• Latest articles
ജനു 25, 2023
Evangelize ജനു 25, 2023

നവീകരണാനുഭവത്തില്‍ വന്ന ഒരു സഹോദരിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ സ്വരം ഇപ്രകാരം പറഞ്ഞു:

“എന്‍റെ മകളേ, 17 വര്‍ഷം മുമ്പ് ഒരു ദിവസം നീ മൂന്നിടങ്ങഴി മാവ് കുഴച്ചുവച്ചില്ലേ? പിറ്റേ ദിവസം രാവിലെ കുഴച്ച മാവ് അപ്പമാക്കുന്നതിനുവേണ്ടി നീ ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ അത് പെട്ടെന്ന് കരിഞ്ഞുപോയി. പല പ്രാവശ്യം നീയിങ്ങനെ ആവര്‍ത്തിച്ചെങ്കിലും അപ്പോഴെല്ലാം കരിഞ്ഞുപോയതുകൊണ്ട് പിറുപിറുപ്പോടെ നീ ബാക്കി പുളിമാവ് എടുത്തുകൊണ്ടുപോയി തെങ്ങിന്‍ചുവട്ടില്‍ മറിച്ചുകളഞ്ഞില്ലേ? അത് നന്മയ്ക്കുവേണ്ടിയായിരുന്നു എന്ന് നീ അറിഞ്ഞില്ല. നീ കുഴച്ചുവച്ച മാവില്‍ ആ രാത്രി എട്ടുകാലിവിഷം വീണിരുന്നു. അത് അപ്പമായി രൂപപ്പെട്ടിരുന്നുവെങ്കില്‍ നീയും നിന്‍റെ കുടുംബാംഗങ്ങളും അത് ഭക്ഷിക്കുകയും അതുവഴി രോഗങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.” ദൈവത്തിന്‍റെ ഈ സ്നേഹത്തെക്കുറിച്ച് കേട്ട നിമിഷംതന്നെ ആ സഹോദരിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ കര്‍ത്താവിന് നന്ദി പറഞ്ഞു.

ഒരുപക്ഷേ ഇവിടെ ഒരു സംശയം ഉയര്‍ന്നുവരാം. ‘എങ്കില്‍പ്പിന്നെ ദൈവത്തിന് ആ പുളിമാവില്‍ എട്ടുകാലിവിഷം വീഴാതെ നോക്കാമായിരുന്നില്ലേ’ എന്ന്. അതിനുത്തരം ദൈവത്തിന്‍റെ പദ്ധതികള്‍ മനുഷ്യബുദ്ധിക്ക് മനസിലാക്കാന്‍ പ്രയാസമാണ് എന്നതാണ്. ഇത്തരത്തിലുള്ള അനേകം സംഭവങ്ങളിലൂടെ “ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8/28) എന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

 

 

'

By: Jose Kappen

More
ജനു 25, 2023
Evangelize ജനു 25, 2023

നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരനുഭവം.

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനുഭവമാണ്. ആദ്യമായി കേരളത്തിനു വെളിയില്‍ ഒരു ശുശ്രൂഷയ്ക്കായി ഞാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. “നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി തയാറാവുക. ഗാനശുശ്രൂഷയും സ്തുതിയാരാധനയും ചെയ്യേണ്ടത് ഷാനവാസാണ്.” ഗ്രൂപ്പ് ലീഡര്‍ അറിയിച്ചു. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അന്നും ഇന്നും സുവിശേഷ യാത്രകള്‍ വലിയ ആനന്ദം നല്‍കുന്നവയാണ്. പുതിയ അഭിഷേകവും ശക്തിയും ലഭിക്കുവാനായി പ്രാര്‍ത്ഥനകള്‍ തുടങ്ങി. പക്ഷേ ഒരു കുറവുണ്ട്, എനിക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. ആകെ ഉള്ളത് ഒരു കറുത്ത പാന്‍റ്സും രണ്ടു ഷര്‍ട്ടുമാണ്. പിന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുവാന്‍ പഴയ ഒരു ജീന്‍സും ടീ ഷര്‍ട്ടുമുണ്ട്. പുതിയ ഡ്രസുകള്‍ വാങ്ങുവാന്‍ കൈയില്‍ പണമില്ല. അന്നത്തെ എന്‍റെ അവസ്ഥയില്‍ ചോദിച്ചാല്‍ ആരും കടം തരികയുമില്ല. അങ്ങനെ വലിയ സന്തോഷത്തിനിടയില്‍ സങ്കടം കയറിവന്നു.

എന്തായാലും ദിവസങ്ങള്‍ ഉണ്ടല്ലോ, ദൈവം എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഉള്ള ഡ്രസുമായി യാത്ര തിരിക്കേണ്ടി വന്നു. അങ്ങനെ മഹാനഗരമായ ഡല്‍ഹിയിലെത്തി. പുതിയ ജനം, പുതിയ കാഴ്ചകള്‍, പുതിയ അഭിഷേകം – അതായിരുന്നു അവിടെ നടന്ന ശുശ്രൂഷകളുടെ ആകെയുള്ള വിലയിരുത്തല്‍. എല്ലായിടവും വലിയ വേദികള്‍തന്നെ. വന്‍ ജനാവലി എല്ലായിടത്തും ഉണ്ടായിരുന്നു. നമ്മുടെ ദൈവത്തിന്‍റെ മഹത്വം ഇറങ്ങിവന്ന ശുശ്രൂഷകള്‍, സ്തുതി ആരാധനകള്‍, രോഗശാന്തികള്‍. എല്ലാം നേരിട്ടു കാണുവാനും അതിന് നേതൃത്വം കൊടുക്കുവാനും നല്ല ദൈവം എനിക്കും കൃപ തന്നു.

ഓരോ സ്ഥലങ്ങളിലും ശുശ്രൂഷകള്‍. ഒരു പാന്‍റ്സ് മൂന്നു ദിവസം ഉപയോഗിച്ച് രാത്രിയില്‍ കഴുകിയിടും. പിറ്റേന്ന് രാവിലെ തേച്ച് വീണ്ടും ഉപയോഗിക്കും. ഷര്‍ട്ടിന്‍റെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ പലപ്പോഴും ജനത്തിന്‍റെ കൂടെ ഇറങ്ങി നൃത്തം ചെയ്ത് പാടേണ്ട സമയങ്ങളുമുണ്ടായി. അങ്ങനെ ഒരു വേദിയില്‍വച്ച് പാന്‍റ്സിന്‍റെ അടിഭാഗം കുറച്ച് കീറാനിടയായി. അന്ന് ഞാന്‍ ശരിക്കും വിഷമിച്ചു. ജനം നല്ല കൃപയില്‍ ആയതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷേ എനിക്കത് ഭയത്തിന് കാരണമായി. താമസസ്ഥലത്ത് വന്ന് കീറിയ ഭാഗം തുന്നി വച്ചെങ്കിലും എന്‍റെ ആകുലത വര്‍ധിച്ചു എന്നു പറയാം. “ദൈവമേ, ഇനിയെങ്ങനെ മുമ്പോട്ടു പോകും, ജനത്തിന്‍റെ ഇടയില്‍വച്ച് പാന്‍റ്സ് കീറിപ്പോകുമോ?” അങ്ങനെ സംഭവിച്ചാല്‍ ആകെ നാണക്കേടാകുമല്ലോ. ഒരു പരിഹാരം കാണുന്നില്ലല്ലോ, ആരോടു പറയും. ധ്യാനങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു. ഒരു വല്ലാത്ത പരീക്ഷണ സമയമായിരുന്നു അത്. എങ്കിലും ഈശോയെ ഞാന്‍ മുറുകെ പിടിച്ചു. പാന്‍റ്സ് കീറാതെ നോക്കണേ എന്നായിരുന്നു ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന. ആ യാചന ഈശോ കേട്ടു.

അതിനിടെയാണ് ഞങ്ങള്‍ ഒരു മാമോദീസയ്ക്ക് ക്ഷണിക്കപ്പെട്ടത്. ഡല്‍ഹിയിലെ പ്രോഗ്രാമുകളിലെല്ലാം വരുന്ന ഒരു സഹോദരന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ മാമോദീസ. ധ്യാനത്തിന്‍റെ ഇടയില്‍ ഒരു സന്ധ്യാസമയത്താണ് ആ മാലാഖക്കുഞ്ഞിന്‍റെ മാമോദീസ നടന്നത്. ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം വലിയൊരു ഹോട്ടലില്‍ അവര്‍ അതിഥികള്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു. പിന്നീട് ഞങ്ങളെ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അത്ഭുതം സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

അവര്‍ ഞങ്ങളെ കൊണ്ടുപോയത് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ വലിയൊരു കടയിലേക്കാണ്. വിശാലമായ ഹാളില്‍ കയറി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, “ഇവിടെനിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ജോഡി ഡ്രസ് എടുക്കാം. അതായത് ഒരു പാന്‍റ്സും ഒരു ഷര്‍ട്ടും. വിലയൊന്നും നോക്കണ്ട, എല്ലാം ഈശോ തരുന്നതാണ്.” എന്‍റെ കാല്‍പാദത്തിന്‍റെ അടിയില്‍നിന്നും ഒരു തരം ഷോക്ക് ശരീരം മുഴുവന്‍ നിറഞ്ഞു. അവിടെനിന്നും വിളിച്ചു പറയാന്‍ തോന്നി, എന്‍റെ ദൈവം നമ്മുടെ ഈശോ ജീവിക്കുന്നുവെന്ന്. എങ്കിലും ആ ആവേശം ഉള്ളിലൊതുക്കി ഞാന്‍ ശാന്തനായി നിന്നു. ടീമില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാവരും അധികം വില വരാത്ത എന്നാല്‍ നല്ല വസ്ത്രങ്ങളാണ് എടുത്തത്. ഞാനും ഇഷ്ടം തോന്നിയ പാന്‍റ്സും ഷര്‍ട്ടും എടുത്തു. അങ്ങനെ ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി.

പിന്നീട് നടന്ന ധ്യാനങ്ങളില്‍ ഞാന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഗാനശുശ്രൂഷയ്ക്കായി കയറിയത്. പുതിയ പാന്‍റ്സും ഷര്‍ട്ടും ധരിച്ച് പാടിയപ്പോള്‍ പുതിയ അഭിഷേകം തരുവാനും ഈശോ മറന്നില്ല.

അന്ന് ‘എന്‍റെ പാന്‍റ്സ് കീറാതെ നോക്കണേ ഈശോയേ’ എന്ന പ്രാര്‍ത്ഥന കേള്‍ക്കുക മാത്രമല്ല അവിടുന്ന് ചെയ്തത് മറിച്ച്, പുതിയ വസ്ത്രങ്ങള്‍ തന്നുകൊണ്ട് എന്നെ അനുഗ്രഹിച്ചു. കൂടാതെ, ഇന്ന് നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള കൃപയും ഈശോ എനിക്ക് തന്നു. അതെല്ലാം ഈശോയുടെ ദാനമാണ്, സമ്മാനമാണ്. അതെ നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തും. ഹൃദയത്തില്‍ നിന്നുള്ള ഒരു വിളി അതുമാത്രം മതി അവിടുത്തേക്ക്. ദൈവരാജ്യത്തിനായി നാം സമര്‍പ്പിക്കുന്നതെല്ലാം ഇരട്ടി അനുഗ്രഹമായി മാറ്റുകതന്നെ ചെയ്യും.

മത്തായി 6/33 നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” ډ

 

 

'

By: Shanavas Francis

More
ഡിസം 08, 2022
Evangelize ഡിസം 08, 2022

കോണ്‍വെന്‍റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ, വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ തീര്‍ത്തു പറഞ്ഞു. അവള്‍ക്ക് വലിയ സങ്കടമായി. എന്നാലും വേണ്ടില്ല, വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാമല്ലോ. അങ്ങനെ ആശ്വസിച്ചെങ്കിലും ഏറെ കുടുംബാംഗങ്ങളും നിരവധി ജോലിക്കാരുമുള്ള ആ വലിയ കുടുംബത്തില്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമൊന്നും സാഹചര്യം ഉണ്ടായിരുന്നില്ല. ഇനി എന്തുചെയ്യും? ഈശോയോടുതന്നെ ചോദിക്കാം. അവള്‍ തന്‍റെ ഉറ്റ കൂട്ടുകാരനായ ഈശോയുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അവിടുന്ന് നല്കിയ പ്രചോദനമനുസരിച്ച്, വീട്ടിലെ നിസാരമെന്നു തോന്നുന്ന ജോലികള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ അവള്‍ ആരംഭിച്ചു; സിയന്നയിലെ വിശുദ്ധ കാതറിന്‍.

കുലീന കുടുംബാംഗമായിരുന്നെങ്കിലും വിറകുവെട്ടുക, വെള്ളം കോരുക, അപ്പം ചുടുക, തീ കത്തിക്കുക മുതലായ ജോലികളില്‍ അവള്‍ വ്യാപൃതയായി. എന്നാല്‍ കാതറിന്‍ ഇവ ചെയ്തത്, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ ആയിരുന്നില്ല, ദൈവസ്നേഹത്താല്‍ ഉജ്ജ്വലിക്കുന്ന ഒരു ഹൃദയത്തോടെയായിരുന്നു അവളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ഈശോയോട് സംസാരിച്ചുകൊണ്ട്, പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടും മാലാഖമാരോടുമൊക്കെ കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പമെന്നപോലെ ‘എന്‍ജോയ്’ ചെയ്താണ് അവള്‍ ഓരോ നിമിഷവും ചെലവഴിച്ചത്. അതുകൊണ്ടുതന്നെ രാത്രിസമയങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് ലഭിച്ചിരുന്ന ദൈവസ്നേഹാനുഭവം പകല്‍ ജോലികളില്‍ ആയിരിക്കുമ്പോഴും കാതറിന് ലഭിച്ചുകൊണ്ടിരുന്നു.

പിതാവിനുള്ള ഭക്ഷണം തയാറാക്കുമ്പോള്‍, മര്‍ത്തായെപ്പോലെ ഈശോയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതുതന്നെയായിട്ടാണ് അവള്‍ നിര്‍വഹിച്ചത്. സ്വന്തം അമ്മയെ പരിശുദ്ധ ദൈവമാതാവായിട്ടും സഹോദരന്മാരെ വിശുദ്ധ അപ്പസ്തോലന്മാരായിട്ടുമാണ് വിശുദ്ധ കാതറിന്‍ ദര്‍ശിച്ചത്. അപ്രകാരം അവള്‍ സ്വര്‍ഗത്തിലെ ശുശ്രൂഷകയായി, സ്വര്‍ഗവാസികളെ ഭൂമിയില്‍വച്ചുതന്നെ ശുശ്രൂഷിക്കുന്ന ആത്മീയ അനുഭവം സ്വന്തമാക്കുകയും ചെയ്തു. ഇപ്രകാരമുള്ള തന്‍റെ എളിയ പ്രവൃത്തികള്‍ ദൈവത്തെ ഏറെ സന്തോഷിപ്പിക്കുന്നു എന്ന് അവള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് അവയെല്ലാം അനിതരസാധാരണമായ ആനന്ദമാണ് നല്കിക്കൊണ്ടിരുന്നത്.

നമ്മുടെ പ്രവൃത്തികള്‍ എത്ര നിസാരങ്ങളായിരുന്നാലും അവ ദൈവത്തെ ശുശ്രൂഷിക്കുന്നതായി നിര്‍വഹിക്കാന്‍ സാധിച്ചാല്‍ അവ ഏറ്റം ശ്രേഷ്ഠവും നമുക്കുതന്നെ ആവേശകരവുമായിരിക്കും. ദൈവത്തെ സേവിക്കുന്നതിനുള്ള അസാധാരണമായ മാര്‍ഗങ്ങള്‍ പൊതുവേ എല്ലാവര്‍ക്കും ലഭിക്കാറില്ല. എന്നാല്‍ സിയന്നായിലെ വിശുദ്ധ കാതറിനെപ്പോലെ അനുദിനജോലികള്‍ക്കിടയില്‍ ദൈവത്തെ സ്നേഹിച്ചും അവിടുത്തോട് സംസാരിച്ചും ദൈവത്തിനുവേണ്ടിയും ചെയ്യുവാനുള്ള അവസരം ഏവര്‍ക്കും സുലഭമാണ്.

അല്പകാര്യങ്ങളില്‍ വിശ്വസ്തന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കുമെന്നാണല്ലോ ഈശോ അരുള്‍ചെയ്തിട്ടുള്ളത്. അതിനാല്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും അഭിമാനകരമോ അല്ലെങ്കില്‍ അപമാനകരമോ ആയ ഏതു പ്രവൃത്തി ചെയ്യുകയാണെങ്കിലും അത് ദൈവനാമത്തില്‍ ദൈവമഹത്വത്തിനായി നിര്‍വഹിച്ചാല്‍ നിശ്ചയമായും ദൈവതിരുസന്നിധിയില്‍ നാം വിലമതിക്കപ്പെടും. മാത്രമല്ല, അത് നമ്മുടെയും മറ്റുളളവരുടെയും ആത്മരക്ഷക്ക് നിദാനമാകുകയും ചെയ്യും. എല്ലാറ്റിനും ഉപരി ഇത് ദൈവഹിതമാണെന്നതാണ് പരമപ്രധാനം. ډ

'

By: Shalom Tidings

More
ഡിസം 08, 2022
Evangelize ഡിസം 08, 2022

മൂറുകള്‍ സ്പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനും അവരെ മര്‍ദകര്‍ നിര്‍ബന്ധിച്ചിരുന്നു. അക്കാലത്താണ് വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പിനഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്, അരഗോണിലെ ജയിംസ് ഒന്നാമന്‍ രാജാവ് എന്നിവര്‍ക്ക് പരിശുദ്ധ ദൈവമാതാവ് ദര്‍ശനം നല്കിയത്. മൂന്ന് പേര്‍ക്കും വ്യത്യസ്തമായാണ് ദര്‍ശനം നല്കിയതെങ്കിലും അവര്‍ക്ക് നല്കപ്പെട്ട സന്ദേശം ഒന്നായിരുന്നു, മൂറുകള്‍ തട്ടിക്കൊണ്ടുപോകുന്ന ക്രൈസ്തവരെ രക്ഷപ്പെടുത്താനായി ഒരു സന്യാസസമൂഹം രൂപപ്പെടുത്തുക.

പ്രാര്‍ത്ഥനയിലൂടെയും മോചനദ്രവ്യം സമ്പാദിച്ചും വേണമെങ്കില്‍ സ്വയം മോചനദ്രവ്യമായി മാറിയും തടവിലാകുന്ന ക്രൈസ്തവരെ രക്ഷിക്കുക എന്നതായിരുന്നു ഈ സന്യാസസമൂഹത്തിലെ അംഗങ്ങളുടെ ദൗത്യം. ഓര്‍ഡര്‍ ഓഫ് മേഴ്സഡേറിയന്‍സ് എന്നായിരുന്നു ഈ സമൂഹത്തിന്‍റെ പേര്. മാതാവിന്‍റെ പ്രത്യേകസംരക്ഷണത്തിന്‍കീഴില്‍ ഈ സന്യാസസമൂഹം അതിവേഗം രൂപപ്പെട്ട് വളര്‍ന്നു. അടിമകളാക്കപ്പെട്ട ക്രൈസ്തവര്‍ക്കായി ജീവന്‍ ബലികഴിക്കുന്ന സന്യസ്തരുടെ എണ്ണം പതിനായിരങ്ങളായി വര്‍ധിക്കുകയും ചെയ്തു.

വിശുദ്ധ പീറ്റര്‍ നൊളാസ്കയ്ക്കു ള്‍പ്പെടെ ലഭിച്ച മരിയന്‍ ദര്‍ശനത്തിലെ മാതാവ് മോചനദ്രവ്യമാതാവ് Our Lady of Ransom എന്ന് അറിയപ്പെടുന്നു. കരുണയുടെ മാതാവ് എന്നും വിളിക്കപ്പെടാറുണ്ട്. അനേകം പേരെ തന്‍റെ മേലങ്കിക്കുകീഴില്‍ സംരക്ഷിക്കുന്നതായിട്ടാണ് മോചനദ്രവ്യമാതാവ് ചിത്രീകരിക്കപ്പെടുന്നത്. കേരളത്തില്‍ വല്ലാര്‍പാടം ബസിലിക്ക മോചനദ്രവ്യമാതാവിന്‍റെ നാമത്തിലുള്ള പ്രശസ്ത ദൈവാലയമാണ്.

എല്ലാ പ്രതിസന്ധികളിലും സഹായമരുളുന്ന മാതാവിന്‍റെ മാധ്യസ്ഥ്യം നമുക്ക് ചോദിക്കാം. ډ

'

By: Shalom Tidings

More
ഡിസം 08, 2022
Evangelize ഡിസം 08, 2022

അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു. 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്‍റെ രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കായി നിശ്ചയിക്കപ്പെട്ട ദിവസം. ആറര മണിയോടെ ഓപ്പറേഷന്‍റെ സമ്മതപത്രം ഒപ്പിടാന്‍ കൊണ്ടുവന്നു. പക്ഷേ എന്‍റെ കൈ തളര്‍ന്നു പോയതിനാല്‍ ഒപ്പിട്ടു കൊടുക്കാന്‍ സാധിക്കുന്നില്ല. അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കൂട്ടുവന്ന അച്ചനാണ് ഒപ്പിട്ടുകൊടുത്തത്. അതുകഴിഞ്ഞ് നഴ്സുമാര്‍ വന്നു. ഓപ്പറേഷനുള്ള ഗൗണ്‍ ധരിപ്പിച്ചു.

എന്നാല്‍ എന്‍റെ മനസ്സിന് ദൈവം ആ സമയത്തൊക്കെ പറഞ്ഞറിയിക്കാനാകാത്ത ആവേശവും ശാന്തിയും നല്‍കി. മുറിയിലുള്ള എല്ലാവരും കൂടി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ആ സമയത്ത്. അപ്പോഴെല്ലാം തമ്പുരാന്‍ എന്നോട് കാണിച്ച കരുതല്‍ വളരെ വലുതായിരുന്നുവെന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു വൈദിക വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളാണ് റെക്ടറും ആധ്യാത്മികപിതാവും. എന്‍റെ ജീവിതത്തിലെ ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ എന്‍റെ പ്രിയപ്പെട്ട റെക്ടറച്ചന്‍റെയും ആധ്യാത്മികപിതാവായ അച്ചന്‍റെയും, ഒപ്പം എന്‍റെ കൂട്ടുകാരായ വൈദിക വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം അനുവദിച്ചുതന്ന ദൈവം എത്രയോ കാരുണ്യവാനാണ്! സങ്കീര്‍ത്തകനോട് ചേര്‍ന്ന് ഞാനും പറയും, കര്‍ത്താവേ നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പകരമായി ഞാന്‍ എന്ത് നല്‍കും? രക്ഷയുടെ കാസ കയ്യിലെടുത്തുപിടിച്ച് ജീവിതകാലം മുഴുവന്‍ ഞാന്‍ എന്‍റെ കര്‍ത്താവിന്‍റെ നാമം വിളിക്കും.

ഞാന്‍ അവരോടു തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ചൊല്ലാന്‍ ആവശ്യപ്പെട്ടു. എല്ലാവരും കൂടി അത് ചൊല്ലി പ്രാര്‍ത്ഥിച്ചു. ഞാന്‍ ശാന്തമായി കിടന്നു കൊണ്ട് അതില്‍ പങ്കുചേര്‍ന്നു. എനിക്ക് എല്ലാ കാലത്തും വലിയ ആശ്വാസം നല്‍കിയ എന്‍റെ ഏറ്റവും പ്രിയപ്പെട്ട സങ്കീര്‍ത്തനമാണത്. ദൈവത്തിന്‍റെ അനന്ത പരിപാലയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, എത്ര തളര്‍ന്നു പോയവനെയും ധൈര്യപ്പെടുത്തുന്ന സങ്കീര്‍ത്തനം. അത് ചൊല്ലിക്കഴിഞ്ഞ് അച്ചന്മാര്‍ ഇരുവരും ചേര്‍ന്ന് എനിക്ക് ആശീര്‍വാദം നല്‍കി. ഒരു വൈദികന്‍ ആശീര്‍വദിക്കുമ്പോള്‍ സ്വര്‍ഗം തുറന്ന് കര്‍ത്താവു തന്നെ കരങ്ങളുയര്‍ത്തി ആശീര്‍വദിക്കുന്നു എന്നത് നിസ്തര്‍ക്കമായ യാഥാര്‍ഥ്യമാണ്.

ഏഴരയോടെ എന്നെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാര്‍ വന്നു. ഞാന്‍ സന്തോഷത്തോടെ എനിക്ക് കൂട്ടുവന്നവരോട് യാത്ര പറഞ്ഞു. തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്ററിന്‍റെ പ്രധാനവാതില്‍ അടച്ചു. ആ സമയത്ത് ഒരു പ്രത്യേക ആത്മീയ അനുഭവത്തില്‍ കൂടി എന്നെ കടത്തിവിടാന്‍ നല്ല ദൈവം അനുവദിക്കുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്ററിന് മുന്‍ഭാഗത്തായി ഒരു ചെറിയ വരാന്തയുണ്ട്. അവിടെ എന്നെ കിടത്തിയിട്ട് എന്നെ കൊണ്ടുവന്ന ജീവനക്കാര്‍ എന്തോ അത്യാവശ്യത്തിനു വേണ്ടി മറ്റൊരു മുറിയിലേക്ക് പോയി. അവിടെ ഞാന്‍ മാത്രം. രാവിലെ ആയതുകൊണ്ട് ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരൊക്കെ വരുന്നതേയുള്ളൂ.

വലിയ ഒരു ഏകാന്തത എന്നെ വലയം ചെയ്തു. ഈ ഓപ്പറേഷന്‍ തിയറ്ററിന്‍റെ വാതിലിന് പുറത്ത് എന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്, പക്ഷേ എന്നെ ഏറ്റവുമധികം സ്നേഹിക്കുന്നയാള്‍ക്കു പോലും, സ്വന്തം അമ്മയ്ക്കുപോലും, എന്‍റെ കൂടെ വരാന്‍ സാധിക്കില്ലാത്ത ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് ഞാനോര്‍ത്തു. തനിയെയാണല്ലോ എന്ന ചിന്ത ഒരു നിമിഷം എന്നെ വലയം ചെയ്തു. പക്ഷേ പെട്ടെന്നുതന്നെ ഒരു വലിയ പ്രകാശം എന്‍റെ ആത്മാവിലേക്ക് കടന്നുവന്നു. ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ല. എന്‍റെ നല്ല ദൈവം എപ്പോഴും എന്‍റെ കൂടെയുണ്ട്. നല്ല ദൈവം മാത്രമേ എപ്പോഴും കൂടെയുണ്ടാകുകയുള്ളൂ. വഴിയില്‍ ഉപേക്ഷിക്കുന്ന ഒരു ദൈവമല്ല എന്‍റെ കരം പിടിക്കുന്നത്. എപ്പോഴും ഉള്ളംകയ്യില്‍ പൊതിഞ്ഞുപിടിക്കുന്ന നല്ല ദൈവം. ആ ദൈവത്തിന്‍റെ അനന്ത പരിപാലയെപ്പറ്റി ഉത്തമ ബോധ്യം കിട്ടിയത് കൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ ആത്മവിശ്വാസത്തോടെ പറഞ്ഞത്, ‘ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം’ (2 തിമോത്തിയോസ് 1/12).

അല്‍പ്പം കഴിഞ്ഞ് എന്നെ ഓപ്പറേഷന്‍ തിയറ്ററിനുള്ളിലേക്ക് കൊണ്ട് പോയി. ഉടന്‍തന്നെ ഓപ്പറേഷന് നേതൃത്വം വഹിക്കാനുള്ള ഡോക്ടറും അനസ്തേഷ്യ നല്‍കാനുള്ള ഡോക്ടറും മറ്റു നഴ്സുമാരും സഹായികളും വന്നു. ഡോക്ടര്‍ എന്നോട് ചോദിച്ചു, ‘തയ്യാറാണോ?’ ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി നല്കി, ‘അതെ.’ ആ സമയത്ത് എന്‍റെ മനസ്സിലേക്ക് പെട്ടെന്ന് വന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു അമ്മായി എന്നോട് പറഞ്ഞ കാര്യമാണ്- “നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ കുരിശുമായി കാല്‍വരിമല കയറുന്ന കാഴ്ചയാണ് മനസ്സില്‍ കടന്നു വന്നത്.” തുടര്‍ന്ന് അമ്മായി പറഞ്ഞു, “കാല്‍വരി കയറാന്‍ നിന്നെയും ഈശോ വിളിക്കുന്നുണ്ട്.”

ഞാന്‍ തയാറാണെന്ന് ഡോക്ടറിനോട് പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ വന്നത് കാല്‍വരികയറ്റം ആരംഭിക്കാന്‍ പോകുന്നു എന്നാണ്. ദൈവമേ കരുണയായിരിക്കണമേ എന്ന പ്രാര്‍ത്ഥന മനസ്സില്‍ ഉരുവിട്ടു. ഉടന്‍തന്നെ അനസ്തേഷ്യ നല്‍കാനുള്ള ഡോക്ടര്‍ എന്‍റെ കരം ഗ്രഹിച്ചിട്ട് പറഞ്ഞു, എങ്കില്‍ നമുക്ക് ഉറങ്ങാം അല്ലേ. ഞാന്‍ പുഞ്ചിരിയോടെ തലയാട്ടി. അപ്പോള്‍ എന്‍റെ കയ്യില്‍ സെഡേഷനുള്ള ഇഞ്ചക്ഷന്‍ കുത്തിവച്ചു. പിന്നെ ഞാന്‍ മയക്കത്തിലേക്ക് വീണു.

വീണ്ടും ഞാന്‍ കണ്ണ് തുറക്കുന്നത് ഡോക്ടര്‍ എന്‍റെ പേര് വിളിക്കുന്നത് കേട്ടാണ്. സമയം രാത്രി ഒന്‍പതു മണിയോട് അടുത്തിരുന്നു. ഏകദേശം പന്ത്രണ്ടര മണിക്കൂറുകളാണ് കഴിഞ്ഞു പോയത്. ഒരു പകലില്‍ കൂടുതല്‍ സമയം നീണ്ടു നിന്ന ആ രണ്ടാം സര്‍ജറിക്കിടയില്‍ എന്‍റെ തലയോട്ടി കീറിമുറിച്ചു, തലച്ചോറിനുള്ളിലുണ്ടായിരുന്ന വലിയ ട്യൂമര്‍ പുറത്തെടുത്തു. ഡോക്ടര്‍ പരമാവധി ശ്രമിച്ചിട്ടാണ് എന്‍റെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ആ സമയങ്ങളിലൊക്കെ ഡോക്ടറിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു കൊണ്ട് പരിശുദ്ധ അമ്മ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്.

ദൈവത്തിന്‍റെ സ്നേഹം എനിക്കായി അത്ഭുതം പ്രവര്‍ത്തിച്ചു. രാവിലെ ഞങ്ങള്‍ ഒരുമിച്ചു ചൊല്ലിയ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം എന്‍റെ ജീവിതത്തില്‍ അന്വര്‍ത്ഥമാവുകയായിരുന്നു. “അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോട് ചേര്‍ന്നു നില്‍ക്കും. ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സ് നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും” (സങ്കീര്‍ത്തനങ്ങള്‍ 91/15-16). ډ

'

By: Father Jobin Edakunnel

More
ഡിസം 08, 2022
Evangelize ഡിസം 08, 2022

അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്‍റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്‍റെ പാതയിലൂടെ നയിച്ച ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്‍റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി.

അബ്രാഹത്തിന്‍റെ ദൈവവിളി

ദൈവം അബ്രാഹമിനോട് അരുളിച്ചെയ്തു “നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും” (ഉല്പത്തി 12:1-3).

ഇത് ഓഫറുകളുടെ കാലമാണല്ലോ. നിറയെ അനുഗ്രഹങ്ങള്‍ നിറഞ്ഞ നല്ലൊരു ‘ഓഫര്‍’ എന്ന് ഈ കാലഘട്ടത്തിന്‍റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അബ്രാഹമിന് ലഭിച്ച ഈ ഉന്നതമായ ദൈവവിളിയെ വിശേഷിപ്പിക്കാനാവും. തീര്‍ച്ചയായും ഈ ദൈവവിളി അങ്ങനെതന്നെ ആണുതാനും. എന്നാല്‍ ഈ ദൈവവിളിയുടെ ആരംഭത്തില്‍ത്തന്നെ വളരെ വേദനാജനകമായ ഒരു അനുസരണം ദൈവം അബ്രാഹമില്‍നിന്നും ആവശ്യപ്പെടുന്നു. “നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കു പോവുക!” ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍, ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും ഉന്നത ഗതാഗത സൗകര്യങ്ങളുടെയും വിരല്‍ത്തുമ്പിന്‍റെ ചലനത്താല്‍ ഞൊടിയിടകൊണ്ട് ഇരിപ്പിടത്തില്‍ കിട്ടുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും നടുവില്‍ കഴിയുന്ന ആധുനിക മനുഷ്യന് അബ്രാഹം നടത്തിയ അനുസരണത്തിന്‍റെ വേദനയുടെ വശം ഒട്ടുമേ മനസിലാവുകയില്ല. ഈ ദേശമല്ലെങ്കില്‍ കൂടുതല്‍ സൗഭാഗ്യകരമായ മറ്റൊരു ദേശം. ഇപ്പോഴുള്ള ബന്ധങ്ങള്‍ വിട്ടാല്‍ കൂടുതല്‍ സന്തോഷകരമായ പുതിയ ബന്ധങ്ങള്‍. ഇതിലെന്ത് ഇത്രമാത്രം വേദനിക്കാനിരിക്കുന്നു!! ഇതാണല്ലോ ഹൃദയബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ തലമുറയുടെ ചിന്താഗതി.

എന്നാല്‍ അബ്രാഹത്തോട് വിട്ടുപേക്ഷിക്കാന്‍ ദൈവം ആവശ്യപ്പെട്ട കാര്യങ്ങള്‍ അന്നത്തെ പുരാതന കാലഘട്ടത്തില്‍ ഒരു മനുഷ്യനെ അവനാക്കിത്തീര്‍ക്കുന്ന സകലതുമായിരുന്നു. പിന്നീട് തിരിച്ചുവരവ് തികച്ചും അസാധ്യം. മാത്രവുമല്ല വാര്‍ധക്യത്തില്‍ താങ്ങായി നില്ക്കാന്‍ ഒരു മകനോ മകളോ അബ്രാഹമിനില്ല. ഈ അവസ്ഥയിലാണ് ദൂരെയേതോ ഒരു ദേശത്തേക്ക് പോകാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നത്. അബ്രാഹമിന് ലഭിച്ച ദൈവവിളിയുടെ തുടക്കംതന്നെ വേദനാജനകമായ അനുസരണം നിറഞ്ഞതായിരുന്നു. എന്നിട്ടും “അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു” (റോമാ 4/3).

അനുഗ്രഹവാഗ്ദാനത്തിലും ഇഴചേര്‍ന്ന വേദന

അബ്രാഹമിന്‍റെ സമര്‍പ്പണത്തിലും അനുസരണത്തിലും സംപ്രീതനായ ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അവിടുന്നു പറഞ്ഞു: “അബ്രാഹം ഭയപ്പെടേണ്ട. ഞാന്‍ നിനക്ക് പരിചയാണ്. നിന്‍റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാഹം ചോദിച്ചു. കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ് ലഭിക്കുക?” കര്‍ത്താവ് അബ്രാഹമിനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു. “ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കുവാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെയായിരിക്കും” (ഉല്പത്തി. 15/5-6). ദൈവം അബ്രാഹമിനോടു തുടര്‍ന്ന് പറഞ്ഞു. “ഈ നാട് (കാനാന്‍ദേശം) നിനക്ക് അവകാശമായിത്തുരവാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊരില്‍നിന്നും കൊണ്ടുവന്ന കര്‍ത്താവാണ് ഞാന്‍” (ഉല്പത്തി 15/7).

സന്താനരഹിതനായ അബ്രാഹമിന് ദൈവം കൊടുത്ത സന്താനവാഗ്ദാനത്തോടൊപ്പം തികച്ചും വേദനാജനകമായ ഒരു മുന്നറിയിപ്പുകൂടി കൊടുത്തു. അത് ഇതായിരുന്നു. “നീ ഇതറിഞ്ഞുകൊള്ളുക. നിന്‍റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍ അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും” (ഉല്പത്തി 15/13-14).

സന്താനമില്ലെങ്കില്‍ ഇല്ല എന്ന ഒറ്റ വേദനയേ ഉള്ളൂ. എന്നാല്‍ ദൈവം വാഗ്ദാനമായി നല്കാന്‍ പോകുന്ന മക്കള്‍ അനുഭവിക്കാന്‍ പോകുന്ന കഠിനയാതനകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏതൊരു മനുഷ്യന്‍റെ ഹൃദയത്തെയാണ് തകര്‍ക്കാതിരിക്കുക. അങ്ങനെ ദൈവം കൊടുത്ത ആ വാഗ്ദാനത്തിനുള്ളിലും ഒരു വേദനയുടെ അനുഭവം ഒളിഞ്ഞുനില്പ്പുണ്ടായിരുന്നു.

കാനാനിലും പ്രതികൂലങ്ങള്‍

കര്‍ത്താവിന്‍റെ വാക്കുകേട്ടു പുറപ്പെട്ട അബ്രാഹം തന്‍റെ ഭാര്യ സാറായോടൊപ്പം കാനാനിലെത്തി. പക്ഷേ അവിടെയും അബ്രാഹമിന് പ്രതികൂലങ്ങളെയാണ് നേരിടേണ്ടി വന്നത്. അബ്രാഹം കാനാനില്‍ചെന്ന് അധികം വൈകാതെ അവിടെ ഒരു കടുത്ത ക്ഷാമം ഉണ്ടായി. ക്ഷാമത്തെ അതിജീവിക്കുവാന്‍വേണ്ടി അബ്രാഹം ഈജിപ്തിലേക്കു താല്‍ക്കാലികമായി മാറി. പക്ഷേ അവിടെയും പ്രതികൂലങ്ങള്‍ ആ ദമ്പതികളെ പിന്‍തുടര്‍ന്നു. അവിടെവച്ച് അബ്രാഹമിന് തന്‍റെ ഭാര്യയെ നഷ്ടപ്പെട്ടു. സാറാ വളരെ അഴകുള്ളവളാണെന്നുകണ്ട് ഈജിപ്തിലെ രാജാവായ ഫറവോ അവളെ സ്വന്തമാക്കി, സ്വന്തം ഭാര്യയാക്കിത്തീര്‍ത്തു. സ്വന്തമെന്നു പറയാന്‍ ആകപ്പാടെ തനിക്കുണ്ടായിരുന്ന തന്‍റെ പ്രിയപ്പെട്ട ഭാര്യയും തനിക്കു നഷ്ടമായിത്തീരുന്ന വേദന അബ്രാഹം അനുഭവിച്ചു. മാത്രമല്ല അവള്‍ വേറൊരുവന്‍റെ ഭാര്യയായിത്തീര്‍ന്നതു കാണേണ്ടിവന്ന ധര്‍മ്മസങ്കടത്തിലൂടെയും അബ്രാഹം കടന്നുപോയി.

ഒടുവില്‍ കര്‍ത്താവിടപെട്ട് സാറായെ മോചിപ്പിച്ച് അബ്രാഹമിന് നല്കുന്നതുവരെ, സ്വന്തം ഭാര്യയുംകൂടെ നഷ്ടമാകുന്ന കഠിനവേദനയിലൂടെയും കടന്നുപോകാന്‍ അബ്രാഹമിന് ദൈവം ഇടവരുത്തി. അനുഗ്രഹപൂര്‍ണമായ അബ്രാഹമിന്‍റെ അനുസരണം വേദന നിറഞ്ഞതുകൂടെ ആയിരുന്നില്ലേ? (ഉല്പത്തി 12/10-20)

കുടുംബത്തില്‍ അസമാധാനം!

കര്‍ത്താവിനെ അനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട അബ്രാഹമിന്‍റെ കുടുംബജീവിതം ഒരു പ്രത്യേക കാലഘട്ടംവരെ പ്രശ്നസങ്കീര്‍ണവും അസമാധാനം നിറഞ്ഞതുമായിരുന്നു. വാഗ്ദാനം ചെയ്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വാഗ്ദാനസന്താനമായ ഇസഹാക്കിനെ അവര്‍ക്കു കിട്ടുന്നത്. ഇതിനിടയ്ക്ക് സുഖകരമല്ലാത്തതു പലതും അവരുടെ കുടുംബജീവിതത്തില്‍ സംഭവിച്ചു. തന്‍റെ ഗര്‍ഭധാരണത്തിനുള്ള നാളുകള്‍ പണ്ടേ കഴിഞ്ഞുപോയി എന്ന് മനസിലാക്കിയ സാറാ ഒരു സന്താനത്തെ ലഭിക്കുവാന്‍വേണ്ടി ഈജിപ്തുകാരിയായ തന്‍റെ ദാസിയെ അബ്രാഹമിന് ഭാര്യയായി നല്കി.

അബ്രാഹം അവളെ പ്രാപിക്കുകയും അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സാറായുടെ ദാസിയായ ഹാഗാറിന്‍റെ സ്വഭാവം മാറി. അവള്‍ തന്‍റെ യജമാനത്തിയായ സാറായെ നിന്ദിക്കാന്‍ തുടങ്ങി. ഇത് ചങ്കില്‍ കത്തി കുത്തിയിറക്കുന്ന അനുഭവങ്ങളിലൂടെ സാറായെ കടത്തിവിട്ടു.

പിന്നീട് സാറാ അബ്രാഹത്തിന്‍റെ അനുവാദത്തോടെ ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ അവള്‍ ആ ഭവനം വിട്ട് ഓടിപ്പോയി. കര്‍ത്താവിന്‍റെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് അവിടുന്ന് ഹാഗാറിനെ സാറായ്ക്ക് കീഴ്പ്പെടുത്തി തിരികെ കൊണ്ടുവന്നുവെങ്കിലും വാഗ്ദാനസന്തതിയായ ഇസഹാക്കിന്‍റെ ജനനത്തോടെ വീണ്ടും കുടുംബകലഹം തുടങ്ങി. ഹാഗാറിനെയും മകനെയും ഇറക്കിവിടാന്‍ സാറാ അബ്രാഹത്തോടാവശ്യപ്പെട്ടു. തന്മൂലം തന്‍റെ മകനായ ഇസ്മായേലിനെയോര്‍ത്ത് അബ്രാഹം വളരെയേറെ അസ്വസ്ഥനായി. അടിമസ്ത്രീയില്‍ പിറന്നവനെങ്കിലും അവനും അബ്രാഹമിന്‍റെ സ്വന്തം മകനല്ലേ. ഒരു വശത്ത് കുടുംബസമാധാനം. മറുവശത്ത് തന്‍റെ മകനെക്കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വേദന.

അവസാനം ദൈവം ഇടപെട്ടു. സാറാ പറഞ്ഞതുപോലെ ചെയ്യാന്‍ അബ്രാഹമിനോടു കല്പിച്ചു. ഇസ്മായേലിനെയും താന്‍ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവനെയും ഒരു വലിയ ജനതയാക്കുമെന്നും ഉറപ്പുകൊടുത്തു. പിന്നെ അബ്രാഹം മേലുകീഴ് ചിന്തിച്ചില്ല. പ്രഭാതമായപ്പോള്‍ കുറച്ച് അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവും എടുത്ത് ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്ത് മകനെ അവളെ ഏല്പിച്ച് അവരെ വീട്ടില്‍നിന്നും പറഞ്ഞയച്ചു. തന്‍റെ രക്തത്തില്‍ പിറന്ന, താന്‍ ലാളിച്ചു വളര്‍ത്തിയ തന്‍റെ മകനെ അകാലത്തില്‍ എന്നന്നേക്കുമായി നഷ്ടമാകുന്ന അബ്രാഹമിന്‍റെ ഹൃദയവേദന ആര്‍ക്കു വിവരിക്കാനാവും? അനുഗ്രഹം നിറഞ്ഞ അബ്രാഹമിന്‍റെ അനുസരണം വേദന നിറഞ്ഞതുകൂടി ആയിരുന്നില്ലേ?

ഇസഹാക്കിനെ ബലിയര്‍പ്പിക്കുന്നതിനുമുമ്പ് അബ്രാഹം ഇസ്മായേലിനുവേണ്ടിയാണ് തന്‍റെ ഹൃദയബലി അര്‍പ്പിച്ചത്. മക്കളെ ജീവനുതുല്യം സ്നേഹിച്ചുവളര്‍ത്തുന്ന ഏതൊരു പിതാവിനും ഇസ്മായേലിനുവേണ്ടിയുള്ള ഈ ഹൃദയബലിയുടെ വേദന മനസിലാകും. അബ്രാഹം തന്‍റെ രണ്ടുമക്കളെയും അനുസരണത്തിന്‍റെ പേരില്‍ ബലിചെയ്ത ഒരു പിതാവാണ്.

ഇസഹാക്കിന്‍റെ ബലി

ദൈവം അബ്രാഹത്തോടു കല്പിച്ചു. “നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിക്കുന്ന മലമുകളില്‍ നീ അവനെ എനിക്കൊരു ദഹനബലിയായി അര്‍പ്പിക്കണം” (ഉല്പത്തി 22:1-3). അബ്രാഹം അതിനു തയാറായി എന്നതിന്‍റെ പിന്നില്‍ അധികമാരും ചിന്തിക്കാത്ത മറ്റൊരു കഠിനവേദനകൂടിയുണ്ട്. ഇസഹാക്കിനെ ബലി ചെയ്യാന്‍ തയാറായതിലൂടെ ഒരു മകനെ മാത്രമല്ല ദൈവം അതുവരെയും തന്നോടു ചെയ്ത എല്ലാ വാഗ്ദാനങ്ങളെയുമാണ് ബലി ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ ആ ബലിയില്‍ രണ്ടു ബലികള്‍ നടന്നിട്ടുണ്ട്. ഒന്ന്, വാഗ്ദാനസന്താനമായ തന്‍റെ പുത്രന്‍. രണ്ട്, ദൈവമതുവരെ തന്ന വാഗ്ദാനങ്ങള്‍. ഇതിനു രണ്ടിനും തയാറായ അബ്രാഹം ഹൃദയബലികളുടെ ഒരു മഹാമനുഷ്യന്‍ തന്നെയായിരുന്നു. ആ അബ്രാഹമിനെ ദൈവം താന്‍ വാഗ്ദാനം ചെയ്തതിലും വളരെയധികമായി അനുഗ്രഹിച്ചു. വിശ്വാസികളുടെ പിതാവാക്കി ഉയര്‍ത്തി. ദൈവം പറഞ്ഞു: നീ നിന്‍റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്‍റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 22/16-18).

അനുസരണത്തിനു പിന്നാലെ അനുഗ്രഹമുണ്ട്. പക്ഷേ ആ അനുഗ്രഹത്തോടുചേര്‍ന്ന് അതിനുമുമ്പ് സഹനമുണ്ട്. പ്രിയപ്പെട്ട സമര്‍പ്പിതരേ, അബ്രാഹമിനെപ്പോലെ ദൈവത്തിന്‍റെ വാക്കുകേട്ട് നാടും വീടും ഉറ്റവരെയും ഉടയവരെയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരല്ലേ നിങ്ങള്‍. അബ്രാഹത്തെ വിളിച്ച് രക്ഷിച്ച് അനുഗ്രഹമാക്കിയ കര്‍ത്താവ് നമ്മോടൊത്തുമുണ്ട്. അനുഗ്രഹപൂര്‍ണമായ ഈ അനുസരണം സഹനപൂരിതംകൂടിയാണെന്ന കാര്യം മറന്നുപോകരുതേ. അതു മറക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പതറിപ്പോകുന്നത്. യേശുവിന്‍റെ ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, അബ്രാഹമിന്‍റെയും പ്രവാചകന്മാരുടെയും വിളിക്കപ്പെട്ട മറ്റനേകരുടെയും ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തിലും അത് സഹനപൂരിതമായിരിക്കും.

പ്രിയപ്പെട്ട കുടുംബസ്ഥരേ, നിങ്ങള്‍ പതറിപ്പോകരുത്. ദൈവം ഒന്നിപ്പിച്ചവരായിരുന്നു അബ്രാഹവും സാറായും. പക്ഷേ അവരുടെ കുടുംബജീവിതം കടന്നുപോയ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുകളും ഈ ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. ദൈവം വിളിച്ചു നിയോഗിച്ചു എന്ന കാരണത്താല്‍ നമ്മുടെ ജീവിതം പ്രതിസന്ധികളില്ലാത്തതും പ്രശ്നരഹിതവുമായിരിക്കുമെന്ന് അന്ധമായി വ്യാമോഹിക്കരുത്. അനുസരണത്തിന്‍റെ വഴിയിലൂടെ മാത്രം ചരിച്ച നസറത്തിലെ തിരുക്കുടുംബം നേരിട്ട സഹനങ്ങളും പ്രതിസന്ധികളും നമുക്കറിയാമല്ലോ. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍, ദൈവം നഷ്ടമായതിന്‍റെ അടയാളമായി കണ്ട് നിങ്ങള്‍ കലങ്ങിപ്പോകരുതേ. അവിടുന്ന് നമ്മോടൊപ്പമുണ്ട്. ധൈര്യമായിരിക്കുക. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രായര്‍ 4:15-16).

'

By: സ്റ്റെല്ല ബെന്നി

More
നവം 24, 2021
Evangelize നവം 24, 2021

പരിശുദ്ധനായ പിതാവേ, എന്നില്‍ ജീവിക്കുകയും എനിക്ക് വേണ്ടി മരിക്കുകയും ചെയ്ത ഈശോയെ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ ഓരോ ഹൃദയമിടിപ്പിലും ഓരോ ശ്വാസത്തിലും യേശുവിന്‍റ തിരുഹൃദയത്തിലെ അനന്തമായ സ്നേഹവും സകല മാലാഖമാരുടെയും വിശുദ്ധരുടെയും ആരാധനാ സ്തുതികളും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഞാന്‍ കാഴ്ചവയ്ക്കുന്നു. പിതാവേ എന്‍റെ കുറവുകളും ബലഹീനതകളും സ്വീകരിച്ച് അവ അങ്ങേ തിരുക്കുമാരന്‍റ തിരുഹൃദയത്തിലെ സ്നേഹജാലയില്‍ ദഹിപ്പിക്കണമേ.

പരിശുദ്ധാത്മാവേ എന്‍റെ അശുദ്ധിയെ യേശുവിന്‍റെ പരിശുദ്ധിയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ ഭക്തിമാന്ദ്യത്തെ യേശുവിന്‍റെ കത്തിജ്വലിക്കുന്ന തീക്ഷ്ണതയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു എന്നെ വിശുദ്ധീകരിച്ച്, യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ പാപങ്ങളെ യേശുവിന്‍റെ പുണ്യങ്ങളോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ അഹങ്കാരത്തെ യേശുവിന്‍റെ എളിമയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച്, യേശുവിനെപ്പോലെ ആക്കി മാറ്റണമേ.

പരിശുദ്ധാത്മാവേ, എന്‍റെ അനുസരണക്കേടിനെ യേശുവിന്‍റെ അനുസരണത്തോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച്, യേശുവിനെ പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ കോപത്തെ യേശുവിന്‍റെ ശാന്തതയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു, എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ.

പരിശുദ്ധാത്മാവേ, എന്‍റെ അക്ഷമയെ യേശുവിന്‍റെ ക്ഷമയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ പരസ്നേഹകുറവിനെ യേശുവിന്‍റെ സ്നേഹത്തോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ ബലഹീനതകളെ യേശുവിന്‍റെ ശക്തിയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്‍റെ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവ യേശുവിന്‍റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി പരിശുദ്ധാത്മാവേ എന്നെ യേശുവിനെ പോലെ ആക്കി മാറ്റണമേ (പത്തു പ്രാവശ്യം)

എന്‍റെ യേശുവേ ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമുള്ള എന്‍റെ എല്ലാ കടങ്ങളും അങ്ങ് തന്നെ വീട്ടണമേ. ദൈവം എന്ന നിലയില്‍ത്തന്നെ അങ്ങ് അത് ചെയ്യണമേ. ഞാന്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിനെക്കാള്‍ അത് മെച്ചമായിരിക്കും. എന്‍റെ എല്ലാ കടങ്ങളും അങ്ങുതന്നെ വീട്ടണമേ. പിതാവേ, യേശുവിന്‍റെ തിരുഹൃദയത്തിലെ മുറിവില്‍ വയ്ക്കപ്പെട്ട എന്‍റെ പാവപ്പെട്ട ഈ ആത്മാവിനെ അങ്ങ് കരുണയോടെ സ്വീകരിക്കണമേ, ആമേന്‍. (വിശുദ്ധ ചെറുപുഷ്പത്തിന്‍റെ അന്തിമ വചസ്സുകള്‍)

'

By: Shalom Tidings

More
നവം 24, 2021
Evangelize നവം 24, 2021

നാട്ടിലെ ഞങ്ങളുടെ ഇടവകദൈവാലയം സി.എം.ഐ വൈദികരുടെ മൈനര്‍ സെമിനാരി കൂടിയാണ്. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ഒരേ താളത്തില്‍ ഒരേ ശബ്ദത്തില്‍ ചൊല്ലുന്ന ആസ്പിരന്‍റ്സിനെ അന്നും ഇന്നും കൗതുകത്തോടെയാണ് നോക്കാറ്. വിശുദ്ധ കൊച്ചുത്രേസ്യ ചിന്തിച്ചതു പോലെ വൈദികര്‍ സ്ഫടികത്തെക്കാള്‍ നിര്‍മ്മലരാണ് എന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ പിന്നീട് വൈദികരിലെ കുറവുകളെക്കുറിച്ച് അറിയാനിടയായപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു.

ഒരിക്കല്‍ അള്‍ത്താരയ്ക്കുമുമ്പില്‍ ക്രൂശിതരൂപത്തിലേക്ക് നോക്കി ഈശോയോട് ഇങ്ങനെ പറഞ്ഞു, “ഈശോയ്ക്ക് തെറ്റുപറ്റിയിരിക്കാന്‍ സാധ്യതയില്ലല്ലോ! എങ്കിലും ഞാനായിരുന്നു ഈശോയുടെ സ്ഥാനത്തെങ്കില്‍ ഇവരില്‍ പലരെയും വൈദികരാക്കില്ലായിരുന്നൂട്ടോ!!!”

പിന്നെ പതിയെപ്പതിയെ മനസിലായി, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനാണ് അവരുടെ കുറവുകള്‍ ഈശോ മനസിലാക്കി തന്നതെന്ന്. പിന്നീട് പല വൈദികരെയും അവര്‍ അറിഞ്ഞും അറിയാതെയും ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി… പ്രാര്‍ത്ഥന എന്താണെന്ന് മനസിലാക്കാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്… എങ്ങനെയാണ് വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈ വചനമാണ് ലഭിച്ചത്- “അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു” (യോഹന്നാന്‍ 17/19). ആ വചനത്തിന്‍റെ ആഴം ഇപ്പോഴും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. എങ്കിലും ഒന്നറിയാം, പ്രാര്‍ത്ഥന ഒരു വിട്ടുകൊടുക്കലാണ്; ഈശോയാല്‍ വിശുദ്ധീകരിക്കപെടാനായി.

എന്നും എന്‍റെ മക്കള്‍ക്കൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുടെയും നെറ്റിയില്‍ മനസ്സുകൊണ്ട് കുരിശ് വരച്ച് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് അവരെ ഓരോരുത്തരെയും സമര്‍പ്പിക്കുമ്പോള്‍ പലപ്പോഴും അറിയാതെ കണ്ണുകള്‍ നിറയും. ഒരു യോഗ്യതയും അവകാശപ്പെടാനില്ലാത്ത എന്‍റെ പ്രാര്‍ത്ഥനകളാല്‍ അവരുടെ കുറവുകളൊന്നും നിറവുകളായിട്ടില്ലെന്നറിയാം. പക്ഷേ അവരുടെ കാല്‍ ഒന്ന് വഴുതാന്‍ തുടങ്ങുമ്പോള്‍ ഈശോ ഹൃദയത്തില്‍ പറയുംപോലെ തോന്നും കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍… ദൂരെയുള്ള മകന് ഒരു സങ്കടം വരുമ്പോള്‍ അവന്‍ പറഞ്ഞില്ലെങ്കിലും അമ്മയുടെ ഹൃദയത്തില്‍ അറിയാമെന്നതു പോലെ, ആര്‍ക്കെന്നും എന്തെന്നും വേര്‍തിരിച്ച് അറിയാനായില്ലെങ്കിലും പലപ്പോഴും ഹൃദയത്തില്‍ അനുഭവപ്പെടും ആ വേദന…

ഒരിക്കല്‍ ഇങ്ങനെ ഏറെ ഭാരപ്പെട്ട്, സങ്കടപ്പെട്ട്, പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയപ്പോള്‍ മുന്നിലിരുന്ന ഒരു പുസ്തകം എടുത്ത് വായിക്കാനാണ് മനസില്‍ തോന്നിയത്. അത് കുരിശിന്‍റെ വഴിയായിരുന്നു. അതിലെ ഓരോ വരികളും ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോ മനസിലാക്കിത്തന്നു, ഒരു വൈദികന്‍റെ ജീവിതം ഈ പതിനാല് സ്ഥലങ്ങളിലൂടെയും കടന്നു പോകുന്നെന്ന്… ഒറ്റപ്പെടലിന്‍റെ, സഹനത്തിന്‍റെ, അപമാനത്തിന്‍റെ, വഴികളിലൂടെ പരിശുദ്ധ അമ്മ കാവലായുള്ള ഒരു കാല്‍വരിയാത്രയാണ് അവരുടെ ജീവിതമെന്ന്…

വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രാര്‍ത്ഥിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ മതി. പരിശുദ്ധാത്മാവ് വഴിനടത്തി കൊള്ളും. ഇതുവരെയുള്ള എന്‍റെ അനുഭവങ്ങളില്‍ നിന്നു പറയട്ടെ: ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സ്വര്‍ഗം ഇറങ്ങിവന്ന് നമ്മോടൊപ്പം നില്‍ക്കുന്നത് അറിയാനാകും… കാരണം സ്വര്‍ഗം ഏറെ വിലമതിക്കുന്നു വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളെ, അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന ആഗ്രഹത്തെപോലും…

'

By: Mangala Francis

More
നവം 24, 2021
Evangelize നവം 24, 2021

അനുതാപം പ്രസംഗിക്കാനാണ് ശിഷ്യന്‍മാര്‍ അയക്കപ്പെട്ടിരിക്കുന്നതായി കാണുന്നത്. “പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്ക് സാക്ഷികളാണ്. ഇതാ എന്‍റെ പിതാവിന്‍റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയക്കുന്നു” (ലൂക്കാ 24/47-49). നമ്മെ ശ്രവിക്കുന്നവരെ അനുതാപത്തിലേക്ക്, അങ്ങനെ മാനസാന്തരത്തിലേക്ക് ആനയിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന പ്രേഷിതവേല. ഏത് മതക്കാരനെയും പാപത്തെക്കുറിച്ചുള്ള അനുതാപത്തിലേക്ക് നയിക്കാന്‍ സാധിക്കും. എല്ലാ മനുഷ്യര്‍ക്കുംതന്നെ, തങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാപികളാണെന്ന ബോധ്യം ഉണ്ട്. മോചനം ലഭിക്കാനും ആഗ്രഹം ഉണ്ട്. പാപമോചനത്തിന് അനുതാപം കൂടിയേ കഴിയൂ. കുമ്പസാരിച്ച് പാപമോചനം സിദ്ധിച്ചവരും നിരന്തരമായി, ആഴമായി മനസ്താപപ്പെട്ടാല്‍ അത് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. നിരാശയോടെയോ കുറ്റബോധത്തോടെയോ ഉള്ളത് അനുതാപമല്ല. പാപമോചനം കിട്ടിയതിലുള്ള നന്ദിയോടെയും അതേ സമയം ഇത്ര നല്ല ദൈവത്തിനെതിരായി പാപം ചെയ്തല്ലോ എന്ന വേദനയോടെയും ദുഃഖിക്കുക. വിശുദ്ധ പത്രോസ് കര്‍ത്താവിനെ ഉപേക്ഷിച്ച് പറഞ്ഞതിനെക്കുറിച്ച് കോഴികൂവുമ്പോഴൊക്കെ കരയുമായിരുന്നു എന്ന് പറയപ്പെടുന്നു. കാരണം കോഴികൂവലായിരുന്നു കര്‍ത്താവ് പത്രോസിന് കൊടുത്ത അടയാളം.

കയ്യാപ്പായുടെ അരമന ഇപ്പോള്‍ ഒരു പള്ളിയായി ഉപയോഗിക്കുന്നു. അതിന്‍റെ പേര് ഇപ്പോള്‍ വിശുദ്ധ പത്രോസിന്‍റെ കോഴികൂവലിന്‍റെ പള്ളി എന്നാണ്. ആരും കാണാത്ത ആ സംഭവം പത്രോസ്തന്നെ പരസ്യപ്പെടുത്തി. നാല് സുവിശേഷകന്‍മാരും ആ സംഭവം രേഖപ്പെടുത്തി. അതിനാല്‍ നമ്മളും പാപങ്ങളെക്കുറിച്ച്, കുമ്പസാരിച്ചവയെക്കുറിച്ചുപോലും, എന്നും അനുതപിക്കണം. വീണ്ടും വീണ്ടും കുമ്പസാരിക്കേണ്ടതില്ല. ഒരിക്കല്‍ ഏറ്റുപറഞ്ഞാല്‍മതി. ഉള്ളില്‍ അനുതാപം ഉണ്ടായിരിക്കുക. അപ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ കിട്ടും. അനുതപിക്കാന്‍ മറ്റുള്ളവരെയും പ്രേരിപ്പിക്കണം. അങ്ങനെ അനുതപിക്കുമ്പോള്‍ പിതാവിന്‍റെ ദാനമായ പരിശുദ്ധാത്മാവിന്‍റെ നിറവ് നമുക്ക് കൂടുതലായി ലഭിക്കും.

യോഹന്നാന്‍ 12/40- “അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്ക് തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.”

അനുതപിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ നിറവ് നമുക്ക് കൂടുതലായി ലഭിക്കുമെന്നാണ് ഞാന്‍ പറഞ്ഞുവച്ചത്. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന് ശരിയായി തുറന്നുകൊടുക്കാത്ത പലരും കാണുമെന്ന് എനിക്ക് തോന്നുകയാണ്. അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രമാത്രം കണ്ടിട്ടും കണ്ണുകൊണ്ട് കാണാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും കര്‍ത്താവിങ്കലേക്ക് തിരിയാതെയും ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഇപ്പോഴെങ്കിലും പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കട്ടെ.

ലൂക്കാ 22/39-40- അവന്‍ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്ക് പോയി. ശിഷ്യന്‍മാരും അവനെ പിന്തുടര്‍ന്നു. അവിടെ എത്തിയപ്പോള്‍ അവന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.

അവസാനമായി പ്രാര്‍ത്ഥനയിലാണ് നാം ശരണം വയ്ക്കേണ്ടത്. പ്രാര്‍ത്ഥന കുറയുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും. പ്രാര്‍ത്ഥന ഉള്ളപ്പോഴും പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ വേഗം തീരും. മനസിനെ ഭാരപ്പെടുത്തുകയില്ല. പ്രാര്‍ത്ഥിക്കാതിരുന്നാല്‍ പ്രശ്നങ്ങള്‍ നമ്മുടെ ഹൃദയസമാധാനത്തെ നശിപ്പിക്കും. പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥന വേണം. അരൂപിയില്‍ വളരാനും പ്രാര്‍ത്ഥന അത്യാവശ്യമാണ്. അവിടുത്തോടുകൂടി ആയിരിക്കാന്‍വേണ്ടിയാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തത്. ബാഹ്യപ്രവര്‍ത്തനങ്ങളുടെ ബാഹുല്യം അവിടുത്തോടുകൂടി ആയിരിക്കാന്‍ പലപ്പോഴും നമ്മെ അനുവദിക്കുന്നില്ല. ദൈവരാജ്യവും അതിന്‍റെ നീതിയും ആദ്യമേ അന്വേഷിച്ചാല്‍ ബാക്കിയുള്ളതെല്ലാം നമുക്ക് കൂട്ടിച്ചേര്‍ത്തുതരുമെന്നുള്ള കാര്യം നമ്മള്‍ മറക്കരുത്. നിങ്ങളെല്ലാവരും സുഖമായിരിക്കുക; സന്തോഷമായിരിക്കുക, ഈശോയുടെ സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.

'

By: Msgr. C.J. Varkey

More
നവം 24, 2021
Evangelize നവം 24, 2021

സ്കൂളില്‍ പഠിക്കുന്ന സമയത്ത് സുജില എന്ന ആ പെണ്‍കുട്ടിയുടെ വിളിപ്പേരായിരുന്നു നീലമാലാഖ എന്നത്. നൃത്തത്തിലും അഭിനയത്തിലും അവള്‍ പുലര്‍ത്തിയിരുന്ന മികവായിരുന്നു ആ പേരിനുപിന്നില്‍. ബംഗ്ലാദേശിലെ ഗാരോ സമൂഹത്തില്‍ 1956 ജനുവരി 6-ന് ജനിച്ച അവള്‍ നാലാം തരംമുതല്‍ എട്ടാം തരംവരെ റാണിഖോംഗില്‍ ഒരു കത്തോലിക്കാ ദൈവാലയത്തിന്‍റെ കീഴിലുള്ള സ്കൂളിലാണ് പഠിച്ചത്. അക്രൈസ്തവയായിരുന്ന സുജിലയെ ക്രൈസ്തവവിശ്വാസം വളരെയധികം ആകര്‍ഷിച്ചു. കത്തോലിക്കാസഭാംഗമാകാന്‍ അവള്‍ പിതാവിന്‍റെ സമ്മതം തേടി. ആദ്യം അതില്‍ താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട് പിതാവ് തന്‍റെ പ്രിയമകളെ അവളുടെ ഇഷ്ടമനുസരിച്ച് മാമ്മോദീസ സ്വീകരിക്കാന്‍ അനുവദിക്കുകയാണുണ്ടായത്. അങ്ങനെ 12-ാം വയസില്‍ അവള്‍ കത്തോലിക്കയായി. പിന്നീട് 1980-ല്‍ അവള്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തില്‍ സന്യാസിനിയായി. സുജില സുസാനാ അസാക്രാ എന്ന പേര് സിസ്റ്റര്‍ സുയേവ എന്ന് മാറി.
നീലക്കരയുള്ള വെള്ളസാരിയുടുത്ത സന്യാസിനിയായപ്പോള്‍ നീലമാലാഖ എന്ന പേര് കൂടുതല്‍ അര്‍ത്ഥവത്താകുകയായിരുന്നു. പിന്നീട് സിസ്റ്റര്‍ സുയേവ വെസ്റ്റ്
ആഫ്രിക്കയിലേക്ക് പോയി. അവിടെ സിയെറാ ലിയോണില്‍ സഹസന്യാസിനികള്‍ക്കൊപ്പം വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു കേന്ദ്രത്തിലായിരുന്നു സേവനം ചെയ്തത്. അവിടത്തെ ആഭ്യന്തരയുദ്ധത്തിന്‍റെ സമയത്ത് റിബലുകള്‍ അവരോട് പ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞു. എന്നാല്‍ പാവപ്പെട്ടവരിലും അവഗണിക്കപ്പെട്ടവരിലും യേശുവിനെ ശുശ്രൂഷിച്ചിരുന്ന സന്യാസിനികള്‍ അവരുടെ ആവശ്യത്തിനുമുന്നില്‍ അചഞ്ചലരായി നിന്നു. യുദ്ധത്തിന്‍റെ ഇരകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഇതിന്‍റെ പേരില്‍ സന്യാസിനികളെ പിടിച്ചുകൊണ്ടുപോയി. 1999 ജനുവരി 22-ന് സിസ്റ്റര്‍ സുയേവയുള്‍പ്പെടെ രണ്ട് പേരെ അവര്‍ വെടിവച്ച് കൊന്നു. അങ്ങനെ അവള്‍ യേശുവിന്‍റെ ഒരു നീലമാലാഖയായി.

'

By: Shalom Tidings

More
നവം 24, 2021
Evangelize നവം 24, 2021

ലഹരിക്ക് അടിമയായതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പുരോഹിതനുണ്ടായിരുന്നു വെനീസില്‍. ഒരു ശിക്ഷയും അദ്ദേഹത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. അങ്ങനെയിരിക്കേ ഒരു സന്ധ്യയില്‍ ബാറിലിരുന്ന സമയത്ത് ആരോ വന്ന് തട്ടിവിളിച്ചു. “പുതിയ മെത്രാന്‍ നിങ്ങളെ കാത്ത് പുറത്ത് നില്‍പുണ്ട്!” വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം അടുത്ത കുപ്പിയില്‍നിന്നും ഗ്ലാസിലേക്ക് പകരാന്‍ തുടങ്ങി.

അപ്പോഴാണ് തോളില്‍ ആരുടെയോ കൈയമരുന്നത് അറിഞ്ഞത്. വാസ്തവമായും മെത്രാന്‍തന്നെ. കര്‍ദിനാള്‍ റോണ്‍കാളി. പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസേരയില്‍ അയാളെ ഇരുത്തിയിട്ട് മെത്രാന്‍ മുട്ടുകുത്തി, കുമ്പസാരിക്കാന്‍. എന്‍റെ പിഴയെന്ന് ചൊല്ലിക്കൊണ്ട് ആശീര്‍വാദത്തിനായി കാത്തുനില്‍ക്കുന്ന ഈ വന്ദ്യദേഹത്തിന്‍റെ മീതെ ചെറുപ്പക്കാരന്‍ വൈദികന്‍റെ കണ്ണീര്‍ വീഴാന്‍ തുടങ്ങി. ആശീര്‍വാദം സ്വീകരിച്ച് എഴുന്നേറ്റപ്പോള്‍ അയാളെ ചേര്‍ത്തുപിടിച്ച് മെത്രാനച്ചന്‍ പറഞ്ഞു, “ഇതിനാണ് മകനേ, ദൈവം നിന്നെ തെരഞ്ഞെടുത്തത്.” ഈ മെത്രാനച്ചനാണ് പിന്നീട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിത്തീര്‍ന്നത്. അന്ന് ആ വൈദികന്‍ തന്നെത്തന്നെ കണ്ടെത്താന്‍ തുടങ്ങി. പട്ടത്തിന്‍റെ തൈലംകൊണ്ട് ഒരാളെ പുരോഹിതനാക്കാന്‍ കഴിയും, പക്ഷേ യഥാര്‍ത്ഥ പൗരോഹിത്യത്തിലേക്ക് വളരാന്‍ അയാള്‍ എത്രയോ അധ്വാനിക്കണം.

അഭിഷേകം ഒന്നിന്‍റെയും അവസാനമല്ല, ആരംഭമാണ്. കൃപാവരങ്ങള്‍ വന്നുചേരുന്നവയാണ്, എന്നാല്‍ കൃപയുടെ ഉറവിടത്തെ കണ്ടെത്താന്‍ നിരന്തരം യാത്ര ചെയ്യണം. ആത്മീയയാത്രയില്‍ വന്നുചേരുന്ന ചിലതില്‍ മതിമറന്നുപോയാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിളിയും നിയോഗവും നഷ്ടമായേക്കാം.

ഇതറിയാന്‍ സാവൂളിന്‍റെ ജീവിതം ധ്യാനിക്കുക. ബെഞ്ചമിന്‍ ഗോത്രത്തിലെ കിഷിന്‍റെ മകനാണ് അവന്‍. നഷ്ടമായ കഴുതകളെ തേടിപ്പിടിക്കാന്‍ പറഞ്ഞുവിട്ടതാണ് അവനെ. കൂട്ടത്തില്‍ രണ്ട് വേലക്കാരെയും അപ്പന്‍ അയച്ചു. അന്വേഷണം ഏതാണ്ട് വഴിമുട്ടി. അപ്പോഴാണ് ആ നാട്ടിലെ ഒരു ദീര്‍ഘദര്‍ശിയെ കണ്ടാല്‍ കാര്യം നടക്കുമെന്നറിഞ്ഞത്. അത് സാമുവലായിരുന്നു. വഴിയില്‍വച്ചുതന്നെ ദൈവപുരുഷനെ കണ്ടുമുട്ടി. കാര്യം അവതരിപ്പിക്കുംമുമ്പുതന്നെ നഷ്ടമായ കഴുതകളെ ഓര്‍ത്ത് ദുഃഖിക്കേണ്ടെന്നും തനിക്കൊപ്പം വരികയെന്നുമായിരുന്നു സാമുവല്‍ പറഞ്ഞത്.

പിന്നെ നടന്നത് സാവൂളിന് ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളായിരുന്നു. കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ഭരണാധികാരിയായി നിന്നെ നിയോഗിച്ചിരിക്കുന്നു എന്നുപറഞ്ഞ് അഭിഷേകം ചെയ്യാനൊരുങ്ങുകയാണ് സാവൂളിനെ. അവന്‍ അന്വേഷിച്ചിറങ്ങിയത് കഴുതയെയായിരുന്നു. അവനെ തേടിയെത്തിയത് രാജകിരീടവും അഭിഷേകതൈലവും.

അപ്പുറത്ത് സാമുവലും ഒരന്വേഷണത്തിലായിരുന്നു. ദൈവനിവേശിതമായൊരു അന്വേഷണം. ദൈവജനത്തെ നയിക്കാന്‍ ഒരു രാജാവിനെ വേണം. സത്യത്തില്‍, രാജാവുമൂലം നിങ്ങള്‍ ഏറെ വിലപിക്കും (1 സാമുവല്‍ 8/18) എന്ന് ദൈവം മുന്നറിയിപ്പ് നല്കിയിട്ടും, ജനം രാജാവിനായി മുറവിളി കൂട്ടി. “ഞങ്ങള്‍ക്കും മറ്റുള്ള ജനതകള്‍പോലെ ആകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം” (1 സാമുവല്‍ 8/20) സാമുവലിന്‍റെ നിയോഗം രാജാവിനെ കണ്ടെത്തി അഭിഷേകം ചെയ്യുക എന്നതായിരുന്നു. ഇസ്രായേലില്‍ സാവൂളിനെക്കാള്‍ കോമളനായി ആരുമില്ലെന്നാണ് പറയുക.

എന്നിട്ടും സാവൂള്‍ പതറി. ദൈവസ്വരം കേള്‍ക്കുന്നതില്‍ പാടേ പരാജയപ്പെട്ടു. രാജകീയസ്ഥാനവും നഷ്ടമായി. ശരിയാണ്, കഴുതയെ തേടിയിറങ്ങിയവന്‍ രാജാവായി. പക്ഷേ അതില്‍ അവന്‍റെ അന്വേഷണവും ആത്മീയയാത്രയും ഒടുക്കിയതുകൊണ്ട് അവന്‍റെ ജീവിതം തകര്‍ന്നുപോയി. അയാളിലെത്തിയ അഭിഷേകം സകലതുമെന്ന് തെറ്റിദ്ധരിച്ചു. അഭിഷേകത്തിനൊത്തവിധം ഉയരാനോ ദൈവത്തെ തേടാനോ അവനായില്ല. തന്നെത്തന്നെ കണ്ടെത്താന്‍ സാമുവലിന്‍റെ അഭിഷേകതൈലത്തിനാവില്ല എന്ന് അവന്‍ അറിയാതെ പോയത് എന്തുകൊണ്ടാണ്? “നാം ദൈവത്തിന്‍റെ കൈകളിലാണ്; ദൈവം നമ്മുടെ കൈകളിലല്ല;” ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പറയുന്നു. അതുകൊണ്ട് ആന്തരികതീര്‍ത്ഥാടനം നാം എന്നും നടത്തിക്കൊണ്ടേയിരിക്കണം.

അഭിഷേകത്തിലുയര്‍ന്ന് ചലിച്ചവര്‍ എന്തുകൊണ്ട് തകര്‍ന്ന് വീണുപോയി എന്ന് നാം ചോദിക്കാറില്ലേ? കൃപാവരങ്ങളുടെ സാന്നിധ്യം വെളിവായവന്‍ ഇത്രമേല്‍ അധഃപതിച്ചതെന്തേ? ജനത്തെ ധീരമായി നയിച്ചുകൊണ്ടിരുന്നവന്‍ ഭ്രഷ്ടനാക്കപ്പെട്ടതെന്തേ?

ജീവിതയാത്രയില്‍ നമ്മില്‍ പലതും വന്നുചേരും. പദവിയും അംഗീകാരവും കൃപകളും ഒക്കെ. ദൈവവഴിയിലെ യാത്രയില്‍ വച്ചുനീട്ടപ്പെടുന്ന ഇവയൊന്നും യാത്രയുടെ ഒടുക്കമല്ല, അന്വേഷണത്തിന്‍റെ മറുപടിയുമല്ല. നല്‍കപ്പെടുന്ന ദാനങ്ങളില്‍ അധികമായി അഭിരമിക്കാതെ അവയെ വകഞ്ഞുമാറ്റിനിര്‍ത്തി ദൈവത്തെ തേടുക, ആ നിതാന്തസൗന്ദര്യത്തെ. സന്യാസം ലക്ഷ്യമാക്കിയെത്തുന്ന അര്‍ത്ഥികളോട് വിശുദ്ധ ബനഡിക്റ്റ് പറയും, “നീ ദൈവത്തെമാത്രമാണ് അന്വേഷിക്കുന്നതെങ്കില്‍ പ്രവേശിക്കുക.” സന്യാസവും പൗരോഹിത്യവും ആത്മീയയാത്രയുടെ അവസാനമല്ല. അതുപോലെതന്നെ, വിവാഹവും ഏകസ്ഥജീവിതവും ആത്മീയപ്രയാണത്തിലെ ചില ദാനങ്ങളാണ്. ദാനങ്ങളില്‍ കുരുങ്ങി, ഏറ്റവും പ്രധാനപ്പെട്ടവ തള്ളിമാറ്റുമ്പോള്‍ നാമും സാവൂളാകും.

കഥയുടെ ഒടുക്കം നാമിങ്ങനെ ചിന്തിച്ചേക്കും, കിഷിന്‍റെ മകന്‍ രാജാവായി. പക്ഷേ അവന് അവനാകാന്‍ കഴിഞ്ഞില്ല. ദൈവപൈതലായി വളര്‍ന്നില്ല. അഭിഷേകം കിട്ടി. പക്ഷേ, ലക്ഷ്യത്തില്‍ എത്തിച്ചേരാനായില്ല. ക്രിസ്ത്യാനിയായി എണ്ണപ്പെടാന്‍ മാമ്മോദീസ മതിയാകും. പക്ഷേ ആത്മസ്ഥിതി പുസ്തകത്തിലെ പേര് ജീവന്‍റെ പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മാമ്മോദീസ കഴിഞ്ഞുള്ള ജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. നിതാന്തമായ പരിശ്രമവും അധ്വാനവും കൂടിയേ തീരൂ. പരിപൂര്‍ണതയ്ക്കായുള്ള പ്രയാണത്തിലാണ് നാം. അതിനിടെ അഭിഷേകതൈലവുമായി ദൈവപുരുഷര്‍ വന്ന് നമ്മെ പൂശിയേക്കാം. യാത്രയെ ത്വരിതപ്പെടുത്താന്‍ നല്കപ്പെടുന്ന ചില സമ്മാനപ്പൊതികളാണവ. അവയില്‍ ചടഞ്ഞിരുന്നാല്‍ നമ്മുടെ ഗതിമാറും.

ഓ ദൈവമേ, നിന്നെമാത്രം തേടാന്‍, എന്നെ അനുവദിക്കണമേ. ജീവിതവഴികളില്‍ വന്നുചേരുന്ന കൃപാദാനങ്ങളില്‍ മനസുടക്കാന്‍ നീയൊരിക്കലും അനുവദിക്കരുതേ. നിന്നില്‍ ഒന്നാകുവോളം എന്‍റെ പ്രാണന്‍ നിനക്കായിമാത്രം ദാഹിക്കട്ടെ. ആമ്മേന്‍.

'

By: Father Roy Palatty CMI

More