- Latest articles
ദൈവവുമായുള്ള സ്ഥായിയായ ബന്ധം ഒരു ആത്മീയമനുഷ്യന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് അവന്റെ ആത്മീയജീവനെ നിലനിര്‍ത്തുന്ന പ്രാണവായുവാണ്. ആ ബന്ധം കുറയുകയോ ഉലച്ചില്‍ തട്ടുകയോ ചെയ്യുമ്പോഴൊക്കെ അവന് ജീവവായു കുറയുന്നതുമൂലം പിടയേണ്ടിവരും. ഇതൊക്കെ നമുക്കറിയാവുന്ന കാര്യമാണെങ്കിലും ജീവിതവ്യഗ്രത നമ്മെ ഗ്രസിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടുള്ള ആഭിമുഖ്യം കുറയും, പിന്നെ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന സമയം പാഴാണെന്ന ചിന്ത വളര്‍ന്നുവരും. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് നീക്കിവച്ചുകൊണ്ടിരിക്കുന്ന സമയംപോലും സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്ന അപകടാവസ്ഥയില്‍ എത്തിച്ചേരും. ഇതിനിടയില്‍ ദൈവം നല്കുന്ന ചില അപായസൂചനകളെ അവഗണിച്ചുകൊണ്ടും സ്വയം ന്യായീകരണം നടത്തിയുമായിരിക്കും നാം മുന്നോട്ടുപോകുന്നത്. ദൈവത്തിന്റെ വലിയ കൃപ ലഭിക്കുവാന്‍ ഇടവന്നാല്‍ മാത്രമേ ഇത് തിരിച്ചറിയുവാനും തിരുത്തുവാനും സാധിക്കുകയുള്ളൂ.
ഈ മേഖലയില്‍ എനിക്കുണ്ടായ ഒരു പരാജയം പങ്കുവയ്ക്കട്ടെ. വിശുദ്ധ കുര്‍ബാന സ്വീകരണം കഴിഞ്ഞ് കുറച്ചുസമയം ഉള്ളില്‍ വന്ന ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. അതിനുശേഷം ‘ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എന്റെ സ്നേഹമായിരിക്കണമേ’ എന്ന തിരുഹൃദയ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുവാന്‍ അല്പസമയം കൂടുതലെടുക്കും. എല്ലാ ദിവസവും ശാലോമില്‍ പോകുന്നതിനുമുമ്പ് ഏതാണ്ട് അരമണിക്കൂറെങ്കിലും വീടും പരിസരങ്ങളും അടിച്ചുവാരുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യാറുണ്ട്.
വീട് കര്‍ത്താവിന്റേതാകയാല്‍ കര്‍ത്താവിന്റെ മഹത്വത്തിനും ആനന്ദത്തിനുംവേണ്ടി എന്ന നിയോഗത്തോടെയാണ് അത് ചെയ്തുവരുന്നത്. ഒരു ദിവസം എന്റെ മനസില്‍ ഒരു പ്രലോഭനചിന്ത ഉണ്ടായി. വളരെ യുക്തിപൂര്‍വമായി എന്റെ മനസിനെ കീഴടക്കുന്ന നിലയിലായിരുന്നു അത്. എന്തിനാണ് ദൈവാലയത്തില്‍ അഞ്ചുമിനിട്ട് കൂടുതലെടുക്കുന്നത്. നേരത്തേ പോയാല്‍ ജോലിയെല്ലാം ഭംഗിയായി തീര്‍ത്ത് നേരത്തെ ശാലോമില്‍ എത്താമല്ലോ. എന്നാല്‍ പ്രാര്‍ത്ഥന മുടക്കേണ്ടതില്ല. ശാലോമിലേക്ക് പോകുന്ന വഴിയില്‍ വാഹനത്തിലിരുന്ന് ചൊല്ലിയാല്‍ മതിയല്ലോ. എത്ര യുക്തിഭദ്രമായ ചിന്ത. ഇതൊരു പ്രലോഭനമാണെന്നുപോലും തോന്നുകയില്ല. അതില്‍ ഞാന്‍ വീണുപോയി.
ആദ്യദിവസം പോകുന്ന വഴിക്ക് പ്രാര്‍ത്ഥന ചൊല്ലി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഞാനതു ചെയ്തില്ല.
മനഃപൂര്‍വമല്ല, ഓര്ത്തില്ലെന്നുമാത്രം. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര നേരത്തേ ശാലോമില്‍ എത്തിയില്ല എന്നുമാത്രമല്ല, ചിലപ്പോള്‍ അല്പം താമസിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ഈ കെണി തിരിച്ചറിയുവാന്‍ കര്‍ത്താവ് കൃപ നല്‍കിയത്. ഞാന്‍ അപ്പോള്‍ത്തന്നെ പ്രാര്‍ത്ഥന കൂടുതല്‍ സ്നേഹത്തോടെ ചൊല്ലി. വീട്ടിലെത്തി ജോലികള്‍ ചെയ്യാനാരംഭിച്ചു. പതിവിലും കൂടുതല്‍ വൃത്തിയാക്കാന്‍ അന്ന് സാധിച്ചു. കുളിച്ച് തിടുക്കത്തില്‍ ശാലോമിലേക്ക് പോയി. എത്തുന്നതിന് അല്പംമുമ്പ് വാച്ചില്‍ നോക്കി. ബെല്ലടിക്കുവാന്‍ അഞ്ചുമിനിറ്റ് ബാക്കി! ഒരു കാര്യം പകല്‍പോലെ വ്യക്തമായി. പ്രാര്‍ത്ഥനയുടെ സമയം കവര്‍ന്ന് പ്രവൃത്തി ചെയ്താല്‍ അതൊരു അനുഗ്രഹമാവുകയില്ല. ചെയ്യുന്ന പ്രവൃത്തിയില്‍ ദൈവകൃപ കുറയും. അനുഭവത്തില്‍നിന്ന് ഈ പാഠം പഠിപ്പിച്ച ദൈവത്തിന് നന്ദി.
നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ രണ്ട് വ്യക്തികളുണ്ട്. ഒരു മര്‍ത്തായും ഒരു മറിയവും. ജീവിതവ്യഗ്രതകള്‍ നിറഞ്ഞ ആളാണ് മര്‍ത്താ. എന്തുമാത്രം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട് എനിക്ക്! എല്ലായ്പ്പോഴും അതാണ് മര്‍ത്തായുടെ മനസിനെ മഥിക്കുന്ന ചിന്ത. അതിനാല്‍ അവള് എപ്പോഴും പ്രവര്‍ത്തനനിരതയാണ്. കര്‍ത്താവിനെ പ്രസാദിപ്പിക്കുവാനാണ് അത് ചെയ്യുന്നതെന്നോര്‍ക്കണം. എന്നാല്‍ കര്‍ത്താവിന്റെ അടുത്ത് ഇരിക്കുവാന്, അവിടുത്തെ പ്രകാശപൂര്‍ണമായ തിരുമുഖത്തേക്ക് നോക്കുവാന്‍, അവിടുത്തെ വചനങ്ങള്‍ കേള്‍ക്കുവാനും ധ്യാനിക്കുവാനും, സമയം കിട്ടാതെ പോകുന്നു. അവസാനം ഒപ്പിച്ചുള്ള ഒരു പ്രാര്‍ത്ഥനമാത്രം. സമര്‍പ്പിത ജീവിതത്തില്‍, കര്‍ത്താവിനായി ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരുടെ ജീവിതത്തില്‍ ഇത് വലിയൊരു കുറവാണ്, ചിലപ്പോള്‍ അപകടകരവുമാകാം. ഭ്രമണപഥത്തില്‍നിന്ന് തെന്നിമാറിപ്പോകാന്‍ ഇത് കാരണമായേക്കാം.
പ്രവൃത്തി അത്യാവശ്യമാണ്. എന്നാല്‍ മറിയത്തെപ്പോലെ നല്ല ഭാഗം തിരഞ്ഞെടുക്കുവാന്‍ ശ്രമിക്കുമ്പോഴേ പ്രവൃത്തികള്‍ കൃപ നിറഞ്ഞവയാകുകയുള്ളൂ. വിളിച്ചവന്റെ കൈയൊപ്പ് അത്തരം പ്രവൃത്തികളുടെമേല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ രണ്ട് വ്യക്തിത്വങ്ങളുടെ ഒരു അനുഗൃഹീതസമവായം ഈ ലോകജീവിതം നയിക്കുന്ന എല്ലാവര്ക്കും അത്യന്താപേക്ഷിതമത്രേ. എന്നാല്‍ മറിയത്തെപ്പോലെ പ്രാര്‍ത്ഥനാജീവിതം മാത്രം നയിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ അതിനോട് വിശ്വസ്തത പുലര്‍ത്തട്ടെ. നാം എന്തു ചെയ്യുന്നുവെന്നതല്ല ദൈവസന്നിധിയില്‍ പ്രധാനം. നമുക്ക് ലഭിച്ച വിളിയോട് എങ്ങനെ വിശ്വസ്തത പുലര്‍ത്തുന്നു എന്നതാണ്. അതിനാല്‍ കൃപയ്ക്കായി ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം.
എന്നെ സ്നേഹിച്ച്, എന്റെ പേരുചൊല്ലി വിളിച്ച ഈശോയേ, അങ്ങയെ ഞാന്‍ അത്യധികമായി സ്നേഹിക്കുന്നു. എനിക്കുള്ള സകലതും അങ്ങയുടെ ദാനമാണെന്ന് തിരിച്ചറിഞ്ഞ് അങ്ങയുടെ മുമ്പില്‍ അവയെല്ലാം അടിയറവ് വയ്ക്കുന്നു. അങ്ങയുടെ പാദത്തിലിരിക്കുവാന് എന്നെ എപ്പോഴും വിളിക്കണമേ. അതേസമയം അവിടുന്ന് എനിക്ക് നല്കിയ ചുമതലയോട് വിശ്വസ്തത പുലര്‍ത്തുവാനും കൃപ നല്കിയാലും. എല്ലാം അങ്ങയുടെ മഹത്വത്തിനായി മാത്രം ചെയ്യുവാന്‍ അനുഗ്രഹിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ കൃപ ലഭിക്കുവാന്‍ എനിക്കായി ഇപ്പോള്‍ത്തന്നെ മാധ്യസ്ഥ്യം വഹിക്കണമേ, ആമ്മേന്‍.
'2021 ഡിസംബര്‍ ശാലോം ടൈംസില്‍ വന്ന അവസാന മരുന്ന് പരീക്ഷിച്ച് 41-ാം ദിവസം എന്ന ലേഖനത്തില്‍ പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിച്ചു. സ്ഥലം വില്പന നടക്കാന്‍ എന്ന നിയോഗംവച്ച് 41 ദിവസം കരുണക്കൊന്ത ചൊല്ലുകയാണ് ചെയ്തത്. അതോടൊപ്പം ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നൂറ് ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. 39-ാം ദിവസം സ്ഥലംവില്പന ശരിയായി. നല്ല ദൈവത്തിന് ഒരായിരം നന്ദി!
'വേറിട്ടൊരു പ്രത്യാശയാണ് മലാഖി നല്‍കുന്നത്…
ആഗസ്റ്റ് 23, 2010. യു.എസ് കാന്‍സാസിലെ ഗോര്‍ഹാമിലുള്ള ജെന്നാ-മില്ലര്‍ ദമ്പതികളുടെ ഭവനം. നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭവനത്തില്‍ എല്ലാവരും. ജെന്നായെ സഹായിക്കാനുള്ള മിഡ് വൈഫ് വേഗം എത്തി. പക്ഷേ അപ്പോഴേക്കും കുഞ്ഞ് പുറത്തുവന്നു. ലോകത്തിലേക്ക് വരാന്‍ അത്രമാത്രം തിരക്കിലായിരുന്നുവെന്ന് തോന്നിപ്പിച്ച കുഞ്ഞ്, മലാഖി മില്ലര്‍. കുഞ്ഞായിരുന്നപ്പോള്‍മുതല്‍ ഏത് തരത്തിലുമുള്ള ആളുകളോടും മലാഖി എളുപ്പത്തില്‍ ഇടപെടും. അതിനാല്‍ ആരും അവന് അപരിചിതരായി ഉണ്ടായിരുന്നില്ല എന്നുപറയാം. അവനുതാഴെ രണ്ട് കുട്ടികള്‍കൂടി ജനിച്ചു. ആറ് കുട്ടികളെയും ചേര്‍ത്ത് ‘മില്ലറുടെ സിക്സ്പാക്ക്’ എന്നാണ് എല്ലാവരും ഓമനിച്ച് വിളിച്ചിരുന്നത്.
മലാഖിക്ക് ഏതാണ്ട് രണ്ട് വയസുള്ളപ്പോള്‍ കുടുംബമൊന്നിച്ച് പുറത്ത് പോയ സമയം. അവര്‍ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന നേരത്ത് കുറച്ചുമാറി അല്പം പ്രായമായ ഒരു സ്ത്രീ തനിയെയിരുന്ന് ഐസ്ക്രീം കഴിക്കുന്നത് അവന് കണ്ടു. അവന് പതുക്കെ എഴുന്നേറ്റ് അവരുടെയടുത്ത് പോയി ഇരുന്നു, അവര്‍ തനിയെ ആകരുതല്ലോ? അതായിരുന്നു മലാഖി. കണ്ടുമുട്ടുന്ന എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തണമെന്നായിരുന്നു അവന്റെ ആഗ്രഹം.
കോണറിന്റെ മാതാവ്…!
മൂന്ന് വയസുള്ളപ്പോള്‍ പരിശുദ്ധ മറിയത്തിന്റെ ലുത്തിനിയായില്‍ സ്വന്തമായി അവന് ചില വരികള്‍ ചേര്‍ത്തു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ എന്ന് ചൊല്ലുമ്പോഴേ അവന് ഉറക്കെ കൂട്ടിച്ചേര്‍ക്കും, ‘കോണറിന്റെ സഹായമായ മാതാവേ….’ കോണര്‍ എന്നാല്‍ മറ്റാരുമല്ല, അവന്റെ ഏറ്റവും മൂത്ത ചേട്ടന്‍തന്നെ. അപ്പസ്തോലന്മാരുടെ രാജ്ഞീ, രക്തസാക്ഷികളുടെ രാജ്ഞീ… എന്ന് ചൊല്ലിത്തീരുമ്പോഴേ അടുത്തതായി അവന്റെ സ്വന്തം രചന വീണ്ടും വരും, ‘എനിക്ക് സാത്താനെ ഇഷ്ടമല്ല എന്നതിന്റെ രാജ്ഞീ!’ ആ പ്രായത്തില്‍ത്തന്നെ തന്റെ പരമ്പരാഗത കത്തോലിക്കാവിശ്വാസത്തെ അവന് അത്ര കാര്യമായിത്തന്നെ പരിഗണിച്ചിരുന്നു. ആരോടും അത് പങ്കുവയ്ക്കാനും തെല്ലും മടി കാണിക്കാറില്ല.
സംഗീതവും അവന് ഏറെ പ്രിയങ്കരം. പാടും, വയലിന് വായിക്കും- അതെല്ലാം ജനിച്ചപ്പോഴേ അവനറിയാമായിരുന്നു എന്ന മട്ടിലായിരുന്നു. ഒരു ഒത്തുകൂടലിനിടെ തമാശ അവതരിപ്പിക്കാനുണ്ടോ എന്നാരെങ്കിലും ചോദിച്ചാല്‍ ആദ്യം സദസിനുമുന്നില്‍ എത്തുന്നത് അവനായിരിക്കും, എല്ലാവരെയും ചിരിപ്പിക്കാന്‍. ബേസ്ബോള്‍ കളിക്കാന്‍ മലാഖിയ്ക്ക് എന്തിഷ്ടമായിരുന്നെന്നോ! ഊര്‍ജസ്വലനായി കളിക്കളത്തില്‍ ഓടുന്ന മലാഖി ആരുടെയും ഹൃദയം കവരും.
ഡാഡിക്കൊപ്പം തനിച്ചൊരു കളി?
അങ്ങനെയിരിക്കവേയാണ് കുടുംബത്തെയും പ്രിയപ്പെട്ടവരെയുമെല്ലാം വല്ലാതെ ഉലച്ച വേദനാജനകമായ ഒരു സംഭവം ഉണ്ടായത്. മലാഖിയുടെ ഡാഡി ഒരു അസുഖത്തെത്തുടര്‍ന്ന് 2017 ജൂണില്‍ മരണമടഞ്ഞു. അസുഖം മൂര്‍ച്ഛിച്ച് മരണത്തോടടുത്തപ്പോള്‍ നല്ല മരണം ലഭിക്കാനായി കുടുംബം മുഴുവന്‍ പ്രാര്ത്ഥിച്ചിരുന്നെങ്കിലും ആ വിയോഗത്തോട് പൊരുത്തപ്പെടാന്‍ സമയം എടുത്തു. പക്ഷേ മലാഖിക്ക് ഡാഡിക്കൊപ്പം കളിക്കണം. അതിന് സ്വര്‍ഗത്തില്‍ പോകാനും അവന് തയ്യാര്‍. മറ്റ് സഹോദരങ്ങളൊന്നുമില്ലാതെ ഡാഡിക്കൊപ്പം തനിയെ കളിക്കണം.അതാണ് അവന്റെ ആഗ്രഹം.
എങ്കിലും സ്കൂള്‍ പഠനവും സംഗീതരംഗത്തെ പ്രവര്‍ത്തനങ്ങളും കായികവിനോദങ്ങളുമൊക്കെയായി അവന് സദാ തിരക്കിലായിരുന്നു. ദിനംതോറുമുള്ള ജപമാലപ്രാര്‍ത്ഥന മുടക്കാറില്ല. നല്ലവണ്ണം ഒരുങ്ങിയാണ് പ്രഥമകുമ്പസാരവും പ്രഥമദിവ്യകാരുണ്യസ്വീകരണവും നടത്തിയത്. പ്രഭാതത്തിലും രാത്രിയിലും നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധ പുലര്‍ത്തി.
ഡാഡിയുടെ വിയോഗത്തിന്റെ വേദനയുണ്ടെങ്കിലും സാവധാനം ജീവിതം സാധാരണഗതിലയിലായി. അങ്ങനെ മുന്നോട്ടുപോകവേയാണ് 2022 ജൂണില്‍ മലാഖിക്ക് സ്പൈനല്‍ കോര്‍ഡ് ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അന്ന് മലാഖിക്ക് 11 വയസ്. അടിയന്തിരമായി സര്‍ജറി നടത്തിയെങ്കിലും ട്യൂമറിന്റെ പത്ത് ശതമാനത്തോളംമാത്രമേ നീക്കാനായുള്ളൂ. അതേത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നതോടെ ശ്വസനത്തിന് ട്യൂബ് ഇടേണ്ടി വന്നു. ബോധം തെളിഞ്ഞപ്പോള്‍ മലാഖി അമ്മയോട് ചോദിച്ചത് ട്യൂബ് ഇട്ടില്ലായിരുന്നെങ്കില്‍ താന്‍ നിത്യമായ ഉറക്കത്തിലേക്ക് പോകുമായിരുന്നില്ലേ എന്നാണ്. ഉവ്വെന്ന് മറുപടി ലഭിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ അതുമതിയായിരുന്നു എന്നവന് അമ്മയോട് പറഞ്ഞു. ആ പതിനൊന്നുവയസുകാരന്റെ നിത്യസ്വപ്നമായി സ്വര്‍ഗം.
ഡോക്ടറെ പറ്റിച്ച് കളിക്കളത്തില്‍
എന്തായാലും സര്‍ജറി കഴിഞ്ഞ് ബേസ്ബോള്‍ കളിക്കാനൊന്നും സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. പക്ഷേ തനിക്ക് കളിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മലാഖി തന്റെ ഗ്രാന്റ്മായോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടര ആഴ്ചകൊണ്ട് മലാഖി വീണ്ടും കളിക്കളത്തില്‍ ഇറങ്ങി. പിന്നീട് സ്ഥൈര്യലേപനം സ്വീകരിച്ചു. അതോടനുബന്ധിച്ച് വിശ്വാസത്തോടെ, തവിട്ടുനിറമുള്ള ഉത്തരീയം അണിഞ്ഞുതുടങ്ങിയ അവന് പിന്നെയൊരിക്കലും അത് ഊരിമാറ്റിയിരുന്നില്ല, നീന്തുമ്പോഴും കുളിക്കുമ്പോഴും ഒന്നും.
“മരണത്തിനോ ജീവനോ ദൂതന്മാര്ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” (റോമാ 8/38-39).
ഫാത്തിമായില്‍ പരിശുദ്ധ അമ്മ ആവശ്യപ്പെട്ട ആദ്യശനി ആചരണം ആദ്യവെള്ളി ആചരണത്തോടൊപ്പം അവരുടെ കുടുംബം പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ചതോറും ദിവ്യബലിക്കുമുമ്പ് കുമ്പസാരിക്കും. അള്‍ത്താരബാലനാകുന്നതിനായി പഠിച്ച് ഒരുങ്ങി. എന്നും ജെന്ന മക്കളെക്കൊണ്ട് വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ മലാഖി ഡാഡിയുടെയും മരിച്ചുപോയ മുത്തശ്ശീമുത്തശ്ശന്മാരുടെയും കൂടി പ്രാര്‍ത്ഥന ചോദിക്കും.
ഒരിക്കല്‍, ആഴ്ചതോറുമുള്ള ചികിത്സക്കായി പോയപ്പോള്‍ അവന്റെ പ്രിയപ്പെട്ട കളിക്കാരനായ ഹാരിസണ്‍ ബട്കര്‍ അവനെ സന്ദര്‍ശിച്ചു. അദ്ദേഹത്തോട് അവന് പറഞ്ഞത് അദ്ദേഹത്തിന്റെ കത്തോലിക്കാവിശ്വാസംനിമിത്തമാണ് അവന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് എന്നാണ്. അത്രമാത്രം സജീവമായ കത്തോലിക്കാവിശ്വാസമായിരുന്നു ബാലനായ മലാഖിയുടേത്.
നിക്കോളാസുമായി ഒരു പുഞ്ചിരി
ആ നവംബറില്‍ ഒരു പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ മലാഖിയുടെ കഴുത്തിന് താഴേക്ക് തളര്‍ന്നുപോയിരുന്നു. പെട്ടെന്നുതന്നെ ഒമഹയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് അവനെ എത്തിച്ചു. ട്യൂമര്‍, ബ്രെയിന്‍ സ്റ്റെം കീഴടക്കിയിരുന്നു. സ്ഥിതി വളരെ ഗുരുതരമായിരുന്നെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിശുദ്ധ നിക്കോളാസിന്റെ പ്രത്യേകസഹായത്താല്‍ ഡിസംബറില്‍ മലാഖി വീണ്ടും ജീവനിലേക്ക് നടന്നടുത്തു. ആശുപത്രിയില്‍ അവനെ വിശുദ്ധ നിക്കോളാസ് സന്ദര്‍ശിച്ചുവത്രേ. ഏറെനേരം അവന് മുഖത്തൊരു പുഞ്ചിരിയുമായി കിടന്നു.
കഴുത്തില്‍ ട്യൂബ് ഇട്ടിരുന്നതിനാല്‍ സംസാരിക്കാനാവുമായിരുന്നില്ല. പക്ഷേ പ്രിയപ്പെട്ടവരോട് സാധിക്കുന്നവിധത്തില്‍ ആശയവിനിമയം നടത്തുമായിരുന്നു. നഴ്സുമാരെയും മറ്റ് ആശുപത്രിജീവനക്കാരെയും കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാനും അവന് മറന്നില്ല. ആ ക്രിസ്മസും ന്യൂ ഇയറുമെല്ലാം ആശുപത്രിയില്‍ത്തന്നെ കഴിഞ്ഞു. ക്രിസ്മസിന് അമ്മയ്ക്ക് പ്രിയപ്പെട്ട കപ്പുച്ചിനോ എത്തിച്ചുനല്‍കി അമ്മയ്ക്ക് അവന് സര്‍പ്രൈസ് ഒരുക്കി. 49 ദിവസമാണ് അവന് ആശുപത്രിയില്‍ കിടന്നത്. ബിഷപ് പിവറുനാസും വൈദികരും സന്യാസിനികളും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം സന്ദര്‍ശകര്‍ വരുമായിരുന്നു.
എല്ലാവരും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ ബിഷപ്പിനോട് ഉടനെവന്നു മലാഖിയുടെ ചോദ്യം, “ബൈഡനും എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോ?” അതായിരുന്നു മലാഖി. ആരെയും ഒന്ന് രസിപ്പിക്കാന്‍ എപ്പോഴും അവന് ശ്രമിച്ചു. സന്ദര്‍ശകരെല്ലാം അവനില്‍നിന്ന് എന്തെങ്കിലും സന്തോഷമോ ആശ്വാസമോ സ്വീകരിച്ചാണ് മടങ്ങിയത്.
എണ്ണുകയല്ല, എണ്ണം പറയണം
ആശുപത്രിക്കിടക്കയിലും മലാഖി തമാശകളും ചിരിയുമായി കഴിഞ്ഞു. തന്റെ വേദനകളെ ബോധപൂര്‍വം സ്വീകരിച്ചു. അതിന് രണ്ടാഴ്ച മുമ്പ് അവന് അമ്മയോട് സംസാരിച്ചത് ഇങ്ങനെയാണ്, “അമ്മേ, ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടവരോട് ഗുഡ്ബൈ പറയേണ്ടിവരും.” അതിന് തയാറായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ ‘ഗുഡ്ബൈ പറയാന്‍ തയാറായിട്ടില്ല, പക്ഷേ സ്വര്‍ഗത്തിലേക്ക് പോകാന്‍ തയാറായി’ എന്നായിരുന്നു മലാഖി മറുപടി പറഞ്ഞത്.
ആ സംഭാഷണത്തിനുശേഷം രണ്ടാഴ്ചയ്ക്കകം, 2023 മെയ് ഒന്നിന്, അവന് സ്വര്‍ഗത്തിലേക്ക് പറന്നു. അവന് ആഗ്രഹിച്ചതുപോലെ, സ്വര്‍ഗത്തില്‍ കര്‍ത്താവിന്റെയും മാലാഖമാരുടെയുംകൂടെമാത്രമല്ല, തന്റെ ഡാഡിയോടുംകൂടെ ആയിരിക്കാന്‍ മലാഖിയ്ക്ക് സാധിച്ചു. ‘ജീവിതം ക്രിസ്തുവും മരണം നേട്ടവും’ (ഫിലിപ്പി 1/21) ആക്കിയ 12 വയസുകാരന് കത്തോലിക്കന്.
മില്ലര്‍ കുടുംബം ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച അത്ഭുതസൗഖ്യം മലാഖിക്ക് ലഭിച്ചില്ലെങ്കിലും
12 വര്‍ഷത്തോളംമാത്രം നീണ്ട അവന്റെ ജീവിതത്തില്‍നിന്ന് അവര്‍ സ്വീകരിച്ച ആപ്തവാക്യം ശ്രദ്ധേയമാണ്, “ദിവസങ്ങള്‍ എണ്ണുകയല്ല വേണ്ടത്, എണ്ണം പറയത്തക്കവിധം ദിവസങ്ങളെ ഫലപ്രദമാക്കുകയാണ് വേണ്ടത്” (Don’t count the days, make the days count). സകലതിനുമുപരി ഈശോയെ സ്നേഹിച്ചും ദൈവം നല്കിയ കുരിശ് സ്വീകരിച്ച് സന്തോഷത്തോടെ ജീവിച്ചുകാണിച്ചും കടന്നുപോയ മലാഖി ഒരു വലിയ പ്രത്യാശ നല്കുന്നു, ഇന്നത്തെ കുട്ടികളില്‍നിന്നും വിശുദ്ധര്‍ രൂപപ്പെടുന്നുണ്ടെന്ന പ്രതീക്ഷ.
പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്പെയ്നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ്തി അവിടെയുണ്ടായില്ല. ജനങ്ങള്‍ സുവിശേഷം സ്വീകരിക്കാതെ പോകുന്നത് കണ്ട യാക്കോബ് ശ്ലീഹാ തളര്‍ന്നു. തപിക്കുന്ന മനസോടെ സരഗോസ എന്ന സ്ഥലത്തെ എബ്രോ നദിയുടെ കരയില്‍ ശ്ലീഹാ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ ഒരു സ്തൂപത്തിന്റെ മുകളില്‍ മാതാവ് പ്രത്യക്ഷയായി.
ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തന്റെ ഒരു ചെറുരൂപം പരിശുദ്ധ മാതാവ് ശ്ലീഹായ്ക്ക് സമ്മാനിച്ചു. ആ രൂപം പില്ക്കാലത്ത് അവിടെ നിര്‍മിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരിക്കലും പൊടിപിടിക്കില്ല! മാത്രവുമല്ല ആ രൂപം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല.
പാപത്തിന്റെ കറയേശാത്തവളായ കന്യാമറിയം സമ്മാനിച്ച അഴുക്കുപുരളാത്ത ആ ചെറുരൂപം നമ്മോട് പറയാതെ പറയുന്നത് എന്താണ്? പാപത്തിന്റെ മാലിന്യം നീക്കി വിശുദ്ധിയില്‍ മുന്നേറാന്‍ ഏറ്റവും നല്ല സഹായിയാണ് പരിശുദ്ധ അമ്മ എന്നുതന്നെ.
പരിശുദ്ധ മറിയമേ, അങ്ങേ അമലോത്ഭവത്തിന്റെ ശക്തിയാല്‍ എന്റെ ശരീരത്തെ ശുദ്ധവും ആത്മാവിനെ പരിശുദ്ധവും ആക്കണമേ. എന്റെ അമ്മേ, ഈ ദിനം എല്ലാ മാരകപാപങ്ങളില്‍നിന്നും എന്നെ സംരക്ഷിക്കേണമേ.
'വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ് ഒരിക്കല്‍ ശിഷ്യന്മാരോടൊപ്പം തന്റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു ഏകാന്തവാസിയുടെ ഭവനത്തിനടുത്തെത്തി. അയാളുടെ മുന്തിരിത്തോട്ടത്തെ സമീപിക്കാന്‍ ശ്രമിച്ചപ്പോഴേക്കുംതന്നെ അതിന്റെ വിവിധഭാഗങ്ങളില്‍ കാവല്‍നിന്നിരുന്നവര്‍ വിശുദ്ധന്റെയും ശിഷ്യരുടെയും നേര്‍ക്ക് അതാ കല്ലും മണ്ണും വാരി എറിയുന്നു! അവര്‍ വേഗം
അവിടെനിന്ന് രക്ഷപ്പെട്ടു.
അല്പദൂരം മുന്നോട്ടുപോയപ്പോള്‍ സാബാസ് എന്ന ഒരു ഏകാന്തവാസിയുടെ സ്ഥലമെത്തി. ഹിലാരിയോണും ശിഷ്യരും അതിലേ വരുന്നു എന്ന് കേട്ടപ്പോഴേ അയാള്‍ വേഗം തന്റെ മുന്തിരിത്തോപ്പിലേക്ക് വന്ന് ആ സംഘത്തോട് തന്റെ തോപ്പില്‍നിന്ന് ആവശ്യത്തിന് മുന്തിരിപ്പഴങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. യാത്രാസംഘം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. അല്പനാളുകള്ക്കുള്ളില് ഈ രണ്ട് ഏകാന്തവാസികളുടെയും മുന്തിരിവിളവെടുപ്പിന്റെ കാലമായി.
ലുബ്ധനായിരുന്ന ആദ്യത്തെ വ്യക്തിക്ക് വളരെ കുറഞ്ഞ വിളവാണ് അത്തവണ ലഭിച്ചത്. വീഞ്ഞാകട്ടെ പുളിച്ചുപോകുകയും ചെയ്തു. എന്നാല്‍ സാബാസിന്റെ മുന്തിരിത്തോട്ടത്തില്‍നിന്ന് ഇരുപത് ദിവസങ്ങള്‍ക്കുശേഷം പതിവുള്ള പത്തുകുടത്തിനുപകരം മുന്നൂറുകുടം വീഞ്ഞാണ് നിര്‍മിക്കാന്‍ സാധിച്ചത്.
“എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ
സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ
വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29).
എന്റെ പിതാവ് ഒരപകടത്തില്‍പ്പെട്ട് ഏതാണ്ട് 15 വര്‍ഷക്കാലം കഴുത്തിന് താഴോട്ട് തളര്‍ന്നു കിടപ്പിലായിരുന്നു. 2022 ഫെബ്രുവരി ഒമ്പതിന് ശാരീരികസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് രാവിലെ എട്ടുമണിയായപ്പോള്‍ എന്റെ ഒരു സുഹൃത്ത് ഹൈറേഞ്ചില്‍നിന്നും വിളിച്ചു; നന്നായി പ്രാര്‍ത്ഥിക്കുന്ന ഒരു കര്ഷകന്. ”എടാ, മൂന്നുമണി കഴിഞ്ഞ് അപ്പന്റെ അടുത്തുനിന്ന് എങ്ങും പോകരുത്. അപ്പന് ഇന്നത്തെ ദിവസം കടക്കില്ല. മാലാഖമാര്‍ പരിപാടികളൊക്കെ തുടങ്ങും. മരിക്കുന്നതിനുമുമ്പ് അപ്പന് കണ്ണു തുറക്കും, കരയും. നിന്നെ അന്വേഷിക്കും. നിന്നെ അനുഗ്രഹിക്കാതെ അപ്പന് പോവില്ല.”
ഇതുകേട്ട് പെട്ടെന്ന് ഞാന്‍ അപ്പന്റെ മുറിയിലെത്തി. ഞങ്ങള്‍ മറ്റൊരു സമുദായത്തില്‍നിന്ന് മാമോദീസാ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ വന്ന വ്യക്തികളായതുകൊണ്ട് ബന്ധുക്കളുമായി കാര്യമായ ബന്ധം ഇല്ല. പക്ഷേ സുഹൃത്ത് എന്നോട് ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ എനിക്കെല്ലാവരെയും വിളിക്കാന്‍ തോന്നി. അതിനുമുമ്പ് ഞാന്‍ ആരെയും വിളിച്ചിരുന്നില്ല. പക്ഷേ എല്ലാവരും ഫോണ്‍ എടുത്തു. ഞാന്‍ പറഞ്ഞു, ”അപ്പന് ഇന്നു കടക്കുമെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റാണ്. പറയണമെന്നു തോന്നി, അതാ വിളിച്ചത്.”
അപ്പന് ക്ഷമയുടെ മേഖലയില്‍ പരിഗണിക്കത്തക്ക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സഹോദരന്മാരുമായി പല പിണക്കങ്ങളും അവശേഷിച്ചിരുന്നു. പക്ഷേ അവരെല്ലാവരും വന്ന് അപ്പനെ കണ്ടു, ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചു. അവരൊക്കെ അപ്പന്റെ മൃതസംസ്കാരത്തിന് വന്നു. ദൈവാലയത്തില്‍ കയറി. സര്‍വശക്തനായ ഏകദൈവത്തിന്റെ മുമ്പില്‍ സകല മുഴങ്കാലും മടങ്ങും. ഞാനന്നത് കണ്ണുകൊണ്ട് കണ്ടു. അവരെല്ലാം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. സെമിത്തേരിയില്‍ വന്ന് അന്ത്യോപചാരം ചെയ്തു. അതിനുശേഷം ഒരുപാട് സമയം ഞങ്ങളുമൊത്ത് ചെലവഴിച്ചാണ് മടങ്ങിയത്.
അപ്പന് മരിക്കുന്നതിന്റെ അന്ന് മൂന്നുമണിക്കുശേഷം ഞാന്‍ എങ്ങും പോയിരുന്നില്ല. അപ്പനെ ചുറ്റിപ്പറ്റിത്തന്നെ നില്‍ക്കുകയായിരുന്നു. ഏതാണ്ട് അഞ്ചുമണിയോടടുത്തു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പിതാവ് അപ്പനെ കാണാന്‍ വന്നു. ആശീര്‍വാദം കൊടുത്ത് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഒരു നഴ്സ് പള്‍സ് നോക്കാന്‍ വന്നു. വലതുകൈയില്‍ കിട്ടുന്നില്ല. അതിനാല്‍ സഹായത്തിനായി എന്നോട് മറുവശത്തേക്ക് വരാന്‍ പറഞ്ഞു. ആ സമയം രാവിലെ സുഹൃത്ത് പറഞ്ഞതുപോലെതന്നെ അപ്പന് കണ്ണു തുറന്നു. അതിനുമുമ്പ് രണ്ടുമൂന്നു ദിവസമായി കണ്ണൊന്നും തുറന്നിരുന്നില്ല. കൃഷ്ണമണി കിടന്നോടാന്‍ തുടങ്ങി. കരയാന്‍ തുടങ്ങി. ഞാന്‍ അപ്പന്റെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കിയപ്പോള്‍ ആ കൃഷ്ണമണി നിലച്ചു. ഞാനപ്പോള്‍ അപ്പന്റെ വലതുകൈ എടുത്ത് എന്റെ വലതുകൈയില്‍ പിടിച്ചു. 15 വര്‍ഷമായി അനങ്ങാതിരുന്ന കൈ വിറയ്ക്കുന്നതാണ് അപ്പോള്‍ കണ്ടത്. എന്റെ കൈയിലേക്ക് മുറുകെ പിടിച്ച് അപ്പന് മരിച്ചു. ”മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കാതെ അപ്പന് പോവില്ല!” അതൊരു പ്രവചനദൂതായി കാതില്‍ അലയടിച്ചുകൊണ്ടിരുന്നു.
ചെറുപ്പംമുതല്‍ അപ്പനും ഞാനുമായി വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നെ കഠിനമായി അടിച്ചിട്ടുണ്ട്, ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. ചിലപ്പൊഴൊക്കെ ശപിച്ചിട്ടുണ്ട്. മിണ്ടാതിരുന്നിട്ടുണ്ട്, അപമാനിച്ചിട്ടുണ്ട്, എന്റെ അടുത്തുനിന്ന് പിണങ്ങി ഇറങ്ങിപ്പോയിട്ടുണ്ട്. ഒരു ഫോണ്‍കോള്‍പോലും ഇല്ലാതെ വര്‍ഷങ്ങള്‍ ഇരുന്നിട്ടുണ്ട്. അങ്ങനെ ചിന്തിക്കാവുന്നതിലുമപ്പുറം പ്രശ്നത്തിലൂടെ ഞാനും അപ്പനും കടന്നുപോയിട്ടുണ്ട്. അതിന്റെ വേദനകളെല്ലാം എന്റെ മനസില്‍ കിടക്കുന്നുണ്ടായിരുന്നു. മരണശേഷം അപ്പനെ മോര്‍ച്ചറിയില്‍ വച്ചു. പത്താം തിയതി ദൈവാലയത്തിലേക്ക് കൊണ്ടുപോയപ്പോള്‍ ഞാന്‍ മാത്രമേ ആംബുലന്‍സില്‍ ഉള്ളൂ. ഞാന്‍ അപ്പനോട് ചോദിച്ചു, ”മരിച്ചെന്ന ഒരു തോന്നല്‍ ഇല്ലാതെ, ഇങ്ങനെ അനുഗ്രഹിച്ചു മരിക്കാനായിരുന്നേല് പിന്നെ എന്തിനാ ജീവിച്ചിരുന്ന നാളുകളില്‍ എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയത്?”
അപ്പോള്‍ അപ്പന് എന്നോടിങ്ങനെ പറയുന്നതായി അനുഭവപ്പെട്ടു ”എന്റെ കുഞ്ഞേ, നിന്റെ ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും നീ അതു മറികടക്കുന്നില്ലേ? അതിന് നിനക്ക് വല്ലാത്ത ഒരാത്മധൈര്യം ഉണ്ടല്ലോ. അത് എവിടെനിന്നാ നിനക്ക് കിട്ടിയത് എന്നറിയാമോ? ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ്.”
മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടും ഒരു അപ്പനാരാണ് എന്ന് മനസിലാവാതിരുന്ന ഞാന്‍ ആ നിമിഷം മുതല്‍ ഒരപ്പനാരാണെന്ന് മനസിലാക്കാന്‍ തുടങ്ങി. ഓരോ ആണും അപ്പനാരാണെന്ന് പഠിക്കുന്നത് സ്വന്തം അപ്പന് പോയിക്കഴിയുമ്പോഴാണ്. അപ്പനെ ദൈവാലയത്തില്‍നിന്ന് സെമിത്തേരിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചങ്കുപൊട്ടി ഞാന്‍ കര്‍ത്താവിനോട് ചോദിച്ചു, ”കര്‍ത്താവേ ക്ഷമ, സഹനം- ഒക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന പാഠശാലയാണല്ലോ നീ എടുത്തോണ്ടുപോകുന്നത്. ഇനി ഞാന്‍ ഏത് പാഠശാലയില്‍ ചെന്നു പഠിക്കും?”
അപ്പന്റെ മരണത്തിനുശേഷം സമസ്ത മേഖലയിലും ദൈവം എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. ജോലിയില്‍, ഭവനത്തില്‍, ശുശ്രൂഷയില്‍ എല്ലാം… ‘പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും’ (പ്രഭാഷകന്‍ 3/9).
ഗദ്സമനിയിലെ അപ്പന്റെ ‘കടുത്ത നിശബ്ദത’പോലെതന്നെ അവനവന്റെ കുരിശെടുക്കാന്‍ നമ്മെ ശക്തരാക്കേണ്ടതിന് നമ്മുടെ അപ്പന്മാരെയും സ്വര്‍ഗത്തിലെ അപ്പന് അവനെപ്പോലെയാക്കിയെന്നിരിക്കും. അതിനാല്‍ അപ്പന്മാരോട് ക്ഷമിക്കുക. ഭൗമികപിതാക്കന്മാര് തങ്ങളുടെ ഇഷ്ടമനുസരിച്ച് കുറച്ചുസമയം നമ്മെ പരിശീലിപ്പിച്ചു. എന്നാല്‍ ദൈവം നമ്മെ പരിശീലിപ്പിക്കുമ്പോള്‍ അതിലൂടെ നമുക്ക് നന്മയുണ്ടാകുകയും തന്റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുകയും ചെയ്യും (ഹെബ്രായര്‍ 12/10).
മാരി ക്യരെ എന്ന ഫ്രഞ്ച് കത്തോലിക്കാ നഴ്സ് 1960കളില്‍ വാഹനാപകടത്തില്‍പ്പെട്ട ഒരാളെ പരിചരിക്കാനിടയായി. ആശുപത്രിയിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച അയാളെ തിരിച്ചറിയാനുള്ള ഒന്നും അയാളുടെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ ആത്മകഥാംശമുള്ള കുറിപ്പുകള്‍ ഉണ്ടായിരുന്നു. അനേകം പേരോടൊപ്പം കരുതിക്കൂട്ടി കത്തോലിക്കാ സഭയെ തകിടം മറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു അയാള്‍ എന്ന് അതില്‍ വ്യക്തമായിരുന്നു. മാരി ക്യരെ പില്ക്കാലത്ത് ആ കുറിപ്പുകള്‍ ഒരു പുസ്തകമാക്കി, ‘എ എ 1025- ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍.’
പുസ്തകത്തില്‍ പരാമര്ശിക്കുന്നതനുസരിച്ച് നായകന് കറുത്ത മുടിക്കാരിയായ ഒരു ഫ്രഞ്ച് യുവതിയെ പ്രണയിച്ചിരുന്നു. ഉറച്ച കത്തോലിക്കയായിരുന്നു ആ യുവതി. അയാളെക്കുറിച്ച് കുറെയൊക്കെ മനസിലാക്കിയപ്പോള്‍ ആ യുവതി അയാള്‍ക്കെഴുതിയ കത്തില്നിന്നൊരു ഭാഗമാണിത്.
പ്രിയനേ, ദൈവമില്ലാത്ത ഒരു സഭ സ്ഥാപിക്കുന്നതില്‍ നീ വിജയിച്ചാല്‍ത്തന്നെ, നീ വിജയിച്ചതായി കണക്കാക്കാന്‍ പറ്റില്ല. എന്തെന്നാല്‍ അതുവഴി ദൈവത്തെ ചെറുതാക്കാന്‍ നിനക്ക് കഴിയില്ല. കൊല്ലാനും കഴിയില്ല. ഞാന്‍ നിന്നെയോര്‍ത്ത് വിലപിക്കുകയാണ്. കാരണം അത്ര ബാലിശമായ ജോലിയിലാണ് നീ ഏര്‍പ്പെട്ടിരിക്കുന്നത്. നീ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദൈവം എല്ലായിടത്തുമുണ്ട്; എല്ലാത്തിന്റെയും അധിപനായി. നീ ജീവിക്കുന്നത് അവന്‍മൂലമാണ്; ജീവിതത്തില്‍ തുടരുന്നതും. സഭയെ ബലഹീനമാക്കുന്നതില്‍ നീ വിജയിച്ചേക്കാം. എന്നാല്‍ കഴിഞ്ഞ രണ്ടായിരം വര്ഷങ്ങള്ക്കിടില് എത്രയോ തവണ അങ്ങനെ സംഭവിച്ചിരിക്കുന്നു. എന്നാല്‍ അവയെയൊക്കെ അതിജീവിച്ച് ഓരോ തവണയും കൂടുതല്‍ മനോഹരിയും ശക്തയുമായി അവള് പൂര്‍ണസ്ഥിതി പ്രാപിച്ചിട്ടുമുണ്ട്. യേശുക്രിസ്തുവിന്റെ സഭയ്ക്ക് അനശ്വരത വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കുക. ഇതറിയുന്ന സഭ എന്റെ അധരങ്ങളിലൂടെ നിന്നോട് ഉറക്കെ വിളിച്ചുപറയുകയാണ്- പരിശുദ്ധ ത്രിത്വം ഒരിക്കലും സഭയെ പരിത്യജിക്കുകയില്ല. അവള്‍ക്കെതിരെയുള്ള ഓരോ ആക്രമണവും വിശ്വാസത്തെ വിശുദ്ധീകരിക്കുന്നതിനായി ദൈവം അനുവദിക്കുന്ന ശോധനയാണ്.
പൂര്‍ണമായും മനുഷ്യന്റേതുമാത്രമായ ഒരു സഭയില്‍ ചേരാനുള്ള പ്രലോഭനത്തിന് വളരെ ആത്മാക്കള്‍ വശംവദരായേക്കാം. എല്ലാ വിശ്വാസങ്ങളും സമ്മിശ്രമായി ഒത്തുചേരുന്ന അത്തരമൊരു സഭയില്‍ വ്യത്യസ്ത വിശ്വാസങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വരുമെന്ന് നീ കണക്കുകൂട്ടുന്നു. എന്നാല്‍ കത്തോലിക്കാസഭ വ്യതിരിക്തമായി നിലനില്ക്കുകതന്നെ ചെയ്യും. നീ അവളെ പീഡിപ്പിച്ചാല്‍ അവള് മറഞ്ഞിരുന്നുവെന്ന് വരും. എന്നാല്‍ അവളുടെ ആത്മാവ് ഉണര്ന്നുനില്ക്കുകതന്നെ ചെയ്യും.
സ്വര്‍ഗീയമായ വെളിപാടിനോടുള്ള വിധേയത്വമാണ് ഈ സഭയെ തിരിച്ചറിയാനുള്ള അടയാളം. നിനക്ക് പരിചിതമായി നീ കാണുന്നതില്‍നിന്ന് വ്യത്യസ്തമാണ് സഭയുടെ മേഖല. അത് പ്രകൃത്യാതീതവും വിശുദ്ധവുമാണ്….
ഒരു ലേഖനം ഈയടുത്ത ദിവസങ്ങളില്‍ വായിക്കുവാനിടയായി. അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ എന്ന മഹാനായ ഹോളിവുഡ് നടന്റെ ജീവിതത്തിലെ ഒരു അനുഭവമായിരുന്നു പ്രസ്തുത ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്. ജീവിതത്തില്‍ വ്യത്യസ്തമേഖലകളിലായി ധാരാളം പണവും പ്രശസ്തിയും സമ്പാദിച്ച വ്യക്തിയായിരുന്നു അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍. നടന്, നിര്‍മ്മാതാവ്, ബിസിനസ്സുകാരന്, രാഷ്ട്രീയക്കാരന്, പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ലോകദൃഷ്ടിയില്‍ പലരുടെയും ആരാധനാപാത്രമായിരുന്നു.
ഒരിക്കല്‍ അദ്ദേഹം കാലിഫോര്‍ണിയയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ഗവര്‍ണറായിരിക്കെ അദ്ദേഹം അവിടെയുള്ള ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. ഷ്വാര്സ്നെഗറോടുള്ള ആദരസൂചകമായി ഹോട്ടലധികൃതര്‍ വെങ്കലത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഹോട്ടലിനു മുന്പില് സ്ഥാപിച്ചിരുന്നു. ബോഡി ബില്‍ഡറായ അര്‍നോള്‍ഡ് ഷ്വാര്സ്നെഗറുടെ ഗാംഭീര്യം വിളിച്ചോതുന്ന ആ പ്രതിമ അതുവഴി കടന്നുപോയിരുന്ന എല്ലാവരെയും വളരെയധികം ആകര്‍ഷിച്ചിരുന്നു. ഉദ്ഘാടനദിവസം അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ടായിരുന്ന ആ ഹോട്ടലിന്റെ ഉടമസ്ഥര്‍ അദ്ദേഹത്തിനൊരു വാഗ്ദാനവും നല്കുകയുണ്ടായി. അതിപ്രകാരമായിരുന്നു, ‘സാറിവിടെ എപ്പോള്‍ വന്നാലും താമസിക്കാന്‍ ഒരു മുറി സൗജന്യമായി ഞങ്ങള്‍ സാറിന് തരും.’
ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം ഒരുദിവസം അര്‍നോള്‍ഡ് ഈ ഹോട്ടലിലെത്തി അവിടെ താമസിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ മുറി സൗജന്യമായി നല്കാന് ഹോട്ടല്‍ മാനേജ്മെന്റ് വിസമ്മതിച്ചു. വളരെ തിരക്കേറിയ സമയമായതിനാല്‍ പണം തന്നാല്‍ മാത്രമേ മുറി അനുവദിക്കുകയുള്ളൂ എന്നു പറഞ്ഞ അവര്‍ തങ്ങളുടെതന്നെ മുന്‍ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടുപോയി. അര്‍നോള്‍ഡ് ഉടനെതന്നെ ഒരു സ്ലീപ്പിംഗ് ബാഗ് വാങ്ങിക്കൊണ്ടുവന്ന് തന്റെതന്നെ പ്രതിമയുടെ ചുവട്ടില്‍ വിരിച്ചു കിടന്നു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ‘ഒീം ഠശാല െവമ്ല രവമിഴലറ’ എന്ന തലക്കെട്ടോടെ തെരുവില്‍ പ്രതിമയ്ക്കുകീഴെ താനുറങ്ങുന്ന ചിത്രം ഷ്വാര്‍സ്നെഗര്‍ പങ്കുവച്ചു. ശേഷം അദ്ദേഹം ഇപ്രകാരം എഴുതി, ‘ഞാന്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നെ അവര്‍ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്റെ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. എന്നോടു പറഞ്ഞ വാഗ്ദാനവും അവര്‍ നിറവേറ്റിയില്ല. നിങ്ങളുടെ സ്ഥാനമാനങ്ങളെയോ കൈയിലുള്ള പണത്തെയോ നിങ്ങളുടെ അധികാരത്തെയോ ശക്തിയെയോ നിങ്ങളുടെ ബുദ്ധിയെയോ ആശ്രയിക്കുകയോ വിശ്വസിക്കുകയോ അരുത്. അത് ഒരിക്കലും നിലനില്ക്കുകയില്ല’.
അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ എന്ന മഹാനടന്റെ അനുഭവം നമ്മോടു പറയുന്നതിതാണ്: ലോകം വിലമതിക്കുന്ന സമ്പത്തും ആരോഗ്യവും ബുദ്ധിയും സ്ഥാനമാനങ്ങളും ഒന്നും നിലനില്‍ക്കുന്നതല്ല. എല്ലാം ക്ഷണനേരംകൊണ്ട് നഷ്ടപ്പെട്ടെന്നിരിക്കും. അതുകൊണ്ടുതന്നെ അവയിലൊന്നിലും ആശ്രയിക്കരുത്.
ദൈവമക്കള്‍ക്ക് ഈയൊരു അവസ്ഥയുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. സമ്പത്തും ബഹുമതിയും സ്ഥാനമാനങ്ങളും ആരോഗ്യവും കഴിവുകളുമെല്ലാം ഈശോയുടെ ദാനങ്ങളാണ്. അവയെല്ലാം ധാരാളമായിത്തന്ന ദൈവത്തെ നാം ആരാധിച്ച് മഹത്വപ്പെടുത്തണം. ലഭിച്ച അനുഗ്രഹങ്ങളെല്ലാം ദൈവം നമുക്ക് ദാനമായി നല്‍കിയതാണ് എന്ന പൂര്‍ണബോധ്യം നമുക്കുണ്ടെങ്കില്‍ എപ്പോഴും നാം ദൈവത്തെ മഹത്വപ്പെടുത്തും.
നമ്മുടെ കഴിവുകളിലേക്ക് നോക്കി, ഇത് എന്റേതാണ് എന്ന സ്വാര്‍ത്ഥചിന്തയില്‍ നാം ജീവിക്കരുത്. സ്വാര്‍ത്ഥതയും അഹങ്കാരവും നമ്മിലുണ്ടായാല്‍, അത് നാശത്തിന്റെ മുന്നോടിയായിത്തീരും. ഒരുപക്ഷേ വലിയ തകര്ച്ചകള് ഒന്നുംതന്നെ നമ്മുടെ അനുദിനജീവിതത്തിലുണ്ടാകണമെന്നില്ല. എങ്കിലും ചെറിയ ചെറിയ പ്രയാസങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. നമ്മെ സ്നേഹിക്കുന്ന ദൈവം, നമ്മുടെ വിശുദ്ധീകരണത്തിനു വേണ്ടി അനുവദിക്കുന്ന സഹനങ്ങള്‍ എന്നുംതന്നെ നമ്മുടെ ജീവിതത്തിലുണ്ടാകും. ആത്മീയമായ പുണ്യം നേടാന്‍ ഇത്തരം സഹനങ്ങള്‍ നമ്മെ വളരെയധികം സഹായിക്കും.
ഒരു ദിവസത്തില്‍ത്തന്നെ എളിമപ്പെടാന്‍ എത്രയോ അവസരങ്ങളാണ് നമുക്ക് ജീവിതത്തില്‍ ലഭിക്കുന്നത്. ജീവിതപങ്കാളി, മാതാപിതാക്കള്‍, മക്കള്‍ എന്നിവരോടൊക്കെ സ്നേഹത്തില്‍ വര്‍ത്തിക്കണമെങ്കില്‍ എളിമപ്പെടല്‍ ആവശ്യമാണല്ലോ. വിട്ടുകൊടുക്കാനും താഴാനും എളിമപ്പെടാനും ഓരോ നിമിഷത്തിലും തയ്യാറായാല്‍ പുണ്യപൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ നമുക്ക് സാധിക്കും. നമ്മുടെ സ്വന്തം ഇഷ്ടങ്ങള്‍ ത്യജിക്കേണ്ടിവരുമ്പോള്‍, നമ്മെത്തന്നെ നാം എളിമപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് ദൈവസന്നിധിയില്‍ വലിയ വിലയുണ്ട്. സന്തോഷത്തോടെ, ഈശോയോടുള്ള സ്നേഹത്തെപ്രതി ത്യജിക്കാന്‍ സാധിക്കണമെന്നുമാത്രം.
മുകളില്‍ പറഞ്ഞ അനുഭവത്തില്‍ അര്‍നോള്‍ഡ് പ്രതികരിച്ചത് നാം കണ്ടല്ലോ. അദ്ദേഹം വലിയ ഒരു നടന് ആയിരുന്നതുകൊണ്ട് അങ്ങനെ പ്രതികരിച്ചു. എന്നാല്‍ ദൈവമക്കളായ നാം പ്രതികരിക്കേണ്ടത് എങ്ങനെയാണ്? നമ്മെ വിശുദ്ധിയിലേക്ക് വളര്‍ത്തുന്നതിനാണ് ദൈവം അത്തരം അനുഭവങ്ങള്‍ അനുവദിക്കുന്നത് എന്ന മനോഭാവത്തോടെ അവയെ നാം സ്വീകരിക്കണം. പത്രോസ് ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ‘അല്പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം’ (1 പത്രോസ് 1/6,7). പുണ്യം നേടാന്‍ ദൈവം അനുവദിക്കുന്ന സഹനങ്ങള്‍ നാം ബോധപൂര്‍വം സ്വീകരിക്കണം.
നമ്മുടെ ബലഹീനതകളും കുറവുകളും നമുക്ക് ആത്മീയ വളര്‍ച്ച ലഭിക്കുന്നതിനായി ദൈവം അനുവദിക്കുന്നതാണ്. അതുപോലെ ചില സമയങ്ങളില്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങളും നമുക്ക് പുണ്യം നേടാനായി ദൈവം അനുവദിക്കുന്നതാണ്. നാം സ്വയം ഏറ്റെടുക്കുന്ന സഹനങ്ങളും ഉപവാസവും മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ശുശ്രൂഷകളും നമ്മെ വിശുദ്ധരാകാന്‍ സഹായിക്കും. അതെല്ലാം നമ്മുടെ നിത്യജീവനുവേണ്ടിയുള്ള സമ്പാദ്യമാണ്.
നമ്മുടെ ജീവിതത്തില്‍ പുണ്യം നേടാന്‍ ദൈവം തരുന്ന അവസരങ്ങള്‍ നിത്യജീവന് നേടിയെടുക്കാന്‍ അത്യാവശ്യം വേണ്ടതാണ്. ഈ ലക്ഷ്യബോധം നമുക്കുണ്ടെങ്കില്‍ ഏത് സഹനത്തെയും ഈശോയോട് ചേര്‍ന്ന് സന്തോഷത്തോടെ സ്വീകരിക്കാന്‍ സാധിക്കും. ‘ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക’ എന്ന തിരുവചനം ഏറ്റുചൊല്ലി ശാന്തതയോടെ സൗമ്യതയോടെ പ്രതികരിച്ചാല്‍ മാത്രം മതി. പുണ്യം അഭ്യസിക്കാന്‍ ഒരു എളുപ്പവഴിയാണ് ഇത്.
നമ്മുടെ മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സഹപ്രവര്‍ത്തകര്‍ ഇവരെയെല്ലാം ഈശോ നമുക്ക് സ്നേഹിക്കാന്‍ തന്നിരിക്കുന്നതാണ്. പലപ്പോഴും ഇവരില്‍ നിന്നെല്ലാം നമുക്ക് സഹനങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അവര്‍ നമ്മെ മാനിച്ചു എന്നിരിക്കില്ല. അപ്പോഴെല്ലാം നാം സ്നേഹത്തോടെ അവരോട് പ്രതികരിച്ചാല്‍ അവിടെ ദൈവമഹത്വം ഉണ്ടാകും. നമ്മുടെ ആത്മീയ വളര്‍ച്ചയും ത്വരിതപ്പെടും.
ഈശോയുടെ മകന് അല്ലെങ്കില്‍ മകള്‍ എന്ന പദവിയില്‍ ജീവിക്കുന്ന നാം ജീവിതത്തില്‍ കഷ്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകുമ്പോള്‍ ഈശോയോട് ചേര്‍ന്ന് നിന്ന് അവയൊക്കെ കൈകാര്യം ചെയ്യണം. ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടെന്ന് എന്റെ ജീവിതത്തില്‍ താങ്ങാനാവാത്ത ഒരു സഹനമുണ്ടായി. ഞാന്‍ ഈശോയുടെ അടുത്തേക്കോടിച്ചെന്ന് ഇരുന്നു. വീട്ടില്‍ വേറെ ആരും ഇല്ലായിരുന്നു.
ഭിത്തിയില്‍ ഇരുന്ന കുരിശുരൂപം എടുത്ത് ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഏതാണ്ട് 30 മിനിറ്റ്നേരം എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര് ഒഴുകി. ആ സഹനത്തെ രക്ഷാകരമാക്കിത്തീര്ക്കാന് ഈശോ അനുഗ്രഹിച്ചു. ഓരോ സഹനത്തിനും ഒരു രക്ഷാകരമൂല്യം ഉണ്ട്. കൃപയില്‍, വിശ്വാസത്തില്‍, വളരണമെന്നുണ്ടെങ്കില്‍ സഹനങ്ങളെ നന്ദിയോടെ സ്വീകരിച്ചാല്‍ മതിയാകും. ഓരോ സഹനത്തിന്റെ പുറകിലും ഒരു അനുഗ്രഹം ഒളിഞ്ഞു കിടപ്പുണ്ട്. വചനം പറയുന്നു, ‘അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും’ (1 പത്രോസ് 2/19). തിരുവചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട കൃപയും ഈശോ തരും.
നിത്യതയിലേക്ക് പ്രവേശിക്കുന്നതിന് അനുദിനമുള്ള സഹനങ്ങള്‍ നമ്മെ സഹായിക്കും. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ സഹനങ്ങള്‍ അനിവാര്യമാണ്. ‘സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന് എനിക്ക് യോഗ്യനല്ല’ (മത്തായി 10/38).
പ്രാര്‍ത്ഥന
കാരുണ്യവാനായ ഈശോയേ, ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ രക്ഷാകരമാക്കുന്നതിന് ഞങ്ങളെ അനുഗ്രഹിക്കണമേ. അതുവഴി ഞങ്ങളും, ഞങ്ങള്‍ക്ക് സ്നേഹിക്കുവാനായി തന്നിരിക്കുന്ന വ്യക്തികളും രക്ഷപ്രാപിക്കട്ടെ.
ആസക്തികളാല്‍ നയിക്കപ്പെടുന്ന ഒരു ലോകമാണ് ഇന്നത്തേത്, പണത്തോടും അധികാരത്തോടും ലോകസന്തോഷങ്ങളോടും എല്ലാമുള്ള ആസക്തി. അതിന് അര്‍ത്ഥമുണ്ടെന്നാണ് ലോകം കരുതുന്നത്, അത് സാത്താന് പറയുന്ന നുണയാണെന്ന് ലോകത്തിനോ ലോകത്തിന്റെ മനുഷ്യര്‍ക്കോ മനസിലാവുന്നില്ല. എന്നാല്‍ ബൈബിള്‍ പറയുന്നതനുസരിച്ച് ആസക്തി ഒരു യഥാര്‍ത്ഥ പ്രശ്നമാണ്. ഒരു പ്രധാനകാരണം ഇത്തരം ദുരാശകളുടെ പിന്നാലെ പോകുന്നവര്‍ ലഭിക്കുമെന്ന് കരുതുന്ന സന്തോഷവും സംതൃപ്തിയും ഒരിക്കലും അവര്‍ക്ക് ലഭിക്കുന്നില്ല എന്നതുതന്നെ.
ആസക്തി പുലര്‍ത്തിയിരുന്നത് നേടിയെടുത്ത മനുഷ്യരെ നോക്കിയാല്‍മതി, ഇക്കാര്യം മനസിലാവാന്‍. പൂര്‍ണരാവാനും സംതൃപ്തി നേടാനും സഹായിക്കുമെന്ന് ലോകം പറയുന്നത് അവര്‍ നേടിയെങ്കിലും ഇപ്പോഴും അവര്‍ ശൂന്യതയും തീരാത്ത ആശയും പേറുന്നു.ഇത് ഏതാനും കുറച്ചുപേരെമാത്രം ബാധിക്കുന്ന കാര്യവുമല്ല. നാമെല്ലാം ഈ ആസക്തിയുടെ ഇരകളാകാന്‍ സാധ്യതയുള്ളവരാണ്. അതിനാല്‍ത്തന്നെ ആസക്തിയെക്കുറിച്ച് തിരുവചനം എന്താണ് നമ്മെ പഠിപ്പിക്കുന്നതെന്ന് നാം നന്നായി മനസിലാക്കിയിരിക്കണം.
എന്താണ് ആസക്തി?
ആസക്തിയെന്നാല് ലൈംഗികമായ ആസക്തിമാത്രമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല, അധികാരം, പണം, ഭക്ഷണം തുടങ്ങി പലതിനോടും നമുക്ക് ആസക്തിയുണ്ടാകാം. അത് തുടര്‍ന്ന് തീര്‍ത്തും അസ്വാഭാവികവും അനിയന്ത്രിതവുമായിത്തീരുന്നു. എല്ലാത്തരത്തിലുമുള്ള ആസക്തികളുടെയും ഒരു പ്രത്യേകത അത് നമ്മുടെ അടിസ്ഥാന ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ല എന്നതാണ്. പലപ്പോഴും ആസക്തി പുലര്‍ത്തിയിരുന്നത് ലഭിച്ചുകഴിയുമ്പോള്പ്പിന്നെ സ്വയം ഒരു പരിഹാസമാണ് തോന്നുക. അതിലൂടെ ലഭിക്കുമെന്ന് തോന്നിയതൊന്നും തൃപ്തികരമായി ലഭിക്കുകയുമില്ല. അതിനാല്‍ നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും ആസക്തി രൂപപ്പെടുന്നുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണം.
ആസക്തിയല്ലാത്തത് എന്ത്?
ആഗ്രഹത്തെയും ആസക്തിയെയും കൃത്യമായി വേര്‍തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കുചേരുമ്പോള്‍ മുറിച്ച കേക്ക് കഴിക്കാന്‍ ആഗ്രഹം തോന്നും. അത് ആസക്തിയല്ല, സ്വാഭാവികമായ ആഗ്രഹമാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ലൈംഗിക ആഗ്രഹം ഉണ്ടാകും. അതും ആസക്തിയല്ല, ദാമ്പത്യജീവിതത്തിന് ആവശ്യമായതാണ്.
എന്നാല്‍ ഇതെല്ലാം അനിയന്ത്രിതവും അസഹനീയവുമാകുന്നെങ്കില് ആസക്തിയായി മാറും. തിരിച്ചറിയാനുള്ള ഒരു മാര്‍ഗം അതിന്റെ അടിസ്ഥാനസ്വഭാവം അന്വേഷിക്കുകയാണ്. എനിക്ക് ആഗ്രഹം തോന്നുന്നതെല്ലാം നിര്‍ബന്ധമായും എനിക്ക് വേണമെന്ന സ്വാര്‍ത്ഥതയാണോ എന്ന് ആത്മശോധന ചെയ്യുക. അങ്ങനെയെങ്കില്‍ അത് ആസക്തിയാണെന്ന് മനസിലാക്കാം.
തിരുവചനം എന്ത് പറയുന്നു?
വാസ്തവത്തില്‍ തിരുവചനം ഇതേപ്പറ്റി ഏറെ സംസാരിക്കുന്നുണ്ട്.
ലൈംഗിക ആസക്തി
”വ്യഭിചാരം ചെയ്യരുത് എന്ന് കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോട് പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന് ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” (മത്തായി 5/27-28).
പണത്തോടുള്ള ആസക്തി
”ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്.” (1 തിമോത്തിയോസ് 6/10).
പേരിനും പെരുമയ്ക്കുമായുള്ള ആസക്തി
”മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ച് നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല് നിങ്ങള്‍ക്ക് പ്രതിഫലമില്ല” (മത്തായി 6/1).
ആദരവിനും അംഗീകാരത്തിനുമായുള്ള ആസക്തി
”ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിന് ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാള്‍ ബഹുമാന്യമായ ഒരാളെ അവന് ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന് വന്ന്, ഇവന് സ്ഥലം കൊടുക്കുക എന്ന് നിന്നോട് പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും” (ലൂക്കാ 14/8-9).
അധികാരത്തിനായുള്ള ആസക്തി
”ഒരുവന് ലോകംമുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന് സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” (മത്തായി 16/26).
എന്തുകൊണ്ടാണ് ആസക്തി പാപമാകുന്നത്?
ആസക്തി യുക്തിയില്ലാതെയാക്കുന്നു
നിങ്ങള്‍ ആശിക്കുന്ന ഒന്നിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന അവസ്ഥ വരുന്നുണ്ടെങ്കില്‍ അത് അനിയന്ത്രിതമാണ്, അപകടകരമായ ആസക്തിയാണ്.
പ്രവൃത്തിയുടെ അനന്തരഫലമെന്തെന്ന് മറന്നുപോകുന്നു
ആസക്തിയാല്‍ ദഹിക്കുമ്പോള്‍ താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ അപകടകരമാണോ എന്നത് ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.
സ്ഥിതി മുമ്പത്തെക്കാള്‍ മോശമാകുന്നു
കഠിനമായി ആശിച്ചത് സ്വന്തമാക്കിയാലും യഥാര്‍ത്ഥസംതൃപ്തി ലഭിക്കുന്നില്ലാത്തതിനാല്‍ സ്ഥിതി മുമ്പത്തേതിലും മോശമാവുകയാണ് ചെയ്യുന്നത്.
”ദ്രവ്യാഗ്രഹിക്ക് ദ്രവ്യംകൊണ്ട് തൃപ്തി വരികയില്ല. ധനം മോഹിക്കുന്നവന്‍ ധനംകൊണ്ട് തൃപ്തിയടയുകയില്ല” (സഭാപ്രസംഗകന്‍ 5/10). ഈ വചനം ധനത്തോടുമാത്രമല്ല, എന്തിനോടുമുള്ള ആസക്തിയെ സംബന്ധിച്ചും ശരിയാണ്.
ആസക്തികളെ ക്രൈസ്തവന് നേരിടുന്നതെങ്ങനെ?
”ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്ണവളര്ച്ചപ്രാപിക്കുമ്പോള് മരണത്തെ ജനിപ്പിക്കുന്നു”(യാക്കോബ് 1/14-15).
ആന്തരികമായ ആഗ്രഹങ്ങളില്‍നിന്നാണ് ആസക്തികള്‍ രൂപമെടുക്കുന്നത് എങ്കിലും ബാഹ്യമായ ഘടകങ്ങള്‍ അവയ്ക്ക് ആക്കം കൂട്ടിയേക്കാം. ആ ബാഹ്യഘടകങ്ങള്‍ നിങ്ങളുടെ ഉള്ളിലെ ആഗ്രഹവുമായി ചേരുമ്പോള്‍ അത് ഗര്‍ഭം ധരിക്കുന്ന ഘട്ടമാണെന്ന് പറയാം. അത് വളര്‍ത്തി മരണത്തെ ജനിപ്പിക്കുന്ന അവസ്ഥയിലെത്തിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണ്.
അതിജീവനത്തിനുള്ള വഴികള്‍
പൊത്തിഫറിന്റെ ഭാര്യ ജോസഫിനെ തെറ്റായ ബന്ധത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അവന് അവളില്‍നിന്ന് അകന്നുനിന്നു. ദൈവത്തെയും തന്റെ യജമാനനെയും ആദരിക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്തത്.
സഹായകഘടകങ്ങള്‍ ഒഴിവാക്കുക
അത്തരം ഘടകങ്ങള്‍ ആസക്തികളെ വളര്‍ത്തുന്നു. അതിനാല്‍ നിങ്ങളുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും മനസിനും അത്തരം അനുഭവങ്ങള്‍ നല്കി പോഷിപ്പിക്കാതിരിക്കുക. വിശദീകരിക്കാനായി ഒരു സംഭവം പറയാം.
ഒരിക്കല്‍ ഞാന്‍ മകളുമൊത്ത് ടി.വിയില്‍ ഒരു പാചകമത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പാചകവിദഗ്ധരെല്ലാം പാകം ചെയ്ത വിഭവങ്ങള്‍ മനോഹരമായി ഒരുക്കി വയ്ക്കുന്നു. അതെല്ലാം കണ്ട് മകള്‍ പറയുകയാണ് വിശക്കുന്നുവെന്ന്. ഇതാണ് ആസക്തികള്‍ പ്രവര്‍ത്തനക്ഷമമാകുന്ന രീതി. നിങ്ങള്‍ ഏതിലാണോ അധികം സമയം ചെലവഴിക്കുന്നത്, അത് നിങ്ങളെ വിശപ്പുള്ളവരാക്കിമാറ്റും. ആ വിശപ്പ് തൃപ്തിപ്പെടുകയുമില്ല. അതുകൊണ്ടാണ് തിരുവചനം ഇപ്രകാരം പറയുന്നത്- ”വലത്തുകണ്ണ് നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് അവയവങ്ങളിലൊന്ന് നഷ്ടപ്പെടുകയാണ്, വലത്തുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക, ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത് അവയവങ്ങളിലൊന്ന് നഷ്ടപ്പെടുന്നതാണ്” (മത്തായി 5/29-30).
പരിശുദ്ധാത്മാവിനാല്‍ നിറയാനായി ആഗ്രഹിക്കുക
”ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്” (ഗലാത്തിയാ 5/16). ആസക്തികളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല വഴി അവയെ അതിനെക്കാള്‍ ഉന്നതമായ ആത്മശക്തികൊണ്ട് നേരിടുക എന്നതാണ്. എത്രത്തോളം നാം പരിശുദ്ധാത്മാവിന് വഴങ്ങുന്നോ അത്രത്തോളം നിയന്ത്രണശേഷി ആസക്തികളുടെമേല് നമുക്കുണ്ടാകും.
നമുക്കെല്ലാംതന്നെ ആസക്തികളായി മാറാന്‍ സാധ്യതയുള്ള ചില ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. ഓരോരുത്തര്‍ക്കും അത് വ്യത്യസ്തവുമായിരിക്കാം. പക്ഷേ ഫലം ഒന്നുതന്നെ, നഷ്ടം. അതിനാലാണ് ആസക്തികളെക്കുറിച്ചും അവയെ അതിജീവിക്കുന്നതിനെക്കുറിച്ചും തിരുവചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചത്.
ദൈവാനുഗ്രഹത്താല്‍, അതൊന്നും നമ്മുടെ ശക്തികൊണ്ട് ചെയ്യേണ്ടതില്ല എന്ന് വ്യക്തമായല്ലോ. തീര്‍ച്ചയായും നമ്മുടെ ഭാഗത്തുനിന്ന് ചിലത് ചെയ്യേണ്ടതുണ്ട്. എന്നാല്‍, പരിശുദ്ധാത്മാവില്‍ ശക്തി കണ്ടെത്തുക എന്നതാണ് ഏറ്റം പ്രധാനം. ശരിയായ വഴിയില്‍ മുന്നേറാന്‍ അവിടുന്ന് നമ്മെ സഹായിക്കും, അതിനാല്‍ ഏത് പ്രലോഭനവും ആസക്തിയുമാകട്ടെ അതിനെ അതിജീവിച്ച് തലയുയര്‍ത്തി നില്ക്കാന് നമുക്ക് സാധിക്കും.
'ഓ എന്റെ കര്‍ത്താവേ, മാനസാന്തരപ്പെട്ട,
മറ്റൊരു ആത്മാവും അനുതപിച്ചിട്ടില്ലാത്തവിധം ആഴമായ അനുതാപത്തിലേക്ക് എന്നെ
നയിക്കണമേ. മറ്റാരും സ്നേഹിച്ചിട്ടില്ലാത്തവിധം അങ്ങയെ സ്നേഹിക്കാന്‍ എനിക്ക് ശക്തി
നല്കണമേ. എന്റെ പ്രിയപ്പെട്ട ഈശോ, ഇന്നുമുതല്‍ ഒരൊറ്റ ദിവസംപോലും പശ്ചാത്തപിക്കാതെയും അവിടുത്തോടുള്ള സ്നേഹത്താലും
കൃതജ്ഞതയാലും നിറയപ്പെടാതെയും
കടന്നുപോകാന്‍ ഇടവരരുതേ എന്ന് ഏറ്റവും
വിനയത്തോടെ ഞാന്‍ യാചിക്കുന്നു.
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്നേഹാഗ്നിജ്വാല
ഒരു വിശുദ്ധ വനിതയായിരുന്നു മദര്‍ ബസ്ലിയാ സ്ലിങ്ക്. ഏറെ പ്രാര്‍ത്ഥിച്ചും ദൈവത്തോട് ആലോചന ചോദിച്ചും അവര്‍ ഒരു പ്രോജക്റ്റ് തുടങ്ങി, ‘കാനാന്‍.’ പക്ഷേ ഗവണ്മെന്റ് അധികാരികളുടെ എതിര്നിലപാടുമൂലം പ്രോജക്റ്റ് പാതിവഴിയില്‍ നിലച്ചുപോയി. പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും മുന്നോട്ടുപോകാന്‍ പറ്റുന്നില്ല. അതുവരെയും മദറിനെ പ്രോത്സാഹിപ്പിച്ചിരുന്നവര്തന്നെ എതിരായി സംസാരിക്കാന്‍ തുടങ്ങി. അവരുടെ സമൂഹത്തിലുണ്ടായിരുന്ന സഹോദരിമാര്‍ പലരും വിട്ടുപോകാനും ആരംഭിച്ചു. വിജയിച്ച് മുന്നേറിയപ്പോള്‍ ആദരവോടെ വണങ്ങിയിരുന്നവരെല്ലാം ഇതാ തന്നെ കൈയൊഴിഞ്ഞിരിക്കുന്നു. ദൈവവും കൈവിട്ട അവസ്ഥ. കൂരിരുള്‍ നിറഞ്ഞ ആ ദിനങ്ങളില്‍ മദര്‍ പ്രാര്‍ത്ഥിച്ചത് വ്യത്യസ്തമായ ഒരു പ്രാര്‍ത്ഥനയാണ്. അതിലൂടെ അവര്‍ ആ സാഹചര്യത്തെ അതിജീവിച്ചു. പിന്നീട് ആ പ്രോജക്റ്റിന് ടൗണ്‍ കൗണ്‍സില്‍ അനുമതി നല്‍കുകയും ചെയ്തു.
മദറിന്റെ പ്രാര്‍ത്ഥന
”പിതാവേ, എനിക്കൊന്നും മനസിലാകുന്നില്ല. എങ്കിലും
ഞാനങ്ങയില്‍ വിശ്വസിക്കുന്നു.”
‘പ്രലോഭനങ്ങളേ വിട’