• Latest articles
മാര്‍ 28, 2020
Evangelize മാര്‍ 28, 2020

കുമ്പാസാര രഹസ്യം വെളിപ്പെടുത്താതിരിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ വിശുദ്ധനാണ് ജോണ്‍ നെപുംസ്യാന്‍. 1340-ല്‍ ബൊഹീമിയയിലെ നെപോമക്കിലാണ് ജോണിന്‍റെ ജനനം. കുഞ്ഞുന്നാളില്‍ മാരക രോഗം ബാധിച്ച ജോണ്‍ പരിശുദ്ധ ദൈവമാതാവിന്‍റെ പ്രത്യേക മാധ്യസ്ഥത്താലാണ് സുഖം പ്രാപിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ ജോണിനെ ദൈവത്തിനായി സമര്‍പ്പിച്ചു. വൈദികനായി അഭിഷിക്തനായ ജോണിന് പ്രബോധനം നല്‍കുന്നതിനുള്ള പ്രത്യേക കൃപ ദൈവം നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനായി ജനങ്ങള്‍ തിങ്ങിക്കൂടി. കലര്‍പ്പില്ലാത്തതും ആകര്‍ഷകവുമായ സുവിശേഷപ്രഘോഷണത്തിലൂടെ പ്രേഗിലെ നിരവധിയാളുകള്‍ മാനസാന്തരത്തിലേക്ക് കടന്നുവന്നു.

ജോണിന്‍റെ പ്രശസ്തി വര്‍ധിച്ചതോടെ ബൊഹീമിയയിലെ രാജാവായിരുന്ന വെന്‍സിസ്ലാസ് നാലാമന്‍ അദ്ദേഹത്തിന് പല സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒരു സാധാരണ വൈദികനായി തുടരാനാണ് ജോണ്‍ ആഗ്രഹിച്ചത്. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട എല്ലാ സ്ഥാനങ്ങളും ബഹുമതികളും അദ്ദേഹം നിരസിച്ചു. എങ്കിലും രാജ്ഞിയുടെ കുമ്പസാരക്കാരനായുള്ള ചുമതല ജോണ്‍ ഏറ്റെടുത്തു.

പ്രാര്‍ത്ഥനയ്ക്കായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന രാജ്ഞിയുടെ കുമ്പസാര രഹസ്യങ്ങള്‍ അറിയുവാന്‍ വെന്‍സിസ്ലാസ് രാജാവ് ആഗ്രഹിച്ചു. കുമ്പസാരക്കാരനായ ജോണിനെ അത് വെളിപ്പെടുത്താന്‍ രാജാവ് നിര്‍ബന്ധിച്ചു. അത് വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ജോണിനെ പല വിധത്തിലും സ്വാധീനിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഭൂമിയിലെ രാജാവിനെക്കാള്‍ ഉപരിയായി സ്വര്‍ഗത്തിലെ രാജാവിനെ ഭയപ്പെട്ടിരുന്ന ജോണിന്‍റെ തീരുമാനത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല.

പീഡനത്തിനും ഭീഷണിക്കുമൊന്നും ജോണിന്‍റെ നിലപാട് മാറ്റുവാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ രാജാവ് അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ ജോണിന് ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന സ്വാധീനം ഭയപ്പെട്ടിരുന്നതിനാല്‍ അധികം താമസിയാതെ തന്നെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. എങ്കിലും രാജ്ഞിയുടെ കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനായി അദ്ദേഹം ഫാ. ജോണിന്‍റെ മേല്‍ സമ്മര്‍ദ്ദം തുടര്‍ന്നു. പ്രേഗ് അതിരൂപതയുടെ വികാരി ജനറാളായിരുന്ന ജോണ്‍ ക്ലാഡ്രോയിലെ ബനഡിക്ടന്‍ സന്യാസ ഭവനത്തിന്‍റെ അധികാരിയെ രാജാവിന്‍റെ ഇഷ്ടത്തിന് വിരുദ്ധമായി നിയമിച്ചിതും വെന്‍സിസ്ലാസിന് അദ്ദേഹത്തോട് വിരോധം തോന്നാന്‍ കാരണമായതായി ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജാവിന്‍റെ അപ്രീതിക്ക് പാത്രമായ തന്‍റെ ജീവിതം ഇനി അധികകാലം ഉണ്ടാവില്ലെന്ന് ജോണിന് മനസിലായി. ഒരിക്കല്‍ പ്രസംഗത്തില്‍ തന്‍റെ അന്ത്യം ഉടനെ ഉണ്ടാവും എന്ന സൂചന നല്‍കിക്കൊണ്ട് – “അല്‍പ്പകാലത്തിന് ശേഷം നിങ്ങള്‍ എന്നെ കാണില്ല” എന്ന ബൈബിള്‍ വചനം ജോണ്‍ ഉദ്ധരിക്കുകയുണ്ടായി. ജോണ്‍ ഹസ് എന്ന ദൈവശാസ്ത്രജ്ഞന്‍റെ അബദ്ധസിദ്ധാന്തങ്ങളിലൂടെ സഭയ്ക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ചും ജോണ്‍ നെപുംസ്യാന്‍ മുന്നറിയിപ്പ് നല്‍കി. വിശുദ്ധ സിറിലും വിശുദ്ധ മെതഡിയസും കൊണ്ടുവന്ന മാതാവിന്‍റെ രൂപത്തിന്‍റെ പാദത്തിങ്കലാണ് ഈ കാലഘട്ടത്തില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തിയത്.

വീണ്ടും കാരാഗൃഹത്തിലടയ്ക്കപ്പെട്ട ജോണ്‍ നെപുംസ്യാനെ മൊള്‍ഡാവു നദിയിലെറിഞ്ഞു കൊലപ്പെടുത്താന്‍ രാജാവ് ഉത്തരവിട്ടു. 1393 മാര്‍ച്ച് 20-ന് കയ്യും കാലും കെട്ടി പ്രേഗിലെ ചാള്‍സ് പാലത്തിന്‍റെ മുകളില്‍ നിന്ന് അദ്ദേഹത്തെ പടയാളികള്‍ നദിയിലേക്കെറിഞ്ഞു. ധീരരക്തസാക്ഷിയായ അദ്ദേഹത്തിന്‍റെ ശരീരം വെള്ളത്തില്‍ സ്പര്‍ശിച്ച സ്ഥലത്തിന്‍റെ മുകളിലായി അഞ്ച് നക്ഷത്രങ്ങള്‍ ഉയര്‍ന്നു വന്നു. ഈ അത്ഭുതം കാണാന്‍ ധാരാളം ആളുകള്‍ അവിടേക്കെത്തി. നദിയില്‍ നിന്ന് കണ്ടെടുത്ത ജോണിന്‍റെ മൃതദേഹം പ്രേഗ് കത്തീഡ്രലില്‍ സംസ്കരിച്ചു.

1719-ല്‍ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്‍റെ മൃതകുടീരം തുറന്നപ്പോള്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ജോണിന്‍റെ നാവ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും അഴുകിയിരുന്നില്ല. 1729 മാര്‍ച്ച് 19-ന് ബനഡിക്റ്റ് 13-ാമന്‍ മാര്‍പാപ്പ ജോണ്‍ നെപുംസ്യാനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

'

By: Shalom Tidings

More
ജനു 29, 2020
Evangelize ജനു 29, 2020

2020-ന്‍റെ ദിവസങ്ങളിലേക്ക് നാം കാലെടുത്ത് വച്ചിരിക്കുന്നു. ഈ പുതുവത്സരത്തില്‍ യാത്ര ആരംഭിക്കുംമുമ്പ് നമുക്ക് നമ്മെത്തന്നെ ഒന്നു പരിശോധിച്ചു നോക്കാം. ആരുടെ വഞ്ചിയിലേക്കാണ് നാമിപ്പോള്‍ കാലെടുത്തുവച്ചിരിക്കുന്നത്? യേശു തുഴയുന്ന വഞ്ചിയിലോ അതോ സാത്താന്‍റെയും ലോകത്തിന്‍റെയും വഞ്ചിയിലോ?

ഒരുപക്ഷേ നമ്മള്‍ ആഗ്രഹിച്ചത് യേശുവിന്‍റെ വഞ്ചിയില്‍ത്തന്നെ കാലുകള്‍ ചവിട്ടണം എന്നായിരിക്കാം. നമ്മള്‍ വിശ്വസിച്ചിരുന്നതും നമ്മുടെ കാലുകള്‍ യേശുവിന്‍റെ വഞ്ചിയില്‍ത്തന്നെ ആണ് എന്നും ആയിരിക്കാം. യേശുവിന്‍റെ വഞ്ചിയില്‍ എന്നോര്‍ത്ത് നാം കാലെടുത്തു വച്ചിരിക്കുന്നത് സാത്താന്‍റെ വഞ്ചിയിലാണോ? അതോ നമ്മുടെയെല്ലാം ഒരു കാല്‍ യേശുവിന്‍റെ വഞ്ചിയിലും മറ്റേ കാല്‍ സാത്താന്‍റെ (ലോകത്തിന്‍റെ) വഞ്ചിയിലും ആണോ? ഇരുവഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍ എന്തു സംഭവിക്കും? എതിര്‍ദിശയില്‍ വഞ്ചികള്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഒന്നിലും നിലയുറപ്പിക്കാന്‍ കഴിയാതെ നമ്മള്‍ നിലയില്ലാത്ത നീര്‍ക്കയത്തിലേക്ക് മറിഞ്ഞുവീഴുകയും ആരും രക്ഷിക്കാനില്ലാതെ മുങ്ങിച്ചാകുകയും ചെയ്യും. ഇന്നത്തെ വലിയൊരു പങ്ക് ക്രിസ്ത്യാനികളുടെയും അവസ്ഥ ഇതുതന്നെ ആണെന്ന് പറയാതിരിക്കാന്‍ വയ്യ.

കര്‍ത്താവിന്‍റെ വചനം നമ്മോട് ഇപ്രകാരം ചോദിക്കുന്നു: “നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍ വയ്ക്കും. കര്‍ത്താവാണ് ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍. ബാലാണ് ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍” (1 രാജാക്കന്മാര്‍ 18:21). ലോകത്തെയും അതേസമയം ദൈവത്തെയും ഒരേ അളവില്‍ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനി ഏറ്റവും ഹതഭാഗ്യനാണ് എന്ന് തിരുവചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. “ഈ ലോക ജീവിതത്തിനായി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചവരാണ് നാമെങ്കില്‍ മറ്റെല്ലാ മനുഷ്യരെയുംകാള്‍ നാം നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19).

രണ്ടും വേണം എനിക്ക്

വേണം, ദൈവവും വേണം എനിക്ക് എന്നതാണ് ഇന്ന് ഏറെപ്പേരുടെയും നിലപാട്. നമ്മള്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ അറിയേണ്ടേ എന്നതാണ് ഇന്ന് പലരുടെയും ചോദ്യം. അറിയുന്നതിലല്ല അഡിക്റ്റാകുന്നതില്‍ (അടിമത്തം) ആണ് പ്രശ്നം. ലോകത്തില്‍ ജീവിക്കുന്നതിലല്ല, ലോകത്തെയും അതിന്‍റെ വസ്തുക്കളെയും സ്നേഹിച്ച് അവയ്ക്ക് അടിമപ്പെടുന്നതിലാണ്. “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്‍റെ (ദൈവത്തിന്‍റെ) സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍ ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല. പ്രത്യുത ലോകത്തിന്‍റേതാണ്” (1 യോഹന്നാന്‍ 2:15-16).

തിരുവചനങ്ങളിലൂടെ ദൈവം നമ്മെ തിരുത്തുന്നത് നമുക്ക് ശ്രവിക്കാം. “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു” (യാക്കോബ് 4:4).

ഹൈറേഞ്ചിലെ അമ്മച്ചി

താല്‍ക്കാലിക നിയമനങ്ങളില്‍ ഞാന്‍ ഹൈറേഞ്ചിലെ മലമടക്കുകളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന കാലം. പള്ളിയോടും പട്ടക്കാരനോടും വിശുദ്ധ കുര്‍ബാനയോടുമെല്ലാം വലിയ ഭക്തി പുലര്‍ത്തുന്ന ഒരമ്മച്ചിയെകണ്ടുമുട്ടുവാനും പരിചയപ്പെടാനും ഇടയായി. അമ്മച്ചി രാവിലെ നാലര മണിക്ക് ഉണരും. പല്ലുതേച്ച് മുഖം കഴുകി കട്ടന്‍ കാപ്പിയും റസ്ക്കും കഴിച്ച് ഉടന്‍തന്നെ വസ്ത്രം മാറി ടോര്‍ച്ചും തെളിച്ച് പള്ളിയിലേക്ക് ഒരൊറ്റ പോരലാണ്. അവിടെ വന്ന് മാതാവിന്‍റെ മുറ്റമടിക്കും. ആ പള്ളി മാതാവിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായതായിരുന്നു. അതു കഴിഞ്ഞ് കുര്‍ബാന. കുര്‍ബാനയ്ക്ക് ഭക്തിയോടെ ഏറ്റവും മുന്‍നിരയില്‍ അമ്മച്ചിയുണ്ട്. ഏറ്റവും ആദ്യം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും അമ്മച്ചിയാണ്. ആഴ്ചയിലൊന്ന് കുമ്പസാരിക്കും. ധര്‍മക്കാരെ കണ്ടാല്‍ ദാനധര്‍മവും ചെയ്യും. പക്ഷേ ഇതുകഴിഞ്ഞാല്‍ അമ്മച്ചി വേറൊരാളാകും.

പോകുന്ന വഴിക്ക് സമപ്രായക്കാരായ മറ്റമ്മച്ചിമാരും ഉണ്ട് കൂട്ടിന്. മരുമകളുടെ കുറ്റവും ഇന്നത്തെ തലമുറയുടെ പള്ളീം പട്ടക്കാരുമില്ലാത്ത ജീവിതവും എല്ലാം കണ്ണീരോടും വിലാപത്തോടുംകൂടി അമ്മച്ചിയുടെ നേതൃത്വത്തില്‍ മറ്റ് അമ്മച്ചിമാരെല്ലാവരുംകൂടി ചര്‍ച്ച ചെയ്യും. അങ്ങനെ വീട്ടുകാര്യവും നാട്ടുകാര്യവുമെല്ലാം ചര്‍ച്ച ചെയ്ത് കുറ്റം വിധിക്കാവുന്നവരെയെല്ലാം വിധിച്ച് വീട്ടിലെത്തിയാലുടന്‍തന്നെ അമ്മച്ചിക്ക് ചൂടുള്ള പാല്‍കാപ്പിയും പലഹാരങ്ങളും മേശപ്പുറത്ത് വേണം. അല്പം വൈകിപ്പോയാല്‍ മരുമകളെ ചീത്ത പറയും. ഞാന്‍ ഇങ്ങനെയൊന്നുമല്ല കാരണവന്മാരെ നോക്കിയതെന്നും കാരണവന്മാരെ (അമ്മച്ചിയെ) വേണ്ടവിധത്തില്‍ നോക്കിയില്ലെങ്കില്‍ ഒന്നിനും ഗുണം പിടിക്കുകയില്ല എന്നും പറയും.

പാവം മരുമകള്‍. പ്രായവ്യത്യാസം അധികമില്ലാത്ത നാല് ആണ്‍കുട്ടികളെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിച്ച്, രാവിലെ ഭക്ഷണവും ടിഫിനും ഒരുക്കി, അവര്‍ തമ്മിലുള്ള വഴക്കും തീര്‍ത്ത്, ഭര്‍ത്താവിനെയും ശുശ്രൂഷിച്ച് കര്‍ത്തവ്യങ്ങളെല്ലാം തീര്‍ത്ത് നിലംതൊടാതെ ഓടുന്ന ഓട്ടത്തില്‍ ചിലപ്പോള്‍ അമ്മച്ചിയുടെ പ്രഭാതഭക്ഷണം മേശപ്പുറത്തെത്തിക്കുന്നത് അല്പമൊന്ന് വൈകിയാല്‍ പിന്നെ അതിന്‍റെ പേരില്‍ കലഹമായി. ഞാനും പെറ്റുവളര്‍ത്തിയതാണ് ആറേഴെണ്ണത്തിനെ. ഇതിനിടയ്ക്ക് ഞാനെന്‍റെ കാരണവന്മാരെ പൊന്നുപോലെ നോക്കി. ചുമ്മാതല്ല, അതിന്‍റെ ഐശ്വര്യമാണ് ഇന്നിവളൊക്കെ അനുഭവിക്കുന്നത്. ഇന്നിപ്പോള്‍ എന്‍റെ കാലമായപ്പോള്‍ രാവിലെ പള്ളീല്‍ പോയി മാതാവിന്‍റെ മുറ്റമടിച്ച് കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് തിരിച്ചുവരുന്ന എനിക്ക് സമയത്ത് ഒരിറ്റു ചൂ
ടുവെള്ളം എടുത്തുതരാന്‍പോലും ഇവിടെ ആരുമില്ല. ഇതാണ് അമ്മച്ചിയുടെ പരാതി.

“എന്‍റെ പൊന്നമ്മച്ചീ, ഞാനിപ്പോള്‍ത്തന്നെ കാപ്പി എടുത്തുവയ്ക്കാം. എനിക്കും രണ്ട് കൈയല്ലേ ഉള്ളൂ ഇതെല്ലാം ചെയ്യാന്‍” എന്നൊന്നു പറഞ്ഞുപോയാല്‍ “കണ്ടില്ലേ, ഇവളെന്നോട് മുന്നോട്ടുവയ്ക്കുന്നത്. ഞാന്‍ എന്‍റെ അമ്മായിയമ്മയുടെ നേരെ നിന്ന് ഒരു വാക്ക് എതിരു പറഞ്ഞിട്ടില്ല” എന്നാകും അമ്മച്ചി.

കാപ്പികുടി കഴിഞ്ഞാല്‍ പിന്നെ അമ്മച്ചി ബൈബിള്‍ വായിക്കും. ഒരധ്യായം കൃത്യമായും ഉറക്കെത്തന്നെ വായിക്കും. അതിന്‍റെകൂടെ മുടക്കം കൂടാതെ പൈങ്കിളി പ്രസിദ്ധീകരണങ്ങളും സിനിമാവാരികയും കൃത്യമായി വായിക്കും. ഇതിനമ്മച്ചി കൊടുക്കുന്ന വിശദീകരണം ഇതാണ്. ലോകമൊക്കെ എവിടെയാ നില്ക്കുന്നതെന്ന് നമ്മളറിയേണ്ടേ. അതൊക്കെ വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാ. കണ്ടില്ലേ, ലോകമെന്താണെന്നറിയാതെ ഓരോ പെമ്പിള്ളാര് ഓരോ കെണികളില്‍ ചെന്നു വീഴുന്നത്.

ഇതെല്ലാം വായിച്ച് ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ അമ്മച്ചി ഉണ്ണാനിരിക്കും. കൃത്യസമയത്തുതന്നെ ഊണ് മേശപ്പുറത്തുവേ
ണം. ഊണിന് പച്ചമീന്‍ പുളിയിട്ടുവച്ചത് നിര്‍ബന്ധം. എന്തെങ്കിലും കാരണവശാല്‍ മീന്‍കറി കിട്ടാതെ പോയാല്‍ അന്ന് എന്തെല്ലാം കറികള്‍ സ്പെഷ്യലായി ഉണ്ടാക്കിക്കൊടുത്താലും അമ്മച്ചിക്ക് തൃപ്തികേടാണ്. അതെക്കുറിച്ച് ഒരിക്കല്‍ കൂട്ടുകാരിയായ റോസക്കുട്ടിയമ്മച്ചി ചോദിച്ചു. “അല്ല മാമി, ഒരു ദിവസം ഇത്തിരി മീനില്ലെന്നു പറഞ്ഞ് ഇത്രമാത്രം ബഹളം കൂട്ടാനുണ്ടോ? നമ്മള് പെണ്ണുങ്ങള് ഇത്തിരി ആശയടക്കമൊക്കെ ചെയ്യേണ്ടവരല്ലേ. ഒരു ദിവസം മീനില്ലാതെ ചോറുണ്ണാന്‍ നിനക്ക് പറ്റുകയില്ലെങ്കില്‍ നോമ്പുകാലത്ത് നീ എന്തുചെയ്യും?”

മാമിച്ചേടത്തി അതിന് പറഞ്ഞ മറുപടി ഇതാണ്. “അതേ റോസക്കുട്ടീ, ഇത്തിരി പച്ചമീനിന്‍റെ ഉളുമ്പില്ലെങ്കില്‍ എന്‍റെ തൊണ്ടേന്ന് ചോറ് താഴേക്കിറങ്ങത്തില്ലെടീ. നോമ്പുകാലത്തും ഞാന്‍ മീന്‍ ഒഴിവാക്കാറില്ലെടീ. വലിയ ആളുകള്‍പോലും അതൊന്നും ചെയ്യുന്നില്ലെന്നാ പറയുന്നത്!”

റോസക്കുട്ടിയമ്മച്ചി തിരിച്ചുപറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ. പക്ഷേ എനിക്കതിനോട് യോജിക്കാന്‍ പറ്റില്ല. കാരണവന്മാര് മണ്ണിനോട് മല്ലിടാനാ
യി ഈ ഹൈറേഞ്ചില്‍ വന്നപ്പോള്‍ ഒരു കാന്താരിമുളക് കടിച്ചുകൂട്ടി നോമ്പുകാലത്ത് ചോറുണ്ടത് ഞാനോര്‍ക്കുന്നു. ഞങ്ങളെയും അങ്ങനെതന്നെയാ ഞങ്ങളുടെ അപ്പനും അമ്മയും പരിശീലിപ്പിച്ചത്. ഞങ്ങളുടെ വലിയപ്പന്‍ പാല്‍ചായ പോലും ഉപേക്ഷിച്ച് വലിയ നോമ്പെടുക്കുന്നത് ഞാനിന്നുമോര്‍ക്കുന്നെടീ. നോമ്പുകാലത്ത് ഇറച്ചിയും മീനും മൊട്ടയുമൊക്കെ വീടിന്‍റെ പരിസരത്ത് കേറ്റുകപോലുമില്ലായിരുന്നു. പള്ളി ഏറെ ദൂരെയായിരുന്നതുകൊണ്ട് എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും രാവിലെ നാലുമണിക്കെഴുന്നേറ്റ് മുഴുവന്‍കൊന്ത ചൊല്ലിയിട്ടേ കുടുംബാംഗങ്ങള്‍ അവരവരുടെ ജോലിക്ക് പോകുമായിരുന്നുള്ളൂ. അതിന്‍റെയൊക്കെ ഫലമാടീ മാമി ഞങ്ങളുടെ മക്കള്‍ക്ക് കിട്ടിയ ഭാഗ്യങ്ങള്‍. മക്കള്‍ പലരും അച്ചന്മാരും കന്യാസ്ത്രീകളും ആയിത്തീര്‍ന്നതും വലിയൊരു ദൈവാനുഗ്രഹംതന്നെ.

എന്നാലും ഒരു കാര്യത്തില്‍ ഞാനും നിന്നോട് യോജിക്കുന്നു. കുറച്ചുകാലങ്ങളായി ഞാന്‍ മക്കളെ ശ്രദ്ധിക്കുന്നുണ്ട്. അവര്‍ക്ക് പണ്ടത്തെപ്പോലെ പ്രാര്‍ത്ഥനയിലും നോയമ്പിലും ഒന്നും വലിയ താല്പര്യമില്ല. നോയമ്പൊന്നും അധികം വേണ്ട, അതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടാല്‍ മതി എന്നാണവര്‍ പറയുന്നത്. അവരോട് തര്‍ക്കിച്ചുനേടാനുള്ള വൈഭവം എനിക്കില്ലാത്തതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല മാമീ. അവരൊക്കെ വലിയ വലിയ പഠി
പ്പുള്ളവരല്ലേ. എന്‍റെ ജയിംസുകുഞ്ഞിനാണെങ്കില്‍ രണ്ടാണ് ഡോക്ടറേറ്റ്. വലിയ പഠിപ്പുള്ളോരു പറയുമ്പോള്‍ പഠിപ്പില്ലാത്തവര് കേള്‍ക്കുക, അത്രതന്നെ. എന്നാലും ഞാനെന്‍റെ നോമ്പും പ്രാര്‍ത്ഥനയുമൊന്നും ഉപേക്ഷിച്ചിട്ടില്ല മാമി. എല്ലാ നോമ്പും ഞാന്‍ നോക്കും. എന്‍റെ കൊച്ചുമക്കളെയും ഞാനത് പഠിപ്പിക്കുന്നുണ്ട്. അവര്‍ അനുസരിക്കുന്നുമുണ്ട്.”

“അല്ലാടീ റോസക്കുട്ടി, ഒരു കാര്യത്തില്‍ നീയൊരു ഭാഗ്യവതിയാണ്. ഇത്രേം കന്യാസ്ത്രീകളും അച്ചന്മാരും നിന്‍റെ കുടുംബത്തിലുണ്ടായല്ലോ.”

“എന്‍റെ മാമീ, നിനക്കും കിട്ടും അതിലും വലിയ ഭാഗ്യം. നിന്‍റെ സിനിമാമാസിക വായനയും ഏഴുമണി മുതലുള്ള സീരിയലു കാണലും സിനിമ കാണലുമൊക്കെ നിര്‍ത്തി ആ സമയത്ത് നീ മക്കള്‍ക്കും ചെറുമക്കള്‍ക്കുംവേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്ക്. അവരെ അടുത്തിരുത്തി നമസ്കാരങ്ങളും നല്ല കാര്യങ്ങളും പഠിപ്പിക്ക്. അപ്പോള്‍ നിന്‍റെ മക്കള്‍ നിന്നെ സന്തോഷിപ്പിക്കും. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും പ്രായശ്ചിത്തത്തോടുംകൂടി അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്ക്. നിന്‍റെ കുടുംബത്തിലും ദൈവം അനുഗ്രഹം ചൊരിയും. രണ്ടു വഞ്ചിയില്‍ കാല്‍വച്ചുള്ള നിന്‍റെ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവിതകാ
ലം മുഴുവനും മാതാവിന്‍റെ മുറ്റം അടിച്ചാലും മാതാവിനുപോലും നിന്നെ രക്ഷിക്കാനാവില്ല എന്നോര്‍മ്മവേണം. പോട്ടെടി മാമീ, ഞാനിത്തിരി കടുപ്പത്തില്‍ പറഞ്ഞു. നിന്നോടുള്ള ഇഷ്ടംകൊണ്ടാട്ടോ. വിഷമം തോന്നിയാല്‍ ക്ഷമിക്ക്.”

നല്ല രണ്ട് മോഡലുകള്‍

ഈ രണ്ട് അമ്മച്ചിമാരും നമുക്കിടയില്‍ത്തന്നെയുണ്ട്. ദൈവത്തെയും ലോകത്തെയും ഒരുപോലെ സ്നേഹിക്കുന്ന മാമി അമ്മച്ചിമാര്‍ 90 ശതമാനമാണെങ്കില്‍ ദൈവത്തോടുമാത്രം ചേര്‍ന്നു നില്ക്കുന്ന, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പ്രായശ്ചിത്ത പ്രവൃത്തികളിലും അടിയുറച്ചു നില്ക്കുന്ന, ലോകത്തോട് കൂട്ടുചേരാന്‍ തയാറാകാത്ത റോസക്കുട്ടി അമ്മച്ചിമാര്‍ ഇന്ന് പത്തു ശതമാനമോ ഒരുപക്ഷേ അതില്‍ താഴെയോ ആണ്. നമുക്ക് ഇന്നാവശ്യം പശ്ചാത്താപത്തിന്‍റെ മിഴിനീരാണ്. മറ്റൊന്നിനുമല്ല രണ്ടു വഞ്ചിയില്‍ കാലുവച്ചുകൊണ്ട് ക്രിസ്ത്യാനി എന്നവകാശപ്പെട്ടുകൊണ്ട് മാമി അമ്മച്ചിമാരുടെ ജീവിതം നയിച്ച് ക്രിസ്തുവിനെയും അവന്‍റെ സഭയെയും അപമാനിച്ചതിന്! നയിക്കുന്നവനും നയിക്കപ്പെടുന്നവനും അധികാരിയും വിധേയനും പണ്ഡിതനും പാമരനും കുടുംബജീവിതക്കാരനും സമര്‍പ്പിതനുമൊക്കെ ഈ മാമി അമ്മച്ചിമാരുടെ ഗണത്തിലുണ്ട്. നിങ്ങള്‍നിമിത്തം ദൈവത്തിന്‍റെ നാമം വിജാതീയരുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു എന്നത് എത്ര സത്യമായ കര്‍ത്താവിന്‍റെ വചനം! (റോമാ 2:24).
ഒരുപക്ഷേ ഇതെഴുതുന്ന ഞാനും പലരംഗങ്ങളിലും മാമി അമ്മച്ചിയുടെ ഗണത്തില്‍പ്പെട്ടവളാകാം. നാം ഉള്‍ക്കൊണ്ട ദിവ്യകാരുണ്യം നമ്മെ എന്തിലേക്ക് നയിച്ചു എന്നതാണ് പരമപ്രധാനം. അവിടെ നമ്മള്‍ പള്ളിവിട്ടിറങ്ങിയ മാമി അമ്മച്ചി ആയിരുന്നെങ്കില്‍ നമ്മുടെ സാക്ഷ്യപ്പെടുത്തല്‍ യേശുവിന് എത്രയോ വേദനാജനകം ആയിരുന്നിരിക്കും! ഈ 2020-ലെങ്കിലും നമുക്കൊരു തിരിച്ചുവരവ് വേണ്ടേ? ഇതൊരുപക്ഷേ നമുക്ക് അനുതപിക്കാനായി ദൈവം ദാനമായി നല്കിയിരിക്കുന്ന അവസാനത്തെ ഒരു വര്‍ഷമായിരിക്കാം. ഈ കരുണയ്ക്കൊരു ലക്ഷ്യമുണ്ട്. “നിന്നെ അനുതാപത്തിലേക്ക് നയിക്കുക എന്നതാണ് കര്‍ത്താവിന്‍റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ” എന്ന് അവിടുന്ന് ചോദിക്കുന്നു. രണ്ടായിരത്തി ഇരുപതിന്‍റെ തുടക്കത്തില്‍ മറ്റെന്തിനെക്കാളുമുപരി പശ്ചാത്താപത്തിന്‍റെ മിഴിനീര് തരണേ എന്ന് സഭാമക്കളായ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. സഭ റോസക്കുട്ടി അമ്മച്ചിമാരെക്കൊണ്ട് നിറയട്ടെ. “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3:5). ശാലോം വായനക്കാര്‍ക്ക് അത്ഭുതങ്ങള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു, ആവേ മരിയ. ډ

'

By: സ്റ്റെല്ല ബെന്നി

More
ജനു 29, 2020
Evangelize ജനു 29, 2020

ക്രിസ്മസ് കഴിഞ്ഞുള്ള ഒരു പ്രധാന തിരുനാളാണ് എപ്പിഫെനി. പ്രത്യക്ഷീകരണം എന്നാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പിതാവായ ദൈവം ലോകത്തിലേക്ക് രക്ഷകനായി അയച്ച ഉണ്ണിയേശുവിനെ ലോകത്തിന് വെളിപ്പെടുത്തുകയാണ്. ഈ പ്രത്യക്ഷീകരണം രണ്ട് തലങ്ങളില്‍ നടക്കുന്നുണ്ട്. ആദ്യം ആ വെളിപ്പെടുത്തല്‍ ലഭിച്ചത് തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ജനത്തിനാണ്. ഇസ്രായേല്‍ ജനങ്ങളുടെ പ്രതിനിധികളായി ആ വെളിപാട് സ്വീകരിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചത് ആട്ടിടയന്മാര്‍ക്കാണ്. രക്ഷകന്‍ പിറന്ന ആ രാത്രിയില്‍ത്തന്നെ കര്‍ത്താവിന്‍റെ ദൂതന്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു: “ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:10).

എന്നാല്‍ യേശു ഇസ്രായേല്‍ ജനത്തിന്‍റെമാത്രം രക്ഷകനല്ല, ലോകം മുഴുവന്‍റെയും രക്ഷകനാണ്. ലോകജനതയുടെ പ്രതിനിധികളായി യേശുവിനെ ആരാധിക്കുവാന്‍ വരുന്നത് ജ്ഞാനികളാണ്. അവര്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച് ആരാധിക്കുന്നതാണ് എപ്പിഫെനിയില്‍ പ്രത്യേകമായി അനുസ്മരിക്കുന്നത്. അഥവാ ബേത്ലെഹെമില്‍ ഒരു സാധാരണ ഭവനത്തില്‍ കിടക്കുന്ന ശിശു രക്ഷകനാണെന്ന് ജ്ഞാനികള്‍ക്ക് വെളിപ്പെട്ടതാണിത്. ആകാശഗോളങ്ങളെയും ന
ക്ഷത്രങ്ങളെയും നിരീക്ഷിച്ച് പഠനം നടത്തിക്കൊണ്ടിരുന്ന വലിയ പണ്ഡിതന്മാരായിരുന്നു അവര്‍. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങള്‍ സ്വീകരിക്കുന്ന രീതിയില്‍ തുറവിയുള്ളവരായിരുന്നു അവരെന്നതാണ് ശ്രദ്ധേയമായ കാര്യം. മനുഷ്യന്‍റെ ബുദ്ധിയെ പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഒരു ദൈവാന്വേഷണം നിശ്ചയമായും ഫലം ചൂടും എന്നാണ് അവരുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നത്. ജ്ഞാനികള്‍ മൂന്നുപേരായിരുന്നു എന്നാണ് പാരമ്പര്യമെങ്കിലും അവരുടെ എണ്ണത്തെക്കുറിച്ച് സുവിശേഷം ഒന്നും പറയുന്നില്ല. പൗരസ്ത്യ ദേശത്തുനിന്ന് ജ്ഞാനികള്‍ ജറുസലെമില്‍ എത്തി എന്നേ നാം വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ കാണുന്നുള്ളൂ.

ആകാശത്ത് പ്രത്യക്ഷപ്പെട്ട നക്ഷത്രം രക്ഷകന്‍റെ ജനനത്തെ സൂചിപ്പിക്കുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവരുടെ വാക്കുകളില്‍നിന്നുതന്നെ നാം അക്കാര്യം മനസിലാക്കുന്നു. “ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കുവാന്‍ വന്നിരിക്കുകയാണ്” (മത്തായി 2:2). അവരുടെ ദൈവാന്വേഷണത്തെ സഹായിച്ചത് നക്ഷത്രമാണ്. ആ നക്ഷത്രത്തെ അനുഗമിച്ചാണ് അവര്‍ രക്ഷകന്‍റെ സമീപത്ത് എത്തിയത്.

രക്ഷകനെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം ഇന്നും നക്ഷത്രം ഒരുക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനെക്കുറിച്ച് മനോഹരമായ ഒരു വ്യാഖ്യാനം നല്കുന്നുണ്ട്. ദൈവം ഇന്ന് നമുക്ക് നല്കിയിരിക്കുന്ന നക്ഷത്രം ദൈവവചനമാണ്. ദൈവവചനം എല്ലാ ദിവസവും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ രക്ഷനായ യേശുവിന്‍റെ സാന്നിധ്യം അനുഭവിച്ചറിയുവാന്‍ നമുക്ക് സാധിക്കും.അത് നാം ഭൗതികഭക്ഷണം കഴിക്കുന്നതുപോലെ കൂടെക്കൂടെ ചെയ്യേണ്ട ന്നാണെന്ന്അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതിനായി ഒരു ചെറിയ പോക്കറ്റ് ബൈബിള്‍ കൈയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പിതാവ് തന്നെ ഇക്കാര്യം ദിവസവും പല പ്രാവശ്യം ചെയ്യാറുണ്ടെന്ന് പറയുന്നു. ബൈബിള്‍ പ്രാര്‍ത്ഥനാപൂര്‍വം തുറന്ന് ഒരു വചനം വായിക്കുകയും അതിന്‍റെ വ്യാഖ്യാനത്തിനായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് എപ്പോഴും യേശുവിനെ കണ്ട് ആരാധിക്കുവാന്‍ നമ്മെ സഹായിക്കും (ഒസ്സര്‍വത്തോരെ റൊമാനോ, ഫെബ്രുവരി 9, 2005). ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍റെ ഈ ഉപദേശത്തെ വലിയ ഗൗരവത്തോടെ നമുക്കും സ്വീകരിക്കാം.

ജ്ഞാനികള്‍ വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന് വന്നവരായിരിക്കാം. എന്നാലും അവര്‍ക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ നയിച്ചിരുന്നത് പരിശുദ്ധാത്മാവാണ്. അതിനാല്‍ അവര്‍ ഒരുമിച്ചുചേര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ ഭാഷയെ ഏകീകരിച്ചു എന്നുവേണം നാം മനസിലാക്കുവാന്‍. രക്ഷകനായ യേശുവിനെ അറിയുവാന്‍ ഹൃദയത്തില്‍ തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ആവശ്യമായതെല്ലാം ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ഇന്നും എന്നും ഒരുക്കി ക്കൊണ്ടിരിക്കുന്നു.

ദൈവാന്വേഷണത്തില്‍ സംഭവിക്കാവുന്ന ചില പാളിച്ചകളെക്കുറിച്ചും ജ്ഞാനികളുടെ യാത്ര നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അവര്‍ നക്ഷത്രത്തിന്‍റെ പിന്നാലെ നടന്ന് ജറുസലെമിലെത്തി. പിന്നെ നാം അവരെ കാണുന്നത് ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തിലാണ്. എങ്ങനെ അവര്‍ അവിടെ എത്തി. ഏതായാലും നക്ഷത്രം അവരെ അങ്ങോട്ട് നയിച്ചിരിക്കുവാന്‍ ഇടയില്ല. ജറുസലെമില്‍ എത്തിയപ്പോള്‍ അവര്‍ അവരുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിരിക്കണം. നക്ഷത്രത്തെ നോക്കുവാന്‍ മറന്നുപോയിക്കാണും. ദൈവം രക്ഷകനായി പിറക്കും എന്നല്ലേ സന്ദേശം. ദൈവം പിറക്കുന്നത് രാജകൊട്ടാരത്തില്‍ അല്ലെങ്കില്‍പ്പിന്നെ എവിടെയാണ്? ഇങ്ങനെ ബുദ്ധികൊണ്ട് വിശകലനം ചെയ്ത അവര്‍ നക്ഷത്രം എങ്ങോട്ടാണ് പോയതെന്ന് നോക്കിക്കാണുകയില്ല. അല്ലെങ്കില്‍ നക്ഷത്രത്തിന്‍റെ കാഴ്ച അവര്‍ക്ക് താല്ക്കാലികമായി നഷ്ടപ്പെട്ടു. ഇന്ന് പലര്‍ക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവിനോട് ആലോചിച്ചും സന്ദേശങ്ങള്‍ സ്വീകരിച്ചും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങളെ മറന്ന് സ്വന്തം ബുദ്ധിയില്‍ ആശ്രയിച്ച് തീരുമാനങ്ങള്‍ എടുക്കും. ഫലമോ അപകടത്തില്‍ ചെന്ന് ചാടുന്നു. എത്തിപ്പെടുന്നത് ഹേറോദേസിന്‍റെ കൊട്ടാരത്തില്‍. എന്നാല്‍ ഇവിടെയും ഒരു ആശ്വാസമുണ്ട്. ആത്മാര്‍ത്ഥമായി യേശുവിനെ അന്വേഷിക്കുന്നവരുടെ ജീവിതത്തില്‍ ഒരു തെറ്റ് വന്നാലും തിരുത്തുവാന്‍ ദൈവം അവസരമൊരുക്കും.

അതാണ് ജ്ഞാനികളുടെ യാത്രയിലും സംഭവിക്കുന്നത്. അവര്‍ കൊട്ടാരത്തിന്‍റെ പുറത്ത് കടന്നു. അപ്പോള്‍ വീണ്ടും അവരുടെ മുമ്പില്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ‘നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഷ്ടപ്പെട്ട ദൈവാനുഭവം തിരിച്ചു കിട്ടിയതിന്‍റെ സന്തോഷം. ആ ആനന്ദം ദൈവം നമുക്കുവേണ്ടിയും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ നാളുകളില്‍ ചെയ്ത മണ്ടത്തരങ്ങളെയോര്‍ത്ത് ദുഃഖിക്കേണ്ടാ. വീണ്ടും യേശുവിന്‍റെ പാതയിലേക്ക് വരുമ്പോള്‍ അവിടുന്ന് നമ്മെ നയിക്കും.

അവര്‍ നക്ഷത്രത്തെ പിന്‍ചെന്ന് ഒരു ഭവനത്തിലെത്തി. ഇവിടെ ജ്ഞാനികളുടെ മുന്നില്‍ രണ്ടാമത്തെ ബൗദ്ധികപ്രശ്നമുണ്ടാകുന്നു. ഒരു സാധാരണ ഭവനത്തില്‍ കിടക്കുന്ന ഒരു സാധാരണ ശിശുവിനെയാണ് അവര്‍ കണ്ടത്. ‘ഇതാണോ രക്ഷകന്‍’ ബുദ്ധി ചോദിച്ചേക്കാം. പക്ഷേ അവര്‍ അനുഭവത്തില്‍നിന്ന് പാഠം പഠിച്ചിരുന്നു. അതിനാല്‍ ഇപ്രാവശ്യം അവര്‍ ബുദ്ധിയില്‍ ആശ്രയിച്ചില്ല. മറിച്ച് പരിശുദ്ധാത്മാവ് നല്കിയ ശക്തമായ പ്രചോദനത്തെ അവര്‍ ഹൃദയത്തില്‍ സ്വീകരിച്ചു. അതിനാലാണ് വലിയ ബുദ്ധിമാന്മാരും വലിയ പദവിയിലുള്ളവരുമായ അവര്‍ക്ക് ആ ശിശുവിന്‍റെ മുമ്പില്‍ കുമ്പിട്ട് ആരാധിക്കുവാനുള്ള എളിമ ലഭിച്ചത്. ബുദ്ധിയുടെ പരിമിതി മനസിലാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി എന്ന് ആ ജ്ഞാനികള്‍ ഇന്ന് നമ്മോട് പറയുന്നില്ലേ? എന്‍റെ ബുദ്ധികൊണ്ട് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഞാന്‍ വിശ്വസിക്കുകയില്ല എന്ന് നാം നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ലല്ലോ.

അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ടു എന്ന വാക്യവും ശ്രദ്ധേയമത്രേ. ഇത് ഇന്ന് അനേകര്‍ക്കുള്ള ഒരു സന്ദേശമാണ്. യേശുവിനെ കണ്ടെത്തുവാനുള്ള, യേശുവിനെ ദൈവമായി സ്വീകരിക്കുവാനുള്ള, ഏറ്റവും എളുപ്പവഴി പരിശുദ്ധ മാതാവ് തന്നെയാണ്. പരിശുദ്ധ അമ്മ മകന്‍റെ അടുത്തേക്കാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധ മാതാവിനെ തള്ളിപ്പറയുന്നവരുടെ മുമ്പില്‍ ഈ വാക്യം ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. തിരുസഭാ മാതാവിനോട് ചേര്‍ന്നും നമുക്ക് ഇതിനെ മനസിലാക്കാം. നമ്മുടെ യേശു അന്വേഷണങ്ങള്‍ സഭയോട് ചേര്‍ന്നാകുമ്പോള്‍ അത് സുരക്ഷിതവും ഫലപ്രദവും ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതുമായിരിക്കും. തിരുസഭയെ ഉപേക്ഷിച്ച് വ്യക്തിപരമായ സന്ദേശങ്ങള്‍ സ്വീകരിച്ച് പോകുന്നത് തികച്ചും അപകടകരംതന്നെ.

നോക്കൂ, ദൈവം എത്ര മനോഹരമായാണ് അവരുടെ യാത്രയെ ക്രമീകരിച്ചത്. ഉണ്ണിയേശുവിന് സമര്‍പ്പിക്കുവാനുള്ള സമ്മാനങ്ങള്‍ മൂന്നുപേരും എടുത്തത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ. കാരണം അവരുടെ ചിന്തകളെയും തീരുമാനങ്ങളെയും നയിച്ചത് പരിശുദ്ധാത്മാവ് ആയിരുന്നല്ലോ. പരിശുദ്ധാത്മാവ് നമ്മെ ഇന്നും നയിക്കുമ്പോള്‍ എല്ലാം വളരെ ഉചിതവും മനോഹരവും ദൈവത്തിന് പ്രീതികരവും ആയിരിക്കും. യേശുവിന്‍റെ രാജത്വത്തെ കാണിക്കുന്ന പൊന്ന്, പുരോഹിതന്മാരുടെ പുരോഹിതനായ അവിടുത്തെ ദൗത്യത്തെ സൂചിപ്പിക്കുന്ന കുന്തിരിക്കം, കുരിശിലുള്ള അവിടുത്തെ മരണത്തെയും രക്ഷാകരദൗത്യത്തെയും സൂചിപ്പിക്കുന്ന മീറ ഇവയാണ് അവരുടെ കാഴ്ചവസ്തുക്കള്‍.

അവരുടെ അന്വേഷണം സാര്‍ത്ഥകമായി, ലക്ഷ്യപ്രാപ്തിയിലെത്തി. അവര്‍ പിന്നീട് ചെയ്ത കാര്യവും അനുകരണീയംതന്നെ. യേശുവിനെ ആരാധിച്ചവര്‍ ഒരു പുതിയ വഴി സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. അവര്‍ വീണ്ടും പോകേണ്ടത് ലോകത്തിന്‍റെ സുഖങ്ങള്‍ ഉറങ്ങുന്ന ഹേറോദേസിന്‍റെ കൊട്ടാരത്തിലേക്കല്ല, തീര്‍ച്ച. ലോകത്തിന്‍റെ സുഖങ്ങള്‍ നമ്മെ നിരന്തരം ഇന്ന് മാടി വിളിക്കുമ്പോഴും അവയോട് ‘ഇല്ല’ എന്ന് പറയുവാന്‍ സാധിക്കുന്ന ഒരു വ്യക്തിക്കേ ആത്മീയജീവിതത്തില്‍ നിലനില്ക്കുവാനും മുന്നോട്ട് പോകുവാനും സാധിക്കുകയുള്ളൂ. ഇവിടെയും നമ്മെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്‍റെ കൃപ അത്യാവശ്യമാണ്. ഏത് തെരഞ്ഞെടുക്കണമെന്ന് പരിശുദ്ധാത്മാവ് നമ്മെ നിരന്തരം പഠിപ്പിക്കും. വിശുദ്ധ പൗലോസ് ശ്ലീഹ കൊളോസോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലെ വാക്യങ്ങള്‍ ഇവിടെ സ്മരണീയമാണ്. “നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവുംവഴി ദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ട് നിറയാന്‍വേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. കര്‍ത്താവിന് യോജിച്ചതും അവിടുത്തേക്ക് തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാകുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും” (കൊളോസോസ് 1:9-10). ഇതായിരിക്കട്ടെ നമ്മുടെയും പ്രാര്‍ത്ഥന. പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും ലഭിച്ച് ദൈവഹിതം അനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുകയും ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ജ്ഞാനികളെ നയിച്ച പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. രക്ഷകനായ യേശുവിന്‍റെ അടുത്തേക്ക് അവിടുന്ന് എല്ലായ്പ്പോഴും എന്നെ നയിക്കണമേ. എന്‍റെ ബുദ്ധിയുടെ പ്രചോദനങ്ങളെക്കാളുപരിയായി, അങ്ങയുടെ ദിവ്യമായ പ്രചോദനങ്ങള്‍ സ്വീകരിക്കുവാന്‍ പറ്റുന്ന വിധത്തില്‍ എനിക്ക് പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും നല്കി അനുഗ്രഹിച്ചാലും. എന്നെ എന്നും വഴിനടത്തണമേ. തെറ്റു പറ്റിയാല്‍ തിരിച്ചറിയാനും തിരിച്ചുവരുവാനും എന്നെ സഹായിച്ചാലും. പിതാവായ ദൈവമേ, അങ്ങയുടെ സ്നേഹത്താല്‍ എന്നെ നിറയ്ക്കണമേ. രക്ഷകനായ ഈശോയേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും ഞാന്‍ അറിയുവാന്‍ ഇടയാക്കണമേ. ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു, വണങ്ങുന്നു, അങ്ങയുടെ മുമ്പില്‍ കുമ്പിടുന്നു. പരിശുദ്ധ അമ്മേ, അമ്മയോട് ചേര്‍ന്ന് യേശുവിനെ ആരാധിക്കുവാന്‍ എന്നെ പരിശീലിപ്പിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.

'

By: K J Mathew

More
ജനു 24, 2020
Evangelize ജനു 24, 2020

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ രണ്ട് വ്യത്യസ്ത വഴികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഫൗസ്റ്റീന രണ്ട് വഴികള്‍ കണ്ടു. ഒന്ന് വീതികൂടിയതും മണലും പൂക്കളും വിരിച്ചതും സന്തോഷവും സംഗീതവും എല്ലാത്തരത്തിലുള്ള സന്തോഷങ്ങളും നിറഞ്ഞതുമായ വഴി. സ്വയം ആനന്ദിച്ചും നൃത്തം ചെയ്തും അനേകര്‍ അതിലൂടെ സഞ്ചരിച്ചു. അവര്‍ അറിയാതെതന്നെ വഴിയുടെ അവസാനത്തിലെത്തി. അവിടെ വലിയൊരു ഗര്‍ത്തം ഉണ്ടായിരുന്നു, നരകത്തിന്‍റെ ഗര്‍ത്തം. അന്ധമായി നടന്ന് പലരുടെയും ആത്മാവ് അതില്‍ പതിക്കുന്നത് ഫൗസ്റ്റീന കണ്ടു, എണ്ണാന്‍ പറ്റാത്തവിധം അത്രയേറെ പേര്‍.

അതോടൊപ്പം മറ്റൊരു വഴിയും ഫൗസ്റ്റീന കണ്ടു. ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമായ ഒരു പാത. അതിലെ സഞ്ചാരികളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു. അവര്‍ക്ക് അനേകം സഹനങ്ങളുണ്ട് എന്നും ഫൗസ്റ്റീനക്ക് മനസിലായി. ഇടയ്ക്ക് അവര്‍ കല്ലില്‍ തട്ടി വീഴുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് വീണ്ടും നടക്കുന്നു. അവര്‍ ആ പാതയുടെ അവസാനത്തിലെത്തുന്നത് വിശുദ്ധ ശ്രദ്ധിച്ചു. അവിടെയതാ അതിമഹത്തായതും സര്‍വപ്രകാരത്തിലുള്ള ആനന്ദം നിറഞ്ഞതുമായ അതിമനോഹരമായ ഒരു പൂന്തോട്ടം! ദുര്‍ഘടമായ വഴിയിലൂടെ നടന്നുകൊണ്ടിരുന്ന ആത്മാക്കളെല്ലാം അതില്‍ പ്രവേശിച്ചു. ആ നിമിഷംതന്നെ അവര്‍ തങ്ങളുടെ വേദനകളെല്ലാം മറന്നുപോയതായും വിശുദ്ധയ്ക്ക് മനസിലായി.

മത്തായി 7:14-ല്‍ നാം വായിക്കുന്നു, ‘ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ.്’ വിശുദ്ധ ഫൗസ്റ്റീന പറയുന്ന സ്വകാര്യവും അതുതന്നെ. സഹനങ്ങളുള്ള വഴിയിലൂടെ നടക്കുന്നതില്‍ സന്തോഷിക്കാം, സ്വര്‍ഗമെന്ന പൂന്തോട്ടത്തിലേക്കാണ് അത് നമ്മെ നയിക്കുന്നത്.

'

By: Shalom Tidings

More
ജനു 21, 2020
Evangelize ജനു 21, 2020

ദൈവവിശ്വാസം നമ്മുടെ ആത്മാവിനെമാത്രമാണോ അതോ ശരീരത്തെയും സ്വാധീനിക്കുന്നുണ്ടോ എന്നത് തീര്‍ച്ചയായും വളരെ കൗതുകകരമായ ചോദ്യമാണ്. ദൈവവിശ്വാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് കാണിക്കുന്ന ഒരു പരീക്ഷണവും അതിന്‍റെ ഫലവും ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ വ്യക്തത നല്കും. പ്രാര്‍ത്ഥനയും ദൈവവിശ്വാസവും മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് പഠിക്കുന്നതിനായി ഓക്സ്ഫോര്‍ഡ് സെന്‍റര്‍ ഫോര്‍ മൈന്‍ഡില്‍നിന്നുള്ള മിഗുവേല്‍ ഫാരിയസും സംഘവും നടത്തിയ പരീക്ഷണമാണിത്.

12 കത്തോലിക്കരും 12 നിരീശ്വരവാദികളും ഉള്‍പ്പെടുന്ന ഒരു സംഘത്തെയാണ് ഈ പരീക്ഷണത്തിന് വിധേയരാക്കിയത്. വിശ്വാസികള്‍ക്ക് നോക്കിയിരിക്കാനായി സാസോഫെറാറ്റോ (ടമീളൈലൃൃമീേ) 17-ാം നൂറ്റാണ്ടില്‍ ണ്ടവരച്ച പരിശുദ്ധ ദൈവമാതാവിന്‍റെ ഒരു ചിത്രം നല്കി. നിരീശ്വരവാദികള്‍ക്കും കൊടുത്തു ഒരു ചിത്രം, ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഘമറ്യ ംശവേ മി ഋൃാശില. ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ ഏറെക്കുറെ സാദൃശ്യമുണ്ട് എന്നതുകൂടിയാണ് ഇവ തിരഞ്ഞെടുക്കാന്‍ കാരണം.

ഇരുകൂട്ടരും തങ്ങള്‍ക്ക് നല്കപ്പെട്ട ചിത്രങ്ങളില്‍ നോക്കിയിരിക്കവേ വൈദ്യുതി ഉപയോഗിച്ച് അവരുടെ കൈയിലേക്ക് ഒരു വേദന കടത്തിവിടുന്നു. അതേ സമയംതന്നെ അവരുടെ തലച്ചോറിന്‍റെ എങഞക സ്കാന്‍ എടുക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ശരീരത്തിലേക്ക് കടത്തിവിട്ട വേദനയെ തലച്ചോര്‍ എത്രമാത്രം സംവേദിക്കുന്നു എന്നറിയാനാണ് സ്കാന്‍ റിപ്പോര്‍ട്ട് എടുത്തത്. റിപ്പോര്‍ട്ടനുസരിച്ച്, തങ്ങള്‍ക്ക് വൈകാരികമായി അടുപ്പമുള്ള മാതാവിന്‍റെ ചിത്രം നോക്കിയിരുന്ന വിശ്വാസികള്‍ക്ക് തീവ്രത കുറഞ്ഞ വേദനയാണ് അനുഭവപ്പെട്ടത്! മാനസികാവസ്ഥകളെ സ്വാധീനിക്കുന്നതിന്, വേദനയുടെ സംവേദനങ്ങളെ ലഘൂകരിക്കുന്നതിന്, ദൈവവിശ്വാസം സഹായിക്കുന്നു എന്നതാണ് ഈ പരീക്ഷണം നല്കുന്ന സൂചന.

വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കാം, “എനിക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. എന്തെന്നാല്‍ വേദനപോലും ആനന്ദകരമായി തീര്‍ന്നിരിക്കുന്നു.” ശാസ്ത്രം ഈ വാക്കുകള്‍ ശരിവയ്ക്കുകയാണ്. വിശ്വാസം ശാരീരികമായ സംവേദനങ്ങളെപ്പോലും സ്വാധീനിക്കുന്നു. അതെ, തീര്‍ച്ചയായും ദൈവവിശ്വാസവും നമ്മുടെ ശരീരവും തമ്മില്‍ ബന്ധമുണ്ട്.

'

By: Shalom Tidings

More
ജനു 21, 2020
Evangelize ജനു 21, 2020

നീല പുറംചട്ടയുള്ള ആ പുസ്തകത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് വിവരിച്ചിരുന്നത്. വായന അല്പം മുന്നോട്ടുപോയതേയുള്ളൂ; പരിശുദ്ധ കുര്‍ബാനയ്ക്ക് അവശ്യം വേണ്ട വസ്തുക്കളെക്കുറിച്ചും അവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗമെത്തി. പരിപാവനബലിക്കായി ഉപയോഗിക്കുന്ന തുണികളുടെ കൂട്ടത്തില്‍ അത്ര പരിചിതമല്ലാത്തൊരു പേര്, മാനിപ്പിള്‍. അതിപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നും ആ വരികളില്‍ എഴുതിയിരിക്കുന്നു. മാനിപ്പിളിനെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും പെട്ടെന്ന് ഓര്‍മ്മയിലെത്തി. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണ് മാനിപ്പിള്‍?

വിക്കിപീഡിയയുടെ വിവരണമനുസരിച്ച് പരിശുദ്ധ കുര്‍ബാന അര്‍പ്പണവേളയിലെ പുരോഹിതന്‍റെ തിരുവസ്ത്രത്തിന്‍റെ ഭാഗമായിരുന്നു മാനിപ്പിള്‍. വിവരണത്തോടൊപ്പം മാനിപ്പിള്‍ ധരിക്കുമ്പോള്‍ ഉരുവിടുന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു: “ഓ കര്‍ത്താവേ, ദുഃഖത്തിന്‍റെയും കരച്ചിലിന്‍റെയും മാനിപ്പിള്‍ ധരിക്കുവാന്‍ എന്നെ യോഗ്യനാക്കിയാലും. അതുവഴി എന്‍റെ കര്‍മ്മത്തിനുള്ള പ്രതിഫലം ആനന്ദത്തോടെ സ്വീകരിക്കുവാന്‍ ഞാന്‍ യോഗ്യനായിത്തീരട്ടെ.”

അതോടു ചേര്‍ന്ന് വിശുദ്ധ അല്‍ ഫോണ്‍സ് ഡി ലിഗോരിയുടെ വാക്കുകളും നല്കിയിരുന്നു. മനം കവരുന്ന ആ വാക്കുകള്‍ മാനിപ്പിളിനെ മനോഹരമായി ചിത്രീകരിക്കുന്നു- “ദിവ്യബലിയര്‍പ്പണവേളയില്‍ പുരോഹിതന്‍റെ കണ്ണുനീര്‍ തുടയ്ക്കാനുള്ളതാണ് മാനിപ്പിള്‍ എന്നത് അറിയപ്പെടുന്ന കാര്യമാണ്. എന്തെന്നാല്‍, മുന്‍കാലങ്ങളില്‍ പരിശുദ്ധബലിയര്‍പ്പിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍നിന്ന് ധാരയായി കണ്ണുനീര്‍ വീഴുമായിരുന്നു.”

മാനിപ്പിളിനെക്കുറിച്ച് ആധികാരികമായ അറിവൊന്നും അന്ന് കിട്ടിയില്ലെങ്കിലും ആ വാക്കുകള്‍ ഹൃദയത്തോടുതന്നെയാണ് സംസാരിച്ചത്. ദൈവസാന്നിധ്യത്തിന് കണ്ണീരിന്‍റെ ആര്‍ദ്രത….

പട്ടു ധരിച്ചവനൊപ്പം
നിന്നിഹ വേണ്ടുന്നോര്‍ക്കായ്
പട്ടക്കാരന്‍ മാണിക്യങ്ങളെ
വിതറീടുന്നു
വാനവരിടയിലസൂയാദോഷം
പാടുണ്ടെങ്കില്‍
മാനുഷസുതരോടാ
ക്രോബേന്‍മാര്‍ക്കുണ്ടതു നൂനം…..


മലങ്കര സുറിയാനി ആരാധനാക്രമത്തില്‍ പരിശുദ്ധ കുര്‍ബാന സ്വീകരണവേളയില്‍ പാടാറുള്ള ആ ഗീതം എവിടെനിന്നോ കാതുകളെ തഴുകുന്നതുപോലെ…. മാലാഖമാര്‍ക്ക് അസൂയയുണ്ടായിരുന്നെങ്കില്‍ കര്‍ത്താവിന്‍റെ ശരീരവും രക്തവുമാകുന്ന മാണിക്യം സ്വീകരിക്കുന്ന മനുഷ്യരോട് അവര്‍ നിശ്ചയമായും അസൂയപ്പെടും.

വിശുദ്ധ ഫൗസ്റ്റീന തന്‍റെ ഡയറിയില്‍ കുറിച്ചത് വെറുതെയല്ല… “ഇന്ന് വിശുദ്ധ ബലിയുടെ നേരത്ത് ദൈവത്തിന്‍റെ അനന്തമഹിമയില്‍ ഞാന്‍ അലിഞ്ഞുചേര്‍ന്നു. ദൈവസ്നേഹം എന്‍റെ ആത്മാവിലേക്ക് നിറഞ്ഞൊഴുകി. എനിക്കായി ദൈവം എത്രമാത്രം താണിറങ്ങുന്നുവെന്ന് ആ നിമിഷം ഞാന്‍ വ്യക്തമായി മനസിലാക്കി. രാജാധിരാജാവായ അങ്ങയുടെ മുന്‍പില്‍ ഞാനെന്താണ്!” ഓരോ വിശുദ്ധ കുര്‍ബാനയിലും എന്നിലേക്ക് താണിറങ്ങുന്ന രാജാധിരാജന്‍റെ സ്നേഹം മിഴികള്‍ നിറച്ചിരുന്നെങ്കില്‍…. എന്‍റെ തൂവാലയും ഒരു മാനിപ്പിള്‍പോലെ നനഞ്ഞിരുന്നെങ്കില്‍…

'

By: Christy Jose

More
ജനു 21, 2020
Evangelize ജനു 21, 2020

ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു, “ഒരു കൊന്ത ചൊല്ലുന്നതാണോ നാല് കൊന്ത ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” ഈശോ പറഞ്ഞു, “നാല്”. അപ്പോള്‍ എനിക്ക് പിന്നെയും ഒരു സംശയം, “ഈശോയേ, ഒരു കൊന്ത നല്ല ശ്രദ്ധയോടുകൂടി ചൊല്ലുന്നതാണോ, നാല് കൊന്ത അത്ര ശ്രദ്ധയില്ലാതെ ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” അപ്പോഴും യേശുവിന്‍റെ ഉത്തരം നാല് എന്നുതന്നെ. “എന്തുകൊണ്ടാണ് അങ്ങനെ?” വീണ്ടും എന്‍റെ ചോദ്യം.

യേശു പറഞ്ഞു, “ഇവിടെ എണ്ണത്തിനല്ല, എന്‍റെകൂടെ ഇരിക്കുന്ന സമയത്തിനാണ് പ്രാധാന്യം. സാധാരണയായി നീ ഒരു കൊന്ത ചൊല്ലാന്‍ എടുക്കുന്ന സമയം ഏതാണ്ട് 15 മിനിറ്റ് ആണ്. നാല് കൊന്ത ചൊല്ലാന്‍ എടുക്കുന്നത് ഒരു മണിക്കൂറോളവും. ഇത്രയും നേരം നീ ഞങ്ങളോടൊത്താണ് ഇരിക്കുന്നത്.

നീ ശ്രദ്ധിച്ചിട്ടുണ്ടോ, നമ്മള്‍ ആരോടൊത്താണോ കൂടുതല്‍ സമയം ചെലവിടുന്നത് അവരോട് നമുക്ക് വളരെ തീക്ഷ്ണമായ ഒരു ഹൃദയബന്ധം ഉണ്ടാവുക സ്വാഭാവികമാണ്. പ്രാര്‍ത്ഥനാവേളകള്‍ക്കപ്പുറത്തേക്കുള്ള എന്‍റെ സൗഹൃദം (സാന്നിധ്യം) നീ ഗൗരവമായി എടുക്കുന്നില്ല. എപ്പോഴും എന്നോടൊപ്പമായിരിക്കുന്ന സമയം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.”

ഈശോയുടെ നിര്‍ദേശം കേട്ടപ്പോള്‍ എനിക്ക് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകളാണ് ഓര്‍മ്മ വന്നത്, ‘നല്ല ദൈവത്തിന്‍റെ സഹായമില്ലാതെ നന്മ ചെയ്യാന്‍ സാധിക്കുകയില്ല എന്ന് ബോധ്യമായതുമുതല്‍ അവിടുത്തോട് സ്നേഹത്തില്‍ അധികമധികം ഒന്നായിത്തീരുക എന്നതാണ് ഏറ്റവും ആവശ്യമെന്നും ശേഷമെല്ലാം അതില്‍നിന്നും നേടാമെന്നും എനിക്ക് മനസിലായി.’

വിശ്വാസം, ശരണം, സ്നേഹം എന്നീ ദൈവികപുണ്യങ്ങള്‍ വേണമെങ്കില്‍ നാം ദൈവത്തോട് ചേര്‍ന്നിരിക്കണം. ഞാന്‍ ചിന്തിച്ചിരുന്നത് ഇതെല്ലാം കുറച്ച് നേരത്തെ എന്‍റെ പ്രാര്‍ത്ഥനകൊണ്ടുമാത്രം കിട്ടുന്ന ഒരു ‘സാധനം’ ആയിരിക്കും എന്നാണ്. പക്ഷേ അങ്ങനെയല്ല, അത് ഒരു അവസ്ഥയാണ്. നാം ദൈവത്തോടൊത്ത് ആയിരിക്കുമ്പോള്‍ കിട്ടുന്ന ഒരു അവസ്ഥ. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന് പറയുന്നതുപോലെ.

സാധാരണയായി ഞാന്‍ ഏറ്റവും കൂടുതല്‍ ദൈവത്തോടൊപ്പം ആയിരിക്കുന്ന ദിവസം വെള്ളിയാഴ്ച ആണ്. വെള്ളിയാഴ്ച ഞാന്‍ 9:30-ന് പള്ളിയില്‍ പോകും. വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ആരാധന എന്നിവയിലെല്ലാം ഭക്തിപൂര്‍വം പങ്കു കൊള്ളും. ഉച്ചയ്ക്ക് 1:30 ആകുമ്പോഴാണ് തിരിച്ചുവരുക.
വീട്ടിലെത്തിയാല്‍ ടി.വി കണ്ടുകൊണ്ട് സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. അതിനുശേഷം ഉച്ചയുറക്കം. പിന്നീട് മക്കള്‍ക്ക് നാലുമണി പലഹാരം ഉണ്ടാക്കുന്നു. വീട്ടിലുള്ളവരോടും ഫോണിലും ഒക്കെ കുറച്ച് നേരം സംസാരിക്കുന്നു. സന്ധ്യാപ്രാര്‍ത്ഥനക്കായി 20 മിനിറ്റ് ചെലവഴിക്കുന്നു, പിന്നെ രാത്രിഭക്ഷണം, ഉറക്കം.
അതേപ്പറ്റി യേശു പറഞ്ഞു, “ഇവിടെ നീ മാരകപാപമൊന്നും ചെയ്യുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ക്ക് നമ്മുടെ ചില നല്ല പ്രവൃത്തികളുടെ ഫലം ഇല്ലാതാക്കാന്‍ കഴിയും. നിന്‍റെ പ്രവൃത്തികളില്‍ ദൈവസാന്നിധ്യസ്മരണ ഇല്ലാത്തതിനാല്‍ കൂദാശകള്‍വഴി കിട്ടിയ ദൈവിക അഭിഷേകം കുറയാന്‍ കാരണമാകും.”

എനിക്ക് തോന്നുന്നു, എസെക്കിയേല്‍ 47-ാം അധ്യായത്തില്‍ ദൈവാലയത്തില്‍നിന്നൊഴുകിയ നീര്‍ച്ചാല്‍ എന്ന് സൂചിപ്പിക്കുന്നത് കൂദാശകളില്‍ക്കൂടി നമുക്ക് കിട്ടുന്ന പരിശുദ്ധാത്മ അഭിഷേകത്തെയാണ് എന്നാണ്. ആദ്യം കണങ്കാല്‍വരെ, പിന്നെ മുട്ടോളം, അരയോളം, ഒടുവില്‍ നമ്മെ മൂടുന്ന അഭിഷേകം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാന്‍ അരയോളം അഭിഷേകത്തിലാണ് വന്നതെങ്കില്‍ രാത്രി ആകുമ്പോള്‍ കണങ്കാല്‍വരെയായി കുറഞ്ഞ് പോകുന്നു എന്ന് എനിക്ക് തോന്നി.
ഞാന്‍ ഈശോയോട് ചോദിച്ചു, “കൂദാശകളില്‍ക്കൂടി കിട്ടുന്ന അഭിഷേകം കുറയാതിരിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?”

“പ്രാര്‍ത്ഥനാവേളകള്‍ക്കപ്പുറത്തേക്കുള്ള എന്‍റെ സൗഹൃദം (സാന്നിധ്യം) നീ ഗൗരവമായി എടുക്കുന്നില്ല. മനസ് എപ്പോഴും ദൈവത്തില്‍ വയ്ക്കാന്‍ ശ്രമിക്കാത്തതാണ് നിന്‍റെ ആത്മീയ ശുഷ്കതയുടെ കാരണം. ഉദാഹരണത്തിന് നീ ഉച്ചയ്ക്ക് വീട്ടിലേക്ക് വരുമ്പോള്‍ എന്നോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ ഭക്ഷണം കഴിക്കുക. ടിവി കാണാതെ ആശയടക്കം നടത്താം. ചില കറികള്‍ വേണ്ടെന്നുവച്ച് പരിത്യാഗ പ്രവൃത്തി ചെയ്യാം. ബൈബിള്‍ വായിച്ചുകൊണ്ട് ഉച്ചയുറക്കത്തിലേക്ക് പോകാം. എന്നോടുള്ള സ്നേഹത്തെപ്രതി കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാം. വ്യര്‍ത്ഥമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, കുടുംബപ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുക… ഇങ്ങനെ നിരന്തരം ദൈവസാന്നിധ്യ സ്മരണയില്‍ ആയിരുന്നുകൊണ്ട് അഭിഷേകത്തില്‍ നിലനില്‍ക്കാന്‍ നിനക്ക് സാധിക്കും. ശ്രദ്ധ, മൗനം, ശാന്തത ഈ മൂന്ന് ഘടകങ്ങള്‍ ദൈവസാന്നിധ്യസ്മരണയില്‍ നിലനില്‍ക്കാന്‍ നിന്നെ സഹായിക്കും.”
ഞാന്‍ പറഞ്ഞു, “ഈശോയേ, എനിക്ക് ഈ മൂന്ന് ഗുണങ്ങളും ഇല്ല.” അപ്പോള്‍ യേശു തുടര്‍ന്നു, “പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ കൊണ്ട് ജീവിതം ധന്യമാകണമെന്നുണ്ടെങ്കില്‍ പരിശുദ്ധാത്മാവിനോടൊപ്പം സമയം ചെലവഴിക്കുക. നീ കുറച്ചുനേരം പ്രാര്‍ത്ഥിച്ചു എന്ന് കരുതി നിന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും വരില്ല.”

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക പുണ്യങ്ങള്‍ കുറച്ചെങ്കിലും എനിക്ക് കിട്ടിയത് മണിക്കൂറുകളോളം ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവഴിച്ചതിന്‍റെ ഫലമായിട്ടാണ്. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ എന്നില്‍ കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. അത് തീര്‍ച്ചയായും പരിശുദ്ധാത്മാവിനോടൊത്ത് സമയം ചെലവഴിക്കാത്തത് (അധികം പ്രാര്‍ത്ഥിക്കാത്തത്)കൊണ്ടാണെന്നും എനിക്ക് ഇപ്പോള്‍ മനസിലാവുന്നു. അതുകൊണ്ടാണ് തന്‍റെ കൂടെ നടന്ന ശിഷ്യന്മാരോടു പോലും യേശു പറഞ്ഞത്, “പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1:8). പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ പരിശുദ്ധാത്മാവിനോടൊത്തുള്ള സമയം വര്‍ധിപ്പിക്കുകതന്നെ വേണം.

യേശു വിശദീകരിച്ചു, “ഞങ്ങളോടൊപ്പം ആയിരിക്കുന്ന സമയം നീ വര്‍ദ്ധിപ്പിക്കുക. ഓരോ ദിവസത്തിനും അവസാനം ആത്മപരിശോധന നടത്താന്‍ ഞാന്‍ നിനക്ക് നാല് ഴീഹറലി ൂൗലശെേീി-െ സുവര്‍ണ ചോദ്യങ്ങള്‍- തരുന്നു:

1)  ഇന്ന് നീ ആരെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത്?

2) ഇന്ന് നീ ആരോടാണ് അല്ലെങ്കില്‍ ആരെപ്പറ്റിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്?

3) ഇന്ന് നീ ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്തത്?

4) ഇന്ന് നീ ആരോടൊപ്പമാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്?

ഈ നാല് ചോദ്യങ്ങള്‍ക്കും ദൈവം (പരിശുദ്ധത്രിത്വം) എന്നാണ് ഉത്തരമെങ്കില്‍ ആ ദിവസം അനുഗ്രഹിക്കപ്പെട്ടതാണ്.”

'

By: Shalom Tidings

More
ജനു 21, 2020
Evangelize ജനു 21, 2020

വാഴ്ത്തപ്പെട്ട ജോണ്‍ മസിയാസ്, ഇന്ന് ദരിദ്രര്‍ക്ക് കൊടുക്കാനുള്ള ഭക്ഷണമില്ല!’- ലിയാന്‍ഡ്രാ എന്ന പാചകക്കാരി ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ ഉയര്‍ത്തിയ നെടുവീര്‍പ്പായിരുന്നു ഈ പ്രാര്‍ത്ഥന. സ്പെയിനിന്‍റെയും പോര്‍ച്ചുഗലിന്‍റെയും അതിര്‍ത്തിയിലുള്ള ഒലിവന്‍സാ എന്ന ചെറുനഗരത്തിലെ പാചകക്കാരിയായിരുന്നു ലിയാന്‍ഡ്ര. ദരിദ്രരായ കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കുള്ള ഭക്ഷണമാണ് അന്ന് ലിയാന്‍ഡ്ര തയാറാക്കിക്കൊണ്ടിരുന്നത്. മറിയം മഗ്ദലേനയുടെ നാമത്തിലുള്ള ഇടവകയിലെ വികാരിയച്ചന്‍റെ ചുമതലയിലായിരുന്നു ആ ഹോസ്റ്റല്‍.

അവിടത്തെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന് പുറമേ എല്ലാ ഞായറാഴ്ചകളിലും പട്ടണത്തിലെ ദരിദ്രരായ 80-ഓളം കുട്ടികള്‍ക്കുള്ള ഭക്ഷണവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവന്നിരുന്നു. എന്നാല്‍ ആ ആഴ്ചയില്‍ ദരിദ്രരായ കുട്ടികള്‍ക്ക് നല്‍കാനുള്ള ധാന്യം ഇല്ലാത്തതിന്‍റെ വേദനയാണ് ലിയാന്‍ഡ്രയുടെ ഉള്ളില്‍നിന്നുള്ള പ്രാര്‍ത്ഥനയായി മാറിയത്.
മൂന്ന് അളവുപാത്രം ധാന്യംമാത്രം വേവിക്കാന്‍ ഇട്ടിട്ട് പുറത്തുപോയി തിരികെയെത്തിയ ലിയാന്‍ഡ്രയെ കാത്തിരുന്നത് ഒരു അത്ഭുത കാഴ്ചയാണ്. പാത്രത്തിന്‍റെ വക്കുവരെ ചോറ് വെന്തുനിറഞ്ഞിരിക്കുന്നു! പുറത്തുപോകുമെന്ന് കരുതി കുറെ ചോറ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അപ്പോഴതാ ആശ്ചര്യകരമായ മറ്റൊരനുഭവം! വീണ്ടും പഴയ പാത്രത്തില്‍ ചോറ് കൂടിവരുന്നു!

ഇത് മനസിലാക്കിയ ലിയാന്‍ഡ്ര ഇടവക വികാരിയായ ഫാ. ലൂയിസിനെയും ഹോസ്റ്റല്‍ വാര്‍ഡനെയും വിളിച്ചുവരുത്തി. ഒരോ തവണ വേറെ പാത്രങ്ങളിലേക്ക് മാറ്റുമ്പോഴും ഭക്ഷണം വേവിക്കുന്ന പാത്രത്തില്‍ ചോറ് നിറഞ്ഞു വരുന്ന അത്ഭുതം നാല് മണിക്കൂറുകളോളം തുടര്‍ന്നു. വിശന്നുവലഞ്ഞ ജനക്കൂട്ടത്തോട് അലിവുതോന്നി അപ്പം വര്‍ദ്ധിപ്പിച്ച യേശു, ജോണ്‍ മസിയാസെന്ന പുണ്യവാന്‍റെ മാധ്യസ്ഥത്തിലൂടെ പാചകക്കാരി നടത്തിയ പ്രാര്‍ത്ഥനയ്ക്ക് മുമ്പില്‍ വീണ്ടും അതേ അത്ഭുതം പ്രവര്‍ത്തിക്കുകയായിരുന്നു. വികാരിയച്ചനും ഇടവകാംഗങ്ങളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു.

എത്ര പാത്രങ്ങളിലേക്കാണ് തങ്ങള്‍ ചോറ് പകര്‍ന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ 200-ഓളം ആളുകള്‍ ആ പാത്രത്തില്‍നിന്നുള്ള ചോറ് അന്ന് ഭക്ഷിച്ചെന്നും ഇടവകവികാരിയായ ഫാ. ലൂയിസ് സാക്ഷ്യപ്പെടുത്തി. 1949 ജനുവരി 23-ന് സംഭവിച്ച അസാധാരണമായ ഈ അത്ഭുതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായാണ് 1975 ഏപ്രില്‍ 27ന് വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്താരോ റൊമാനോ പുറത്തിറങ്ങിയത്. സാധാരണയായി അംഗീകരിക്കുന്ന അത്ഭുതരോഗസൗഖ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി വാഴ്ത്തപ്പെട്ട ജോണ്‍ മസിയാസിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ഈ അത്ഭുതമാണ് വത്തിക്കാന്‍ അംഗീകരിച്ചത്.

1585 മാര്‍ച്ച് 2-ന് സ്പെയിനിലെ റിബേര ഡെല്‍ ഫ്രെസ്നോയില്‍ ദരിദ്രരെങ്കിലും ഭക്തരായ മാതാപിതാക്കളുടെ മകനായാണ് ജോണ്‍ മസിയാസിന്‍റെ ജനനം. നാലാമത്തെ വയസായപ്പോഴേക്കും മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥനായി മാറിയ ജോണ്‍ പിന്നീട് ഒരു അങ്കിളിന്‍റെ കൂടെയാണ് വളര്‍ന്നുവന്നത്. ഇടയനായി ജോലി ചെയ്ത ജോണിന് തന്‍റെ നാമഹേതു വിശുദ്ധനായ യോഹന്നാന്‍റെ ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ആടുകളെ മേയ്ച്ചിരുന്ന സമയത്ത് പാപികളുടെ മാനസാന്തരത്തിനായും ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയും ജോണ്‍ ജപമാല ചൊല്ലി സമര്‍പ്പിച്ചുവന്നു.

യുവാവായ ജോണ്‍ തനിക്ക് ലഭിച്ച ദൈവികപ്രചോദനമനുസരിച്ചാണ് തെക്കേ അമേരിക്കയിലേക്ക് യാത്ര ചെയ്ത് പെറുവിലെ ലിമയില്‍ എത്തിയത്. പ്രാര്‍ഥനയും പരിത്യാഗപ്രവര്‍ത്തനങ്ങളും ജീവിതചര്യയാക്കിയിരുന്ന ജോണിന്‍റെ ഔദ്യോഗിക സന്യാസജീവിതം ആരംഭിക്കുന്നത് ലിമയിലാണ്. വിശുദ്ധ മറിയം മഗ്ദലേനയുടെ നാമത്തിലുള്ള ഡൊമിനിക്കന്‍ സന്യാസ ആശ്രമത്തില്‍ അംഗമായ ജോണ്‍ 1623 ജനുവരി 25-ന് സന്യാസസഹോദരനായുള്ള നിത്യവ്രതവാഗ്ദാനം നടത്തി.

കൂടുതല്‍ സമയം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കാനാണ് ജോണ്‍ ആഗ്രഹിച്ചതെങ്കിലും ദരിദ്രരെ സഹായിക്കാനുള്ള ഉത്തരവാദിത്വമാണ് അധികാരികള്‍ ജോണിനെ ഏല്‍പ്പിച്ചത്. ദരിദ്രനും അനാഥനുമായ ജോണിന് വേദനിക്കുന്നവരോട് താദാത്മ്യം പ്രാപിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. നൂറുകണക്കിന് അനാഥര്‍ക്കും ഭവനരഹിതര്‍ക്കും ജോണിന്‍റെ നേതൃത്വത്തില്‍ എല്ലാദിവസവും ഭക്ഷണം നല്‍കി.

ആ കാലഘട്ടത്തില്‍ പുറത്ത് സാധനങ്ങളുമായി സഞ്ചരിക്കുന്ന ഒരു കഴുതയും ആ കഴുതയുടെ പുറത്ത് വീണ്ടും സാധനസാമഗ്രികള്‍ കയറ്റുന്നവരും ലിമാ നഗരത്തിലെ ഒരു കൗതുക കാഴ്ചയായിരുന്നു. നഗരത്തിലെ സമ്പന്നരുടെ കയ്യില്‍നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഒരു കഴുതയുടെ പുറത്ത് ചുമടായി കൊണ്ടുവന്നാണ് ജോണ്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്തത്. പിന്നീട് കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി ചെലവിടുന്നതിന് വേണ്ടി ആ യാത്രകളില്‍ ജോണ്‍ പോകാതായി. യജമാനനായ ജോണിനോട് അസാധാരണ അനുസരണം കാണിച്ച കഴുത ലഭിക്കുന്ന സാധനങ്ങളെല്ലാം കൃത്യമായി ജോണിന്‍റെ പക്കല്‍ എത്തിച്ചു.

പ്രതിദിനം 200-ഓളം പേര്‍ അദ്ദേഹത്തിന്‍റെ സഹായം തേടി വന്നിരുന്നതായി ജോണിന്‍റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ദിവ്യകാരുണ്യത്തോടും പരിശുദ്ധ ദൈവമാതാവിനോടും അഗാധമായ ഭക്തി പുലര്‍ത്തിയിരുന്ന ജോണ്‍ കുറച്ചു സമയം മാത്രം ഉറങ്ങി കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവച്ചു.

1645 സെപ്റ്റംബര്‍ 17-ന് ജോണ്‍ മസിയാസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ജോണ്‍ മസിയാസ് തന്‍റെ ജീവിതകാലത്ത് ഒരു പ്രഭാഷണവും നടത്തിയില്ല. അദ്ദേഹം ഒരു പുസ്തകവും രചിച്ചില്ല. സന്യാസ ആശ്രമത്തിലെ ഏറ്റവും നിസാരനാണ് താനെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഇതേ അരൂപി പുലര്‍ത്തുകയും ദരിദ്രരെ സഹായിക്കുകയും ചെയ്തിരുന്ന സമകാലികനായിരുന്ന വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. 1837-ല്‍ ഗ്രിഗറി 16-ാമന്‍ മാര്‍പാപ്പ ഇരുവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പിന്നീട് 1975-ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജോണ്‍ മസിയാസിനെ വിശുദ്ധനായി നാമകരണം ചെയ്തു.

'

By: Ranjith Lawrence

More
ജനു 21, 2020
Evangelize ജനു 21, 2020

എനിക്ക് ആ കാലത്തെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല.” പത്തുവര്‍ഷത്തിനുശേഷം സംഭവിക്കുന്ന റിട്ടയര്‍മെന്‍റിനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്ന എന്‍റെ ഒരു സുഹൃത്തിന്‍റെ വാക്കുകളാണിത്. എന്നാല്‍, വേണ്ടവിധം വിനിയോഗിച്ചാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായി ആസ്വദിച്ച് കടന്നുപോകേണ്ട ഒരു കാലഘട്ടമാക്കി വാര്‍ധക്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കും. ചിലര്‍ ശരീരത്തിലെ യൗവനം നിലനിര്‍ത്താന്‍ അതിനെ കര്‍ശനമായി നിയന്ത്രിച്ച്, വ്യായാമമുറകളൊക്കെ ചെയ്ത് പ്രായത്തെ വെല്ലാന്‍ തക്കവിധം ശരീരത്തെ ഒരുക്കുന്നു. എന്നാല്‍ മരണംവരെ യൗവനത്തില്‍ തുടരാന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് ആ വ്യക്തിയുടെ ആത്മാവാണ്.

സങ്കീര്‍ത്തനങ്ങള്‍ 103: 4-5 വചനങ്ങള്‍ ജീവിതം മുഴുവന്‍ യൗവനമാക്കാനുള്ള രഹസ്യമാണ് പറയുന്നത്. “അവിടുന്ന് നിന്‍റെ ജീവനെ പാതാളത്തില്‍നിന്ന് രക്ഷിക്കുന്നു; അവിടുന്ന് സ്നേഹവും കരുണയുംകൊണ്ട് നിന്നെ കിരീടമണിയിക്കുന്നു. നിന്‍റെ യൗവനം കഴുകന്‍റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.” ജീവിതകാലം മുഴുവന്‍ സംതൃപ്തമായിരിക്കുമ്പോള്‍ നമ്മുടെ യൗവനത്തെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനാല്‍ ദൈവസ്നേഹത്തിന്‍റെയും ദൈവകരുണയുടെയും കിരീടം ധരിക്കണം. അപ്പോള്‍ നവീകരിക്കപ്പെട്ട ജീവിതം നമുക്ക് സ്വന്തമാകും.

എങ്ങനെ ഇത് സാധിക്കും? ദൈവസ്ഹേം സ്വീകരിക്കുക. ഈശോയുടെ തിരുഹൃദയമേ, അങ്ങെന്‍റെ സ്നേഹമായിരിക്കണമേ എന്ന പരിചിതമായ സുകൃതജപം ഉരുവിടുന്നത് അതിന് സഹായകമായിരിക്കും. ആരോഗ്യം ക്ഷയിച്ചു എന്നത് അവിടുത്തെ കരുണയില്‍ കൂടുതലായി ആശ്രയിക്കാനുള്ള അവസരമായി കാണാം. “ഞാന്‍ തീര്‍ത്തും അപൂര്‍ണയാണെന്നും ദൈവകരുണ എനിക്ക് അത്യധികം ആവശ്യമാണെന്നും ഓര്‍ക്കുന്നത് എനിക്കെത്ര സന്തോഷമാണെന്നോ!” എന്ന് പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴി അതുതന്നെയായിരുന്നു.

ഒരുപക്ഷേ ഭൗതികമായ ആവശ്യങ്ങള്‍ക്കായിമാത്രം അധ്വാനിക്കുകയും അതില്‍ ജീവിക്കുകയും ചെയ്തവരായിരിക്കാം നാം. പക്ഷേ ഇനിയും സമയമുണ്ട്, ജീവിതം കര്‍ത്താവിനായി ചെലവഴിച്ചുനോക്കൂ. എന്ത് കാര്യവും ദൈവത്തിനായി ചെയ്യുമ്പോള്‍ ദൈവികമായ പ്രതിഫലം ലഭിക്കും. അതിനെക്കാള്‍ ഉപരി, ആ പ്രതിഫലം ഈ ജീവിതത്തിനുശേഷം നിത്യജീവിതത്തിലും നമ്മെ അനുഗമിക്കുകയും ചെയ്യും. ചെയ്യുന്നതെല്ലാം യേശുവിനോടുള്ള സ്നേഹത്തെപ്രതി ചെയ്യാന്‍ തുടങ്ങുക. അങ്ങനെയെങ്കില്‍, ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കൊച്ചുപ്രവൃത്തികള്‍കൊണ്ടുതന്നെ ജീവിതം മാറ്റിമറിക്കാം.

യുവത്വം നിലനിര്‍ത്താന്‍ കുറുക്കുവഴികള്‍ദിനവും വിശുദ്ധബലി അര്‍പ്പിക്കുക.

* ആത്മീയ ലേഖനങ്ങള്‍ വായിക്കുകരോഗീസന്ദര്‍ശനം നടത്തുക.

* മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക.

* സാമൂഹ്യജീവിതത്തിലേക്ക് കടന്നുവരിക.

എനിക്ക് പരിചയമുള്ള ഒരു അമ്മച്ചിയുണ്ട്. ഏതാണ്ട് 86 വയസ് പ്രായം. കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ട് കുറേ വര്‍ഷമായി. ഇപ്പോള്‍ കേള്‍വിശക്തിയും കുറഞ്ഞു. ശാരീരികമായ മറ്റ് പല രോഗങ്ങളും അമ്മച്ചിക്കുണ്ട്. ഇങ്ങനെയൊക്കെ ലോകദൃഷ്ടിയില്‍ പരിമിതികള്‍ ഏറെയുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അവര്‍ ഒരു അത്ഭുതമാണ്. നാടിന്‍റെ പ്രകാശമാണ് അമ്മച്ചി. അനേകം പേര്‍ പ്രാര്‍ത്ഥനാസഹായം തേടി അമ്മച്ചിയുടെ അടുത്ത് വരും. ജപമാല ചൊല്ലി അമ്മച്ചി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അമ്മച്ചിയുടെ മുഖത്തെ പ്രകാശവും പ്രത്യാശയും എന്നുവേണ്ട ആ
സാമീപ്യംപോലും ആരെയും ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതൊരു ഉദാഹരണംമാത്രം. ഉള്ളില്‍ ദൈവാത്മാവ് നല്കുന്ന കരുത്തുള്ളപ്പോള്‍ വാര്‍ധക്യമില്ല, എന്നും യുവത്വമാണ്.

വ്യത്യസ്തമായ, വഴികള്‍ നിങ്ങള്‍ക്കും സ്വീകരിക്കാം. അതിന് സഹായകനായ പരിശുദ്ധാത്മാവിനോട് ചോദിച്ചാല്‍ മതി. പരിശുദ്ധാത്മാവേ, വാര്‍ധക്യത്തിലും ആത്മീയയുവത്വം നിലനിര്‍ത്താന്‍ ആവശ്യമായ ദൈവകൃപ എനിക്ക് നല്കിയാലും. എന്‍റെ ജീവിതപരിചയവും അനുഭവങ്ങളുമെല്ലാം ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍ അതിലൂടെ എനിക്ക് ഇടയാകട്ടെ.

'

By: Manoj Thomas

More
ജനു 21, 2020
Evangelize ജനു 21, 2020

തന്‍റെ കുമ്പസാരകന്‍റെ സഹായത്തോടെ വിശുദ്ധ ജെമ്മ ഗല്‍ഗാനി ജിയാന്നിനി കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. അവിടത്തെ ജോലികള്‍ ചെയ്യുക, കുട്ടികളുടെ വിദ്യാഭാസത്തിലും പരിശീലനത്തിലും സഹായിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അവള്‍ സന്തോഷത്തോടെ നിറവേറ്റി. ആ വീട്ടില്‍ അവള്‍ക്ക് സ്വാതന്ത്ര്യവും ലഭ്യമായിരുന്നു.

അവിടെവച്ച് അനേകതവണ അവള്‍ക്കുണ്ടായ സവിശേഷ ദൈവിക അവസ്ഥയെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആത്മാവ് ദൈവത്തിലേക്ക് പൂര്‍ണമായും ലയിച്ചുചേരുകയും സ്വാഭാവിക ഇന്ദ്രിയങ്ങള്‍ നിഷ്ക്രിയമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഹര്‍ഷോന്മാദം (ഋരമെേ്യെ) എന്ന് ഈ അവസ്ഥ വിളിക്കപ്പെടുന്നു. ഇത്തരം വേളകളിലുള്ള ജെമ്മയുടെ സംസാരം കേട്ടിരുന്ന അവളുടെ കുമ്പസാരകനായ ഫാ. ജെര്‍മാനോയും ജിയാന്നിനി കുടുംബത്തിന്‍റെ ബന്ധുവായ സിസിലിയ ആന്‍റിയും അത് രേഖപ്പെടുത്തി വച്ചിരുന്നു.

ഇങ്ങനെ ഒരു അവസ്ഥയ്ക്ക് ഒരിക്കല്‍ ഫാ. ജെര്‍മാനോ സാക്ഷിയാവുന്ന സമയം. വിശുദ്ധ ജെമ്മ യേശുവിനോട് തര്‍ക്കിക്കുന്നത് അദ്ദേഹം കേള്‍ക്കുകയാണ്: “ഞാന്‍ അങ്ങയുടെ നീതിക്കായല്ല, കരുണയ്ക്കായാണ് ചോദിക്കുന്നത്. എനിക്കറിയാം, അവന്‍ അങ്ങയുടെ കണ്ണീര്‍ വീഴ്ത്തിയവനാണ്; പക്ഷേ…. അങ്ങ് അവന്‍റെ പാപങ്ങളെക്കുറിച്ച് ഓര്‍ക്കരുത്; അങ്ങ് അവനുവേണ്ടി ചൊരിഞ്ഞ തിരുച്ചോരയെപ്പറ്റി ഓര്‍ക്കണം… ഇനി ഈശോയേ, എനിക്ക് ഉത്തരം തരൂ, എന്‍റെ പാപിയെ രക്ഷിച്ചെന്ന് എന്നോട് പറയൂ…..” ആ പാപിയുടെ പേരും ജെമ്മ പറയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ വലിയ സന്തോഷത്തിലായതായി സ്വരം കേട്ട ഫാ. ജെര്‍മാനോയ്ക്ക് മനസ്സിലായി. “അവന്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു! യേശുവേ, അങ്ങ് വിജയിച്ചിരിക്കുന്നു!! വിജയം എപ്പോഴും അങ്ങയുടേതാണ്!!” പെട്ടെന്നുതന്നെ ജെമ്മ സാധാരണ അവസ്ഥയിലേക്ക് തിരികെവന്നു.

ആ സമയം ഫാ. ജെര്‍മാനോ മുറിയില്‍നിന്ന് പുറത്തിറങ്ങിയതേയുള്ളൂ. അതാ പുറത്ത് ഒരു സ്വരം! ഒരു അപരിചിതന്‍ ഫാ. ജെര്‍മാനോയെ കാണാന്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തെ കണ്ടയുടനെ അയാള്‍ കണ്ണീരോടെ മുട്ടിന്മേല്‍ വീണു, “ഫാദര്‍, എനിക്കൊന്ന് കുമ്പസാരിക്കണം!” ആ വാക്കുകള്‍ക്ക് മുന്നില്‍ ഫാ. ജെര്‍മാനോ അമ്പരപ്പോടെ നിന്നു. കാരണം, അത് ‘ജെമ്മയുടെ സ്വന്തം’ പാപിയായിരുന്നു!

വിശുദ്ധര്‍ പാപികളുടെ രക്ഷയ്ക്കായി എപ്പോഴും സ്നേഹതീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചിരുന്നു.

'

By: Shalom Tidings

More
ജനു 21, 2020
Evangelize ജനു 21, 2020

ക്രിസ്മസുമായി ബന്ധപ്പെട്ട് ഏറ്റവും സന്തോഷകരമായ ചില ഓര്‍മ്മകളുണ്ട്. അതിലൊന്ന് കുഞ്ഞുന്നാളിലെ ക്രിസ്മസ് കരോള്‍ ആണ്. ക്രിസ്മസ് പരീക്ഷക്കാലത്ത് വൈകുന്നേരങ്ങളില്‍ ക്രിസ്മസ് കരോള്‍ഗാനം പഠിക്കാന്‍ പള്ളിയില്‍ പോകും. ക്രിസ്മസിന്‍റെ ഒരാഴ്ചമുമ്പ് ഇടവകയിലെ കുടുംബങ്ങളിലും അയല്‍പക്ക കുടുംബങ്ങളിലും മതവ്യത്യാസമില്ലാതെ പോകും. അവര്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്യും. വേര്‍തിരിവില്ലാതെ ഈ ക്രിസ്മസ് സന്ദേശം അറിയിക്കാന്‍ അന്ന് സാധിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ അത് വലിയൊരു ആനന്ദം.

കൂട്ടുകാരും മുതിര്‍ന്നവരും വൈദികരുമെല്ലാം ഒരുമിച്ച് കരോളിന് വന്നിരുന്നു. അതില്‍ യാന്ത്രികത ഒട്ടും ഉണ്ടായിരുന്നില്ല. ഏറെ ദൂരത്ത് താമസിക്കു ന്നവരാണെങ്കിലും അവരുടെ വീടുകളില്‍ പോയി കരോള്‍ പാട്ട് പാടണം എന്നത് നിര്‍ബന്ധമുള്ള കടമയായി അന്ന് മനസിലാക്കിയിരുന്നതോര്‍ക്കുന്നു. അതിന് മാതാപിതാക്കള്‍ എടുത്തിട്ടുള്ള ത്യാഗം വളരെ വലുതാണ്. രാത്രികാലങ്ങളിലെ നടപ്പ് എപ്പോഴും സുഖകരമായ കാര്യമല്ലല്ലോ. എങ്കിലും വിദൂരം സഞ്ചരിച്ച് ആ വീട്ടില്‍ ചെല്ലുമ്പോള്‍ ആ വീട്ടുകാരുടെ മനസിലും ഹൃദയത്തിലുമൊക്കെയുള്ള സ
ന്തോഷം കാണേണ്ടതാണ്. നമുക്കും ആ കുടുംബത്തെ സന്ദര്‍ശിച്ചതിലുള്ള വലിയ സന്തോഷം. അവര്‍ നമ്മെ സ്വീകരിച്ച് സസല്‍ക്കരിക്കും. ഏറ്റവും കൂടുതല്‍ കേക്ക് കഴിക്കുന്നത് ഇക്കാലത്താണ്.

മെത്രാനായശേഷവും ഒരു പ്രാവശ്യം ഞാന്‍ കരോളിന് പോയിട്ടുണ്ട്. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ഒരു വര്‍ഷത്തെ കരോളിന്‍റെ ഉദ്ദേശ്യം ഭവനമില്ലാത്തവര്‍ക്ക് ഭവനം പണിയുന്നതിന് സഹായം കൊടുക്കുക എന്നതായിരുന്നു. അറുപത് കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിക്കാനുള്ള സഹായം എത്തിക്കുവാന്‍ ആ വര്‍ഷത്തെ കരോള്‍ സഹായിച്ചു. ഇനിയും അവസരം കിട്ടിയാല്‍ കരോള്‍ സര്‍വീസിന് പോകണം എന്നാണെന്‍റെ ആഗ്രഹം. അതിന്‍റെ പരിശുദ്ധമായ അര്‍ത്ഥം നഷ്ടപ്പെട്ടുപോകാതിരിക്കട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥനയും ഓര്‍മപ്പെടുത്തലും.

മറ്റൊരു സന്തോഷകരമായ ക്രിസ്മസ് ഓര്‍മ്മ ഞങ്ങളുടെ ഇടവകപ്പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷയാണ്. വെളുപ്പിന് മൂന്നുമണിക്കാണ് ശുശ്രൂഷ. രാത്രി ഉറങ്ങാതെ കിടക്കും, കാരണം അന്ന് ഉറക്കം വരില്ല. അച്ചായന്‍ വെളുപ്പിന് വിളിക്കുന്നതിനുമുമ്പുതന്നെ ഉണര്‍ന്ന് കിടക്കുന്നതുകൊണ്ട് ആ വിളി ഒരു കര്‍മംപോലെയേ ഉള്ളൂ. പെട്ടെന്ന് ഒരുങ്ങി നടന്ന് പള്ളിയിലേക്ക് പോകുന്നു, അവിടെ ശുശ്രൂഷയില്‍ പങ്കുചേരുന്നു. അവിടെ തീ ഉഴിച്ചില്‍ ശുശ്രൂഷയുണ്ട്, പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണമുണ്ട്, നമസ്കാരമുണ്ട്. ഉറക്കത്തിന്‍റെ ആലസ്യമുണ്ടെങ്കിലും ക്രിസ്മസിന്‍റെ ഈ ശുശ്രൂഷ വലിയൊരു സന്തോഷമാണ്. ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ എല്ലാവരും ഒരുമിച്ചുചേരുന്നതിനാല്‍അത് കുടുംബത്തിലെ വലിയൊരു ആഹ്ലാദത്തിന്‍റെ സമയമാണ്. അത്രയും ആഹ്ലാദമൊക്കെ ഈ കാലത്ത് കിട്ടുമോ എന്നറിഞ്ഞുകൂടാ.

അകലം കുറച്ച അടയാളം


ക്രിസ്മസിന് മറ്റൊരു കാര്യംകൂടി സന്തോഷം നല്കുന്നു. പോസ്റ്റുമാന്‍ വരാന്‍വേണ്ടി കാത്തിരിക്കും. കാരണം പോസ്റ്റുമാന്‍ ക്രിസ്മസ് കാര്‍ഡുമായി വരും. ക്രിസ്മസ് കാര്‍ഡ് വരുന്നതും അത് പൊട്ടിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമായിരുന്നു. അത് എല്ലാവരെയും വായിച്ചു കേള്‍പ്പിക്കുക, കാണിക്കുക. ഹാപ്പി ക്രിസ്മസ് എന്ന് സ്വന്തം കൈപ്പടയില്‍ എഴുതി, പേരെഴുതി ഒപ്പിട്ട് നമുക്ക് തരുന്ന ക്രിസ്മസ് കാര്‍ഡ് ബന്ധം ചാലിച്ചു നല്കുന്ന അനുഭവമാണ്. ഇന്നും ക്രിസ്മസ് കാര്‍ഡ് അയക്കുമ്പോള്‍ ഉള്ളില്‍ സന്തോഷം ഉണ്ട്. പേരെഴുതി ഒപ്പിടുമ്പോള്‍ ലഭിക്കുന്ന ആനന്ദം അകലം കുറച്ച് നമ്മുടെ അരികിലേക്ക് വന്ന ദൈവത്തിന്‍റെ അടുപ്പത്തിന്‍റെ ഒരു അടയാളമാണ്. ദൂരെ നില്‍ക്കുന്ന ആള്‍ ഇപ്പോള്‍ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റന്‍റായി സന്ദേശം അയക്കാവുന്ന മറ്റു സംവിധാനങ്ങളിലുമൊക്കെ ഹാപ്പി ക്രിസ്മസ് മെസേജ് അയക്കുമ്പോള്‍ ക്രിസ്മസ് കാര്‍ഡിലെ നീല മഷികൊണ്ട് എഴുതിയ ആ വാക്കുകള്‍ വായിക്കുന്നതിന്‍റെ ഊഷ്മളത ഇല്ല എന്നതാണ് സത്യം. ഇത് പറയുന്നത് നിരാശപ്പെടുത്താനല്ല, നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ ഊഷ്മളത കുറഞ്ഞുപോകാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.

അകലം കുറയുകയും അടുപ്പം വര്‍ധിക്കുകയും ചെയ്യുമ്പോഴാണ് കൂടുതല്‍ അറിയുന്നതിനും മനസ്സിലാക്കുന്നതിനും തന്മൂലം കൂടുതല്‍ സനേഹിക്കുന്നതിനും മനുഷ്യര്‍ക്ക് സാധിക്കുക. ഇത് സ്വഭാവികമായ സമീപനത്തിന്‍റെ അടിസ്ഥാനഘടകമാണ്. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, ദൈവം മനുഷ്യനായപ്പോഴും ഇതേ കാര്യങ്ങളാണ് സംഭവിച്ചത്. പൂര്‍വകാലങ്ങളില്‍ ദൈവം വിവിധ രീതികളില്‍ നമ്മോട് സംസാരിച്ചു. എന്നാല്‍ ഈ അവസാനനാളുകളിലാകട്ടെ അവിടുന്ന് തന്‍റെ ഏകജാതനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു എന്ന് ഹെബ്രായ ലേഖനത്തില്‍ വായിക്കുന്നു (ഹെബ്രായര്‍ 1:2) എന്താണ് ഈ വചനം അര്‍ത്ഥമാക്കുന്നത്? ദൈവം അടുത്തുവന്ന് നമ്മോട് വര്‍ത്തമാനം പറഞ്ഞു, സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു, നമുക്ക് അടുത്തിടപഴകുന്നതിന് അവസരമുണ്ടായി. ക്രിസ്മസ് യഥാര്‍ത്ഥത്തില്‍ ഇപ്രകാരം ഒരു പെരുന്നാളല്ലേ.

എങ്ങനെയാണ് ഈ അകലം കുറഞ്ഞത്? മനുഷ്യന്‍റെ പ്രത്യേക പ്രവൃത്തിയാലാണോ? അല്ല; അവിടുന്ന് ആഗ്രഹിച്ചു, അവനില്‍ വിശ്വസിക്കുന്ന ഒരുവന്‍പോലും നശിച്ചുപോകരുത്, നിത്യജീവന്‍ പ്രാപിക്കണം. അതിനുവേണ്ടി തന്‍റെ ഏകപുത്രനെ നല്കാന്‍വരെ ദൈവപിതാവ് മനസായി എന്ന് യോഹന്നാന്‍ സുവിശേഷകന്‍  ഓര്‍മ്മപ്പെടുത്തുകയാണ്. ദൈവം തന്‍റെ ഏകജാതനെ നമുക്ക് നല്‍കിയത് അവിടുത്തെ വാത്സല്യത്തിന്‍റെ അളവ് നമ്മെ അറിയിക്കുന്നതിനാണ്, നാം ദൈവത്തെ അറിയുന്നതിനാണ്. വളരെ അകലത്തില്‍ കഴിയുന്ന, നമ്മോട് ബന്ധമില്ലാത്ത അദൃശ്യനായ ഒരു ശക്തിയല്ല ദൈവം.

മനുഷ്യന്‍റെ മടിയിലെ ദൈവം

മലങ്കര ആരാധനക്രമത്തില്‍ സ്ഥായിയായി ഉയോഗിക്കുന്ന ഒരു പദപ്രയോഗമുണ്ട് – ‘മനുഷ്യനോട് താല്പര്യമുള്ളവനേ, മനുഷ്യപ്രിയനേ, മനുഷ്യനോട് കരുണയുള്ളവനേ.’ അത് ദൈവത്തിന്‍റെ സ്വഭാവമാണ്. ആകയാല്‍ തന്‍റെ സ്നേഹത്തില്‍ ദൈവം നമ്മില്‍ ഒരുവനായി നമ്മുടെ അടുത്തേക്ക് വന്നു. മറിയത്തിന്‍റെ കാല്‍മുട്ടുകളില്‍ ലാളിക്കപ്പെടുന്നതിന് ദൈവം തന്നെത്തന്നെ ശിശുവായി വിട്ടുകൊടുക്കുന്നു. ദൈവപൈതല്‍ ഒരു മനുഷ്യക്കുഞ്ഞായി അമ്മയുടെ കരങ്ങളില്‍ താലോലിക്കപ്പെടുകയാണ്. ഇവിടെ അകലം കുറഞ്ഞുവെന്ന് മാത്രമല്ല, അടുപ്പത്തിന്‍റെ ഊഷ്മളത വര്‍ധിക്കുകയാണ്. ഇങ്ങനെയും ദൈവം വാത്സല്യം കാണിക്കുമോ? ഇപ്രകാരം ദൈവം അകലം കുറച്ച് അടുപ്പത്തില്‍ നമ്മുടെ ബന്ധം സ്ഥാപിക്കുന്നെങ്കില്‍ അതിലെന്തോ ഒരു പദ്ധതി നിറഞ്ഞുനില്പ്പില്ലേ എന്ന് ചിന്തിക്കണം.

ഇങ്ങനെയൊരു ദൈവം നമ്മുടെ അടുത്തേക്ക് വരുമ്പോള്‍ സ്വീകരിക്കണമോ? ഇങ്ങനെയൊരു ദൈവം നമ്മോട് സംസാരിക്കുമ്പോള്‍ കേള്‍ക്കണമോ? ഇങ്ങനെ വാത്സല്യമുള്ള ഒരു ദൈവം നമ്മോട് കല്പിക്കുന്നത് അനുസരിക്കണമോ? അവന്‍റെ അമ്മയായ പരിശുദ്ധ മാതാവ് പറയുന്നു, നിങ്ങള്‍ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍. ഇതാണ് സ്വര്‍ഗത്തിന്‍റെ പദ്ധതി. പിന്നെ ഈ ദൈവപൈതലിനെ, ദൈവപുത്രനെ ഹൃദയംകൊണ്ട്, വിശ്വാസംകൊണ്ട് സ്വീകരിക്കാന്‍ നാമെന്തിന് മടിക്കണം? പുണ്യപിതാവായ ദൈവദാസന്‍ ആര്‍ച്ച്ബിഷപ് മാര്‍ ഇവാനിയോസ് തന്‍റെ ആത്മീയമായ പ്രയാണത്തില്‍ ഇപ്രകാരം പഠിപ്പിച്ചു: “ദൈവസേവനം ഉത്തമം, ദൈവസമ്പാദനം അത്യുത്തമം.” ഈ വാക്കുകളില്‍ ഇമ്മാനുവല്‍ അനുഭവം ചേര്‍ന്നു നില്ക്കുന്നുണ്ട്.

ഹാപ്പി ക്രിസ്മസ്- അടുത്തുകാണാന്‍

ക്രിസ്മസ് ദൈവത്തെ നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നു എന്ന് മാത്രമല്ല, ദൈവം നമ്മോടുകൂടെ എന്ന ഇമ്മാനുവേല്‍ അനുഭവവും നല്കി. ഈ ശിശു ജനിച്ചത് സന്തോഷകരമായ കാര്യമാണ്. ലോകം മുഴുവന്‍ സന്തോഷിക്കട്ടെ. സര്‍വലോകത്തിനുമുള്ള സന്തോഷത്തിന്‍റെ വാര്‍ത്തയാണ് രക്ഷകനായ യേശുക്രിസ്തു മനുഷ്യനായി ജനിച്ചിരിക്കുന്നു എന്നത്. ആട്ടിന്‍കൂട്ടം, ആട്ടിടയന്മാര്‍, വാല്‍നക്ഷത്രം ഇതൊക്കെ നമുക്കുള്ള അടയാളമാണ്.

ഈ അനുഗൃഹീതമായ ക്രിസ്മസ്, ദൈവപൈതലിന്‍റെ ജന്മദിനം, ദൈവ-മനുഷ്യസംഗമത്തിന്‍റെ അമൂല്യമായ മുഹൂര്‍ത്തം വിശ്വാസത്തോടെ നമുക്ക് സ്വീകരിക്കാം. ക്രിസ്മസിന്‍റെ ആത്മീയ സമ്പന്നതയിലേക്ക് പരിശുദ്ധാത്മാവ് ഓരോരുത്തരെയും ആനയിക്കട്ടെ. അവന്‍റെ അടുത്തേക്ക് പോകുന്നതിനും അവനെ കണ്ട് ആരാധിക്കുന്നതിനും അവനെ കണ്ട് ആരാധിച്ച് അക്കാര്യം സകലരോടും പറയുന്നതിനും ഈ പൈതലിനെ സമ്പാദിക്കുന്നതിനും ദൈവസമ്പാദനത്തിനും പരിശുദ്ധാത്മാവ് എല്ലാ കൃപയും നല്‍കട്ടെ.

അകലം കുറച്ചവന്‍റെ അടുപ്പം സ്വന്തമാക്കി ഈ ദൈവത്തെ സമ്പാദിച്ച് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാം. ഇതാ സാക്ഷാല്‍ ദൈവപുത്രന്‍! അവിടുന്ന് പറഞ്ഞു: ഞാനും പിതാവും ഒന്നാണ്. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. അതെ, ദൈവത്തെ നമ്മുടെ പക്കലേക്ക് ഇറക്കിക്കൊണ്ടുവന്ന് നമ്മുടെ മധ്യേ വസിച്ച ദൈവപൈതല്‍ നമ്മോട് പറയുന്നു, ഭയപ്പെടേണ്ടാ. യുഗാന്ത്യംവരെ ഞാന്‍ കൂടെയുണ്ട്. മാറ്റമില്ലാത്ത ഉറപ്പ് പൈതലായിരിക്കുമ്പോള്‍ത്തന്നെ നമുക്ക് നല്‍കിയ ദൈവം ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു ഓരോ ക്രിസ്മസിലും. ഞാന്‍ നിന്‍റെ അടുത്തേക്ക് വരുന്നു മകനേ/മകളേ കുറച്ചുകൂടി അടുപ്പത്തില്‍ നിന്നെ കാണാന്‍. നമുക്കും മറുപടിയായി പറയേണ്ടേ- അടുത്തുകാണാന്‍ എന്‍റെ മനസ് വെമ്പല്‍കൊള്ളുന്നു നാഥാ. നിന്നെ സ്വന്തമാക്കാന്‍ എന്‍റെ ഹൃദയം തുടിക്കുന്നു നാഥാ. കൂടെ പാര്‍ക്കണേ, വിട്ടുപോകരുതേ. ഇമ്മാനുവേലേ, നാഥാ നീയാണല്ലോ ഞങ്ങളുടെ അടുപ്പത്തിന്‍റെ കാരണം. ഹാപ്പി ക്രിസ്മസ്!

'

By: Mar Ivanios

More