- Latest articles
വലിയ നോമ്പുകാലം നമ്മില്‍നിന്നും ചോദിക്കുന്നത് ഈ ഒരു മണിക്കൂറാണ്.
എല്ലാ വ്യാഴാഴ്ചകളിലും നവമാധ്യമങ്ങള്‍ വഴി ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക കൂട്ടായ്മയുണ്ട് ഞങ്ങള്‍ക്ക്. പരസ്പരം പ്രാര്‍ത്ഥിച്ചും ശക്തിപ്പെടുത്തിയും തെറ്റുതിരുത്തിയും പൗരോഹിത്യ സാഹോദര്യത്തിന്‍റ മാധുര്യം നുകരുന്ന കൂട്ടായ്മ. ഏശയ്യ പ്രവചനം 30/21ന്‍റെ അഭിഷേകം ചോദിച്ചു വാങ്ങി പരിശുദ്ധാത്മാവിന്‍റെ സ്വരത്തിന് കാതോര്‍ത്ത് പരസ്പരം സന്ദേശങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഒരു വ്യാഴാഴ്ച ഗ്രൂപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ കൂട്ടായ്മയിലുള്ള ജോണിയച്ചന് ഒരു സന്ദേശം ലഭിച്ചു. “നിങ്ങള്‍ പഴയ ആദ്ധ്യാത്മികതയിലേക്ക് തിരികെ പോവുക.” സന്ദേശത്തിന്‍റെ വ്യാഖ്യാനം ചോദിച്ച് എല്ലാവരും ചേര്‍ന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ച നേരം, ആദ്യകാല ക്രൈസ്തവ സന്യാസിമാര്‍ പരിശീലിച്ചിരുന്ന പരിത്യാഗമെടുത്തുള്ള പ്രാര്‍ത്ഥനാരീതി തമ്പുരാന്‍ വെളിപ്പെടുത്തി.
നാം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. പ്രാര്‍ത്ഥനക്കും പരിത്യാഗപ്രവൃത്തികള്‍ക്കും ആശയടക്കത്തിനും ആത്മീയചര്യകള്‍ക്കും ഉപവാസത്തിനും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക സമയസ്ഥലസന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്ന സമയം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള തീരുമാനം. ഈ നോമ്പുകാലത്ത് കര്‍ത്താവ് നമ്മോട് ചോദിക്കുന്നത് മത്തായിയുടെ സുവിശേഷം 26/40 ല്‍ കാണുന്ന ചോദ്യമാണ്. “അനന്തരം അവന്‍ ശിഷ്യന്‍മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?” ഇത് ഒരു ചോദ്യത്തെക്കാളുപരി, അവന്‍റെ മനസ്സിന്‍റെ ആഗ്രഹമായിരുന്നു.
നമ്മുടെ വേദനയുടെ നിമിഷങ്ങളില്‍, ഏകാന്തത ഒരു നീരാളിയെപ്പോലെ വരിഞ്ഞു മുറുക്കുന്ന സമയത്ത് ഉള്ളിന്‍റെയുള്ളില്‍ നമുക്കും തോന്നാറില്ലേ? ഹൃദയത്തിന്‍റെ വലം കോണില്‍ ഒരു ആഗ്രഹം ഉയരാറില്ലേ? കണ്ണുകള്‍ നാലുപാടും തിരയാറില്ലേ- ഒറ്റപ്പെടലിന്‍റെ ഈ ഗദ്സമേനില്‍ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍!
അതെ, ഈ നോമ്പുകാലം നമ്മില്‍നിന്നും ചോദിക്കുന്നത് ഈ ഒരു മണിക്കൂറാണ്. എന്താണ് ഒരു മണിക്കൂര്‍?
ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നതുപോലെ, വിനോദയാത്രക്ക് സുഹൃത്തുക്കളെ വിളിച്ചുകൂട്ടുന്ന ആവേശത്തോടെ തന്‍റെ ശിഷ്യരെ വിളിച്ചുകൂട്ടി സഹനത്തിന്‍റെ വിരുന്നിലേക്ക് കടക്കുന്ന ഈശോ. വിരുന്നുശാലയുടെ വാതിലായിരുന്നു മാളിക മുറിയെങ്കില്‍ ഗദ്സമേന്‍ ഒരുക്കത്തിന്‍റെ ഇടമായിരുന്നു. കൈകള്‍ കഴുകി, മുഖമൊന്ന് ഒപ്പി വിവാഹവസ്ത്രം ധരിച്ച് വിരുന്നിനൊരുങ്ങാനുള്ള ഇടം. ഈ നോമ്പുകാലവും നമ്മോടു പറയുന്നത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കാനാണ്; അവനോടൊപ്പം, സഭയോടൊപ്പം, ജീവിതപങ്കാളിയോടും മക്കളോടുമൊപ്പം, സുഹൃത്തുക്കളോടൊപ്പം, ഒരുക്കത്തിന്‍റെ തോട്ടത്തില്‍ അല്പനേരമൊന്ന് ചെലവഴിക്കാനാണ്.
കാരണം, മത്തായി 26/46ല്‍ അവന്‍ അവരോട് പറഞ്ഞു, “എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം.” ഇന്ന് അവന്‍ നമ്മോടും യാത്രക്കൊരുങ്ങുവാന്‍ പറയുന്നു. വഴിയില്‍ ഒറ്റിക്കൊടുക്കപ്പെടുന്നതിന്‍റെ വ്യഥ അനുഭവിക്കേണ്ടിവന്നേക്കാം, ഏകാന്തതയുടെ തടവറകള്‍ നിന്നെ കാത്തിരിക്കുന്നുണ്ടാകാം, ഭാരം നിറഞ്ഞ കുരിശു മരങ്ങള്‍ ചുമലില്‍ വഹിക്കേണ്ടിവരും, ചമ്മട്ടിയടികളും മുള്‍മുടിയും ഏല്‍ക്കേണ്ടിവന്നേക്കാം, മനസ്സിലും ശരീരത്തിലും കൂര്‍ത്തു നീണ്ട ആണികള്‍ ആഴ്ന്നിറങ്ങിയേക്കാം, എന്നാല്‍ അവയ്ക്കെല്ലാം അപ്പുറം നിന്നെ കാത്ത് രക്ഷയുടെ ഉത്ഥാനമുണ്ട്. പിന്നെ ഒപ്പം നടക്കാന്‍ ഒരമ്മയും ചേര്‍ത്തു നിര്‍ത്താന്‍ അവനുമുണ്ട്.
രക്ഷയുടെ സ്ലീവാപ്പാത നമുക്ക് ആരംഭിക്കാം. ഈ നോമ്പ് അതിനുള്ള അവസരമാകട്ടെ. അതിനാല്‍ നീ പ്രാര്‍ത്ഥിച്ചൊരുങ്ങുക, ദൈവത്തിനൊരു പദ്ധതിയുണ്ട്. അതിനായി ഒരുക്കപ്പെടാന്‍, വെളിപാടുകളിലൂടെ അവന്‍ സംസാരിക്കാന്‍, മാലാഖയുടെ സ്വരം ശ്രവിക്കാന്‍, പ്രാര്‍ത്ഥനയോടെ ഏകാന്തതയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി നമുക്ക് കാത്തിരിക്കാം.
അപ്പന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കുന്ന ചാരിതാര്‍ത്ഥ്യത്തോടെ, രക്ഷാകര പദ്ധതി നിന്നിലൂടെ പൂര്‍ത്തിയാകുന്നതില്‍ ആനന്ദം അനുഭവിച്ച് നിന്‍റെ കാല്‍വരിയാത്രകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നിനക്ക് ജീവിതത്തില്‍ ഒരു ഒലിവുമലയും അതിലൊരു തോട്ടവുമുണ്ടാകണം. ഒപ്പം കൂട്ടാന്‍ ആളുകളുണ്ടാവണം. ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ്; ഭാര്യയെയും മക്കളെയും കൂട്ടി, ചില ഒലിവുമലകളിലേക്ക് യാത്രചെയ്യുന്ന എത്രപേരുണ്ട്? മകനോ മകള്‍ക്കോ ഒരു വിവാഹ ആലോചന വന്നു; ഇന്ന് രാവണയുന്ന നേരം, ഇടവക ദൈവാലയത്തിന്‍റെ പടികള്‍ കയറി ആ കല്‍വിളക്കില്‍ ഒരു തിരി തെളിച്ച് പ്രാര്‍ത്ഥിച്ചിട്ട് തീരുമാനം എടുക്കാം എന്ന് കരുതുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയില്‍? നമുക്ക് സ്വന്തമാക്കാം, പതിവുപോലെ പ്രാര്‍ത്ഥിക്കാന്‍ വരുന്നിടം. പ്രാര്‍ത്ഥന ചോദിക്കാന്‍ ചില വ്യക്തികള്‍, വിശുദ്ധര്‍; ഒരു പുരോഹിതന്‍, സന്യസ്ത, അപ്പന്‍, അമ്മ, സുഹൃത്ത്, ജീവിത പങ്കാളി അങ്ങനെ ഏതെങ്കിലും വ്യക്തികള്‍, അത്തരത്തിലുള്ള ഏതെങ്കിലും സ്ഥലങ്ങള്‍. അവിടെ അവന്‍ നിനക്കുവേണ്ടി മാലാഖമാരെ അയക്കും. കാസയെടുത്തുമാറ്റാനല്ല. കുടിച്ചു തീര്‍ക്കുവാനുള്ള കൃപയില്‍ നിന്നെ ശക്തിപ്പെടുത്താന്‍.
പ്രിയരേ, സഹനങ്ങളെ പാഴാക്കരുത്. വേദനകളെ പ്രാര്‍ത്ഥനകളാക്കുക. പരിത്യാഗം ജീവിത രീതിയാക്കുക. സഹനത്തിന്‍റ കാസയില്ലാത്ത ക്രിസ്തീയ ആത്മീയവിരുന്നുകള്‍ പൂര്‍ണ്ണമാവില്ലെന്ന് ഓര്‍ക്കുക. ഒരു നോവും വെറുതെയാകരുത്. ഹബക്കുക്ക് 3/17- “അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.” ജോബ് 19/ 26- “എന്‍റെ ചര്‍മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്ന് ഞാന്‍ ദൈവത്തെ കാണും.” ഈ വചനങ്ങള്‍ നമുക്ക് ശക്തിയാകട്ടെ.
അവസാനമായി, നീ ഒരു ഒലിവു മലയാകണം; നിന്‍റെ പങ്കാളിക്ക്, സഭക്ക്, സമൂഹത്തിന്, മക്കള്‍ക്ക്. ദൈവഹിതം അറിയാന്‍ ആത്മാവില്‍ ശക്തി സംഭരിക്കാന്‍ നിന്‍റെ സാമീപ്യം അനേകര്‍ക്ക് കാരണമാകട്ടെ.
കിനാവില്‍ ഒരു യാത്ര പോകാന്‍ ഞാന്‍ കൊതിച്ചു.
തോട്ടത്തില്‍ അവന്‍ തനിച്ചാണ്.
അവന്‍ പോലുമറിയാതെ,
ഒരു വിയര്‍പ്പു തുള്ളി സ്വന്തമാക്കണം.
രക്ത സ്നാനത്തിന്.
എന്നാല്‍ നിനവില്‍ അവന്‍ പറഞ്ഞു.
നിനക്കായി ഞാനെന്നും ബലിക്കല്ലില്‍
ഒരു കാസ നിറയ്ക്കുന്നുണ്ട്.
കല്ലേറു ദൂരത്തിനിപ്പുറം
ഞാന്‍ വിയര്‍ക്കുന്നുണ്ട്.
വരിക…സ്വന്തമാക്കുക…
'ജര്‍മനിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അല്‍ദോയുടെ ജോലി. ഒഴിവുസമയമെല്ലാം ഈ യുവാവ് ഒരു പുസ്തകം വായിക്കുന്നതുകണ്ട് ഉടമസ്ഥന്‍ ചോദിച്ചു: ‘ഇതെന്താണ് നീ എപ്പോഴും വായിക്കുന്നത്?’ ‘ഇത് ദൈവവചനമാണ്.’ അല്‍ദോ പറഞ്ഞു. ‘അത് നിനക്കെങ്ങനെയറിയാം. ദൈവമില്ലാതെ എങ്ങനെ വചനമുണ്ടാകും?’ അല്‍ദോ ആകാശത്തേക്ക് നോക്കിയിട്ട് ചോദിച്ചു, ‘സൂര്യനുണ്ടെന്ന് സാറിന് തെളിയിക്കാമോ?’
“അത് തെളിയിക്കാനെന്തിരിക്കുന്നു, സൂര്യന്‍റെ പ്രകാശം കാണുന്നുണ്ടല്ലോ, ചൂടും കിട്ടുന്നു. അതുതന്നെ തെളിവല്ലേ?’ ഉടമയുടെ മറുപടി. അല്‍ദോ പറഞ്ഞു: ‘ഈ ദൈവവചനം വായിക്കുമ്പോള്‍ നമ്മുടെ ആത്മാവിനും ബുദ്ധിക്കും വെളിച്ചവും ഹൃദയത്തിന് ആശ്വാസത്തിന്‍റെ ചൂടും ലഭിക്കുന്നു. അതുതന്നെ ദൈവമുണ്ടെന്നും ഇത് അവിടുത്തെ തിരുവചനമാണെന്നതിനും തെളിവാണല്ലോ.’
“വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു” (2തിമോത്തിയോസ് 3/16).
'ഒരു കുഗ്രാമത്തില്‍നിന്നു ബഹിരാകാശയാത്രയ്ക്ക് അവസരം ലഭിച്ച വ്യക്തിയായിരുന്നു മിക്ക്. അദേഹം വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ കാണാനെത്തി. അവരില്‍ ഒരു കൂട്ടം നിരീശ്വരവാദികളുമുണ്ടായിരുന്നു. അവര്‍ ചോദിച്ചു: “നിന്‍റെ യാത്രയ്ക്കിടയില്‍ എപ്പോഴെങ്കിലും ദൈവത്തെ കണ്ടുവോ?”
“ഉവ്വ്, ഞാന്‍ കണ്ടു,” മിക്ക് പറഞ്ഞു.
ഉടനെ നിരീശ്വരവാദികളുടെ സ്വരമുയര്‍ന്നു: “ഞങ്ങള്‍ക്കറിയാമായിരുന്നു അവിടെക്കാണുമെന്ന്. എന്നാല്‍ അതെങ്ങാനും പറഞ്ഞുനടന്നാല്‍ തന്നെ ഞങ്ങള്‍ ബാക്കിവച്ചേക്കില്ല.””
“ദൈവം സ്വര്‍ഗത്തില്‍നിന്ന് മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന ജ്ഞാനികളുണ്ടോയെന്ന് അവിടുന്ന് ആരായുന്നു” (സങ്കീര്‍ത്തനങ്ങള്‍ 53/2).
'എന്‍റെ ഭാര്യ ബ്രിജീത്തക്ക് പ്രമേഹമുള്ളതിനാല്‍ കയ്യിലുണ്ടായ ഒരു മുറിവ് പഴുത്ത് കണംകൈ മുഴുവന്‍ ജീര്‍ണിക്കുന്നതുപോലെയായി. പഴുപ്പ് നീക്കം ചെയ്തുകഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനായി മംഗലാപുരം ഫാ.മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇ.സി.ജി എടുത്തപ്പോള്‍ അതില്‍ ചെറിയ വ്യത്യാസം കണ്ടു. സ്കാന്‍ ചെയ്തപ്പോള്‍ ഹൃദയത്തിന് തകരാര്‍ ഉണ്ടെന്നും അതിനാല്‍ സര്‍ജറി ചെയ്യാന്‍ സാധിക്കുകയില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ഒരു മാസക്കാലം ഹൃദയത്തിന്‍റെ തകരാറിന് ചികിത്സ നല്കി. രക്തം കുറവായതിനാല്‍ രണ്ട് കുപ്പി രക്തം കയറ്റി. പക്ഷേ പുതിയ രക്തത്തോട് ശരീരം നെഗറ്റീവായാണ് പ്രതികരിച്ചത്. ഹൃദയമിടിപ്പ് വര്‍ധിച്ചു, ശരീരം തളര്‍ന്നു. വയര്‍ വീര്‍ത്ത് ശ്വാസതടസം നേരിട്ടു. ഡോക്ടര്‍മാര്‍ രോഗിയെ ഐ.സി.യുവിലേക്ക് മാറ്റി.
അങ്ങനെ ആകെ തളര്‍ന്നിരുന്ന സമയത്ത് എന്നോട് പെട്ടെന്ന് ദൈവം സംസാരിക്കുന്ന അനുഭവം, “ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1/37). എങ്കിലും അസ്വസ്ഥതയോടെയാണ് ഐ.സി.യുവിന്‍റെ മുന്നിലിരുന്നത്. പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവവചനത്തിലൂടെ അവിടുന്ന് വീണ്ടും സംസാരിച്ചു, “യോഹന്നാന്‍ 14/1- നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍.”
ആ സ്വരം ഞാന്‍ ഹൃദയപൂര്‍വം സ്വീകരിച്ചു. അതിനെത്തുടര്‍ന്ന് നാലാം ദിവസം എന്‍റെ ഭാര്യ സൗഖ്യപ്പെട്ടുതുടങ്ങി. അവളെ വാര്‍ഡിലേക്ക് മാറ്റി. അപ്പോള്‍ത്തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു, ഈ രോഗസൗഖ്യം ഇടവകദൈവാലയത്തിലും ശാലോം മാസികയിലും സാക്ഷ്യപ്പെടുത്തുമെന്ന്.
പിന്നീട് ഹൃദയമിടിപ്പ് സാധാരണനിലയില്‍ ആയപ്പോള്‍ കൈയുടെ സര്‍ജറി നടത്തുകയും ചെയ്തു. എന്‍റെ ഭാര്യയെ സൗഖ്യപ്പെടുത്തിയ ദൈവത്തിന് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു.
'പാരീസിലെ കത്തോലിക്ക ദൈവാലയത്തിന്‍റെ വാതില്‍പ്പടിയിലേക്ക് കാലെടുത്തുവച്ചതാണ് പ്രൊഫസര്‍ നോക്സ് പേടന്‍. ആ നിമിഷം കറന്‍റടിക്കുന്ന ഒരനുഭവം! അപ്പോള്‍ ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കുകയായിരുന്നു. പ്രെസ്ബിറ്റേറിയന്‍ സഭാംഗമായിരുന്ന പ്രൊഫസര്‍ നോക്സ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദൈവാലയത്തിലേക്ക് ആദ്യമായിട്ടാണ് കയറുന്നത്. ആ ഒരു നിമിഷംകൊണ്ടുതന്നെ അദ്ദേഹം മാനസാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ പ്രശസ്ത ക്വീന്‍ലാന്‍റ് സര്‍വകലാശാല പ്രൊഫസറായ നോക്സ് 2018ല്‍ അവധി ആഘോഷിക്കുന്നതിനാണ് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ കുടുംബസമേതം എത്തിയത്. ചരിത്രകാരന്‍, തത്വശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.
വഴിയിലൂടെ നടന്നുപോകുമ്പോള്‍ യാദൃശ്ചികമായിട്ടാണ് അന്ന് ആ കത്തോലിക്കാ ദൈവാലയത്തില്‍ കയറിയത്. അദ്ദേഹം പി.എച്ച്.ഡി പഠനം നടത്തിയത് പാരീസിലാണ്. തന്‍റെ പഠനകാലത്ത് അനേകം തവണ ആ ദൈവാലയത്തിന്‍റെ സമീപത്തുകൂടി അദ്ദേഹം നടന്നുപോയിട്ടുണ്ട്. അന്നൊന്നും ദൈവാലയത്തില്‍ കയറണമെന്ന ചിന്ത തനിക്ക് ഉണ്ടായില്ലെന്നത് വലിയ നഷ്ടമായിട്ടാണ് പ്രൊഫസര്‍ ഇപ്പോള്‍ കാണുന്നത്. അല്ലെങ്കില്‍ എത്രയോ മുമ്പേ തനിക്ക് ദിവ്യകാരുണ്യനാഥനെ സ്വന്തമാക്കുവാന്‍ കഴിയുമായിരുന്നു എന്നാണ് ഇപ്പോള്‍ ഈ ചരിത്രകാരന്‍റെ പക്ഷം.
'എനിക്ക് സെപ്റ്റംബര്‍ മാസം ശക്തമായ തലവേദന വന്നു. തല വല്ലാതെ വിങ്ങുന്ന തരം വേദന. കഫക്കെട്ടും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്ര മരുന്ന് പുരട്ടിയിട്ടും തലവേദന മാറിയില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ വേദന തുടങ്ങും. ആ അവസ്ഥ തുടര്‍ന്നപ്പോള്‍ എന്‍റെ തലവേദന മാറിയാല്‍ ശാലോമില്‍ സാക്ഷ്യം അറിയിക്കാമെന്ന് ഞാന്‍ ഈശോയോട് പറഞ്ഞു. എന്‍റെ അപ്പച്ചന്‍ ശാലോം ഏജന്‍റായതിനാല്‍ ശാലോം പ്രസിദ്ധീകരണങ്ങള്‍ ഞാന്‍ മുടങ്ങാതെ വായിക്കാറുണ്ട്. അതിനുശേഷം സെപ്റ്റംബര്‍ 20 ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ വൈദികന്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം ഈശോയുടെ തിരുശരീരരക്തം ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും അലിഞ്ഞിറങ്ങണേ എന്ന് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഞാനും അതോടുചേര്‍ന്ന് ഈശോയോട് യാചിച്ചു. അപ്പച്ചനും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. സെപ്റ്റംബര്‍ 20 ന് രാത്രി കിടക്കുമ്പോഴും എനിക്ക് തലവേദന ഉണ്ടായിരുന്നു. പക്ഷേ പിറ്റേദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ ഈ നിമിഷം വരെ എനിക്ക് തലവേദന ഉണ്ടായിട്ടില്ല. ഈശോ എനിക്ക് പൂര്‍ണസൗഖ്യം നല്‍കി അനുഗ്രഹിച്ചു.
'നാലുവയസ് പ്രായമുള്ള ജോണിന് മരണകരമായ ഒരസുഖം. പിതാവ് ജിയോവാനി ഫിദോസായ്ക്കും മാതാവായ മറിയാറിത്തെല്ലിക്കും വളരെ സങ്കടമായി. 1225 കാലഘട്ടത്തില്‍ മധ്യ ഇറ്റലിയില്‍ ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ ജീവിതവും അദ്ദേഹത്തിന്‍റെ സന്യാസസഭയും ജനങ്ങളെ മുഴുവന്‍ ആകര്‍ഷിച്ചുതുടങ്ങിയ കാലം. ഒരു ദിവസം അടുത്ത പട്ടണത്തില്‍ ഫ്രാന്‍സിസ് അസ്സീസ്സി പ്രസംഗിക്കാനെത്തുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ കുട്ടിയെയും കൂട്ടി അദ്ദേഹത്തെ സമീപിച്ചു.
വിശുദ്ധന്‍ കുട്ടിയുടെ നെറ്റിയില്‍ കുരിശടയാളം വരച്ചിട്ട് പറഞ്ഞു, ‘ഓ, ബൊനെ വെന്തൂരാ!’ – ഓ, നല്ല കാലം വരുന്നു! പെട്ടെന്നുതന്നെ കുട്ടി സൗഖ്യപ്പെട്ടു. പിന്നീട് ബൊനെവെന്തൂരാ എന്നത് അവന്‍റെ പേരായി മാറി. വളര്‍ന്നപ്പോള്‍ അവന്‍ ഫ്രാന്‍സിസ്കന്‍ ഒന്നാം സഭയില്‍ ചേര്‍ന്നു. മെത്രാനും കര്‍ദിനാളുമായിത്തീര്‍ന്നു. അതിനെക്കാളുപരി, പില്ക്കാലത്ത് വിശുദ്ധനും തുടര്‍ന്ന് വേദപാരംഗതനുമായി ഉയര്‍ത്തപ്പെട്ടു.
അത്ഭുതങ്ങള്‍ ദൈവരാജ്യത്തിന്‍റെ അടയാളങ്ങളാണ്, വിശുദ്ധിയിലേക്കുള്ള ക്ഷണമാണ്. യേശു ശിഷ്യന്‍മാരെ അയക്കുമ്പോള്‍ നല്കുന്ന നിര്‍ദേശം ശ്രദ്ധിക്കാം, “നിങ്ങള്‍ പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍” (മത്തായി 10/7-8).
'
അന്ന് സന്യാസസമൂഹത്തിന്‍റെ കുമ്പസാരദിവസമായിരുന്നു. ഞാന്‍ കുമ്പസാരിക്കാന്‍ പോയപ്പോള്‍ എന്‍റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു, ആ വൈദികന്‍ (ഫാ. സൊപോച്കോ) കര്‍ത്താവ് നേരത്തേ എന്നോട് പറഞ്ഞ അതേ വാക്കുകള്‍തന്നെ എന്നോട് ആവര്‍ത്തിച്ചു.
അദ്ദേഹം പറഞ്ഞ ജ്ഞാനവചസുകള്‍ ഇങ്ങനെയായിരുന്നു, “ദൈവതിരുമനസ് നിവര്‍ത്തിയാക്കുന്ന മൂന്ന് രീതികളുണ്ട്; ഒന്ന്, ബാഹ്യമായ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും ആത്മാവ് നിവര്‍ത്തിക്കുന്നു. രണ്ട്, ആന്തരികമായ പ്രേരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവ് വിശ്വസ്തതയോടെ അവയെ പാലിക്കുന്നു. മൂന്നാമത്, ആത്മാവ് തന്നെത്തന്നെ ദൈവതിരുമനസിന് വിട്ടുകൊടുത്തുകൊണ്ട്, സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ദൈവത്തെ അനുവദിക്കുന്നു. ദൈവം തന്‍റെ ഇഷ്ടപ്രകാരം അതിനോട് പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കരങ്ങളില്‍ ഇണക്കമുള്ള ഉപകരണമായി അത് തീരുന്നു.” ദൈവതിരുമനസ് നിറവേറ്റുന്നതില്‍ രണ്ടാം ഗണത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നതെന്നും ഇനിയും മൂന്നാം ഗണത്തിലേക്ക് എത്തിയിട്ടില്ലെന്നും അതിനായി പരിശ്രമിക്കണമെന്നും ആ വൈദികന്‍ പറഞ്ഞു. ഈ വാക്കുകള്‍ എന്‍റെ ആത്മാവില്‍ തുളഞ്ഞുകയറി. എന്‍റെ ആത്മാവിന്‍റെ ആഴങ്ങളില്‍ സംഭവിക്കുന്നവയെപ്പറ്റി പലപ്പോഴും വൈദികന് ദൈവം പരിജ്ഞാനം നല്കുന്നതായി ഞാന്‍ വ്യക്തമായി മനസിലാക്കുന്നു. ഇത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മറിച്ച്, ഇപ്രകാരമുള്ള വ്യക്തികളെ ദൈവം തിരഞ്ഞെടുത്തതിന് ഞാന്‍ നന്ദി പറയുന്നു.
'
നവീകരണാനുഭവത്തില്‍ വന്ന ഒരു സഹോദരിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ സ്വരം ഇപ്രകാരം പറഞ്ഞു:
“എന്‍റെ മകളേ, 17 വര്‍ഷം മുമ്പ് ഒരു ദിവസം നീ മൂന്നിടങ്ങഴി മാവ് കുഴച്ചുവച്ചില്ലേ? പിറ്റേ ദിവസം രാവിലെ കുഴച്ച മാവ് അപ്പമാക്കുന്നതിനുവേണ്ടി നീ ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ അത് പെട്ടെന്ന് കരിഞ്ഞുപോയി. പല പ്രാവശ്യം നീയിങ്ങനെ ആവര്‍ത്തിച്ചെങ്കിലും അപ്പോഴെല്ലാം കരിഞ്ഞുപോയതുകൊണ്ട് പിറുപിറുപ്പോടെ നീ ബാക്കി പുളിമാവ് എടുത്തുകൊണ്ടുപോയി തെങ്ങിന്‍ചുവട്ടില്‍ മറിച്ചുകളഞ്ഞില്ലേ? അത് നന്മയ്ക്കുവേണ്ടിയായിരുന്നു എന്ന് നീ അറിഞ്ഞില്ല. നീ കുഴച്ചുവച്ച മാവില്‍ ആ രാത്രി എട്ടുകാലിവിഷം വീണിരുന്നു. അത് അപ്പമായി രൂപപ്പെട്ടിരുന്നുവെങ്കില്‍ നീയും നിന്‍റെ കുടുംബാംഗങ്ങളും അത് ഭക്ഷിക്കുകയും അതുവഴി രോഗങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.” ദൈവത്തിന്‍റെ ഈ സ്നേഹത്തെക്കുറിച്ച് കേട്ട നിമിഷംതന്നെ ആ സഹോദരിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ കര്‍ത്താവിന് നന്ദി പറഞ്ഞു.
ഒരുപക്ഷേ ഇവിടെ ഒരു സംശയം ഉയര്‍ന്നുവരാം. ‘എങ്കില്‍പ്പിന്നെ ദൈവത്തിന് ആ പുളിമാവില്‍ എട്ടുകാലിവിഷം വീഴാതെ നോക്കാമായിരുന്നില്ലേ’ എന്ന്. അതിനുത്തരം ദൈവത്തിന്‍റെ പദ്ധതികള്‍ മനുഷ്യബുദ്ധിക്ക് മനസിലാക്കാന്‍ പ്രയാസമാണ് എന്നതാണ്. ഇത്തരത്തിലുള്ള അനേകം സംഭവങ്ങളിലൂടെ “ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8/28) എന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
'
നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരനുഭവം.
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനുഭവമാണ്. ആദ്യമായി കേരളത്തിനു വെളിയില്‍ ഒരു ശുശ്രൂഷയ്ക്കായി ഞാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. “നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി തയാറാവുക. ഗാനശുശ്രൂഷയും സ്തുതിയാരാധനയും ചെയ്യേണ്ടത് ഷാനവാസാണ്.” ഗ്രൂപ്പ് ലീഡര്‍ അറിയിച്ചു. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അന്നും ഇന്നും സുവിശേഷ യാത്രകള്‍ വലിയ ആനന്ദം നല്‍കുന്നവയാണ്. പുതിയ അഭിഷേകവും ശക്തിയും ലഭിക്കുവാനായി പ്രാര്‍ത്ഥനകള്‍ തുടങ്ങി. പക്ഷേ ഒരു കുറവുണ്ട്, എനിക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. ആകെ ഉള്ളത് ഒരു കറുത്ത പാന്‍റ്സും രണ്ടു ഷര്‍ട്ടുമാണ്. പിന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുവാന്‍ പഴയ ഒരു ജീന്‍സും ടീ ഷര്‍ട്ടുമുണ്ട്. പുതിയ ഡ്രസുകള്‍ വാങ്ങുവാന്‍ കൈയില്‍ പണമില്ല. അന്നത്തെ എന്‍റെ അവസ്ഥയില്‍ ചോദിച്ചാല്‍ ആരും കടം തരികയുമില്ല. അങ്ങനെ വലിയ സന്തോഷത്തിനിടയില്‍ സങ്കടം കയറിവന്നു.
എന്തായാലും ദിവസങ്ങള്‍ ഉണ്ടല്ലോ, ദൈവം എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഉള്ള ഡ്രസുമായി യാത്ര തിരിക്കേണ്ടി വന്നു. അങ്ങനെ മഹാനഗരമായ ഡല്‍ഹിയിലെത്തി. പുതിയ ജനം, പുതിയ കാഴ്ചകള്‍, പുതിയ അഭിഷേകം – അതായിരുന്നു അവിടെ നടന്ന ശുശ്രൂഷകളുടെ ആകെയുള്ള വിലയിരുത്തല്‍. എല്ലായിടവും വലിയ വേദികള്‍തന്നെ. വന്‍ ജനാവലി എല്ലായിടത്തും ഉണ്ടായിരുന്നു. നമ്മുടെ ദൈവത്തിന്‍റെ മഹത്വം ഇറങ്ങിവന്ന ശുശ്രൂഷകള്‍, സ്തുതി ആരാധനകള്‍, രോഗശാന്തികള്‍. എല്ലാം നേരിട്ടു കാണുവാനും അതിന് നേതൃത്വം കൊടുക്കുവാനും നല്ല ദൈവം എനിക്കും കൃപ തന്നു.
ഓരോ സ്ഥലങ്ങളിലും ശുശ്രൂഷകള്‍. ഒരു പാന്‍റ്സ് മൂന്നു ദിവസം ഉപയോഗിച്ച് രാത്രിയില്‍ കഴുകിയിടും. പിറ്റേന്ന് രാവിലെ തേച്ച് വീണ്ടും ഉപയോഗിക്കും. ഷര്‍ട്ടിന്‍റെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ പലപ്പോഴും ജനത്തിന്‍റെ കൂടെ ഇറങ്ങി നൃത്തം ചെയ്ത് പാടേണ്ട സമയങ്ങളുമുണ്ടായി. അങ്ങനെ ഒരു വേദിയില്‍വച്ച് പാന്‍റ്സിന്‍റെ അടിഭാഗം കുറച്ച് കീറാനിടയായി. അന്ന് ഞാന്‍ ശരിക്കും വിഷമിച്ചു. ജനം നല്ല കൃപയില്‍ ആയതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷേ എനിക്കത് ഭയത്തിന് കാരണമായി. താമസസ്ഥലത്ത് വന്ന് കീറിയ ഭാഗം തുന്നി വച്ചെങ്കിലും എന്‍റെ ആകുലത വര്‍ധിച്ചു എന്നു പറയാം. “ദൈവമേ, ഇനിയെങ്ങനെ മുമ്പോട്ടു പോകും, ജനത്തിന്‍റെ ഇടയില്‍വച്ച് പാന്‍റ്സ് കീറിപ്പോകുമോ?” അങ്ങനെ സംഭവിച്ചാല്‍ ആകെ നാണക്കേടാകുമല്ലോ. ഒരു പരിഹാരം കാണുന്നില്ലല്ലോ, ആരോടു പറയും. ധ്യാനങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു. ഒരു വല്ലാത്ത പരീക്ഷണ സമയമായിരുന്നു അത്. എങ്കിലും ഈശോയെ ഞാന്‍ മുറുകെ പിടിച്ചു. പാന്‍റ്സ് കീറാതെ നോക്കണേ എന്നായിരുന്നു ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന. ആ യാചന ഈശോ കേട്ടു.
അതിനിടെയാണ് ഞങ്ങള്‍ ഒരു മാമോദീസയ്ക്ക് ക്ഷണിക്കപ്പെട്ടത്. ഡല്‍ഹിയിലെ പ്രോഗ്രാമുകളിലെല്ലാം വരുന്ന ഒരു സഹോദരന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ മാമോദീസ. ധ്യാനത്തിന്‍റെ ഇടയില്‍ ഒരു സന്ധ്യാസമയത്താണ് ആ മാലാഖക്കുഞ്ഞിന്‍റെ മാമോദീസ നടന്നത്. ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം വലിയൊരു ഹോട്ടലില്‍ അവര്‍ അതിഥികള്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു. പിന്നീട് ഞങ്ങളെ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അത്ഭുതം സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
അവര്‍ ഞങ്ങളെ കൊണ്ടുപോയത് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ വലിയൊരു കടയിലേക്കാണ്. വിശാലമായ ഹാളില്‍ കയറി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, “ഇവിടെനിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ജോഡി ഡ്രസ് എടുക്കാം. അതായത് ഒരു പാന്‍റ്സും ഒരു ഷര്‍ട്ടും. വിലയൊന്നും നോക്കണ്ട, എല്ലാം ഈശോ തരുന്നതാണ്.” എന്‍റെ കാല്‍പാദത്തിന്‍റെ അടിയില്‍നിന്നും ഒരു തരം ഷോക്ക് ശരീരം മുഴുവന്‍ നിറഞ്ഞു. അവിടെനിന്നും വിളിച്ചു പറയാന്‍ തോന്നി, എന്‍റെ ദൈവം നമ്മുടെ ഈശോ ജീവിക്കുന്നുവെന്ന്. എങ്കിലും ആ ആവേശം ഉള്ളിലൊതുക്കി ഞാന്‍ ശാന്തനായി നിന്നു. ടീമില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാവരും അധികം വില വരാത്ത എന്നാല്‍ നല്ല വസ്ത്രങ്ങളാണ് എടുത്തത്. ഞാനും ഇഷ്ടം തോന്നിയ പാന്‍റ്സും ഷര്‍ട്ടും എടുത്തു. അങ്ങനെ ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി.
പിന്നീട് നടന്ന ധ്യാനങ്ങളില്‍ ഞാന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഗാനശുശ്രൂഷയ്ക്കായി കയറിയത്. പുതിയ പാന്‍റ്സും ഷര്‍ട്ടും ധരിച്ച് പാടിയപ്പോള്‍ പുതിയ അഭിഷേകം തരുവാനും ഈശോ മറന്നില്ല.
അന്ന് ‘എന്‍റെ പാന്‍റ്സ് കീറാതെ നോക്കണേ ഈശോയേ’ എന്ന പ്രാര്‍ത്ഥന കേള്‍ക്കുക മാത്രമല്ല അവിടുന്ന് ചെയ്തത് മറിച്ച്, പുതിയ വസ്ത്രങ്ങള്‍ തന്നുകൊണ്ട് എന്നെ അനുഗ്രഹിച്ചു. കൂടാതെ, ഇന്ന് നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള കൃപയും ഈശോ എനിക്ക് തന്നു. അതെല്ലാം ഈശോയുടെ ദാനമാണ്, സമ്മാനമാണ്. അതെ നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തും. ഹൃദയത്തില്‍ നിന്നുള്ള ഒരു വിളി അതുമാത്രം മതി അവിടുത്തേക്ക്. ദൈവരാജ്യത്തിനായി നാം സമര്‍പ്പിക്കുന്നതെല്ലാം ഇരട്ടി അനുഗ്രഹമായി മാറ്റുകതന്നെ ചെയ്യും.
മത്തായി 6/33 നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” ډ
'
കോണ്‍വെന്‍റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ, വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ തീര്‍ത്തു പറഞ്ഞു. അവള്‍ക്ക് വലിയ സങ്കടമായി. എന്നാലും വേണ്ടില്ല, വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാമല്ലോ. അങ്ങനെ ആശ്വസിച്ചെങ്കിലും ഏറെ കുടുംബാംഗങ്ങളും നിരവധി ജോലിക്കാരുമുള്ള ആ വലിയ കുടുംബത്തില്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമൊന്നും സാഹചര്യം ഉണ്ടായിരുന്നില്ല. ഇനി എന്തുചെയ്യും? ഈശോയോടുതന്നെ ചോദിക്കാം. അവള്‍ തന്‍റെ ഉറ്റ കൂട്ടുകാരനായ ഈശോയുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അവിടുന്ന് നല്കിയ പ്രചോദനമനുസരിച്ച്, വീട്ടിലെ നിസാരമെന്നു തോന്നുന്ന ജോലികള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ അവള്‍ ആരംഭിച്ചു; സിയന്നയിലെ വിശുദ്ധ കാതറിന്‍.
കുലീന കുടുംബാംഗമായിരുന്നെങ്കിലും വിറകുവെട്ടുക, വെള്ളം കോരുക, അപ്പം ചുടുക, തീ കത്തിക്കുക മുതലായ ജോലികളില്‍ അവള്‍ വ്യാപൃതയായി. എന്നാല്‍ കാതറിന്‍ ഇവ ചെയ്തത്, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ ആയിരുന്നില്ല, ദൈവസ്നേഹത്താല്‍ ഉജ്ജ്വലിക്കുന്ന ഒരു ഹൃദയത്തോടെയായിരുന്നു അവളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ഈശോയോട് സംസാരിച്ചുകൊണ്ട്, പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടും മാലാഖമാരോടുമൊക്കെ കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പമെന്നപോലെ ‘എന്‍ജോയ്’ ചെയ്താണ് അവള്‍ ഓരോ നിമിഷവും ചെലവഴിച്ചത്. അതുകൊണ്ടുതന്നെ രാത്രിസമയങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് ലഭിച്ചിരുന്ന ദൈവസ്നേഹാനുഭവം പകല്‍ ജോലികളില്‍ ആയിരിക്കുമ്പോഴും കാതറിന് ലഭിച്ചുകൊണ്ടിരുന്നു.
പിതാവിനുള്ള ഭക്ഷണം തയാറാക്കുമ്പോള്‍, മര്‍ത്തായെപ്പോലെ ഈശോയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതുതന്നെയായിട്ടാണ് അവള്‍ നിര്‍വഹിച്ചത്. സ്വന്തം അമ്മയെ പരിശുദ്ധ ദൈവമാതാവായിട്ടും സഹോദരന്മാരെ വിശുദ്ധ അപ്പസ്തോലന്മാരായിട്ടുമാണ് വിശുദ്ധ കാതറിന്‍ ദര്‍ശിച്ചത്. അപ്രകാരം അവള്‍ സ്വര്‍ഗത്തിലെ ശുശ്രൂഷകയായി, സ്വര്‍ഗവാസികളെ ഭൂമിയില്‍വച്ചുതന്നെ ശുശ്രൂഷിക്കുന്ന ആത്മീയ അനുഭവം സ്വന്തമാക്കുകയും ചെയ്തു. ഇപ്രകാരമുള്ള തന്‍റെ എളിയ പ്രവൃത്തികള്‍ ദൈവത്തെ ഏറെ സന്തോഷിപ്പിക്കുന്നു എന്ന് അവള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് അവയെല്ലാം അനിതരസാധാരണമായ ആനന്ദമാണ് നല്കിക്കൊണ്ടിരുന്നത്.
നമ്മുടെ പ്രവൃത്തികള്‍ എത്ര നിസാരങ്ങളായിരുന്നാലും അവ ദൈവത്തെ ശുശ്രൂഷിക്കുന്നതായി നിര്‍വഹിക്കാന്‍ സാധിച്ചാല്‍ അവ ഏറ്റം ശ്രേഷ്ഠവും നമുക്കുതന്നെ ആവേശകരവുമായിരിക്കും. ദൈവത്തെ സേവിക്കുന്നതിനുള്ള അസാധാരണമായ മാര്‍ഗങ്ങള്‍ പൊതുവേ എല്ലാവര്‍ക്കും ലഭിക്കാറില്ല. എന്നാല്‍ സിയന്നായിലെ വിശുദ്ധ കാതറിനെപ്പോലെ അനുദിനജോലികള്‍ക്കിടയില്‍ ദൈവത്തെ സ്നേഹിച്ചും അവിടുത്തോട് സംസാരിച്ചും ദൈവത്തിനുവേണ്ടിയും ചെയ്യുവാനുള്ള അവസരം ഏവര്‍ക്കും സുലഭമാണ്.
അല്പകാര്യങ്ങളില്‍ വിശ്വസ്തന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കുമെന്നാണല്ലോ ഈശോ അരുള്‍ചെയ്തിട്ടുള്ളത്. അതിനാല്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും അഭിമാനകരമോ അല്ലെങ്കില്‍ അപമാനകരമോ ആയ ഏതു പ്രവൃത്തി ചെയ്യുകയാണെങ്കിലും അത് ദൈവനാമത്തില്‍ ദൈവമഹത്വത്തിനായി നിര്‍വഹിച്ചാല്‍ നിശ്ചയമായും ദൈവതിരുസന്നിധിയില്‍ നാം വിലമതിക്കപ്പെടും. മാത്രമല്ല, അത് നമ്മുടെയും മറ്റുളളവരുടെയും ആത്മരക്ഷക്ക് നിദാനമാകുകയും ചെയ്യും. എല്ലാറ്റിനും ഉപരി ഇത് ദൈവഹിതമാണെന്നതാണ് പരമപ്രധാനം. ډ
'