മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാടകവീടിന്‍റെ ഇടുങ്ങിയ മുറിയില്‍, മെഴുകുതിരി വെളിച്ചത്തിലാണ് ‘ശാലോം ടൈംസി’ന്‍റെ ആദ്യത്തെ എഡിറ്റോറിയല്‍ ഞാനെഴുതിയത്. എഴുത്തുകാരില്ല, വിതരണക്കാരില്ല, അച്ചടിക്കാന്‍ പ്രസ്സില്ല, പണമോ ഇല്ല, സഹായിക്കാന്‍ ജോലിക്കാരാരുമില്ല. എങ്കിലും ദൈവാത്മാവ് നല്‍കിയ ഒരു പ്രചോദനത്തെ സ്വീകരിച്ചപ്പോള്‍ അത് ദേശത്തിലെതന്നെ പ്രഥമ ഫോര്‍കളര്‍ ക്രിസ്തീയ മാസികയായി ജന്മമെടുത്തു. ഇന്ന്, മൂന്ന് ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍, പല രാജ്യങ്ങളിലായി നിരവധി എഡിഷനുകള്‍, ശാലോം ടൈംസില്‍നിന്നും പൊട്ടിമുളച്ച ശാലോം ടൈഡിംഗ്‌സിന്‍റെ നിരവധി ഭാഷകളിലെ പതിപ്പുകള്‍, സണ്‍ഡേ ശാലോം പത്രം, സോഫിയാ ബുക്‌സ്… അതുപോലെതന്നെ ശാലോം മാസികയുടെ വായനക്കാരിലൂടെതന്നെയാണ് ശാലോം ടെലിവിഷനും യാഥാര്‍ത്ഥ്യമായത്. അങ്ങനെ ക്രൈസ്തവ മാധ്യമരംഗത്തെ അനുഗൃഹീത നാമമായി ‘ശാലോം’ മാറി.
”ഇത് കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്.
ഇത് നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 118/23).
ഒരുപാട് മനുഷ്യരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും കഠിനാധ്വാനവുംവഴിയാണ് ശാലോം വളര്‍ന്നത്. അവരില്‍ ഏറ്റവും ആദരണീയരായവര്‍ ശാലോം ടൈംസിന്‍റെ ഏജന്റുമാര്‍തന്നെയാണ്. കാര്യമായ സാമ്പത്തിക ലാഭമൊന്നും ഇല്ലാതിരുന്നിട്ടും അവര്‍ ഈ മാസികയ്ക്കുവേണ്ടി, വെയിലും മഴയുംകൊണ്ട്, നാടുനീളെ അലഞ്ഞു. അവരുടെ പ്രേഷിതതീക്ഷ്ണതയ്ക്ക് കര്‍ത്താവുതന്നെ പ്രതിഫലം നല്‍കട്ടെ. പരസ്യങ്ങളുടെ വരുമാനമില്ലാതിരുന്നിട്ടും മേല്‍ത്തരം കടലാസില്‍ ഏറ്റവും ആകര്‍ഷണീയമായി ഈ മാസികയെ അണിയിച്ചൊരുക്കാന്‍ കഴിഞ്ഞത് അനേകരുടെ സാമ്പത്തികസഹായം ലഭിച്ചതുകൊണ്ടുമാത്രമാണ്.
വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവിന്‍റെ അനുഗ്രഹം അവര്‍ക്കും വരുംതലമുറകള്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നൂറുകണക്കിന് എഴുത്തുകാരുടെയും നിരവധി ഓഫീസ് ശുശ്രൂഷകരുടെയും രാത്രിയും പകലുമില്ലാത്ത അധ്വാനവും ഈ വിജയഗാഥയ്ക്കു പിന്നിലുണ്ട്. മൂന്നു ദശാബ്ദക്കാലം അധ്വാനിച്ച എഡിറ്റോറിയല്‍ ടീമിലുള്ള എല്ലാ അംഗങ്ങളെയും ലേ ഔട്ട് ആര്‍ട്ടിസ്റ്റുകളെയും നന്ദിയോടെ ദൈവസന്നിധിയില്‍ അനുസ്മരിക്കുന്നു.
ഈ മുപ്പതാം വാര്‍ഷികത്തില്‍ കര്‍ത്താവ് ചൊരിഞ്ഞ അനുഗ്രഹത്തിന് നമുക്കൊരുമിച്ച് ദൈവത്തിന് നന്ദിപറയാം. ദൈവമഹത്വത്തിനും തിരുസഭയുടെ നവീകരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും കൂടുതല്‍ പ്രയോജനമുള്ള ഒരു ശുശ്രൂഷയായി ശാലോം ടൈംസ് വളരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
കൈപിടിച്ചുയര്‍ത്തിയ 30 വര്‍ഷങ്ങള്‍ക്കായി…
ദൈവമേ… അങ്ങേക്ക് നന്ദി!