• Latest articles
ഒക്ട് 28, 2024
Enjoy ഒക്ട് 28, 2024

ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്‍റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്‌നമാക്കാറില്ല.

നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്‍, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…”
അതായത്, നന്മകള്‍ ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില്‍ ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും.

ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്‍ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്‍പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്‍ത്താവിന് അര്‍ഹമായ മഹത്വം നമ്മള്‍ കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്‍പാല്‍പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക.

ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്‍ത്ഥനകള്‍കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്‍റെ ബലഹീനത നിനക്കുള്ള എന്‍റെ ദാനമാണ്. നിന്‍റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്‍റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്‍റെ കാഴ്ച സ്വീകരിച്ച് അതിനെ എന്‍റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്‍ത്ത് എന്‍റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220).

വൈദികര്‍ക്ക് വേണ്ടിയും സമര്‍പ്പിതര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്‍ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്‍റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
ഒക്ട് 25, 2024
Enjoy ഒക്ട് 25, 2024

ടെക്‌സസിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത് അര്‍ക്കന്‍സാസിലും. അഞ്ചോ ആറോ വയസ് പ്രായമാകുംവരെ മാതാപിതാക്കള്‍ എന്നെയുംകൂട്ടി അടുത്തുള്ള ഒരു ക്രൈസ്തവദൈവാലയത്തില്‍ പോകുമായിരുന്നു. പിന്നെ ആ ശീലം നിര്‍ത്തി. എന്നാല്‍ ഞാന്‍ മതവിശ്വാസത്തില്‍ താത്പര്യമുളള ആളായിരുന്നു. കൃത്യം ഓര്‍ക്കുന്നില്ലെങ്കിലും ഏതാണ്ട് പതിനാല് വയസായ സമയത്ത് ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. എന്നാല്‍ അവസാനകാലങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ എന്ന് തോന്നിയവമാത്രമാണ് വായിച്ചത്. എന്നാല്‍ അതെല്ലാം വായിച്ചപ്പോഴാകട്ടെ എനിക്കാകെ ഭയമായി. ബൈബിളില്‍ ഉടനീളം വിവരിക്കുന്ന അതിശയകരമായ ദൈവകൃപയുടെയും കാരുണ്യത്തിന്‍റെയും സന്ദേശങ്ങള്‍ ഞാന്‍ വായിച്ചതുമില്ല.

അതോടെ ഞാനെന്‍റെ മതവിശ്വാസത്തിന്‍റെ അടുത്ത തലമെന്നോണം ന്യൂ ഏജ് പ്രസ്ഥാനത്തിലേക്ക് കടന്നു. അതിലേക്ക് നീങ്ങാന്‍ കാരണം മറ്റൊന്നുമായിരുന്നില്ല, ന്യൂ ഏജ് വിശ്വാസമനുസരിച്ച് നരകം എന്നൊന്നില്ല! അതേ സമയംതന്നെ ക്രൈസ്തവരോട് എനിക്ക് വല്ലാത്ത ഇഷ്ടക്കേടും തോന്നിത്തുടങ്ങി. ആരെങ്കിലും ക്രൈസ്തവികമായ പെരുമാറ്റരീതികളെന്തെങ്കിലും കാണിച്ചാല്‍പ്പോലും അതെന്നെ കോപാകുലനാക്കും. അപ്പോഴാണ് മറ്റൊരു ‘ട്വിസ്റ്റ്’ ഉണ്ടായത്. ക്രൈസ്തവനെന്ന് തോന്നിപ്പിക്കാത്ത ഒരു ക്രൈസ്തവപ്രസംഗകനെ ടി.വിയില്‍ കണ്ടു.

ഞാന്‍ ആ മനുഷ്യനിലൂടെ ക്രൈസ്തവികതയില്‍ ആകൃഷ്ടനായി. അതുനിമിത്തം ന്യൂ ഏജ് വിശ്വാസം തെറ്റാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. ആറ് മാസത്തോളം ആ പ്രസംഗങ്ങള്‍ കേട്ടതിനുശേഷം നേരില്‍ കാണുകയും അദ്ദേഹത്തിന്‍റെ സഭയില്‍ ചേരുകയും ചെയ്തു. പെന്തക്കോസ്ത് വിശ്വാസത്തില്‍നിന്ന് പിന്നീട് പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക് മാറിയ ഡോ. ജീന്‍ സ്‌കോട്ട് ആയിരുന്നു എന്നെ സ്വാധീനിച്ച ആ മനുഷ്യന്‍. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാന്ദ്യം സംഭവിച്ചതോടെ ഞാന്‍ മറ്റൊരു മേച്ചില്‍പ്പുറം തേടി പോയി.

അങ്ങനെയാണ് ഒരു വ്യവസ്ഥാപിത സഭയായ അമേരിക്കന്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചില്‍ അംഗമായത്. ജീന്‍ സ്‌കോട്ടിനാല്‍ ആകര്‍ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ തിയോളജി ഗ്രന്ഥങ്ങളുടെ വായനക്കാരനായി മാറിയിരുന്നു. മുഴുവന്‍ സമയ ശുശ്രൂഷയിലേക്ക് പ്രവേശിക്കുക എന്നതായിരുന്നു എന്‍റെ ആഗ്രഹം. എന്നാല്‍ അതിനിടയില്‍ മറ്റൊന്ന് കടന്നുവന്നു, പ്രണയവിവാഹം.

ന്യൂ ഏജ് പെണ്‍കുട്ടി

ക്രൈസ്തവനായിത്തീര്‍ന്ന് അധികം താമസിയാതെ ഒരു പാര്‍ട്ടിയില്‍വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി, റെനി ഹംഫ്രി. അവള്‍ ജന്മംകൊണ്ട് കത്തോലിക്കയായിരുന്നെങ്കിലും പുനര്‍ജന്മംപോലുള്ള ന്യൂ ഏജ് വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്ന ആളായിരുന്നു. എന്നെപ്പോലെതന്നെ വായനയില്‍ അതീവതാത്പര്യം, പക്ഷേ ചരിത്രവും സാഹിത്യവും ഇഷ്ടവിഷയങ്ങള്‍. പക്ഷേ ഒരു കുറവ് അവളെ എപ്പോഴും അലട്ടി, അനാരോഗ്യം.
ഡോക്ടര്‍മാരെയും സൂചിയെയും അവള്‍ക്ക് പേടിയായതിനാല്‍ ചികിത്സയ്ക്കുപോകാന്‍ മടിയായിരുന്നു. പ്രധാനരോഗം വന്‍കുടലിലെ വ്രണങ്ങള്‍ ആയിരുന്നു. നട്ടെല്ലിനെ താങ്ങുന്ന മസിലുകളെ അത് ദുര്‍ബലപ്പെടുത്തുകയും അതുനിമിത്തം നട്ടെല്ലിനുസമീപമുള്ള ഞരമ്പുകളെ അമര്‍ത്തുകയും ചെയ്തതിനാല്‍ കാല്‍വരെ നീളുന്ന കടുത്ത വേദന അവളെ അസഹ്യപ്പെടുത്തും. പലപ്പോഴും നടക്കാന്‍പോലും സാധിക്കില്ല. അതിനാല്‍ത്തന്നെ 23 വയസില്‍ത്തന്നെ അവള്‍ക്ക് പ്രായമായവര്‍ ഉപയോഗിക്കുന്ന വാക്കര്‍ ഉപയോഗിക്കേണ്ടിവന്നു. പക്ഷേ അതൊന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല.

എങ്കിലും വിവാഹിതരാകുംമുമ്പ് രണ്ട് കാര്യങ്ങള്‍ എനിക്ക് ശരിയാക്കേണ്ടിയിരുന്നു, അവളുടെ ന്യൂ ഏജ് വിശ്വാസവും അതോടൊപ്പം കത്തോലിക്കാ താത്പര്യങ്ങളും. റെനി വായനയില്‍ തത്പരയായിരുന്നതിനാല്‍ പുനരവതാരത്തെക്കുറിച്ചുള്ള ക്രൈസ്തവപുസ്തകം അവള്‍ക്ക് വായിക്കാന്‍ നല്കി. അത് വായിച്ചപ്പോള്‍ത്തന്നെ പുനരവതാരമെന്ന സങ്കല്പത്തിലെ തെറ്റ് അവള്‍ തിരിച്ചറിഞ്ഞു. അത് കൊള്ളാം എന്നെനിക്ക് തോന്നി.
പുസ്തകമാണല്ലോ റെനിയെ ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് പിന്തിരിപ്പിച്ചത്. അതിനാല്‍ കത്തോലിക്കാതാത്പര്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനും ആ വഴിതന്നെ പോകാമെന്ന് ഞാന്‍ കരുതി. വത്തിക്കാനെ മോശമായി ചിത്രീകരിക്കുന്ന ഒരു പുസ്തകമാണ് ഞാന്‍ റെനിക്ക് നല്കിയത്. അത് വായിച്ചതിനുശേഷം അവള്‍ സ്വയം കത്തോലിക്ക എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തി. പകരം ആഗ്ലിക്കന്‍ സഭയോട് ചായ്‌വ് പുലര്‍ത്താന്‍ തുടങ്ങി. കത്തോലിക്കാരീതികളില്‍നിന്ന് അവളെ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്ക് തത്കാലം അതുമതിയായിരുന്നു. അവള്‍ പതുക്കെ പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ വിശ്വാസത്തിലേക്ക് മാറിക്കൊള്ളുമെന്ന് കരുതി.

അങ്ങനെ 1988-ല്‍, അവളുടെ ആംഗ്ലിക്കന്‍ വിശ്വാസ കാലത്ത്, റെനിയും ഞാനും വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവള്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മടങ്ങി. അത് ഇവാഞ്ചലിക്കല്‍ ശുശ്രൂഷകനാകണം എന്ന എന്‍റെ പദ്ധതിക്ക് വലിയൊരു അടിയായിപ്പോയി. ഈയൊരു പ്രശ്‌നം ഒഴിച്ചാല്‍ ഞങ്ങളുടേത് ഒരു സന്തുഷ്ടദാമ്പത്യമായിരുന്നു.

റെനി ഒരു സത്യം കണ്ടുപിടിച്ചപ്പോള്‍…

കാര്യങ്ങള്‍ അല്പം മോശമായത് എനിക്ക് മുമ്പേതന്നെ അറിയാമായിരുന്ന ഒരു സത്യം റെനി കണ്ടുപിടിച്ചതോടെയാണ്. അത് മറ്റൊന്നുമായിരുന്നില്ല, കത്തോലിക്കാപ്രബോധനമനുസരിച്ച് ഞങ്ങളുടെ വിവാഹം സാധുവല്ല! അതിനാല്‍ത്തന്നെ റെനിക്ക് കത്തോലിക്കാസഭയില്‍ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ അവള്‍ക്കെന്നെ ഉപേക്ഷിക്കാനും വയ്യ, ഞാനാകട്ടെ കത്തോലിക്കാസഭ പറയുംപോലെ വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ തയാറുമല്ല. ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത റെനിയെ ഞായറാഴ്ചകളില്‍പ്പോലും കത്തോലിക്കാദൈവാലയത്തില്‍ വിടാന്‍ ഞാന്‍ തയാറാകാതിരുന്നതും ഞങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയായി വളര്‍ന്നു.

പക്ഷേ കാര്യങ്ങള്‍ പതുക്കെ മാറാന്‍ തുടങ്ങി. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതുമുതല്‍ ഞാന്‍ ദൈവശാസ്ത്രത്തില്‍ നല്ല താത്പര്യം പുലര്‍ത്തിയിരുന്നു. പക്ഷേ എന്നെ പ്രശ്‌നത്തിലാക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ ബൈബിളില്‍ കണ്ടെത്താനാരംഭിച്ചു. പാപങ്ങള്‍ മോചിക്കാനും ബന്ധിക്കാനും അപ്പസ്‌തോലന്‍മാര്‍ക്ക് നല്കപ്പെട്ട അധികാരം (മത്തായി 16/18), പാപങ്ങള്‍ മോചിക്കാനുള്ള അവരുടെ അധികാരം (യോഹന്നാന്‍ 20/21-23) തുടങ്ങിയ വചനഭാഗങ്ങളൊന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പഠനം തുടര്‍ന്നപ്പോള്‍ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെക്കുറിച്ച് കത്തോലിക്കര്‍ പറയുന്നത് സത്യമാണെന്ന് എനിക്ക് അംഗീകരിക്കേണ്ട അവസ്ഥയായി. ഞാന്‍ പോയിക്കൊണ്ടിരുന്ന ആരാധനാലയത്തില്‍നിന്ന് സകുടുംബം കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണ്‍ ഹോംസിന്‍റെ പ്രബന്ധവും അങ്ങനെയൊരു നിഗമനത്തിലെത്താന്‍ എന്നെ പ്രേരിപ്പിച്ചു.

മറിയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പ്രബന്ധം മുമ്പൊരിക്കല്‍ എനിക്ക് അയച്ചുതന്നപ്പോള്‍ അതിലെ എല്ലാ വാദങ്ങളെയും എതിര്‍ത്ത് തോല്പിക്കാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ ഒരു ഖണ്ഡിക എന്നെ കുഴപ്പിച്ചു. ”ഇവാഞ്ചലിക്കല്‍ സഹോദരങ്ങള്‍ എതിര്‍ക്കുന്ന കത്തോലിക്കാവിശ്വാസങ്ങളെല്ലാം തിരുവചനത്തെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് രൂപപ്പെട്ടവയാണ്.” അതെനിക്ക് ആശ്ചര്യമായിരുന്നു, കത്തോലിക്കര്‍ തിരുവചനത്തെ മുഖവിലയ്‌ക്കെടുക്കുകയോ?! ഇല്ലെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. ആ ധാരണ ചോദ്യം ചെയ്യപ്പെടുകയാണ്….

ഏറ്റവുമധികം വിറപ്പിച്ച യാഥാര്‍ത്ഥ്യം

പതുക്കെ യേശുവിന്‍റെ ശരീരരക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വചനഭാഗങ്ങള്‍ -യോഹന്നാന്‍ 6/53, ലൂക്കാ 22/19, യോഹന്നാന്‍ 3/5 എന്നിവ വിശദമായി പഠിച്ച് അവയെക്കുറിച്ചുള്ള കത്തോലിക്കാപഠനങ്ങള്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള റോമാ 6/3, 1 പത്രോസ് 3/21 വചനഭാഗങ്ങള്‍ പഠനത്തിന് വിധേയമാക്കി. പാപമോചനാധികാരത്തെക്കുറിച്ച് പറയുന്ന യോഹന്നാന്‍ 20/23 വചനം ആഴത്തില്‍ പഠിച്ചു. എല്ലാത്തിനും നാന്ദിയായി ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനവും പഠനവിധേയമാക്കി. എന്‍റെ പല ചിന്തകളും തെറ്റാണെന്ന് മനസിലായിത്തുടങ്ങിയിരുന്നു.

ഏറ്റവുമധികം എന്നെ വിറപ്പിച്ച കാര്യം സഭയുടെ ദൈവശാസ്ത്രം ബൈബിളിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. മാത്രവുമല്ല, സോളാ ഫിദെ (വിശ്വാസംമാത്രം), സോളാ സ്‌ക്രിപ്ത്തുറാ (ബൈബിള്‍മാത്രം) എന്നീ പ്രൊട്ടസ്റ്റന്റ് പ്രബോധനങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് വ്യക്തമായി.
കൂദാശകളെക്കുറിച്ചുള്ള സഭാപ്രബോധനം സാധൂകരിക്കുന്ന വചനഭാഗങ്ങള്‍ ബൈബിളില്‍ ഉടനീളം ഞാന്‍ കണ്ടു. ഏറ്റവും ശ്രദ്ധേയമായ ഭാഗം രക്തസ്രാവക്കാരി സ്ത്രീയുടേതായിരുന്നു.

”അവള്‍ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍റെ പിന്നില്‍ ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്‍റെ വസ്ത്രത്തില്‍ ഒന്ന് തൊട്ടാല്‍മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്ക് ശരീരത്തില്‍ അനുഭവപ്പെട്ടു…. അവന്‍ അവളോട് പറഞ്ഞു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്ന് വിമുക്തയായിരിക്കുക.” (മര്‍ക്കോസ് 5/27-33).

ഈ വചനഭാഗം കൂദാശയെന്ന തത്വത്തിന്‍റെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ആ സ്ത്രീയുടെ വിശ്വാസം, സ്പര്‍ശ്യമായ ഭൗതിക ഘടകം (ഈശോയുടെ വസ്ത്രവിളുമ്പില്‍ തൊടുന്നത്), പിന്നെ ഈശോയില്‍നിന്ന് ശക്തി പുറപ്പെടുന്നതും. ഇങ്ങനെതന്നെയാണ് കൂദാശകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം, തൈലം, അപ്പം, വീഞ്ഞ്, കൈവയ്പ് തുടങ്ങിയ തൊട്ടനുഭവിക്കാവുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ നാം സ്വീകരിക്കുന്ന അവിടുത്തെ കൃപയുടെ മാധ്യമങ്ങളായി ദൈവം ഉപയോഗിക്കുന്നു.

നാം ആത്മീയസൃഷ്ടികള്‍മാത്രമല്ല ഭൗതികസൃഷ്ടികളും കൂടിയായതിനാല്‍ ദൈവം തന്‍റെ കൃപയുടെ ആത്മീയദാനങ്ങള്‍ ഭൗതികമായ മാധ്യമങ്ങളിലൂടെ നമുക്ക് തരുന്നു. പിന്നീട് എനിക്ക് മനസിലായി നവീകരണം എന്ന പേരില്‍ സഭയില്‍നിന്ന് വേര്‍പിരിഞ്ഞുപോയി പ്രൊട്ടസ്റ്റന്റ് സഭകളുടെ രൂപീകരണത്തിന് കാരണക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍പോലും ഇത് അംഗീകരിച്ചിരുന്നു എന്ന്.

ബൈബിള്‍മാത്രംമതി എന്ന പഠനത്തിനും പല പ്രശ്‌നങ്ങളുണ്ട്. ബൈബിള്‍ നിയതരൂപത്തില്‍ ആയത് അതില്‍ ഏതൊക്കെ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കപ്പെട്ടപ്പോഴാണല്ലോ. അവസാനത്തെ അപ്പസ്‌തോലനും മരിച്ച് 300 വര്‍ഷങ്ങളോളം കഴിഞ്ഞിട്ടാണ് ബൈബിളിന്‍റെ കാനന്‍ അന്തിമരൂപത്തിലായത്. അതിന് സഭയുടെ അധികാരം ആവശ്യമാണെന്നത് നിസ്തര്‍ക്കമാണ്. ഇന്നും സഭ തന്‍റെ അധികാരം ഉപയോഗിച്ച് വ്യത്യസ്തവും കാലാനുസൃതവുമായ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നു.

മറിയത്തെക്കുറിച്ചുള്ള ലിയോണിന്‍റെ പ്രബന്ധം വായിച്ച് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോള്‍, മത്തായി 16-ാം അധ്യായത്തെ ആധാരമാക്കി പാപ്പയെക്കുറിച്ച് ഒരു കത്തോലിക്കാഗ്രന്ഥകാരന്‍ രചിച്ച പുസ്തകം ഞാന്‍ വായിച്ചു. ഈ വചനഭാഗത്ത് യേശു പറയുന്നു, ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18). അതുവരെയും യേശു ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്, ആ വാദം ശക്തമായി തെളിയിക്കാനും എനിക്ക് കഴിയുമായിരുന്നു. എന്നാല്‍ എന്‍റെ കണ്ണുകള്‍ ആ ഭാഗം സ്‌കാന്‍ ചെയ്തപ്പോള്‍ ആദ്യമായി ആ വാക്യത്തിന്‍റെ ഘടന ഞാന്‍ പരിശോധിച്ചു. ജീവിതം മാറ്റിമറിക്കാന്‍ കാരണമാകുന്ന പഠനമാണെന്ന് അറിയാതെ ഞാനതിനെക്കുറിച്ച് പഠിക്കാനും വിശകലനം ചെയ്യാനും തുടങ്ങി…

'

By: Jimmy Ekin

More
ഒക്ട് 21, 2024
Enjoy ഒക്ട് 21, 2024

ഒരിക്കല്‍ ശക്തമായ ഇടിയും മിന്നലുകളും ഉണ്ടായപ്പോള്‍ ഞാന്‍ ജനലുകള്‍ തുറന്ന് ആകാശത്തിലേക്ക് നോക്കി കരങ്ങള്‍ വീശുന്നതുകണ്ട് എന്‍റെ അമ്മ പറഞ്ഞു: ‘ജനലുകള്‍ അടച്ച് മാറിനില്‍ക്ക്, മിന്നല്‍ ഏറ്റാലോ?’ ‘മിന്നലുകളുടെ ദിശ നിയന്ത്രിക്കുന്നത് എന്‍റെ അപ്പന്‍ അല്ലേ, അപ്പന്‍റെ ആജ്ഞകൂടാതെ മിന്നലുകള്‍ എന്നെ തൊടില്ല’ എന്ന് ഞാന്‍ പറഞ്ഞു. മിന്നല്‍ ഏറ്റാല്‍ എന്തുചെയ്യും എന്ന അമ്മയുടെ വീണ്ടുമുള്ള ചോദ്യത്തിന് ഞാന്‍ ലാഘവത്തോടെ മറുപടി പറഞ്ഞു: ‘മിന്നല്‍ ഏറ്റാല്‍ എന്‍റെമേല്‍ സ്‌നേഹാഗ്നി അയച്ച്, ഈ ലോകത്തില്‍നിന്ന് അപ്പന്‍റെ അടുക്കലേക്ക് വിളിക്കുകയാണെന്ന് കരുതുക.’ ഇതുകേട്ട അമ്മ അല്പം നീരസത്തോടെ പറഞ്ഞു: ‘മണ്ടത്തരം പറയാതെ കൊച്ചേ…’ ഇതു വായിക്കുന്ന ചിലരെങ്കിലും ഇത് മണ്ടത്തരമാണെന്ന് കരുതുന്നുണ്ടാവും.

ഇടിയും മിന്നല്‍പിണരുകളും എങ്ങനെയുണ്ടാകുന്നുവെന്ന് ശാസ്ത്രം നമ്മെ പഠിപ്പിക്കുമ്പോള്‍, ആ പഠനത്തെ മറികടന്ന് ഞാന്‍ സങ്കീര്‍ത്തനം 135/7 ല്‍ വിശ്വസിക്കുന്നു. ”ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് മേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്ക്കായി ഇടിമിന്നലുകളെ അയക്കുന്നതും കലവറ തുറന്ന് കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്.” എന്‍റെ വേദനകളുടെയും ഹൃദയനൊമ്പരങ്ങളുടെയും കാലങ്ങളില്‍ പലപ്പോഴും എന്നെ നല്ലതുപോലെ അറിയാവുന്ന എന്‍റെ അപ്പനോട് ഞാന്‍ സംസാരിക്കാറുള്ളത് ആകാശത്ത് നോക്കിയാണ്. ”അപ്പാ യഹോവേ, എന്നെ കാണുന്നുണ്ടോ, കേള്‍ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന് മറുപടിയായി എപ്പോഴും ശക്തമായ ഇടിയും മിന്നലുകളും ഉണ്ടാകാറുണ്ട്.

ഒരിക്കല്‍ രാത്രിയില്‍ മഴയും ഇടിയും മിന്നലുകളുമൊക്കെ മാറിയ അവസരത്തില്‍ ഞാന്‍ ധ്യാനകേന്ദ്രത്തില്‍നിന്നും സമീപത്തുള്ള എന്‍റെ മഠത്തിലേക്ക് പോവുകയായിരുന്നു. കറന്റ് പോയി അന്ധകാരം വ്യാപിച്ച ഇടവഴിയിലൂടെ, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടംപോലും എവിടെയും കാണാതെ, ഒരു അന്ധയെപ്പോലെ കരങ്ങള്‍ മുന്‍പോട്ട് നീട്ടി വളരെ സാവധാനം ഒറ്റയ്ക്ക് നടന്നു. എതിരെ ആരെങ്കിലും വന്നാല്‍ മുട്ടാതിരിക്കാന്‍വേണ്ടിയായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോള്‍ എന്‍റെ ദിശ തെറ്റുന്നതായി എനിക്ക് തോന്നി. ഞാന്‍ നടക്കുന്നത് നേരെയാണോ എന്നുപോലും സംശയിച്ചു.

അല്പമൊന്നു ഭയപ്പെട്ട് ഞാന്‍ അവിടെനിന്നു, എന്നിട്ട് ആകാശത്തിലേക്ക് നോക്കി താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: ”അപ്പാ യഹോവേ, അപ്പന്‍റെ മോള്‍ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ, ഈ മോളെ സഹായിക്കുമോ?”
വളരെ പെട്ടെന്നുതന്നെ ആകാശത്ത്, അല്പംപോലും ഇടവിടാതെ തുടര്‍ച്ചയായ മിന്നല്‍പിണരുകള്‍ ഉണ്ടായി. ഈ മിന്നലുകളില്‍ എനിക്ക് വ്യക്തിപരമായി ഒരു പ്രത്യേകത തോന്നി. ഈ മിന്നലുകള്‍ മിന്നിക്കൊണ്ടേ ഇരുന്നു. മിന്നലുകളുടെ വെളിച്ചത്തില്‍ ഞാന്‍ നടന്നുനീങ്ങി. ഞാന്‍ മഠത്തില്‍ എത്തുന്നതുവരെ ഈ മിന്നലുകള്‍ മാറിയില്ല. എന്നാല്‍ ഞാന്‍ അകത്ത് കയറിയതും ഈ മിന്നലുകള്‍ നിലച്ചു. ഞാന്‍ ദീര്‍ഘനേരം ജനലിലൂടെ നോക്കിയിരുന്നു, മിന്നുന്നുണ്ടോ എന്നറിയാന്‍… എന്നാല്‍ ആകാശത്ത് മിന്നലുകള്‍ ഉണ്ടായതേയില്ല. ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അപ്പന്‍റെ ശക്തമായ പ്രവൃത്തികളില്‍ ഒന്നാണ്. ”സിംഹാസനത്തില്‍നിന്നും മിന്നല്‍പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു” (വെളിപാട് 4/5).

'

By: സിസ്റ്റര്‍ ലീമ രാജന്‍ സി.സി.ആര്‍

More
ഒക്ട് 18, 2024
Enjoy ഒക്ട് 18, 2024

”മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ” (ലൂക്കാ 18/27) എന്ന വചനം ആയിരം പ്രാവശ്യം എഴുതി അനുഗ്രഹം പ്രാപിച്ചു എന്ന് ജനുവരി ലക്കം ശാലോം ടൈംസില്‍ കണ്ടു. ഞാനും ഇതേ വചനം തുടരെ പറഞ്ഞുകൊണ്ടിരുന്നു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി 15.9 വരെ ഉയര്‍ന്നിരുന്ന പ്രോസ്‌റ്റേറ്റ് പി.എസ്.എ ലെവല്‍ 3 ആയി കുറഞ്ഞ് നോര്‍മലായി. മുമ്പ് മരുന്ന് കഴിച്ചിട്ടും പല പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോഴും വളരെ ഉയര്‍ന്നിരിക്കുകയായിരുന്നു. ദൈവം നല്കിയ ഈ അനുഗ്രഹത്തിന് ആയിരമായിരം നന്ദി.

'

By: Thomas TV

More
ഒക്ട് 16, 2024
Enjoy ഒക്ട് 16, 2024

തന്‍റെ സഹനകാലത്ത് വിശുദ്ധ ലുഡ്‌വിനയ്ക്ക് രക്തസാക്ഷിത്വം വരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം ഈ കൃപയ്ക്കുവേണ്ടിയുള്ള ഉത്കടാഭിലാഷം അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ വെട്ടിത്തിളങ്ങുന്ന, എന്നാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു കിരീടം അവള്‍ക്ക് ദൃശ്യമായി. ഈ കിരീടം തനിക്കുവേണ്ടിയുള്ളതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആഗ്രഹത്തോടെ അവള്‍ പ്രാര്‍ത്ഥിച്ചു, ”എന്‍റെ വേദനകള്‍ വര്‍ധിപ്പിക്കണമേ.” കര്‍ത്താവ് ആ പ്രാര്‍ത്ഥന കേട്ടു.

ചില പടയാളികള്‍ വന്ന് അതിനിന്ദ്യമായ വാക്കുകളാല്‍ അപമാനിച്ചിട്ട് അവളെ കൂടുതല്‍ ക്രൂരമായി മര്‍ദിച്ചു. ഉടന്‍ ഒരു മാലാഖ പൂര്‍ത്തീകരിക്കപ്പെട്ട കിരീടവുമായി പ്രത്യക്ഷനായി. അവസാനസഹനങ്ങളിലൂടെ ഇനിയും ആവശ്യമായിരുന്ന രത്‌നങ്ങള്‍ ചേര്‍ത്ത് കിരീടം പൂര്‍ത്തിയാക്കിയെന്നറിയിച്ചു. ആ നിമിഷം ആ കന്യക മരണം വരിക്കുകയും ചെയ്തു.

'

By: Shalom Tidings

More
ജൂണ്‍ 11, 2024
Enjoy ജൂണ്‍ 11, 2024

സ്‌കൂള്‍ അവധിക്കാലം തുടങ്ങിയ ഉടന്‍ ഞങ്ങള്‍ അമ്മയെയും സഹോദരങ്ങളെയും കാണാന്‍ ഇന്ത്യയിലേക്ക് പോയി. ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍, രണ്ടു ദിവസത്തെ അവധിയെടുത്തതിനുശേഷം, ഇളയ മകന്‍ സോളമന് വേനല്‍ക്കാല സ്‌കൂള്‍ ആരംഭിക്കേണ്ടി വന്നു. അവന്റെ സഹോദരിമാര്‍ ഉറക്കമുണരുംമുമ്പേ, അവന്‍ എഴുന്നേറ്റ് സ്‌കൂളില്‍ പോകേണ്ടതിനാല്‍ എനിക്ക് സഹതാപം തോന്നി. പോകേണ്ട ദിവസം രാവിലെ അവനെ വിളിച്ചു. വളരെ പെട്ടെന്ന് അവന്‍ തന്റെ കട്ടിലില്‍നിന്ന് എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ തയ്യാറായി.

സ്‌കൂള്‍ ബസ് സ്റ്റോപ്പിലേക്ക് കാറില്‍ പോകാതെ നടക്കണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ വളരെ ഉത്സാഹത്തോടെ സമ്മതം മൂളി. ഒരു കിലോമീറ്റര്‍ ദൂരം നടക്കാനുണ്ട്. നടക്കുമ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു ‘സ്‌കൂളില്‍ പോകുന്നതിനെക്കുറിച്ച് നീ സന്തോഷവാനാണോ?’
അവന്റെ മറുപടി ഇതായിരുന്നു: ‘അതെ അമ്മേ, പക്ഷേ സോണിയയെ ഓര്‍ത്ത് (എൻ്റെ രണ്ടാമത്തെ മകള്‍) എനിക്ക് വളരെ സങ്കടമുണ്ട്.’ അത് എന്തുകൊണ്ടാണെന്ന് ഞാന്‍ അന്വേഷിച്ചു. അവന്‍ പറഞ്ഞു, ‘അവള്‍ ഉണരുമ്പോള്‍, എന്നെ കാണാത്തതില്‍ വളരെ സങ്കടപ്പെടും, ഞാന്‍ സ്‌കൂളില്‍ ധാരാളം സുഹൃത്തുക്കളുമായി കളിക്കുമ്പോള്‍ അവള്‍ക്ക് കൂടെ കളിക്കാന്‍ ആരുമുണ്ടാകില്ല.’ ഇത് പറഞ്ഞുകൊണ്ട് അവന്‍ തന്റെ ടോയ് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ച് എനിക്ക് മുന്‍പേ പോയി.

ഒരു വചനമാണ് പെട്ടെന്ന് മനസിലേക്ക് വന്നത്. ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.” (ഏശയ്യാ 55/8-9).
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ എപ്പോഴോ നിഷ്‌കളങ്കതയും, മറ്റുള്ളവരെ നമ്മെക്കാള്‍ കൂടുതലായി കരുതുവാനും സംരക്ഷിക്കുവാനുമുള്ള, നന്മകളും ഒന്നൊന്നായി കുറഞ്ഞു പോകുകയാണല്ലോ എന്നോര്‍ത്ത് ഞാനൊന്നു നെടുവീര്‍പ്പിട്ടു. അപ്പോള്‍ ഈശോ ഒരു കാര്യം പെട്ടെന്ന് ഓര്‍മിപ്പിച്ചു. ”ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (മത്തായി 18/4). അതെനിക്ക് ഒരു വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കി.
പെട്ടെന്ന് ഞാന്‍ നടത്തത്തിന് വേഗത കൂട്ടി, ഈ കുട്ടിമനസിനൊപ്പം എത്തണമെങ്കില്‍ എന്റെ മനസിന്റെ വേഗതയും കൂട്ടണമല്ലോ.

'

By: Silvy Santosh

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

എന്‍റെ കര്‍ത്താവേ, അങ്ങ് ചെയ്തതുപോലെ സഹനങ്ങളെ സ്നേഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! അങ്ങ് ചെയ്തതുപോലെ കുരിശുവഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! ഓ എന്‍റെ കര്‍ത്താവേ! എന്‍റെ എല്ലാ പ്രവൃത്തികളിലും അങ്ങയെ എപ്പോഴും മഹത്വപ്പെടുത്താനും അങ്ങയുമായുള്ള ഐക്യത്തില്‍ സദാ വ്യാപരിക്കുന്നതിനും അങ്ങയുടെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റാനും വേണ്ട കൃപ എനിക്ക് നല്‍കണമേ. യേശുവിന്‍റെ അമ്മയായ മറിയമേ, എന്‍റെ ആത്മാവിന്‍റെ അമ്മേ, സഹനങ്ങളെയും ആന്തരികമായ ആത്മീയജീവിതത്തെയും സ്നേഹിക്കാനുള്ള മാര്‍ഗം ദയവായി എന്നെ പഠിപ്പിക്കണമേ, ആമ്മേന്‍.

'

By: Shalom Tidings

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

തലവേദന കാരണം ഒന്നും ചെയ്യാനാകാതെ,ആരോടും മിണ്ടാനാകാതെ കിടന്നപ്പോള്‍ ഈശോയോട് സംസാരിച്ചു. വിലപ്പെട്ട ചില രഹസ്യങ്ങളാണ് ഈശോ പറഞ്ഞുകൊടുത്തത്.

“തന്‍റെ ആറു മക്കളും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണം വരിക്കുന്നത് കണ്ട ശേഷവും ആ അമ്മ ഏഴാമത്തെ മകനോട് പറഞ്ഞു: “സഹോദരന്മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക. മരണം വരിക്കുക” (2 മക്കബായര്‍ 7/29). ബൈബിളിലെ മക്കബായരുടെ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുകയായിരുന്നു… ഒരമ്മയ്ക്ക് ഇങ്ങനെ പറയാനാകുമോ? ചിന്തിക്കാനാവുമോ? ഇഞ്ചക്ഷനെടുക്കാനായി സൂചി കുഞ്ഞുങ്ങളുടെ കൈയിനടുത്ത് വരുമ്പോള്‍ത്തന്നെ മനസു പിടയും… പിന്നെങ്ങനെ? ചിന്തിക്കുന്തോറും സംശയം ഏറിയതേയുള്ളൂ…

വിശുദ്ധ കൊച്ചുത്രേസ്യയുടെ നവമാലിക തുറന്ന് വായിച്ചപ്പോള്‍ കിട്ടിയതാകട്ടെ രക്ഷസാക്ഷിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍! “ആരാധ്യനായ എന്‍റെ മണവാളാ, അങ്ങയെപ്പോലെ പ്രഹരിക്കപെടുവാനും ക്രൂശിക്കപെടുവാനും ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധ ബര്‍ത്തലോമ്യായെപ്പോലെ തോലുരിയപ്പെട്ടു മരിക്കാന്‍, വിശുദ്ധ യോഹന്നാനെപ്പോലെ തിളച്ച എണ്ണയില്‍ ആഴ്ത്തപ്പെടുവാന്‍, വേദസാക്ഷികളെ ഏല്‍പിച്ച സകല പീഡകളും സഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

ഇരുപത്തിമൂന്നു വയസോളം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നു!! ചിന്തിക്കാന്‍പോലും സാധിക്കുന്നില്ല!

വൈകുന്നേരമായപ്പോള്‍ പതിവില്ലാതെ ഒരു തലവേദന… രാവിലത്തെ വായനയുടെ തീക്ഷ്ണതയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി എന്നൊക്കെ നിയോഗം വച്ച് വേദന സഹിക്കാമെന്നു തീരുമാനിച്ചെങ്കിലും അധികം വൈകാതെ വേദനാസംഹാരി കഴിക്കേണ്ടി വന്നു. തലവേദന കാരണം ഒന്നും ചെയ്യാനാകാതെ, ആരോടും മിണ്ടാനാകാതെ കിടക്കുമ്പോള്‍ ഈശോയോട് സംസാരിക്കാമെന്നു കരുതി.

ഈശോയോട് മനസില്‍ തോന്നിയ സംശയംതന്നെ ചോദിച്ചു, “ആ ഏഴു മക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധ കൊച്ചുത്രേസ്യായ്ക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനാ ഇതു സാധിക്കുന്നത്? ഒരു തലവേദന പോലും എനിക്ക് താങ്ങാനാകുന്നില്ല.”

ഈശോ അടുത്തു വന്നിരുന്നപോലെ തോന്നി. നെറ്റിയില്‍ തലോടി പതിയെ ചിരിച്ചു കൊണ്ട് ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. കുറെ നാളുകള്‍ക്കുമുമ്പ് കഴുത്തുവേദനയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ കുറച്ചു ദിവസത്തേക്ക് തലയണ ഉപയോഗിക്കരുതെന്നു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? പക്ഷേ തലയണ ഇല്ലാതെ ഒരു ദിവസം പോലും ഉറങ്ങാനേ പറ്റാത്തതു കൊണ്ട് അതനുസരിച്ചില്ലല്ലോ. മരുന്നു കഴിച്ച് വേദന മാറ്റി, അല്ലേ?”

അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഈശോ തുടര്‍ന്നു. “എന്നാല്‍ കഴിഞ്ഞ അമ്പതു നോമ്പില്‍ ഒരു കൊച്ചു ത്യാഗമായി തലയണ ഉപയോഗിക്കാതിരുന്നില്ലേ. എന്നിട്ട് അതിന്‍റെ പേരില്‍ ഒരു ദിവസം പോലും ഉറക്കം നഷ്ടപ്പെട്ടുമില്ല, ഒരു അസ്വസ്ഥതയും ഉണ്ടായുമില്ലല്ലോ, അതെന്താ?”‘

ഈശോ അങ്ങനെ ചോദിച്ചപ്പോള്‍ അതു ശരിയാണല്ലോ എന്നാലോചിച്ച് ഇത്തിരി അഹങ്കാരത്തോടെതന്നെ മറുപടി പറഞ്ഞു: “നോമ്പില്‍ പക്ഷേ, എന്‍റെ സ്വന്തം ഇഷ്ടത്താലെ ഈശോയ്ക്കുവേണ്ടി എടുത്ത തീരുമാനമല്ലേ, അതുകൊണ്ട്…”

ഈശോ വീണ്ടും ചിരിച്ചെന്ന് തോന്നി. അടുത്തിരിക്കുന്ന ബൈബിള്‍ എടുക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉത്തമഗീതം ആണ് കിട്ടിയത്. “അവന്‍റെ ഇടതുകരം എന്‍റെ തലയണ ആയിരുന്നെങ്കില്‍!” (ഉത്തമഗീതം 8/3). ഒന്നും മിണ്ടാനാകാതെ കണ്ണടച്ചിരുന്നു. ഇങ്ങനൊരു വചനം ഇതുവരെയും ശ്രദ്ധിച്ചിട്ടില്ലല്ലോ!

ഞാന്‍ തിരിച്ചറിയുകയായിരുന്നു; ആ ദിവസങ്ങളിലെല്ലാം എനിക്കു തലയണയായി എന്നും ഈശോയുടെ ഇടതുകരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍പ്പോലും ഉറക്കം നഷ്ടപ്പെടാതിരുന്നത്. ഈശോയെക്കൂടാതെ, ഈശോയുടെ സാന്നിധ്യം ഇല്ലാതെ ഈശോ നല്‍കുന്ന കൃപകള്‍പോലും സ്വീകരിക്കാനാകില്ലെന്ന് എനിക്ക് നന്നായി മനസിലായി. അമ്പതുനോമ്പില്‍ തലയണ വേണ്ടെന്നുവയ്ക്കാന്‍ എന്‍റെ മനസില്‍ തോന്നിച്ചത് ഈശോ ആയിരുന്നു. എന്നിട്ട് തന്‍റെ ഇടതുകരം എനിക്ക് തലയണയായി തന്നു.

ഇപ്പോള്‍ എനിക്കറിയാം, ആ ഏഴുമക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനെ അത് സാധിച്ചെന്ന്… ഒന്നിലും, നന്മയുടേതായ ചിന്തകളില്‍പ്പോലും, അഹങ്കരിക്കാന്‍ നമുക്കവകാശമില്ല. സിസ്റ്റര്‍ നതാലിയയോട് ഈശോ പറഞ്ഞ പോലെ- “എന്‍റെ മകളേ, ഞാന്‍ അതില്‍ വസിക്കുന്നെങ്കില്‍ മാത്രമേ ഒരാത്മാവ് വിശുദ്ധമായിരിക്കൂ…”

വിശുദ്ധ കൊച്ചുത്രേസ്യയും ‘നവമാലിക’യില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “യേശുതന്നെ എന്‍റെ പാവപ്പെട്ട കുഞ്ഞുഹൃദയത്തിന്‍റെ അടിത്തട്ടില്‍ മറഞ്ഞിരുന്ന് ഓരോ നിമിഷവും ഞാന്‍ ചെയ്യണമെന്ന് താന്‍ തിരുമനസ്സാകുന്നത് എന്നില്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ ചിന്തിക്കണമെന്നു താന്‍ തിരുമനസ്സാകുന്നതെല്ലാം എന്നെക്കൊണ്ടു ചിന്തിപ്പിക്കുകയും ചെയ്യുകയാണെന്ന് തികച്ചും സരളമായ രീതിയില്‍ ഞാന്‍ കരുതുന്നു.”

ഈശോ നമ്മില്‍ വസിക്കുമ്പോള്‍മാത്രമേ ഏത് സാഹചര്യങ്ങളിലും ഈശോയെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.

ഓര്‍മ്മയിലേക്ക് പല മുഖങ്ങളും കടന്നു വന്നു. ഫാനിന്‍റെ കാറ്റുപോലും അസഹനീയ വേദന ഉണ്ടാക്കുന്ന അവസരത്തിലും വേദനസംഹാരികള്‍ കഴിക്കാതെ കണ്ണടച്ചിരുന്ന് എന്‍റെ ഈശോ എന്നു വിളിച്ച് സഹിച്ചിരുന്ന ഒരു സഹോദരന്‍റെ മുഖം. ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നറിയാമായിരുന്നിട്ടും വേദന മൂലം ഒന്നു നിവര്‍ന്നിരിക്കാന്‍പോലും സാധിക്കാതിരുന്നപ്പോഴും ബൈബിള്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്തുപിടിച്ച് സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് കടന്നുപോയ പ്രിയകൂട്ടുകാരിയുടെ മുഖം.

ഈ ഭൂമിയില്‍ ഇനി രണ്ട് ദിവസം കൂടി മാത്രം എന്നു തിരിച്ചറിഞ്ഞപ്പോഴും ഒരിറ്റ് കണ്ണീര്‍ പൊഴിക്കാതെ, പുഞ്ചിരിയോടെ; നിയന്ത്രണമില്ലാതെ കരയുന്ന ഞങ്ങളെ ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച്, നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ച്, ഞാന്‍ ഈശോയുടെ അടുക്കലേക്കല്ലേ പോകുന്നത് എന്നു പറഞ്ഞ് സന്തോഷത്തോടെ കടന്നുപോയ ഞങ്ങളുടെ അപ്പച്ചന്‍റെ മുഖം. അങ്ങനെ എത്രയോ മുഖങ്ങള്‍…

ഈശോയേ, ഇന്ന് ഞാനറിയുന്നു, ആ മുഖങ്ങളിലെല്ലാം നിറഞ്ഞു നിന്നത് അവിടുത്തെ തിരുമുഖമായിരുന്നെന്ന്…

ഒരു കൊച്ചു തലവേദനപോലും പരാതികളില്ലാതെ സഹിക്കണമെങ്കില്‍ ഈശോയേ അങ്ങ് ഞങ്ങളില്‍ വസിക്കണമെന്ന്. അതിനിനിയും എത്രയോ എത്രയോ വളരേണ്ടിയിരിക്കുന്നു…

'

By: Mangala Francis

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല.

അമ്മ പരിഭവപ്പെട്ടു, “ദൈവമേ, എഴുപതു വയസ്സുവരെ രോഗമെന്നും പറഞ്ഞ് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ വയസ്സുകാലത്ത് നീ എന്തിനാ എന്നെ കഷ്ടപ്പെടുത്തുന്നത്.”

അമ്മ ഒരു ശബ്ദം കേട്ടു, “മക്കളാരും നോക്കാനില്ലേ?”

അല്പം അമ്പരപ്പോടെ അമ്മ മറുപടി പറഞ്ഞു, “മക്കളെല്ലാവരും പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു വാക്കു പറഞ്ഞാ മതി. ഏതാശുപത്രിയിലും കൊണ്ടു പോകും. എത്ര പൈസ ചെലവാക്കാനും അവര്‍ക്ക് മടിയില്ല. എങ്കിലും എന്‍റെ കര്‍ത്താവേ എന്‍റെ മുട്ടുവേദന നിനക്ക് മാറ്റാവുന്നതല്ലേയുള്ളൂ.”

മുമ്പത്തെ ശബ്ദം അമ്മ വിണ്ടും കേട്ടു, “രോഗികളായ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളും ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്നവരും അത്യാസന്ന നിലയില്‍ മരണം കാത്തു കിടക്കുന്നവരും ധാരാളമുള്ള ഈ ലോകത്ത് അമ്മ വലിയ അനുഗ്രഹത്തിലല്ലേ കഴിയുന്നത്.”

അമ്മയ്ക്ക് അപ്പോഴും ചെറിയൊരു വിഷമം. “എന്നാലും എന്‍റെ മുട്ടുവേദന മാറാന്‍ ഞാനിപ്പോ എന്താ ചെയ്ക!!”

വീണ്ടും അമ്മയുടെ കാതില്‍ ആ ശബ്ദം, “അത് മാറാന്‍ എളുപ്പമല്ലേ. പ്രാര്‍ത്ഥനയൊന്നു മാറ്റിയാല്‍ മതി. ഈശോയേ, ജനിച്ച നാള്‍ മുതല്‍ ഈ എഴുപതു വയസ്സുവരെ ഒരസുഖവും ഇല്ലാത്ത എന്നെ കാത്തു പരിപാലിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു.”

നാളുകള്‍ കഴിഞ്ഞു, അമ്മ ഇടവിടാതെ സുകൃതജപം പോലെ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. മുട്ടുവേദന മാറിയോ ഇല്ലയോ എന്ന് അമ്മ പിന്നീട് അറിഞ്ഞിട്ടില്ല. പക്ഷേ ദൈവത്തോട് പരിഭവമൊന്നുമില്ലാതെ നന്ദി നിറത്ത ഹൃദയവുമായി ദീര്‍ഘകാലം, ആ അമ്മ സന്തോഷത്തോടെ ജീവിതം തുടര്‍ന്നു.

'

By: Tanny Parekattu

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന ലേഖകന്‍ പ്രാര്‍ത്ഥനാനിയോഗം മാറ്റിയപ്പോള്‍…

ഒപ്പമുണ്ടായിരുന്നവരില്‍ പലരും വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകാനൊരുങ്ങുകയാണ്. അവരെക്കണ്ട് ഞാനും അതിനുവേണ്ടിത്തന്നെ ശ്രമമാരംഭിച്ചു. ഏജന്‍സികളില്‍ പോയി പലതവണയാണ് സംസാരിച്ചത്. ഇരുപത്തയ്യായിരം രൂപ മുടക്കി IELTS പരീക്ഷയ്ക്ക് ബുക്ക് ചെയ്യുകയും ചെയ്തു. അപ്പോഴൊക്കെ ഉള്ളില്‍ എന്തോ ഒരു അതൃപ്തി മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഒരു കൃത്യത ഇല്ലാതിരുന്നതിനാല്‍ അതിനെ ഞാന്‍ കാര്യമായി എടുത്തില്ല. ഏതായാലും മറ്റുള്ളവര്‍ ചെയ്യുന്നതുതന്നെ ഞാനും ചെയ്യാന്‍ തീരുമാനിച്ചു. എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണം. അതിനുവേണ്ടിയാണ് ആ നാളുകളില്‍ ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷേ വൈകാതെ ഉള്ളിലുണ്ടായിരുന്ന അതൃപ്തിയുടെ ആ കൊച്ചുസ്വരം ഞാന്‍ വിവേചിച്ചെടുക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന കുറച്ചുകൂടി വിശാലമാക്കി. പരീക്ഷ, ജോലി എന്നീ വിഷയങ്ങള്‍ മാത്രമായിരുന്ന പ്രാര്‍ത്ഥനയുടെ ലക്ഷ്യം അതില്‍നിന്നും മാറ്റി ദൈവഹിതം വെളിപ്പെടുത്തിക്കിട്ടാന്‍ എന്നതിന് വേണ്ടിയാക്കി.

മെല്ലെമെല്ലെ സാഹചര്യങ്ങളിലൂടെ ദൈവം എന്നെ നയിക്കുന്നതായി തിരിച്ചറിയാന്‍ സാധിച്ചു. ഉള്ളില്‍ത്തന്നെ മുഴുങ്ങുന്ന നേര്‍ത്ത സ്വരത്തിലൂടെയും ദൈവം ഉചിതസമയങ്ങളില്‍ അയച്ച വ്യക്തികളിലൂടെയും ഞാന്‍ അത് കണ്ടെത്തുകയായിരുന്നു. പിന്നെ വച്ചുനീട്ടിയില്ല. വേഗം വന്ന് സെമിനാരിയില്‍ ചേര്‍ന്നു. ബക്കറ്റില്‍ സോപ്പ് പതഞ്ഞു പൊങ്ങിയിരിക്കുമ്പോള്‍ അടിയിലുള്ള വെള്ളം കാണണമെങ്കില്‍ പത കൈകൊണ്ടു എടുത്തുമാറ്റണമല്ലോ? അത്തരത്തില്‍ പ്രാര്‍ത്ഥനകൊണ്ട് മനസിലെ പത എടുത്തുമാറ്റിയപ്പോഴാണ് കാര്യം പിടികിട്ടിയത്. അതായത് പ്രാര്‍ത്ഥന ആഴങ്ങളിലേക്ക് പ്രവേശിച്ചപ്പോഴാണ് വ്യക്തത കിട്ടിയത് എന്നര്‍ത്ഥം.

നമ്മള്‍ എടുക്കുന്ന തീരുമാനം ദൈവഹിതം തന്നെയാണെങ്കില്‍ ഒരുതരം ‘ഫീലിംഗ് ഗുഡ് ‘ നമുക്ക് അനുഭവിക്കാന്‍ പറ്റും. ആരോ കൂടെനിന്ന് സഹായിക്കുന്നതുപോലെ ഓരോ ഘട്ടത്തിലും അനുഭവപ്പെടുകയും ചെയ്യും. അത് നിരാശയോ ആത്മനാശമോ തകര്‍ച്ചയോ വരുത്തില്ലെന്നും പകരം അഭിവൃദ്ധിയും ആനന്ദവുമായിരിക്കുമെന്നും നമുക്കുതന്നെ മനസിലാകാന്‍ തുടങ്ങും. ഓരോ സംഭവങ്ങളുടെ പിന്നാമ്പുറത്തും ദൈവത്തിന്‍റെ കരസ്പര്‍ശം പ്രയാസം കൂടാതെ നമ്മള്‍ കണ്ടെത്തും.

കൊച്ചുകാര്യത്തില്‍പ്പോലും ഇതാണ് സംഭവിക്കുക. ദൈവഹിതം നിറവേറ്റുമ്പോള്‍ അതിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഭയവും സംശയവും ഉണ്ടായിക്കൂടെന്നില്ല. അത്തരത്തില്‍ നിരാശപ്പെടുത്തുന്നതായി എന്തെങ്കിലും തോന്നുന്നുവെങ്കില്‍പ്പോലും അന്ത്യത്തില്‍ നന്മയായിരിക്കും സംഭവിക്കുക. പിന്നീടത് ദൈവം അനുവദിച്ചതായിരുന്നുവെന്നും അതിലൂടെ വലിയൊരു കാര്യം കര്‍ത്താവ് പഠിപ്പിച്ചെന്നും മനസിലാക്കാനാകും, ഉറപ്പ്!

ഒരാളുടെ വിവാഹത്തിന്‍റെ കാര്യം, വിദേശത്ത് പോകുന്ന കാര്യം, ആരംഭിക്കാന്‍ പോകുന്ന സംരംഭം, കൂട്ടിച്ചേര്‍ക്കാന്‍ പോകുന്ന ബിസിനസ് അങ്ങനെ വലിയ കാര്യങ്ങളില്‍ മാത്രമല്ല, കൊച്ചുകൊച്ചു കാര്യങ്ങളില്‍ പോലും ഇത് പരിശീലിക്കുന്നതാണ് ദൈവഹിതം ജീവിക്കുന്നതിലെ ആദ്യത്തെ ചുവട്. ഇപ്പോള്‍ ഞാന്‍ ഇത് ചെയ്യണമോ, ഈ ഫോണ്‍ ഞാന്‍ എടുക്കട്ടെ, ഞാന്‍ അവനോട് ഇങ്ങനെ പറയുന്നതാണോ നിനക്കിഷ്ടം എന്നിങ്ങനെ അനുനിമിഷം ഈശോയോട് ഉള്ളില്‍ സംസാരിച്ചു ചെയ്യുന്നത് ജീവിതത്തിന്‍റെ ശീലമാക്കുക. ഒരു അഭിപ്രായം ചോദിക്കുന്നതുപോലെ.

ഉദാഹരണത്തിന്, ഈ ലേഖനം എഴുതാന്‍ പ്രേരണ ലഭിച്ചയുടനെ അത് ദൈവഹിതമാണോ എന്ന് ചോദിച്ചുറപ്പാക്കിയിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. ചിന്തിച്ചുനോക്കൂ, അല്ലെങ്കില്‍ പാഴായൊരു ശ്രമം ഞാന്‍ നടത്തുകയല്ലേ? ദൈവഹിതം നിറവേറ്റൂ. അത് നമുക്ക് ലാഭമേ വരുത്തൂ. ‘അവന്‍റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ് (1 യോഹന്നാന്‍ 5/14).

ഇതിനുവേണ്ടി മൂന്ന് കാര്യങ്ങള്‍കൂടി ഒപ്പം കരുതുക. അതില്‍ ഒന്നാമത്തേത് പ്രാര്‍ത്ഥനയാണ്.

പ്രാര്‍ത്ഥനയില്‍ സ്ഥിരത കൊണ്ടുവരിക, വിലകൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക, പ്രാര്‍ത്ഥനയുടെ സ്വഭാവം കുറച്ചുകൂടി വിശാലമാക്കുക. ഇവയാണ് പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കേണ്ടത്.

മനഃസാക്ഷിയുടെ വിശുദ്ധീകരണത്തിനായി അടുക്കലടുക്കല്‍ കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന മുടങ്ങാതെ സ്വീകരിക്കുകയും ചെയ്യുക. രണ്ടാമത്തെ കരുതല്‍ ഇതാണ്.

വചനവായനയിലൂടെ ഹൃദയത്തില്‍ മുഴങ്ങുന്ന സ്വരം ശ്രവിക്കാന്‍ വ്യക്തിപരമായി പരിശീലിക്കുക എന്നത് മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും.

ഇവയ്ക്കെല്ലാം മുന്നോടിയായി കൊച്ചുകൊച്ചു കാര്യങ്ങളില്‍പോലും ദൈവഹിതം നിറവേറ്റുന്ന ശീലം ഉടനെ തുടങ്ങുക, ഇപ്പോള്‍ത്തന്നെ.

ഇവ ചെയ്യുന്ന ഒരാത്മാവ് താനേ ദൈവഹിതം എളുപ്പത്തില്‍ കണ്ടെത്തുകയും അതിന് വേഗത്തില്‍ വിധേയപ്പെടുകയും ചെയ്യും. അനുഗ്രഹം പ്രാപിക്കുക എന്ന വാതിലിന്‍റെ വിജാഗിരിയിരിക്കുന്നത് ദൈവഹിതം നിറവേറ്റുക എന്നതിലാണ്.

ഓര്‍ക്കുക, തീരുമാനമാണ് ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം. അത് എപ്പോഴും ദൈവഹിതപ്രകാരമാകട്ടെ. ദൈവത്തെ മഹത്വപ്പെടുത്തുന്നതാകട്ടെ. ദൈവം ഒപ്പം നില്‍ക്കുന്നതാകട്ടെ.

“നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക” (പ്രഭാഷകന്‍ 37/13-15). ډ

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
ഏപ്രി 26, 2024
Enjoy ഏപ്രി 26, 2024

കുറച്ചുനാള്‍ മുമ്പ് ഒരു ഞായറാഴ്ച യു.എസിലെ എന്‍റെ താമസസ്ഥലത്തിനടുത്തുള്ള ലത്തീന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ പോയി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുമ്പസാരിപ്പിക്കുകയും ചെയ്യണമായിരുന്നു. ഇത്തരം അവസരങ്ങളില്‍ പ്രസംഗം കൂടുതല്‍ പ്രധാനമാണ് എന്ന് ചിന്തിച്ചതുകൊണ്ട് ഒരുങ്ങിത്തന്നെയാണ് പോയത്. പ്രസംഗത്തില്‍ ഞാന്‍ ‘പഞ്ച്’ എന്ന് കരുതിയ ഒരു കൂട്ടം ഉണ്ടായിരുന്നു.

പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യമുണ്ട്. പഞ്ച് എന്ന് കരുതി പറയുന്നത് വിചാരിച്ചതുപോലെ വിശ്വാസികളെ സ്വാധീനിക്കണം എന്നില്ല! അത് വ്യക്തമായത് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഒരു കുമ്പസാരം കേട്ടപ്പോഴാണ്. പഞ്ച് ആണെന്നുകരുതിയതല്ല, ഒട്ടും പഞ്ച് ഇല്ലാതെ പറഞ്ഞ ഒരു കാര്യം, ഒരാളെ സ്പര്‍ശിച്ചെന്ന് മനസിലായി. അതിലൂടെ പഴയ ഒരു പാപം ഓര്‍ക്കാനും കുമ്പസാരത്തില്‍ ഏറ്റുപറയാനും ആ വ്യക്തിക്ക് സാധിച്ചു.

അന്നെനിക്ക് കുറച്ചൂകൂടി ആഴത്തില്‍ ബോധ്യമായി. നമ്മള്‍ ഒരുങ്ങണം, പറയണം. പക്ഷേ പഞ്ച് ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. മീനിനെ നോക്കിയല്ല വലയേറിയേണ്ടത്, മറിച്ച് ഈശോയെ നോക്കിയാണ് വല എറിയേണ്ടതെന്ന് സാരം. ലൂക്കാ 5/5-7: ”ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്ക് കിട്ടി….. രണ്ട് വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.”

അത്ഭുതകരമായ ഈ മീന്‍പിടുത്തത്തിന്‍റെ കാര്യം ധ്യാനിക്കുമ്പോള്‍ മനസിലാക്കേണ്ടത് വേറൊന്നല്ല. ഈശോ പറയുന്നതനുസരിച്ച് വലയെറിയുക, അത്രേയുള്ളൂ! പരിശുദ്ധാത്മാവ് ‘വലയെയും മീനുകളെയും’ നയിച്ചോളും, രക്ഷയുടെ അനുഭവത്തിലേക്ക്. പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കുമെന്ന് ഈശോ പ്രവചിച്ചത് പന്തക്കുസ്താദിനത്തില്‍ അക്ഷരം പ്രതി നിറവേറിയത് കണ്ടില്ലേ? പലതരം ആളുകള്‍ ആയിരുന്നല്ലോ, അന്നവിടെ ഉണ്ടായിരുന്നത്. എന്നിട്ടും വല നിറയെ മീന്‍ കിട്ടി.

ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍, നാം വിചാരിക്കുന്ന രീതിയില്‍, കുഞ്ഞുങ്ങള്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നില്ലെന്ന് കരുതി സങ്കടപ്പെടേണ്ട. അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ഏറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാം കാണുന്നില്ല എന്നേയുള്ളൂ.
ഈശോ പറയുന്നത് കേള്‍ക്കാനും ഈശോയോട് വിശ്വസ്തത പുലര്‍ത്താനും നാം ശ്രദ്ധിച്ചാല്‍ മാത്രം മതി. പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ നിശബ്ദ സഹനങ്ങളൊക്കെ ഉണ്ടല്ലോ… നിങ്ങളറിയുന്നില്ലെന്നേയുള്ളൂ; ദൈവാത്മാവിന്‍റെ കൈയിലെ വലയാണ്, നിങ്ങളുടെ കുഞ്ഞുങ്ങളെ നിത്യതയുടെ തീരത്തിലേക്ക് അടുപ്പിക്കുന്ന വല.
അതിനാല്‍ ഈശോയുടെ കൈയിലെ വലകളായി നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടട്ടെ, ആമ്മേന്‍.

'

By: Father Joseph Alex

More