിറ്റ് യുട്യൂബില്‍ ദിവ്യകാരുണ്യ ആരാധന കൂടി.

എന്നിട്ട് റിസല്‍റ്റിനായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനന തിയതിയും ടൈപ്പ് ചെയ്തു. റിസല്‍റ്റില്‍ ആദ്യം ഞാന്‍ നോക്കിയത് മലയാളമാണ്. അവിടുത്തെ ഹിതം പോലെ എനിക്ക് മലയാളത്തിന് ഒരു മാര്‍ക്കുപോലും നഷ്ടപ്പെട്ടില്ല! പിന്നെ എല്ലാ വിഷയവും നോക്കി, എല്ലാത്തിനും 90-ന് മുകളില്‍ മാര്‍ക്ക്! അതായത്, ഞാന്‍ ചോദിച്ചതുപോലെതന്നെ ഫുള്‍ എ പ്ലസ്!! കര്‍ത്താവിന്‍റെ ഹിതവും അങ്ങനെതന്നെ! ഉടനെ പപ്പയെയും അമ്മയെയും അറിയിച്ചു. അവര്‍ക്കും നിറഞ്ഞ സന്തോഷം. ഇത് കര്‍ത്താവിന്‍റെ പ്രവൃത്തിയാണ് എന്നുറപ്പാണ്. പിന്നീടുള്ള അനുദിന ഭക്താഭ്യാസങ്ങളിലും വിശുദ്ധ കുര്‍ബാനയിലും എനിക്ക് നന്ദി പറയാനല്ലാതെ മറ്റൊന്നിനും തുനിയേണ്ടി വന്നില്ല. എത്ര സ്തുതിച്ചാലും മതിയാവില്ല അവിടുന്ന് കാണിച്ച ഈ സ്നേഹത്തിന്. “കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കര്‍ത്താവിന്‍റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്?” (പ്രഭാഷകന്‍ 2/10).

പഠനത്തിനുമുമ്പും ഇടയ്ക്കും ഞാന്‍ വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ത്തനം ചൊല്ലാറുണ്ടായിരുന്നു. പലപ്പോഴും പരീക്ഷാസമയത്തും പഠനസമയത്തും എന്‍റെ മനസിലേക്ക് തെളിഞ്ഞ് വരുന്ന ഒരു വാക്യമുണ്ട്. അത് ഇതാണ്: “ഞാന്‍ എപ്പോഴും എന്‍റെ അധ്യാപകനായ ഈശോയുടെ വിശ്വസ്തനായ വിദ്യാര്‍ത്ഥിയായിരിക്കും.” തിന്മയുടെ പ്രലോഭനങ്ങള്‍ കടന്നുവരുമ്പോഴും മനസിലേക്ക് ഈ വാക്യം ആദ്യം വരും. എനിക്ക് ശക്തിയും പ്രത്യാശയും നല്‍കുന്ന ഒരു വചനം ഇതാണ്: “ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ സന്തുഷ്ടനാണ്. എന്തെന്നാല്‍ ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്” (2 കോറിന്തോസ് 12/10).

എന്‍റെ ജീവിതത്തില്‍ ഇനി ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ തീക്ഷ്ണത കിട്ടുന്നു. ആരുമില്ലെങ്കിലും ക്രിസ്തു ഉണ്ടെന്ന ശക്തമായ ഒരു ഉള്‍ക്കാഴ്ച ലഭിക്കുന്നു.

അവിടുത്തേക്കായി ജീവിതം കൊടുക്കാന്‍ നാം തീരുമാനമെടുക്കുമ്പോള്‍ നമ്മുടെ ആഗ്രഹങ്ങളും ദൈവഹിതമനുസരിച്ച് അവിടുന്ന് ഏറ്റെടുക്കുന്നു എന്നാണ് എന്‍റെ അനുഭവം എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ, ആമ്മേന്‍.

 

'

By: Brother Agin

More
ആഗ 16, 2023
Engage ആഗ 16, 2023

ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ്യക്തിപരമായി ആളുകളെ ക്ഷണിച്ചു. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതീക്ഷ. പക്ഷേ അധികം പേരൊന്നും വന്നില്ല.

അതിനാല്‍ അദ്ദേഹം ഒരു നോട്ടീസ് വിതരണം ചെയ്തു. “ഇടവക മരിച്ചു, സമുചിതമായ രീതിയില്‍ മൃതസംസ്കാരം നടത്തേണ്ടതുണ്ട്. വരുന്ന ഞായറാഴ്ച പത്തുമണിയോടെ സംസ്കാരശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു” ഇതായിരുന്നു നോട്ടീസിന്‍റെ ഉള്ളടക്കം. നോട്ടീസ് അതിവേഗം പ്രചരിച്ചു. എങ്ങനെയാണ് ഇടവകയുടെ സംസ്കാരം നടത്താന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുംതന്നെ ഉണ്ടായി. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു.

ആളുകളുടെ ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തുംവിധം പൂക്കള്‍കൊണ്ട് പൊതിഞ്ഞ ഒരു ശവപ്പെട്ടി അള്‍ത്താരയ്ക്കുതാഴെ വച്ചിരുന്നു. ഓരോരുത്തരായി വന്ന് അന്തിമോപചാരമര്‍പ്പിച്ചുകൊള്ളാന്‍ വൈദികന്‍ പറഞ്ഞതോടെ ആളുകള്‍ നിരനിരയായി അതിനരികിലേക്ക് നീങ്ങി. പെട്ടിയുടെ ഏറ്റവും സമീപത്തേക്ക് ഒരു സമയം ഒരാളെമാത്രമേ കടത്തിവിട്ടിരുന്നുള്ളൂ. ഉള്ളിലേക്ക് നോക്കിയ ആളുകളെല്ലാം ഒന്നും മിണ്ടാതെ അല്പം ചിന്താഭാരത്തോടെ തിരികെ നടന്നു.

ശവപ്പെട്ടിക്കുള്ളില്‍ വച്ചിരുന്നത് ഒരു കണ്ണാടിയായിരുന്നു!
“നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്” (1 കോറിന്തോസ് 12/27).

മാമോദീസ സ്വീകരിക്കാന്‍ മാത്രമല്ല, അവിടുത്തെ മണവാട്ടിയായി വ്രതം ചെയ്യാനും എന്നെ അനുഗ്രഹിച്ചവനാണ് അവിടുന്ന്.

എത്ര ഭാഗ്യമുള്ള ജന്മമാണ് ക്രിസ്ത്യാനിയുടേത്. അത് അവര്‍ തിരിച്ചറിഞ്ഞിരുന്നു എങ്കില്‍ കൃപയ്ക്കുമേല്‍ കൃപയായി തീരുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 34/8- “കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.” ഈശോ ജീവിക്കുന്ന ദൈവമാണ്. നമുക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്ന ദൈവസാന്നിധ്യം അനുഭവിക്കണമെങ്കില്‍ ചോദ്യങ്ങളും പരിമിതികളും ഇല്ലാത്ത നിഷ്കളങ്കമായ വിശ്വാസം വേണം. ഈ വിശ്വാസത്തില്‍നിന്ന് നമ്മെ വേര്‍പെടുത്തുവാന്‍ പല തിന്മയുടെ ശക്തികളും പ്രവര്‍ത്തിക്കും. അപ്പോഴും വിശ്വാസം മുറുകെ പിടിച്ച് രക്തസാക്ഷികളെപ്പോലെ ക്രിസ്തുവിനെ ഏറ്റുപറയുവാന്‍ ശക്തി തരുന്നത് ദിവ്യകാരുണ്യ സ്വീകരണമാണ്. വളരെ ഒരുക്കത്തോടും ഭക്തിയോടും സ്നേഹത്തോടും ത്യാഗത്തോടുംകൂടി ഈശോയെ സ്വീകരിക്കുന്നവര്‍ക്ക് അത് വലിയ അനുഭവമായി മാറും.

ജീവിക്കുന്ന ഏകസത്യ ദൈവം യേശു മാത്രമാണ്. യേശുവിനെ സ്വന്തമാക്കിയവര്‍ സ്വര്‍ഗം സ്വന്തമാക്കി. ഈ ലോകത്തില്‍ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ. ഓരോ തിരുവോസ്തിയിലും ഈശോയുടെ തുടിക്കുന്ന ഹൃദയമാണുള്ളത്. ആ തിരുഹൃദയത്തിലെ ദാഹവും തുടിപ്പും അവിടുത്തെ മക്കള്‍ക്കുവേണ്ടിയാണ്. എന്‍റെ ജീവിതത്തില്‍ ഒരിക്കല്‍പോലും ഈശോയെ സ്വീകരിക്കാത്ത ഒരു ദിവസംപോലും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. ഇന്നുവരെ ഈശോ അതിന് കൃപ തരുന്നു.

'

By: Shalom Tidings

More