കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത വ്യക്തിയോടൊപ്പം ഊണിനിരിക്കാന്‍ ഒരു അവസരം ലഭിച്ചു. ജീവിതത്തില്‍ ആദ്യ അനുഭവം. പാത്രത്തില്‍ വിളമ്പിയത് വിരലുകള്‍ക്കൊണ്ട് തപ്പിയെടുത്ത് അദേഹം ഭക്ഷിക്കുന്നത് ഉള്ളില്‍ നീറ്റലോടെ നോക്കിയിരുന്നു. മുമ്പില്‍ വിളമ്പിയിരിക്കുന്നത് എന്തൊക്കെയെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിയില്ല. അവയുടെ നിറമോ അളവോ അറിയില്ല. കറികള്‍ക്ക് മസാലയുണ്ടോ, മുളക് കൂടുതലോ കുറവോ എന്നൊക്കെ രുചിക്കുന്നതുവരെ മനസിലാക്കാനാകില്ല. പാത്രം വൃത്തിയുള്ളതോ, പഴയതോ മനോഹരമോ എന്നതും കാണാന്‍ പറ്റില്ല. എന്നിട്ടും മുമ്പില്‍ വിളമ്പിയിരിക്കുന്നത് ആസ്വാദ്യതയോടെ കഴിക്കുന്നത് അത്ഭുതത്തോടെയാണ് ശ്രദ്ധിച്ചത്.
സാധാരണയായി നാം ഭക്ഷണം കാണുമ്പോഴേ നമുക്കു പറ്റിയതാണോ എന്ന് ഒരു നീരീക്ഷണം നടത്തും. എന്തൊക്കെയാണ് വിഭവങ്ങള്‍, ഇഷ്ടമുള്ള കറികളാണോ, മുളകിന്റെയും മസാലയുടെയുമെല്ലാം അളവ് ആദ്യമേ കണക്കാക്കി, മൊത്തം മുന്വിലയിടല് നടത്തിയശേഷമേ ഭക്ഷിക്കണമോ എന്ന് തീരുമാനിക്കുകയുള്ളൂ. എന്നാല്‍ കാഴ്ചയില്ലാത്തൊരാള്‍ക്ക് ഇതൊന്നും സാധ്യമല്ലല്ലോ.
കാഴ്ചനല്കി അനുഗ്രഹിച്ച ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമ്പോള്‍ കര്‍ത്താവ് പറഞ്ഞു: ‘അന്ധരാകാതെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.’ ഞെട്ടലോടെ ചോദിച്ചു, അന്ധരെ സുഖപ്പെടുത്തിയ അങ്ങ് തന്നെയോ ഇങ്ങനെ പറയുന്നത്?
‘അതെ, മൂന്ന് സുവിശേഷകരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.’ കര്‍ത്താവ് തെളിവുസഹിതം വ്യക്തമാക്കുകയാണ്. ”മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (മത്തായി 18/3). ശിശുക്കളുടെ വിശ്വാസമുള്ളവരാണ് അന്ധര്‍. മുന്‍വിധിയില്ലാതെ ലഭിക്കുന്നതെല്ലാം സ്വീകരിക്കുന്ന ശിശുക്കള്‍ മാതാപിതാക്കളെ അന്ധമായി വിശ്വസിക്കുന്നു; അന്ധര്‍ സഹായികളെയും.
മനുഷ്യരെക്കാള്‍ എത്രയധികം നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു! നിങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠമായവ മാത്രമേ ഞാന്‍ നല്‍കുകയുള്ളൂ. മുന്‍വിധിയും പരാതികളുമില്ലാതെ, എന്തിന് ഇതൊക്കെ എന്നറിയാന്‍ ആഗ്രഹിക്കാതെ ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നവയെ ഇഷ്ടപ്പെടാനും സ്വീകരിക്കാനുംമാത്രം അന്ധമായി എന്നെ വിശ്വസിക്കാന്‍ കഴിയുമോ? എങ്കില്‍ ‘സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവരാകാന്‍ കഴിയും’ (മത്തായി 18/4).
ഒരിക്കല്‍ ജന്മനാ അന്ധനായൊരാള്‍ ദീര്‍ഘയാത്രചെയ്ത്, വിശുദ്ധ തോമസ് ബെക്കെറ്റിന്റെ കബറിടത്തിലെത്തി, അത്ഭുതകരമായി കാഴ്ച നേടി. പെട്ടെന്ന് അദ്ദേഹത്തിനൊരു തോന്നല്‍, ഇത് ദൈവഹിതമാണോ? ഉടന്‍ പ്രാര്‍ത്ഥിച്ചു, കര്‍ത്താവേ ഇത് അങ്ങേ ഹിതമല്ലെങ്കില്‍ എന്നെ വീണ്ടും അന്ധനാക്കണമേ. തല്‍ക്ഷണം അദ്ദേഹം വീണ്ടും അന്ധനായിത്തീര്ന്നുവത്രേ… നമുക്കും പ്രാര്‍ത്ഥിക്കാം,
കര്‍ത്താവേ, ഞങ്ങള്‍ക്കുവേണ്ടിയുള്ള അവിടുത്തെ തിരഞ്ഞെടുപ്പുകളില്‍ മറുചോദ്യമില്ലാതെ ‘യെസ്’ പറയാന്‍ അങ്ങിലുള്ള വിശ്വാസത്തില്‍ ഞങ്ങളെ അന്ധരാക്കിയാലും, ആമ്മേന്‍.