- Latest articles
എന്റെ കര്‍ത്താവേ, അങ്ങ് ചെയ്തതുപോലെ സഹനങ്ങളെ സ്നേഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! അങ്ങ് ചെയ്തതുപോലെ കുരിശുവഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! ഓ എന്‍റെ കര്‍ത്താവേ! എന്‍റെ എല്ലാ പ്രവൃത്തികളിലും അങ്ങയെ എപ്പോഴും മഹത്വപ്പെടുത്താനും അങ്ങയുമായുള്ള ഐക്യത്തില്‍ സദാ വ്യാപരിക്കുന്നതിനും അങ്ങയുടെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റാനും വേണ്ട കൃപ എനിക്ക് നല്‍കണമേ. യേശുവിന്‍റെ അമ്മയായ മറിയമേ, എന്‍റെ ആത്മാവിന്‍റെ അമ്മേ, സഹനങ്ങളെയും ആന്തരികമായ ആത്മീയജീവിതത്തെയും സ്നേഹിക്കാനുള്ള മാര്‍ഗം ദയവായി എന്നെ പഠിപ്പിക്കണമേ, ആമ്മേന്‍.
'തലവേദന കാരണം ഒന്നും ചെയ്യാനാകാതെ,ആരോടും മിണ്ടാനാകാതെ കിടന്നപ്പോള്‍ ഈശോയോട് സംസാരിച്ചു. വിലപ്പെട്ട ചില രഹസ്യങ്ങളാണ് ഈശോ പറഞ്ഞുകൊടുത്തത്.
“തന്‍റെ ആറു മക്കളും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണം വരിക്കുന്നത് കണ്ട ശേഷവും ആ അമ്മ ഏഴാമത്തെ മകനോട് പറഞ്ഞു: “സഹോദരന്മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക. മരണം വരിക്കുക” (2 മക്കബായര്‍ 7/29). ബൈബിളിലെ മക്കബായരുടെ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുകയായിരുന്നു… ഒരമ്മയ്ക്ക് ഇങ്ങനെ പറയാനാകുമോ? ചിന്തിക്കാനാവുമോ? ഇഞ്ചക്ഷനെടുക്കാനായി സൂചി കുഞ്ഞുങ്ങളുടെ കൈയിനടുത്ത് വരുമ്പോള്‍ത്തന്നെ മനസു പിടയും… പിന്നെങ്ങനെ? ചിന്തിക്കുന്തോറും സംശയം ഏറിയതേയുള്ളൂ…
വിശുദ്ധ കൊച്ചുത്രേസ്യയുടെ നവമാലിക തുറന്ന് വായിച്ചപ്പോള്‍ കിട്ടിയതാകട്ടെ രക്ഷസാക്ഷിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍! “ആരാധ്യനായ എന്‍റെ മണവാളാ, അങ്ങയെപ്പോലെ പ്രഹരിക്കപെടുവാനും ക്രൂശിക്കപെടുവാനും ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധ ബര്‍ത്തലോമ്യായെപ്പോലെ തോലുരിയപ്പെട്ടു മരിക്കാന്‍, വിശുദ്ധ യോഹന്നാനെപ്പോലെ തിളച്ച എണ്ണയില്‍ ആഴ്ത്തപ്പെടുവാന്‍, വേദസാക്ഷികളെ ഏല്‍പിച്ച സകല പീഡകളും സഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
ഇരുപത്തിമൂന്നു വയസോളം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നു!! ചിന്തിക്കാന്‍പോലും സാധിക്കുന്നില്ല!
വൈകുന്നേരമായപ്പോള്‍ പതിവില്ലാതെ ഒരു തലവേദന… രാവിലത്തെ വായനയുടെ തീക്ഷ്ണതയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി എന്നൊക്കെ നിയോഗം വച്ച് വേദന സഹിക്കാമെന്നു തീരുമാനിച്ചെങ്കിലും അധികം വൈകാതെ വേദനാസംഹാരി കഴിക്കേണ്ടി വന്നു. തലവേദന കാരണം ഒന്നും ചെയ്യാനാകാതെ, ആരോടും മിണ്ടാനാകാതെ കിടക്കുമ്പോള്‍ ഈശോയോട് സംസാരിക്കാമെന്നു കരുതി.
ഈശോയോട് മനസില്‍ തോന്നിയ സംശയംതന്നെ ചോദിച്ചു, “ആ ഏഴു മക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധ കൊച്ചുത്രേസ്യായ്ക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനാ ഇതു സാധിക്കുന്നത്? ഒരു തലവേദന പോലും എനിക്ക് താങ്ങാനാകുന്നില്ല.”
ഈശോ അടുത്തു വന്നിരുന്നപോലെ തോന്നി. നെറ്റിയില്‍ തലോടി പതിയെ ചിരിച്ചു കൊണ്ട് ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. കുറെ നാളുകള്‍ക്കുമുമ്പ് കഴുത്തുവേദനയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ കുറച്ചു ദിവസത്തേക്ക് തലയണ ഉപയോഗിക്കരുതെന്നു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? പക്ഷേ തലയണ ഇല്ലാതെ ഒരു ദിവസം പോലും ഉറങ്ങാനേ പറ്റാത്തതു കൊണ്ട് അതനുസരിച്ചില്ലല്ലോ. മരുന്നു കഴിച്ച് വേദന മാറ്റി, അല്ലേ?”
അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഈശോ തുടര്‍ന്നു. “എന്നാല്‍ കഴിഞ്ഞ അമ്പതു നോമ്പില്‍ ഒരു കൊച്ചു ത്യാഗമായി തലയണ ഉപയോഗിക്കാതിരുന്നില്ലേ. എന്നിട്ട് അതിന്‍റെ പേരില്‍ ഒരു ദിവസം പോലും ഉറക്കം നഷ്ടപ്പെട്ടുമില്ല, ഒരു അസ്വസ്ഥതയും ഉണ്ടായുമില്ലല്ലോ, അതെന്താ?”‘
ഈശോ അങ്ങനെ ചോദിച്ചപ്പോള്‍ അതു ശരിയാണല്ലോ എന്നാലോചിച്ച് ഇത്തിരി അഹങ്കാരത്തോടെതന്നെ മറുപടി പറഞ്ഞു: “നോമ്പില്‍ പക്ഷേ, എന്‍റെ സ്വന്തം ഇഷ്ടത്താലെ ഈശോയ്ക്കുവേണ്ടി എടുത്ത തീരുമാനമല്ലേ, അതുകൊണ്ട്…”
ഈശോ വീണ്ടും ചിരിച്ചെന്ന് തോന്നി. അടുത്തിരിക്കുന്ന ബൈബിള്‍ എടുക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉത്തമഗീതം ആണ് കിട്ടിയത്. “അവന്‍റെ ഇടതുകരം എന്‍റെ തലയണ ആയിരുന്നെങ്കില്‍!” (ഉത്തമഗീതം 8/3). ഒന്നും മിണ്ടാനാകാതെ കണ്ണടച്ചിരുന്നു. ഇങ്ങനൊരു വചനം ഇതുവരെയും ശ്രദ്ധിച്ചിട്ടില്ലല്ലോ!
ഞാന്‍ തിരിച്ചറിയുകയായിരുന്നു; ആ ദിവസങ്ങളിലെല്ലാം എനിക്കു തലയണയായി എന്നും ഈശോയുടെ ഇടതുകരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍പ്പോലും ഉറക്കം നഷ്ടപ്പെടാതിരുന്നത്. ഈശോയെക്കൂടാതെ, ഈശോയുടെ സാന്നിധ്യം ഇല്ലാതെ ഈശോ നല്‍കുന്ന കൃപകള്‍പോലും സ്വീകരിക്കാനാകില്ലെന്ന് എനിക്ക് നന്നായി മനസിലായി. അമ്പതുനോമ്പില്‍ തലയണ വേണ്ടെന്നുവയ്ക്കാന്‍ എന്‍റെ മനസില്‍ തോന്നിച്ചത് ഈശോ ആയിരുന്നു. എന്നിട്ട് തന്‍റെ ഇടതുകരം എനിക്ക് തലയണയായി തന്നു.
ഇപ്പോള്‍ എനിക്കറിയാം, ആ ഏഴുമക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനെ അത് സാധിച്ചെന്ന്… ഒന്നിലും, നന്മയുടേതായ ചിന്തകളില്‍പ്പോലും, അഹങ്കരിക്കാന്‍ നമുക്കവകാശമില്ല. സിസ്റ്റര്‍ നതാലിയയോട് ഈശോ പറഞ്ഞ പോലെ- “എന്‍റെ മകളേ, ഞാന്‍ അതില്‍ വസിക്കുന്നെങ്കില്‍ മാത്രമേ ഒരാത്മാവ് വിശുദ്ധമായിരിക്കൂ…”
വിശുദ്ധ കൊച്ചുത്രേസ്യയും ‘നവമാലിക’യില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “യേശുതന്നെ എന്‍റെ പാവപ്പെട്ട കുഞ്ഞുഹൃദയത്തിന്‍റെ അടിത്തട്ടില്‍ മറഞ്ഞിരുന്ന് ഓരോ നിമിഷവും ഞാന്‍ ചെയ്യണമെന്ന് താന്‍ തിരുമനസ്സാകുന്നത് എന്നില്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ ചിന്തിക്കണമെന്നു താന്‍ തിരുമനസ്സാകുന്നതെല്ലാം എന്നെക്കൊണ്ടു ചിന്തിപ്പിക്കുകയും ചെയ്യുകയാണെന്ന് തികച്ചും സരളമായ രീതിയില്‍ ഞാന്‍ കരുതുന്നു.”
ഈശോ നമ്മില്‍ വസിക്കുമ്പോള്‍മാത്രമേ ഏത് സാഹചര്യങ്ങളിലും ഈശോയെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.
ഓര്‍മ്മയിലേക്ക് പല മുഖങ്ങളും കടന്നു വന്നു. ഫാനിന്‍റെ കാറ്റുപോലും അസഹനീയ വേദന ഉണ്ടാക്കുന്ന അവസരത്തിലും വേദനസംഹാരികള്‍ കഴിക്കാതെ കണ്ണടച്ചിരുന്ന് എന്‍റെ ഈശോ എന്നു വിളിച്ച് സഹിച്ചിരുന്ന ഒരു സഹോദരന്‍റെ മുഖം. ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നറിയാമായിരുന്നിട്ടും വേദന മൂലം ഒന്നു നിവര്‍ന്നിരിക്കാന്‍പോലും സാധിക്കാതിരുന്നപ്പോഴും ബൈബിള്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്തുപിടിച്ച് സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് കടന്നുപോയ പ്രിയകൂട്ടുകാരിയുടെ മുഖം.
ഈ ഭൂമിയില്‍ ഇനി രണ്ട് ദിവസം കൂടി മാത്രം എന്നു തിരിച്ചറിഞ്ഞപ്പോഴും ഒരിറ്റ് കണ്ണീര്‍ പൊഴിക്കാതെ, പുഞ്ചിരിയോടെ; നിയന്ത്രണമില്ലാതെ കരയുന്ന ഞങ്ങളെ ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച്, നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ച്, ഞാന്‍ ഈശോയുടെ അടുക്കലേക്കല്ലേ പോകുന്നത് എന്നു പറഞ്ഞ് സന്തോഷത്തോടെ കടന്നുപോയ ഞങ്ങളുടെ അപ്പച്ചന്‍റെ മുഖം. അങ്ങനെ എത്രയോ മുഖങ്ങള്‍…
ഈശോയേ, ഇന്ന് ഞാനറിയുന്നു, ആ മുഖങ്ങളിലെല്ലാം നിറഞ്ഞു നിന്നത് അവിടുത്തെ തിരുമുഖമായിരുന്നെന്ന്…
ഒരു കൊച്ചു തലവേദനപോലും പരാതികളില്ലാതെ സഹിക്കണമെങ്കില്‍ ഈശോയേ അങ്ങ് ഞങ്ങളില്‍ വസിക്കണമെന്ന്. അതിനിനിയും എത്രയോ എത്രയോ വളരേണ്ടിയിരിക്കുന്നു…
'എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല.
അമ്മ പരിഭവപ്പെട്ടു, “ദൈവമേ, എഴുപതു വയസ്സുവരെ രോഗമെന്നും പറഞ്ഞ് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ വയസ്സുകാലത്ത് നീ എന്തിനാ എന്നെ കഷ്ടപ്പെടുത്തുന്നത്.”
അമ്മ ഒരു ശബ്ദം കേട്ടു, “മക്കളാരും നോക്കാനില്ലേ?”
അല്പം അമ്പരപ്പോടെ അമ്മ മറുപടി പറഞ്ഞു, “മക്കളെല്ലാവരും പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു വാക്കു പറഞ്ഞാ മതി. ഏതാശുപത്രിയിലും കൊണ്ടു പോകും. എത്ര പൈസ ചെലവാക്കാനും അവര്‍ക്ക് മടിയില്ല. എങ്കിലും എന്‍റെ കര്‍ത്താവേ എന്‍റെ മുട്ടുവേദന നിനക്ക് മാറ്റാവുന്നതല്ലേയുള്ളൂ.”
മുമ്പത്തെ ശബ്ദം അമ്മ വിണ്ടും കേട്ടു, “രോഗികളായ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളും ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്നവരും അത്യാസന്ന നിലയില്‍ മരണം കാത്തു കിടക്കുന്നവരും ധാരാളമുള്ള ഈ ലോകത്ത് അമ്മ വലിയ അനുഗ്രഹത്തിലല്ലേ കഴിയുന്നത്.”
അമ്മയ്ക്ക് അപ്പോഴും ചെറിയൊരു വിഷമം. “എന്നാലും എന്‍റെ മുട്ടുവേദന മാറാന്‍ ഞാനിപ്പോ എന്താ ചെയ്ക!!”
വീണ്ടും അമ്മയുടെ കാതില്‍ ആ ശബ്ദം, “അത് മാറാന്‍ എളുപ്പമല്ലേ. പ്രാര്‍ത്ഥനയൊന്നു മാറ്റിയാല്‍ മതി. ഈശോയേ, ജനിച്ച നാള്‍ മുതല്‍ ഈ എഴുപതു വയസ്സുവരെ ഒരസുഖവും ഇല്ലാത്ത എന്നെ കാത്തു പരിപാലിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു.”
നാളുകള്‍ കഴിഞ്ഞു, അമ്മ ഇടവിടാതെ സുകൃതജപം പോലെ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. മുട്ടുവേദന മാറിയോ ഇല്ലയോ എന്ന് അമ്മ പിന്നീട് അറിഞ്ഞിട്ടില്ല. പക്ഷേ ദൈവത്തോട് പരിഭവമൊന്നുമില്ലാതെ നന്ദി നിറത്ത ഹൃദയവുമായി ദീര്‍ഘകാലം, ആ അമ്മ സന്തോഷത്തോടെ ജീവിതം തുടര്‍ന്നു.
'എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന ലേഖകന്‍ പ്രാര്‍ത്ഥനാനിയോഗം മാറ്റിയപ്പോള്‍…
ഒപ്പമുണ്ടായിരുന്നവരില്‍ പലരും വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകാനൊരുങ്ങുകയാണ്. അവരെക്കണ്ട് ഞാനും അതിനുവേണ്ടിത്തന്നെ ശ്രമമാരംഭിച്ചു. ഏജന്‍സികളില്‍ പോയി പലതവണയാണ് സംസാരിച്ചത്. ഇരുപത്തയ്യായിരം രൂപ മുടക്കി IELTS പരീക്ഷയ്ക്ക് ബുക്ക് ചെയ്യുകയും ചെയ്തു. അപ്പോഴൊക്കെ ഉള്ളില്‍ എന്തോ ഒരു അതൃപ്തി മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഒരു കൃത്യത ഇല്ലാതിരുന്നതിനാല്‍ അതിനെ ഞാന്‍ കാര്യമായി എടുത്തില്ല. ഏതായാലും മറ്റുള്ളവര്‍ ചെയ്യുന്നതുതന്നെ ഞാനും ചെയ്യാന്‍ തീരുമാനിച്ചു. എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണം. അതിനുവേണ്ടിയാണ് ആ നാളുകളില്‍ ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷേ വൈകാതെ ഉള്ളിലുണ്ടായിരുന്ന അതൃപ്തിയുടെ ആ കൊച്ചുസ്വരം ഞാന്‍ വിവേചിച്ചെടുക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന കുറച്ചുകൂടി വിശാലമാക്കി. പരീക്ഷ, ജോലി എന്നീ വിഷയങ്ങള്‍ മാത്രമായിരുന്ന പ്രാര്‍ത്ഥനയുടെ ലക്ഷ്യം അതില്‍നിന്നും മാറ്റി ദൈവഹിതം വെളിപ്പെടുത്തിക്കിട്ടാന്‍ എന്നതിന് വേണ്ടിയാക്കി.
മെല്ലെമെല്ലെ സാഹചര്യങ്ങളിലൂടെ ദൈവം എന്നെ നയിക്കുന്നതായി തിരിച്ചറിയാന്‍ സാധിച്ചു. ഉള്ളില്‍ത്തന്നെ മുഴുങ്ങുന്ന നേര്‍ത്ത സ്വരത്തിലൂടെയും ദൈവം ഉചിതസമയങ്ങളില്‍ അയച്ച വ്യക്തികളിലൂടെയും ഞാന്‍ അത് കണ്ടെത്തുകയായിരുന്നു. പിന്നെ വച്ചുനീട്ടിയില്ല. വേഗം വന്ന് സെമിനാരിയില്‍ ചേര്‍ന്നു. ബക്കറ്റില്‍ സോപ്പ് പതഞ്ഞു പൊങ്ങിയിരിക്കുമ്പോള്‍ അടിയിലുള്ള വെള്ളം കാണണമെങ്കില്‍ പത കൈകൊണ്ടു എടുത്തുമാറ്റണമല്ലോ? അത്തരത്തില്‍ പ്രാര്‍ത്ഥനകൊണ്ട് മനസിലെ പത എടുത്തുമാറ്റിയപ്പോഴാണ് കാര്യം പിടികിട്ടിയത്. അതായത് പ്രാര്‍ത്ഥന ആഴങ്ങളിലേക്ക് പ്രവേശിച്ചപ്പോഴാണ് വ്യക്തത കിട്ടിയത് എന്നര്‍ത്ഥം.
നമ്മള്‍ എടുക്കുന്ന തീരുമാനം ദൈവഹിതം തന്നെയാണെങ്കില്‍ ഒരുതരം ‘ഫീലിംഗ് ഗുഡ് ‘ നമുക്ക് അനുഭവിക്കാന്‍ പറ്റും. ആരോ കൂടെനിന്ന് സഹായിക്കുന്നതുപോലെ ഓരോ ഘട്ടത്തിലും അനുഭവപ്പെടുകയും ചെയ്യും. അത് നിരാശയോ ആത്മനാശമോ തകര്‍ച്ചയോ വരുത്തില്ലെന്നും പകരം അഭിവൃദ്ധിയും ആനന്ദവുമായിരിക്കുമെന്നും നമുക്കുതന്നെ മനസിലാകാന്‍ തുടങ്ങും. ഓരോ സംഭവങ്ങളുടെ പിന്നാമ്പുറത്തും ദൈവത്തിന്‍റെ കരസ്പര്‍ശം പ്രയാസം കൂടാതെ നമ്മള്‍ കണ്ടെത്തും.
കൊച്ചുകാര്യത്തില്‍പ്പോലും ഇതാണ് സംഭവിക്കുക. ദൈവഹിതം നിറവേറ്റുമ്പോള്‍ അതിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഭയവും സംശയവും ഉണ്ടായിക്കൂടെന്നില്ല. അത്തരത്തില്‍ നിരാശപ്പെടുത്തുന്നതായി എന്തെങ്കിലും തോന്നുന്നുവെങ്കില്‍പ്പോലും അന്ത്യത്തില്‍ നന്മയായിരിക്കും സംഭവിക്കുക. പിന്നീടത് ദൈവം അനുവദിച്ചതായിരുന്നുവെന്നും അതിലൂടെ വലിയൊരു കാര്യം കര്‍ത്താവ് പഠിപ്പിച്ചെന്നും മനസിലാക്കാനാകും, ഉറപ്പ്!
ഒരാളുടെ വിവാഹത്തിന്‍റെ കാര്യം, വിദേശത്ത് പോകുന്ന കാര്യം, ആരംഭിക്കാന്‍ പോകുന്ന സംരംഭം, കൂട്ടിച്ചേര്‍ക്കാന്‍ പോകുന്ന ബിസിനസ് അങ്ങനെ വലിയ കാര്യങ്ങളില്‍ മാത്രമല്ല, കൊച്ചുകൊച്ചു കാര്യങ്ങളില്‍ പോലും ഇത് പരിശീലിക്കുന്നതാണ് ദൈവഹിതം ജീവിക്കുന്നതിലെ ആദ്യത്തെ ചുവട്. ഇപ്പോള്‍ ഞാന്‍ ഇത് ചെയ്യണമോ, ഈ ഫോണ്‍ ഞാന്‍ എടുക്കട്ടെ, ഞാന്‍ അവനോട് ഇങ്ങനെ പറയുന്നതാണോ നിനക്കിഷ്ടം എന്നിങ്ങനെ അനുനിമിഷം ഈശോയോട് ഉള്ളില്‍ സംസാരിച്ചു ചെയ്യുന്നത് ജീവിതത്തിന്‍റെ ശീലമാക്കുക. ഒരു അഭിപ്രായം ചോദിക്കുന്നതുപോലെ.
ഉദാഹരണത്തിന്, ഈ ലേഖനം എഴുതാന്‍ പ്രേരണ ലഭിച്ചയുടനെ അത് ദൈവഹിതമാണോ എന്ന് ചോദിച്ചുറപ്പാക്കിയിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. ചിന്തിച്ചുനോക്കൂ, അല്ലെങ്കില്‍ പാഴായൊരു ശ്രമം ഞാന്‍ നടത്തുകയല്ലേ? ദൈവഹിതം നിറവേറ്റൂ. അത് നമുക്ക് ലാഭമേ വരുത്തൂ. ‘അവന്‍റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ് (1 യോഹന്നാന്‍ 5/14).
ഇതിനുവേണ്ടി മൂന്ന് കാര്യങ്ങള്‍കൂടി ഒപ്പം കരുതുക. അതില്‍ ഒന്നാമത്തേത് പ്രാര്‍ത്ഥനയാണ്.
പ്രാര്‍ത്ഥനയില്‍ സ്ഥിരത കൊണ്ടുവരിക, വിലകൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക, പ്രാര്‍ത്ഥനയുടെ സ്വഭാവം കുറച്ചുകൂടി വിശാലമാക്കുക. ഇവയാണ് പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കേണ്ടത്.
മനഃസാക്ഷിയുടെ വിശുദ്ധീകരണത്തിനായി അടുക്കലടുക്കല്‍ കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന മുടങ്ങാതെ സ്വീകരിക്കുകയും ചെയ്യുക. രണ്ടാമത്തെ കരുതല്‍ ഇതാണ്.
വചനവായനയിലൂടെ ഹൃദയത്തില്‍ മുഴങ്ങുന്ന സ്വരം ശ്രവിക്കാന്‍ വ്യക്തിപരമായി പരിശീലിക്കുക എന്നത് മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും.
ഇവയ്ക്കെല്ലാം മുന്നോടിയായി കൊച്ചുകൊച്ചു കാര്യങ്ങളില്‍പോലും ദൈവഹിതം നിറവേറ്റുന്ന ശീലം ഉടനെ തുടങ്ങുക, ഇപ്പോള്‍ത്തന്നെ.
ഇവ ചെയ്യുന്ന ഒരാത്മാവ് താനേ ദൈവഹിതം എളുപ്പത്തില്‍ കണ്ടെത്തുകയും അതിന് വേഗത്തില്‍ വിധേയപ്പെടുകയും ചെയ്യും. അനുഗ്രഹം പ്രാപിക്കുക എന്ന വാതിലിന്‍റെ വിജാഗിരിയിരിക്കുന്നത് ദൈവഹിതം നിറവേറ്റുക എന്നതിലാണ്.
ഓര്‍ക്കുക, തീരുമാനമാണ് ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം. അത് എപ്പോഴും ദൈവഹിതപ്രകാരമാകട്ടെ. ദൈവത്തെ മഹത്വപ്പെടുത്തുന്നതാകട്ടെ. ദൈവം ഒപ്പം നില്‍ക്കുന്നതാകട്ടെ.
“നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക” (പ്രഭാഷകന്‍ 37/13-15). ډ
'കുറച്ചുനാള്‍ മുമ്പ് ഒരു ഞായറാഴ്ച യു.എസിലെ എന്‍റെ താമസസ്ഥലത്തിനടുത്തുള്ള ലത്തീന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ പോയി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുമ്പസാരിപ്പിക്കുകയും ചെയ്യണമായിരുന്നു. ഇത്തരം അവസരങ്ങളില്‍ പ്രസംഗം കൂടുതല്‍ പ്രധാനമാണ് എന്ന് ചിന്തിച്ചതുകൊണ്ട് ഒരുങ്ങിത്തന്നെയാണ് പോയത്. പ്രസംഗത്തില്‍ ഞാന്‍ ‘പഞ്ച്’ എന്ന് കരുതിയ ഒരു കൂട്ടം ഉണ്ടായിരുന്നു.
പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യമുണ്ട്. പഞ്ച് എന്ന് കരുതി പറയുന്നത് വിചാരിച്ചതുപോലെ വിശ്വാസികളെ സ്വാധീനിക്കണം എന്നില്ല! അത് വ്യക്തമായത് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഒരു കുമ്പസാരം കേട്ടപ്പോഴാണ്. പഞ്ച് ആണെന്നുകരുതിയതല്ല, ഒട്ടും പഞ്ച് ഇല്ലാതെ പറഞ്ഞ ഒരു കാര്യം, ഒരാളെ സ്പര്‍ശിച്ചെന്ന് മനസിലായി. അതിലൂടെ പഴയ ഒരു പാപം ഓര്‍ക്കാനും കുമ്പസാരത്തില്‍ ഏറ്റുപറയാനും ആ വ്യക്തിക്ക് സാധിച്ചു.
അന്നെനിക്ക് കുറച്ചൂകൂടി ആഴത്തില്‍ ബോധ്യമായി. നമ്മള്‍ ഒരുങ്ങണം, പറയണം. പക്ഷേ പഞ്ച് ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. മീനിനെ നോക്കിയല്ല വലയേറിയേണ്ടത്, മറിച്ച് ഈശോയെ നോക്കിയാണ് വല എറിയേണ്ടതെന്ന് സാരം. ലൂക്കാ 5/5-7: ”ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്ക് കിട്ടി….. രണ്ട് വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.”
അത്ഭുതകരമായ ഈ മീന്‍പിടുത്തത്തിന്‍റെ കാര്യം ധ്യാനിക്കുമ്പോള്‍ മനസിലാക്കേണ്ടത് വേറൊന്നല്ല. ഈശോ പറയുന്നതനുസരിച്ച് വലയെറിയുക, അത്രേയുള്ളൂ! പരിശുദ്ധാത്മാവ് ‘വലയെയും മീനുകളെയും’ നയിച്ചോളും, രക്ഷയുടെ അനുഭവത്തിലേക്ക്. പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കുമെന്ന് ഈശോ പ്രവചിച്ചത് പന്തക്കുസ്താദിനത്തില്‍ അക്ഷരം പ്രതി നിറവേറിയത് കണ്ടില്ലേ? പലതരം ആളുകള്‍ ആയിരുന്നല്ലോ, അന്നവിടെ ഉണ്ടായിരുന്നത്. എന്നിട്ടും വല നിറയെ മീന്‍ കിട്ടി.
ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍, നാം വിചാരിക്കുന്ന രീതിയില്‍, കുഞ്ഞുങ്ങള്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നില്ലെന്ന് കരുതി സങ്കടപ്പെടേണ്ട. അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ഏറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാം കാണുന്നില്ല എന്നേയുള്ളൂ.
ഈശോ പറയുന്നത് കേള്‍ക്കാനും ഈശോയോട് വിശ്വസ്തത പുലര്‍ത്താനും നാം ശ്രദ്ധിച്ചാല്‍ മാത്രം മതി. പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ നിശബ്ദ സഹനങ്ങളൊക്കെ ഉണ്ടല്ലോ… നിങ്ങളറിയുന്നില്ലെന്നേയുള്ളൂ; ദൈവാത്മാവിന്‍റെ കൈയിലെ വലയാണ്, നിങ്ങളുടെ കുഞ്ഞുങ്ങളെ നിത്യതയുടെ തീരത്തിലേക്ക് അടുപ്പിക്കുന്ന വല.
അതിനാല്‍ ഈശോയുടെ കൈയിലെ വലകളായി നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടട്ടെ, ആമ്മേന്‍.
അപ്പനോട് കുസൃതിചോദ്യം ചോദിക്കുകയാണ് നാലാം ക്ലാസുകാരന്‍ മകന്‍.
”ഒരു കുളക്കരയില്‍ മൂന്ന് തവളകള്‍ ഇരിക്കുകയായിരുന്നേ. അതില്‍ ഒരു തവള കുളത്തിലേക്ക് ചാടാന്‍ തീരുമാനിച്ചു. അപ്പോള്‍ കുളക്കരയില്‍ എത്ര തവളകളുണ്ടാവും?”
അപ്പന്‍ ചാടിപ്പറഞ്ഞു, ”രണ്ട്.”
മകന്‍ തലയാട്ടി, ”അല്ല.”
അപ്പന്‍ ഒന്നുകൂടി ആലോചിച്ചിട്ട് പറഞ്ഞു, ”ഒന്നും ഉണ്ടാവില്ല. ഒരെണ്ണം ചാടിയാല്‍ മറ്റുള്ളവയും കൂടെ ചാടുമല്ലോ.”
”അല്ല അപ്പാ, ഇപ്പോഴും ഉത്തരം തെറ്റാ.”
ഒടുവില്‍ അപ്പന്‍ സുല്ലിട്ടു. മകന്‍ ഉത്തരം പറയുകയാണ്, ”ഒരു തവള കുളത്തിലേക്ക് ചാടാന്‍ തീരുമാനിച്ചതേയുള്ളൂ, ചാടിയില്ല. അതുകൊണ്ട് കുളക്കരയില്‍ മൂന്ന് തവളകളും ഉണ്ട്!”
കുസൃതി കലര്‍ന്ന ഉത്തരത്തിലെ ദൈവികചിന്ത അപ്പനെ തെല്ലുനേരം ചിന്തിപ്പിച്ചു. പുണ്യങ്ങളും പരിത്യാഗങ്ങളും അഭ്യസിക്കാന്‍ തീരുമാനമെടുത്തിട്ടും അതിനായി അധ്വാനിക്കാത്ത താനും ആ തവളയെപ്പോലെതന്നെയല്ലേ. അപ്പന്‍ ഹൃദയം തുറന്ന് പ്രാര്‍ത്ഥിച്ചു, ‘കര്‍ത്താവേ, ആത്മീയ അലസത നീക്കാന്‍ കൃപ തരണമേ.’
”സ്‌നാപകയോഹന്നാന്‍റെ നാളുകള്‍മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിന് വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അത് പിടിച്ചടക്കുന്നു” (മത്തായി 11/12).
എന്റെ മകള്‍ മൂന്നാം ക്ലാസിലെത്തിയിട്ടും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന ശീലം മാറിയിരുന്നില്ല. അവള്‍ക്കും അത് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ആ പ്രശ്‌നം മാറാതെ തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ശാലോമില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കാനായി ഞങ്ങള്‍ പോയി. അന്ന് അവിടെവച്ച് ആരും പറയാതെതന്നെ മകള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റിത്തരണമേ എന്ന് പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് കണ്ടത് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാണ്. അവളുടെ ആ പ്രശ്‌നത്തില്‍നിന്ന് അവള്‍ക്ക് മോചനം കിട്ടി. കുഞ്ഞുമനസിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിവോടെ ഉത്തരം നല്കുകയായിരുന്നു. ഈശോയ്ക്ക് നന്ദി.
'നട്ടുച്ചനേരത്താണ് യാചകനായ ആ അപ്പച്ചന്‍ വീട്ടിലെത്തുന്നത്. എഴുപത്തഞ്ചിനോടടുത്ത് പ്രായം കാണും. വന്നപാടേ മുഖവുരയില്ലാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഹാ പൊള്ളുന്ന ചൂട്. മോളേ എനിക്ക് കുടിക്കാനെന്തെങ്കിലും തരണേ.” ഞാനുടനെ അകത്തുപോയി ഉപ്പ് ഇട്ട നല്ല കഞ്ഞിവെള്ളം ഒരു കപ്പ് അപ്പച്ചന് കുടിക്കാന്‍ കൊണ്ടുപോയി കൊടുത്തു. ഒറ്റവലിക്ക് അപ്പച്ചനതു കുടിച്ചുതീര്‍ത്തു. ഞാന്‍ ചോദിച്ചു, അപ്പച്ചന് വിശക്കുന്നുണ്ടാകുമല്ലോ. കുറച്ച് ഭക്ഷണം എടുക്കട്ടെ? ”വേണം മോളേ, വേണം. നന്നായി വിശക്കുന്നുണ്ട്. ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല.” ഞാന്‍ വേഗം അകത്തുപോയി ചോറും കറികളുമൊക്കെയായി തിരികെ വന്നു. സിറ്റൗട്ടിലെ കസേരയില്‍ ഇരുന്നുകൊള്ളാന്‍ ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹമതു ചെയ്തില്ല. താഴെ നിലത്ത് പടഞ്ഞിരുന്നു.
ആര്‍ത്തിയോടുകൂടി ഭക്ഷണം വാരിക്കഴിക്കുന്നതിനിടയില്‍ ഞാനദ്ദേഹത്തോട് ചോദിച്ചു, ”അപ്പച്ചന് പാടാനറിയാമോ? ഞാന്‍ ഭക്ഷണമെടുക്കാന്‍ പോകുന്നതിനിടയില്‍ മൂളിപ്പാട്ട് പാടുന്നതുകേട്ടല്ലോ.” അപ്പച്ചന്‍ പറഞ്ഞു. ”പാടാനറിയാം മോളേ, പക്ഷേ കേള്‍ക്കാനാരുമില്ല. തെണ്ടി നടക്കുന്നവന്‍ പാട്ടുപാടിയാല്‍ ആരു കേള്‍ക്കാനാ?” മറുപടിയായി ഞാന്‍ ഇപ്രകാരം പറഞ്ഞു. ”അപ്പച്ചന്‍ പാടിക്കോളൂ, ഞാന്‍ കേള്‍ക്കും. ഊണുകഴിഞ്ഞ് പോകുന്നതിനുമുമ്പ് അപ്പച്ചന്‍ നല്ലൊരു പാട്ട് പാടിയിട്ടേ പോകാവൂ.” ”പാടാം മോളേ, പാടാം. കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ പാടാനെന്താ വിഷമം. അതൊരു സന്തോഷമല്ലേ.”
ഊണുകഴിഞ്ഞ് പാത്രമെല്ലാം കഴുകി തിരിച്ചേല്‍പിച്ച് അപ്പച്ചന്‍ നിലത്തുതന്നെ പടഞ്ഞിരുന്നു. ”ഇനി പാടിക്കോ അപ്പച്ചാ, കേള്‍ക്കാന്‍ ഞാന്‍ റെഡി.” അപ്പച്ചന്‍ പാട്ടു തുടങ്ങി. മാതാവിന്റെ നല്ലൊരു പാട്ട്. വളരെ പഴയതാണെന്നുമാത്രം. വളരെ മനോഹരമായി അദ്ദേഹമതു പാടി മുഴുമിപ്പിച്ചു. എനിക്ക് ആശ്ചര്യമായി. പ്രായത്തിന്റെ ആധിക്യമൊന്നും അദ്ദേഹത്തിന്റെ സ്വരത്തെ തെല്ലും ബാധിച്ചിട്ടില്ല. സുന്ദരമായി അദ്ദേഹമതു പാടിത്തീര്‍ത്തു. ഞാന്‍ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു. ”അപ്പച്ചാ, വളരെ മനോഹരമായിരിക്കുന്നു. ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്നുവല്ലോ. എന്താ മാതാവിന്റെ പാട്ടു പാടിയത്? മാതാവിനോട് വലിയ ഇഷ്ടമാണ് അല്ലേ? ‘അതെ, മാതാവിനോട് വലിയ ഇഷ്ടംതന്നെ. പക്ഷേ ഇപ്പോഴിതുപാടാന്‍ കാരണമുണ്ട്.
മാതാവ് ചെയ്തതാണ് മോളിപ്പോള്‍ ചെയ്തത്. എന്നോട് മറ്റാരും ഇന്നുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല.” അദ്ദേഹം തുടര്‍ന്നു പറഞ്ഞു, ”എന്റെ മോളേ, കെസ്റ്ററു പാട്ടു പാടിയാല്‍ അതു കേള്‍ക്കാനാളുണ്ട്. കയ്യടിക്കാനാളുണ്ട്. ഏറ്റുപാടാനാളുണ്ട്. പാടിനടക്കാനാളുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റിലും കടത്തിണ്ണയിലും അന്തിയുറങ്ങുന്ന ഈ തെരുവുതെണ്ടി പാട്ടു പാടിയാല്‍ അത് ആരു കേള്‍ക്കാനാ? എന്നാല്‍ മോളിപ്പോള്‍ ചെയ്തത് വലിയ കാര്യമാ. തെണ്ടിക്കേറിവന്ന എന്നോട് ഇങ്ങോട്ടു ചോദിച്ചു പാട്ടു പാടിച്ചു. താല്‍പര്യത്തോടെ കേട്ടിരുന്നു. അഭിനന്ദനം പറഞ്ഞു. മോളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കാദ്യമായി തോന്നി കെസ്റ്ററിനെക്കാള്‍ ഭാഗ്യവാനാണ് ഞാനെന്ന്. നന്ദി മോളേ, നന്ദി. തന്ന ചോറിനെക്കാള്‍ ഒത്തിരി വലിപ്പമുണ്ട് ഈ നല്ല വാക്കിന്.”
അപ്പച്ചന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനും ഞെട്ടിത്തരിച്ചു നിന്നുപോയി. ”കെസ്റ്ററു പാട്ടുപാടിയാല്‍ കേള്‍ക്കുവാനാളുണ്ട്, ഏറ്റുപാടാനാളുണ്ട്, പാടി നടക്കാനും കയ്യടിക്കാനും ആളുണ്ട്. പക്ഷേ ഈ തെരുവുതെണ്ടി പാട്ടുപാടിയാല്‍ ആരു കേള്‍ക്കാനാ?” ആ ചോദ്യം എന്റെ കര്‍ണപുടത്തിലും ഹൃദയത്തിലും വീണ്ടും വീണ്ടും വന്നു തറയ്ക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ അപ്പച്ചനെക്കൊണ്ട് ഒന്നുരണ്ട് പാട്ടുകൂടി പാടിച്ചു. അതിലൊന്ന് സിനിമാപാട്ടായിരുന്നു. അതു കേട്ട് ഞാനദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ കണ്ണില്‍നിന്നും സന്തോഷത്തിന്റെയും നന്ദിയുടെയും കണ്ണീര്‍കണങ്ങള്‍ പൊഴിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാനും നല്ല ദൈവത്തിന് നന്ദി പറഞ്ഞു. പോകാന്‍നേരം കൈകള്‍ കൂപ്പി അദ്ദേഹമിപ്രകാരം പറഞ്ഞു, ”ഇന്നെന്റെ ജീവിതത്തിലെ ഒരു ഭാഗ്യദിവസമാ. ഞാന്‍ വളരെ നാള്‍ ദാഹിച്ചതെന്തോ അത് എന്നെ തേടിവന്ന ദിവസം.” സംതൃപ്തമായ മനസോടെ തിരിഞ്ഞുനോക്കാതെ ആ മനുഷ്യന്‍ നടന്നു നീങ്ങുമ്പോള്‍ ഞാനും കര്‍ത്താവിനോടു ചോദിച്ചു. ”കര്‍ത്താവേ ഇങ്ങേര് ആരാണ്? ഇനിയെന്നെങ്കിലും ഇദ്ദേഹം തിരികെ ഈ വഴിക്ക് വരുമോ?”
കൂടെയുണ്ട് നിനക്കു ചുറ്റിലുമായി
ഞാന്‍ തിരിഞ്ഞ് മുന്‍വശത്തുള്ള തിരുഹൃദയ രൂപത്തിലേക്ക് നോക്കി. അപ്പോള്‍ ഈശോ പറഞ്ഞു, ”അയാള്‍ ഒരിക്കല്‍കൂടി തിരികെ വരാനായി നീ കാത്തിരിക്കേണ്ട. നിനക്കു ചുറ്റിലുമായി അദ്ദേഹമുണ്ട്. നിന്റെ ഈ വീട്ടില്‍, നീ ഇടപെടുന്ന സമൂഹത്തില്‍, നിന്റെ അയല്‍ക്കാരില്‍, നീ അംഗമായ ഇടവകയില്‍, ഇനിയും ദാനം തേടിവരുന്ന അനേകരില്‍ ആ അപ്പച്ചനുണ്ട്. അദ്ദേഹം ഞാന്‍തന്നെയാണ്. അംഗീകാരത്തിന്റെ, പരിഗണനയുടെ, സാന്ത്വനത്തിന്റെ ഒരു വാക്കും ഒരു നോക്കും തേടി നിനക്കു ചുറ്റും ആ മനുഷ്യന്റെ രൂപത്തില്‍ ഞാനുണ്ട്. നീ എന്നെ ഒന്നു തിരിച്ചറിഞ്ഞ് ഈ മനുഷ്യനോട് ചെയ്തതുപോലെ ഒന്നു ചെയ്യാന്‍ തുടങ്ങിയാല്‍ മതി, അനേകരുടെ കണ്ണുകളില്‍ നക്ഷത്രപ്പൂക്കള്‍ വിരിയിക്കാന്‍ നിനക്കു കഴിയും.”
കുപ്പത്തൊട്ടിയിലെ രത്‌നങ്ങള്‍ തേടി
പേരും പെരുമയും അംഗീകാരവും പ്രശസ്തിയും അഭിലഷണീയമായ ഗുണഗണങ്ങളും ഉള്ളവരെ കയ്യടിച്ച് അംഗീകരിക്കുവാനും അനുകരിക്കാനുമെല്ലാം അനേകരുണ്ടാകാം. എന്നാല്‍ കുപ്പത്തൊട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന രത്‌നങ്ങളെ തിരയാനും കഴുകിത്തുടച്ചെടുത്ത് അംഗീകരിച്ചുയര്‍ത്താനും അധികമാരും മെനക്കെടാറില്ല. അവര്‍ തഴയപ്പെടുക എന്നുള്ളതാണ് ലോകത്തിന്റെ സാമാന്യ നിയമം. എന്നാല്‍ ഒന്നു ചിന്തിക്കണേ, ലോകത്തെ കീഴടക്കിയ അനേക രത്‌നങ്ങള്‍ ഇവര്‍ക്കിടയില്‍നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്നവനും കറുത്ത വര്‍ഗക്കാരുടെ വിമോചകനുമായ അബ്രാഹം ലിങ്കണ്‍ അതീവ ദരിദ്രനും തെരുവുവിളക്കിന്റെ വെട്ടത്തിലിരുന്ന് ഗൃഹപാഠങ്ങള്‍ ചെയ്തു പഠിച്ച് ഉയര്‍ന്നവനുമായിരുന്നു. അനേക പ്രാവശ്യം രാഷ്ട്രീയരംഗത്ത് പരാജയങ്ങള്‍മാത്രം ഏറ്റുവാങ്ങിയ അദ്ദേഹം 66-ാം വയസില്‍ അമേരിക്കന്‍ പ്രസിഡന്റായിത്തീരുന്നതുവരെ ജീവിതത്തില്‍ പരാജയങ്ങള്‍ കൊയ്തവരില്‍ മുന്‍പന്തിയില്‍ത്തന്നെ ആയിരുന്നു.
പാറമടയില്‍നിന്നും പത്രോസിന്റെ സിംഹാസനത്തിലേക്കുയര്‍ത്തപ്പെട്ട് സഭയുടെ ഉച്ചകോടിയില്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഒരു കുപ്പക്കുഴിയിലെ രത്‌നമായിരുന്നില്ലേ?
സെമിനാരി വിദ്യാഭ്യാസകാലത്ത് മണ്ടന്മാരില്‍ മരമണ്ടന്‍ എന്നു പേരു കേള്‍പ്പിച്ച് ദൈവകാരുണ്യത്തിന്റെ അളവുകോലില്‍മാത്രം വൈദികപട്ടം ഏറ്റുവാങ്ങി കുമ്പസാരക്കൂട്ടില്‍നിന്നും വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ ജോണ്‍ മരിയ വിയാനിയും കുപ്പക്കുഴിയിലെ രത്‌നമായിരുന്നു!.
യേശുതന്നെയും അങ്ങനെയായിരുന്നില്ലേ. യേശുവിന്റെ സ്വന്തം വീട്ടുകാരോ നാട്ടുകാരോ പുരോഹിതഗണമോ യേശുവിനെ ഒരിക്കലും അംഗീകരിച്ചില്ല. അവന്റെ വായില്‍നിന്നും ഉതിര്‍ന്നുവന്ന കൃപാവചനങ്ങള്‍ കേട്ടപ്പോള്‍ സ്വന്തക്കാരും സ്വന്തനാട്ടുകാരും ചോദിച്ചു. ഇവന്‍ ആ തച്ചന്റെ മകനല്ലേ. മറിയമല്ലേ ഇവന്റെ അമ്മ. ഇവന്റെ സഹോദരന്മാരും സഹോദരിമാരും നമ്മളോടൊപ്പമില്ലേ. പിന്നെങ്ങനെ ഇവന് ഈവക വലിയ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നു?
നമുക്കു ചുറ്റും അവരുണ്ട്
ഇന്നും നമുക്ക് ചുറ്റുമുണ്ട് നാം ഒരിക്കലും അംഗീകരിക്കാന്‍ തയാറാകാത്ത കുപ്പക്കുഴിയിലെ രത്‌നകല്ലുകള്‍. ഭാര്യയുടെ രൂപത്തിലാകാം, ഭര്‍ത്താവിന്റെ രൂപത്തിലാകാം, മക്കളുടെ രൂപത്തിലാകാം. സന്യാസഭവനത്തിലെ അവഗണിക്കപ്പെട്ടതും മാറ്റിനിര്‍ത്തപ്പെട്ടതുമായ ഒരു എളിയ സന്യാസിനിയുടെ രൂപത്തിലാകാം. ജീവിതത്തില്‍ എന്തെങ്കിലുമൊരു പാളിച്ച സംഭവിച്ച് സമൂഹം മാറ്റിനിര്‍ത്തിയിരിക്കുന്ന ഒരു വൈദികന്റെ രൂപത്തിലാകാം, അനേകവട്ടം പരിശ്രമിച്ചിട്ടും പാപജീവിതം ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരു പാപിയുടെ രൂപത്തിലാകാം അവരിന്നു നിലകൊള്ളുന്നത്. അവരെയൊന്നു കൈയിലെടുത്തംഗീകരിച്ച് നീ ഒത്തിരി വലിയവന്‍, വിലപ്പെട്ടവന്‍ എന്ന് ചെവിയിലോതി, ഒന്നു കഴുകിത്തുടച്ച് പുറത്തു കൊണ്ടുവന്നാല്‍ അവരെല്ലാവരും മുന്‍കണ്ട രത്‌നങ്ങള്‍പോലെയായിത്തീരും.
ഈ 2024 നമ്മുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന്റെ വര്‍ഷമായിരിക്കട്ടെ. നമ്മുടെ ഒരു നോക്കിലൂടെ, ഒരു വാക്കിലൂടെ, ഒരു സ്പര്‍ശനത്തിലൂടെ, ഒരു ചേര്‍ത്തുപിടിക്കലിലൂടെ, അംഗീകാരത്തിലൂടെ, സൗഖ്യം പ്രാപിക്കേണ്ട, പുനരുദ്ധരിക്കപ്പെടേണ്ട, ഒരു ലോകം നമുക്കു ചുറ്റുമുണ്ട്. സുഖപ്പെടുത്തുന്നവന്‍ കര്‍ത്താവായ യേശുവാണ്. പക്ഷേ സൗഖ്യത്തിന്റെ ചാലകങ്ങളായിത്തീരേണ്ടത് ഇതെഴുതുന്ന എന്റെയും ഇതു വായിക്കുന്ന നിങ്ങളുടെയും ജീവിതങ്ങളാണ്. നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിക്കാന്‍ യേശുവിന് കാലുകളില്ല. നമ്മുടെ കാലുകളെ അവിടുത്തേക്ക് സ്‌നേഹപൂര്‍വം സമര്‍പ്പിക്കാം. മുറിവേറ്റതും അവഗണിക്കപ്പെട്ടതുമായ ലോകത്തെ കരുണയോടെ വീക്ഷിക്കുവാന്‍ നമ്മുടേതല്ലാതെ അവിടുത്തേക്ക് കണ്ണുകളില്ല.
സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച് ഭയപ്പെടേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട്, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയാന്‍ നമ്മുടേതല്ലാതെ അവിടുത്തേക്ക് നാവുകളും കൈകളുമില്ല. കുപ്പത്തൊട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന അമൂല്യരത്‌നങ്ങളെ കണ്ടുപിടിക്കാനും കരങ്ങളിലെടുക്കുവാനും കഴുകിത്തുടച്ച് സമൂഹമധ്യേ കൊണ്ടുവരുവാനും നമ്മുടേതല്ലാതെ അവിടുത്തേക്ക് വിശാലഹൃദയവും കൈകളുമില്ല.
അതിനാല്‍ നമ്മുടെ കാതുകളും കണ്ണുകളും ഹൃദയവും നമ്മുടെ ഇച്ഛാശക്തിയും അവിടുത്തേക്ക് സമര്‍പ്പിക്കാം. ”ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാത്തിയാ2/20) എന്ന് പൗലോസ് ശ്ലീഹായെപ്പോലെ അവകാശപ്പെടുവാന്‍ കരുത്തും യോഗ്യതയുമുള്ള ഒരു ജീവിതം നമുക്ക് ലഭിക്കാന്‍വേണ്ടി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
അപ്പോള്‍ ഈ ചെറിയവരില്‍ ഒരുവന് നീയിതു ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവിന്റെ അംഗീകാരവചനം, സ്വര്‍ഗത്തിന്റെ അവകാശപത്രം നല്‍കി അന്ത്യദിനത്തില്‍ നമ്മെ ഉയര്‍ത്തും.
'”യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായഭാഷയില്‍ വിളിച്ചു. ഗുരു എന്നര്‍ത്ഥം. യേശു പറഞ്ഞു: നീ എന്നെ (സ്പര്‍ശിക്കരുത്) തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്ന് പറയുക.” (യോഹന്നാന്‍ 20/17).
അവിടുന്ന് ഈ വാക്കുകള്‍ ഉപയോഗിച്ചത് മരണവും പുനരുത്ഥാനവുംവഴി തന്നില്‍ സംഭവിച്ച അത്ഭുതകരവും അതിസ്വാഭാവികവുമായ മാറ്റം അവള്‍ മനസിലാക്കുന്നതിനും പ്രത്യക്ഷനായ യേശുവിന്റെ മഹത്വീകൃതമായ ശരീരം മര്‍ത്യമായ ഭൗതികശരീരംപോലെയല്ല എന്ന ബോധ്യം നല്കുന്നതിനുമാണ്.
‘ഞാന്‍ എന്റെ പിതാവിന്റെ അടുക്കലേക്ക് പ്രവേശിച്ചിട്ടില്ല’ എന്ന വാക്കുകള്‍ക്ക് ലഭിച്ച വിശദീകരണം ഇതാണ്; മരണത്തിനുമേല്‍ താന്‍ വരിച്ച വിജയത്തിനും പൂര്‍ത്തീകരിച്ച രക്ഷാകര്‍മ്മത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനായി പുനരുത്ഥാനത്തിനുശേഷം താന്‍ പിതാവിന് തന്നെത്തന്നെ സമര്‍പ്പിച്ചിട്ടില്ല, സന്തോഷത്തിന്റെ ആദ്യഫലങ്ങള്‍ ദൈവത്തിനുള്ളതാണെന്നും രക്ഷയുടെ മഹനീയരഹസ്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടതിനും മരണത്തിനുമേല്‍ അവിടുന്ന് വരിച്ച വിജയത്തിനും പിതാവായ ദൈവത്തിന് ആദ്യം നന്ദി പ്രകാശിപ്പിക്കേïതാണെന്നും ഇതില്‍നിന്ന് അവള്‍ മനസിലാക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.
മഗ്ദലേനയുടെ മാനസാന്തരത്തിനുശേഷം അവള്‍ ചെയ്തിരുന്നതുപോലെ അവിടുത്തെ പാദങ്ങള്‍ ചുംബിച്ചിരുന്നെങ്കില്‍ ദിവ്യഗുരുവിനെക്കുറിച്ചുള്ള ചിന്തയില്‍മാത്രം മുഴുകിയിരിക്കുകയും പിതാവായ ദൈവം പറുദീസായില്‍ നല്കിയ വാഗ്ദാനം പൂര്‍ണമായും പൂര്‍ത്തീകരിച്ച മഹാസംഭവം പാടെ വിസ്മരിക്കുകയും ചെയ്യുമായിരുന്നു.
'ഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്‍റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന്‍ കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്‍റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്കുക, ആമ്മേന്‍.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
'സെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്‍റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. “അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍” എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
'