Home/Engage/Article

സെപ് 30, 2023 350 0 Shalom Tidings
Engage

സിസ്റ്റര്‍ സെലിന് സെമിനാരി വിദ്യാര്‍ത്ഥി കത്തയച്ചപ്പോള്‍…

തിരുപ്പട്ടത്തിന് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ സിസ്റ്ററിന് കത്തയക്കുന്നത് അനുചിതമാകുമോയെന്ന് ചിന്തിക്കാതെയാണ് അത് ചെയ്തത്…

പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന്‍ തന്‍റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന്‍ ബാലന്‍ ആവശ്യപ്പെട്ടു. ‘ഒരു ആത്മാവിന്‍റെ കഥ’ എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല്‍ പെദ്രോക്ക് ആ ഫ്രഞ്ച് കര്‍മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്‍ന്നുകൊണ്ടിരുന്നു.

പില്ക്കാലത്ത് പെദ്രോ റോമില്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്‍സിലെ ലിസ്യൂവിലേക്ക് ഒരു യാത്ര. അവിടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുടുംബം താമസിച്ചിരുന്ന വീടും 14 വയസുമുതല്‍ 24 വയസുവരെ വിശുദ്ധ ജീവിച്ചിരുന്ന മഠവുമെല്ലാം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അവിടെവച്ച് പെദ്രോ വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായ സിസ്റ്റര്‍ സെലിനെ കാണുകയും ചെയ്തു.

അന്ന് രാത്രി ആ കര്‍മ്മലമഠത്തിന് സമീപമുള്ള പുരുഷന്‍മാരുടെ താമസസ്ഥലത്ത് അത്താഴസമയത്ത് പെദ്രോയ്ക്ക് അതാ ഒരു സമ്മാനം എത്തുകയാണ്. കവര്‍ തുറന്നുനോക്കിയപ്പോള്‍ അതില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ മുടിച്ചുരുളായിരുന്നു. സെലിന്‍ പെദ്രോയ്ക്കായി പ്രത്യേകം കൊടുത്തുവിട്ട സമ്മാനമായിരുന്നു അത്.

“ആ രാത്രി സന്തോഷം നിമിത്തം എനിക്കുറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?” എന്നാണ് അതേക്കുറിച്ച് പെദ്രോ ചോദിക്കുന്നത്. “കൊച്ചുത്രേസ്യയെയും സെലിനെയും കുറിച്ച് എന്തെല്ലാം വായിച്ചിട്ടുള്ളതാണ്! ഇപ്പോഴിതാ സെലിന്‍ സമ്മാനിച്ച വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് എനിക്ക് കിട്ടിയിരിക്കുന്നു! ഞാന്‍ സന്തോഷംകൊണ്ട് നിറഞ്ഞു. പിന്നീട് അത്താഴം കഴിച്ചോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അത്രയേറെ സംതൃപ്തനായിക്കഴിഞ്ഞിരുന്നു.”

നാളുകള്‍ക്കുശേഷം അവരുടെ ബാച്ചിലെല്ലാവരുടെയും തിരുപ്പട്ടം അടുത്തുവന്ന സമയം. 24 വയസ് തികയാത്തതിനാല്‍ കാനന്‍ നിയപ്രകാരം പെദ്രോയ്ക്ക് തിരുപ്പട്ടം സ്വീകരിക്കാനാവില്ല എന്ന് അറിയിപ്പ് ലഭിച്ചു. അത് വളരെ സങ്കടകരമായിരുന്നു. ആ സമയത്തുതന്നെയാണ് സിസ്റ്റര്‍ സെലിന്‍ തീര്‍ത്തും രോഗിയായിരിക്കുകയാണ് എന്ന് പെദ്രോ അറിയുന്നതും.

സിസ്റ്ററിന് ഒരു കത്തയക്കാന്‍ പെദ്രോ തീരുമാനിച്ചു. “സിസ്റ്റര്‍ സെലിന്‍, മാര്‍ച്ച് 14-നുമുമ്പ് ഈ ദിവസങ്ങളില്‍ നിങ്ങള്‍ മരിക്കുകയാണെങ്കില്‍ മാര്‍ച്ച് 14-ന് നടക്കുന്ന തിരുപ്പട്ടസ്വീകരണത്തില്‍ എനിക്കും പങ്കുചേരാന്‍ സാധിക്കണമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയോട് പറയണം.”

മരണാസന്നയായിരിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കത്തയക്കുന്നത് അനൗചിത്യമാണോ എന്നൊന്നും അന്ന് പെദ്രോ ചിന്തിച്ചില്ല. എന്തായാലും ആ കത്ത് അയച്ചതിനുശേഷം പെദ്രോയ്ക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള കര്‍ദിനാളിന്‍റെ പ്രത്യേക അനുമതി ലഭിച്ചു. അതിനുശേഷമാണ് ഫെബ്രുവരി 25-ന് സിസ്റ്റര്‍ സെലിന്‍ മരിച്ചുവെന്ന് പെദ്രോ അറിയുന്നത്. താന്‍ പറഞ്ഞുവിട്ട കാര്യം സെലിന്‍ കൊച്ചുത്രേസ്യയോട് പറഞ്ഞുവെന്ന് പെദ്രോയ്ക്ക് ഉറപ്പായി. 1959-ല്‍ നടന്ന ഈ സംഭവം പെദ്രോയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള സ്നേഹം ഒന്നുകൂടി വര്‍ധിപ്പിച്ചു. ഇന്ന് 64 വര്‍ഷത്തെ പൗരോഹിത്യജീവിതം പൂര്‍ത്തിയാക്കിയ 87കാരനാണ് ഫാ. പെദ്രോ തിക്സീറ കാവല്‍കാന്‍റെ.

‘ദൈവത്തിന്‍റെ കരുണയുടെ ഫലമായും പരിശുദ്ധ മാതാവിന്‍റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും മാധ്യസ്ഥ്യത്താലും വൈദികനായവനാണ് ഞാന്‍,’ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles