Home/Enjoy/Article

ഡിസം 24, 2024 5 0 Shalom Tidings
Enjoy

സല്‍പ്പേര് കളഞ്ഞ വിശുദ്ധന്‍

ദൈവസ്‌നേഹത്തെപ്രതി ഏതറ്റം വരെയും പോകാന്‍ പ്രാപ്തിയും അതിനുള്ള മനസുമുള്ളവന്‍, അദ്ദേഹമാണ് ഗാസയിലെ വിശുദ്ധ വിറ്റാലിസ്. ഒരുപക്ഷേ, നമുക്ക് അനുകരിക്കാന്‍ കഴിയുന്ന ഒരു വിശുദ്ധനൊന്നുമല്ല അദ്ദേഹം. പക്ഷേ ഇങ്ങനെയും വിശുദ്ധരുണ്ട് എന്ന് അറിയുന്നത് ഒരു ആനന്ദവും അഭിമാനവുമായിരിക്കും.
ഏഴാം നൂറ്റാണ്ടാണ് വിറ്റാലിസിന്‍റെ ജീവിതകാലം. ആദ്യകാലത്ത് ഈജിപ്തിലെ മരുഭൂമിയില്‍ തികച്ചും താപസനായിട്ടാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ഏതാണ്ട് 60 വയസായപ്പോള്‍ മരുഭൂവാസം ഉപേക്ഷിച്ച്, താപസജീവിതത്തിന്‍റെ ചൈതന്യവും പേറി അദ്ദേഹം അലക്‌സാണ്‍ഡ്രിയായിലേക്ക് യാത്രയായി. അവിടെ അനുദിനജോലികള്‍ ചെയ്യുന്ന ഒരു പണിക്കാരനെപ്പോലെ പുതിയൊരു ജീവിതമാരംഭിച്ചു.

നടുവൊടിയുംവിധം ജോലി ചെയ്തിട്ടാണ് ദിവസവും കൂലി നേടിയിരുന്നത്. എന്നിട്ട് അന്ന് ജോലി ചെയ്ത സ്ഥലത്തുള്ള വേശ്യാലയത്തിലേക്ക് പോകും. ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കായി പണം നല്കും. അങ്ങനെയാണ് ആ ദിവസത്തെ കൂലി ചെലവാക്കുന്നത്. ഇതറിഞ്ഞ അവിടത്തെ സാധാരണ ക്രൈസ്തവവിശ്വാസികള്‍ അദ്ദേഹത്തെയോര്‍ത്ത് ലജ്ജിക്കുകയും അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. അത് തികച്ചും സ്വാഭാവികമായിരുന്നുതാനും. അദ്ദേഹത്തെ വിശ്വാസിസമൂഹത്തില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പക്ഷേ അവിടത്തെ മെത്രാന്‍ അതിന് തയാറായില്ല.

അദ്ദേഹത്തിന്‍റെ ജീവിതം ദുരിതപൂര്‍ണമായി തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിനം തെരുവില്‍വച്ച് അദ്ദേഹം ആക്രമിക്കപ്പെട്ട് മരണമടഞ്ഞു. ചേര്‍ത്തുപിടിച്ച ഒരു കുറിപ്പ് മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയിലുണ്ടായിരുന്നു. 1കോറിന്തോസ് 4/5 വചനമാണ് ആ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നത്- ”അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്ന് പ്രശംസ ലഭിക്കും.”
ആ കുറിപ്പിന്‍റെ വ്യാഖ്യാനമെന്നതുപോലെയായിരുന്നു വിറ്റാലിസിന്‍റെ മൃതസംസ്‌കാരവേള.

നൂറിലധികമെന്നോണം സ്ത്രീകള്‍ സംസ്‌കാരശുശ്രൂഷകള്‍ക്കായെത്തി. മുന്‍വേശ്യകളായിരുന്ന തങ്ങളുടെ ആത്മാക്കളുടെ വീണ്ടെടുപ്പിനെപ്രതി വിറ്റാലിസിനോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. അപ്പോഴാണ് വിറ്റാലിസിനെക്കുറിച്ച് മറ്റുള്ളവര്‍ പലതും മനസിലാക്കിയത്.
ഓരോ രാത്രിയും ഓരോ സ്ത്രീയെ വിറ്റാലിസ് വിലയ്‌ക്കെടുക്കുകയാണ് ചെയ്തിരുന്നതത്രേ. ആ രാത്രി അവരെ പാപം ചെയ്യാന്‍ അനുവദിക്കാതെ, സ്വതന്ത്രമായി സമാധാനത്തോടെ വിശ്രമിക്കാന്‍ അനുവദിക്കും. അതിനുവേണ്ടിയാണ് താന്‍ പണം നല്കിയതെന്ന് അദ്ദേഹം അവരോട് പറയുമായിരുന്നു. ആ രാത്രി സ്വസ്ഥമായി ഉറങ്ങുന്ന അവള്‍ക്കായി അദ്ദേഹം ഉറങ്ങാതെ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കും.

എന്നാല്‍ ചില സ്ത്രീകള്‍ക്ക് ആകാംക്ഷയായിരിക്കും ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അവര്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം മറുപടി നല്കും, ”ദൈവം നിന്നെ സ്‌നേഹിക്കുന്നു. നീ രക്ഷിക്കപ്പെടാന്‍ അവിടുന്ന് കൊതിക്കുന്നു.” ദൈവത്തിന്‍റെ കരുണയെക്കുറിച്ചും നമ്മെ രക്ഷിക്കാനായി അവിടുന്ന് കുരിശില്‍ മരിച്ചതിനെക്കുറിച്ചും അദ്ദേഹം അവരോട് സംസാരിക്കും. ഇതെല്ലാം സ്വീകരിക്കാന്‍ അവര്‍ മനസുകാണിച്ചാല്‍, അവരെ വേശ്യാലയത്തില്‍നിന്ന് അദ്ദേഹം പുറത്തെത്തിക്കും.

ചിലരുടെ വിവാഹം അദ്ദേഹം മനോഹരമായി നടത്തിക്കൊടുത്തിരുന്നു. സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ അവര്‍ക്കായി സ്ത്രീധനം വരെ വിശുദ്ധന്‍ ഒരുക്കിക്കൊടുത്തിരുന്നു. സന്യസ്തജീവിതം ആഗ്രഹിച്ചവര്‍ക്ക്, അവരെ സ്വീകരിക്കാന്‍ മനസുള്ള മഠങ്ങള്‍ കണ്ടെത്തിക്കൊടുത്തു.
എല്ലാവരോടും ആവശ്യപ്പെട്ടത് ഒന്നേയുള്ളൂ. അദ്ദേഹം ചെയ്തതിനെക്കുറിച്ച് മൗനം പാലിക്കുക. കാരണം താന്‍ ചെയ്യുന്നതെന്താണെന്ന് പുറംലോകം അറിഞ്ഞാല്‍ പിന്നെ അത്തരം സ്ത്രീകളെ രക്ഷിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ”..ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18/14) എന്നറിയാമായിരുന്ന അദ്ദേഹം അവരുടെ ആത്മരക്ഷയ്ക്കുവേണ്ടി തന്‍റെ സല്‍പ്പേരുപോലും വിലയായി കൊടുത്തു.

ഈ ഉദ്യമത്തിനായി ഇറങ്ങിയപ്പോള്‍ അദ്ദേഹം സ്വയം സ്വീകരിച്ചത് ഉറക്കമില്ലാത്ത രാത്രികളും വേണ്ടത്ര ഭക്ഷണംപോലുമില്ലാത്ത കഠിനജോലിയുടെ പകലുകളുമായിരുന്നു. നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്കായി രാത്രിയിലെ ജാഗരണവും പകലത്തെ അധ്വാനവും അദ്ദേഹം നല്കി.
അദ്ദേഹത്തെ കൊലചെയ്തത് ഒരുപക്ഷേ, കാമുകിയെ നഷ്ടപ്പെട്ട ഏതെങ്കിലും പുരുഷനോ ധാര്‍മികരോഷത്താല്‍ കോപാക്രാന്തനായ ക്രൈസ്തവന്‍തന്നെയോ ആകാം. അതേപ്പറ്റി നമുക്കറിഞ്ഞുകൂടാ. പക്ഷേ അദ്ദേഹം ഒരു രക്തസാക്ഷിതന്നെയായിരുന്നു.
മറ്റുള്ളവരെ പാപികളായി കാണുന്നതിനുപകരം, അവരിലെ നഷ്ടപ്പെടുന്ന ആത്മാവിനെ കാണാനുള്ള കാഴ്ച തരണമേ എന്ന് വിശുദ്ധ വിറ്റാലിസിന്‍റെ മധ്യസ്ഥതയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles