- Latest articles
പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ആദ്യമായി ഒരു ധ്യാനമൊക്കെ കൂടി നന്നായി പഠിക്കാനുള്ള ഒരുക്കങ്ങളൊക്കെ നടത്തി. പഠിക്കാന്‍ ഇഷ്ടക്കുറവ് ഇല്ലെങ്കിലും അല്പം വിരസതയോടെ കണ്ടിരുന്ന വിഷയങ്ങള്‍ ആയിരുന്നു കണക്കും ഇംഗ്ലീഷിന്‍റെ രണ്ടാം പേപ്പറും.
അമ്മ ടീച്ചര്‍ ആയിരുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഞാന്‍ അസ്വസ്ഥത അനുഭവിച്ചത് ആ വര്‍ഷം ആയിരുന്നു. അമ്മയുടെ സഹപ്രവര്‍ത്തകര്‍ ചോദിക്കും മകള്‍ക്ക് എത്ര മാര്‍ക്ക് കിട്ടി എന്ന്. ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ടോട്ടല്‍ മാര്‍ക്കിനെ ബാധിക്കും എന്നതുതന്നെ ആയിരുന്നു പ്രശ്നം. പലപ്പോഴും അമ്മയുടെ ആകുലത വാക്കുകളില്‍ പ്രകടമായിരുന്നു. എന്നിട്ടും എന്തോ ആ വിരസതക്ക് മാറ്റം വന്നില്ല.
ഒടുവില്‍ ആ കാത്തിരിപ്പിന്‍റെ അവസാന നാളുകളിലേക്ക്… പരീക്ഷക്കാലം. ഇതിനിടക്ക് എന്‍റെ നിസ്സഹായാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് അസാധ്യമായത് സാധിക്കുന്ന ഒരു വ്യക്തി ഉണ്ടെന്ന ബോധ്യവും കിട്ടി. ഒരു വെളുത്ത കടലാസില്‍ ഈശോക്ക് ഒരു കത്ത്. ‘ഈശോയേ, ഈ പരീക്ഷയില്‍ എനിക്ക് 480 നും 540 നും ഇടയ്ക്കു മാര്‍ക്ക് തന്ന് അനുഗ്രഹിക്കണമേ. എങ്കിലും എന്‍റെ ഇഷ്ടം അല്ല നിന്‍റെ ഇഷ്ടം നിറവേറട്ടെ.’
നിഷ്കളങ്കമായ എന്‍റെ കത്ത് എല്ലാവരും കാണത്തക്കവിധം ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ ഒരു വശത്ത് ഒട്ടിച്ചു വച്ചു. പലരും വീട്ടില്‍ വന്നപ്പോള്‍ പലതരത്തില്‍ കമന്‍റുകള്‍ നല്‍കി. എന്‍റെ ആദ്യത്തെ ലവ് ലെറ്റര്‍ ആയതു കൊണ്ട് മാറ്റാന്‍ തയ്യാറായില്ല. പരിഹസിച്ചവരോട് ഞാനും തിരിച്ചടിച്ചു, “എനിക്ക് ഉറപ്പായും ഡിസ്റ്റിംഗ്ഷന്‍ ഈശോ തരും.”
തലേ രാത്രിയില്‍ ഒന്ന് കണ്ണടച്ചപ്പോള്‍…
ആദ്യത്തെ കടമ്പ അരികിലെത്തി. ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷയുടെ തലേ രാത്രി. ഇംഗ്ലീഷ് പ്രോവെര്‍ബ് അഥവാ പഴഞ്ചൊല്ലിനെക്കുറിച്ചുള്ള വിവരണം പഠിക്കണം. ഞാന്‍ ഒരു പ്രോവെര്‍ബ് ബുക്ക് എടുത്തു മേശക്ക് മുകളില്‍ വച്ചു. അടുക്കളയില്‍ മിക്സിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അതിനിടക്ക് അമ്മയുടെ വാക്കുകള്‍, “ഏതെങ്കിലും ഒന്നുരണ്ട് പ്രോവെര്‍ബ് വായിച്ചു നോക്ക്. നാളെ എന്തെങ്കിലും എഴുതണ്ടേ?” ആ ചോദ്യം ഹൃദയത്തിലൂടെ ഒരു വാളായി തുളഞ്ഞു കയറി. രണ്ടും കല്പിച്ച് കണ്ണുകളടച്ച് പ്രോവെര്‍ബ് ബുക്ക് കയ്യിലെടുത്തു. “ഈശോയേ, നീ എന്നെ കൈവിടരുത്. രണ്ട് പ്രോവെര്‍ബ് ഞാന്‍ ഇപ്പോള്‍ പഠിക്കും. ഞാന്‍ ഏത് പഠിക്കണം എന്ന് പറഞ്ഞു തരാമോ?!”
ആദ്യം കിട്ടിയത്: Necesstiy is the mother of invention. വീണ്ടും കണ്ണടച്ച് രണ്ടാമത് ഒരെണ്ണം എടുത്തു: Chartiy begins at home. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ആ രണ്ട് പ്രോവെര്‍ബുകള്‍ പഠിച്ചു
പിറ്റേന്ന് പരീക്ഷ ഹാളിലേക്ക് പതിവിലും ധൈര്യത്തോടെ കയറി. ചോദ്യപേപ്പര്‍ കിട്ടിയ ഉടനെ കണ്ണടച്ച് അതിനു മുകളില്‍ വിശുദ്ധ കുരിശിന്‍റെ അടയാളം വരച്ചു. ആദ്യം എടുത്ത് നോക്കിയത് ഏത് പ്രോവെര്‍ബ് ആണ് എന്നാണ്. എന്തിനെന്നറിയാതെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ചോദ്യം ഇങ്ങനെ: ഏതെങ്കിലും ഒരു പ്രോവെര്‍ബിനെക്കുറിച്ച് എഴുതുക.
Necesstiy is the mother of invention
or
Chartiy begins at home.
ഈശോയേ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ അന്ന് പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നു, “ഐ ലവ് യു ഈശോയേ…”
എന്തായാലും ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ഇനി വരുന്നത് അടുത്ത കടമ്പയായ കണക്കുപരീക്ഷ.
ഭൂഗോളത്തിന്‍റെ സ്പന്ദനം
‘ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണ്’- നമ്മളെല്ലാവരും പലതവണ ഏറ്റു പറഞ്ഞ ഒരു സിനിമ ഡയലോഗ്. പക്ഷേ എനിക്കുപോലും അറിയാത്ത ഏതോ കാരണത്താല്‍ കണക്ക് പഠിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. പത്താം ക്ലാസ്സില്‍ ഇത് പറഞ്ഞിരുന്നിട്ട് കാര്യമില്ല. ആകെയുള്ള പ്രതീക്ഷ ഈശോയുടെ തിരുഹൃദയത്തില്‍ പോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന ലവ് ലെറ്ററില്‍ ആണ്. അമ്മയുടെ ചോദ്യം കേള്‍ക്കാം, “നീ എല്ലാ കണക്കും ചെയ്തുനോക്കിയോ? ലേബര്‍ ഇന്ത്യയിലെ ചോദ്യങ്ങള്‍ നോക്കിയോ?” കണക്കുപരീക്ഷയില്‍ അതുവരെ അന്‍പതില്‍ ഇരുപത്തിമൂന്ന് മാര്‍ക്ക് ആണ് ഞാന്‍ വാങ്ങിച്ചിട്ടുള്ളത്. അമ്മയുടെ നെഞ്ചിടിപ്പിന് ന്യായം ഉണ്ട്.
ജ്യോമെട്രി പഠിക്കാന്‍ വല്ലാത്ത ക്ലേശം. സൈന്‍, കോസ്, ടാന്‍ എന്നൊക്കെ കേള്‍ക്കുന്നതേ എനിക്ക് ഭയമായിരുന്നു. മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഇതിന്‍റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ? എന്നെ സ്വയം ഞാന്‍ ആശ്വസിപ്പിച്ചിരുന്നത് അങ്ങനെയാണ്.
കണക്കുപരീക്ഷക്ക് പരീക്ഷ ഹാളില്‍ കയറി. പതിവില്ലാത്ത ഒരു ചങ്കിടിപ്പ്. കൂടെയുള്ള ബുദ്ധിജീവികള്‍ അങ്ങോട്ടും ഇങ്ങോട്ടും സൂത്രവാക്യങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന നയന മനോഹരമായ കാഴ്ച. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. ബ്രാക്കറ്റില്‍നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക എന്നത് മുതല്‍ അവസാന ചോദ്യം വരെ ഓടിച്ചൊന്നു നോക്കി. ജ്യോമെട്രിയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഓരോ വട്ടം വരച്ചു മാര്‍ക്ക് ചെയ്തു. കാരണം അത് ചെയ്യാന്‍ എനിക്ക് അറിയില്ലല്ലോ. കുറെ ചോദ്യങ്ങള്‍ ഉണ്ട് അതില്‍ നിന്നും. പരീക്ഷ വിചാരിച്ചതിലും വേഗം തീരും എന്ന സത്യം ഞാന്‍ മനസ്സിലാക്കി. സന്തോഷത്തോടെ ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഏറെക്കുറെ അതില്‍ വിജയിച്ചു.
പിന്നെ സമയം തീരാതെയുള്ള കാത്തിരിപ്പ്. പരീക്ഷാസമയം തീര്‍ക്കാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് തല പുകഞ്ഞു ആലോചിക്കുന്ന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയം മാറാന്‍ വേണ്ടി ഒരു സിസ്റ്റര്‍ ക്ലാസ് എടുക്കാന്‍ വന്നത് ഓര്‍മയില്‍ വന്നു. സിസ്റ്റര്‍ പരീക്ഷയെഴുതുമ്പോള്‍ പേനക്ക് മുകളില്‍ ഈശോയുടെ ഒരു കാശുരൂപം ഒട്ടിച്ചു വയ്ക്കുമായിരുന്നുവെന്നാണ് പങ്കുവച്ചത്. പേന പിടിച്ചെഴുതുതുമ്പോള്‍ ഈശോയെ പിടിച്ച് എഴുതും. അങ്ങനെ പല പരീക്ഷകളിലും വലിയ വിജയം ലഭിച്ചു എന്ന്.
ഇതൊക്കെ സത്യമാവുമോ? എന്‍റെ ബുദ്ധിയില്ലാത്ത തല ഉണര്‍ന്നെഴുന്നേറ്റു ചിന്തയിലാണ്ടു. കഴുത്തില്‍ കിടക്കുന്ന ജപമാല ഓര്‍മയില്‍ വന്നു. അത് പതുക്കെ ഊരി എടുത്തു. പേനയിലേക്ക് കുരിശു രൂപം തട്ടും വിധം ജപമാല കയ്യില്‍ പിടിച്ചു. പരിശുദ്ധാത്മാവ് സഹായകന്‍ ആണെന്നും പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്ന് വരുമെന്നും സിസ്റ്റര്‍ പറഞ്ഞു തന്നിരുന്നു. എന്തായാലും ഞാന്‍ ഈ പറഞ്ഞ വ്യക്തിയെ കണ്ടിട്ടില്ല. ഒന്ന് കണ്ടേക്കാം എന്ന് കരുതി മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
“‘പരിശുദ്ധാത്മാവേ വരണമേ …
പരിശുദ്ധാത്മാവേ വരണമേ …
എന്നെ സഹായിക്കണമേ”
ആരും വന്നതായി ഞാന്‍ കണ്ടില്ല. പക്ഷേ ചോദ്യപേപ്പറില്‍ ഞാന്‍ വട്ടം വരച്ചു വച്ചിരിക്കുന്ന ചോദ്യങ്ങള്‍ എഴുതാന്‍ ആരോ എന്നെ പ്രേരിപ്പിക്കുന്നു എന്ന് തോന്നി. പ്രേരണ ഉണ്ടായിട്ട് എന്ത് കാര്യം. സൂത്രവാക്യങ്ങള്‍ എനിക്ക് അറിയില്ലല്ലോ. ആരോ എന്‍റെ പേന പിടിച്ചു എഴുതിക്കുന്ന പോലെ… അങ്ങനെ എഴുതേണ്ടെന്നു തീരുമാനിച്ചുറച്ച എല്ലാ ചോദ്യങ്ങളും എന്‍റെ ബുദ്ധിയും കഴിവും ഇല്ലാതെ ഉത്തരക്കടലാസില്‍ എന്‍റെ കൈകളിലൂടെ പകര്‍ത്തപ്പെടുന്നത് ഞാന്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.
ഇനിയാണ് ക്ലൈമാക്സ്. പരീക്ഷാഫലം വന്നു. കണക്കിന്‍റെ ഒന്നാം പേപ്പറില്‍ 44/50; ജ്യോമെട്രി ഉള്ള രണ്ടാം പേപ്പറില്‍ 46/50 അങ്ങനെ ആകെ കണക്കില്‍ മാര്‍ക്ക് – 90/100!! എന്തായാലും ലവ് ലെറ്റര്‍ ഈശോ സ്വീകരിക്കുകയായിരുന്നു, മൊത്തം 502/600 മാര്‍ക്ക് കിട്ടി.
‘നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്,
ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും (ഏശയ്യാ 41/13). ഈശോയേ,
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, ഐ ലവ് യു! ډ
'യേശുവിന്‍റെ മരണവും ഉത്ഥാനവും കഴിഞ്ഞ് ജീവിതം തുടര്‍ന്ന പരിശുദ്ധമാതാവ് വിശുദ്ധ യോഹന്നാനോടൊപ്പം താമസിച്ചു. അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ അമ്മയേത്തേടി പ്രാര്‍ത്ഥനകളുമായി അണയുക പതിവായിരുന്നു. പരിശുദ്ധാത്മപ്രേരണയാല്‍ അവര്‍ ദൈവമാതാവിനെ ഗബ്രിയേൽ ദൈവദൂതന്‍റെയും എലിസത്തിന്‍റെയും വാക്കുകളാല്‍ സ്തുതിച്ചിരുന്നുവത്രേ. തങ്ങളുടെ കര്‍ത്താവിന്‍റെ അമ്മയോട് പാപികളായതങ്ങള്‍ക്കുവേണ്ടി ദൈവത്തോട് യാചിക്കാന്‍ അപേക്ഷിക്കുകയും പതിവായിരുന്നു എന്ന് പാരമ്പര്യം പറയുന്നു.
ദൈവമാതൃസ്തുതിയുടെ ആദ്യഭാഗം വെളിപ്പെടുത്തിത്തന്നത് പരിശുദ്ധത്രിത്വം തന്നെ. ത്രിത്വൈകദൈവം വെളിപ്പെടുത്തിയതനുസരിച്ചാണല്ലോ ഗബ്രിയേൽ ദൈവദൂതന്‍ മറിയത്തെ “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!’ എന്ന വാക്കുകളാല്‍ അഭിസംബോധന ചെയ്തത്. തുടര്‍ന്നു വരുന്നതാകട്ടെ
പരിശുദ്ധാത്മപൂരിതയായ എലിസബത്തിന് ലഭിച്ച തിരിച്ചറിവാണ്. “സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു. നിന്‍റെ ഉദരഫലവും അനുഗൃഹീതം.” ഇപ്രകാരം പരിശുദ്ധ മറിയത്തിന്‍റെ ദൈവിക സവിശേഷതകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് മാതാവിനെ തേടിയെത്തിയവര്‍ ആ അമ്മയുടെ പ്രാര്‍ത്ഥന ചോദിച്ചത്.
പിന്നീട് പരിശുദ്ധ അമ്മ തന്‍റെ ഭൗമികജീവിതം പൂര്‍ത്തിയാക്കിയേപ്പാള്‍ ശരീരം ക്രിസ്തുശിഷ്യന്‍മാര്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങി. ആ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്ന പലരും അനുതാപവിവശരായി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. തങ്ങളുടെ മരണസമയത്തു തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്നായിരുന്നു ആ നിലവിളിയുടെ കാതല്‍.
ദൈവാത്മാവിനാല്‍ പ്രേരിതരായി ജനങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഈ പ്രാര്‍ത്ഥനകളാണ് പിന്നീട് സഭ ക്രോഡീകരിച്ചത്. എ.ഡി. 430-ല്‍ നടന്ന എഫേസോസ് പൊതുസുനഹദോസില്‍വച്ച് സഭാപിതാക്കന്‍മാര്‍ പൂര്‍ണരൂപത്തില്‍ ഈ പ്രാര്‍ത്ഥനയുടെ അപേക്ഷാഭാഗം നമുക്ക് നല്കി, “പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേന്‍.” ഇതിലൂടെ പരിശുദ്ധ മറിയം ദൈവമാതാവുതന്നെയെന്ന് സഭ ഉറക്കെ പ്രഖ്യാപിക്കുകകൂടിയായിരുന്നു.
ദൈവസന്നിധിയില്‍ ഏറ്റവും ശക്തിയുള്ള പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രാര്‍ത്ഥന എപ്പോഴും, മരണസമയത്ത് ഏറ്റവും സവിശേഷമായ വിധത്തിലും, നമുക്ക് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സഭാപിതാക്കന്‍മാര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്. സഭയില്‍ പിന്നീട് പിളര്‍പ്പുകളുണ്ടായെങ്കിലും അപ്രകാരം രൂപപ്പെട്ട അപ്പസ്തോലിക പാരമ്പര്യമുള്ള സഭകളിലെല്ലാം ഈ പ്രാര്‍ത്ഥന സുപ്രധാനമായ പ്രാര്‍ത്ഥനതന്നെയാണ്. വാക്കുകളില്‍ അല്പം വ്യത്യാസങ്ങള്‍ കാണാമെങ്കിലും അര്‍ത്ഥത്തിന് വ്യത്യാസം കാണുകയില്ല.
നമ്മള്‍ പാപികളാണ് എന്ന എളിമയാര്‍ന്ന തിരിച്ചറിവില്‍നിന്നുമാത്രമേ ഈ പ്രാര്‍ത്ഥന ഫലപ്രദമായി ഉരുവിടാനാവൂ. വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോര്‍ട്ട് ഉദ്ഘോഷിക്കുന്നു, “പിശാചിനാല്‍ ചതിക്കപ്പെടുന്നവരില്‍നിന്നും ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന തെറ്റിപ്പോകാത്ത ഉരകല്ലാണ് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാര്‍ത്ഥന.”
'വിശുദ്ധ അഗസ്റ്റിന്‍റെ മാനസാന്തരാനുഭവത്തിനുശേഷം അദ്ദേഹം വളരെയധികം വിലപ്പെട്ട പഠനങ്ങള്‍ സഭയ്ക്ക് സമ്മാനിച്ചു. അദ്ദേഹം ത്രിത്വത്തിന്‍റെ രഹസ്യം മനസ്സിലാക്കാനുള്ള ശ്രമങ്ങളിലായിരുന്ന സമയത്ത് ഉണ്ടായതായി പറയപ്പെടുന്ന ഒരു സംഭവമിങ്ങനെയാണ്. ഒരിക്കല്‍ കടല്‍ത്തീരത്തുകൂടി നടക്കവേ ഒരു
ബാലന്‍ തീരത്തെ മണലില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ കടല്‍വെള്ളം കോരിക്കൊണ്ടുവന്ന് നിറയ്ക്കുന്നത് കണ്ടു. അങ്ങനെ ചെയ്യുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ കടല്‍ ഈ കുഴിയില്‍ നിറയ്ക്കുകയാണ് എന്നാണ് ആ ബാലന്‍ ഉത്തരം നല്‍കിയത്. അത് ഒരിക്കലും സാധിക്കാത്ത കാര്യമാണെന്ന് വിശുദ്ധ അഗസ്റ്റിന്‍ അവനോട് പറഞ്ഞു. അപ്പോള്‍, ‘പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യം അങ്ങയുടെ കുഞ്ഞുതലയില്‍ കയറുന്നതെങ്ങനെ?’എന്ന് മറുചോദ്യം ചോദിച്ചുകൊണ്ട് ആ ബാലന്‍ മറഞ്ഞുപോയി. തുടര്‍ന്നും ത്രിത്വത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും താന്‍ ഇനിയും എളിമപ്പെടേണ്ടതുണ്ടെന്ന ചിന്ത അദ്ദേഹത്തില്‍ നിറഞ്ഞു. ആ സമയത്ത് ഹിപ്പോയിലെ മെത്രാനായിരുന്നു വിശുദ്ധ അഗസ്റ്റിന്‍.
നമുക്ക് പരിചിതമായ, പരിശുദ്ധാരൂപി നമ്മില്‍ വന്ന് വസിക്കുന്നതിനായുള്ള പ്രാര്‍ത്ഥന അദ്ദേഹം രചിച്ചതാണ്. ത്രിത്വത്തില്‍ മൂന്നാമനായ പരിശുദ്ധാത്മാവിനെക്കുറിച്ച് വിശുദ്ധ അഗസ്റ്റിന് ലഭിച്ച ബോധ്യങ്ങളുടെ പ്രതിഫലനമാണ് ആ പ്രാര്‍ത്ഥന.
പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
പരിശുദ്ധാത്മാവേ, എഴുന്നള്ളിവരിക. അങ്ങേ വെളിവിന്‍റെ കതിരുകളെ സ്വര്‍ഗ്ഗത്തില്‍നിന്നും അയയ്ക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിന് മാധുരമായ വിരുന്നേ, മധുരമായ തണുപ്പേ, കരച്ചിലില്‍ സ്വൈരമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍
പാപമല്ലാതെ യാതൊന്നുമില്ല. അറപ്പുള്ളതു കഴുകുക. വാടിപ്പോയതു നനയ്ക്കുക. മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളതു മയപ്പെടുത്തുക. തണുത്തതു ചൂടുപിടിപ്പിക്കുക. നേര്‍വഴിയല്ലാതെ പോയതു തിരിക്കുക. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്നവര്‍ക്ക് ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക.
ആമ്മേന്‍
കൊള്ളക്കാരനില്‍നിന്ന് വിശുദ്ധനെ സൃഷ്ടിക്കാന്‍ കുരിശ് കാരണമായതെങ്ങനെ?
മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് ക്രിസ്റ്റഫര്‍. അരോഗദൃഢഗാത്രനായ ഒരു ആജാനുബാഹുവായിരുന്നു ക്രിസ്റ്റഫര്‍. ഓഫറസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പേര്. ഏറ്റവും ശക്തനായ യജമാനനെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്ന ക്രിസ്റ്റഫര്‍ സാത്താനെയാണ് ആദ്യ കാലങ്ങളില്‍ സേവിച്ചിരുന്നത്. തന്‍റെ ആരോഗ്യവും ശക്തിയുമെല്ലാം യാത്രക്കാരെ കൊള്ളയടിക്കാനാണ് അന്ന് അദ്ദേഹം ഉപയോഗിച്ചത്.
കുരിശിന്‍റെ മുമ്പില്‍ സാത്താന്‍ ഭയന്നുവിറയ്ക്കുന്നതായി ക്രിസ്റ്റഫര്‍ മനസിലാക്കിയതോടെയാണ് ദൈവത്തിന്‍റെ അപരിമേയമായ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞത്. അങ്ങനെ അദ്ദേഹം ദൈവത്തിലേക്ക് തിരിഞ്ഞു. വിശുദ്ധനായ ഒരു സന്യാസിയുടെ ഉപദേശം സ്വീകരിച്ച് അദ്ദേഹം തന്‍റെ പാപമാര്‍ഗങ്ങള്‍ ഉപേക്ഷിച്ചു. ജീവന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന്‍റെയും യഥാര്‍ത്ഥ ഉടയവനായ ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം തന്നെത്തന്നെ ദൈവത്തിനായി സമര്‍പ്പിച്ചു. ഒരു നദിക്ക് സമീപം ചെറിയ കുടില്‍ കെട്ടി യാത്രക്കാരെ നദി കടക്കാന്‍ സഹായിക്കുന്ന ജോലിയാണ് അദ്ദേഹം ഏറ്റെടുത്തത്.
ഉണ്ണീശോ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ പക്കല്‍ നദി കടക്കാന്‍ എത്തി. ഈ കുട്ടിയെയും തോളില്‍ വഹിച്ചുകൊണ്ട് നദി കടക്കുന്ന വേളയില്‍ കുട്ടിയുടെ ഭാരം ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ലോകത്തിന്‍റെ മുഴുവന്‍ ഭാരം വഹിക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ക്രിസ്റ്റഫര്‍ കുട്ടിയോട് പറഞ്ഞെന്നും അദ്ദേഹത്തിന്‍റെ ജീവിതകഥയില്‍ പറയുന്നു. ലോകത്തിന്‍റെ മുഴുവന്‍ ഭാരമല്ല ലോകം മുഴുവന്‍ സൃഷ്ടിച്ചവനെ തന്നെയാണ് വഹിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഈശോ ക്രിസ്റ്റഫറിന് തന്നെത്തന്നെ വെളിപ്പെടുത്തിയത്. നദിയുടെ മറുകരെ ചെല്ലുമ്പോള്‍ കൈയിലുള്ള വടി അവിടെ നാട്ടണമെന്നും അത് ഫലം പുറപ്പെടുവിക്കുമെന്നും ഈശോ ക്രിസ്റ്റഫറിനോട് പറഞ്ഞു. അതനുസരിച്ച് വടി മറുകരയില്‍ നാട്ടിയപ്പോള്‍ അത് പൂവും ഫലങ്ങളും പുറപ്പെടുവിച്ചു.
ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ ലൈസിയയില്‍ എഡി 251-നോട് അടുത്ത കാലഘട്ടത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ ചക്രവര്‍ത്തിയായ ഡെസിയസിന്‍റെ നിര്‍ദേശപ്രകാരമാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ശിരച്ഛേദം ചെയ്തത്.
ക്രിസ്തുവിനെ വഹിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള പേരിന്‍റെ ഉടമയായ വിശുദ്ധ ക്രിസ്റ്റഫര്‍ യാത്രക്കാരുടെ പ്രത്യേക മധ്യസ്ഥനായാണ് വണങ്ങപ്പെടുന്നത്. യാത്രക്കാരെ കൊള്ളയടിച്ചിരുന്ന ആളില്‍നിന്ന് യാത്രക്കാരുടെ മധ്യസ്ഥനായി മാറിയ അദ്ദേഹത്തിന്‍റെ ജീവിതകഥ ദൈവസ്നേഹത്തിന്‍റെ അനന്ത സാധ്യതകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
'പപ്പ ജോലികഴിഞ്ഞുവന്ന് ചായയൊക്കെ കുടിച്ചശേഷം പതിയെ കസേരയിലിരുന്ന് പത്രം വായന ആരംഭിച്ചു. ആ സമയത്താണ് ജൂണിമോള്‍ അടുത്തു ചെന്നത്. “ജോണുച്ചേട്ടനും ജോയല്‍മോനും തമ്മില്‍ വഴക്കുകൂടി പപ്പാ” അവള്‍ പറഞ്ഞു. “ഉവ്വോ, എന്തിനാ വഴക്കുകൂടിയത്. അവരെയിങ്ങു വിളിച്ചേ, ഞാന്‍ ചോദിക്കട്ടെ.” ജൂണിമോള്‍ വേഗം കാര്യം പറഞ്ഞ് അവരെ വിളിച്ചുകൊണ്ടുവന്നു. ജോണുക്കുട്ടന്‍ തലതാഴ്ത്തി നിന്നു. പപ്പ അവന്‍റെ മുഖം പിടിച്ചുയര്‍ത്തിയപ്പോഴതാ മുഖത്ത് വിരല്‍പാടുകള്‍. അതുകണ്ടതേ പപ്പക്ക് കാര്യം മനസ്സിലായി. പപ്പ ചോദിച്ചു, “എന്തിനാണ് ജോയല്‍ നീ ജോണുക്കുട്ടനെ തല്ലിയത്?”
“ചേട്ടന്‍ മറ്റുള്ളവരുടെ മുന്‍പില്‍വച്ച് എന്‍റെ കുറ്റങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അതുകൊണ്ടാണ് ഞാന്‍ തല്ലിയത്.”
അതുകേട്ട ജോണുക്കുട്ടന്‍ പെട്ടെന്ന് പറഞ്ഞു, “ഞാന്‍ അവന്‍ നല്ലതാവാന്‍ വേണ്ടിയാണ് അവന്‍റെ കുറ്റങ്ങള്‍ പറഞ്ഞുകൊടുത്തത്, പക്ഷേ അവന് ദേഷ്യം വന്നു.”
രണ്ടുപേരും കരച്ചിലിന്‍റെ വക്കിലാണ് നില്‍ക്കുന്നത്. ചെയ്തുപോയതില്‍ രണ്ടുപേര്‍ക്കും വിഷമമുണ്ടെന്നു പപ്പക്ക് മനസ്സിലായി. പപ്പ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചിട്ട് പറഞ്ഞു, “സാരമില്ല, പോട്ടെ. ജോണുക്കുട്ടന്‍ ജോയല്‍മോന്‍റെ കുറവുകള്‍ ചൂണ്ടിക്കാണിച്ചത് ഒരു തെറ്റല്ല. പക്ഷേ അത് മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് അവനെ അപമാനിച്ചുകൊണ്ടായിപ്പോയി. അവിടെയാണ് കുഴപ്പമായത്. ജോയല്‍മോന്‍ ജോണുച്ചേട്ടനെ അടിച്ചതാണ് അവന് പറ്റിയ തെറ്റ്.” പപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ രണ്ടുപേര്‍ക്കും ചെറിയൊരാശ്വാസമായി.
“എന്തായാലും സാരമില്ല, രണ്ടുപേരും പരസ്പരം ക്ഷമിച്ചേക്ക്. അപ്പോള്‍ ഈശോ അത് നിങ്ങളുടെ റോസാപ്പൂക്കളായി സ്വീകരിക്കും. പപ്പ അത് മുമ്പ് പറഞ്ഞുതന്നിട്ടില്ലേ?” ഇതുകേട്ടതേ രണ്ടുപേരുടെയും മുഖം റോസാപ്പൂപോലെ വിടര്‍ന്നു. ജൂണിമോളുടെ മുഖത്തും സന്തോഷം.
ജോണുക്കുട്ടനും ജോയല്‍മോനും കെട്ടിപ്പിടിച്ചു പരസ്പരം സോറി പറഞ്ഞു. പിന്നെ പരസ്പരം നോക്കി ചിരിച്ചു. തങ്ങളുടെ റോസാപ്പൂക്കള്‍ കൈയിലെടുത്ത് ഈശോയും ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.
'ഏറ്റം സ്നേഹമുള്ള കുഞ്ഞുങ്ങളേ,
അന്ന് ചിരിച്ചുകൊണ്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഒന്നല്ല, രണ്ടോ മൂന്നോ പ്രാവശ്യം ഉറക്കത്തില്‍ ഞാന്‍ ഉറക്കെ ചിരിച്ചെന്ന് മനസിലായി. എന്‍റെ മുറിയില്‍ വേറെ ആരും ഇല്ലാത്തതിനാല്‍ ആരും അത് കേട്ടിരിക്കാന്‍ ഇടയില്ല. ചിരിച്ചു എന്ന് മനസിലായി, പക്ഷേ എന്തിന് ചിരിച്ചു എന്ന് എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും പിടികിട്ടിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചിരിക്കാന്‍ അധികം കാര്യമൊന്നും വേണ്ടെന്ന് നിങ്ങള്‍ക്കറിവുണ്ടല്ലോ. ചിലപ്പോള്‍ അതങ്ങു വരും, തടയാന്‍ പറ്റുകയില്ല. ചിരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും. അതെങ്ങനെയാ, ചിരി റേഷന്‍ പീടികയില്‍നിന്ന് വാങ്ങുന്നതാണോ വളരെ കുറച്ചുമാത്രം ഉണ്ടാകുവാനും നിയന്ത്രിക്കുവാനും? അത് തമ്പുരാന്‍ തന്നിരിക്കുന്നതല്ലേ. ചിരി ആരോഗ്യത്തിനും നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഹൃദയത്തില്‍നിന്നുള്ള ചിരിയായിരിക്കണം. ചിരി പല തരമുണ്ട്.
ചിലരുടെ ചിരി ദൈവത്തിന്‍റെ സംഗീതം എന്നാണ് പറയപ്പെടുന്നത്. കുഞ്ഞുങ്ങളുടെ ചിരി, നവസന്യാസിനികളുടെ ചിരി ഇവ മേല്‍പ്പറഞ്ഞവയില്‍പ്പെടും. വേറൊരു ചിരിയുണ്ട് ‘രസം പൊട്ടിക്കുന്ന ചിരി.’ അനാവശ്യഗൗരവം, ദുഃഖം, ആകുലചിന്ത മുതലായവ ഒഴിവാക്കി സാധാരണ മനുഷ്യരെപ്പോലെ പെരുമാറുന്നതിന് ഈ ചിരി നല്ലതാണ്.
ഇങ്ങനെ ചിരിക്കരുത്!
ഇനിയും വേറൊരു ചിരിയുണ്ട് – ‘നിന്ദിച്ചു ചിരിക്കുന്നത്.’ അങ്ങനെ ചിരിക്കുന്നവര്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു ചിരിക്കാന്‍ – ‘എറിയന്‍’ കോഴിയെ റാഞ്ചാന്‍ ഇരിക്കുന്നതുപോലെ ഇരിക്കുകയാണ്. അങ്ങനെയുള്ളവര്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ സമര്‍ത്ഥരാണെന്നാണ് ഭാവിക്കുന്നത്. പക്ഷേ അതു ശരിയല്ല. ആരും ആരെയും നിന്ദിച്ചുകൊണ്ടോ കുറ്റം പറഞ്ഞുകൊണ്ടോ ചിരിക്കരുത്. അങ്ങനെ ചെയ്താല്‍ നമുക്ക് മറ്റേ ആളിന്‍റെ സ്നേഹം നഷ്ടപ്പെടും.
ഞാന്‍ ചെയ്തതുപോലെ ഉറക്കത്തില്‍ ചിരിക്കേണ്ട. എന്നാല്‍ തമ്മില്‍ തമ്മിലുള്ള സ്നേഹം നിലനിര്‍ത്തുന്നതിന് ചിരി നല്ലതാണ്. ആരെയും നിന്ദിച്ചും കളിയാക്കിയും ചിരിക്കരുത്. പ്രത്യേകിച്ച് അത് മറ്റേ ആളിന് ഇഷ്ടപ്പെടുകയില്ലായെന്നറിയുമ്പോള്‍. സന്യാസ ജീവിതത്തിന്‍റെ ആനന്ദം ചിരിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ്. നിര്‍മലമായ ഹൃദയമുള്ളവര്‍ക്കേ പുഞ്ചിരിക്കാന്‍, ചിരിപ്പിക്കാന്‍ സാധിക്കൂ. മനസില്‍ ദുഃഖം കവിഞ്ഞൊഴുകുമ്പോള്‍ ചിരിച്ചാല്‍ അതൊരു വികൃതമായ ചിരിയായിരിക്കും.
പല്ല് വാങ്ങിവച്ച് ചിരിക്കൂ…
നിങ്ങള്‍ക്കെല്ലാവര്‍ക്കും സാധാരണ പുഞ്ചിരിയുണ്ടെന്ന് എനിക്കറിയാം. അത്രയും നല്ലതുതന്നെ. ചിരിക്കാത്ത മുഖം വാടിപ്പോയ പുഷ്പംപോലെയും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം വിടര്‍ന്നു നില്‍ക്കുന്ന പുഷ്പംപോലെയുമാണ്. ചിലരുണ്ട് വാ നിറച്ച് പുഞ്ചിരി, ചുണ്ടുകൊണ്ട് മൂടിപ്പൊതിഞ്ഞു നടക്കുന്നവര്‍. അവരെ കണ്ടാല്‍ വിടരാനുള്ള പുഷ്പമാണെന്ന് തോന്നും. പുഞ്ചിരിയുള്ള മുഖത്ത് ജീവനുമുണ്ട്. നിങ്ങള്‍ ഫോട്ടോയില്‍ നോക്കാറില്ലേ. പലരുടെ ഫോട്ടോ ഒന്നിച്ചെടുത്തതാണെങ്കിലും ഓരോരുത്തരും നോക്കുന്നത് അവനവന്‍റെ ഫോട്ടോ ആണ്.
നമ്മള്‍ സാധാരണ പല്ലു കാണിക്കാതെയാണ് ഫോട്ടോയില്‍ ഇരിക്കുന്നത്. യൂറോപ്യന്മാരാണെങ്കില്‍ ചിരിച്ചുകൊണ്ടേ ഫോട്ടോയില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുകയുള്ളൂ. കാരണം എന്താണ്? ചിരിച്ചുകൊണ്ടുള്ള ഫോട്ടോ സജീവമായതുകൊണ്ട്. ചിരി ഒരു പകര്‍ച്ചവ്യാധിയാണ്. ഒരാള്‍ ചിരിച്ചാല്‍ മറ്റുള്ളവരും ചിരിക്കും. മരിച്ച വീട്ടില്‍ ആരും സാധാരണ ചിരിക്കാറില്ല. നമുക്കാകട്ടെ ദുഃഖിക്കാന്‍ വലിയ കാരണമില്ല. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ മിശിഹായുടെ മണവാട്ടികളാണ്. അവിടുന്ന് ഇനി മരിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു തീരാദുഃഖവും ഉണ്ടാകാനില്ല. വല്യമദര്‍ ചിലപ്പോള്‍ നിങ്ങളോട് പറയാറില്ലേ ‘കെട്ടിയവന്‍ ചത്തവനെപ്പോലെ ഇരിക്കരുതെന്ന്.’ കെട്ടിയവന്‍ ചത്തുപോയെങ്കില്‍ ദുഃഖിക്കാന്‍ കാരണമുണ്ട്. പക്ഷേ നിങ്ങളുടെ കെട്ടിയോന്‍ മരണമില്ലാത്തവനായി ഉയിര്‍ത്തെഴുന്നേറ്റവനാണ്. അതിനാല്‍ നിങ്ങള്‍ക്ക് നിര്‍ഭയം ചിരിക്കാം.
ചിരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ആനന്ദം കൊടുക്കുകയാണ്. ദുഃഖിക്കുന്ന ഒരു മനുഷ്യനായാലും അയാള്‍ക്ക് പുഞ്ചിരിക്കാന്‍ നാം അല്പം ഇടം കൊടുത്താല്‍, അയാളുടെ ദുഃഖം നാം ലഘൂകരിക്കും. ഞാന്‍ കോഴിക്കോട് മേരിക്കുന്ന് ആശുപത്രിയില്‍ കൊല്ലങ്ങള്‍ക്കുമുമ്പ് മരണാസന്നനായി കിടന്നപ്പോള്‍ എന്‍റെ സഹപാഠി ആയിരുന്ന ഒരു വൈദികന്‍ വന്ന് പല തമാശയും പറഞ്ഞ് എന്നെ ചിരിപ്പിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു.
രണ്ട് പേര്‍ തമ്മില്‍ വല്ല കാരണവശാലും ഇഷ്ടക്കേടുണ്ടായെന്ന് വിചാരിക്കുക. എത്രസമയം അത് നീണ്ടുനില്‍ക്കും? തമ്മില്‍ നോക്കി പുഞ്ചിരിക്കുന്നതുവരെ. വിരോധം വച്ചുകൊണ്ടിരിക്കുന്ന ആള്‍ ഗൗരവം വിടാതെ ഒഴിഞ്ഞു മാറിക്കളയും.
മഠങ്ങളുടെ മുറ്റത്ത് പൂന്തോട്ടങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പൂക്കളുള്ള പൂന്തോട്ടങ്ങള്‍. എന്നാല്‍ മഠത്തിനകത്ത് ചിരിക്കുന്ന കന്യാസ്ത്രീകള്‍ അതിലും അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ചിരിക്കാന്‍ പല്ലില്ലെങ്കില്‍ പല്ല് വിലയ്ക്ക് വാങ്ങിച്ച് വച്ചായാലും ചിരിക്കണം. കണ്ടില്ലേ നമ്മുടെ ഒരു സിസ്റ്റര്‍ ചിരിക്കാന്‍വേണ്ടി പല്ലു വച്ചിരിക്കുന്നത്. രാത്രിയില്‍ കിടന്നു ചിരിക്കാതിരിക്കാന്‍വേണ്ടി പുള്ളിക്കാരി പല്ലെടുത്ത് പെട്ടിയില്‍ വച്ചിട്ടാണ് കിടന്നുറങ്ങുന്നത്. പക്ഷേ ഒന്നു വാസ്തവമാണ് – പല്ലില്ലെങ്കിലും മനുഷ്യന് ചിരിക്കാന്‍ കഴിയുമല്ലോ. പല്ലില്ലാത്ത ചിരി കാണാന്‍ ഒരു രസമുണ്ട് – അമ്മൂമ്മച്ചിരി. ഏതായാലും വേപ്പെണ്ണ കുടിച്ചതുപോലെ ആരും നടക്കരുത്.
'മനോഹരമായി അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകേണ്ട ദിവസം. കാരണം അന്ന് എന്‍റെ മനസ്സമതമാണ്. പക്ഷേ നോട്ടു നിരോധനത്തോടനുബന്ധിച്ചു നടത്തിയ ഹര്‍ത്താലായിരുന്നു അന്ന്. എല്ലാവര്‍ക്കും ഇത് ഒരു അസൗകര്യമാകുമല്ലോ എന്ന ചിന്ത എന്നെ ഭാരപ്പെടുത്താന്‍ തുടങ്ങി. പള്ളിയില്‍ പോകാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ എന്‍റെ മുഖത്തു വളരെയധികം ഭയം നിഴലിച്ചിരുന്നു. എനിക്കതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ടായിരുന്നെങ്കിലും സന്തോഷിക്കാനോ പുഞ്ചിരിക്കാനോ കഴിയാത്ത മാനസികാവസ്ഥ. അന്നത്തെ ഫോട്ടോകളില്‍പ്പോലും ഈ മുഖം പതിയുമല്ലോ എന്ന് ഓര്‍ത്തെങ്കിലും പുഞ്ചിരിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. അപ്പോഴാണ് ഓര്‍മ്മ വന്നത്, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളിലൊന്നാണല്ലോ ആനന്ദം. ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുമെന്ന് കര്‍ത്താവ് വാഗ്ദാനവും ചെയ്തിട്ടുണ്ട്. അപ്പോള്‍ മുതല്‍ ‘പരിശുദ്ധാത്മാവേ ആനന്ദം നല്കണമേ’ എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നെ സംഭവിച്ചത് വലിയ മാറ്റമാണ്. എപ്പോഴാണെന്നുപോലും അറിയാതെ ഭയമെല്ലാം അപ്രത്യക്ഷമായി.
അതിഥികളെയെല്ലാം സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചു. ചില ബന്ധുക്കളെ വളരെ നാളുകള്‍ക്കു ശേഷമാണ് അന്ന് കണ്ടത്. നാളുകള്‍ക്കുശേഷം കാണുകയാണെങ്കിലും വളരെ സ്നേഹത്തോടെ അവരെ പരിഗണിച്ചതിലുള്ള സന്തോഷം ചിലരെങ്കിലും പപ്പയോട് സൂചിപ്പിച്ചുവെന്ന് പപ്പ എന്നോട് പറഞ്ഞു. എനിക്ക് ഒട്ടും ടെന്‍ഷനില്ലല്ലോ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടെ ജോലി ചെയ്യുന്നവരാകട്ടെ, സ്വതവേ ഭയപ്രകൃതിയുള്ള ഞാന്‍ ഇത്ര ആത്മവിശ്വാസത്തോടെ അതിഥികളെ സ്വീകരിക്കുന്നതു കണ്ടപ്പോള്‍ ഓഫിസില്‍ പേടി അഭിനയിക്കുകയായിരുന്നോ എന്നു പോലും ചോദിക്കുകയുണ്ടായി.
ഇതെല്ലാം കേട്ടപ്പോഴാണ് എന്‍റെ ഭയം മാറിപ്പോയതിനെക്കുറിച്ച് ഞാന്‍ ബോധവതിയായത്. പരിശുദ്ധാത്മാവിന്‍റെ സഹായമില്ലായിരുന്നെങ്കില്‍ ആ ചടങ്ങില്‍ സന്തോഷത്തോടെ ഒന്നു പുഞ്ചിരിക്കാന്‍പോലും കഴിയാതെ ഭയന്നു നില്‍ക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ. തീര്‍ച്ചയായും “ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുകയും ചെയ്യും” (യോഹന്നാന്‍ 14:16) എന്ന് വചനം പറയുന്നതുപോലെ അവിടുന്ന് സഹായകന്‍തന്നെയാണ്.
'