- Latest articles

തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക.
കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്‍കുവാന്‍ എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്‍റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്‍റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല.
ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്‍റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്‍റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന്‍ ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു.
ധ്യാനം അവസാനിക്കുന്നതിന്‍റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്‍റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്‍റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു.
പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്‍റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം… അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി.
മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു.
ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. “ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
'
ഫരിസേയന്‍ എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്…
ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്‍റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര്‍ തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്….
അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്.
പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു.
കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം…
എന്നിട്ടെന്താവാന്‍… മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്‍റെ കൂടെ നില്‍ക്കുന്ന കഥാപാത്രം ചെയ്തു.
റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്‍റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് ‘ഷൈന്‍’ ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ.
ഫരിസേയന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്…
ഫരിസേയന്‍ ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി ‘നന്മമരം’ ആവരുത്.
“നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു” (മത്തായി 5/20).
നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
'
സഹനങ്ങളെ വ്യത്യസ്തമായി നേരിടാന്‍ ഈശോ പറഞ്ഞുകൊടുത്ത രഹസ്യങ്ങള്‍
വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്‍വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ എനിക്ക് ഒരു അനുഭവം ഉണ്ടായി.
എന്നെ ആരോ ഒരു കുന്നിന്‍ചെരുവില്‍ കൊണ്ടുപോയി നിര്‍ത്തി. ഒരു മിന്നല്‍പോലെയാണ് അവിടെയെത്തിച്ചത്. മുന്നില്‍ ഒരു വഴിയുണ്ട്. ആ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്‍റെകൂടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു, പക്ഷേ ആളെ കാണാനാകുന്നില്ല. കുന്നിന്‍ചെരുവിലേക്ക് നോക്കിയപ്പോള്‍ കുറെയധികം കുരിശുകള്‍ നാട്ടിയിരിക്കുന്നു. അവയിലെല്ലാം ഓരോ വ്യക്തികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഒരു കുരിശ് ചൂണ്ടിക്കാണിച്ച് ഉറച്ച ഒരു സ്വരം ഇങ്ങനെ പറഞ്ഞു, “അത് നീയാണ്!” ഞാന്‍ നോക്കി, അവിടെ മുഴുവന്‍ കുരിശില്‍ തൂങ്ങപ്പെട്ടവരാണ്. ഏറ്റവും മുന്നില്‍ ഒരു വലിയ കുരിശുണ്ട്. അതിന്‍റെ വശങ്ങളിലും പിറകിലുമായാണ് ക്രൂശിതര്‍ കിടക്കുന്നത്. അനക്കമൊന്നുമില്ല.
പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ആ സ്വരം അത്ര ഗാംഭീര്യമുള്ളതായിരുന്നു.
പിറ്റേന്ന് കുട്ടികളെല്ലാം സ്കൂളില്‍ പോയപ്പോള്‍ ഈ സംഭവം വീണ്ടും മനസില്‍ പൊങ്ങിവന്നു. വീട്ടില്‍ മറ്റാരുമില്ല. മൂന്നരവരെ സര്‍വത്ര നിശബ്ദതയാണ്. പലപ്പോഴും ഈശോയോട് സംസാരിക്കുന്നത് വീട്ടുപണികള്‍ക്കിടയിലുള്ള ആ സമയത്താണ്. ഈശോയ്ക്കും അതാണ് ഇഷ്ടമെന്ന് തോന്നാറുണ്ട്.
ഈ സംഭവം മനസില്‍ വന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു, “സമാധാനമായി, എന്തായാലും കുരിശിലാണല്ലോ കിടക്കുന്നത്. പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ആരും കൊലപാതകിയോ മോഷ്ടാവോ ആയിട്ടല്ല നന്മ ചെയ്തിട്ടാണ് ദുരിതമനുഭവിക്കുന്നതെങ്കില്‍ അത് ദൈവാനുഗ്രഹത്തിന് കാരണമാകും എന്നല്ലേ.” അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഈശോയോടൊപ്പമാണല്ലോ ക്രൂശിക്കപ്പെട്ടിരിക്കുന്നത്.
ആ സന്തോഷവും സമാധാനവും അധികനേരം നീണ്ടുനിന്നില്ല. ഈശോ എന്നോട് ചോദിച്ചു,
“നീ ഏത് വശത്താണ് കിടക്കുന്നത്? ഇപ്പോള്‍ നിന്‍റെ കുരിശിലെ കിടപ്പ് എങ്ങനെയാണ്?”
അതുകേട്ട് ഞാനൊന്ന് ആലോചിച്ചുനോക്കി, “ഇപ്പോഴത്തെ എന്‍റെ കിടപ്പ് അതിഭീകരമാണ്. ശപിച്ചും ശകാരിച്ചും നിന്ദിച്ചും കുറ്റപ്പെടുത്തിയുമാണ് ഞാന്‍ കിടക്കുന്നത്. കഴുകനോ മലങ്കാക്കകള്‍ക്കോപോലും എന്‍റെയടുത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അവപോലും പേടിച്ചോടും. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഈ കിടപ്പ് അധികനേരം കിടന്നാല്‍ പടയാളികള്‍ വന്ന് എന്‍റെ കണങ്കാല്‍ തകര്‍ത്തുകളയും, പെട്ടെന്ന് മരിച്ച് എന്‍റെ ശല്യമൊഴിയാന്‍. അതിനുമുമ്പ് വശം മാറണം.
അതുകൊണ്ട് ഞാന്‍ ചോദിച്ചു, “ഈശോയേ, ഞാനെന്ത് ചെയ്യണം?”
ഈശോ പറഞ്ഞു, “നീ സഹനങ്ങളെല്ലാം എന്‍റെ കൈയില്‍നിന്ന് സ്വീകരിക്കണം. എല്ലാ സഹനങ്ങളും ഞാന്‍ നിനക്ക് തന്നതല്ല. വചനം അറിയാത്തതുമൂലം നീ എടുത്ത തെറ്റായ തീരുമാനങ്ങളും തിന്മയുടെസ്വാധീനത്താല്‍ ചെയ്ത പാപങ്ങളുമൊക്കെയുണ്ട് നിന്‍റെ ഈ കിടപ്പിനുപിന്നില്‍. നിന്നെത്തന്നെ വിശുദ്ധീകരിക്കാന്‍ തയാറാവുക. എന്‍റെ വീഴ്ചക്ക് കാരണം കര്‍ത്താവാണെന്നോ മറ്റാരെങ്കിലും ആണെന്നോ നീ പറയരുത്. നിന്‍റെ മുമ്പില്‍ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തുകൊള്ളുക.
യോഹന്നാന്‍റെ സുവിശേഷത്തില്‍ എന്‍റെ പ്രാര്‍ത്ഥന നീ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിച്ചു. നിന്‍റെ ജീവിതപങ്കാളിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, നീ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നിന്‍റെ സഹനങ്ങള്‍ എന്‍റെ കുരിശിലെ ബലിയോട് ചേര്‍ത്തുവച്ച് നിന്നെ ഏല്‍പ്പിച്ചവര്‍ക്ക് ജീവന്‍ പകരുക. അപ്പോള്‍ നീ തലമുറകളുടെ കേടുപോക്കുന്നവള്‍(ഏശയ്യാ 58/12) എന്ന് വിളിക്കപ്പെടും. അല്ലാതെ നീ സഹനത്തിന്‍റെ കാരണക്കാരെ ശപിക്കരുത്. നീ ഇപ്പോള്‍ കിടക്കുന്നത് എന്‍റെ ഇടതുവശത്താണ്, അവിടെനിന്നും മാറി എന്‍റെ വലതുവശത്തേക്ക് വരുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിന്‍റെ ഞെരുക്കങ്ങള്‍ ഞാനറിയുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. അല്പകാലത്തെ സഹനത്തിനുശേഷം ഞാന്‍ നിന്നെ സ്ഥിരീകരിക്കും.”
ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവിടുന്ന് എനിക്ക് തന്നത്. എന്നോട് ആവശ്യപ്പെടുന്നത് ഇടതുഭാഗത്തെ കള്ളന്‍റെ സ്ഥാനത്തുനിന്ന് വലതുഭാഗത്തെ കള്ളന്‍റെ സ്ഥാനത്തേക്കുള്ള മാറ്റമാണ്. അതാണ് മാനസാന്തരം. അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് എളിമയോടെയും അനുതാപത്തോടെയും മുന്നോട്ടുപോകാനുള്ള ആഗ്രഹത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
“ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക” (ഏശയ്യാ 66/2).
'
അയല്‍ക്കാരുടെ പ്രവൃത്തികളെ എടുത്തുചാടി വിമര്‍ശിക്കുന്നതും അവരെ ദുഷിച്ച് സംസാരിക്കുന്നതും എളിമ എന്ന സുകൃതത്തിന് കടകവിരുദ്ധമായ തിന്മകളാണ്. എളിമയില്ലാതെ ഉപവിയില്ല. എന്‍റെ സഹോദരരെ വിധിക്കാന്‍ ആരാണ് എനിക്ക് അധികാരം നല്കിയത്? അന്യരെ വിധിക്കുന്നതിലൂടെ, ദൈവത്തിനുമാത്രമുള്ള അവകാശം ഞാന്‍ അപഹരിക്കുകയാണ്. മറ്റുള്ളവരെ വിധിക്കുകയും ദുഷിച്ചു സംസാരിക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ പ്രീശന്‍റേതുപോലുള്ള അഹങ്കാരം നിലനില്‍ക്കുന്നു. മറ്റുള്ളവരെ ഇകഴ്ത്തുന്നതിലൂടെ സ്വയം പുകഴ്ത്തുകയാണ് അവര്‍ ചെയ്യുന്നത്. മറ്റുള്ളവരുടെ ദൗര്‍ബല്യം കണ്ടുപിടിക്കാന്‍ തത്രപ്പെടുകയും സ്വന്തം ബലഹീനതകളുടെ നേര്‍ക്ക് കണ്ണടക്കുകയും ചെയ്യുന്നത് അഹങ്കാരത്തിന്‍റെ ഫലമാണ്.
'
കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന്‍ ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു ‘ഫാന്‍സ് അസോസിയേഷന്‍’ മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന്‍ ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്.
അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്?
ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, “എന്നെ അനുഗമിക്കുക!” ‘
ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു… ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി.
മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ ‘ക്വാളിഫൈഡ്’ ആക്കി മാറ്റുന്ന ചങ്ക് നസ്രായന്‍ …നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ.
“എന്‍റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29)
സാബത്തില്‍ ശിഷ്യന്മാര്‍ ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്‍റെ ശിഷ്യന്മാര്‍ ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്‍റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക.
ഭൂലോകത്തിന്‍റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്‍റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്‍റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്‍റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു.
അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു.
ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ?
ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല.
ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന്‍ എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.’
ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്‍റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്‍റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ… കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള്‍ നമ്മുടെ ചങ്ക് നസ്രായന്‍റെ ചങ്കില്‍ ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്‍റേതാണ്. നിനക്ക് എന്‍റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്.
ലഹരി
ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു.
എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന്‍ സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്‍റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്… ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി… “എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും” (ഫിലിപ്പി 4/19).
സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന്‍ ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്‍റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു… ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന്‍ കടന്നുവരും…
ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്‍റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന്‍ വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍….
“നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്‍റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും” (ഏശയ്യാ 54/10-12)
ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്‍റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു… അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു…
പക്ഷേ ഈശോ വേറെ ലെവല്‍ ആണ്… രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്‍റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്‍റെ ഒരു വലിയ വേര്‍ഷന്‍ നിന്‍റെ ജീവിതത്തിലും അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്‍റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. “യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന്‍ 13/7)
ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്‍റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന്‍ നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്‍റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍… “കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും” (ഹോസിയ 2/14).
'
നിരീശ്വരവാദിയായ ഒരു അധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,
“തിമിംഗലങ്ങള്‍ ആളുകളെ വിഴുങ്ങുമോ?”
അധ്യാപകന്‍ മറുപടി പറഞ്ഞു, “ഇല്ല, അവ മനുഷ്യരെക്കാള്‍ വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്‍ഗത്തില്‍പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും.”
“പക്ഷേ ബൈബിളില്‍ പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ,” പെണ്‍കുട്ടിയുടെ സംശയം.
അധ്യാപകന് ദേഷ്യം വന്നു, “നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനെ വിഴുങ്ങാനാവില്ല.”
“എങ്കില്‍ യോനായുടെ കാര്യത്തില്‍ ദൈവം എന്തെങ്കിലും അത്ഭുതം ചെയ്തതായിരിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ യോനായോട് ചോദിക്കും, നിങ്ങളെ ശരിക്കും മത്സ്യം വിഴുങ്ങിയോ എന്ന്,” പെണ്‍കുട്ടി നിഷ്കളങ്കമായി പറഞ്ഞു.
സ്വര്‍ഗമെന്നതുകേട്ടതേ നിരീശ്വരവാദി അധ്യാപകന്‍ കോപത്താല്‍ ചുവന്നുകൊണ്ട് ചോദിച്ചു, “യോനാ നരകത്തിലാണെങ്കിലോ?”
ഭയചകിതയായ പെണ്‍കുട്ടി അറിയാതെ പറഞ്ഞുപോയി, “സാര്‍ ചോദിച്ചുകൊള്ളൂ.”
“ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം; അത് പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും” (സങ്കീര്‍ത്തനങ്ങള്‍ 111/10)
'
ഈശോ സുവിശേഷയാത്രയ്ക്കിടെ നസ്രസിലെ വീട്ടില്‍ തങ്ങിയ സമയം. ശിഷ്യരില്‍ ചിലരും ഒപ്പമുണ്ട്. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന പണിപ്പുര സജീവമായി. അറക്കവാളും ചിന്തേരും ഉപയോഗിച്ച് ഈശോ ധൃതിയില്‍ പണിയുകയാണ്. ആ കൊച്ചുവീട്ടിലെ ഉപകരണങ്ങള്‍ കേടുപോക്കുവാന്‍ അവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്. എന്നാല്‍ തോമസ് ഒരു സ്വര്‍ണപണിക്കാരന്‍റെ സകല പണിയായുധങ്ങളുമായി എന്തോ പണിയുന്നു.
അവിടെയെത്തിയ സൈമണ്‍ അവനോട് അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അവന്‍ പറയുകയാണ്, “അത് ഒരു രഹസ്യമാണ്. എനിക്ക് ഈ ആഗ്രഹമുണ്ടായിട്ട് കുറെക്കാലമായി. നമ്മള്‍ റാമായില്‍ പോയിരുന്ന ദിവസം മുതല്‍ ഞാന്‍ തട്ടാന്‍റെ പണിയായുധങ്ങളും കൊണ്ട് നടക്കുകയാണ്.”
തുടര്‍ന്നുവന്ന സാബത്തിന്‍റെ സന്ധ്യാസമയത്ത് വിശ്രമം തീര്‍ന്ന് ഈശോയും ശിഷ്യന്‍മാരും എല്ലാം ചേര്‍ന്ന സംഘം എല്ലാവരും അവിടെനിന്ന് യാത്രയാവുന്നു. ഭക്ഷ്യവിഭവങ്ങള്‍ ചാക്കിലാക്കി. വസ്ത്രങ്ങള്‍ തോള്‍സഞ്ചിയില്‍ തിരുകിക്കയറ്റി. പരസ്പരം അഭിവാദനങ്ങള്‍, പുഞ്ചിരി, കണ്ണീര്‍, ആശംസകള്‍ എല്ലാം അവിടെയുണ്ടായിരുന്നു. തോമസ് അമ്മമേരിക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം നല്കുകയാണ്. ഉടുപ്പിന്‍റെ കഴുത്തില്‍ കുത്താനുള്ള ഒരു സ്വര്‍ണസൂചിപ്പതക്കം. താഴ്വരയിലെ ലില്ലിയുടെ തണ്ടോടുകൂടിയ മൂന്ന് പൂക്കള്‍. പ്രകൃതിയില്‍ കാണുന്ന അതേ വിധത്തില്‍ത്തന്നെ അതിവിദഗ്ധമായിട്ടാണ് തോമസ് അതുണ്ടാക്കിയിരിക്കുന്നത്.
“എനിക്കറിയാം മേരീ, നീ ഇത് ഉപയോഗിക്കാറില്ലെന്ന്. എന്നാലും ഇത് സ്വീകരിക്കേണമേ. എന്‍റെ കര്‍ത്താവ് നിന്നെക്കുറിച്ച് നീ താഴ്വരയിലെ ലില്ലിയാണെന്ന് പറഞ്ഞിരുന്നു. അന്നുമുതല്‍ ഇതുണ്ടാക്കണമെന്ന് ഞാനാഗ്രഹിച്ചതാണ്….”
“ഓ, തോമസ് ഞാനൊരിക്കലും ആഭരണങ്ങള്‍ ധരിക്കാറില്ല… എന്നാല്‍ ഇത് അങ്ങനെയല്ല. ഇത് എന്‍റെ ഈശോയുടെ സ്നേഹവും അവന്‍റെ അപ്പസ്തോലന്‍റെ സ്നേഹവുമാണ്. അതിനാല്‍ എനിക്ക് പ്രിയപ്പെട്ട വസ്തുവായി ഞാന്‍ എന്നും ഇതിനെ നോക്കും. ഗുരുവിനെ ഇത്രയധികം സ്നേഹിക്കുന്ന തോമസിനെ ഞാനോര്‍ക്കും. ഈ സമ്മാനത്തിന്‍റെ വിലയെപ്രതിയല്ല; നിന്‍റെ സ്നേഹത്തെപ്രതി, നന്ദി!”
തീര്‍ത്ഥാടകര്‍ യാത്രയായി. (ദൈവമനുഷ്യന്‍റെ സ്നേഹഗീത)
പരിശുദ്ധ അമ്മയുടെ മക്കളായ നമ്മളും സ്നേഹത്തോടെ അമ്മയ്ക്ക് നല്കുന്ന ഉപഹാരങ്ങള്‍ അമ്മ അതീവസ്നേഹപൂര്‍വം സ്വീകരിക്കുകയും എന്നും ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്യുമെന്നതിന് അടയാളമാണ് ഈ സംഭവം.
'
എഡ്രിയാന് എന്നാണ് അവന്‍റെ പേര്, ഒരു സായിപ്പ് കുട്ടി. ഹൈസ്കൂള്‍ പഠനം തീരാറാകുന്ന സമയത്ത് ആള്‍ക്ക് ഒരു പ്രണയബന്ധം രൂപപ്പെട്ടു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയം. പക്ഷേ ഈയടുത്ത നാളുകളില്‍ അവനെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. ഇപ്പോഴത്തെ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തേച്ചിട്ടുപോയി!’
മാതാപിതാക്കള്‍ അമിതസംരക്ഷണം നല്കി വളര്‍ത്തുന്നതുകാരണം വളരെ ലോലമാണ് ഇന്നത്തെ നമ്മുടെ കുട്ടികളുടെ മനസ്സ്. ഒരു കുഞ്ഞുവേദനപോലും താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. മാത്രമല്ല, ഓരോ നിമിഷവും പങ്കുവച്ചുകൊണ്ടുള്ള സ്മാര്‍ട്ട് ഫോണ്‍ പ്രണയത്തിലുണ്ടാക്കുന്ന പരസ്പര അടുപ്പം കുറച്ച് വലുതാണ്. എന്നിട്ട് പെട്ടെന്ന് ഒരു ദിവസം അത് പറിച്ച് മാറ്റുമ്പോള്‍ ഉണ്ടാകുന്ന വേദന, അത് വളരെ ആഴത്തിലുള്ളതായിരിക്കും.
പ്രണയതകര്‍ച്ചയില്‍ എഡ്രിയാനുണ്ടായ വേദനയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനോടും ദേഷ്യവും വെറുപ്പും. മിനിറ്റിന് മിനിറ്റിന് ആ പെണ്‍കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു…
മാനസികാരോഗ്യം തകര്‍ന്നു പോകുന്നുവെന്ന് മനസിലാക്കിയ എഡ്രിയാന്‍ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ട് സംസാരിച്ചു നോക്കി. എന്നിട്ടും സമാധാനം കിട്ടുന്നില്ല. അപ്പോഴാണ് ഡേവിഡ് എന്ന തന്‍റെ സുഹൃത്തിനോട് ഈ കാര്യങ്ങളെല്ലാം പങ്കുവച്ചത്. ഡേവിഡ് അന്ന് തൊട്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ഒപ്പം ഒരു പോംവഴിയും എഡ്രിയാന് പറഞ്ഞ് കൊടുത്തു. പഴയ കാമുകിക്കായി കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു രീതി. അവളുടെ പേര് പറഞ്ഞ് അവളുടെമേല്‍ കരുണയായിരിക്കണേ എന്ന് നിരന്തരം ഉരുവിടുക, പേപ്പര്‍ എടുത്ത് അത് തന്നെ എഴുതിക്കൊണ്ടിരിക്കുക.
മനസിലെ മുറിവുകള്‍ ഈശോയുടെ കരുണയ്ക്ക് മാത്രമല്ലേ ഒപ്പി എടുക്കാനാവൂ..
ഈ പോംവഴികള്‍ അവന് ബോധിച്ചു. ഡേവിഡ് പറഞ്ഞതുപോലൊക്കെ എഡ്രിയാന്‍ ചെയ്യാന്‍ തുടങ്ങി. കൂദാശാജീവിതവും പതിയെ പുനരാരംഭിച്ചു.
ഈശോയെ സീരിയസ് ആയി എടുത്താല്‍ മാറ്റം ഉറപ്പല്ലേ?
കഴിഞ്ഞ ദിവസം ഡേവിഡ് എന്നോട് വന്ന് പറഞ്ഞു, എഡ്രിയാനുണ്ടായ മാറ്റത്തെ പറ്റി. കുറച്ചുദിവസം മുമ്പ് ദൈവാലയത്തിലേക്ക് പോകും വഴി എന്തോ കണ്ടപ്പോള്‍, മിന്നായം പോലെ മനസ്സില്‍ ആരോ കാണിച്ച് കൊടുത്തുവത്രേ, കുഞ്ഞായിരുന്നപ്പോള്‍ വീട്ടുകാരുടെ കൂടെ ദൈവാലയത്തില്‍ പോകുന്ന ‘കൊച്ചുണ്ടാപ്രി’ എഡ്രിയാന്‍റെ ഒരു രംഗം.
ഇത് കണ്ടപ്പോള്‍ അവന് വല്ലാത്തൊരു അനുഭൂതിയാണ് കിട്ടിയതത്രേ… അവന്‍ മനസ്സ് തുറന്ന് ചിരിച്ചു പോയെന്ന്. ഇതുപോലത്തെ സന്തോഷം ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന്….
“ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല” (യോഹന്നാന്‍ 16/22) എന്ന് ഈശോ വാചാലനാവുമ്പോള്‍ ഇപ്പറഞ്ഞ സംഭവം ഒരു ഉദാഹരണമാണ്.
ഈശോയുമായി വ്യക്തിപരമായി ബന്ധം പുലര്‍ത്തുന്ന ആത്മാവിന് കിട്ടുന്ന സന്തോഷമാണത്. മനസില്‍ ഉണ്ടാകുന്ന ചെറിയ വിചാരങ്ങള്‍ക്ക് പോലും, അപ്പപ്പോള്‍ മറ്റൊരു വ്യക്തിയില്‍നിന്നും മറുപടി കിട്ടുന്ന അനുഭവങ്ങള്‍…
ആത്മാവിന്‍റെ പ്രണയാനുഭവം എന്നതിനെ വിളിക്കാം. അത് ലഭിക്കാന്‍ ഈശോയെ സീരിയസ് ആയി എടുക്കുകയേ വേണ്ടൂ. ഈശോയോടുള്ള പ്രണയം സന്തോഷത്തിന്‍റെ പൂര്‍ണതയിലേക്ക് നമ്മെ ഉയര്‍ത്തട്ടെ.
'
മിക്കി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അതിനെക്കുറിച്ച് അവന്‍ വീട്ടില്‍ എപ്പോഴും പറയും. അവന്‍റെ അമിതാവേശം കണ്ടപ്പോള്‍ അമ്മക്ക് അല്പം പേടിയായി, ‘അവന്‍ നാടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ?’ അതിനാല്‍ അമ്മ അവന്‍റെ ആവേശം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു.
വൈകാതെതന്നെ നാടകത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ദിവസം വന്നു. അന്ന് വൈകിട്ട് സ്കൂളില്‍നിന്ന് തിരികെയെത്തിയ അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ അവന് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കിട്ടിയെന്ന് അമ്മ ഊഹിച്ചു. ‘നല്ല സന്തോഷത്തിലാണല്ലോ’ എന്ന അമ്മയുടെ വാക്കുകള്‍ക്ക് മറുപടിയായി അവന്‍ പറഞ്ഞു, “അതെ അമ്മേ, എന്താണെന്നറിയാമോ, കൈയടിച്ച് എല്ലാവരെയും രസിപ്പിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്!”
‘ഒന്നും ചെയ്യാനില്ലല്ലോ’ എന്ന ശൂന്യത തോന്നുമ്പോഴെല്ലാം കുഞ്ഞുമിക്കിക്ക് ലഭിച്ച ഉള്‍വെളിച്ചം നമുക്ക് പ്രചോദനമാകും.
“ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ” (1 കോറിന്തോസ് 7/17)
'
ഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്‍റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, “അയ്യോ, ഞാനെന്‍റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!”
ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്‍റെ സ്വരം, “ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!” അവന്‍ വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ നടന്നുപോയി ഇരയെടുത്തുകൊണ്ട് തിരികെയെത്തി. ഇതുകണ്ട് രണ്ടാമത്തെ ശിഷ്യന് വളരെയധികം അസൂയ തോന്നി. അതോടൊപ്പം അഹങ്കാരവും, “ഇവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വെള്ളത്തിനുമുകളിലൂടെ നടക്കാമെന്നോ? ഞാനത്ര മോശക്കാരനൊന്നുമല്ല, എനിക്കും സാധിക്കും.” അവന്‍ ചിന്തിച്ചു.
“ഞാന്‍ പോയി മീന്‍ ശേഖരിക്കാനുള്ള പാത്രം എടുത്തിട്ടുവരാം.” അതുപറഞ്ഞ് വെള്ളത്തിലിറങ്ങി നടക്കാന്‍ ശ്രമിച്ചതേ അവന്‍ മുങ്ങാന്‍ തുടങ്ങി. ഗുരുവും സഹശിഷ്യനും ചേര്‍ന്ന് ഒരു വിധത്തില്‍ അവനെ വലിച്ച് വഞ്ചിയില്‍ കയറ്റി. വഞ്ചിയിലിരുന്ന് അവന്‍ ശ്വാസം ആഞ്ഞുവലിക്കവേ ഗുരു മറ്റേ ശിഷ്യനോട് ചോദിച്ചു, “തടാകത്തില്‍ എവിടെയൊക്കെയാണ് നിലയുറപ്പിക്കാനുള്ള കല്ലുകള്‍ ഉള്ളതെന്ന് ഇവന് അറിയില്ലായിരുന്നു അല്ലേ?”
“അഹങ്കാരത്തിന്‍റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും” (സുഭാഷിതങ്ങള്‍ 11/2)
'