- Latest articles
ബസ് യാത്രയ്ക്കിടെ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് പോകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു ബസ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവം എന്നെ ആശ്ചര്യപ്പെടുത്തി. ബസിലിരുന്ന് ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കുറച്ചുനേരം ബൈബിള്‍ വായിച്ചിട്ട് വിശ്രമിക്കാം എന്നൊരു ചിന്ത ഉള്ളിലുണ്ടായി. ഉടനെ അത് അനുസരിച്ചു. വായിച്ചുതുടങ്ങിയപ്പോള്‍ തുടര്‍ന്ന് വായിക്കാന്‍ നല്ല ആഗ്രഹം. വായനയ്ക്കിടെ കണ്ണില്‍പെട്ട ഒരു വചനം ഉടനെ ഞാന്‍ കാണാതെയും പഠിച്ചു. അത് ഒന്നായി, രണ്ടായി, മൂന്നായി. അങ്ങനെ ബസ്, സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ ഒരു വചനം പഠിക്കും, അടുത്ത സ്റ്റോപ്പ് വരെ അത് മനസ്സില്‍ ഉരുവിട്ട് ധ്യാനിക്കും. അങ്ങനെ ഓരോ സ്റ്റോപ്പിലും എത്തുമ്പോള്‍ വചനം പഠിച്ചും ഏതാനും മിനിറ്റുകള്‍ ധ്യാനിച്ചും മുന്പോട്ട് പോയി. അന്ന് എത്ര വചനമാണ് അങ്ങനെ പഠിച്ചതെന്ന് അറിയാമോ? ഇരുപത്തഞ്ച് വചനങ്ങള്‍!
പക്ഷേ അതിനെക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. വചനം പഠിച്ചും ധ്യാനിച്ചും യാത്ര തുടരുന്നതിനിടയില്‍ ബസ് അപകടത്തില്‍പ്പെടുമെന്നും സൂക്ഷിക്കണമെന്നും പെട്ടെന്ന് ഉള്ളില്‍ ഒരു ചിന്ത. അതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഉള്ളില്‍ കേള്‍ക്കുകയുണ്ടായി. അല്പവിശ്വാസത്തോടെയാണെങ്കിലും ബസില്‍ ഒരു കുരിശ് വരച്ച് സംരക്ഷണമുദ്ര ഇടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ ബസ് കുറച്ചുദൂരം പോയിക്കഴിഞ്ഞപ്പോള്‍ ഒരു വളവില്‍ വച്ച് മറ്റൊരു വാഹനവുമായി അപകടം! ദൈവകൃപയാല്‍ ആര്‍ക്കും പരിക്കൊന്നും സംഭവിച്ചില്ല. ഉടനെ എന്റെ ഉള്ളില്‍ കേട്ട ആ സ്വരത്തെ നന്ദിയോടെ ഓര്‍ത്തു. ആര്‍ക്കും യാതൊന്നും സംഭവിക്കാതെ പരിപാലിച്ചതിനാല്‍ നന്ദി പറഞ്ഞ് മുന്പോട്ട് യാത്ര തുടര്‍ന്നു. ഇക്കാര്യം മുന്‍കൂട്ടി പരിശുദ്ധാത്മാവ് പറഞ്ഞുതന്നത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയിരുന്നു. സങ്കീര്‍ത്തനം 119/105- ”അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.”
ആ ദൈവാനുഭവത്തെക്കുറിച്ച് പിന്നീട് ചിന്തിച്ചപ്പോള്‍ ഏതാനും കാര്യങ്ങള്‍ എനിക്ക് ബോധ്യമായി. ഒന്നാമതായി, തിരുവചനങ്ങള്‍ വായിച്ചുകൊണ്ടിരുന്നതിനാലാണ് എന്റെ ഉള്ളിലുയര്‍ന്ന ആ ദൈവസ്വരം തെളിമയോടെ എനിക്ക് കേള്‍ക്കാനായത്. രണ്ടാമതായി, ദൈവിക പ്രേരണകള്‍ ചെറുതാണെങ്കിലും അത് അനുസരിക്കുമ്പോഴാണ് ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് നാം പ്രാപ്തരാകുന്നത്. മൂന്നാമതായി, ദൈവവചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുവാന്‍ പൊതുവേ നമുക്ക് മടിയുണ്ടായിരിക്കാം. എന്നാല്‍ അതിനെ അതിജീവിച്ച് മുന്പോട്ട് പോകുമ്പോള്‍ അവിടുന്ന് നമ്മെ അന്തരികപ്രചോദനത്താലും വരദാനഫലങ്ങളാലും നിറയ്ക്കും. ആമോസ് 3/7- ”ദൈവമായ കര്‍ത്താവ് തന്റെ ദാസരായ പ്രവാചകന്മാര്ക്ക് തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.” പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യമുണ്ടാകാന്‍ വചനം നമ്മില്‍ നിറഞ്ഞുകൊണ്ടിരിക്കണം.
സ്വാനുഭവത്തില്‍നിന്ന് ഞാന്‍ ഇത് ആവര്‍ത്തിച്ച് പറയുകയാണ്. സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം നമ്മള് വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും വചനത്താല്‍ നിറയാന്‍ ആഗ്രഹിക്കുകയും വേണം. നമുക്ക് ഇപ്പോള്‍ ഉള്ള അഭിഷേകം പോരാ. ഇനിയുമധികം വേണം. നമ്മുടെ സന്തത സഹചാരി പോലെ തിരുവചനം നമ്മുടെ ഹൃദയത്തിലും അധരത്തിലും ഉണ്ടാകണം. റോമാ 10/8- ”വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ.” നമുക്ക് ലഭിക്കുന്ന കൊച്ചുകൊച്ച് സത്പ്രേരണകള്‍ ഗൗരവത്തോടെ അനുസരിച്ച് മുന്പോട്ട് പോകണം. വിലകൊടുത്ത് വചനം സ്വന്തമാക്കണം. അവിടുന്ന് നമ്മെ ആശ്ചര്യപ്പെടുത്തും, തീര്‍ച്ച!
'നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി.
പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു.
പ്രവര്‍ത്തന ശൈലി
ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
അറിയപ്പെടാത്ത ലക്ഷണങ്ങള്‍
അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്.
ഉള്ളിലേക്കുള്ള വാതിലുകള്‍
ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്.
ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍
നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
എങ്ങനെ തിരിച്ചറിയാം?
പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം.
കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്.
ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്.
ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത്
ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
'മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു
ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, “വലുതാകുമ്പോള്‍ ആരായിത്തീരണം?” പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. “നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?”
അവന്റെ മറുപടി പെട്ടെന്നായിരുന്നു. “എനിക്കൊരു പുരോഹിതനാവണം.” സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, ‘ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.’ ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി.
1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു.
വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി.
താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു.
പുതിയ നൂറ്റാണ്ടില്‍ …
ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി.
പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. ‘അതെന്റെ കടമയായി എനിക്ക് തോന്നി…’ അദ്ദേഹം പിന്നീട് എഴുതി.
സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. ‘എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,’ എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്.
ഡോണ്‍ബോസ്കോയുടെ കൂടെ
അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു.
ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, “ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍.”
പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍
യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d’Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ ‘pastoral notes’ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d’Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി.
തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്.
1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് ‘ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം’ എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു.
പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ ‘ധന്യ’ പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് ‘Sister Disciples of the Divine Master‑’ ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു.
1938, ഒക്ടോബര്‍ 7-ന് ‘Institute of the Sisters of Jesus the Good Shepherd’ (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു.
അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്.
ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്
അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, “ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്.” തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി.
ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാല്‍മുട്ടിന്റെ പണി’കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു.
1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, ‘ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!’ റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
'ഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. “പത്തുസെന്റും വീടും നിനക്കുള്ളതാണ്” അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന് കരുതി, “സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍…”
എന്നാല്‍ അവന് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, “സ്വത്ത് തുല്യമായി വീതിക്കണം.”
“ചേട്ടാ വീടെനിക്കുള്ളതല്ലേ…”
പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ?
“വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്” അവര്‍ ആവശ്യപ്പെട്ടു.
“വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്…? പകരം സ്ഥലം തരട്ടെ…” യാചനാപൂര്‍വം അനുജന് അവരോടഭ്യര്‍ത്ഥിച്ചു.
“വേണ്ട, വീടു പൊളിക്കണം” ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു.
വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു “നിനക്ക് കിടന്നുറങ്ങാമല്ലോ?”
വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന് പറഞ്ഞു, “അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു.”
ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: “അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല” (വിലാപങ്ങള്‍ 3/35-36).
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന് വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍… സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു “പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി” (സങ്കീര്‍ത്തനങ്ങള്‍ 107/17).
ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5).
നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. “തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും” (സുഭാഷിതങ്ങള്‍ 28/13).
'നന്നായി മരിക്കണമെങ്കില്‍ നന്നായി ജീവിക്കണമല്ലോ. അതിനായി ഓരോ ദിവസവും നാം ശ്രദ്ധാപൂര്‍വം ആത്മശോധന ചെയ്യണം. രാത്രിയില്‍ അന്നേദിവസത്തെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുക. ആ ആഴ്ച പൂര്‍ത്തിയാകുമ്പോള്‍ ആ ദിനങ്ങളെ മൊത്തത്തില്‍ അവലോകനം ചെയ്യുക. ഇപ്രകാരംതന്നെ മാസാവസാനത്തിലും വര്‍ഷാവസാനത്തിലും ചെയ്യണം. അപ്പോള്‍ നമ്മുടെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും എളുപ്പമാകും. നാം വിശുദ്ധിയില്‍ വളരാന്‍ ശുഷ്കാന്തിയുള്ളവരായി മാറുകയും ചെയ്യും. അങ്ങനെയെങ്കില്‍ മരണത്തെ നേരിടാന്‍ നാം ഒരുക്കമുള്ളവരായിരിക്കും. സ്വര്‍ഗത്തില്‍ പോകാനുള്ള സന്തോഷത്തോടെ യാത്രയാകാനും സാധിക്കും.
'ആ ദുര്‍ദിനങ്ങള്‍ വന്നെത്തുംമുമ്പ് നാം ചെയ്യേണ്ട ചില അത്യാവശ്യ കാര്യങ്ങള്‍
അവധികഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അമ്മ വഴിയിലിറങ്ങി നില്ക്കുന്ന കാഴ്ച വല്ലാത്ത ഒന്നുതന്നെയാണ്. അങ്ങനെ ഒരു ദിവസം. ഒരാഴ്ചയായി ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ഇനി വരിക. വീട്ടില്‍നിന്നും ബസ്സ്റ്റോപ്പ് വരെ ഏകദേശം അഞ്ഞൂറ് മീറ്റര്‍ കാണും. അവിടെയെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നടന്നു പോകുന്നതും നോക്കി അമ്മ റോഡിലിറങ്ങി നില്‍ക്കുകയാണ്. പണ്ട് ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴും അമ്മ ഇങ്ങനെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴാകട്ടെ, എനിക്ക് പ്രായമായി, പഠനമൊക്കെ കഴിഞ്ഞു ജോലിയായി. എന്നിട്ടും അമ്മയ്ക്ക് ഞാന്‍ ഇന്നും ആ പഴയ കുഞ്ഞുതന്നെ. അമ്മ അവിടെയുണ്ടെന്ന് അറിഞ്ഞിട്ടും അതുവരെ തിരിഞ്ഞുനോക്കാതിരുന്നിട്ട് എത്താറാകുമ്പോള്‍ തിരിഞ്ഞുനോക്കി ഒരു റ്റാറ്റാ കൊടുക്കലുണ്ട്. അതില്‍ ഇനിയുള്ള രണ്ടുമാസത്തെ സ്നേഹം നിറച്ചു വച്ചിട്ടുണ്ട്.
‘സൃഷ്ടിക്ക് തന്റെ സ്രഷ്ടാവിനെ സാന്ത്വനിപ്പിക്കാമെന്നും ഒരു നിസാര സൃഷ്ടിയുടെ, തന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരുവന്റെ, സാന്ത്വനം ദൈവം ആഗ്രഹിക്കുന്നു എന്നും വളരെക്കുറച്ച് ആത്മാക്കള്‍ക്കാണ് അറിവുള്ളത്.’ ഇത് ഞാന്‍ വായിച്ചത് ഇന്‍ സിനു ജേസു എന്ന പുസ്തകത്തില്‍നിന്നാണ് (പേജ് 285).
നമ്മുടെ ഈ ജീവിതത്തില്‍ നാം എത്രയെത്ര കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്? എത്ര തിക്കും തിരക്കുമാണ് നമ്മള് കൂട്ടുന്നത്? ഇതിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം, ഒരു സാന്ത്വനിപ്പിക്കല്‍; ജീവിതത്തിന്റെ നടന്നുകൊണ്ടിരിക്കുന്ന ഈ വഴി കഴിയും മുന്‍പ് നാം കൊടുക്കേണ്ടണ്ടതില്ലേ?
ഒരിക്കല്‍ പ്രായമായ ഒരു വല്ല്യപ്പന്റെ മരണക്കിടക്കയില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. മൂന്ന് സങ്കടങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവച്ചത്. നല്ല പ്രായത്തില്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞില്ല. ദൈവത്തിനുവേണ്ടി ഒന്നും ചെയ്തില്ല. ദൈവത്തെ ഒട്ടുംതന്നെ സ്നേഹിച്ചുമില്ല. നമ്മുടെ അനുതാപം, ഉറച്ച തീരുമാനം, ദൈവത്തോട് സ്നേഹത്തോടെയുള്ള സംഭാഷണം, ദൈവത്തെ ഏറ്റുപറയുന്നത് ഇവയെല്ലാം ആ തിരിഞ്ഞുനോട്ടത്തില്‍ വരും.
അമ്മ വഴിയിലിറങ്ങി നില്ക്കുന്നതുപോലെ, സൂക്ഷിച്ചു നോക്കുന്നതുപോലെ പിതാവായ ദൈവം നമ്മെ നോക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ ഭാഗത്തുനിന്നും ഒരു തിരിഞ്ഞുനോട്ടം, അതിനെക്കുറിച്ചാണ് പറയുന്നത്. നമ്മള് അത്ഭുതവും അനുഗ്രഹവും അവിടെനിന്നും സ്വീകരിച്ചതുകൊണ്ട് മാത്രമാകുന്നില്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമാകരുത്. നമ്മള് ദൈവത്തെ ദൈവമായിത്തന്നെ കണ്ടുകൊണ്ടു എങ്ങനെ അവിടുത്തെ സ്നേഹിക്കുന്നു എന്നതാണ് സര്‍വ്വപ്രധാനം. പിതാവ് ലോകത്തിലേക്ക് അയച്ച യേശുവില്‍ പൂര്‍ത്തിയായത് ആ സ്നേഹമല്ലേ? അതിനൊരു പ്രതിസ്നേഹം നമ്മള് കാണിക്കുന്നുണ്ടോ?
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദിവസങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ്, ഈ യൗവ്വനത്തില്‍ത്തന്നെ നമ്മള് കര്‍ത്താവിനെക്കുറിച്ചു ചിന്തിക്കണം. അവനെ അറിയാന്‍ ശ്രമിക്കണം. അവനെ സ്നേഹിക്കണം. അവനുവേണ്ടി ജീവിക്കണം. അതിനുവേണ്ടി നീ നിന്റേതായ രീതി കണ്ടെത്തിക്കൊള്ളുക. നിനക്ക് യോജ്യമായ വിധത്തില്‍ അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ മറ്റെന്തിനെക്കാളും ആരെക്കാളും സ്നേഹിക്കുകയും ചെയ്യുക. സ്നേഹിക്കുക! അതില്‍ അടങ്ങിയിട്ടുണ്ട് എല്ലാം!
“തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്” (പ്രഭാഷകന്‍ 34/19).
'മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലപ്രദമോ?
നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്.
‘അതുപോലെതന്നെ, ‘ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ’ എന്നുള്ള പ്രാര്‍ത്ഥന ഒരു തവണ ചൊല്ലുമ്പോള്‍ ഒരു ആത്മാവ് സ്വര്‍ഗത്തിലേക്ക് പോകും എന്ന് വായിച്ചപ്പോള്‍മുതല്‍ ദിവസവും പലതവണ ഞാനത് ആവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനകളുടെ ഫലസിദ്ധിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഏതാണ്ട് 16 വര്‍ഷം മുമ്പ്, ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം ഈ നാളുകളില്‍ എന്റെ ഓര്‍മ്മയില്‍ വന്നു.
ആ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്രയുടെ അറിയിപ്പ് വന്നതേ ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു ചര്‍ച്ച തുടങ്ങി. അപ്പോളാണ് ഒരു കൂട്ടുകാരി സങ്കടപ്പെട്ട് പറയുന്നത്: “എന്റെ വീട്ടില്‍നിന്നും ഉറപ്പായും വിടില്ല. ഇതുവരെ ഒരു ടൂറിനും വിട്ടിട്ടില്ല.” സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലെ മൂത്ത മകള്‍ ആയിരുന്നു അവള്. ക്ലാസിലെ ഏറ്റവും മിടുക്കിയായ അവള് വരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും അതൊരു വിരസത ആകുമെന്നുറപ്പ്. എന്തായാലും സമയം ഉണ്ടല്ലോ, അപ്പോഴേക്കും നോക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അവള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല. കൂട്ടുകാരെല്ലാവരുംകൂടെ പണം ശേഖരിക്കാമെന്നോ ടീച്ചര്‍മാരോട് പറഞ്ഞു നോക്കാമെന്നോ മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്കാമെന്നോ ഒക്കെ മനസ്സില്‍ വിചാരിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു.
എന്തായാലും അവളുടെ വിഷമം ഓര്‍ത്തപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: “ഞാനിത്രയും നാളും പ്രാര്‍ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്‍ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഈശോയേ, ആ ആത്മാവിന്റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ” എന്ന്. അന്ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ എനിക്ക് പതിവിലും ഉത്സാഹമായിരുന്നു.
പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്! കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു, “ഒരു തടസവും പറയാതെ എന്നെ ടൂറിന് വിട്ടു. അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!”
അന്ന് അവള്‍ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി. ഞാന്‍ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് വെറുതെയായിട്ടില്ല എന്നൊരു ബോധ്യം മനസ്സില്‍ അങ്ങനെ നിറഞ്ഞുനിന്നു.
നാളുകള്‍ കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന എന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയത്. ഹോസ്റ്റല്‍ മുറിയിലെ എന്റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു.
ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില്‍ മെസേജ് ഇടുമ്പോഴോ ഈ പ്രാര്‍ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്റെ ശീലമായി.
പ്രാര്‍ത്ഥിക്കുവാനും ഓര്‍മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള്‍ അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ! വിശുദ്ധ കുര്‍ബാനയില്‍, കാഴ്ചവയ്പിന്റെ സമയത്ത് നമുക്ക് അവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തിലെത്തുന്ന ആത്മാക്കള്‍ ആവശ്യസമയത്ത് നമ്മളെ തിരിച്ചും സഹായിക്കും, തീര്‍ച്ച.
വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന:
നിത്യനായ ദൈവമേ, ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായും ലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു. ആമേന്‍.
'നമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില ‘റോസാച്ചെടികള്‍’.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്ക്കാന് നാമെന്താണ് ചെയ്യേണ്ടത്?
എന്റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്റെ പൂന്തോട്ടത്തിന്റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല.
അപ്പോഴതാ പിശാചിന്റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന് എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന് എന്നോടു പറഞ്ഞു, “ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്റേതാണ്.” ഞാന്‍ പറഞ്ഞു ‘ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്റേതാവുക. അത് എന്റേതുമാത്രമാണ്.’ ജോളിചാച്ചന് പറഞ്ഞു: ‘അല്ല അത് എന്റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.’
ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്ക്കുന്ന ആ റോസച്ചെടി എന്റേതാണെന്നും ജോളിചാച്ചന് അതിന്മേല് അവകാശമില്ലെന്നും അതിന്മേല് തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന് താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്.
പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്റെ റോസച്ചെടി പൂന്തോട്ടത്തിന്റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന് അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന് പറഞ്ഞു, “ഈ റോസച്ചെടി ഇപ്പോള്‍ എന്റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്റേതാണെന്ന് മിണ്ടിപ്പോകരുത്.” ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന് ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല.
ജോളിചാച്ചന് വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന് കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്റി ഇടപെട്ടു. ആന്റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. “മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും.” പക്ഷേ ആന്റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, “പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല.” അവസാനം ആന്റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി…!
അത് അന്തകാലം ഇത് ഇന്തകാലം
“മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും” എന്ന ആന്റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്ക്കുമായിരുന്നു. എന്റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ.
എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. ‘മോളേ, നീയെങ്കിലുമൊന്നടങ്ങ്’ എന്ന് പണ്ട് ആന്റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം!
ഇതെങ്ങനെ കഴിഞ്ഞു?
ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്’ എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. “കുഞ്ഞേ, അതെന്റെ മക്കളെപ്രതിയാ… അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്റെ ഓരോ വഴികള്‍.”
വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും
സ്ത്രീപുരുഷസമത്വം ദൈവത്തിന്റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു “സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍” (1 പത്രോസ് 3/7) എന്ന്.
അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്.
പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന് അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്.
ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലിപ്പി 2/6-10).
ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന് തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവന് സംതൃപ്തനാകും.”
പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും.
പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. “ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍” (1 പത്രോസ് 3/7). ആവേ മരിയ.
'സമയവും കഴിവുകളും നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ?
മരണത്തിന്റെ വക്കില്‍നിന്ന് ജീവനിലേക്ക് തിരിച്ചുനടക്കുവാന്‍ അപൂര്‍വമായ അവസരം ലഭിച്ചവരുണ്ട്. ജീവന്റെയും ജീവിതത്തിന്റെയും മൂല്യം തിരിച്ചറിയുവാന്‍ അവര്‍ക്കേ സാധിക്കൂ. അത്തരത്തിലുള്ള അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് ലോകപ്രശസ്ത സാഹിത്യകാരനായ ദസ്തയേവ്സ്കി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണിത്. സാര്‍ ചക്രവര്‍ത്തിമാര്‍ റഷ്യ വാണിരുന്ന കാലം. വിമതപ്രവര്‍ത്തനങ്ങളൊന്നും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അങ്ങനെയൊരുനാള്‍ ദസ്തയേവ്സ്കിയുടെ ഊഴം വന്നു. 1849 നവംബര്‍ 16 ന് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഡിസംബര്‍ 22 നാണ് വധശിക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്. തടവുകാരെ സെമിയാനോവ് മൈതാനത്തിന്റെ ഒരറ്റം മുതല്‍ അണിനിരത്തി. ഫയറിങ്ങ് സ്ക്വാഡ് റെഡിയായി നില്ക്കുന്നു. മൂടിക്കെട്ടിയ കണ്ണുകളുമായി മരണത്തിന്റെ കാലൊച്ചയ്ക്കായി അവര്‍ കാത്തുനിന്നു. എന്നാല്‍ പെട്ടെന്നൊരു ആന്റിക്ലൈമാക്സ്. തടവുകാരുടെ കണ്ണുകളിലെ കെട്ടഴിച്ചു, അവര്‍ സ്വതന്ത്രരാണെന്ന് അറിയിച്ചു. കാരണം ചക്രവര്‍ത്തി തടവുകാര്‍ക്ക് മാപ്പു നല്കിയിരിക്കുന്നു.
ദസ്തയേവ്സ്കി പിന്നീട് എഴുതിയ രചനകളില്‍ ജീവിതത്തിന്റെ വിലയെക്കുറിച്ചള്ള സൂചനകള്‍ പലപ്പോഴായി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇഡിയറ്റിലെ ഒരു കഥാപാത്രം പറയുന്നു: “ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്.”
നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്. ഓരോ മിനിറ്റുപോലും വളരെ പ്രധാനപ്പെട്ടതാണ്. അതിന് ദൈവസന്നിധിയില്‍ ഒരു യുഗത്തിന്റെ വിലയുണ്ട്. നമ്മുടെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ആകെത്തുക ഓരോ മിനിറ്റും കൂടുന്നതാണല്ലോ. അത് എങ്ങനെ നാം ചെലവഴിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണിശമായ ഒരു ജാഗ്രത പുലര്‍ത്തുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒരു കാര്യമുണ്ട്. അത് ഓരോ മിനിറ്റും നാം എങ്ങനെ ചെലവഴിച്ചു എന്ന് കണക്കു കൊടുക്കേണ്ടിവരും എന്നതുതന്നെയാണ്.
നാളേക്ക് മാറ്റിവയ്ക്കുക എന്നത് സമയത്തെ ഗൗരവമായി കാണാത്തവരുടെ ഒരു പൊതുസ്വഭാവമാണ്. ‘ഇന്നുവേണ്ട, നാളെ ചെയ്യാം’ എന്ന് അവര്‍ തങ്ങളോടുതന്നെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാളെ കൂടുതല്‍ അനുകൂലമായ സാഹചര്യം വരും എന്ന ന്യായം അവര്‍ കണ്ടെത്തുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത് നമ്മുടെയെല്ലാം ഒരു പൊതുസ്വഭാവമാണ്. ഇംഗ്ലീഷില്‍ ഇതിന് ‘പ്രോക്രാസ്റ്റിനേഷന്‍’ എന്ന് പറയും. ഇതില്‍നിന്ന് മോചനം നേടുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.
സമയത്തിന്റെയും കഴിവുകളുടെയും ശരിയായ വിനിയോഗത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഈശോ നല്കിയ താലന്തുകളുടെ ഉപമ സുപരിചിതമാണ്. എത്ര കിട്ടി എന്നുള്ളതല്ല പ്രധാനപ്പെട്ടത്, എങ്ങനെ ഉപയോഗിച്ചു എന്നതാണ്. പക്ഷേ കൂടുതല്‍ കിട്ടിയവന് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍ കുറച്ചുകിട്ടിയവന്‍ അത് കുഴിച്ചുമൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല എന്നുതന്നെ. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇത് താലന്തുകളുടെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അത് പത്തുനാണയത്തിന്റെ ഉപമയാണ്. ഈ രണ്ട് ഉപമകളുടെയും പൊതുസ്വഭാവം, നല്കിയ യജമാനന് കണക്ക് ചോദിക്കുന്നു എന്നതാണ്. താലന്ത് ഉപയോഗിക്കാതിരുന്നവന് ശകാരിക്കപ്പെടുന്നു എന്നുമാത്രമല്ല, അവന് നല്കപ്പെട്ടത് അവനില്‍നിന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. കൂടാതെ അവന് കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നതിന്റെ ഒരു സൂചന ഈ ഉപമയിലൂടെ നല്കുന്നു. വിശുദ്ധ മത്തായി ശ്ലീഹാ നല്കുന്ന ആമുഖവിവരണം ഇപ്രകാരമാണ്: “ഒരുവന് യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം” (വിശുദ്ധ മത്തായി 25/14). സമയത്തിന്റെയും കഴിവുകളുടെയും ദൈവഹിതാനുസാരമുള്ള ശരിയായ വിനിയോഗം ഭൗതികവിജയത്തിനു മാത്രമല്ല, ആത്മരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്.
നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, അവിടുന്ന് എനിക്ക് നല്കിയ സമയവും ആയുസും കഴിവുകളും അങ്ങയുടെ സൗജന്യദാനമാണല്ലോ. അങ്ങയുടെ മുമ്പില്‍ ഇവയുടെ കണക്ക് ബോധിപ്പിക്കേണ്ടതാണെന്ന ചിന്താഭാരത്താല് എന്നെ നിറച്ചാലും. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശം ഈ മേഖലയില്‍ എനിക്ക് നല്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കര്‍ത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന വിധത്തില്‍ ജീവിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
'എന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാത്ത വേദന നിമിത്തം നടക്കാനാവാതെയായി. ആ സമയത്ത് മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടത്തെ ഡോക്ടര്‍ സ്കാന്‍ ചെയ്തുനോക്കി. അപ്പോഴാണറിയുന്നത്, കാലില്‍ വെരിക്കോസ് വെയിന്‍ നന്നായി ബാധിച്ചിട്ടുണ്ടെന്നും ആ ഞരമ്പുകള്‍ കാലുകളുടെ മാംസത്തിലേക്കാണ് തടിച്ചിരിക്കുന്നതെന്നും. അങ്ങനെയൊരു ഞരമ്പിലാണ് പുഴു കടിച്ചിരിക്കുന്നത്. അതിനാല്‍ മുറിവ് ഉണങ്ങാന്‍ വിഷമമാണ് എന്ന് പറഞ്ഞു. നാല് പ്രാവശ്യം ഞങ്ങള്‍ ആ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “ഓപ്പറേഷന് ചെയ്ത് ഈ ഞരമ്പ് എടുത്തുകളയുകയോ ലേസര്‍ ചികിത്സയിലൂടെ മുറിവ് കരിക്കുകയോ ചെയ്യണം.” അടുത്ത ദിവസം അഡ്മിറ്റാകാം എന്നുപറഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍നിന്നും പോന്നു. വേദനമൂലം കടുത്ത വേദനാസംഹാരി ഗുളികകള്‍ കഴിച്ചാണ് രാത്രി ഞാന്‍ ഉറങ്ങിയിരുന്നത്.
ആ സമയത്ത് 2023 ഫെബ്രുവരി 5-ന് ഭര്‍ത്താവ് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ കൈയില്‍ ഒരു ശാലോം ടൈംസ് മാസിക ഉണ്ടായിരുന്നു. ഒരു ചേട്ടന് കൊടുത്തതാണ്. അതുകണ്ടതേ കര്ത്താവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം മാസിക വാങ്ങി തുറന്ന് വായിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആദ്യം വായിച്ചത് ‘പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും’ എന്ന അനുഭവസാക്ഷ്യമാണ്. ആ അനുഭവക്കുറിപ്പിലെ അതേ നേര്‍ച്ച നേര്‍ന്നാല്‍ എനിക്കും രോഗശാന്തി ഉണ്ടാകുമെന്ന് മനസ് പറഞ്ഞു. ആ നിമിഷത്തില്‍, ഞാനും സാക്ഷ്യപ്പെടുത്താമെന്നും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. എന്നും മുറിവ് കെട്ടിയാല്‍ അസഹനീയ വേദന ഉണ്ടാകുമായിരുന്നു. അന്ന് മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ് വലിയ വേദന വന്നില്ല. മാത്രവുമല്ല, വേദനയില്ലാതെ ഉറങ്ങാനും സാധിച്ചു. പിന്നീട് ഞാന്‍ വേദനസംഹാരിഗുളികകള്‍ കഴിച്ചിട്ടില്ല. ഓപ്പറേഷനോ ലേസര്‍ ചികിത്സയോ കൂടാതെ മുറിവ് ഉണങ്ങാന്‍ തുടങ്ങി. ക്രമേണ മൂന്ന് മാസങ്ങള്‍കൊണ്ട് കാല് പൂര്‍ണമായി സൗഖ്യമായി. ഇപ്പോള്‍ വീട്ടില്‍നിന്നും നടന്ന് വിശുദ്ധ കുര്‍ബാനക്ക് പോകുന്നു. സൗഖ്യത്തിന് ഒരായിരം നന്ദി, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!
'ആത്മാവിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില്‍ ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്‍കും. പക്ഷേ ആ അവസ്ഥ ഏറെ നാള് തുടരുകയില്ല.
വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, “ദൈവസ്നേഹവും ക്രിസ്തീയ പൂര്‍ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരിക അനുഭൂതികളിലും അനുഭവവേദ്യമാകുന്ന ആശ്വാസങ്ങളിലുമല്ല; മറിച്ച് നമ്മുടെ ആത്മസ്നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതിലുമാണ്.”
പൂര്‍ണത പ്രാപിക്കാനായി, ആത്മീയ വരള്‍ച്ച മുഖേന ദൈവം സവിശേഷമായ ഒരു രീതിയില്‍ അവിടുന്ന് സ്നേഹിക്കുന്ന ആത്മാക്കളുമായി തന്നെത്തന്നെ ഗാഢമാംവിധം ഒന്നിപ്പിക്കുന്നു. ക്രമാതീതമായ ലൗകിക പ്രവണതകളോടുള്ള ഉറ്റബന്ധമാണ് ദൈവത്തോട് യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടുന്നതില്‍നിന്നും നമ്മെ തടസപ്പെടുത്തുന്നത്.
അതിനാല്‍, ദൈവം ഒരു ആത്മാവിനെ അവിടുത്തെ സമ്പൂര്‍ണ സ്നേഹത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവളെ ആദ്യം സൃഷ്ടികളുമായുള്ള സകലവിധ ഉറ്റബന്ധങ്ങളില്‍നിന്നും സ്വതന്ത്രയാക്കാന്‍ പ്രയത്നിക്കുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി അവിടുന്ന് അവളില്‍നിന്നും ധനം, സല്‍പ്പേര്, ബന്ധുക്കള്‍, ശാരീരികാരോഗ്യം എന്നിങ്ങനെ ഭൗതികമായവ അല്പാല്പമായി എടുത്തുമാറ്റുന്നു. തുടര്‍ന്ന് എല്ലാവിധത്തിലുമുള്ള വൈരുധ്യങ്ങളും അപമാനങ്ങളും വന്നെന്നിരിക്കും. ആത്മാവിന് തന്നോടുതന്നെയും സൃഷ്ടികളോടുമുള്ള സകല ഉറ്റബന്ധങ്ങളും ഇല്ലാതാക്കുവാന്‍ കര്‍ത്താവ് ഉപയോഗപ്പെടുത്തുന്ന അസംഖ്യം മാര്‍ഗങ്ങളാണിവ.
ദൈവത്തിന്റെ അതിശ്രേഷ്ഠരായ ദാസരുടെയും വിശുദ്ധരുടെയും ജീവിതങ്ങളില്‍ ആശ്വാസങ്ങളുടെ ‘പാല്’ പീഡനങ്ങളുടെ കൂടുതല്‍ ‘കട്ടിയായ ആഹാര’ത്തിന് വഴിമാറുന്നത് നാം കാണുന്നു. കാല്‍വരി മലയിലേക്കുള്ള യാത്രയില്‍ കുരിശിന്റെ ഭാരം താങ്ങാന്‍ അവരെ പ്രാപ്തരാക്കുന്നത് ഇതാണ്. ആത്മീയ വരള്‍ച്ച സഹിച്ച വളരെ വിശുദ്ധനായ ഒരു വ്യക്തിക്ക് കുരിശിന്റെ വിശുദ്ധ യോഹന്നാന് ഇങ്ങനെ എഴുതി: “ഇപ്പോഴത്തെക്കാള്‍ കൂടുതല്‍ നല്ലൊരു അവസ്ഥയില്‍ നിങ്ങള്‍ മുമ്പ് ഒരിക്കലും ആയിരുന്നിട്ടില്ല. കാരണം, ഈയൊരു നിമിഷത്തിലെന്നതുപോലെ നിങ്ങള്‍ ഒരിക്കലും ഇത്രയും എളിമപ്പെട്ടിട്ടില്ല. ഈ ലോകത്തോട് നിങ്ങള്‍ മുമ്പൊരിക്കലും ഇത്രയും വിരക്തനായിരുന്നിട്ടില്ല. ഈ നിമിഷത്തിലെന്നതുപോലെ നിങ്ങളുടെ ദുരവസ്ഥ ഇത്രയും നന്നായി നിങ്ങള്‍ മുമ്പ് ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ ഒരിക്കലും ഇത്രയും നിസംഗനായിരുന്നിട്ടില്ല. ഇതിനുമുമ്പൊരിക്കലും നിങ്ങള്‍ ഇത്രയും നിസ്വാര്‍ത്ഥനായിരുന്നിട്ടില്ല.”
ആത്മീയ വരള്‍ച്ചയുടെ മധ്യേയുള്ള പ്രത്യാശയുടെയും സമര്‍പ്പണത്തിന്റെയും പ്രകരണങ്ങള്‍ ദൈവത്തിന്റെ ഹൃദയത്തിന് എത്ര പ്രിയപ്പെട്ടതാണെന്നോ! അതിനാല്‍, വിശുദ്ധ ത്രേസ്യ പറയുന്നതുപോലെ, നമ്മുടെ അതിരറ്റ പ്രത്യാശ നാം നമ്മെത്തന്നെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ നമ്മെ സ്നേഹിക്കുന്ന ദൈവത്തില്‍ അര്‍പ്പിക്കാം.
'