- Latest articles
ഏതാനും നാളുകള്‍ക്കുമുമ്പ് ഞാനൊരു ബന്ധുവീട് സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു അമ്മച്ചിയും അപ്പച്ചനും മാത്രമാണ് അവിടെയുള്ളത്. കുറച്ചു ദൂരെത്തേയ്ക്ക് കല്യാണം കഴിപ്പിച്ചയച്ച രണ്ട് പെണ്‍മക്കളും കുടുംബവും രണ്ട് മാസം കൂടുമ്പോള്‍ ഏതാനും ദിവസം നില്ക്കാന്‍ വരുമത്രേ. അതാണ് ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങള്‍ എന്നവര്‍ പങ്കുവച്ചു. ബന്ധുക്കളോ കുഞ്ഞുമക്കളോ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വീട്ടില്‍ വരുന്നതുതന്നെ സന്തോഷമാണെന്നും അവര്‍ പറഞ്ഞു. പ്രായത്തിന്‍റെ അസ്വസ്ഥതകളും ചിന്തകളും തമ്പുരാനോട് പറഞ്ഞും പ്രാര്‍ത്ഥിച്ചും സമാധാനം കണ്ടെത്തുമെന്നും എന്തെങ്കിലും അസുഖം വന്നാലും ഒരുപാട് ദൂരെയല്ലാതെ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഉള്ളത് ആശ്വാസമാണെന്നും… അങ്ങനെയങ്ങനെ അമ്മച്ചി വിശേഷങ്ങള്‍ തുടരുകയാണ്.
നടുവേദനയും മുട്ടുവേദനയുമൊക്കെ ഉണ്ടെങ്കിലും രണ്ട് പശുക്കളെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് പുല്ലു ചെത്തിയും പാല്‍ കറന്നും കൂടാതെ വീട്ടിലേക്ക് എന്നും ആവശ്യമായ കുറച്ചു പച്ചക്കറികള്‍ പറമ്പില്‍ത്തന്നെ നട്ടുവളര്‍ത്തിയും അവരങ്ങനെ കഴിയുന്നു. വളരെ കുറച്ചു പരാതികളും ഒരുപാട് സന്തോഷവും നിറഞ്ഞ അവരുടെ ജീവിതം എനിക്കും ഒരു പ്രചോദനമായി.
തൊഴുത്തില്‍ നിറവയറുമായി നില്‍ക്കുന്ന പശു ഒന്ന് കരഞ്ഞപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. അവിടെ ഒരു ബള്‍ബ് പോലുമില്ല. ”രാവിലെ അഞ്ച് മണിക്ക് തൊഴുത്ത് വൃത്തിയാക്കാന്‍ വരുമ്പോള്‍ ഇരുട്ടല്ലേ അമ്മച്ചീ… പശു പ്രസവിക്കാറാവുകയും ചെയ്തല്ലോ?”
ആ ചോദ്യത്തിന് അമ്മച്ചി നിസാരമായി മറുപടി നല്കി: ”വര്‍ഷം കുറെ ആയില്ലേ, ഇപ്പോള്‍ ശീലമായി. അതുകൊണ്ട് ഇരുട്ടൊന്നും പ്രശ്‌നമല്ല കൊച്ചേ…”
എന്നാലും എന്‍റെ മനസിന് ആകെ ഒരു അസ്വസ്ഥത. അവിടൊരു ബള്‍ബ് ഉണ്ടെങ്കില്‍ അവര്‍ക്കത് ഒരുപാട് ഉപകാരപ്പെടും എന്നത് തീര്‍ച്ച.
അവരുടെ കൃഷിത്തോട്ടത്തിലെ കുറെ പച്ചക്കറികളും തന്ന്, ഇനിയും വരണേ എന്ന് പറഞ്ഞു യാത്രയാക്കിയപ്പോഴേക്കും ഒരു പരിഹാരം മനസ്സില്‍ തെളിഞ്ഞിരുന്നു.
വീട്ടില്‍ വന്ന് വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍, ‘അവിടെയൊരു ബള്‍ബ് ഇട്ടുകൊടുക്കാനുള്ള വയറിങ്ങ് ഒക്കെ അറിയില്ലേ, നമുക്കത് ചെയ്ത് കൊടുത്താലോ’ എന്ന് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹവും തയാര്‍. അടുത്തൊരു ദിവസം തന്നെ എല്‍.ഇ.ഡി ബള്‍ബും അനുബന്ധ സാമഗ്രികളുമായി പോയി. തൊഴുത്തിലേക്ക് ഇലക്ട്രിക് കണക്ഷന്‍ ചെയ്തുകൊടുത്ത് ബള്‍ബും ഇട്ടു. തുടര്‍ന്ന് വര്‍ത്തമാനവും പറഞ്ഞ് കാപ്പിയും കുടിച്ച് ഇറങ്ങുമ്പോള്‍ ഇരുകൂട്ടരുടെയും മനസും മുഖവും സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു.
ഈയിടെ ഇക്കാര്യം ഓര്‍മയില്‍ വന്നപ്പോള്‍ പുല്‍ക്കൂട്ടിലെ ഉണ്ണീശോ എന്നോട് പുഞ്ചിരിയോടെ പറയുന്നതുപോലെ ഒരു തോന്നല്‍: ”എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40).
അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരോര്‍മ. കൃഷിക്കാരുടെ വീടുകളില്‍ ചെരിപ്പുകള്‍ സാധാരണമല്ലാതിരുന്ന കാലം. വീട്ടില്‍ അപ്പന് ചെരിപ്പുണ്ടായിരുന്നു. ശനിയാഴ്ച അത് നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങാന്‍ മുന്‍വശത്തെ ചവിട്ടുപടിയില്‍ കുത്തിച്ചാരിവയ്ക്കും. പിറ്റേദിവസം ഞായറാഴ്ചയാണെന്നും കാറ്റക്കിസം ഉണ്ടെന്നും പിന്നെ ആരും പറയേണ്ടതില്ലായിരുന്നു.
പള്ളിയില്‍ വല്ലവണ്ണം പോയാല്‍ പോരാ, നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും എപ്പോഴെങ്കിലും എത്തിയാല്‍ പോരാ നേരത്തെതന്നെ അവിടെ ചെന്നിരിക്കണമെന്നും ആരും പറഞ്ഞുപഠിപ്പിക്കുന്നതും അന്ന് കേള്‍ക്കേണ്ടിവന്നിട്ടില്ല. തലേദിവസത്തെ ആഘോഷമായ കുളി, കഴുകിവച്ച ചെരിപ്പ് തുടങ്ങിയ സംഗതികള്‍ ശക്തമായ ‘ടീച്ചിങ്ങ് എയ്ഡു’കളായി പ്രവര്‍ത്തിച്ചിരുന്നു.
എത്ര മഴയുണ്ടെങ്കിലും പള്ളിയില്‍ പോകുന്ന മാതാപിതാക്കളേ, നിങ്ങള്‍ക്ക് ഭാവിയില്‍ മക്കളില്‍നിന്നും അഭിമാനിക്കാന്‍ വകയുണ്ടാകും. എത്രയും നേരത്തെ പള്ളിയിലെത്തി മുട്ടുകുത്തുന്ന മാതാപിതാക്കളേ, നിങ്ങളുടെ മക്കള്‍ ഇടവകയില്‍ തിളങ്ങിനില്‍ക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. കറന്റ് പോയാലും തിരിവെട്ടത്തില്‍ ബൈബിള്‍ വായിക്കുന്ന മാതാപിതാക്കളേ, നിങ്ങളുടെ മക്കള്‍ ജീവിതത്തില്‍ തപ്പിത്തടയുകയില്ല.
”അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്ന് പറഞ്ഞു: കര്‍ത്താവേ… ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക” (ലൂക്കാ 11/1).
അമേരിക്കയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു പേരാണ് എബ്രഹാം ലിങ്കണ്‍. അമേരിക്കയെ ഭരിച്ച അനേകം പ്രസിഡന്റുമാരുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. രാജ്യഗാത്രത്തിലെ ഏറ്റവും കറുത്ത പാടായിരുന്ന അടിമക്കച്ചവടം തുടച്ചുനീക്കി എന്നതുകൊണ്ടുമാത്രമല്ല ലിങ്കണ്‍ ശ്രദ്ധേയനാവുന്നത്, ക്രിസ്തുവിന്‍റെ അഭൗമികമായ ആശയങ്ങള്‍ അനുപമമായ വിധത്തില്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ഒരു ജീവിതത്തിന്‍റെ ഉടമയായതുകൊണ്ടുകൂടെയാണ്. വിമര്‍ശിക്കുന്നവരെ അകറ്റിനിര്‍ത്തുക എന്നതാണ് സാധാരണ മനുഷ്യരുടെ സ്വഭാവം. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും ക്രിസ്തീയമായ ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
അദ്ദേഹത്തെ നിരന്തരം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു എഡ്വിന്‍ സ്റ്റാന്റന്‍. ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചെയ്തതെന്താണെന്നോ? സ്റ്റാന്റനെ തന്‍റെ ടീമിലുള്‍പ്പെടുത്തി, സുപ്രധാനമായ ധനകാര്യവിഭാഗം അദ്ദേഹത്തെ ഏല്‍പിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനമായിരുന്നു ഇത്. കാരണം ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അഭിപ്രായ ഐക്യമുള്ളവരെയാണല്ലോ സാധാരണ ഉള്‍പ്പെടുത്താറുള്ളത്. ഭരണത്തില്‍ പങ്കാളിയായശേഷവും എല്ലാവരുടെയും പ്രതീക്ഷകളെ നിഷ്ഫലമാക്കിക്കൊണ്ട്, സ്റ്റാന്റന്‍ തന്‍റെ പഴയ വിമര്‍ശനസ്വഭാവം തുടര്‍ന്നു. അദ്ദേഹത്തെ ടീമില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നപ്പള്‍ ലിങ്കന്‍റെ മറുപടി ദൃഢമായ ഒരു ‘നോ’ ആയിരുന്നു. അതിന് കാരണമായി അദ്ദേഹത്തിന്‍റെ ഒരു കഴിഞ്ഞകാല അനുഭവം അദ്ദേഹം പങ്കുവച്ചു.
കുതിരപ്പുറത്തെ ഈച്ച
അദ്ദേഹം ഒരിക്കല്‍ തന്‍റെ സുഹൃത്തായ കൃഷിക്കാരനെ കാണുവാന്‍ ഒരു ഗ്രാമത്തില്‍പോയി. സംസാരത്തിനിടയില്‍ മുറ്റത്ത് കെട്ടിയിരുന്ന കര്‍ഷകന്‍റെ കുതിര വേദനകൊണ്ട് പുളയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അടുത്തുചെന്ന് നോക്കിയപ്പോള്‍ ലിങ്കണ്‍ കണ്ടത് ആ വയസന്‍ കുതിരയുടെ പുറത്ത് ഒരു വലിയ ഈച്ച (ഹോഴ്‌സ് ഫ്‌ളൈ) ഇരുന്ന് അതിന്‍റെ രക്തം ഊറ്റിക്കുടിക്കുന്നതാണ്. സഹതാപം തോന്നിയ ലിങ്കണ്‍ ആ ഈച്ചയെ ഓടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കര്‍ഷകന്‍ തടഞ്ഞു. ”സുഹൃത്തേ, നീ അത് ചെയ്യരുത്. കാരണം ഈ കുതിരയെ ജാഗ്രതയുള്ളതാക്കി നിര്‍ത്തുന്നത് ഈ ഈച്ചയാണ്. ഈ അനുഭവം ലിങ്കണ് വലിയൊരു പാഠം നല്‍കി. വിമര്‍ശിക്കുന്നവരും വേദനാജനകമെന്ന് തോന്നിയേക്കാവുന്ന ചില അനുഭവങ്ങളും നമുക്ക് ഉപരിനന്മ പ്രദാനം ചെയ്യുവാന്‍ ദൈവം നല്‍കുന്നതാണ്. സ്വന്തം കുറവുകള്‍ മനസിലാക്കുവാനും ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടുവാനും അവര്‍ നമ്മളെ നിശ്ചയമായും സഹായിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇത്തരം ചില ഈച്ചകളെ ദൈവം നല്‍കാറുണ്ട്. അവ മാറിപ്പോകുവാന്‍ നാം ആഗ്രഹിച്ചാലും പോകുന്നില്ല, മാത്രവുമല്ല നമുക്ക് കഠിനമായ വേദന നല്‍കിക്കൊണ്ട് നമ്മുടെകൂടെ വസിക്കുന്നു. ചിലര്‍ക്കത് അവരുടെ ജീവിതപങ്കാളിതന്നെയായിരിക്കാം. എത്ര സ്‌നേഹം നല്‍കിയാലും തിരിച്ച് ഒരു തരി സ്‌നേഹംപോലും നല്‍കുകയില്ല. കുത്തുവാക്കുകള്‍ക്ക് ഒരു കുറവുമില്ല. എപ്പോഴും പരാതിയും പരിഭവങ്ങളുംമാത്രം. നിങ്ങളുടെ മനസ് പലപ്പോഴും തളര്‍ന്നുപോകുന്നു. അപ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടുവാന്‍ ദൈവം നല്‍കിയ ഒരു സഹായി ആണ് ആ വ്യക്തി.
ചിലപ്പോള്‍ നിങ്ങളുടെ അടുത്ത സഹപ്രവര്‍ത്തകരായിരിക്കാം ഈ ഹോഴ്‌സ് ഫ്‌ളൈ. ഒരു തരത്തിലും ഒത്തുപോകുവാന്‍ കഴിയാത്ത സ്വഭാവരീതികളുള്ള ഒരു വ്യക്തി. നിങ്ങളെക്കുറിച്ച് കുറ്റങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. അസ്വസ്ഥനാകേണ്ട, കാരണം ദൈവം അനുവദിച്ചതാണ്. എങ്കില്‍ ഉപരിനന്മ ആയിരിക്കും ആത്യന്തികഫലം.
മറ്റുചിലര്‍ക്ക് അയല്‍ക്കാരായിരിക്കാം ഹോഴ്‌സ് ഫ്‌ളൈയുടെ രൂപത്തില്‍ വരുന്നത്. എപ്പോഴും തര്‍ക്കവും വഴക്കുംമാത്രം. അസ്വസ്ഥമാകുന്ന മനസിനോട് ‘ശാന്തമാവുക’ എന്ന് പറയുക. കാരണം സര്‍വശക്തനായ ദൈവം ഈ സാഹചര്യത്തെയും നിങ്ങള്‍ക്ക് അനുരൂപമായി പ്രയോജനപ്പെടുത്തും.
ഉള്ളില്‍ ഒരു ഈച്ച
ചിലപ്പോള്‍ നിങ്ങളുടെതന്നെ ഉള്ളിലായിരിക്കും ഈ ഈച്ച കടന്നുകൂടിയിരിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വത്തിലെ ചില കുറവുകള്‍, വൈകല്യങ്ങള്‍. കുമ്പസാരത്തില്‍ കൂടെക്കൂടെ ഏറ്റുപറയുന്നു, മാറ്റണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. പക്ഷേ ഫലമില്ല. എന്നാല്‍ ജാഗ്രതയുള്ളവനായിരിക്കണം. ഈ വൈകല്യം നിങ്ങളെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കരുത്. നിങ്ങളുടെ നിരന്തരമായ പോരാട്ടംതന്നെ ദൈവതിരുമുമ്പില്‍ വളരെ സ്വീകാര്യമാണ്, വലിയ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ അത് നിങ്ങളെ സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. പോരാടി മനസ് തളരുമ്പോള്‍ ഒരു മൃദുസ്വരം നിങ്ങള്‍ക്കും കേള്‍ക്കാന്‍ കഴിയും: ”നിനക്ക് എന്‍റെ കൃപ മതി.”
എല്ലാം ദൈവത്തിന്‍റെ കൃപയാണെന്ന് തിരിച്ചറിയാന്‍ നമ്മെ ഇങ്ങനെ ഒരുക്കുന്ന ദൈവത്തെ കാണുവാന്‍ ശ്രമിക്കുക; നമ്മുടെ മനസ് എപ്പോഴും ആനന്ദഭരിതവും പ്രത്യാശാപൂര്‍ണവുമായിരിക്കും. നിങ്ങളുടെ നിസാരതയെ പ്രഘോഷിക്കുന്ന ഈ വ്യക്തികളെയും സാഹചര്യങ്ങളെയും ഓര്‍ത്ത് ദൈവത്തിന് സ്‌തോത്രം പാടിയാല്‍ മാത്രം മതി. തന്‍റെ ഇല്ലായ്മയെ തിരിച്ചറിയുന്ന വ്യക്തികളെയാണ് ദൈവം എക്കാലത്തും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അവരിലേക്ക് തന്‍റെ അപരിമേയമായ ശക്തി ഒഴുക്കിക്കൊണ്ട് ലോകത്തെ ചലിപ്പിക്കുവാന്‍, കീഴ്‌മേല്‍ മറിക്കുവാന്‍ തന്നെ, അവരെ ദൈവം ഉപയോഗിക്കും.
അതിനാല്‍ ഉപദ്രവകാരികളെന്ന് തോന്നുന്ന ഇത്തരത്തിലുള്ള ഈച്ചകളെ ഓടിക്കാന്‍ ശ്രമിക്കേണ്ട. നിങ്ങള്‍ വീണാലുടയുന്ന വെറും മണ്‍പാത്രങ്ങളാണെന്നും ഈ നിധി സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെന്നും അവ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ അനുഭവത്തിലൂടെ കടന്നുപോയ വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് എന്നും മനസില്‍ സൂക്ഷിക്കാം. ”എന്നാല്‍, പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്” (2 കോറിന്തോസ് 4/7). ഈ ബോധ്യത്തില്‍ നിലനില്‍ക്കുവാന്‍ നമുക്ക് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, ഞങ്ങളുടെ ജീവിതത്തിലെ ചില വ്യക്തികളെയും സാഹചര്യങ്ങളെയും സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഏറെ ക്ലേശിക്കുന്നണ്ടെന്ന് അങ്ങേക്കറിയാമല്ലോ. മാറ്റുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും അവ മാറുന്നില്ല. അങ്ങ് അത് ഞങ്ങള്‍ക്ക് അനുഗ്രഹകാരണമായി നല്‍കിയതാണെന്ന ബോധ്യം അങ്ങയുടെ പരിശുദ്ധാത്മാവുവഴി നല്‍കണമേയെന്ന് ഞങ്ങള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു. തികച്ചും വിപരീത സാഹചര്യങ്ങളില്‍ ദൈവകരം എപ്പോഴും ദര്‍ശിച്ച പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
'വിശ്രമജീവിതം നയിക്കുന്ന ഒരു അധ്യാപകന്‍റെ വാക്കുകളോര്‍ക്കുന്നു. അധ്യാപനജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ വലിയ തിളക്കം. ”ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പതിനഞ്ചോളം പേര്‍ വൈദികരായി. അമ്പതില്‍പരം സന്യസ്തരുമുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരെഴുതി എന്നും അവര്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ജപമാല ചൊല്ലുമ്പോള്‍ ഓരോ നന്മനിറഞ്ഞ മറിയമേ ജപവും ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടി കാഴ്ചവച്ചു. എന്‍റെ സ്വന്തം മക്കളെപ്പോലെ ഞാന്‍ അവരെയെല്ലാം ഹൃദയത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസംപോലും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അശ്രദ്ധരും താത്പര്യമില്ലാത്തവരും ദുഃസ്വഭാവികളുമായവര്‍ക്കുവേണ്ടി പ്രത്യേകം പരിത്യാഗമനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും വിശുദ്ധരാക്കിമാറ്റണേ എന്നായിരുന്നു പ്രാര്‍ത്ഥന.”
(വിശുദ്ധിയുടെ വിജയരഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഫാ. ജയിംസ് കിളിയനാനിക്കല്‍ കുറിച്ചിരിക്കുന്ന അനുഭവം)
'”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്‍റെ ഒരു സുഹൃത്തിന്‍റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം.
നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന്‍ തൈ അവരുടെ വീടിനകത്ത് ചെടിച്ചട്ടിയില്‍ നട്ടിരുന്നു. സാധിക്കുന്ന വിധത്തിലെല്ലാം അതിനെ പരിപാലിച്ചു. മണ്ണും വളവും സൂര്യപ്രകാശം ലഭിക്കാനുള്ള സാഹചര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നു. അത്രയും സംരക്ഷിച്ചിട്ടും വേപ്പിന്‍തൈയുടെ ഇലകള്‍ ഏറെക്കുറെ കൊഴിഞ്ഞു വീണു. അവശേഷിക്കുന്നവ ഇളം മഞ്ഞ നിറത്തില്‍ കൊഴിയാറായി നില്‍ക്കുന്നു. ഒരുപാട് പ്രതീക്ഷയില്‍ വളര്‍ത്തിയ ചെടിയായതു കൊണ്ടുതന്നെ നഷ്ടപ്പെടുന്നതിന് വേദന കാണുമല്ലോ.
ആ സങ്കടത്തില്‍നിന്ന് വന്ന വാക്കുകളാണ് ആദ്യം എഴുതിയത്. കുറെ പരിശ്രമിച്ചു, പ്രാര്‍ത്ഥിച്ചു, ഇനി എന്ത് ചെയ്യണം എന്നറിയില്ല എന്ന നിലയില്‍ എത്തിയപ്പോഴാണ് പ്രശ്‌നം കൂട്ടുകാരിയായ എന്‍റെ നേര്‍ക്ക് നേരെ തിരിച്ചു വിടുന്നത്. നീ നിന്‍റെ നസ്രായനോട് പറഞ്ഞ് ഒരു പരിഹാരം വാങ്ങിത്തരണം എന്നതാണ് വെല്ലുവിളി. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഈശോയുടെ പേരില്‍ വെല്ലുവിളി നേരിടുമ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുണ്ട്. പിന്നെ ഈശോയെ എങ്ങനെയും ‘സോപ്പിട്ട്’ കാര്യം നേടിയെടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഈ പ്രശ്‌നം സാധാരണ രീതിയില്‍നിന്നെല്ലാം വ്യത്യസ്തമായൊരു പ്രാര്‍ത്ഥനാസഹായം ആണല്ലോ…. എന്‍റെ മറുപടിക്കായി അവര്‍ ഫോണില്‍ കാത്തുനില്‍ക്കുകയാണ്….
മനസ്സില്‍ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നെങ്കിലും ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഞാന്‍ ഫോണുമായി വന്നിരുന്നു. അല്‍പനിമിഷങ്ങള്‍ ഈശോയുടെ കണ്ണുകളിലേക്കു നോക്കി. ഒരു ചെറുചമ്മലോടെ എന്‍റെ നിസ്സഹായാവസ്ഥ ഈശോയോടു പറഞ്ഞു, ‘ഈശോയേ, എങ്ങനെയും ഈ പ്രശ്‌നം പരിഹരിച്ചുകൊടുക്ക്. ഇല്ലെങ്കില്‍ നമുക്ക് നാണക്കേടാകും കേട്ടോ’ എന്നൊരു ഭീഷണിയും. ഓരോ ദിവസവും ഇവള്‍ എന്തൊക്കെ പണികളാണ് എനിക്ക് വാങ്ങിത്തരുന്നതെന്ന് ഒരു ദീര്‍ഘനിശ്വാസത്തില്‍ ഈശോ ഓര്‍ത്തിരിക്കാം.
മനസ്സില്‍ ലഭിച്ച പ്രേരണയനുസരിച്ചു അവരോട് വീഡിയോ കാള്‍ ചെയ്തു മൊബൈല്‍ ഫോണ്‍ വേപ്പിന്‍തൈയുടെ അടുത്ത് വച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടു. മുപ്പതു മിനിറ്റില്‍ നൂറു ദൈവവചനങ്ങള്‍ വേപ്പിന്‍തൈയോട് പറഞ്ഞുകേള്‍പ്പിച്ചു. മനസ്സിന്‍റെ സമനില തെറ്റിയ ചിലരുടെ പ്രവൃത്തികള്‍ പോലെ അവര്‍ക്കു തോന്നിക്കാണും, സ്വാഭാവികം.
ജീവിതത്തില്‍ ആദ്യമായി ഒരു ചെടിയോട് വചനപ്രഘോഷണം നടത്തിയ സന്തോഷം ആയിരുന്നു എന്‍റെ മനസ്സില്‍. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞനിറത്തില്‍ കൊഴിയാറായി നില്‍ക്കുന്ന ഇലകള്‍ മാത്രമുള്ള ചെടിയില്‍ പച്ച നിറത്തിലുള്ള പുതിയ ഇലകള്‍ മുളപൊട്ടാന്‍ തുടങ്ങി. ഏഴാം ദിവസം എല്ലാ മഞ്ഞ ഇലകളും ഇല്ലാതായി. വേപ്പിന്‍തൈ പുതുജീവന്‍ പ്രാപിച്ചു. പുതിയ നാമ്പുകള്‍ മുള പൊട്ടി. ഒരു ചട്ടിയില്‍മാത്രമായിരുന്ന ചെടി പിന്നീട് വളര്‍ന്നു വലുതായി മൂന്ന് ചട്ടികളിലേക്കുകൂടി പറിച്ചു നടേണ്ടി വന്നു. വേപ്പിന്‍തൈയുടെ വളര്‍ച്ചയെല്ലാം കാണിക്കുന്ന ഫോട്ടോകളും മറ്റ് മെസേജുകളും അവര്‍ അയക്കുമായിരുന്നു.
എന്തായാലും ഈശോയോട് പറഞ്ഞാല്‍ തീരാത്ത അത്രയും നന്ദിയും സ്‌നേഹവും ഉണ്ട്, എന്‍റെനേര്‍ക്ക് വരുന്ന വെല്ലുവിളികള്‍പോലും ഏറ്റെടുത്ത് ചെയ്ത് എന്നെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുന്നതിന്. ”ആത്മാവാണ് ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).
മറ്റൊരു സംഭവംകൂടി പറയാം. ഗോവയിലുള്ള ഒരു കുടുംബം ഒരിക്കല്‍ പ്രാര്‍ത്ഥനാസഹായവുമായി സമീപിച്ചു. അവരുടെ നാല് വയസ്സുള്ള മകന്‍ സംസാരിക്കുന്നില്ല. പല ഡോക്ടര്‍മാരുടെയും അടുത്ത് പോയി. ചികിത്സകള്‍ നടത്തി. പക്ഷേ പ്രത്യേകിച്ച് ഒരു മാറ്റവും കാണാന്‍ കഴിഞ്ഞില്ല. വളരെ നിരാശയോടെ അമ്മ കരയുകയാണ്. ചിലപ്പോഴെങ്കിലും ഞാനും എന്‍റെ ഈശോയും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ മറ്റുള്ളവരുടെ സങ്കടത്തിന്‍റെ പേരില്‍ ആയിരിക്കും.
കുറച്ച് ദൈവവചനങ്ങള്‍ അവര്‍ക്കു നല്‍കി. മകനെ മടിയിലിരുത്തിക്കൊണ്ട് ഇരുചെവികളിലും ആ വചനങ്ങള്‍ പല തവണ ആവര്‍ത്തിച്ചു ഉറക്കെ പറയാന്‍ ഈശോ നല്‍കിയ പ്രേരണയാല്‍ നിര്‍ദേശിച്ചു. മൂന്നു മാസങ്ങള്‍ക്കു ശേഷം ആ മകന്‍ ചെറിയ വാക്കുകള്‍ സംസാരിക്കാന്‍ തുടങ്ങി. ഇന്ന് അവന്‍ സ്‌കൂളില്‍ പഠിക്കുന്നു. ഈശോയുടെ സ്‌നേഹവും കരുതലും ഒരിക്കലും വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ സാധ്യമല്ല!
ചുമന്നുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ട് തളര്‍വാത രോഗിയെ ഈശോ സുഖപ്പെടുത്തിയ സംഭവം നമുക്കോര്‍ക്കാം. തളര്‍വാത രോഗിയെ വഹിച്ചുകൊണ്ട് വന്നവരുടെ മുന്നില്‍ പ്രതിബന്ധങ്ങള്‍ പലതായിരുന്നു. പക്ഷേ പ്രതികൂലങ്ങള്‍ക്കുമുന്നില്‍ തങ്ങള്‍ വന്നതിന്‍റെ ഉദ്ദേശ്യം മാറ്റിവച്ച് അവര്‍ തിരിച്ചു പോയില്ല. തങ്ങളുടെ നിയോഗത്തിനൊപ്പം അത് നേടാനായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുകകൂടി ചെയ്തു. ഇന്നത്തേതുപോലെ കോണ്‍ക്രീറ്റ് ഒന്നും അല്ലാത്ത ആ ഭവനത്തിന്‍റെ മേല്‍ക്കൂരയിലേക്ക് തളര്‍വാത രോഗിയെയുംകൊണ്ട് അവര്‍ കയറി എന്ന് പറയുമ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കാം. പിന്നീട് മേല്‍ക്കൂര പൊളിച്ച് ഓടിളക്കി, കിടക്കയോടെ താഴോട്ടിറക്കി എന്ന് നാം വായിക്കുന്നു.
ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കു നടുവില്‍ നിരാശപ്പെട്ടു പിന്മാറരുത്. വചനമാകുന്ന ആത്മീയ വാളെടുത്തു പൊരുതി ജയിക്കാന്‍ ഈശോയുടെ സ്‌നേഹവും കരുണയും നമ്മെ സഹായിക്കട്ടെ. ”നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” (2 മക്കബായര്‍ 8/18).
സംസാരതടസം മാറുവാന്‍ പ്രാര്‍ത്ഥിക്കാവുന്ന വചനക്കൊന്ത
”ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12). (ഒരു പ്രാവശ്യം)
”തത്ക്ഷണം അവന്‍റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊï് സംസാരിക്കാന്‍ തുടങ്ങി” (ലൂക്കാ 1/64).
(പത്തു പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം….” (ഒരു പ്രാവശ്യം)
”കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കണമേ! എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 51/15). (പത്ത് പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം…” (ഒരു പ്രാവശ്യം)
”ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാന്‍ കഴിവു നല്‍കുകയും ചെയ്തു” (ജ്ഞാനം 10/21).
(പത്തു പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം…” (ഒരു പ്രാവശ്യം)
”അവന്‍ എന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിട്ട് പറഞ്ഞു: ഇത് നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു; നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശയ്യാ 6/7). (പത്തു പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം…” (ഒരു പ്രാവശ്യം)
”അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ശക്തി പ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു”
(ദാനിയേല്‍ 10/19). (പത്തു പ്രാവശ്യം)
മറക്കാനാവാത്ത ഒരു ദിനമാണ് 2002 സെപ്റ്റംബര്‍ 7. അന്ന് ഞാന്‍ മധ്യപ്രദേശിലെ പച്ചോര്‍ എന്ന പട്ടണത്തില്‍ ഒരു സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. ഉജ്ജയിന്‍ രൂപതയ്ക്ക് കീഴിലുള്ള പ്രാര്‍ത്ഥന നികേതന്‍ എന്ന ചെറിയ ധ്യാനകേന്ദ്രത്തിന്‍റെ പരിധിയില്‍ ഉള്ള സ്‌കൂളാണ് അത്. ഞാന്‍ സ്‌പോര്‍ട്‌സ് മേഖലയില്‍നിന്ന് വിട പറഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. ഒരു സന്യാസിനിയായി തീരും എന്നൊന്നും അന്നാളുകളില്‍ ചിന്തിച്ചിട്ടുപോലും ഇല്ല. കാരണം അന്നെല്ലാം ഞാന്‍ ദൈവസ്‌നേഹത്തില്‍നിന്ന് അല്പം അകന്നു നില്‍ക്കുന്ന കാലമാണ്. അതായത് ഞായറാഴ്ചമാത്രം പള്ളിയില്‍ പോകുന്ന ഒരു സാധാരണ വിശ്വാസി.
പക്ഷേ, അക്കാലത്ത് അവിടത്തെ ഇടവകപ്പള്ളിയോട് ചേര്‍ന്ന ധ്യാനകേന്ദ്രമായ പ്രാര്‍ത്ഥന നികേതനില്‍ 365 ദിവസവും 24 മണിക്കൂര്‍ ആരാധനയുള്ള സമയമായിരുന്നു. ഇന്‍ഡോര്‍, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ധാരാളം വിശ്വാസികള്‍ അവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തും. പച്ചോറില്‍ എത്തിയ ശേഷം ഞാനും ചില ദൈവിക അനുഭവങ്ങള്‍ അടുത്തറിഞ്ഞതിനാല്‍ പതിയെപ്പതിയെ ദൈവത്തോട് അടുത്തു കൊണ്ടിരിക്കുന്ന സമയം. സെപ്റ്റംബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാള്‍ ആഘോഷമായി കൊണ്ടാടുന്നതിന്‍റെ ഭാഗമായി ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും ആ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 7 ശനിയാഴ്ച രാത്രി മുഴുവന്‍ ജാഗരണ പ്രാര്‍ത്ഥന ഉണ്ട്. ഞങ്ങള്‍ ഏഴ് ടീച്ചേഴ്‌സ് അഞ്ച് സിസ്റ്റേഴ്‌സിന്‍റെ കൂടെ സിസ്റ്റേഴ്‌സിന്‍റെ വാഹനമായ ബൊലേറോയില്‍ ആണ് പള്ളിയില്‍ പോയത്.
ജാഗരണപ്രാര്‍ത്ഥനയ്ക്കിടെ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ അച്ചന്‍ ഫാ. സഖറിയാസ് തുടിപ്പാറ എം. എസ്. റ്റി. പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരുന്ന ഞങ്ങളോട് എല്ലാവരോടുമായി പറഞ്ഞു: ‘എല്ലാവരും വളരെ ശക്തമായി ഒന്ന് പ്രാര്‍ത്ഥിക്കണം. കാരണം, കുറെ ശവപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നതാണ് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം ഞാന്‍ കാണുന്നത്.’
സഖറിയാസച്ചനെപ്പറ്റി പറഞ്ഞാല്‍, അല്പം പ്രായംചെന്ന, ദൈവകൃപ നിറഞ്ഞ ഒരച്ചനായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയുടെ മനുഷ്യനും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളുംകൂടിയായിരുന്നു ആ വൈദികന്‍. അച്ചന്‍ ഞങ്ങളോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും മനമുരുകി പ്രാര്‍ത്ഥിച്ചു. കാരണം ആ രാത്രിയില്‍ ഭോപ്പാലില്‍നിന്ന് ഒരു കൂട്ടം വിശ്വാസികള്‍ ആ പള്ളിയിലേക്ക് എത്തിച്ചേരേണ്ടതുണ്ടായിരുന്നു. അവര്‍ക്ക് ആര്‍ക്കും ഒരാപത്തും സംഭവിക്കരുതേ എന്ന് യാചിച്ച് ഞങ്ങള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏകദേശം 10.25 ആയപ്പോള്‍ സിസ്റ്റേഴ്‌സ് ഞങ്ങളോട് തിരിച്ചു പോകാനായി എല്ലാവരും വാഹനത്തില്‍ കയറാന്‍ പറഞ്ഞു. എനിക്ക് അന്ന് രാത്രി മുഴുവന്‍ അവിടെ ഇരുന്ന് പ്രാര്‍ത്ഥിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും കൂട്ടത്തിലുള്ളവര്‍ എല്ലാവരും പോകുന്നതുകൊണ്ട് ഒപ്പം പുറപ്പെട്ടു.
പള്ളിമുറ്റത്ത് കിടക്കുന്ന വാഹനത്തില്‍ ഞങ്ങള്‍ കയറിയപ്പോള്‍ സഖറിയാസച്ചന്‍ ഒരു ജപമാലയും കയ്യില്‍ പിടിച്ച് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു, പിന്നിലെ ഡോര്‍ അടയ്ക്കുന്നതിന് മുമ്പായി അച്ചന്‍ ഞങ്ങള്‍ക്ക് ആശീര്‍വാദം നല്‍കി. ഞാന്‍ ഏറ്റവും പിന്നില്‍ ഒരു സൈഡില്‍ ആണ് ഇരുന്നത്. പള്ളിമുറ്റത്തിന്‍റെ ഗേറ്റ് കടന്ന് 30 മീറ്റര്‍ കഴിഞ്ഞാല്‍ ആഗ്ര – മുംബൈ നാഷണല്‍ ഹൈവേയാണ്. ഞങ്ങളുടെ ബൊലേറോ ഗേറ്റ് കടന്ന് റോഡിലേക്ക് കയറുമ്പോഴും സഖറിയാസച്ചന്‍ തന്‍റെ കൊന്തയും പിടിച്ച് ആ ഗേറ്റിങ്കല്‍ത്തന്നെ നിന്നിരുന്നു. പോക്കറ്റ് റോഡില്‍നിന്ന് നാഷണല്‍ ഹൈവേയിലേക്ക് കയറിയതും ഒരു വലിയ പ്രകാശഗോളം ഞങ്ങളുടെ കണ്ണിനെ മഞ്ഞളിപ്പിച്ചു കളഞ്ഞതും ഞങ്ങളുടെ ബൊലേറോ ആടിയുലയുന്നതും ഞങ്ങള്‍ എല്ലാവരും കൂടി അലറി വിളിക്കുന്നതും ഒറ്റ സെക്കന്റില്‍ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അല്പസമയം എടുത്തു. ഞങ്ങളുടെ വാഹനം ചീറിപ്പാഞ്ഞു വന്ന ഒരു ചരക്കുലോറിയുടെ മുന്നിലേയ്ക്കാണ് ചെന്ന് ചാടിയത്.
ഡ്രൈവ് ചെയ്തിരുന്ന സിസ്റ്റര്‍ ശ്രദ്ധിച്ചാണ് ഹൈവേയിലേയ്ക്ക് കയറിയതെങ്കിലും രാത്രി സമയം ആയിരുന്നതിനാല്‍ സിസ്റ്ററിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. ചരക്കുലോറി ആയിരുന്നെങ്കില്‍പ്പോലും ആ ലോറി നല്ല സ്പീഡില്‍ ആയിരുന്നു. ഞങ്ങളുടെ വാഹനത്തെ ഇടിക്കാതിരിക്കാന്‍ ലോറിയുടെ ഡ്രൈവര്‍ ലോറി വലത്തോട്ട് ആഞ്ഞു വീശി. ഞങ്ങളുടെ ബൊലേറോ ഓടിച്ചിരുന്ന സിസ്റ്റര്‍ ഇടതു വശത്തോട്ടും ആഞ്ഞു വീശി… ചരക്കു ലോറിയുടെ ഭാരം മൂലം ലോറി റോഡിന്‍റെ വലത്തുവശത്തേയ്ക്ക് ഭയാനകമായ ഒരു ശബ്ദത്തോടെ മറിഞ്ഞു. ഞങ്ങളുടെ വാഹനം ഇടത്തു വശത്തേക്ക് ഇടിച്ചുനിന്നു; ദൈവാനുഗ്രഹം കൊണ്ട് മറിഞ്ഞില്ല. ഇതിനെല്ലാം ദൃക്‌സാക്ഷിയായി പള്ളിമുറ്റത്തെ ഗേറ്റിങ്കല്‍ അപ്പോഴും സഖറിയാസച്ചന്‍ കൈകളില്‍ ജപമാലയും മുറുകെ പിടിച്ച് നിന്നിരുന്നു.
എല്ലാം തീര്‍ന്നു എന്ന് ഒരു നിമിഷം ഓര്‍ത്തു. എങ്കിലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരവലയത്തിന്‍റെ തണലില്‍ ഞങ്ങള്‍ 12 പേരും ലോറിയില്‍ ഉണ്ടായിരുന്ന 2 പേരും ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഭയാനകമായ ശബ്ദം കേട്ട് പള്ളിയില്‍ അപ്പോഴും ആരാധന നടത്തിക്കൊണ്ടിരുന്ന മറ്റൊരച്ചനും വിശ്വാസികളും പുറത്തേയ്ക്ക് വന്നപ്പോള്‍ സഖറിയാസച്ചനും അച്ചന്‍റെ പിന്നാലെ ഗെയ്റ്റ് അടയ്ക്കാന്‍ വന്ന ഒരു ബ്രദറും കൂടി ലോറിക്കാരുടെ അടുത്ത് എത്തി അവരെ പുറത്തിറങ്ങാന്‍ സഹായിച്ചു കൊണ്ടിരുന്നു. ഏറ്റവും അവിശ്വസനീയം എന്നത് ഈ അപകടം സംഭവിക്കുന്നത് ദിവ്യകാരുണ്യ നാഥനായ ഈശോയുടെ മുമ്പിലാണ് എന്നതാണ്. കാരണം 30 മീറ്റര്‍ അകലെ പള്ളിയുടെ ആനവാതില്‍ തുറന്നിട്ടിരിക്കുന്നതിലൂടെ കൃത്യമായി അള്‍ത്താരയില്‍ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ കാണാന്‍ പറ്റുമായിരുന്നു…
ദൈവത്തിന്‍റെ സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരും ആ വലിയ ലോറിക്ക് കീഴില്‍ ഞെരിഞ്ഞമരുമായിരുന്നു. അച്ചന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ കണ്ടതുപോലെ ഞങ്ങളുമായി കുറേ ശവപ്പെട്ടികള്‍ നിരന്നിരിക്കുമായിരുന്നു. 2002 സെപ്റ്റംബര്‍ 8 ന് രാവിലെ ഞങ്ങള്‍ പള്ളിയിലേയ്ക്ക് എത്തിയത് നന്ദി നിറഞ്ഞ ഹൃദയത്തോടെയായിരുന്നു. ഈ ഒരു ജീവിതാനുഭവം എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും ദൈവത്തോടും പരിശുദ്ധ കന്യാമറിയത്തോടും കൂടുതല്‍ ഭക്തിയില്‍ വളരാന്‍ കാരണമായി. ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിലും പരിശുദ്ധ അമ്മയിലും ദൈവത്തിലും ആശ്രയിക്കാനുമുള്ള ആത്മവിശ്വാസവും ആ സംഭവം നല്‍കി. അന്നുമുതല്‍ ആത്മീയതയില്‍ വളരുവാന്‍ കൂടുതല്‍ സമയം ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടെത്താന്‍ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയില്‍ എല്ലാ ദിവസവും മടി കൂടാതെ പങ്കെടുത്തു തുടങ്ങി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ചതെല്ലാം നന്മയ്ക്കുവേണ്ടിയും ദൈവമഹത്വത്തിന് വേണ്ടിയും മാത്രമാണ് എന്ന് വ്യക്തമാവുന്നു.
എം. എസ്. റ്റി. സന്യാസ സഭയുടെ ഭരണങ്ങാനത്തുള്ള പ്രീസ്റ്റ് ഫോമില്‍ വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളാല്‍ കഴിയുന്ന സക്കറിയാസച്ചനെ കാണാന്‍ ഞാന്‍ ഇടയ്ക്കിടെ പോകാറുണ്ട്. ഒരു സ്‌ട്രോക്ക് മൂലം ഭൂതകാലം പാടേ മറന്നുപോയ സഖറിയാസച്ചന്‍ എന്നെ തിരിച്ചറിയാറില്ലെങ്കിലും, നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ അല്പസമയം അച്ചനോട് സംസാരിച്ചിരിക്കും. അവസാനം പോരാന്‍ നേരത്ത് അച്ചന്‍ എനിക്കായി പ്രാര്‍ത്ഥിക്കുന്ന സമയത്ത് ദൈവാത്മാവിന്‍റെ ശക്തി ഇന്നും അച്ചനില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ദൈവപരിപാലനയുടെ ശക്തമായ അനുഭവത്തിന്‍റെ ഓര്‍മകള്‍ പുതുക്കിയാണ് അച്ചനരികില്‍നിന്ന് മടങ്ങാറുള്ളത്.
എന്നും ഓര്‍ക്കാം, പരിശുദ്ധ അമ്മയുടെ വിമലഹൃദയം സുരക്ഷിതമായ അഭയസങ്കേതമാണ്. അമ്മയുടെ പ്രാര്‍ത്ഥനയാല്‍ ലഭിച്ച ഈ രണ്ടാം ജന്മത്തില്‍ എന്‍റെ ദൈവവിളി കണ്ടെത്താന്‍ സാധിച്ചു. ആ വിളി സ്വീകരിച്ച്, സന്യാസിനിയായി വ്രതം ചെയ്യാന്‍ എന്നെ അനുഗ്രഹിച്ച നല്ല ഈശോയ്ക്കും എനിക്കായി ഇന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞാല്‍ തീരുമോ…. ”ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ 1/49).
'സുമുഖരും സന്തുഷ്ടരും ആയിരിക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനാല്‍ത്തന്നെ എന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കാറുണ്ട്. അത് മറ്റൊന്നുമല്ല, മുഖത്തിന്‍റെ കാന്തി മനസിന്‍റെ ശാന്തിയില്‍നിന്നാണ് വരുന്നത്. മനസിന്‍റെ ശാന്തിയാകട്ടെ ഹൃദയവിശുദ്ധിയില്‍നിന്നും. ഈ ഹൃദയവിശുദ്ധി ഈശോയുമായുള്ള ഹൃദയബന്ധത്തില്‍നിന്നാണ് വരുന്നത്. അതിനാല്‍ സന്തുഷ്ടരും സുമുഖരുമായിരിക്കാനുള്ള മാര്‍ഗം നമ്മെത്തന്നെ കഴുകി വിശുദ്ധീകരിക്കുക എന്നതാണ്. മനസ് ശുദ്ധമായിരിക്കുമ്പോള്‍ മുഖം തീര്‍ച്ചയായും മനോഹരമായിരിക്കും. അതിനാല്‍ കളങ്കമില്ലാത്ത ഒരു ആത്മീയസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5) എന്ന് വചനം ഉറപ്പുതരുന്നുണ്ടല്ലോ.
സങ്കടങ്ങളിലും പ്രണയനൈരാശ്യങ്ങളിലും പഠനപരാജയങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലുമെല്ലാം തകര്‍ന്ന് വരുന്ന കുട്ടികളോട്, പ്രത്യേകിച്ചും ക്രൈസ്തവകുട്ടികളോട്, പ്രതിവിധിയായി പറഞ്ഞുകൊടുക്കും, ”ഈശോയുമായി സ്‌നേഹത്തിലാവുക.” പ്രതിസന്ധിയെ അതിജീവിക്കാന്‍ ആ ബന്ധം അവരെ സഹായിക്കുന്നതാണ് കണ്ടിട്ടുള്ളത്.
നമ്മില്‍നിന്ന് എന്താണോ പുറപ്പെടുന്നത് അതാണ് നമ്മിലേക്ക് മടങ്ങിവരിക എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കും. നമ്മില്‍നിന്ന് സ്‌നേഹവും അനുഗ്രഹവും നന്മയുമാണ് പുറപ്പെടുന്നതെങ്കില്‍ അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ ലഭിക്കും. പ്രഭാതത്തില്‍ത്തന്നെ ഈശോയുടെ നാമത്തില്‍ ഇന്ന് കണ്ടുമുട്ടാന്‍ പോകുന്ന സകല വ്യക്തികള്‍ക്കും നന്മയുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണമെന്നും കുട്ടികളോട് നിര്‍ദേശിക്കാറുണ്ട്. ഇന്നേ ദിവസം ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായി എന്നെ രൂപാന്തരപ്പെടുത്തണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ പറയും. സ്വയം അനുഗ്രഹിക്കണമെന്നും കുട്ടികളെ പഠിപ്പിക്കും.
‘പ്രൊഫഷന്‍’ അല്ല
മുന്നില്‍ വരുന്ന ഓരോ വിദ്യാര്‍ത്ഥിയെയും ദൈവത്തോട് ബന്ധിപ്പിക്കുന്ന ആളായിരിക്കണം ഒരു അധ്യാപകന്‍/അധ്യാപിക. ഇപ്രകാരം ചെയ്യണമെങ്കില്‍, ഉള്ളില്‍ ദൈവസ്‌നേഹം പുലര്‍ത്തുന്ന ആളായിരിക്കണം. എങ്കില്‍മാത്രമേ അവരുടെ വിദ്യാര്‍ത്ഥികളെ ദൈവം വിഭാവനം ചെയ്യുന്ന ക്ഷേമത്തിന്‍റെ പദ്ധതിയിലേക്ക് നയിക്കാനാവൂ. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയാ 29/11) എന്നാണല്ലോ തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ അധ്യാപനം വാസ്തവത്തില്‍ ഒരു ജോലി അഥവാ ‘പ്രൊഫഷന്‍’ മാത്രമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഒരു ദൈവവിളി അഥവാ ‘വൊക്കേഷന്‍’ ആണ്.
ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹവും മികച്ച മാതൃകയുമെന്ന് കരുതിയ ആളായിരുന്നു ഞങ്ങളുടെ കലാലയത്തിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസ് പുത്തന്‍കടുപ്പില്‍. അതിനാല്‍ത്തന്നെ, അധ്യാപകരെ ആത്മീയമായി വളര്‍ത്തുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. ഉദാത്തമായ ജീവിതസാക്ഷ്യത്തിലൂടെ വിദ്യാര്‍ത്ഥികളെ നേടാനാവുമെന്ന് അച്ചന്‍ പറയുമായിരുന്നു. അധ്യാപകരോട്, പ്രത്യേകിച്ചും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠ കാണിക്കുന്ന യുവ അധ്യാപികമാരോട്, അദ്ദേഹം പറയാറുള്ളത് ഞാന്‍ എപ്പോഴും ഓര്‍ക്കും. ”നിങ്ങളുടെ കുഞ്ഞുങ്ങള്‍ വാസ്തവത്തില്‍ നിങ്ങളുടേതല്ല. അവര്‍ ദൈവത്തിന്റേതാണ്. ഇവിടെ നിങ്ങള്‍ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ദൈവകരങ്ങളില്‍ സുരക്ഷിതരായിരുന്നുകൊള്ളും.” വിദ്യാര്‍ത്ഥികളെ നന്മയ്ക്കായി നേടുന്നതിന് സമര്‍പ്പണ മനോഭാവത്തോടെ അധ്വാനിക്കുമ്പോള്‍ അതിന് പകരമായി അധ്യാപകരുടെ മക്കള്‍ അനുഗ്രഹിക്കപ്പെടുമെന്നാണ് അച്ചന്‍ പറഞ്ഞിരുന്നതിന്‍റെ ചുരുക്കം.
അതിനാല്‍ത്തന്നെ ഒരു അധ്യാപകന്/അധ്യാപികയ്ക്ക് ഏറ്റവും അധികം വേണ്ടത് തന്‍റെ വിളിക്കനുസൃതമായ സമര്‍പ്പണം (commitment) ആണ്. അതുണ്ടെങ്കില്‍ കഴിവ് (competance) പിറകേ വരും, ദൈവം തരും. നമ്മെ വിളിച്ചവന്‍ നാം എപ്പോഴും വിജയികളാകണമെന്നല്ല, വിശ്വസ്തരാകണം എന്നാണ് ആഗ്രഹിക്കുന്നത്. ചിലപ്പോഴെങ്കിലും വിജയിക്കാന്‍ സാധിക്കാതെ വരും, പക്ഷേ അപ്പോഴും വിശ്വസ്തരായിരിക്കണം.
തികച്ചും വിഷമകരമായ സമയങ്ങളില്‍ ‘ഈശോയേ, അങ്ങാണ് ഈ സ്ഥാനത്തെങ്കില്‍ എന്തുചെയ്യും?’ എന്ന് ചോദിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുക. അങ്ങാണ് ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് എങ്കില്‍, അങ്ങാണ് ക്ലാസ് ടീച്ചറെങ്കില്‍, അങ്ങാണ് ഈ കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ട കുട്ടിയെ കൈകാര്യം ചെയ്യുന്നതെങ്കില്‍…. എന്നിങ്ങനെ ചോദിക്കും.
സ്‌നേഹം പലിശസഹിതം തിരികെ…
ദൈവസ്‌നേഹം നാം നല്കുകയാണെങ്കില്‍ അത് പലിശയടക്കം തിരികെ ലഭിക്കും എന്ന് ഉറപ്പാണ്. കൊവിഡ് കാലമായിരുന്നതുകൊണ്ട് എന്‍റെ റിട്ടയര്‍മെന്റ് തികച്ചും ആഘോഷങ്ങളില്ലാതെയാണ് നടന്നത്. എന്നാല്‍ വീട്ടിലെത്തിയതിനുശേഷം വൈകിട്ട് മുറ്റത്ത് ഒരു കാര്‍ വന്നുനിന്നു. എന്‍റെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുടുംബസമേതം എനിക്ക് ആശംസകള്‍ നേരാന്‍ എത്തിയതായിരുന്നു. പോലീസുകാര്‍ക്കുമാത്രം ലഭ്യമായിരുന്ന സഞ്ചാരസ്വാതന്ത്ര്യം ഉപയോഗിച്ചാണ് അദ്ദേഹം വന്നത്. അതെനിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു.
ആ സമയത്ത് ചില വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കില്‍ എന്നെക്കുറിച്ച് എഴുതി, ‘ടീച്ചര്‍ കാരണമാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്തിയത്.’ വളരെപ്പേര്‍ നല്ല ഓര്‍മക്കുറിപ്പുകളും നന്ദിവചസുകളും വാട്ട്‌സാപ്പിലും അയച്ചിരുന്നു. പലരുടെയും ജീവിതത്തില്‍ ഇടപെട്ടത് എങ്ങനെയായിരുന്നു എന്ന് ഞാനോര്‍ക്കുന്നില്ലെങ്കിലും അവര്‍ അത് ഓര്‍ത്തിരിക്കുന്നു എന്നത് വളരെ വലിയ അംഗീകാരമായി തോന്നി. സ്‌നേഹത്തിന്‍റെ ചെറിയ വാക്കുകളും പ്രവൃത്തികളും അവരുടെ മനസില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു മറ്റ് കുറിപ്പുകളും.
അവസരങ്ങള്‍ നല്കുന്നവര്‍
ഇന്ന് അറിയപ്പെടുന്ന പ്രഭാഷകയും പരിശീലകയുമൊക്കെയായി വളരാന്‍ എനിക്ക് ഇടവന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം എന്‍റെ മാതാപിതാക്കള്‍ക്കൊപ്പംതന്നെ, ഓരോ കാലഘട്ടങ്ങളിലും എന്നെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്ത അധ്യാപകരാണ്. പ്രസംഗം പറയാന്‍, ക്യാമ്പുകള്‍ നടത്താന്‍, ക്ലാസുകള്‍ നടത്താന്‍, കലാപരിപാടികള്‍ സംഘടിപ്പിക്കാന്‍ – ഇങ്ങനെയുള്ള ഓരോരോ അവസരങ്ങള്‍ ലഭിച്ചതുകൊണ്ടാണല്ലോ എനിക്ക് വളരാന്‍ സാധിച്ചത്. അതുകൊണ്ട് എന്‍റെ കുട്ടികള്‍ക്കുവേണ്ടിയും അതുപോലുള്ള അവസരങ്ങള്‍ ഉണ്ടാക്കുവാനും നേതൃത്വവാസനയിലേക്ക് കുട്ടികളെ കൊണ്ടുവരാനും അവരുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനും ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്.
Emerging Youth എന്ന പേരില്‍ കോളേജില്‍ ഒരു പ്ലാറ്റ്‌ഫോം കുട്ടികള്‍ക്ക് സമഗ്രവികസനം സാധ്യമാക്കുന്നതിനായി സംഘടിപ്പിക്കാനും 10 വര്‍ഷം അതിന് നേതൃത്വം കൊടുക്കാനും നിരവധി കുട്ടികളെ മിടുക്കരായി വളര്‍ത്തിവിടുന്നതിനും ദൈവം അനുഗ്രഹിച്ചു. കോളജിന്‍റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയിരുന്ന കൊവിഡ് കാലത്ത്, കോളേജിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലെയും എല്ലാ അധ്യാപകരോടും കുട്ടികളെ സജീവരായി നിലനിര്‍ത്തുവാന്‍ തക്കവിധത്തില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞു. അങ്ങനെ അന്നത്തെ ഏകാന്തതയുടെ നിമിഷങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊര്‍ജം പകര്‍ന്നുകൊടുക്കാന്‍ സാധിച്ചു.
വിരമിക്കുന്നതിന് മുമ്പ്…
വിരമിക്കുന്നതിന് മുമ്പുള്ള വര്‍ഷം പ്രിന്‍സിപ്പലിന്‍റെ ചുമതല എന്നെ ഏല്‍പിച്ചപ്പോള്‍, കര്‍ത്താവിന് ഇപ്രകാരം വാക്കുകൊടുത്ത് പ്രാര്‍ത്ഥിച്ചു, ”കര്‍ത്താവേ, സക്കേവൂസിനെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരു വ്യക്തിക്ക് ലഭിക്കാവുന്ന പൂര്‍ണ സര്‍വീസ് നല്‍കി അങ്ങ് എന്നെ അനുഗ്രഹിച്ചു. സേവനകാലത്ത് അങ്ങ് ആഗ്രഹിക്കുന്നതുപോലെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ആരുടെയെങ്കിലും തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ഒന്നിന് നാലിരട്ടിയായി തിരികെ കൊടുത്തുകൊള്ളാം എന്ന് സക്കേവൂസ് പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിക്കുകയാണ്. ഇത്രയും കാലത്തെ എന്‍റെ അധ്യാപന ജീവിതത്തിനിടയില്‍ ഏതെങ്കിലും കാര്യങ്ങള്‍ക്ക് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഒന്നിന് നാലിരട്ടി തീക്ഷ്ണതയോടുകൂടി ഈ അവസാനത്തെ വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാം.”
ഈ വാക്ക് കൊടുത്തതിനുശേഷം രാവിലെ 8.30 എന്നൊരു സമയമുണ്ടെങ്കില്‍ കോളജിലെത്തുകയും വെകിട്ട് 5.30വരെ കോളജില്‍ ഉണ്ടാകുകയും ചെയ്യുമായിരുന്നു. അനുവദിക്കപ്പെട്ട അവധികളുണ്ടായിരുന്നെങ്കിലും ഒരു ദിവസംപോലും ജോലിയില്‍നിന്ന് മാറിനില്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. കോളേജിലേക്ക് വരാന്‍ കുട്ടികള്‍ക്ക് അനുവാദമില്ലാതിരുന്ന ആ സമയത്തും നല്ല സന്ദേശങ്ങളും മൂല്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ഓണ്‍ലൈനായി നല്കാന്‍ ശ്രദ്ധിച്ചിരുന്നു.
പ്രാര്‍ത്ഥനയുടെ മധുരം
കര്‍ത്താവ് എന്നെ ആ കോളേജിന്‍റെ സാരഥ്യം വഹിക്കാന്‍ അനുവദിച്ചെങ്കില്‍ അവിടുത്തേക്കായി പ്രാര്‍ത്ഥനാശബ്ദം ഉയര്‍ത്താനും എനിക്ക് കടമയും അധികാരവും ഉണ്ടല്ലോ. അതിന് വലിയൊരു അവസരമായിരുന്നു കൊവിഡ് കാലം. അക്കാലത്ത് എന്നും രാവിലെ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്ത്, 91-ാം സങ്കീര്‍ത്തനം അധ്യാപക-അനധ്യാപകര്‍ മാറിമാറി ചൊല്ലുമായിരുന്നു. കോളേജില്‍ ആര്‍ക്കും ഗുരുതരമായ വിധത്തില്‍ കൊവിഡ് വരാതിരിക്കാന്‍ ആ പ്രാര്‍ത്ഥന സംരക്ഷണകവചമായി എന്നും ഞാന്‍ വിശ്വസിക്കുന്നു.
അതിനെക്കാള്‍ വലിയൊരു അനുഗ്രഹമായിരുന്നു കോളേജ് ചാപ്പലില്‍ സ്ഥിരമായി ദിവ്യകാരുണ്യം പ്രതിഷ്ഠിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ സാധിച്ചത്.അതിനായി ദിവ്യകാരുണ്യനാഥനെ സംവഹിച്ചുകൊണ്ടുവന്നപ്പോള്‍ എല്ലാവരും തയാറായി നിന്നതും ഒന്നുചേര്‍ന്ന് ‘എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു…’ എന്ന ഗാനം ആലപിച്ചതും ഇന്നും ആനന്ദനിര്‍വൃതിയുളവാക്കുന്ന ഓര്‍മയാണ്. മറ്റ് അധ്യാപകരും അനധ്യാപകരും എന്നോട് പറഞ്ഞു, അത് അവിസ്മരണീയ നിമിഷമായിരുന്നു എന്ന്.
അധ്യാപകവൃത്തിയിലേക്കുള്ള ഈ ദൈവവിളിയെ എന്നും സന്തോഷത്തോടെ നെഞ്ചിലേറ്റുന്നു. മറക്കാനാവാത്ത അനുഭവങ്ങള്‍ ഇനിയും ഏറെ…
ഞാനും കുടുംബവും ദൈവാലയത്തില്‍ പോവുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും സഭയോടും ഇടവകയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. ധ്യാനവും കൂടി കൂദാശകളും സ്വീകരിച്ച് ജീവിച്ചാല്‍ മതിയെന്നായിരുന്നു എന്‍റെ തീരുമാനം. കരിസ്മാറ്റിക് അനുഭാവിയാണെങ്കിലും ദൈവാലയത്തോടോ സഭയോടോ വൈദികരോടോ ഒന്നും വലിയ അടുപ്പമില്ല. ‘പള്ളിയോടും പട്ടക്കാരോടും കൂടുതല്‍ അടുത്താല്‍ ഉള്ള വിശ്വാസവും കൂടി പോവുകയേയുള്ളൂ’ എന്ന ഉപദേശം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയം.
ചില എതിര്‍സാക്ഷ്യങ്ങള്‍, വിശുദ്ധ കുര്‍ബ്ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഇടവകയിലുണ്ടായ ചില ചേരിതിരിവുകള്‍… അങ്ങനെ പലതും കൂടിയായപ്പോള്‍ എന്‍റെ നിലപാടാണ് ശരിയെന്ന് കരുതി. സഭയിലെയോ ഇടവകയിലെയോ പ്രശ്‌നങ്ങള്‍ കണ്ട് ഉള്ള വിശ്വാസം കളയാതെ, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ ആ പ്രശ്‌നങ്ങളില്‍ ഇടപെടാതെ നമ്മള്‍ ജീവിച്ചാല്‍ മതി എന്ന് മക്കളോട് പറയുമായിരുന്നു.
തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടവരെയെല്ലാം ശത്രുക്കളായി കണ്ട് അവരെ ഞങ്ങള്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ദൈവത്തിന് ഇഷ്ടപ്പെട്ടവനാണ് ഞാന്‍ എന്ന തോന്നലായിരുന്നു എനിക്ക്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതുകൊണ്ട് എന്നോട് ഈശോയ്ക്ക് വലിയ ഇഷ്ടമാണ് എന്ന് സ്വയം ധരിച്ചു. എന്തായാലും ഈശോ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും, ഒരു പ്രശ്‌നങ്ങളിലും വീഴാതിരുന്നാല്‍മതി എന്നായിരുന്നു എന്‍റെ ചിന്ത. ഇടവകയിലെ ഒരു പരിപാടിയിലും പങ്കെടുക്കാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഇടവകയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന സമയം. അതുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകളുണ്ടായിരുന്നു. അതിനാല്‍ ഇടവകയില്‍ സമാധാനമുണ്ടാകുവാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടക്കാനുംവേണ്ടി വികാരിയച്ചന്‍ വെള്ളിയാഴ്ചദിവസങ്ങളില്‍ ദിവ്യകാരുണ്യ ആരാധന നടത്താന്‍ തുടങ്ങി. കുടുംബസമേതം വെള്ളിയാഴ്ച ദിവസങ്ങളിലെ വൈകുന്നേരത്തെ കുര്‍ബ്ബാനക്കും ദിവ്യ കാര്യണ്യ ആരാധനക്കും ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ ഞങ്ങളുടെ ഉദ്ദേശ്യം ഞങ്ങളുടെ വ്യക്തിപരമായ പ്രാര്‍ത്ഥനാവശ്യങ്ങള്‍ അര്‍പ്പിക്കുക എന്നതുമാത്രമായിരുന്നു. ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത് നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്.
അങ്ങനെ ഒരു വെള്ളിയാഴ്ച പതിവുപോലെ ഞങ്ങള്‍ കുടുംബസമേതം ദൈവാലയത്തില്‍ പോയി. എന്‍റെ സ്ഥിരം ഇരിപ്പിടമായ ഏറ്റവും പുറകില്‍ ത്തന്നെയാണ് ഇരുന്നത്. ആരാധന തുടങ്ങിയ നേരത്ത് ദിവ്യകാര്യണ്യത്തെ നോക്കി. ഞങ്ങളുടെ വ്യക്തിപരമായ ആവശ്യം പറഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാ, ദിവ്യകാരുണ്യ ഈശോ കുറുകേ മുറിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഞാന്‍ കാണുന്നത്!! കണ്ണ് ഒന്ന് തുടച്ചിട്ട് നോക്കി. അപ്പോഴും ദിവ്യകാരുണ്യ ഈശോയുടെ മുറിവ് വലുതായി കൊണ്ടിരിക്കുന്നു. വെറും തോന്നലാണെന്നു കരുതിയെങ്കിലും വീണ്ടും ശ്രദ്ധിച്ചപ്പോള്‍ മുറിവ് വലുതായി പുറത്തേക്ക് നീളുന്നതാണ് കണ്ടത്. ആ മുറിവ് നീണ്ട് അള്‍ത്താരയും കഴിഞ്ഞ് ജനങ്ങളുടെ ഇടയിലേക്ക് വന്നു…. നനഞ്ഞ ശരീരത്തില്‍ മുള്ളുകൊണ്ട് കോറി രക്തം പടര്‍ന്നു വരുന്നതു പോലെ അന്തരീക്ഷത്തിലേക്ക് രക്തം പടര്‍ന്നു…
ഇതുകണ്ട് എന്‍റെ ഉള്ളൊന്നു കാളി. ദിവ്യകാരുണ്യ ഈശോ അപ്പോഴേക്കും രണ്ടായി മുറിഞ്ഞ് വേര്‍പെട്ടു. അപ്പോള്‍ ഈശോയോട് സംസാരിക്കാന്‍ തോന്നി, ”ഇതെന്താണ്?!”
ഈശോ തിരിച്ച് ചോദിച്ചു, ”എന്താണെന്ന് നീ പറയുക.”
പെട്ടെന്ന് മനസില്‍ വന്നത് ഞാന്‍ പറഞ്ഞു, ”ഇത് ഇടവകയിലെ ഭിന്നിപ്പാണ്. ഇടവക രണ്ടായി മുറിഞ്ഞപ്പോള്‍ നിന്‍റെ ശരീരം രണ്ടായി ഭാഗിക്കപ്പെട്ടിരിക്കുകയാണ്!”
ഈശോ വീണ്ടും ചോദിച്ചു, ”നീ ഇതില്‍ എതു ഭാഗത്താണ്?”
ഞാന്‍ പറഞ്ഞു, ”രണ്ടു ഭാഗത്തിന്‍റെ കൂടെയും ഇല്ല. ഞാന്‍ നിന്‍റെ ഭാഗത്താണ്!!”
ഈ മറുപടി ഈശോക്ക് ഇഷ്ടമായിക്കാണും എന്ന് വിചാരിച്ചുകൊണ്ടിരിക്കേ ഈശോയുടെ മറുപടി വന്നു, ”നീയാണ് എന്‍റെ ഏറ്റവും വലിയ ശത്രു. നീയാണ് എന്‍റെ സഭയുടെ ഏറ്റവും വലിയ ശത്രു.”
ഞാന്‍ ഈശോയോട് തിരിച്ച് ചോദിച്ചു, ”ഞാനെങ്ങനെയാണ് നിന്‍റെ ശത്രുവാകുന്നത്?”
ഈശോ പറഞ്ഞു, ”നിന്‍റെ സ്വാര്‍ത്ഥമായ പ്രാര്‍ത്ഥന വഴി. നിന്‍റെ കാര്യങ്ങള്‍ക്ക് വേണ്ടിമാത്രമേ നീ പ്രാര്‍ത്ഥിക്കുന്നുള്ളൂ. ഇടവകയ്ക്കുവേണ്ടിയോ സഭയില്‍നിന്ന് അകന്ന് വഴിതെറ്റി പോകുന്നവര്‍ക്കു വേണ്ടിയോ പ്രാര്‍ത്ഥിക്കാറില്ല, പ്രവര്‍ത്തിക്കാറില്ല. നിന്‍റെ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ സാധിക്കാന്‍ വേണ്ടി എന്നെ നിന്‍റെ പക്ഷക്കാരനാക്കിയിരിക്കുന്നു. ചുരുണ്ടുകൂടി കിടക്കാതെ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവനാകുക.”
പിന്നെ ദിവ്യകാര്യണ്യത്തിലെ മുറിവോ രക്തമോ കണ്ടില്ല. ഈശോയുടെ സ്വരം കേള്‍ക്കാനുമില്ല.. ദിവ്യകാരുണ്യ ആശീര്‍വാദത്തിന്‍റെ സമയമായി. ആശീര്‍വാദത്തിന് മുമ്പ് ഞാന്‍ ഈശോക്ക് വാക്കു കൊടുത്തു.. സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അന്നുമുതല്‍ ഞങ്ങള്‍ എല്ലാവരും ഇടവകയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്‍റെ സ്വാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കുറഞ്ഞു വന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു ചേട്ടന്‍ എന്നെ ഇടവകയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയിലേക്ക് ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച്, ഇടവക പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. അങ്ങനെ ആ കൂട്ടായ്മയിലൂടെ ഇടവകയ്ക്കും സഭയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വ്യക്തിപരമായും ഇടവകക്കൂട്ടായ്മയോടുചേര്‍ന്നും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇടവകയില്‍ മാറ്റങ്ങളും കാണാന്‍ സാധിക്കുന്നു. അന്ന് ദിവ്യകാര്യണ്യ സന്നിധിയില്‍ ഈശോയ്ക്ക് വാക്ക് കൊടുത്തപ്പോള്‍ ഈശോ ഞാനറിയാതെ ഓരോ പരിപാടികളിലൂടെ എന്നെ വളര്‍ത്തി.
ഒരു ദിവസം രാവിലത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ എന്‍റെ തൊട്ടുമുമ്പിലായി ശാലോമില്‍നിന്ന് എനിക്ക് പരിചയമുള്ള മൂന്ന് പേര്‍ നില്‍ക്കുന്നു. വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് അവരോട് പരിചയം പുതുക്കി പോകാം എന്ന് കരുതി അടുത്ത് ചെന്നു കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അവര്‍ പറഞ്ഞു, ‘ഈ ഇടവകയില്‍ ശാലോം ഫെസ്റ്റിവല്‍ ക്രമീകരിക്കുന്നതിന്‍റെ കാര്യങ്ങള്‍ വികാരിയച്ചനെ കണ്ട് തീരുമാനിക്കാന്‍ വന്നതാണ്.”
അപ്പോഴേക്കും ചുറ്റിലും നിന്നിരുന്നവര്‍ അവിടെനിന്ന് പോയിക്കഴിഞ്ഞിരുന്നു. ശാലോമില്‍നിന്നുള്ളവരെ വികാരിയച്ചന്‍റെ അടുക്കലേക്ക് പറഞ്ഞയച്ചിട്ട് അവിടെനിന്നും തടിതപ്പാന്‍ നില്‍ക്കുമ്പോള്‍ അതിലെ ലീഡര്‍ പറഞ്ഞു, ”എങ്കില്‍ വാ, നമുക്ക് അച്ചനെ ഒന്ന് പോയിക്കാണാം.”
അങ്ങനെ എനിക്ക് അവരുടെ കൂടെ വികാരിയച്ചന്‍റെ അടുത്ത് പോകേണ്ടിവന്നു. അച്ചന്‍ ഫെസ്റ്റിവല്‍ നടത്തുന്നതിന് തീയതി നിശ്ചയിക്കുകയും ചെയ്തു. ശേഷം അവരോട് യാത്ര പറയാന്‍ നില്‍ക്കുമ്പോള്‍ വെറുതെ ചോദിച്ചു, ”എന്‍റെ വീട്ടില്‍ പോരുന്നോ?”
എന്‍റെ വിളി സ്വീകരിച്ച് വീട്ടില്‍ വന്ന് പ്രാര്‍ത്ഥിച്ച് ചായയും കുടിച്ച് അവര്‍ മടങ്ങി. ആ വരവിലൂടെ, ഒഴിഞ്ഞുമാറാന്‍ നിന്ന എന്നെ ഈശോ അനുഗൃഹീതമായ ആ ശാലോം ഫെസ്റ്റിവലിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളിലും പങ്കാളിയാക്കി. എല്ലാവരോടുമൊപ്പം പ്രവര്‍ത്തിച്ച് അത് വിജയത്തിലെത്തിക്കാനും സാധിച്ചു.
ഇടവകയിലെ ആത്മീയപരിപാടികളില്‍മാത്രം പങ്കെടുത്താല്‍ മതി എന്ന് ചിന്തിച്ചിരുന്ന അവസരത്തില്‍ ഒരു ശാലോം വചനാഗ്‌നി പ്രോഗാമിനിടെ ടീം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനിടെ പരിശുദ്ധാത്മാവ് ഞങ്ങളുടെ ജീവിതത്തിലെ അനേകം കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ആ കൂട്ടത്തില്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞു, ”നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാതെ പോയ ഒരു കഴിവ് ഉപയോഗിക്കാന്‍ ഈശോ കുടുംബസമേതം തരുന്നുണ്ട്. അതിനുവേണ്ടി പ്രാര്‍ത്ഥിക്കണം.”
അങ്ങനെയിരിക്കെ, കുറച്ച് നാളുകള്‍ക്ക് ശേഷം ഇടവക പള്ളിയില്‍ തിരുനാള്‍ വന്നു. തിരുനാളിന്‍റെ ഭാഗമായി ഒരു മെഗാ സ്റ്റേജ് പ്രോഗ്രാം നടത്തപ്പെടുന്നുണ്ട്. അഭിനയത്തിനായി ഇടവകയില്‍നിന്നുതന്നെ ആളുകളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ദൈവാലയത്തില്‍ വൈദികന്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ഞങ്ങള്‍ അത് വലിയ കാര്യമാക്കിയില്ല. കഴിവുള്ള ആരെങ്കിലുമൊക്കെ പങ്കെടുത്തുകൊള്ളുമെന്ന് കരുതിയിരുന്ന ഞങ്ങളെ ഒരു ദിവസം അസിസ്റ്റന്റ് വികാരിയച്ചന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു, ”തിരുനാളിന്‍റെ സ്റ്റേജ്‌പ്രോഗ്രാമിന്‍റെ സെലക്ഷന് നിങ്ങള്‍ വരണം. ഒരു സിനിമാസംവിധായകനാണ് സെലക്ഷന് വരുന്നത്.”
ഞങ്ങള്‍ ഒഴികഴിവ് പറഞ്ഞെങ്കിലും അച്ചന്‍ നിര്‍ബന്ധിച്ചതുകൊണ്ട് പോയി. ആളുകള്‍ കുറവായതിനാല്‍ എന്നെയും ഭാര്യയെയും തെരഞ്ഞെടുത്തു. അങ്ങനെ ആ മെഗാപ്രോഗ്രമിന്‍റെ അടുക്കള മുതല്‍ അരങ്ങത്തു വരെ പ്രവര്‍ത്തിച്ചും അഭിനയിച്ചും എല്ലാവരോടുമൊപ്പം ആ പ്രോഗ്രാം വലിയ വിജയത്തിലെത്തിക്കാന്‍ സാധിച്ചു. ഇതിലൂടെ ഇടവകയ്ക്ക് ഒരു ഐക്യവും പുതുജീവനും കിട്ടി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഇടവകയില്‍ പ്രവര്‍ത്തിച്ച് ഈശോക്ക് സാക്ഷ്യം വഹിച്ച്, ലോകസുവിശേഷവത്കരണത്തില്‍ പങ്കാളിയാകുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ച അവസരങ്ങളും സാധ്യതകളും നഷ്ടപ്പെടുത്തിയതിനേയോര്‍ത്ത് ഈശോയേ മാപ്പ്.
”നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല. ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു” (യോഹന്നാന്‍ 15/16).
ഞാനും എന്‍റെ കുടുംബവും ശാലോം ടൈംസ് മാസിക വായിക്കുന്നുണ്ട്. ഞങ്ങള്‍ ശാലോം ടി.വിയെ സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും താങ്ങുന്ന ശാലോം പീസ് ഫെലോഷിപ് (എസ്.പി.എഫ്) അംഗങ്ങളുമാണ്.
12 വര്‍ഷമായി ഞങ്ങള്‍ വാങ്ങിയ കൃഷിസ്ഥലത്ത് കുടിവെള്ളത്തിന് യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. പലരെയും കൊണ്ടുവന്ന് സ്ഥാനം നോക്കി മൂന്ന് കുഴല്‍കിണറുകള്‍ കുത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല.
അങ്ങനെയിരിക്കേ ഒരിക്കല്‍ മാസികയില്‍ വായിച്ച 2 രാജാക്കന്‍മാര്‍ 3/16-20 വചനഭാഗം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചൊല്ലി പ്രാര്‍ത്ഥിക്കുകയും വെള്ളം ലഭിച്ചാല്‍ സാക്ഷ്യമറിയിക്കാമെന്ന് നേരുകയും ചെയ്തു. ആ സമയത്ത് ഒരു ദിവസം വീട്ടില്‍ ജോലിക്ക് വന്ന ആള്‍ വെള്ളത്തിന് സ്ഥാനം കാണുകയും കുളം കുഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുളം കുഴിക്കുന്നതിന്‍റെ തലേ ദിവസം പ്രാര്‍ത്ഥിച്ച് വചനം എടുത്തപ്പോള്‍ ”അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി” എന്ന സങ്കീര്‍ത്തനങ്ങള്‍ 114/8 വചനം ലഭിച്ചു. അതില്‍ വിശ്വസിച്ച് കുളം കുഴിച്ചപ്പോള്‍ സമൃദ്ധമായി വെള്ളം കിട്ടി. ഈശോ ഞങ്ങള്‍ക്ക് ചെയ്തുതന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു.
'അധ്യാപകരെക്കുറിച്ച് എനിക്ക് നല്കാനുള്ള ഏറ്റവും വലിയ സന്തോഷവാര്‍ത്ത അവര്‍ക്ക് യുവതലമുറയെ വീണ്ടെടുക്കാന്‍ കഴിയും എന്നതാണ്. അധ്യാപകര്‍ ഇത് തിരിച്ചറിയുകയും അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് എന്‍റെ തീവ്രമായ ആഗ്രഹം. കുട്ടികളുടെയും യുവതീയുവാക്കളുടെയും വര്‍ധിച്ച ഊര്‍ജം നേര്‍വഴിയില്‍ ഉപയോഗിക്കാന്‍ വേദികളൊരുക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യാമെങ്കില്‍ അവര്‍ യാതൊരു തെറ്റായ വഴിക്കും നീങ്ങുകയില്ല എന്നത് ഉറപ്പ്!
അധ്യാപകദമ്പതികളുടെ മകളായിട്ടാണ് ഞാന്‍ ജനിച്ചത്. എന്‍റെ അമ്മ പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്നു. ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്‍റെ ഹെഡ്മിസ്ട്രസ് ആയിട്ടാണ് വിരമിച്ചത്. പിതാവ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു. അധ്യാപകരോട് മറ്റു വ്യക്തികളും, പ്രത്യേകിച്ച്, വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും സമൂഹവും കാണിക്കുന്ന ആദരവും സ്‌നേഹവും ഞാന്‍ ചെറുപ്പംമുതലേ കണ്ടിട്ടുണ്ട്. അധ്യാപകര്‍ ചെയ്യുന്നത് വൈദികരും സന്യസ്തരും ചെയ്യുന്നതുപോലെതന്നെ വലിയ സമര്‍പ്പണമുള്ള ജോലിയാണെന്ന് കുഞ്ഞുനാളിലേ എനിക്ക് മനസിലായി. മാതാപിതാക്കളുടെ പാത പിന്‍തുടര്‍ന്ന് ഞങ്ങള്‍ ഏഴു സഹോദരങ്ങളും അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ഒരാള്‍മാത്രം ഇടയ്ക്കുവച്ച് സ്‌കൂള്‍ നിര്‍ത്തേണ്ട സാഹചര്യം വന്നപ്പോള്‍ മറ്റൊരു ജോലിയില്‍ പ്രവേശിച്ചു. ബാക്കി ആറുപേരും അധ്യാപകരായാണ് സേവനം ചെയ്തത്.
മക്കള്‍ അനുഗ്രഹിക്കപ്പെടും
എന്‍റെ മാതാപിതാക്കളുടെ ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യം ഇതാണ്, ഒരു അധ്യാപകന്‍/അധ്യാപിക, തന്നെ ദൈവം ഭരമേല്‍പിച്ചിരിക്കുന്ന കുഞ്ഞുങ്ങളോട് നിസ്വാര്‍ത്ഥമായ സ്‌നേഹവും നിരന്തരമായ പരിഗണനയും പുലര്‍ത്തുന്നെങ്കില്‍ അവരുടെ മക്കളെ ദൈവം അനുഗ്രഹിക്കും. ”ഉദാരമായി ദാനംചെയ്യുന്നവന്‍ സമ്പന്നനാ കും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും” (സുഭാഷിതങ്ങള്‍ 11/25) എന്ന തിരുവചനം അവരില്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും. എന്‍റെ ജീവിതംതന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
വാസ്തവത്തില്‍, മാതാപിതാക്കളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ മക്കളെ ഇരുത്തി പഠിപ്പിക്കാനുള്ള സമയമൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്കെല്ലാം പഠിക്കാനും ജോലി നേടാനും സാധിച്ചു. സന്തോഷകരമായ കുടുംബജീവിതവും ലഭിച്ചു.
കൂട്ടുകുടുംബത്തിലെ ജോലികള്‍ക്കൊപ്പംതന്നെ- കുടുംബത്തിലെ മാതാപിതാക്കളുടെ ശുശ്രൂഷയും സഹോദരങ്ങളുടെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും കൃഷികാര്യങ്ങളും മൃഗങ്ങളെ പരിചരിക്കലുമെല്ലാം ശ്രദ്ധിച്ചശേഷമാണ് എന്‍റെ അമ്മ തിരക്കിട്ട് സ്‌കൂളില്‍ പോയിരുന്നത്. പക്ഷേ അവിടെ ചെന്നുകഴിഞ്ഞാല്‍ മറ്റൊരു ലോകത്തെത്തിയതുപോലെ വീട്ടിലെ കാര്യങ്ങളെല്ലാം മറന്ന് സ്‌കൂളില്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സ്‌നേഹപൂര്‍വം പ്രവര്‍ത്തിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ചുമരുകള്‍ക്ക് പുറത്തെ ടീച്ചര്‍
എന്‍റെ പിതാവും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളെ ഏറെ സ്‌നേഹിച്ചിരുന്നു. ഇപ്പോഴും പല ഇടങ്ങളില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളായിരുന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണാറുണ്ട്. ടി.പി. ജോസഫ് സാറിന്‍റെ സ്‌നേഹം മറക്കാന്‍ പറ്റില്ല എന്നാണ് അവര്‍ പറയാറുള്ളത്. ഒരു ടീച്ചറാകണം എന്ന് ഞാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ പിതാവ് ഒരു അനുഗ്രഹമെന്നോണം എന്നോട് നിര്‍ദേശിച്ചു, ”നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ടീച്ചറാകരുത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും അധ്യാപികയായിരിക്കണം.” ആ വാക്കുകള്‍ ഇന്ന് നിറവേറുകയാണ്. ഇന്ന്, നഴ്‌സറി വിദ്യാര്‍ത്ഥികള്‍മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍വരെയുള്ളവര്‍ക്ക് ക്ലാസുകളെടുക്കാന്‍ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
എന്‍റെ പിതാവായ ടി.പി. ജോസഫുമായി ബന്ധപ്പെട്ട ഒരു നല്ല ഓര്‍മ്മ പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കും. എഴുത്തുകാരനും പ്രഭാഷകനും ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും അധ്യാപകനുമെല്ലാമായിരുന്ന ശ്രീ. ഇടമറ്റം രത്‌നപ്പന്‍സാറിന്‍റെ ഒരു ഇന്റര്‍വ്യൂ യാദൃച്ഛികമായി കാണാനിടയായി. അതില്‍ അദ്ദേഹം പറഞ്ഞത്, മാതാപിതാക്കള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ഏറ്റവും അധികം സ്വാധീനിച്ചത് ഹൈസ്‌കൂളില്‍ പഠിപ്പിച്ച ജോസഫ് സാറാണ് എന്നാണ്. ”എന്‍റെ ഒരു കവിത വായിച്ചിട്ട് സാര്‍ പറഞ്ഞു, നീ വലിയ ഒരാളായിത്തീരും, അറിയപ്പെടുന്ന ഒരാളായിത്തീരും. നന്നായി വരട്ടെ എന്ന് അദ്ദേഹം എന്നെ അനുഗ്രഹിക്കുകയും ചെയ്തു” എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ആ നിമിഷംമുതലാണ് സാഹിത്യരചനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രയാണം ആരംഭിച്ചതെന്നും അദ്ദേഹം പങ്കുവച്ചു. വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെയെന്നെപോലെ എന്‍റെ പിതാവ് സ്‌നേഹിച്ചിരുന്നു എന്നത് തെളിയിക്കുന്ന ഒരു സംഭവമായിരുന്നു അത്. ”വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയാകും. നീതിമാനെ പഠിപ്പിക്കുക അവന്‍ കൂടുതല്‍ ജ്ഞാനിയാകും” (സുഭാഷിതങ്ങള്‍ 9/9).
വാഗ്ദാനത്തിന് ഈശോയുടെ മറുപടി
മാതാപിതാക്കളുടെ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ അവരെപ്പോലെതന്നെ വിദ്യാര്‍ത്ഥികളുടെ മനസില്‍ ഒരു സ്ഥാനമുള്ള അധ്യാപികയാകണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. പഠിക്കുന്ന കാലംമുതല്‍തന്നെ, ‘ഒരു ടീച്ചറായി വേഗം എനിക്ക് ജോലി തരണം. അങ്ങനെയെങ്കില്‍ നിനക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു അധ്യാപികയായിക്കൊള്ളാം’ എന്ന് ഞാന്‍ എപ്പോഴും ഈശോയോട് പറയാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കോളജില്‍ അധ്യാപകജോലിക്ക് അപേക്ഷിക്കുന്നതെങ്ങനെ എന്നൊരു പരിശീലനമാകട്ടെ എന്ന് കരുതി ആദ്യത്തെ അപേക്ഷ നല്കിയത്. പക്ഷേ ആ അപേക്ഷയില്‍ എന്നെ തിരഞ്ഞെടുത്തു! അന്ന് ഞാന്‍ ഇങ്ങനെ ഈശോയോട് പറഞ്ഞു, ”ഞാന്‍ ചോദിച്ചതുപോലെ നീ എനിക്ക് ജോലി തന്നു. ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ സാധിക്കുന്നത്രയും വിശ്വസ്തതയോടുകൂടി, എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതിനെക്കാള്‍ അല്പം കൂടുതല്‍ ചെയ്യുവാനായി, കൊടുക്കുവാനായി ഞാന്‍ പ്രതിജ്ഞാബദ്ധയാണ്.”
ആദ്യമായി കോളജിന്‍റെ ഗെയ്റ്റില്‍ ചെന്നപ്പോള്‍, ‘കര്‍ത്താവേ നീ എന്നോട് വാക്കു പാലിച്ചു. നിന്നോട് വിശ്വസ്തയായിരിക്കാന്‍ എന്നെ അനുഗ്രഹിക്കണമേ’ എന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് ഞാന്‍ കോളജിലേക്ക് പ്രവേശിച്ചത്. സാധിക്കുന്നതുപോലെ, നൂറുശതമാനമൊന്നും അവകാശപ്പെടാന്‍ സാധിക്കുകയില്ല എങ്കിലും, കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതില്‍ ഞാന്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. കുട്ടികളോട് കരുണയും സ്‌നേഹവും കാണിക്കുന്നതിനും സഹാനുഭൂതിയോടുകൂടി അവരുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചുകൊണ്ട് കുറെയെങ്കിലുമൊക്കെ അവരെ ആശ്വസിപ്പിക്കുന്നതിനും സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
വിദ്യാലയത്തിലെ മാതാപിതാക്കള്‍
സ്വന്തം കുട്ടി ഒരു വിഷയത്തില്‍മാത്രമല്ല എല്ലാ വിഷയത്തിലും മിടുക്കരാകണം എന്നല്ലേ നാം ആഗ്രഹിക്കുക. പഠനവിഷയങ്ങളില്‍മാത്രമല്ല, കലാകായികരംഗങ്ങളിലും ജീവിതത്തിലുമെല്ലാം അവര്‍ വിജയിച്ചുകാണാന്‍ ഒരു രക്ഷിതാവ് ആഗ്രഹിക്കുകയില്ലേ? അതിനനുസരിച്ച്, വിദ്യാലയത്തില്‍ മാതാപിതാക്കളെപ്പോലെ അവര്‍ക്ക് പരിശീലനവും അവസരങ്ങളും നല്കാനും ശ്രമിക്കും.
പഠനത്തില്‍ സമര്‍ത്ഥനല്ലാത്ത വിദ്യാര്‍ ത്ഥി മറ്റൊരു മേഖലയില്‍ പ്രതിഭയുള്ളവനായിരിക്കും. ”കര്‍ത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തിനു വേണ്ടി സൃഷ്ടിച്ചു” (സുഭാഷിതങ്ങള്‍ 16/4) എന്നാണല്ലോ തിരുലിഖിതം വ്യക്തമാക്കുന്നത്. പ്രതിഭയുള്ള മേഖല കണ്ടെത്താന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇപ്രകാരം വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളുടെ സ്ഥാനത്ത് കണ്ടാല്‍ തീര്‍ച്ചയായും നല്ലൊരു അധ്യാപകന്‍/അധ്യാപിക ആകാന്‍ കഴിയും.
'സൂര്യഗോളം പോലെ തിളങ്ങുന്ന, മുള്‍മുടി ആവരണം ചെയ്ത ഒരു ഗോളം 47 വര്‍ഷത്തോളം അവളുടെ കണ്മുന്നില്‍ ഉണ്ടായിരുന്നു. കഴിഞ്ഞു പോയതും അപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ അതിലൂടെ അവള്‍ കണ്ടു, മനുഷ്യരുടെ ആത്മാവിന്‍റെ അവസ്ഥ അറിഞ്ഞു, കപ്പല്‍ അപകടങ്ങളില്‍ പെടുന്നവരുടെ ഭീതിയില്‍, അങ്ങകലെ ചൈനയില്‍ ജയിലിലുള്ളവരുടെ നരകയാതനയില്‍, മതപീഡനകാലത്ത് മരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രത്യാശയില്‍ ഒക്കെ പങ്കുചേര്‍ന്നു. കര്‍ദ്ദിനാള്‍മാരും രാജകുടുംബത്തിലുള്ളവരുമൊക്കെ അവളുടെ ഉപദേശത്തിനായി കാത്തു നിന്നു. ആരായിരുന്നു അവള്‍? കാണാന്‍ മാലാഖയെ പോലുളള കന്യാസ്ത്രീയോ? അതോ ഏതോ ഒരു ഗുഹയില്‍ മനുഷ്യസമ്പര്‍ക്കമില്ലാതെ കഴിഞ്ഞ സന്യാസിനിയോ? ഇതൊന്നുമല്ല.
ഒരു സാധാരണ ഭാര്യയും എഴു കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്നവള്‍. അതില്‍ 3 കുഞ്ഞുങ്ങള്‍ ചെറുപ്പത്തില്‍ മരിച്ചു. ഇന്ന് ഭാര്യമാരുടെ, അമ്മമാരുടെ മധ്യസ്ഥ, മാത്രമല്ല ഭര്‍ത്താവില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഭാര്യമാരുടെയും, എന്ന് എടുത്തുപറയണം. അവളുടെ പേര് അന്ന മരിയ ടേയിജി (Anna Maria Taigi). ഇറ്റലിയിലെ സിയന്നയില്‍ 1769ല്‍ ജനിച്ചവള്‍. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി, മികച്ച വീട്ടമ്മ ആയി കഴിഞ്ഞ അവളുടെ ജീവിതം വീണ്ടും നമുക്കൊരു ഓര്‍മ്മപ്പെടുത്തലാണ് വിശുദ്ധരാകാന്‍ സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സിലുള്ളവര്‍ക്ക് മാത്രമല്ല കഴിയുക, മനസ്സുള്ള ആര്‍ക്കും ദൈവകൃപയാല്‍ സാധിക്കും എന്നുള്ളത്.
ഇരുപതാം വയസ്സില്‍ വിവാഹിതയായ അവളുടെ, ഭര്‍ത്താവ് ഡോമിനിക്കോക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കോപം ഉണ്ടായിരുന്നു.
ഭാര്യയോട് സ്‌നേഹം ഉണ്ടെങ്കിലും പരുക്കന്‍ സ്വഭാവമാണ് പലപ്പോഴും കാണിച്ചിരുന്നത്. ദേഷ്യം വന്നാല്‍ ഊണുമേശയിലുള്ള സാധനങ്ങള്‍ ചിലപ്പോള്‍ താഴെക്കിടക്കും. ഒരുമിച്ചുണ്ടായിരുന്ന 49 കൊല്ലത്തോളം, അന്ന മരിയ എളിമയുടെ രക്തസാക്ഷിത്വം സ്വീകരിച്ച്, കഴിയുന്നതും പുഞ്ചിരിയോടെ, നിശബ്ദതയോടെ എല്ലാം അഭിമുഖീകരിച്ച് വീട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തി. അവളുടെ പുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ആ സഹനങ്ങള്‍ കാരണമായി. പില്‍ക്കാലത്ത്, തന്നെ കാണാന്‍ വന്നിരിക്കുന്നത് എത്ര വലിയ ആള്‍ ആണെങ്കിലും ഭര്‍ത്താവ് വീട്ടില്‍ വന്നാല്‍, അവരോട് ക്ഷമാപണം ചോദിച്ച് അദ്ദേഹത്തിന്‍റെ അടുത്ത് പോയി വേണ്ടതെല്ലാം ചെയ്തു കൊടുത്ത് തിരിച്ചു വന്നു ആത്മീയസംസാരം തുടരുമായിരുന്നു. വിവാഹം, മാതൃത്വം എന്നിവയിലൂടെയുള്ള ഒരു സാധാരണജീവിതത്തെ അവളുടെ വിശുദ്ധിയാല്‍ അസാധാരണമാക്കി.
ആദ്യകാലത്ത്, പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളണിഞ്ഞ്, വിലകൂടിയ ആഭരണങ്ങളിട്ട്, ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു അവളും. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സന്ദര്‍ശിച്ച ഒരു ദിവസം, ലൗകിക മോഹങ്ങളെ, ആഡംബരങ്ങളെ ഉപേക്ഷിച്ച് ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കാനുള്ള പ്രേരണ അവള്‍ക്കുണ്ടായി. അവള്‍ അറിയാതെ ചെന്നിടിച്ച ഒരു വൈദികനോട് ഈശോ പറഞ്ഞു, അവളെ ഒന്ന് ശ്രദ്ധിച്ചുകൊള്ളുക എന്ന്. ഒരു വിശുദ്ധ ആവാന്‍ അവളെ താന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. പിന്നീട് അവള്‍ അറിയാത്ത, അതേ വൈദികന്‍റെ അടുത്ത് ഒരിക്കല്‍ കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം അവളെ തിരിച്ചറിഞ്ഞു.
ആത്മീയ കാര്യങ്ങളില്‍ പടിപടിയായുള്ള അവളുടെ ഉയര്‍ച്ചയും അവളുടെ പ്രയത്‌നവും വിവരിക്കാന്‍ ഏറെയുണ്ട്. ഒരു ദിവസം എല്ലാവരാലും തഴയപെട്ട്, പരിഹസിക്കപ്പെട്ട്, ആകെ മനസ്സ് തകര്‍ന്ന് കുരിശുരൂപത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഈശോയുടെ സ്വരം അവള്‍ കേട്ടു. ”എന്താണ് നിന്‍റെ ആഗ്രഹം? ദരിദ്രനും എല്ലാം ഉരിഞ്ഞെടുക്കപ്പെട്ട് നഗ്‌നനുമായ യേശുവിനെ പിന്തുടരാന്‍ ആണോ? അതോ അവന്‍റെ വിജയത്തിലും മഹത്വത്തിലും അനുഗമിക്കാന്‍ മാത്രമോ?” അന്ന മരിയ ടേയിജി പറഞ്ഞു, ”ഞാന്‍ എന്‍റെ യേശുവിന്‍റെ കുരിശിനെ ആശ്ലേഷിക്കുന്നു. അവനെപ്പോലെ തന്നെ എന്‍റെ വേദനയിലും അപമാനത്തിലും ഞാനത് വഹിക്കും. അവന്‍റെ കരങ്ങളില്‍ നിന്നുള്ള വിജയവും മഹത്വവും ഞാന്‍ കാത്തിരിക്കുന്നത് പരലോകത്തിലാണ്.”
തന്‍റെ ഒരു സന്ദര്‍ശനത്തിനിടയില്‍ പരിശുദ്ധ അമ്മ അവളോട് പറഞ്ഞു, ”നീ എന്‍റെ മകനായ യേശുവിനെപ്പോലെയായിരിക്കണം. ഈ ജീവിതാവസ്ഥയില്‍ നിന്നെ വിളിക്കാന്‍ പ്രസാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ ഇഷ്ടം എല്ലാറ്റിനുമുപരിയായി നീ നിറവേറ്റുകയും നിന്‍റെ ഇഷ്ടങ്ങള്‍ അവനായി നിരന്തരം വിട്ടുകൊടുക്കുകയും വേണം. വലിയ പ്രായശ്ചിത്തപ്രവൃത്തികളും സ്വയം പീഡിപ്പിക്കലുമൊന്നുമില്ലാതെ തന്നെ അവനവന്‍റെ വികാരങ്ങളോട് ശക്തമായി പോരാടിയും എല്ലാ കാര്യങ്ങളിലും ദൈവത്തിന്‍റെ തിരുവിഷ്ടത്തോട് അനുരൂപപ്പെടുകയും ചെയ്ത് ഏത് അവസ്ഥയിലും ഏത് ജീവിതാന്തസ്സിലും ആയിരുന്നുകൊണ്ട് ദൈവത്തെ സേവിക്കാന്‍ സാധ്യമാണെന്നുള്ള ബോധ്യം ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം. ഓര്‍ക്കുക, ശരീരത്തെ സ്വയം പീഡിപ്പിച്ചുള്ള വലിയ പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പുണ്യം അടങ്ങിയിരിക്കുന്നത് നമ്മുടെ ഇഷ്ടം പരിത്യജിക്കുന്നതിലും ദൈവത്തിന്‍റെ ഇഷ്ടത്തിന് കീഴടങ്ങുന്നതിലുമാണ്.”
രണ്ട് ലോകമഹായുദ്ധങ്ങളും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ പതനവുമടക്കം ധാരാളം പ്രവചനങ്ങളാണ് അന്ന മരിയ ടേയിജി നടത്തിയിട്ടുള്ളത്. എഴുതാനറിയില്ലാത്ത അവള്‍ പറയുന്നത് എഴുതിയെടുത്തു ആയിരക്കണക്കിന് പേജ് വരുന്ന പുസ്തകങ്ങള്‍ ആക്കാന്‍ സഹായിച്ചത് പുരോഹിതരുടെ സെക്രട്ടറിമാരും പിന്നീട് കര്‍ദ്ദിനാള്‍ ആയവരുമൊക്കെയാണ്. സിയന്നായിലെ വിശുദ്ധ കത്രീനയെപ്പോലെ മാര്‍പ്പാപ്പമാര്‍ പോലും അവളെ ബഹുമാനിച്ചു. സുഖവിവരങ്ങള്‍ അന്വേഷിച്ചു. മാര്‍പ്പാപ്പമാരുടെ മരണം അവള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രാര്‍ത്ഥിച്ചു. അടുത്ത മാര്‍പ്പാപ്പയെ പ്രവചിച്ചു. അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന സ്വര്‍ണ്ണഗോളത്തിലൂടെ അവള്‍ ഭൂമിയുടെ അറ്റത്തേക്ക് നിമിഷാര്‍ദ്ധത്തില്‍ എത്തി. ആരുടേയും ഉള്ളിലിരിപ്പ് അറിഞ്ഞു, ഒരു സാധാരണ വീട്ടമ്മ ദൈവശാസ്ത്രപണ്ഡിതയും അധ്യാപികയും പ്രവാചികയുമായി. അവള്‍ തൊടുന്നവര്‍ സുഖപ്പെട്ടു, മരിക്കാന്‍ പോകുന്നവര്‍ക്ക് ഒരുങ്ങാന്‍ മുന്നറിയിപ്പ് കൊടുത്തു. അനേകം ശുദ്ധീകരണാത്മാക്കളെ അവളുടെ പ്രാര്‍ത്ഥനയും സഹനങ്ങളും വഴി മോചിപ്പിച്ചു. എന്നും ദിവ്യബലിക്ക് പോകാറുള്ള അവള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം പാരവശ്യങ്ങളുണ്ടായി (ecstasy). പിശാചുക്കളുടെ ആക്രമണം നിരന്തരം നേരിട്ടു.
അറുപത്തിയെട്ടാം വയസ്സില്‍, 1837 ജൂണ്‍ 9-നായിരുന്നു മരണം. ധാരാളം അത്ഭുതങ്ങളാണ് പിന്നീടും അവളുടെ മാധ്യസ്ഥ്യത്തില്‍ നടന്നത്. 1852ല്‍ അവളുടെ നാമകരണ പ്രക്രിയ തുടങ്ങിവയ്ക്കുമ്പോള്‍ അതിന്‍റെ സാക്ഷികളായുള്ളവരില്‍ കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, അവളുടെ രണ്ടു മക്കള്‍, 92 വയസ്സുള്ള ഭര്‍ത്താവ് തുടങ്ങിയവരും ഉണ്ടായിരുന്നു.
റോമിലെ സാന്‍ ക്രിസോഗോണോ ബസിലിക്കയില്‍ പോകുന്നവര്‍ക്ക് അന്ന മരിയ ടേയിജിയുടെ മുഴുവന്‍ അഴുകിത്തീരാത്ത ശരീരം ഇന്നും കാണാന്‍ സാധിക്കും. അവളെ 1920ല്‍ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയ ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പ തന്നെ കുടുംബങ്ങളിലെ അമ്മമാരുടെ പ്രത്യേക സംരക്ഷകയും വിമണ്‍ കാത്തലിക് യൂണിയന്‍റെ മധ്യസ്ഥയുമായി അവളെ പ്രഖ്യാപനം ചെയ്തു. വിശുദ്ധിയില്‍ മുന്നേറാനുള്ള തടസ്സങ്ങള്‍ക്കും ജീവിതാവസ്ഥയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്കും നമുക്ക് വിശുദ്ധ അന്ന മരിയ ടേയിജിയോട് സഹായം അപേക്ഷിക്കാം. അവളുടെ മാതൃക നമുക്ക് വഴികാട്ടിയാവട്ടെ.
'