- Latest articles
താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല
2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്‍റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്‍റെ വാതിലില്‍ ബാങ്കിന്‍റെ ജപ്തിനോട്ടീസ്!
ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: “നിങ്ങള്‍ താമസിക്കുന്ന വീടിന് ലോണ്‍ ഉണ്ട്. വീടിന്‍റെ ഉടമ വളരെ ദൂരെയുള്ള ആളാണ്. നിങ്ങള്‍ തരുന്ന വീട്ടുവാടക സ്ഥിരമായി ബാങ്കില്‍ അടയ്ക്കാന്‍ വേറെ ഒരു വ്യക്തിയെ ഏല്പിച്ചിരുന്നു. ആ വ്യക്തി നാളുകളായി ബാങ്കില്‍ അടയ്ക്കാത്തതുകൊണ്ടാണ് ജപ്തി വന്നിരിക്കുന്നത്.” ഇതൊന്നുംകൂടാതെ ഞങ്ങളെ ഏറെ വിഷമത്തിലാക്കുന്ന ഒരു കാര്യംകൂടി അദ്ദേഹം അറിയിച്ചു, “ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ആ വീട്ടില്‍നിന്ന് താമസം മാറണം!”
“എത്ര കഷ്ടപ്പെട്ടാണ് ദൈവമേ ഈ വീടുതന്നെ കിട്ടിയത്?” ഭാര്യ ആത്മഗതം ചെയ്തു. അടുത്ത ദിവസം അതാ എന്‍റെ വീട്ടില്‍നിന്ന് പപ്പാ വിളിച്ചു പറയുന്നു, “ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്!” ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുന്ന ദിവസവും വീട് മാറേണ്ട അവസാന ദിവസവും ഒന്നാണ്. അതുകൂടി ശ്രദ്ധിച്ചപ്പോള്‍ ആകെ അസ്വസ്ഥതയായി.
ഞങ്ങള്‍ രണ്ടുപേരും പരിചയമുള്ള എല്ലാവരോടും വീട് അന്വേഷിച്ചു. മൂന്നാഴ്ചയോളം അന്വേഷിച്ചിട്ടും കിട്ടിയില്ല, ആകെ സങ്കടം. ഇനി ഒരാഴ്ചമാത്രമേയുള്ളൂ വീടിന് കാലാവധി.
എന്തായാലും അതിനുശേഷം വന്ന ഞായറാഴ്ച പതിവുപോലെ ദൈവാലയത്തില്‍ പോയി. അന്ന് അവിടത്തെ ഇടവകദൈവാലയത്തില്‍ വാര്‍ഷിക ധ്യാനത്തിന്‍റെ അവസാന ദിവസമായിരുന്നു. ഞങ്ങള്‍ ആ ദിവസത്തെ ധ്യാനമേ കൂടിയുള്ളൂ. തിരിച്ചുവന്നതിനുശേഷം ഒരു അങ്കിള്‍ പറഞ്ഞതിന്‍പ്രകാരം ഒരു വീട് കാണാന്‍ പോകണം. അങ്കിള്‍ ആ വീട് കിട്ടുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പില്‍ ഞങ്ങള്‍ സമാധാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചപ്പോള്‍ അങ്കിള്‍ പറഞ്ഞു, “എടാ ആ വീട് കിട്ടില്ല.” അത് കേട്ടപ്പോള്‍ത്തന്നെ ധ്യാനംകൂടിയ എല്ലാ സന്തോഷവും പോയി. ആകെ നിരാശപ്പെട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു.
അന്നത്തെ ധ്യാനപ്രസംഗം മാതാവിനെക്കുറിച്ചായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയില്‍ ‘നിന്‍റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ’ എന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അതുകൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ല, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ മാതാവിനോട് ശക്തമായി മാധ്യസ്ഥ്യം അപേക്ഷിക്കണം. ധ്യാനഗുരു പറഞ്ഞ ഈ ഭാഗം ഞങ്ങളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഉടനെതന്നെ ഭാര്യയുടെ താല്പര്യപ്രകാരം മാതാവിന്‍റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി വീട് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ കരഞ്ഞ് ജപമാല ചൊല്ലി. ഈ സാഹചര്യത്തില്‍ മാതാവ് ഞങ്ങളെ കൈവിടില്ല എന്നുള്ള വിശ്വാസത്തില്‍നിന്നുള്ള നിലവിളിയായിരുന്നു.
പിന്നീട് ഞാന്‍ ശാന്തമായി കിടന്നു. വൈകുന്നേരം വീണ്ടും വീട് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ട ഒരു ചെറിയ കടയിലെ വ്യക്തിയോട് അന്വേഷിക്കാന്‍ തോന്നി. ഞാന്‍ അവിടെച്ചെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, “ഇവിടെ അടുത്തുതന്നെ ഒരു വീട് ഉണ്ട്. ഇന്ന് ഒരു വീടിന്‍റെ കാര്യം ഒരാള്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് ഉടനെ താമസക്കാരെ വേണമെന്ന്!” അവര്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ അയാള്‍ വിളിച്ച് സംസാരിച്ചു. വീട് ഏര്‍പ്പാടാക്കി. മൂന്ന് ആഴ്ച പലരിലൂടെ അന്വേഷിച്ചിട്ട് നടക്കാത്ത കാര്യം മാതാവിനോടുള്ള മാധ്യസ്ഥ്യം വഴി ഏതാനും മണിക്കൂറുകള്‍ക്കകം നടന്നു.
എന്തെന്നില്ലാത്ത സന്തോഷം തോന്നി, മാതാവ് ഇത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടതിന്. ഉടനെതന്നെ പറഞ്ഞ വീട് പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത ദിവസം വാടകച്ചീട്ട് എഴുതാനും സാധിച്ചു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലിയെന്ന് പറഞ്ഞാലും ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്നും മാതാവ് ഇത്രയും വേഗത്തില്‍ ഇടപെടുമെന്നും അന്നാണ് അത്രയും ബോധ്യം വന്നത്.
ആദ്യം താമസിച്ചിരുന്ന വീടിനെക്കാള്‍ നല്ലതും വാടക കുറവും ഉള്ള വീട് ആയിരുന്നു അത്. നാട്ടില്‍നിന്ന് മാതാപിതാക്കള്‍ വരുന്ന അന്നുതന്നെ ഞങ്ങള്‍ക്ക് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു. ഈ സംഭവത്തിനുശേഷം എനിക്ക് ജപമാല പ്രാര്‍ത്ഥനയോടുള്ള വിരസത മാറി. ജപമാല പ്രാര്‍ത്ഥന വേഗത കുറച്ച് സ്ഫുടതയോടെ ചൊല്ലാന്‍ തുടങ്ങി. ലുത്തിനിയയുടെ വേഗതയും കുറച്ചു. അന്ന് വീട് ലഭിക്കാനുണ്ടായ താമസം മാതാവിന്‍റെ ഇടപെടല്‍ അറിയാന്‍ കാരണമായി. ഇന്നും ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ജപമാല ചെല്ലും. ചില കാര്യങ്ങളില്‍ മാതാവ് പെട്ടെന്ന് ഇടപെടും, ചിലതില്‍ സാവകാശവും. ഉത്തരം കിട്ടുന്നതു വരെ കാത്തിരിക്കാനുള്ള കൃപയും മാതാവിലൂടെ ഈശോ തന്നു. താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.
നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം തിന്മയാണന്ന് കരുതാതെ അതില്‍ ദൈവത്തിന്‍റെ ശക്തമായ ഇടപെടല്‍ നടക്കും എന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. “അവിടുന്ന് സമസ്തവും അതതിന്‍റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്‍റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവന് കഴിവില്ല” (സഭാപ്രസംഗകന്‍ 3/11).
'ആലോചിച്ചുനോക്കൂ, ദൈവം നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്കിയിട്ടുാേ?
നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്?
ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ.
രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ.
മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ.
നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ.
അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ.
ഹൃദയബന്ധത്തിന്‍റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്‍റെ അടയാളവും.
ഒരു അടുത്ത സ്നേഹിതനോട് എന്ന പോലെ ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, പാളിപ്പോയ തീരുമാനങ്ങളെപ്പറ്റിയൊക്കെ ദൈവത്തോടു പറയുന്നതും പ്രാര്‍ത്ഥന തന്നെയാണ്. അതെപ്പോഴും സ്റ്റേഷനറി കടയില്‍ കൊടുക്കുന്ന ഒരു നീണ്ട ലിസ്റ്റു പോലെ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക സമര്‍പ്പണം തന്നെയാകണമെന്നില്ല. ഹൃദയം തുറന്നു മിണ്ടാത്തതു കൊണ്ട് തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ഒന്നാമത്തേത് ദൈവവുമായുള്ള ബന്ധം തന്നെയാണ്, തീര്‍ച്ച.
ഒരുമിച്ചു ചെലവഴിക്കുന്ന സമയവും സാമീപ്യവും പ്രധാനമാണ്. അതിന് പള്ളിയകം തന്നെ വേണമെന്നുണ്ടോ? വീട്ടിലെ തിരുഹൃദയരൂപത്തിന്‍റെ മുമ്പില്‍ മാത്രമേ ആകാവൂ എന്നാണോ? എപ്പോഴൊക്കെ തനിയെയാകുന്നോ അപ്പോഴെല്ലാം ഹൃദയം കൊണ്ട് ഒപ്പമാകാവുന്നതേയുള്ളൂ. ഒരിറ്റ് പ്രൈവസി കിട്ടിയാല്‍ അപ്പോഴേ ഫോണ്‍ എടുത്ത് ‘കമ്യൂണിക്കേറ്റ്’ ചെയ്യാന്‍ തത്രപ്പെടുന്നവരില്‍ നിന്നും പഠിക്കാവുന്ന പാഠം.
അബദ്ധം പറ്റിപ്പോയിയെന്ന്, തെറ്റു പറ്റിയെന്ന്, എന്‍റെ എടുത്തു ചാട്ടവും മുന്‍ ശുണ്ഠിയുമാണ് കാരണമെന്ന്, ഞാന്‍ കുറെക്കൂടി മാറാനുണ്ട് എന്ന്, എന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെന്ന് ഏറ്റുപറയുന്ന നിമിഷം മറ്റെയാള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ അയാളുടെ മുമ്പില്‍ കൊമ്പുകുത്തിയെന്ന് കരുതിയാണ് എന്നു ചിന്തിച്ചാല്‍ തെറ്റി. നിങ്ങള്‍ സ്വയം തിരിച്ചറിയുന്നതിലും സ്വയം ശുദ്ധീകരിക്കാന്‍ കാട്ടുന്ന സന്നദ്ധതയിലുമുള്ള സന്തോഷമാണവിടെയുള്ളത്. തന്‍റെ മുമ്പില്‍ മുട്ടുകുത്തുന്ന മനുഷ്യനല്ല, തന്‍റെ മുമ്പില്‍ രൂപാന്തരപ്പെടുന്ന മനുഷ്യനാണ് ദൈവത്തിന്‍റെ സ്വപ്നം.
പരാതി പറച്ചിലാണ് ഒരു ബന്ധത്തെ അടിമുടി തകര്‍ക്കുക. എനിക്കു കിട്ടിയില്ല എന്ന നിരന്തരമായ ആവലാതിയും, തന്നേ തീരൂ എന്ന പിടിവാശിയും. പെരുന്നാള്‍ പറമ്പിലെ ചിന്തിക്കടകള്‍ക്കു മുമ്പില്‍ ഓരോ കളിപ്പാട്ടത്തിനു വേണ്ടിയും കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞ് അപ്പനിലുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അപ്പോഴുമയാള്‍ തിരയുന്നത് ഇതിനെക്കാള്‍ വിലയുളള ഒന്ന് കുഞ്ഞിനു നല്‍കാനുണ്ടോ എന്നു തന്നെയാവില്ലേ? ചിലപ്പോള്‍ ദൈവം മൗനിയാകുന്നത് കൂടുതല്‍ മെച്ചപ്പെട്ടതൊന്ന് കണ്ടെത്തി നല്‍കുന്നതിനു വേണ്ടിയാകണം. സമീപകാലത്ത് പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗ് വിശ്വാസിക്കും ബാധകമാണ്, ‘ക്ഷമ വേണം, സമയമെടുക്കും.’
സമ്മാനം സമ്മാനമാകുന്നത് അതിന്‍റെ വിലയും വലിപ്പവും കൊണ്ടല്ല. അതുണ്ടാക്കുന്ന സര്‍പ്രൈസ് കൊണ്ടാണ്. നാളിതുവരെയുള്ള ദൈവബന്ധത്തില്‍, പിന്തിരിഞ്ഞു നോക്കിയാല്‍ ദൈവം എനിക്കു സര്‍പ്രൈസ് തന്നിട്ടില്ലേ? കുറഞ്ഞത് ഒരു തവണയെങ്കിലും? ഞാനോ? തിരികെ എന്തു സര്‍പ്രൈസാണ് നല്‍കിയിട്ടുള്ളത്? വരുമാനം കൊണ്ട്, ആരോഗ്യം കൊണ്ട്, കഴിവുകൊണ്ട്, ഒക്കെ സമ്പന്നനായ ഞാന്‍ ദൈവത്തിന്‍റെ ഹൃദയത്തെ തൊടും വിധം എന്തു സമ്മാനമാണൊരുക്കിയത്?
പ്രണയിക്കാം ദൈവത്തെ. അവിടുത്തേക്ക് സമ്മാനങ്ങള്‍ നല്കുകയുമാവാം. “കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്ന് തന്‍റെ ഉടമ്പടി അവരെ അറിയിക്കും” (സങ്കീര്‍ത്തനങ്ങള്‍ 25/14)
'തിരുവചനവെളിച്ചത്തില്‍ കരച്ചിലിനെ പരിശോധിക്കാം
യേശുവിന്‍റെ കുരിശുമരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും സ്വര്‍ഗാരോഹണത്തിന്‍റെയും എല്ലാം ഓര്‍മകൊണ്ടാടലുകളിലൂടെ കടന്നുപോവുകയാണല്ലോ നാമിപ്പോള്‍. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ സമയത്ത് ശിഷ്യസമൂഹം അനുഭവിക്കാന്‍ പോകുന്ന കഠിനമായ ദുഃഖങ്ങളുടെയും കരച്ചിലിന്‍റെയും വിലാപത്തിന്‍റെയും നാളുകളെകുറിച്ചും അതിനുശേഷം യേശുവിന്‍റെ ഉയിര്‍പ്പിലൂടെ സംജാതമാകാന്‍ പോകുന്ന അതിരില്ലാത്ത സന്തോഷത്തിന്‍റെ അനുഭവങ്ങളെക്കുറിച്ചും മുന്നറിവു നല്‍കിക്കൊണ്ട് യേശു തന്‍റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. “നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും. എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്ക് ദുഃഖം ഉണ്ടാകുന്നു. എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്നും എടുത്തുകളയുകയുമില്ല” (യോഹന്നാന്‍ 16/20-22).
ഇത് രക്ഷാകരം
രക്ഷയുടെ സന്തോഷത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന രക്ഷാകരമായ ദുഃഖത്തെക്കുറിച്ചും കണ്ണുനീരിനെക്കുറിച്ചുമാണ് മേല്‍പ്പറഞ്ഞ വരികളിലൂടെ ഈശോ തന്‍റെ ശിഷ്യന്മാര്‍ക്കും അവര്‍വഴി നമുക്കും വെളിപ്പെടുത്തിത്തരുന്നത്. കരയുന്നവരെ തീരെ കഴമ്പില്ലാത്തവരായും കരച്ചില്‍ വലിയൊരു ബലഹീനതയായും അത് മിക്കവാറുംതന്നെ സ്ത്രീവര്‍ഗത്തിന്‍റെ ഒരു സ്വഭാവപ്രത്യേകതയായും ഒക്കെയാണ് നമുക്ക് ചുറ്റുമുള്ള ലോകം മനസിലാക്കിയിരിക്കുന്നത്. കരഞ്ഞാലത് വലിയ മോശമാണ്. പൗരുഷമില്ലായ്മയുടെ തെളിവാണ് എന്നൊക്കെ ലോകര്‍ പറഞ്ഞുകേട്ടിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ജീവിതത്തില്‍ അനേകവട്ടം കരഞ്ഞിട്ടുള്ള ധീരന്മാരെയും ധീരകളെയും ദൈവവചനത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് കണ്ടെത്തുവാന്‍ കഴിയും.
യേശുവിന്‍റെ കരച്ചില്‍
കരയുന്ന യേശുവിനെ വിശുദ്ധ ഗ്രന്ഥത്തില്‍ പലവട്ടം നമുക്ക് കണ്ടുമുട്ടുവാന്‍ കഴിയും. തന്‍റെ സ്നേഹിതനായ ലാസറിനെ ഉയിര്‍പ്പിക്കുവാന്‍ പോകുന്നതിന്‍റെ തൊട്ടുമുമ്പ് അവന്‍റെ ശവകുടീരത്തിന്‍റെ മുമ്പില്‍ നിന്നുകൊണ്ട് അവാച്യമായ നെടുവീര്‍പ്പുകളോടെ കണ്ണീര്‍ പൊഴിച്ചു പ്രാര്‍ത്ഥിക്കുന്ന യേശുവിനെ (യോഹന്നാന്‍ 11/35) നമുക്കെല്ലാവര്‍ക്കും വളരെ പരിചയമുണ്ട്.
അതുപോലെതന്നെ ദൈവത്തിന്‍റെ രക്ഷാകരമായ വഴികളെയെല്ലാം പിന്‍കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ് തീവ്രമായ വേഗതയില്‍ നാശത്തിലേക്ക് കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്ന ജറുസലേമിനെയും അതില്‍ വസിച്ചിരുന്ന സ്വന്തജനത്തെയും നോക്കി യേശു ഇപ്രകാരം വിലപിക്കുന്നു. “ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുത്തേക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ത്തുനിര്‍ത്തുന്നതുപോലെ നിന്‍റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു…” (ലൂക്കാ 13/34-35).
ഗദ്സമനിയുടെ ഏകാന്തതയില്‍ ഒറ്റയ്ക്കായിരുന്നുകൊണ്ട് വരാന്‍പോകുന്ന പീഡാനുഭവങ്ങളെയോര്‍ത്ത് പര്യാകുലനായി പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേയെന്ന് കരഞ്ഞു യാചിക്കുന്ന യേശുവിന്‍റെ കരച്ചില്‍ ബലഹീനതയുടെ പ്രതീകമല്ല.
വീണ്ടുമതാ കാല്‍വരിയുടെ നെറുകയില്‍ കുരിശിന്മേല്‍ തൂങ്ങിക്കിടന്നുകൊണ്ട് “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് ആര്‍ത്തനായി വിലപിക്കുന്ന യേശുവിന്‍റെ കരച്ചിലിന്‍റെ സ്വരവും നാം അനേകവട്ടം കേട്ടിട്ടുണ്ട്.
യേശുവിന്‍റെ മരണവും അത്യധികം വേദനാപൂര്‍ണമായിരുന്നു. “യേശു ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞു” എന്നാണ് തിരുവചനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യേശു കരഞ്ഞ ഈ കരച്ചിലെല്ലാം ബലഹീനതയുടെ അടയാളമായിരുന്നോ?
വെളിപാടുകളിലെ യേശു!
യേശുവിന്‍റെ പരസ്യജീവിതം ഒരിക്കലും നേരില്‍ കാണാത്തവനും എന്നാല്‍ യേശുവിന്‍റെ പുനരുത്ഥാനത്തിനും സ്വര്‍ഗാരോഹണത്തിനുംശേഷം അവന്‍റെ യഥാര്‍ത്ഥ ജീവിതം വെളിപാടുകളിലൂടെ കണ്ടു ബോധ്യപ്പെട്ട് വിശ്വസിച്ചവനും ആയിരുന്നു വിജാതീയരുടെ അപ്പസ്തോലനായ പൗലോസ് ശ്ലീഹാ. അദ്ദേഹമാണ് തന്‍റെ പിതാവിന്‍റെ സന്നിധിയില്‍ തന്‍റെ രഹസ്യപ്രാര്‍ത്ഥനകളുടെ വേളകളില്‍ പലവട്ടം കണ്ണുനീരോടും വിലാപത്തോടുംകൂടി കരുണക്കുവേണ്ടി യാചിക്കുന്ന യേശുവിന്‍റെ മുഖം ലോകത്തിനു വെളിപ്പെടുത്തുന്നത്. വചനം ഇപ്രകാരം പറയുന്നു: “തന്‍റെ ഐഹികജീവിതകാലത്ത് ക്രിസ്തു മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളവന് കണ്ണുനീരോടും വലിയ വിലാപത്തോടുംകൂടി പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ത്ഥന കേട്ടു. പുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു” (ഹെബ്രായര്‍ 5/7-8).
കരയുന്ന ഒരു പിതാവിന്‍റെ മുഖം നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട് പ്രവാചകനായ ഏശയ്യാ. പുത്രന് ദുഃഖമുണ്ടായാല്‍ പിതാവിനോടു പറയാം. പിതാവ് തന്‍റെ ദുഃഖം ആരോടു പറയും? കേള്‍ക്കാനും ആശ്വസിപ്പിക്കുവാനും ആരുമില്ലാതിരിക്കെ തന്‍റെതന്നെ സൃഷ്ടിയായ ആകാശത്തോടും ഭൂമിയോടും തന്‍റെ ദുഃഖം ഏറ്റുപറഞ്ഞ് കണ്ണീരൊഴുക്കി വിലപിക്കുന്ന ഒരു പിതാവിനെ ഏശയ്യാ പ്രവചനങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. “ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു. കാള അതിന്‍റെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിന്‍റെ യജമാനന്‍റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്‍റെ ജനം മനസിലാക്കുന്നില്ല” (ഏശയ്യാ 1/2-3).
മോശയും കരഞ്ഞവന്‍
അഭിഷിക്തനേതാവായ മോശ തന്‍റെ ശുശ്രൂഷാ ജീവിതത്തില്‍ പലവട്ടം കരഞ്ഞവനായിരുന്നു. മരുഭൂയാത്രയ്ക്കിടയിലും അനേകവട്ടം സത്യദൈവത്തെ പരിത്യജിച്ച് വിഗ്രഹാരാധനയിലും മറ്റു പല കഠിന പാപങ്ങളിലും തീവ്രതയോടെ മുഴുകിപ്പോയ ഇസ്രായേല്‍ ജനത്തെ ഒന്നാകെ മരുഭൂമിയില്‍വച്ച് നശിപ്പിക്കുവാനായി ദൈവം ഒരുമ്പെടുമ്പോള്‍ ദൈവത്തിനുമുമ്പില്‍ കൈ വിരിച്ചുപിടിച്ച് തടഞ്ഞുകൊണ്ട് ജനത്തിന്‍റെ പാപമോചനത്തിനുവേണ്ടി തന്‍റെ ജീവന്‍ പകരമായി തന്നുകൊള്ളാം എന്നുപറഞ്ഞ് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരു മോശയെ നമുക്ക് തിരുവചനങ്ങളില്‍ കണ്ടെത്തുവാന്‍ കഴിയും. മോശ ദൈവതിരുമുമ്പില്‍ ഇപ്രകാരം കരയുന്നു. “കര്‍ത്താവേ, അങ്ങ് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍ അവിടുന്ന് എഴുതിയിട്ടുള്ള ജീവന്‍റെ പുസ്തകത്തില്‍നിന്ന് എന്‍റെ പേര് മായിച്ചുകളഞ്ഞാലും” (പുറപ്പാട് 32/32).
കരയുന്ന മോനിക്ക കാര്യപ്രാപ്തിയുള്ളവള്‍
അവിശ്വാസിയായ തന്‍റെ ഭര്‍ത്താവിന്‍റെ മാനസാന്തരത്തിനുവേണ്ടിയും ദുര്‍മാര്‍ഗിയായ തന്‍റെ മകന്‍റെ വീണ്ടെടുപ്പിനുവേണ്ടിയും അതോടൊപ്പംതന്നെ അവിശ്വാസികളായ ഇവരുടെ രണ്ടുപേരുടെയും മധ്യത്തില്‍ ഉള്ള തന്‍റെ വിശ്വാസജീവിതത്തിന്‍റെ നിലനില്‍പിനുവേണ്ടിയും നിരന്തരം നെഞ്ചുരുകി പ്രാര്‍ത്ഥിച്ചവള്‍! അവള്‍ പ്രാര്‍ത്ഥിച്ചതെല്ലാം നീണ്ട 18 വര്‍ഷത്തെ കണ്ണുനീര്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ ദൈവം അവള്‍ക്ക് സാധിച്ചുകൊടുത്തു. മകനും ഭര്‍ത്താവും മാനസാന്തരപ്പെട്ടു. അവിശ്വാസികളായ അവരുടെ മധ്യത്തില്‍ വിശ്വാസസ്ഥിരതയോടെ നിന്നു പോരാടി ജയിച്ച അവള്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. മകന്‍ അഗസ്റ്റിനും വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. ഭര്‍ത്താവ് വിശുദ്ധനായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പൂര്‍ണമാനസാന്തരം സംഭവിച്ചവനായിട്ടാണ് മരിച്ചത്. ഇതില്‍ ഏറ്റവും അതിശയകരമായ വസ്തുത എവിടെയെല്ലാം മോനിക്ക പുണ്യവതിയുടെ ചിത്രം അച്ചടിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം കൈയില്‍ തൂവാലയുമായി കരഞ്ഞു കണ്ണീര്‍ തുടച്ചുകൊണ്ടിരിക്കുന്ന ഒരമ്മയായിട്ടാണ് മോനിക്കയെ ചിത്രീകരിച്ചിരിക്കുന്നത്. ഈ കണ്ണുനീരിന്‍റെ പുത്രിയെ ദൈവം ഒരുനാളും കൈവിടുകയില്ല എന്ന മെത്രാനായ അംബ്രോസിന്‍റെ പ്രവചനം ആ കുടുംബത്തില്‍ നിറവേറി. ക്രിസ്തീയ ജീവിതത്തില്‍ കണ്ണുനീരില്ല എന്ന് ശാഠ്യം പിടിച്ച് വാദിക്കുന്നവരേ, ഒന്ന് ചിന്തിച്ചുനോക്കൂ. ഈ മോനിക്കയുടെ കണ്ണുനീര്‍ ഒരു ചപലതയോ പരാജയമോ ആയിരുന്നുവോ?
അമ്മമേരിയും രക്തക്കണ്ണുനീരിന്‍റെ പുത്രി
പരിശുദ്ധ അമ്മയുടെ ഏഴു കഠിന വ്യാകുലങ്ങളെക്കുറിച്ച് നാം വായിക്കാറും ധ്യാനിക്കാറുമുണ്ട്. ഈ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പരിശുദ്ധ അമ്മയുടെ രക്ഷാകര സഹനത്തിലുള്ള പങ്കുചേരല്‍ കേവലം കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. ജീവിതത്തിലുടനീളം നീണ്ടുനില്‍ക്കുന്നതായിരുന്നു. മരണശേഷം മഹത്വീകൃതയായി സ്വര്‍ഗസീയോനിലേക്ക് എടുക്കപ്പെട്ടതിനുശേഷം സ്വര്‍ഗരാജ്ഞിയായി കിരീടം ധരിക്കപ്പെട്ടു വാഴുമ്പോഴും സഹരക്ഷകയായ അവള്‍ സഹിക്കുന്നവളും കണ്ണുനീരൊഴുക്കുന്നവളുമാണ്. ലോകത്തിന്‍റെ മാനസാന്തരത്തിനും രക്ഷയ്ക്കുംവേണ്ടി രക്തക്കണ്ണുനീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന പരിശുദ്ധ അമ്മയുടെ പല പ്രത്യക്ഷീകരണങ്ങള്‍ക്കും സഭയും ലോകവും ഇന്ന് സാക്ഷികളാണ്. ഇനിയും പറയൂ ഈ അമ്മയുടെ കണ്ണുനീര്‍ ഒരു ചപലതയോ ബലഹീനതയോ ആണോ?
ഇത് സഭയുടെ നഷ്ടം
സഭയ്ക്കിന്ന് ഏറെ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് താന്‍ നയിക്കുന്ന ജനത്തിനുവേണ്ടി ജീവന്‍ ബലിയായി നല്‍കാന്‍ തയാറായി രക്തക്കണ്ണുനീരൊഴുക്കി മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള മോശയെപ്പോലുള്ള മധ്യസ്ഥന്മാരെ സഭയ്ക്ക് നഷ്ടമായിരിക്കുന്നു എന്നുള്ളതാണ്. തന്നെ ദൈവമേല്‍പിച്ചിരിക്കുന്ന കുടുംബത്തിനുവേണ്ടി ദൈവം നിശ്ചയിക്കുന്ന നാള്‍വരെയും ദീര്‍ഘക്ഷമയോടെ കണ്ണുനീരൊഴുക്കി മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള മോനിക്കമാരെ സഭയ്ക്കിന്ന് നഷ്ടമായിരിക്കുന്നു! കൂടാതെ പരിശുദ്ധാത്മാവിന്‍റെ സ്വരത്തിന് ചെവികൊടുക്കാനും അവിടുന്നു നയിക്കുന്ന ഇടുങ്ങിയ വഴികള്‍ ക്ലേശകരമെങ്കിലും അതു പിന്‍ചെല്ലുവാനും തയാറുള്ള വിശ്വാസവീരന്മാരെ സഭയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും സുഖത്തിന്‍റെയും ലൗകിക സന്തോഷത്തിന്‍റെയും വഴികള്‍തന്നെയാണ് പുല്‍കാനിഷ്ടം. ഈ തിരിച്ചറിവോടെ നമുക്ക് നമ്മുടെ ജീവിതങ്ങളെ പുനര്‍ക്രമീകരിക്കാം.
ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: “ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്നും അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിന്‍റെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. ഞങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നെങ്കില്‍ അത് നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അത് നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്; ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്” (2 കോറിന്തോസ് 1/4-6).
സകല സമാശ്വാസങ്ങളുടെയും നാഥനായ ഉത്ഥിതനായ യേശു ഈ ഉയിര്‍പ്പിന്‍റെ നാളുകളില്‍ നമ്മെ എല്ലാവിധത്തിലും ആശ്വസിപ്പിച്ചു നയിക്കട്ടെ. എല്ലാവര്‍ക്കും ഹാപ്പി ഈസ്റ്റര്‍ – ആവേ മരിയ.
'ഏത് വലിയ പ്രതിസന്ധികൾക്കു മുകളിലും നമ്മെ ശിരസുയർത്തി നിർത്തുന്ന ക്രിസ്‌തുവിന്‍റെ ഉത്ഥാനശക്തി സ്വന്തമാക്കാനുള്ള മാർഗങ്ങൾ\
ഉത്ഥാനത്തിന്‍റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യത്തോടെ നാം കാണേണ്ടത് നമുക്ക് ഉത്ഥാനരഹസ്യം നല്‍കുന്ന പ്രത്യാശയാണ്. 1 കോറിന്തോസ് 15/12 വചനം ഇപ്രകാരം പറയുന്നു, “ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല ഞങ്ങള്‍ ദൈവത്തിന് കപടസാക്ഷ്യം വഹിക്കുന്നവരായി തീരുന്നു. എന്തെന്നാല്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചുവെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി.”
പൗലോസ് അപ്പസ്തോലന്‍ ആദിമ സഭയ്ക്ക് നല്‍കിയ വലിയ സാക്ഷ്യമാണ് ആദ്യവാചകങ്ങളില്‍ നാം കാണുന്നത്. അവിടുന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം, വിശ്വാസവും വ്യര്‍ത്ഥം. നമ്മുടെ വിശ്വാസത്തിന്‍റെ ആധാരശില യേശുവിന്‍റെ ഉയിര്‍പ്പാണ്. ആ ഉയിര്‍പ്പിന്‍റെ ആഘോഷമാണ് നമ്മുടെ ജീവിതം മുഴുവനും.
ആരാണ് യേശുവിന്‍റെ ഉത്ഥാനം ആദ്യമായി അനുഭവിച്ചത്? ആര്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്? അത് അപ്പസ്തോലന്മാരില്‍ പ്രമുഖനായ പത്രോസ് ശ്ലീഹായ്ക്കല്ല, താന്‍ ഏറ്റവും സ്നേഹിച്ചിരുന്ന യോഹന്നാനും അല്ല. അത് മഗ്ദലേന മറിയത്തിനായിരുന്നു. മഗ്ദലേന മറിയം യേശുവിനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് അവള്‍ യേശുവിനെ അന്വേഷിച്ച് അതിരാവിലെ കല്ലറയിങ്കലേക്ക് പോകുകയാണ്. അവള്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആ കാലഘട്ടത്തില്‍ യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നതിന് തടസമായി യഹൂദര്‍ പറഞ്ഞിരുന്ന കാര്യം ‘ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ യേശുവിനെ അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി’ എന്നുള്ളതായിരുന്നു.
പൊളിച്ചടുക്കിയ കള്ളങ്ങള്‍
എന്നാല്‍ ഈ കള്ളസാക്ഷ്യം ഒരിക്കലും നിലനില്‍ക്കുന്നതല്ല. യേശുവിന്‍റെ ഉത്ഥാനം ഒരു കള്ളപ്രചരണമായിരുന്നെങ്കില്‍ അപ്പസ്തോലന്മാരില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ പത്രോസ് ശ്ലീഹായ്ക്ക് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് സുവിശേഷത്തില്‍ എഴുതിച്ചേര്‍ക്കാമായിരുന്നല്ലോ. പ്രസംഗിക്കാമായിരുന്നല്ലോ. എന്നാല്‍ ഇതൊന്നുമല്ല എഴുതപ്പെട്ടത്, പ്രസംഗിക്കപ്പെട്ടത്. കാരണം ധീരതയോടെ എല്ലാ എതിര്‍പ്പുകളെയും തകര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിച്ചത് ഉത്ഥാനത്തെക്കുറിച്ചുള്ള അവരുടെ ആഴമായ ബോധ്യമാണ്, വ്യക്തിപരമായ ഉത്ഥാനാനുഭവമാണ്.
ശൂന്യമായ ഒരു കല്ലറ അവിടെ നിലനില്ക്കുന്നു. യേശു ഉത്ഥാനം ചെയ്തുവെന്ന് ശക്തിയോടുകൂടി പ്രഘോഷിക്കുമ്പോള്‍ ആ കല്ലറ പരിശോധിക്കാനുള്ള അവസരം എല്ലാവര്‍ക്കും ഉണ്ടല്ലോ. ആദ്യകാലഘട്ടത്തിലെ യഹൂദര്‍ ഈ അപ്പസ്തോലന്മാര്‍ പറയുന്നത് സത്യമാണോ എന്നറിയുന്നതിനുവേണ്ടി കല്ലറ പരിശോധിച്ചിട്ടുണ്ടാകും. അവരാരും അത് നിഷേധിച്ചിട്ടില്ല എന്നു മാത്രമല്ല, ഇപ്പോഴും അനേകായിരങ്ങള്‍ ആ കല്ലറയിങ്കല്‍ തടിച്ചുകൂടുന്നു. എത്രയോ വലിയ ശക്തിയാണ് അതിലൂടെ ലഭിക്കുന്നത്.
ഉത്ഥാനത്തില്‍ അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന ഈ വിശ്വാസം യേശുവിനെ നേരിട്ട് കാണുകപോലും ചെയ്യാത്ത പൗലോസ് അപ്പസ്തോലന്‍ പ്രഘോഷണത്തിന്‍റെ അടിസ്ഥാനമായി സ്വീകരിച്ചത് എന്തുകൊണ്ടാണ്? ആ കാലഘട്ടത്തില്‍ സഭയെ എതിര്‍ത്ത വ്യക്തിയായിരുന്നല്ലോ അദ്ദേഹം. യേശു ഉത്ഥാനം ചെയ്തിട്ടില്ല എന്ന കള്ളപ്രചരണത്തില്‍ ഒരു തരിയെങ്കിലും സത്യമുണ്ടെങ്കില്‍ ധിഷണാശാലിയും ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ മിസ്റ്റിക്കുമായ പൗലോസ് അപ്പസ്തോലന്‍ അത് പ്രചരിപ്പിക്കുമായിരുന്നോ? ആ സ്നേഹത്തില്‍നിന്ന് ആര്‍ക്കെന്നെ വേര്‍പെടുത്താനാവും- ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ (റോമാ 8/35) എന്ന് പറയുമായിരുന്നോ?
യേശുവിന്‍റെ ഉത്ഥാനം ഒരു അനുഭവമായി യേശുതന്നെ പൗലോസ് അപ്പസ്തോലന് വെളിവാക്കിക്കൊടുത്തു. ആ ബോധ്യമാണ് സുവിശേഷം പ്രസംഗിക്കുവാന്‍ അപ്പസ്തോലനെ ശക്തിപ്പെടുത്തിയത്. ഞാന്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ കുരിശില്‍ ഞാന്‍ അഭിമാനിക്കും. മറ്റെവിടെയും അഭിമാനിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട്, തീക്ഷ്ണതയോടെ സുവിശേഷം പങ്കുവയ്ക്കാന്‍ അപ്പസ്തോലന് സാധിച്ചത് ഈ ക്രിസ്ത്വാനുഭവത്തിലൂടെയാണ്. ഇത്തരത്തില്‍, അവിടുത്തെ ഉത്ഥാനത്തെ സംബന്ധിച്ച് ധാരാളം തെളിവുകള്‍ നിരത്താന്‍ സാധിക്കും.
തിരിച്ചുപോയത് എന്തുകൊണ്ടണ്ടണ്ട്?
ഉയിര്‍പ്പുതിരുനാളിനൊരുങ്ങുമ്പോള്‍ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം ധ്യാനിക്കേണ്ടതുണ്ട്. അവര്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചു, അവര്‍ക്ക് സുഖസൗകര്യങ്ങളുണ്ടാകുമെന്ന് കരുതി. ക്രിസ്തു സ്ഥാപിക്കുന്ന രാജ്യം റോമന്‍ സാമ്രാജ്യത്തെ തകര്‍ത്തുകളയുന്നതായിരിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. അവിടെ സുപ്രധാന സ്ഥാനങ്ങള്‍ കിട്ടും എന്നുകരുതിയ അപ്പസ്തോലന്മാര്‍ക്ക് എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോയ അവസ്ഥയാണുണ്ടായത്. അതിനാല്‍ അവര്‍ പ്രത്യാശ നഷ്ടപ്പെട്ട് എമ്മാവൂസിലേക്ക് തിരികെ പോകുകയാണ്. എന്നാല്‍ യേശുതന്നെ കൂടെ നടന്ന് തന്‍റെ ഉത്ഥാനരഹസ്യം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയാണ്. അവരോടൊപ്പം ഭക്ഷണത്തിനിരുന്ന അവസരത്തില്‍ യേശു അപ്പമായിത്തീര്‍ന്ന് അവരുടെ കണ്ണുകള്‍ തുറന്നുകൊടുത്തു. പിന്നീടവര്‍ എമ്മാവൂസില്‍ ഒരു നിമിഷംപോലും തങ്ങുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടുപോയവര്‍ക്ക് ഉത്ഥാനത്തിന്‍റെ അനുഭവം ലഭിച്ചപ്പോള്‍ തിരികെ ജറുസലേമിലേക്ക് പോകുകയാണ്. അവിടെ ശത്രുക്കള്‍ മാത്രം, സ്ഥാനമാനങ്ങളോ സുഖസൗകര്യങ്ങള്‍ക്കുള്ള സാധ്യതകളോ ഒന്നുമില്ല. അതെ, ശത്രുക്കളുടെ ഇടയിലേക്ക് തിരികെ പോകാന്‍ അവര്‍ക്ക് ശക്തി നല്‍കിയത് ഉത്ഥാന അനുഭവമാണ്.
ദുഃഖങ്ങളിലും സന്തോഷിക്കാന്‍
നമ്മുടെ വിശ്വാസജീവിതത്തില്‍ ഏറ്റവും ആവശ്യമായിട്ടുള്ളതും ഇതുതന്നെ. അനുദിന ജീവിതം പരിശോധിക്കുമ്പോള്‍ നമ്മിലാര്‍ക്കാണ് സങ്കടങ്ങള്‍ ഇല്ലാത്തത്? തോല്‍വികള്‍ ഇല്ലാത്തത്? എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ നമുക്കതിനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയും. ഇന്നത്തെ താത്കാലിക തിരിച്ചടികള്‍ നാളെ ഉത്ഥാനത്തിലേക്ക് നമ്മെ നയിക്കുമെന്നുള്ള പ്രത്യാശ നമ്മില്‍ സൂക്ഷിച്ചാല്‍ നാം എന്നും സന്തോഷമുള്ളവരായിരിക്കും.
ഉത്ഥാനാനുഭവം നമുക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ഫിലിപ്പി 4/4 ഹൃദയത്തിലോര്‍ക്കുക. “നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ സന്തോഷിക്കുവിന്‍.” ദുഃഖങ്ങളും വേദനകളും കഷ്ടപ്പാടുകളും എപ്പോഴും ഉണ്ടാകും. എന്നാല്‍ നമുക്ക് സന്തോഷമുണ്ടോ? ഉത്ഥാനത്തില്‍ പ്രത്യാശ ഉണ്ടെങ്കില്‍ നമുക്ക് സന്തോഷമുണ്ടാകും.
കാത്തിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴേ ഈ ഉത്ഥാനാനുഭവം നമുക്ക് ലഭിക്കുകയുള്ളൂ. പിതാവായ ദൈവത്തിന്‍റെ വലിയ കൃപയാണ് ഇത്. അവിടുന്ന് അത് മഗ്ദലനാ മറിയത്തിന് നല്കി. വ്യത്യസ്തമായ സാഹചര്യങ്ങളില്‍, ദിവസങ്ങളില്‍, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അവിടുന്ന് അത് നമുക്കും നല്കും. മഗ്ദലേനാ മറിയത്തിന് ലഭിച്ചതില്‍നിന്ന് വ്യത്യസ്തമായിരുന്നല്ലോ അപ്പോസ്തോലന്‍മാര്‍ക്ക് ലഭിച്ച അനുഭവം. അവര്‍ ഭയവിഹ്വലരായി കതകടച്ച് ഇരിക്കേ സമാധാനം നല്കിക്കൊണ്ട് അവര്‍ക്കിടയിലേക്ക് ഈശോ കടന്നുവന്നു. തിരുമുറിവുകളിലെ ഉത്ഥാനശോഭ കാണിച്ചുകൊടുത്തു. പീഡകള്‍ അതില്‍ത്തന്നെ അവസാനിക്കുന്നവയല്ല, ഉത്ഥാനത്തിലേക്ക് നയിക്കുന്നവയാണെന്ന മഹത്വത്തിന്‍റെ സന്ദേശം നല്കുകയായിരുന്നു അവിടുന്ന്.
പ്രതിസന്ധികളെ ഇങ്ങനെ വിജയിക്കാം
2 മക്കബായര്‍ 8/18-ല്‍ യൂദാസ് മക്കബേയൂസ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. ടോളമി തന്‍റെ ക്രൂരനായ സൈന്യാധിപന്‍ നിക്കാനോറിനെ ഇസ്രായേലിനെ തകര്‍ക്കാന്‍ അയച്ചിരിക്കുന്നു എന്നറിഞ്ഞ ഇസ്രായേല്‍ക്കാരും യൂദാസ് മക്കബേയൂസിന്‍റെകൂടെ സൈന്യത്തിലുണ്ടായിരുന്ന ആളുകളും ഓടിയൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം ഉറച്ച ബോധ്യത്തോടെ പറഞ്ഞു, “അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” യൂദാസ് ഈ ആഴമായ ദൈവാശ്രയബോധ്യത്തില്‍ ഉറച്ചുനിന്നപ്പോള്‍ ക്രൂരസൈന്യാധിപന്‍ പരാജയപ്പെട്ടുപോയി.
ഇപ്രകാരം, പ്രത്യാശയില്ലാതാക്കുന്ന, സന്തോഷമില്ലാതാക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കുകയും വചനത്തില്‍ ആഴപ്പെട്ടുകൊണ്ട് സന്തോഷത്തില്‍ ജീവിക്കാന്‍ പരിശ്രമിക്കുകയും വേണം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍മാര്‍ക്ക്, തോമാശ്ലീഹായ്ക്ക്, സഭയെ പീഡിപ്പിച്ച സാവൂളിന്, ഇവര്‍ക്കെല്ലാം ലഭിച്ച ആ ഉത്ഥാനാനുഭവം നമുക്കും ലഭിക്കും. ആ പ്രത്യാശയുണ്ടായാല്‍ മതി.
അതിനായി നമ്മെ സഹായിക്കുന്നത് പ്രാര്‍ത്ഥനയാണ്. ദിവസവും അരമണിക്കൂറെങ്കിലും വചനം വായിക്കുന്നതിനായി കണ്ടെത്തിയാല്‍ ആ വചനത്തിലൂടെ ഉത്ഥാനാനുഭവം കര്‍ത്താവ് നമുക്ക് നല്കും. എത്ര തിരക്കാണെങ്കിലും ദിവ്യബലിയില്‍ ദിവസവും മുടങ്ങാതെ പങ്കെടുക്കാന്‍ സാധിച്ചാല്‍ ഉത്ഥാനാനുഭവം സ്വന്തമാക്കാന്‍ അത് മുഖാന്തിരമാകും. ജപമാല കൃത്യതയോടെ ചൊല്ലിയാല്‍ അതിലൂടെയും ഉത്ഥാനാനുഭവം ലഭ്യമാകും. അങ്ങനെയെങ്കില്‍ ഏത് പ്രതിസന്ധിയുടെ മുന്നിലും നാം പരാജയപ്പെടുകയില്ല.
എമ്മാവൂസിലേക്ക് യാത്ര ചെയ്യുന്ന നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍, ഭയപ്പെടരുത്. കര്‍ത്താവ് നമ്മുടെകൂടെയുണ്ട്. മരുഭൂമിയില്‍ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ ഞാന്‍ നിന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്ന് താത്പര്യപൂര്‍വം പരിചരിച്ച് കണ്ണിലുണ്ണിയായി സൂക്ഷിച്ചു (നിയമാവര്‍ത്തനം 32/10) എന്ന് പറഞ്ഞുകൊണ്ട് കഴുകന്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കായി ചിറകുവിരിക്കുന്നതുപോലെ സ്നേഹത്തിന്‍റെ ചിറക് നമുക്കായി അവിടുന്ന് വിരിക്കും, ഈ ഉത്ഥാനാനുഭവം അനുദിനജീവിതത്തില്‍ ലഭിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം.
'ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനാണ് നിബിന്‍. ഉത്തരവാദിത്വങ്ങളില്‍ കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നതിനാല്‍ ഡയറക്ടറച്ചന്‍ സ്നേഹത്തോടെ ചോദിച്ചു:
“നിബിന്‍, ഉത്തരവാദിത്വങ്ങളില്‍ വലിയ വീഴ്ചകള്‍ വരുന്നുണ്ടല്ലോ. മറ്റുള്ളവരും നിബിനെക്കുറിച്ച് പലപ്പോഴായി പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രമാത്രം നിരുത്തരവാദപരമായി പെരുമാറുന്നത്? എനിക്ക് നിബിനോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വേദനയോടെ പറയുകയാണ്, കഴുതയെക്കാള്‍ മെച്ചമല്ല താങ്കള്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം. നിബിനെക്കുറിച്ച് നിബിനുതന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്രമാത്രം ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുക്കുന്നത്. ആദ്യമേ എന്നോട് ഇക്കാര്യം പറയാമായിരുന്നില്ലേ?”
നിബിന്‍ വിനയാന്വിതനായി പറഞ്ഞു: “ശരിയാണച്ചാ. പക്ഷേ ഒന്നും മനഃപൂര്‍വമല്ല. എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ഞാനൊരു കഴുതയെപ്പോലെയാണ് പെരുമാറുന്നതെന്ന് പറയാറുണ്ട്. അതുകൊണ്ടാണ്, കഴുതയെപ്പോലെയാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഇവിടേക്ക് ദൈവശുശ്രൂഷയ്ക്കായി വന്നത്. കാരണം ഈശോ യാത്ര ചെയ്തത് കഴുതപ്പുറത്താണല്ലോ. ഈശോയ്ക്ക് ഇന്നും കഴുതകളെ ആവശ്യമുണ്ടല്ലോ. അതിനാല്‍ അവിടുത്തേക്ക് യാത്രചെയ്യാന്‍, ഞാന്‍ എന്നെത്തന്നെ ഒരു കഴുതയായി സമര്‍പ്പിച്ചു.”
“സീയോന്‍പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെംപുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കലേക്ക് വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സഖറിയാ 9/9).
'ഇത്ര കഴിവുറ്റവനായ ഈ ഗണിതശാസ്ത്രജ്ഞന്‍ വിലകൊടുത്തത് മറ്റൊന്നിനായിരുന്നു…
ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിള്‍ എന്‍ട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച യൂറോപ്പിലെ രണ്ടാമത്തെ വ്യക്തിയാണ് ലൂക്കാ പക്കിയോളി. അദ്ദേഹം ആവര്‍ത്തിക്കാറുള്ള ഒരു പ്രധാനസന്ദേശം ഇതായിരുന്നു, “സഹായം ലഭിക്കുന്നത് ഉണര്‍ന്നിരിക്കുന്നവനാണ്, ഉറങ്ങുന്നവനല്ല.” കഠിനാധ്വാനത്തിലൂടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍ ഏറെ പ്രസക്തവുമാണ്.
അദ്ദേഹത്തിന്‍റെ ഡോക്യുമെന്‍റേഷനില്‍ ജേണലുകള്‍, ലെഡ്ജറുകള്‍, വര്‍ഷാവസാന സമാപന തീയതികള്‍, ട്രയല്‍ ബാലന്‍സുകള്‍, കോസ്റ്റ് അക്കൗണ്ടിംഗ്, അക്കൗണ്ടിംഗ് എത്തിക്സ്, റൂള്‍ 72 (നേപ്പിയര്‍, ബ്രിഗ്സ് എന്നിവരെക്കാള്‍ 100 വര്‍ഷം മുമ്പ് വികസിപ്പിച്ചെടുത്തത്), ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഗണിതശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികള്‍ പാക്കിയോളി പ്രസിദ്ധീകരിച്ചു, അതിലൊന്നായ ഠൃമരമേൗേെ ാമവേലാമശേരൗെ മറ റശരെശുൗഹീെ ുലൃൗശെിീെ (ട്രാക്റ്റാത്തൂസ് മാത്തമാറ്റിക്കസ് ഡിസിപ്പുലോസ് പെറുസിനോസ്)ല്‍ അദ്ദേഹം വ്യാപാരി ഗണിതത്തെക്കുറിച്ച് വിവരിക്കുന്നു. ബാര്‍ട്ടര്‍, എക്സ്ചേഞ്ച്, ലാഭം, മിക്സിങ് മെറ്റല്‍സ്, ബീജഗണിതം(അഹഴലയൃമ) മുതലായവ അതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അക്കൗണ്ടിംഗ് രംഗത്തെ പാക്കിയോളിയുടെ പ്രവര്‍ത്തനങ്ങള്‍, വ്യാപാരപ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്ന രീതികളില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. തന്മൂലം വ്യാപാരമേഖലകളിലെ ലാഭവും കാര്യക്ഷമതയും വളരെയധികം വര്‍ധിച്ചു.
പ്രഗത്ഭനായ ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ കൂടിയായിരുന്നു പാക്കിയോളി. ഇറ്റലിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം 1477 ല്‍ പെറൂജിയ സര്‍വകലാശാലയില്‍ ചേര്‍ന്നു. വെനീഷ്യന്‍ സാമ്രാജ്യത്തിലെ സാറ (ഇപ്പോള്‍ ക്രൊയേഷ്യയിലെ ജഡേര എന്നറിയപ്പെടുന്നു), നേപ്പിള്‍സ് സര്‍വകലാശാല, റോം സര്‍വകലാശാല എന്നിവിടങ്ങളിലും അദ്ദേഹം ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്നു.
ഇത്രയും പ്രതിഭാശാലിയായിരുന്ന ലൂക്കാ പക്കിയോളി ഏറെ വിലമതിച്ച പദവി പക്ഷേ ഇതൊന്നുമായിരുന്നില്ല. താന്‍ ഒരു വൈദികനാണ് എന്നതാണ് അദ്ദേഹം ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്നത്. ഒരു ഫ്രാന്‍സിസ്കന്‍ വൈദികനായി ദൈവത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് മറ്റ് നേട്ടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയത്. ലോകം കണ്ട മഹാനായ ചിത്രകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ സഹകാരിയുമായിരുന്നു ഫാ. ലൂക്കാ പക്കിയോളി.
ജീവിതം കര്‍ത്താവിന് സമര്‍പ്പിച്ച പുരോഹിതരുടെയും സമര്‍പ്പിതരുടെയും സംഭാവനകള്‍ ഈ ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു എന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന അനേകരില്‍ ഒരാള്‍മാത്രമാണ് ഫാ. ലൂക്കാ. അക്കൗണ്ടിങ്ങിന്‍റെയും ബുക്ക് കീപ്പിങ്ങിന്‍റെയും പിതാവ്’ എന്നാണ് യൂറോപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
“തന്നെ പ്രസാദിപ്പിക്കുന്നവന് ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു” (സഭാപ്രസംഗകന്‍ 2/26).
'അലക്സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: പാര്‍മെനിയോക്ക് ആവശ്യത്തിലും അധികം ഇപ്പോള്‍ത്തന്നെ കൊടുത്തുകഴിഞ്ഞു. അപ്പോള്‍ അലക്സാണ്ടര്‍ പറഞ്ഞു: ശരിയായിരിക്കാം, എന്നാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഇത് നിസാരമാണ്. ചക്രവര്‍ത്തിയുടെ സമ്പത്തും പദവിയുമനുസരിച്ചാണ് ഞാന്‍ സമ്മാനം നല്കുന്നത്.”
അങ്ങനെയെങ്കില്‍ സകലത്തിന്‍റെയും ഉടയവനും സര്‍വശക്തനുമായ ദൈവം നമുക്കു നല്കുന്ന
സമ്മാനങ്ങള്‍ എത്ര വിശിഷ്ടമായിരിക്കും!
“സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!” (എഫേസോസ് 1/3)
'നിങ്ങളുടെ ജീവിതത്തിന്‍റെ പ്രതിക്കൂട്ടില്‍ ആരൊക്കയാണുള്ളത്?
1990-ാം ആണ്ടിന്‍റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ഞാനെന്‍റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. “എന്‍റെ പിതാവേ, നീയെന്നില്‍നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്‍റെ കരങ്ങളില്‍ എന്‍റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് എന്നെയും തന്‍റെ സമയത്തിന്‍റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്‍റെ മഹിമയിലേക്ക് നയിക്കും എന്ന് എനിക്കുറപ്പുണ്ട്, ആമേന്‍ ഈശോ.”
എന്തിനെക്കുറിച്ചാണ് ഞാന്‍ ഈ വാചകങ്ങള്‍ കുറിച്ചുവച്ചതെന്ന് ഇതെഴുതിയ സമയത്ത് എനിക്ക് നിശ്ചയമായും അറിഞ്ഞുകൂടായിരുന്നു. പാപികളുടെ മാനസാന്തരത്തിനും ലോകത്തിന്‍റെ രക്ഷയ്ക്കുംവേണ്ടി യേശുവിന്‍റെ പീഡാസഹനത്തോട് ചേര്‍ത്തുവയ്ക്കാന്‍ എന്തൊക്കെയോ സഹനങ്ങള്‍ പിതാവായ ദൈവം എന്നില്‍നിന്നും ആവശ്യപ്പെടുന്നു എന്നുമാത്രമേ ഈ വാക്കുകള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുമ്പോള്‍ എനിക്ക് തോന്നിയുള്ളൂ. അത് എനിക്ക് താങ്ങാനാവുന്നതിലും ഒരുപാട് അധികമായിരിക്കുമെന്ന് ആ സമയത്ത് എനിക്ക് തോന്നിയില്ല. എങ്കില്‍ ഞാനൊരുപക്ഷേ അങ്ങനെയൊരു ‘സമ്മതപത്രം’ പിതാവായ ദൈവത്തിന് എഴുതി നല്‍കയില്ലായിരുന്നു എന്ന് ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഊഹിക്കുകയാണ്. ഒരുപക്ഷേ “സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്‍റെ ശരീരത്തില്‍ നികത്തുന്നു” (കൊളോസോസ് 1/24) എന്ന് എഴുതിവച്ച പൗലോസ് അപ്പസ്തോലന് ലഭിച്ച ഉള്‍വിളിയുടെ ചെറിയൊരംശം നല്ല ദൈവം പാപിയായ എനിക്കു പകുത്തു നല്‍കിയതാവാം എന്ന് ഇന്നെനിക്ക് തോന്നുന്നു. എന്തുതന്നെയുമാകട്ടെ, മേല്‍പറഞ്ഞ സമ്മതപത്രം എഴുതിക്കഴിഞ്ഞ തൊട്ടടുത്ത നാള്‍മുതല്‍ എന്‍റെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ച തികച്ചും അപ്രതീക്ഷിതമായ ഭീകരമായ സഹനപരമ്പരകള്‍ എന്‍റെ ജീവിതത്തില്‍ അരങ്ങേറുവാന്‍ തുടങ്ങി. ജീവിതത്തിലൊരിക്കലും സ്വപ്നത്തില്‍പോലും ഞാന്‍ ചിന്തിച്ചില്ല ഞാന്‍ കടന്നുപോന്ന സഹനപരമ്പരകളില്‍ ഒന്നെങ്കിലും എന്‍റെ ജീവിതത്തില്‍ സംഭവിക്കുമെന്ന്. ‘സഹനപരമ്പര’ എന്ന് ഞാന്‍ പറയാന്‍ കാരണമുണ്ട്. ഈ പീഡാസഹനങ്ങളുടെ പങ്കുചേരല്‍ അതിനുശേഷം ഇന്നോളമുള്ള കാലഘട്ടത്തില്‍ ഒരു വട്ടമല്ല പലവട്ടം എന്‍റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. പലവട്ടം അതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഈശോയോടു ചോദിച്ചു, “എന്‍റെ ഈശോയേ, നീ ജീവിതത്തില്‍ ഒരു വട്ടമേ കുരിശില്‍ തൂങ്ങി മരിച്ചുള്ളൂ. കൃമിയും കീടവുമായ ഞാന്‍ ഇതെത്രാമത്തെ വട്ടമാണ് ക്രൂശിക്കപ്പെടുന്നത്?”
അപ്പോള്‍ ഈശോ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എന്‍റെ മകളേ, ഞാന്‍ കടന്നുപോയ സഹനങ്ങളുടെ എള്ളോളമൊരംശമേ ഓരോ സഹനവേളയിലും ഞാന്‍ നിനക്ക് തരുന്നുള്ളൂ. ഒന്നിച്ചിത് താങ്ങാന്‍ നിനക്ക് കെല്പില്ലാത്തതിനാല്‍ ഇന്‍സ്റ്റാള്‍മെന്‍റായി ഞാനിത് നിനക്ക് തന്നുകൊണ്ടിരിക്കുകയാണ്. ഒട്ടും ഭയം വേണ്ട. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകുക, ഞാന്‍ കൂടെയുണ്ട്.”
ആരു പറഞ്ഞു ഏറ്റെടുക്കുവാന്‍?
ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സഹനങ്ങളുടെ തീവ്രത മനസിലാക്കിയ ഒരു കൊച്ചനുജത്തി ഒരിക്കലെന്നോടു ചോദിച്ചു “ചേച്ചിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു കാര്യം ഏറ്റെടുക്കുവാന്‍? പറ്റുകയില്ല കര്‍ത്താവേ എന്നങ്ങ് പറഞ്ഞുകൂടായിരുന്നോ? ഭര്‍ത്താവും കുട്ടികളുമുള്ള ഒരു സ്ത്രീ ഇതൊക്കെ ഏറ്റെടുത്താല്‍ കുടുംബത്തിന്‍റെ അവസ്ഥ എന്താകും?” മറുപടിയെന്നവണ്ണം ഞാന്‍ അവളോടു പറഞ്ഞു, “എന്‍റെ മോളേ, കര്‍ത്താവ് ഒരുപക്ഷേ എന്നോട് ചോദിക്കുന്നതിനുമുമ്പ് പലരോടും ചോദിച്ചിട്ടുണ്ടാകാം ഈ രീതിയിലൊരു സഹനം ഏറ്റെടുക്കാമോ എന്ന്. അവരാരും ഏറ്റെടുക്കുവാന്‍ തയാറാകാത്തതുകൊണ്ടാകാം ഭര്‍ത്താവും കുട്ടികളും കുടുംബവും കുടുംബജീവിതവുമൊക്കെയുള്ള എന്നെത്തേടി അവിടുന്നെത്തിയത്.” ഞാനാ പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് പിന്നീട് എന്‍റെ ജീവിതത്തില്‍ എനിക്ക് വ്യക്തമായി. “ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു. അവിടുന്നെന്‍റെ കഴുത്തിനു പിടിച്ച് നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്‍റെ നേരേ ഉന്നംവച്ചിരിക്കുന്നു. അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്നെന്‍റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെന്‍റെ പിത്തനീര് ഒഴുക്കിക്കളയുന്നു. അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു” (ജോബ് 16/12-14) എന്ന ജോബിന്‍റെ കഷ്ടതയുടെ വിലാപങ്ങള്‍ എന്‍റെയും വിലാപമായി പലവട്ടം മാറി.
ഇതൊക്കെ ചെയ്യാന്‍ ചിലര്‍!
എന്നെ കഠിനസഹനങ്ങളിലൂടെ കടത്തിവിടുവാന്‍വേണ്ടി ദൈവം ഉപകരണമാക്കിത്തീര്‍ത്ത പലരെയും വെറുതെ വിടുവാനും അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും ആദ്യകാലഘട്ടങ്ങളില്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്‍റെ കുമ്പസാരക്കൂട്ടിലെ സ്ഥിരം ഏറ്റുപറച്ചിലിന്‍റെ ഒരു വിഷയമായിരുന്നു ക്ഷമിക്കുവാനും ദ്രോഹം ചെയ്തവരെ അംഗീകരിക്കുവാനും പറ്റാത്ത എന്‍റെ മാനസികാവസ്ഥ. ഈ ആത്മീയ പ്രതിസന്ധി മനസിലാക്കിയ ആ നാളുകളിലെ എന്‍റെ കുമ്പസാരക്കാരനച്ചന്‍ എന്നോട് ഇങ്ങനെ പറഞ്ഞു: “സഹോദരീ, ഇങ്ങനെയൊക്കെ നിന്നോടു ചെയ്യാന്‍ നിന്‍റെ ജീവിതത്തില്‍ ചിലരെയൊക്കെ ദൈവം ചേര്‍ത്തുതന്നതിന് നീ ദൈവത്തിന് നന്ദി പറയണം. ദൈവമാണ് അവരെ നിയോഗിച്ചത്. അവരാണ് യഥാര്‍ത്ഥത്തില്‍ സഹോദരിയുടെ ഏറ്റവും വലിയ ഉപകാരികള്‍. അവര്‍ അങ്ങനെയൊക്കെ ചെയ്തില്ലായിരുന്നുവെങ്കില്‍ നീയിപ്പോള്‍ ഇവിടെയെങ്ങും എത്തുകയില്ലായിരുന്നു. ഇപ്പോഴുള്ള ഒരാധ്യാത്മിക അവസ്ഥയിലേക്ക് സഹോദരിയുടെ ജീവിതം ഉയര്‍ത്തപ്പെടുകയില്ലായിരുന്നു. അതിനാല്‍ ഇങ്ങനെയൊക്കെ എന്നോടു ചെയ്യാന്‍ ഇവരെയൊക്കെ എന്‍റെ ജീവിതത്തോടു കൂട്ടിച്ചേര്‍ത്ത ദൈവമേ നിനക്ക് നന്ദിയെന്ന് ദൈവത്തോട് ആവര്‍ത്തിച്ചു പറഞ്ഞ് അവരെയൊക്കെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. കാരണം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇങ്ങനെയൊക്കെ ചിലര്‍ ജീവിതത്തിലുണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്.”
ആ ഉപദേശം എന്‍റെ കണ്ണും കാതും തുറപ്പിച്ചു. ഞാന്‍ ആ ബഹുമാന്യ വൈദികന്‍ പറഞ്ഞതുപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആ പ്രാര്‍ത്ഥന വലിയൊരു വിടുതലിലേക്ക് എന്‍റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ബന്ധങ്ങളെയും നയിച്ചു.
പൂര്‍വയൗസേപ്പിന്‍റെ ജീവിതത്തില്‍
ദൈവം അംഗീകരിച്ചുയര്‍ത്താനും ഇസ്രായേലിന്‍റെ മുഴുവന്‍ രക്ഷയ്ക്ക് കാരണമാകാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു പിതാവായ യാക്കോബിന്‍റെ സന്തതികളില്‍ ഇളയവനായ ജോസഫ്. കണ്ടാല്‍ കോമളന്‍. പിതാവായ യാക്കോബിനാല്‍ ഏറ്റവും സ്നേഹിക്കപ്പെട്ടവന്‍. അതുകൊണ്ടുതന്നെ സ്വസഹോദരങ്ങള്‍ അസൂയപൂണ്ട് അവനെ വെറുത്തു. മേച്ചില്‍സ്ഥലത്തുവച്ച് അവനെ പിടിച്ച് ബന്ധിച്ച് അവന്‍റെ സുരക്ഷിതത്വത്തിന്‍റെ കുപ്പായം ഊരിയെടുത്തു. കൈയും കാലും ബന്ധിച്ച് പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. പിന്നീട് ആ വഴിവന്ന ഇസ്മായേല്യര്‍ക്ക് അവനെ വിറ്റു. ഇസ്മായേല്യര്‍ അവനെ പൊത്തിഫറിന് കൈമാറി. തന്‍റെ ഇംഗിതത്തിനു വഴങ്ങി പാപം ചെയ്യാത്തതില്‍ വൈരാഗ്യം പൂണ്ട പൊത്തിഫറിന്‍റെ ഭാര്യ അവനെ വ്യഭിചാരക്കുറ്റം ആരോപിച്ച് ജയിലില്‍ അടപ്പിച്ചു. നീണ്ട വര്‍ഷത്തെ തീവ്രമായ സഹനങ്ങള്‍! അവസാനം ഈജിപ്തിലെ രാജാവായ ഫറവോയുടെ കരങ്ങളാല്‍ അവിടുത്തെ ഗവര്‍ണറായി അവരോധിക്കപ്പെടുന്നതുവരെ ജോസഫിന്‍റെ മുഖചിത്രം ഒരു വ്യഭിചാരിയുടെയും കയ്യേറ്റക്കാരന്‍റേതുമായിരുന്നു.
ഇത് ഉയര്‍ച്ചയ്ക്കുവേണ്ടി
സ്വന്തസഹോദരങ്ങളുടെ അസൂയയും പൊത്തിഫറിന്‍റെ ഭാര്യ അവനോടു ചെയ്ത ക്രൂരതയുമാണ് ഈജിപ്തിലെ രാജാവായ ഫറവോയുടെ അരമനയില്‍ അവനെ എത്തിച്ചത്. ദൈവംതന്നെയാണ് അവരിലൂടെ പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് ജോസഫിന് നല്ല തിരിച്ചറിവുണ്ടായിരുന്നു. അവന്‍ തന്‍റെ സഹോദരങ്ങളോടു പറയുന്നു “…നിങ്ങളല്ല ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്” (ഉല്‍പത്തി 45/7-8).
യേശുവിന്‍റെ മഹത്വീകരണത്തിനുപിന്നില്‍
പീഡാനുഭവ വാരാചരണത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണല്ലോ നമ്മള്‍. യേശുവിനെ പുനരുത്ഥാനത്തിന്‍റെ മഹത്വത്തിലേക്ക് ആനയിച്ചതും ഒരു സംഘം അസൂയാലുക്കളായ പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയ പ്രമാണികളുടെയും സംഘടിതമായ പ്രതികൂല പ്രവര്‍ത്തനങ്ങളാണ്. അവരുടെ അതിവിദഗ്ധമായ പ്രതികൂല പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യേശു തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ടതും കൊല്ലാനായി വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെട്ടതും (മര്‍ക്കോസ് 15). വിജാതീയരുടെ കരങ്ങളാലാണ് യേശു വധിക്കപ്പെട്ടത്. പക്ഷേ കൊല്ലിച്ചതാകട്ടെ സ്വന്തജനമായ ഇസ്രായേലിലെ പുരോഹിത പ്രമുഖന്മാരും! യേശുവിനെ കുരിശുമരണത്തിന്‍റെ വിജയത്തിലേക്കും പുനരുത്ഥാനത്തിന്‍റെ മഹത്വത്തിലേക്കും നയിക്കുവാന്‍ ഇങ്ങനെയൊക്കെ അവനോട് ചെയ്യുവാന്‍ ഇങ്ങനെയൊക്കെ കുറെപ്പേര്‍ അവിടുത്തെ ജീവിതത്തില്‍ അനിവാര്യമായിരുന്നു. അത് പിതാവിന്‍റെ നിഗൂഢമായ ജ്ഞാനമായിരുന്നു. “അവന് ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്” (ഏശയ്യാ 53/9-10).
തന്‍റെ കുരിശുമരണം ലോകത്തിന്‍റെ രക്ഷക്കുവേണ്ടിയുള്ള പിതാവിന്‍റെ പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ യേശു ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തന്‍റെ ജീവനും ജീവിതവും വിട്ടുകൊടുത്തു. തന്നെ കൊല്ലിച്ചവര്‍ക്കും കൊല നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും മാപ്പു നല്‍കി, അവരുടെ രക്ഷയ്ക്കായി പിതാവിനോട് കെഞ്ചി പ്രാര്‍ത്ഥിക്കുന്നു. ഇവരാണ് തന്‍റെ മഹത്വീകരണത്തിന്‍റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെയുള്ള കുറെപ്പേര്‍ അനിവാര്യമാണെന്ന് അവിടുത്തേക്കറിയാമായിരുന്നു.
യേശുവിന്‍റെ കുരിശുമരണത്തിനുശേഷം എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍ യേശുവിന് നേരിട്ട അതിദാരുണമായ ക്രൂശീകരണത്തെക്കുറിച്ച് തികച്ചും പ്രത്യാശയറ്റവരായി സംസാരിച്ചുകൊണ്ടിരുന്നു. യേശുവാകട്ടെ അവര്‍ തിരിച്ചറിയാത്ത വിധത്തില്‍ അവരുടെ ഒപ്പമെത്തി അവരെ ആശ്വസിപ്പിച്ച് തിരുത്തുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പറഞ്ഞു. “ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ” (ലൂക്കാ 24/25-26).
അവരെ വെറുതെ വിടൂ!
പ്രിയപ്പെട്ടവരേ, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരില്‍നിന്നും നേരിട്ട പ്രതികൂല അനുഭവങ്ങളിലൂടെ ക്രൂശീകരണത്തിന്‍റെ വഴികളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. അതിന്‍റെ ഫലമായി നമ്മുടെ ശത്രുപക്ഷത്ത് നാം തീര്‍ത്ത പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ടാകാം. ഈ നോമ്പുകാലത്ത് പീഡാനുഭവ വാരാചരണത്തിനുവേണ്ടി നാം തയാറെടുക്കുമ്പോള്‍ ആദ്യമായി നാം ചെയ്യേണ്ടത് പ്രതിക്കൂട്ടില്‍നിന്നും ഇറക്കി നിരുപാധികം ക്ഷമിച്ച് അവരെ വിട്ടയയ്ക്കുകയാണ്. കാരണം നമ്മുടെ മഹത്വീകരണത്തിന്‍റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ അവരാണ്. നാം ആയിരുന്ന അവസ്ഥയില്‍നിന്നും നാം ആയിരിക്കേണ്ട മഹത്വത്തിന്‍റെ വഴികളിലേക്ക് നമ്മെ ഉയര്‍ത്തുവാന്‍ നമ്മോടിങ്ങനെയൊക്കെ ചെയ്യുവാന്‍ ഇങ്ങനെയും കുറച്ചുപേര്‍ നമ്മുടെ ജീവിതവഴികളില്‍ നമുക്കനിവാര്യമായിരുന്നു. ദൈവമാണ് അവരെയെല്ലാം നിയോഗിച്ചത്. അവരെയെല്ലാം ഓര്‍ത്ത് പിതാവായ ദൈവത്തിന് നന്ദി പറയുകയും അവര്‍ക്കെല്ലാം മാപ്പു നല്‍കി അനുഗ്രഹിക്കുകയും ചെയ്യാം. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാള്‍ ദിനമെത്തുമ്പോഴേക്കും നമ്മുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഉത്ഥിതനായ കര്‍ത്താവ് ഭരണം നടത്തുന്ന അനുഭവം നല്‍കി പരിശുദ്ധാത്മാവായ ദൈവം നമ്മെ ഉയര്‍ത്തും. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാളിന്‍റെ എല്ലാ മംഗളങ്ങളും വിജയവും മുന്നമേകൂട്ടി ആശംസിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ‘ആവേ മരിയ.’
'എന്‍റെ മകളേ ഓര്‍ക്കുക, ക്ലോക്കില്‍ മൂന്നുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴൊക്കെയും എന്‍റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണമായി നിമഗ്നയായി ലോകം മുഴുവനുംവേണ്ടി പ്രത്യേകിച്ച് കഠിനപാപികള്‍ക്കുവേണ്ടി കരുണയുടെ സര്‍വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കള്‍ക്കുംവേണ്ടി കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടത്. ഈ മണിക്കൂറില്‍ നിനക്കും മറ്റുള്ളവര്‍ക്കുംവേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനുംവേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ് ഇത് – നീതിയുടെമേല്‍ കരുണ വിജയം വരിച്ച സമയം.
എന്‍റെ മകളേ, നിന്‍റെ ചുമതലകള്‍ നിന്നെ അനുവദിക്കുമെങ്കില്‍, ഈ മണിക്കൂറില്‍ കുരിശിന്‍റെ വഴി നടത്താന്‍ ശ്രമിക്കുക. കുരിശിന്‍റെ വഴി നടത്താന്‍ സാധ്യമല്ലെങ്കില്‍, ഒരു നിമിഷനേരത്തേക്കു ചാപ്പലില്‍ പ്രവേശിച്ച്, കരുണയാല്‍ നിറഞ്ഞിരിക്കുന്ന എന്‍റെ ഹൃദയംതന്നെയായ പരിശുദ്ധ കുര്‍ബാനയെ ആരാധിക്കുക. ചാപ്പലില്‍ പോകാന്‍ നിനക്കു സാധ്യമാകുന്നില്ലെങ്കില്‍, നീ എവിടെയായിരിക്കുന്നുവോ അവിടെത്തന്നെ കുറച്ചുനേരത്തേക്കെങ്കിലും പ്രാര്‍ത്ഥനയില്‍ മുഴുകുക.
“ഓ ഈശോയുടെ തിരുഹൃദയത്തില്‍നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു.” (മൂന്നുമണി പ്രാര്‍ത്ഥന)
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി (1572, 187)
'ദൈവത്തോടുള്ള ബന്ധത്തില്‍ തടസമാകുന്ന എതിര്‍വികാരങ്ങളെക്കുറിച്ച് അറിയാനും ജാഗ്രത പുലര്‍ത്താനും…
സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്‍റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ ഉലയ്ക്കുന്ന ഒന്നാണ് നീരസം. ഈ രണ്ട് ബന്ധങ്ങളും സ്ഥായിയായി നിലനിര്‍ത്തണമെങ്കില്‍ ഈ നാശകരമായ വികാരത്തില്‍നിന്ന് നാം മോചനം നേടിയേ മതിയാവൂ.
ആദ്യമായി ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ നമുക്ക് പരിശോധിക്കാം. ദൈവത്തോടുള്ള ആദരവ് എല്ലാക്കാലത്തും നമ്മുടെ ഹൃദയത്തില്‍ നിലനിര്‍ത്തുമ്പോഴേ ദൈവത്തെ എല്ലാ നാളുകളിലും സ്നേഹിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ദൈവം നമ്മുടെ പിതാവാണ് എന്നത് വളരെ ശരിതന്നെ. എന്നാല്‍ ഒരു പിതാവ് എന്ന നിലയില്‍ ദൈവം നമ്മിലേക്ക് സ്നേഹവും വാത്സല്യവും അളവില്ലാതെ ചൊരിയുമ്പോഴും ദൈവത്തോടുള്ള ആരാധനയോടെയുള്ള ആദരവിന് ഒട്ടും കുറവ് സംഭവിക്കുവാന്‍ പാടുള്ളതല്ല. അത് ദൈവം ആഗ്രഹിക്കുന്നു. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “എന്‍റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ” (മലാക്കി 1/6). ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ദൈവത്തിന് ആരാധനയും ആദരവും നല്‍കുന്നത് നമ്മുടെ അധരങ്ങള്‍കൊണ്ടു മാത്രമല്ല, നമ്മുടെ ജീവിതംകൊണ്ടുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു വ്യക്തി ദൈവത്തിന് യഥാര്‍ത്ഥമായ ആരാധന സമര്‍പ്പിക്കുന്നില്ല. മനസിന്‍റെ നവീകരണമാണ് യഥാര്‍ത്ഥ ആരാധന എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതുന്നത് ഇക്കാര്യംകൊണ്ടാണ്. “ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രസ്തുത നിങ്ങളുടെ മനസിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍” (റോമാ 12/2).
അതിനാല്‍ ലോകത്തോടും അതിന്‍റെ സുഖങ്ങളോടുമുള്ള മൈത്രി മനസിലേക്ക് കടന്നുവരുമ്പോഴാണ് ദൈവത്തോടുള്ള ആരാധനാമനോഭാവം കുറയുന്നത്. അതനുസരിച്ച് ദൈവത്തോടുള്ള ശത്രുതാമനോഭാവവും വളര്‍ന്നുവരും. എന്‍റെ സ്വച്ഛമായ ലൗകിക സുഖാസ്വാദനത്തിന് ഒരു വിലങ്ങുതടിയാണ് ദൈവം എന്ന ചിന്ത അപ്പോള്‍ മനസിലേക്ക് കടന്നുവരാം. അത് ദൈവനിഷേധത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ ഒരു പ്രായോഗിക നിരീശ്വരവാദത്തിലേക്ക് അങ്ങനെയുള്ളവര്‍ എത്തിച്ചേരും. ‘ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല. എനിക്ക് ഈ ലോകവും ഇവിടെയുള്ള ജീവിതവുമാണ് പ്രധാനം.’ ഇങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്. ഇത് വലിയൊരു അപകടമാകയാല്‍ പരിശുദ്ധാത്മാവ് തന്‍റെ പ്രിയപ്പെട്ട യോഹന്നാന്‍ ശ്ലീഹായിലൂടെ ഇത് വെളിപ്പെടുത്തിയത് ശ്രദ്ധിക്കുക: “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്‍റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല” (1 യോഹന്നാന്‍ 2/15).
ഈ സത്യം കര്‍ത്താവ് പറഞ്ഞ ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ വെളിപ്പെടുന്നുണ്ട്. ധൂര്‍ത്തപുത്രന് പിതാവിനോടുള്ള ആദരവ് നഷ്ടപ്പെട്ടു. പിതാവ് അവന്‍റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ് എന്ന് അവനു തോന്നി. പിതാവിന്‍റെ വാത്സല്യം മനസിലാക്കുവാന്‍ പറ്റാത്ത വിധത്തില്‍ അവന്‍റെ മനസ് അന്ധമായിപ്പോയി. എന്തായിരുന്നു കാരണം? അവന്‍ ലോകത്തിന്‍റെ സുഖങ്ങളെ അധികമായി സ്നേഹിച്ചു. അതിനാല്‍ വിശുദ്ധ യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കിയ അപകടം അവന്‍റെ ജീവിതത്തില്‍ സംഭവിച്ചു. പിതാവിനോടുള്ള സ്നേഹം അവന് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവന്‍ അവന്‍റെ ഓഹരി ചോദിക്കുന്നത്. അവന് മനസില്‍ പിതാവുമായുള്ള പങ്ക്, ഓഹരി നഷ്ടപ്പെട്ടിരുന്നു. ധൂര്‍ത്തപുത്രന്‍ ഇന്നും നമ്മിലൂടെ ജീവിക്കുന്നുണ്ട്. ദൈവപിതാവുമായുള്ള ബന്ധത്തിന് പരമമായ മൂല്യം നല്‍കുന്നവര്‍ക്ക് മാത്രമേ എല്ലാക്കാലത്തും അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനെ വിലയില്ലാത്തതായി, നിസാരമായി കണക്കാക്കുമ്പോഴാണ് ക്ഷണികമായ ലോകസുഖത്തിനുവേണ്ടി അതിനെ നാം ത്യജിക്കുന്നത്.
പിതാവിനെ തള്ളിപ്പറഞ്ഞ് താന്‍ നേടിയെടുത്ത സ്വാതന്ത്ര്യം ക്ഷണികമാണെന്നും അത് തന്നെ സഹായിക്കുകയില്ലെന്ന് വൈകിയാണെങ്കിലും ധൂര്‍ത്തപുത്രന്‍ തിരിച്ചറിഞ്ഞു. അനുതപിക്കുവാന്‍ അവന് കൃപ കിട്ടി. എന്നാല്‍ മറ്റൊരു അവസരം നമുക്ക് ലഭിക്കുമോ എന്നറിഞ്ഞുകൂടാ. ഒരു ഭാഗ്യപരീക്ഷണത്തിന് നാം ശ്രമിക്കുന്നത് നിശ്ചയമായും തീക്കളിതന്നെയാണ്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം നമ്മെ ഉപദേശിക്കുന്നു: “എന്‍റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്ന് നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍” (ഹെബ്രായര്‍ 3/12). പാപത്തിന്‍റെ സുഖങ്ങള്‍ നമ്മെ വഞ്ചിക്കുന്നതാണെന്നും അവ നമ്മെ കഠിനഹൃദയരാക്കുമെന്നും തുടര്‍ന്ന് നാം വായിക്കുന്നു. അതുകൊണ്ടാണ് ഇനിയുമൊരു മാനസാന്തരത്തിന് അവസരമുണ്ടാകുമോ എന്നറിയില്ല എന്ന് പറയുന്നത്. നമ്മുടെ മനസില്‍ കൊത്തിയിടേണ്ട വാക്കുകളാണ് തുടര്‍ന്ന് നാം കാണുന്നത്: “എന്തെന്നാല്‍ നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെ പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളൂ” (ഹെബ്രായര്‍ 3/14). ആത്മീയജീവിതത്തിന്‍റെ ആദ്യനാളുകളില്‍ ഒന്നാം റാങ്ക് വാങ്ങിയിരുന്നവര്‍ പിന്നീട് പിറകോട്ട് പോയിട്ടുണ്ടെന്നത് നമുക്ക് ശക്തമായൊരു താക്കീത് തന്നെയാണ്.
ദൈവത്തോടുള്ള ആദരവ് ചിലരുടെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്നത് അവരുടെ ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത സഹനങ്ങള്‍ ഉണ്ടാകുമ്പോഴാണ്. ആ നാളുകളില്‍ അവര്‍ ദൈവത്തെ വെറുക്കുവാനിടയാകുന്നു. ‘ഇങ്ങനെയൊരു ദൈവം എനിക്കു വേണ്ട’ എന്നാണ് അവരുടെ ചിന്ത. സഹനത്തിന്‍റെ പൊരുള്‍ നമുക്ക് പൂര്‍ണമായും അപ്പോള്‍ മനസിലാക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു കാര്യം കണ്ണടച്ച് വിശ്വസിക്കാം. അത് എന്നെ നശിപ്പിക്കുവാന്‍ പിതാവ് അനുവദിച്ചതല്ല. അത് എന്‍റെ നന്മയ്ക്കായി മാറ്റുവാന്‍ എന്‍റെ പിതാവിന് സാധിക്കും. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8:28) എന്ന് പറഞ്ഞത് അന്ധമായി വിശ്വസിക്കുവാന്‍ തയാറാകുമ്പോഴേ സഹനം ഒരു അനുഗ്രഹമായി മാറുകയുള്ളൂ. അല്ലാത്തവര്‍ക്ക് അതൊരു ശാപമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഈ വചനം ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യാശയുണ്ടാകുന്നതിനായി ഉറക്കെ ആവര്‍ത്തിച്ച് പറയുക. നിരാശാജനകമായ ചിന്തകള്‍ നിങ്ങളെ വിട്ടോടിപ്പോകും.
ദൈവത്തോടുള്ള ആദരവ് ചിലര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ മനസില്‍ അസൂയ നിറയുമ്പോഴാണ്. ദൈവം എന്നെക്കാളധികമായി എന്‍റെ സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ അനുഗ്രഹിക്കുന്നു എന്നു കാണുമ്പോഴുണ്ടാകുന്ന അസൂയ. അത് ദൈവത്തെ നിഷേധിക്കുവാനും സഹോദരനെ തള്ളിപ്പറയുവാനും കാരണമാകും. ഇത് ധൂര്‍ത്തപുത്രന്‍റെ ജ്യേഷ്ഠന്‍റെ ചിന്തയാണ്. അവനിപ്പോള്‍ പിതാവിനെ പിതാവായിട്ടല്ല കാണുന്നത്. അവന്‍ പറയുന്നത് ശ്രദ്ധിക്കുക: “എത്ര വര്‍ഷമായി ഞാന്‍ നിനക്ക് ദാസ്യവേല ചെയ്യുന്നു.” തന്നെത്തന്നെ ഒരു കൂലിപ്പണിക്കാരനായി അവന്‍ തരംതാഴ്ത്തുന്നു. പിതാവിന്‍റെ സ്വത്തിന് മുഴുവന്‍ അവന്‍ ഇപ്പോഴും അവകാശിയാണെന്ന കാര്യം അവന്‍ ഓര്‍ക്കുന്നില്ല. പിതാവ് അവനെ ഓര്‍മപ്പെടുത്തുന്നുണ്ട് “എനിക്കുള്ളതെല്ലാം നിന്‍റേതാണ്.” എന്നാല്‍ അത് തിരിച്ചറിയുവാന്‍ പറ്റാത്തവിധത്തില്‍ അസൂയ അവന്‍റെ മനസിനെ അന്ധമാക്കി.
പിതാവ് അവന് കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അവന്‍ ക്ഷണനേരംകൊണ്ട് മറന്നുപോകുന്നു. അനിയനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ കൊന്നതാണ് അവനിപ്പോള്‍ പ്രശ്നം. ‘എനിക്ക് നീ ഒരു ആട്ടിന്‍കുട്ടിയെപ്പോലും തന്നില്ല’ എന്ന് പറഞ്ഞ് അവന്‍ പിതാവിനോട് കയര്‍ക്കുന്നത് അതുകൊണ്ടാണ്. മാത്രവുമല്ല അനിയനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളും അവന്‍ പറയുന്നു. അസൂയ വലിയൊരു കെണിയാണ്. ധൂര്‍ത്തപുത്രന്‍ തിരിച്ചുവന്നു, എന്നാല്‍ മൂത്തമകന്‍റെ തിരിച്ചുവരവിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഒന്നും പറയുന്നില്ല. അതിനാല്‍ നമുക്ക് വളരെ ജാഗ്രതയോടെയിരിക്കാം. നമ്മെക്കാളധികമായി മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോള്‍ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? അപ്പോള്‍ ദൈവം നമ്മെ ഓര്‍ത്ത് സന്തോഷിക്കും. കൂടുതല്‍ കൃപകള്‍ അവിടുന്ന് നമ്മിലേക്ക് തക്കസമയത്ത് വര്‍ഷിക്കും.
ദൈവത്തെ പിതാവായി കാണുമ്പോഴുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ അനുഭവിക്കുമ്പോള്‍ത്തന്നെ അവിടുത്തെ ആദരവോടെ കാണുവാനും നമുക്ക് നിരന്തരം ശ്രമിക്കാം. അതിന് തടസമായ എതിര്‍വികാരങ്ങളെക്കുറിച്ച് നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. അവിടുത്തെ വാക്കുകള്‍ മനസില്‍ സൂക്ഷിക്കാം. “ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ?”
ദൈവത്തെ നിരന്തരം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജീവിതശൈലി നല്‍കണമേയെന്ന് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം: സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ എന്‍റെ പിതാവായി ഏറ്റുപറഞ്ഞ് ഞാന്‍ ഇപ്പോള്‍ മഹത്വപ്പെടുത്തുന്നു. എങ്കിലും കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ പലപ്പോഴും അങ്ങേക്ക് അര്‍ഹമായ ആരാധന നല്‍കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ ഏറ്റുപറയുന്നു. അങ്ങയെ എപ്പോഴും ആദരവോടെ കാണുവാനും അങ്ങയെക്കുറിച്ച് എപ്പോഴും ആദരവോടെ സംസാരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന് അര്‍ഹമായ ആരാധന നല്‍കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.
'കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു.
കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ.
എനിക്കും അത് ശരിയായി തോന്നി.
‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്‍റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍.
എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍ എന്ത് വ്യത്യാസമുണ്ടെന്നോ?
എന്‍റെ ഓരോ കുഞ്ഞുചിന്തകളിലും വാക്കുകളിലും നോക്കുകളിലും ഉപേക്ഷകളിലും കയറിക്കൂടുന്ന മാലിന്യം തിരിച്ചറിയാനും ഏറ്റുപറയാനും തുടങ്ങി.
മാത്രമല്ല, പണ്ട് ചെയ്ത പല കാര്യങ്ങളും ആരോ ഓര്‍മ്മപ്പെടുത്തി തരുന്നു… അതൊക്കെ പാപമായിരുന്നെന്ന് തിരിച്ചറിവ് ലഭിക്കുന്നു…
ഉദാഹരണത്തിന്, ആറാം ക്ലാസില്‍ വച്ച്, ഒരുത്തന്‍റെ കൈയില്‍ കയറി കടിച്ചത് കുറച്ചുനാള്‍മുമ്പ് മാത്രമാണ് ഞാന്‍ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞത്.
സത്യാത്മാവ് വരുമ്പോള്‍ നമ്മെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കുമെന്നും പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുമെന്നും സുവിശേഷത്തില്‍ ഈശോ വാക്ക് തരുന്നു.
ഈ പശ്ചാത്തലത്തില്‍, എത്രത്തോളം പരിശുദ്ധാത്മസാന്നിദ്ധ്യം നമ്മുടെ ജീവിതങ്ങളിലുണ്ടെന്ന് പരിശോധിക്കണം.
ഒരു കുഞ്ഞുകള്ളം പറഞ്ഞുപോകുന്ന നേരത്ത്, ഒരു കുഞ്ഞു മലിനചിന്ത കയറി വരുന്ന നേരത്ത്, ഒരു കുത്തുവാക്ക് ഞാന്‍ പറയുന്ന നേരത്ത്, സഹായകന്‍ പരിശുദ്ധാത്മാവ് ‘നോട്ടിഫിക്കേഷന്‍’ (അറിയിപ്പ്) തരുന്നത് അനുഭവപ്പെടുന്നുണ്ടോ?
എങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവ് നിങ്ങളില്‍ സമൃദ്ധമായി വസിക്കുന്നുണ്ട്.
ബലഹീനതകളെയും കുറവുകളെയും ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവ് ഉള്ളില്‍ വസിച്ച് നമുക്ക് വഴി കാട്ടിക്കൊള്ളും. തന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്ന മുള്ളിനെ ഓര്‍ത്ത് വ്യാകുലപ്പെട്ട വിശുദ്ധ പൗലോസിന് കിട്ടിയ വെളിച്ചവും വേറൊന്നല്ലല്ലോ? “നിനക്കെന്‍റെ കൃപ മതി” (2 കോറിന്തോസ് 12/9). അതനുസരിച്ച് കുമ്പസാരം എന്ന കൂദാശ പ്രയോജനപ്പെടുത്തുകയും മുന്നോട്ടുപോവുകയും ചെയ്യാം.
'