• Latest articles
ആഗ 28, 2024
Engage ആഗ 28, 2024

എന്‍റെ പതിനഞ്ചാമത്തെ വയസിലുണ്ടായ ഒരനുഭവം. ഞങ്ങള്‍ താമസിക്കുന്നത് ഒരു കുന്നിന്‍പ്രദേശത്താണ്. വീട് സ്ഥലത്തിന്‍റെ ഏകദേശം താഴെയാണ്. മുകള്‍ഭാഗത്താണ് കൃഷികളൊക്കെയുള്ളത്. ഞാന്‍ ചെറിയ പണികളുമായി പറമ്പിലേക്ക് പോയി. കുറെക്കഴിഞ്ഞ് എന്നെ കാണാതെ എന്‍റെ പ്രിയപ്പെട്ട അമ്മച്ചി ഏലിക്കുട്ടി അവിടേക്ക് വന്നു. അമ്മച്ചിയും എന്‍റെ കൂടെ അധ്വാനിക്കാന്‍ തുടങ്ങി. ഏകദേശം രണ്ടുമണിക്കൂറോളം ആയിക്കാണും. പെട്ടെന്നാണ് അമ്മച്ചി പറഞ്ഞത്, ”മാതാവേ, ഞാന്‍ മറന്നു പോയല്ലോ, അരി അടുപ്പത്ത് ഇട്ടിട്ടാണ് പോന്നത്.”
അതുകേട്ട് ഞാന്‍ പറഞ്ഞു, ”എങ്കില്‍ തിരിച്ച് ചെല്ലുമ്പോള്‍ ഒന്നുകില്‍ തീ കെട്ടുപോയിട്ട് അരി വേവാതെ കിടപ്പുണ്ടാകും. അല്ലെങ്കില്‍ നമുക്ക് പായസമാക്കാം.”

അപ്പോള്‍ അമ്മച്ചി പറഞ്ഞു, ”ഞാന്‍ നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് ഏല്‍പിച്ചിട്ടാ പോന്നത്. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയും ചൊല്ലിയിട്ടുണ്ട്. അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല.”
അതുകഴിഞ്ഞ് അല്‍പം വിറകൊക്കെ എടുത്ത് അമ്മച്ചിയോടൊപ്പം വീട്ടില്‍ ചെന്നപ്പോള്‍ ശരിക്കും നമ്മുടെ പരിശുദ്ധ അമ്മ ചെയ്ത പ്രവൃത്തികണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അമ്മച്ചി അടുപ്പില്‍ കത്തിച്ച് വച്ചിട്ടുപോന്ന വിറക് ഏകദേശം കത്തി തീരാറായിരിക്കുന്നു. തീ കെട്ടുപോയിട്ടില്ല. കലത്തില്‍ നോക്കിയപ്പോള്‍ വെള്ളം കുറേയൊക്കെ വറ്റിയെങ്കിലും ചോറ് പാകത്തിന് വെന്തിരിക്കുന്നു. അപ്പോഴാണ് എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞത്. പിന്നീട് ഞാനും കൂടുതലായി എത്രയും ദയയുള്ള മാതാവേ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി.

'

By: Saji Sebastian

More
ആഗ 28, 2024
Engage ആഗ 28, 2024

ചൈനയില്‍നിന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌കോ ഫഗോള മഠത്തിലെത്തിയിരിക്കുന്നു. സിസ്റ്റര്‍ മേരി ഓഫ് പാഷന്‍ ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസസമൂഹത്തിന്‍റെ സഹായം ചോദിച്ചാണ് ഷാന്‍ക്‌സി രൂപതയുടെ സഹായമെത്രാനായ മോണ്‍സിഞ്ഞോര്‍ ഫഗോള റോമിലെ അവരുടെ മഠത്തില്‍ എത്തിയത്. സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായിരുന്നു സിസ്റ്റര്‍ മേരി. വിദൂരദേശങ്ങളില്‍ സുവിശേഷം അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൂഹമാണ് അവരുടേത്. മോണ്‍സിഞ്ഞോര്‍ ഫഗോള തന്‍റെ മിഷന്‍രൂപതയില്‍ സേവനം ചെയ്യാന്‍ അവരെ ക്ഷണിച്ചു. അനാഥരായ പെണ്‍കുട്ടികളെ സംരക്ഷിക്കുക, രോഗികള്‍ക്കായി ഒരു ചെറിയ ആതുരാലയം ആരംഭിക്കുക, സ്ത്രീകള്‍ക്ക് ഏതെങ്കിലും വിധത്തില്‍ തൊഴില്‍പരിശീലനം നല്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍.

ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥിച്ചും ചിന്തിച്ചും ഇത് തങ്ങളെക്കുറിച്ചുള്ള ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞ സിസ്റ്റര്‍ മേരി തന്‍റെ സഹോദരിമാരെ വിളിച്ചുകൂട്ടി കാര്യമറിയിച്ചു. തീക്ഷ്ണതയോടെ മുന്നോട്ടുവന്നവരില്‍ നിന്നും ഏറ്റം സമര്‍ത്ഥരായ ഏഴുപേരെ മദര്‍ പ്രാര്‍ത്ഥനാപൂര്‍വം തിരഞ്ഞെടുത്തു. വ്യത്യസ്ത രാജ്യക്കാരായിരുന്ന അവര്‍ ഒരുമിച്ച് 1899 മാര്‍ച്ച് 12-ന് ഫ്രാന്‍സിലെ മര്‍സയ്യില്‍നിന്നും യാത്ര തിരിച്ചു. സുദീര്‍ഘവും ക്ലേശകരവുമായ യാത്രയ്‌ക്കൊടുവില്‍ 1899 മെയ് നാലാം തിയതി അവര്‍ ചൈനയിലെത്തി. തയുവാന്‍ഫു എന്ന സ്ഥലത്ത് അന്നുതന്നെ 200 അനാഥ പെണ്‍കുട്ടികളുണ്ടായിരുന്ന അനാഥാലയത്തിന്‍റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു. ഏറെ താമസിയാതെ ഒരു ആശുപത്രി ആരംഭിച്ച് രോഗീപരിചരണവും തുടങ്ങി. 1900 ആയപ്പോഴേക്കും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം ചൈനയില്‍ രൂക്ഷമായി. അതേവര്‍ഷം മാത്രമായി മുപ്പതിനായിരത്തില്‍പരം ക്രിസ്ത്യാനികള്‍ രക്തസാക്ഷികളായി.

ഇറ്റലിയില്‍നിന്ന് താന്‍ കൊണ്ടുവന്ന സന്യാസിനികള്‍ ആക്രമിക്കപ്പെടുമെന്നു കണ്ട ഫഗോള മെത്രാന്‍ ആ സന്യാസിനികളെ സമീപിച്ച് ഇങ്ങനെ അറിയിച്ചു: ”ചൈനക്കാരായ സാധാരണ സ്ത്രീകളുടെ വേഷം ധരിച്ച് ഒളിവില്‍ താമസിച്ച് രക്ഷപെടുക.” അതിന് ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ മേരി ഹെര്‍മിന്‍ ഇങ്ങനെ മറുപടി നല്‍കി: ”ദൈവസ്‌നേഹത്തെയോര്‍ത്ത്, അങ്ങയോടൊപ്പം ക്രിസ്തുവിനുവേണ്ടി മരിക്കുന്നതില്‍നിന്നും ഞങ്ങളെ തടയാതിരിക്കുക. ഞങ്ങളുടെ ധൈര്യം ചോര്‍ന്നുപോയാലും ദൈവം ഞങ്ങളെ ശക്തിപ്പെടുത്തുമെന്ന് അറിയുക. മരണമോ പീഡനമോ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് പരസ്‌നേഹ പ്രവൃത്തികള്‍ക്കായും വേണ്ടിവന്നാല്‍ യേശുക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി മരിക്കുന്നതിനുമായിട്ടാണ്.” മോണ്‍സിഞ്ഞോര്‍ ഫഗോളയ്ക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.

ഗവണ്‍മെന്റ് അധികാരികള്‍ ജൂണ്‍ അവസാനത്തോടെ അനാഥാലയത്തിലെ കുട്ടികളെ സിസ്റ്റേഴ്‌സിന്‍റെ പക്കല്‍നിന്നും മാറ്റി. അവരെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ തൊട്ടടുത്തുള്ള ബുദ്ധ ആശ്രമത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. 1900 ജൂലൈ അഞ്ചാം തിയതി ബിഷപ്പുമാരായ ഗ്രിഗരി ഗ്രാസി, ഫ്രാന്‍സിസ് ഫഗോള എന്നിവരും അവിടെയുണ്ടായിരുന്ന വൈദികരും സെമിനാരിക്കാരും ജോലിക്കാരും ഏഴ് സന്യാസിനികളുമടക്കം മുപ്പത്തിമൂന്നുപേരെ അറസ്റ്റു ചെയ്തു. രാത്രി അവരെ ഒരു ദേശാധിപതിയുടെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. പിന്നെ ജയിലിലടച്ചു. മരണം തങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവര്‍ക്ക് ബോധ്യമായി. എങ്കിലും എല്ലാവരും തികഞ്ഞ ശാന്തതയില്‍, പ്രാര്‍ത്ഥനയിലും ദൈവസ്തുതിപ്പിലും ശ്രദ്ധിച്ചു.

ജൂലൈ ഒമ്പതാം തിയതി ഉച്ചകഴിഞ്ഞ് നാലുമണിയോടെ പടയാളികള്‍ അവരെയെല്ലാം തെരുവീഥികളിലൂടെ വലിച്ചിഴച്ച് വധക്കളത്തിലേക്ക് കൊണ്ടുപോയി. പോകുംവഴി ഗവര്‍ണര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: ”കൊല്ലുക, എല്ലാറ്റിനെയും കൊല്ലുക, ഒന്നും ബാക്കിയുണ്ടാകരുത്.” വധക്കളത്തിലെത്തിയപ്പോള്‍ ബിഷപ് എല്ലാവരെയും ആശീര്‍വദിച്ചു. ഉടന്‍തന്നെ പട്ടാളക്കാര്‍ അവരെയെല്ലാം കൂട്ടക്കൊല ചെയ്തു. ഏറ്റവും ഒടുവിലായി വധിക്കപ്പെട്ടത് ആ ഏഴ് വിദേശ സന്യാസിനികളായിരുന്നു. ചുറ്റുപാടും കൊലനടക്കുമ്പോള്‍ ആ ഏഴ് സഹോദരിമാരും പരസ്പരം ആലിംഗനം ചെയ്ത് സ്‌തോത്രഗീതം പാടി: ”ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു, അങ്ങേക്കായ് എന്നും സ്‌തോത്രങ്ങള്‍…” സ്‌തോത്രഗീതം അവസാനിക്കവേ, അവര്‍ വാളിനുനേരെ തങ്ങളുടെ കഴുത്ത് നീട്ടിക്കൊടുത്തു. അങ്ങനെ ആ ബലി പൂര്‍ത്തിയായി.

തങ്ങള്‍ പ്രാര്‍ത്ഥിച്ചൊരുക്കി ചൈനയിലേക്ക് പറഞ്ഞയച്ച പ്രിയ സഹോദരിമാര്‍ വധിക്കപ്പെട്ടുവെന്ന വിവരം ഇറ്റലിയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറി സമൂഹത്തിന്‍റെ മദര്‍ ജനറല്‍ അറിഞ്ഞത് സെപ്റ്റംബര്‍ 22-നാണ്. മദര്‍ തന്‍റെ സന്യാസസഹോദരിമാരെ മഠത്തിന്‍റെ ചാപ്പലില്‍ വിളിച്ചുചേര്‍ത്ത് ഇങ്ങനെ അറിയിച്ചു: ”ചൈനയിലെ തായുവാന്‍ ഫുവിലുള്ള നമ്മുടെ മിഷന്‍ഭവനം നശിപ്പിക്കപ്പെട്ടു. സിസ്റ്റര്‍ മേരി ഹെര്‍മിനും മറ്റെല്ലാ സഹോദരികളും വധിക്കപ്പെട്ടു. അവര്‍ എന്‍റെ ഏഴ് വ്യാകുലങ്ങളും ഏഴ് സന്തോഷങ്ങളുമായിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസിനോടു ചേര്‍ന്ന് എനിക്ക് പറയാനാകും, നമുക്ക് യഥാര്‍ത്ഥ ഫ്രാന്‍സിസ്‌കന്‍ സഹോദരിമാരെ ലഭിച്ചിരിക്കുന്നു.” തുടര്‍ന്ന് താഴ്ന്ന സ്വരത്തില്‍, കണ്ഠമിടറി, എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ മദര്‍ ആലപിച്ചു, ”ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു, അങ്ങേക്കായ് എന്നും സ്‌തോത്രങ്ങള്‍.” ആ സഹോദരികളെല്ലാം ആ സ്‌തോത്രഗീതം ഏറ്റുപാടി. അങ്ങകലെ ചൈനയില്‍ രക്തസാക്ഷിത്വത്തിനുമുമ്പ് തങ്ങളുടെ ഏഴ് സഹോദരികള്‍ പരസ്പരം പുണര്‍ന്ന് ആലപിച്ച ആ സ്‌തോത്രഗീതത്തോട് അവരും പങ്കുചേരുകയായിരുന്നു.
1946 നവംബര്‍ 24-ന് പന്ത്രണ്ടാം പീയൂസ് പാപ്പ ആ ഏഴ് സഹോദരികളെയും വാഴ്ത്തപ്പെട്ട രക്തസാക്ഷികളായി പ്രഖ്യാപിച്ചു. 2000 ഒക്‌ടോബര്‍ ഒന്നാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ അവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

'

By: Shalom Tidings

More
ആഗ 23, 2024
Engage ആഗ 23, 2024

ഒരു ഫാഷനെന്നോണമാണ് പലരും ശരീരത്തില്‍ പച്ചകുത്തുന്നത്. പ്രണയിതാവിന്‍റെ പേര്, ഇഷ്ടപ്പെട്ട ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങി പൈശാചികരൂപങ്ങള്‍വരെ ശരീരത്തില്‍ പച്ചകുത്തുന്നവരുണ്ട്. കായികതാരങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവരുടെ ശരീരത്തിലെ ഇത്തരം ടാറ്റൂകള്‍ അവരുടെ ആരാധകരും അന്ധമായി അനുകരിക്കുന്നു. ദേഹംമുഴുവന്‍ പച്ചകുത്തിയിരിക്കുന്നവരെ കാണുമ്പോള്‍ അറപ്പ് തോന്നും എന്നതും വാസ്തവംതന്നെ. വിദേശരാജ്യങ്ങളില്‍ അങ്ങനെയുള്ളവര്‍ ഒരു സാധാരണ കാഴ്ചയാണ്. ടാറ്റൂഭ്രമം പതിയെ നമ്മുടെ നാട്ടിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍, പച്ചകുത്തലിനെക്കുറിച്ചുള്ള ക്രൈസ്തവ ആത്മീയവീക്ഷണം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ശരീരത്തില്‍ പച്ചകുത്തുക എന്നത് ചില പുരാതനസംസ്‌കാരങ്ങളില്‍ തുടങ്ങി കാണാന്‍ കഴിയും. അടിമകളിലാണ് സാധാരണ പച്ചകുത്തിയിരുന്നത്. അടിമസമ്പ്രദായം നിലനിന്നിരുന്ന കാലത്ത്, അടിമകളെ തിരിച്ചറിയുന്നതിന് ഉപയോഗിച്ചിരുന്നതാണ് പച്ചകുത്തല്‍.
തിരുവചനം എന്തുപറയുന്നു?
ലേവ്യ 19/28: ”ദേഹത്ത് പച്ചകുത്തരുത്. ഞാനാണ് കര്‍ത്താവ്.” ചില ഗോത്രങ്ങളില്‍പ്പെട്ടവരാണ് ദേഹത്ത് പച്ചകുത്തിയിരുന്നത്. എന്നാല്‍ ഇസ്രായേല്‍ജനം ദൈവത്തിന്റേതായതുകൊണ്ട് അത് ചെയ്യരുത് എന്ന് ദൈവം ഇവിടെ കല്പിക്കുന്നു.
എന്തിന്‍റെ പേരിലാണ് സ്വന്തം ശരീരത്തില്‍ പച്ചകുത്തുന്നത് എന്ന് സത്യസന്ധമായി പരിശോധിക്കണം. എന്നെത്തന്നെ പ്രദര്‍ശിപ്പിക്കാനാണോ? എങ്കില്‍ അത് തെറ്റായ നീക്കമാണ്. ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല, നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍”(1 കോറിന്തോസ് 6/19).

എവിടെയാണ് പച്ചകുത്തുന്നത്?

ക്രിസ്തുവിന്‍റെ ശരീരവും രക്തവും നല്കി ദൈവത്താല്‍ വിലയ്ക്കുവാങ്ങപ്പെട്ട നമ്മുടെ ശരീരത്തിന്‍റെ ഏതുഭാഗത്തു പച്ചകുത്തിയാലും ക്രിസ്തുവിനു സ്വന്തമായതിനെ നാം ദുരുപയോഗിക്കുകയാണ് ചെയ്യുക. ദൈവം ദാനമായി നല്കിയ പരിശുദ്ധമായ ലൈംഗികതയെ ദുരുപയോഗിച്ച് രഹസ്യഭാഗങ്ങളില്‍ പച്ചകുത്തുമ്പോള്‍ അത് പരമപരിശുദ്ധിതന്നെയായ ദൈവത്തിനെതിരായുള്ള പാപമാണ്. ദൈവത്തിന് അവകാശപ്പെട്ട നമ്മുടെ ശരീരം പരിശുദ്ധമായി നാം സംരക്ഷിക്കുകയും അവിടുത്തേക്ക് വിശുദ്ധമായിത്തന്നെ തിരിച്ചേല്പ്പിക്കുകയും വേണം. ഓര്‍ക്കാം, ക്രിസ്തുവിന്‍റെ പുനരാഗമനത്തില്‍ അവിടുത്തെ തേജസിലും മഹത്വത്തിലും ഉയിര്‍പ്പിക്കപ്പെടാനുള്ളതാണ് നമ്മുടെ ശരീരം.

എന്താണ് പച്ചകുത്തുന്നത്?

പൈശാചികരൂപങ്ങളോ പൈശാചികതയെ സൂചിപ്പിക്കുന്ന ചിത്രങ്ങളോ ലൈംഗികച്ചുവയുള്ളതോ മറ്റുള്ളവര്‍ക്ക് ദുഷ്‌പ്രേരണയ്ക്ക് നിദാനമാകുന്നതോ ആണെങ്കില്‍ തീര്‍ച്ചയായും അത്തരത്തിലുള്ള പച്ചകുത്തല്‍ വഴി സ്വയം തിന്മയ്ക്ക് അടിയറവയ്ക്കുകയാണ് ചെയ്യുന്നത്. പിശാച് ആ വ്യക്തിയെ ക്രമേണ അവന്‍റെ അടിമയാക്കുകയും ചെയ്യും.

എന്തിനാണ് പച്ചകുത്തുന്നത്?

ശരീരം മുഴുവന്‍ പച്ചകുത്തിയ ചിത്രങ്ങള്‍ പേറുന്ന ചിലരെ കാണുന്നതുതന്നെ പലര്‍ക്കും അരോചകമാണ്. ഇഷ്ടപ്പെട്ട ചിത്രമായതുകൊണ്ടാണെന്നോ വ്യത്യസ്തരാകാന്‍വേണ്ടിയാണെന്നോ ഒക്കെ അവര്‍ പറഞ്ഞേക്കാം. എന്നാല്‍ സ്വതസിദ്ധമായ ചര്‍മ്മത്തെ മറച്ചുകളയുന്നവിധത്തില്‍ വളരെയധികം ചിത്രങ്ങള്‍ പച്ചകുത്തുന്നത് സ്വശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധമാണ് പ്രകടമാക്കുന്നത്. വ്യത്യസ്തതയ്ക്കാണ് എന്നതിലും ന്യായീകരണമില്ല; ഉന്നതമായ വ്യക്തിത്വം പുലര്‍ത്തുന്നതിലൂടെയാണ് നാം വ്യത്യസ്തരാകേണ്ടത്, പച്ചകുത്തലിലൂടെയല്ല. ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിതം നയിച്ചവരെയെല്ലാം ക്രിസ്തു വ്യത്യസ്ത രീതിയില്‍ ലോകത്തിനുമുമ്പില്‍ മഹത്വപ്പെടുത്തിയിട്ടുണ്ട്.

ശരീരത്തിന് ഇത്രയും ഹാനികരമോ?

പുറത്തെ തൊലിയുടെ രണ്ടാം പാളിയായ ഡെര്‍മിസി(dermis)ലേക്കാണ് പച്ചകുത്തുന്ന മഷി ഇറങ്ങുന്നത്. ശരീരത്തെ ‘മുറിപ്പെടുത്തി’ നിറം നല്കുന്നു. ഒരാഴ്ചയിലധികം എടുക്കും ആ മുറിവുണങ്ങാന്‍.
പ്രൈമറി അരോമാറ്റിക് അമീനുകള്‍, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ മുതലായവ അടങ്ങിയതാണ് ടാറ്റൂ ചെയ്യാനുപയോഗിക്കുന്ന മഷി അഥവാ ഡൈ. ഈ മഷിയില്‍ കാന്‍സറിന് കാരണമാകുന്ന ലെഡ്, കാഡ്മിയം, നിക്കല്‍, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങളുടെയും അംശം ഉണ്ട്. പച്ചകുത്തല്‍ ഫാഷനായി കരുതിത്തുടങ്ങിയ സമീപവര്‍ഷങ്ങളില്‍, അനന്തരഫലമായ രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി ചര്‍മരോഗവിദഗ്ധര്‍ പറയുന്നു.

ചര്‍മരോഗവിദഗ്ധരുടെ വിശകലനമനുസരിച്ച് ടാറ്റൂ ചെയ്യുന്നതുനിമിത്തം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും കാന്‍സറിനു കാരണമാകുന്ന ട്യൂമറുകള്‍, ബാക്ടീരിയല്‍ അണുബാധ, വൈറസ് ബാധ, ഫംഗസ് ബാധ, അലര്‍ജിപ്രശ്‌നങ്ങള്‍, ത്വക്‌രോഗങ്ങള്‍ എന്നിവയാണ്. ഇതില്‍ ബാക്ടീരിയമൂലമുണ്ടാകുന്ന അണുബാധയുടെ ലക്ഷണങ്ങള്‍മാത്രമാണ് ഏതാനും ദിവസങ്ങള്‍ക്കകം കാണാന്‍ കഴിയുക. അല്ലാത്തവ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. വൈറസ് ബാധയില്‍ എയ്ഡ്‌സിനു കാരണമാകുന്ന എച്ച്.ഐ.വി വരെ ശരീരത്തില്‍ പ്രവേശിച്ചേക്കാം.

ലിംഫോമ കാന്‍സറും ടാറ്റൂവും

ലിംഫോമ എന്ന കാന്‍സറും ദേഹത്തെ ടാറ്റൂകളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റി (University of Lund) യുടെ പഠനം തെളിയിക്കുന്നു. ഇ ക്ലിനിക്കല്‍മെഡിസിന്‍ ജേര്‍ണലില്‍ 2024 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച അവരുടെ പഠനമനുസരിച്ച് ശരീരത്തില്‍ ഒരു ടാറ്റൂമാത്രമേ ഉള്ളൂ എങ്കില്‍പ്പോലും ലിംഫോമ വരാനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നാണ് വ്യക്തമാകുന്നത്.

ടാറ്റൂ ഭാവിജീവിതത്തെ ബാധിക്കുമോ?

പച്ചകുത്തുന്ന ചിത്രം ജീവിതകാലം മുഴുവന്‍ ശരീരത്തില്‍ നിലനില്ക്കുമല്ലോ. അതിനാല്‍ അത് ഭാവിയെ സാരമായി ബാധിക്കാനിടയുണ്ട്. യുവജനങ്ങള്‍ പച്ചകുത്തിയാല്‍, വിവാഹിതരാകുമ്പോള്‍ അത് പങ്കാളിക്ക് ഇഷ്ടമാകുന്നില്ലെങ്കില്‍ ജീവിതത്തിലുടനീളം അത് അസ്വസ്ഥത സമ്മാനിക്കും. ജോലികള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് പച്ചകുത്തല്‍ തടസമായേക്കാം.

പ്രണയിതാവിന്‍റെ പേരോ ചിത്രമോ ആവേശത്തോടെ പച്ചകുത്തുന്നവര്‍, പിന്നീട് മറ്റൊരാളുടെ പങ്കാളിയാവുകയാണെങ്കില്‍ അവരുടെ കുടുംബജീവിതം എപ്രകാരമായിത്തീരും?
ഭാവിയില്‍ സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കുകയാണെങ്കിലോ..? ടാറ്റൂ വലിയൊരു തടസമാവുകയില്ലേ? ഇത്തരത്തില്‍ പച്ചകുത്തല്‍ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കും.
മറ്റൊന്ന്, പത്തുവര്‍ഷം മുമ്പ് ടാറ്റൂവായി തിരഞ്ഞെടുക്കുന്ന ചിത്രമായിരിക്കില്ല ഇന്ന് ഇഷ്ടപ്പെടുക. കാലാനുസൃതം നമ്മുടെ താല്പര്യങ്ങളില്‍ മാറ്റം വരും. പിന്നെന്തിന് ഭാവിയില്‍ ഖേദിക്കാന്‍ ഇടകൊടുക്കണം?
ചുരുക്കിപ്പറഞ്ഞാല്‍, ഫാഷന്‍റെയോ ഭ്രമത്തിന്‍റെയോ പേരിലോ, മറ്റെന്തുകാരണമായാലും പച്ചകുത്തുന്നത് ആര്‍ക്കും, വിശേഷിച്ച്, ക്രൈസ്തവര്‍ക്ക് അനുയോജ്യമല്ല.

'

By: Shalom Tidings

More
ആഗ 14, 2024
Engage ആഗ 14, 2024

അമ്മ ഇടയ്ക്ക് അയല്‍പക്കത്തുനിന്ന് ഒരു തേങ്ങാമുറി കടം വാങ്ങുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ ചിരകിയ തേങ്ങ പാത്രത്തിലാക്കി വച്ചിട്ടുണ്ടെന്ന് മകന്‍ കണ്ടതാണ്. പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്? ഏഴാം ക്ലാസുകാരന് സംശയം. പല തവണ ഇതാവര്‍ത്തിക്കുകകൂടി ചെയ്തതോടെ അവന്‍ അമ്മയെ ചോദ്യം ചെയ്തു, ”അമ്മേ, വീട്ടില്‍ തേങ്ങയുള്ളപ്പോഴും വെറുതെ എന്തിനാണ് അപ്പുറത്തെ വീട്ടില്‍ പോയി കടം വാങ്ങുന്നത്?”

അമ്മ സാവധാനം മകനെ തന്നോടു ചേര്‍ത്തുനിര്‍ത്തി. ”മോനേ, അവര്‍ അത്ര നല്ല സാമ്പത്തികസ്ഥിതിയിലല്ല ജീവിക്കുന്നത്. ഇടയ്ക്ക് അത്യാവശ്യം വരുമ്പോള്‍ ചില സാധനങ്ങളൊക്കെ അമ്മയോട് ചോദിച്ചുവാങ്ങും. സാവധാനമാണ് തിരിച്ചുതരിക. പക്ഷേ നമുക്ക് അവരില്‍നിന്ന് ഒന്നും വാങ്ങിക്കേണ്ട ആവശ്യം വരാറില്ല. നാം നേരത്തേതന്നെ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിവയ്ക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ.

എങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ നാം ചോദിച്ചുവാങ്ങുകയാണെങ്കില്‍ അവര്‍ക്ക് അതൊരു സന്തോഷമായിരിക്കും. നമ്മുടെ കൈയില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കാന്‍ വിഷമം തോന്നുകയുമില്ല.” അമ്മയുടെ ജ്ഞാനം കണ്ട മകന് സന്തോഷവും അഭിമാനവും തോന്നി.

”അവിടുത്തെ പുത്രനായ യേശുവിന്‍റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോട് കല്‍പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം” (1 യോഹന്നാന്‍ 3/23).

'

By: Shalom Tidings

More
ജുലാ 31, 2024
Engage ജുലാ 31, 2024

വെള്ളം തിളപ്പിക്കുന്നതിനായി വീട്ടില്‍ ഒരു കെറ്റില്‍ വാങ്ങിയിരുന്നു. അത് നന്നായി കറന്റ് വലിക്കുമെന്ന് കേട്ടിട്ടുണ്ട്. മീറ്ററില്‍ നോക്കിയപ്പോഴാണ് അത് ഓണാക്കുമ്പോള്‍ അധികം വരുന്ന കറന്റിനെ കുറിച്ച് ബോധ്യം വന്നത്. അപ്പോള്‍ം മുതല്‍ അതിന്‍റെ ഉപയോഗം കുറച്ചു. കെറ്റിലിന്‍റെ ഉപയോഗം മൂലം വന്ന അധികനഷ്ടം കുറയ്ക്കാനുള്ള ശ്രമവും വീട്ടില്‍ ആരംഭിച്ചു. ഫാനും ലൈറ്റുമൊക്കെ അനാവശ്യമായി ഓണാക്കുന്നത് നിര്‍ത്തി. ആവശ്യമില്ലാത്തവ ഉടനെ പോയി ഓഫാക്കാന്‍ തുടങ്ങി. നിര്‍ബന്ധമാണെങ്കില്‍ മാത്രം ലൈറ്റ് ഇടുക, കുറച്ച് നേരത്തേക്കാണെങ്കില്‍ ഫാന്‍ ഇടാതിരിക്കുക. പൊതുവായ സ്ഥലങ്ങളില്‍ ഒരുമിച്ചുചേര്‍ന്ന് ഉപയോഗിക്കുക ഇങ്ങനെയൊക്കെയാണ് നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ചത്.

പറഞ്ഞുവരുന്നത് നമ്മുടെ കൊച്ചുകൊച്ചു പ്രായശ്ചിത്തങ്ങള്‍കൊണ്ടും പരിഹാരങ്ങള്‍കൊണ്ടും പൊതുവായ നഷ്ടങ്ങള്‍ കുറയ്ക്കാനാകും എന്നാണ്. ലോകത്തില്‍ പാപം പെരുകുമ്പോള്‍ ക്രൈസ്തവ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നത് പാപത്തെ കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍കൊണ്ടും പ്രായശ്ചിത്തങ്ങള്‍കൊണ്ടും കീഴടക്കാനാണ്. തിന്മയെ നന്മകൊണ്ട് ഇല്ലാതാക്കാന്‍ (റോമാ 12/21) നമുക്ക് സാധിക്കണം.
എന്ത് വിശ്വസിക്കണം, എന്തിന് പ്രാര്‍ത്ഥിക്കണം, എന്ത് പകരം ചെയ്യണം എന്നിങ്ങനെയുള്ള സംശയത്തിന്‍റെ അരൂപി അന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോള്‍ സംശയം കൂടാതെ യേശുവിന്‍റെ വഴികള്‍ തിരഞ്ഞെടുക്കുക. യേശുവിന്‍റെ വചനങ്ങളിലും ജീവിതസന്ദേശത്തിലും മാത്രം അഭയം പ്രാപിക്കുക. അങ്ങനെ ചെയ്താല്‍, പാപം മൂലം വന്നുപോയ കുറേയേറെ നഷ്ടങ്ങള്‍ ചെറിയവരായ നമ്മളിലൂടെപ്പോലും ഈശോയ്ക്ക് പരിഹരിക്കാനാകും.

ഇതെത്ര നിസാരം എന്നുതോന്നുന്ന കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍ക്കും പ്രായശ്ചിത്ത പ്രവൃത്തികള്‍ക്കും ദൈവസന്നിധിയില്‍ വലിയ വിലയുണ്ട്. കാരണം ദൈവസ്‌നേഹമാണ് ഒരാളെ പ്രായശ്ചിത്ത പരിഹാര പ്രവൃത്തികള്‍ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദൈവസ്‌നേഹത്തില്‍നിന്നും ഉടലെടുക്കുന്ന ഏത് നിസാര പ്രവൃത്തിയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ആഗ്രഹവും ദൈവസന്നിധിയില്‍ മൂല്യമുള്ളതാണ്. ഈശോ വെളിപ്പെടുത്തിയ ഒരു കൊച്ചു പ്രാര്‍ത്ഥന ഇപ്രകാരമാണ്. ”ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ.” ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ അറുപത് ആത്മാക്കളെ ഈശോ ശുദ്ധീകരണ സ്ഥലത്ത് നിന്നും മോചിപ്പിക്കും എന്നാണ് ഈശോ വിശുദ്ധര്‍ക്ക് വെളിപ്പെടുത്തിയത്.

നമുക്കും ഇങ്ങനെ പ്രാര്‍ത്ഥിക്കാം. ചെറുതില്‍നിന്ന് തുടങ്ങാം. നശിച്ചുപോകുന്ന ആത്മാക്കളെ പ്രതി ഒരു നെടുവീര്‍പ്പ്, ഒരു കൊച്ചു പ്രാര്‍ത്ഥന, ചെറിയ ചെറിയ ആശയടക്കങ്ങള്‍, പാപം ഉപേക്ഷിക്കല്‍, വചനം പാലിക്കല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് നമുക്കും പാപം വരുത്തിവയ്ക്കുന്ന പൊതുകടം വീട്ടുന്നതില്‍ പങ്കാളിയാകാം.
”നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്” (ഹെബ്രായര്‍ 13/16).

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More
ജുലാ 31, 2024
Engage ജുലാ 31, 2024

ഒരിക്കല്‍ അള്‍ത്താരയില്‍ എഴുന്നള്ളിച്ചുവച്ചിരുന്ന ദിവ്യകാരുണ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു മിഷനറി. അത് വികസിപ്പിച്ചപ്പോള്‍ വിസ്മയകരമായ ഒരു ചിത്രമാണ് ലഭിച്ചത്. ഫോട്ടോയില്‍ ദിവ്യകാരുണ്യത്തിന്‍റെ സ്ഥാനത്ത് തെളിഞ്ഞത് ബാലനായ ഈശോയുടെ ചിത്രം! ദൈവപിതാവിനെ നോക്കി നമുക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോ. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണപ്പെട്ടത് സാധുവായ ആശാരിയുടെ പണിശാലയായിരുന്നു. അള്‍ജീരിയന്‍ മരുഭൂമിയില്‍ മിഷനറിയായി സേവനം ചെയ്ത വിശുദ്ധ ചാള്‍സ് ഡി ഫൂക്കോ (1858 -1916) യ്ക്കാണ് അസാധാരണമായ ഈ ദൈവാനുഭവം ലഭിച്ചത്. വിശുദ്ധനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം:

എന്‍റെ ദൈവമേ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങില്‍ പ്രത്യാശവയ്ക്കുന്നു, അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയില്‍ വിശ്വസിക്കുകയോ പ്രത്യാശവയ്ക്കുകയോ അങ്ങയെ ആരാധിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാത്ത സകലര്‍ക്കുംവേണ്ടി അങ്ങയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.
ഓ എന്‍റെ ഈശോയേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച്, അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ള ആത്മാക്കളെയും സ്വര്‍ഗത്തിലേക്ക് ആനയിക്കണമേ, ആമ്മേന്‍.

'

By: Shalom Tidings

More
ജുലാ 26, 2024
Engage ജുലാ 26, 2024

വാഴ്ത്തപ്പെട്ട ഹെര്‍മ്മന്‍ ജപമാല വളരെ ശ്രദ്ധയോടും ഭക്തിയോടുംകൂടി രഹസ്യങ്ങള്‍ ധ്യാനിച്ചാണ് ചൊല്ലിയിരുന്നത്. ആ സമയങ്ങളില്‍ അതീവസൗന്ദര്യത്തോടെയും മഹിമയോടെയും പരിശുദ്ധ കന്യക അദ്ദേഹത്തിന് കാണപ്പെട്ടിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ തീക്ഷ്ണത അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ജപമാല അതിവേഗം ഭക്തിയും ശ്രദ്ധയുമില്ലാതെ ചൊല്ലാന്‍ തുടങ്ങി.

ആ ദിവസങ്ങളിലൊന്നില്‍ പരിശുദ്ധ അമ്മ അദ്ദേഹത്തിന് വീണ്ടും ദര്‍ശനം നല്കി. പറയത്തക്ക സൗന്ദര്യമില്ലാതെ, ചുളിവുവീണതും ദുഃഖഭരിതവുമായ മുഖമായിരുന്നു അമ്മയുടേത്. അതുകണ്ട് വാഴ്ത്തപ്പെട്ട ഹെര്‍മ്മന് ഭയവും അസ്വസ്ഥതയും തോന്നി. ഹെര്‍മ്മന്‍റെ പ്രതികരണം കണ്ട് പരിശുദ്ധ കന്യക വിശദീകരിച്ചു, ”ഇങ്ങനെയാണ് ഞാന്‍ നിന്നെ നോക്കുന്നത്. കാരണം നിന്‍റെ ആത്മാവില്‍ നീ എന്നെ പരിഗണിക്കുന്നത് ഇങ്ങനെയാണ്, അവഗണിക്കപ്പെടേണ്ടവളും തെല്ലും പ്രാധാന്യമില്ലാത്തവളുമായ ഒരു സ്ത്രീയെപ്പോലെ… നീയെന്താണ് എന്നെ ആദരവോടെ അഭിസംബോധന ചെയ്യാതെയും ജപമാലരഹസ്യങ്ങള്‍ ഭക്തിയോടെ ധ്യാനിക്കാതെയും എന്‍റെ സ്തുതികള്‍ ചൊല്ലാതെയും ഇരിക്കുന്നത്?
വിശുദ്ധ ലൂയിസ് മരിയ ഡി മോണ്ട്‌ഫോര്‍ട്ട്‌

'

By: Shalom Tidings

More
ജുലാ 24, 2024
Engage ജുലാ 24, 2024

ഏറ്റവും ആദരയോഗ്യമായ അപമാനങ്ങള്‍ ഏതാണെന്നറിയാമോ? ആകസ്മികമായോ നമ്മുടെ ജീവിതാവസ്ഥയോട് അനുബന്ധമായോ സംഭവിക്കുന്ന നിന്ദനങ്ങളാണ് ഏറ്റവും ആദരണീയം. ദൈവം കൂടുതല്‍ ഇഷ്ടപ്പെടുന്നതും നമ്മുടെ ആത്മീയാഭിവൃദ്ധിയെ അത്യധികം സഹായിക്കുന്നതും ഇവതന്നെ. എന്തുകൊണ്ടെന്നാല്‍ നാം ഇവയെ അന്വേഷിക്കുന്നില്ല. പ്രത്യുത, ദൈവം നല്കുമ്പോള്‍ സ്വീകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ദൈവം നമുക്കായി തിരഞ്ഞെടുക്കുന്നവ, നമ്മുടെ സാമര്‍ത്ഥ്യത്താല്‍ തിരഞ്ഞെടുക്കുന്നവയെക്കാള്‍ ശ്രേഷ്ഠമായിരിക്കുമല്ലോ.
വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്‌

'

By: Shalom Tidings

More
ജുലാ 19, 2024
Engage ജുലാ 19, 2024

ഹെന്റി പ്രന്‍സീനിക്ക് വധശിക്ഷ! ഫ്രഞ്ച് ദിനപത്രങ്ങളിലെ അന്നത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. ഫ്രാന്‍സിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതി പ്രന്‍സീനിക്ക് നല്കപ്പെട്ട ശിക്ഷയില്‍ ആര്‍ക്കും വലിയ അമ്പരപ്പോ ഖേദമോ തോന്നാനില്ല. പക്ഷേ ആ പത്രവാര്‍ത്ത ലിസ്യൂവിലെ വിശുദ്ധ തെരേസ എന്ന കൊച്ചുത്രേസ്യയുടെ ഹൃദയത്തില്‍ വ്യത്യസ്തമായ വികാരമാണ് സൃഷ്ടിച്ചത്. അന്നത്തെ മാധ്യമങ്ങളോടും പൊതുജനാഭിപ്രായത്തോടും ചേര്‍ന്ന് പ്രന്‍സീനിയെ അപലപിക്കാന്‍ അവള്‍ക്ക് തോന്നിയില്ല. പകരം ആ ആത്മാവിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ത്യാഗങ്ങളേറ്റെടുത്തുകൊണ്ടുള്ള പ്രാര്‍ത്ഥന. തന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടെന്നതിന് ഈശോയോട് അടയാളവും ചോദിച്ചിരുന്നു.

അടുത്ത ദിനങ്ങളിലെല്ലാം പ്രന്‍സീനിയുടെ കാര്യത്തില്‍ സ്വര്‍ഗത്തില്‍നിന്നുള്ള അടയാളം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ അവള്‍ വാര്‍ത്തകള്‍ തിരഞ്ഞു, പക്ഷേ ഒന്നും കണ്ടില്ല. ഒടുവില്‍ പ്രന്‍സീനിയുടെ ശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ത്തകള്‍ വന്നു. വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് സമീപത്തുണ്ടായിരുന്ന വൈദികന്റെ കൈയില്‍നിന്ന് കുരിശ് ചോദിച്ചുവാങ്ങി മൂന്ന് പ്രാവശ്യം ചുംബിച്ചെന്ന് ആ വാര്‍ത്തകളില്‍ രേഖപ്പെടുത്തിയിരുന്നു. അന്ന് കൊച്ചുത്രേസ്യ തന്റെ ഡയറിയില്‍ പ്രന്‍സീനിയെക്കുറിച്ച് എഴുതി, ‘എന്റെ ആദ്യത്തെ കുഞ്ഞ്!!’ അതെ, സ്വര്‍ഗത്തിനായി അവള്‍ ജനിപ്പിച്ച ആദ്യത്തെ കുഞ്ഞായിരുന്നു പ്രന്‍സീനി.
സ്വയം ചോദിച്ചുനോക്കാം, കൊച്ചുത്രേസ്യയെപ്പോലെ എനിക്കെത്ര കുഞ്ഞുങ്ങളുണ്ടാകും?

'

By: Shalom Tidings

More
ജുലാ 17, 2024
Engage ജുലാ 17, 2024

ഡാമിലൊക്കെ റിസര്‍വോയര്‍ ഉണ്ടാവുമല്ലോ. അത്യാവശ്യം ഉയരത്തില്‍ പണിയുന്ന ഒന്ന്. അതിലെ ജലത്തിന് ചലനം ഇല്ല. പക്ഷേ അതിനൊരു ഊര്‍ജം ഉണ്ട്. പൊട്ടന്‍ഷ്യല്‍ എനര്‍ജി അഥവാ സ്ഥിതികോര്‍ജം എന്ന് വിളിക്കും. അടിസ്ഥാനപരമായ ഫിസിക്‌സാണ് പറയുന്നത്. വെള്ളം ഇങ്ങനെ സൂക്ഷിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. വെള്ളത്തിനെപ്പോഴും ചലിക്കാനാണ് പ്രവണത. ചലനം വരുമ്പോഴാണ് പൊട്ടന്‍ഷ്യല്‍ എനര്‍ജി, കൈനറ്റിക് എനര്‍ജി അഥവാ ഗതികോര്‍ജം ആയി മാറുന്നത്. ഗതികോര്‍ജംമാത്രമേ പവര്‍ ഉത്പാദിപ്പിക്കുകയുള്ളൂ. ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നിടത്ത് ഈ തത്വമാണല്ലോ പ്രാവര്‍ത്തികമാക്കുന്നത്.

സമാനമായ ശാസ്ത്രം ഒരു ക്രിസ്തു അനുയായിയുടെ ആദ്ധ്യാത്മിക ജീവിതത്തിലുമുണ്ട്. ക്രിസ്തു ഉള്ളിലുള്ളതിനാല്‍ ഒരു ക്രിസ്ത്യാനിയില്‍ ഉന്നതമായ ‘പൊട്ടന്‍ഷ്യല്‍ എനര്‍ജി’ ഉണ്ട്. മാത്രവുമല്ല ആ ഊര്‍ജം എപ്പോഴും ചലനത്തിലേക്ക് അഥവാ ശുശ്രൂഷയിലേക്ക് ഊന്നിയിരിക്കുന്നു. ചലനം ഉണ്ടെങ്കിലേ പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെതന്നെ ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ ശുശ്രൂഷ ഉണ്ടെങ്കിലേ ദൈവികശക്തി പ്രവഹിക്കുകയുള്ളൂ. പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്ന പാഠം വേറൊന്നല്ല.

അമ്മ ക്രിസ്തുവിന്‍റെ ‘റിസര്‍വോയറാ’യിത്തീര്‍ന്നു. അതിനാല്‍ത്തന്നെ എപ്പോഴും ശുശ്രൂഷയിലേക്കായിരുന്നു ചായ്‌വ്. നേരെ എലിസബത്തിന്‍റെ പക്കല്‍ ചെന്നപ്പോള്‍, അതാ ശക്തി പ്രവഹിച്ചു. അവള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു.
ശുശ്രൂഷ ഇല്ലെങ്കില്‍ പവര്‍ ഉത്പാദനം നടക്കില്ലെന്ന് ഓര്‍ക്കുക. ”പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2/17). ആകയാല്‍ മറിയത്തെപ്പോലെ ഈശോയെ വഹിക്കുന്ന റിസര്‍വോയര്‍ ആകാനും ശുശ്രൂഷയിലൂടെ ദൈവികശക്തി ചുറ്റുമുള്ളവര്‍ക്കും പകരാനും നമുക്ക് സാധിക്കട്ടെ.

'

By: ഫാ. ജോസഫ് അലക്‌സ്‌

More
ജുലാ 15, 2024
Engage ജുലാ 15, 2024

വികാരിയായി സ്ഥാനമേറ്റപ്പോള്‍ വിയാനിയച്ചന്‍റെ ഹൃദയം തകര്‍ക്കുന്ന അനേകം അനുഭവങ്ങളാണ് ആര്‍സിലെ ഇടവകയില്‍ അദ്ദേഹത്തെ കാത്തിരുന്നത്. ദൈവാലയത്തോട് ബന്ധമില്ലാതെ, വിശുദ്ധ കുമ്പസാരമില്ലാതെ, അശുദ്ധിയില്‍ ജീവിക്കുന്ന ഏറെ ആളുകള്‍… ആ ജനത്തിനുവേണ്ടി വിയാനിയച്ചന്‍ രാത്രിയാമങ്ങളിലും കണ്ണീരോടെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പല വീടുകളിലും ആ സമയത്തും രാത്രിവിരുന്നുകളും നൃത്തവും മദ്യപാനവും അരങ്ങേറിക്കൊണ്ടിരുന്നു.

വിയാനിയച്ചന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥന തുടര്‍ന്നതോടൊപ്പം ഇടവകയിലെ ഭക്തരായ സ്ത്രീകളെ ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്‍റെ ഒരു ജപമാലസഖ്യം ആരംഭിച്ചു. പലരും അതിനെ പരിഹാസത്തോടെയാണ് കണ്ടത്. പക്ഷേ പതുക്കെപ്പതുക്കെ ഇടവകയില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി.
പ്രാര്‍ത്ഥനാസഖ്യങ്ങളും അതിനായി ഏറ്റെടുക്കുന്ന ത്യാഗങ്ങളും ചിലപ്പോള്‍ പരിഹസിക്കപ്പെട്ടേക്കാം, പക്ഷേ അവയൊന്നും പാഴാവുകയില്ല.
”നന്മചെയ്യുന്നതില്‍ നമുക്ക് മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാത്തിയാ 6/9).

'

By: Shalom Tidings

More