• Latest articles
ഫെബ്രു 28, 2025
Engage ഫെബ്രു 28, 2025

ഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്‍ശനത്തിനായി കുറച്ചു നാളുകള്‍ക്കുമുമ്പ് എറണാകുളത്തിനുസമീപം നോര്‍ത്ത് പറവൂര്‍ ഇന്‍ഫന്‍റ്  ജീസസ് സ്‌കൂളില്‍ ചെന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സി.എം.സിയെയാണ് കാണേണ്ടിയിരുന്നത്. ഔദ്യോഗികമായി, ഐ.ടി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സംസാരം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും താത്പര്യമുള്ള ആത്മീയവിഷയങ്ങളിലേക്ക് നീങ്ങി.

ഒരു മിഷനറിയായി മിഷന്‍പ്രദേശങ്ങളില്‍ ത്യാഗപൂര്‍വം ജീവിച്ചതിന്‍റെ വിശേഷങ്ങളാണ് ആദ്യം സിസ്റ്റര്‍ പങ്കുവച്ചത്. മിഷന്‍ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ സിസ്റ്ററിന് ഈ സ്‌കൂളിന്‍റെ പ്രിന്‍സിപ്പല്‍സ്ഥാനം അധികാരികള്‍ നല്കി. ദൈവഹിതപ്രകാരം പുതിയ നിയോഗം ഏറ്റെടുത്ത് സേവനം തുടങ്ങിയ സമയത്താണ് കോവിഡ് കടന്നുവരുന്നത്. സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍. ഓണ്‍ലൈന്‍ അധ്യാപനം മാത്രം നടന്നു. പക്ഷേ അധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളവും നല്കണമെന്ന് സിസ്റ്ററിന് നിര്‍ബന്ധമായിരുന്നു. അവരുടെ വീടുകളില്‍ പട്ടിണിയുണ്ടാകരുതെന്നും കാര്യങ്ങള്‍ക്ക് മുടക്കമുണ്ടാകരുതെന്നും കരുതി. പല സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയും ഇല്ലാതെവരികയുമൊക്കെ ചെയ്ത സമയമായിരുന്നല്ലോ അത്. പക്ഷേ ഇവിടെ സ്റ്റാഫിന് മുഴുവന്‍ ശമ്പളവും നല്കാന്‍ തീരുമാനമെടുത്തപ്പോള്‍ അതിനുള്ള വഴികളും കര്‍ത്താവ് തുറന്നുകൊടുത്തുവെന്നായിരുന്നു സിസ്റ്ററിന്‍റെ സാക്ഷ്യം.

അറ്റുപോയ വിരലും ഉണ്ണീശോയും

ഇതെല്ലാം പങ്കുവച്ചുകഴിഞ്ഞ് സിസ്റ്റര്‍ മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ഒരിക്കല്‍ സ്‌കൂളില്‍ എല്‍.കെ.ജി- യു.കെ.ജി വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടി നടക്കുന്ന സമയം. പരിപാടിക്കിടെ ഒരു അപകടം നടന്നു. ഒരു കുഞ്ഞിന്‍റെ കൈവിരല്‍ പകുതിയോളം അറ്റുപോയി. എല്ലാവരും പരിഭ്രാന്തിയിലായ നിമിഷങ്ങള്‍… അധ്യാപകര്‍ വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. താമസിയാതെ കുഞ്ഞിന്‍റെ രക്ഷിതാക്കള്‍ വന്നു. സാവധാനം, അപകടത്തെക്കുറിച്ച് അറിഞ്ഞ്, പുറത്തുനിന്നുള്ള ആളുകളും വരാന്‍ തുടങ്ങി. ആ അപകടം വര്‍ഗീയ പ്രശ്‌നമായി മാറുമോ എന്നുപോലും തോന്നുന്ന സാഹചര്യം, വലിയൊരു പ്രതിസന്ധി! അതിനിടെ ചില ആളുകള്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. സിസ്റ്റര്‍ സത്യാവസ്ഥ വിശദമാക്കാനും അവരെ അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല.

ഈ പ്രശ്‌നങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കേയാണ് ആശുപത്രിയില്‍നിന്ന് ഡോക്‌ടേഴ്‌സ് പറഞ്ഞ വിവരം അറിയുന്നത്, ‘കുഞ്ഞിന്‍റെ അറ്റുപോയ പകുതിവിരല്‍ നിശ്ചിതസമയത്തിനുള്ളില്‍ കിട്ടിയാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പഴയതുപോലെ ആക്കാം.” പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, കുഞ്ഞിന്‍റെ വിരല്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. അപകടം നടന്ന സ്ഥലത്തെല്ലാം അന്വേഷിച്ചിട്ടും വിരല്‍ കിട്ടുന്നില്ല. വലിയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അവസാനം സിസ്റ്റര്‍ സ്വന്തം മുറിയില്‍ വന്നിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല. മേശപ്പുറത്ത് ഉണ്ണീശോയുടെ ഒരു രൂപം ഇരിക്കുന്നുണ്ട്. സ്‌കൂള്‍തന്നെയും ഉണ്ണീശോയുടെ പേരിലുള്ളതാണല്ലോ- ഇന്‍ഫന്‍റ്  ജീസസ് പബ്ലിക് സ്‌കൂള്‍. അതിനാല്‍ സിസ്റ്റര്‍ പറഞ്ഞു: ”ഉണ്ണീശോയേ, നിന്‍റെയാണ് സ്‌കൂള്‍, നീതന്നെ നോക്കിക്കോണം. അതുപോലെ ഈ കുഞ്ഞും നിന്‍റെയാണ്. എന്താന്നുവച്ചാല്‍ നീ ചെയ്‌തോണം.”

അതുപറഞ്ഞുകഴിഞ്ഞപ്പോള്‍ പെട്ടെന്ന് സിസ്റ്ററിന് ഇങ്ങനെ തോന്നുകയാണ്. അപകടം നടന്ന സ്ഥലത്ത് ഒന്നുകൂടി ചെല്ലണം. സിസ്റ്റര്‍ അവിടെച്ചെന്ന് ഒരു മൂലയിലേക്ക് നോക്കിയപ്പോള്‍, ഉണ്ണീശോ എന്തോ ചൂണ്ടിക്കാണിക്കുന്നതുപോലെ സിസ്റ്ററിന് തോന്നി. നോക്കിയപ്പോള്‍ അവിടെയൊരു പേപ്പര്‍. അത് മാറ്റിയപ്പോഴുണ്ട് അതിനടിയില്‍ ആ കുഞ്ഞിന്‍റെ അറ്റുപോയ വിരല്‍!! ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഈ വിരലിന്‍റെ ഭാഗം ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഇനിയും സമയമുണ്ട്! അതോര്‍ത്തപ്പോള്‍ സിസ്റ്ററിന്‍റെ ഹൃദയം നന്ദിയും സന്തോഷവുംകൊണ്ട് നിറഞ്ഞു. അതിവേഗം ആ വിരലിന്‍റെ ഭാഗം അതേ പേപ്പറില്‍ത്തന്നെ പൊതിഞ്ഞെടുത്ത് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വിരല്‍ പഴയതുപോലെ ആക്കുകയും സൗഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നുവരികയും ചെയ്തു.

ഉണ്ണീശോയുടെ സ്‌കൂളല്ലേ..!

ഉണ്ണീശോ ഇടപെട്ട മറ്റൊരു സംഭവവും സിസ്റ്റര്‍ പങ്കുവച്ചു. ഒരിക്കല്‍ സ്‌കൂള്‍ വിടുന്ന സമയത്ത് ഒരു കുഞ്ഞിനെ കാണാതെ പോയി. സങ്കടകരമാണെന്നുമാത്രമല്ല, സ്‌കൂളിന്‍റെ സല്‍പ്പേര് നഷ്ടപ്പെടാനും കാരണമായേക്കാവുന്ന സാഹചര്യം. അപ്പോഴും ഉണ്ണീശോയോട് സിസ്റ്റര്‍ പറഞ്ഞു, ”നിന്‍റെ സ്‌കൂളല്ലേ. എവിടെനിന്നായാലും കുഞ്ഞിനെ കണ്ടുപിടിച്ചു തന്നേക്കണം.”

സ്‌കൂള്‍ ബസുകളെല്ലാം പോയി തിരികെ വരുന്നുണ്ട്. എല്ലാ ബസിലും നോക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണുന്നില്ല. ഒടുവില്‍ ഏറ്റവും അവസാനം ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവന്ന ബസ് രണ്ടാം തവണയും പരിശോധിക്കുകയാണ്. അതാ പിന്‍സീറ്റിന്‍റെ മറവില്‍ ആ കുഞ്ഞ് ഒളിഞ്ഞിരിക്കുന്നു! അറിയാതെ കുഞ്ഞ് ഈ ബസില്‍ കയറിപ്പോയതാണ്. പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. ഡ്രൈവര്‍ ആദ്യം നോക്കിയിട്ടൊന്നും കാണാതിരുന്നത് അതുകൊണ്ടാണ്. പ്രാര്‍ത്ഥനയോടെ രണ്ടാം തവണ നോക്കാന്‍ തോന്നിയത് വലിയൊരു അനുഗ്രഹമായി, കുഞ്ഞിനെ കണ്ടുകിട്ടി.
തുടര്‍ന്ന് സിസ്റ്റര്‍ പറയുകയാണ്, ”ഉണ്ണീശോയുടെ കരങ്ങളില്‍ കൊടുത്ത ഒരു കാര്യവും ഉണ്ണീശോ ഈ സ്‌കൂളിന് നടത്തിത്തരാതിരുന്നിട്ടില്ല.”
ആ സമയത്ത് എന്‍റെ മനസിലേക്ക് കടന്നുവന്നത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞ ഒരു വാക്യമാണ്, ”ഓരോ ക്രൈസ്തവ സ്ഥാപനങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ളതാണ്.”

എത്രയോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുവേണ്ടിയും മറ്റ് ജോലിക്കാര്‍ക്കു വേണ്ടിയും പ്രസ്തുത സ്ഥാപനത്തിന്‍റെ നാമഹേതുകവിശുദ്ധരുടെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ക്രൈസ്തവസ്ഥാപനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനും അതുവഴി അനേകര്‍ക്ക് അനുഗ്രഹം പകരാനുമുള്ളതാണെന്ന് മറക്കാതിരിക്കാം. ദൈവമഹത്വത്തിനായി ആ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവുതന്നെ ആ സ്ഥാപനത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളും. സിസ്റ്റര്‍ സ്മിത പങ്കുവച്ച അനുഭവങ്ങള്‍ അതാണല്ലോ വ്യക്തമാക്കുന്നത്.

വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കാം, ”കര്‍ത്താവ് എന്‍റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണമായി പ്രഖ്യാപിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് എനിക്ക് നല്‍കി. അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മയില്‍നിന്നും എന്നെ മോചിപ്പിച്ച് തന്‍റെ സ്വര്‍ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേ ക്കും അവിടുത്തേക്ക് മഹത്വം! ആമ്മേന്‍” (2 തിമോത്തിയോസ് 4/17-18)

'

By: ജോര്‍ജ് ജോസഫ്

More
ഫെബ്രു 27, 2025
Engage ഫെബ്രു 27, 2025

മഠത്തില്‍ പലപ്പോഴായി കള്ളന്‍ കയറുന്നു. ഒരിക്കല്‍ മോഷണശ്രമത്തിനിടെ ശബ്ദമുണ്ടായപ്പോള്‍ മദര്‍ റൊസെല്ലോ അത് കേട്ട് ഓടിച്ചെന്നു. കള്ളന് കലി കയറാതിരിക്കുമോ? മദറിനെ അയാള്‍ ആക്രമിച്ച് മുറിവേല്‍പിച്ചു. മറ്റ് സന്യാസിനികള്‍ ഓടിയെത്തിയപ്പോഴേക്കും കള്ളന്‍ ഓടിരക്ഷപ്പെട്ടിരുന്നു. മുറിവേറ്റ മദറിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. സന്യാസിനികള്‍ മുറിവിന് പരിചരണം നല്കി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ഞാന്‍ എനിക്ക് സംഭവിച്ചതിനെപ്രതിയല്ല കരയുന്നത്. ആ കള്ളന്‍റെ ആത്മാവിന്‍റെ കാര്യം ഓര്‍ത്തിട്ടാണ്.

അന്ന് ആത്മാക്കളോടുള്ള സ്‌നേഹത്തെപ്രതി കരഞ്ഞ മദര്‍ റൊസെല്ലോയാണ് ഇന്നത്തെ വിശുദ്ധ റൊസെല്ലോ.
”ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന്
ആഗ്രഹിക്കുന്നു…” (2 പത്രോസ് 3/9).

'

By: Shalom Tidings

More
ഫെബ്രു 26, 2025
Engage ഫെബ്രു 26, 2025

ജനുവരി 2022-ലെ ഒരു പ്രഭാതം. ഞാന്‍ ഇടവക ദൈവാലയത്തിലേക്ക് പോവുകയാണ്. തലേ രാത്രി പ്രാര്‍ത്ഥിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പ് കുമ്പസാരിക്കണം എന്ന ഒരു ആന്തരിക പ്രേരണ ലഭിച്ചിരുന്നു. അതിനാല്‍ ദൈവാലയത്തിലെത്തിയശേഷം പടിഞ്ഞാറുവശത്തുള്ള കുമ്പസാരചാപ്പലിലേക്ക് പോയി. അവിടെ കുമ്പസാരത്തിനായി ഒരുങ്ങി പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്!

ഒരു വലിയ ചരക്കുലോറി പള്ളിയുടെ പിന്‍വശത്തുള്ള തിരക്കുള്ള റോഡിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഇറങ്ങി വരികയാണ്. ആ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി. തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനിലേക്കും ഇരിഞ്ഞാലക്കുടയിലേക്കും പോകുന്ന അല്പം കയറ്റം ഉള്ള റോഡ് ആണ് അത്. ലോറിയിലെ സഹായി ചാടി ഇറങ്ങി ഉറക്കെ അലറി വിളിക്കുന്നുണ്ട്. റോഡിന്‍റെ ഇറക്കവും തിരിവും കണക്കാക്കുമ്പോള്‍ വലിയ അപകടമാണ് മുന്നില്‍.

ഈ ലോറി സാധാരണ ലോറിയെക്കാളും വലിപ്പമുള്ളതാണ്, മാത്രമല്ല വലിയ രീതിയില്‍ ചരക്കുകള്‍ കയറ്റിയിട്ടുമുണ്ട്. എനിക്ക് അപകടം മനസ്സിലായി, ധാരാളം പേര്‍ ജോലിക്കും സ്‌കൂളിലേക്കും പോകുന്ന തിരക്കുള്ള സമയം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ആ വഴിയിലൂടെയും ജനങ്ങള്‍ വരുന്നുണ്ട്. എന്‍റെ ഉള്ളില്‍നിന്ന് ഒരു കരച്ചില്‍ ഉയര്‍ന്നു. ആഴങ്ങളില്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പത്രോസിന്‍റെ അധരങ്ങളില്‍നിന്ന് വന്ന നിലവിളി പോലെ, ”കര്‍ത്താവേ രക്ഷിക്കണേ!” (മത്തായി 14/30).

ഇതേ സമയംതന്നെ വിശുദ്ധബലിക്കുള്ള മണി ദൈവാലയത്തില്‍ മുഴങ്ങി. വിശുദ്ധ കുര്‍ബാന തുടങ്ങിയ അതേ സമയത്ത് ഈ ലോറി ധാരാളം വീടുകള്‍ ഉള്ള ആ റോഡിന്‍റെ അരികില്‍ ഒരു വീട്ടിലേക്ക് വലിയ ശബ്ദത്തോടെ ഇടിച്ചു കയറി. നിമിഷനേരംകൊണ്ട് എല്ലാം കഴിഞ്ഞു. വലിയ പൊടിപടലം, ജനങ്ങള്‍ ഓടിക്കൂടുന്നു… ഞാന്‍ ഓടിച്ചെന്ന് എനിക്ക് പരിചയമുള്ള ഒരു വ്യക്തിയോട് ചോദിച്ചു, അവിടെ ആരെങ്കിലും ഇപ്പോള്‍ ഉണ്ടായിരിക്കുമോ. ആ വ്യക്തി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു ആ വീട്ടില്‍ മാത്രം ആരും താമസിക്കുന്നില്ല.

ആ വീടിന്‍റെ മുന്‍പില്‍ ഒരു മെഡിക്കല്‍ ഷോപ്പ് ആയിരുന്നു. അത് അടഞ്ഞു കിടക്കുകയുമായിരുന്നു. ലോറി ആ ഷോപ്പും തകര്‍ത്ത് ഉള്ളിലേക്ക് പോയി. ആരെങ്കിലും അവിടെ താമസം ഉണ്ടായിരുന്നെങ്കില്‍ നിശ്ചയമായും വലിയ അപകടം സംഭവിക്കുമായിരുന്നു. മാത്രമല്ല ഈ ലോറി നിയന്ത്രണം വിട്ട് പിന്നോട്ട് വരുന്ന സമയത്ത് ഒരു കാറോ കുട്ടികളെ കയറ്റിയ ഒരു ഓട്ടോറിക്ഷയോ വന്നിരുന്നെങ്കില്‍ ഈ ലോറിയുടെ അടിയില്‍ പോകുമായിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏല്‍ക്കാതെ കര്‍ത്താവ് എല്ലാവരെയും രക്ഷിച്ചു.

അന്നത്തെ വിശുദ്ധ കുര്‍ബാനയില്‍ ഞാന്‍ കര്‍ത്താവിന്‍റെ സ്‌നേഹത്തെയും പരിപാലനയെയും ഓര്‍ത്തു നന്ദി പറഞ്ഞു. ആ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് ഇറങ്ങിവരുന്ന അതേസമയത്ത് അവിടെയുള്ള ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യ യേശു തന്‍റെ ജനത്തിനുവേണ്ടി മുറിയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ”നമ്മുടെ അതിക്രമങ്ങഃള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി, അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5).

വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയന്‍ ഇപ്രകാരം പറയുന്നു:

”അള്‍ത്താരയില്‍ യേശുക്രിസ്തു ആത്മീയമായി അറുക്കപ്പെടുമ്പോള്‍ അവിടുന്ന് സ്വര്‍ഗസ്ഥനായ പിതാവിനെ വിളിക്കുകയും തിരുമുറിവുകള്‍ കാണിക്കുകയും അവയുടെ യോഗ്യതയാല്‍ മനുഷ്യന്‍ നിത്യനാശത്തില്‍നിന്നും മോചിതനാവാനായി കേണപേക്ഷിക്കുകയും ചെയ്യുന്നു.”

നിയന്ത്രണം വിട്ടുവന്ന ആ ലോറിയുടെ ഗതി നിയന്ത്രിച്ചത് ദിവ്യകാരുണ്യ യേശുവാണെന്ന് എനിക്ക് ബോധ്യമായി. എന്‍റെ ജീവിതത്തിലും ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും ദിവ്യകാരുണ്യ യേശു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ത്തു. ഓരോ വിശുദ്ധ കുര്‍ബാനയിലും നമ്മള്‍ അറിയാതെ ദിവ്യകാരുണ്യ യേശു ധാരാളം അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പിശാചിന്‍റെ പദ്ധതികളെ തകര്‍ക്കുന്നു, അപകടങ്ങള്‍ മാറിപ്പോകുന്നു, രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു, തന്‍റെ ജനത്തിന് ആനന്ദവും സമാധാനവും ഉന്നതിയും നല്‍കി കര്‍ത്താവ് അനുഗ്രഹിക്കുന്നു. ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും യേശു നമ്മെ നിത്യജീവനിലേക്ക് നയിക്കുന്നു. ”ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്” (യോഹന്നാന്‍ 6/51). വലിയ സ്‌നേഹത്തോടെ, അനുതാപത്തോടെ, ദാഹത്തോടെ, വിശുദ്ധ കുര്‍ബാനയ്ക്കായി നമുക്ക് അണയാം.

'

By: ജസ്റ്റിന്‍ പുളിക്കന്‍

More
ഫെബ്രു 25, 2025
Engage ഫെബ്രു 25, 2025

ബുര്‍ക്കിനാ ഫാസ്സോ: തീവ്രവാദംകൊണ്ടും കുറയ്ക്കാനാവില്ല ദൈവവിളിയുടെ തീവ്രത എന്ന് വ്യക്തമാക്കിക്കൊണ്ട് ബുര്‍ക്കിനാ ഫാസ്സോയില്‍ വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഏറ്റവുമധികം അപകടം നേരിടുന്ന രൂപതകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ എന്നതും ശ്രദ്ധേയം. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്- എ.സി.എന്‍ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

സെയ്ന്‍റ്  പീറ്റേഴ്‌സ് ആന്‍ഡ് സെയ്ന്‍റ്  പോള്‍സ് സെമിനാരിയിലെമാത്രം കണക്കനുസരിച്ച് 2019-2020 വര്‍ഷത്തില്‍ 254 വൈദികവിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയെങ്കില്‍ 2024-2025 വര്‍ഷത്തില്‍ സെമിനാരിയില്‍ ചേര്‍ന്നത് 281 പേരാണ്. സെമിനാരിവിദ്യാര്‍ത്ഥികളില്‍ പലരും അവധിക്കായി സ്വന്തം വീട്ടില്‍ പോകാറില്ല. അത്യന്തം അപകടകരമാണ് എന്നതാണ് കാരണം. രൂപതയുടെ ഏതെങ്കിലും ഭവനങ്ങളിലോ സഹവിദ്യാര്‍ത്ഥികളുടെ വീട്ടിലോ ഒക്കെയായി അവര്‍ അവധിക്കാലം ചെലവഴിക്കും. എന്നിട്ടും വൈദികവൃത്തിക്കായി മുന്നോട്ടുവരുന്നവരുടെ എണ്ണം വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, ദൈവവിളിയുടെ ശക്തിയും തീവ്രതയുംതന്നെ.

'

By: Shalom Tidings

More
ഫെബ്രു 24, 2025
Engage ഫെബ്രു 24, 2025

”മോളേ, നീ ഒന്ന് ഇവിടം വരെ വരാമോ? അച്ഛന് നിന്നെ കണ്ടു സംസാരിക്കണം. അവള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കതകടച്ച് ഇരിപ്പാണ്.”
‘വരാം അച്ഛാ’ എന്ന് പറഞ്ഞു ഫോണ്‍ കോള്‍ ഞാന്‍ അവസാനിപ്പിച്ചു. എന്‍റെ സുഹൃത്തിന്‍റെ അച്ഛനാണ് വിളിച്ചത്.

വളരെ ആഘോഷമായി നടത്തിയ ഒരു വിവാഹം. പക്ഷേ പതിനഞ്ചു ദിവസത്തെ ജീവിതത്തിനൊടുവില്‍ അവള്‍ വിധവയായിരിക്കുന്നു. ബന്ധുക്കളുടെയും അയല്‍വാസികളുടെയുമൊക്കെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഒക്കെ കേട്ട് അവള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഭര്‍ത്താവ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. എങ്ങനെ അവളെ ആശ്വസിപ്പിക്കും എന്ന് അറിയില്ല. എങ്കിലും അവളുടെ അച്ഛന് കൊടുത്ത വാക്ക്, അത് എന്നെ അവളുടെ വീട്ടിലേക്ക് നയിച്ചു.

വീടിനുമുന്നില്‍ അച്ഛന്‍ കാത്തിരിപ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അച്ഛന്‍ വിതുമ്പി. അമ്മയുടെ കണ്ണുകള്‍ തോരാത്ത മഴയായി പെയ്തു കൊണ്ടിരുന്നു. മനസ്സില്‍ ഒരു ചോദ്യം മാത്രം, ”ഈശോയേ, ഞാന്‍ എന്താണ് ചെയ്യേണ്ടത്? അക്രൈസ്തവരായ ഇവരോട് ഞാന്‍ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക?”

നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അവളുടെ മുറിയിലേക്ക് നടന്നു. വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചു. കട്ടിലില്‍ ആരോ വന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയിട്ടാവണം അവള്‍ കണ്ണ് തുറന്നു നോക്കി. എന്നെ കണ്ടതും എഴുന്നേറ്റിരുന്നു. അവള്‍മാത്രം ആണ് കരയാതിരിക്കുന്നത്. കഠിനമായ ഡിപ്രെഷനില്‍ ആയിരിക്കുന്നു എന്ന് മനസ്സിലായി. അവള്‍ കരഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

കുറെ സമയം ഞങ്ങള്‍ രണ്ടു പേരും പരസ്പരം നോക്കിയിരുന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ നിശബ്ദത അവസാനിപ്പിച്ച് അവള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ഈശോയെക്കുറിച്ചും… കാരണം ഈശോയ്ക്കല്ലാതെ ആര്‍ക്കും അവളെ ആശ്വസിപ്പിക്കുക സാധ്യമായിരുന്നില്ല. സകലതും നന്മയ്ക്കായി മാറ്റുന്ന ഈശോയുടെ സ്‌നേഹത്തെക്കുറിച്ചാണ് സംസാരിച്ചത്. ആ അവസരത്തില്‍ അതെല്ലാം അനുയോജ്യമാണോ എന്ന് അറിയില്ലെങ്കിലും ഒരു ആത്മഹത്യ ഒഴിവാക്കാന്‍ ഈശോയെക്കുറിച്ച് സംസാരിച്ചു. നീണ്ട സംസാരത്തിനൊടുവില്‍ അവള്‍ എന്നോട് ചോദിച്ചു, ”ഞാന്‍ നിന്‍റെ മടിയില്‍ കിടന്നു കരഞ്ഞോട്ടെ ഇനിയെങ്കിലും…!”

ഹൃദയം പൊട്ടുന്ന വേദന. എത്ര മണിക്കുറുകള്‍ കടന്നുപോയാലും അവള്‍ കരഞ്ഞു തീരും വരെ അവള്‍ക്കൊപ്പം ആയിരിക്കണം എന്ന് ഞാന്‍ ചിന്തിച്ചു. വലിയൊരു മഴക്കാറിനൊടുവില്‍ ഭയാനക ശബ്ദത്തില്‍ പെയ്യുന്ന മഴപോലെ അവള്‍ പൊട്ടിക്കരഞ്ഞു.

ഒടുവില്‍ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ അച്ഛന്‍ നന്ദിയോടെ എന്‍റെ മുന്‍പില്‍ നില്‍ക്കുകയാണ്. മനസ്സില്‍ ലഭിച്ച പ്രേരണകൊണ്ട് അച്ഛനോട് ചോദിച്ചു, ”ഞാന്‍ ഒരാഴ്ച കൊണ്ടുപൊയ്‌ക്കോട്ടെ എന്‍റെകൂടെ ഒരു ധ്യാനത്തിന്?”

അച്ഛന്‍ മറുപടി പറഞ്ഞു, ”മോളുടെ കൂടെയല്ലേ? എവിടെ വേണമെങ്കിലും കൊണ്ടു പോയ്‌ക്കോളൂ. എന്‍റെ പഴയ ചിന്നുവിനെ ഞങ്ങള്‍ക്ക് തിരിച്ചു തരണം.”

രണ്ട് ദിവസങ്ങള്‍ക്കുശേഷം ധ്യാനത്തിന് പോകാനായി ഒരുങ്ങിക്കോളാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ഒരാഴ്ച ഞങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനകളിലും വചനശുശ്രൂഷകളിലും അവള്‍ താല്പര്യപൂര്‍വ്വം പങ്കെടുത്തു. അവള്‍ക്കു നല്ലൊരു കൗണ്‍സിലിംഗ് ആവശ്യമായിരുന്നത് കൊണ്ടാണ് ധ്യാനത്തിന് കൊണ്ടുവന്നത്. ആ കൗണ്‍സിലിംഗില്‍ ഈശോ അവളെ ഒരുപാട് ആശ്വസിപ്പിച്ചു. ഒപ്പം ഒരു ദൈവിക ഇടപെടലും. ധ്യാനം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ മറ്റൊരു വിവാഹം ഈശോ ക്രമീകരിച്ചിട്ടുണ്ടാകും എന്നായിരുന്നു ദൈവികസന്ദേശം.
ധ്യാനത്തിനൊടുവില്‍ അവള്‍ അതീവ സന്തോഷവതിയായി കാണപ്പെട്ടു.

ഈശോയ്ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി. അവളുടെ അച്ഛന്‍ ഞങ്ങളെ കാത്ത് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ബസില്‍ നിന്നും ചിന്നു ഇറങ്ങിയപ്പോള്‍ വാതിലിനടുത്തു വന്നു അച്ഛന്‍ പറഞ്ഞു, ”ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട്, മോളെ ഞാന്‍ ഫോണില്‍ വിളിക്കാം.” ഞാന്‍ എന്‍റെ യാത്ര തുടര്‍ന്നു. അവര്‍ വീട്ടിലേക്കു പോയി. അന്ന് രാത്രിയില്‍ അച്ഛന്‍ പറഞ്ഞത് ഈശോയുടെ സന്ദേശം സാക്ഷാത്കരിക്കപ്പെട്ടതിനെക്കുറിച്ചാണ്. അവള്‍ക്ക് മറ്റൊരു വിവാഹാലോചന ഈശോ ഒരുക്കിയിരിക്കുന്നു!

ആദ്യത്തേതിനെക്കാള്‍ മനോഹരമായി ഈശോ അവളെ പുതുജീവിതത്തിലേക്കു കൈ പിടിച്ച് കയറ്റി. എത്ര മനോഹരമായിട്ടാണ് ദൈവം ഓരോ ആത്മാവിനെയും സ്‌നേഹിക്കുന്നതെന്ന് ഞാന്‍ ഓര്‍ത്തു. ഈശോയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു ആത്മാവ് ഈശോയില്‍ വിശ്വസിച്ചപ്പോള്‍ നടന്നുകയറിയ വഴികള്‍ മാനുഷിക ബുദ്ധിക്കതീതമാണ്.ദുഃഖവും നിരാശയുംകൊണ്ട് തകര്‍ന്നിരുന്ന തന്‍റെ മകളെ കൈപിടിച്ചെഴുന്നേല്പിച്ച് പുതിയ വഴികള്‍ തുറന്നു കൊടുത്ത കാരുണ്യവും സ്‌നേഹവും നിറഞ്ഞ ഈശോ…

മനസില്‍ ഒരു ചോദ്യംമാത്രം ഉയര്‍ന്നുനിന്നു, ‘ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു?’ ഓര്‍ക്കണം, വിശ്വാസ പരീക്ഷണം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്‍റെ മാറ്റുരയ്ക്കലാണ്. മാറ്റുരയ്ക്കുന്ന സ്വര്‍ണം അതിന്‍റെ പരിശുദ്ധി വെളിപ്പെടുത്തുന്നതുപോലെ വിശ്വാസ പരീക്ഷണങ്ങള്‍ നമ്മുടെ അന്തരംഗത്തിലെ ദൈവസ്‌നേഹം വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ മരുഭൂമിയും ഗത്‌സെമനിയും കാല്‍വരിയും മാത്രം ഉള്ള നാളുകളിലൂടെ ആയിരിക്കാം നാമിന്നു യാത്ര ചെയ്യുന്നത്. എങ്കിലും ഈശോ പറയുന്നു, ”വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?” (യോഹന്നാന്‍ 11/40).

'

By: Shalom Tidings

More
ഫെബ്രു 21, 2025
Engage ഫെബ്രു 21, 2025

പരിശുദ്ധാത്മാവ് എന്‍റെ ജീവിതത്തില്‍ എന്താണ് ചെയ്യുന്നത്?

പരിശുദ്ധാത്മാവ് എന്നെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവനാക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ കഴിവ് നല്കുന്നു.
പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യ അതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനഃസാക്ഷിയില്‍ അല്ലെങ്കില്‍ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ
ആലയമായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി, നിലകൊള്ളുക എന്നാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിന്‍റെ ‘ലിവിംഗ് റൂം’ ആണെന്ന് പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നാം എത്രമാത്രം തുറവിയുള്ളവരായിരിക്കുമോ അത്രമാത്രം അവിടുന്ന് നമ്മുടെ യജമാനനായിരിക്കും. സഭയുടെ പടുത്തുയര്‍ത്തലിനുവേണ്ടി ഇന്നും നമുക്ക് അത്രവേഗം സിദ്ധികള്‍ നല്കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിന്‍റെ പ്രവൃത്തികള്‍ക്കുപകരം പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ നമ്മില്‍ വളരും.

യുകാറ്റ് (120)

”എന്‍റെ നാമത്തില്‍ പിതാവ്
അയക്കുന്ന സഹായകനായ
പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട്
പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹന്നാന്‍ 14/26)

വാട്ട്‌സാപ്പ് നോക്കാന്‍ പറഞ്ഞ പരിശുദ്ധാത്മാവ്

രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് അക്കാര്യം ഓര്‍ത്തത്, പിറ്റേന്നത്തെ ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റെ തുക രാവിലെ ലോണ്‍ അക്കൗിലുാകണം. 11,000 രൂപയോളമാണ് വേത്. എന്‍റെ അക്കൗിലുള്ളതാകട്ടെ വെറും 1000 രൂപ. എന്തുചെയ്യും? ആരോടെങ്കിലും കടം ചോദിക്കണമെങ്കില്‍, ആ സമയത്ത് ആരെയും ഫോണ്‍ ചെയ്യുന്നത് ഉചിതവുമല്ല. താമസിയാതെ ലോണ്‍ പുതുക്കി എടുക്കേ ആവശ്യമുള്ളതിനാല്‍ ഈ ഇന്‍സ്റ്റാള്‍മെന്‍റെ ബൗണ്‍സ് ആകാതെ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നിസ്സഹായതയുടെ പാരമ്യത്തില്‍, പൂര്‍ണമായ ആശ്രയത്തോടെ വിളിച്ചു, ‘പരിശുദ്ധാത്മാവേ….’ പെട്ടെന്നൊരു തോന്നല്‍, ഒരു കൂട്ടുകാരി വാട്ട്‌സാപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്ന് നോക്കാന്‍. നോക്കി, ഒരു മിനിറ്റ് മുമ്പ് അവള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഉടനെ കാര്യം പറഞ്ഞ് മെസേജ് അയച്ചു. പിറ്റേന്ന് വൈകിട്ട് എനിക്ക് ശമ്പളം കിട്ടുമ്പോള്‍ തിരികെ നല്കാമെന്നും കൂട്ടിച്ചേര്‍ത്തു. അവള്‍ വീണ്ടും ഓണ്‍ലൈനില്‍ വരുമോ എന്ന് ആകാംക്ഷയോടെ നോക്കുകയാണ്. അതാ പെട്ടെന്ന് അവള്‍ ഓണ്‍ലൈന്‍ ആയി! ഞെട്ടല്‍ കാണിക്കുന്ന ഇമോജിയായിരുന്നു ആദ്യത്തെ മറുപടി. എങ്കിലും മിനിറ്റുകള്‍ക്കകം അവളുടെ കൈയിലുായിരുന്ന തുകയെല്ലാം ഒന്നിച്ചുചേര്‍ത്ത് 10,000 രൂപ അയച്ചുതന്നു. എന്‍റെ ബുദ്ധിയിലുദിക്കുന്ന വഴികളില്‍ ആശ്രയിച്ചിരുന്നെങ്കില്‍ സമയത്തിന് പണം ലഭിക്കാതെ വരുമായിരുന്നു. അതെ, ഇങ്ങനെയാണ് പരിശുദ്ധാത്മാവ്.

നമ്മുടെ ആത്മാവിന്‍റെ പ്രശാന്തനായ അതിഥിയാണ് പരിശുദ്ധാത്മാവ്.
വിശുദ്ധ അഗസ്റ്റിന്‍

'

By: ആന്‍ മരിയ ജോണ്‍

More
ഫെബ്രു 19, 2025
Engage ഫെബ്രു 19, 2025

ശാലോം ടൈംസ് മാസിക പതിവായി വായിക്കുന്ന ആളാണ് ഞാന്‍. അതില്‍ വരുന്ന അനുഭവകഥകള്‍ എന്‍റെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ഈശോയോട് പ്രാര്‍ത്ഥനയിലൂടെ അടുത്ത ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അതെല്ലാം എന്നെ വളരെയധികം സഹായിക്കുന്നു. ഒരു സാധാരണ വീട്ടമ്മയായ ഞാന്‍ എത്ര തിരക്കുണ്ടെങ്കിലും, ശാലോം മാസിക കൈയില്‍ കിട്ടിയാല്‍ ഉടനെ അത് മുഴുവന്‍ വായിച്ചുതീര്‍ത്തിട്ടേ മറ്റെന്തും ചെയ്യൂ.

വിദേശത്ത് പോയ മകള്‍ക്ക് ഒരു പാര്‍ട്ട്-ടൈം ജോലി ലഭിക്കാന്‍വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ”എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും”(യോഹന്നാന്‍ 14/14) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്ന് നേരുകയും ചെയ്തു. അതിന്‍റെ ഫലമായി പഠനവുമായി ബന്ധപ്പെട്ട ജോലിതന്നെ മകള്‍ക്ക് ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി!

'

By: ജിന്‍സി റോയി

More
ഫെബ്രു 06, 2025
Engage ഫെബ്രു 06, 2025

പീറ്റര്‍ സര്‍സിച്ച് അന്ന് വീട്ടിലെത്തിയപ്പോള്‍ നല്ല ചുമയും ക്ഷീണവും. തുഴച്ചില്‍ ക്യാംപ് കഴിഞ്ഞ് വന്നതിന്‍റെ ബാക്കിപത്രമായി ന്യൂമോണിയ ഉണ്ടോ എന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. അതിനാല്‍ നേരെ ആശുപത്രിയിലേക്ക്… തുടര്‍ന്ന് വിശദമായ പരിശോധനകള്‍… ഞെട്ടിക്കുന്ന വിവരമാണ് ആ കുടുംബത്തെ കാത്തിരുന്നത്, പതിനേഴുകാരനായ പീറ്റര്‍, നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന ക്യാന്‍സറിന്‍റെ നാലാം ഘട്ടത്തിലാണ്! ശ്വാസകോശത്തില്‍ വലിയൊരു മുഴയുണ്ട്.

2011 ജൂലൈ മാസമായിരുന്നു അത്. പെട്ടെന്നുതന്നെ ചികിത്സകള്‍ ആരംഭിച്ചു. അനേക തവണകള്‍ ദീര്‍ഘിച്ച കീമോതെറാപ്പി. പീറ്റര്‍ വിഷാദത്തിലേക്ക് നീങ്ങി. വിഷാദത്തിന് മരുന്നുകഴിക്കേണ്ട അവസ്ഥയിലെത്തിയ പീറ്ററിന്‍റെ മനസിലെ ചോദ്യം വലുതായിരുന്നു, എന്തുകൊണ്ട് തനിക്കിങ്ങനെയൊരു ഗതി വന്നുചേര്‍ന്നു? അതിനുമുമ്പ് ഉറച്ച വിശ്വാസം പുലര്‍ത്തിയിരുന്ന, വൈദികനാകണമെന്ന് ചിന്തിക്കുകപോലും ചെയ്തിരുന്ന, കൗമാരക്കാരനായിരുന്നു പീറ്റര്‍. എന്നാല്‍ ഇപ്പോഴാകട്ടെ, ദിവ്യകാരുണ്യം സ്വീകരിക്കാന്‍പോലും അവന് താത്പര്യമില്ലാതായി. പക്ഷേ അമ്മയ്ക്ക് ആഗ്രഹം, മകന്‍ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന്. അതിനാല്‍ അമ്മയെ ഒന്ന് സന്തോഷിപ്പിക്കാന്‍വേണ്ടി ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പീറ്റര്‍ തയാറായി.

അങ്ങനെ യേശുവിന്‍റെ തിരുശരീരം ദിവ്യകാരുണ്യമായി തനിക്കുമുന്നിലെത്തിയ നിമിഷം. ആ തിരുവോസ്തി കയ്യിലെടുത്ത് വൈദികന്‍ ഉച്ചരിച്ചു, ”ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!” ആ സമയത്ത് ഈശോ പീറ്ററിന് അനുഭവിക്കാവുന്ന വിധത്തില്‍ ശക്തമായി അവനോട് ഇടപെട്ടു. അവിടുത്തെ സ്വരം ഹൃദയത്തിന്‍റെ ആഴങ്ങളില്‍നിന്ന് അവന്‍ വ്യക്തമായി കേള്‍ക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു, ”ഇത് വളരെ കഠിനമാണ് എന്നെനിക്കറിയാം. ഈ സഹനം ഞാന്‍ നിന്നില്‍നിന്ന് എടുത്തുനീക്കാന്‍ പോകുന്നില്ല, പക്ഷേ ഈ കഠിനതകളിലെല്ലാം ഞാന്‍ നിന്നോടൊപ്പം ആയിരിക്കും!”
ഒന്നും മാറിയില്ല എന്നാല്‍, എല്ലാം മാറിമറിഞ്ഞു എന്ന് പറയാവുന്ന ഒരു സമയമായിരുന്നു അതെന്ന് പിന്നീട് പീറ്റര്‍ പങ്കുവച്ചു.

അസാധാരണ ആഗ്രഹം

ആയിടെയാണ് ‘മേക്ക് എ വിഷ് ഫൗണ്ടേഷന്‍’ പീറ്ററിന്‍റെ ആഗ്രഹം സാധിച്ചുനല്കാന്‍ സഹായവുമായെത്തിയത്. മാരകമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മുന്‍കൈയെടുക്കുന്ന സംഘടനയാണ് ‘മേക്ക് എ വിഷ് ഫൗണ്ടേഷന്‍.’ സാധാരണയായി ഒരു കൗമാരക്കാരനില്‍നിന്ന് പ്രതീക്ഷിക്കാത്ത ആഗ്രഹമാണ് പീറ്റര്‍ പ്രകടിപ്പിച്ചത്, ”വത്തിക്കാനില്‍ പോയി ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ കാണണം!”

ആഗ്രഹപൂര്‍ത്തിക്കായുള്ള ശ്രമങ്ങളുടെ ഫലമായി 2012 മെയ്മാസത്തില്‍ പീറ്ററിന് പാപ്പയെ കാണാന്‍ അവസരം ഒരുങ്ങി. പാപ്പ പൊതുദര്‍ശനം നടത്തുന്ന സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പീറ്റര്‍ എത്തി. വരിയായി കാത്തുനില്ക്കുന്നവരെല്ലാം പാപ്പയ്ക്ക് നല്കാന്‍ വിലയേറിയ സമ്മാനങ്ങളും കരുതിയിട്ടുണ്ട്. പീറ്ററിന്റെ കയ്യില്‍ ഒന്നുമില്ല. അപ്പോഴാണ് പിതാവ് അവനോട് പറഞ്ഞത് അവന്‍റെ കൈയിലെ പച്ച ബാന്‍ഡ് പാപ്പയ്ക്ക് നല്കാന്‍. ”റോമാ 8/28- പീറ്ററിനായി പ്രാര്‍ത്ഥിക്കുന്നു” എന്ന ലിഖിതമുള്ള ബാന്‍ഡായിരുന്നു അത്, കൂട്ടുകാരന്‍ തയാറാക്കി നല്കിയ ബാന്‍ഡ്.

പിതാവിന്‍റെ നിര്‍ദേശം പീറ്ററിന് സ്വീകാര്യമായിരുന്നു. പാപ്പ സമീപിച്ചപ്പോള്‍ അവന്‍ അത് പാപ്പയ്ക്ക് സമ്മാനിച്ചു. ”ഓ, നീ ഇംഗ്ലീഷ് സംസാരിക്കും അല്ലേ?” എന്ന് ചോദിച്ച പാപ്പ പീറ്ററിനെ ആശീര്‍വദിച്ചു. അവന്‍റെ ചങ്കില്‍ കൈവച്ചാണ് ആശീര്‍വാദം നല്കിയത്. സാധാരണയായി ശിരസിലാണല്ലോ കൈവച്ച് ആശീര്‍വാദം നല്കുക. എന്നാല്‍ പാപ്പ കൃത്യമായി ശ്വാസകോശത്തില്‍ മുഴയുള്ള സ്ഥലത്താണ് കൈവച്ചത്, അതേക്കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും! തുടര്‍ന്ന് പാപ്പ അല്പസമയം പീറ്ററിന്‍റെ വിവരങ്ങള്‍ കേട്ടു. തനിക്കൊരു വൈദികനാകണമെന്ന് ആഗ്രഹമുണ്ടെന്ന് പീറ്റര്‍ പാപ്പയോട് പങ്കുവയ്ക്കുകയും ചെയ്തു. ആ സംഭവം നിര്‍ണായകമായ സ്വാധീനമാണ് പീറ്ററിന്‍റെ ജീവിതത്തില്‍ ചെലുത്തിയത്. പുതിയൊരു വെളിച്ചം കടന്നുവന്നതുപോലെ…

മറ്റ് പ്രകടമായ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍, രോഗത്തെ പീറ്റര്‍ കര്‍ത്താവിനോടൊപ്പം നേരിട്ടു. ചികിത്സകള്‍ തുടര്‍ന്നു. അതിന്‍റെ ഫലമായി 2013-ഓടെ ക്യാന്‍സറില്‍നിന്ന് വിമുക്തനായി എന്ന് പരിശോധനകള്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ കടന്നുപോയി. ആറടി ആറിഞ്ചുകാരനായി വളര്‍ന്ന ലാക്രോസ് കളിക്കാരന്‍കൂടിയായ പീറ്ററിന്‍റെ ഉള്ളില്‍ നാമ്പിട്ട പഴയ ആഗ്രഹം വിടര്‍ന്നു, വൈദികനാകണം! പിന്നീട് അതിലേക്കുള്ള യാത്രയായിരുന്നു. സെമിനാരിയില്‍ പ്രവേശനം നേടി. പരിശീലനം പൂര്‍ത്തിയാക്കി 2021-ല്‍ പീറ്റര്‍ വൈദികനായി, ഫാ. പീറ്റര്‍ സര്‍സിച്ച്.

കഠിനതകളുടെ കാലത്ത്, പ്രിയകൂട്ടുകാരന്‍ തയാറാക്കിയ ബാന്‍ഡിലെ വചനം അന്നും ഇന്നും ഫാ. പീറ്ററിന് ഏറെ ഇഷ്ടം. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8/28).

'

By: Shalom Tidings

More
ഡിസം 22, 2024
Engage ഡിസം 22, 2024

ഏതാനും നാളുകള്‍ക്കുമുമ്പ് ഞാനൊരു ബന്ധുവീട് സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു അമ്മച്ചിയും അപ്പച്ചനും മാത്രമാണ് അവിടെയുള്ളത്. കുറച്ചു ദൂരെത്തേയ്ക്ക് കല്യാണം കഴിപ്പിച്ചയച്ച രണ്ട് പെണ്‍മക്കളും കുടുംബവും രണ്ട് മാസം കൂടുമ്പോള്‍ ഏതാനും ദിവസം നില്ക്കാന്‍ വരുമത്രേ. അതാണ് ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങള്‍ എന്നവര്‍ പങ്കുവച്ചു. ബന്ധുക്കളോ കുഞ്ഞുമക്കളോ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വീട്ടില്‍ വരുന്നതുതന്നെ സന്തോഷമാണെന്നും അവര്‍ പറഞ്ഞു. പ്രായത്തിന്‍റെ അസ്വസ്ഥതകളും ചിന്തകളും തമ്പുരാനോട് പറഞ്ഞും പ്രാര്‍ത്ഥിച്ചും സമാധാനം കണ്ടെത്തുമെന്നും എന്തെങ്കിലും അസുഖം വന്നാലും ഒരുപാട് ദൂരെയല്ലാതെ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഉള്ളത് ആശ്വാസമാണെന്നും… അങ്ങനെയങ്ങനെ അമ്മച്ചി വിശേഷങ്ങള്‍ തുടരുകയാണ്.
നടുവേദനയും മുട്ടുവേദനയുമൊക്കെ ഉണ്ടെങ്കിലും രണ്ട് പശുക്കളെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് പുല്ലു ചെത്തിയും പാല്‍ കറന്നും കൂടാതെ വീട്ടിലേക്ക് എന്നും ആവശ്യമായ കുറച്ചു പച്ചക്കറികള്‍ പറമ്പില്‍ത്തന്നെ നട്ടുവളര്‍ത്തിയും അവരങ്ങനെ കഴിയുന്നു. വളരെ കുറച്ചു പരാതികളും ഒരുപാട് സന്തോഷവും നിറഞ്ഞ അവരുടെ ജീവിതം എനിക്കും ഒരു പ്രചോദനമായി.
തൊഴുത്തില്‍ നിറവയറുമായി നില്‍ക്കുന്ന പശു ഒന്ന് കരഞ്ഞപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. അവിടെ ഒരു ബള്‍ബ് പോലുമില്ല. ”രാവിലെ അഞ്ച് മണിക്ക് തൊഴുത്ത് വൃത്തിയാക്കാന്‍ വരുമ്പോള്‍ ഇരുട്ടല്ലേ അമ്മച്ചീ… പശു പ്രസവിക്കാറാവുകയും ചെയ്തല്ലോ?”
ആ ചോദ്യത്തിന് അമ്മച്ചി നിസാരമായി മറുപടി നല്കി: ”വര്‍ഷം കുറെ ആയില്ലേ, ഇപ്പോള്‍ ശീലമായി. അതുകൊണ്ട് ഇരുട്ടൊന്നും പ്രശ്‌നമല്ല കൊച്ചേ…”
എന്നാലും എന്‍റെ മനസിന് ആകെ ഒരു അസ്വസ്ഥത. അവിടൊരു ബള്‍ബ് ഉണ്ടെങ്കില്‍ അവര്‍ക്കത് ഒരുപാട് ഉപകാരപ്പെടും എന്നത് തീര്‍ച്ച.
അവരുടെ കൃഷിത്തോട്ടത്തിലെ കുറെ പച്ചക്കറികളും തന്ന്, ഇനിയും വരണേ എന്ന് പറഞ്ഞു യാത്രയാക്കിയപ്പോഴേക്കും ഒരു പരിഹാരം മനസ്സില്‍ തെളിഞ്ഞിരുന്നു.
വീട്ടില്‍ വന്ന് വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍, ‘അവിടെയൊരു ബള്‍ബ് ഇട്ടുകൊടുക്കാനുള്ള വയറിങ്ങ് ഒക്കെ അറിയില്ലേ, നമുക്കത് ചെയ്ത് കൊടുത്താലോ’ എന്ന് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹവും തയാര്‍. അടുത്തൊരു ദിവസം തന്നെ എല്‍.ഇ.ഡി ബള്‍ബും അനുബന്ധ സാമഗ്രികളുമായി പോയി. തൊഴുത്തിലേക്ക് ഇലക്ട്രിക് കണക്ഷന്‍ ചെയ്തുകൊടുത്ത് ബള്‍ബും ഇട്ടു. തുടര്‍ന്ന് വര്‍ത്തമാനവും പറഞ്ഞ് കാപ്പിയും കുടിച്ച് ഇറങ്ങുമ്പോള്‍ ഇരുകൂട്ടരുടെയും മനസും മുഖവും സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു.
ഈയിടെ ഇക്കാര്യം ഓര്‍മയില്‍ വന്നപ്പോള്‍ പുല്‍ക്കൂട്ടിലെ ഉണ്ണീശോ എന്നോട് പുഞ്ചിരിയോടെ പറയുന്നതുപോലെ ഒരു തോന്നല്‍: ”എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40).

'

By: ട്രീസ ടോം ടി.

More
ഡിസം 22, 2024
Engage ഡിസം 22, 2024

അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരോര്‍മ. കൃഷിക്കാരുടെ വീടുകളില്‍ ചെരിപ്പുകള്‍ സാധാരണമല്ലാതിരുന്ന കാലം. വീട്ടില്‍ അപ്പന് ചെരിപ്പുണ്ടായിരുന്നു. ശനിയാഴ്ച അത് നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങാന്‍ മുന്‍വശത്തെ ചവിട്ടുപടിയില്‍ കുത്തിച്ചാരിവയ്ക്കും. പിറ്റേദിവസം ഞായറാഴ്ചയാണെന്നും കാറ്റക്കിസം ഉണ്ടെന്നും പിന്നെ ആരും പറയേണ്ടതില്ലായിരുന്നു.

പള്ളിയില്‍ വല്ലവണ്ണം പോയാല്‍ പോരാ, നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും എപ്പോഴെങ്കിലും എത്തിയാല്‍ പോരാ നേരത്തെതന്നെ അവിടെ ചെന്നിരിക്കണമെന്നും ആരും പറഞ്ഞുപഠിപ്പിക്കുന്നതും അന്ന് കേള്‍ക്കേണ്ടിവന്നിട്ടില്ല. തലേദിവസത്തെ ആഘോഷമായ കുളി, കഴുകിവച്ച ചെരിപ്പ് തുടങ്ങിയ സംഗതികള്‍ ശക്തമായ ‘ടീച്ചിങ്ങ് എയ്ഡു’കളായി പ്രവര്‍ത്തിച്ചിരുന്നു.

എത്ര മഴയുണ്ടെങ്കിലും പള്ളിയില്‍ പോകുന്ന മാതാപിതാക്കളേ, നിങ്ങള്‍ക്ക് ഭാവിയില്‍ മക്കളില്‍നിന്നും അഭിമാനിക്കാന്‍ വകയുണ്ടാകും. എത്രയും നേരത്തെ പള്ളിയിലെത്തി മുട്ടുകുത്തുന്ന മാതാപിതാക്കളേ, നിങ്ങളുടെ മക്കള്‍ ഇടവകയില്‍ തിളങ്ങിനില്‍ക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. കറന്റ് പോയാലും തിരിവെട്ടത്തില്‍ ബൈബിള്‍ വായിക്കുന്ന മാതാപിതാക്കളേ, നിങ്ങളുടെ മക്കള്‍ ജീവിതത്തില്‍ തപ്പിത്തടയുകയില്ല.
”അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്ന് പറഞ്ഞു: കര്‍ത്താവേ… ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക” (ലൂക്കാ 11/1).

'

By: ഫാ. തോമസ് ആന്‍റെണി പറമ്പി

More
ഡിസം 18, 2024
Engage ഡിസം 18, 2024

അമേരിക്കയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു പേരാണ് എബ്രഹാം ലിങ്കണ്‍. അമേരിക്കയെ ഭരിച്ച അനേകം പ്രസിഡന്റുമാരുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. രാജ്യഗാത്രത്തിലെ ഏറ്റവും കറുത്ത പാടായിരുന്ന അടിമക്കച്ചവടം തുടച്ചുനീക്കി എന്നതുകൊണ്ടുമാത്രമല്ല ലിങ്കണ്‍ ശ്രദ്ധേയനാവുന്നത്, ക്രിസ്തുവിന്‍റെ അഭൗമികമായ ആശയങ്ങള്‍ അനുപമമായ വിധത്തില്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ഒരു ജീവിതത്തിന്‍റെ ഉടമയായതുകൊണ്ടുകൂടെയാണ്. വിമര്‍ശിക്കുന്നവരെ അകറ്റിനിര്‍ത്തുക എന്നതാണ് സാധാരണ മനുഷ്യരുടെ സ്വഭാവം. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും ക്രിസ്തീയമായ ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

അദ്ദേഹത്തെ നിരന്തരം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു എഡ്വിന്‍ സ്റ്റാന്റന്‍. ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചെയ്തതെന്താണെന്നോ? സ്റ്റാന്റനെ തന്‍റെ ടീമിലുള്‍പ്പെടുത്തി, സുപ്രധാനമായ ധനകാര്യവിഭാഗം അദ്ദേഹത്തെ ഏല്‍പിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനമായിരുന്നു ഇത്. കാരണം ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അഭിപ്രായ ഐക്യമുള്ളവരെയാണല്ലോ സാധാരണ ഉള്‍പ്പെടുത്താറുള്ളത്. ഭരണത്തില്‍ പങ്കാളിയായശേഷവും എല്ലാവരുടെയും പ്രതീക്ഷകളെ നിഷ്ഫലമാക്കിക്കൊണ്ട്, സ്റ്റാന്റന്‍ തന്‍റെ പഴയ വിമര്‍ശനസ്വഭാവം തുടര്‍ന്നു. അദ്ദേഹത്തെ ടീമില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നപ്പള്‍ ലിങ്കന്‍റെ മറുപടി ദൃഢമായ ഒരു ‘നോ’ ആയിരുന്നു. അതിന് കാരണമായി അദ്ദേഹത്തിന്‍റെ ഒരു കഴിഞ്ഞകാല അനുഭവം അദ്ദേഹം പങ്കുവച്ചു.

കുതിരപ്പുറത്തെ ഈച്ച

അദ്ദേഹം ഒരിക്കല്‍ തന്‍റെ സുഹൃത്തായ കൃഷിക്കാരനെ കാണുവാന്‍ ഒരു ഗ്രാമത്തില്‍പോയി. സംസാരത്തിനിടയില്‍ മുറ്റത്ത് കെട്ടിയിരുന്ന കര്‍ഷകന്‍റെ കുതിര വേദനകൊണ്ട് പുളയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അടുത്തുചെന്ന് നോക്കിയപ്പോള്‍ ലിങ്കണ്‍ കണ്ടത് ആ വയസന്‍ കുതിരയുടെ പുറത്ത് ഒരു വലിയ ഈച്ച (ഹോഴ്‌സ് ഫ്‌ളൈ) ഇരുന്ന് അതിന്‍റെ രക്തം ഊറ്റിക്കുടിക്കുന്നതാണ്. സഹതാപം തോന്നിയ ലിങ്കണ്‍ ആ ഈച്ചയെ ഓടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കര്‍ഷകന്‍ തടഞ്ഞു. ”സുഹൃത്തേ, നീ അത് ചെയ്യരുത്. കാരണം ഈ കുതിരയെ ജാഗ്രതയുള്ളതാക്കി നിര്‍ത്തുന്നത് ഈ ഈച്ചയാണ്. ഈ അനുഭവം ലിങ്കണ് വലിയൊരു പാഠം നല്‍കി. വിമര്‍ശിക്കുന്നവരും വേദനാജനകമെന്ന് തോന്നിയേക്കാവുന്ന ചില അനുഭവങ്ങളും നമുക്ക് ഉപരിനന്മ പ്രദാനം ചെയ്യുവാന്‍ ദൈവം നല്‍കുന്നതാണ്. സ്വന്തം കുറവുകള്‍ മനസിലാക്കുവാനും ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടുവാനും അവര്‍ നമ്മളെ നിശ്ചയമായും സഹായിക്കുന്നു.

നമ്മുടെ ജീവിതത്തിലും ഇത്തരം ചില ഈച്ചകളെ ദൈവം നല്‍കാറുണ്ട്. അവ മാറിപ്പോകുവാന്‍ നാം ആഗ്രഹിച്ചാലും പോകുന്നില്ല, മാത്രവുമല്ല നമുക്ക് കഠിനമായ വേദന നല്‍കിക്കൊണ്ട് നമ്മുടെകൂടെ വസിക്കുന്നു. ചിലര്‍ക്കത് അവരുടെ ജീവിതപങ്കാളിതന്നെയായിരിക്കാം. എത്ര സ്‌നേഹം നല്‍കിയാലും തിരിച്ച് ഒരു തരി സ്‌നേഹംപോലും നല്‍കുകയില്ല. കുത്തുവാക്കുകള്‍ക്ക് ഒരു കുറവുമില്ല. എപ്പോഴും പരാതിയും പരിഭവങ്ങളുംമാത്രം. നിങ്ങളുടെ മനസ് പലപ്പോഴും തളര്‍ന്നുപോകുന്നു. അപ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടുവാന്‍ ദൈവം നല്‍കിയ ഒരു സഹായി ആണ് ആ വ്യക്തി.

ചിലപ്പോള്‍ നിങ്ങളുടെ അടുത്ത സഹപ്രവര്‍ത്തകരായിരിക്കാം ഈ ഹോഴ്‌സ് ഫ്‌ളൈ. ഒരു തരത്തിലും ഒത്തുപോകുവാന്‍ കഴിയാത്ത സ്വഭാവരീതികളുള്ള ഒരു വ്യക്തി. നിങ്ങളെക്കുറിച്ച് കുറ്റങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. അസ്വസ്ഥനാകേണ്ട, കാരണം ദൈവം അനുവദിച്ചതാണ്. എങ്കില്‍ ഉപരിനന്മ ആയിരിക്കും ആത്യന്തികഫലം.
മറ്റുചിലര്‍ക്ക് അയല്‍ക്കാരായിരിക്കാം ഹോഴ്‌സ് ഫ്‌ളൈയുടെ രൂപത്തില്‍ വരുന്നത്. എപ്പോഴും തര്‍ക്കവും വഴക്കുംമാത്രം. അസ്വസ്ഥമാകുന്ന മനസിനോട് ‘ശാന്തമാവുക’ എന്ന് പറയുക. കാരണം സര്‍വശക്തനായ ദൈവം ഈ സാഹചര്യത്തെയും നിങ്ങള്‍ക്ക് അനുരൂപമായി പ്രയോജനപ്പെടുത്തും.

ഉള്ളില്‍ ഒരു ഈച്ച

ചിലപ്പോള്‍ നിങ്ങളുടെതന്നെ ഉള്ളിലായിരിക്കും ഈ ഈച്ച കടന്നുകൂടിയിരിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വത്തിലെ ചില കുറവുകള്‍, വൈകല്യങ്ങള്‍. കുമ്പസാരത്തില്‍ കൂടെക്കൂടെ ഏറ്റുപറയുന്നു, മാറ്റണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. പക്ഷേ ഫലമില്ല. എന്നാല്‍ ജാഗ്രതയുള്ളവനായിരിക്കണം. ഈ വൈകല്യം നിങ്ങളെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കരുത്. നിങ്ങളുടെ നിരന്തരമായ പോരാട്ടംതന്നെ ദൈവതിരുമുമ്പില്‍ വളരെ സ്വീകാര്യമാണ്, വലിയ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ അത് നിങ്ങളെ സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. പോരാടി മനസ് തളരുമ്പോള്‍ ഒരു മൃദുസ്വരം നിങ്ങള്‍ക്കും കേള്‍ക്കാന്‍ കഴിയും: ”നിനക്ക് എന്‍റെ കൃപ മതി.”

എല്ലാം ദൈവത്തിന്‍റെ കൃപയാണെന്ന് തിരിച്ചറിയാന്‍ നമ്മെ ഇങ്ങനെ ഒരുക്കുന്ന ദൈവത്തെ കാണുവാന്‍ ശ്രമിക്കുക; നമ്മുടെ മനസ് എപ്പോഴും ആനന്ദഭരിതവും പ്രത്യാശാപൂര്‍ണവുമായിരിക്കും. നിങ്ങളുടെ നിസാരതയെ പ്രഘോഷിക്കുന്ന ഈ വ്യക്തികളെയും സാഹചര്യങ്ങളെയും ഓര്‍ത്ത് ദൈവത്തിന് സ്‌തോത്രം പാടിയാല്‍ മാത്രം മതി. തന്‍റെ ഇല്ലായ്മയെ തിരിച്ചറിയുന്ന വ്യക്തികളെയാണ് ദൈവം എക്കാലത്തും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അവരിലേക്ക് തന്‍റെ അപരിമേയമായ ശക്തി ഒഴുക്കിക്കൊണ്ട് ലോകത്തെ ചലിപ്പിക്കുവാന്‍, കീഴ്‌മേല്‍ മറിക്കുവാന്‍ തന്നെ, അവരെ ദൈവം ഉപയോഗിക്കും.

അതിനാല്‍ ഉപദ്രവകാരികളെന്ന് തോന്നുന്ന ഇത്തരത്തിലുള്ള ഈച്ചകളെ ഓടിക്കാന്‍ ശ്രമിക്കേണ്ട. നിങ്ങള്‍ വീണാലുടയുന്ന വെറും മണ്‍പാത്രങ്ങളാണെന്നും ഈ നിധി സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെന്നും അവ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ അനുഭവത്തിലൂടെ കടന്നുപോയ വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് എന്നും മനസില്‍ സൂക്ഷിക്കാം. ”എന്നാല്‍, പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്” (2 കോറിന്തോസ് 4/7). ഈ ബോധ്യത്തില്‍ നിലനില്‍ക്കുവാന്‍ നമുക്ക് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം.

കര്‍ത്താവേ, ഞങ്ങളുടെ ജീവിതത്തിലെ ചില വ്യക്തികളെയും സാഹചര്യങ്ങളെയും സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഏറെ ക്ലേശിക്കുന്നണ്ടെന്ന് അങ്ങേക്കറിയാമല്ലോ. മാറ്റുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും അവ മാറുന്നില്ല. അങ്ങ് അത് ഞങ്ങള്‍ക്ക് അനുഗ്രഹകാരണമായി നല്‍കിയതാണെന്ന ബോധ്യം അങ്ങയുടെ പരിശുദ്ധാത്മാവുവഴി നല്‍കണമേയെന്ന് ഞങ്ങള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു. തികച്ചും വിപരീത സാഹചര്യങ്ങളില്‍ ദൈവകരം എപ്പോഴും ദര്‍ശിച്ച പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

'

By: കെ.ജെ. മാത്യു

More