Editorial

Apr 2024
പ്രലോഭനവും അതിന്‍റെ പരിണതഫലങ്ങളും

മാതാപിതാക്കള്‍ മരിച്ചുപോയ ഒരു ഇരുപതുവയസുകാരന്‍ സന്യസിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി ഏകസഹോദരിയെ സിസ്റ്റേഴ്‌സിന്‍റെ സംരക്ഷണയിലാക്കി. പക്ഷേ, പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം പെങ്ങളുടെ സുരക്ഷിതത്വമോര്‍ത്ത് ഒരു സമാധാനവുമില്ല. കൂടാതെ തന്‍റെ പഴയ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും തിരഞ്ഞെടുത്ത മാര്‍ഗം തെറ്റിപ്പോയോ എന്ന ആശങ്കകളും അവനെ വരിഞ്ഞുമുറുക്കി. ഒടുവില്‍ തിന്മയുടെ തന്ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ഈശോയോടുള്ള സ്‌നേഹവും സ്വര്‍ഗത്തെക്കുറിച്ചുള്ള ഓര്‍മകളും ഹൃദയത്തില്‍ നിറച്ച് സാത്താനെ അവന്‍ തോല്പിച്ചു.
ശത്രു പുതിയ ആയുധവുമായി വീണ്ടും വരുമെന്ന് അറിയാമായിരുന്നതിനാല്‍ കടുത്ത ഉപവാസവും പരിഹാരപ്രാര്‍ത്ഥനയും ആരംഭിച്ചു. സന്യാസി ഇങ്ങനെപോയാല്‍, തന്‍റെ പദ്ധതികള്‍ തകര്‍ക്കപ്പെടുമെന്നറിഞ്ഞ ശത്രു ഭീകരരൂപത്തിലെത്തി, യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അര്‍ദ്ധപ്രാണനാക്കി. രാത്രിയായപ്പോള്‍ ഈശോ യുവാവിന്‍റെ അരികെവന്നു. സങ്കടത്തോടെ യുവാവ് ചോദിച്ചു, ”എന്റെ കര്‍ത്താവേ, പിശാചുക്കള്‍ എന്നെ പീഡിപ്പിച്ചപ്പോള്‍ അങ്ങ് എവിടെയായിരുന്നു?”

ഈശോ പറഞ്ഞു: ‘കുഞ്ഞേ, ഞാന്‍ നിന്‍റെയടുത്തുണ്ടായിരുന്നു, നിന്നെ സഹായിച്ചുകൊണ്ട്. എന്നോടുള്ള നിന്‍റെ സ്‌നേഹത്തെപ്രതി നീ എത്ര പോരാടുമെന്നറിയാനാണ് ഞാന്‍ മറഞ്ഞിരുന്നത്. നിനക്ക് എന്‍റെ നേര്‍ക്കുള്ള സ്‌നേഹത്താല്‍ നീ തിന്മയെ പരാജയപ്പെടുത്തി. ഞാന്‍ എപ്പോഴും നിന്നെ സഹായിക്കാന്‍ കൂടെയുണ്ടാകും. ലോകമെങ്ങും നിന്‍റെ മഹത്വം ഞാന്‍ വെളിപ്പെടുത്തും.’ ഈശോയുടെ സന്ദര്‍ശനത്തോടെ സന്യാസിയുടെ മുറിവുകളെല്ലാം സുഖമാക്കപ്പെട്ടു.

മരുഭൂപിതാവ്, മഹാനായ വിശുദ്ധ ആന്റണി, താപസജീവിതത്തിന്‍റെ ആരംഭനാളുകളില്‍ നേരിട്ട പ്രലോഭനങ്ങളും പോരാട്ടങ്ങളുമാണിവയെല്ലാം. സന്യാസിമാര്‍ മാത്രമല്ല, ആത്മീയജീവിതം ആരംഭിക്കുന്നവരെല്ലാംതന്നെ ഇത്തരത്തില്‍ പരീക്ഷിക്കപ്പെട്ടേക്കാം. വേണ്ടെന്നു വച്ചവയെക്കുറിച്ചുള്ള ഓര്‍മകളും, ചെയ്യുന്നത് തെറ്റാണെന്ന തോന്നലുകളും തിരുകിക്കയറ്റും. ചിലപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കും. ഉപേക്ഷിച്ചവയോട് കടുത്ത ആസക്തി ജനിപ്പിച്ചുകൊണ്ടും അവന്‍ സമീപിക്കും.

നമ്മില്‍ പ്രാര്‍ത്ഥനാ തീക്ഷ്ണതയുണ്ടെങ്കില്‍ ശത്രു ഓടിയകലും. പ്രാര്‍ത്ഥനയില്‍ അലസതയും ആത്മീയമന്ദതയും ദൈവസ്‌നേഹത്തില്‍ തണുപ്പും ബാധിക്കുമ്പോള്‍ ശത്രു വീണ്ടും വരും.

കുറ്റം കേള്‍ക്കുക, പരദൂഷണം പറയുക, ചെറിയ കള്ളങ്ങള്‍ പറയുക തുടങ്ങി നിസാരമെന്ന് കരുതപ്പെടുന്ന പാപങ്ങളിലേക്ക് ക്ഷണിക്കും, അവയൊന്നും സാരമില്ലെന്ന് മന്ത്രിക്കും. പതിയെ ഉപേക്ഷിച്ച ആസക്തികളെക്കുറിച്ച് ഓര്‍മിപ്പിക്കും. നാം ഗൗനിക്കുന്നില്ലെങ്കില്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കും. അപകടം തിരിച്ചറിഞ്ഞ് തിന്മയെ തുരത്തിയില്ലെങ്കില്‍ അവന്‍ പണിതുടരും. ക്രമേണ ഉള്ളില്‍ ഒരു ചായ്‌വ് സൃഷ്ടിക്കപ്പെടും. അപ്പോഴും മുന്നില്‍ പതിയിരിക്കുന്ന ശത്രുവിനെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ വീഴ്ച വിദൂരമായിരിക്കില്ല.

വിശുദ്ധ തിയോഫാന്‍ പറയുന്നു: ”ഉള്ളില്‍ ആഗ്രഹിക്കുന്ന പാപം ബാഹ്യമായ അവസരത്തിനുകാക്കുകയും അനുകൂലസാഹചര്യത്തില്‍ പാപം പൂര്‍ത്തിയാക്കുകയും ചെയ്യും. അതോടെ സാത്താന്‍ ഉള്ളില്‍ പ്രവേശിച്ച് ആത്മാവിനെ ദൈവത്തില്‍നിന്ന് അകറ്റി, നാശത്തിലേക്ക് നയിക്കും” (ലൂക്കാ11/25,26). എന്നാല്‍ അനുതപിക്കുകയും പാപം വര്‍ജിക്കുകയും ചെയ്യുന്നവരില്‍നിന്ന് ശത്രു ഓടിയകലും എന്നത് മറക്കാതിരിക്കാം.
ഈശോയെ സ്‌നേഹിക്കുന്നവര്‍ വിശുദ്ധ ആന്റണിയെപ്പോലെ പ്രലോഭനങ്ങളോട് പൊരുതി അവിടുത്തോടുള്ള സ്‌നേഹം പ്രകടമാക്കണമെന്നാണ് അവിടുന്നാഗ്രഹിക്കുന്നത്. പ്രാര്‍ത്ഥനയും ദൈവസ്‌നേഹവുമാണ് തിന്മയ്ക്കുമേല്‍ വിശുദ്ധന് വിജയം നല്കിയത്. അതുപോലെ, മന്ദോഷ്ണരാകാതെ ഈശോയോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്നവരായി നമുക്കും ശത്രുവിനെ തോല്പിക്കാം. അപ്പോള്‍ അവിടുത്തെ വാഗ്ദാനപ്രകാരം ”ആകാശത്തിനുകീഴില്‍ എല്ലായിടത്തും ദൈവം നിന്‍റെ തേജസ് വെളിപ്പെടുത്തും” (ബാറൂക്ക് 5/3).

കര്‍ത്താവേ, ശത്രുവിന്‍റെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാതെ അങ്ങയോടുള്ള സ്‌നേഹത്താല്‍ തിന്മയെ പരാജയപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.

Latest Editorial

Date

Oct 2024

ഒരു കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ട സഹോദരന്മാര്‍ പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില്‍ പിതാവിനെ ക്കൊണ്ടുവരണം; പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇരുവരും വിഷണ്ണരായി. എന്തായിരിക്കും അപ്പന്റെ പ്രതികരണം..? ഓര്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നു. ഒരുവന്‍ പറഞ്ഞു, ‘നമ്മള്‍ പറയാതെതന്നെ അപ്പന്‍ എല്ലാം അറിഞ്ഞിട്ടുണ്ടാവും. അപ്പന്റെ കണ്ണില്‍പ്പെടാതെ നോക്കാം.’ അവന്‍ അപ്പനെ ഭയന്ന് ഒളിച്ചുനടന്നു. മറ്റെയാള്‍ ഏറെ വിഷമിച്ചും സന്ദേഹിച്ചും അപ്പനോട് എല്ലാം പറഞ്ഞു, ക്ഷമ ചോദിച്ചു. പിതാവിന് സങ്കടവും ദേഷ്യവും സഹിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ല. എന്നാല്‍ മകന്റെ അടുത്ത വാചകത്തില്‍ അദ്ദേഹം തോറ്റുപോയി. ‘ഡാഡീ, എന്നെ ശിക്ഷിക്കണം… പ്ലീസ്, കെട്ടിപ്പിടിച്ച് ...
Date

Sep 2024

മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാടകവീടിന്‍റെ ഇടുങ്ങിയ മുറിയില്‍, മെഴുകുതിരി വെളിച്ചത്തിലാണ് ‘ശാലോം ടൈംസി’ന്‍റെ ആദ്യത്തെ എഡിറ്റോറിയല്‍ ഞാനെഴുതിയത്. എഴുത്തുകാരില്ല, വിതരണക്കാരില്ല, അച്ചടിക്കാന്‍ പ്രസ്സില്ല, പണമോ ഇല്ല, സഹായിക്കാന്‍ ജോലിക്കാരാരുമില്ല. എങ്കിലും ദൈവാത്മാവ് നല്‍കിയ ഒരു പ്രചോദനത്തെ സ്വീകരിച്ചപ്പോള്‍ അത് ദേശത്തിലെതന്നെ പ്രഥമ ഫോര്‍കളര്‍ ക്രിസ്തീയ മാസികയായി ജന്മമെടുത്തു. ഇന്ന്, മൂന്ന് ദശാബ്ദങ്ങള്‍ പിന്നിട്ടപ്പോള്‍, പല രാജ്യങ്ങളിലായി നിരവധി എഡിഷനുകള്‍, ശാലോം ടൈംസില്‍നിന്നും പൊട്ടിമുളച്ച ശാലോം ടൈഡിംഗ്‌സിന്‍റെ നിരവധി ഭാഷകളിലെ പതിപ്പുകള്‍, സണ്‍ഡേ ശാലോം പത്രം, സോഫിയാ ബുക്‌സ്… അതുപോലെതന്നെ ശാലോം മാസികയുടെ വായനക്കാരിലൂടെതന്നെയാണ് ശാലോം ടെലിവിഷനും യാഥാര്‍ത്ഥ്യമായത്. ...
Date

Aug 2024

കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത വ്യക്തിയോടൊപ്പം ഊണിനിരിക്കാന്‍ ഒരു അവസരം ലഭിച്ചു. ജീവിതത്തില്‍ ആദ്യ അനുഭവം. പാത്രത്തില്‍ വിളമ്പിയത് വിരലുകള്‍ക്കൊണ്ട് തപ്പിയെടുത്ത് അദേഹം ഭക്ഷിക്കുന്നത് ഉള്ളില്‍ നീറ്റലോടെ നോക്കിയിരുന്നു. മുമ്പില്‍ വിളമ്പിയിരിക്കുന്നത് എന്തൊക്കെയെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിയില്ല. അവയുടെ നിറമോ അളവോ അറിയില്ല. കറികള്‍ക്ക് മസാലയുണ്ടോ, മുളക് കൂടുതലോ കുറവോ എന്നൊക്കെ രുചിക്കുന്നതുവരെ മനസിലാക്കാനാകില്ല. പാത്രം വൃത്തിയുള്ളതോ, പഴയതോ മനോഹരമോ എന്നതും കാണാന്‍ പറ്റില്ല. എന്നിട്ടും മുമ്പില്‍ വിളമ്പിയിരിക്കുന്നത് ആസ്വാദ്യതയോടെ കഴിക്കുന്നത് അത്ഭുതത്തോടെയാണ് ശ്രദ്ധിച്ചത്. സാധാരണയായി നാം ഭക്ഷണം കാണുമ്പോഴേ നമുക്കു പറ്റിയതാണോ എന്ന് ഒരു നീരീക്ഷണം നടത്തും. എന്തൊക്കെയാണ് ...
Date

July 2024

സമയം ഏതാണ്ട് പാതിരാത്രിയായിട്ടുണ്ട്. നല്ല ഉറക്കം, എന്നുവച്ചാല്‍ ഗാഢനിദ്ര..! വെറും നിലത്ത്, നല്ല തണുപ്പത്ത് പുതപ്പുപോലുമില്ലാതെ കിടന്നതിനാല്‍ വളരെ കഷ്ടപ്പെട്ടു ഒന്നുറങ്ങാന്‍. അപ്പോഴതാ ആരോ തട്ടിവിളിക്കുന്നു. ഇതാരപ്പാ, ഈ പാതിരാത്രിയില്‍, ഒന്നുറങ്ങാനും സമ്മതിക്കാതെ, എന്നു ചിന്തിക്കുംമുമ്പേ വന്നു ആജ്ഞ: ‘വേഗം എഴുന്നേല്ക്ക്..’ അറിയാതെ എഴുന്നേറ്റുപോയി. ‘വേഗം എന്‍റെ കൂടെ വാ..’ സ്വപ്നത്തിലെന്നപോല അയാളെ അനുസരിച്ചു. തികച്ചും നാടകീയ സംഭവങ്ങള്‍..! കൈകള്‍ ബന്ധിക്കപ്പെട്ട്, ജയിലില്‍ കാവല്‍ക്കാരുടെ നടുവില്‍ കിടന്നുറങ്ങിയ പീറ്ററിന്‍റെ കയ്യിലെ ചങ്ങലകള്‍ തനിയെ ഊരിവീണു. ആയുധങ്ങളേന്തിയ കാവല്‍ഭടന്മാരുണ്ടായിരുന്നെങ്കിലും ഒരു തടസവുമില്ലാതെ നഗര കവാടത്തിലെത്തി. ആ ഇരുമ്പുഗെയ്റ്റാകട്ടെ, സ്വയം ...
Date

Feb 2024

ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മരിയന്നെയ്ക്ക് ഒരുദിവസം ഹവായ് രാജാവ് കലക്കോവിന്റെ കത്തുലഭിച്ചു. മൊളോക്കയ് ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിന് സിസ്റ്റേഴ്‌സിന്റെ സേവനം വേണം. കത്തു വായിച്ചയുടന്‍ സിസ്റ്റര്‍ പറഞ്ഞു: ‘ഇതുപോലൊരു ക്ഷണത്തിനും അംഗീകാരത്തിനും എനിക്ക് അര്‍ഹതയില്ല. ക്രൂശിതനായ യേശുവിന്റെ പ്രതിരൂപങ്ങളാവാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് കുഷ്ഠരോഗികള്‍. അവരോടൊപ്പം അവരിലൊരാളാകാന്‍ എന്റെ ഹൃദയം വിശക്കുകയാണ്. ക്രൂശിതനായ എന്റെ ഈശോയോടൊപ്പമായിരിക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും ലഭിച്ച ഈ അവസരം എനിക്ക് ലഭിക്കാവുന്ന ഏറ്റം വലിയ അംഗീകാരമാണ്, ആനന്ദമാണ്.’ ഇവരാണ് കുഷ്ഠരോഗികളുടെ അപ്പസ്‌തോല വിശുദ്ധ മരിയന്നെ കോപ്. കുഷ്ഠരോഗംമൂലം ...
Date

June 2024

ഈലോകത്തിനപ്പുറം ദൈവത്തോടൊപ്പം വസിക്കുന്നതിന് ഒരുക്കത്തോടെ ജീവിച്ച പുണ്യചരിതനാണ് മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍. അതിനാല്‍ത്തന്നെ ജീവിച്ചിരിക്കെ അദ്ദേഹം സ്വന്തം കബറിടവും പണികഴിപ്പിച്ചു. സ്വന്തം കല്ലറനോക്കി നിത്യതയെ ധ്യാനിക്കുന്നത് അദ്ദേഹത്തിന്‍റെ പതിവായിരുന്നു. എത്രസമയം ഈ ഭൂമിയില്‍ ലഭിക്കുമെന്ന് അറിയില്ല, അതിനാല്‍ ഒട്ടും സമയം കളയാതെ കഠിനമായി അദ്ധ്വാനിക്കണമെന്നും എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നും വര്‍ക്കിയച്ചന്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കും. ‘പാപത്തില്‍ നിപതിക്കാതെ ഒരുക്കത്തോടെ ജീവിക്കാന്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണമെന്ന്’ പ്രഭാഷകനും 7/36-ല്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. രണ്ടുപ്രാവശ്യം മരണത്തില്‍നിന്ന് രക്ഷപ്പെട്ട അമ്മ രണ്ടു വ്യത്യസ്ത അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ചെറിയ പ്രമേഹമൊഴികെ, ആരോഗ്യവതിയായിരുന്ന അമ്മയ്ക്ക് പെട്ടെന്നൊരു ശാരീരിക അസ്വാസ്ഥ്യം. ജീവന്‍ പിരിയുന്നതുകണ്ട മക്കള്‍ ...