- Latest articles
”ഞാന്‍ സ്വര്‍ഗരാജ്ഞിയായ മാതാവിനെ കണ്ടു!” സന്തോഷകരമായ ഈ അനുഭവം കാതറൈന്‍ പലരോടും പറഞ്ഞു. ബാല്യത്തില്‍ത്തന്നെ ദര്‍ശനങ്ങളിലൂടെ കാതറൈന് ദൈവികമായ അറിവുകളും ഉള്‍ക്കാഴ്ചകളും ലഭിച്ചിരുന്നു. സ്വര്‍ഗ്ഗരാജ്ഞിയായ ദൈവമാതാവിനെ പലപ്പോഴും ദര്‍ശിച്ചു. കര്‍ത്താവിനോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടുമെല്ലാം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു അവള്‍.
വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ അവള്‍ വിവരിക്കുന്നതുകേട്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്കിലും, ചില കേള്‍വിക്കാരുടെ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും ലളിതമനസുള്ള അവളുടെ മനസ്സമാധാനത്തെ ഉലച്ചു. സാവധാനം കാതറൈന്‍ ഒരു കാര്യം മനസിലാക്കി, എല്ലാം എല്ലാവരോടും പങ്കുവയ്ക്കാനുള്ളതല്ല. അതിനുശേഷമാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് നല്ലതെന്ന തീരുമാനത്തില്‍ അവള്‍ എത്തിയത്.
1774 സെപ്തംബര്‍ 8-നായിരുന്നു ജര്‍മ്മനിയില്‍ കോസ്‌ഫെല്‍ഡ് എന്ന സ്ഥലത്തുനിന്ന് ഏകദേശം ഒന്നരമൈല്‍ ദൂരെയുള്ള ഫ്‌ളാംസകെ എന്ന ഗ്രാമത്തില്‍ ആന്‍ കാതറൈന്‍ എമറിച്ച് എന്ന കാതറൈന്‍ ജനിച്ചത്. ബര്‍ണ്ണാര്‍ഡ് എമറിച്ച്, ആന്‍ഹില്ലര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. വളരെ ദരിദ്രമായ ഒരു കര്‍ഷക കുടുംബമായിരുന്നു അവരുടേത്. എന്നാല്‍ നന്മയിലും ഭക്തിയിലും അവര്‍ സമ്പന്നരായിരുന്നു.
നന്മതിന്മകളെ സ്വഭാവേന തിരിച്ചറിയാനുള്ള സ്വാഭാവികവും ആത്മീയവും ആയ സിദ്ധി ശൈശവം മുതലേ കാതറിന് ഉണ്ടായിരുന്നു. വളരെ അസാധാരണമായ അനുഗ്രഹങ്ങളും ദൈവത്തില്‍നിന്ന് അവള്‍ക്ക് ലഭിച്ചു. എങ്കിലും, സാധാരണ കര്‍ഷക പെണ്‍കുട്ടിയെപ്പോലെ കഠിനാദ്ധ്വാനം ചെയ്താണ് അവള്‍ ജീവിച്ചത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പാഠശാലയിലായിരുന്നു പഠനം. അത്യാവശ്യത്തിനുമാത്രം ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്തു. പതിവായി അവള്‍ രാത്രി വളരെ സമയം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
ഒരു സന്യാസിനി ആകണം എന്ന് വളരെ ചെറുപ്പം മുതല്‍ ആഗ്രഹിച്ച കാതറൈന്‍ പ്രായപൂര്‍ത്തി ആയപ്പോള്‍ മൂന്ന് മഠങ്ങളില്‍ പ്രവേശനം അന്വേഷിച്ചു. എന്നാല്‍ കുടുബത്തിലെ ദാരിദ്ര്യവും ആ മഠങ്ങളുടെ അവസ്ഥയും തടസമായിരുന്നു. ആന്തരികപ്രചോദനത്താല്‍ പ്രേരിതയായി തയ്യല്‍ ജോലിയിലും സംഗീതപഠനത്തിലും ഏര്‍പ്പെട്ട് സല്‍പ്രവൃത്തികളിലും പ്രാര്‍ത്ഥനയിലും മുഴുകി കോഫെല്‍ഡില്‍തന്നെ അവള്‍ കഴിഞ്ഞുകൂടി.
പിന്നീട് ഡല്‍മനിലെ അഗസ്റ്റീനിയന്‍ സന്യാസിനികള്‍ അവളെ സ്വീകരിക്കാന്‍ സന്നദ്ധരായതോടെ സന്യാസം സ്വീകരിക്കണമെന്ന കാതറൈന്റെ ആഗ്രഹം സഫലമായി. 1802 നവംബര്‍ 13ന് ആന്‍ കാതറൈന്‍ നോവിഷ്യേറ്റില്‍ പ്രവേശിച്ചു. 1803 നവംബര്‍ 13-ന് കാതറൈന്‍ ഈശോയുടെ മണവാട്ടിയായി വ്രതം ചെയ്തു. ഇരുപത്തിയൊമ്പത് വയസായിരുന്നു അപ്പോള്‍.
മെലിഞ്ഞും ക്ഷീണിച്ചും കാണപ്പെട്ട ആന്‍ കാതറൈന്‍ മഠത്തിലെ ജീവിതകാലത്ത് പലവിധ രോഗങ്ങള്‍ക്കും അടിപ്പെട്ടു. ശാരീരികവും മാനസികവുമായ ക്ലേശങ്ങളെല്ലാം അവള്‍ വളരെ ക്ഷമയോടെ സഹിച്ചു. അവളുടെ സഹനങ്ങള്‍ മനസിലാക്കാന്‍ കഴിയാതെ പോയ ചിലര്‍ അവളെ കുറ്റപ്പെടുത്തിയെങ്കിലും അവരോട് തികഞ്ഞ സ്‌നേഹത്തോടെയാണ് കാതറൈന്‍ പെരുമാറിയിരുന്നത്. തീക്ഷ്ണമായ പരസ്‌നേഹത്തിന്റെ ഫലമായി ലഭിച്ചവയായിരുന്നു അവളുടെ അസുഖങ്ങള്‍ ഏറെയും. ക്ഷമയോടെ സഹിക്കുന്നതിന് സാധിക്കാത്തവരുടെ രോഗങ്ങളും പാപങ്ങളും അവള്‍ ഏറ്റെടുത്തിരുന്നു. പാപത്തിന് പരിഹാരം ചെയ്യുന്നതിനായും മറ്റുള്ളവരുടെ വേദനകള്‍ക്ക് ശമനം ലഭിക്കുന്നതിനായും തന്നെത്തന്നെ അവള്‍ ദൈവതൃക്കരങ്ങളിലേക്ക് വിട്ടുകൊടുത്തിരുന്നു. അവളുടെ ബലി സ്വീകരിച്ചുകൊണ്ട് തന്റെ പീഡാനുഭവത്തിന്റെ യോഗ്യതയില്‍ പങ്കുചേരാനും തിരുമുറിപ്പാടുകള്‍ കാതറൈന്റെ ശരീരത്തിലും നല്‍കാനും അവിടുന്ന് തിരുമനസ്സായി.
1812 ഡിസംബര്‍ 29-ാം തിയ്യതി ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അവള്‍ യേശുനാഥന്റെ സഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, നാഥനോടുകൂടി സഹിക്കുവാന്‍ തന്നെയും അനുവദിക്കണമെന്ന് അപേക്ഷിച്ച്, കൈകള്‍ നീട്ടി, സ്‌നേഹപാരവശ്യത്തോടെ അവളുടെ ചെറിയ മുറിയില്‍ കിടക്കുകയായിരുന്നു. ഈശോയുടെ അഞ്ച് തിരുമുറിവുകളെ മനസില്‍ കണ്ടുകൊണ്ട് സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം അഞ്ചു പ്രാവശ്യം അവള്‍ ചൊല്ലി, ഹൃദയം ദൈവസ്‌നേഹത്താല്‍ ഉജ്ജ്വലിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. ഒരു പ്രകാശം അവളുടെ നേര്‍ക്ക് ഇറങ്ങിവന്നു. അതിനുള്ളില്‍ ക്രൂശിതനായ രക്ഷകന്റെ രൂപം അവള്‍ കണ്ടു. യേശുവിന്റെ തിരുമുറിവുകള്‍ തീജ്വാലപോലെ പ്രകാശിച്ചപ്പോള്‍ അവളുടെ ഹൃദയം സന്തോഷത്താലും ദുഃഖത്താലും നിറഞ്ഞു കവിഞ്ഞു.
കര്‍ത്താവിനോടൊത്ത് സഹിക്കുവാനുള്ള അവളുടെ ആഗ്രഹത്തെ ഈ ദര്‍ശനം പൂര്‍വ്വാധികം വര്‍ദ്ധിപ്പിച്ചു. രക്തത്തിന്റെ നിറമുള്ള അമ്പുപോലെ കൂര്‍ത്ത കതിരുകള്‍, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകളില്‍നിന്നും പുറപ്പെട്ട്, കൈകാലുകളിലും ശരീരത്തിന്റെ വലതുവശത്തും തുളച്ചു കയറുന്നതായി അവള്‍ക്കനുഭവപ്പെട്ടു. മുറിവുകളില്‍നിന്നും രക്തത്തുള്ളികള്‍ ഒഴുകുവാന്‍ തുടങ്ങി. അവള്‍ ബോധരഹിതയായിത്തീര്‍ന്നു. ബോധം തെളിഞ്ഞപ്പോള്‍ തന്റെ ഉള്ളംകൈയ്യില്‍നിന്നും രക്തം ഒഴുകുന്നത് ആശ്ചര്യത്തോടെയാണ് അവള്‍ കണ്ടത്. തിരുമുറിവുകള്‍ ഏറ്റുവാങ്ങിയശേഷം കൂടുതല്‍ രോഗിയായിത്തീര്‍ന്ന അവള്‍ക്ക് ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കുക പ്രയാസമായിത്തീര്‍ന്നു.
1813 ആഗസ്റ്റ് 25-ന് അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ മധ്യസ്ഥനായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ദിവസം ദിവ്യനാഥന്‍ കാതറൈന് പ്രത്യക്ഷപ്പെട്ട് വലതുകൈകൊണ്ട് അവളുടെ ശരീരത്തില്‍ ഒരു കുരിശ് വരച്ചു. അപ്പോള്‍മുതല്‍ അവളുടെ ഹൃദയഭാഗത്ത് മൂന്നിഞ്ച് നീളവും ഒരിഞ്ച് വീതിയുമുള്ള കുരിശടയാളം ഉണ്ടായി. ആദ്യം ബുധനാഴ്ചകളിലും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഈ കുരിശടയാളത്തില്‍ നിന്ന് രക്തം ഒഴുകിത്തുടങ്ങി. 1814 ആയപ്പോള്‍ രക്തത്തിന്റെ ഒഴുക്ക് ഇടയ്ക്കിടെ മാത്രമായി. പക്ഷേ കുരിശ് എല്ലാ വെള്ളിയാഴ്ചകളിലും അഗ്‌നിപോലെ ജ്വലിച്ചുകൊണ്ടിരുന്നു.
അനേകം ഡോക്ട്ടര്‍മാരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആന്‍ കാതറൈന്‍ എമറിച്ച് എന്ന സന്യാസിനിയെ സന്ദര്‍ശിച്ച് അവളില്‍ നടക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ കണ്ട് ബോധ്യപ്പെട്ടു. വിവരിക്കാന്‍ സാധിക്കാത്ത സഹനം തിരുമുറിവുകള്‍ അവള്‍ക്കു നല്‍കി. ചിലപ്പോള്‍ രഹസ്യമായ വഴക്കുകളും പരസ്യമായ അധിക്ഷേപങ്ങളും ഡോക്ടര്‍മാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും അവള്‍ക്ക് ലഭിച്ചിരുന്നു. നാളുകള്‍ കഴിയുന്നതനുസരിച്ച് വേദന വര്‍ദ്ധിച്ചുകൊണ്ടിരുന്നെങ്കിലും അതില്‍ അവള്‍ നിര്‍വൃതി കണ്ടെത്തി. രക്തം അവളുടെ മുഖത്തും കഴുത്തിലും ഒഴുകിയെത്തുകയും ചിലപ്പോള്‍ അവളുടെ തലമുണ്ട് അതില്‍ നനയുകയും ചെയ്തിരുന്നു. 1819 ഏപ്രില്‍ 19-ന് ദുഃഖവെള്ളിയാഴ്ച അവളുടെ അഞ്ച് മുറിവുകളില്‍നിന്നും രക്തം ഒഴുകി.
യേശുവിന്റെയും മറിയത്തിന്റെയും ജീവിതം, തിരുസഭയുടെ അവസ്ഥ മുതലായ കാര്യങ്ങളെക്കുറിച്ചും വ്യക്തിപരമായ പല അനുഭവങ്ങളെക്കുറിച്ചും ദര്‍ശനങ്ങളിലൂടെ അവള്‍ മനസ്സിലാക്കി. 1823-ലെ പെസഹാവ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും അതായത്, മാര്‍ച്ച് 27നും 28നും അവള്‍ക്ക് പീഡാനുഭവത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ലഭിക്കുകയും, തത്‌സമയം അവളുടെ മുറിവുകളില്‍നിന്ന് രക്തം പ്രവഹിക്കുകയും ചെയ്തു. ഈശോയുടെ പരസ്യജീവിതകാലത്തു നടന്ന (സ്വര്‍ഗാരോഹണം വരെ) സംഭവങ്ങള്‍ക്ക് പുറമെ, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം, അപ്പസ്‌തോലന്‍മാരുടെ ഏതാനും ആഴ്ചകളിലെ പ്രവര്‍ത്തനങ്ങള്‍ അവള്‍ കാണുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
അവള്‍ക്ക് ലഭിച്ച ദര്‍ശനങ്ങള്‍ വെറുമൊരു ആധ്യാത്മിക അനുഭൂതിയായിട്ടുമാത്രമല്ല അവള്‍ കണക്കാക്കിയത്, ക്രിസ്തുവിന്റെ യോഗ്യതകള്‍ തിരുസഭയ്ക്ക് നല്കുന്നതിനായി അരൂപിയില്‍ നിറഞ്ഞ് ദൈവത്തോട് നടത്തിയ ഹൃദയംഗമമായ പ്രാര്‍ത്ഥനയായിട്ടാണ്. ലഭിച്ചിരുന്ന ദര്‍ശനങ്ങള്‍ ഒരിക്കലും അവളുടെ ക്രിസ്തീയജീവിതത്തിന്റെ ബാഹ്യരൂപത്തെ സ്വാധീനിച്ചിരുന്നതായി നാം കാണുന്നില്ല. അവളുടെ ജീവിതത്തില്‍ അവയ്ക്കു വലിയ പ്രാധാന്യം നല്‍കപ്പെട്ടിരുന്നുമില്ല. എമറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: ‘നിങ്ങള്‍ വായിക്കേണ്ടത് ബൈബിള്‍ മാത്രമാണ്. അതില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു.’
1823 അവസാനമായപ്പോള്‍, ഇനിയും ഏറെനാള്‍ താന്‍ ഈ ലോകത്തില്‍ കാണുകയില്ല എന്ന് അവള്‍ മനസ്സിലാക്കി. വളരെ ക്ഷീണിതയായിരുന്നെങ്കിലും ദര്‍ശനങ്ങളുടെ വിവരണം പൂര്‍ത്തിയാക്കുവാന്‍ അവള്‍ ആഗ്രഹിച്ചു ആ വര്‍ഷത്തെ നോമ്പുകാലധ്യാനവിഷയമായി യേശുവിന്റെ പീഡാനുഭവം അവള്‍ തെരഞ്ഞെടുത്തു. ‘യേശുവിന്റെ പീഡാനുഭവരംഗങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ രണ്ട് വാല്യങ്ങളില്‍ നമ്മള്‍ വായിക്കുന്നത് ഈ ധ്യാനവേളകളില്‍ അവള്‍ക്കുണ്ടായ ദര്‍ശനങ്ങളാണ്.
എമറിച്ചിന്റെ ജീവിതത്തിലെ അവസാനത്തെ പതിനാലു ദിവസം അവള്‍ക്കു സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനവര്‍ഷത്തെ ഏതാനും സംഭവങ്ങളുടെ വിവരണം നമുക്ക് ലഭിച്ചിട്ടില്ല. 1824 ഫെബ്രുവരി 9-ാം തീയതി രാത്രി 8.30-ന് അവളുടെ സഹനജീവിതം സമാപിച്ചു. 49 വയസായിരുന്നു അവള്‍ക്കപ്പോള്‍. പിന്നീട് അവളുടെ ജീവിതം തിരുസഭ പഠനവിധേയമാക്കി. അതിന്റെ ഫലമായി 2004 ഒക്‌ടോബര്‍ 3-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആന്‍ കാതറൈന്‍ എമറിച്ചിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
'സുവിശേഷമോ യേശു പകര്‍ന്നുതന്ന മൂല്യങ്ങളോ ഒക്കെ കുട്ടികളെ പഠിപ്പിക്കാന്‍ എന്തുചെയ്യും? അതെല്ലാം അവരെ പഠിപ്പിക്കാന്‍ എളുപ്പമുള്ള മറ്റൊരു വഴിയുണ്ട്. അതാണ് വിശുദ്ധരുടെ ജീവിതകഥകള്‍. കാരണം കുട്ടികള്‍ കാര്യങ്ങള്‍ പഠിക്കുന്നത് അനുകരണത്തിലൂടെയാണ്. അതിനാല്‍ത്തന്നെ വചനത്തിന്റെ സാക്ഷികളായ വിശുദ്ധരുടെ ജീവിതങ്ങള്‍ അനുകരിച്ച് പഠിക്കുക എന്നത് അവര്‍ക്ക് താരതമ്യേന എളുപ്പമായിരിക്കും. നമുക്ക് മുമ്പേ സ്വര്‍ഗത്തിലേക്ക് കടന്നുപോയ ഈ സഹോദരീസഹോദരന്‍മാര്‍ നമ്മുടെ കുട്ടികളുടെ വിശ്വാസം രൂപീകരിക്കുന്നതില്‍ വളരെ പ്രധാനമായ പങ്കാണ് വഹിക്കുന്നത്.
എങ്ങനെയൊക്കെയാണ് വിശുദ്ധര്‍ കുട്ടികള്‍ക്ക് സഹായമാകുന്നത്?
വിശുദ്ധര്‍ക്ക് അവരുമായി സാമ്യമുണ്ട്
പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും സുവിശേഷം പഠിക്കുന്നതുമെല്ലാം തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച്, ഉപമകളിലൂടെ, സന്ദേശങ്ങള്‍ കുട്ടികളുടെ മനസിലുറപ്പിക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ഇന്നത്തെ കുട്ടികളുടെ ജീവിതമെടുത്ത് നോക്കിയാല്‍ സുവിശേഷകാലഘട്ടത്തിലെ ജീവിതരീതികളില്‍നിന്നും അവര്‍ ഏറെ വിദൂരത്താണെന്ന് കാണാം. എന്നാല്‍ സമീപകാല വിശുദ്ധരുടെ ജീവിതം അവര്‍ക്ക് കുറച്ചുകൂടി എളുപ്പത്തില്‍ മനസിലാവും. ഉദാഹരണത്തിന് വീഡിയോ ഗെയിം കളിക്കുകയും ജീന്‍സും നൈക്കി ഷൂസും ധരിക്കുകയും ചെയ്യുന്ന പതിനഞ്ച് വയസുകാരനും അതോടൊപ്പം ദിവ്യകാരുണ്യഭക്തനുമായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിനെ കുട്ടികള്‍ക്ക് മനസിലാക്കാനും അനുകരിക്കാനും എളുപ്പമാണ്.
പണ്ടത്തെ കാലത്തെ രക്തസാക്ഷികളെപ്പോലെയല്ല അവന്‍ മരിച്ചത്, രോഗം നിമിത്തമാണ്. ഇന്നത്തെ കുട്ടികള്‍ അങ്ങനെയുള്ള സമപ്രായക്കാരെ അവരുടെതന്നെ കുടുംബങ്ങളില്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വചനസാക്ഷിയായ ജീവിതം, അനുകരിക്കാന്‍ കഴിയുന്ന ചിലതെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. എല്ലായ്‌പോഴും പുതിയ കാലത്തെ വിശുദ്ധര്‍തന്നെ ആവണമെന്നില്ല, നിങ്ങളുടെ കുട്ടിയുടെ അതേ താത്പര്യങ്ങളുള്ള വിശുദ്ധര്‍, സ്വന്തം രാജ്യത്തുനിന്നുള്ള വിശുദ്ധര്‍, അല്ലെങ്കില്‍ ഒരേ പേരുള്ള വിശുദ്ധന്‍/വിശുദ്ധ… അങ്ങനെ എന്തെങ്കിലും സാമ്യം ഉള്ളവരായിരുന്നാല്‍ മതി.
വിശ്വാസജീവിതത്തിന് ഒരു സുഹൃത്ത്
ഏറെ വിശുദ്ധരുണ്ടെങ്കിലും കുട്ടിക്ക് അടുപ്പം തോന്നുന്ന ഒരു പ്രത്യേകവിശുദ്ധനോ വിശുദ്ധയോ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. അവരെപ്പോഴും കുട്ടിയ്ക്ക് സഹായമായി കൂടെയുണ്ടാകുമെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യാം. പേരു ചേര്‍ത്തോ അല്ലാതെയോ ചേച്ചീ, ചേട്ടാ എന്ന് വിളിക്കാന്‍ പരിശീലിപ്പിക്കുന്നത് അവരുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് വിശുദ്ധ മിഖായേലിനെ മിക്കുച്ചേട്ടായി, വിശുദ്ധ ലിറ്റില്‍ ഫ്‌ളവറിനെ ലിറ്റിച്ചേച്ചി എന്നിങ്ങനെയൊക്കെ വിളിക്കാം.
കുട്ടി വളരുന്നതനുസരിച്ച് പ്രിയപ്പെട്ട വിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ ദൈവികബോധ്യങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊള്ളും. പ്രായം കൂടുന്തോറും അവരുടെ ബന്ധവും വളരുകയും അതിന് ആനുപാതികമായി വിശ്വാസജീവിതത്തില്‍ കരുത്ത് പ്രാപിക്കുകയും ചെയ്യും.
മികച്ച റോള്‍ മോഡലുകള്‍
വിശുദ്ധരുടെയെല്ലാം ജീവിതം പരിശോധിക്കുകയാണെങ്കില്‍ വളരെ താത്പര്യം ജനിപ്പിക്കുന്നതാണെന്ന് കാണാം. ചിലര്‍ ദൈവത്തിന് സമര്‍പ്പിതരായി ജനിച്ചു. ചിലരാകട്ടെ വിശ്വാസത്തിലേക്ക് വന്നത് ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളിലാണ്. എന്നാല്‍ ഒരിക്കല്‍ അവര്‍ അത് മനസിലാക്കിയപ്പോള്‍ അസാധാരണമായിത്തന്നെ അതിനനുസരിച്ച് ജീവിച്ചു. അതിനാല്‍ത്തന്നെ നിങ്ങളുടെ കുട്ടി ഏത് പുണ്യാത്മാവിനെ തെരഞ്ഞെടുത്താലും അനുകരിക്കാന്‍ തക്ക ഒരു ‘റോള്‍ മോഡല്‍’തന്നെയായിരിക്കും അത്.
പ്രത്യാശ ലഭിക്കും
വിവിധ വിശുദ്ധരെക്കുറിച്ച് പഠിക്കുമ്പോള്‍ ചരിത്രത്തെക്കുറിച്ച് ഒരു അവബോധം കുട്ടിക്ക് ലഭിക്കും. എന്തെല്ലാം അനീതികളാണ് നിലനിന്നിരുന്നതെന്ന് മനസിലാക്കാനും കഴിയും. അനീതികളും പീഡനങ്ങളും നേരിടേണ്ടിവന്നിട്ടും ധൈര്യത്തോടെ, ദൈവത്തെ തള്ളിപ്പറയാതെ ചേര്‍ന്നുനിന്നവരാണ് വിശുദ്ധരെന്നത് അവരെയും പ്രചോദിപ്പിക്കും. അതോടൊപ്പം പ്രതിസന്ധികളില്‍ പ്രത്യാശ പകരുകയും ചെയ്യും.
'ചിന്താശീലരായ നല്ലൊരു പങ്ക് മനുഷ്യരിലും ഒരു വിഗ്രഹഭഞ്ജകന്‍ (iconoclast) ഉണ്ടെന്നാണ് സങ്കല്പം. വിഗ്രഹസമാനം സമൂഹം കൊണ്ടുനടക്കുന്ന വിശുദ്ധബിംബങ്ങളെയും സനാതനമൂല്യങ്ങളെയും തച്ചുതകര്‍ക്കാന്‍ അവര്‍ മോഹിക്കും. ഏറ്റവും പവിത്രമായതിനെ തകര്‍ക്കാനായിരിക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ഓടിക്കൂടുന്നത്. അടുത്തകാലത്ത് വിഗ്രഹഭഞ്ജകര്‍ ആവേശത്തോടെ നോട്ടമിടുന്ന വിശുദ്ധ മൂല്യമാണ് സ്ത്രീ- പുരുഷ വിവാഹവും കുടുംബജീവിതവും. ഈ പശ്ചാത്തലത്തിലാണ് സ്വവര്‍ഗവിവാഹങ്ങള്‍ തര്‍ക്കവിഷയമാകുന്നതും മാധ്യമശ്രദ്ധ നേടുന്നതും. ചില രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമവിധേയമാക്കിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ, ക്രിസ്തീയപക്ഷത്തുനിന്ന് ഇത്തരം നീക്കങ്ങളെയും ചിന്താഗതികളെയും നാം വിലയിരുത്തേണ്ടതുണ്ട്. പൊതുരീതികള്‍ക്കും അംഗീകൃത ശൈലികള്‍ക്കും വിരുദ്ധമായി നിന്നില്ലെങ്കില്‍ പുരോഗമനപരമാവില്ല ജീവിതം എന്ന് ചിന്തിക്കുന്നവരുള്ള നാട്ടില്‍ യുക്തിയുടെയും വിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ പരിഗണിക്കേണ്ട വിഷയമാണ് സ്വവര്‍ഗാനുരാഗവും സ്വവര്‍ഗവിവാഹവും.
സ്വവര്‍ഗ അനുരാഗം
സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക ആഭിമുഖ്യം തോന്നുന്നത് സാധാരണമല്ല; അതൊരു അപവാദമാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗം (homosexuality) സ്വാഭാവികമാണെന്ന് വാദിക്കുന്നവരുണ്ട്. അതേസമയം, അതൊരു മാനസിക അപഭ്രംശമാണെന്ന് പറയുന്നവരും ഉണ്ട്. സ്വാഭാവിക വാസനയായിക്കണ്ട് അതിനെ മാനിച്ചാല്‍ മതി എന്നുപറയുന്നവരും വൈകൃതമായിക്കണ്ട് അതിന് ചികില്‍സ വേണമെന്ന് പറയുന്നവരും സമൂഹത്തിലുണ്ട്. ചില മുതിര്‍ന്നവര്‍ക്ക് കുട്ടികളോടുള്ള ലൈംഗികതാത്പര്യംപോലും അവരുടെ സ്വാഭാവിക ചോദനയാണെന്നും അതിനാല്‍ അതില്‍ തെറ്റായിട്ടൊന്നുമില്ല എന്ന് വാദിക്കുന്നവരെയും കാണാം. സ്വവര്‍ഗ ലൈംഗിക താത്പര്യത്തില്‍ സങ്കീര്‍ണ്ണമായ പല കാര്യങ്ങളും അടങ്ങിയിരിക്കുന്നു. ഇതില്‍ മനുഷ്യപ്രകൃതിയുടെ കാര്യമുണ്ട്.
ഒരാളെ വളര്‍ത്തിയെടുക്കുന്ന കുടുംബ-സാമൂഹിക പശ്ചാത്തലത്തിന് പ്രസക്തിയുണ്ട്. ശാസ്ത്രീയ വിശകലനത്തിന്റെ വിഷയങ്ങളുണ്ട്; ശാസ്ത്രീയപഠനങ്ങളെ സ്വാധീനിക്കുന്ന പ്രത്യയശാസ്ത്ര വിഷയങ്ങളുണ്ട്; സാമൂഹിക വിലയിരുത്തലുകളുടെ കാര്യമുണ്ട്. അതോടൊപ്പംതന്നെ മതാത്മകമായ ആഭിമുഖ്യങ്ങളും അവയോടുള്ള പ്രതികരണങ്ങളും ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ ഓരോ രാജ്യത്തെയും രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉള്‍പ്പെടാറുണ്ട്. തത്പരകക്ഷികളായ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഇടപെടലുകളുമുണ്ട്.
ഈ രംഗത്തെ നിലവിലുള്ള പഠനങ്ങള്‍ ശാസ്ത്രീയ അഭിപ്രായങ്ങളുടെ പെരുവെള്ളത്തിലേക്കാണ് നിലവില്‍ നമ്മെ തള്ളിയിടാന്‍ പോകുന്നത്. (ഉദാഹരണത്തിന്, Robert L. Kinney, III, ‘Homosexuality and scientific evidence: On suspect anecdotes, antiquated data, and broad generalizations, Linacre Quarterly(November, 2015; 82/4) 364–390). ഇത്രയും പറഞ്ഞത് സ്വവര്‍ഗവിവാഹം ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷത്തിന്റെ സങ്കീര്‍ണ്ണതകളും തത്പരമേഖലകളും ചൂണ്ടിക്കാണിക്കാനാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഈ വിഷയത്തെ സമീപിക്കുന്നത് ഉപരിപ്ലവമായിരിക്കും. അതായത്, സ്വവര്‍ഗവിവാഹത്തെ കേവലം അവിഹിതബന്ധമായി ചുരുക്കുന്നവരും വിപ്ലവകരമായ മുന്നേറ്റമായി പൊലിപ്പിച്ചെടുക്കുന്നവരും ഈ വിഷയത്തിന്റെ ഉള്ളുകള്ളികള്‍ അറിയാതെപോകാം എന്നൊരു അപകടമുണ്ട്.
സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യം
സ്വവര്‍ഗ വിവാഹത്തിന് അടിസ്ഥാനമായി പറയുന്നത് സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യവും (homo-sexual orientation) എതിര്‍വര്‍ഗക്കാരോടുള്ള ലൈംഗിക വിമുഖതയുമാണ്. ഇതാകട്ടെ നീണ്ടുനില്ക്കുന്ന അല്ലെങ്കില്‍ സ്ഥായിയായ ആഭിമുഖ്യമായി വിലയിരുത്തപ്പെടുകയും ചെയ്യാറുണ്ട്. എന്നുപറഞ്ഞാല്‍ സ്വവര്‍ഗത്തില്‍പെട്ട ഒരാളോട് തോന്നുന്ന താത്കാലികമായ ലൈംഗിക താത്പര്യമല്ല (attraction) ഇവിടത്തെ വിഷയം. ചിലര്‍ക്കാകട്ടെ ഇരുകൂട്ടരോടും ( bisexual) ലൈംഗിക താത്പര്യം തോന്നുന്ന സാഹചര്യംപോലും ഉണ്ടാകാം. സ്വവര്‍ഗ അല്ലെങ്കില്‍ ഇതരവര്‍ഗ ലൈംഗിക ആഭിമുഖ്യം ആഴമേറിയതും ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതുമാണ്.
എന്നാല്‍ ലൈംഗിക താത്പര്യം അതുപോലെയല്ല. അത് കൂടുതലും സാഹചര്യബദ്ധമാണ്. സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യം സ്വാഭാവികമാണോ രോഗാവസ്ഥയാണോ വ്യതിരിക്തമായ സ്ഥിതിയാണോ എന്നീ കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ട്. സ്വവര്‍ഗലൈംഗിക താത്പര്യങ്ങളെല്ലാം കേവലം പ്രകൃതിയുടെ ഭാഗമാണെന്ന് വാദിക്കുന്നത് ശരിയാവുകയുമില്ല. ശാസ്ത്രീയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ഈ പഠനങ്ങള്‍ക്കെല്ലാം ഒരു പരിമിതിയുണ്ട്. ഇവിടുത്തെ പഠനവിഷയം വസ്തുനിഷ്ഠമായ (objective) ഒരു സംഗതിയല്ല, ഒരാളുടെ ലൈംഗിക അനുഭവവും ആഭിമുഖ്യവുമാണ്. അതില്‍ വ്യക്തിനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ വരാതെ തരമില്ല. അതുകൊണ്ട് ഇത്തരം പഠനങ്ങള്‍ വസ്തുനിഷ്ഠമായ നിഷ്പക്ഷത ആര്‍ജ്ജിക്കാന്‍ സമയമെടുക്കും. എന്തുകൊണ്ട് ഒരാള്‍ സ്വവര്‍ഗലൈംഗിക ബന്ധത്തിലേക്ക് നീങ്ങുന്നു എന്നതിന് സര്‍വ്വസമ്മതമായ ഉത്തരം ശാസ്ത്രലോകത്തില്‍ ഇപ്പോഴുമില്ല. ജനറ്റിക്, ഹോര്‍മോണല്‍, വളര്‍ച്ചാസംബന്ധമായ, സാമൂഹിക, സാംസ്‌കാരിക കാരണങ്ങള്‍ ഉണ്ടാകും എന്നാണ് പൊതുവായ നിഗമനങ്ങള്‍.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍
സ്വവര്‍ഗ വിവാഹം സംഭവിക്കുന്ന മറ്റൊരു സാഹചര്യമുണ്ട്. ഈ സാഹചര്യം മനസ്സിലാക്കാന്‍ ലൈംഗികതയും (sex) ജെന്‍ഡര്‍ (gender) അല്ലെങ്കില്‍ ലിംഗപദവിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ആണോ പെണ്ണോ എന്ന നിലയില്‍ ഒരാളുടെ ജീവശാസ്ത്രപരമായ അവസ്ഥയാണ് ലൈംഗികത. എന്നാല്‍ ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള സാമൂഹികപദവിയാണ് ‘ജെന്‍ഡര്‍.’ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എങ്ങനെയായിരിക്കണം, അവരുടെ പെരുമാറ്റശൈലി, ജീവിതചര്യകള്‍, വസ്ത്രധാരണം, ചിന്താഗതി, രുചിഭേദങ്ങള്‍, അവകാശങ്ങള്‍, കടമകള്‍ എല്ലാം ഏതുതരത്തിലാകണം എന്നു പറഞ്ഞുവയ്ക്കുന്ന മൂല്യവിചാരങ്ങളും ചട്ടക്കൂടുകളും അടങ്ങുന്നതാണ് ലിംഗപദവി. അതാകട്ടെ എല്ലാ കാലത്തും എല്ലാ നാട്ടിലും ഒരുപോലെയല്ല. നീണ്ട മുടി സ്ത്രീക്ക് അലങ്കാരമാണെന്നും ആണുങ്ങള്‍ കരയാന്‍ പാടില്ല എന്നുമൊക്കെ നമ്മോട് പറഞ്ഞതും ലിംഗപദവി സങ്കല്പങ്ങളാണ്. സ്വാഭാവികമായും ഇതില്‍ പുരുഷകേന്ദ്രീകൃതമായ, കുറെയൊക്കെ സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്. ലിംഗപദവിയുടെ ഇത്തരം സാമൂഹിക വശങ്ങളല്ല നമ്മുടെ വിഷയം.
എന്നാല്‍ ജീവശാസ്ത്രപരമായി പുരുഷനോ സ്ത്രീയോ ആയി പിറന്ന ഒരാള്‍ക്ക് എതിര്‍ലിംഗപദവി ആന്തരികമായി കൈവരുന്ന സ്ഥിതിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അവസ്ഥ. അതായത് ഒരു പുരുഷശരീരത്തില്‍ സ്‌ത്രൈണഭാവം സ്വീകരിക്കുന്ന അവസ്ഥ; അതുപോലെതന്നെ നേരെ തിരിച്ചും. അത് അത്തരം വ്യക്തികളില്‍ ഉണ്ടാക്കാവുന്ന ആന്തരിക വ്യഥകള്‍ (gender dysphoria) ഭീകരമായിരിക്കും. പുരുഷഭാവം പേറുന്ന സ്ത്രീ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിലേക്കോ ബന്ധത്തിലേക്കോ വരാം. അങ്ങനെ വരുമ്പോള്‍ ലൈംഗികമായി സ്ത്രീ ആയിരിക്കുകയും ലിംഗപദവിയില്‍ പുരുഷനായി ജീവിക്കുകയും ചെയ്യുന്ന ആള്‍ മറ്റൊരു സ്ത്രീപങ്കാളിയെ സ്വീകരിക്കും. ഫലത്തില്‍ ലൈംഗികമായി രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ബന്ധമായി അത് മാറും.
നിഷിദ്ധമായ കൂടിത്താമസം
സ്വവര്‍ഗവിവാഹം സഭ അനുവദിക്കുകയോ അത്തരം ബന്ധങ്ങളെ വിവാഹമായി അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് സ്ഥിരവും ഉറച്ചതുമാണ്. 2003-ല്‍ വിശ്വാസ തിരുസംഘം Considerations Regarding Proposals to Give Legal Recognition to Unions Between Homosexual Persons എന്നൊരു പ്രബോധനരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ 2019-ല്‍ ജെന്‍ഡര്‍ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് നടക്കേണ്ട സംഭാഷണങ്ങള്‍ക്ക് ആധാരമാകേണ്ട ഒരു രേഖ Male and Female He Created Them എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വവര്‍ഗ വിവാഹങ്ങള്‍ സഭ അനുവദിക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്. സഭയുടെ കാഴ്ചപ്പാടില്‍ ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ആജീവനാന്ത ബന്ധമാണ് വിവാഹം. അതിനെ ഒരു ദൈവികവ്യവസ്ഥയായി സഭ മനസ്സിലാക്കുന്നു. ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു(ഉത്പത്തി 1/27) എന്നാണ് ദൈവവചനം. വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വവര്‍ഗബന്ധങ്ങളില്‍ സാധിക്കുകയില്ല. ഒന്നാമതായി, ദമ്പതികള്‍ തമ്മിലുള്ള സമ്പൂര്‍ണ്ണ പരസ്പര സമര്‍പ്പണം ഒരേ വര്‍ഗ ബന്ധങ്ങളില്‍ പൂര്‍ണ്ണമായും സാധിക്കുകയില്ല. രണ്ടാമതായി, വിവാഹത്തിന്റെ സുപ്രധാനമായ ലക്ഷ്യമായ കുഞ്ഞുങ്ങളുടെ ജനനം ഇത്തരം ബന്ധങ്ങളില്‍ അസാധ്യമാണ്. എന്നാല്‍പ്പിന്നെ കുട്ടികളെ ദത്തെടുത്താല്‍ പോരേ എന്ന് ചോദിക്കുന്നവരുണ്ട്. അപ്പന്റെയും അമ്മയുടെയും ഒപ്പം വളര്‍ന്നുവരാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സ്വവര്‍ഗബന്ധങ്ങളില്‍ കുട്ടികള്‍ രണ്ട് പുരുഷന്മാരോടൊപ്പം വളര്‍ന്നുവരേണ്ടിവരും. അല്ലെങ്കില്‍, രണ്ടു സ്ത്രീകളോടൊപ്പം വളരേണ്ടിവരും. കുട്ടികളുടെ അവകാശലംഘനം ഇതില്‍ സംഭവിക്കും.
എങ്കില്‍, സ്വവര്‍ഗാനുരാഗമുള്ളവര്‍ എന്തു ചെയ്യണം എന്നാണ് സഭയുടെ നിലപാട്? അവര്‍ക്ക് വിവാഹിതരാകാന്‍ സാധിക്കില്ല. കാരണം, വിവാഹം ഒരു മൗലിക അവകാശമായി സഭ കാണുന്നില്ല. പൊതുസമൂഹവും അങ്ങനെ കാണുന്നില്ല. അതായത്, വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അവകാശമില്ലാത്തവരുണ്ട്, സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും. അത് അവരുടെ കുറ്റമല്ല. അവരുടെ അവസ്ഥയുടെ ഫലമാണ്. ഉദാഹരണത്തിന്, ന്യായമായ ബുദ്ധിവികാസമില്ലാത്തവര്‍ക്ക് വിവാഹം നിയമപ്രകാരം സാധ്യമല്ല. ഷണ്ഡത്വം വിവാഹ സാധ്യതകള്‍ ഇല്ലാതാക്കും. അതിന്റെയര്‍ഥം അവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നല്ല.
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയില്ല എന്നുമാത്രം. ഇതുപോലെയാണ് സ്വവര്‍ഗാനുരാഗത്തിന്റെ കാര്യവും. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുകൊണ്ട് സഭ അത്തരം ബന്ധങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ അത് അനുവദിക്കുന്നുണ്ട് എന്നത് സത്യമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള ഏതെങ്കിലും മൂല്യവിചാരത്തിന്റെ പേരിലല്ല ഭൂരിപക്ഷ ജനാഭിപ്രായം നോക്കിയെടുക്കുന്ന തീരുമാനങ്ങളാണവ. വാസ്തവത്തില്‍ സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ എതിര്‍ ലിംഗ ആഭിമുഖ്യമുള്ള ഒരാളെ വിവാഹം കഴിച്ച് ആ ജീവിതം താറുമാറാക്കുകയോ സ്വവര്‍ഗബന്ധത്തിലേക്ക് പോവുകയോ ചെയ്യരുത് എന്നാണ് സഭയുടെ നിലപാട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അത്തരക്കാര്‍ അവിവാഹിതരായി കഴിയേണ്ടിവരും.
സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ പൂര്‍ണ്ണമനുഷ്യരാണ്. അവര്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്, വിവാഹത്തിനൊഴികെ. എന്നാല്‍ വൈദിക സമര്‍പ്പിത ജീവിതത്തിലേക്ക് സഭ സ്വാഗതം ചെയ്യുന്നില്ല. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്നാല്‍, മനുഷ്യരെന്ന നിലയില്‍ അവരോട് സഭയിലും സമൂഹത്തിലും വിവേചനമരുത് എന്നാണ് സഭയുടെ നിലപാട്. അവര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാം; സാധാരണമായ സഭാജീവിതമാകാം.
മനുഷ്യസൃഷ്ടി പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ആദം ഹവ്വയെക്കണ്ട് പറഞ്ഞു, എന്റെ മാംസത്തിന്റെ മാംസവും അസ്ഥിയുടെ അസ്ഥിയും (ഉത്പത്തി 2/23). ആദം ആദത്തെ പ്രണയിക്കുകയായിരുന്നില്ല. തന്റെതന്നെ പ്രതിബിംബത്തില്‍ ആദം അനുരക്തനായില്ല. ആദം ഹവ്വയെ ദൈവസാന്നിധ്യത്തില്‍ ഇണയായി സ്വീകരിച്ചപ്പോഴാണ് വിവാഹം നടക്കുന്നത്. ഇതില്‍നിന്ന് വ്യതിരിക്തമായ വിവാഹസങ്കല്പങ്ങള്‍ ദൈവവചനത്തിനോ ക്രിസ്തീയ വിശ്വാസത്തിനോ നിരക്കുന്നതല്ല, അത്തരത്തിലുള്ള സംഭവങ്ങള്‍ അപഭ്രംശങ്ങളാണ്. അവയെ ആഘോഷിക്കുന്നത് വിപ്ലവകരമായ അറിവില്ലായ്മയാണ്; വ്യാജമൂല്യങ്ങളുടെ ഉത്സവത്തിമിര്‍പ്പു മാത്രമാണ്. എന്നാല്‍ സ്വവര്‍ഗ അനുരാഗികളായ മനുഷ്യര്‍ സാമൂഹികമായ വിവേചനത്തിനോ അധിക്ഷേപത്തിനോ മാറ്റിനിര്‍ത്തലിനോ വിധേയരായിക്കൂടാതാനും.
'ഞങ്ങളുടെ രണ്ട് മക്കളും വിസിറ്റിംഗ് വിസയിലാണ് ദുബായില്‍ പോയത്. ഒരു മകന്‍ 2022 ജൂണ്‍മാസത്തില്‍ പോയി. 90 ദിവസമായിരുന്നു വിസയുടെ കാലാവധി. ജോലി അന്വേഷിച്ചുപോയ ഓരോ കമ്പനികളും വേക്കന്‍സി ഇല്ലായെന്ന് പറഞ്ഞു. സെപ്റ്റംബര്‍ മാസത്തിലെ ശാലോം മാസികയില്‍ ഷിബു ഫിലിപ്പിന്റെ സാക്ഷ്യം കണ്ടു (ശാലോം മാസിക വിതരണം ചെയ്യാമെന്ന് നേര്‍ന്നപ്പോള്‍ 90-ാം ദിവസം മകന് ജോലി കിട്ടിയത്). അതുപോലെ ഞാനും നേര്‍ന്നു. റെക്കമന്റ് ചെയ്ത കമ്പനിയില്‍ 89-ാം ദിവസം ഒരാള്‍ രാജി വയ്ക്കുകയും 90-ാം ദിവസം അവന് ജോലി കിട്ടുകയും ചെയ്തു.
അടുത്തയാള്‍ 2023 ഫെബ്രുവരിയിലാണ് പോയത്. അറുപതു ദിവസമായിരുന്നു വിസയുടെ കാലാവധി. ആ സമയത്ത് മാര്‍ച്ച് മാസത്തിലെ ശാലോം മാസികയില്‍ എലിസബത്ത് വില്‍സന്റെ സാക്ഷ്യം കണ്ടു. അതുപ്രകാരം യോഹന്നാന്‍ 14/14 ആയിരം തവണ എഴുതി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. അമ്പത്തിയെട്ടാം ദിവസം അവനും ജോലി കിട്ടി. സുവിശേഷപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് എത്രയോ മഹത്തരമാണ് എന്ന് കൂടുതല്‍ ബോധ്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു അത്. രണ്ടു മക്കള്‍ക്കും റെക്കമെന്റ് ചെയ്ത കമ്പനിയില്‍ത്തന്നെ ഒഴിവ് വരുകയും തിരിച്ചു പോരേണ്ട തിന്റെ തലേദിവസം ജോലി കിട്ടുകയും ചെയ്തു. ഇപ്പോഴും ശാലോം വായിക്കുന്നുണ്ട്, വിതരണം ചെയ്യുന്നുമുണ്ട്. യേശുവേ നന്ദി, യേശുവേ സ്‌തോത്രം! പരിശുദ്ധ അമ്മയ്ക്കും നൂറായിരം നന്ദിയര്‍പ്പിക്കുന്നു.
തികച്ചും അവിചാരിതമായിട്ടാണ് അങ്ങനെയൊരാള്‍ സഹായാഭ്യര്‍ത്ഥനയുമായി വീട്ടില്‍ വരുന്നത്. പതിനെട്ടോ ഇരുപതോ വയസ് പ്രായം കാണും. പേര് സന്തോഷ്. വന്നപാടെ അവന്‍ വളരെ താഴ്മയോടെ പറയാന്‍ തുടങ്ങി. ”അമ്മാ, സഹായത്തിനായി വന്നതാണ്. ഞാന്‍ അങ്ങ് മറ്റൊരു നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. സാമ്പത്തികമായ ദുരവസ്ഥകള്‍ വന്നതുകൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. എന്തെങ്കിലും സഹായം ചെയ്യണം.”
ഞാന്‍ അവന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. അവന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമോ നുണയോ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ഒന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവന് നന്നായി വിശക്കുന്നുണ്ട്. ഒട്ടിയ വയറും വാടിയ മുഖവും! ഒരു നിമിഷം എന്നിലെ അമ്മ ഉണര്‍ന്നു. ഞാനവനോടു ചോദിച്ചു: ”മോന്‍ ഇന്നു ഭക്ഷണം കഴിച്ചോ? ഞാനിത്തിരി ഭക്ഷണം എടുക്കട്ടെ?”
അവന് വലിയ സന്തോഷമായി. അവന്‍ വലിയ പ്രതീക്ഷയോടെ എൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു പറഞ്ഞു, ”വേണമമ്മാ വേണം. നന്നായി വിശക്കുന്നുണ്ട്.” ഞാന്‍ അകത്തുപോയി ഒരു പ്ലേറ്റ് നിറയെ ഇഡ്ഡലിയും ചമ്മന്തിയും ഒരു ഗ്ലാസ് ചായയുമായി തിരികെ വന്നു. അപ്പോഴും അവന്‍ മുറ്റത്തുതന്നെ നിന്നു. സിറ്റൗട്ടിലെ കസേരയില്‍ ഇരിക്കാന്‍ ഞാന്‍ പറഞ്ഞിട്ടും അവനിരുന്നില്ല. തറയില്‍ ചമ്രം പടിഞ്ഞിരുന്നു. ഞാന്‍ ഭക്ഷണം അവന്റെ മുമ്പില്‍ വച്ചുകൊടുത്തിട്ട് മാറിനിന്നു. ഞാനോര്‍ത്തത് അവന്‍ കിട്ടിയ ഭക്ഷണം ആര്‍ത്തിപിടിച്ചു വാരിക്കഴിക്കുമെന്നാണ്. പക്ഷേ അതുണ്ടായില്ല. പകരം അവന്‍ എന്റെ മുഖത്തേക്കു നോക്കി സെക്കന്റുകളിരുന്നു. ഞാന്‍ അവന്റെ നേരെ നോക്കി ചോദിച്ചു, ”എന്താ മോനേ, കഴിക്കാത്തത്?”
അതിന് മറുപടിയെന്നവണ്ണം തിരിച്ചുകിട്ടിയത് മറ്റൊരു ചോദ്യമാണ്. അവനെന്‍റെ കണ്ണുകളിലേക്കു നോക്കിയിട്ട് ചോദിച്ചു: ”അമ്മ കഴിച്ചോ?!” ഇത്തവണ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. അവനില്‍നിന്ന് ഞാനത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ അമ്പരപ്പും നില്‍പ്പും കണ്ടിട്ട് അവന്‍ ചോദിച്ചു ‘എന്താണമ്മാ?’ ഞാന്‍ പറഞ്ഞു, ”ഒന്നുമില്ല മോനേ, നീ കഴിക്ക്.” അവനത് രുചിയോടെ കഴിക്കുന്നതുനോക്കി കഴിച്ചു തീരുന്നതുവരെ ഞാന്‍ അവിടെത്തന്നെ നിന്നു. ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി എന്റെ കൈയില്‍ തന്ന് നന്ദി പറഞ്ഞ് അവന്‍ പോകാനൊരുങ്ങി. ധനസഹായം ചോദിച്ച കാര്യം അവനും മറന്നുപോയെന്നു തോന്നുന്നു.
അവന്‍ പോകാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘നില്‍ക്ക്.’ ഞാന്‍ അകത്തുപോയി എന്റെ മൂത്തമകന്‍ മനുവിന്റെ നല്ലൊരു ഷര്‍ട്ട് എടുത്തുകൊണ്ടുവന്ന് അവനു കൊടുത്തു (അതവന്‍ ചോദിച്ചതല്ല). കൈയില്‍ നൂറുരൂപയും വച്ചുകൊടുത്തു. അവന്‍ കൈകൂപ്പി നന്ദിപറഞ്ഞ് യാത്രപറഞ്ഞ് പോയി. അവന്‍ നടന്നകലുന്നത് നോക്കി കണ്ണില്‍നിന്നും മറയുവോളം ഞാന്‍ അവിടെത്തന്നെ നിന്നു.
ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കി അവനും നടന്നകന്നു. ഓരോ തിരിഞ്ഞുനോട്ടത്തിലും അവനെന്നോടു ചോദിക്കുന്നതുപോലെ എനിക്കു തോന്നി, ‘അമ്മ കഴിച്ചോ? അമ്മ കഴിച്ചോ? അമ്മ കഴിച്ചോ?’ ആ പോക്ക് നോക്കിനില്‍ക്കുമ്പോള്‍ ചുണ്ടനക്കാതെ ഹൃദയംകൊണ്ട് ഞാനവനോടു പറഞ്ഞു, ”പ്രിയപ്പെട്ട സന്തോഷ് നന്ദി. നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ല. നീ എവിടുത്തുകാരനെന്നോ നിന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ സത്യമോ പൊളിയോ എന്നുപോലും എനിക്കറിയില്ല. പക്ഷേ നീ ഒത്തിരി വലിയവനാണ്. കാരണം ഒരു മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന നന്ദിയും പ്രതികരണശേഷിയുമുള്ള ഒരു ഹൃദയം നിനക്കുണ്ട്. മുലപ്പാലിന്റെ ഉപ്പുനോക്കാത്ത ഒരു ഹൃദയം! ഇന്നത്തെ ലോകത്തിന് തീര്‍ത്തും നഷ്ടമായിരിക്കുന്ന നന്ദിയുടെ ഒരു ഹൃദയം. നന്ദി സന്തോഷ്, നന്ദി.”
നാലമ്മച്ചിമാര്‍;
പക്ഷേ ഒരു ഹൃദയം!
നാല് വല്യമ്മച്ചിമാരെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തരാം. നാലുപേരും എൻ്റെ ഹൃദയത്തെ ആഴത്തില്‍ സ്വാധീനിച്ചവരാണ്. ഒന്നാമത്തെ വല്യമ്മച്ചി എൻ്റെ അമ്മച്ചിയുടെ അമ്മ! ഞാന്‍ ചെറുപ്പകാലത്ത് എൻ്റെ അമ്മച്ചിയുടെ വീട്ടില്‍നിന്നാണ് വളര്‍ന്നത്. അമ്മച്ചിയുടെ അമ്മ എന്റെ വിശ്വാസജീവിതത്തിലെ ഒരു വലിയ ഹീറോ ആണ്. ആ അമ്മച്ചിയുടെ നടപ്പും എടുപ്പും വാക്കുകളും പ്രതികരണങ്ങളും എന്റെ വിശ്വാസയാത്രയില്‍ വലിയ മാര്‍ഗദര്‍ശനങ്ങളായിത്തീര്‍ന്നിട്ടുണ്ട്. വീടുവിട്ട് പള്ളിയില്‍ അല്ലാതെ എവിടെയും പോകാനാഗ്രഹിക്കാത്ത ഒരു അമ്മ. വീട്ടില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ശുശ്രൂഷകളും വീട്ടുകാര്യങ്ങളും നിരന്തര പ്രാര്‍ത്ഥനയുംമാത്രം ജ്വരമായി സ്വീകരിച്ചിരിക്കുന്ന അമ്മ. അമ്മയുടെ ദിവസം സൂര്യനുദിക്കുന്നതിന് വളരെ മുമ്പേ തുടങ്ങും.
വീട്ടില്‍ എല്ലാര്‍ക്കും പ്രാതല്‍ വച്ചുവിളമ്പി കൊടുത്തതിനുശേഷം ഏറ്റവും ഒടുക്കം പത്തുമണി-പതിനൊന്നുമണിയൊക്കെയാവും അമ്മയിത്തിരി കഞ്ഞി കുടിക്കാന്‍. അതു ശാന്തമായി ദൈവവിചാരത്തോടെ ചെയ്യും. ഇതിനിടയില്‍ ഓരോരുത്തര്‍ക്കും വേണ്ടത് വേണോ വേണോ എന്ന് ചോദിച്ച് അമ്മ എത്തിച്ചുകൊടുക്കും. പക്ഷേ അവരാരുംതന്നെ എന്തെങ്കിലും ‘അമ്മ കഴിച്ചോ’ ‘അമ്മയ്ക്ക് വല്ലതും വേണോ’ എന്ന ഒരു ചോദ്യം ചോദിച്ചതായി എനിക്കോര്‍മയില്ല. പക്ഷേ അമ്മ എന്നും പരിപൂര്‍ണ സംതൃപ്തയായിരുന്നു. എല്ലാക്കാലത്തും ദൈവത്തോട് നന്ദിയുള്ളവളും ആയിരുന്നു.
രണ്ടാമത്തെ അമ്മച്ചി
ഇത് എൻ്റെ അപ്പച്ചന്‍റെ അമ്മച്ചിയാണ്. വലിയൊരു കര്‍ഷകകുടുംബം. അപ്പച്ചന്‍റെ അമ്മച്ചി ആ വീടിൻ്റെ വിളക്കായിരുന്നു. തികഞ്ഞ ജപമാലഭക്ത. ഒരൊറ്റ നോയമ്പുപോലും നഷ്ടമാക്കാതെ നോക്കുന്നവള്‍. നല്ല വിശ്വാസജീവിതത്തിനായി മക്കളെ പരിശീലിപ്പിക്കുന്നവള്‍. തികഞ്ഞ കഠിനാധ്വാനി. വീട്ടിലും പറമ്പില്‍ ജോലിക്കാര്‍ക്കൊപ്പവും പണിയുന്നവള്‍. ഭര്‍ത്താവിന് താങ്ങും തണലുമായവള്‍. ഭര്‍ത്താവിനും മക്കള്‍ക്കും വച്ചുവിളമ്പി കഴിയുമ്പോള്‍ ചിലപ്പോള്‍ അമ്മയ്ക്ക് ആവശ്യത്തിന് ഭക്ഷണം തികയാറില്ല. പക്ഷേ അമ്മ ഓരോരുത്തരോടും ചോദിക്കും കുഞ്ഞിന് ഇത്തിരികൂടി വിളമ്പട്ടെ എന്ന്. ഭര്‍ത്താവിനോടും ചോദിക്കും നിങ്ങള്‍ക്കു മതിയായോ, ഇത്തിരികൂടി വിളമ്പട്ടെ എന്ന്. പക്ഷേ… ‘അമ്മ കഴിച്ചോ’, അമ്മ കഴിക്കാതെയാണോ ഈ ഓട്ടം ഓടുന്നത് എന്നൊരു ചോദ്യം ഒരിക്കലെങ്കിലും ആരെങ്കിലും ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ആ അമ്മച്ചിയൊട്ട് പരാതി പറഞ്ഞിട്ടുമില്ല.
മൂന്നാമത്തെ അമ്മച്ചി
ഈ അമ്മച്ചി അയല്‍പക്കത്തെ അമ്മച്ചിയാണ്. അമ്മച്ചിയുടെ കുടുംബം ഒരു ധനികകുടുംബമാണ്. വീടുനിറച്ച് മക്കള്‍, ഇഷ്ടംപോലെ പണിക്കാരും. അവിടെയും ഇതുതന്നെ കഥ. വയ്ക്കാനും വിളമ്പാനും ശുശ്രൂഷിക്കുവാനും എല്ലാം മുന്നില്‍നില്‍ക്കുന്നത് അമ്മച്ചിതന്നെ. എല്ലാവര്‍ക്കും വിളമ്പിക്കൊടുത്ത് എല്ലാവരെയും തൃപ്തരാക്കിയതിനുശേഷം അമ്മച്ചി ശാന്തമായി ഒരിത്തിരി കഞ്ഞി കുടിക്കും. ഒരു കഷണം നാരങ്ങാ അച്ചാറും കൂട്ടി. ഞാന്‍ ആ വീട്ടില്‍ പല കാര്യങ്ങള്‍ക്കുമായി പോകാറുണ്ടായിരുന്നു. അമ്മ കഴിച്ചോ എന്നൊരു വാക്ക് മക്കളോ, നീ കഴിച്ചോടീ, സമയത്തു ഭക്ഷണം കഴിക്കണം വയറു വാട്ടി നടന്ന് അസുഖം പിടിപ്പിക്കരുത് എന്നൊരു വാക്ക് ഭര്‍ത്താവോ പറഞ്ഞുകേട്ടതായി എനിക്ക് ഓര്‍മയില്ല. എന്നിട്ടും ആ അമ്മച്ചി ആരോടും പരാതി പറഞ്ഞിട്ടില്ല. അമ്മച്ചി കര്‍ത്താവില്‍ സംതൃപ്തയായിരുന്നു.
നാലാമത്തെ അമ്മച്ചി
നാലാമത്തെ അമ്മച്ചി എന്റെ ഭര്‍ത്താവിന്റെ അമ്മച്ചിയാണ്. അമ്മച്ചി കഞ്ഞി പ്ലേറ്റിലെടുത്താല്‍ തിടുക്കത്തില്‍ കഴിച്ചു കഴിയും. ഇരുന്ന് കഞ്ഞി കുടിക്കാന്‍ ഇരിപ്പ് ഉറക്കാത്തതുപോലെ. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞാനമ്മയോട് ഒരിക്കല്‍ ചോദിച്ചു, ”അമ്മയെന്തിനാ അമ്മേ, തിടുക്കം കൂട്ടുന്നത്. കുറച്ചുകൂടി സാവധാനത്തില്‍ കഴിച്ചാല്‍ പോരേ?” അപ്പോള്‍ അമ്മ പറഞ്ഞു, ”എന്റെ മോളേ, കഞ്ഞി കൈയിലെടുക്കുമ്പോള്‍ പഴയ കാലത്തെ ഒരോര്‍മയാണ് വരുന്നത്. ഇരുന്ന് ഭക്ഷണം കഴിച്ച നാളുകള്‍ ഓര്‍മയില്ല. നടന്നും ഓടിയുമൊക്കെയാ കഞ്ഞി കുടിച്ചുകൊണ്ടിരുന്നത്. രാവിലെ മൂന്നുമണിക്ക് എഴുന്നേല്‍ക്കണം. അന്ന് നെല്ലു കുത്തുന്ന മില്ലുകളില്ലാത്തതിനാല്‍ ആ ദിവസത്തേക്കുള്ള അരി ഉരലിലിട്ടു കുത്തിയെടുക്കണം.
ഒരു കുഞ്ഞ് വയറ്റിലും മുല കുടിക്കുന്ന ഒന്ന് പുറത്തും കാണും. അതിന്റെ ചിത്താന്തം സാധിക്കണം. കൂടാതെ നിരന്തരമായ പല്ലുവേദന…. വല്യപ്പന്റെയും വല്യമ്മയുടെയും കെട്ടിയവന്റെയും ശുശ്രൂഷ. വച്ചുവേവിച്ചാല്‍ പോരാ, പഠിക്കുന്ന പിള്ളേര്‍ക്ക് പൊതിച്ചോര്‍ കെട്ടി കൊടുത്തുവിടണം. ഒരു നേരത്തെ പണി കഴിഞ്ഞാല്‍ അടുത്ത നേരത്തേക്കുള്ള വക നോക്കണം. അന്ന് കറന്റും മോട്ടോറുമില്ല. വെള്ളം മുഴുവന്‍ വലിച്ചുകോരിക്കൊണ്ടുവരണം. പണിതീര്‍ത്തു കിടക്കാന്‍ ഒരുങ്ങുമ്പോള്‍ സമയം 12 മണിയാകും.
അപ്പോഴേക്കും നേരത്തെ ഉറങ്ങിയ കൊച്ച് ഉണര്‍ന്നെഴുന്നേറ്റ് കരയാന്‍ തുടങ്ങും. ചുരുക്കത്തില്‍ എന്തുപറയാന്‍, ഇരുന്നു കഞ്ഞി കുടിക്കാന്‍ നേരമില്ല. പലപ്പോഴും നിന്നുകൊണ്ടും ഓടിനടന്നുമാണ് ഭക്ഷണം കഴിച്ചിരുന്നത്. മിക്കവാറും കഞ്ഞിവെള്ളം കോരിക്കുടിച്ച് അങ്ങനെ നടക്കും. ഒരു കയ്യൊഴിവ് എപ്പോഴെങ്കിലും കിട്ടുമ്പോഴാണ് രണ്ടുവറ്റ് വാരിത്തിന്നുന്നത്. അങ്ങനെയായിരുന്നു മോളേ ജീവിതം. ഞാനെന്റെ ഒടേതമ്പുരാനെ നോക്കി ഒറ്റ ഓട്ടമാ. കുടുംബം കരയ്‌ക്കെത്തിക്കണ്ടേ…”
ഈ അമ്മച്ചിമാര്‍ ഇന്നും
ഇന്നും ഈ അമ്മച്ചിമാര്‍ നമ്മുടെയൊക്കെ മിക്ക ക്രിസ്തീയ കുടുംബങ്ങളിലും ജീവിക്കുന്നുണ്ട്. പല രൂപത്തിലും ഭാവത്തിലും പ്രായത്തിലുമൊക്കെ, അവരിങ്ങനെ രാപകലില്ലാതെ കുടുംബത്തെ കരകയറ്റാന്‍വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ആരില്‍നിന്നും ഒരംഗീകാരവും അവര്‍ക്കു കിട്ടുന്നില്ല എന്നതാണ് സത്യം.
അവഗണിക്കപ്പെടുന്ന മാതൃത്വങ്ങള്‍
ഒരിക്കല്‍ അമ്മച്ചി എന്നോട് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു. ”എന്റെ മോളേ, ആദ്യമൊക്കെ ഞങ്ങളുടെ കുടുംബജീവിതം വളരെ ശാന്തവും സ്വസ്ഥവുമായിരുന്നു. പക്ഷേ അപ്രതീക്ഷിതമായിട്ടാണ് കടക്കെണികളും വലിയ സാമ്പത്തിക തകര്‍ച്ചകളും ഞങ്ങളുടെ കുടുംബത്തെ തേടിയെത്തിയത്. അഞ്ചു പൈസപോലും വരുമാനമില്ലാത്ത ആ കാലഘട്ടത്തില്‍ ഞാന്‍ മുന്നിട്ടിറങ്ങിച്ചെയ്ത കൈത്തൊഴില്‍കൊണ്ടും മറ്റു വരുമാന ഇനങ്ങള്‍കൊണ്ടുമാണ് ഞങ്ങളുടെ കുടുംബം പിടിച്ചുനിന്നതും കരകയറിയതും. ഇന്ന് സാമ്പത്തികമായി ഞങ്ങള്‍ നല്ല നിലയിലാണ്. മക്കളൊക്കെ വിദേശത്ത് നല്ല നിലയിലാണ്. പക്ഷേ അവര്‍ ഇന്ന് അമ്മ ചെയ്തതെല്ലാം മറന്നുപോയിരിക്കുന്നു. അവരുടെ മനസില്‍ അപ്പന്‍ ചെയ്തവയൊക്കെയേ ഉള്ളൂ. അവര്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് പിന്നിലുള്ള എന്റെ ത്യാഗങ്ങളും കഷ്ടപ്പാടുകളും അവര്‍ മറന്നുതന്നെ പോയിരിക്കുന്നു.
ഒരു ബര്‍ത്ത്‌ഡേ ആഘോഷംതന്നെ കണക്കിലെടുത്താല്‍ മതി. അപ്പന്റെ ബര്‍ത്ത്‌ഡേ ദിവസം കൈയിലെത്താന്‍വേണ്ടി അവര്‍ മുന്നമേ കൂട്ടി സമ്മാനങ്ങള്‍ ബുക്കുചെയ്ത് ആ ദിവസം വീട്ടിലെത്തിക്കും. പക്ഷേ അമ്മയായ എന്റെ ബര്‍ത്ത്‌ഡേക്ക് എനിക്ക് കിട്ടുന്നത് മക്കളില്‍നിന്നും ഒരു തണുത്ത ഫോണ്‍വിളി മാത്രമായിരിക്കും. അങ്ങനെയങ്ങനെ എല്ലാ കാര്യങ്ങളിലും ഞാനൊരു അവഗണിക്കപ്പെട്ട വസ്തുവായിത്തീര്‍ന്നിരിക്കുന്നു.” ഇതൊരു കെട്ടുകഥയല്ല. കണ്ഠമിടറിക്കൊണ്ട് ഒരമ്മ എന്നോടു പങ്കുവച്ച യഥാര്‍ത്ഥ സംഭവമാണ്. ഇതു പറഞ്ഞിട്ടവര്‍ കൂട്ടിച്ചേര്‍ത്തു – ”മക്കള്‍ നല്ലവരായി പേരുകേട്ടവരായാല്‍ അത് അപ്പന്റെ മിടുക്ക്. മക്കള്‍ വഴിപിഴച്ചു പോയാല്‍ അത് അമ്മ വളര്‍ത്തിയതിന്റെ കുഴപ്പവും. ഇതാണല്ലോ ലോകത്തിന്റെ ചിന്താഗതി.”
ദിവ്യകാരുണ്യഭാവം
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാതെ
ദിവ്യകാരുണ്യമേ സ്‌നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ്ഭാവമേ
ദിവ്യകാരുണ്യമേ സ്‌നേഹമേ
മുകളില്‍ കൊടുത്ത ദിവ്യകാരുണ്യത്തെ സംബന്ധിച്ച വരികള്‍ തികച്ചും ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയഭാവമാണ്. ദിവ്യകാരുണ്യനാഥന് എപ്പോഴും ഒരമ്മയുടെ ഹൃദയഭാവമാണ് ഉള്ളത്. തിബേരിയൂസ് കടല്‍ക്കരയില്‍ പ്രാതലൊരുക്കി വിളമ്പിക്കൊടുത്ത് തന്റെ ശിഷ്യന്മാരെ തീറ്റിപ്പോറ്റുന്ന ഈശോയുടെ മനസ് ഒരമ്മയുടെ മനസല്ലേ. പരിഭവങ്ങളില്ല, പരാതികളില്ല. സ്‌നേഹിക്കുന്നുവോ, സ്‌നേഹിക്കുന്നുവോ, സ്‌നേഹിക്കുന്നുവോ എന്ന ചോദ്യംമാത്രം. നാമും വളരേണ്ടത് ഈ മാതൃഭാവത്തിലേക്കല്ലേ?
ഒപ്പംതന്നെ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. നമ്മള്‍ ഭക്ഷിക്കുന്ന ഓരോ വിരുന്നിന്റെയും പിന്നില്‍ ഉണ്ണാതെ ഊട്ടുന്ന പലരുടെയും ബലിജീവിതമുണ്ട്. അതൊരുപക്ഷേ അമ്മയാകാം, അപ്പനാകാം, സ്ഥാപനത്തിലെ അധികാരിയാകാം, റെക്ടറച്ചനാകാം, മദറമ്മയാകാം, കുശിനിയിലെ പണിക്കാരനാകാം, മറ്റു പലരുമാകാം അവര്‍. ആരുതന്നെയുമാകട്ടെ, അവര്‍ ഒരമ്മയുടെ മനസുള്ളവരാണ്. അതുകൊണ്ടാണ് അതിനവര്‍ക്ക് കഴിയുന്നത്. അവരെ നോക്കി അമ്മേ, അമ്മ കഴിച്ചോ? അപ്പാ അപ്പന്‍ കഴിച്ചോ, അച്ചാ അച്ചന്‍ കഴിച്ചോ മദറേ മദറു കഴിച്ചോ, ചേട്ടാ ചേട്ടന്‍ കഴിച്ചോ എന്നൊരന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചികഞ്ഞുനോക്കുന്നത് വളരെ നന്നായിരിക്കും. ജീവിതയാത്രയില്‍ കഴിക്കേണ്ടതു പലതും കഴിക്കാതെ നമുക്കുവേണ്ടി ഓടുന്നവരുടെ ബലിജീവിതങ്ങളോട് നന്ദി എന്നൊരു വാക്ക് പറയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ ക്രിസ്തീയജീവിതം എത്ര അര്‍ത്ഥപൂര്‍ണമാകുമായിരുന്നു! അതിനാല്‍ ‘അമ്മ കഴിച്ചോ?’ എന്ന ചോദ്യം ഞാന്‍ നിങ്ങളുടെ ക്രിസ്തീയമനഃസാക്ഷിക്കു വിടുന്നു.
ഇനി, ഉണ്ണാതെ ഊട്ടുന്ന ജീവിതം നയിക്കുന്നവരോടൊരു വാക്ക്. ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ ശ്രേഷ്ഠത. ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ മഹത്വം. അതിനാല്‍ പരാതിപ്പെടരുത്. പറയാനും ഉപദേശിക്കാനും അത് എളുപ്പമാണ്. പക്ഷേ പച്ചയായ മനുഷ്യന്റെ പച്ചയായ ജീവിതത്തില്‍ ഈ പരാതി വന്നുപോകും. ”ഗോതമ്പുമണി നിലത്തു വീണഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് ധാരാളം ഫലം പുറപ്പെടുവിക്കും” (യോഹന്നാന്‍ 12/24). ഈ അഴിയപ്പെടലിന്റെ വേദനയാണ് നിങ്ങളുടെ ജീവിതത്തിന്റെ മഹത്വം. ഈ വേദനയാണ് തികഞ്ഞ പ്രതികൂലങ്ങളിലും ഫലം ചൂടി നില്‍ക്കുന്ന ഫലവൃക്ഷമായി നിങ്ങളുടെ ജീവിതങ്ങളെ മാറ്റുന്നത്.
പ്രിയപ്പെട്ട സന്തോഷ്, നിനക്ക് നന്ദി. നീയൊരുപക്ഷേ ഒരു വിജാതീയനായിരിക്കാം. ഞാന്‍ ജാതി ചോദിച്ചില്ല. കെട്ടും മട്ടും കണ്ടിട്ടങ്ങനെ തോന്നുന്നു. ‘അമ്മ കഴിച്ചോ?’ എന്ന ചോദ്യം ഞങ്ങളുടെ ക്രിസ്തീയ മനഃസാക്ഷിക്കുനേരെ തൊടുത്തുവിട്ട് നടന്നകന്ന നിന്നെ ഈശ്വരന്‍ സമൃദ്ധമായി അനുഗ്രഹിച്ചു വഴിനടത്തട്ടെ ആമ്മേന്‍. ആവേ മരിയ.
'പ്രിയമുള്ള യേശുവിത്തിന്‍റെയും മറിയത്തിന്‍റെയും സ്‌നേഹനിര്‍ഭരഹൃദയങ്ങളേ, നിങ്ങളുടെ ഹൃദയങ്ങളിലെ സ്‌നേഹജ്വാലകള്‍ എൻ്റെ സ്വാഭീഷ്ടത്തെ ദഹിപ്പിച്ചുകളയട്ടെ. സ്‌നേഹരക്ഷകാ, എത്രയും പരിശുദ്ധ മാതാവേ, എൻ്റെ ഓരോ വിചാരവും വാക്കും പ്രവൃത്തിയും എൻ്റെ എല്ലാ പാപങ്ങള്‍ക്കും ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്കും പരിഹാരമായി സ്വീകരിക്കണമേ. സ്‌നേഹ ഈശോയേ, അങ്ങയുടെ ഉദാരമായ കാരുണ്യം ഓരോ ആത്മാവിലേക്കും അവിരാമം ഒഴുകട്ടെ.
പ്രിയ മാതാവേ, പാപികളുടെ സങ്കേതമായ അങ്ങേ ഹൃദയത്തിന്റെ സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താന്‍ എന്നെ സഹായിക്കണമേ. എൻ്റെ ത്യാഗപ്രവൃത്തികളും പ്രാര്‍ത്ഥനകളും എത്ര എളിയതായാലും സ്വീകരിക്കണമേ എന്ന് ഞാന്‍ യാചിക്കുന്നു. എല്ലാവരിലേക്കും വിശ്വാസവും സമാധാനവും കൊണ്ടുവരണമേ, ആമ്മേന്‍.
'ദൈവവുമായുള്ള സ്ഥായിയായ ബന്ധം ഒരു ആത്മീയമനുഷ്യന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് അവന്റെ ആത്മീയജീവനെ നിലനിര്‍ത്തുന്ന പ്രാണവായുവാണ്. ആ ബന്ധം കുറയുകയോ ഉലച്ചില്‍ തട്ടുകയോ ചെയ്യുമ്പോഴൊക്കെ അവന്‍ ജീവവായു കുറയുന്നതുമൂലം പിടയേണ്ടിവരും. ഇതൊക്കെ നമുക്കറിയാവുന്ന കാര്യമാണെങ്കിലും ജീവിതവ്യഗ്രത നമ്മെ ഗ്രസിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടുള്ള ആഭിമുഖ്യം കുറയും, പിന്നെ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന സമയം പാഴാണെന്ന ചിന്ത വളര്‍ന്നുവരും. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് നീക്കിവച്ചുകൊണ്ടിരിക്കുന്ന സമയംപോലും സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്ന അപകടാവസ്ഥയില്‍ എത്തിച്ചേരും. ഇതിനിടയില്‍ ദൈവം നല്‍കുന്ന ചില അപായസൂചനകളെ അവഗണിച്ചുകൊണ്ടും സ്വയം ന്യായീകരണം നടത്തിയുമായിരിക്കും നാം മുന്നോട്ടുപോകുന്നത്. ദൈവത്തിന്റെ വലിയ കൃപ ലഭിക്കുവാന്‍ ഇടവന്നാല്‍ മാത്രമേ ഇത് തിരിച്ചറിയുവാനും തിരുത്തുവാനും സാധിക്കുകയുള്ളൂ.
ഈ മേഖലയില്‍ എനിക്കുണ്ടായ ഒരു പരാജയം പങ്കുവയ്ക്കട്ടെ. വിശുദ്ധ കുര്‍ബാന സ്വീകരണം കഴിഞ്ഞ് കുറച്ചുസമയം ഉള്ളില്‍ വന്ന ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. അതിനുശേഷം ‘ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ’ എന്ന തിരുഹൃദയ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുവാന്‍ അല്പസമയം കൂടുതലെടുക്കും. എല്ലാ ദിവസവും ശാലോമില്‍ പോകുന്നതിനുമുമ്പ് ഏതാണ്ട് അരമണിക്കൂറെങ്കിലും വീടും പരിസരങ്ങളും അടിച്ചുവാരുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യാറുണ്ട്.
വീട് കര്‍ത്താവിന്റേതാകയാല്‍ കര്‍ത്താവിന്റെ മഹത്വത്തിനും ആനന്ദത്തിനുംവേണ്ടി എന്ന നിയോഗത്തോടെയാണ് അത് ചെയ്തുവരുന്നത്. ഒരു ദിവസം എന്റെ മനസില്‍ ഒരു പ്രലോഭനചിന്ത ഉണ്ടായി. വളരെ യുക്തിപൂര്‍വമായി എന്റെ മനസിനെ കീഴടക്കുന്ന നിലയിലായിരുന്നു അത്. എന്തിനാണ് ദൈവാലയത്തില്‍ അഞ്ചുമിനിട്ട് കൂടുതലെടുക്കുന്നത്. നേരത്തേ പോയാല്‍ ജോലിയെല്ലാം ഭംഗിയായി തീര്‍ത്ത് നേരത്തെ ശാലോമില്‍ എത്താമല്ലോ. എന്നാല്‍ പ്രാര്‍ത്ഥന മുടക്കേണ്ടതില്ല. ശാലോമിലേക്ക് പോകുന്ന വഴിയില്‍ വാഹനത്തിലിരുന്ന് ചൊല്ലിയാല്‍ മതിയല്ലോ. എത്ര യുക്തിഭദ്രമായ ചിന്ത. ഇതൊരു പ്രലോഭനമാണെന്നുപോലും തോന്നുകയില്ല. അതില്‍ ഞാന്‍ വീണുപോയി.
ആദ്യദിവസം പോകുന്ന വഴിക്ക് പ്രാര്‍ത്ഥന ചൊല്ലി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഞാനതു ചെയ്തില്ല.
മനഃപൂര്‍വമല്ല, ഓര്‍ത്തില്ലെന്നുമാത്രം. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര നേരത്തേ ശാലോമില്‍ എത്തിയില്ല എന്നുമാത്രമല്ല, ചിലപ്പോള്‍ അല്പം താമസിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ഈ കെണി തിരിച്ചറിയുവാന്‍ കര്‍ത്താവ് കൃപ നല്‍കിയത്. ഞാന്‍ അപ്പോള്‍ത്തന്നെ പ്രാര്‍ത്ഥന കൂടുതല്‍ സ്‌നേഹത്തോടെ ചൊല്ലി. വീട്ടിലെത്തി ജോലികള്‍ ചെയ്യാനാരംഭിച്ചു. പതിവിലും കൂടുതല്‍ വൃത്തിയാക്കാന്‍ അന്ന് സാധിച്ചു. കുളിച്ച് തിടുക്കത്തില്‍ ശാലോമിലേക്ക് പോയി. എത്തുന്നതിന് അല്‍പംമുമ്പ് വാച്ചില്‍ നോക്കി. ബെല്ലടിക്കുവാന്‍ അഞ്ചുമിനിറ്റ് ബാക്കി! ഒരു കാര്യം പകല്‍പോലെ വ്യക്തമായി. പ്രാര്‍ത്ഥനയുടെ സമയം കവര്‍ന്ന് പ്രവൃത്തി ചെയ്താല്‍ അതൊരു അനുഗ്രഹമാവുകയില്ല. ചെയ്യുന്ന പ്രവൃത്തിയില്‍ ദൈവകൃപ കുറയും. അനുഭവത്തില്‍നിന്ന് ഈ പാഠം പഠിപ്പിച്ച ദൈവത്തിന് നന്ദി.
നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ രണ്ട് വ്യക്തികളുണ്ട്. ഒരു മര്‍ത്തായും ഒരു മറിയവും. ജീവിതവ്യഗ്രതകള്‍ നിറഞ്ഞ ആളാണ് മര്‍ത്താ. എന്തുമാത്രം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട് എനിക്ക്! എല്ലായ്‌പ്പോഴും അതാണ് മര്‍ത്തായുടെ മനസിനെ മഥിക്കുന്ന ചിന്ത. അതിനാല്‍ അവള്‍ എപ്പോഴും പ്രവര്‍ത്തനനിരതയാണ്. കര്‍ത്താവിനെ പ്രസാദിപ്പിക്കുവാനാണ് അത് ചെയ്യുന്നതെന്നോര്‍ക്കണം. എന്നാല്‍ കര്‍ത്താവിന്റെ അടുത്ത് ഇരിക്കുവാന്‍, അവിടുത്തെ പ്രകാശപൂര്‍ണമായ തിരുമുഖത്തേക്ക് നോക്കുവാന്‍, അവിടുത്തെ വചനങ്ങള്‍ കേള്‍ക്കുവാനും ധ്യാനിക്കുവാനും, സമയം കിട്ടാതെ പോകുന്നു. അവസാനം ഒപ്പിച്ചുള്ള ഒരു പ്രാര്‍ത്ഥനമാത്രം. സമര്‍പ്പിത ജീവിതത്തില്‍, കര്‍ത്താവിനായി ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരുടെ ജീവിതത്തില്‍ ഇത് വലിയൊരു കുറവാണ്, ചിലപ്പോള്‍ അപകടകരവുമാകാം. ഭ്രമണപഥത്തില്‍നിന്ന് തെന്നിമാറിപ്പോകാന്‍ ഇത് കാരണമായേക്കാം.
പ്രവൃത്തി അത്യാവശ്യമാണ്. എന്നാല്‍ മറിയത്തെപ്പോലെ നല്ല ഭാഗം തിരഞ്ഞെടുക്കുവാന്‍ ശ്രമിക്കുമ്പോഴേ പ്രവൃത്തികള്‍ കൃപ നിറഞ്ഞവയാകുകയുള്ളൂ. വിളിച്ചവന്റെ കൈയൊപ്പ് അത്തരം പ്രവൃത്തികളുടെമേല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ രണ്ട് വ്യക്തിത്വങ്ങളുടെ ഒരു അനുഗൃഹീതസമവായം ഈ ലോകജീവിതം നയിക്കുന്ന എല്ലാവര്‍ക്കും അത്യന്താപേക്ഷിതമത്രേ. എന്നാല്‍ മറിയത്തെപ്പോലെ പ്രാര്‍ത്ഥനാജീവിതം മാത്രം നയിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ അതിനോട് വിശ്വസ്തത പുലര്‍ത്തട്ടെ. നാം എന്തു ചെയ്യുന്നുവെന്നതല്ല ദൈവസന്നിധിയില്‍ പ്രധാനം. നമുക്ക് ലഭിച്ച വിളിയോട് എങ്ങനെ വിശ്വസ്തത പുലര്‍ത്തുന്നു എന്നതാണ്. അതിനാല്‍ കൃപയ്ക്കായി ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം.
എന്നെ സ്‌നേഹിച്ച്, എന്റെ പേരുചൊല്ലി വിളിച്ച ഈശോയേ, അങ്ങയെ ഞാന്‍ അത്യധികമായി സ്‌നേഹിക്കുന്നു. എനിക്കുള്ള സകലതും അങ്ങയുടെ ദാനമാണെന്ന് തിരിച്ചറിഞ്ഞ് അങ്ങയുടെ മുമ്പില്‍ അവയെല്ലാം അടിയറവ് വയ്ക്കുന്നു. അങ്ങയുടെ പാദത്തിലിരിക്കുവാന്‍ എന്നെ എപ്പോഴും വിളിക്കണമേ. അതേസമയം അവിടുന്ന് എനിക്ക് നല്‍കിയ ചുമതലയോട് വിശ്വസ്തത പുലര്‍ത്തുവാനും കൃപ നല്‍കിയാലും. എല്ലാം അങ്ങയുടെ മഹത്വത്തിനായി മാത്രം ചെയ്യുവാന്‍ അനുഗ്രഹിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ കൃപ ലഭിക്കുവാന്‍ എനിക്കായി ഇപ്പോള്‍ത്തന്നെ മാധ്യസ്ഥ്യം വഹിക്കണമേ, ആമ്മേന്‍.
'2021 ഡിസംബര്‍ ശാലോം ടൈംസില്‍ വന്ന അവസാന മരുന്ന് പരീക്ഷിച്ച് 41-ാം ദിവസം എന്ന ലേഖനത്തില്‍ പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിച്ചു. സ്ഥലം വില്പന നടക്കാന്‍ എന്ന നിയോഗംവച്ച് 41 ദിവസം കരുണക്കൊന്ത ചൊല്ലുകയാണ് ചെയ്തത്. അതോടൊപ്പം ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നൂറ് ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. 39-ാം ദിവസം സ്ഥലംവില്‍പന ശരിയായി. നല്ല ദൈവത്തിന് ഒരായിരം നന്ദി!
'വേറിട്ടൊരു പ്രത്യാശയാണ് മലാഖി നല്കുന്നത്…
ആഗസ്റ്റ് 23, 2010. യു.എസ് കാന്‍സാസിലെ ഗോര്‍ഹാമിലുള്ള ജെന്നാ-മില്ലര്‍ ദമ്പതികളുടെ ഭവനം. നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭവനത്തില്‍ എല്ലാവരും. ജെന്നായെ സഹായിക്കാനുള്ള മിഡ് വൈഫ് വേഗം എത്തി. പക്ഷേ അപ്പോഴേക്കും കുഞ്ഞ് പുറത്തുവന്നു. ലോകത്തിലേക്ക് വരാന്‍ അത്രമാത്രം തിരക്കിലായിരുന്നുവെന്ന് തോന്നിപ്പിച്ച കുഞ്ഞ്, മലാഖി മില്ലര്‍. കുഞ്ഞായിരുന്നപ്പോള്‍മുതല്‍ ഏത് തരത്തിലുമുള്ള ആളുകളോടും മലാഖി എളുപ്പത്തില്‍ ഇടപെടും. അതിനാല്‍ ആരും അവന് അപരിചിതരായി ഉണ്ടായിരുന്നില്ല എന്നുപറയാം. അവനുതാഴെ രണ്ട് കുട്ടികള്‍കൂടി ജനിച്ചു. ആറ് കുട്ടികളെയും ചേര്‍ത്ത് ‘മില്ലറുടെ സിക്സ്പാക്ക്’ എന്നാണ് എല്ലാവരും ഓമനിച്ച് വിളിച്ചിരുന്നത്.
മലാഖിക്ക് ഏതാണ്ട് രണ്ട് വയസുള്ളപ്പോള്‍ കുടുംബമൊന്നിച്ച് പുറത്ത് പോയ സമയം. അവര്‍ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന നേരത്ത് കുറച്ചുമാറി അല്പം പ്രായമായ ഒരു സ്ത്രീ തനിയെയിരുന്ന് ഐസ്ക്രീം കഴിക്കുന്നത് അവന്‍ കണ്ടു. അവന്‍ പതുക്കെ എഴുന്നേറ്റ് അവരുടെയടുത്ത് പോയി ഇരുന്നു, അവര്‍ തനിയെ ആകരുതല്ലോ? അതായിരുന്നു മലാഖി. കണ്ടുമുട്ടുന്ന എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തണമെന്നായിരുന്നു അവന്‍റെ ആഗ്രഹം.
കോണറിന്‍റെ മാതാവ്…!
മൂന്ന് വയസുള്ളപ്പോള്‍ പരിശുദ്ധ മറിയത്തിന്‍റെ ലുത്തിനിയായില്‍ സ്വന്തമായി അവന്‍ ചില വരികള്‍ ചേര്‍ത്തു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ എന്ന് ചൊല്ലുമ്പോഴേ അവന്‍ ഉറക്കെ കൂട്ടിച്ചേര്‍ക്കും, ‘കോണറിന്‍റെ സഹായമായ മാതാവേ….’ കോണര്‍ എന്നാല്‍ മറ്റാരുമല്ല, അവന്‍റെ ഏറ്റവും മൂത്ത ചേട്ടന്‍തന്നെ. അപ്പസ്തോലന്‍മാരുടെ രാജ്ഞീ, രക്തസാക്ഷികളുടെ രാജ്ഞീ… എന്ന് ചൊല്ലിത്തീരുമ്പോഴേ അടുത്തതായി അവന്‍റെ സ്വന്തം രചന വീണ്ടും വരും, ‘എനിക്ക് സാത്താനെ ഇഷ്ടമല്ല എന്നതിന്‍റെ രാജ്ഞീ!’ ആ പ്രായത്തില്‍ത്തന്നെ തന്‍റെ പരമ്പരാഗത കത്തോലിക്കാവിശ്വാസത്തെ അവന്‍ അത്ര കാര്യമായിത്തന്നെ പരിഗണിച്ചിരുന്നു. ആരോടും അത് പങ്കുവയ്ക്കാനും തെല്ലും മടി കാണിക്കാറില്ല.
സംഗീതവും അവന് ഏറെ പ്രിയങ്കരം. പാടും, വയലിന്‍ വായിക്കും- അതെല്ലാം ജനിച്ചപ്പോഴേ അവനറിയാമായിരുന്നു എന്ന മട്ടിലായിരുന്നു. ഒരു ഒത്തുകൂടലിനിടെ തമാശ അവതരിപ്പിക്കാനുണ്ടോ എന്നാരെങ്കിലും ചോദിച്ചാല്‍ ആദ്യം സദസിനുമുന്നില്‍ എത്തുന്നത് അവനായിരിക്കും, എല്ലാവരെയും ചിരിപ്പിക്കാന്‍. ബേസ്ബോള്‍ കളിക്കാന്‍ മലാഖിയ്ക്ക് എന്തിഷ്ടമായിരുന്നെന്നോ! ഊര്‍ജസ്വലനായി കളിക്കളത്തില്‍ ഓടുന്ന മലാഖി ആരുടെയും ഹൃദയം കവരും.
ഡാഡിക്കൊപ്പം തനിച്ചൊരു കളി?
അങ്ങനെയിരിക്കവേയാണ് കുടുംബത്തെയും പ്രിയപ്പെട്ടവരെയുമെല്ലാം വല്ലാതെ ഉലച്ച വേദനാജനകമായ ഒരു സംഭവം ഉണ്ടായത്. മലാഖിയുടെ ഡാഡി ഒരു അസുഖത്തെത്തുടര്‍ന്ന് 2017 ജൂണില്‍ മരണമടഞ്ഞു. അസുഖം മൂര്‍ച്ഛിച്ച് മരണത്തോടടുത്തപ്പോള്‍ നല്ല മരണം ലഭിക്കാനായി കുടുംബം മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കിലും ആ വിയോഗത്തോട് പൊരുത്തപ്പെടാന്‍ സമയം എടുത്തു. പക്ഷേ മലാഖിക്ക് ഡാഡിക്കൊപ്പം കളിക്കണം. അതിന് സ്വര്‍ഗത്തില്‍ പോകാനും അവന്‍ തയ്യാര്‍. മറ്റ് സഹോദരങ്ങളൊന്നുമില്ലാതെ ഡാഡിക്കൊപ്പം തനിയെ കളിക്കണം.അതാണ് അവന്‍റെ ആഗ്രഹം.
എങ്കിലും സ്കൂള്‍ പഠനവും സംഗീതരംഗത്തെ പ്രവര്‍ത്തനങ്ങളും കായികവിനോദങ്ങളുമൊക്കെയായി അവന്‍ സദാ തിരക്കിലായിരുന്നു. ദിനംതോറുമുള്ള ജപമാലപ്രാര്‍ത്ഥന മുടക്കാറില്ല. നല്ലവണ്ണം ഒരുങ്ങിയാണ് പ്രഥമകുമ്പസാരവും പ്രഥമദിവ്യകാരുണ്യസ്വീകരണവും നടത്തിയത്. പ്രഭാതത്തിലും രാത്രിയിലും നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധ പുലര്‍ത്തി.
ഡാഡിയുടെ വിയോഗത്തിന്‍റെ വേദനയുണ്ടെങ്കിലും സാവധാനം ജീവിതം സാധാരണഗതിലയിലായി. അങ്ങനെ മുന്നോട്ടുപോകവേയാണ് 2022 ജൂണില്‍ മലാഖിക്ക് സ്പൈനല്‍ കോര്‍ഡ് ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അന്ന് മലാഖിക്ക് 11 വയസ്. അടിയന്തിരമായി സര്‍ജറി നടത്തിയെങ്കിലും ട്യൂമറിന്‍റെ പത്ത് ശതമാനത്തോളംമാത്രമേ നീക്കാനായുള്ളൂ. അതേത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നതോടെ ശ്വസനത്തിന് ട്യൂബ് ഇടേണ്ടി വന്നു. ബോധം തെളിഞ്ഞപ്പോള്‍ മലാഖി അമ്മയോട് ചോദിച്ചത് ട്യൂബ് ഇട്ടില്ലായിരുന്നെങ്കില്‍ താന്‍ നിത്യമായ ഉറക്കത്തിലേക്ക് പോകുമായിരുന്നില്ലേ എന്നാണ്. ഉവ്വെന്ന് മറുപടി ലഭിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ അതുമതിയായിരുന്നു എന്നവന്‍ അമ്മയോട് പറഞ്ഞു. ആ പതിനൊന്നുവയസുകാരന്‍റെ നിത്യസ്വപ്നമായി സ്വര്‍ഗം.
ഡോക്ടറെ പറ്റിച്ച് കളിക്കളത്തില്‍
എന്തായാലും സര്‍ജറി കഴിഞ്ഞ് ബേസ്ബോള്‍ കളിക്കാനൊന്നും സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. പക്ഷേ തനിക്ക് കളിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മലാഖി തന്‍റെ ഗ്രാന്‍റ്മായോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടര ആഴ്ചകൊണ്ട് മലാഖി വീണ്ടും കളിക്കളത്തില്‍ ഇറങ്ങി. പിന്നീട് സ്ഥൈര്യലേപനം സ്വീകരിച്ചു. അതോടനുബന്ധിച്ച് വിശ്വാസത്തോടെ, തവിട്ടുനിറമുള്ള ഉത്തരീയം അണിഞ്ഞുതുടങ്ങിയ അവന്‍ പിന്നെയൊരിക്കലും അത് ഊരിമാറ്റിയിരുന്നില്ല, നീന്തുമ്പോഴും കുളിക്കുമ്പോഴും ഒന്നും.
“മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” (റോമാ 8/38-39).
ഫാത്തിമായില്‍ പരിശുദ്ധ അമ്മ ആവശ്യപ്പെട്ട ആദ്യശനി ആചരണം ആദ്യവെള്ളി ആചരണത്തോടൊപ്പം അവരുടെ കുടുംബം പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ചതോറും ദിവ്യബലിക്കുമുമ്പ് കുമ്പസാരിക്കും. അള്‍ത്താരബാലനാകുന്നതിനായി പഠിച്ച് ഒരുങ്ങി. എന്നും ജെന്ന മക്കളെക്കൊണ്ട് വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ മലാഖി ഡാഡിയുടെയും മരിച്ചുപോയ മുത്തശ്ശീമുത്തശ്ശന്‍മാരുടെയും കൂടി പ്രാര്‍ത്ഥന ചോദിക്കും.
ഒരിക്കല്‍, ആഴ്ചതോറുമുള്ള ചികിത്സക്കായി പോയപ്പോള്‍ അവന്‍റെ പ്രിയപ്പെട്ട കളിക്കാരനായ ഹാരിസണ്‍ ബട്കര്‍ അവനെ സന്ദര്‍ശിച്ചു. അദ്ദേഹത്തോട് അവന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ കത്തോലിക്കാവിശ്വാസംനിമിത്തമാണ് അവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് എന്നാണ്. അത്രമാത്രം സജീവമായ കത്തോലിക്കാവിശ്വാസമായിരുന്നു ബാലനായ മലാഖിയുടേത്.
നിക്കോളാസുമായി ഒരു പുഞ്ചിരി
ആ നവംബറില്‍ ഒരു പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ മലാഖിയുടെ കഴുത്തിന് താഴേക്ക് തളര്‍ന്നുപോയിരുന്നു. പെട്ടെന്നുതന്നെ ഒമഹയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് അവനെ എത്തിച്ചു. ട്യൂമര്‍, ബ്രെയിന്‍ സ്റ്റെം കീഴടക്കിയിരുന്നു. സ്ഥിതി വളരെ ഗുരുതരമായിരുന്നെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിശുദ്ധ നിക്കോളാസിന്‍റെ പ്രത്യേകസഹായത്താല്‍ ഡിസംബറില്‍ മലാഖി വീണ്ടും ജീവനിലേക്ക് നടന്നടുത്തു. ആശുപത്രിയില്‍ അവനെ വിശുദ്ധ നിക്കോളാസ് സന്ദര്‍ശിച്ചുവത്രേ. ഏറെനേരം അവന്‍ മുഖത്തൊരു പുഞ്ചിരിയുമായി കിടന്നു.
കഴുത്തില്‍ ട്യൂബ് ഇട്ടിരുന്നതിനാല്‍ സംസാരിക്കാനാവുമായിരുന്നില്ല. പക്ഷേ പ്രിയപ്പെട്ടവരോട് സാധിക്കുന്നവിധത്തില്‍ ആശയവിനിമയം നടത്തുമായിരുന്നു. നഴ്സുമാരെയും മറ്റ് ആശുപത്രിജീവനക്കാരെയും കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാനും അവന്‍ മറന്നില്ല. ആ ക്രിസ്മസും ന്യൂ ഇയറുമെല്ലാം ആശുപത്രിയില്‍ത്തന്നെ കഴിഞ്ഞു. ക്രിസ്മസിന് അമ്മയ്ക്ക് പ്രിയപ്പെട്ട കപ്പുച്ചിനോ എത്തിച്ചുനല്കി അമ്മയ്ക്ക് അവന്‍ സര്‍പ്രൈസ് ഒരുക്കി. 49 ദിവസമാണ് അവന്‍ ആശുപത്രിയില്‍ കിടന്നത്. ബിഷപ് പിവറുനാസും വൈദികരും സന്യാസിനികളും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം സന്ദര്‍ശകര്‍ വരുമായിരുന്നു.
എല്ലാവരും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ ബിഷപ്പിനോട് ഉടനെവന്നു മലാഖിയുടെ ചോദ്യം, “ബൈഡനും എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോ?” അതായിരുന്നു മലാഖി. ആരെയും ഒന്ന് രസിപ്പിക്കാന്‍ എപ്പോഴും അവന്‍ ശ്രമിച്ചു. സന്ദര്‍ശകരെല്ലാം അവനില്‍നിന്ന് എന്തെങ്കിലും സന്തോഷമോ ആശ്വാസമോ സ്വീകരിച്ചാണ് മടങ്ങിയത്.
എണ്ണുകയല്ല, എണ്ണം പറയണം
ആശുപത്രിക്കിടക്കയിലും മലാഖി തമാശകളും ചിരിയുമായി കഴിഞ്ഞു. തന്‍റെ വേദനകളെ ബോധപൂര്‍വം സ്വീകരിച്ചു. അതിന് രണ്ടാഴ്ച മുമ്പ് അവന്‍ അമ്മയോട് സംസാരിച്ചത് ഇങ്ങനെയാണ്, “അമ്മേ, ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടവരോട് ഗുഡ്ബൈ പറയേണ്ടിവരും.” അതിന് തയാറായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ ‘ഗുഡ്ബൈ പറയാന്‍ തയാറായിട്ടില്ല, പക്ഷേ സ്വര്‍ഗത്തിലേക്ക് പോകാന്‍ തയാറായി’ എന്നായിരുന്നു മലാഖി മറുപടി പറഞ്ഞത്.
ആ സംഭാഷണത്തിനുശേഷം രണ്ടാഴ്ചയ്ക്കകം, 2023 മെയ് ഒന്നിന്, അവന്‍ സ്വര്‍ഗത്തിലേക്ക് പറന്നു. അവന്‍ ആഗ്രഹിച്ചതുപോലെ, സ്വര്‍ഗത്തില്‍ കര്‍ത്താവിന്‍റെയും മാലാഖമാരുടെയുംകൂടെമാത്രമല്ല, തന്‍റെ ഡാഡിയോടുംകൂടെ ആയിരിക്കാന്‍ മലാഖിയ്ക്ക് സാധിച്ചു. ‘ജീവിതം ക്രിസ്തുവും മരണം നേട്ടവും’ (ഫിലിപ്പി 1/21) ആക്കിയ 12 വയസുകാരന്‍ കത്തോലിക്കന്‍.
മില്ലര്‍ കുടുംബം ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച അത്ഭുതസൗഖ്യം മലാഖിക്ക് ലഭിച്ചില്ലെങ്കിലും
12 വര്‍ഷത്തോളംമാത്രം നീണ്ട അവന്‍റെ ജീവിതത്തില്‍നിന്ന് അവര്‍ സ്വീകരിച്ച ആപ്തവാക്യം ശ്രദ്ധേയമാണ്, “ദിവസങ്ങള്‍ എണ്ണുകയല്ല വേണ്ടത്, എണ്ണം പറയത്തക്കവിധം ദിവസങ്ങളെ ഫലപ്രദമാക്കുകയാണ് വേണ്ടത്” (Don’t count the days, make the days count). സകലതിനുമുപരി ഈശോയെ സ്നേഹിച്ചും ദൈവം നല്കിയ കുരിശ് സ്വീകരിച്ച് സന്തോഷത്തോടെ ജീവിച്ചുകാണിച്ചും കടന്നുപോയ മലാഖി ഒരു വലിയ പ്രത്യാശ നല്കുന്നു, ഇന്നത്തെ കുട്ടികളില്‍നിന്നും വിശുദ്ധര്‍ രൂപപ്പെടുന്നുണ്ടെന്ന പ്രതീക്ഷ.
പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്പെയ്നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ്തി അവിടെയുണ്ടായില്ല. ജനങ്ങള്‍ സുവിശേഷം സ്വീകരിക്കാതെ പോകുന്നത് കണ്ട യാക്കോബ് ശ്ലീഹാ തളര്‍ന്നു. തപിക്കുന്ന മനസോടെ സരഗോസ എന്ന സ്ഥലത്തെ എബ്രോ നദിയുടെ കരയില്‍ ശ്ലീഹാ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ ഒരു സ്തൂപത്തിന്‍റെ മുകളില്‍ മാതാവ് പ്രത്യക്ഷയായി.
ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തന്‍റെ ഒരു ചെറുരൂപം പരിശുദ്ധ മാതാവ് ശ്ലീഹായ്ക്ക് സമ്മാനിച്ചു. ആ രൂപം പില്ക്കാലത്ത് അവിടെ നിര്‍മിക്കപ്പെട്ട പരിശുദ്ധ മാതാവിന്‍റെ നാമത്തിലുള്ള ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരിക്കലും പൊടിപിടിക്കില്ല! മാത്രവുമല്ല ആ രൂപം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല.
പാപത്തിന്‍റെ കറയേശാത്തവളായ കന്യാമറിയം സമ്മാനിച്ച അഴുക്കുപുരളാത്ത ആ ചെറുരൂപം നമ്മോട് പറയാതെ പറയുന്നത് എന്താണ്? പാപത്തിന്‍റെ മാലിന്യം നീക്കി വിശുദ്ധിയില്‍ മുന്നേറാന്‍ ഏറ്റവും നല്ല സഹായിയാണ് പരിശുദ്ധ അമ്മ എന്നുതന്നെ.
പരിശുദ്ധ മറിയമേ, അങ്ങേ അമലോത്ഭവത്തിന്‍റെ ശക്തിയാല്‍ എന്‍റെ ശരീരത്തെ ശുദ്ധവും ആത്മാവിനെ പരിശുദ്ധവും ആക്കണമേ. എന്‍റെ അമ്മേ, ഈ ദിനം എല്ലാ മാരകപാപങ്ങളില്‍നിന്നും എന്നെ സംരക്ഷിക്കേണമേ.
'വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ്‍ ഒരിക്കല്‍ ശിഷ്യന്‍മാരോടൊപ്പം തന്‍റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു ഏകാന്തവാസിയുടെ ഭവനത്തിനടുത്തെത്തി. അയാളുടെ മുന്തിരിത്തോട്ടത്തെ സമീപിക്കാന്‍ ശ്രമിച്ചപ്പോഴേക്കുംതന്നെ അതിന്‍റെ വിവിധഭാഗങ്ങളില്‍ കാവല്‍നിന്നിരുന്നവര്‍ വിശുദ്ധന്‍റെയും ശിഷ്യരുടെയും നേര്‍ക്ക് അതാ കല്ലും മണ്ണും വാരി എറിയുന്നു! അവര്‍ വേഗം
അവിടെനിന്ന് രക്ഷപ്പെട്ടു.
അല്പദൂരം മുന്നോട്ടുപോയപ്പോള്‍ സാബാസ് എന്ന ഒരു ഏകാന്തവാസിയുടെ സ്ഥലമെത്തി. ഹിലാരിയോണും ശിഷ്യരും അതിലേ വരുന്നു എന്ന് കേട്ടപ്പോഴേ അയാള്‍ വേഗം തന്‍റെ മുന്തിരിത്തോപ്പിലേക്ക് വന്ന് ആ സംഘത്തോട് തന്‍റെ തോപ്പില്‍നിന്ന് ആവശ്യത്തിന് മുന്തിരിപ്പഴങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. യാത്രാസംഘം അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ചു. അല്പനാളുകള്‍ക്കുള്ളില്‍ ഈ രണ്ട് ഏകാന്തവാസികളുടെയും മുന്തിരിവിളവെടുപ്പിന്‍റെ കാലമായി.
ലുബ്ധനായിരുന്ന ആദ്യത്തെ വ്യക്തിക്ക് വളരെ കുറഞ്ഞ വിളവാണ് അത്തവണ ലഭിച്ചത്. വീഞ്ഞാകട്ടെ പുളിച്ചുപോകുകയും ചെയ്തു. എന്നാല്‍ സാബാസിന്‍റെ മുന്തിരിത്തോട്ടത്തില്‍നിന്ന് ഇരുപത് ദിവസങ്ങള്‍ക്കുശേഷം പതിവുള്ള പത്തുകുടത്തിനുപകരം മുന്നൂറുകുടം വീഞ്ഞാണ് നിര്‍മിക്കാന്‍ സാധിച്ചത്.
“എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ
സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ
വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29).