- Latest articles
ഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്‍റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, “അയ്യോ, ഞാനെന്‍റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!”
ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്‍റെ സ്വരം, “ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!” അവന്‍ വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ നടന്നുപോയി ഇരയെടുത്തുകൊണ്ട് തിരികെയെത്തി. ഇതുകണ്ട് രണ്ടാമത്തെ ശിഷ്യന് വളരെയധികം അസൂയ തോന്നി. അതോടൊപ്പം അഹങ്കാരവും, “ഇവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വെള്ളത്തിനുമുകളിലൂടെ നടക്കാമെന്നോ? ഞാനത്ര മോശക്കാരനൊന്നുമല്ല, എനിക്കും സാധിക്കും.” അവന്‍ ചിന്തിച്ചു.
“ഞാന്‍ പോയി മീന്‍ ശേഖരിക്കാനുള്ള പാത്രം എടുത്തിട്ടുവരാം.” അതുപറഞ്ഞ് വെള്ളത്തിലിറങ്ങി നടക്കാന്‍ ശ്രമിച്ചതേ അവന്‍ മുങ്ങാന്‍ തുടങ്ങി. ഗുരുവും സഹശിഷ്യനും ചേര്‍ന്ന് ഒരു വിധത്തില്‍ അവനെ വലിച്ച് വഞ്ചിയില്‍ കയറ്റി. വഞ്ചിയിലിരുന്ന് അവന്‍ ശ്വാസം ആഞ്ഞുവലിക്കവേ ഗുരു മറ്റേ ശിഷ്യനോട് ചോദിച്ചു, “തടാകത്തില്‍ എവിടെയൊക്കെയാണ് നിലയുറപ്പിക്കാനുള്ള കല്ലുകള്‍ ഉള്ളതെന്ന് ഇവന് അറിയില്ലായിരുന്നു അല്ലേ?”
“അഹങ്കാരത്തിന്‍റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും” (സുഭാഷിതങ്ങള്‍ 11/2)
'1861 ആഗസ്റ്റ് 27-ന് ദിവ്യകാരുണ്യ ആശീര്‍വാ ദ സമയം വിശുദ്ധ ആന്‍റണി മേരി ക്ലാരറ്റിന് വലിയൊരു വെളിപാട് ലഭിച്ചു. അക്കാലത്ത് സ്പെയിനെ ഭീഷണിപ്പെടുത്തിക്കൊണ്ടണ്ടിരുന്ന മൂന്ന് വലിയ തിന്മകളാണ് അദ്ദേഹത്തിന് വെളിപ്പെട്ടുകിട്ടിയത്. ഈ മൂന്നു തിന്മകളെ പരാജയപ്പെടുത്താനുള്ള സ്വര്‍ഗത്തിന്‍റെ വഴികളും വെളിപ്പെട്ടുകിട്ടി. പരിശുദ്ധനായ ദൈവമേ എന്നാരംഭിക്കുന്ന ത്രൈശുദ്ധ കീര്‍ത്തനം, ദിവ്യകാരുണ്യം, ജപമാല എന്നിവയിലൂടെ വേണം ദേശത്തിന്‍റെ തിന്മകളെ കീഴടക്കാന്‍ എന്നതായിരുന്നു ദര്‍ശനം. തിന്മകളെ അത്ഭുതകരമായി കീഴടക്കാനുള്ള അഭിഷേകവും ശക്തിയും ദൈവികജ്ഞാനവും നമുക്ക് നല്‍കുന്നത് ദിവ്യകാരുണ്യമാണ്.
'ഒക്ടോബര്‍ 11, 1933 – വ്യാഴം – വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്‍റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്‍റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍, അല്ല മല്‍പിടുത്തത്തിന്‍റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്‍റെ ആന്തരികസഹനം കൂടിവന്നു. വലിയ വിരസതയും വരള്‍ച്ചയും എനിക്ക് അനുഭവപ്പെട്ടു. മൂന്നാമത് ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. ഈ മണിക്കൂര്‍ യാതൊരു താങ്ങുമില്ലാതെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ശരീരം വിശ്രമത്തിനായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ ഒരു വിധത്തിലും കീഴ്പ്പെട്ടില്ല. കൈകള്‍ വിരിച്ചുപിടിച്ചു. ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിലും മനോധൈര്യത്തോടെ പിടിച്ചുനിന്നു. കുറച്ചുസമയത്തിനുശേഷം, എന്‍റെ മോതിരം ഊരിയെടുത്ത് ഈശോയോടുള്ള നിത്യഐക്യത്തിന്‍റെ അടയാളമായ അതിലേക്കു നോക്കാന്‍ ഞാന്‍ ഈശോയോട് ആവശ്യപ്പെട്ടു. നിത്യവ്രതവാഗ്ദാനത്തിന്‍റെ ദിവസം എനിക്കുണ്ടായ വികാരവായ്പുകളെ ഈശോയ്ക്കു സമര്‍പ്പിച്ചു. കുറച്ചുസമയത്തിനുശേഷം എന്‍റെ ഹൃദയം സ്നേഹത്തിന്‍റെ തിരമാലയുടെ തരംഗങ്ങളാല്‍ പൂരിതമായി; ആത്മാവിന്‍റെ പെട്ടെന്നുള്ള പ്രവര്‍ത്തനം, ഇന്ദ്രിയങ്ങള്‍ ശാന്തമായി, എന്‍റെ ആത്മാവ് ദൈവസാന്നിധ്യത്താല്‍ പൂരിതമായി. എനിക്ക് ഇത്രമാത്രം അറിയാം: ഈശോയും ഞാനും മാത്രമായിരുന്നു അപ്പോള്‍.
എന്‍റെ നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് തിരു മണിക്കൂര്‍ ആരാധന നടത്തിയപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടപോലെ, ഈശോ എന്‍റെ സമീപം നില്‍ക്കുന്നതായി ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടും ശരീരം മുഴുവനും മുറിവിനാല്‍ ആവരണം ചെയ്യപ്പെട്ടും നയനങ്ങള്‍ രക്തത്താലും കണ്ണീരാലും നിറഞ്ഞൊഴുകിയും വിരൂപമാക്കപ്പെട്ട മുഖം തുപ്പലുകളാല്‍ ആവൃതമായും ഈശോ എന്‍റെ മുമ്പില്‍ നിന്നു. അപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു: മണവാട്ടി മണവാളന് സദൃശ്യയായിരിക്കണം. ആ വാക്കുകളുടെ അര്‍ത്ഥത്തിന്‍റെ വ്യാപ്തി എനിക്ക് മനസിലായി. ഇവിടെ ഒരു സംശയത്തിനും ഇടമില്ലായിരുന്നു. സഹനത്തിലും എളിമയിലുമാണ് ഈശോയുമായി സാദൃശ്യം പ്രാപിക്കേണ്ടത്.
കാണുക, മനുഷ്യരോടുള്ള സ്നേഹം എന്നോടെന്താണ് ചെയ്തത്? എന്‍റെ മകളേ, വളരെ ആത്മാക്കള്‍ എനിക്കു നിരസിക്കുന്നതെല്ലാം ഞാന്‍ നിന്‍റെ ഹൃദയത്തില്‍ കണ്ടെത്തുന്നു. നിന്‍റെ ഹൃദയം എന്‍റെ വിശ്രമസ്ഥലമാണ്. പലപ്പോഴും പ്രാര്‍ത്ഥനയുടെ അവസാനംവരെ ഞാന്‍ വലിയ കൃപകളുമായി കാത്തുനില്‍ക്കുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
'ഞാന്‍ ശാലോമിന്‍റെ വായനക്കാരിയും അതോടൊപ്പം ഏജന്‍റുമാണ്. രണ്ട് സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ വീടുപണിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയപ്പോള്‍ തടസങ്ങള്‍ മാറിയാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്ന് തീരുമാനിക്കുകയും യോഹന്നാന്‍ 14/14 വചനം 1001 തവണ എഴുതുകയും ചെയ്തു. 2022 ഡിസംബര്‍ 30-ന് വീടുപണി പൂര്‍ത്തിയായി.
കൂടാതെ എന്‍റെ മകന് ജോലിയില്‍ ശമ്പളവര്‍ധനവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ശമ്പളം വര്‍ധിച്ചാല്‍ കൂടുതല്‍ ശാലോം ടൈംസ് മാസിക വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. പ്രാര്‍ത്ഥന സഫലമായി, മകന് ശമ്പളം വര്‍ധിക്കുകയും കൂടുതല്‍ ശാലോം ടൈംസ് വിതരണം ചെയ്യാന്‍ സാധിക്കുകയും ചെയ്തു.
'ഉള്ളംകൈയില്‍ പേര് എഴുതുന്നതിന്‍റെ രഹസ്യം കണ്ടെത്തിയപ്പോള്‍…
ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ് ഡിസ്ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്‍റെ അടങ്ങാത്ത പ്രണയത്തിന്‍റെ നേര്‍ക്കാഴ്ചകള്‍.
ഈശോയുടെ സ്നേഹാര്‍ദ്രമായ മൃദുല ഹൃദയത്തിന്‍റെ വാതില്‍ പതുക്കെ തുറക്കുകയാണ്. ഹാര്‍ഡ് ഡിസ്കില്‍ ശേഖരിച്ചിട്ടുള്ള അനേകം ഫയലുകള്‍. ആദ്യത്തെ ഫയല്‍ ഓപ്പണ്‍ ചെയ്തു.
“അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു… ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്‍റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്കു രൂപം ലഭിക്കുന്നതിനു മുന്‍പു തന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു” (സങ്കീര്‍ത്തനങ്ങള്‍ 139/13-16). എണ്ണിത്തിട്ടപ്പെടുത്താനാവാത്ത കാലങ്ങള്‍ അത്രയും തന്‍റെ സ്നേഹം മുഴുവന്‍ സംഭരിച്ച് ഓരോ മനുഷ്യാത്മാവിനെയും ഹൃദയത്തില്‍ വഹിച്ച ഈശോ. തന്‍റെ കുഞ്ഞ് എങ്ങനെയായിരിക്കണം എന്ന് സ്വപ്നം കാണുന്ന മാതാപിതാക്കളെപ്പോലെ നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ കണ്ടു കൊതിച്ച ഈശോ… അവന്‍റെ ചങ്കിലെ ചൂടില്‍ മറഞ്ഞിരുന്നപ്പോഴെല്ലാം ഒരു കുളിര്‍കാറ്റിന്‍റെ തലോടല്‍ പോലെ നമ്മുടെ കാതുകളില്‍ അവന്‍ മന്ത്രിച്ചു കൊണ്ടിരുന്നു.
അടുത്ത ഫയല്‍. അവിടെ ഈശോയുടെ മാതൃഹൃദയം കണ്ടു. കാത്തിരിപ്പുകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒടുവില്‍ പിറന്നുവീണ കുഞ്ഞിനെ കൈകളില്‍ എടുത്ത് മാറിലെ ചൂടിലേക്ക് ചേര്‍ത്ത് കിടത്തി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന അമ്മയെപ്പോലെ നമ്മെ കരങ്ങളിലെടുത്ത് വാരിപ്പുണരുന്ന ഈശോ… “ഞാന്‍ മാതാവിന്‍റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു” (ഗലാത്തിയാ 1/15).
പ്രെഷ്യസ് ബേബി
വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒരു ജീവന്‍റെ തുടിപ്പ് ഉദരത്തില്‍ ലഭിക്കാതെ ഹൃദയം നുറുങ്ങി ജീവിച്ചവര്‍ക്ക് ഒരു കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഉള്ള സന്തോഷം ഓര്‍ത്തുപോവുകയാണ്. അങ്ങനെ ഉണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുവിനെ പ്രെഷ്യസ് ബേബി എന്ന് ലോകം വിളിക്കാറുണ്ട്. ഈശോക്ക് നമ്മളെല്ലാവരും പ്രെഷ്യസ് ബേബി ആണ്. ഈശോ പറഞ്ഞിട്ടുള്ളത് കേട്ടിട്ടില്ലേ, “നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു” (ഏശയ്യാ 43/4).
പ്യൂപ്പയില്‍നിന്ന് പുറത്തേക്കു വരുന്ന ചിത്രശലഭത്തെപ്പോലെ, മൊട്ടുകളില്‍നിന്ന് വിടരുന്ന റോസാപ്പൂക്കളെപ്പോലെ, പിറന്നുവീണ കുഞ്ഞിനെ ആവേശത്തോടെ കോരിയെടുത്ത് മാറില്‍ ചേര്‍ക്കുന്ന അമ്മയെപ്പോലെ ഈശോ തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് വാരിച്ചൊരിയുന്നു. “നിന്നെ അവള്‍ പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയില്‍ ഇരുത്തി ലാളിക്കുകയും ചെയ്യും. അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും” (ഏശയ്യാ 66/12-13).
ജനിക്കാന്‍ പോവുന്ന കുഞ്ഞിന് എന്ത് പേരിടണം എന്ന് ആലോചിച്ചു ഗൂഗിളിലും മറ്റു പുസ്തകങ്ങളിലും ഒക്കെ തിരയുന്നവരാണല്ലോ നാമെല്ലാവരും. ഈശോയും എത്രമാത്രം കൊതിച്ചിട്ടാവും നമ്മെ പേര് വിളിച്ചിട്ടുണ്ടാവുക, “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍റേതാണ്” (ഏശയ്യാ 43/1).
എന്തിന് ഉള്ളംകയ്യില്‍?
“ഇതാ, നിന്നെ ഞാന്‍ എന്‍റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49/16). ഈശോയുടെ കുരിശിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, “ഈശോയേ, നീ എന്തിനാ ഉള്ളംകയ്യില്‍ പേരെഴുതാന്‍ പോയത്? വേറെ എവിടെയെങ്കിലും എഴുതാമായിരുന്നില്ലേ?”
ഈശോ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി. ഹൃദയത്തില്‍ ഒരു മൃദുവായ ശബ്ദം മന്ത്രിക്കും പോലെ… ‘ശരീരത്തില്‍ കൈകള്‍ അല്ലാതെ മറ്റൊരു അവയവവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ല. നിന്നെ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ വേണ്ടിയാണ് എന്‍റെ ഉള്ളം കയ്യില്‍ നിന്‍റെ പേരെഴുതപ്പെട്ടത്.’
വര്‍ഷങ്ങള്‍ സയന്‍സ് പഠിച്ചിട്ടും ഇതിന്‍റെ ലോജിക് മനസ്സിലായത് ഈശോ പറഞ്ഞപ്പോഴാണ്. “ദേ, ഈശോയേ എന്നെ കൂടുതല്‍ സെന്‍റി ആക്കരുത്,” ഈശോക്ക് വാണിംഗ് കൊടുത്തു. കാരണം കണ്ണുനീര്‍ച്ചാലുകള്‍ എന്നോട് അനുവാദം ചോദിക്കാതെ ഒഴുകാന്‍ തുടങ്ങിയിരുന്നു.
ശാരീരികവളര്‍ച്ചക്ക് ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ ഈശോയുടെ കുഞ്ഞുവാവകളായ നമുക്ക് അവന്‍ അനുദിനം ആത്മീയഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു. ഓരോ ദിവസവും തന്‍റെ കുഞ്ഞിന്‍റെ വളര്‍ച്ചയെ നോക്കി മതിമറക്കുന്ന അമ്മയെപ്പോലെ ഈശോ നമ്മെയും നോക്കി സന്തോഷിക്കുന്നു. വീണ്ടും നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നു. യേശു പറഞ്ഞു: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്‍റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ഥ പാനീയവുമാണ്” (യോഹന്നാന്‍ 6/53-55).
ദിവസവും ബേബി ബാത്ത്
നഴ്സിംഗ് പഠിക്കുമ്പോള്‍ ബേബി ബാത്ത് ചെയ്തു കാണിക്കണം. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അല്പം അപകടം പിടിച്ച പണിയാണെന്നു മനസ്സിലായി. ഈശോ ഓരോ ദിവസവും ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി ബേബി ബാത്ത് ആണെന്ന് തോന്നുന്നു. ലോകം മുഴുവനുമുള്ള തന്‍റെ കുഞ്ഞുങ്ങളെ ഓരോ പാപക്കറകളില്‍നിന്നും തന്‍റെ രക്തം കൊണ്ട് കുളിപ്പിച്ച് വൃത്തിയാക്കുന്ന ഈശോ.
മക്കള്‍ ചെളിയിലും പൊടിയിലും വീഴുമ്പോള്‍ അവരെ കുളിപ്പിച്ച് വൃത്തിയാക്കണം എന്ന് മനസ്സിലാക്കിയ ഈശോ വിശുദ്ധ കുമ്പസാരം നല്‍കി. ഓരോ മനുഷ്യാത്മാവും കുമ്പസാരക്കൂട്ടില്‍ അനുതാപത്തോടെ അണയുമ്പോള്‍ ഈശോ വീണ്ടും അതിനെ കുളിപ്പിച്ചൊരുക്കുകയാണ്. ശരീരത്തിലും ആത്മാവിലും ഒരുപോലെ ഭംഗിയുള്ളവരായി കാണപ്പെടുവാന്‍. “കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും” (ഏശയ്യാ 1/18).
ഒരു കുഞ്ഞ് തനിയെ നടക്കാന്‍ കുറെ പരിശ്രമം ആവശ്യമുണ്ട്. മാതാപിതാക്കളുടെ ചുമലിലും എളിയിലും ഒക്കെ ഇരുന്നുകൊണ്ടാണല്ലോ ആദ്യത്തെ യാത്രകള്‍. എന്നാല്‍ ഈശോ ഇവിടെ സ്നേഹക്കൂടുതല്‍ കൊണ്ട് ഒരു മാരക വേര്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഈശോക്ക് നമ്മളെയൊക്കെ എടുത്തുകൊണ്ടു നടക്കാന്‍ ഇത്രക്കും ആഗ്രഹമാണോ എന്ന് ചിന്തിച്ചു പോവുന്നു. “നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും”ڔ(ഏശയ്യാ 46/4).
പേഴ്സണല്‍ ബ്ലോഗ്
ഇനി അവസാനത്തെ ഫയലിലേക്ക്… ഇത് എന്‍റെ പേഴ്സണല്‍ ബ്ലോഗ് ആണ്. കാണാന്‍ നല്ലതൊന്നും ഇല്ല. നിന്‍റെ ഹാര്‍ഡ് ഡിസ്കിലെ മറ്റ് ഫയലുകള്‍ കണ്ടപ്പോഴാണ് എന്‍റെ പേഴ്സണല്‍ ബ്ലോഗ് എന്തുമാത്രം മനോഹരമായിത്തീരേണ്ടതായിരുന്നു എന്ന് മനസ്സിലായത്. ഈശോയേ എന്താ ചെയ്യുക? ഇതൊന്നു ഡിലീറ്റ് ചെയ്തു തരാമോ?
ഈശോയുടെ മുഖത്തേക്ക് നോക്കാന്‍ സാധിക്കുന്നില്ല. ഹൃദയം ഭാരപ്പെടുന്നു. ഈശോയോട് ഡിമാന്‍ഡ് ചെയ്യാന്‍ ഒരുക്കിവച്ചതൊന്നും നാവില്‍നിന്ന് പുറത്തേക്ക് വരുന്നില്ല. ഈശോയുടെ വീക്നെസ്സില്‍ തന്നെ പിടിച്ചു, ‘ഈശോയേ ഞാന്‍ നിന്‍റെ ചക്കര വാവയല്ലേ, കുറുമ്പുകള്‍ കയ്യിലുണ്ടെങ്കിലും ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് നിനക്കറിയാല്ലോ’ പിന്നെ ഒന്നും നോക്കിയില്ല. അതാ ഈശോ കീ പാഡില്‍ ഡിലീറ്റ് ഓപ്ഷന്‍ അമര്‍ത്തുന്നു.
ഒരു സ്വപ്നംപോലെ ഈശോയുടെ ഹൃദയത്തിനുള്ളിലൂടെയുള്ള യാത്ര. എത്ര മനോഹരമാണ് അവിടം. എനിക്ക് വിലപ്പെട്ട ഭവനവും സമ്പത്തും ജോലിയും ഒക്കെ സംരക്ഷിക്കാന്‍ ഈശോയോട് ആവശ്യപ്പെടുമ്പോള്‍ ഈശോക്ക് ഏറ്റവും വിലപ്പെട്ടത് ഞാന്‍ ആണെന്ന സത്യം തിരിച്ചറിയാതെ പോയി. ‘നീ തന്നെ സൂക്ഷിച്ചോ’ എന്ന് പറഞ്ഞു കൊണ്ട് ഈശോയുടെ ഹൃദയത്തില്‍ എന്നെ ഏല്പിച്ച് ഹൃദയവാതില്‍ പൂട്ടുമ്പോള്‍ സുവര്‍ണ്ണ നിറത്തില്‍ ഈശോ എഴുതി, “നീ എന്‍റേതാണ്, എന്‍റേതുമാത്രം.”
ഈശോയുടെ കുരിശുരൂപത്തെ മുറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്‍റെ നെഞ്ചില്‍ വീണുകൊണ്ടിരുന്ന അനുതാപത്തിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ഓരോന്നും എന്‍റെ കവിളുകളില്‍ ചുംബനങ്ങളായി ഈശോ തിരിച്ചു നല്‍കി. വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഞാനും ആവര്‍ത്തിച്ചു, “ഈശോയേ, നിന്നെ സ്നേഹിക്കുന്നതില്‍ എന്നെ പിറകിലാക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല.”
എന്നിട്ട് ഞാന്‍ ചോദിച്ചു… “എന്‍റെ ഈശോയേ, പാപിയായ എനിക്ക് തരാന്‍ ഇനിയും നിന്‍റെ ഹൃദയത്തില്‍ സ്നേഹം ബാക്കി ഉണ്ടോ?” തിരുവചനം സംസാരിച്ചു, “നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല” (ഏശയ്യാ 54/10).
'ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്‍റെ ശരീരത്തിന്‍റെയും ജീവന്‍റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്‍ മനസിലാക്കിക്കഴിഞ്ഞു.
ഒരു ദിവസം അദ്ദേഹം നടന്നുപോകുമ്പോള്‍ വഴിയിലൊരു സിഗരറ്റ്കുറ്റി കിടക്കുന്നത് കണ്ടു. പെട്ടെന്നുണ്ടായ ഒരു പ്രേരണപോലെ അദ്ദേഹം കൈ ഉയര്‍ത്തി കുരിശ് വരച്ച് ആശീര്‍വദിച്ചിട്ട് മനസ്സില്‍ പറഞ്ഞു, “ഈശോയേ, ഇത് വലിച്ചയാളെ വീണ്ടെടുക്കണേ…”
ഇങ്ങനെ ചെയ്തപ്പോള്‍ അച്ചന് കിട്ടിയ വിടുതല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിന്നെയങ്ങോട്ട് പുകവലിക്കുന്ന ആളുകളെ കാണുമ്പോഴും ഇത് തുടര്‍ന്നു, “ഈശോയേ, അവരെ വീണ്ടെടുക്കണേ…” മനസ്സില്‍ അസ്വസ്ഥതയോ രോഷമോ ഇല്ലാതാവുന്നതും പകരം ദൈവികശാന്തത വന്നുനിറയുന്നതും ആ വൈദികന്‍ അനുഭവിക്കാന്‍ തുടങ്ങി.
ഈ വൈദികനെ നമുക്കും മാതൃകയാക്കാം. എല്ലാ നൂറ്റാണ്ടുകളിലും യുദ്ധങ്ങളുടെയും നാശങ്ങളുടെയും സംഭവങ്ങള്‍ അരങ്ങ് വാണുകൊണ്ടിരിക്കും. ഇതൊന്നും കണ്ട് ഹൃദയം ഉലയാതിരിക്കാന്‍ ശ്രദ്ധിക്കണം. “നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്” (മത്തായി 24/6) എന്ന് ഈശോ ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ.
ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയുമ്പോള്‍ “അപ്പാ, ‘ശ്യാംജിത്തി’ന്‍റെമേലും ‘വിഷ്ണുപ്രിയ’യുടെമേലും കരുണയായിരിക്കണേ, അവരുടെ കുടുംബാംഗങ്ങളെ വീണ്ടെടുക്കണേ…’
‘അപ്പാ, ഭിന്നതയിലായിരിക്കുന്ന കേരളസഭയുടെമേല്‍ കരുണയായിരിക്കണേ, അവരുടെ മുറിവുകളെ സുഖമാക്കണേ…’
ഇങ്ങനെയൊക്കെ ഹൃദയത്തില്‍ പറഞ്ഞ് നോക്കിയാല്‍ കിട്ടുന്ന വിടുതലുണ്ട്. അതനുഭവിച്ച് തുടങ്ങിയാല്‍ ജീവിതം എന്ത് സുന്ദരമാകുമെന്നോ? ഏതൊക്കെ രീതിയില്‍ തിന്മ ഉയര്‍ന്ന് പൊന്തിയാലും ഈശോയുടെ വിശുദ്ധ കുരിശ് നിസാരമായി അതിനെ തോല്പിക്കും.
വിശുദ്ധ മരിയ ഗൊരേത്തിയിലൂടെ അലക്സാണ്ടറിനെയും വിശുദ്ധ കൊച്ചുത്രേസ്യായിലൂടെ ഹെന്‍റി പ്രന്‍സീനിയെയും സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ ഈശോയുടെ വിശുദ്ധ സ്ലീവായ്ക്ക് സാധിച്ചുവെന്നത് നമ്മെ ബലപ്പെടുത്തട്ടെ.
പിതാവ് നീതിമാനായതുകൊണ്ട് ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ശിക്ഷ കൃത്യമായി വന്നുചേരും. അതില്‍ സംശയമില്ല. അലക്സാണ്ടറിനും പ്രന്‍സീനിക്കും ശിക്ഷ കിട്ടിയിരുന്നു. എന്നാല്‍, അവരുടെ ആത്മാക്കളെ നാശത്തില്‍നിന്നും രക്ഷിക്കാന്‍ ഈശോയുടെ വിശുദ്ധ കുരിശിന് സാധിക്കുമെന്നതാണ് സുവിശേഷം. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക (സങ്കീര്‍ത്തനങ്ങള്‍ 46/10) എന്ന അവിടുത്തെ ശാന്തഗംഭീരമായ സ്വരം ശ്രവിച്ചാല്‍ എല്ലായ്പോഴും എവിടെയും ശാന്തത കൈവരിക്കാന്‍ കഴിയും. ډ
'സിനിമകളിലെ ഹിഡന്‍ ഡീറ്റെയ്ല്‍സ് പോലെ ആധ്യാത്മികജീവിതത്തിന് രസം പകരുന്ന ചിലതുണ്ട്.
മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ്ല്‍സ്.
ഉദാഹരണത്തിന്, സിനിമകളിലൊക്കെ ചില സീനിന്‍റെ പശ്ചാത്തലത്തില്‍ കുറെ ഹിഡന്‍ ഡീറ്റെയ്ല്‍സ് ഉണ്ടാവും, കഥയെ സപ്പോര്‍ട്ട് ചെയ്യുന്നവ.
കലാസംവിധായകന്‍ അത് മനഃപൂര്‍വം ഒളിപ്പിച്ച് വയ്ക്കുന്നതാണ്. അങ്ങനെ ഒളിഞ്ഞിരിക്കുന്നതിലാണ് ത്രില്‍. പ്രേക്ഷകന്‍ അത് കണ്ടെത്തുമോ ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല.
ആദ്ധ്യാത്മിക ജീവിതത്തിലും സമാനമായ ഒരു ത്രില്ലുണ്ട്. ഞാന്‍ എന്ത് ചെയ്താലും അത് കാണുന്ന അപ്പാ ഉണ്ടെന്ന തിരിച്ചറിവില്‍, മനുഷ്യരുടെ പ്രശംസയോ അംഗീകാരമോ അന്വേഷിക്കാതെ ജീവിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍.
ലൂക്കാ 14/7-14 വചനഭാഗത്ത്, ഒരു വിരുന്നിന്‍റെ അവസരത്തില്‍ അതിഥികള്‍ പ്രമുഖ സ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടപ്പോള്‍, ഈശോ അതിഥിക്കും ആതിഥേയനുമായി നല്‍കുന്ന ഉപദേശമുണ്ടല്ലോ. അവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ഈശോ പറയുന്നത്.
അതിഥി ശ്രദ്ധിക്കേണ്ടത്: ക്ഷണം സ്വീകരിക്കുമ്പോള്‍ വലിയ സ്ഥാനം ആഗ്രഹിച്ച് പ്രവര്‍ത്തിക്കരുത്.
ആതിഥേയന്‍ ശ്രദ്ധിക്കേണ്ടത്: ക്ഷണിക്കുമ്പോള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ക്ഷണിക്കരുത്.
രണ്ടിടത്തും, മനുഷ്യന്‍റെ പ്രശംസയോ പ്രീതിയോ അന്വേഷിക്കരുതെന്ന് പാഠം. രഹസ്യത്തില്‍ കാണുന്ന സ്വര്‍ഗസ്ഥനായ പിതാവാണ് നമുക്ക് പ്രതിഫലം തരുന്നത്.
ഇതിനൊരു അനുബന്ധമുണ്ട്: പിതാവ് പ്രതിഫലം തരുമെങ്കില്‍ മനുഷ്യന്‍റെ പ്രശംസ കിട്ടിയില്ലെങ്കില്‍മാത്രമല്ല പരാതി ഉണ്ടാവാതിരിക്കുക, മനുഷ്യരാല്‍ പരിഹസിക്കപ്പെട്ടാലും പരാതി ഉണ്ടാവില്ല. അതൊരു ത്രില്‍ തന്നെയാണ് കേട്ടോ…
ദൃശ്യ മാധ്യമമുപയോഗിച്ച് പച്ചയ്ക്ക് നമ്മെ ചീത്ത പറയുമ്പോഴും, കമന്‍റുകള്‍ കൊണ്ട് കിരീടം ചാര്‍ത്തി സോഷ്യല്‍ മീഡിയായില്‍ നമ്മെ പരിഹസിക്കുമ്പോഴും, ഈ ഫോര്‍വേഡ് ‘ലവനിരിക്കട്ടെ’ന്ന് ചിന്തിച്ച് പലരും നമ്മെ ഗ്രൂപ്പുകളില്‍ ഉന്നം വച്ച് അസ്വസ്ഥരാക്കാന്‍ ശ്രമിക്കുമ്പോഴും…. ശാന്തതയോടെ അവരുടെ അറിവില്ലായ്മ മനസിലാക്കി, ‘അവരോട് ക്ഷമിക്കണേ’ന്ന് ചൊല്ലി സ്നേഹം നിറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്ന ത്രില്‍.
ക്രൂശിതനീശോ ജീവിച്ച് കാണിച്ച് തന്ന ഈ ത്രില്‍ സ്വന്തമാക്കാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കട്ടെ, ആമ്മേന്‍
'ഈശോയെ സമ്മര്‍ദത്തിലാക്കി, സ്വര്‍ഗത്തിന്‍റെ സമാധാനം നഷ്ടപ്പെടുത്തുമോ എന്ന് ആശങ്കപ്പെട്ട നിമിഷങ്ങളെക്കുറിച്ച്…
കുട്ടിക്കാലത്തിന്‍റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും.
അമ്മ ടീച്ചര്‍ ആയതുകൊണ്ട് ചൂരലിനും ഈര്‍ക്കിലിക്കുമൊന്നും വീട്ടില്‍ ഒരിക്കലും ക്ഷാമം നേരിട്ടിട്ടില്ല. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഏറ്റവും എളുപ്പവഴി അതൊക്കെത്തന്നെയാണല്ലോ. എന്തായാലും അമ്മയുടെ ചില കര്‍ക്കശ നിയമങ്ങള്‍ വീട്ടില്‍ പാലിച്ചുപോന്നിരുന്നു ഞങ്ങള്‍ മക്കളെല്ലാവരും.
സ്കൂളില്‍ പോകുന്നത് മുടങ്ങിയാലും ഞായറാഴ്ച വേദപഠന ക്ലാസ് മുടങ്ങാന്‍ പാടില്ല. സ്കൂളില്‍ മാര്‍ക്ക് കുറഞ്ഞാലും വേദപഠനത്തിന് സ്കോളര്‍ഷിപ് നേടണം. പത്താം ക്ലാസ് പരീക്ഷ നടക്കുമ്പോള്‍പ്പോലും രാവിലെ പഠിക്കാന്‍ എത്ര ബാക്കി ഉണ്ടെങ്കിലും പരിശുദ്ധ കുര്‍ബ്ബാനയുടെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുള്ള പഠിത്തം മതി എന്നാണ്.
വലിയ സാമ്പത്തിക ഞെരുക്കങ്ങളിലൂടെയാണ് എന്‍റെ ഓര്‍മ്മവച്ച കാലം മുതല്‍ കുടുംബം കടന്നുപോയിട്ടുള്ളത്. സമൂഹത്തിലും ബന്ധുക്കള്‍ക്കിടയിലും ഒന്നും ഒരിക്കലും തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥ. ഒരു ദിവസമെങ്കിലും കടം ഇല്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ചു പോയ നാളുകള്‍.
എങ്കിലും എല്ലാ ഞെരുക്കങ്ങളിലും കണ്ണുനീരിലും മക്കളെ ചേര്‍ത്ത് നിര്‍ത്തി ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഒരമ്മ. ഇതെഴുതുമ്പോള്‍ മനസ്സിലൂടെ കടന്നുപോയ വരികള്‍ ഇവയാണ്….
‘എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ
വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടത് ആദ്യം ആ കണ്‍കളിലാ
പ്രാര്‍ത്ഥന ഒഴുകുന്ന മിഴിനീരിലാ
അമ്മയുടെ പ്രാര്‍ത്ഥനാരീതികള്‍ വ്യത്യസ്തമായിരുന്നു. ഈശോക്ക് ഇടപെടാതിരിക്കാന്‍ കഴിയാത്തവിധം സമ്മര്‍ദ്ദത്തിലാക്കുന്ന പ്രാര്‍ത്ഥന. സിമന്‍റ് ചാക്കില്‍ മെറ്റല്‍ നിറച്ച് അതിനു മുകളില്‍ മുട്ടുകുത്തിയായിരുന്നു രാത്രികളിലെ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ചിലപ്പോള്‍ അവ ചുമലില്‍ ചുമന്നുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞങ്ങള്‍ക്ക് പറ്റുംവിധം സഞ്ചികളില്‍ കല്ലുകള്‍ നിറച്ചു ഞങ്ങളും പ്രാര്‍ത്ഥിക്കും. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥന എന്നത് ഒരു ഭയപ്പാടായി മാറിയിട്ടുണ്ട്. ജീവിതം മുന്നോട്ട് ബഹുദൂരം സഞ്ചരിച്ചപ്പോള്‍ ഇന്ന് തിരിച്ചറിയുന്നു ആ പ്രാര്‍ത്ഥനകളുടെ ശക്തി.
സ്കൂളില്‍ പഠിക്കുന്ന സമയംമുതല്‍ ഡിഗ്രി പൂര്‍ത്തിയാക്കുംവരെ വളരെ അപൂര്‍വ്വമായി മാത്രമേ പരിശുദ്ധ കുര്‍ബ്ബാന മുടങ്ങിയിട്ടുള്ളൂ. അമ്മയുടെ നിര്‍ബന്ധംകൊണ്ടോ ശിക്ഷയെ പേടിച്ചോ ഒക്കെ അര്‍ത്ഥമറിയാതെയും ആഗ്രഹം ഇല്ലാതെയും സംബന്ധിച്ച പരിശുദ്ധ കുര്‍ബ്ബാനകള്‍ ജീവിതത്തില്‍ ഉണ്ടായെങ്കിലും എന്‍റെ ദിവ്യകാരുണ്യ ഈശോ അവന്‍റെ പ്രണയിനിയെ കണ്ടെത്തി സ്വന്തമാക്കാന്‍ ആരംഭിച്ച നിമിഷങ്ങള്‍! എന്നും അവന്‍റേതുമാത്രമാകാന്‍…
ഒരിക്കല്‍ ധ്യാനാവസരത്തില്‍ ഒരു അല്മായ സഹോദരന്‍ പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് പ്രഘോഷിക്കുകയായിരുന്നു. ഈശോയെമാത്രം സ്വീകരിച്ച് മറ്റ് ഭക്ഷണം ഒന്നും കഴിക്കാതെ ഒരു ദിവസം ജീവിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്‍റെ ഈ ചോദ്യം എന്നെ പിടിച്ചു കുലുക്കി. എത്രയോ വ്യക്തികളാണ് പരിശുദ്ധ കുര്‍ബ്ബാന മാത്രം ഉള്‍ക്കൊണ്ട് നാല്പതും അമ്പതും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുള്ളത്. ഒരു ദിവസമെങ്കിലും എനിക്ക് സാധിക്കില്ലേ എന്ന് മനസ്സില്‍ ചോദിച്ചു.
2015 ഒക്ടോബര്‍ മാസം ഒന്നാം തിയതി ദിവ്യകാരുണ്യ ഈശോയോടും മാതാവിനോടും പ്രത്യേക സഹായം ചോദിച്ചു, “ദേ ഈശോയേ, ആദ്യമായി ഒരു ചലഞ്ചിന് ഇറങ്ങിത്തിരിക്കുവാ, നാണം കെടുത്തരുത്. ഒരു ദിവസമെങ്കിലും നിന്നോടുകൂടെ, നിന്നില്‍മാത്രമായി ഞാന്‍ ഒന്ന് അലിഞ്ഞോട്ടെ…”
സ്വര്‍ഗം മുഴുവന്‍ ഈശോയുടെ മറുപടി നോക്കി നില്‍ക്കുകയാണ്. അവരൊക്കെ എന്താവും ചിന്തിച്ചിട്ടുണ്ടാവുക! ‘നമ്മുടെ കുറുമ്പി വിജയിച്ചില്ലെങ്കില്‍ സ്വര്‍ഗം സമാധാനം എന്തെന്ന് മറന്നുപോകും’ എന്നായിരിക്കും.
ഈശോയും കണ്‍ഫ്യൂഷനില്‍ ആണെന്നുതോന്നി. എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പരിശുദ്ധ അമ്മയെ ഏല്പിക്കാം. അമ്മ ഏറ്റെടുത്താല്‍ ഈശോയക്ക് സമ്മതിക്കാതിരിക്കാനാവില്ലല്ലോ. അതോടെ ഈശോ നിസ്സഹായനായിക്കാണണം. അമ്മയാണ് ഇവളെ ഇങ്ങനെ വാശിക്കുടുക്കയാക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടായിരിക്കും ഈശോ സമ്മതം നല്‍കിയത്. അപ്പോള്‍ അല്പം അഹങ്കാരത്തോടെ ഈശോക്ക് ഒരു ഉപദേശം,”എന്‍റെ അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്!” പാവം ഈശോ നിര്‍വികാരനായി എന്നെത്തന്നെ നോക്കി ഇരിപ്പാണ്.
ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു. വെള്ളംമാത്രം കുടിച്ചുകൊണ്ട് ആദ്യദിവസം കടന്നുപോയി. ആ സ്നേഹാഗ്നി എന്നില്‍ എരിയാന്‍ തുടങ്ങി. അവന്‍റെ കരതാരില്‍ മുഖമൊന്ന് അമര്‍ത്തിപ്പിടിക്കാന്‍ കൊതിയായി. ഏഴു വിളക്കിന്‍ നടുവില്‍ ശോഭപൂര്‍ണ്ണനായി തൂവെള്ള അപ്പത്തില്‍ മറഞ്ഞിരിക്കുന്ന ഈശോ. അവനുവേണ്ടി മാത്രം തുടിക്കണം എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ എന്ന് തോന്നി.
ഒരു ദിവസത്തേക്ക് മാത്രം ആഗ്രഹിച്ച ദിവ്യകാരുണ്യ സാന്നിധ്യം പിന്നീട് പതിമൂന്നു ദിനങ്ങള്‍ പിന്നിട്ടു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി ഞാന്‍ ഒരുങ്ങി. എന്‍റെ സ്നേഹവും ആഗ്രഹവും പരകോടിയില്‍ എത്തിയപ്പോള്‍ എന്‍റെ കട്ടിലിനരികില്‍ ഒരു സ്രാപ്പേന്‍ മാലാഖ വന്ന് ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഇതാ മാലാഖമാരുടെ കര്‍ത്താവ്. ഞാന്‍ കര്‍ത്താവിനെ സ്വീകരിച്ചപ്പോള്‍ എന്‍റെ ആത്മാവ് ദൈവസ്നേഹത്തിലും വിസ്മയത്തിലും ആഴ്ന്നുപോയി. പതിമൂന്ന് ദിവസം ഇത് ആവര്‍ത്തിച്ചു.” (ഖണ്ഡിക 1676)
ദിവ്യകാരുണ്യത്തോടുള്ള സ്നേഹം, അത് അടങ്ങാത്ത പ്രണയാഗ്നിയാണ്. അഗാധമായ കടലില്‍ ലയിക്കുന്ന ഒരു തുള്ളി വെള്ളമെന്നപോലെ ഈശോയില്‍ അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങള്‍. ഐസുകട്ടപോലെ തണുത്തു മരവിച്ച ഹൃദയം പോലും അവന്‍റെ സ്നേഹത്തിന്‍റെ രശ്മിയേറ്റാല്‍ ഊഷ്മളമാകും. പാറപോലെ കഠിനമായത് പൂഴിപോലെ തകര്‍ന്നു തരിപ്പണമാകും. ദിവ്യകാരുണ്യ ഈശോയെ ഒരിക്കല്‍ അറിഞ്ഞ ഒരാള്‍ക്ക് പിന്നെ മറ്റാരെയും ഈശോയെക്കാള്‍ സ്നേഹിക്കാന്‍ സാധിക്കുകയില്ലെന്ന് വിശുദ്ധ ഫൗസ്റ്റീന രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനും എന്‍റെ ദിവ്യകാരുണ്യ ഈശോയും ഒന്നായി ലയിച്ച ഞങ്ങളുടെ ‘ഹണിമൂണ്‍’ നാളുകള്‍.
“എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും” (ഹോസിയാ 2/19-20).
‘നിന്‍റെ പ്രശ്നങ്ങളുമായി എന്‍റെ അടുത്ത് വരിക. നിന്‍റെ പരിഹാരങ്ങള്‍ എനിക്ക് ആവശ്യമില്ല. നിന്‍റെ പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ കാണാന്‍ എന്നെ അനുവദിക്കുക’ എന്ന് ‘ഇന്‍ സിനു ജെസു’ എന്ന പുസ്തകത്തിലൂടെ ഈശോ വെളിപ്പെടുത്തി. നമ്മുടെ പ്രശ്നങ്ങളുടെ പരിഹാരം ദിവ്യകാരുണ്യ ഈശോയിലേക്കുള്ള ദൂരം മാത്രമാണ്. ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഏത് നിയോഗത്തിലും ഈശോ ഇടപെടും. കാരണം ജീവനുള്ള ദൈവത്തിന്‍റെ തുടിക്കുന്ന ഹൃദയത്തിനുമുമ്പിലാണ് നാം ആയിരിക്കുന്നത്. എല്ലാ ദിവസവും അര മണിക്കൂറെങ്കിലും ഏതെങ്കിലും ദൈവാലയത്തിലോ ആരാധന ചാപ്പലുകളിലോ ഓണ്‍ലൈന്‍ ആരാധനയിലോ ഈശോക്ക് മുമ്പില്‍ ആയിരിക്കുന്നത് ജീവിതത്തിന്‍റെ ഭാഗമായി മാറട്ടെ.
ഈശോയോട് ഐക്യപ്പെടാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ, ഈശോയുടെ ആലിംഗനത്തിന് എത്രത്തോളം നമ്മെ വിട്ടുകൊടുക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ ആത്മാവിലും ഹൃദയത്തിലും ദിവ്യകാരുണ്യസ്നേഹം മുദ്രണം ചെയ്യപ്പെടുന്നത്. ഗദ്സമെന്‍ തോട്ടത്തില്‍ നമുക്കുവേി ചോര വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ഈശോക്ക് കൂട്ടിരിക്കാം നമുക്കും. ലോകപാപങ്ങളുടെ കുരിശുമായി തളര്‍ന്നുവീഴുന്ന ഈശോക്ക് കൂട്ടായി നമുക്കും ചേര്‍ന്നായിരിക്കാം.
“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/ 5). ദിവ്യകാരുണ്യ ഈശോയുടെ ഹൃദയത്തില്‍നിന്നും നിലയ്ക്കാതെ ഒഴുകുന്ന ഈരടികള്‍ നമ്മെയും ക്രിസ്തുലഹരിയില്‍ ആഴ്ത്തട്ടെ.
സഹിച്ചു പീഡനങ്ങള്‍ നിനക്കായ്
കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ്
എനിക്ക് വേണ്ടത് നിന്നെമാത്രം,
എന്‍റെ സ്നേഹിതനെ…
കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ധക്യകാലം തരണം ചെയ്യാന്‍ എന്നെ സഹായിക്കണമേ. എന്‍റെ കഴിവുകള്‍ ദുര്‍ബലമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ സഹായിക്കണമേ. സംസാരം കുറച്ച്, കൂടുതല്‍ ചിന്തിക്കുവാന്‍ കൃപ തരണമേ.
ഏത് വിഷയത്തെപ്പറ്റിയും എപ്പോഴും രണ്ട് വാക്ക് പറയാനുള്ള ആഗ്രഹത്തില്‍നിന്ന് എന്നെ മോചിപ്പിക്കണമേ. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വ്യഗ്രതയില്‍നിന്ന് എന്നെ രക്ഷിക്കണമേ. ആരെയും വിമര്‍ശിക്കാതെ, ഉപവിയോടെ സംസാരിക്കാന്‍ എന്നെ പഠിപ്പിക്കണമേ. എന്‍റെ ആകുലതകളെയും വേദനകളെയും കുറിച്ച് പരാതിപ്പെടാതെ ക്ഷമാപൂര്‍വം അവ സഹിക്കുവാന്‍ എനിക്ക് ശക്തി നല്കണമേ. എന്‍റെ അനുഭവങ്ങളെപ്പറ്റി വിവേചനാപൂര്‍വം സംസാരിക്കാന്‍ എനിക്ക് കഴിവുതരണമേ. മറ്റുള്ളവര്‍ എന്‍റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ക്ഷമയോടും ശാന്തതയോടുംകൂടി അവരോടൊപ്പം ചിരിക്കാന്‍ എന്നെ ശക്തിപ്പെടുത്തണമേ.
അവിടുത്തെ മാതൃകയനുസരിച്ച്, എന്‍റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് മരിക്കാനുളള അനുഗ്രഹം തരണമെന്ന് അങ്ങയോട് ഞാനപേക്ഷിക്കുന്നു.
നന്മരണത്തിന്‍റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ.
'എന്‍റെ കാലുകള്‍ക്ക് മൂന്നോളം സര്‍ജറികള്‍ കഴിഞ്ഞതാണ്. അതിന്‍റെ ഫലമായി മൂന്നോ നാലോ ഞരമ്പുകള്‍ നഷ്ടമായി. അതിനാല്‍ത്തന്നെ കാലില്‍ രക്തയോട്ടം കുറവാണ്. മുട്ടിനുതാഴെ ഇരുണ്ട നിറമാണ്. കല്ലുപോലെയാണ് അവിടം ഇരിക്കുന്നതും. ചിലപ്പോള്‍ വളരെയധികം ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എങ്ങനെയെങ്കിലും അവിടെ ലേശം തോലുപോയാല്‍ അത് പിന്നീട് വലിയ മുറിവായിത്തീരും. ആയുര്‍വേദമരുന്നും ഇംഗ്ലീഷ് മരുന്നും ചെയ്ത് ഞാന്‍ മടുത്തു. ആയിടക്ക് കാല്‍പ്പാദത്തില്‍ ഒരു വലിയ മുറിവുണ്ടായി. അത് പഴുത്ത് വ്രണമായി. ഞരമ്പിലായതുകൊണ്ട് ഉണങ്ങാന്‍ താമസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ആ സമയത്താണ് എന്നെ സഹായിക്കാനും പരിചരിക്കാനുമായി പേരക്കുട്ടി കുറച്ച് ദിവസത്തേക്ക് വീട്ടില്‍ വന്നത്. അവളുടെ കൈയില്‍ 2021 സെപ്റ്റംബര്‍ മാസത്തിലെ ശാലോം ടൈംസ് ഉണ്ടായിരുന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ ‘മാതാവ് പറഞ്ഞ പ്രതിവിധി’ എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടി എന്നായിരുന്നു അതിലെഴുതിയിരുന്നത്.
അതുവായിച്ചപ്പോള്‍ ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവം, ‘നീയും അതുപോലെ ചെയ്യുക!’
അതിനാല്‍ ഒരു തീരുമാനമെടുത്തു, ‘ഞാനും ഇപ്രകാരം ചെയ്യും.’ ആ തീരുമാനമെടുത്ത് മൂന്ന് മാസങ്ങള്‍ക്കകം മുറിവ് നല്ലതുപോലെ ഉണങ്ങി. ഇതിനുമുമ്പ് ചെറിയ മുറിവുകള്‍പോലും ഒരു വര്‍ഷംകൊണ്ടൊക്കെയാണ് ഉണങ്ങിയിരുന്നത്.
ദൈവവചനം പ്രഘോഷിക്കാന്‍ നാമെടുക്കുന്ന ഓരോ ചുവടും എത്രമാത്രം അനുഗ്രഹമാണ് സമ്മാനിക്കുന്നത്! “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 6/33) എന്ന് തിരുവചനത്തിലൂടെ ഈശോ ഉറപ്പുതരുന്നുണ്ടല്ലോ. അവിടുത്തെ വാഗ്ദാനംപോലെതന്നെ, നൂറ് ശാലോം ടൈംസ് മാസികയിലൂടെ നൂറോ അതിലധികമോ ആളുകളിലേക്ക് ദൈവവചനം എത്തിക്കാന്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ അത് എനിക്ക് അനുഗ്രഹമായി മാറി. അതോടൊപ്പം ഈ മാസിക വായിക്കുന്ന അനേകം പേരുടെ ജീവിതവും അനുഗ്രഹിക്കപ്പെടാതിരിക്കുകയില്ല. ദൈവനാമം മഹത്വപ്പെടട്ടെ.
'